തേങ്ങല്‍- – ആഷിക് ബാബു

അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വലതുകാല്‍ മുട്ടിന് മുകളില്‍ സഹിക്കാനാവാത്ത ഒരു നീറ്റലുപോലെ. കാലുകളെ മൂടികിടക്കുന്ന പുതപ്പ് അവള്‍ വലിച്ചുമാറ്റി.
അവള്‍ക്കത് കാണാന്‍ കഴിഞ്ഞില്ല. രണ്ടു കണ്ണുകളും അവള്‍ പൊത്തിപ്പിടിച്ചു. തനിക്കെന്താണ് പറ്റിയത്? വലതുമുട്ടുവരെ തീര്‍ത്തും അനാവശ്യമായ ഒരു മാംസ പീണ്ഡം കണക്കെ ചോരയില്‍ കുളിച്ച തന്റെ കാല്‍. അവള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരാണ് തന്റെ കാല്‍ മുറിച്ചുമാറ്റിയത്. ഒരു നേരത്തെ വാശി അവള്‍ക്ക് നല്‍കിയത് എത്ര ഭീകരമായ അവസ്ഥയാണ്. അവളുടെ മനസ്സ് മരവിച്ചുപോയി-സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗ കഥാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ. കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ജി.വി. എച്ച്.എസ്.എസിലെ ആഷിക് ബാബു എഴുതിയ കഥ. കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു വിഷയം.

 

 

ആ ഇരുട്ടില്‍ അവള്‍ ധൃതിയില്‍ നടന്നു. എങ്ങോട്ടെന്നില്ലാതെ. അവളുടെ മനസ്സ് മുഴുവന്‍ അമ്മയോടുള്ള ദേഷ്യമായിരുന്നു.
അല്ലെങ്കില്‍ തന്നെ താനെന്ത് തെറ്റാണ് ചെയ്തത്?. കുറച്ച് സമയം ടിവി കണ്ടുകൊണ്ടിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? എസ്.എസ്.എല്‍.സിയാണെന്ന് കരുതി ഒന്ന് ടിവി കാണാന്‍ പോലും സമ്മതിക്കാന്‍ പാടില്ലെന്നുണ്ടോ? ഇല്ല, താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. അല്‍പം ടിവി കാണാന്‍കൂടി സ്വാതന്ത്യ്രമില്ലാത്തിടത്ത് താനെന്തിന് നില്‍ക്കണം.
അവള്‍ അവളെത്തന്നെ ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അമ്മയ്ക്ക് എപ്പം നോക്കിയാലും പഠിക്കുന്നത് കാണണം. സ്കൂളിലും പഠിപ്പ്, ട്യൂഷന്‍ ക്ലാസിലും പഠിപ്പ്, വീട്ടിലും പഠിപ്പ്. പഠപ്പോ പഠിപ്പ്. എനിക്ക് മടുത്തു. പഠിപ്പ് മാത്രമാണോ ജീവിതം കഴിഞ്ഞ പരീക്ഷക്ക് കുറച്ച് മാര്‍ക്ക് കുറഞ്ഞെന്നും കരുതി വിശ്രമമില്ലാതെ പഠിക്കണമെന്നാണോ? കൊല്ലപരീക്ഷക്ക് ഇനി രണ്ട് മാസമില്ലെ. അപ്പോഴേക്കും പഠിച്ചാല്‍ പോരെ. അതിന് ഇപ്പോള്‍ ടിവി കാണാതിരിക്കണോ?
അവളുടെ മനസ്സ് അമ്മയോടുള്ള ദേഷ്യത്താല്‍ പുകയുകയായിരുന്നു.
കുറച്ച് നാള്‍ എവിടെയെങ്കിലും ഒളിച്ച് നടക്കാം. അവര്‍ കുറച്ച് പേടിക്കട്ടെ. അവള്‍ നടത്തത്തിന് വേഗത കൂട്ടി. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ. ഇല്ല അവള്‍ ആശ്വസിച്ചു.
വഴി വിജനമായിയിരുന്നു. എങ്ങും ഇരുട്ട്. പത്ത് മണി കഴിഞ്ഞിട്ടുണ്ടാകും. അവള്‍ മനസ്സില്‍ കരുതി. അമ്മ ഇപ്പോള്‍ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. കുറച്ച് വിഷമിക്കട്ടെ. അവള്‍ മനസ്സില്‍ ചിരിച്ചു.
എന്നാലും ഇത്രപെട്ടെന്ന് വീടുവിട്ടിറങ്ങണമായിരുന്നോ?. ടിവി കാണാന്‍ സമ്മതിക്കാത്തതിന് വീട്വിട്ടിറങ്ങേണ്ടിയിരുന്നോ?
അവള്‍ക്ക് താന്‍ ചെയ്തത് തെറ്റായിപ്പോയോ എന്നൊരു തോന്നല്‍. ഉള്ളിന്റെ ഉള്ളില്‍ എവിടെയോ കൊളുത്തി വലിക്കല്‍.
ഇല്ല താന്‍ ചെയ്തത് ശരിതന്നെ. തന്റെ അവസ്ഥ അവരും കുറച്ചൊക്കെ മനസ്സിലാക്കട്ടെ. അവള്‍ മെയിന്‍ റോഡിലേക്ക് കടന്നു. സ്ട്രീറ്റ് ലൈറ്റുകളുണ്ടെങ്കിലും പലതും കണ്ണുചിമ്മിയിരിക്കുകയാണ്. ഒന്നോ രണ്ടോ മാത്രമേ കത്തുന്നുള്ളു. ഇടക്കിടെ ചീറിപായുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുടെ വെളിച്ചം അവള്‍ക്ക് വഴികാട്ടി.
അവള്‍ ഏകയായി നടക്കുകയാണ്. അലക്ഷ്യമായി എതിരെ വന്ന ഒരു കാര്‍ അവളെ കണ്ടില്ലെന്ന പോലെ നിന്നു. അവള്‍ നടത്തത്തിന് വേഗത കൂട്ടി. തന്നെയറിയുന്ന ആരെങ്കിലുമായിരിക്കുമോ എന്നതായിരുന്നു അവളുടെ പേടി. കാറില്‍ഇ നിന്നിറങ്ങി താഴെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ അവള്‍ കണ്ടു. അല്ല താനറിയുന്ന ആളല്ല.
മോളെവിടെയാ പോകുന്നേ? അയാള്‍ ചോദിച്ചു. ‘വീട്ടില്‍’ അവള്‍ മറുപടി പറഞ്ഞു. നില്‍ക്കാതെ അവള്‍ മുന്നോട്ടു നടന്നു.
‘ഈ രാത്രിയില്‍ ഒറ്റക്ക് പോവുകയോ? എവിടെയാ വീട്’ അയാള്‍ അവളെ പിന്തുടര്‍ന്നു.
‘ഇവിടെ അടുത്താ’ എന്തോ പന്തികേടുതോന്നി. അവള്‍ നടത്തത്തിന്റെ വേഗത കൂട്ടി. അല്ല അവള്‍ ഓടുകയായിരുന്നു. എങ്ങനെയെങ്കിലും തിരികെ വീട്ടിലെത്തിയാല്‍ മതിയെന്നായി അവള്‍ക്ക്. ഉച്ചത്തില്‍ അലറണമെന്ന് തോന്നി. കഴിഞ്ഞില്ല. ശബ്ദം തൊണ്ടയില്‍ കുടുങ്ങിയതുപ്പോലെ.
അവളെ പിന്തുടര്‍ന്ന ആ ഇരുണ്ട കൈകള്‍ അപ്പേഴേക്കും അവളെ പിടികൂടിയിരുന്നു. കൈയ്യില്‍ കരുതിയ തുണികൊണ്ട് അവളുടെ മൂക്ക് അയാള്‍ പൊത്തിപിടിച്ചു. മൂക്കിലൂടെ എന്തൊക്കെയോ തുളച്ചുകയറുന്നത് പോലെ. പതിയെ കാഴ്ച മങ്ങുന്നത് പോലെ. അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. അവള്‍ അയാളുടെ കൈകളിലേക്ക് മയങ്ങി വീണു. അവളെയും കൊണ്ട് ആ വിജനമായ വഴിയിലൂടെ കാര്‍ ചീറിപാഞ്ഞു.
മയക്കമുണര്‍ന്നപ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായില്ല. താനെവിടെയാണ്?. എങ്ങനെ ഇവിടെയെത്തി? വൈകാതെ കഴിഞ്ഞ രാത്രിയിലെ നിമിഷങ്ങള്‍ അവള്‍ ഓര്‍ത്തെടുത്തു.
എന്തിനായിരുന്നു താന്‍ വീട് വിട്ടിറങ്ങിയത്. ആരോടായിരുന്നു തന്റെ പ്രതികാരം? ആരെയാണ് താന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നിട്ടിപ്പോള്‍ താനെവിടെയെത്തി. എന്തു ലാഭം. അവള്‍ അമ്മയെക്കുറിച്ചോര്‍ത്തു. തന്നെ കാണാതെ അമ്മയും അച്ഛനും ഇപ്പോള്‍ എന്തുമാത്രം വിഷമിക്കുന്നുണ്ടാകും. എന്തിനായിരുന്നു താന്‍ ഇങ്ങനെയൊക്കെ ചെയ്തത്. എല്ലാം ഒരു നിമിഷത്തെ വാശിയുടെ പേരില്‍. തന്നെ തെറ്റുകള്‍ അവള്‍ സ്വയം ഏറ്റുപറയുകയായിരുന്നു.
അവളുടെ കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ധാരാളമായൊഴുകി. അവള്‍ കരയുകയായിരുന്നു.

ഇനി കരഞ്ഞിട്ടെന്തുകാര്യം. എല്ലാം തന്റെ തെറ്റ്. അവള്‍ ചുറ്റും നോക്കി രക്ഷപ്പെടാന്‍ എന്തെങ്കിലും വഴി.
അത് ഒരു കുടുസുമുറിയായിരുന്നു. വെറും തറയില്‍ ഒരു പുതപ്പും പുതച്ച് അവള്‍ കിടക്കുകയാണ്. മുറിയില്‍ ജനലുകളൊന്നുമില്ല. ആകെയുള്ളത് ഒരേയൊരു വാതില്‍. അതാകട്ടെ അടച്ചിട്ടിരിക്കുന്നു. എങ്കിലും മുകളില്‍ ഓടുകള്‍ക്കിടയില്‍ വച്ച ഗ്ലാസിലൂടെ സൂര്യപ്രകാശം മുറിയില്‍ അടിച്ചിറങ്ങുന്നുണ്ട്. മാറാല പിടിച്ച് ആകെ നാശമായിക്കിടന്ന ആ മുറി തന്നെ ഭയാനകമായിരുന്നു.
താന്‍ ശരിക്കും കുടുങ്ങിയിരിക്കുന്നു. ഇനിയിവിടെ നിന്ന് രക്ഷപ്പെടാനാവുമോ? തന്റെ അച്ഛനും അമ്മക്കും ഇനിയെന്നെങ്കിലും തന്നെ കാണാനൊക്കുമോ? ആ കുഞ്ഞു മനസ്സ് പിടയുകയായിരുന്നു.

അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വലതുകാല്‍ മുട്ടിന് മുകളില്‍ സഹിക്കാനാവാത്ത ഒരു നീറ്റലുപോലെ. കാലുകളെ മൂടികിടക്കുന്ന പുതപ്പ് അവള്‍ വലിച്ചുമാറ്റി.
അവള്‍ക്കത് കാണാന്‍ കഴിഞ്ഞില്ല. രണ്ടു കണ്ണുകളും അവള്‍ പൊത്തിപ്പിടിച്ചു. തനിക്കെന്താണ് പറ്റിയത്? വലതുമുട്ടുവരെ തീര്‍ത്തും അനാവശ്യമായ ഒരു മാംസ പീണ്ഡം കണക്കെ ചോരയില്‍ കുളിച്ച തന്റെ കാല്‍. അവള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരാണ് തന്റെ കാല്‍ മുറിച്ചുമാറ്റിയത്. ഒരു നേരത്തെ വാശി അവള്‍ക്ക് നല്‍കിയത് എത്ര ഭീകരമായ അവസ്ഥയാണ്. അവളുടെ മനസ്സ് മരവിച്ചുപോയി.

അടഞ്ഞ വാതില്‍ ശബ്ദത്തോടെ തുറന്നു. എങ്കിലും അവള്‍ അനങ്ങിയില്ല. ഒന്നും അറിയാത്തത് പോലെ നിശ്ചലയായിരുന്നു. രണ്ടുപേര്‍ അവിടേക്ക് കടന്നുവന്നു. അവള്‍ അവരുടെ മുഖത്ത് ഒന്ന് നോക്കുക മാത്രം ചെയ്തു.
ഒരു കൊമ്പന്‍ മീശക്കാരന്‍. വിലകൂടിയ കുര്‍ത്തയണിഞ്ഞ അയാളുടെ കൈയിലെ വജ്രമോതിരങ്ങള്‍ മുറിയിലേക്ക് ഇരച്ചുകയറുന്ന പ്രകാശത്തില്‍ തിളങ്ങി. അയാള്‍ക്ക് പിറകില്‍ കൈയില്‍ ഒരു വടിയുമായി നില്‍ക്കുന്ന ആ കറുത്ത ശരീരം അവളുടെ മനസ്സില്‍ വീണ്ടും കഴിഞ്ഞ രാത്രി ഓര്‍മിപ്പിച്ചു. തന്നെ ഈ അവസ്ഥയിലെത്തിച്ച ആ കാട്ടാളനെ അവള്‍ വെറുതെ നോക്കിയിരുന്നു. നിര്‍വികാരതയോടെ.
കൊമ്പന്‍ മീശക്കാരന്‍ പറഞ്ഞു

ഉം. നല്ല മൊതല്. ഇവള്‍ നമ്മുക്ക് കുറെ ഉണ്ടാക്കിതരുമെന്ന് തോന്നുന്നു. നാളെ മുതല്‍ തന്നെ പറഞ്ഞ് വിട്ടോ.
പിറകില്‍ നിന്ന കറുത്ത ശരീരം കയ്യിലെ വടി അവള്‍ക്കു മുന്നിലേക്കെറിഞ്ഞു. ‘നാളെ മുതല്‍ ഇതും കുത്തിപ്പിടിച്ച് തെണ്ടാനിറങ്ങിക്കോണം. വൈകുന്നേരമാവുമ്പോഴെക്കും കൈ നിറയെ കാശ് കൊണ്ട് കയറി വന്നാല്‍ മതി. രക്ഷപ്പെടാമെന്നും കരുതണ്ട. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍’
അതൊരു താക്കീതായിരുന്നു. എങ്കിലും അവള്‍ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ കേട്ടിരുന്നു. അവളുടെ നോട്ടം എവിടെയോ തറച്ചതുപോലെ അനങ്ങനാവാതെയിരുന്നു. കണ്ണുകളില്‍ കണ്ണുനീര്‍ തുള്ളികളായി.
വീണ്ടും വാതിലടഞ്ഞു. അരികില്‍ കിടക്കുന്ന വടിയെടുത്ത് തന്റെ പാതിമുറിച്ച കാലിനെയും അവള്‍ മാറിമാറി നോക്കി. ആ വടിയും കുത്തിപ്പിടിച്ച് തെണ്ടുന്ന തന്നെ കണ്‍മുന്നില്‍ കണ്ടതുപോലെ അവള്‍ നടുങ്ങി. അതൊരു തേങ്ങലായി.

 

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
നേടിയ കവിതകളും കഥകളും

 

ഹൈസ്കൂള്‍ വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അടുപ്പ്-നിസ്തുല്‍രാജ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ബ്ലോഗിന്റെ വാക്കുകള്‍-വി.എ അനുപമ

ഹൈസ്കൂള്‍ വിഭാഗം കഥാരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തേങ്ങല്‍-ആഷിക് ബാബു

ഹയര്‍സെക്കന്‍ഡറി വിഭാഗം കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ചക്കയുടെ സുഗന്ധം-നന്ദന ആര്‍

3 thoughts on “തേങ്ങല്‍- – ആഷിക് ബാബു

 1. Below average ..Not up to the mark..How this writer came till the final sec…After reading the short story CHAKKAYDE SUGANDHAM ..this is nothing..Even a UP level boy/girl can write a article like this..Just in a standard of a UP school magazine story..nothing great…Note :-its ma personal opinion..Not to hurt the writer or his well wishers..May god bless to improve …

 2. അഖില്‍,
  നന്നായി മോനെ കഥ. നല്ല ഒഴുക്കുള്ള ഭാഷ.
  നന്നായി കഥ പറയാനറിയാം നിനക്ക്.
  കൂടുതല്‍ വായനയിലൂടെ, എഴുത്തിലൂടെ
  ലോകപരിചയത്തിലൂടെ ഒരു പാട് ശക്തമാവും നിന്റെ കഥ.
  ഇനിയുമൊരുപാട് എഴുതണം. നന്‍മകള്‍

  ശ്രീലത പി.വി

Leave a Reply

Your email address will not be published. Required fields are marked *