തിയോ ആഞ്ചലോ പൌലോ ഇനിയില്ല

ചലച്ചിത്ര ഭാഷയിലും ആഖ്യാനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോ വാഹനാപകടത്തില്‍ മരിച്ചു. 76 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം, പുതിയ സിനിമയായ ‘ദ അദര്‍ സീ’യുടെ ഷൂട്ടിങ് സൈറ്റിനടുത്തുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

 

 

ചലച്ചിത്ര ഭാഷയിലും ആഖ്യാനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോ വാഹനാപകടത്തില്‍ മരിച്ചു. 76 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം, പുതിയ സിനിമയായ ‘ദ അദര്‍ സീ’യുടെ ഷൂട്ടിങ് സൈറ്റിനടുത്തുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഏതന്‍സിലെ മുഖ്യ തുറമുഖമായ പിറോസിനടുത്തുള്ള ഡ്രെയ്പ്സ്റ്റോണയിലെ റോഡില്‍വെച്ചായിരുന്നു അപകടം.

എഴുപതുകളിലെ ഗ്രീക്ക് നവതരംഗ കൂട്ടായ്മ ലോകത്തിന് നല്‍കിയ ഉജ്വലമായ സംഭാവനയായിരുന്നു അദ്ദേഹം. സന്ദേഹിയായ കമ്യൂണിസ്റ്റുകാരനെന്ന് പല വട്ടം വിശേഷിപ്പിച്ച തിയോ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരിലേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ദ അദര്‍ സീ’ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.

നാല് പതിറ്റാണ്ടായി ചലച്ചിത്രവഴികളില്‍ വേറിട്ട് നടത്തം തുടര്‍ന്ന തിയോ ആഞ്ചലോ പൌലോസ് നിരവധി പ്രമുഖ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995ല്‍ ‘യുലിസസ് ഗെയ്സ്’ എന്ന ചിത്രത്തിന് കാനില്‍ ഗ്രാന്റ് ജൂറി പുരസ്കാരം നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഇറ്റേണിറ്റി ആന്റ് എ ഡേ’ എന്ന ചലച്ചിത്രകാവ്യത്തിന് കാന്‍ മേളയിലെ മുഖ്യ പുരസ്കാരമായ പാംഡി ഓര്‍ ലഭിച്ചു.

1935ല്‍ ഏതന്‍സില്‍ ജനിച്ച അദ്ദേഹത്തിന്റെ ബാല്യ കൌമാരങ്ങള്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസികളുടെ ഗ്രീക്ക് അധിനിവേശം, 1949ലെ ഗ്രീക്ക് ആഭ്യന്തര യുദ്ധം എന്നിവയിലൂടെയാണ് കടന്നുപോയത്. പില്‍ക്കാലത്ത് തിയോയുടെ ചിത്രങ്ങളില്‍ ഈ സംഭവങ്ങള്‍ പലവട്ടം കടന്നുവന്നു. ഏതന്‍സില്‍ നിയമവിദ്യാഭ്യസം പാതിവഴിയില്‍ നിര്‍ത്തി പാരീസില്‍ സാഹിത്യം പഠിക്കാന്‍ പോയ തിയോ പാരീസിലെ സ്കൂള്‍ ഓഫ് സിനിമയില്‍ ചേരാനുള്ള തീരുമാനം മാറ്റിവെച്ചാണ് ജന്‍മനാടായ ഗ്രീസിലേക്ക് തിരിച്ചെത്തിയത്. പ്രാദേശിക പത്രത്തില്‍ സിനിമാ നിരൂപകനായും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നതിനിടെ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആ പത്രം നിരോധിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം സിനിമാ നിര്‍മാണത്തിലേക്ക് നീങ്ങിയത്.

1970ല്‍ ആദ്യ സിനിമയായ ‘റീകണ്‍സ്ട്രക്ഷന്‍’ പുറത്തിറക്കി. 1930 മുതല്‍ 1970 വരെയുള്ള ഗ്രീക്ക് ചരിത്രം പ്രമേയമായ മൂന്ന് ചിത്രങ്ങളുടെ പരമ്പരയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ‘ഡേയ്സ് ഓഫ് 36’ (1972), ‘ദ ട്രാവലിങ് പ്ലയേഴ്സ’് (1975), ‘ദ ഹണ്ടേഴ്സ്’ (1977) എന്നീ സിനിമകള്‍. ഗ്രീസില്‍ ഏകാധിപത്യ ഭരണം ഇല്ലാതായ ശേഷം അദ്ദേഹം ഇറ്റലിയിലേക്ക് പോയി. പിന്നീടുള്ള ചിത്രങ്ങളിലാണ് സ്വതസിദ്ധമായ ശൈലിയിലേക്ക് അദ്ദേഹം മാറുന്നത്. അതിദീര്‍ഘമായ, വിശദ ടേക്കുകളും സവിശേഷമായ ഷോട്ടുകളുമടങ്ങുന്ന ആ ശൈലി അതിവേഗം ലോകമാകെ സ്വീകരിക്കപ്പെട്ടു. സ്വപ്നാഭവും കാവ്യാത്മകവും ദാര്‍ശനികവുമായ തലങ്ങളിലൂടെ പല സമയകാലങ്ങളെ ചാരുതയോടെ പകര്‍ത്തുന്ന ആഖ്യാന രീതിയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

റീകണ്‍സ്ട്രക്ഷന്‍, ഡേയ്സ് ഓഫ് 36, ദ ട്രാവലിങ് പ്ലയേഴ്സ്, ദ ഹണ്ടേഴ്സ്, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, വോയജ് റ്റു സിതേറ, ദ ബീ കീപ്പേഴ്സ്, ലാന്റ്സ്കേപ്പ് ഇന്‍ ദ മിസ്റ്റ്, ദ സസ്പെന്റഡ് സ്റ്റെപ്പ് ഓഫ് ദ സ്റ്റോര്‍ക്ക്, യുലിസസ് ഗെയ്സ്, ഇറ്റേണിറ്റി ആന്റ് എ ഡേ, ദ വീപ്പിങ് മെഡോ, ദ ഡസ്റ്റ് ഓഫ് ടൈം എന്നിവയാണ് പ്രധാന സിനിമകള്‍.

