റുഷ്ദിക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയതിന്റെ കാരണങ്ങള്‍


ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുക എന്നതായിരുന്നില്ല, വധഭീഷണിയാല്‍ നിശãബ്ദനാക്കപ്പെട്ട ഒരെഴുത്തുകാരനു വേണ്ടി ശബ്ദം ഉയര്‍ത്തുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതിനാല്‍, മറ്റൊരു പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നതില്‍ കാര്യമില്ലായിരുന്നു. പ്രശ്നങ്ങള്‍ക്കു കാരണം സെയ്റ്റനിക് വേഴ്സസ് ആണ്. അതിനാല്‍, അത് തന്നെ വായിക്കണം . പുസ്തകത്തോട് എതിര്‍പ്പുള്ള മുസ്ലിം സംഘടനകള്‍ വിവാദ ഭാഗങ്ങളെന്ന് ആരോപിച്ച ഖണ്ഡികകളില്‍നിന്നായിരുന്നില്ല ഞങ്ങളുടെ തെരഞ്ഞെടുപ്പ്-ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ നിരോധിത കൃതി ‘സെയ്റ്റനിക് വേഴ്സസി’ലെ ഭാഗങ്ങള്‍ വായിക്കാനിടയായ സംഭവത്തെക്കുറിച്ച് പ്രമുഖ നോവലിസ്റ്റ് ഹരി കുന്‍സ്റു പറയുന്നു. ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ച കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം

 

 

വെള്ളിയാഴ്ച ഉച്ചഭക്ഷണ നേരത്താണ് ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ സല്‍മാന്‍ റുഷ്ദി പങ്കെടുക്കില്ലെന്ന വാര്‍ത്ത കേട്ടത്. അന്നുച്ചക്ക് ശേഷം വേദിയില്‍ ഞങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ വരവിനെ കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍, റുഷ്ദിയെ ഇന്ത്യയില്‍ കാല്‍കുത്താന്‍ അനുവദിക്കരുതെന്ന് ദയൂബന്ദിലെ ദാറുല്‍ ഉലൂം മേധാവി അബുല്‍ ഖാസില്‍ നുമാനി ആഹ്വാനം ചെയ്തതുമുതല്‍ കൃത്രിമമായി കെട്ടിയുണ്ടാക്കിയ ഒരു വിവാദത്തിനു നടുക്കായിരുന്നു ഫെസ്റ്റിവല്‍ സംഘാടകര്‍. യു.പി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടായിരുന്നു ഈ വിവാദങ്ങള്‍ക്ക്. ഇതിനകം റുഷ്ദി പലവട്ടം ഇന്ത്യയില്‍ വന്നു പോയതാണ്. 2007ലെ ജയ്പൂര്‍ ലിറ്ററി ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ചെയ്തു. ഇപ്പോള്‍ പെട്ടെന്ന് ഈ പ്രശ്നങ്ങള്‍ ഉണ്ടായത് ഒട്ടും സ്വാഭാവികമല്ല എന്ന് വ്യക്തം. രാഷ്ട്രീയക്കാര്‍ മതവികാരം ഇളക്കിവിടുന്നത് ഇന്ത്യയില്‍ പതിവാണ്. തെരഞ്ഞെടുപ്പ് കാലത്തെ പരമ്പരാഗത പരിപാടികളുടെ ദോഷൈക ഉദാഹരണം മാത്രമായിരുന്നു അത്.

റുഷ്ദിക്ക് സുരക്ഷ ലഭ്യമാക്കുന്നതിന് അധികൃതരുമായി ബന്ധപ്പെടുന്നതിനിടയില്‍തന്നെ സംഘാടകര്‍ നടത്തിയത് റുഷ്ദിയുടെ വരവ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. നേരത്തെ ആസൂത്രണം ചെയ്യപ്പെട്ട ഒരു പ്രതിഷേധ പരിപാടി ഇല്ലാതാക്കാനും അവര്‍ ശ്രമിച്ചു. വെള്ളിയാഴ്ചത്തെ ഞങ്ങളുടെ പരിപാടി അവര്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. റുഷ്ദിയുടെ പേര് ഫെസ്റ്റിവല്‍ പരിപാടിയില്‍നിന്ന് നീക്കുകയും ചെയ്തു. പിന്നെയാണ് ആ വാര്‍ത്ത വന്നത്. റുഷ്ദിയെ വധിക്കാന്‍ ബോംബെയില്‍നിന്ന് മൂന്നംഗ സംഘം ഇറങ്ങിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലൊരു ആശയവിനിമയം നടന്നിട്ടില്ലെന്ന് മുംബെ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ പൊലീസാണ് ഈ റിപ്പോര്‍ട്ട് പടച്ചതെന്ന് ഹിന്ദു ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു. സത്യമെന്തായാലും ഇന്ത്യയിലെത്തുന്നതില്‍നിന്ന് റുഷ്ദിയെ തടയാന്‍ ഇതും മതിയായിരുന്നു.

അമിതാവ കുമാറും ഞാനും അങ്ങേയറ്റം രോഷാകുലരായിരുന്നു.സൃഷ്ടികളെക്കുറിച്ച് ഒരു ചുക്കുമറിയാത്തവര്‍ സ്ഥിരമായി പിശാചായി മുദ്രകുത്താറുള്ള റുഷ്ദിയോടുള്ള പിന്തുണ പ്രദര്‍ശിപ്പിക്കേണ്ടത് സുപ്രധാനമാണെന്ന് ഞങ്ങള്‍ക്ക് അതിയായി തോന്നി. അഭിപ്രായ സ്വാതന്ത്യ്രം അങ്ങേയറ്റം അപകടത്തിലായ ഒരു സമയത്ത് തന്നെയാണ് ഇന്ത്യയില്‍ ഈ സാഹചര്യം ഉയര്‍ന്നുവന്നത്. ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള സമകാല നീക്കം, ജോസഫ് ലെലിവെല്‍ഡ്സിന്റെ ഗാന്ധിജി ജീവചരിത്രം നിരോധിച്ച നടപടി എന്നിവ തെളിയിക്കുന്നത് , ജനപ്രിയമല്ലാത്ത കാര്യങ്ങള്‍ പറയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലമല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെന്നാണ്. ഉച്ചക്കു ശേഷമുള്ള സെഷന്‍ ഇതിനായി ഉപയോഗിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞാനെഴുതിയ ‘ഗോഡ്സ് വിതൌട്ട് മെന്‍’ എന്ന നോവലിനെക്കുറിച്ച് അമിതാവ് എന്നെ അഭിമുഖം നടത്തുന്നതാണ് സെഷന്‍. ഞാന്‍ ഒരു പ്രസ്താവന നടത്തും. ഇതിനുശേഷം, ഞങ്ങള്‍ സാതാനിക് വേഴ്സസിലെ ഒരു ഭാഗം ഉദ്ധരിക്കും. ഇതായിരുന്നു പദ്ധതി. സംഘാടകരോടോ മറ്റാരെങ്കിലുമായോ കൂടിയാലോചിക്കാതെയാണ് ഇക്കാര്യം തീരുമാനിച്ചത്. കുറച്ചുമാത്രം വായിക്കപ്പെടുകയും ഒരുപാട് തവണ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്ത ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇതിനര്‍ഥം, ഇത് പ്രസിദ്ധീകരിക്കുന്നതോ കൈവശം വെക്കുന്നതോ വില്‍ക്കുന്നതോ കുറ്റകരമാണെന്നാണ്്. എന്നാല്‍, ഇതിലെ വാചകങ്ങള്‍ ഉദ്ധരിക്കുന്നത് പ്രകോപനം സൃഷ്ടിക്കുമെന്നല്ലാതെ ഇത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഇന്റര്‍നെറ്റില്‍ ഒരു പൈറേറ്റഡ് കോപ്പി ലഭ്യമായിരുന്നു. അതില്‍നിന്ന് രണ്ടു ഖണ്ഡികകള്‍^179 ഉം 208ഉം വാക്കുകളുള്ള^ ഞങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു.

ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുക എന്നതായിരുന്നില്ല, വധഭീഷണിയാല്‍ നിശãബ്ദനാക്കപ്പെട്ട ഒരെഴുത്തുകാരനു വേണ്ടി ശബ്ദം ഉയര്‍ത്തുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതിനാല്‍, മറ്റൊരു പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നതില്‍ കാര്യമില്ലായിരുന്നു. പ്രശ്നങ്ങള്‍ക്കു കാരണം സെയ്റ്റനിക് വേഴ്സസ് ആണ്. അതിനാല്‍, അത് തന്നെ വായിക്കണം . പുസ്തകത്തോട് എതിര്‍പ്പുള്ള മുസ്ലിം സംഘടനകള്‍ വിവാദ ഭാഗങ്ങളെന്ന് ആരോപിച്ച ഖണ്ഡികകളില്‍നിന്നായിരുന്നില്ല ഞങ്ങളുടെ തെരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍, വിശ്വാസവും സന്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, മതത്തെക്കുറിച്ച് കാര്യമായൊന്നും പറയാത്ത നോവലിലെ മറ്റ് ഭാഗങ്ങള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തുക മാത്രമായിരിക്കും. പുസ്തകത്തെ അപനിഗൂഢവല്‍കരിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എല്ലാത്തിനുമപ്പുറം, ഇതൊരു പുസ്തകമായിരുന്നു. ബോംബോ കഠാരയോ അല്ല, വെറുമൊരു പുസ്തകം.

ദര്‍ബാര്‍ ഹാളിലെ സദസ്സിനുമുന്നില്‍ താഴെ പറയുന്ന പ്രസതാവന ഞാന്‍ വായിച്ചു. എഴുതിയ സാഹചര്യ പ്രകാരം ഇത്തിരി കടുപ്പമായിരുന്നു അത്.

ഇന്ത്യന്‍ സാഹിത്യഭൂമിക്ക് ഇതൊരു ദുരന്തദിനമാണെന്ന് ഞാന്‍ വേദനയോടെ പറയട്ടെ.സംശയവും വേറിട്ടുനില്‍ക്കലും സംവാദപരതയും ഇന്ത്യന്‍ ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് നമ്മള്‍ നേരത്തെ കേട്ടിട്ടുണ്ട്. സംശയം നിര്‍ണായകവും അമൂല്യവുമായ നൈതിക നിലപാടാക്കി എഴുത്തിനെ മാറ്റിയ ഇന്ത്യയുടെ ഏറ്റവും പ്രമുഖ നോവലിസ്റ്റുകളില്‍ ഒരാളാണ് സല്‍മാന്‍ റുഷ്ദി. എതിര്‍ക്കുന്ന ആരെയും ഉന്‍മൂലനം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കരുതുന്ന ഒരു കൂട്ടം പേര്‍ റുഷ്ദി ജെയ്പൂരിലെത്തുന്നത് തടഞ്ഞിരിക്കുന്നു.സുതാര്യത, ബൌദ്ധിക വളര്‍ച്ച, ആശയങ്ങളുടെ സ്വതന്ത്ര കൈമാറ്റം തുടങ്ങി ഒരു സാഹിത്യോല്‍സവം ലക്ഷ്യമിടുന്ന എല്ലാ കാര്യങ്ങളുടെയും എതിര്‍പക്ഷത്തു നില്‍ക്കുന്ന ആക്രമണോത്സുകമായ അന്ധതയാണിത്.

നമ്മള്‍ ഒരുപാട് അവകാശങ്ങള്‍ക്കുവേണ്ടി പൊരുതേണ്ടതുണ്ട്. എന്നാല്‍ ആക്രമണത്തില്‍ നിന്നുള്ള പ്രതിരോധത്തിനായുള്ള അവകാശം അങ്ങിനെയൊന്നല്ല.എല്ലാ സ്വാതന്ത്രങ്ങളുടെയും അടിസ്ഥാനശിലയാണ് ആശയ സ്വാതന്ത്യ്രം. ആശയസ്വാതന്ത്യ്രമെന്നത്,ജനപ്രിയമല്ലാത്തതും ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പറയുക എന്നതു തന്നെയാണ്. ഈ സ്വാതന്ത്രമില്ലാതെ സംസ്കാരത്തിനുമേല്‍ ഒരു സ്വാധീനവും ചെലുത്താന്‍ എഴുത്തുകാര്‍ക്കാവില്ല.റുഷ്ദിക്ക് ഇവിടെയെത്താനും സംസാരിക്കാനുമുള്ള അവകാശത്തിനായി നാം ശക്തമായി രംഗത്തുവരേണ്ടതുണ്ട്. അല്ലാത്ത നിലപാട് നാം ഈ സാഹിത്യോല്‍സവ ഹാളിന്റെ വാതിലുകളടച്ച് വീടണയുന്നതിനു തുല്യമാകും.

പിന്നീട് നോവലില്‍ നിന്നും വായിക്കാന്‍ തുടങ്ങി. ഞാനത് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് സഞ്ജയ് റോയ് വന്ന, ഇത് തുടരുരത് എന്ന് ആവശ്യപ്പെട്ടത്. അമിതാവയും ഞാനും റുഷ്ദി എന്റെ കൃതികളില്‍ ചെലുത്തിയ സ്വാധീനത്തെ ക്കുറിച്ച് കുറച്ച് സംസാരിച്ചു. പിന്നെ, അമിതാവ മറ്റൊരു ഭാഗത്തെ കുറിച്ച് സംസാരിച്ചു. ലണ്ടനെ കുറിച്ചുള്ള ഭാഗം. മതത്തെ കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്ത വളരെ ഹാസ്യാത്മകമായ സെയ്റ്റനിക് വേഴ്സസിലെ ചില പ്രയോഗങ്ങളെ പറ്റി. ഞാന്‍ വായിച്ച ചില ഭാഗങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു തരത്തിലും, മതപരമായ ഏറ്റവും ചെറിയ കാര്യത്തെ പോലും വ്രണപ്പെടുത്തുന്നതായിരുന്നില്ല അവ. പക്ഷേ ഇപ്പോഴത്തെ നിയമപരമായ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതത്ര ബുദ്ധിപരമായി തോന്നുന്നില്ല.

ആ പരിപാടിയുടെ അവസാനം ഞാന്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കി. പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ എനിക്ക് ചുറ്റും കൂടിയത്, അപ്പോള്‍ ഒരു പറ്റം മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് ചുറ്റും കൂടി. എന്ത് കൊണ്ടാണ് അമിതാവയും ഞാനും പ്രതിഷേധിച്ചത് എന്നറിയാന്‍. പിന്നണിയില്‍ പുസ്തകോല്‍സവ സംഘാടകര്‍ അസ്വസ്ഥരായിരുന്നു. ഒരു തരത്തിലും അവര്‍ നേരത്തെ അറിയാത്ത, അവര്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത സംഭവമായിരുന്നു അത് . എനിക്ക് മുമ്പേ രണ്ട് എഴുത്തുകാര്‍ ജീത് തയിലും , രുചിര്‍ ജോഷിയും സെയ്റ്റനിക് വേഴ്സസിലെ ചില ഭാഗങ്ങള്‍ വായനാ വേളയില്‍ വായിച്ചിരുന്നു. ഞാനപ്പോള്‍ വേദിയിലുണ്ടായിരുന്നില്ല. എന്തായിരുന്നു അവര്‍ ചെയ്തതെന്നും അതിന്റെ ഉദ്ദേശ്യമെന്തെന്നും അറിയാന്‍ അവരോട് തന്നെ ചോദിക്കേണ്ടി വരും .

വാര്‍ത്തകള്‍ വളരെ പെട്ടെന്ന് വ്യാപിച്ചു. സഞ്ജയ് റോയ്ക്ക് രാഷ്ട്രീയ ഭരണ തലങ്ങളില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി അതില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഫോണും ഉണ്ടായിരുന്നു. ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ വന്ന് ചുരുങ്ങിയ ചില ചോദ്യങ്ങള്‍ ചോദിച്ച ശേഷം പോയി, നിയമ ലം ഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തി. പുസ്തകോല്‍സവ സംഘാടകരോടോപ്പം ഒരു അഭിഭാഷകന്‍ വന്ന് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. പുസ്തകോല്‍സവ സംഘാടകര്‍ക്ക് ഞങ്ങളുടെ ചെയ്തികളില്‍ ഉത്തരവാദിത്തവുമില്ല എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. നിയമോപദേശം നല്‍കാന്‍ ഒരാളെ കിട്ടുമോ എന്ന് എന്റെ സുഹൃത്ത് സാറ ചേംബര്‍ ലെയിനോട് തിരക്കി. ഇന്ത്യ വിടാനായിരുന്നു നിയമോപദേശം. അല്ലെങ്കില്‍ അറസ്റ് നേരിടേണ്ടി വരുമെന്നും കേസ് കഴിയാതെ വീട്ടിലെത്താന്‍ സാധിക്കില്ല എന്നും.

പിന്നീട്, ജയ്പൂരില്‍ തുടരുന്നത് അപകടമാണെന്ന് പുസ്തകോല്‍സവ സംഘാടകര്‍ അറിയിച്ചു, വളരെ മോശമായ ആ സാഹചര്യത്തില്‍ അവിടെ തുടരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. ശനിയാഴ്ച രാവിലെ ജയ്പൂരില്‍ നിന്നും അന്ന് തന്നെ ഇന്ത്യയില്‍ നിന്നും ഞാന്‍ വിട പറഞ്ഞു. ഒരു നിയമ ലംഘനവും നടത്തിയില്ലെന്ന് ഉറച്ചു വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. മാത്രമല്ല, ആരുടെയെങ്കിലും വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ എന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായി എങ്കില്‍ ഉപാധികളില്ലാതെ മാപ്പ് ചോദിക്കുന്നു.

മിതവാദത്തിന്റെ പേരില്‍ മുസ്ലിങ്ങളെ പ്രഹരിക്കുന്നു എന്നായിരുന്നു ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഉവൈസി എനിക്കുമേല്‍ ഉന്നയിച്ച ആരോപണം. മുസ്ലിങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്നതാണ് എന്റെ പൊതുപ്രവര്‍ത്തനം. പ്രത്യേകിച്ചും ഗ്വണ്ടാനാമോ ജെയിലില്‍ തടവിലായ ബ്രിട്ടിഷ് മുസ്ലിം പൌെരനായ മുഅസ്സം ബേഗിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ .

അഭിപ്രായ സ്വാതന്ത്യ്രം മതേതരമായ പടിഞ്ഞാറന്‍ താല്‍പര്യത്തിന്റെ ഭാഗമാണ് എന്ന് കരുതുന്നെങ്കില്‍ അതൊരു അധിക്ഷേപമാണ്. സത്യം, അതിന്റെ മറുവശമാണെന്ന് ഉവൈസിയോടും മറ്റുള്ളവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സങ്കീര്‍ണ്ണവും വൈവിധ്യം നിറഞ്ഞതുമായ ഒരു ആഗോള സംസ്കാരത്തില്‍ അഭിപ്രായ സ്വാതന്ത്യ്രം കേള്‍പ്പിക്കപ്പെടാനുള്ള ഒരാളുടെ അവകാശമാണത്. നമ്മുടെ പൊതുജീവിതത്തെ നിറത്തിനും ദേശത്തിനും മതത്തിനും അതീതമായി ഉറപ്പിക്കാനുള്ള ഒരേയൊരു വഴിയാണ് അത്.

One thought on “റുഷ്ദിക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയതിന്റെ കാരണങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *