ചക്കയുടെ സുഗന്ധം-നന്ദന ആര്‍.

ഒടുവില്‍ ഒരു പരാജിതനെപ്പോലെ ഇടനാഴിയുടെ ഇരുട്ടിലേക്ക് സ്വയം ആഴ്ന്നിറങ്ങി. ഇടനാഴിയുടെ ചുമരിനോട് ചേര്‍ത്തിട്ടിരുന്ന അലമാരക്കു മുകളിലെ മുടി പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ് ചിരിക്കുന്ന ആ പാവയെ. കോസറി വിരിയ്ക്കുള്ളില്‍ പഞ്ഞി നിറച്ച് നീലസ്സാരി കൊണ്ട് പാവാട ഞൊറിഞ്ഞ്, കണ്ണെഴുതിച്ച്, മുടി ഇറുക്കി പിന്നിയിട്ട് കുട്ടികള്‍ ഉണ്ടാവാതിരുന്നത് നന്നായെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു- സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ. മലപ്പുറം ജില്ലയിലെ എടപ്പാള്‍ ജി.എച്ച്.എസ്.എസിലെ നന്ദന ആര്‍. എഴുതിയ കഥ

 

 

അസ്തമനത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചപ്പില്‍ പടരുകയാണ്. പുല്ലുമൂടിയ ഇടവഴികളില്‍ പകല്‍ മറന്നുവെച്ച സ്വപ്നത്തെ പോലെ പോക്കുവെയില്‍ വീണുകിടന്നു. ജീവിതത്തിന് എത്ര നിറങ്ങളാണ്; സന്ധ്യയുടെ ചുവപ്പ്, രാത്രിയുടെ കറുപ്പ്, പകലിന്റെ വെളുപ്പ്.
ആശുപത്രികിടക്കയുടെ ചുളിവുകള്‍ക്ക് പച്ച നിറമായിരുന്നു. ആ കിടക്കവിരിയില്‍, പാതിയടഞ്ഞ കണ്ണുകളോടെ, ചിതറിയ നരച്ച മുടിയിഴകളോടെ. അവള്‍ മലര്‍ന്നുകിടന്നത് അയാള്‍ ഓര്‍ത്തു. അവളുടെ വിളറിയ കൈകള്‍ ഒരു പക്ഷിക്കുഞ്ഞിന്റെ ചിറകുകളെപോലെ, തന്റെ തണുത്തു വിറങ്ങലിച്ച കൈപ്പത്തികളില്‍ ഒതുക്കികൊണ്ട് അവള്‍ പറഞ്ഞു.

‘നമുക്ക് പോവണം… എന്നിട്ട് ഒരിക്കല്‍ കൂടി, പഴയതുപോലെ മണ്ണപ്പം ചുടണം, കൊത്തങ്കല്ലു കളിക്കണം, ഊഞ്ഞാലാടണം..’
അവളുടെ ശബ്ദം ഇടറിയിരുന്നു. ചിതലു തിന്ന കഴുക്കോലില്‍ വിരല്‍ തട്ടിയുണ്ടാകുന്ന ശബ്ദത്തെപോലെ. ‘പോകാം.. ആദ്യം ഈ അസുഖമൊന്നു മാറട്ടെ.’
അവളെ ആശ്വസിപ്പിക്കാനായി മാത്രം അയാള്‍ അന്നു പറഞ്ഞിരുന്ന നിര്‍ദോഷമായ നുണകള്‍.
ഇനി ഒരിക്കലും അവള്‍ ആ കിടക്കവിട്ട് എഴുന്നേല്‍ക്കുകയോ, പണ്ടത്തെതുപോലെ, വായിക്കാനായി താന്‍ പുസ്തകം നിവര്‍ത്തുമ്പോള്‍ പിറകിലൂടെ വന്ന് ചെവികള്‍ക്കിടയില്‍ കണ്ണട തിരുകികൊടുക്കുകയോ, കീറിയ ലുങ്കി തുന്നികൊടുക്കുയോ, വിറക്കുന്ന കൈകള്‍ കൊണ്ട് ചായ തിളപ്പിക്കുകയോ ചെയ്യില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ടും അയാള്‍ പറഞ്ഞു.’

നന്ദന ആര്‍.

‘നമുക്ക് പോകാം’.
ചാരുകസാരയിലിരുന്ന് ഓരോന്ന് ഓര്‍ക്കുമ്പോഴാണ് ജനാലയിലൂടെ വെളിയിലേക്ക് നോക്കിയത്. അകലെ തെങ്ങിന്‍ തോപ്പുകള്‍ക്കപ്പുറം നീലയാകാശത്തിന്റെ നുറുങ്ങുകള്‍ കാണാം. മഴനൂലുകള്‍ കൊണ്ട് വെയിലിന്റെ ചുമരില്‍ വരഞ്ഞുവച്ച മഴവില്‍ ചിത്രങ്ങള്‍ കാണാം. കനത്ത നിഴലുകള്‍ വീണുകിടന്ന, തൊടിയുടെ നനഞ്ഞ മണ്ണില്‍ പഴുത്തുചീഞ്ഞ ചക്കകള്‍ കാണാം. അണ്ണാനും കിളികളും ഉറുമ്പുകളും കൂടി അവ പകുത്തെടുക്കുന്നു. പിന്നെയും അവശേഷിക്കുന്നവ, മണ്ണില്‍ അഴുകിപ്പോകുന്നു.
അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ പഴുത്ത ചക്കകള്‍ ഒരിക്കലും പാഴായിപോകില്ലായിരുന്നു. അയാള്‍ ഓര്‍ത്തു.
പത്തായപ്പുരയിലെ തുരുമ്പെടുത്ത സൈക്കിളിന് പിറകില്‍, കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയ ചക്കകള്‍ വരിഞ്ഞുകെട്ടി വെക്കും.
എന്നിട്ട് അവ അടുക്കള മുറ്റത്തേക്ക് കൊണ്ടുവരും. പിന്നെ തയ്യാറെടുപ്പുകളാണ്. മുളഞ്ഞുചുറ്റാന്‍ മെലിഞ്ഞ ഒരു കമ്പ്, ഇരിക്കാന്‍ മരപ്പലക, കുരു എടുത്തു വെക്കാന്‍ കഴുകി വൃത്തിയാക്കിയ പാളകഷ്ണം, സ്വര്‍ണനിറമുള്ള ചുളകള്‍ നിറക്കാന്‍ അലുമിനിയ ചെമ്പ്.

കറുത്ത, വീതി കുറഞ്ഞ കരയുള്ള വേഷ്ടിത്തുമ്പ് അരയില്‍ തിരുകി, മൂക്കിലെ കട്ടിക്കണ്ണട അമര്‍ത്തിവെച്ച് ചുവന്ന മണ്ണിലിരുന്ന് അവള്‍ ചുള പറിക്കുമായിരുന്നു. ചക്ക കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളും ചേന വേവിച്ച് കുത്തിയടച്ചതുമെല്ലാം കഴിച്ച് വിശപ്പു മാറ്റിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു അയാള്‍ ഓര്‍ത്തു.
‘പുറമെ പ്രതിഷേധത്തിന്റെ മുള്ളുകളുള്ള അകം മിനുത്ത ചക്കകള്‍…! അവളെപ്പോലെ ജീവിതത്തിന്റെ മാധുര്യം മുഴുവനും മറ്റ് ജീവിതങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത്, ഒടുവില്‍ അവഗണിക്കപ്പെടുന്ന, പരിഹസിക്കപ്പെടുന്ന വെറും ‘ചക്കകള്‍’!
ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഓര്‍മകളെ തനിച്ചാക്കി പൂമുഖത്തേക്ക് ചെന്നത്. പക്ഷെ, ആരേയും കാണുകയുണ്ടായില്ല. കാറ്റായിരിക്കണം.
മുറ്റത്ത് വിരിച്ചിരുന്ന പുല്‍പ്പായയയില്‍ പയറു കൊണ്ടാട്ടം ഉണക്കാനിട്ടിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് അയല്‍വീട്ടിലെ അല്‍പം പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്.

അവര്‍ കൊണ്ടാട്ടം ഉണക്കാനിടും, മുണ്ട് അലക്കികൊടുക്കും, വെള്ളം തിളപ്പിച്ചു തരും, കഞ്ഞി വാര്‍ത്തുവെക്കും, പക്ഷെ ചക്ക മുറിക്കില്ല.
മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് ഒരു കൊണ്ടാട്ടം കൈയില്‍ എടുത്തു പിടിച്ചുവെങ്കിലും കഴിക്കാന്‍ തോന്നിയില്ല. ആരോ വിലക്കുന്നതുപോലെ. മനസ്സ് നികത്തപ്പെടാത്ത നഷ്ടങ്ങളെയോര്‍ത്ത് അസ്വസ്ഥമാകുന്നു. പണ്ടായിരുന്നുവെങ്കില്‍ എത്ര ഒളിച്ചു കഴിക്കാന്‍ ശ്രമിച്ചാലും എവിടെ നിന്നെങ്കിലും അവള്‍ വിളിച്ചു ചോദിക്കും. ‘കഴിഞ്ഞ തവണ ബി.പി ചെക്ക് അപ്പ് നടത്തിയപ്പോള്‍ ഡോക്ടര്‍ എന്ത് പറഞ്ഞുവെന്നും മറ്റും മറ്റും ഇപ്പോള്‍ സ്വാതന്ത്യ്രമുണ്ട്. പക്ഷേ രുചിയില്ല, വിശപ്പില്ല.

ഒടുവില്‍ ഒരു പരാജിതനെ പ്പോലെ ഇടനാഴിയുടെ ഇരുട്ടിലേക്ക് സ്വയം ആഴ്ന്നിറങ്ങി. ഇടനാഴിയുടെ ചുമരിനോട് ചേര്‍ത്തിട്ടിരുന്ന അലമാരക്കു മുകളിലെ മുടി പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ് ചിരിക്കുന്ന ആ പാവയെ. കോസറി വിരിയ്ക്കുള്ളില്‍ പഞ്ഞി നിറച്ച് നീലസ്സാരി കൊണ്ട് പാവാട ഞൊറിഞ്ഞ്, കണ്ണെഴുതിച്ച്, മുടി ഇറുക്കി പിന്നിയിട്ട് കുട്ടികള്‍ ഉണ്ടാവാതിരുന്നത് നന്നായെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു. പിന്നീട് അയാളും അതുതന്നെ വിശ്വസിച്ചു. എങ്കിലും അയാളില്ലെന്നു കരുതി നനഞ്ഞ കണ്ണുകളോടെ അവള്‍ ആ പാവയെ മാറോടടുപ്പിക്കുന്നത് അയാള്‍ എത്രയോ കണ്ടിട്ടുള്ളതാണ് അവളില്ലാത്ത നേരങ്ങളില്‍ താന്‍ ആ പാവയുടെ നെറ്റിയില്‍ തലോടുള്ളത് അവള്‍ കണ്ടിരുന്നുവോ എന്ന് സംശയിച്ചുകൊണ്ട് അയാള്‍ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നു. നനഞ്ഞ കണ്ണടകള്‍ ഊരിയെടുത്തു.

പഴുത്ത ചക്ക മുറിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മുറി നിറയെ പഴുത്ത ചക്കയുടെ സുഗന്ധം. നനയുന്ന കണ്ണുകളോടെ അയാള്‍ ജനാലക്ക് പുറത്തേക്ക് നോക്കി. തൊടിയിലെ പ്ലാവില്‍ കാലം തെറ്റി കായ്ച്ച ചക്കകള്‍ അപ്പോഴും മണ്ണിന്റെ നനവിലേക്ക് അടര്‍ന്നു വീണുകൊണ്ടിരുന്നു.

 

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
നേടിയ കവിതകളും കഥകളും

 

ഹൈസ്കൂള്‍ വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അടുപ്പ്-നിസ്തുല്‍രാജ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ബ്ലോഗിന്റെ വാക്കുകള്‍-വി.എ അനുപമ

ഹൈസ്കൂള്‍ വിഭാഗം കഥാരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തേങ്ങല്‍-ആഷിക് ബാബു

ഹയര്‍സെക്കന്‍ഡറി വിഭാഗം കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ചക്കയുടെ സുഗന്ധം-നന്ദന ആര്‍

4 thoughts on “ചക്കയുടെ സുഗന്ധം-നന്ദന ആര്‍.

  1. ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ള സ്ഥിരം വള്ളുവനാടന്‍ നൊസ്റ്റാള്‍ജിയ

Leave a Reply

Your email address will not be published. Required fields are marked *