എന്തിനാണ് കടകള്‍, സ്കൂളുള്ളപ്പോള്‍?

സ്കൂള്‍ ഒഴിപ്പിച്ച് കട തുടങ്ങണമെന്ന് പറയുന്നത് അസംബന്ധമാണെന്നും മേല്‍പ്പറഞ്ഞ വ്യാപാര സ്ഥാപനങ്ങളേക്കാള്‍ ലാഭകരമായ കച്ചവടം സ്കൂള്‍ തന്നെയാണെന്നും ബോധ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ക്ക് മറ്റു വശമുണ്ടെന്ന് തോന്നുന്നില്ലേ. സ്കൂളുകള്‍ എന്നു പറയുന്നതെല്ലാം ഒരു പണിയല്ല ചെയ്യുന്നതെന്നും സാധാരണ വിദ്യാലയങ്ങളെയും ഇത്തരം ‘ഋണ മൂല്യാധിഷ്ഠിത’ വിദ്യാലയങ്ങളെയും ഒരു പന്തിയില്‍ ഇരുത്താനാവില്ലെന്നുമല്ലേ നമ്മുടെ കാലം പേര്‍ത്തും പേര്‍ത്തും പറയുന്നത്. അങ്ങനെയെങ്കില്‍, നാം ചര്‍ച്ച ചെയ്തതിലുമേറെ അസംബന്ധമായ ആ വിധി ശരിക്കുമൊരു തമാശ കൂടിയല്ലേ-സ്കൂള്‍ ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍. വാണിപ്രശാന്ത് എഴുതുന്നു

 

 

വില കൂടിയ സ്ഥലത്തെന്തിന് പള്ളിക്കൂടം എന്നു കോടതി ചോദിച്ചത് ഒരാഴ്ച മുമ്പാണ്. നഗരഹൃദയങ്ങളിലെ വില കൂടിയ ഭൂമിയിലുള്ള സ്കൂളുകള്‍ സ്ഥല വിലകുറഞ്ഞ പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റുക, കണ്ണായ ഭൂമിയില്‍ കച്ചവട സ്ഥാപനങ്ങള്‍ പണിയുക എന്നിങ്ങനെ ചില കുറുക്കു വഴികളും പറഞ്ഞു കേട്ടു. ഇതിനെക്കുറിച്ച് വര്‍ഗീസ് ആന്റണി എഴുതിയ കുറിപ്പും വായിച്ചപ്പോള്‍ തോന്നിയത് മറ്റൊരു കാര്യമാണ്. ഒരു പക്ഷേ, ഈ കോണ്‍ടെക്സ്റ്റില്‍ ഒരു പ്രസക്തിയുമില്ലാത്ത ഒന്ന്. ചിലപ്പോള്‍, ഒരു കാര്യവുമില്ലാത്ത വെറുമൊരു തല തിരിഞ്ഞ തോന്നല്‍. എങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ മറ്റൊരു തരത്തില്‍ വായിക്കാന്‍ ഈ വെറും തോന്നലുകള്‍ വഴി തെളിയിക്കുമെന്ന് തോന്നുന്നു.

നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്തത് സ്കൂള്‍, കച്ചവട സ്ഥാപനം എന്നിങ്ങനെ രണ്ട് ദ്വന്ദ്വങ്ങളെ കുറിച്ചാണ്. പണം കൊണ്ട് അളക്കാന്‍ കഴിയുന്ന ഒന്നും അല്ലാത്ത ഒന്നും. സ്കൂളിന്റെ മൂല്യം അളക്കാന്‍ പണം മതിയാവില്ല. വ്യാപാര സ്ഥാപന മൂല്യം തീര്‍ച്ചയായും പണം കൊണ്ടു കൊണ്ടളക്കാന്‍ കഴിയും. ധനാധിഷ്ഠിതമായ ലാഭ,നഷ്ടക്കണക്കുകളുടെ നേര്‍ വിപരീതത്തില്‍ നില്‍ക്കുന്ന ഒന്നാണ് സ്കൂള്‍ എന്നര്‍ഥം.

