കാടിനാല്‍ പൂക്കുന്ന വാക്കുകള്‍

സന്തോഷമാണ് കാട് തരുന്ന സ്ഥായീഭാവം. തലക്കുമുകളില്‍ വട്ടം കൂടി പച്ചില തൊട്ടുരുമ്മിപ്പറക്കുന്ന വനദേവത ചിത്രശലഭങ്ങളും ഓരോ മാസവും ഓരോ വര്‍ണങ്ങള്‍ സമ്മാനിക്കുന്ന പൂക്കളും (ഈ മാസം റോസ് നിറമാണ്) വേനലിന്റെ മേളത്തില്‍ ഇഞ്ചിപ്പുല്ല് മണക്കുന്ന പൊടിവഴികളും ആറളത്തിനുള്ളിലൂടെയുള്ള ചിത്രശലഭങ്ങളുടെ കൂട്ടപ്പറക്കലും തോല്‍പ്പെട്ടിയില്‍വെച്ച് ശാന്തഗംഭീരനായി വെള്ളംകുടിച്ചുനിന്ന ആ ഒറ്റയാനും എല്ലാം എല്ലാം. സൂക്ഷിച്ചുനോക്കിയാല്‍ ഓരോ പുല്‍ത്തുമ്പിലും ഓരോ മണ്‍കൂനയിലും ജീവന്റെ തുടിപ്പുകള്‍. തല 180 ശതമാനം ചെരിച്ച് നോക്കുന്ന, ചൊവ്വാഗൃഹജീവികളെപ്പോലെയുള്ള ഒരു തൊഴുക്കയ്യന്‍ പ്രാണി, വര്‍ണശബളമായ ഉടുപ്പണിഞ്ഞ ഒരു ചിലന്തി, പിന്നെ, എന്റെ പാവം കണ്ണില്ലാ പഴുതാരകളും-സുവോളജിക്കല്‍ സര്‍വേയിലെ ഗവേഷക ധന്യ ബാലന്‍ എഴുതുന്നു

 

 

കാടനുഭവങ്ങളില്‍ ഞാനൊരു ശിശുവാണ്. കടലിലേക്കു കാല്‍ പാദമിറക്കിവെച്ച്, തിരയുടെ തണുപ്പ് മാത്രമറിഞ്ഞ് കടലിനെ പഠിച്ചു തുടങ്ങിയ വെറുമൊരു കുട്ടി. അത്തരമൊരാള്‍ക്ക് കാടിനെ കുറിച്ച് ആഴത്തിലൊന്നും പറയാന്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍, കാടിനോടുള്ള സ്നേഹത്തെക്കുറിച്ച്, ആ സ്നേഹം ജീവിതത്തിലുണ്ടാക്കുന്ന അസാധാരണ പരിണാമങ്ങളെക്കുറിച്ച് ഇത്തിരിയൊക്കെ പറയാനായേക്കും. വനയാത്രകളുടെ വിത്തുകള്‍ ഉള്ളില്‍ അജ്ഞാതമായി വീണു കിടക്കുന്ന ഏതെങ്കിലുമൊരു കുട്ടിയുടെ ഉള്ളില്‍ ഇത്തിരി അനക്കങ്ങളുണ്ടാക്കാന്‍, കാട്ടിലേക്കു നീളുന്ന സ്വപ്നക്കൈകള്‍ കണ്‍തുറന്നു കാണാന്‍ പ്രേരിപ്പിക്കാന്‍ ഒരു പക്ഷേ, അതിനു കഴിഞ്ഞേക്കാം. ആ ഒരൊറ്റ സാധ്യത. തീര്‍ച്ചയായും അതു മാത്രമാണ്, കാടിനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ ഇപ്പോള്‍ എന്റെ മുന്നിലുള്ളത്.
പൊടിച്ചൂടിന്റെ പൊള്ളുന്ന വെയിലും പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറുന്ന മഞ്ഞും നിറഞ്ഞ രാവില്‍ എഴുതി തുടങ്ങുമ്പോള്‍ മുന്നില്‍ വന്നു നില്‍ക്കുന്നത് പല കാലങ്ങളാണ്. പല ഇടങ്ങള്‍. പല വ്യക്തികള്‍. കാട്ടിലേക്ക് സദാ വിളിക്കുന്ന എന്തോ ഒന്ന്. ഞാനിഷ്ടപ്പെടുന്ന വനയാത്രികരെല്ലാം പറയുന്ന ആ ഒന്നിലേക്ക് എത്തണേ എന്ന ആഗ്രഹം.

ധന്യ ബാലന്‍

കോതമംഗലത്തിനടുത്തുള്ള ‘കോട്ടപ്പടി’ എന്ന ഗ്രാമമാണ് കാട് എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന ആദ്യ ഓര്‍മ്മ. റബ്ബര്‍ മരങ്ങളും ചെറുകുന്നുകളും നിറഞ്ഞൊരു ഗ്രാമം. എന്റെ അമ്മയുടെ നാട്. അമ്മയുടെ വീടിനു പുറകു വശത്ത് സര്‍പ്പക്കാവായിരുന്നു. ഭയവും അത്ഭുതവും ഒരു പോലെ വന്നു തൊട്ടിരുന്ന ബാല്യകാല സ്മൃതി. അതുവരെ കാണാത്ത ചെടികളും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ആ തൊടിയാവാം എന്റെ ഓര്‍മ്മയിലെ ആദ്യ കൊച്ചുകാട്.
കാലടിയിലെ കുട്ടിക്കാലവും ശാസ്ത്ര സാഹിത്യ പരിഷത്ത് ക്യാമ്പുകളില്‍ പതിവായിരുന്ന പ്രകൃതി ക്ലാസുകളും ആ കാട്ടുവിചാരങ്ങള്‍ക്ക് ഇത്തിരി കൂടി തെളിമ തന്നിരിക്കണം. വലിയ ക്ലാസുകളില്‍ നടത്തിയ പഠന യാത്രകള്‍ ശാസ്ത്രീയമായി കാടിനെ കാണാനുള്ള കണ്ണ് തെളിച്ചു. ഡോ. ഷാജു തോമസ് എന്ന പ്രകൃതി സ്നേഹിയായ അധാപകന്‍ ഈ വഴിത്താരയിലെ ആദ്യ ഗുരുവായി. എന്നാല്‍, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷണ യാത്രകളില്‍നിന്നു തന്നെയാണ് കാട് എന്ന മഹാതിശയത്തിലേക്ക് ഞാനിറങ്ങി നില്‍ക്കാന്‍ തുടങ്ങഇയത്.

 

കക്കയത്തെ മഴ. ഫോട്ടോ: ഉമേഷ് പി.കെ

 

മഴപ്പാട്ടുകള്‍
കാട്ടിലെ വഴിത്താരകളിലൂടെയുള്ള ഓരോ യാത്രയും മറക്കാനാവാത്തതാണ്. എങ്കിലും ഏറ്റവുമധികം സന്തോഷിപ്പിച്ചത് കാട്ടിലെ മഴയാണ്. വര്‍ഗീകരണ ശാസ്ത്രമെന്ന ഗവേഷണ കവചത്തില്‍നിന്ന് പുറത്ത് കടന്ന് പ്രകൃതിയിലലിയുന്ന സമയത്താണ് കാട്ടിലെ മഴയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഞാനേറ്റവും അടുത്തറിഞ്ഞ കക്കയത്തെ കാടാവട്ടെ ഇക്കാര്യത്തില്‍ സദാ എന്നെ കളിപ്പിക്കും. നാട്ടിലെ പൊരിവെയിലത്ത് ബസില്‍കയറി കക്കയത്തെത്തും. കവലയില്‍നിന്ന് കുന്നുകയറി പകുതിയാവുമ്പോഴേക്കും അതാ ചിരിച്ചു കൊണ്ട്, മഴ! അല്ലെങ്കില്‍, മഞ്ഞു കൊണ്ടു ചുറ്റും മൂടി അതിന്റെ കുസൃതി!

കാട്ടില്‍ മഴയെ സ്നേഹിക്കാന്‍ വേണമെങ്കിലൊരു ന്യായമുണ്ട്. മഴയത്ത് ആനയെ പേടിക്കേണ്ടത്രെ. പാവങ്ങള്‍ വെള്ളം കിട്ടാതാവുമ്പോഴാണല്ലോ അപകടം കൂടുതല്‍ കാട്ടുക. (ഇതെന്റെ മാത്രം ന്യായമാവാം). കൊട്ടിയൂരിലൊരിക്കല്‍ പെരുമഴയത്ത് കൂടെ ഓടിയ ഒരോര്‍മ്മയുണ്ട്. മഴ നനഞ്ഞ് താഴോട്ടിറങ്ങുന്ന വെള്ളത്തിനാണോ കാലിലൂടെ തൂങ്ങുന്ന അട്ടകള്‍ക്കാണോ ശക്തിയെന്നറിയാതെ ഓടിയതിന്റെ മധുരം.

കാട്ടിലെ മഴയ്ക്ക് മാത്രമായൊരു ഗന്ധമുണ്ട്. പേരറിയാത്ത പച്ചിലകളുടെ. കുതിര്‍ന്ന മണ്ണിന്റെ ഗന്ധം. അതിനു മാത്രമായൊരു തണുപ്പുണ്ട്. മൊത്തം നനഞ്ഞാലും ഒരു പനിയും വരുത്താത്ത തണുപ്പ. ഒരു രസത്തിനുവേണ്ടി മഴ നനഞ്ഞ് കുളിച്ച ഒരു ദിവസം, ഞാനും എന്റെ കക്കയം യാത്രകളിലെ സ്ഥിരം സഹയാത്രികനും കൂടി കൈവശമുള്ള സാദാ തെര്‍മോമീറ്ററില്‍ ആ തണുപ്പൊന്നളന്നു. തെറ്റോ ശരിയോ. ഒമ്പത് ഡിഗ്രി സെല്‍സ്യസ്.

 

ഫോട്ടോ: ഹരിഷ് കെ.സി

 

പൂക്കളമേളം
മലനിരയുടെ പാദസരമെന്നൊക്കെ കവികള്‍ വിശേഷിപ്പിക്കുന്ന വെള്ളിനൂലുകള്‍ നുരഞ്ഞുപതഞ്ഞ് ശക്തിയില്‍ ഒഴുകിയിറങ്ങുന്നതും മഴയത്താണ്. ഭൂമിയുടെ ദാഹം തീര്‍ക്കാന്‍ ആകാശത്തിന്റെ കനിവ്. കര്‍ക്കടകം^ ചിങ്ങമാസക്കാലത്ത് നാട്ടില്‍ നമ്മള്‍ പൂക്കള്‍ തീര്‍ക്കുമ്പോള്‍, പാറയിലൂടെ കിനിഞ്ഞിറങ്ങുന്ന ഉറവ കാടിന് സമ്മാനിക്കുന്നത് ആ സമയത്ത് മാത്രം കാണുന്ന വെളുപ്പം ഇളംചുവപ്പ് രാശിയുമണിഞ്ഞ പൂക്കളെയാണ്. നീരണിഞ്ഞ ഓരോ പാറമേലും പ്രകൃതിയുടെ പൂക്കളമേളം.
ഓരോ വഴിയും ചെറിയ ആറായിത്തീരുന്ന മഴയത്ത് ഓരോ കാലടിയും സൂക്ഷിച്ചു വെച്ചു വേണം നടക്കാന്‍ മുട്ട വിരിഞ്ഞുണ്ടായ തവളക്കുഞ്ഞുങ്ങള്‍ അഥവാ വാല്‍മാക്രികള്‍ കൂട്ടമായി ആര്‍ത്തുല്ലസിച്ച് ചെറുകുഴിയോ ജലാശയമോ തേടി പായുന്നുണ്ടാവും, ആ വെള്ളത്തിലൂടെ. കാലം തെറ്റിപ്പെയ്യുന്ന മഴയും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഉയരുന്ന ചൂടും വന്‍മരത്തിന്റെ ഇലച്ചാര്‍ത്തിലും മുളങ്കാടിനുള്ളിലും കൊച്ചുകുഴിയിലും ഒളിഞ്ഞിരിക്കുന്ന ഈ സുന്ദരന്‍മാരെ നശിപ്പിക്കാതിരിക്കട്ടെ.
പേടിപ്പിക്കുന്ന കഥ പറയുന്നവരേക്കാള്‍ കാടിനെ സ്നേഹിക്കുന്നവര്‍ കൂടെയുള്ളതാണ് എന്റെ ധൈര്യം. ഒരു ജന്തുശാസ്ത്ര ബുക്കും പഠിക്കാത്ത ഉമേഷ് എന്ന ഭൌതികശാസ്ത്ര ബിരുദക്കാരന്‍ ഇതിലെന്റെ ഗുരുതന്നെ. ഒരു പാമ്പിനെയും ഒരു പൂവിനെയും കൈയിലെടുക്കുന്നത് ഒരേ മനോഭാവത്തോടെ, സ്നേഹത്തോടെ മാത്രം.

 

ഫോട്ടോ: സന്ദീപ് ദാസ്

 

ജീവന്റെ തുടിപ്പുകള്‍
സന്തോഷമാണ് കാട് തരുന്ന സ്ഥായീഭാവം. തലക്കുമുകളില്‍ വട്ടം കൂടി പച്ചില തൊട്ടുരുമ്മിപ്പറക്കുന്ന വനദേവത ചിത്രശലഭങ്ങളും ഓരോ മാസവും ഓരോ വര്‍ണങ്ങള്‍ സമ്മാനിക്കുന്ന പൂക്കളും (ഈ മാസം റോസ് നിറമാണ്) വേനലിന്റെ മേളത്തില്‍ ഇഞ്ചിപ്പുല്ല് മണക്കുന്ന പൊടിവഴികളും ആറളത്തിനുള്ളിലൂടെയുള്ള ചിത്രശലഭങ്ങളുടെ കൂട്ടപ്പറക്കലും തോല്‍പ്പെട്ടിയില്‍വെച്ച് ശാന്തഗംഭീരനായി വെള്ളംകുടിച്ചുനിന്ന ആ ഒറ്റയാനും എല്ലാം എല്ലാം. സൂക്ഷിച്ചുനോക്കിയാല്‍ ഓരോ പുല്‍ത്തുമ്പിലും ഓരോ മണ്‍കൂനയിലും ജീവന്റെ തുടിപ്പുകള്‍. തല 180 ശതമാനം ചെരിച്ച് നോക്കുന്ന, ചൊവ്വാഗൃഹജീവികളെപ്പോലെയുള്ള ഒരു തൊഴുക്കയ്യന്‍ പ്രാണി, വര്‍ണശബളമായ ഉടുപ്പണിഞ്ഞ ഒരു ചിലന്തി, പിന്നെ, എന്റെ പാവം കണ്ണില്ലാ പഴുതാരകളും.

 

തോല്‍പ്പെട്ടിയിലെ ഒറ്റയാന്‍. ഫോട്ടോ: ധന്യ ബാലന്‍

 

പക്ഷേ, ഒരു സങ്കടമുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഒരു യാത്രക്കിടയില്‍ കാട്ടിലെ വഴിത്താരകളില്‍ കണ്ട പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, വലിച്ച് പൊട്ടിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍. ഇവ കാടിന് വേണ്ട. നമ്മെ ശ്വാസം മുട്ടിക്കുന്ന വിഴുപ്പുകള്‍ നമുക്ക് ശ്വാസമേകുന്ന കാടിനുള്ളതല്ല, തീര്‍ച്ച. വനയാത്രകള്‍ നല്ലതാണ്. മനസ്സ് തണുക്കും. പക്ഷേ, അത് കാടിനെ കുരുതി കൊടുത്തുകൊണ്ടാവരുത്.

 

സൂചിപ്പാറയിലെ പ്ലാസ്റ്റിക് കുപ്പികള്‍.

 

കാടകം വിളിക്കുന്നു
കാടിന്റെ വര്‍ണങ്ങളും ഭാവങ്ങളും ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കുന്ന എന്റെ കൂട്ടുകാര്‍ ഉമേഷും സന്ദീപ്ദാസും ബിനോയും ഹരിയും കുമാറുമെല്ലാം തരുന്ന ആത്മവിശ്വാസം ഏറെയാണ്. (ഏത് മന്ത്രമാവാം ഇവരുടെ വിജയം? പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹം തന്നെ). ഡോ. ശങ്കറും ഡോ. ജാഫറും ഡോ. സുരേഷും പോലുള്ള കാടനുഭവങ്ങളുടെ ഡിക്ഷനറികള്‍ തരുന്ന പിന്തുണയും എന്നെ കൂടുതല്‍ കാടിന്റെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. കാട് അവരുടെയും വീടാണെന്ന് പറഞ്ഞ്, ജീവികളെ സ്നേഹിക്കുന്ന ചെരിപ്പും ഷര്‍ട്ടുമിടാതെ ഫീല്‍ഡ്സര്‍വേക്ക് നടക്കുന്ന മണിയേട്ടനും നിര്‍ഭയനായി വനയാത്ര നടത്തുന്ന മാധവേട്ടനും ശശിമാമനും എല്ലാം എനിക്കു വഴികാട്ടുന്നു.
ഇനിയുമൊരുപാട് കാണാനും അറിയാനുമുണ്ട്. രാധാകൃഷ്ണന്‍ സാര്‍ പറഞ്ഞു കൊതിപ്പിക്കുന്നു, ഹിമാലയന്‍ കാടുകള്‍ സുന്ദരമെന്ന്. എന്‍.എ നസീര്‍ സാറിന്റെ എഴുത്തും ചിത്രങ്ങളും പ്രലാഭിപ്പിക്കുന്നു. ഓരോ യാത്ര കഴിഞ്ഞും സന്ദീപ് സംസാരിക്കുന്ന ചിത്രങ്ങളെടുക്കുന്നു. എനിക്ക് യാത്ര തുടര്‍ന്നേ മതിയാവൂ^ ഇനിയും ബാക്കിയുള്ള പേടികളെ കൌതുകം കൊണ്ട് മൂടിക്കളഞ്ഞ്.

 

ഫോട്ടോ: ധന്യ ബാലന്‍

 

 

13 thoughts on “കാടിനാല്‍ പൂക്കുന്ന വാക്കുകള്‍

 1. Go out, go out I beg of you
  And taste the beauty of the wild.
  Behold the miracle of the earth
  With all the wonder of a child.
  By.. Edna Jaques.

 2. കാടിന്റെ പൂക്കളായ് വാക്കുകള്‍ ഇനിയുമുണ്ടാകട്ടെ.

 3. the beauty of wild is well expressed and it gives a felling that the reader is also having a felling of refreshed……… good thinking…..and good language…….
  expecting new creations soon…..

 4. Thank you all, hope all your support’ and natures prayers will give me ink and pen for a better presentation….

  Yours
  Dhanya

  • Dear Ms. Dhanya,
   I just received a mail from Dr. Giby with the link to Nalamidam. Read your article. Well written , your language is fine and the story has good flow. Keep a dairy and keep writing.
   Best wishes
   Dr. Shaju

 5. നന്നായി, കാടിനോടുള്ള സ്നേഹം കൂടിക്കൂടി…

Leave a Reply

Your email address will not be published. Required fields are marked *