എന്തുകൊണ്ട് ഇന്ത്യ മികച്ച ടീമല്ല?

ലോകകപ്പ് നേടിയ ഒരു ടീം ഇത്ര ദയനീയമായി തോറ്റമ്പുമെന്ന് ഒരുപക്ഷെ ആരും കരുതിക്കാണില്ല. ഇന്ത്യ എന്നും ഇങ്ങനെയൊക്കെയായിരുന്നു. വിദേശമണ്ണില്‍ പര്യടനം നടത്തുമ്പോള്‍ പേസ് ബൌളിങിന് അനുകൂലമായ പിച്ചില്‍ ബാറ്റ്സ്മാന്മാരുടെ കൂട്ട ആത്മഹത്യ പതിവാണ്. എന്നാല്‍, ഇക്കുറി ഒരു സമനില പോലും നേടാനുതകുന്ന മികച്ച ഇന്നിങ്സുകള്‍ മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഭാഗത്തുനിന്നുണ്ടായില്ല-ആസ്ത്രേലിയന്‍ പര്യടനത്തിന്റെ പശ്ചാത്തലത്തില്‍ കെ. സുരേഷ് കുമാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിലയിരുത്തുന്നു. photo courtesy: cricinfo.com

 

 

ആസ്ത്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം കാണുമ്പോള്‍ പണ്ട് പ്രൈമറി ക്ലാസിലെ കേരള പാഠാവലിയില്‍ പഠിച്ച ‘തോറ്റോടിയ പട’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ പദ്യശകലമാണ് ഓര്‍മ വരുന്നത്.
‘ഉള്ളത്തില്‍ ഭയമേറുക മൂലം
വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു’

പഴയ ഫോമിന്റെ നിഴല്‍ മാത്രമായ ആസ്ട്രലിയയെ അവരുടെ മടയില്‍ ചെന്ന് കീഴ്പ്പെടുത്തി പരമ്പര വിജയമെന്ന ചരിത്രനേട്ടവും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറിയുമെല്ലാം സ്വപ്നം കണ്ട് യാത്ര തിരിച്ച ‘ടീം ഇന്ത്യ’ ഒന്നും പൊരുതി നോക്കാന്‍ പോലുമാവാതെ തിരിഞ്ഞോടുകയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ മൂന്നും ഇന്ത്യ വന്‍ മാര്‍ജിനില്‍ തന്നെ തോറ്റുകഴിഞ്ഞിരിക്കുന്നു. പാറ്റിന്‍സനും ഫില്‍ഫനോസും പീറ്റര്‍ സിഡിലുമടങ്ങുന്ന പേസ് ബൌളിങ് പടക്കു മുമ്പില്‍ ലോകത്തെ ഏറ്റവും മികച്ചതെന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് നിര എത്ര എളുപ്പമാണ് സ്വയം കുഴികുത്തിയത്? ബാറ്റ്സ്മാന്‍മാരുടെ പറുദീസയായ സിഡ്നിയില്‍ പോലും ഇന്ത്യ ഇന്നിങ്സ് തോല്‍വി ഏറ്റുവാങ്ങി. ഇനി അഡലൈഡില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇതേ ഫോമില്‍ കളിച്ചാല്‍ ഇന്ത്യ അദ്ഭുതമൊന്നും കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. വിദേശ മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് തോല്‍വിയാണിത്. ഇംഗ്ലീഷ് മണ്ണില്‍ തുടങ്ങിയ പരാജയ പരമ്പര ഇപ്പോള്‍ കങ്കാരുക്കളുടെ നാട്ടിലും തുടരുന്നു.

ലോകകപ്പ് നേടിയ ഒരു ടീം ഇത്ര ദയനീയമായി തോറ്റമ്പുമെന്ന് ഒരുപക്ഷെ ആരും കരുതിക്കാണില്ല. ഇന്ത്യ എന്നും ഇങ്ങനെയൊക്കെയായിരുന്നു. വിദേശമണ്ണില്‍ പര്യടനം നടത്തുമ്പോള്‍ പേസ് ബൌളിങിന് അനുകൂലമായ പിച്ചില്‍ ബാറ്റ്സ്മാന്മാരുടെ കൂട്ട ആത്മഹത്യ പതിവാണ്. എങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ ബാറ്റിങ് പ്രതിഭകളുടെ ഒറ്റപ്പെട്ട മികച്ച ഇന്നിങ്സുകള്‍ ഇന്ത്യയുടെ മുഖം രക്ഷിച്ചിരുന്നു. വീരേന്ദ്രസേവാഗിന്റെ തകര്‍പ്പന്‍ ബാറ്റിങ് ചിലപ്പോഴൊക്കെ ഇന്ത്യന്‍ വിജയത്തിന് അടിത്തറയായി. എന്നാല്‍, ഇക്കുറി ഒരു സമനില പോലും നേടാനുതകുന്ന മികച്ച ഇന്നിങ്സുകള്‍ മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഭാഗത്തുനിന്നുണ്ടായില്ല. സച്ചിന്‍ ഫോമിലാണെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ കഴിയാതെ കൂടാരം കയറുന്നു. രാഹുല്‍ ദ്രാവിഡിന്റെ പ്രതിരോധ മതില്‍ തുളച്ച് മിഡില്‍ സ്റ്റമ്പും കൊണ്ട് പറക്കുകയാണ് ഓസീസ് ബൌളര്‍മാരുടെ തീപാറുന്ന പന്തുകള്‍. ആസ്ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ എന്നും ഉജ്വലഫോമിലേക്കുയരാനുള്ള ലക്ഷ്മണ്‍ പരാജയപ്പെടുന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ടെസ്റ്റ് മത്സരങ്ങളില്‍ എന്നും ഒരു രക്ഷകന്റെ പരിവേഷമുണ്ടായിരുന്നു ഈ ഹൈദരാബാദുകാരന്. ഇത്തവണ സിഡ്നിയില്‍ മാത്രമാണ് ലക്ഷ്മണ്‍ അല്‍പനേരമെങ്കിലും ക്രീസില്‍ നിന്നത്.

 

എം.എസ് ധോണി

 

സ്വന്തം മണ്ണിലെ പുലികള്‍
സ്വന്തം നാട്ടില്‍ ചതിയന്‍ പിച്ചുകളൊരുക്കി വമ്പന്‍ ടീമുകള്‍ക്കെതിരെ വിജയം നേടിയ റെക്കോര്‍ഡുകളാണ് ഇന്ത്യക്ക് അധികവും എടുത്തുകാട്ടാനുള്ളത്. സ്പിന്‍ ബൌളര്‍മാരെ നിരത്തി ഇത്തരം ജയങ്ങള്‍ കൊയ്തെടുക്കുന്നവര്‍ക്ക് ഒന്നാംകിട പേസ് ബൌളര്‍മാര്‍ക്ക് മുമ്പില്‍ മുട്ടുവിറച്ചുപോകുന്നു. മികച്ച പേസ്ബൌളര്‍മാരെ എതിരിട്ട് പരിചയമില്ലാത്ത ഇന്ത്യയുടെ യുവബാറ്റിങ് നിര, വിദേശ മണ്ണില്‍ കുത്തിയുയരുന്ന പന്തുകള്‍ക്ക് മുമ്പില്‍ പരാജയപ്പെടുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെയാണ് സച്ചിന്‍-ദ്രാവിഡ്-ലക്ഷ്മണ്‍ ത്രയത്തെ മാറ്റി യുവനിരയെ കളിപ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക് ധൈര്യമില്ലാത്തത്. പേസ് ബൌളിങ്ങിനെ തുണക്കുന്ന പിച്ചകളൊരുക്കി, ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ടിനെയുമൊക്കെ ക്ഷണിക്കാന്‍ ധൈര്യം കാണിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഈ ദയനീയതയില്‍ നിന്ന് മോചിതരാവാന്‍ കഴിയൂ.

 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

 

സെഞ്ച്വറിയോടടുക്കുമ്പോള്‍ സച്ചിന്‍
രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറ് സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. പക്ഷെ ആ സുവര്‍ണ നേട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുകയാണ് ഇന്ത്യയില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ടുതവണ വിറയാര്‍ന്ന തൊണ്ണൂറുകളില്‍ (nervous ninties) സച്ചിന്‍ പുറത്താവുകയായിരുന്നു. ആസ്ട്രേലിയയിലും രണ്ടുതവണ അര്‍ധശതകം പിന്നിട്ട് മുന്നേറിയ സച്ചിന്‍ ചരിത്രനേട്ടം കുറിക്കുമെന്ന് തോന്നലുളവാക്കിയെങ്കിലും സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിക്കറ്റ് കളയുകയായിരുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്നായി ഇതുവരെ 28 തവണയാണ് സച്ചിന്‍ വിറയാര്‍ന്ന തൊണ്ണൂറുകളില്‍ പുറത്താവുന്നത്. ഇതും ലോക റെക്കോര്‍ഡാണ്. സെഞ്ച്വറിയോടടുക്കുമ്പോള്‍ ഇപ്പോഴും കന്നി സെഞ്ച്വറിക്കാരന്റെ മാനസിക സമ്മര്‍ദ്ദം സച്ചിനെ വിഷമിപ്പിക്കുന്നുണ്ടെന്നത് സത്യം. വളരെ ശ്രദ്ധാലുവായി ഓരോ പന്തിനെയും നേരിടാറുള്ള സച്ചിന്‍ സെഞ്ച്വറിയോടടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവാകുന്നതാണ് ചരിത്രനേട്ടം അകന്നുപോകുന്നതിന് കാരണമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍.

 

വി.വി.എസ് ലക്ഷ്മണ്‍

 

ലക്ഷ്മണിന് പകരം ആര്?
വി.വി.എസ് ലക്ഷ്മണിന്റെ രക്തത്തിന് വേണ്ടിയാണ് ഇപ്പോള്‍ മുറവിളി ഉയരുന്നത്. സാങ്കേതികത്തികവും ചാരുതയാര്‍ന്ന കേളീശൈലിയും കൈമുതലായ ലക്ഷ്മണ്‍ ഒരുപാട് പ്രതീക്ഷകളുടെ ഭാരവുമായാണ് ആസ്ട്രേലിയയിലെത്തിയത്. പക്ഷെ, തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ പകരക്കാരനായി രോഹിത് ശര്‍മയെ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനവും ത്രിശങ്കുവിലാവുകയാണ്. പക്ഷെ, ട്വന്റി-20യും ഏകദിനവും മാത്രം കളിച്ച് ഖ്യാതി നേടിയ യുവനിരയില്‍ ലക്ഷ്മണിനെപ്പോലൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റിന് പകരക്കാരനായി ആര്‍ക്ക് തിളങ്ങാനാവുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. അപാരപ്രതിഭയുണ്ടായിട്ടും യുവരാജ് സിങിനുപോലും ടെസ്റ്റ് ക്രിക്കറ്റ് എന്ന ക്ലാസിക് പോരാട്ടത്തില്‍ കഴിവുതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സമകാലിക ഇന്ത്യന്‍ ക്രികറ്റില്‍ വി.വി.എസ് ലക്ഷ്മണിന് പകരക്കാരനായി ലക്ഷ്മണ്‍ മാത്രമേയുള്ളൂ. ആസ്ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്നത് ഈ ഹൈദരാബാദുകാരന്റെ അവസാന ടെസ്റ്റ് പരമ്പരയാക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് അബദ്ധമായിരിക്കും.

 

ഉമേഷ് യാദവും വിരാത് കോഹ്ലിയും

 

എറിഞ്ഞ് നടുവൊടിയുന്ന ബൌളര്‍മാര്‍
ലക്ഷണമൊത്ത ഫാസ്റ്റ് ബൌളര്‍മാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ എന്നും ക്ഷാമം തന്നെയായിരുന്നു. സഹീര്‍ഖാന്‍ എന്ന സ്ട്രൈക്ക് ബൌളറുടെ മാത്രം ബലത്തിലാണ് കുറേ വര്‍ഷങ്ങളായ ഇന്ത്യ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ആസ്ട്രേലിയയില്‍ ഉമേഷ് യാദവ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടമാക്കിയെങ്കിലും ആ കഠിനാധ്വാനത്തിന് അനുയോജ്യമായ പിന്തുണ ബാറ്റ്സ്മാന്‍മാര്‍ നല്‍കിയില്ല. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ് നടുവൊടിഞ്ഞതല്ലാതെ കാര്യമായി വിക്കറ്റും കിട്ടിയില്ല. ഇന്ത്യന്‍ ബൌളര്‍മാരുടെ ദൌര്‍ബല്യം മുതലെടുത്ത്, ഫോമിലല്ലാത്ത വിക്കിപോണ്ടിങ് ഫോമിലേക്കുയരുകയും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പുഷ്പം പോലൊരു ട്രിപ്പ്ള്‍ സെഞ്ച്വറി നേടുകയും ചെയ്തു. പെര്‍ത്തിലെ പോലൊരു ഫാസ്റ്റ്ബൌളിങ് പിച്ചില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍നര്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറി ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് എന്നും നാണക്കേടാണ്. മറുവശത്ത്, പാറ്റിന്‍സനും ഹില്‍ഫനോസും പീറ്റര്‍സിഡിലും മത്സരിച്ച് വിക്കറ്റുകള്‍ കൊയ്തെടുക്കുകയും ചെയ്തു.

ഐ.പി.എല്‍ അല്ല യഥാര്‍ഥ ക്രിക്കറ്റ്
ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയടക്കമുള്ള പുതുയുഗ ബാറ്റിങ് നിര ട്വന്റി-20 പോലുള്ള ക്രിക്കറ്റിന്റെ ഹ്രസ്വ രൂപങ്ങളില്‍ മാത്രം കഴിവും തെളിയിക്കുന്നവരാണ്. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും സുരേഷ് റെയ്നയും രോഹിത് ശര്‍മ്മയുമെല്ലാം മികച്ചവര്‍. ബൌളിങ് നിരയില്‍ പ്രവീണ്‍കുമാര്‍, മുനാഫ് പട്ടേല്‍, സ്പിന്നര്‍മാരായ അശ്വിന്‍, പ്രഗ്യാന്‍ ഓജ, പരിക്കിലമര്‍ന്ന ഹര്‍ഭജന്‍ എന്നിവര്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കന്മാരാണ്. പക്ഷേ, ഏകദിന മത്സരങ്ങളേക്കാള്‍ ട്വന്റി-ട്വന്റി മത്സരങ്ങള്‍ ഏറെ കളിക്കുന്നവരാണിവര്‍. ചാമ്പ്യന്‍സ് ലീഗും ഐ.പിഎല്‍ മത്സരങ്ങളുമായി സമൃദ്ധമായ ക്രിക്കറ്റ് സീസണാണ് അവരെ കാത്തിരിക്കുന്നത്. ബൌളര്‍മാരെ കടന്നാക്രമിക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ട്വന്റി-ട്വന്റി മത്സരത്തിലുള്ളത്. അതുകൊണ്ടുതന്നെ അവിടെ സാങ്കേതികത്തികവിനും ചാരുതയാര്‍ന്ന ക്ലാസിക്ക് ഇന്നിങ്സുകള്‍ക്കും പ്രസക്തിയില്ല. കുറഞ്ഞ നേരം ക്രീസില്‍ നിന്ന് പരമാവധി റണ്‍സ് വാരുകയെന്ന ലക്ഷ്യവുമായി ബാറ്റിങിനെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക്, യഥാര്‍ഥ ക്രിക്കറ്റിന്റെ പോരാട്ടമുഖത്ത് തിളക്കമാര്‍ന്ന ഇന്നിങ്സുകള്‍ കാഴ്ചവെക്കാന്‍ കഴിയാത്തതില്‍ അദ്ഭുതമില്ല. ഏകദിന മത്സരങ്ങളില്‍ മികച്ച ശരാശരിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പോലും ഒരു മികച്ച ബാറ്റ്സ്മാനല്ല. ലോകകപ്പ് ഫൈനലടക്കം നിരവധി മത്സരങ്ങളില്‍ ധോണി വെടിക്കെട്ടിന് തിരി കൊളുത്തിയിട്ടുണ്ട്. പക്ഷെ, സമകാലിക ക്രിക്കറ്റിലെ ഏറ്റവും അരോചകമായ ശൈലിയാണ് ധോണിയുടേതെന്ന് പറയാതെ വയ്യ. ടെസ്റ്റ് മത്സരങ്ങളില്‍ ധോണി തിളങ്ങാതെ പോവുന്നതും ക്രിക്കറ്റിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലള്ള അജ്ഞതയാണ്.

 

 

ട്വന്റി-20 ലോകകപ്പും കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും നേടുകയും കരുത്തിന്റെ മൂര്‍ത്തികളായ ആസ്ട്രേലിയയടക്കമുള്ള വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തുകയും ചെയ്ത് ഒന്നാം നമ്പര്‍ ടീമെന്ന പദവിയിലേക്കുയരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ മുഖം നഷ്ടപ്പെട്ടുപോയത്. ഒരുപാട് പ്രതിഭകള്‍ അണിനിരന്നിട്ടും അതിലേറെ ദൌര്‍ബല്യങ്ങള്‍ ഇന്ത്യന്‍ കൂടപ്പിറപ്പായുണ്ട്. പേസ്ബൌളിങിനെ ഉചിതമായി നേരിടാന്‍ കഴിയാത്ത ബാറ്റിങ് നിരയാണ് ഒന്നാമത്തേത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍-ദ്രാവിഡ്-ലക്ഷ്മണ്‍ ത്രയത്തിന് പകരം വെക്കാന്‍ കഴിയുന്ന ബാറ്റിങ് നിരയെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സെവാഗ്-ഗംഭീര്‍ കൂട്ടുകെട്ട് കുറച്ചുകാലം കൂടി മുന്നോട്ടുപോവുമെന്ന് കരുതാം. ബൌളിങ് നിരയിലാണെങ്കില്‍ അശ്വിനെയും പ്രഗ്യാന്‍ ഓജയെയും പോലുള്ള സ്പിന്നര്‍മാര്‍ രംഗത്തുവരുന്നുണ്ടെങ്കിലും പേസ്ബൌളര്‍മാര്‍ യഥേഷ്ടം ഉയര്‍ന്നുവരുന്നില്ല. അയല്‍രാജ്യങ്ങളായ പാക്കിസ്താനിലും ശ്രീലങ്കയിലും അതിവേഗ ബൌളര്‍മാര്‍ വിക്കറ്റ് കൊയ്തെടുക്കുന്നത് കൊതിയോടെ കണ്ടിരിക്കാനേ നമുക്ക് കഴിയൂ. നമ്മുടെ പേസ് ബൌളര്‍മാരാവട്ടെ അത്യധ്വാനം ചെയ്ത് പരിക്കിന്റെ പിടിയിലമരുകയാണ് പതിവ്. സഹീര്‍ഖാന്റെ പരിക്കുമറച്ചുവെച്ച് കളിക്കാനിറങ്ങുകയും പാതിവഴി തിരിച്ചുകയറുകയും ചെയ്ത ചരിത്രമുണ്ട് നമുക്ക് മുമ്പില്‍.

ഏതായാലും ആസ്ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേര്‍ക്കുപിടിച്ച ഒരു കണ്ണാടിയാണ്. ഇന്ത്യ എന്തുകൊണ്ട് ഒരു മികച്ച ടീമല്ല എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താനുതകുന്ന ചരിത്ര പരമ്പര.

2 thoughts on “എന്തുകൊണ്ട് ഇന്ത്യ മികച്ച ടീമല്ല?

Leave a Reply

Your email address will not be published. Required fields are marked *