അതേ മസാല, സ്പാനിഷ് ലേബലില്‍!

നായകന്‍ ആരുടേയും ശബ്ദം അനുകരിക്കാന്‍ കഴിവുള്ള മിമിക്രി താരവും കഴിവുള്ള പാചകക്കാരനുമാണ്, നായിക സിനിമയുടെ ഇന്റര്‍വെല്‍വരെ അന്ധയാണ്, നായികയുടെ പിതാവ് അംബാസിഡറാണ്, വില്ലന്‍ വില്ലനാവാന്‍ കാരണം അമ്മയുടെ സ്നേഹം കിട്ടാതെപോയതാണ് തുടങ്ങിയവയാണ് ഈ ചലച്ചിത്ര കാവ്യത്തിലെ എടുത്തുപറയേണ്ട പുതുമകള്‍. ഒരു ദിവസം രാവിലെ എണീക്കുമ്പോള്‍ നായികക്ക് പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടുന്നതും ആ സമയത്തു തന്നെ നായികയുടെ അച്ഛന്‍ ഇഹലോകവാസം വെടിയുന്നതുമാണ് ഈ സിനിമയിലെ കണ്ണു നനയിക്കുന്ന രംഗം. (കാശു പോയതോര്‍ത്ത്!). അഭിനയം എന്ന ചേരുവ വേണ്ടാത്ത മസാല ആയതിനാല്‍ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല-അന്നമ്മക്കുട്ടി എഴുതുന്നു

 

 

ഈ എം.ടിയേയും ലോഹിതദാസിനേയുമൊക്കെ എന്തിനുകൊള്ളാം? എം.ടി 54 സിനിമയ്ക്കു തിരക്കഥ എഴുതി. എന്നിട്ടും ‘ദയ’ എന്നൊരു സിനിമയില്‍ മാത്രമാണ് ഒരു വിദേശ പശ്ചാത്തലം വന്നത്. അതാവട്ടെ ‘ആയിരത്തൊന്നു രാവുകളി’ലെ ഒരറബിക്കഥയും! ലോഹിതദാസ് തന്റെ ഒരു തിരക്കഥയിലും വിദേശരാജ്യം പശ്ചാത്തലം ആക്കിയിട്ടില്ല. എം.ടിയും ലോഹിയും ചെയ്യാതിരുന്നതുകൊണ്ട് ഇനി ആരും മലയാള സിനിമയില്‍ വിദേശരാജ്യം പശ്ചാത്തലമാക്കരുത് എന്നുണ്ടോ? ഇല്ല, തീര്‍ച്ചയായും ഇല്ല! കാരണം സിനിമ അതിരുകളേയില്ലാത്ത കലയാണല്ലോ.

നമുക്കു പരിചയമില്ലാത്ത നാടും സംസ്കാരവും സിനിമയില്‍ കൊണ്ടുവരിക അത്ര എളുപ്പമല്ല. വലിയ അന്വേഷണവും പഠനവും ഒക്കെ ആവശ്യമുള്ള കാര്യമാണത്. എം.ടിയ്ക്കും ലോഹിയ്ക്കുമൊന്നും അത്ര വലിയ പ്രതിഭ ഇല്ലാത്തതുകൊണ്ട് അവര്‍ ഈ നാടിന്റെ ‘ഠ’ സര്‍ക്കിളില്‍ ചുറ്റി. ഇവിടത്തെ കോമണ്‍ പീപ്പിള്‍സിന്റെ ഓര്‍ഡിനറി കഥകള്‍ തന്നെ പിന്നെയും പിന്നെയും പറഞ്ഞു. പാവങ്ങള്‍! അതുപോലെ പ്രതിഭാദാരിദ്യ്രം അനുഭവിക്കുന്നവരല്ല ഇപ്പോഴത്തെ തിരക്കഥാ റൈറ്റേഴ്സ് ആന്‍ഡ് ഡയറക്ടേഴ്സ്. കാലിന്റെ പെരുവിരല്‍ മുതല്‍ ഉച്ചിയിലെ പൂട വരെ പ്രതിഭ വിളങ്ങുകയാണ്. താടിയില്‍ പ്രതിഭ തളംകെട്ടി നില്‍ക്കുന്നു! ഏതു നാട്ടിലേയും കഥ പറയും, വിദേശമാണ് ലൊക്കേഷന്‍ എന്നു തീരുമാനിച്ചിട്ടാണ് കഥയെഴുതാന്‍ തുടങ്ങുന്നതു തന്നെ.

നല്ല ഉദാഹരണം സജി സുരേന്ദ്രനാണ്. പൂജപ്പുര കൃഷ്ണന്‍ ചേട്ടന്റെ തിരക്കഥയില്‍ എടുത്ത ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചെറുബജറ്റ് സിനിമ ആരുടേയോ ഭാഗ്യത്തിന് തട്ടിമുട്ടി കരകയറി. അതോടെ ഹിറ്റ് സംവിധായക പദവിയിലേക്ക് കുതിച്ച സജി തൊട്ടടുത്ത സിനിമ മുതല്‍ ലൊക്കേഷന്‍ വിദേശത്തേക്കു മാറ്റി. ‘ഹാപ്പി ഹസ്ബെന്റ്സി’ലും ‘ഫോര്‍ ഫ്രണ്ട്സി’ലും ഇടവേളയ്ക്ക് ഒരു കാരണവുമില്ലാതെ കഥാപാത്രങ്ങള്‍ ഒന്നടങ്കം വിദേശത്തേയ്ക്കു പറക്കുകയാണ്. ‘ഫോര്‍ ഫ്രണ്ട്സ്’ പറന്നതിന്റെ ക്ഷീണം അതിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇതുവരെ മാറിയിട്ടില്ല എന്നാണ് കേള്‍ക്കുന്നത്! സജി സുരേന്ദ്രന്റെ അടുത്ത സിനിമയുടെ പേരും ഗംഭീരമാണ്, ‘താമരശേരി ടു തായ്ലന്റ്’. ടൈറ്റിലും ലൊക്കേഷനും തീരുമാനമായതിനാല്‍ തിരക്കഥയെഴുത്തു തുടങ്ങിയിട്ടുണ്ട്.

സജിയൊക്കെ മലേഷ്യയിലേക്കും തായ്ലന്റിലേക്കും മലയാള സിനിമയെ പറിച്ചു നടുമ്പോള്‍ ലാല്‍ജോസൊക്കെ വെറുതെയിരിക്കാനോ? കഥ പറിച്ചെടുത്ത് യൂറോപ്പിലേക്കുതന്നെ പറന്നു, സ്പെയിനിലെ ഏറ്റവും വലിയ സിറ്റിയായ മാഡ്രിഡില്‍ തന്നെ കൊണ്ടുപോയി കുഴിച്ചിട്ടു. അങ്ങനെ ഏതാണ്ട് പൂര്‍ണമായിത്തന്നെ മാഡ്രിഡ് മഹാനഗരത്തില്‍ ചിത്രീകരിച്ച മസാലയുമായി ലാല്‍ജോസ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഏതു യൂറോപ്പില്‍ പോയി ചിത്രീകരിച്ചാലും സിനിമ കാണാന്‍ ഈ നാട്ടുകാര്‍ തന്നെ വേണമെന്നതാണ് ഇത്തരം പ്രതിഭാധനരായ സംവിധായകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. അവരുടെ നിലവാരത്തിനൊപ്പം നമ്മുടെ പുവര്‍ പ്രേക്ഷകര്‍ എത്തിയിട്ടില്ലല്ലോ! ചുരുക്കി പറയാം. മുഷിയാതെ കണ്ടിരിക്കാവുന്ന ആറേഴു സിനിമകള്‍ സംവിധാനം ചെയ്തു എന്നതാണ് മലയാളിക്ക് ലാല്‍ ജോസിനോടുള്ള സ്നേഹം. ആ സ്നേഹം കളഞ്ഞുകുളിക്കാനുള്ള ലാലുവിന്റെ ആത്മാര്‍ഥമായ ശ്രമമാണ് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍, മാസ്റര്‍ പാചകക്കാരന്‍ നൌഷാദിന്റെ എട്ടു കോടി ഒഴുക്കി വിദേശ ദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ‘സ്പാനിഷ് മസാല’.

ഒരു മലയാളം സിനിമ വിദേശത്തു ചിത്രീകരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ എന്തു കഥയാണ് വേണ്ടത്? ‘അണ്ണന്‍ തമ്പി’ മുതല്‍ ‘ഛോട്ടാ മുംബൈ’ വരെയുള്ള പുതുമകള്‍ എഴുതിയ ബെന്നിയോട് ചോദിക്കാനുണ്ടോ? മുതുമുത്തച്ഛന്‍മാരുടെ കാലം മുതല്‍ മലയാളം സിനിമ പിന്തുടരുന്ന അതേ പുത്തന്‍ കഥ. കൂലിയും വേലയുമില്ലാത്ത നായകന്‍ കള്ളവിസയില്‍ സ്പെയിനില്‍ എത്തുന്നു. പിന്നെന്താണ് സംഭവിക്കുക? നമ്മളൊക്കെ തൊഴില്‍ വിസയില്ലാതെ മറുനാട്ടില്‍ തൊഴിലിന് എത്തിയാല്‍ ജയിലില്‍ ആവും. മലയാള സിനിമയിലെ നായകന്‍മാര്‍ ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും ഒരു നാട്ടുകാരന്റെ ചായക്കടയിലോ ഹോട്ടലിലോ എത്തിപ്പെടും. ഒന്നു രണ്ടു ദിവസം അവിടെ കഴിയുമ്പോള്‍ ആ നാട്ടിലെ സമ്പന്ന കുടുംബത്തില്‍ ജോലിക്കാരനായി നിയമനം കിട്ടും. അവിടെയും ഉണ്ടാവും കുറേ മലയാളികള്‍. പിന്നെ? ചോദിക്കാനുണ്ടോ? ആ സമ്പന്ന വീട്ടില്‍ ഒരു സുന്ദരിയുണ്ടാവും. അവളെ ഈ വേലക്കാരന്‍ പ്രേമിക്കും. ആ സുന്ദരിക്ക് ഒരു അതിഭയാനക ഫ്ലാഷ്ബാക്ക് ഉണ്ടാവും. ആദ്യം നായിക നായകനോട് ഉടക്കും. ഉടക്കി കഴിഞ്ഞാല്‍ പ്രേമിക്കണമെന്നതു സിനിമയില്‍ പുരാതന കാലം മുതലേ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ദൈവകോപം ഉണ്ടാവും. അങ്ങനെ നായികാ-നായകന്‍മാര്‍ ആടിപ്പാടി നടക്കവെ നിശ്ചയമായും ഒരു വില്ലന്‍ അവതരിക്കണം. അവതരിച്ചു. സുന്ദരനും സുമുഖനുമായ വില്ലന്‍. വില്ലന്‍ സ്വാഭാവികമായും നായികയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ 90 ശതമാനവും വിജയിക്കുകയും വേണം. ശ്രമിച്ചു, വിജയിച്ചു. അങ്ങനെ അതിസുന്ദരിയായ നായിക റേഷന്‍കടയിലെ ത്രാസുപോലെ അങ്ങോട്ടോ ഇങ്ങോട്ടോ, വില്ലന്റെ അടുത്തേക്കോ നായകന്റെ അടുത്തേക്കോ , എങ്ങോട്ടു ചായുമെന്ന് അറിയാതെ ആടിക്കളിക്കുന്നിടത്താണ് ക്ലൈമാക്സ്. പൊടുന്നനെ വില്ലന്റെ വില്ലത്തരങ്ങള്‍ വെളിപ്പെടണം. വെളിപ്പെട്ടു. അതോടെ നായിക നിഷ്കളങ്കനും ശുദ്ധരില്‍ ശുദ്ധനും സര്‍വോപരി കയ്യില്‍ കാല്‍ക്കാശില്ലാത്തവനുമായ ജോലിക്കാരനെ സ്വയം വരിക്കുന്നു, ബോറടി സഹിക്കാതെ പ്രേക്ഷകന്‍ സ്വയം കുത്തി മരിക്കുന്നു. ദൈര്‍ഘ്യം കൂടിയിട്ടോ എന്തോ ഇത്തരം സിനിമകളില്‍ അവശ്യഘടകമായ അവസാനരംഗത്തെ കൂട്ടത്തല്ല് ചേര്‍ക്കാന്‍ ‘സ്പാനിഷ് മസാല’യുടെ തിരക്കഥകാരനും സംവിധായകനും മറന്നുപോയി. എങ്കിലും ക്ലൈമാക്സിലെ ഗ്രൂപ്പ് ഫോട്ടോ ചേര്‍ത്തിട്ടുണ്ട്.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാരം’ പരിപാടിയുടെ സ്പെയിന്‍ എപ്പിസോഡ് ഏഷ്യാനെറ്റില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാത്ത എല്ലാവര്‍ക്കും ഈ സിനിമയുടെ ആദ്യ പകുതി വലിയ ബോറില്ലാതെ കണ്ടിരിക്കാം. സ്പെയിനിലെ തക്കാളിയുല്‍സവം മുതല്‍ കാളപ്പോരുവരെ കഴിയുന്നതെല്ലാം കാണിക്കുന്നുണ്ട് ലാലു. മാഡ്രിഡ് നഗരം കാണിക്കാനായി മാത്രം മുട്ടിന് മുട്ടിന് പാട്ടുകള്‍ തിരുകിയിരിക്കുന്നതിനാല്‍ സിനിമയുടെ ദൈര്‍ഘ്യംപോലും വല്ലാതെ കൂടുതലാണ്. (പാട്ടെന്നു പറഞ്ഞെന്നേയുള്ളൂ, പ്രത്യേകിച്ച് അര്‍ഥമെന്തെങ്കിലുമുള്ള വരികളോ സന്ദര്‍ഭത്തിനു യോജിച്ച സംഗീതമോ ഒന്നുമില്ല.) നായകന്‍ ആരുടേയും ശബ്ദം അനുകരിക്കാന്‍ കഴിവുള്ള മിമിക്രി താരവും കഴിവുള്ള പാചകക്കാരനുമാണ്, നായിക സിനിമയുടെ ഇന്റര്‍വെല്‍വരെ അന്ധയാണ്, നായികയുടെ പിതാവ് അംബാസിഡറാണ്, വില്ലന്‍ വില്ലനാവാന്‍ കാരണം അമ്മയുടെ സ്നേഹം കിട്ടാതെപോയതാണ് തുടങ്ങിയവയാണ് ഈ ചലച്ചിത്ര കാവ്യത്തിലെ എടുത്തുപറയേണ്ട പുതുമകള്‍. ഒരു ദിവസം രാവിലെ എണീക്കുമ്പോള്‍ നായികക്ക് പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടുന്നതും ആ സമയത്തു തന്നെ നായികയുടെ അച്ഛന്‍ ഇഹലോകവാസം വെടിയുന്നതുമാണ് ഈ സിനിമയിലെ കണ്ണു നനയിക്കുന്ന രംഗം. (കാശു പോയതോര്‍ത്ത്!). അഭിനയം എന്ന ചേരുവ വേണ്ടാത്ത മസാല ആയതിനാല്‍ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല.

പ്രമുഖ കമ്പനിയുടെ മസാലപ്പൊടിയില്‍ രാസവസ്തു കണ്ടെത്തിയെന്നതായിരുന്നു കഴിഞ്ഞയാഴ്ച ഇ-ലോകത്തിന്റെ മൌെസ് കുലുക്കിയ വാര്‍ത്ത. എന്നാല്‍ ലാല്‍ജോസിന്റെ ഈ മസാലയില്‍ വെറും രാസവസ്തുവല്ല, എന്‍ഡോസള്‍ഫാന്‍ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പ്രമേയത്തിലും ആവിഷ്കരണത്തിലും പുതുമകള്‍ അന്വേഷിച്ചു തുടങ്ങിയ മലയാള സിനിമയെ വീണ്ടും മുരടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍! നല്ലൊരു കുക്കായ നൌെഷാദിന് ഇതു വരരുതായിരുന്നു. കാരണം സിനിമയും ഒരു പാചകമാണ്, മസാലയും ഉപ്പും മുളകും പാകത്തിനു വേണ്ട പാചകം. മസാല പഴകി പൂത്താല്‍ അതിസാരം ഉറപ്പ്!

സിനിമയ്ക്കു ടിക്കറ്റു കാത്തു നില്‍ക്കവെ ഷോ കഴിഞ്ഞിറങ്ങിവന്ന കൊച്ചുപയ്യനോട് ചോദിച്ചു: ‘എങ്ങനുണ്ട് മോനേ പടം?’
‘സ്പെയിന്‍ കൊള്ളാം. എന്നാ റോഡ്! എന്നാ ട്രാഫിക്ക്!’

11 thoughts on “അതേ മസാല, സ്പാനിഷ് ലേബലില്‍!

  1. Ennalum ntey Laluvettaa….. enna Annamakutty parayunnathu sariyano? Lauvettanayathukondu oru pratheeksha undayirunu… review vayyichappol 50 roopa kalyano enna thonnal…. ennalum 50 roopakku spainenkilum kaanalo? Poyinokkaaam…. katthukollane Laluvettaaaaaaaa…….

  2. ഏതു യൂറോപ്പില്‍ പോയി ചിത്രീകരിച്ചാലും സിനിമ കാണാന്‍ ഈ നാട്ടുകാര്‍ തന്നെ വേണമെന്നതാണ് ഇത്തരം പ്രതിഭാധനരായ സംവിധായകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം.
    ലാല്‍ജോസിന്റെ ഈ മസാലയില്‍ വെറും രാസവസ്തുവല്ല, എന്‍ഡോസള്‍ഫാന്‍ തന്നെയാണ് അടങ്ങിയിരിക്കുന്നത്

  3. എന്‍റെ അന്നക്കുട്ടീ… നീ കാണല്ലേ എന്ന് പറഞ്ഞിട്ടും ഒരു ദുര്‍ബല നിമിഷത്തില്‍ ഈ വധം കണ്ടു. ശരിക്കും ബോറടിച്ചു സ്വയം കുത്തി മരിക്കാന്‍ പോയതാ… പിന്നെ പെമ്പ്രന്നാരേം പിള്ളാരേം ഓര്‍ത്തപ്പോള്‍…….. ഊരിയ വാള്‍ ഉറയിലിട്ടു. നീ എഴുതനെത് കണ്ടിട്ടെങ്കിലും ഇവന്മാരൊക്കെ ഒന്ന് നന്നായി കണ്ടാല്‍ മതിയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *