കില്ലര്‍ പാസിലെ ഹെയര്‍പിന്‍വളവുകള്‍

നാല് വര്‍ഷം മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനത്തില്‍ അംഗമായിരുന്ന വി.ബാലചന്ദ്രന്‍ എഴുതിയ ‘ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍’ എന്ന അസാധാരണ യാത്രാ കുറിപ്പിന്റെ മൂന്നാം ഭാഗം. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ള അംഗമായിരുന്നു. ബുള്ളറ്റ് പ്രണയവും യാത്രാവേശവും ഒന്നിക്കുന്ന അസാധാരണമായ ഈ കുറിപ്പില്‍ വായനയും ചിന്തയും പാരിസ്ഥിതിക ദര്‍ശനവും ഇഴചേര്‍ന്നിരിക്കുന്നു.

 

 

ഹിമാലയന്‍ യാത്രകള്‍ ധൃതി പിടിച്ച് ചെയ്യേണ്ട ഒന്നല്ല. കൂടുതല്‍ സന്ദര്‍ശിച്ചുവെന്നതിലുപരി യാത്രാനുഭവത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പക്ഷേ നാഗരിക സംസ്കാരത്തിന്റെ തിരക്കു പിടിച്ച രീതികള്‍ ശീലിച്ചവര്‍ മറ്റെന്തു ചെയ്യും? ഉളളില്‍ തട്ടാത്ത അനുഭവങ്ങളും തിരികെ നഗരത്തിലെത്തുമ്പോള്‍ മറ്റുളളവരെ കാണിക്കാന്‍ കുറേ ഫോട്ടോകളും മാത്രമാണ് അവരുടെ സമ്പത്ത്. ഹിമാലയന്‍ യാത്രകള്‍ വിനോദസഞ്ചാരമായി കാണുന്നവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളേയുളളൂ. മാര്‍ഗ്ഗങ്ങളില്ല.
പോകുന്നവഴിയാണ് ലക്ഷ്യത്തെക്കാള്‍ പ്രധാനം; ഹിമാലയമായാലും ജീവിതമായാലും. അത് തിരിച്ചറിയുന്നത് യാത്രാന്ത്യത്തില്‍ മാത്രം.-വി.ബാലചന്ദ്രന്‍ എഴുതുന്നു

മനാലിയിലും കെയ്ലോങിലും സാമാന്യം തരക്കേടില്ലാത്ത ഹോട്ടലുകളിലാണ് താമസിച്ചത്. ഇനി ‘ലേ’ എത്തുംവരെ രണ്ടുനാള്‍ കൂടാരങ്ങളിലായിരിക്കും. രാവിലെ കെയ്ലോങില്‍ നിന്നും പുറപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ദൈവമേ! ഇതു റോഡല്ല, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞൊരു പാത മാത്രം! ഇതിലൂടെ എങ്ങനെ പോകും? വേഗത കൂട്ടാനും വയ്യ, കുറയ്ക്കാനും വയ്യ. കൂട്ടിയാല്‍ ശരീരത്തിലെ മുപ്പത്തിമുക്കോടി എല്ലുകളും മുപ്പത്തിരണ്ടു പല്ലുകളും അടര്‍ന്നു വീഴും. കുറയ്ക്കാമെന്നുവെച്ചാല്‍ ഉരുളന്‍ കല്ലുകളില്‍ പുതഞ്ഞു വീഴും. ഒരൊറ്റ മാര്‍ഗ്ഗമേയുളളൂ. ഫസ്റ്റ് ഗിയറിലിട്ട്, ത്രോട്ടില്‍ വലിച്ച് പിടിച്ച്, ഫുട്ട്റെസ്റില്‍ കാലുകുത്തി നിന്ന് വരുന്നതുവരട്ടെയെന്നു കരുതി ഒരൊറ്റ പാച്ചില്‍. ഒന്നു സംശയിച്ചാല്‍, ഒന്നു പതുക്കെയായാല്‍ ദേ കിടക്കുന്നു തൃപ്പാടപട തൃപട പഞ്ചവട തകിടതികിട ധുടിന്‍! ഈശ്വരാധീനം കൊണ്ടോ എന്റെ ‘ഭയങ്കര’ കഴിവു കൊണ്ടോ, കിലോമീറ്ററുകളോളം നീളമുളള ഈ സര്‍ക്കസ്സിലൂടെ കടന്നു കിട്ടി.

പയ്യന്‍മാര്‍ പലരും മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. 25 കി.മീ. കടന്ന് ഭാഗാ നദീ തീരത്ത് ഇത്തിരി നേരം. മാഗിനൂഡില്‍സും ചായയും കഴിച്ച് ക്ഷീണമകറ്റി. ഇനിയങ്ങോട്ട് ഭയങ്കര കയറ്റമാണ്. 4897 മീറ്റര്‍ ഉയരത്തിലുളള ബാരാലാച്ച ലാ കടന്നു വേണം സര്‍ച്ചുവിലെത്താന്‍. വഴിയെപ്പറ്റി കൂടുതല്‍ വര്‍ണ്ണിക്കാതിരിക്കുന്നതാവും ഭേദം. 4000 മീറ്ററിനു മുകളിലെത്തിക്കഴിഞ്ഞു. പട്ട്സിയോവിലും സിംഗ്സിഗ്ബാറിലും പട്ടാള ക്യാമ്പുകള്‍. കയറ്റം കയറുംതോറും ശരീരമാകെ ഒരു വീര്‍പ്പുമുട്ടല്‍. ധാരാളം വെളളം ഇടയ്ക്കിടെ കുടിച്ചു കൊണ്ടിരുന്നു, ദാഹമില്ലെങ്കിലും. AMS (അക്യൂട്ട് മൌണ്ടന്‍ സിക്നെസ്സ്) കുറയ്ക്കാനുളള ഏക പോംവഴി.

ഏകാന്തവും വിജനവുമായ ഈ വഴിയില്‍ നമ്മെ ചിരിപ്പിച്ചുണര്‍ത്താനെന്ന പോലെ BRO (ബോര്‍ഡര്‍ റോഡ്സ്) സന്ദശങ്ങള്‍ കാണാം. സൂക്ഷിച്ചു പോകുവാനുളള നിര്‍ദ്ദേശങ്ങളാണ്. ഹിമാലയപ്രദേശമെങ്ങും ഉളള കാഴ്ചയാണ് ഇത്. ചിലത് മഹാബോറുമായിരിക്കും. ‘ആഫ്ടര്‍ വിസ്കി, ഡ്രൈവിങ് റിസ്കി’, ‘ഡോണ്‍ട് ബി ഗാമാ ഇന്‍ ദ ലാന്‍ഡ് ഓഫ് ലാമ’, ‘ദിസ് ഈസ് എ ഹൈവേ, നോട്ട് എ റണ്‍വേ’ ഇത്യാദി.

വളഞ്ഞുപുളഞ്ഞുളള കയറ്റങ്ങള്‍ കയറി ബാരാലാച്ചായിലെത്തി. ചുറ്റും മഞ്ഞ്. ആഞ്ഞടിക്കുന്ന കാറ്റില്‍ പടപടേയെന്ന് ശബ്ദമുണ്ട്‍ാക്കുന്ന പ്രാര്‍ത്ഥനാസൂക്തങ്ങളെഴുതിയ കൊടികള്‍. ഓരോ പ്രാര്‍ത്ഥനയും ചെന്നെത്തേണ്ടത് അകലെയെങ്ങോ അദൃശ്യരായിരിക്കുന്ന ഈശ്വരന്മാരിലേയ്ക്കാണ്. പ്രകൃതിയെ ഈശ്വരനായി കരുതുന്ന എനിക്ക് ഇത് ക്ഷേത്രസന്നിധി.

