പത്മശ്രീ ഭരത് ഡോക്ടര്‍ ശ്രീനിവാസന്‍!!!

മോഹന്‍ലാല്‍ എന്ന നടനെ ബോധപൂര്‍വം ആക്രമിക്കാനും അപഹസിക്കാനുമായി എഴുതിയതെന്ന് ആര്‍ക്കും മനസിലാവുന്ന രംഗങ്ങളുടെ കൊളാഷ് ആണ് ഈ സിനിമ എന്നും പറയാം. ആരും വിമര്‍ശനാതീതരല്ലെന്നതു നേര്. എന്നാല്‍, ആരോഗ്യകരമായ വിമര്‍ശനത്തിന്റേയും ഹാസ്യത്തിന്റേയും പരിധികള്‍ എവിടെയൊക്കെയോ ലംഘിക്കപ്പെട്ടില്ലേ, എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഈ സിനിമയില്‍ തന്നെ ഒരിടത്തു പറയുന്നതു പോലെ ‘ആരോടെങ്കിലുമുള്ള ദേഷ്യം തീര്‍ക്കാനായി സിനിമയെടുക്കാന്‍ ഇറങ്ങരുത്’-അന്നമ്മക്കുട്ടി എഴുതുന്നു

 

 

 

Humour is the weapon of unarmed people.
It helps people who are oppressed
to smile at the situation that pains them
-Simon Wiesenthal

വെഞ്ഞാറമ്മൂട് സുരാജിന്റെ ഹാസ്യവും ശ്രീനിവാസന്റെ ഹാസ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്? നിസ്സഹായന്റെ വാളും പരിചയുമായിരുന്നു എന്നും ശ്രീനിക്ക് തമാശകള്‍. അദ്ദേഹത്തിന്റെ എഴുത്തിലും അഭിനയത്തിലും തെളിഞ്ഞത് ജീവിതത്തിന്റെ നോവുകളില്‍ നിന്ന് ഉറവപൊട്ടുന്ന ചാപ്ലിന്‍ കോമഡിയായിരുന്നു. ബഷീറിനേയും വി.കെ.എന്നിനേയും പോലെ ജീവിതത്തിന്റെ നേരുകൊണ്ടാണ് ശ്രീനിവാസനും നമ്മള്‍ മലയാളികളുടെ ഉള്ളുതൊട്ടത്. ഇന്ദ്രന്‍സ് മുതല്‍ സുരാജ് വെഞ്ഞാറമ്മൂടു വരെ, കലൂര്‍ ഡെന്നീസ് മുതല്‍ കൃഷ്ണ പൂജപ്പുര വരെ, മലയാള കച്ചവട സിനിമ കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ കെട്ടിയാടിച്ച പൊള്ളയായ ജോക്കര്‍ കോമഡി അഭിനേതാക്കള്‍ക്കും തിരക്കഥാകാര്‍ക്കുമിടയില്‍ വലഞ്ഞുപോയ പ്രേക്ഷകന് വലിയ ആശ്വാസമായിരുന്നു ശ്രീനിയുടെ എഴുത്തും അഭിനയവും. ‘മഴയെത്തുംമുമ്പേ’യും ‘ഗോളാന്തരവാര്‍ത്ത’യും ‘സന്ദേശ’വും ‘മറവത്തൂര്‍കനവു’ം ‘അഴകിയ രാവണനും’ ‘ചിന്താവിഷ്ടയായ ശ്യാമള’യും നമ്മെ ചിരിപ്പിച്ച് കരയിച്ചു. ആ ചിരിയിലും കരച്ചിലിലും നമ്മളൊക്കെ ജീവിതത്തില്‍ എപ്പോഴൊക്കെയോ അനുഭവിച്ചറിഞ്ഞ നേരുകളുടെ ചൂടുണ്ടായിരുന്നു.

 

 

ശ്രീനിവാസന്‍ എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തുവന്ന ‘ഉദയനാണ് താരം’ തിരശ്ശീലക്കു പിന്നിലെ താരജാഡകളുടെ തൊലിയുരിച്ച സിനിമയായിരുന്നു. ശ്രീനിയുടെ പല തിരക്കഥകളിലുമെന്നപോലെ ചില ഇംഗ്ലീഷ് സിനിമകളുടെ പ്രമേയ സ്വാധീനവും അനുകരണവും വളരെയേറെയുണ്ടായിട്ടും ‘ഉദയനാണ് താരം’ നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അതിലെ സൂപ്പര്‍സ്റാര്‍ സരോജ്കുമാറില്‍ അല്‍പന്‍മാരായ പല താരരാജാക്കന്‍മാരുടേയും പ്രതിഛായ കണ്ട് കാണികള്‍ ആര്‍ത്തുചിരിച്ചു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം അതേ സരോജ്കുമാറായി ശ്രീനിവാസന്‍ വീണ്ടും എത്തുമ്പോള്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ വാനോളമില്ലെങ്കിലും കുന്നോളമെങ്കിലും ഉയരുക സ്വാഭാവികം. എന്നാല്‍ ആ പ്രതീക്ഷയോടെ തിയറ്ററിലേക്ക് കയറുന്നവരെ പാടേ നിരാശപ്പെടുത്തുകയാണ് ശ്രീനിവാസന്‍ ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയില്‍. കാര്യമൊക്കെ ശരി, ശ്രീനിവാസാ നിങ്ങളുമൊരു സരോജ്കുമാറാവുകയാണോ,എന്ന് പ്രേക്ഷകന്‍ ചോദിച്ചുപോകും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍.

കഥയെവിടെ പറഞ്ഞുതുടങ്ങണം, എങ്ങനെ പറയണം, എവിടെ നിര്‍ത്തണം, എന്ന് കൃത്യമായി അറിയാമായിരുന്ന ആ പഴയ ശ്രീനിയെ ഈ തിരക്കഥയില്‍ എവിടേയും കാണാനില്ല. ഏഷ്യാനെറ്റിലെ ‘വോഡഫോണ്‍ കോമഡിസ്റാര്‍സി’ന്റെയോ സൂര്യയിലെ ‘രസികരാജ’യുടേയോ കുറേ എപ്പിസോഡുകള്‍ ചേര്‍ത്തുവെച്ചാലെന്നവണ്ണം പരസ്പര ബന്ധമില്ലാത്ത മിമിക്രി കോമഡികള്‍ ഒട്ടിച്ചുചേര്‍ത്തിരിക്കുകയാണ് ആദ്യപകുതിയില്‍. ഹാസ്യം പലപ്പോഴും വഴിയും ലക്ഷ്യവും തെറ്റി എല്‍.പി സ്കൂള്‍ നിലവാരത്തിലേക്കു താഴുന്നു. യുക്തിയെ പരിഹസിക്കുന്ന രംഗങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. ഏതുവിധേനയും തമാശയുണ്ടാക്കാനായി എഴുതിയ പല രംഗങ്ങളും ഓക്കാനമുണ്ടാക്കുന്നു. സരോജ്കുമാറിന്റെ വാര്‍ത്താസമ്മേളനവും വെടിവെപ്പും ഒക്കെ കാണുമ്പോള്‍ ഇതൊരു തുളസീദാസ് സിനിമയോ കെ.കെ ഹരിദാസ് സിനിമയോ ആണോ എന്ന് നമ്മള്‍ സംശയിക്കും.

മോഹന്‍ലാല്‍ എന്ന നടനെ ബോധപൂര്‍വം ആക്രമിക്കാനും അപഹസിക്കാനുമായി എഴുതിയതെന്ന് ആര്‍ക്കും മനസിലാവുന്ന രംഗങ്ങളുടെ കൊളാഷ് ആണ് ഈ സിനിമ എന്നും പറയാം. ആരും വിമര്‍ശനാതീതരല്ലെന്നതു നേര്. എന്നാല്‍, ആരോഗ്യകരമായ വിമര്‍ശനത്തിന്റേയും ഹാസ്യത്തിന്റേയും പരിധികള്‍ എവിടെയൊക്കെയോ ലംഘിക്കപ്പെട്ടില്ലേ, എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഈ സിനിമയില്‍ തന്നെ ഒരിടത്തു പറയുന്നതു പോലെ ‘ആരോടെങ്കിലുമുള്ള ദേഷ്യം തീര്‍ക്കാനായി സിനിമയെടുക്കാന്‍ ഇറങ്ങരുത്’.

 

 

കഥയെന്നു പറയാന്‍ ഈ സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമില്ല. സിനിമയെ ജീവന്‍പോലെ സ്നേഹിക്കുന്ന ഉദയന്‍ ആയിരുന്നു ‘ഉദയനാണ് താര’ത്തിലെ ശക്തമായ കേന്ദ്ര കഥാപാത്രം. അതിന്റെ പകുതിയെങ്കിലും വിശ്വാസ്യതയും ശക്തിയുമുള്ള ഒരു കഥാപാത്രം പോലും ഈ സിനിമയില്‍ എവിടേയും ഇല്ല. സ്വന്തം പ്രകടനത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ശ്രീനിയുടെ ശ്രമം പലയിടത്തും വിജയിക്കുന്നതേയില്ല. ഫഹദ് ഫാസില്‍ അഭിനയിച്ച യുവ സംവിധായകനാണ് അല്‍പമെങ്കിലും വ്യക്തിത്വം തോന്നിപ്പിക്കുന്ന ഏക കഥാപാത്രം. മകന്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കൂടുതല്‍ മിഴിവു നല്‍കാന്‍ തിരക്കഥാകാരനായ അച്ഛന്‍ അറിഞ്ഞോ അറിയാതെയോ നടത്തിയ ശ്രമത്തിലാവണം, ഫഹദിന്റെ കഥാപാത്രത്തിന് വേണ്ടത്ര ഊന്നല്‍ ലഭിക്കാതെ പോയി. വിനീതിന്റെ കഥാപാത്രത്തിന്റെ വ്യക്തിത്വമാവട്ടെ അനാവശ്യമായ പൈങ്കിളി രംഗങ്ങളില്‍ കളഞ്ഞുകുളിച്ചു.

‘ഈ സിനിമയില്‍ ഇതുവരെയൊരു കഥ വന്നില്ലല്ലോ’ എന്ന തിരിച്ചറിവില്‍ തിരക്കഥാകാരന്‍ അവസാനരംഗങ്ങളില്‍ സൃഷ്ടിച്ച ട്വിസ്റും അതിനാടകീയതയും പ്രേക്ഷകനില്‍ പരിഹാസം മാത്രമേ സൃഷ്ടിക്കൂ. ഏച്ചുകെട്ടിയ ആ ക്ലൈമാക്സ് അരോചകവും അവിശ്വസനീയവുമാണ്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഉദ്ബോധന പ്രസംഗ സ്വഭാവം കാണികളെ മടുപ്പിക്കുകതന്നെ ചെയ്യും. കടുത്ത മോഹന്‍ലാല്‍ വിരോധികളായ വല്ലവരും ഉണ്ടെങ്കില്‍ അവരെ അല്‍പം സന്തോഷിപ്പിച്ചേക്കാം എന്നതല്ലാതെ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാറിന്റെ രണ്ടാം വരവ് പ്രേക്ഷകനോ മലയാള സിനിമക്കോ യാതൊന്നും നല്‍കുന്നില്ല. സജിന്‍ രാഘവന്‍ എന്ന സംവിധായകന് അഭിമാനിക്കാവുന്ന ഒരു രംഗം പോലും ഈ ചിത്രം അവശേഷിപ്പിക്കുന്നുമില്ല.

7 thoughts on “പത്മശ്രീ ഭരത് ഡോക്ടര്‍ ശ്രീനിവാസന്‍!!!

 1. This portal is sponsored by Actor Prithvi Raj…..He using the online media to manage his reputation….be careful…… online users are not fools …but has minimum education

 2. Annammakutty is at par with Zia us Salam and other film critics of The Hindu newspaper , As a movie freak I have seen almost all the movies and I support Annammakutty as her views are direct and up to the mark. Keep it up Annamma…

 3. i agree with Annamma. i saw this movie yesterday and sorry to say it was total waste of time and money. there is no story in this movie. like annama said, its a mess of unrelated topics.

  when it is from Srinivasan, a man who made us think through his wonderful movies, we expect something, at least some good comedy. but here will get disappointed after watching this movie.

 4. 1988ല്‍ ദൂരദര്‍ശനില്‍ അമോല്‍ പാലെക്കര്‍ സംവിധാനം ചെയ്ത നക്കാബ് എന്ന ഒരു സീരിയല്‍ വന്നിരുന്നു. എവിടുന്നെങ്കിലും ഒരു സി ഡി കിട്ടുകയാണെങ്കില്‍ എല്ലാ സൂപ്പര്‍ സ്ടാരുകളും അവരുടെ പരിവാരങ്ങളും നിര്‍ബന്ധമായും കാണേണ്ട ഒരു സീരിയല്‍ ആണ് അത്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് സീരിയല്‍ കാണാവുന്ന സുവര്‍ണ കാലഘട്ടത്തില്‍ ഇറങ്ങിയ ഒന്നാണ് . അതുകൊണ്ട് തന്നെ ധൈര്യമായും കാണാം. കുറച്ചു കൂടി ആകാരഭംഗി ഉണ്ടായിരുന്നെങ്കില്‍ ഈ ശ്രീനിവാസനും ഈ സൂപ്പര്‍ താരങ്ങള്‍ പെരുമാറുന്നത്തില്‍ നിന്നും ഒട്ടും വ്യതസ്തതയോടെ പെരുമാരുമായിരുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്. നല്ല പോലെ മേഗലോമാനിയായും അഹങ്കാരവും വ്യക്തമാക്കുന്നതാണ് അദ്ധേഹത്തിന്റെ ആവിഷ്കാരങ്ങളും തിരശ്ശീലക്കു പുറത്തുള്ള ഇടപെടലുകളും.

 5. ഉദയനാണ് താരം എന്ന ചിത്രത്തില്‍ തന്നെ കൂളിംഗ് ഗ്ലാസ്സുകളെ പ്രതിപാദിക്കുന്ന സീനില്‍ മമ്മൂട്ടിയേയും, അച്ചാര്‍ ബിസിനസ്സ് പ്രതിപാദിക്കുമ്പോള്‍ മോഹന്‍ലാലിനെയും നമുക്ക് ഓര്‍മ വരും. അന്നൊന്നും ആരും ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല.

  അന്നത്തെ സജീവ വിഷയങ്ങള്‍ അതൊക്കെ ആയിരുന്നു. ഇന്ന് പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമ ഇറങ്ങുമ്പോള്‍ ഇന്നത്തെ വിഷയങ്ങളായ പ്രിഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രേമവും താരങ്ങളുടെ വീട്ടില്‍ നടന്ന റെയ്ഡും, കേണല്‍ പദവിയും ശ്രീനിവാസന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തി. അപ്പോള്‍ മാത്രം എന്താണ് ഇത്ര അസഹിഷ്ണുത?

 6. ശ്രീനിവാസന്‍ കുറച്ചു അതിര് കടന്നു എന്നത് സത്യം തന്നെ, പക്ഷെ ഈ സിനിമ അത്യാവശ്യം നിലവാരം പുലര്‍ത്തുന്നു..
  മലയാള സിനിമയിലെ ഇന്നത്തെ അമിതമായ താര പരിവേഷതിനും താരങ്ങളുടെ ധാര്‍ഷ്ട്യത്തിനും ഇത്തരത്തില്‍ ഉള്ള ചില വിമര്‍ശങ്ങള്‍ ആവശ്യമാണ്.
  താരങ്ങള്‍ ആരാധകര്‍ക്ക് മാത്രക ആവുന്നതിനു പകരം സ്വന്തം താരപരിവേഷം വീര്‍പ്പിക്കാനും സ്വയം വളരാനും മാത്രമാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്..
  ഇത്രയും വരുമാനമുണ്ടയിട്ടും വരുമാനം കൂടി കൊണ്ടിരിക്കുമ്പോഴും നികുതി വെട്ടിക്കുന്നത് കാണുമ്പൊള്‍ പുച്ഛം തോനുന്നു..
  അനാവശ്യമായ താരരാധനയും താര സംഘടനകളും ഇല്ലാതെ നല്ല സിനിമകളെ വളര്‍ത്തുകയാണ് പ്രേക്ഷകര്‍ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *