ആടിയാടി മുളകരച്ചു അവളാനന്ദച്ചട്ടിയില്‍ മീന്‍ വറത്തു….

തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.-ഭാഷയും ഓര്‍മ്മയും ജീവിതവും നൃത്തം വെക്കുന്ന ഒരു ഹൈറേഞ്ച് അനുഭവം. കെ.പി ജയകുമാര്‍ എഴുതുന്നു

 

 

ഹൈറേഞ്ചില്‍ മഴയെന്നാല്‍ മഴ മാത്രമാണ്
കന്നിമാസത്തിലെ കോരിച്ചൊരിയുന്ന മഴ. ഹൈറേഞ്ചില്‍ മഴയെന്നാല്‍ മഴ മാത്രമാണ്. പുത്തനുടുപ്പുകളും പുസ്തകങ്ങളും നനച്ച് കൃത്യമായി ജൂണ്‍ ഒന്നിന് കാലത്ത് മഴ തുടങ്ങിയിരിക്കും. മുഖത്തേക്ക് പാറിവീഴുന്ന ചാറ്റല്‍ മഴ. പിന്നീട് ആറ്മാസം മഴ തന്നെ. ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ മഴയുടെ കലണ്ടര്‍ മറിഞ്ഞുപോകും. കര്‍ക്കിടകത്തിലോ, ചിങ്ങത്തിലോ ചിലപ്പോള്‍ കുറച്ചൊന്നു തോര്‍ന്നാലായി. കര്‍ക്കിടത്തില്‍ തോര്‍ന്നാല്‍ ‘പ്രായമായവര്‍ പറയും കര്‍ക്കിടകത്തില്‍ പത്തുണക്കുള്ളതാ…’ മഴത്തോര്‍ച്ച ചിങ്ങത്തിലായാല്‍ ‘ഓണവെയിലാ…. അത്തം കറുത്താല്‍ ഓണം വെളുക്കും…’ എന്നിങ്ങനെ പഴഞ്ചൊല്ലുകള്‍കൊണ്ട് കുടപിടിച്ചാണ് ഞങ്ങള്‍ വെയിലിന്റെ വരവുകാത്തിരുന്നത്. എന്നാല്‍ എല്ലായ്പ്പോഴും പഴഞ്ചൊല്ല് പതിരാക്കിക്കൊണ്ട് മഴ അതിനിഷ്ടമുള്ളപ്പോള്‍ പെയ്തും തോര്‍ന്നും തുടര്‍ന്നുകൊണ്ടേയിരുന്നു.

ചിങ്ങവും കടന്ന് കന്നിയില്‍ പെയ്യുന്ന മഴയ്ക്ക് വല്ലാത്തൊരാധിയും സങ്കടവുമുണ്ട്. അതാണ് പറഞ്ഞുവരുന്നത്. ഹൈറേഞ്ചിലെ മഴ വേറെതന്നെയാണ്. സമതലങ്ങളില്‍ മഴപെയ്തുതോരുന്നതുപോലെ കോരിച്ചൊരിയുന്ന മഴയും അതിനുപിന്നാലെ വരുന്ന തെളിഞ്ഞ ആകാശവുമല്ല ഹൈറേഞ്ചില്‍. മഴ എപ്പോഴും പെയ്തുകൊണ്ടിരിക്കും. കാറ്റിനൊപ്പം പാറിവീഴുന്ന നൂല്‍മഴ. അതൊരിക്കലും കുത്തിയൊലിച്ച് പെയ്യുന്നില്ല. ഒരിക്കലും തോരുന്നുമില്ല. കന്നിതുലാമാസങ്ങളില്‍ മഴയുടെ ഭാവം മാറും തുമ്പിക്കൈ വണ്ണത്തില്‍ മഴയിറങ്ങും. മരങ്ങളും ചെടികളും കൃഷിയിടങ്ങളും വീടും മനുഷ്യരുമെല്ലാം തണുത്തുവിറച്ച് മഴത്തോര്‍ച്ചക്കായി കാത്തിരിക്കും.

ചാഞ്ഞകൊമ്പില്‍ ഊഞ്ഞാലിടുന്നതോടെ ഓണമായി
ഓണം ആഘോഷത്തിന്റേതായിരുന്നു. മഴയുടെ ഇടവേളകളിലൂടെ നൂണ്ട് കടക്കുന്ന സമൃദ്ധമായ ആഘോഷം. വാഴക്കുല വിറ്റതും, അടക്കാത്തോട്ടം അടങ്കലുകൊടുത്തതും അമ്മയും അയല്‍ക്കാരികളും ചേര്‍ന്ന് സ്വരുക്കൂട്ടിയ അരിച്ചിട്ടിയും വട്ടമെത്തുന്ന കാലമാണത്. പൊടിയന്‍ ചേട്ടന്റെ കടയില്‍നിന്ന് കയറുവാങ്ങി മുറ്റത്തെ മാവിന്റെ ചാഞ്ഞകൊമ്പില്‍ ഊഞ്ഞാലിടുന്നതോടെ ഓണമായി. എല്ലാ വീടുകളിലുമുണ്ടാകും ഊഞ്ഞാല്‍. മാവിലും പ്ലാവിലും ആഞ്ഞിലിയിലും ഊഞ്ഞാലുകള്‍ കായ്ക്കുന്ന കാലം. ഓരോ വീട്ടിലേയും ഊഞ്ഞാല്‍ ചുവടുകളിലൂടെയാണ് ഞങ്ങള്‍ ഓണക്കാലം ഓടിത്തീര്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഓണമെന്നാല്‍ മറ്റൊന്നുകൂടിയാണ്. പോയകാലത്തിന്റെ ഓര്‍മ്മകളെ വിളിച്ചുവരുത്തുന്ന ഒരനുഷ്ഠാനമായിരുന്നു മുതിര്‍ന്നവരുടെ ഓണം. പ്രായം മറന്ന് അമ്മയും അമ്മൂമ്മയും ജാനകിച്ചേച്ചിയും ഭാമച്ചേച്ചിയും അമ്മിണിച്ചേച്ചിയും സഫിയാക്കയും സാവിത്രിയക്കനും മീനാക്ഷിച്ചേച്ചിയും ഊഞ്ഞാല്‍ ചുവട്ടില്‍ ഉറക്കെയുറക്കെ കഥകള്‍ പറഞ്ഞ് ചിരിക്കുന്നതും. ഊഴമിട്ടാടുന്നതും കുട്ടിക്കാലത്തെ കാഴ്ചകളായിരുന്നു. വീണ്ടെടുക്കാനാവാത്തവിധം അടര്‍ന്നകന്നുപോയ ഭൂതകാലത്തിന്റെ സങ്കടങ്ങളായിരുന്നു അവരുടെ കൂട്ടച്ചിരികളെന്ന് ഇന്നെനിക്കറിയാം. അന്നുപക്ഷെ, ഞങ്ങള്‍ കുട്ടികള്‍ ഓരോവീട്ടിലേയും അടുക്കളകളിലൂടെ ഉപ്പേരിയും ചക്കവറുത്തതും മുറുക്കും കളിയടക്കയും തിന്നുതിന്ന് ഭൂതരഹിരായി ചുറ്റിത്തിരിയുകയായിരുന്നു.

 

 

നീല തണ്ടും വലിയ ഇലകളുമുള്ള താമരക്കണ്ണന്‍ ചേമ്പ്
കന്നിയില്‍ രാവെളുക്കുവോളം മഴ തന്നെ. തുലാമാസത്തില്‍ ഉച്ചതിരിഞ്ഞാണ് മഴയിറങ്ങുക. കന്നിയിലെ കോരിച്ചൊരിയുന്ന മഴക്കാലത്താണ് വീടിനു താഴെ പടിഞ്ഞാറേ കണ്ടം നിറയുന്നത്. മുട്ടൊപ്പം വെള്ളം. പറമ്പിന് കുറുകെയൊഴുകുന്ന തോട് കരകവിഞ്ഞൊഴുകും. വീടിന് തൊട്ടുതാഴെ ചതുപ്പുനിറഞ്ഞ കണ്ടത്തില്‍ വെള്ളം കയറില്ല. കുട്ടിക്കാല കാഴ്ചയില്‍ കണ്ണെത്താ ദൂരത്തോളം സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന ചേമ്പിന്‍ കാടാണ്. നീല തണ്ടും വലിയ ഇലകളുമുള്ള താമരക്കണ്ണന്‍ ചേമ്പ്. ഓരോ ചേമ്പിന്‍ ചുവട്ടിലും മുട്ടയുടെ വലിപ്പത്തിലുള്ള നിരവധി വിത്തുകളുണ്ടാകും. കളിമണ്ണ് പോലെ പശിമയുള്ള കണ്ടത്തില്‍നിന്നും ചേമ്പ് പറിക്കാന്‍ പെണ്ണുങ്ങള്‍ വരും. രാവിലെ ചേച്ചിമാരും ചേട്ടനും അയലത്തെ കൂട്ടുകാരും പള്ളിക്കൂടത്തില്‍ പോയികഴിഞ്ഞിരിക്കും. തനിച്ചാവുന്ന ആ നേരത്താണ് അയലത്തെ ചേച്ചിമാര്‍ കുട്ടയും തൂമ്പയുമായി മഴനനഞ്ഞെത്തുന്നത്. എന്റെ മൂത്ത സഹോദരിമാരുടെ പ്രായമുള്ള ചേച്ചിമാര്‍ ഉഷ, രാധാമണി, അജിത, സുകുമാരി, ശോഭന, സരസ, ലീല…. അവരൊന്നും പള്ളിക്കൂടത്തില്‍ പോയിരുന്നില്ല. അവര്‍ക്കുപിന്നാലെ വാഴയിലയോ വലിയ ചേമ്പിലയോ, പാളയോ ചിലപ്പോള്‍ കീറിപ്പറിഞ്ഞ ശീലക്കുടയോ ചൂടി അമ്മമാരും എത്തും.

പെണ്ണുങ്ങള്‍ കളിമണ്ണില്‍ ആണ്ടുവിരിഞ്ഞ ചേമ്പിന്റെ കടനോക്കി തൂമ്പയെറിയും. കളിമണ്ണ് കുഴച്ചതുപോലെ മുറുകി പശിമയാര്‍ന്ന മണ്ണ് ഒന്നും വിട്ടുതരില്ല. പരസ്പരം കളിയാക്കിയും ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചും പരദൂഷണങ്ങള്‍ പറഞ്ഞും അവര്‍ ചേമ്പു കിളച്ചു പറിച്ചു. ഓരോ ചുവട്ടിലും മുട്ടയുടെ വലിപ്പമുള്ള നിരവധി ചേമ്പിന്‍ വിത്തുകള്‍. അവ അടര്‍ത്തി കുട്ടയിലാക്കി, തൊഴുത്തിന്റെ ഇറയത്ത് മഴകൊള്ളാതിരിക്കുന്ന അമ്മമാരുടെ അടുത്തെത്തിക്കും. ചേമ്പിന്‍ വിത്തുകള്‍ മഴവെള്ളത്തില്‍ കഴുകി ചെളികളഞ്ഞ് ഇറയത്ത് കൂട്ടിയിടും. ചേമ്പു പറിച്ച് തുല്യമായി വീതം വെച്ച് ചുരണ്ടി പുഴുങ്ങി. കാന്താരി മുളകും ഉള്ളിയും ഉപ്പും ചേര്‍ത്തരച്ച ചമ്മന്തിയും കൂട്ടി കഴിക്കുമ്പോള്‍ മണി നാലെങ്കിലുമായിട്ടുണ്ടാകും. മധുരമില്ലാത്ത കട്ടന്‍കാപ്പിയും കുടിച്ച് തൃപ്തരാവുമ്പോള്‍, ആ ദിവസത്തെ ആദ്യ ഭക്ഷണമാണ് കഴിച്ചു തീര്‍ന്നത്. കന്നി തുലാമസാങ്ങളില്‍ പണിയില്ല. പട്ടിണിയാണ്. പട്ടിണിയാണ്. പറമ്പിലാണെങ്കില്‍ എടുത്തുവിറ്റ് ചിലവാക്കാന്‍ പറ്റിയതൊന്നും വിളഞ്ഞിട്ടുമുണ്ടാവില്ല. നീക്കിയിരിപ്പുകളെല്ലാം ഓണത്തോടെ കഴിയും. ഉണക്ക കപ്പ വേവിച്ചതോ, കഞ്ഞിയോ കുട്ടികള്‍ക്കായി കരുതിവച്ച് എല്ലാ വീടുകളും വിശന്നു കിടന്നു. പിന്നെ, വിശപ്പ് എല്ലാവര്‍ക്കും ഒരു ശീലമായതിനാല്‍ ആരും പട്ടിണിയാണെന്ന് അറിഞ്ഞിരുന്നില്ല. രാവിലത്തെ കട്ടനുമടിച്ച് വീടുവിട്ട് പോയ ആണുങ്ങള്‍ ഇനി രാത്രിയെ മടങ്ങിവരു. പണിയില്ലാതെ വീട്ടില്‍ ചടഞ്ഞിരിക്കാനാവില്ലല്ലോ?

സഞ്ചാരങ്ങളുടെ നീറ്റലായിരുന്നു അവരുടെ ജീവിതം
പകല്‍ മുഴുവന്‍ ചേമ്പു കണ്ടത്തില്‍ ചിലവിടുകയാണ് സ്ത്രീകള്‍. ഞങ്ങളുടെ കണ്ടത്തിലെ ചേമ്പു കഴിഞ്ഞാല്‍ അപ്പുറത്ത് മമ്മുക്കണ്ണന്റെ കണ്ടത്തിലേക്ക് സംഘം നീങ്ങും. അതിരുകളും വേലികളുമില്ലാതെ വിശക്കുന്നവര്‍ക്കായി ചേമ്പുകള്‍ വിളഞ്ഞുകിടന്നു. മുറുക്കിത്തുപ്പി തമാശകള്‍ പറഞ്ഞ്, ചേമ്പു കണ്ടത്തില്‍ നനഞ്ഞുനില്‍ക്കുന്നവരെ പ്രോല്‍സാഹിപ്പിച്ച് അമ്മമാര്‍ കരക്കിരുന്നു. പലരും പഴങ്കഥകളിലേക്ക് മടങ്ങിപ്പോയി. കായലോരത്തെ പാടവരമ്പത്തെ, പുഴക്കരയിലെ, കടലിറമ്പിലെ കുട്ടിക്കാലങ്ങളിലേക്കായിരുന്നു യാത്രകളിലേറെയും. സ്വന്തം ജീവിത പരിസരങ്ങളില്‍നിന്നും ജീവനോപാധികളില്‍ നിന്നും എന്നേക്കുമായി പറിഞ്ഞുപോന്നതിന്റെ സങ്കടങ്ങളായിരുന്നു അവര്‍ പറഞ്ഞുതാണ്ടിയത്. ജീവിതം തേടി കുടിയേറിയവര്‍. ജനിച്ചു ജീവിച്ച മണ്ണില്‍ നിന്നും സ്വയം ഒഴിഞ്ഞുപോന്നവരായതിനാല്‍ അവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്കാരികരാഷ്ട്രീയ സംവാദങ്ങളിലേക്ക് എന്തുകൊണ്ടോ കയറിനില്‍ക്കുന്നില്ല.

‘സ്വയം ഒഴിഞ്ഞുപോകല്‍’ തികച്ചും വ്യക്തിപരമാണ്. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നവും. എന്നാല്‍ അതിലപ്പുറം എന്തോ ചിലത് കണ്ണിചേര്‍ക്കപ്പെടാതെ കിടക്കുന്നു. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക് സ്വയം അടര്‍ന്നും ചേര്‍ന്നും തുടര്‍ന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റലായിരുന്നു അവരുടെ ജീവിതം. മലകയറി സ്വന്തമാക്കിയ മണ്ണില്‍ ആഴങ്ങളില്‍ ഇനിയും വേരാഴ്ത്തി നില്‍ക്കാനാവാത്തതിന്റെ വേദനയായിരുന്നു അവരുടെ തമാശകളിലും പാട്ടുകളിലും പഴങ്കഥകളിലും നനഞ്ഞൊലിച്ചുനിന്നത്. തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. കായലോരത്ത് ജനിച്ചുവളര്‍ന്ന അവരുടെ പാട്ടുകളില്‍ പലതരം മീനുകള്‍ പുളഞ്ഞ്കളിക്കും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.

7 thoughts on “ആടിയാടി മുളകരച്ചു അവളാനന്ദച്ചട്ടിയില്‍ മീന്‍ വറത്തു….

  1. പട്ടിണിയാണ്. പറമ്പിലാണെങ്കില്‍ എടുത്തുവിറ്റ് ചിലവാക്കാന്‍ പറ്റിയതൊന്നും വിളഞ്ഞിട്ടുമുണ്ടാവില്ല. നീക്കിയിരിപ്പുകളെല്ലാം ഓണത്തോടെ കഴിയും. ഉണക്ക കപ്പ വേവിച്ചതോ, കഞ്ഞിയോ കുട്ടികള്‍ക്കായി കരുതിവച്ച് എല്ലാ വീടുകളും വിശന്നു കിടന്നു. പിന്നെ, വിശപ്പ് എല്ലാവര്‍ക്കും ഒരു ശീലമായതിനാല്‍ ആരും പട്ടിണിയാണെന്ന് അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *