ബ്ലോഗിന്റെ വാക്കുകള്‍- – വി.എ അനുപമ

 

 

കൊല്ലാം നിനക്കു, മനസ്സിനെ,
മാറ്റൊലിക്കൊള്ളുമീ കാവ്യത്തിനെ.
കൊല്ലുവാനാകില്ല നിന്നുടെയുള്ളത്തി-
ലിന്നും മധുരിക്കുമോര്‍മ്മകളെ…

 

-സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത. തിരുവനന്തപുരം നിര്‍മലാ ഭവന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വി.എ അനുപമയുടെ കവിത. വിരഹിയുടെ ബ്ലോഗ് എന്നതായിരുന്നു കവിതാ രചനയുടെ വിഷയം.

 

 

പൊട്ടിച്ചിരിക്കയാണിന്നുമെന്‍ കണ്ണുനീര്‍
പൊട്ടാത്ത ചങ്ങലക്കണ്ണികളില്‍
പൊട്ടിക്കരയുകയാണിന്നു മാനസം
പൊട്ടുന്ന മാനുഷ്യബന്ധങ്ങളില്‍
മാറുന്നു ലോകം, മനുഷ്യരും മായാതെ
മാറുന്നു ജീവിതച്ചിത്രങ്ങളും
മൃത്യു വരിക്കുന്നു പൈതൃകസമ്പത്തു-
മായുസ്സു നീളാത്ത മോഹങ്ങളും
ഉത്തരമില്ലാതനാഥമായ് മാറുന്നു
ചോദ്യങ്ങളായിരമുള്‍ത്തടത്തില്‍
എന്തിനീ വാക്കുകള്‍, ചിന്തകള്‍,
മാനസച്ചെപ്പിലടച്ചു മറച്ചിടുന്നു?

മാനവസൃഷ്ടിയാമിക്കൊച്ചു ബ്ലോഗിനും
ചൊല്ലുവാനേറെയുണ്ടോര്‍ത്തീടുക
ഏറെക്കിനാക്കളും, ദുഃഖവും പേറുക-
യാണുഞാന്‍, ജീവനില്ലെന്നാകിലും
ഒന്നാണു നാമെന്നു ചൊല്ലിപ്പിരിഞ്ഞവ-
രേറെയുമെന്നുടെയുറ്റതോഴര്‍
കാണുകയില്ലെന്നു കണ്ണാലെയോതിയോ-
രെന്നോടു കിന്നാരമോതിടുന്നു
കാതില്ലെ,നിക്കില്ല കണ്‍കളുമെങ്കിലു-
മെന്നുമെന്നുളളം തപിച്ചിടുന്നു.

കാവ്യ പുഷ്പത്തിന്നിതളുകള്‍ വാടാതെ-
യുള്ളത്തിലെന്നും വിരിഞ്ഞു നില്‍പൂ
മേലാപ്പു തീര്‍ക്കുന്നു കണ്ണുനീര്‍ മുത്തുകള്‍,
പാതകളാശയാല്‍ പുഷ്പിതങ്ങള്‍,
ആലോലവായുവില്‍ ഗദ്ഗദങ്ങള്‍, ചുറ്റു-
മേങ്ങലില്‍ ചാരക്കുടിയിരിപ്പും
ശോക പൂര്‍ണം, മമ ലോകം, മനതാരി-
ലെന്നും വിഷാദത്തിനീരടികള്‍.
കൊഞ്ചും മൊഴികളില്‍ നോവിന്റെ നീറ്റലാ-
ണില്ലൊരു തെന്നലും കൂട്ടുകൂടാന്‍.
എന്നിലേക്കില്ലൊരു സാമോദഗീതവു-
മാരുമേകുന്നിതില്ലാശകളും
വറ്റാതിരമ്പുന്ന ദുഃഖക്കടലു-
കളായിരം മാനസക്കൂട്ടിലുണ്ട്.

പേറുന്നനേകം തപിക്കുന്ന കാവ്യങ്ങ-
ളാറിത്തണുക്കാത്ത ദുഃഖാഗ്നിയും
നഷ്ടസ്വപ്നങ്ങളും, പാടാന്‍ മറന്നൊരാ-
പാട്ടും, പെയ്യാ,ക്കിനാമേഘവും
ചേതനയില്ലയെന്നാകിലും മാനവാ
നിന്നോട് ചൊല്ലുവാനേറെയുണ്ട്
ജീവിതപ്പാച്ചിലില്‍ നഷ്ടമായ്പ്പോവതും,
നിന്റേതു മാത്രമാം പൊന്‍കിനാക്കള്‍
‘അര്‍ത്ഥ’ വേട്ടയ്ക്കുള്ള വന്‍കുതിപ്പെപ്പോഴും
വ്യര്‍ത്ഥമാണെന്ന നേരോര്‍ത്തീടുക
കൊല്ലുന്നു നീ നിന്റെ നേരിനെ, ജീവിത-
പ്പാതിയെ സ്വത്വത്തിനീരടിയെ,
ചണ്ടിയായ് മാറ്റിയോരമ്മയെ, കണ്ണുനീര്‍-
പ്പൂക്കളെ, പാണന്റെ പാട്ടുകളെ
കൊഞ്ചിപ്പിണങ്ങാന്‍ കൊതിച്ചൊരാ തോഴിയെ,
നാടിനെ, താരാട്ടുപാട്ടുകളെ.
എന്നും മരുപ്പച്ച തേടി നീ, നിന്നെയും
കാത്തങ്ങു പാടങ്ങളേറെയുണ്ട്.

പോകുക നീ നിന്റെ നേരിലേക്കൂളിയി-
ട്ടാമോദമാകുന്ന തേന്‍നുകരാന്‍
കെട്ടിമറയ്ക്കും കിനാക്കളെക്കാണവേ
പൊട്ടിച്ചിതറുകയാണ് ചിത്തം
പേറും വിരഹ ദുഃഖക്കടല്‍ കാണവെ,
വിങ്ങുകയാണെന്റെയുള്‍ത്തുടിപ്പും
എന്തിനോ വേണ്ടിക്കുതിക്കുന്ന മാനവാ
നേരറിയേണ്ട നാള്‍ വന്നു ചേര്‍ന്നു
നീ നഷ്ടമാക്കിടും യാമങ്ങളൊന്നുമേ
നിന്നെ,ത്തിരഞ്ഞിങ്ങു പോരുകില്ല.
ദുഃഖമില്ലാതൊരു ലോകമില്ലെങ്കിലും
വയ്യിനി താങ്ങുവാനാര്‍ത്തനാദം
നിന്നുടെ ദുഃഖത്തിനന്ത്യമെന്‍ ജീവന്റെ
യന്ത്യമാണെന്നതുമോര്‍ക്കുന്നു ഞാന്‍
ചിന്തിക്ക, കൊല്ലാം നിനക്കു, മനസ്സിനെ,
മാറ്റൊലിക്കൊള്ളുമീ കാവ്യത്തിനെ.
കൊല്ലുവാനാകില്ല നിന്നുടെയുള്ളത്തി-
ലിന്നും മധുരിക്കുമോര്‍മ്മകളെ..

 

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
നേടിയ കവിതകളും കഥകളും

 

ഹൈസ്കൂള്‍ വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അടുപ്പ്-നിസ്തുല്‍രാജ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ബ്ലോഗിന്റെ വാക്കുകള്‍-വി.എ അനുപമ

ഹൈസ്കൂള്‍ വിഭാഗം കഥാരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തേങ്ങല്‍-ആഷിക് ബാബു

ഹയര്‍സെക്കന്‍ഡറി വിഭാഗം കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ ചക്കയുടെ സുഗന്ധം-നന്ദന ആര്‍

5 thoughts on “ബ്ലോഗിന്റെ വാക്കുകള്‍- – വി.എ അനുപമ

  1. നല്ല താളത്തിലെഴുതിയ
    ഉത്തരാധുനികത്തിന്‍റെ കടന്ന് കയറ്റമില്ലാതെ ജീവിതസത്യങ്ങളെയും പച്ചയായ മനുഷ്യവികാരങ്ങളെയും ആഴത്തില്‍ തൊട്ട കവിത.
    എല്ലാ നന്മകളും.

    സൈനുദ്ദീന്‍ ഖുറൈഷി.

  2. ഉത്തരാധുനികത്യുടെ പിന്നാലെ പായുന്ന നമ്മുടെ ബ്ലോഗ്ഗെഴുത്തുകാർ..ഈ കവിത മനസ്സിരുത്തി വായിക്കണം…നല്ല ആവിഷ്കാരം,നല്ല രചന…ഈ കുരുന്നിനു എന്റെ എല്ലാ ഭാവുകങ്ങളും

Leave a Reply

Your email address will not be published. Required fields are marked *