സ്നേഹിച്ചും വെറുത്തും അഴീക്കോടിനൊപ്പം

മാഷിനെ പ്രണയിച്ച വിലാസിനി ടീച്ചറെ കുറിച്ച് വി.ആര്‍ സുധീഷ് എഴുതിയത് വായിച്ച് മാഷിനെതിരെ വെറുപ്പ് തോന്നിയിരുന്നു. അതു കഴിഞ്ഞ്, സാഹിത്യ അക്കാദമിക്കടുത്തു വെച്ച് മാഷ് സുധീഷിനെ ചീത്ത പറഞ്ഞപ്പോഴും ദേഷ്യം തോന്നി. എന്നാല്‍, പരിശുദ്ധ പ്രണയത്തിന്റെ ശിഷ്ടപത്രം എന്ന നിലയില്‍ ചാനലുകളുടെയും പത്രങ്ങളുടെയും കൊട്ടിക്കുരവയോടെ അതേ വിലാസിനി ടീച്ചര്‍ ആഘോഷിക്കപ്പെട്ട നാളില്‍ പഴയ തെറിയെല്ലാം മാഷോടുള്ള ഇഷ്ടമായി മാറി. ചാനല്‍ക്യാമറകള്‍ക്കു നേരെ നോക്കി, ടീച്ചര്‍ പറഞ്ഞ വാക്കുകളില്‍ സ്നേഹമായിരുന്നില്ല, ആഴം കുറഞ്ഞ പൈങ്കിളി നാട്യം മാത്രമായിരുന്നുവെന്ന് ഞങ്ങളുടെ സായാഹ്ന ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു. ‘മാഷ് അവരെ കെട്ടാത്തത് നന്നായി, തെണ്ടിപ്പോയേനെ’-എന്നായിരുന്നു, ഒരാളെക്കുറിച്ചും മോശം പറയാത്ത പ്യൂണ്‍ ബാലേട്ടന്റെ അഭിപ്രായം-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

ഡോ. സുകുമാര്‍ അഴീക്കോടിനെ ഞാന്‍ ഇന്നേ വരെ അടുത്തു കണ്ടിട്ടില്ല. അഞ്ചാറ് പരിപാടികളില്‍ വാക്കുകളുടെ ആ കാലവര്‍ഷം കേട്ടറിഞ്ഞിട്ടുണ്ട്. മാസികകള്‍ തിന്നു ജീവിക്കുന്ന ഒരാളായതിനാല്‍ കണ്ടമാനം വായിച്ചിട്ടുണ്ട്, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍. പുസ്തകങ്ങള്‍. ഇടക്ക്, അടുത്തു കാണാനുള്ള വകുപ്പ് ഒത്തു വന്നിട്ടും ചെന്ന് തലവെച്ചില്ല. നാം വലിയവരെന്ന് കരുതുന്നവരൊക്കെ അടുത്തുനിന്നു കാണുമ്പോള്‍ തീരെ ചെറിയവരാണെന്ന് തോന്നുന്ന മുന്നനുഭവമുള്ളതിനാലാവാം. അതല്ലെങ്കില്‍ വെറുതെ അഴീക്കോടിന് ബുദ്ധിമുണ്ടാവണ്ട എന്നു ധരിച്ചിട്ടുമാകാം. പറഞ്ഞു വന്നത് ഇതൊന്നുമല്ല. അടുത്തു കാണാതെ, അടുത്തറിയാതെ തന്നെ എന്നെപ്പോലൊരു സാധാരണ മനുഷ്യന് പോലും അദ്ദേഹം ഒരുപാട് അരികിലായിരുന്നു എന്ന ബോധ്യമാണ് എനിക്കു പറയാനുള്ളത്. ചാനലുകളായ ചാനലുകളില്‍ നിന്നെല്ലാം പഞ്ഞിക്കെട്ടു വാക്കുകളുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത പെയ്തു കൊണ്ടിരിക്കെ ഇതെഴുതാതെ വയ്യ.

 

 

എന്റെ നാട്ടില്‍ അഴീക്കോട്
ആദ്യമായി അഴീക്കോടിനെ കാണുന്നത് എന്റെ നാട്ടില്‍ വെച്ചാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത്. നാട്ടില്‍ വെച്ച് അഴീക്കോടിനെ കണ്ടെന്ന് പറഞ്ഞാല്‍, ഞങ്ങളുടെ നാടിനെ അറിയുന്ന ആരും വിശ്വസിക്കില്ലെങ്കിലും കഷ്ടകാലത്തിന് അതാണ് സംഭവിച്ചത്.
എഴുത്തിനോടും ഭാഷയോടുമൊന്നും പണ്ടേ പ്രതിപത്തിയില്ലാത്ത ഒരു മലയോര ഗ്രാമത്തിലാണ് എന്റെ ജീവിതം. കഷ്ട കാലത്തിന് ആരെങ്കിലും വായിച്ചോ എഴുതിയോ തുടങ്ങിയാല്‍ അവന് ഭ്രാന്താണെന്ന് മുഖത്തുനോക്കി പറയുന്നവരുടെ നാട്. നാട്ടുകാരില്‍ ഭൂരിഭാഗവും ഗള്‍ഫില്‍. നാട്ടിലുള്ളവരില്‍ ഏതാണ്ടെല്ലാവരും പണം കൊണ്ടു മാത്രമാണ് ഈ ഭൂഗോളം കറങ്ങുന്നതെന്ന് ആത്മാര്‍ഥമായും സത്യസന്ധമായും വിശ്വസിക്കുന്നവര്‍. ആ വിശ്വാസം ശരിവെക്കും വിധത്തില്‍ പുസ്തകമോ വായനയോ എഴുത്തോ കൈയിലിരിപ്പായി എടുത്തവരെല്ലാം ദാ എന്നെപ്പോലെ പണ്ടാരടങ്ങി കിടപ്പാണ്.

വീണ്ടും കാടു കയറി. സംഗതി ഞാന്‍ പറയാനുദ്ദേശിച്ചത്, എന്റെ നാട്ടില്‍ സാംസ്കാരിക പ്രവര്‍ത്തനത്തിന് എന്തുമാത്രം ഇടമുണ്ട് എന്ന ചെറിയ കാര്യം മാത്രമാണ്. പത്രം വായിക്കുമെന്നല്ലാതെ മറ്റൊരു നാട്ടുകാര്യത്തിലും ഒരു താല്‍പ്പര്യവും കാണിക്കാത്ത ആ ഞങ്ങളുടെ നാട്ടിലാണ് ഒരു ദിവസം ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സുകുമാര്‍ അഴീക്കോട് അടുത്ത ആഴ്ച അങ്ങാടിയില്‍ പ്രസംഗിക്കുന്നു. നാട്ടിലെ മാഷമ്മാരൊക്കെ ചേര്‍ന്ന ഒരു കലാസമിതിയുണ്ട്. അവരുടെ വകയാണ് പരിപാടി. ഗ്രാമങ്ങളില്‍ ചെന്നു പ്രസംഗിക്കാനുള്ള അഴീക്കോട് മാഷിന്റെ ആഗ്രഹപ്രകാരമാണ് പരിപാടി.

സംഗതി രസകരമായിരുന്നു. സാംസ്കാരിക പരിപാടി തൊട്ടു തീണ്ടാത്ത ഞങ്ങളുടെ നാട്ടില്‍ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അഴീക്കോട് മാഷെത്തി. ഇപ്പറയുന്ന അഴീക്കോട് മനുഷ്യനാണോ മൃഗമാണോ എന്നൊന്നുറപ്പിക്കണമെന്നോ മറ്റോ കരുതിയാവണം നാട്ടിലെ സകല മനുഷ്യരും പരിപാടി നടക്കുന്ന സ്കൂള്‍ മൈതാനിയില്‍ ഹാജര്‍. പെറ്റു വീണതേ ആഴ്ചപ്പതിപ്പിന്റെ പുറത്തെന്ന പോലെ ആര്‍ത്തി പിടിച്ച് കണ്ടതെല്ലാം വായിച്ചു കൂട്ടുന്ന ഞാനാണെങ്കില്‍ മുന്‍ നിരയില്‍ ചെന്നു നിന്നുവെങ്കിലും ആളുകളുടെ ആവേശത്തള്ളലില്‍ സ്വാഭാവികമായി പിന്നിലേക്കു വന്നു. ഹൈ സ്കൂളില്‍ പഠിക്കുന്ന കാലമാണെങ്കിലും, അഴീക്കോടിന്റെ പുസ്തകവും അദ്ദേഹത്തെക്കുറിച്ച് വന്ന ലേഖനങ്ങളുമൊക്കെ കുത്തിയിരുന്നു വായിച്ച പശ്ചാത്തലമുള്ളതിനാല്‍, ഇക്കൂട്ടത്തില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഏറ്റവും യോഗ്യന്‍ ഞാനെന്ന മട്ടിലായിരുന്നു എന്റെ നില്‍പ്പ്. അദ്ദേഹത്തെ ആകെ മനസ്സിലാകാന്‍ സാധ്യത എനിക്കു മാത്രമെന്ന മട്ടില്‍!

അങ്ങനെ പ്രസംഗം. സാഗര ഗര്‍ജനമെന്നൊക്കെ നാട്ടുകാര് പറഞ്ഞ് പേടിപ്പിച്ച എന്റെ കാതിലേക്ക് ഒഴുക്കുള്ള വാക്കുകള്‍ പറന്നു വീണു. ഗാന്ധിജിയെക്കുറിച്ചായിരുന്നു പ്രഭാഷണം. ഏട്ടിലെ ഗാന്ധിജിയെയല്ല സ്വന്തം കക്കൂസ് സ്വയം വൃത്തിയാക്കുന്ന ഗാന്ധിയെയാണ് അറിയേണ്ടതെന്നും ഓരോ മനുഷ്യനിലും അന്തസ്സ് എന്ന അവസ്ഥയുണ്ടാവാന്‍ മാത്രം വിസ്തൃതമായ ജീവിതമായിരുന്നു മഹാത്മാവിന്റേതെന്നുമൊക്കെയായി ആ പ്രഭാഷണം കത്തിക്കയറി. കടലിരമ്പമായല്ല, കര്‍ക്കിടകത്തില്‍ കൊട്ടാന്‍ വരുന്ന വേലുവേട്ടന്‍ ഉരുവിടുന്ന അജ്ഞാത മന്ത്രം പോലെയാണ് അതെന്നാണ് പിന്നീട് തോന്നിയത്.
മഴ നിലച്ചതു പോലൊരവസ്ഥയില്‍ പ്രഭാഷണം നിര്‍ത്തി അഴീക്കോട് മാഷ് ഒരു കാറില്‍ കയറി പോയപ്പോള്‍, വീട്ടിലേക്ക് നടന്നു, ഞാനും. കൂടെയുള്ള കൂട്ടുകാരന്‍ ആത്മഗതമെന്നോണം പറഞ്ഞു, ഓ, ഇതാണോ ഈ സുകുമാര്‍ അഴീക്കോട്! ഞാനിത്തിരി തടിയൊക്കെ വിചാരിച്ചു!

 

courtesy: wikipedia

 

കോളജില്‍ അഴീക്കോട്
കോളജില്‍ പഠിക്കുന്ന കാലത്ത് യൂനിയന്‍ ഉദ്ഘാടനത്തിന് അദ്ദേഹം വീണ്ടും മുന്നിലെത്തി. കെ.എസ്.യുവും എസ്.എഫ്ഐയും തമ്മിലുള്ള ബാലി സുഗ്രീവ യുദ്ധത്തിന് കാമ്പസിന്റെ ഒരു ഭാഗത്ത് അരങ്ങൊരുക്കം നടക്കുന്നതിനാല്‍ സദസ്സ് മുഴുവന്‍ ഇടക്കിടെ അങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാവണം, അഴീക്കോട്, എന്തോ തമാശ പൊട്ടിച്ചു. ‘മാഷേ, ചിരിക്കണ്ട, അടിയേതു നേരവും പൊട്ടും’ എന്ന് പുറകില്‍നിന്നാരോ വിളിച്ചു പറഞ്ഞതും കൂടുതല്‍ വലിയ തമാശ കൊണ്ട് അഴീക്കോട് അപ്പറഞ്ഞ ചെറുക്കനെ കീറിക്കളഞ്ഞു. ഇതിന്റെ ഹരം കൊണ്ടണെന്നു തോന്നുന്നു, ഒന്നു നിവര്‍ന്നു നിന്ന് തല്ലാമെന്നു കരുതിയിരുന്ന ചിലരൊക്കെ സദസ്സിലേക്ക് വന്നു കയറി. തല്ലിനും വഴക്കിനുമൊന്നും പേടിപ്പെടുത്താനാവാത്ത വല്ലാത്ത നിര്‍ഭയത്വമായിരുന്നു അന്നേരം ആ വാക്കുകളില്‍. കൈവിരലുകളും മുഖവും വാക്കുകളും ഒക്കെ ചേരുന്ന രസകരമായ ഒരു നാടന്‍ കലാരൂപമായി അന്ന് മാഷ് ശരിക്കും പെയ്തു.
പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് വല്ലാത്ത ഇഷ്ടം തോന്നി. ആ കൈ ഒന്ന് തൊടണം. വണ്ടിയില്‍ കയറും മുമ്പ് ആളുകള്‍ കൂടിനിന്ന തിരക്കില്‍ ഞാനും ചെന്നു നിന്നു. ആരോഗ്യമുള്ളവരുടെ തിക്കിത്തിരക്കില്‍ പതിവുപോലെ ഞാന്‍ തെറിച്ചു പോയി.

മാസികകളില്‍ അഴീക്കോട്
പിന്നെ മാസികകളിലായിരുന്നു ഞങ്ങളുടെ സമാഗമം. അഭിമുഖങ്ങള്‍. ലേഖനങ്ങള്‍. മലയാള ബിരുദ പഠനം കഴിയുന്നവരുടെ സ്ഥിരം അനുഷ്ഠാന കലാ വേദിയായ പാരലല്‍ കോളജുകളില്‍വഴുതി നീങ്ങുകയായിരുന്നു ഞാന്‍. കുട്ടികളുടെ ബഹുമാനവും സ്നേഹവും വിവരക്കേടുമൊക്കെയായി ഇതാണ് ലോകമെന്ന് കരുതിയിരുന്ന നാളുകളില്‍ നാട്ടില്‍ പലതും നടക്കുന്നുണ്ടായിരുന്നു. പലയിടത്തും ആ മനുഷ്യന്റെ വാക്കുകള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ടു. പറയേണ്ടിടത്ത് പറയേണ്ടത് പറയുന്ന വലിയൊരു മനുഷ്യന്റെ ഇടപെടലുകള്‍ ആ വിഷയങ്ങള്‍ക്കോരോന്നിനും അര്‍ഹമായ മാധ്യമ ശ്രദ്ധ തിരിച്ചു കൊണ്ടു വന്നു. ഇതിനിടെ രണ്ട് വേദികളില്‍ കൂടി അദ്ദേഹത്ത കണ്ടു. തമാശയും കാര്യവും അഗാധ ജ്ഞാനവുമൊക്കെ ലയിച്ചു ചേര്‍ന്ന ആ പറച്ചിലുകളിലൊരിടത്ത് ഇങ്ങനെ കേട്ടു. ‘ ഞാനൊരു സാധാരണ മനുഷ്യനാണ്. കുശുമ്പും കുന്നായ്മയും ദേഷ്യവും വെറുപ്പുമൊക്കെയുള്ള സാധാരണ മനുഷ്യന്‍. എന്റെ ചില ഇടപെടലുകളിലൊക്കെ അതുണ്ടാവാം. എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍, നിലപാടുകളില്‍ അതൊന്നും ബാധകമാവില്ല’-തനിക്കെതിരെ ഉയര്‍ന്ന കഠിന ആരോപണങ്ങളിലെന്തിനോ ഉള്ള മറുപടിയായിരുന്നു അത്.

അത് രസകരമായി തോന്നി. കാരണം കഠിനമായ അരിശം തോന്നിയ ഒരഭിമുഖം വായിച്ചശേഷം അദ്ദേഹത്തെ ഞാന്‍ കണക്കിന് വെറുക്കുന്ന നേരമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളുമൊക്കെ കടന്നു വരുന്ന, ആ നീണ്ട അഭിമുഖത്തിലാകെ വൈരുധ്യങ്ങളുടെ കോല്‍പ്പെരുക്കമായിരുന്നു. കോണ്‍ഗ്രസിനോടും നേതാക്കളോടുമൊക്കെയുള്ള അഴകൊഴമ്പന്‍ നിലപാടുകളും ചില വ്യക്തികളുടെ കാര്യങ്ങളില്‍ കാണിക്കുന്ന പക്ഷപാതവുമൊക്കെ തുറന്നുകാട്ടപ്പെടുന്ന ആ അഭിമുഖം അഴീക്കോടിന്റെ അവസരവാദങ്ങളുടെ പാഠപുസ്തകമെന്ന തരത്തിലാണ് ഞാനെടുത്തത്. പാരലല്‍ ക്ലാസ് കഴിഞ്ഞ വൈകുന്നേരത്തെ വെടിവട്ടത്തില്‍ ആ അഭിമുഖം വെച്ച് അഴീക്കോട് മാഷെ ഞാന്‍ കൊന്നുകൊലവിളിക്കുമ്പോള്‍, കൂട്ടത്തില്‍ പ്രായം ചെന്ന, കരുണന്‍ മാഷ് പറഞ്ഞു, എന്തിനാ മാഷേ, വിട്ടേക്ക്. കുറേ പ്രായമായ ഒരാളല്ലേ’.
ഇതിനിടെയാണ് ആ പ്രസംഗം കേട്ടത്. അതു കേട്ടതോടെ എന്റെ വെറുപ്പ് മാഞ്ഞു. മതിപ്പ് കൂടി. സ്വന്തം ജീവിതത്തെക്കുറിച്ച് ഇത്രയും പച്ചക്ക് തുറന്നു പറയുന്ന ഒരു മനുഷ്യനെ ബലഹീനതകള്‍ മാത്രം വെച്ച് ആക്രമിക്കേണ്ടതില്ലെന്ന് തോന്നി.

 

 

വെറുപ്പിലും സ്നേഹത്തിലും അഴീക്കോട്
സമാനമായ അനേകം അവസരങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. സുകുമാര്‍ അഴീക്കോടെന്നെ മനുഷ്യനെ കണക്കിന് വെറുത്തു പോയ അവസരങ്ങള്‍. ചില പ്രത്യേക വിഷയങ്ങളില്‍, ചില പ്രത്യേക വ്യക്തികളുടെ കാര്യങ്ങളില്‍, ചില തര്‍ക്കങ്ങളില്‍ ഒട്ടും ജനാധിപത്യപരമല്ലാതെ ഒരു മാടമ്പിയെ പോലെ എതിരാളികളെ വെട്ടിനിരത്തുന്ന അദ്ദേഹത്തെ വെറുത്തുപോയി. എന്നാല്‍, അത് കഴിഞ്ഞ്, ദിവസങ്ങള്‍ക്കുള്ളില്‍ തികച്ചും ന്യായമായ ഒരു വിഷയത്തില്‍ അദ്ദേഹത്തിന്റെ ഗര്‍ജനം കേള്‍ക്കുമ്പോള്‍ ആ വെറുപ്പൊക്കെ മറന്നു. മൌനം പാലിച്ചാലുണ്ടാവുന്ന ലാഭ സാധ്യത നോക്കാതെ തനിക്കു ശരിയെന്നു തോന്നുന്നത് നെഞ്ചുവിരിച്ച് പറയുന്ന ആ മനുഷ്യന്റെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചു.

സര്‍വകലാശാലാ അധ്യാപകന്‍ എന്ന നിലയിലും മറ്റും അദ്ദേഹത്തില്‍നിന്നുണ്ടായ ചില ഇടപെടലുകള്‍, മുന്‍കോപത്തിന്റെ പുറത്ത് അദ്ദേഹമെടുത്ത ചില നിലപാടുകള്‍, ഇഷ്ടമില്ലാത്ത കുട്ടികളുടെ ഭാവിയെപ്പോലും ബാധിക്കുന്നത്ര ഗൌരവമായി വളര്‍ന്നതിന്റെ നേരനുഭവങ്ങള്‍ ഒരെഴുത്തുകാരന്‍ തുറന്നെഴുതിയത് വായിച്ചപ്പോള്‍ അദ്ദേഹത്തോട് പുച്ഛം തോന്നി. അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അതിന് നല്‍കിയ മറുപടികളും മറ്റും വായിച്ചെങ്കിലും അത് കുറഞ്ഞില്ല. ഇത്ര ചെറിയ മനുഷ്യനാണോ സാഗരഗര്‍ജനമൊന്നൊക്കെ ആഘോഷിക്കപ്പെടുന്നത് എന്നൊക്കെ പറഞ്ഞ് പലവട്ടം സുഹൃദ്സദസ്സുകളില്‍ ഞാന്‍ കുതിര കയറി.
എന്നാല്‍, മതമൌലികവാദവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ അദ്ദേഹമെടുത്ത അതിശക്തമായ ചില നിലപാടുകള്‍ തൊട്ടുപിന്നാലെ വന്നു.
എല്ലാ പുച്ഛവും മാറ്റിവെച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി വീണ്ടും കാതോര്‍ത്തുപോയി. അങ്ങനെ അനേകം അവസരങ്ങളുണ്ടായി, പിന്നെയും.

വിജയന്‍ മാഷിന്റെ മരണം
എം.എന്‍ വിജയന്‍ മാഷിന്റെ മരണവാര്‍ത്ത ഉണ്ടാക്കിയ നടുക്കത്തിലേക്ക് വന്നു വീണ അഴീക്കോടിന്റെ വാക്കുകള്‍ അശ്ളീലമായിരുന്നു. എത്ര വൈരാഗ്യമുണ്ടെങ്കിലും, എത്ര മാത്രം രാഷ്ട്രീയ ലാഭങ്ങള്‍ മുന്നിലുണ്ടെങ്കിലും ആ മരണത്തെ അഴീക്കോട് നിന്ദിച്ചത് തെറ്റായിരുന്നുവെന്ന് ഞാന്‍ സായാഹ്ന സദസ്സുകളില്‍ പൊട്ടിത്തെറിച്ചു. ആ വിവാദത്തില്‍ അഴീക്കോട് ഉയര്‍ത്തിയ ന്യായവാദങ്ങളെല്ലാം ആ വെറുപ്പ് കൂട്ടിയതേ ഉള്ളൂ. പതിവില്ലാതെ, കുറേ കാലം നീണ്ടുനിന്നു, മാഷോടുള്ള ആ വെറുപ്പ്.
എന്നാല്‍, മോഹന്‍ലാലിന്റെയും തിലകന്റയും വിഷയത്തില്‍ അഴീക്കോട് സ്വീകരിച്ച അതിശക്തമായ നിലപാടുകള്‍ വീണ്ടും ആ മനുഷ്യന്റെ പിന്നാലെ എന്നെ നടത്തിച്ചു. തിലകനെന്ന നടനു വേണ്ടി മാത്രമായിരുന്നില്ല, ആ ഇടപെടല്‍. മലയാള സിനിമയിലെ സകല വൃത്തികേടുകളും അശ്ലീലവും തുറന്നു കാട്ടേണ്ടതുണ്ടെന്ന രാഷ്ട്രീയമായ ബോധ്യത്തിന്റെ കൂടി സൃഷ്ടിയായിരുന്നു. മറ്റൊരാളായിരുന്നെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ തീര്‍ച്ചയായും കൈവെച്ചേക്കാവുന്ന ആ ചരിത്ര ഘട്ടത്തില്‍ കേരളത്തിന്റെ മനസാക്ഷി പൂര്‍ണമായും മാഷിന്റെ ചുറ്റും ഉറച്ചുനിന്നു. ആ രോമം പോലും തൊടാന്‍ ഒരൊറ്റ ഫാന്‍സുകാരനും ധൈര്യം ഇല്ലാതിരുന്നത് സമകാല കേരളചരിത്രത്തില്‍ മാഷ് ആരെന്നതിന്റെ അടയാളമായിരുന്നു.

മരണത്തില്‍ അഴീക്കോട്
ജീവിതത്തില്‍ മാത്രമായിരുന്നില്ല, രോഗശയ്യയിലും, മരണാസന്നനായി നിന്ന നാളുകളിലുമെല്ലാം, നാട്ടിന്‍പുറത്തെ വെറുമൊരു പാരലല്‍കോളജ് അധ്യാപകനായ എനിക്കുപോലും അദ്ദേഹത്തെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കേണ്ടി വന്നു. ആളുകള്‍ കയറിയിറങ്ങുന്ന ആശുപത്രി മുറിയില്‍ കാഴ്ചപ്പണ്ടം പോലെ മാഷിന്റെ ഉണങ്ങിയ ശരീരം ചാനലുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുമ്പോഴെല്ലാം വല്ലാത്ത അരിശമുയര്‍ന്നു. ഇയാളെന്തിന് ഇങ്ങനെ നിന്നു കൊടുക്കുന്നു എന്ന ചോദ്യത്തിന് കൂട്ടത്തിലൊരാള്‍ മറുപടി പറഞ്ഞത്, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ അഴീക്കോടിന് ജീവിക്കാനാവില്ല എന്നായിരുന്നു. അത് ഞങ്ങളെല്ലാം ശരിവെച്ചു.
എന്നാല്‍, തൃശൂരിലെ മാധ്യമ സുഹൃത്ത് തന്നത് വ്യത്യസ്തമായ ചിത്രമായിരുന്നു. ‘ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അന്തിമ നിമിഷത്തിലാണ് മാഷ്. ഏറ്റവും സന്തോഷകരമായ കാര്യങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ബാക്കിയുള്ളത്. സദാ പരിഗണിക്കപ്പെടുക, ആളുകള്‍ കൂടെയുണ്ടാവുക, അവരോട് സംസാരിക്കുക ഇതൊക്കെയാണ് മാഷിന് സന്തോഷം നല്‍കാനുള്ള മാര്‍ഗങ്ങള്‍. അതിനാല്‍, എല്ലാവരും മാഷിനെ വന്നു കാണട്ടെ എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം’.
ഇതറിഞ്ഞതോടെ അഴീക്കോടിനെ വീണ്ടും തെറി പറയുന്നത് നിന്നു. മാധ്യമങ്ങളുടെ ആര്‍ത്തിയും വാര്‍ത്തകളില്‍ നിറയാന്‍ ചില സന്ദര്‍ശകര്‍ കാണിക്കുന്ന അല്‍പ്പത്തരവുമൊക്കയായി ഞങ്ങളുടെ ചര്‍ച്ചകള്‍ തുടര്‍ന്നു.

മാഷിനെ പ്രണയിച്ച വിലാസിനി ടീച്ചറെ കുറിച്ച് വി.ആര്‍ സുധീഷ് എഴുതിയത് വായിച്ച് മാഷിനെതിരെ വെറുപ്പ് തോന്നിയിരുന്നു. അതു കഴിഞ്ഞ്, സാഹിത്യ അക്കാദമിക്കടുത്തു വെച്ച് മാഷ് സുധീഷിനെ ചീത്ത പറഞ്ഞപ്പോഴും ദേഷ്യം തോന്നി. എന്നാല്‍, പരിശുദ്ധ പ്രണയത്തിന്റെ ശിഷ്ടപത്രം എന്ന നിലയില്‍ ചാനലുകളുടെയും പത്രങ്ങളുടെയും കൊട്ടിക്കുരവയോടെ അതേ വിലാസിനി ടീച്ചര്‍ ആഘോഷിക്കപ്പെട്ട നാളില്‍ പഴയ തെറിയെല്ലാം മാഷോടുള്ള ഇഷ്ടമായി മാറി. ചാനല്‍ക്യാമറകള്‍ക്കു നേരെ നോക്കി, ടീച്ചര്‍ പറഞ്ഞ വാക്കുകളില്‍ സ്നേഹമായിരുന്നില്ല, ആഴം കുറഞ്ഞ പൈങ്കിളി നാട്യം മാത്രമായിരുന്നുവെന്ന് ഞങ്ങളുടെ സായാഹ്ന ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു. ‘മാഷ് അവരെ കെട്ടാത്തത് നന്നായി, തെണ്ടിപ്പോയേനെ’^എന്നായിരുന്നു, ഒരാളെക്കുറിച്ചും മോശം പറയാത്ത പ്യൂണ്‍ ബാലേട്ടന്റെ അഭിപ്രായം.

എന്നാല്‍, ഇപ്പോള്‍ ആലോചിക്കുമ്പോള്‍, മാഷിന്റെ നിശ്ചലമായ ശരീരത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍, മനസ്സിലാവുന്നുണ്ട്, ആ മരണത്തിന്റെ ഉജ്വലത. വാക്കു കൊണ്ട് നാടാകെ വാള്‍ത്തലയായി നിറഞ്ഞൊരു മനുഷ്യന്‍, അനേകരെ വെട്ടിനിരത്തിയൊരു പോരാളി, ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ ഒരു കൂസലും കാണിക്കാത്ത പ്രഭാഷകന്‍. അദ്ദേഹത്തിനു വേണ്ടത് ഇതുപോലൊരു മരണം തന്നെയായിരുന്നു. സ്നേഹിച്ചും വെറുത്തും കഴിഞ്ഞ ഉറ്റവരുടെ സാന്നിധ്യത്തില്‍, തെറ്റുകളെല്ലാം ക്ഷമിക്കപ്പെട്ടുവെന്ന അവരുടെ വാക്കുകളില്‍ മനസ്സ് നിറഞ്ഞ്, കുശുമ്പും കുന്നായ്മയും നിറഞ്ഞ സാധാരണ മനുഷ്യന്റെ ശരിതെറ്റുകള്‍ക്ക് സ്നേഹം കൊണ്ട് തിരുത്തായി ഒരു മരണം. പൊറുക്കലുകളുടെ, ക്ഷമാപണങ്ങളുടെ ആ ക്യൂവില്‍ ഒന്നു ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എന്നെപ്പോലൊരാളെ ആവര്‍ത്തിച്ച് കുത്തിമുറിച്ച്, ആ പൂര്‍ണ വിരാമം. മാപ്പ്, മാഷേ…

One thought on “സ്നേഹിച്ചും വെറുത്തും അഴീക്കോടിനൊപ്പം

  1. കടലിരമ്പമായല്ല, കര്‍ക്കിടകത്തില്‍ കൊട്ടാന്‍ വരുന്ന വേലുവേട്ടന്‍ ഉരുവിടുന്ന അജ്ഞാത മന്ത്രം പോലെയാണ് അതെന്നാണ് പിന്നീട് തോന്നിയത്…
    എല്ലാ സത്യങ്ങളുടേയും നേർ വിപരീതം തുല്യമായ സത്യമാകുന്നു ഹരിലാലേ…
    വൈരുദ്ധ്യങ്ങളില്ലാത്ത മനുഷ്യൻ ഒരിടത്തുണ്ടെന്നറിഞ്ഞ് ഒരിക്കൽ കാണാൻ ചെന്നപ്പോൾ അയാൾക്ക് അയാളെ തീരെ പരിചയമില്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *