എന്ന് സ്വന്തം അമ്മ

അമ്മയുടെ വയറ്റില്‍ നിന്റെ തുടിപ്പറിഞ്ഞ നിമിഷം മുതല്‍ 40 ആഴ്ചകള്‍. സ്വപ്നത്തിന്റെ സ്വര്‍ണപ്പരവതാനിയില്‍ അമ്മ സഞ്ചരിച്ചത് നിന്നോടൊപ്പം മാത്രമായിരുന്നു. ആ കുഞ്ഞുമുഖം ആദ്യമായി കണ്ടപ്പോള്‍ സ്വപ്നങ്ങളെല്ലാം പറന്നകന്നിരുന്നു. നനുത്ത കവിളിലും നീണ്ട കണ്‍പീലിയിലും വിടര്‍ന്ന കണ്ണുകളിലും കുഞ്ഞുമ്മകള്‍ തന്നപ്പോള്‍ വിളിച്ചുപറയാന്‍ തോന്നി, ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട എന്ന്- ആറു വയസ്സുകാരന്‍ മകന് ഒരമ്മയുടെ കത്ത്. അഞ്ജലി ദിലീപ് എഴുതുന്നു

 

 

അമ്മയുടെ കുഞ്ഞുമോന്,
നിനക്കിന്ന് ആറ് വയസ്സ് തികഞ്ഞു. അമ്മ മോനുവേണ്ടി പിറന്നാള്‍ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല. കത്തുന്ന ആറ് മെഴുകുതിരികള്‍ക്കരികെ അലങ്കരിച്ച കേക്കും നമുക്ക് മുമ്പിലില്ല. എങ്കിലും നിനക്ക് സന്തോഷമാണെന്ന് അമ്മയ്ക്കറിയാം. അമ്പലത്തില്‍ നേദിച്ച കറുത്ത കടുംപായസം വീണ്ടും വീണ്ടും വാങ്ങികഴിക്കുമ്പോള്‍ കണ്ടു ആ മുഖം. നിലാവത്തു തിളങ്ങുന്ന അമ്പിളിമാമനെപ്പോലെ. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു. ആ കണ്ണുനീരില്‍ നീ മാത്രമായിരുന്നു.
അമ്മയുടെ വയറ്റില്‍ നിന്റെ തുടിപ്പറിഞ്ഞ നിമിഷം മുതല്‍ 40 ആഴ്ചകള്‍. സ്വപ്നത്തിന്റെ സ്വര്‍ണപ്പരവതാനിയില്‍ അമ്മ സഞ്ചരിച്ചത് നിന്നോടൊപ്പം മാത്രമായിരുന്നു. ആ കുഞ്ഞുമുഖം ആദ്യമായി കണ്ടപ്പോള്‍ സ്വപ്നങ്ങളെല്ലാം പറന്നകന്നിരുന്നു. നനുത്ത കവിളിലും നീണ്ട കണ്‍പീലിയിലും വിടര്‍ന്ന കണ്ണുകളിലും കുഞ്ഞുമ്മകള്‍ തന്നപ്പോള്‍ വിളിച്ചുപറയാന്‍ തോന്നി, ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട എന്ന്.

നീയും നിന്റെ ലോകവും മാത്രമായിരുന്നു പീന്നീടമ്മക്ക് എന്നും. ഒന്ന് നടക്കാന്‍ താമസിച്ചപ്പോള്‍, സംസാരിക്കാന്‍ അമാന്തിച്ചപ്പോള്‍ ചെറിയ പനിയോ ജലദോഷമോ വരുമ്പോള്‍ അമ്മ എത്രമാത്രം വെപ്രാളപ്പെട്ടിരുന്നുവെന്നോ! ‘കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ അസുഖങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അതൊക്കെ നമ്മള്‍ നേരിട്ടേ പറ്റൂ’^ പാതി കാര്യമായും പാതി പരിഹാസമായും നിന്റച്ഛന്‍ പറയുമ്പോള്‍ ‘എനിക്കതൊന്നും കേള്‍ക്കണ്ട’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഞാന്‍. പൊട്ടിച്ചിരികളും കുഞ്ഞുകുസൃതികളും ചെറിയ കരച്ചിലുകളും; ദിവസത്തിന് നിമിഷത്തിന്റെ ആയുസ്സുപോലും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ നീ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വീഴുമായിരുന്നു. പിന്നീട് നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍, പെന്‍സില്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍, എങ്ങനെ ഭിത്തിയില്‍ വരക്കാം എന്ന് അമ്മ നിന്നെ പഠിപ്പിച്ചു. സിംഹത്തിന്റെ പടം ഒട്ടിച്ച കുഞ്ഞു മുറിയിലെ ചുമരുകളില്‍ നിന്റെ ചിത്രപ്പണികളായിരുന്നു പിന്നീടങ്ങോട്ട്; അച്ഛന്റെ പെയിന്റിങില്‍ അതെല്ലാം മാഞ്ഞുപോയെങ്കിലും.

നടക്കുന്നതും, ഇരിക്കുന്നതും. സോഫയില്‍ കുത്തിമറിയുന്നതും; നിന്റെ ഓരോ ചലനങ്ങളും ക്യാമറയില്‍ പതിപ്പിക്കാന്‍ ധൃതിയായിരുന്നു. അടച്ചിട്ട മുറിയിലെ ദിവസങ്ങള്‍ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നിയപ്പോള്‍ അമ്മ നിന്നെ വായനശാലയിലെ കുട്ടികള്‍ക്കുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചു. അവിടെ ട്രെയിന്‍ ഓടിച്ചും പാട്ടിനൊപ്പം ചുവടുവെച്ചും കടലാസു കഷണങ്ങള്‍ പല ആകൃതിയില്‍ വെട്ടി ഒട്ടിച്ചും ഒത്തിരി കഥകള്‍ കേട്ടും ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കിയെടുത്തപ്പോള്‍ അത് നിനക്ക് മുമ്പില്‍ തുറന്നുതന്നത് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒക്കെ ഉള്ള വലിയ ഒരാകാശത്തെയായിരുന്നു.

അഞ്ജലി ദിലീപ്

വീട്ടിലേക്കുള്ള നമ്മുടെ യാത്രകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നീയായിരുന്നു. അമ്മമ്മയും അച്ഛമ്മയും അച്ഛച്ഛനും ചേര്‍ന്നുള്ള ദിവസങ്ങള്‍. അവിടെ ഓട്ടോറിക്ഷയും ബൈക്കിലെ ചുറ്റികറങ്ങലും ടൌണിലൂടെയുള്ള കറക്കവും മുറ്റത്തെ കളിയും ഒക്കെ നീ നന്നായി ആസ്വദിച്ചു. നിന്റെ ആഹ്ലാദം അമ്മയേയും സന്തോഷിപ്പിച്ചു. കുട്ടിക്കാലത്ത് അമ്മയും സ്നേഹിച്ചിരുന്നതാണ് ഇതൊക്കെ. വല്ലപ്പോഴും കിട്ടുന്ന സൌഭാഗ്യങ്ങളെ വിട്ടുപോകേണ്ടിവന്നപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേപോലെ സങ്കടപ്പെട്ടു. വല്ലപ്പോഴും കിട്ടിയതുകൊണ്ടു മാത്രാമാകാം, അത് സൌഭാഗ്യങ്ങളായി കണ്ടത് അല്ലെ? ചില കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചിലത് നഷ്ടപ്പെടാറുണ്ട്. പക്ഷെ, നമ്മുടെ വീടിനേ, മൂല്യങ്ങളെ ചില ‘സൌഭാഗ്യങ്ങളെ’ ഒരിക്കലും നഷ്ടപ്പെടുത്താന്‍ കഴിയാതെ ഈ നഗരത്തിന്റെ രണ്ടു മുറിക്കുളില്‍ സൂക്ഷിച്ചുവെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്.

ഇന്ന് നീ കുറച്ചുകൂടി മുതിര്‍ന്നിരിക്കുന്നു. നേഴ്സറിയിലേക്കും പിന്നീട് സ്കൂളിലേക്കുമായി നിന്റെ ദിവസത്തിന്റെ മുക്കാല്‍ പങ്കും മാറ്റിവെക്കപ്പെട്ടപ്പോള്‍, ആ മാറ്റത്തെ അമ്മ കണ്ടതും അത്ഭുതത്തോടുകൂടി തന്നെയായിരുന്നു. സ്കൂളില്‍ നിന്നുള്ള ഹോം വര്‍ക്കുകളും മറ്റു ചെറിയ കാര്യങ്ങളും തനിയെ ചെയ്യാന്‍ നിന്നെ ഏല്‍പ്പിക്കുമ്പോള്‍ ‘മോനത് ചെയ്യാന്‍ പറ്റും’ എന്ന വിശ്വാസം അമ്മക്കുണ്ട്. കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയുന്നതിനുമപ്പുറം ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനും നിനക്കാകും. ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, അല്ലെങ്കില്‍ വലിയ ജീവിതത്തിലേക്ക് നടക്കുമ്പോള്‍ കാത്തിരിക്കുന്നത് പല തരത്തിലുള്ള ഭാവങ്ങളാണ്. വഴിതെറ്റാതെ മുന്നോട്ടുപോകണമെങ്കില്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞേ പറ്റൂ. നമ്മള്‍ ജീവിക്കുന്ന കാലത്തിനാവശ്യം വിദ്യാഭ്യാസവും വിവേചന ബുദ്ധിയുമണ്് പണത്തിനും പദവിക്കുമപ്പുറം ഒരു നല്ല മനുഷ്യനായിത്തീരുവാന്‍ അത് നമ്മളെ സഹായിക്കും. നീ ആകണം, എന്താകണം എന്ന് തീരുമാനിക്കുന്നത് നിന്റെ തിരിച്ചറിവുകളാണ്. ആ തിരിച്ചറിവുകള്‍ നിന്നിലേക്കെത്തണമെങ്കില്‍ അറിവ് കൂടിയേ തീരൂ.

സ്വന്തം ബുദ്ധിക്കനുസരിച്ചും സ്വയം തോന്നിയതുകൊണ്ടും പഠിക്കുക. തമാശ കേള്‍ക്കുമ്പോള്‍ ചിരിക്കുവാനും സങ്കടം വരുമ്പോള്‍ കരയുവാനും നിനക്ക് കഴിയണം. മറ്റുള്ളവരെ കേള്‍ക്കുവാനും മനസ്സിലാക്കുവാനും മനസ്സറിയുവാനും മോനു കഴിഞ്ഞാല്‍ അത് അമ്മയുടെ ജന്മപുണ്യം. നീ ഇഷ്ടപ്പെടുന്നവരില്‍നിന്ന് നിനക്ക് വിഷമമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കാം. അതില്‍ നമുക്കൊന്നും ചെയ്യാനില്ല. ഈ ലോകം തന്നെ അങ്ങിനെയാണ്. പക്ഷെ, അവരുമായി മത്സരിക്കാന്‍ നില്‍ക്കുന്നത് ഒരിക്കലും നല്ലതിനല്ല. ജീവിതം ഒരു മത്സരം ആകരുത്. അതൊരു യാത്ര മാത്രമാണ്. ആ യാത്രയില്‍ നമ്മുടെ മുമ്പിലേക്ക് വരുന്നതെന്തും നമ്മള്‍ നേരിട്ടേ പറ്റൂ.

അമ്മ നിന്റെയടുത്ത് എല്ലായ്പ്പോഴും ഏറ്റവും നല്ല ഒരമ്മയായിരുന്നിരിക്കില്ല. ശാസിക്കാറുണ്ട്, ചില കാര്യങ്ങളില്‍ ശിക്ഷിക്കാറുമുണ്ട്്. എങ്കിലും ചെയ്തത് തെറ്റായി എന്ന് തോന്നിയാല്‍ ‘വേണ്ടായിരുന്നു’ എന്ന് പറയുവാനുള്ള ഒരു മനസ്സ് അമ്മക്കുണ്ട്. കുട്ടികളെപ്പോലെ തന്നെ വലിയവരും തെറ്റുകളില്‍നിന്നാണ് ശരികളിലേക്ക് വരുന്നത്. പക്ഷെ, ശരികള്‍ക്കായി ശ്രമിക്കാനുള്ള ഒരു മനസ്സുണ്ടായിരിക്കണം. മോനും അതുണ്ടാവും എന്ന് തന്നെയാണ് അമ്മയുടെ വിശ്വാസം.
എന്തു തന്നെ ആയിരുന്നാലും നിന്റെ കൂടെ നിന്നെ സ്നേഹിക്കാന്‍, നിന്റെ കൂടെ ‘ഇത്രേം വലുപ്പത്തില്‍’ സ്നേഹം തരാന്‍ അമ്മ എന്നും ഉണ്ടാകും.
എന്ന് സ്നേഹത്തോടെ
അമ്മ

N.B: മോനിത് വായിച്ച് അമ്പരപ്പോടെ ഇരിക്കുന്നത് അമ്മ കാണുന്നു.
ഇപ്പോള്‍ നിനക്കൊന്നും മനസ്സിലായില്ലെങ്കിലും, ഈ കത്ത് സൂക്ഷിച്ചുവെച്ചാല്‍ ഒരിക്കല്‍ വായിക്കാനും
അമ്മ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാനും നിനക്ക് കഴിയും.

8 thoughts on “എന്ന് സ്വന്തം അമ്മ

 1. അഞ്ചലി ദിലീപിന്‍റെ ഈ പോസ്റ്റ് നന്നായിരിക്കുന്നു.
  ഒരമ്മയെ ഞാന്‍ കാണുന്നു. അമ്മയുടെ പരമമായ ആനന്ദം.
  ശതകോടിവിലയ്ക്കും അവള്‍ പകരം നല്‍കാത്തത്.

  അഞ്ചലി ഒരു മലയാളി അമ്മയാകണം.
  ലോകത്തിലെ എല്ലാ അമ്മമാരും ഇങ്ങിനെ തന്നെ ആയിരിക്കുമോ? ആകുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
  40 ആഴ്ചയുടെ നാഭീനാളബന്ധത്തിലൂടെ എല്ലാ അമ്മമാരും കടന്നുപോകുന്നുണ്ടല്ലോ.

  ബന്ധങ്ങളൊക്കെ പലപ്പോഴും കൈവിട്ട് പോകാറുണ്ട്.എല്ലാം ആപേക്ഷികം.

  എന്‍റെ നേ൪ അനുഭവം പകര്‍ത്തിവച്ചത് ഞാന്‍ ഇവിടെ കുറിക്കുന്നു.
  ഇത് വായിച്ചു കഴിഞ്ഞാലും അഞ്ചലിമാര്‍ പറയുന്നുണ്ടാകും ആ അമ്മ ആ കുട്ടിയെ ഓ൪ത്ത് വിഷമിക്കുന്നുണ്ടെന്ന്. മാതൃത്വത്തിന്‍റെ മഹത്വം!

  ” സോക്സ് ഇട്ട് ചെരിപ്പ് തപ്പുമ്പോഴേക്കും അവള്‍ സോക്സ് ഊരിക്കളയുന്നു.
  അത് ശരിയാക്കുമ്പോള്‍ ഇടതുകാലിലെ ഷൂസ് വലതിലിടണമെന്ന് ഒരേ വാശി.
  ദിവസവുമുണ്ട് ഓരോ പ്രശ്നങ്ങള്‍.
  ഏ വ്ഴി ഡേ ഷീസ് മേക്കിമി ക്റേസി.

  അയാള്‍ തണുപ്പില്‍ നിന്നു
  കിതക്കുകയാണ്.
  കമ്പനിയുടെ കവാടം അടഞ്ഞുകിടക്കുന്നു.
  ഞാനും അയാളും മാത്രം.

  രണ്ടു കയ്യുറകളൂരി വിരലുകള്‍ പുറത്തെടുത്തു.
  സ്പര്‍ശനം വരുത്തി അയാള്‍ വാതിലിനുള്ള പാസ്വേഡ് അടിച്ചു.
  ഞങ്ങള്‍ അകത്തു കയറി.

  അഞ്ചുവയസ്സുള്ള മകളെക്കുറിച്ച് അയാള്‍ പ‌രാതി പറയുകയാണ്.

  ഞങ്ങള്‍ കനേഡിയന്മാര്‍, പറയുന്നതു മാത്രം കേള്‍ക്കുന്നു.

  എന്‍റെ പാതി ഇന്ത്യന്‍നാവില്‍ വെറുതെ ചോദിക്കുവാന്‍ വന്നതാണ്:
  അപ്പോള്‍ അമ്മ‌? .

 2. പ്രിയ അജിന്‍,
  ഒരമ്മ പിന്നെ മകന് എന്ത് കത്താണ് കൊടുക്കേണ്ടത്? സാധിക്കുമെന്കില്‍ ഒരു മകനായി നിന്ന് ഒരു great (as you used) കത്ത് അമ്മക്കെഴുതി പുതിയ ഒരു മോഡല്‍ ഉണ്ടാക്കിക്കാണിക്ക് . മഹാത്വരമായ കത്ത് എന്തെന് ഇതെഴുതിയ പാവം അമ്മക്കും ഒപ്പം താങ്കളുടെ കമന്റു വായിച്ച എല്ലാവര്ക്കും മനസ്സിലാകുമല്ലോ. ഇനി പറ്റില്ലേ, അവനവനെക്കൊണ്ട് സാധിക്കുന്ന ജോലി ചെയ്തു ജീവിക്കുക.
  പ്രിയ അഞ്ജലി,
  നന്നായിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്.
  പ്രിയ നാലമിടം എഡിറ്റര്‍
  അജിന്‍ എഴുതുന്നതുപോലുള്ള മൂന്നാംകിട (മനുഷ്യനെ തകര്‍ക്കാന്‍ വേണ്ടിയുള്ള കുത്തുവാക്കുകള്‍) നാലാമിടത്തില്‍ എന്തിനിടുന്നു?

 3. മൂല്യങ്ങള്‍ നഷ്ട്ടമാകുന്ന ഈ ലോകത്ത് സ്നേഹിക്കാന്‍ അമ്മ മാര്‍ക്ക് പോലും സമയം കിട്ടാത്ത ഈ കാലത്ത് നിങ്ങള്‍ക്കെങ്ങിലും കഴിയട്ടെ ഒരു ”മലയാളി അമ്മ യാകാന്‍” നന്നായിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *