സ്കൂള്‍ കലാമേളക്ക് ആര് മണികെട്ടും?
52 വര്‍ഷമായി കേരളത്തില്‍ തഴച്ചുവളരുന്ന സ്കൂള്‍ കലോല്‍സവം എന്ന ഏഷ്യയിലെ ഏറ്റവും വലിയ അസംബന്ധ നാടകം ഇതാ വിളിപ്പാടകലെ എത്തിയിരിക്കുന്നു. ഇത്തവണ തൃശൂരാണ് മാമാങ്കവേദി. സംശയമില്ലാതെ നാം കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന മേളകളിലെ അസംബന്ധ കാഴ്ചകള്‍ പകര്‍ത്തുന്നു, സി.ആര്‍ ഹരിലാല്‍
ഏതാനും വര്‍ഷം മുന്‍പ് വരെ സ്കൂള്‍ യുവജനോല്‍സവത്തിലെ ഗ്ലാമര്‍ ഇനമായിരുന്നു ടാബ്ലോ. അവിശ്വസനീയമായ കാഴ്ചകളായി കുട്ടികള്‍ അനക്കമറ്റ് നില്‍ക്കുന്നത് കണ്ട് അന്ന് സദസ്യര്‍ അന്തം വിട്ടിരുന്നു. അന്നത്തെ മുന്‍നിര കലോല്‍സവ കുത്തക സ്കൂളുകള്‍ ലക്ഷങ്ങളായിരുന്നു ഈ പ്രസ്റീജ് മല്‍സരത്തിന് മാത്രം വീശിയെറിഞ്ഞത്. കര്‍ട്ടനുയരുമ്പോള്‍ സ്റ്റേജ് റെയില്‍വേ സ്റ്റേഷനും, എട്ടുകാലി വലയും, ഭൂകമ്പബാധിത മേഖലയുമൊക്കെയായി മാറുന്ന കലാമികവുകള്‍ അന്ന് ഇഞ്ചോടിഞ്ച് മല്‍സരിച്ചു. അതിനിടയില്‍ കാര്‍ഡ് ബോഡും മരക്കമ്പുകളുമൊക്കെയെടുത്ത് പാവം സര്‍ക്കാര്‍ നിര്‍ധന സ്കൂള്‍ ടീമുകളും സ്റ്റേജിലെത്തി സഹതാപമേറ്റുവാങ്ങുകയും ചെയ്തു.
അന്തം വിട്ട കാഴ്ചകള്‍ കുറേയിങ്ങനെ കണ്ടു നില്‍ക്കുമ്പോഴാണ് ചിലരൊക്കെ പിറുപിറുക്കാന്‍ തുടങ്ങിയത്. അല്ല സര്‍, ടാബ്ലോക്ക് ആര്‍ക്കാണ് ശരിക്കും സമ്മാനം കൊടുക്കേണ്ടത്? കുട്ടികള്‍ക്കോ കലാസംവിധായകനോ? ഇത്തിരി നേരം അനക്കമറ്റു നിന്നു എന്നല്ലാതെ കുട്ടികള്‍ എന്താണ് സ്റ്റേജില്‍ ചെയ്തത്?
കൂടുതല്‍ കാശെറിഞ്ഞ് സാബു സിറിളിനെ സംഘടിപ്പിച്ച് ടാബ്ലോക്ക് സെറ്റീടിച്ചാലോ എന്നൊക്കെ ചിന്തിക്കുന്ന വമ്പന്‍ സ്കൂള്‍ മാനേജ്മെന്റുകളുടെ മല്‍സരത്തില്‍ വിദ്യാര്‍ഥികളുടെ റോളെന്തായിരുന്നു?
പിറുപിറുക്കല്‍ കൂടി വന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അങ്ങനെ സംഗതി മല്‍സര ഷെഡ്യൂളില്‍ നിന്നങ്ങ് വെട്ടിമാറ്റി.
പാട്ടോ പണമോ വലുത്
ഇതുപോലെ, അംബന്ധങ്ങള്‍ ചെസ്റ്റ് നമ്പറും കുത്തി മല്‍സരിക്കാനെത്തുന്ന ഇനങ്ങള്‍ വേറെയുമുണ്ട്. മാനദണ്ഡങ്ങള്‍ മാറുന്നതിനനുസരിച്ച് മല്‍സരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ മാറിപ്പോവുന്ന അനേകം ഇനങ്ങള്‍. ഉദാഹരണത്തിന് ലളിതഗാന മല്‍സരമെടുക്കുക.
ഇതിന് എന്തു ചിലവാണുള്ളത്? കുട്ടി വരുന്നു പാടുന്നു. പോവുന്നു. സംഗതി ശുഭം. എന്നാല്‍, ചില അലിഖിത നിയമങ്ങള്‍ ഇവിടെയും കളി നിയന്ത്രിക്കുന്നു. പുതിയ പാട്ടുമായെത്തുന്ന മല്‍സരാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുമെന്നാണ് ഒരു കാര്യം. അതായത് വല്ല കാസറ്റും സംഘടിപ്പിച്ച് പഠിച്ച പാട്ടുമായി ആരും വെറുതെയങ്ങ് മല്‍സരിക്കാന്‍ വന്നിട്ട് കാര്യമില്ല. അപ്പോള്‍ രക്ഷിതാക്കള്‍ പാട്ടു നിര്‍മാണത്തിനിറങ്ങുന്നു. ഗാനരചയിതാവിനെ തേടുന്നു. സംഗീത സംവിധായകനെ സംഘടിപ്പിക്കുന്നു. പണമിറക്കുന്നു. പാട്ടുണ്ടാവുന്നു. നല്ല പുതുപുത്തന്‍ പാട്ടുമായ് മല്‍സരാര്‍ഥികള്‍ വേദിയിലെത്തുന്നു. കേട്ടു തഴമ്പിച്ച പാട്ടുമായെത്തി കഴിവു തെളിയിക്കാന്‍ നോക്കിയവര്‍ പടിക്കു പുറത്താവുന്നു.
ടാബ്ലോ മല്‍സരത്തിന് സമാനമായ ചോദ്യം ഇവിടെയും ഉയരുന്നു. പാട്ടിന്റെ പുതുമയാണോ പാടുന്നവന്റെ സിദ്ധിയാണോ വലുത്?ഏതിനാണ് സമ്മാനം നല്‍കേണ്ടത്? പാടുന്നവന്റെ സിദ്ധിയല്ല വിലയിരുത്തപ്പെടുന്നത് എങ്കില്‍ പിന്നെ വിജയിക്കുന്നതാര്. സംശയമെന്ത്, കാശു തന്നെ!
കഴിവിനപ്പുറം പണം സ്ഥാനം നിര്‍ണയിക്കുന്ന സ്കൂള്‍ കലോല്‍സവ ഇടപാടുകളെല്ലാം അവസാനിപ്പിക്കാന്‍ തുടങ്ങിയെന്ന് കരുതുക. അപ്പോള്‍ എന്താവും അവസ്ഥ. മല്‍സര ഷെഡ്യൂള്‍ സഹാറാ മരുഭൂമി പോലെ വരണ്ടുപോവും. പണക്കൊഴുപ്പു തന്നെയാണ് സത്യത്തില്‍ കളി നിയന്ത്രിക്കുന്നത്. കൂടുതല്‍ പണമിറക്കി കലോല്‍സവ ചന്തയിലിറങ്ങുന്ന സ്കൂളില്‍ പഠിക്കാന്‍ വിധിയുള്ള കൊച്ചു കലാകാരന്‍മാര്‍/കലാകാരികള്‍ ഭാഗ്യവാന്‍മാര്‍. വിജയപീഠങ്ങള്‍ അവര്‍ക്കുള്ളത്. ഇതല്ലെങ്കില്‍ കാശു വീശാന്‍ കഴിവുള്ള രക്ഷിതാക്കളെങ്കിലും വേണം.
ജഡ്ജും മജിസ്ട്രേറ്റും തമ്മിലുള്ള വ്യത്യാസം
സ്കൂള്‍തല മല്‍സരം കഴിയുമ്പോള്‍ മുതല്‍ തുടങ്ങും അപ്പീല്‍ മഹാമഹം. തന്റെ കുട്ടി സംസ്ഥാന വിജയി തന്നെയാണെന്ന് ഉറപ്പിച്ച മട്ടിലാണ് ഉപജില്ല മുതല്‍ രക്ഷിതാക്കളുടെ പെരുമാറ്റങ്ങള്‍. റിസള്‍ട്ടിന് കാത്കൂര്‍പ്പിച്ചിരിക്കെ ജില്ലാമല്‍സരത്തിന് യോഗ്യതയില്ലെന്നെങ്ങാന്‍ അറിഞ്ഞാല്‍ പിന്നെ രക്ഷിതാവ് ചാടിയെഴുന്നേല്‍ക്കുകയായി. പിന്നാലെ സഹ ശിങ്കങ്ങളും. കുട്ടി കണ്ണീരൊഴുക്കാന്‍ തുടങ്ങുകയും ചെയ്യും. യാഗ്യത നേടിയ കുട്ടിയുടെ കുറവുകള്‍ ഇതോടെ നിരന്നുവരും. ജഡ്ജസിന്റെ പോരായ്മകളും ഇതോടൊപ്പം.
പിന്നെന്തിന് താമസിക്കുന്നു, കുട്ടി ഉടനെ അപ്പീല്‍ ഫോം വാങ്ങി അയക്കലായി. ഏതെങ്കിലും ജില്ലാ മജിസ്ട്രേട്ട് ഇക്കാര്യം പരിശോധിച്ച് ജില്ലയിലേക്ക് അനുകൂല വിധിയെഴുതും. ജഡ്ജ് പുറത്ത്. മജിസ്ട്രേറ്റ് അകത്ത്.
ഇതിന്റെ സമാന ഉദാഹരണങ്ങള്‍ കുത്തിയൊഴുകിയപ്പോള്‍ വിധികര്‍ത്താവായിരുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എഴുന്നേറ്റ് കളം വിടാനൊരുങ്ങിയിരുന്നു. എന്നാപ്പിന്നെ ജില്ലാ മജിസ്ട്രേറ്റ് മാരെ ഇവിടെയിരുത്തിയാല്‍ പോരെ, ഞങ്ങളെന്തിന് എന്നായിരുന്നു മട്ടന്നൂരിന്റെ ചോദ്യം. അതു തന്നെയാണ് ചോദ്യം? ബന്ധപ്പെട്ട കലാരൂപത്തില്‍ വിദഗ്ധരിരുന്ന് വിധിയിട്ടത് മറി കടക്കാന്‍ മറ്റൊരു അധികാര കേന്ദ്രമിരിപ്പുണ്ടെങ്കില്‍ പിന്നെ ഇതിനൊക്കെ എന്താണ് സര്‍ അര്‍ഥം?
മേളയും റിയാലിറ്റി ഷോയും
മിക്ക മല്‍സരാര്‍ഥികളും നിലവാരമുള്ള മല്‍സരം തന്നെയാണ് കാഴ്ചവെക്കുക. ഗ്രേഡ് സംവിധാനം ഇവരെയൊക്കെ കഴിവതും അവഗണിക്കാത്ത വിധി നിര്‍ണയത്തിന് അവസരം നല്‍കുന്നുമുണ്ട്. പക്ഷേ അടുത്ത തലത്തിലേക്ക് യോഗ്യരായവര്‍^അതായത് ഒന്നാം സ്ഥാനം നേടിയത് ആര്‍-എന്ന് പറയുന്നിടത്താണ് കുഴപ്പം. ജഡ്ജിങ് സംവിധാനത്തില്‍ കലോല്‍സവ സംഘാടകര്‍ വരുത്തിയ പാകപ്പിഴകളാണ് അപ്പീല്‍ സംവിധാനത്തിന് ഇടം ഉണ്ടാക്കിയത്.
ലളിതഗാനത്തിന് തബലിസ്റിനെയും നാടകത്തിന് മിമിക്രി ആര്‍ട്ടിസ്റിനെയുമൊക്കെ ഇരുത്തിയും ‘മുടിയില്‍ സൂര്യകാന്തി, ചുവന്ന കള്ളി ലുങ്കി, തലയില്‍ അമ്മിക്കല്ല്,’ എന്ന് നാടോടി നൃത്ത വിധികര്‍ത്താവിന് കുറിപ്പെഴുതിയും കവിതാ പാരായണ മല്‍സരത്തിന് കവിത തൊട്ടുതീണ്ടാത്ത കവയിത്രിയുടെ അച്ഛനെ വരെ ഇരുത്തിയും മറ്റും ജഡ്ജിങ്ങിന്റെ വിശ്വാസ്യത കളഞ്ഞു കുളിച്ചതു തന്നെയാണ് ഈ അപ്പീല്‍ കളിക്ക് പഴുതൊരുക്കിയത്.
എന്നാല്‍, സര്‍ക്കാര്‍ വിലാസം കലോല്‍സവങ്ങള്‍ക്കേ ഉള്ളൂ ഈ അപ്പീലും കോടതി വിധികളും. നമ്മുടെ കൊടികുത്തിയ റിയാലിറ്റിഷോകള്‍ നോക്കൂ. അപ്പീലുമില്ല മുറുമുറുപ്പുമില്ല! രക്ഷിതാക്കള്‍ അയ്യോ പാവം മര്യാദ രാമന്‍മാര്‍. കുട്ടികളാവട്ടെ കണ്ണീരൊഴുക്കി വിധി സ്വീകരിച്ച് തലതാഴ്ത്തി മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍, കലോല്‍സവപ്പന്തലില്‍ എത്തുമ്പോള്‍ കളി വേറെയാണ്. അവിടെ അപ്പീലുണ്ട്, തെറി വിളിയുണ്ട്, മജിസ്ട്രേറ്റുമാരുണ്ട്.
നാടോടി നൃത്തവും അഫ്ഗാനിസ്താനും
കലോല്‍സവത്തിലെ ഏറ്റവും ബോറന്‍ ഇനമേതെന്ന് സര്‍വേ നടത്തിയാല്‍ കൂടുതല്‍ സ്കോര്‍ ചെയ്യുക നാടോടി നൃത്തമായിരിക്കും. എവിടുന്നാണ് ഈ നൃത്തം നമുക്കിടയില്‍ കയറിവന്നതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. പേര് സൂചിപ്പിക്കുന്നത് നാടന്‍ സ്വഭാവമുള്ള നൃത്തമെന്നാണ്. എന്നാല്‍, കലോല്‍സവവേദികളില്‍ ചെന്നു നോക്കൂ, ഇറാഖും അഫ്ഗാനിസ്താനുമടക്കം അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്തു കളയും, മല്‍സരാര്‍ഥികള്‍. ഗദ്യത്തിന് ട്യൂണ്‍ നല്‍കിയ വരികള്‍ക്കൊത്ത് നര്‍ത്തകന്‍/നര്‍ത്തകി സ്റ്റേജ് ഇളക്കി മറിക്കും. അതിവൈകാരികമായ ഭാവചേഷ്ടകളില്‍ അവരുടെ കുഞ്ഞു ശരീരങ്ങള്‍ ഉലയും.
പത്ര പേജിലെ ബലാല്‍സംഗവാര്‍ത്തക്ക് അങ്ങനെത്തന്നെ സംഗീതം നല്‍കിയതാണോ എന്നൊക്കെ തോന്നും ചില നാടോടി ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍. അവിഹിത ഗര്‍ഭവും, പീഡനവുമില്ലാത്ത പാട്ടേയില്ല, നാടോടി നൃത്തത്തില്‍. നാടോടി നൃത്തം എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ഒരു പക്ഷേ സംഘാടകര്‍ക്കുപോലും ധാരണയുണ്ടാകില്ല. എന്തായാലും നമ്മുടെ സംസ്കാരത്തിലെവിടെയും വേരുകളില്ലാതെ പൊട്ടിമുളച്ച ഈ കലയെ ഇനിയെങ്കിലും ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും.
അഭിനയം കൊണ്ട് നെഞ്ചില്‍കുത്തല്‍
പലപ്പോഴും പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പടി തകര്‍ത്ത് കളയുന്ന ഇനം മോണോ ആക്ട് ആണ്. പലപ്പോഴും അതി നാടകീയതയുടെയും അനാവശ്യ ചലനങ്ങളുടെയും ഉല്‍സവപ്പറമ്പാണ് ഈ ഒറ്റയാള്‍ വേദി. ഒന്നുകില്‍ കടുംവെട്ട് ഗൌരവം. അല്ലെങ്കില്‍, നിര്‍ത്താത്ത കണ്ണീര്‍പ്പെയ്ത്ത്. ഇതുമല്ലെങ്കില്‍ തമാശ കൊണ്ട് നെഞ്ചില്‍ കുത്തല്‍. മലയാളത്തിലെ കച്ചവട സിനിമയും പ്രൊഫഷണല്‍ നാടകവേദിയും എത്രയോ കാലങ്ങള്‍ കൊണ്ട് പുറത്തേക്കു എറിഞ്ഞുകളഞ്ഞ അതിഭാവുകത്വം അവിടെനിന്ന് പൊടി തട്ടി എഴുന്നേറ്റ് കണ്ണുതിരുമ്മി എത്തുന്ന ഇടമാണ് കലോല്‍സവ വേദികള്‍.
കണ്ണു തള്ളി അലറിവിളിച്ച് ഭാവാഭിനയ സിദ്ധി മുഴുവനുമെടുത്താലേ സമ്മാനം ലഭിക്കൂ എന്ന് ഉറപ്പിച്ച മട്ടിലാണ് ഈ മല്‍സരത്തിന്റെ പോക്ക്. പുതുമയുള്ള നോര്‍മലായ ഒരു ഏകാഭിനയം കണ്ടുകിട്ടുക അപൂര്‍വമായിമാത്രം. എങ്ങിനെയാണ് മോണോ ആക്ട് എന്ന കലക്ക് ഇങ്ങനെ അതിവൈകാരികതയുടെ പൊതു സ്വഭാവം വന്നുചേര്‍ന്നതെന്ന് ഇനിയെങ്കിലും നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. വിധികര്‍ത്താക്കള്‍ ശ്രദ്ധ വെച്ചാലേ നിലവിലുള്ള ഏകാഭിനയ സങ്കല്‍പം ഒന്നു തിരുത്തികുറിക്കാനാവൂ. അതിവൈകാരികന്‍മാരെ അവഗണിക്കുക മാത്രമാണ് അതിനുള്ള പോംവഴി.
മാധ്യമങ്ങളുടെ കോമാളിത്തൊപ്പികള്‍
അസംബന്ധം വേദികളില്‍ മാത്രമെന്ന് ചുമ്മാ തെറ്റിദ്ധരിക്കരുത്. കലോല്‍സവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അനുഷ്ഠനങ്ങളിലും അതുണ്ട്. എല്‍.ഡി.എഫ്^യു.ഡി.എഫ് കസേരക്കളികള്‍ക്കനുസരിച്ച് സംഘാടക സ്ഥാനമലങ്കരിക്കാനെത്തുന്ന ഇരു മുന്നണികളുടെയും അധ്യാപക സംഘടനാ ചവിട്ടു നാടകങ്ങള്‍ മുതല്‍ കാണാം അസംബന്ധതയുടെ പെരുങ്കളിയാട്ടങ്ങള്‍. വര്‍ഷം തോറും ഒരേ വീഞ്ഞ് നിറം മാറ്റിയെത്തുന്ന വയറ്റുപ്പിഴപ്പ് ഗുരുക്കന്‍മാരും സ്വാധീനവും കോടാലിയുമായി തീര്‍ഥാടനത്തിന് മുടങ്ങാതെയെത്തുന്ന കങ്കാണികളുമടക്കം കഥാപാത്രങ്ങള്‍ ഒരു പാടുള്ള നാടകത്തിലെ ഏറ്റവും മികച്ച കോമാളികള്‍ എന്നാല്‍, ഇവരൊന്നുമല്ല. മലയാളത്തിന്റെ നാലം തൂണുകളാണ്- മാധ്യമങ്ങള്‍!
മാധ്യമങ്ങളുടെ കലോല്‍സവപ്പറമ്പുകളില്‍ നടക്കുന്ന മല്‍സരങ്ങള്‍ സ്വര്‍ണ്ണക്കപ്പൊടിക്കുന്നതിലും കലാതിലകത്തെ റാഞ്ചുന്നതിലും മാത്രമൊതുങ്ങുന്നില്ല. ദൃശ്യവും അച്ചടിയുമായി മലയാളത്തിലെ മാധ്യമങ്ങളത്രയും എസ്ക്ലൂസീവും തേടി അലയുന്ന മേളപ്പറമ്പില്‍ ചുമ്മാ ചെന്നുനിന്നാല്‍ മതി നിങ്ങള്‍ക്കും മുന്തിയ കഥാപാത്രമാവാം. സംശയമുണ്ടെങ്കില്‍, ഇത്തവണത്തെ മേളപ്പറമ്പില്‍ ചെന്നുനില്‍ക്കുക. ‘പത്തുവര്‍ഷം മുമ്പ് ഒറ്റപ്പോയിന്റിന് കലാപ്രതിഭാ പട്ടം പോയൊരു നിര്‍ഭാഗ്യവാനാണെന്നും അതിനുശേഷം എല്ലാ മേളപ്പറമ്പുകളിലും പതിവായി വന്ന് കരയാറുണ്ടെന്നും പറഞ്ഞ് നീട്ടിയൊന്ന് വിങ്ങിയാല്‍ മതി. നിങ്ങള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ടോ, കലോല്‍സവത്തില്‍ പങ്കെടുത്തിട്ടുണ്ടോ, എല്ലാ കൊല്ലവും വരാറുണ്ടോ എന്നൊന്നും നോക്കാതെ, ആലോചിക്കാതെ ചാനലുകളും പത്രങ്ങളും എക്സ്ക്ലൂസീവുകള്‍ ചമച്ചിട്ടുണ്ടാവും. എനിക്കും കിട്ടണം സ്റ്റോറി എന്ന ഒറ്റലക്ഷ്യവുമായി മേളപ്പറമ്പിലിറങ്ങുന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകയും സ്കൂപ്പടിക്കാതെ പോയ ചരിത്രമില്ലേയില്ല.
ഇവര്‍ക്കിടയിലേക്ക് ഇതാ ഒരു മഹാസംഭവം- എന്റെ മകന്‍/മകള്‍ എന്നു പറഞ്ഞ് രക്ഷിതാക്കള്‍ ചൂണ്ടയുമായി ഇറങ്ങുന്നതോടെ നാടകം കൊഴുക്കും. അങ്ങിനെ രണ്ടാമൂഴത്തില്‍ ഭീമന്‍ അല്‍ഭുതപ്പെട്ടതുപോലെ താന്‍ പോലുമറിയാത്ത വാഴ്ത്തുകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ് കൌെമാര പ്രതിഭകള്‍ അന്തം വിടും. ഇത്ര കേമനോ ഞാനെന്ന് അന്തംവിട്ട് ശേഷിക്കുന്ന പ്രതിഭയെ നിലത്തിട്ടു ചവിട്ടി അവന്‍ അടുത്ത റിയാലിറ്റിഷോയ്ക്ക് ചെരുപ്പിടും. അപ്പീലുമായ് എത്താന്‍ വൈകി മല്‍സരിക്കാനാവാതെ പടിയിറങ്ങി എന്നൊക്കെ തലക്കെട്ടിട്ട് കണ്ണീരണിഞ്ഞു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികള്‍ സമ്മാനമില്ലേലെന്താ പടം വന്നില്ലേ എന്ന ഇത്തിരി രോമാഞ്ചത്തില്‍ സ്ഥലം വിട്ടോളും.
പത്രഭാഷയുടെ ആറാട്ടുവേള കൂടിയാണ് കലോല്‍സവ നാളുകള്‍. സംശയമുണ്ടെങ്കില്‍ നാളെ മുതല്‍ പത്രങ്ങള്‍ എടുത്തുനോക്കൂ. വിഷ്വല്‍ മീഡിയക്കാര്‍ ദൃശ്യങ്ങള്‍ കൊണ്ട് വിഴുപ്പലക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് പണ്ടാരമടക്കേണ്ട ബാധ്യതയാണ് പത്രകലാകാരന്‍മാര്‍ക്ക്. അങ്ങനെയാണ് സ്റ്റേജില്‍ പറന്നു വന്ന മഴപ്പാറ്റ വില്ലനായി; ശ്രദ്ധതെറ്റി ചുവടുമാറി എന്നൊക്കെ സ്റ്റോറികള്‍ മുളയ്ക്കുന്നത്. പിന്നീട് വായിച്ചാല്‍ ചിരിച്ചു മണ്ണുകപ്പിപ്പോവുന്ന തലക്കെട്ടുകള്‍ പെറ്റുവീഴുന്നത്. പണ്ടുവായിച്ച പുസ്തകങ്ങളിലെ ഉദ്ധരണികള്‍ മുതല്‍ കേട്ടാല്‍ ചിരിച്ചുപോവുന്ന കൌതുകപ്പേരുകള്‍ മുതല്‍ 200 പോയന്റില്‍ ഇനി ഒന്നാംപേജില്‍ വെളുക്കെച്ചിരിച്ച് പ്രത്യക്ഷപ്പെടുന്നത്.
ഇതിനിടയില്‍ ആരെങ്കിലുമൊന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍, ചേട്ടമ്മാരെ, ഇതു ബോറാണ്. അസംബന്ധമാണ്. കൊല്ലങ്ങളായി തുടരുന്നു എന്നതു കൊണ്ടുമാത്രം ഈ ആനമണ്ടത്തങ്ങള്‍ ഇനിയുമിങ്ങനെ ആവര്‍ത്തിക്കരുതേ എന്ന്. മേളക്കാര് മണി കെട്ടാന്‍!



Excellent… I have also wonedered why the partcipants for classical dance items should perform in the professional attire. Why not wear something simple like what the students usually wear during practice (like Kalamandalm students). It is said that the dress, jewellery and other make up will cost around 60K to 75K, for example for Bharathanatyam. As Harilal pointed out, are we evaluating the attire or the partcipant’s proficiency in dance.
ഈ ലേഖകന്റെ മനസില്‍ എന്താണെന്ന് ഇതുവായിക്കുന്ന ആര്‍ക്കെങ്കിലും മനസിലായോ? പല കലാരൂപങ്ങളും ഇന്നാട്ടില്‍ ഉണ്ടായിരുന്നു എന്നു മനസിലാവുന്നതു തന്നെ സ്കൂള്‍ കലോത്സവ വേദികളില്‍ നിന്നു മാത്രമാണ്.
വേണ്ടെങ്കില്‍ കാണാതിരിക്ക്, അല്ലെങ്കില്‍ ഇന്നാട്ടില്‍ എന്തൊക്കെയാണു വേണ്ടത് എന്നു നിര്‍ദ്ദേശിക്ക്, വിമര്‍ശിക്കാനായി വിമര്‍ശനം നടത്താതെ
പല കലാരൂപങ്ങളും ഇന്നാട്ടിൽ ഉണ്ടായിരുന്നു. ആ പേരിൽ ചുരുക്കം ചിലതൊക്കെ സ്കൂൾ കലോത്സവത്തിൽ മത്സര ഐറ്റമാണുതാനും. അതു ആ കലാരൂപങ്ങൾക്ക് എന്തെങ്കിലും ഗുണം നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്കുന്നതും നന്നായിരിക്കും. ഇക്കണക്കിനാണെങ്കിൽ പ്രിയദർശന്റെ സിനിമയിൽ നായകനും നായികയും മരംചുറ്റി പാട്ടുപാടുമ്പോൾ തെയ്യവും കഥകളിയും ബാക്ക് ഗ്രൗണ്ടിൽ കാണിച്ചിട്ട്, സിനിമയുണ്ടായതുകൊണ്ടാണ് തെയ്യവും കഥകളിയുമൊക്കെ കേരളത്തിലുണ്ടായിരുന്നു എന്ന് ഭാവിയിൽ നമ്മുടെ കൊച്ചുമക്കൾ പറയാനിടയുണ്ട്. കലോത്സവത്തിന്റെ പട്ടികയിലില്ലാത്തെ വേറെയും പല കലകളും കേരളത്തിലുണ്ട്.
കരിങ്കാളി, തെയ്യം, തിറ, തീയ്യാട്ടം ,കോലം തുള്ളൽ, മുടിയേറ്റ്, കുമ്മാട്ടിക്കളി, കുറത്തിയാട്ടം, കുടമുറിയാട്ടം, പുള്ളുവൻ പാട്ട് അങ്ങനെ പലതും. ഇതിനെയൊക്കെ
എന്തേ മത്സരയിനത്തിൽ എടുത്തില്ല?
ഏഷ്യയിലെ ഏറ്റവും വലിയ മേളയൊക്കെത്തന്നെ. ആർക്കും എന്തും അവകാശപ്പെടാമല്ലോ. പക്ഷെ ഈ മേള ഒരു സമ്പന്നമേളയാണ്. ഒരു വിധം സാമ്പത്തികാഭിവൃദ്ധിയുള്ള രക്ഷകർത്താക്കൾ പണം ചെലവാക്കി കടുത്ത പരിശീലനങ്ങളിലൂടെ അവരുടെ മക്കളിൽ കൃത്രികമായി കഴിവുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. എന്നിട്ട് അവരുടെ പൊങ്ങച്ച മത്സരങ്ങൾക്ക് സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളുടെ അദ്ധ്വാനവും!
പാവപ്പെട്ട കുട്ടികളുടെ കഴിവ് ഇവിടെ മാറ്റുരയ്ക്കപ്പെടാൻ അവസരമുണ്ടോ? ദരിദ്രകുടുംബങ്ങളിലെ കലാവാസനയുള്ള കുട്ടികൽ തങ്ങളുടെ സ്കൂളുകളീലെ പ്രാഥമിക മത്സരത്തിൽ തന്നെ സമ്പന്നരുടെ മക്കളോട് തോറ്റ് മടങ്ങുകയാണ്. ഇപ്പോഴത്തെ ഈ അപ്പീൽമേള വച്ചു നോക്കിയാൽ ഇനി പങ്കേടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം നൽകേണ്ടി വരും. സ്കൂൾ തലത്തിലോ സബ് ജില്ലാ തലത്തിലോ നടത്തി അവസാനിപ്പിക്കാവുന്ന ഒരു കലോത്സവം ചുമ്മാ സംസ്ഥാനതലത്തിൽ വരെ കൊട്ടിയാടുകയാണ്.
പിന്നെ കലാപ്രതിഭകൾക്ക് സിനിമയിൽ കയറാനാണെങ്കിൽ അതിനു വേറെ എന്തെല്ലം വഴികൽ ഉണ്ട്. ഈ മത്സരത്തിൽ ജയിപ്പിക്കാൻ ചെലവാക്കുന്ന പണം ചെലവാക്കിയാൽ സ്വന്തമായി സിനിമ പിടിച്ച് മക്കളെ അഭിനയിപ്പിക്കാം. അല്ലേ ഈ പ്രേം നസീറും സത്യനുമൊമൊക്കെ ഏതു വർഷത്തെ കലാ പ്രതിഭകളായിരുന്നു? മമ്മൂട്ടിയും മോഹൻലാലും കലാ പ്രതിഭകളായിരുന്നോ?
ഒരു പുതിയ പാട്ട് ഒരു കുട്ടിയ്ക്കു കൊടൂത്ത് സ്വന്തമായി ചിട്ടപ്പെടുത്തി പാടി) കേൾപിക്കാൻ പറഞ്ഞാൽ സിദ്ധിയറിയാം. അല്ലാതെ പണമുടക്കി ട്രെയിൻ ചെയ്യിച്ചാൽ ആർക്കും പാടാം. നന്നായിത്തന്നെ! അഭിനയമികവ് ഓരോ ജീവിത മുഹൂർത്തങ്ങൾ നൽകി അഭിനയിപ്പിച്ചാണ് കണേത്തേണ്ടത്. അല്ലാതെ സംവിധായകന്റെ മികവിൽ അഭിനയിച്ച് സമ്മാനം നേടേണ്ടതല്ല. ശാസ്ത്രീയ നൃത്തങ്ങളൊക്കെ മത്സരത്തിൽ നിന്നു തന്നെ മാറ്റണം. അതൊന്നും മത്സരിക്കാനും വിജയിക്കാനും ഉള്ളതല്ല. പരിശീലിച്ച് അവതരിപ്പിക്കേണ്ട കലാ രൂപങ്ങൾ മാത്രമാണ്. അങ്ങനെ പറഞ്ഞാൽ ഒരു പാട് പറയനുണ്ട്. കുട്ടികകളുടെ കഴിവാണ് കണ്ടെത്തേണ്ടതെങ്കിൽ ഈ മേള മൊത്തമായും പൊളിച്ചെഴുതണം. ഇവിടെ രക്ഷിതാക്കളുടെ മടിശീലകൾ തമ്മിലാണ് മത്സരം.
കുറെ പേരുടെ പണക്കൊഴുപ്പുകാട്ടാൻ സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഈ “സൌന്ദര്യമത്സരം” നിർത്തേണ്ട കാലം കഴിഞ്ഞു. ഈയുള്ളവൻ ബ്ലോഗു തൂടങ്ങുന്ന കാലത്തേ ഈ കോപ്രായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതാണ്.
യുവജനോല്സനവമുള്പ്പെിടെയുള്ള ഇത്തരം കലാമേളകള്‍ അഴിമതിയുടെയും, ക്രമക്കേടുകളുടെയും മാത്രമല്ല കെണിയുടെയും, പീഢനത്തിന്റെയും കൂടി മേളകള്‍ ആണ്! ഹൈക്കോടതിപോലും ഇപ്പോള്‍ യുവജനോല്സൊവം ക്രമക്കേടുകള്ക്കെ തിരെ പ്രതികരിച്ചിരിക്കയാണ്. http://goo.gl/enBNp ഇതിലെ തിന്മ കള്‍ അസഹനീയമായപ്പോഴാണ്, സര്ക്കാ്ര്‍ ‘കലാതിലകം’, ‘കലാപ്രതിഭ’ സ്ഥാനങ്ങള്‍ നിരോധിച്ചത്. വീണ്ടും അത് പുനസ്ഥാപിക്കാന്‍ ഇപ്പോള്‍ സീരിയല്‍/സിനിമാ ലോബി ഇറങ്ങിയിരിക്കയാണ്. ഈ അഴിമതികള്‍ യാഥാര്ത്ഥ്യ മാണെന്ന് സര്ക്കകരും സമ്മതിക്കുന്നതിന്റെപ തെളിവാണ്, ഇടനിലക്കാരെ (കൂട്ടിക്കൊടുപ്പുകാരെ) പിടിക്കാന്‍ സര്ക്കാ്ര്‍ തന്നെ പോലീസിനെ ഇറക്കിയിരിക്കുന്നത്! http://goo.gl/c4m6v ഇതിനുപുറമേയാണ് ഡാന്സ്ട പരിശീലകരും തള്ളമാരും ഡി.ഡി. യോമരും ഒക്കെ ചേരി തിരിഞ്ഞുള്ള തല്ലിന്റെപ മേളം!
കഴിഞ്ഞ വര്ഷതത്തെ യുവനജനോല്സളവത്തിലെ സമ്മാനത്തിനുള്ള ‘പടി’ തഴെപ്പറയുന്നതായിരുന്നു. (ഈ വര്ഷ ത്തെ കൃത്യമായി അറിയില്ല. മറുനാടന്‍ മലയാളിയ്ക്ക് അന്വേഷിക്കാന്‍ നല്ല ഒരു വിഷമാണ്. )
ഒപ്പന : 30000 രൂപ.
വട്ടപ്പാട്ട് : 20000 രൂപ.
ഭരതനാട്യം : 25000 രൂപ.
ഓട്ടന്തുംള്ളല്‍ : 28000 രൂപ.
നൃത്തം : 25000 രൂപ.റേറ്റ് ഇങ്ങനെ പോകുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നല്ല ‘പിടി’യുള്ള തിരുവനന്തപുരത്തെ സീരിയല്‍ നടിയായിരുന്നു കഴിഞ്ഞ കുറെ വര്ഷയങ്ങളായി ക്രമക്കേടുകളുടെ ചരടു വലിച്ചത്. ഇപ്പോള്‍ ഭരണം മാറിയതു കൊണ്ട് അവര്ക്ക് പഴയ ‘പിടി’ ഉണ്ടോയെന്നറിയില്ല. എല്ലാം കാത്തിരുന്നു കാണാം!