പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ: ഓര്‍മ്മയിലൊരു നിലാവ്

സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ് -സന്തൂറില്‍ ഋതുഭേദങ്ങള്‍ വായിക്കുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്

 

 

ഉച്ചവെയില്‍, സന്ധ്യയോടെ ചെറിയ തണുപ്പിന് വഴിമാറും. സ്വര,ലയ,നാദ വിസ്മയങ്ങളുമായി ചെന്നൈയിലിത് മാര്‍ഗഴി വസന്തത്തിന്റെ നാളുകള്‍. സായന്തനങ്ങള്‍ സംഗീത സദസ്സുകള്‍ക്കായര്‍പ്പിച്ച കലാ വിശുദ്ധിയുടെ വ്രതഭരിത മാസം. ‘പന്തുവരാളിയുടെ’ പടികള്‍ കയറി ‘മോഹന’ ഭക്തിനിറവില്‍ ‘അമൃതവര്‍ഷിണി’ നനഞ്ഞ് ‘ഹംസധ്വനി’യുടെ ചിറകില്‍ ‘മദ്ധ്യമാവതി’യില്‍ ലയം. മോക്ഷത്തിലേക്കുള്ള പരമ മാര്‍ഗ്ഗം, സംഗീതം. ആ നാദപ്രഭാവം ഉള്ളിലാകെ തീര്‍ത്തത് സ്വയം വിസ്മൃതി. ഒറ്റക്കൊരു ലോകത്തില്‍ ചെന്നുപെട്ടതുപോലെ. ചുറ്റും കടലുപോലെ സംഗീതം. സംഗീതം മാത്രം.
പെട്ടെന്ന്, മൊബൈല്‍ ഫോണ്‍ വിറച്ചു. സുഹൃത്ത് ശ്രുതി ചതുര്‍ലാലിന്റെ സന്ദേശം. സാധാരണ വാക്കുകള്‍. പക്ഷേ, അസാധാരണമായ ഒരോര്‍മ്മയിലേക്ക് അത് വാതില്‍ തുറന്നു. ഓര്‍മ്മയില്‍ ദില്ലിയുടെ ഡിസംബര്‍ മഴയുടെ നനവ്. തണുപ്പില്‍ സന്തൂറിന്റെ തുളുമ്പല്‍. പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ! മരം പെയ്യും പോലെ ഓര്‍മ്മയില്‍നിന്ന് ഇപ്പോഴും സന്തൂര്‍. ആത്മാവിനു മീതെ വീണ്ടും സംഗീതത്തിന്റെ പുതപ്പ്.

രണ്ടു വര്‍ഷം മുമ്പ് ദില്ലിയിലുണ്ടായിരുന്നപ്പോഴാണ്. ഒരു ശനിയാഴ്ച്ച വൈകുന്നേരം പണ്ഡിറ്റ് ചതുര്‍ലാല്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ശ്രുതിയുടെ ക്ഷണമെത്തി,’നാളെ പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ സംഗീത സന്ധ്യ. നീ വരണം’.സൌഹൃദത്തിന്റെ ആനുകൂല്യമെടുത്ത് ഞാനൊരു ഉപാധിവെച്ചു. ‘ഒരു ഇന്റര്‍വ്യൂ. എനിക്കദ്ദേഹത്തോട് സംസാരിക്കണം’.
‘നോക്കൂ, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഒന്നും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല’-അവളുടെ മറുപടി എന്നെ അല്‍പ്പം നിരാശപ്പെടുത്തി.

ബാല്യത്തിന്റെ ഈണങ്ങള്‍

പി.ബി അനൂപ്

ദൂരദര്‍ശന്‍ മാത്രം പാടിയാടിയ കുട്ടിക്കാലത്ത് ഞായറാഴ്ചകളുടെ ആലസ്യത്തില്‍നിന്നുണര്‍ത്തിയത് ‘രംഗോലി’യ്ക്ക് ശേഷമുള്ള ‘മിലേ സുര്‍ മേരാ തുമാരയും’ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയുടെ വേണു നാദവും, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ സ്വരവുമൊക്കെയായിരുന്നു. വെണ്‍പട്ടു പുതച്ച ഹിമാലയ ശൃംഖങ്ങളുടെ പശ്ചാത്തലത്തില്‍ അതേ തലയെടുപ്പോടെ സന്തൂര്‍ വായിക്കുന്ന ശിവ കുമാര്‍ ശര്‍മ്മ കുട്ടിക്കാലത്തിന്റെ ആല്‍ബത്തിലുണ്ട്. കാവിലെ ‘കളമെഴുത്തുപാട്ടിന് വേലായുധപ്പാണന്‍ കൊണ്ടുവരാറുള്ള ‘നന്തുണി’ പോലുള്ള എന്തോ ഒന്നാണ് അദ്ദേഹവും വായിക്കുന്നത് എന്നതിനപ്പുറം അന്ന് ഏറെയൊന്നും അറിയില്ലായിരുന്നു.

വെള്ളിയിഴകള്‍ വീണ, ചുരുണ്ട് അലക്ഷ്യമായിക്കിടക്കുന്ന തലമുടിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. പിന്നീട് സ്കൂള്‍ വിജ്ഞാനപ്പരീക്ഷക്കായുള്ള ഒരു ചോദ്യാത്തരമായി പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ വീണ്ടും ഓര്‍മ്മയില്‍വന്നു. പണ്ഡിറ്റ് ശിവകുമാര്‍-ശര്‍മ സന്തൂര്‍, പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യ- പുല്ലാംകുഴല്‍, ബിസ്മില്ലാഖാന്‍- ഷെഹനായി എന്നിങ്ങനെ ‘ചേരുംപടി ചേര്‍ത്ത്’ പഠനം. അതു കഴിഞ്ഞേറെ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ചെവിയിലേക്ക് മെല്ലെ തുളുമ്പി തുടങ്ങി. ബിസ്മില്ലാ ഖാന്റെ ഷഹനായിയായിരുന്നു കതക് തുറന്നത്. തുറന്ന വാതിലിലൂടെ അനേക ലോകങ്ങള്‍ ഇരമ്പി കയറി നിന്നു.

 

photo courtesy: teental

 

സിരി ഫോര്‍ട്ട് ഓഡിറ്റോറിയം
അതങ്ങനെ. ഇപ്പോള്‍, നില്‍ക്കുന്നത് ദില്ലിയില്‍. ദില്ലി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ സംഗീത വേദി. ആളുകള്‍ നിറഞ്ഞിരുന്നു. കൃത്യ സമയത്തുതന്നെ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെത്തി. സദസ്സിനെ വണങ്ങി. സന്തൂര്‍ ശ്രുതിചേര്‍ത്ത് നാദ വീചികളിലൂടെ സഞ്ചാരം തുടങ്ങി. ആനന്ദധാരയില്‍ സദസ്സ്. സന്തൂറെന്ന വാദ്യാപകരണമായും ആ സ്വര പ്രപഞ്ചവുമായും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു പര്യായപദം പോലെ. മനസ്സ് പൂര്‍ണ്ണമായ് പകര്‍ന്നു നല്‍കിയാലറിയാം, ആ വിരലുകള്‍ തൊട്ടുണര്‍ത്തുന്നത് നമ്മുടെ ഹൃദയ തന്ത്രികളെത്തന്നെയാണ്. മുട്ടിവിളിക്കുന്നത് അഭൌമമായ സ്ഥല^കാല രാശികളിലേക്കാണ്. സ്മൃതി വനങ്ങളെയാണ്.
സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ്. ” ആസ്വാദകരുടെകൈയടിയല്ല, നിശãബ്ദമായ മുഴുകലാണ് എനിക്കിഷ്ട’മെന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആഗ്രഹം പോലെ. മൌനതിന്റെ പല മാത്രകള്‍ പിന്നിട്ട് സദസ്സിലേക്ക് പതിയെ തുടങ്ങി അലസമായി മുറുകി പതഞ്ഞുയര്‍ന്ന കരഘോഷം. സദസ്സിനെ വണങ്ങി വേദിയില്‍നിന്ന് നടന്നകലവെ എതിരെ വന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. രണ്ട് മഹാ നദികളുടെ സംഗമം.

 

photo: guneet khurana

 

മുന്നിലൊരു നിലാവ്
ഗ്രീന്‍ റൂമില്‍ ചെന്ന്, പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയെ കണ്ടു. അദ്ദേഹം യാത്രക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. സ്നേഹഭരിതമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇന്റര്‍വ്യൂവിന് സമ്മതം മൂളി. കടും ചുവപ്പുനിറത്തിലുള്ള സില്‍ക്ക് കുര്‍ത്ത മുഖത്തെ തിളക്കത്തിനൊപ്പം മിന്നി. ആകര്‍ഷമായ കണ്ണുകള്‍. ഹിമ ശൃംഖത്തിന്റെ തലയെടുപ്പ്.
കശ്മീര്‍ താഴ്വരയിലെ നാടോടി സംഗീതോപകരണമാണ് സന്തൂര്‍. നൂറ് തന്ത്രികളുള്ളതിനാല്‍ ശതതന്ത്രി എന്നും അറിയപ്പെടുന്ന സന്തൂര്‍ ശാസ്ത്രീയ സംഗീതോപകരണമായോ, സ്വതന്ത്ര സംഗീതോപകരണമായോ പരിഗണിക്കപ്പെട്ടിരുന്നില്ല. സൂഫി പ്രാര്‍ത്ഥനകളാണ് സന്തൂറിന്റെ ലോകം. പന്ത്രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ വാല്‍നട്ട് കൊണ്ടുള്ള ഈ നാടോടി സംഗീതോപകരണത്തിന് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ ഏറെ രൂപമാറ്റങ്ങള്‍ വരുത്തി. പാരമ്പര്യവാദികളുടെ കന്മതിലുകള്‍ തകര്‍ത്ത് സന്തൂറിനെ ശാസ്ത്രീയ സംഗീതോപകരണമാക്കി.
‘അതൊരു വലിയ യാത്രയായിരുന്നു. എല്ലാ വശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍. സന്തൂറിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. എല്ലാ രാഗങ്ങളും ഇതില്‍ വായിക്കാന്‍ പറ്റില്ല. ഋഗ്വേദത്തില്‍ ശതതന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു എന്റേത്’-ആഴമുള്ള സ്വരത്തില്‍ ആ വാക്കുകള്‍.

 

 

1938 ജനുവരി 13 ന് ജമ്മുവില്‍ ജനനം. താഴ്വരയുടെ സംഗീതം സിരകളില്‍ നിറഞ്ഞു തുളുമ്പിയ ബാല്യം. പിതാവ് ഉമാദത്ത് ശര്‍മ്മയ്ക്ക് കീഴില്‍ സന്തൂറില്‍ ഹരിശ്രീ കുറിച്ചു. മകനിലൂടെ സന്തൂറിന് ഒരു പുതിയ അസ്തിത്വം- അതായിരുന്നു ഉമാദത്ത് ശര്‍മ്മയുടെ സ്വപ്നം. ‘നാലര വയസ്സിലാണ് ഞാന്‍ സംഗീത പഠനം തുടങ്ങിയത്. ആദ്യം പഠിച്ചത് തബല. 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ സന്തൂര്‍ സമ്മാനിച്ചു. ഇതിന് ഒരാത്മാവുണ്ടെന്നും അത് കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.-പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍.
1955ല്‍ മുംബൈയില്‍ അരങ്ങേറ്റം. 1967 ല്‍ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയ്ക്കും ബ്രിജ് ഭൂഷനുമൊപ്പം ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘കാള്‍ ഓഫ് ദി വാലി’ എന്ന ആല്‍ബം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരുന്നു.

മുഖ്യധാരാ സിനിമയുടെ സെല്ലുലോയ്ഡ് വഴികളിലും ആ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യക്കൊപ്പം അദ്ദേഹം സംഗീതം നല്‍കിയ ‘ജാതൂ തേരി നസര്‍’ ഏറെ ജനപ്രിയമായിരുന്നു. ‘ഡര്‍’ എന്ന ചിത്രത്തില്‍ ഉദിത് നാരായണ്‍ പാടിയ പാട്ട് ഈ കൂട്ടുകെട്ടിന്റെ ഏക ബേചാളിവുഡ് സൃഷ്ടിയല്ല.
‘സില്‍സില’, ‘ലംഹേ’, ‘ചാന്ദിനി’ തുടങ്ങിയ ചിത്രങ്ങളിലും ‘ശിവ് -ഹരി ‘മാര്‍ ഒന്നിച്ചു. ബോളീവുഡിന്റെ ഇഷ്ടങ്ങള്‍ മാറിയതോടെ ഈ രസതന്ത്രവും വഴിപിരിഞ്ഞു. ‘അത് ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. വ്യത്യസ്ത സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍. വ്യത്യസ്ത ഇഷ്ടാനിഷ്ട്ടങ്ങളുള്ളവര്‍… സംഗീതമായിരുന്നു ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്നത്. അനുകൂലമായ അവസരം വന്നാല്‍ വീണ്ടും ഒന്നിക്കാവുന്നതേയുള്ളൂ ‘-ആ സംഗീത സൌഹൃദത്തെക്കുറിച്ച് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ പറയുന്നു.

അനവധി വേദികളില്‍ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ആ നാദ വിസ്മയം. ‘എനിക്ക് കേരളത്തില്‍ സംഗീത പരിപാടികള്‍ നടത്താന്‍ വളരെ ഇഷ്ടമാണ്. ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നല്ല ആളുകള്‍. സംഗീതം ആത്മാര്‍ത്ഥമായി ആസ്വദിക്കുന്ന സദസ്സ്. അതിലുമേറെ നല്ല ഭക്ഷണം. ‘സാമ്പാറും’ ‘അവിയലും’ എനിക്കേറെ ഇഷ്ടം’- ചിരിയോടെ അദ്ദേഹം വെളിപ്പെടുത്തുന്നു, കേരളത്തെക്കുറിച്ചുള്ള ഇഷ്ടം.

മകന്‍ രാഹുലും സന്തൂര്‍ വഴിയേയാണ്… ‘അവന് സ്വതസിദ്ധമായ കഴിവുണ്ട് അല്ലാതെ ഞാന്‍ നിര്‍ബന്ധിട്ടില’-മകനൊപ്പം വേദി പങ്കിടുന്നതിനെക്കുറിച്ച് അച്ഛന്റെ വാക്കുകള്‍. ‘പത്ത് മിനിറ്റെന്ന അനുമതിയുമായി തുടങ്ങിയ അഭിമുഖം ഒരുമണിക്കൂര്‍ നീണ്ടു. പിരിയാന്‍ നേരത്ത് അദ്ദേഹം സ്നേഹത്തോടെ ഹസ്തദാനം ചെയ്തു. നാദ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ കൈക്ക് നല്ല തണുപ്പ്.

വീണ്ടും ചെന്നൈ
വീണ്ടുമിപ്പോള്‍ ചെന്നൈ. മാര്‍ഗഴി വസന്തം. അകലെ നടക്കുന്ന സംഗീത നിശയില്‍ തനിമയുള്ള സ്വര സംശുദ്ധിയുമായി സുധാ രഘുനാഥന്‍ പാടുന്നു …’നീ ആടാത് അസങ്കാത് വാ കണ്ണാ’. മദ്ധ്യമാവതിയുടെ മാന്ത്രികതയ്ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പാരമ്പര്യങ്ങളെ നിഷേധിക്കാതെ പാട്ടിന്റെ പുത്തന്‍ വന്‍കര തേടിയുള്ള പ്രയാണം. ആലാപനത്തില്‍, നിറയുന്ന സ്നേഹം. പാട്ടിന്റെ ദേശാന്തര ഗമനം.

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: രചനാവേളയില്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

Leave a Reply

Your email address will not be published. Required fields are marked *