പൌലോ കൊയ് ലോ: സ്റ്റോപ് പൈറസി ആക്റ്റ്: ഭീഷണി ലോകത്തിനാകെ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അണിയറയില്‍ തയ്യാറാവുന്ന ഗൂഢശ്രമങ്ങളെക്കുറിച്ച് വിഖ്യാത സാഹിത്യകാരന്‍ പൌലോ കൊയ്ലോ എഴുതുന്നു. പൌലോ കൊയ്ലോയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം. മൊഴിമാറ്റം: സ്മിതാ മീനാക്ഷി

 

 

എസ് ഓ പി എ ( സ്റ്റോപ് ഓണ്‍‌ലൈന്‍ പൈറസി ആക്ട് ) ഇന്റര്‍നെറ്റിനെ തടസ്സപ്പെടുത്തിയേക്കും. ഇത് തികച്ചും അപകടകരമായ കാര്യമാണ്, അമേരിക്കക്കാര്‍ക്ക് മാത്രമല്ല, നിയമമായാല്‍ നമുക്കെല്ലാം അപകടമാകും ഇത്. ഈ ലോകത്തെ മുഴുവനും ബാധിക്കുന്ന ഒന്ന്-

പഴയ സോവിയറ്റ് യൂണിയനില്‍ , 1950 കളുടെ അവസാനത്തിലും 60 കളിലും അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ സ്ഥിതിഗതികളെ ചോദ്യം ചെയ്തിരുന്ന അനവധി കൃതികളുടെ പകര്‍പ്പുകള്‍ സ്വകാര്യമായി പ്രചരിച്ചിരുന്നു. അവയുടെ രചയിതാക്കള്‍ക്ക് റോയല്‍റ്റി ഇനത്തില്‍ ഒരു രൂപ പോലും കിട്ടിയില്ല . മറിച്ച് ഔദ്യോഗിക മാധ്യമങ്ങളാല്‍ അവര്‍ക്കു ഭ്രഷ്ടു കല്പ്പിക്കപ്പെടുകയും ശിക്ഷിക്കപ്പെട്ട് അവര്‍ സൈബീരിയന്‍ തടവറകളിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു. എന്നിട്ടും അവര്‍ എഴുത്തു തുടര്‍ന്നു.

എന്തുകൊണ്ട് ? കാരണം അവര്‍ക്ക് അവരുടെ ചിന്തകള്‍ പങ്കു വയ്ക്കേണ്ടിയിരുന്നു. സുവിശേഷങ്ങളില്‍ നിന്ന് രാഷ്ട്രീയ വിളംബരങ്ങള്‍ വരെ മുന്നേറാനുള്ള ആശയങ്ങള്‍ പ്രദാനം ചെയ്യുന്നു സാഹിത്യം.ലോകത്തെ മാറ്റി മറിക്കാനുള്ള ചിന്തകള്‍ പോലും അവയില്‍ നിന്നുണ്ടാകുന്നു.

സാഹിത്യകാരായ ആളുകള്‍ അവരെഴുതുന്നതില്‍ നിന്ന് വരുമാനം നേടുന്നതിനോട് എനിക്കെതിര്‍പ്പില്ല. അങ്ങനെയാണു ഞാനും ഉപജീവനം നടത്തുന്നത്.

പക്ഷേ , ഇപ്പോള്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കു, എസ് ഓ പി എ ( സ്റ്റോപ് ഓണ്‍‌ലൈന്‍ പൈറസി ആക്ട് ) ഇന്റര്‍നെറ്റിനെ തടസ്സപ്പെടുത്തിയേക്കും. ഇത് തികച്ചും അപകടകരമായ കാര്യമാണ്, അമേരിക്കക്കാര്‍ക്ക് മാത്രമല്ല, നിയമമായാല്‍ നമുക്കെല്ലാം അപകടമാകും ഇത്. ഈ ലോകത്തെ മുഴുവനും ബാധിക്കുന്ന ഒന്ന്.

അപ്പോള്‍ , ഇതെപ്പറ്റി എനിക്കെന്താണു പറയുവാനുള്ളത്? ഒരെഴുത്തുകാരനെന്ന നിലയ്ക്ക് ഞാന്‍ ബൌദ്ധികസ്വത്തിനെ സംരക്ഷിക്കേണ്ടതാണ്, പക്ഷേ ഞാനതിനില്ല.

അഖില ലോക ഓണ്‍‌ലൈന്‍ പുസ്തകകൊള്ളക്കാരെ സംഘടിക്കുവിന്‍, ഞാനിതുവരെ എഴുതിയതെല്ലാം കൊള്ളയടിക്കുവിന്‍…!

ഓരോ ആശയത്തിനും ഓരോ ചിന്തയ്ക്കും ഒരുടമസ്ഥനുണ്ടായിരുന്ന പഴയ നല്ലനാളുകള്‍ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു.

ഒന്നാമതായി പറയാവുന്ന കാര്യം : നാലു പ്രധാന പ്രമേയങ്ങളാണ് ആരെഴുതുമ്പോഴും പുനരാവിഷ്കരിക്കപ്പെടുന്നത് എന്നതാണ്. രണ്ടുപേര്‍ക്കിടയിലെ പ്രണയം, ഒരു പ്രണയത്രികോണം, അധികാരത്തിനുവേണ്ടിയുള്ള പിടിവലികള്‍ , പിന്നെ യാത്രാ വിവരണ കഥകളും.

ഇനി, രണ്ടാമതായിട്ടുള്ള കാര്യം , എല്ലാ എഴുത്തുകാരും , അവര്‍ പത്രത്തിലോ ബ്ലോഗിലോ ലഘുലേഖകളിലോ ചുവരിലോ എവിടെ എഴുതുന്നവരായാലും വായിക്കപ്പെടുവാന്‍ വേണ്ടിയാണ് എഴുതുന്നത്

ഒരു ഗാനം നാം റേഡിയോയില്‍ നിന്ന് കൂടുതല്‍ തവണ കേള്‍ക്കുമ്പോഴാണ് അതിന്റെ റെകോര്‍ഡ് വാങ്ങുവാന്‍ തോന്നുന്നത്. ഈ നിരീക്ഷണം, സാഹിത്യത്തിന്റെ കാര്യത്തിലും വാസ്തവമാണ്.

ഒരു പുസ്തകത്തിനു എത്രയധികം വ്യാജപകര്‍പ്പുകള്‍ ഉണ്ടാകുന്നുവോ അത്രയും നല്ലത്. ഒരു കൃതിയുടെ ആദ്യഭാഗം വായനക്കാര്‍ക്കിഷ്ടപ്പെട്ടാല്‍ അടുത്ത ദിവസം അവര്‍ ആ പുസ്തകം വാങ്ങുക തന്നെ ചെയ്യും. കാരണം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്ന് നേരിട്ട് വലിയൊരു പുസ്തകം മുഴുവന്‍ വായിക്കുന്നത്ര ശ്രമകരമായ ഒന്നില്ല എന്നതു തന്നെ.

ചിലര്‍ പറയും, താങ്കള്‍ സ്വന്തം പുസ്തകങ്ങള്‍ സൌജന്യമായി വിതരണം ചെയ്യാന്‍ മാത്രം ധനികനാണ്. അതു സത്യമാണ്, ഞാന്‍ ധനികന്‍ തന്നെ. പക്ഷേ പണമുണ്ടാക്കാനുള്ള ത്വരയാണോ എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചത്? അല്ല. എഴുത്തിന് , സാഹിത്യ നിര്‍മ്മിതികള്‍ക്ക് ഭാവിയില്ലെന്നു എന്റെ ഗുരുക്കന്മാരും കുടുംബാംഗങ്ങളും പറഞ്ഞതാണ്. പക്ഷേ ഞാനെഴുതിതുടങ്ങുകയും തുടരുകയും ചെയ്തത് അതെനിക്കു ആനന്ദദായകമായ പ്രക്രിയയായതുകൊണ്ടാണ്, അതെന്റെ നിലനില്‍പ്പിനെ അര്‍ത്ഥവത്താക്കുകയും ചെയ്യുന്നു. പണമായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ വളരെ മുന്‍പേ എഴുത്തു നിര്‍ത്തി, തികച്ചും നെഗറ്റീവായ വിമര്‍ശനങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചെടുക്കുമായിരുന്നു.

പ്രസാധകസംഘം അഭിപ്രായപ്പെടുന്നു , കലാകാരന്മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെങ്കില്‍ അവര്‍ക്കു നിലനില്ക്കാനാവില്ല.

1999 ല്‍ . റഷ്യയില്‍ എന്റെ കൃതി ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടപ്പോള്‍, ( 3000 കോപ്പികള്‍ ) രാജ്യം വളരെ രൂക്ഷമായ കടലാസ് ക്ഷാമം നേരിടുകയായിരുന്നു. സന്ദര്‍ഭവശാല്‍ ഞാന്‍ അല്‍കെമിസ്റ്റിന്റെ ഒരു വ്യാജ പകര്‍പ്പ് കണ്ടെത്തുകയും അത് എന്റെ വെബ് പേജില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞ് , പേപ്പര്‍ ക്ഷാമം പരിഹരിക്കപ്പെട്ടപ്പോള്‍ , പുസ്തകത്തിന്റെ അച്ചടിച്ച 10,000 കോപ്പികള്‍ വില്ക്കുവാന്‍ സാധിച്ചു. 2002 ആയപ്പോഴേയ്ക്കും റഷ്യയില്‍ പത്തുലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു, ഇപ്പോഴതു 12 ദശലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു.

റഷ്യയിലുടനീളം ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ കണ്ട പലരും വെബ് സൈറ്റില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്ന വ്യാജ പകര്‍പ്പാണു ആദ്യം വായിച്ചതെന്ന് എന്നോടു പറഞ്ഞു, ഇപ്പോള്‍ ഞാന്‍ “‘Pirate Coelho’ എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്, അതില്‍ നിന്ന് എന്റെ ലഭ്യമായ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്കുകള്‍ കിട്ടും (P2P sites.) എന്റെ പുസ്തകങ്ങളുടെ വില്പ്പനയും കൂടിക്കൊണ്ടിരിക്കുന്നു, ആഗോളതലത്തില് ഏതാണ്ട് 140 ദശലക്ഷം കോപ്പികളായിരിക്കുന്നു ഇപ്പോഴത്.

മൊഴിമാറ്റം: സ്മിതാ മീനാക്ഷി

ഒരോറഞ്ചു തിന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മറ്റൊന്നു വാങ്ങണമെങ്കില്‍ കടയില്‍ വീണ്ടും പോകേണ്ടിവരും. അതിനാല്‍ അപ്പപ്പോള്‍ പണം കൊടുക്കുന്നതാണു ബുദ്ധിപരമായ കാര്യം. പക്ഷേ വാങ്ങുന്നത് ഒരു കാലാരൂപം ആകുമ്പോള്‍ , ഒരു പേപ്പറോ, ചായമോ , ക്യാന്‍‌വാസോ ബ്രഷോ അല്ല വില്പനവസ്തു, മറിച്ച് ഇവയുടെയൊക്കെ സമന്വയത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു ആശയമാണ്.

വ്യാജ പകര്‍പ്പിന് ഒരു കലാകാരിയുടെ /കലാകാരന്റെ സൃഷ്ടിയിലേക്കുള്ള പ്രവേശികയായും വര്‍ത്തിക്കാന്‍ കഴിയും . നിങ്ങള്‍ക്ക് ഒരാളുടെ ആശയം ഇഷ്ടമായാല്‍ അത് സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകുന്നു; ഒരു നല്ല ആശയത്തിന് സംരക്ഷണം ആവശ്യമില്ല .
ബാക്കിയെല്ലാം അത്യാഗ്രഹമോ അജ്ഞതയോ ആണ് .

2 thoughts on “പൌലോ കൊയ് ലോ: സ്റ്റോപ് പൈറസി ആക്റ്റ്: ഭീഷണി ലോകത്തിനാകെ

  1. Kunjunni mash anukarangale kurichu paranjathorma varunu…..

    In new business world how Windows operating system is more popular( assume more computer users are addicted to Windows) than other operating systems like Linux and UNIX flavors. Creating pirated copy is a marketing strategy for few business firms. Paulo is also doing the same.

Leave a Reply

Your email address will not be published. Required fields are marked *