ബാരാലാച്ചയില്‍ നിന്ന് താഴേയ്ക്കിറങ്ങിച്ചെല്ലുന്നത് സര്‍ച്ചുവിലേയ്ക്കാണ്. പരന്ന്, വിശാലമായ ഒരു സമതലപ്രദേശമാണ് സര്‍ച്ചു. ഇരുവശങ്ങളിലും അകലെയായി മലനിരകള്‍. റോഡ് നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഇടയ്ക്കിടെ തിരമാല പോലെ റോഡ് ഉയരുകയും താഴുകയും ചെയ്യുന്നതൊഴിച്ചാല്‍ മറ്റ് അലോസരങ്ങളൊന്നുമില്ല. ബുഡുബുഡു അഞ്ചാംഗയറില്‍ ഉല്ലാസവാനായി ഓടിക്കൊണ്ടിരുന്നു.

‘സെന്‍ ആന്റ് ദ ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്കിള്‍ മെയിന്റനന്‍സ്’

മോട്ടോര്‍ സൈക്കിള്‍ സഞ്ചാരത്തില്‍ കമ്പമുളളവര്‍ വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് റോബര്‍ട്ട് എം പിര്‍സിഗ്ഗിന്റെ ‘സെന്‍ ആന്റ് ദ ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്കിള്‍ മെയിന്റനന്‍സ്’ എന്ന നോവല്‍. തത്വചിന്തയുടെ അപ്രാപ്യമായ ഉയരങ്ങളിലേയ്ക്ക് പിര്‍സിഗ് പോകുന്നത് ഒരു സുദീര്‍ഘമായ മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെയാണ്. സഞ്ചാരം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു മാത്രമല്ല, മനസ്സിന്റെ വ്യത്യസ്തവും അപാരവും അഗാധവുമായ തലങ്ങളിലേയ്ക്കുള്ള പ്രയാണമാണെന്ന് പിര്‍സിഗ് കാട്ടിത്തരുന്നു.

തുടക്കത്തില്‍ പിര്‍സിഗ് ഇങ്ങനെ പറയുന്നു:
‘മറ്റെല്ലാറ്റില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് മോട്ടോര്‍ സൈക്കിള്‍ യാത്ര നമുക്ക് നല്‍കുന്നത്. ഒരു കാറില്‍ നാം ഒരു കമ്പാര്‍ട്ടുമെന്റിലെന്ന പോലെയാണ്; കാര്‍ ജനാലയിലൂടെ കാണുന്നത് ഒരു ടി.വി കാഴ്ച പോലെ. നിഷ്ക്രിയനായ ഒരു നിരീക്ഷകന്‍ മാത്രമാണ് യാത്രികന്‍. ഇരുവശങ്ങളിലും ഒരു ഫ്രെയിമിലെന്നതു പോലെ ദൃശ്യങ്ങള്‍ വിരസമായി മാറിക്കൊണ്ടിരിക്കുന്നു.’

“ഒരു മോട്ടോര്‍ സൈക്കിളില്‍ ഈ ഫ്രെയിം ഇല്ല. നാം ചുറ്റുമുളളതെല്ലാമായി ഒരു പൂര്‍ണ്ണ ബന്ധനത്തിലാണ്. നാം ഒരു കാഴ്ച മാറി നിന്നു കാണുകയല്ല; നാം ആ കാഴ്ചയുടെ ഭാഗമാണ്. കാലുകള്‍ക്കു താഴെ അതിവേഗത്തില്‍ പിറകിലേയ്ക്ക് പായുന്ന ടാറിട്ട റോഡ് യഥാര്‍ത്ഥമാണ്; വ്യക്തമല്ലെങ്കിലും അതവിടെയുണ്ട്; ഈ അനുഭവമാകട്ടെ നമ്മുടെ പ്രജ്ഞയുടെ ഭാഗവും’.

സര്‍ച്ചുവിലെ കൂടാരങ്ങളണഞ്ഞു. എല്ലാവരും തളര്‍ന്നിരിക്കുന്നു. ചിലര്‍ നേരേ കൂടാരത്തിനുളളില്‍ കയറി പുതപ്പുകളെയും രജായികളുടെയും അടിയിലേയ്ക്കു ഊളിയിട്ടു പോയി. കടുത്ത തലവേദനയും ശരീരവേദനയും. അനക്കം പതുക്കെ. ബാഗുകള്‍ ആയാസപ്പെട്ടു തുറന്ന് ഓരോന്നെടുത്തു. മെക്കാനിക്കുകള്‍ മാത്രം ഓരോ ബൈക്കുകളും പരിശോധിച്ച് അവശ്യം വേണ്ട റിപ്പയര്‍ ചെയ്യുന്നു.
വരണ്ടു പൊട്ടാന്‍ തുടങ്ങിയ ചുണ്ടുകളില്‍ വാസ് ലൈന്‍ പുരട്ടി, നടുവിന് കര്‍പ്പൂരാദി നല്‍കി ഞാനും പുതപ്പിനുളളില്‍ ചുരുണ്ടു കൂടി.

ഘട്ടം 5. സര്‍ച്ചു റംസെ

 

സര്‍ച്ചു റംസെ ക്യാമ്പ്

 

മിക്ക മോട്ടോര്‍ സൈക്കിള്‍ യാത്രികരും ബസ്/കാര്‍ യാത്രികരും മനാലി ലേ റൂട്ട് രണ്ടു ദിവസം കൊണ്ട് തീര്‍ക്കും. മനാലിയില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട് സന്ധ്യയാകുമ്പോഴേയ്ക്കും സര്‍ച്ചുവിലെത്തും. പിന്നെ സര്‍ച്ചു ലേ ഒരു ദിവസം കൊണ്ടും. സമയക്കുറവും പരിചയക്കുറവും കൊണ്ടാണത്. ഹിമാലയന്‍ യാത്രകള്‍ ധൃതി പിടിച്ച് ചെയ്യേണ്ട ഒന്നല്ല. കൂടുതല്‍ സന്ദര്‍ശിച്ചുവെന്നതിലുപരി യാത്രാനുഭവത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പക്ഷേ നാഗരിക സംസ്കാരത്തിന്റെ തിരക്കു പിടിച്ച രീതികള്‍ ശീലിച്ചവര്‍ മറ്റെന്തു ചെയ്യും? ഉളളില്‍ തട്ടാത്ത അനുഭവങ്ങളും തിരികെ നഗരത്തിലെത്തുമ്പോള്‍ മറ്റുളളവരെ കാണിക്കാന്‍ കുറേ ഫോട്ടോകളും മാത്രമാണ് അവരുടെ സമ്പത്ത്. ഹിമാലയന്‍ യാത്രകള്‍ വിനോദസഞ്ചാരമായി കാണുന്നവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളേയുളളൂ. മാര്‍ഗ്ഗങ്ങളില്ല.
പോകുന്നവഴിയാണ് ലക്ഷ്യത്തെക്കാള്‍ പ്രധാനം; ഹിമാലയമായാലും ജീവിതമായാലും. അത് തിരിച്ചറിയുന്നത് യാത്രാന്ത്യത്തില്‍ മാത്രം.

ഞങ്ങളുടെ സംഘം സര്‍ച്ചുവില്‍ നിന്നും പുറപ്പെട്ട് 173 കി.മീ അകലെയുളള റംസെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവിടെ നിന്നും 78 കി.മീ ദൂരമേയുളളൂ ലേയിലേയ്ക്ക്. ഒരു നാള്‍ മുന്നേ ലേയിലെത്തുന്നതിനേക്കാള്‍ പ്രധാനം ഒരു ദിവസം കൂടി ഈ ദേവഭൂമിയില്‍ തങ്ങുകയെന്നതാണ്. ഇതിന് മറ്റൊരു പ്രായോഗിക വശം കൂടിയുണ്ട്. സാവധാനം പോകുന്നത് acclimatize ചെയ്യാന്‍ (വ്യത്യസ്തമായ, ഓക്സിജന്‍ കുറഞ്ഞ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍) സഹായിക്കും. ഉയരങ്ങളിലേയ്ക്ക് സാവധാനം, സാവകാശം കയറുക; കാലുകള്‍ ഉറപ്പിച്ചു വെയ്ക്കുക; പെട്ടെന്നു കയറുന്നവര്‍ ചിലപ്പോള്‍ അതിലും വേഗത്തില്‍ താഴേയ്ക്കു പതിച്ചേയ്ക്കാം.

യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ദൃശ്യങ്ങളും അനുഭവങ്ങളും നല്‍കിയത് ഈ പ്രദേശമാണ്. സര്‍ച്ചുവില്‍ നിന്നും നക്കീ ലാ, ലാ ചുങ് ലാ, തങ്ങ്ലങ്ങ് ലാ എന്നീ മലയിടുക്കുകള്‍ കടന്നു വേണം റംസെയിലെത്താന്‍. കില്ലര്‍ പാസ്സ് എന്നറിയപ്പെടുന്ന ബാരാലാച്ചാ കടന്നു കിട്ടിയതിന്റെ ധൈര്യമുായിരുന്നു. പക്ഷേ ഇരുപത്തൊന്ന് ഹെയര്‍പിന്‍ വളവുകളുളള ഗാട്ടാലൂപ്സ് കയറി ലാചുങ് ലായിലെത്തിയപ്പോഴേയ്ക്കും ഞാനും ബുഡുബുഡുവും തളര്‍ന്നു. എത്രയൊക്കെ സുന്ദരമായ പ്രകൃതിദൃശ്യങ്ങളുണ്ടെങ്കിലും അതോരോന്നും ആസ്വദിക്കുകയെന്നത് അസാദ്ധ്യം. ഒരു നിമിഷം പോലും റോഡില്‍ നിന്നും ശ്രദ്ധ വ്യതിചലിക്കാന്‍ പാടില്ല; അതോര്‍മ്മിപ്പിക്കുവാനെന്നവണ്ണം അഗാധമായ ഗര്‍ത്തങ്ങളില്‍ തകര്‍ന്നു വീണു കിടക്കുന്ന ട്രക്കുകള്‍.

ഇടയ്ക്കിടെ വണ്ടി നിറുത്തി വിശ്രമിക്കും. അപ്പോള്‍ അരവിന്ദനോ അഭിലാഷോ ധനുഷോ മറ്റോ ഒപ്പമെത്തും. ഒന്നുരണ്ടു ഫോട്ടോയെടുക്കും. മറികടന്നു പോകുന്ന സുഹൃത്തുക്കള്‍ ആംഗ്യഭാഷയിലൂടെ ‘എല്ലാം ഓ.കെ’യാണോയെന്നു ചോദിക്കും. ഞങ്ങള്‍ വിനോദസഞ്ചാരികളല്ല; സഹയാത്രികരാണ്.

ലാ ചുങ് ലാ കടന്നെത്തുന്നത് മറ്റൊരു വിശാലമായ സമതലത്തിലേയ്ക്കാണ്. ഇതാണ് മോറെ പ്ളെയിന്‍സ്. എങ്ങിനെയാണ് അത് വര്‍ണ്ണിക്കേണ്ടത്? തിളങ്ങുന്ന വെണ്‍മേഘങ്ങള്‍ക്ക് മറയ്ക്കാന്‍ സാധിക്കാത്ത നീലാകാശം താഴെ മഞ്ഞണിഞ്ഞ മലകളും മുന്നില്‍ പരന്നു കിടക്കുന്ന തണുത്തുറഞ്ഞ മരുഭൂമിയും. ഹിമാലയം ഒരനുഭവമാണ്; ഇവിടെ വാക്കുകള്‍ അപ്രസക്തം; അപര്യാപ്തം. ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളളതും അതുകൊണ്ടു തന്നെ ഏറ്റവും ത്രില്ലിംഗുമായ ഡ്രെവിംഗ് മോറെ പ്ളെയിന്‍സിലൂടെയുളളതായിരുന്നു.

റോഡ്(?) ഇടയ്ക്കിടെ മുറിഞ്ഞു പോയിട്ടുണ്ട്. ആ ഭാഗങ്ങളില്‍ മണല്‍പ്പരപ്പിലൂടെ വേണം ബൈക്കോടിച്ചു പോകുവാന്‍. ഒന്നൊന്നര കി.മീ ദൂരത്തോളം പുതയുന്ന മണലിലൂടെ. ബൈക്ക് എന്‍ജിന്‍ റെയ്സ് ചെയ്ത് ഒരൊറ്റകയറ്റമാണ് മണലിലേയ്ക്ക്. സ്പീഡ് ഒരുകാരണവശാലും കുറയരുത്; ക്ളച്ച് എന്നൊരു സാധനം ഇല്ലെന്നു കരുതണം; അകലേയ്ക്കു നോക്കി, കൈകളില്‍ നിന്നും തെന്നി മാറാന്‍ ശ്രമിയ്ക്കുന്ന ബൈക്കിനെ നിയന്ത്രിക്കണം, അല്ലെങ്കില്‍ പലരും അനുഭവിച്ച പോലെ മണലില്‍ പുതഞ്ഞ് വീഴാം.

അക്കരെയെത്തിയ സുഹൃത്തുക്കള്‍ തിരികെവന്ന് തളളിത്തരുന്നതു വരെ കുത്തിയിരിക്കാം. ഓരോ മണല്‍പ്പരപ്പ് കടന്നു അക്കരെയെത്തുന്നവര്‍ ആര്‍ത്തു വിളിക്കും; യുദ്ധം ജയിച്ച ജേതാക്കളെപ്പോലെ. കടമ്പകള്‍ തീരുന്നില്ല; ഖര്‍ദുംഗ് ലായ്ക്കു പിന്നിലായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ സഞ്ചാരയോഗ്യമായ പാസ് തംഗ്ലങ്ങ്ലാ കടക്കേതുണ്ട്. 24 കി.മീ ഓളം ഓടിച്ചു വേണം തംഗ്ലംഗ് ലാ യിലെത്താന്‍. തണുപ്പ് അതികഠിനമായിത്തുടങ്ങി. ബുഡുബുഡു നന്നേ കഷ്ടപ്പെട്ടാണ് കയറുന്നത്. ഫോട്ടോയെടുക്കുകയെന്ന ജോലി എത്രയും വേഗം കഴിച്ച് റംസെയിലേയ്ക്കു കുതിച്ചു.

റംസെയില്‍ ഒരു കൊച്ചരുവിയുടെ തീരത്തു ക്യാമ്പു ചെയ്തു. രണ്ടുപേര്‍ക്ക് കഷ്ടിച്ചു കിടക്കാവുന്ന ടെന്റുകള്‍. തറയില്‍ വിരിക്കാന്‍ റബ്ബര്‍ മാറ്റ്റെസ്സും ചുരുണ്ടു കൂടാന്‍ സ്ളീപ്പിംഗ് ബാഗും. മിക്കവര്‍ക്കും AMS പിടികൂടിയിട്ടുണ്ട്. എങ്ങിനെയോ ആഹാരം കഴിച്ചെന്നു വരുത്തി, മറ്റൊരു ഉറക്കമില്ലാരാത്രിയ്ക്കായി കൂടാരം പൂകി.

ആദ്യ ഭാഗം
ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

രണ്ടാം ഭാഗം
മഞ്ഞു ചിറകിലേറി മനാലിയില്‍

 

 

തുടരും

 

 

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

3 thoughts on “കില്ലര്‍ പാസിലെ ഹെയര്‍പിന്‍വളവുകള്‍

  1. പോകുന്നവഴിയാണ് ലക്ഷ്യത്തെക്കാള്‍ പ്രധാനം; ഹിമാലയമായാലും ജീവിതമായാലും. അത് തിരിച്ചറിയുന്നത് യാത്രാന്ത്യത്തില്‍ മാത്രം. – എന്റെ യാത്രകൾ ആ തിരിച്ചറിവിന്റെ പരിണിതഫലമായിരിക്കാം…

    അടുത്ത ഭാഗത്തിനായി വീണ്ടും കാത്തിരിപ്പ്!!!

Leave a Reply

Your email address will not be published. Required fields are marked *