സത്യത്തില്‍ അതു മാത്രമാണോ അര്‍ഥം?
ലാഭ-നഷ്ടക്കണക്കുകള്‍ക്കൊത്തു ചരിക്കുന്ന നമ്മുടെ കാലത്തെ വിദ്യാലയങ്ങള്‍ നാമീ പറഞ്ഞ മൂല്യം മാത്രമാണോ പ്രസരിപ്പിക്കുന്നത്? അതിനൊരു സാമ്പത്തിക വശവും ഇന്നില്ലേ? കോടികള്‍ ചെലവഴിച്ച് നടത്തുന്ന ബിസിനസ് സ്ഥാപനത്തിന്റെ അതേ മാതൃകയില്‍ നിര്‍മിക്കപ്പെട്ട്, പ്രവര്‍ത്തിക്കപ്പെടുന്ന എത്രയോ സ്കൂളുകള്‍ നമ്മുടെ നാട്ടിലില്ലേ? അത്തരം സ്കൂളുകളുടെ മൂല്യം കൂടിയതു കൊണ്ടല്ലേ നാം സാധാരണ വിദ്യാഭ്യാസ മൂല്യം മാത്രമുള്ള സാധാരണ സ്കൂളുകളെ കൈയൊഴിയുന്നത്. അതു കൊണ്ടല്ലേ ‘മൂല്യം’ കുറഞ്ഞ സ്കൂളുകളെന്നും നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെന്നും പറഞ്ഞ് ഓരോ വര്‍ഷവും അനേകം സാധാരണ സ്കൂളുകള്‍ അടച്ചു പൂട്ടപ്പെടുന്നത്. ഈ മൂല്യ വ്യത്യാസം കൊണ്ടല്ലേ ലക്ഷങ്ങള്‍ കടം വാങ്ങി നാമത്തരം വിദ്യാലയങ്ങളില്‍ അധ്യാപകരാവാന്‍ ക്യൂ നില്‍ക്കുന്നത്. ഈ കച്ചവട സാധ്യത കൊണ്ടു മാത്രമല്ലേ സ്വാശ്രയമെന്നും അണ്‍ എഡയ്ഡഡ് എന്നും പറഞ്ഞ് കൂണുകള്‍ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. മത, ജാതി, ബിസിനസ്, രാഷ്ട്രീയ ഗ്രൂപ്പുകളല്ലാം മല്‍സരിച്ച് സ്കൂളുകള്‍ തുടങ്ങുന്നത് ജനങ്ങളെ വിദ്യയിലേക്ക് ഉയര്‍ത്താന്‍ മാത്രമാണോ. കച്ചവട ചിന്തകളല്ലേ, ഇതിന്റെയെല്ലാം അടിനൂലായി വര്‍ത്തിക്കുന്നത്.

 


എന്തിന് വേറൊന്ന്

 

അങ്ങനെയെങ്കില്‍, കോടതി പറഞ്ഞ കാര്യത്തിന് മറ്റൊരു രസകരമായ വശം കൂടിയില്ലേ. നാം ചര്‍ച്ച ചെയ്യാത്ത മറ്റൊരു വശം. അതായത്, സ്കൂള്‍ തന്നെ കച്ചവട സ്ഥാപനമാവുമ്പോള്‍, എന്തിന് അത് ഒഴിപ്പിക്കണമെന്ന മറ്റൊരു ചോദ്യം. സ്കൂള്‍ ഒഴിപ്പിച്ച് കട തുടങ്ങണമെന്ന് പറയുന്നത് അസംബന്ധമാണെന്നും മേല്‍പ്പറഞ്ഞ വ്യാപാര സ്ഥാപനങ്ങളേക്കാള്‍ ലാഭകരമായ കച്ചവടം സ്കൂള്‍ തന്നെയാണെന്നും ബോധ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ക്ക് മറ്റു വശമുണ്ടെന്ന് തോന്നുന്നില്ലേ. സ്കൂളുകള്‍ എന്നു പറയുന്നതെല്ലാം ഒരു പണിയല്ല ചെയ്യുന്നതെന്നും സാധാരണ വിദ്യാലയങ്ങളെയും ഇത്തരം ‘ഋണ മൂല്യാധിഷ്ഠിത’ വിദ്യാലയങ്ങളെയും ഒരു പന്തിയില്‍ ഇരുത്താനാവില്ലെന്നുമല്ലേ നമ്മുടെ കാലം പേര്‍ത്തും പേര്‍ത്തും പറയുന്നത്. അങ്ങനെയെങ്കില്‍, നാം ചര്‍ച്ച ചെയ്തതിലുമേറെ അസംബന്ധമായ ആ വിധി ശരിക്കുമൊരു തമാശ കൂടിയല്ലേ.
വിദ്യാഭ്യാസ കച്ചവടമെന്നൊക്കെ വലിയ വായില്‍ പറയുമെങ്കിലും അതു തന്നെയാണ് ശരിയായ കാര്യമെന്ന് നമ്മളെല്ലാം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതു കൊണ്ടു കൂടിയാണല്ലോ, ഇതിലൊന്നും നമുക്ക് ഒരാശ്ചര്യവും തോന്നാത്തത്. എല്ലാം സുഭദ്രമെന്ന് നമ്മളിങ്ങനെ ഉറപ്പിച്ചു പറയുന്നത്.

വിദ്യാഭ്യാസവും, വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളായി മാറിയപ്പോള്‍ മങ്ങിയത് അതിനുചുറ്റും കെട്ടിപ്പൊക്കിയ അനേകം മിത്തുകളായിരുന്നു. തകര്‍ന്നത് തലമുറകള്‍ നെയ്ത സ്വപ്നങ്ങളും. സര്‍ക്കാര്‍, ഏയ്ഡഡ്, അണ്‍ ഏയ്ഡഡ് സ്കൂളുകള്‍ പല തരം പൌരന്മാരെ വളര്‍ത്തിയെടുക്കുന്നു എന്നു പറയുമ്പോള്‍ ‘ പിന്‍ തുടരുന്ന സിലബസിനേക്കാള്‍ ഗൌെരവമായി കാണേണ്ടത് അദ്ധ്യാപക നിലവാരം ആണെന്ന് തന്നെ തോന്നുന്നു. ആര്‍ക്കു വേണമെങ്കിലും പാസ്സാകാന്‍ കഴിയുന്ന കോഴ്സുകള്‍ ആയി ടീച്ചേഴ്സ് ട്രെയിനിങ്ങുകള്‍ മാറി. ആരും തോല്‍ക്കാത്ത കോഴ്സുകളാണ് അത്. കാലം എത്ര മാറിയാലും ഒരു മാറ്റവും വരാതെ നിലനില്‍ക്കുന്ന അസംബന്ധങ്ങളുടെ അനുഷ്ഠാന കലയാണ് ശരിക്കും അധ്യാപന പരിശീലനം. എന്തിനെന്ന് പഠിക്കുന്നവര്‍ക്കോ, പഠിപ്പിക്കുന്നവര്‍ക്കോ അറിയാത്ത ഒരു നാടകം.

ഇനി നിയമനമായാലോ. ഒരു സ്വകാര്യ സ്കൂളിലും യോഗ്യതാ പരീക്ഷാ ഫലമോ അദ്ധ്യാപന നിലവാരമോ / കഴിവോ ആരുമാരായില്ല. രാഷ്ട്രീയവും, പണവും കയ്യിലുണ്ടെങ്കില്‍ വേക്കന്‍സി ഉറപ്പ്. പത്തും, പതിഞ്ചും ലക്ഷം വരെ നല്കാന്‍ ഉദ്യോഗാര്‍ഥികളും തയ്യാറാണ്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ മാനേജ്മെന്റു വാങ്ങി കൂട്ടുന്ന ഈ പണം സത്യത്തില്‍ ഇവര്‍ എന്താണ് ചെയ്യുന്നത്? നല്ല ക്ലാസ് മുറികളോ അടിസ്ഥാന സൌെകര്യങ്ങളോ ഇല്ലാത്ത എത്രയെത്ര സ്കൂളുകളാണ് നമുക്ക് ചുറ്റിലും.
രസകരമായ അനേകം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നമുക്കെല്ലാം പറയാനുണ്ടാവും. അതില്‍ എനിക്കുള്ളത് ഇതാ.

വാണിപ്രശാന്ത്

കാകളിയും എഴ് ലക്ഷവും
ഇതൊരു കഥയാണ്. വെറും കഥയല്ല. എന്റെ ഏറ്റവുമടുത്ത കൂട്ടുകാരി നേരിട്ട അനുഭവം. കുറച്ചു കാലം മുമ്പാണ്. ഇതിലെ കോഴ നിരക്കുകളൊക്കെ തീര്‍ച്ചയായും മാറിയിരിക്കും.
പാലക്കാട്ടെ പ്രശസ്തമായ ഒരു സ്കൂള്‍. ഒരു അധ്യാപക വേക്കന്‍സി . അപേക്ഷ നല്‍കിയത് രണ്ടേ രണ്ടു പേര്‍ . സ്കൂള്‍ മാനേജ്മെന്റ് അംഗങ്ങളെ പരിചയമുള്ളതിനാല്‍ ഇന്റര്‍വ്യൂവിന് രണ്ടാഴ്ച മുമ്പേ തിണ്ണ നിരങ്ങല്‍ തുടങ്ങി . കോഴപ്പണം പരസ്യമായ രഹസ്യമായതിനാല്‍ നേരിട്ടും, അല്ലാതെയും ലക്ഷങ്ങളുടെ കണക്കുകള്‍ പറഞ്ഞു. ഒടുവില്‍ വേക്കന്‍സി മിക്കവാറും കിട്ടും എന്നുറപ്പായി. അതിനു പക്ഷേ, ഒരു കടമ്പയുണ്ട്. മാനേജ്മെന്റ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്നു ഉദ്യോഗാര്‍ഥിയെ ഒന്ന് ഇന്റര്‍വ്യൂ നടത്തണം. അതില്‍ പാസ്സായാല്‍ മാത്രമേ കാശം കാര്യങ്ങളും നടക്കൂ.
അതെന്തു മാമാങ്കമാണോ എന്ന് ചിന്തിക്കുമ്പോഴേക്ക് സഹായ ഹസ്തവുമായി മുന്നിലെത്തി ഒരു മാനേജ്മെന്റു അംഗം. വിഷമിക്കുകയൊന്നും വേണ്ട. ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇന്റര്‍വ്യൂവിനു രണ്ടു ദിവസം മുമ്പേ ചോര്‍ത്തി തരാം. വില ഒരു രൂപ! ( തെറ്റിദ്ധരിക്കില്ല എന്നുറപ്പുണ്ട് എങ്കിലും എടുത്തു പറയുന്നു , ഇനി പറയുന്ന ഓരോ അക്കത്തിനു പിന്നിലും അഞ്ചു പൂജ്യങ്ങള്‍ ചുമ്മാ അങ്ങ് ചേര്‍ക്കുക ). ജോലി ഉറപ്പായ ശേഷം രൂപാ ീട്ടില്‍ എത്തിക്കണമെന്ന് ഉറപ്പും വാങ്ങി. ടിയാന്‍ വാക്ക് പാലിച്ചു. നീണ്ട പത്തു ചോദ്യങ്ങള്‍ മുന്നിലെത്തി.

കാകളി വൃത്തത്തിന്റെ ലക്ഷണം ?
മലയാള ഭാഷയുടെ പിതാവ് ?
‘ചണ്ഡാല ഭിക്ഷുകി ‘ എഴുതിയതാര് ?
ഒരു ലക്ഷം രൂപ വിലവരുന്ന ഇമ്മാതിരി പത്തു ചോദ്യങ്ങള്‍ കേട്ടു അന്ധാളിച്ചു പോയ അവളോട് ടിയാന്‍ നയം വ്യക്തമാക്കി ^’പേടിക്കേണ്ട, എല്ലാം നല്ലത് പോലെ പഠിച്ചു പറഞ്ഞാല്‍ മതി. ഒപ്പം, മറ്റൊരു രഹസ്യം കൂടി കാതിലെത്തി. ‘ഇന്റര്‍വ്യൂ മുറിയില്‍ ഒരു ബോക്സ് വെച്ചിരിക്കും. ചെന്ന ഉടന്‍ നിങ്ങള്‍ എത്ര രൂപാ കൊടുക്കുമെന്ന് ഒരു കടലാസിലെഴുതി പേര് സഹിതം അതിലിടുക. അഞ്ചിനു മോളില്‍ ഇട്ടാല്‍ എന്തായാലും സീറ്റുറപ്പ്.

കിടപ്പാടം വരെ പണയം വെച്ച കണക്കുകള്‍ കൂട്ടി അഞ്ചേ കാല്‍ ലക്ഷം എന്ന് എഴുതി അവള്‍ ആ കടലാസ് തുണ്ട് ബോക്സില്‍ ഇട്ടു. ശേഷം മുറിയുടെ നടുവില്‍ പ്രതിഷ്ഠിച്ച കസേരയില്‍ ഇരുന്നു. മുന്നില്‍ ഏഴു പേര്‍ . പള പളാ മിന്നുന്ന കുപ്പായം ഇട്ടവര്‍ , ഖദര്‍ധാരികള്‍. നഖത്തിനിടയിലേക്ക് കയ്യിലിരുന്ന പെന്‍സില്‍ മുന കുത്തിയിറക്കി മറ്റൊരാള്‍.
പിന്നെ, ചോദ്യ ശരങ്ങളായിരുന്നു. തെറ്റു പറയരുതല്ലോ, തന്ന ചോദ്യത്തില്‍ ഒന്നു പോലും തെറ്റിയിട്ടില്ല. ക്രമം പോലും തെറ്റാതെ പത്തു ചോദ്യങ്ങള്‍ .
ചോദിച്ചു തീരും മുന്നേ ഉത്തരങ്ങള്‍ !
ചോദ്യം ചോര്‍ത്തി തന്നെ വീരന്‍ ഉള്‍പ്പടെ അതിശയകരമായ ഭാവാഭിനയം കാഴ്ചവെച്ചു.
ഇത്ര മിടുക്കിയായ ഒരാളെ ഇത് വരെ കണ്ടിട്ടേ ഇല്ലെന്ന് പെട്ടെന്ന് തന്നെ കമന്റ് വന്നു. വെറുതെ എന്തെങ്കിലും ചോദിക്കണം എന്നുള്ളതിനാലോ മറ്റോ നടത്തിപ്പുകാരന്‍ എന്ന് തോന്നിയ ആളോട് ചോദിച്ചു ^’ സാര്‍ എന്തു ചെയ്യുന്നു?’
‘ബിസ്സിനസ്സാണ് , പാലക്കാട്’
ഉത്തരം കേട്ടപ്പോള്‍ ഒന്നുകൂടി ചോദിക്കണം എന്ന് തോന്നി.
‘എന്തു ബിസ്സിനസ്സ് ?”
‘ഫിഷ് മാര്‍ക്കറ്റിംഗ് !’
ചിരി അടക്കാന്‍ അവള്‍ പാടുപെടുന്നതിനിടെ നൂറില്‍നൂറു മാര്‍ക്കും തന്നു മാനേജ്മെന്റ് അംഗങ്ങള്‍ സജീവ ചര്‍ച്ചയ്ക്കായി പുറത്തേയ്ക്കിറങ്ങി. അല്‍പ്പസമയത്തിനു ശേഷം അവരില്‍ ഒരാള്‍ എത്തി അടക്കം പറഞ്ഞു. മറ്റേ കക്ഷി (എതിരാളി ) ആറ് ആണ് എഴുതിയത്. അപ്പോള്‍ അതിലും കൂടുതല്‍ …?
ശരി. ആറേ കാല്‍ ! ‘^ഒപ്പമുണ്ടായിരുന്ന പിതാവ് പറഞ്ഞു.
അഞ്ചു മിനിട്ടിനു ശേഷം വീണ്ടും അവര്‍ വന്നു. ‘ എതിരാളികള്‍ ആറര പറയുന്നു.. ‘
‘അങ്ങനെയെങ്കില്‍…’ഏറെ നേരം ആലോചിച്ച്, അവളുടെ പിതാവ് പറയുന്നു. ‘ആറേ മുക്കാല്‍ !’
മാനേജ്മെന്റ് വീണ്ടും ഇടപെട്ടു. ‘അവര്‍ ഏഴു വരെ തയ്യാറാണ് !’
അതിനപ്പുറം കൊടുക്കാന്‍ വകയില്ലായിരുന്നു, അവള്‍ക്ക്. കിട്ടാവുന്നത് മുഴുവനുമാണ് പിതാവ് പറഞ്ഞത്.
‘എന്നാല്‍ ശരി അവര്‍ക്ക് കൊടുത്തോ’
കഥയുടെ ഈ ഭാഗം പറയുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, എനിക്കറിയാം, അപമാനിക്കപ്പെട്ടതുപോലെ, അവിടെ നിന്നും ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും അവളുടെ മനസ്സിലുണ്ടാവുക, ചിരിയായിരിക്കില്ല.

3 thoughts on “എന്തിനാണ് കടകള്‍, സ്കൂളുള്ളപ്പോള്‍?

  1. പാലക്കാട് ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു പോയവരോട് നടത്തിപ്പുകാര് പറഞ്ഞത് സര്‍ട്ടിഫിക്കറ്റ് ഒന്നും കാണണ്ട, എത്ര തരും എന്ന് മാത്രം പറഞ്ഞാല്‍ മതി, എന്നിട്ടാവാം ബാക്കി കാര്യങ്ങളെന്ന്
    സ്ഥാപനത്തിന്റെ പേരു കേട്ട് ദയവായി ചിരിക്കരുത്…. ‘കരുണ’

Leave a Reply

Your email address will not be published. Required fields are marked *