കത്തുന്ന സരയാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍

പിന്നെ, അവളെഴുതി, സ്വന്തം ജീവിതം. രക്തമിറ്റുന്ന ദിവസങ്ങളില്‍ സ്വന്തം ദേശവും ജീവിതവും അനുഭവിച്ച പൊള്ളിപ്പിടയലുകള്‍ പകര്‍ത്തിയെഴുതിയ ആ പുസ്തകത്തിന് പേര്, ഗുഡ്ബൈ സരയവോ: എ ട്രൂ സ്റ്റോറി കറേജ്, ലവ് ആന്റ് സര്‍വൈവല്‍  -വെടിയുണ്ടകള്‍ക്കിടയില്‍ കഴിഞ്ഞ സരയാവോ ദിനങ്ങള്‍ ഓര്‍ത്തെടുക്കുന്ന അസാധാരണ പുസ്തകത്തിന്റെ വായനാനുഭവം. മുഹമ്മദ് സുഹൈബ് എഴുതുന്നു

 

 

ബോംബുകളും റോക്കറ്റുകളും വന്ന് പതിക്കാന്‍ തുടങ്ങും മുമ്പ് ആത്കയുടെ വീടും ശാന്തമായിരുന്നു. പത്ത് സഹോദരങ്ങളുടെ കലപിലകളാല്‍ മുഖരിതമായിരുന്ന ആ വലിയ വീട് മണിക്കൂറുകള്‍ കൊണ്ട് കീഴ്മേല്‍ മറിക്കപ്പെട്ടു, സരയവോയിലെ മറ്റേത് വീടിനെയും പോലെ.

പിന്നെ, റോക്കറ്റുകള്‍ തീ തുപ്പി. മനുഷ്യരെ പട്ടിണി നക്കിത്തുടങ്ങിയ ഒരു നാള്‍ ആത്ക എന്ന പെണ്‍കുട്ടി പുറത്തിറങ്ങി. ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ പത്രക്കാരുടെ വിവര്‍ത്തകയാവാന്‍. മരണം നിന്നു പെയ്യുന്ന തെരുവുകളിലൂടെ അവള്‍ വിക്ഷേപിച്ച വാക്കുകളിലൂടെ ലോകം ആ നാടിന്റെ ദുരന്തകഥയറിഞ്ഞു. അതിനിടെ, അവള്‍ക്കൊരു പ്രണയമുണ്ടായി. വിദേശത്തുനിന്നെത്തിയ ഒരു ഫോട്ടോഗ്രാഫര്‍. ആ പ്രണയം അവളെയും കുടുംബത്തെയും അഗ്നി കൊണ്ടെഴുതിയ ആ ദേശത്തുനിന്നു കൈപിടിച്ചുയര്‍ത്തി.

പിന്നെ, അവളെഴുതി, സ്വന്തം ജീവിതം. രക്തമിറ്റുന്ന ദിവസങ്ങളില്‍ സ്വന്തം ദേശവും ജീവിതവും അനുഭവിച്ച പൊള്ളിപ്പിടയലുകള്‍ പകര്‍ത്തിയെഴുതിയ ആ പുസ്തകത്തിന് പേര്, ഗുഡ്ബൈ സരയവോ. ഗുഡ്ബൈ സരയവോ: എ ട്രൂ സ്റ്റോറി കറേജ്, ലവ് ആന്റ് സര്‍വൈവല്‍.
സ്വന്തം സഹോദരി ഹന ഷെഫീല്‍ഡിനൊപ്പം ആത്ക റീഡ് എന്ന പെണ്‍കുട്ടി എഴുതിയ ഈ പുസ്തകം ഉള്ളില്‍ വിതയ്ക്കുന്നത് അതിജീവനത്തിന്റെ അപാ ര ഊര്‍ജമാണ്.

സരയവോ ഉപരോധം
ആധുനിക യുദ്ധ ചരിത്രത്തില്‍ ഒരു തലസ്ഥാനത്തിന് നേരെയുണ്ടായ ഏറ്റവും നീണ്ട ഉപരോധമായിരുന്നു 1992 ഏപ്രില്‍ അഞ്ചിന് തുടങ്ങിയ സരയവോ ഉപരോധം. യൂഗോസ്ലാവിയയുടെ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യങ്ങള്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് കലുഷിതമായ ബാള്‍ക്കന്‍ മേഖല വന്‍കിട യുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടത്.

ബോസ്നിയന്‍ തലസ്ഥാനമായ സരയവോക്ക് നേരെ സെര്‍ബുകള്‍ അപ്രതീക്ഷിതമായാണ് ആക്രമണം ആരംഭിച്ചത്. സരയവോയുടെ നാലു ദിക്കും അടച്ചുപൂട്ടി നഗരത്തിന് തൊട്ടടുത്ത കുന്നിന്‍ മുകളില്‍ അവര്‍ താവളമടിച്ചു. അവിടെ നിന്ന് 24 മണിക്കൂറും നഗരത്തിലേക്ക് ഷെല്ലാക്രമണം. പലപ്പോഴും മരണ സംഖ്യ കണക്കാക്കിയിരുന്നത് മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു. 1996 ഫെബ്രുവരി വരെ നീണ്ട ഉപരോധ-ആക്രമണത്തില്‍ പതിനായിരം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. അരലക്ഷത്തിലേറെ പേര്‍ അംഗവിഹീനരായി. ഏഴായിരത്തോളം സൈനികര്‍ക്കും ജീവനാശം സംഭവിച്ചു.

വര്‍ഷങ്ങള്‍ നീണ്ട ഉപരോധം സരയവോയെ നരകതുല്യമാക്കി. ആഹാരമില്ല, വെള്ളമില്ല, വെളിച്ചമില്ല. ആശുപത്രികളോ പൊലീസോ നഗരഭരണമോ മാലിന്യ നിര്‍മാജനമോ ഒന്നുമില്ല. പകര്‍ച്ചവ്യാധികള്‍ പരന്നു. ശൈത്യകാലത്ത് നഗരവാസികള്‍ തണുത്തുമരിച്ചു. ആഹാരമില്ലാതെ കുഞ്ഞുങ്ങളും വൃദ്ധരും മരിച്ചു. വീടിന് പുറത്തിറങ്ങിയാല്‍ തലക്ക് മുകളില്‍ വന്ന് വീഴുന്ന തീഗോളങ്ങള്‍ക്ക് പുറമെയായിരുന്നു ഈ ദുരിതങ്ങള്‍.

സ്കൂളുകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, ബാങ്കുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി തൊഴില്‍ മേഖല മൊത്തത്തില്‍ സ്തംഭിച്ചു. കൈയില്‍ കാശില്ലാതെ നാട്ടുകാര്‍ നരകിച്ചു. കരിഞ്ചന്തയിലേ കിട്ടൂ,ഭക്ഷ്യവസ്തുക്കള്‍. അതിന് പലയിരട്ടി തുക നല്‍കണം. ഈ പ്രതിസന്ധികാലത്ത് അവസരങ്ങള്‍ ഉണ്ടായിരുന്നത്ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് മാത്രം. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന വിദേശ പത്രപ്രവര്‍ത്തകരുടെ ദ്വിഭാഷിയാവുക എന്ന തൊഴില്‍. ഇംഗ്ലീഷ് അറിയുന്നവര്‍ താരതമ്യേന കുറവുമായിരുന്നു. പത്രപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്നവര്‍ക്ക് നല്ലഭക്ഷണവും പ്രതിഫലവും ഉറപ്പ്.

 

ഹന ഷെഫീല്‍ഡിനൊപ്പം ആത്ക റീഡ്

 

യുദ്ധത്തിന്റെ വിവര്‍ത്തനം
കോളജില്‍ നന്നായി ഇംഗ്ലീഷ് പഠിച്ചതാണ് ആത്കയെ തുണച്ചത്. വിശന്നുവലയുന്ന സഹോദരങ്ങളുടെ പട്ടിണിയകറ്റാന്‍ യുദ്ധമുന്നണികളിലേക്ക് പത്രപ്രവര്‍ത്തകരുടെ സഹായിയായി പോകാന്‍ അവള്‍ തീരുമാനിച്ചു. അതോടെ ആത്കയുടെ അവിശ്വസനീയ കഥ തുടങ്ങുന്നു. ചോരനിലങ്ങളില്‍ നിന്ന് ജീവിതത്തിന്റെ പൂക്കള്‍ വിരിയുന്നു. അപരിചിതരുടെ സഹാനുഭൂതി തിരിച്ചറിയുന്നു. ലോകത്ത് നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് മനസിലാക്കുന്നു. ആ കഥകളാണ് ‘ഗുഡ്ബൈ സരയവോ’യില്‍ നാം വായിക്കുന്നത്.

ലോക്കല്‍ റേഡിയോ സ്റ്റേഷനില്‍ വിവര്‍ത്തകയായാണ് ആത്കയുടെ ‘യുദ്ധജീവിതം’ തുടങ്ങുന്നത്. ബോസ്നിയന്‍ യുദ്ധത്തെ കുറിച്ച ഇംഗ്ലീഷ് വാര്‍ത്തകള്‍ അവര്‍ വിവര്‍ത്തനം ചെയ്ത് നല്‍കും. കുന്നിന്‍ മുകളില്‍ ഇരകാത്തിരിക്കുന്ന ശത്രുക്കളുടെ ഉന്നത്തെ വെല്ലുവിളിച്ച് ദിവസവും അതിവേഗം അവള്‍ വീട്ടില്‍ നിന്ന് റേഡിയോ സ്റ്റേഷനിലേക്ക് പായും. ഓരോ ദിനവും അതിജീവനത്തിന്റെ ഓരോ അധ്യായങ്ങള്‍. ഇടയ്ക്കിടക്ക് വിദേശ പത്രപ്രവര്‍ത്തകരെത്തും. അവര്‍ക്കൊപ്പമുള്ള യാത്രകള്‍ ആത്കക്ക് വെല്ലുവിളികളായിരുന്നു.

പ്രണയം
ആ യാത്രകളില്‍ അവള്‍ സ്വന്തം നാടിനെ കൂടുതല്‍ അറിഞ്ഞു. യുദ്ധമേഖലകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ട് പോകുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഒരു പ്രതിരോധവുമില്ലാതെ അവള്‍ അകമ്പടി സേവിച്ചു. ആ യാത്രകളിലൊന്നില്‍ ഒരു ഫോട്ടോഗ്രാഫറുമായി ആത്ക അടുപ്പത്തിലാകുന്നു. ന്യൂസിലന്റുകാരന്‍ ആന്‍ഡ്രൂ റീഡ്. ആ ബന്ധം ആത്കയെ ബോസ്നിയന്‍ യുദ്ധഭൂമിയില്‍ നിന്ന് പുറത്തെത്തിക്കുന്നു. ആന്‍ഡ്രൂവിന്റെ പിതാവിന്റെ പരിശ്രമം 14 പേരുള്ള ആ കുടുംബത്തെയാകെ മരണമുഖത്ത് നിന്ന് കരകയറ്റുന്നു. അര്‍ബുദ ബാധിതനായി മരണത്തിലേക്ക് നടന്നടുക്കുകയായിരുന്ന അദ്ദേഹം ന്യൂസിലന്റ് വിദേശമന്ത്രാലത്തിലെ ചുവപ്പുനാടയുമായി നാലുമാസത്തോളം ഇതിന് വേണ്ടി മല്‍പിടിത്തം നടത്തി. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആ ബോസ്നിയന്‍ അഭയാര്‍ഥി കുടുംബത്തിന് വേണ്ടി അദ്ദേഹം ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ സമര്‍പ്പിച്ചു. ഒടുവില്‍ അന്താരാഷ്ട്ര നിയമങ്ങളും സെര്‍ബ് ഭീകരതയും ഉയര്‍ത്തിയ കടമ്പകള്‍ കടന്ന് ആ കുടുംബം ന്യൂസിലന്റിലെത്തുന്നത് കാണാന്‍ അദ്ദേഹം ഉണ്ടായില്ല.

 

അത്കയും ഹനയും സഗ്രെബില്‍. 1993 മെയിലെടുത്ത ചിത്രം

 

രണ്ട് സഹോദരിമാര്‍
ഇരു ധ്രുവങ്ങളിലേക്ക് വികസിക്കുകയും ഇടയ്ക്കിടെ ഇഴപിണയുകയും ചെയ്യുന്ന തരത്തില്‍ രണ്ടു സഹോദരികളുടെ ഓര്‍മകുറിപ്പുകളാണ് യഥാര്‍ഥത്തില്‍ ഗുഡ്ബൈ സരയവോ. സരയവോയിലെ ബസ്സ്റ്റേഷനില്‍ വെച്ച് ആത്കയും സഹോദരി ഹനയും പിരിയുന്നിടത്ത് കഥ തുടങ്ങുന്നു. സരയവോ നഗരത്തില്‍ നിന്ന് അവസാനമായി പുറത്തേക്ക് പോകുന്ന ബസില്‍ രണ്ടു സീറ്റുകളാണ് ആത്കയുടെ കുടുംബത്തിന് ലഭിച്ചത്. നഗരം വിടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് സെര്‍ബുകളുടെ അനുമതി. ഹനയെയും മറ്റൊരു സഹോദരിയെയും ബസില്‍ കയറ്റി വിട്ട ശേഷം ആത്ക വീണ്ടും യുദ്ധഭൂമിയിലേക്ക്. അതി സാഹസികമായ ബസ് യാത്രക്ക് ശേഷം താരമ്യേന സുരക്ഷിതമായ ക്രെയേഷ്യയില്‍ ഹന എത്തുന്നു.

അപരിചിത മേഖലകളിലെ അവരുടെ അഭയാര്‍ഥി ജീവിതം ഹനയുടെ ഡയറിക്കുറിപ്പുകളിലൂടെ നമുക്ക് മുന്നിലെത്തുന്നു. സാഗ്രെബ് നഗരത്തില്‍ അവര്‍ക്കും അപരിചിതരില്‍ നിന്ന് സഹായം കിട്ടുന്നു. താമസിക്കാന്‍ വീടു കിട്ടുന്നു. എഴുത്തുകാരനായ പിതാവിന്റെ പേര് സ്കൂളില്‍ അഡ്മിഷന്‍ നേടിക്കൊടുക്കുന്നു. സരയവോയില്‍ നഷ്ടപ്പെട്ട പഠനം ഹന സാഗ്രെബില്‍ പുനരാരംഭിക്കുന്നു. സഹതാപത്തോടെ പരിഗണിച്ച തദ്ദേശ വിദ്യാര്‍ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അവള്‍ ക്ലാസില്‍ ഒന്നാമതെത്തുന്നു.

അവസാനത്തെ ചെറിമരം
നാട്ടില്‍ പക്ഷേ, അതിജീവനം അസാധ്യമാകുകയായിരുന്നു. ആത്കക്ക് വല്ലപ്പോഴും കിട്ടുന്ന ജോലിയുടെ വരുമാനം മാത്രമായി അവരുടെ ആശ്രയം. തണുപ്പുകാലത്ത് വിറകിനായി മുറ്റത്തെ മരങ്ങള്‍ മൊത്തം അവര്‍ വെട്ടി, മുത്തശന്‍ നട്ടുവളര്‍ത്തിയ ചെറി മരം വരെ. ആ മരം കടപുഴകി വീഴുന്നത് കണ്ട് മുത്തശി കണ്ണീര്‍വാര്‍ത്തു. മരങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിന്റെ വാതിലുകള്‍ ഇളക്കി വിറകാക്കി. ആത്കയുടെ സ്വപ്ന ജീവിയായ പിതാവ് അപ്പോഴും ലോക നേതാക്കള്‍ക്ക് കത്തെഴുതുകയായിരുന്നു, ഈ യുദ്ധം ഒന്നവസാനിപ്പിക്കാന്‍ ഇടപെടാന്‍ ആവശ്യപ്പെട്ട്.

ബന്ധുക്കള്‍ ഓരോന്നായി കൊല്ലപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ദിവസവും വീട്ടിലെത്തും, നിലവിളികളായി. രണ്ട് സഹോദരന്‍മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത ആത്കയുടെ പിതാവിനെ വിഷാദ രോഗിയാക്കി. സാഗ്രബിലേക്ക് പോയ സഹോദരിമാരുടെ വിവരങ്ങളൊന്നും കിട്ടാനില്ലാത്തതിന്റെ വേദന വേറെ. ഒടുവില്‍ ആന്‍ഡ്രൂ അവതരിക്കുന്നു. സരയവോയിലെ ഒരു കുടുംബമെങ്കിലും അങ്ങനെ രക്ഷ പ്രാപിക്കുന്നു.

2 thoughts on “കത്തുന്ന സരയാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍

  1. അവിടെയുള്ള മറ്റുള്ളവരുടെ ജീവിതം എന്തായിരിക്കും?
    ഒരിക്കലും എഴുതപ്പെടാത്ത ആ വിലാപങ്ങളാണ് മുഴങ്ങുന്നത്. അഭിനന്ദനങ്ങള്‍, മുഹമ്മദ് സുഹൈബ്

Leave a Reply

Your email address will not be published. Required fields are marked *