കഴിഞ്ഞ വര്‍ഷം, ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സാമ്പത്തിക പ്രതിസന്ധി മൂലം തരിപ്പണമായ ഗ്രീസിനെക്കുറിച്ചായിരിക്കും അടുത്ത ചിത്രമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ജന്‍മദേശം നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിക്കണമെന്ന് അദ്ദേഹം പരസ്പരം പോരടിച്ചിരുന്ന രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികളോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം ഈ പാര്‍ട്ടികള്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപവല്‍കരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘എങ്കിലും മുഴുസന്ദേഹിയായ കമ്യൂണിസ്റ്റുകാരനായി ഞാന്‍ തുടരും’.
‘അടിയന്തിരാവസ്ഥാ സമാനമായ സാഹചര്യമാണിത്. ഇക്കാര്യം നാം തിരിച്ചറിയണം. എന്ത് ചെയ്യാനാവുമെന്ന് ഓരോരുത്തരും, ഇടതുപക്ഷവും വലതുപക്ഷവും, ആരായണം. ഇതാണെന്റെ അഭ്യര്‍ഥന. നാളെന്തൊവുമെന്ന് ഞാന്‍ ഭയക്കുന്നു’ അദ്ദേഹം തുടര്‍ന്നു.

 

A scene from the movie Eternity and a day ( 1998)

 

 

 

One thought on “തിയോ ആഞ്ചലോ പൌലോ ഇനിയില്ല

  1. തിയൊയുദെ വിയോഗ വാര്‍ത്ത‍ ചാനലില്‍ ല്‍  വന്ന ദിവസം ഞന്‍ അവധിയില്‍ ആയിരുന്നു,സജീഷ് എഴുതിയ
    കാര്യത്തിന്റെ മറ്റൊരു ചിത്രം അപ്പോള്‍ എന്റെ മുന്നില്‍ തെളിഞ്ഞു വന്നു.shanmugha das സാര്‍ ആര്‍ട്ടിക്കിള്‍ കോഴിക്കോട് മാധ്യമത്തിലേക്കു ഫാക്സ് ചെയ്യാനായി വന്നതോര്‍മ വന്നു.അന്ന് അദ്ദേഹം ഒരുപാട് സംസാരിച്ചു.bee keeper ഉള്‍പ്പെടെയുള്ള സിനിമകളെ കുറിച്ച് കേട്ടിട്ടുള്ളതല്ലാതെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.ആഞ്ജലോ പൌലോ യുടെ ചിത്രങ്ങള്‍ കാണണം എന്ന് സാര്‍ ആവശ്യപ്പെടുകയും ചെയ്തു,ആ ലേഖനം പിന്നീട് ചലച്ചിത്രോല്‍സവ പതിപ്പില്‍ വന്നപ്പോള്‍ വായിക്കാനും കഴിഞ്ഞു.എന്നാല്‍ നിനച്ചിരിക്കാതെ ആ പ്രതിഭ ധനന്‍ വിട വാങ്ങിയ സംഭവം എന്നില്‍ എന്തോ വലിയൊരു നഷ്ട ബോധം സൃഷ്ടിച്ചിരിക്കയാണ്.അതിനു ശേഷം സജീഷ് എഴുതിയ തും കൂടി വായിച്ചപ്പോള്‍ വിഷമം കൂടി .സംവിധായകനെ ശരിക്കും ഉള്‍ക്കൊണ്ട സാറിനെ പോലുള്ളവരുടെ കാര്യം അപ്പോള്‍ എന്തായിരിക്കും എന്നോര്‍ത്തു.ഇട്ഫോക് നിടയില്‍ സാറിനെ കണ്ടെങ്കിലും മിണ്ടാന്‍ കഴിഞ്ഞില്ല.അടുത്ത ദിവസം റെയില്‍വേ സ്റ്റേഷന്‍ ല്‍ വെച്ച് കണ്ടപ്പോള്‍ shanmugha das നു പറയാനുണ്ടായിരുന്നത് ആഞ്ജലോ പൌലോ യുടെ ചിത്രങ്ങളെ കുറിച്ച് മാത്രമായിരുന്നു.ഇതിനോടപ്പമുള്ള ETERNITY AND A DAY ലെ ബസ്‌ രംഗം മാത്രമാണ് ഞാന്‍ അദ്ധേഹത്തെ ആകെ അനുഭവിച്ചിട്ടുള്ള ഒരു സിനിമ .മറ്റുള്ള തെല്ലാം എത്രയും വേഗം കാണണം

    രാജ മോഹന്‍ .വി.ആര്‍.

Leave a Reply

Your email address will not be published. Required fields are marked *