കര കവിയും നിറ കണ്‍ ചിരിയായി..

കണ്ണു നിറഞ്ഞിട്ടു യാത്ര പറയാന്‍ വയ്യാതെ നടത്തയ്ക്ക് വേഗം കൂട്ടി. ആ കുട്ടികള്‍ക്കായി കരുതി വെച്ച ഇത്തിരി പണം ബാഗില്‍ മറന്നു കിടപ്പുണ്ടായിരുന്നു. കുറച്ചു മിഠായിയും എന്റെ മോള്‍ തന്നു വിട്ട ചില കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. ഇനി പോകുമ്പോള്‍ കൊണ്ട് പോകാമെന്ന് നസീമ സമാധാനിപ്പിച്ചു. ഓര്‍ത്തിരുന്നെങ്കില്‍ തന്നെ ആ കളിപ്പാട്ടങ്ങള്‍ ആര്‍ക്കാണ് ഞാന്‍ കൊടുക്കേണ്ടിയിരുന്നത്? വെയിലില്‍ പൊള്ളിത്തിളങ്ങുന്ന ഒരു തീവണ്ടിപ്പാളം പോലെ,ജീവിതമേ നിന്റെ സങ്കടങ്ങളുടെ ഉരുക്ക് ചക്രങ്ങള്‍ എനിക്ക് മുകളിലൂടെ പാഞ്ഞു പൊയ്ക്കൊള്ളട്ടെ, ഞാന്‍ തന്നെയാണ് നിന്റെ വഴിയെന്നു ജീവിതത്തോട് കൂസലില്ലാതെ പറയാന്‍ കഴിഞ്ഞ അവള്‍ക്കോ? കൂടുതല്‍ വലിയ ആഴങ്ങളിലേക്കും ചുഴികളിലേക്കും മുങ്ങിപ്പോകുന്നതിനു മുമ്പേ മൂന്നു വയസ്സിന്റെ കുസൃതിയായി മുറ്റത്തെ മണ്‍കൂനയ്ക്കുള്ളില്‍ ഉറങ്ങുന്ന അവനോ-സെറീന എഴുതുന്നു

 

Photo - Sereena

>

കല്യാണ തലേന്നിന്റെ ആഘോഷ തിമര്‍പ്പുകളിലേക്ക് പൊടുന്നനെ ഒരു നിലവിളി കേറി വന്നു. അയല്‍പക്കത്ത് നിന്നാണ്. അവിടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുന്നു. വീട്ടിലെ ഒരേയൊരു പെണ്‍കുട്ടിയുടെ വിവാഹമാണ്. അതിന്റെ ആഹ്ലാദങ്ങളിലേക്കു ആ നിലവിളി വന്നു ചേരാതിരിക്കാന്‍ വീട്ടുകാര്‍ ആവതു ശ്രമിക്കുന്നുണ്ട്. അന്നുച്ചയ്ക്കും ഇളയ കുഞ്ഞിനേയും കൊണ്ട് അവിടെ വന്നു പോയതാണത്രെ ആ സ്ത്രീ. മൂന്നു മക്കളും വൃദ്ധയായ അമ്മയുമുണ്ടവര്‍ക്ക്. ഭര്‍ത്താവിനു ദൂരെയേതോ തടി മില്ലിലാണ് ജോലി.ഒരു വീട്ടിലെന്ന പോലെ സ്നേഹത്തോടെ കഴിയുന്ന നസീമ എന്ന എന്റെ അയല്‍ക്കാരിയുടെ അടുത്ത ബന്ധുവിന്റെ മകളുടെ കല്യാണമാണ്. എനിക്കാ വീട്ടില്‍ അധികമാരെയും പരിചയമില്ല.

മൂന്നു നാല് ഇടവഴികള്‍ക്കപ്പുറം, മുകളില്‍ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ അവരുടെ അമ്മയുടെ ശവത്തിനരികില്‍ നിലവിളിക്കുന്നുണ്ട്. ആംബുലന്‍സ് വന്നു പോകുന്ന ഒച്ച കല്യാണ വീട്ടിലെ പാട്ടിനെ തെല്ലു നേരത്തേക്കെങ്കിലും വിഴുങ്ങി. ആരോ പറയുന്നുണ്ട്. അടുത്തൊരു മരണം നടന്നതല്ലേ. പാട്ടൊന്നു ശബ്ദം കുറച്ചു വെയ്ക്കാന്‍… അനവസരത്തില്‍ മരിക്കാന്‍ തീരുമാനിച്ച അവരെ ആ വീട്ടിലെ വല്യുമ്മ വാതോരാതെ ശപിച്ചു കൊണ്ടിരുന്നു.
മൂത്ത പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാണ് പ്രായം. ഇളയ കുഞ്ഞിനെ മേല്‍ കഴുകിച്ചു ഉറക്കി കിടത്തിയ ശേഷമാണ് അവര്‍ തൂങ്ങി മരിച്ചത്. ഉള്ളിലെ എത്രയോ മരണങ്ങള്‍ക്ക് ശേഷമാവണം ഒരു സ്ത്രീക്ക് അത്രയും ചെറിയൊരു കുഞ്ഞിനെ ഉപേക്ഷിച്ചു മരണത്തിലേക്ക് പോകാനാകുന്നത്. മരണമെന്ന ഒറ്റ വഴി മൂന്നാം കണ്ണു തുറന്നു വിളക്ക് കാട്ടുന്ന ആ നേരത്തും എല്ലാ അമ്മമാരെയും പോലെ കുഞ്ഞുണര്‍ന്നു കരയുമെന്ന് വെറുതെയൊന്നു ഓര്‍ത്തിരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ ആ രാത്രിയും മരണത്തെ മറികടക്കുമായിരുന്നോ?

അറിയില്ല. അങ്ങനെ ഭൂമിയില്‍ എത്രയോ മരണരാത്രികളെ ജീവിതത്തിന്റെ എടുകളിലേക്ക് മാറ്റിയെഴുതിയിട്ടുണ്ടാവാം, ഉറങ്ങുന്ന കുഞ്ഞു വിരലുകള്‍. ചിത്രകഥാ പുസ്തകങ്ങളില്‍ കുഞ്ഞു കുത്തുകള്‍ ഒന്നില്‍ നിന്നൊന്നിലേക്ക് കൂട്ടി വരച്ച്, മറഞ്ഞിരിക്കുന്ന കാടും കൊട്ടാരവും പൂക്കളും മയിലും കണ്ടുപിടിക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ, അത് തന്നെയാണവര്‍ അവരുടെ കുട്ടിക്കാലം കൊണ്ട് നമ്മോടും ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ക്രമം തെറ്റി ചിതറിയ അക്കങ്ങളെ ദൈവത്തിന്റെ വിരലുകളാലെന്ന പോലെ കൂട്ടി വരച്ചു ജീവിതമെന്ന് പേരിട്ടു കൈയ്യിലേക്കങ്ങു വെച്ച് തരും. അതിനായി കാത്തു നില്‍ക്കാന്‍ വിടാതെ സങ്കടത്തിന്റെ ഏതു കടലായിരിക്കും ആ സ്ത്രീയെ വിഴുങ്ങിയിട്ടുണ്ടാവുക?

ഇടയ്ക്കൊക്കെ വല്യുമ്മയെ കാണാന്‍ പോകാറുള്ള നസീമയോട് തിരക്കി, ആ കുട്ടികളുടെ കാര്യം. അമ്മുമ്മയ്ക്ക് കണ്ണിനു നല്ല കാഴ്ചയില്ല. ഷൈനി എന്ന മൂത്ത പെണ്‍കുട്ടിയാണ് ഇളയ കുഞ്ഞുങ്ങളെ നോക്കുന്നത്. രണ്ടാമത്തെ കുട്ടി പനി പിടിച്ചു കിടപ്പാണ് എന്നൊക്കെ ഓരോ തവണ അവള്‍ ഓരോ വിശേഷങ്ങള്‍ പറഞ്ഞു. പിന്നെയൊരിക്കല്‍, അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം സുഖമില്ലാതെ കിടക്കുന്ന വല്യുമ്മയെ കാണാന്‍ നസീമയോടൊപ്പം ആ വീട്ടിലേക്കു ചെല്ലുമ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് മൂടിയ പാത്രത്തിനുള്ളില്‍ പഴവും മറ്റെന്തോ പലഹാരവുമായി മുറ്റത്തേക്ക് ഓടി വരുന്ന അവളെ കണ്ടു, ഷൈനിയാണ് അതെന്നു മുറ്റം കടക്കുമ്പോള്‍ നസീമ പറഞ്ഞു. ഓട്ടത്തിനിടയില്‍ പറന്നു പോയ പേപ്പര്‍ കുനിഞ്ഞെടുക്കുമ്പോള്‍ പഴവും പലഹാരങ്ങളും താഴെ വീണു. ഞങ്ങള്‍ ചോദിച്ചതൊന്നും കേള്‍ക്കാത്ത പോലെ ധൃതിയില്‍ എല്ലാം പെറുക്കിയെടുത്ത് വെറുതെ ചിരിച്ചു കൊണ്ട് അവള്‍ ഓടിപ്പോയി.

പുറം കവിഞ്ഞു കിടക്കുന്നു അവളുടെ സമൃദ്ധമായ ചെമ്പന്‍ തലമുടി. ഒരല്‍പ്പ നേരം കഴിഞ്ഞില്ല, ആ വീട്ടിലേക്കു ഒരു വെട്ടുകിളി പോലെ അവള്‍ വീണ്ടും പറന്നു വന്നു, “അമ്മമ്മയ്ക്ക് കാലീ പെരട്ടാന്‍ വേദനെന്റെ മരുന്ന് തരാന്‍ പറഞ്ഞു” എന്ന് പറഞ്ഞു ഞങ്ങളെ നോക്കി നാണത്തോടെ ചിരിച്ചു. ഈ അമ്മായിയാണ് നെനക്ക് എന്റെ കൈയില്‍ ഉടുപ്പും സ്കൂള്‍ ബാഗുമൊക്കെ തന്നു വിട്ടതെന്ന് എന്നെ നോക്കി നസീമ പറഞ്ഞപ്പോള്‍ അവളുടെ നാണം ഇരട്ടിച്ചു. എന്തൊരു ചന്തമാണ് അവളുടെ ചിരിക്ക്. വെച്ചു നീട്ടിയ പലഹാരം വാങ്ങിയില്ല, എനിക്ക് ഇത്താത്ത നേരത്തെ തന്നൂല്ലോ എന്ന് പറഞ്ഞു വലിയോരാളെ പോലെ മരുന്നിനു വേണ്ടി കാത്തു നിന്നു. ഇടയ്ക്കിടെ വെറുതെ ചിരിച്ചു കൊണ്ട് ഞങ്ങളെ കള്ളക്കണ്ണിട്ട് നോക്കി.

 

painting: Nancy Cheairs


 

അവളോടെന്താണ് ചോദിക്കുക. സത്യത്തില്‍ എനിക്കവളെ വിളിച്ചു അരികിലിരുത്താനും ഒരു ചീര്‍പ്പെടുത്ത് ഇത്തിരി എണ്ണ പുരട്ടി ആ മുടി രണ്ടു വശത്തേയ്ക്കും മെടഞ്ഞിട്ടുകൊടുക്കാനുമാണ് തോന്നിയത്. അവളുടെ കൈയിലെ നിറയെ കറുത്ത മുത്തുകള്‍ കോര്‍ത്ത കമ്പി വള നോക്കാനെന്ന പോലെ ഞാനവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു. ചിലപ്പോഴെങ്കിലും ജീവിതം അങ്ങനെയാണ്, അകത്തു നിറയുന്ന ഏറ്റവും സത്യസന്ധമായ വാക്ക് പങ്കു വെയ്ക്കാന്‍ പാടില്ലാത്തതാകും. അതവളെ സങ്കടപ്പെടുത്തുക മാത്രമേ ചെയ്യൂ എന്നറിയാവുന്നതു കൊണ്ട്, മറ്റൊന്നും ചോദിക്കാനില്ലാത്തത് കൊണ്ട് എന്താ സ്കൂളില്‍ പോകാഞ്ഞതെന്നു ചോദിച്ചു..

“തല മുഴുവന്‍ ചൊറി പൊട്ടി ചലം വന്നു. അതു മാറീട്ടു സ്കൂളില്‍ വന്നാ മതിയെന്ന് ടീച്ചര്‍ പറഞ്ഞെന്നു അവള്‍. ‘തല നിറച്ചും പേനാണ്. തള്ള പോയില്ലേ ഇനിയാരാ നോക്കാനും വൃത്തിയാക്കാനുമൊക്കെ’ എന്ന് നസീമയുടെ വല്ല്യുമ്മ പറയുമ്പോഴും അവളുടെ മുഖത്ത് ഒരു വിളറിയ ചിരി. എന്തോ കുറ്റം ചെയ്തെന്ന പോലെ തലകുനിച്ചുള്ള നില്‍പ്പ്.

“അമ്മമ്മ കമുകിന്റെ ഓല ചതച്ചു തരും. ഞാനത് കൊണ്ട് തല കഴുകും. മുടി വെട്ടിക്കളയാന്‍ എല്ലാരും പറയുന്നു, ഞാന്‍ വെട്ടൂല്ല. ഇപ്പൊ നല്ലോണം കുറവുണ്ട്..” ഈണത്തിലുള്ള അവളുടെ വര്‍ത്തമാനം. മരുന്ന് വാങ്ങി അവള്‍ വീണ്ടും പറന്നു പോയി. ഇനിയതില്‍ ഇത്തിരിയെ ബാക്കിയുള്ളൂ, തിരിച്ചു കൊണ്ട് വരണ്ട എന്ന് വല്യുമ്മയുടെ മരുമകള്‍ പറഞ്ഞത് കേട്ടു കാണില്ല, അത്ര വേഗം. എണ്‍പതു കഴിഞ്ഞ ആ വൃദ്ധയെക്കൊണ്ട് കഴിയുമോ ഈ മൂന്നു കുട്ടികളെയും നോക്കാന്‍ എന്ന് ഞാനവരോട് ചോദിച്ചു, “അതിനു ആ ഇളയ കുട്ടി കുളത്തില്‍ വീണു മരിച്ചില്ലേ, ഒരു മാസം തികഞ്ഞിട്ടില്ല. ഈ മൂത്ത പെണ്ണ് മാത്രമേ ഇപ്പൊ അവരുടെ കൂടെയുള്ളൂ. രണ്ടാമത്തെ ചെക്കനെ അച്ഛന്‍ വന്നു കൊണ്ടോയി, മറ്റേതു ചത്തപ്പോള്‍!’

ഒരു പൂച്ചയുടെ മരണം പോലും ഇത്ര ലാഘവമല്ലെന്നു തോന്നിപ്പോയി, ആ വാക്കുകളുടെ നിസ്സാരതയില്‍. ഇത്ര നേരം എന്റെ മുന്നില്‍ നിന്ന അവളുടെ തെളിഞ്ഞ ചിരി, മൂര്‍ച്ചുള്ള കത്തിമുന പോലെ ചോരയിലേക്കാഴ്ന്നു. എനിക്കന്നു ആദ്യമായി മരിച്ചു പോയ ഒരു സ്ത്രീയോട് വല്ലാത്ത വെറുപ്പ് തോന്നി.പ്രാകിയും ശപിച്ചും ഒരു സ്ത്രീ തള്ളി നീക്കുന്ന ദിവസങ്ങളുടെ വിലയെന്തെന്ന്, ആ ജീവിത നിസ്സാരതയുടെ ആഴമെന്തെന്നു ഒരിക്കല്‍ കൂടി ഞാനറിഞ്ഞു.

മാസങ്ങള്‍ക്കുള്ളില്‍ അമ്മയും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ട് ഒറ്റക്കായിപ്പോയ ഒരു പത്തു വയസ്സുകാരിക്ക് എങ്ങനെയാണ് അങ്ങനെ ചിരിക്കാന്‍ കഴിഞ്ഞത്? വേണ്ടുന്നതിനും വേണ്ടാത്തതിനും കണ്ണു നിറയുന്ന ദുശ്ശീലമുള്ളത് കൊണ്ട്, അവളുടെ മുന്നില്‍ പേടിയോടെ എന്നെ ഇരുത്തിയ ആ പാകത ഇത്ര ചെറുപ്പത്തില്‍ തന്നെ അവള്‍ക്കെവിടുന്നാണ് കിട്ടിയത്. അറിഞ്ഞുകൂടാ, മടങ്ങുമ്പോള്‍ ഇടവഴി വരെ കൂടെ വന്ന ആ വീട്ടിലെ സ്ത്രീ അവളുടെ വീട്ടു മുറ്റത്തേക്ക് “ദാ അവിടെയാണ് അക്കുട്ടീനെ കുഴിച്ചിട്ട” തെന്ന് ചൂണ്ടി.

നോക്കുമ്പോള്‍ മുറ്റത്തെ പുതുമണ്ണിന്റെ കുഴിമാടത്തിനപ്പുറം വരാന്തയില്‍ അവള്‍,ചിരിയുടെ ഒരു ചില്ല പോലെ ചാഞ്ഞു, കൈയാട്ടി…!

കണ്ണു നിറഞ്ഞിട്ടു യാത്ര പറയാന്‍ വയ്യാതെ നടത്തയ്ക്ക് വേഗം കൂട്ടി. പോരുമ്പോള്‍ ഓര്‍ത്തു, ആ കുട്ടികള്‍ക്കായി കരുതി വെച്ച ഇത്തിരി പണം ബാഗില്‍ മറന്നു കിടപ്പുണ്ടായിരുന്നു. കുറച്ചു മിഠായിയും എന്റെ മോള്‍ തന്നു വിട്ട ചില കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. ഇനി ഞാന്‍ പോകുമ്പോള്‍ കൊണ്ട് പോകാമെന്ന് നസീമ സമാധാനിപ്പിച്ചു. ഓര്‍ത്തിരുന്നെങ്കില്‍ തന്നെ ആ കളിപ്പാട്ടങ്ങള്‍ ആര്‍ക്കാണ് ഞാന്‍ കൊടുക്കേണ്ടിയിരുന്നത്? വെയിലില്‍ പൊള്ളിത്തിളങ്ങുന്ന ഒരു തീവണ്ടിപ്പാളം പോലെ,ജീവിതമേ നിന്റെ സങ്കടങ്ങളുടെ ഉരുക്ക് ചക്രങ്ങള്‍ എനിക്ക് മുകളിലൂടെ പാഞ്ഞു പൊയ്ക്കൊള്ളട്ടെ ഞാന്‍ തന്നെയാണ് നിന്റെ വഴിയെന്നു ജീവിതത്തോട് കൂസലില്ലാതെ പറയാന്‍ കഴിഞ്ഞ അവള്‍ക്കോ? കൂടുതല്‍ വലിയ ആഴങ്ങളിലേക്കും ചുഴികളിലേക്കും മുങ്ങിപ്പോകുന്നതിനു മുമ്പേ മൂന്നു വയസ്സിന്റെ കുസൃതിയായി മുറ്റത്തെ മണ്‍കൂനയ്ക്കുള്ളില്‍ ഉറങ്ങുന്ന അവനോ..?

ഇന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷവും നസീമയെ വിളിക്കുമ്പോള്‍ വല്ലപ്പോഴും കാണുമ്പോള്‍ വിശേഷങ്ങള്‍ക്കിടയില്‍ അവള്‍ വരും, പ്ലസ് ടു ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി ഡിഗ്രിക്ക് പഠിക്കുന്ന അവളെ കുറിച്ച് ഞാനെന്റെ കുഞ്ഞുങ്ങളോട് പറയും, ജീവിതത്തോടുള്ള ഒടുങ്ങാത്ത വിശ്വാസവും ധൈര്യവുമായി എനിക്ക് തന്നെ ഞാനവളെ കാണിച്ചു കൊടുക്കും…

വല്യുമ്മയുടെ വീട്ടിലെ ഏതോ ചടങ്ങിനെടുത്ത ചിത്രങ്ങള്‍ക്കിടയില്‍ നസീമ എനിക്കവളെ കാട്ടി തന്നു. ഒരു പൂത്തിരി കത്തിച്ചു വെച്ച പോലെ, സന്തോഷം എന്ന വാക്ക് പോലെ അവള്‍ ! എങ്കിലും കത്തിതീര്‍ന്ന ഒരു പൂത്തിരി അറിയാതെ കൈയിലെടുത്തു പൊള്ളിപ്പോയ ഒരോര്‍മ്മയായി അവളുടെ കുട്ടിക്കാലം..

10 thoughts on “കര കവിയും നിറ കണ്‍ ചിരിയായി..

  1. അതിജീവനം! അതത്ര എളുപ്പമല്ല. എങ്കിലും, ജീവിക്കുക. ജീവിക്കാന്‍ പ്രേരിപ്പിക്കുക. കാരണം മരണം ഒന്നിനും ഒരു ഉത്തരമല്ല.
    എല്ലാ നന്മകളുമുണ്ടാവട്ടെ എന്നു പറയാനല്ലേ കഴിയൂ…..

  2. ചിലപ്പോഴെങ്കിലും ജീവിതം അങ്ങനെയാണ്, അകത്തു നിറയുന്ന ഏറ്റവും സത്യസന്ധമായ വാക്ക് പങ്കു വെയ്ക്കാന്‍ പാടില്ലാത്തതാകും… Oh this one is really good sereen.

  3. വെയിലില്‍ പൊള്ളിത്തിളങ്ങുന്ന ഒരു തീവണ്ടിപ്പാളം പോലെ,ജീവിതമേ നിന്റെ സങ്കടങ്ങളുടെ ഉരുക്ക് ചക്രങ്ങള്‍ എനിക്ക് മുകളിലൂടെ പാഞ്ഞു പൊയ്ക്കൊള്ളട്ടെ ഞാന്‍ തന്നെയാണ് നിന്റെ വഴി….

  4. പോകുമ്പോള്‍ കുട്ടികളെയും കൂടെ കൊണ്ടുപോകണമെന്ന മലയാളിയുടെ വര്‍ത്തമാനകാല നിര്‍ബന്ധബുദ്ധി കാണിക്കാതിരുന്ന ആ അമ്മയെ എത്രയായലും എനിക്ക് ശപിക്കാന്‍ ആവില്ല…കുട്ടികളെ അവര്‍ ബാക്കിവെച്ചുവല്ലോ..

  5. ഉള്ളിലെ എത്രയോ മരണങ്ങള്‍ക്ക് ശേഷമാവണം ഒരു സ്ത്രീക്ക് അത്രയും ചെറിയൊരു കുഞ്ഞിനെ ഉപേക്ഷിച്ചു മരണത്തിലേക്ക് പോകാനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *