ണ്ട ന്ത ഞ്ഞ ഞ്ച മ്മ ണ്ണ ന്ന വ്വ = ഭാരത് മെഡിക്കല്‍സ്

കാസര്‍കോട്ടെ മലയാളത്തിന്റെ നിലവാരം ഗവ. കോളജ് പരിസരത്ത് നിന്നുത്ഭവിക്കുന്ന പത്രക്കുറിപ്പുകളില്‍ കാണാം. ‘പത്രകുരിപ്പ്’ ആണ് ഇറക്കുക. ‘രെഡിമേട്’ കടകള്‍ കാസര്‍കോട്ട് കടകള്‍ യഥേഷ്ടം. തനത് ഭാഷകള്‍ വേറെ തന്നെയുണ്ട്. മലയാളം വികലമായി സംസാരിച്ചപ്പോള്‍ പുതിയ ഭാഷതന്നെയുണ്ടായി. അതാണ് ബ്യാരി ഭാഷ. ഒരു പക്ഷെ കാസര്‍കോട് ഗവ. കോളജ് മലയാളം പ്രോത്സാഹിപ്പിക്കാത്തതിന്റെ നേട്ടമായി കാസര്‍കോട്ടെ ബ്യാരി ഭാഷയെ കണക്കാക്കാം- കാസര്‍കോട് ഗവ. കോളജില്‍ മലയാളം പി.ജി കോഴ്സ് അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ ചില ഭാഷാ ചിന്തകള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 

കാസര്‍കോട്ടുകാര്‍ ഏറ്റവും ആനന്ദത്തോടും മറുനാട്ടുകാര്‍ ഏറ്റവും അത്ഭുതത്തോടും ശ്രവിച്ചൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു. കാസര്‍കോട് ഗവ. കോളജില്‍ പി.ജി. മലയാളം എത്തി!
അതിലിപ്പോ എന്താണ് വാര്‍ത്ത? ഇതുവരെ കാസര്‍കോട്ട് മലയാളം ഇല്ലായിരുന്നോ? എന്നൊക്കെ ചോദിച്ചാല്‍ കുഴയും. മലയാളം ഇവിടെ പണ്ടേ ഉണ്ട്. ബിരുദ പരീക്ഷകള്‍ കുട്ടികള്‍ മലയാളത്തില്‍ എഴുതും എന്നുവേണമെങ്കില്‍ പറയാം. കന്നട കലര്‍ന്ന ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. കോളജ് കാസര്‍കോട്. ജില്ലയിലെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഉറവിടം.

1957-ല്‍ കോളജ് ആരംഭിക്കുമ്പോള്‍ തന്നെ ബി.എ. മലയാളം ഉണ്ടായിരുന്നു. എന്നാല്‍ അത് വലിയ അബദ്ധമായിപ്പോയി എന്ന് പിന്നീട് പലര്‍ക്കും തോന്നിയതുകൊണ്ടാണ് എന്ന് തോന്നുന്നു, പി.ജി.മലയാളം വരാതിരിക്കാന്‍ പരമാവധി ശ്രമം നടത്തി. സംസ്ഥാനത്തെ ഏറ്റവുംമികച്ച മംഗ്ലീഷ് ഉല്‍പാദന കേന്ദ്രമാണ് കാസര്‍കോട് ഗവ. കോളജ് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. മംഗലാപുരത്ത് തുടര്‍ വിദ്യാഭ്യാസം നടത്തേണ്ടതുള്ളതിനാല്‍ കുട്ടികള്‍ മലയാളം പഠിച്ച് വഷളാകേണ്ട എന്നതിനാലണ് മലയാളം വേണ്ടെന്നുവച്ചത് എന്ന് ഏതെങ്കിലും കുബുദ്ധികള്‍ പറഞ്ഞാല്‍ കുറ്റം പറയാന്‍ ആവില്ല. അമ്പത് പിന്നിട്ട കോളജിന്റെ ബി.എ. മലയാളം കാരണം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാം.

ഒരിക്കല്‍ മംഗലാപുരത്തെ ജ്യോതി സര്‍ക്കിളില്‍ നിന്നും പ്രൈവറ്റ് ബസ്സ്റ്റാന്റിലേക്ക് പോകുന്ന വഴിക്ക് മലയാളത്തില്‍ ഒരു ബോര്‍ഡ് കണ്ടു. “ണ്ടന്തഞ്ഞഞ്ചമ്മണ്ണന്നവ്വ’എന്നാണ് എഴുതിയിരിക്കുന്നത്്.
ബുദ്ധിമുട്ടി ‘ന്റമ്മോ’ എന്ന് തലയില്‍ കൈവച്ചു. എന്ത് സാധനമാണപ്പാ അവിടെ വില്‍ക്കുന്നത് എന്ന് നോക്കിയപ്പോള്‍ മരുന്നുകടയാണ്. പക്ഷെ തൊട്ട് മുകളില്‍ ഇംഗ്ലീഷില്‍ എഴുതികാണുന്നു “Bharath Medicals എന്ന്.

അടുത്ത ദിവസം അവിടെ കയറി ചോദിച്ചു
എന്താണ് ഈ എഴുതിവച്ചിരിക്കുന്നത?.
അവര്‍ പറഞ്ഞു.
‘ഭാരത് മെഡിക്കല്‍സ’.
‘ഏതു ഭാഷയില്‍ ?’
‘മലയാളത്തില്‍’.
മലയാളികള്‍ കടന്നുവരുന്ന വഴിയാണിത്് അവര്‍ക്ക് വായിക്കാന്‍ വേണ്ടിയാണ് ഇത് എഴുതിയത്’.
ഞാന്‍ പറഞ്ഞു:
‘സന്തോഷം,ഞാന്‍ ഒരു മലയാളിയാണ്. ഞാനും വായിച്ചു. ഭാരത് മെഡിക്കല്‍സ് എന്നല്ല. “ണ്ടന്തഞ്ഞഞ്ചമ്മണ്ണന്നവ്വ’ എന്ന്’.
കടക്കാരന്‍ ഞെട്ടി. “അതെങ്ങനെ? ഏഴ് വര്‍ഷമായി ഈ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ട്. ആരുംപറഞ്ഞില്ല’.
ജ്യോതിസര്‍ക്കിള്‍ വഴി മംഗലാപുരത്തേക്ക് പോകുന്നത് കാസര്‍കോട്ടെ മലയാളിയാണ്.
പ്രശസ്തമായ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിന് (കെ.എം.സി.)സമീപത്താണ് ഭാരത് മെഡിക്കല്‍സ്. ‘കെ.എം.സി’. എന്ന് മലയാളത്തിലെഴുതിയതും രസകരമാണ്. “എം.’എന്ന എഴുതിയിരിക്കുന്നത്. ആദ്യം പൂജ്യം പിന്നെ “എ ‘തലതിരിച്ച്.
‘ആശുപത്രി അങ്ങനെയാകുമ്പോള്‍ മെഡിക്കല്‍ ഷോപ്പ് എന്തിനാണ് കുറക്കുന്നത് എന്നായിരിക്കും നല്ല മലയാളികള്‍ ചിന്തിച്ചിട്ടുണ്ടാകുക’ എന്ന് ഞാന്‍ പറഞ്ഞു.

എന്നാലും തെറ്റിന് ഒരു അതിരുണ്ടല്ലോ.
“ണ്ടന്തഞ്ഞഞ്ചമ്മണ്ണന്നവ്വ’ ഇങ്ങനെയൊക്കെ തെറ്റാമോ?
ഒരക്ഷരം, രണ്ടക്ഷരം എന്നല്ലാം തെറ്റുമെന്നല്ലാതെ. ഇതിനകം ഷോപ്പുകാരനും ഞാനും തമ്മില്‍ നല്ല പരിചയത്തിലായി.
അയാളോട് കാര്യമായി തിരക്കി :
‘എവിടെ നിന്നാണ് ബോര്‍ഡ് ചെയ്തത് ‘
‘ആരാണ് മലയാളീകരിച്ചത് ?’
അയാള്‍ മറുപടി പറഞ്ഞു:
‘മലയാളം അറിയാവുന്ന ഒരു കാസര്‍കോട്ടുകാരന്‍. കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ട് ഉണ്ടല്ലോ’.
അതുകൊണ്ട് മലയാളം എഴുതാന്‍ റുമാനിയക്കാരനും പറ്റും എന്നാണ് അദ്ദേഹം പറഞ്ഞതിന് അര്‍ഥം എന്ന് തോന്നി. പിന്നെയും സംശയം തീര്‍ന്നില്ല.
‘എങ്ങനെ ഈ അക്ഷരങ്ങള്‍ കിട്ടി’ “ഭാരത് മെഡിക്കല്‍സി’ല്‍ നിന്നും മരുന്നിന് പോലും ഒരക്ഷരമില്ലല്ലോ എന്നതാണ് എന്റെ സംശയം. കൂടുതല്‍ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ആ എളുപ്പവഴി ലഭിച്ചത്.

ഇംഗ്ലീഷില്‍ “ആദ്യം bharat medicals എന്ന് എഴുതി. അത് ശരിയായി. ഇനി മലയാളത്തില്‍ “ഭാരത് മെഡിക്കല്‍സ്’ എന്ന് എഴുതണം. ഉടന്‍ “bharat medicals ‘ കട്ട് ചെയ്ത് മലയാളം സോഫ്റ്റ് വെയറിലേക്ക് കണ്‍വേര്‍ട്ട് ചെയ്തു. അപ്പോള്‍ കിട്ടിയതാണ് “ണ്ടന്തഞ്ഞഞ്ചമ്മണ്ണന്നവ്വ’ ഇത് നോക്കി മലയാളം ബോര്‍ഡ് എഴുതി.
പരിഭാഷക്ക് ഇത്രയും മനോഹരമായ എളുപ്പ വഴിയുള്ളപ്പോള്‍ എന്തിനാണ് ഗവ.കോളജില്‍ അമ്പത് വര്‍ഷത്തിനു ശേഷം മലയാളം.

കാസര്‍കോട്ടെ മലയാളത്തിന്റെ നിലവാരം ഗവ. കോളജ് പരിസരത്ത് നിന്നുത്ഭവിക്കുന്ന പത്രക്കുറിപ്പുകളില്‍ കാണാം. ‘പത്രകുരിപ്പ്’ ആണ് ഇറക്കുക. ‘രെഡിമേട്’ കടകള്‍ കാസര്‍കോട്ട് കടകള്‍ യഥേഷ്ടം. തനത് ഭാഷകള്‍ വേറെ തന്നെയുണ്ട്. മലയാളം വികലമായി സംസാരിച്ചപ്പോള്‍ പുതിയ ഭാഷതന്നെയുണ്ടായി. അതാണ് ബ്യാരി ഭാഷ. ഒരു പക്ഷെ കാസര്‍കോട് ഗവ. കോളജ് മലയാളം പ്രോത്സാഹിപ്പിക്കാത്തതിന്റെ നേട്ടമായി കാസര്‍കോട്ടെ ബ്യാരി ഭാഷയെ കണക്കാക്കാം.

ഇപ്പോള്‍ മലയാളം ബിരുദാനന്തര ബിരുദം കാസര്‍കോട്ടെത്തി. മലയാളം ഏതാണ്ട് നാമാവശേഷമായി എന്നാണ് തോന്നുന്നത്. ക്ലാസിക് പദവി ലഭിച്ചാലും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. പൂരം കഴിഞ്ഞ് പൂക്കൂട വില്‍ക്കാനെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. നോക്കാം നമുക്ക് പൂരം വീണ്ടും നടത്താം.

7 thoughts on “ണ്ട ന്ത ഞ്ഞ ഞ്ച മ്മ ണ്ണ ന്ന വ്വ = ഭാരത് മെഡിക്കല്‍സ്

  1. മലയാളം ഇങ്ങനെയുമോ, ഞങ്ങള്‍ മധ്യകേരളക്കാര്‍ക്ക് ഇതൊന്നും കേട്ടുകേള്‍വി കൂടെയില്ലാത്ത കാര്യങ്ങളാണ്.

  2. font missing inganeyum varumo…!! satyam paranjaal ee oru photo mathi raveendrettan parayan udheshicha aviduthe malayalathinte avastha manasilaakan..!!

  3. കാസര്‍ഗോഡ് ഇതും ഇതിനപ്പുറവും നടക്കും.ഉക്രേനിയന്‍ യൂണിവേസിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ( ഒറിജിനല്‍ ) വരെ ആ നാട്ടില്‍ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. പിന്നെയെന്തിനാ മാഷേ ഈ പിജീകൂജീയുമൊക്കെ പഠിച്ച് തല കളയുന്നത്.ഗള്‍ഫില്‍ പോകാന്‍ ഈ കുരുപ്പൊക്കെ ധാരാളം

  4. കാസർഗോഡുകാരിൽ മലയാളം സംസാരിക്കുന്നവരുടെ അത്ര തന്നെ വരില്ലേ കന്നഡ/തുളു/കൊങ്കിണി/ബാരി സംസാരിക്കുന്നവരും?
    മറ്റൊരു ഭാഷ സംസാരിക്കുന്ന സംസ്ഥാനവുമായി അതിര് പങ്കിടുമ്പോളുണ്ടാവുന്ന സ്വാഭാവികമായ മാറ്റമേ കാസർഗോഡുകാരുടെ മലയാളത്തിനുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. വൃത്തിയായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യാൻ പിജിക്ക് മലയാളം പഠിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ?

    ഈയിടക്ക് നാട്ടിൽ കണ്ട പല പരസ്യങ്ങളിലും (എയർടെൽ/വോഡഫോൺ തുടങ്ങിയ കമ്പനികളുടെ ഫ്ലക്സ് ബോർഡിൽ) അതാത് കടകളുടെയും സ്ഥലങ്ങളുടെയും പേർ എഴുതിയിരിക്കുന്നത് വളരെ വികലമായാണ്. ഉദാ: മുള്ളാസ്ടോർ കുട്ടിഅടി (മുല്ല സ്റ്റോർ, കുറ്റ്യാടി). “ണ്ടന്തഞ്ഞഞ്ചമ്മണ്ണന്നവ്വ”യുടെ അത്ര വികലമല്ലെങ്കിലും മലയാളം മാത്രം സംസാരിക്കുന്ന ഒരു നാട്ടിൽ മേല്പറഞ്ഞ തരം ഒരു തെറ്റ് വലിയവൈകല്യം തന്നെയല്ലേ?

    കാസർഗോഡുകാർക്ക് കേരളത്തിലെ ഏത് നഗരത്തെക്കാളും മംഗലാപുരം അത്യാവശ്യമാണ്, അതുകൊണ്ട് അവർക്ക് മംഗ്ലീഷ് പഠിക്കുന്നതിൽ തെറ്റുപറയാനാവുമെന്ന് തോന്നുന്നില്ല. മലയാളമല്ലാതെ മറ്റൊന്നും സംസാരിക്കേണ്ട ആവശ്യമില്ലാത്തനാട്ടിന്റെ കൃത്യം മധ്യത്തിൽ നിന്നുകൊണ്ട് “മംഗ്ലീഷ്” വലിയ അഭിമാനത്തോടെ സംസാരിക്കുന്നവർ ചെയ്യുന്നത്ര ദ്രോഹമൊന്നും കാസർഗോഡുകാർ മലയാളത്തോട് ചെയ്യുന്നില്ല. കാസർഗോഡുകാര് കാരണമല്ല, ഇത്തരം മംഗ്ലീഷുകാർ കാരണമാവും മലയാളം മരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *