ലേ: നഗ്ന പര്‍വതങ്ങള്‍ക്കിടയില്‍ ഇത്തിരിപ്പച്ച

നാല് വര്‍ഷം മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനത്തില്‍ അംഗമായിരുന്ന വി.ബാലചന്ദ്രന്‍ എഴുതിയ ‘ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍’ എന്ന അസാധാരണ യാത്രാ കുറിപ്പിന്റെ നാലാം ഭാഗം. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ള അംഗമായിരുന്നു. ബുള്ളറ്റ് പ്രണയവും യാത്രാവേശവും ഒന്നിക്കുന്ന അസാധാരണമായ ഈ കുറിപ്പില്‍ വായനയും ചിന്തയും പാരിസ്ഥിതിക ദര്‍ശനവും ഇഴചേര്‍ന്നിരിക്കുന്നു.

 


 

മൂന്നു വര്‍ഷം മുമ്പത്തെ ആ രംഗം-മരിക്കാറായ അമ്മയുടെ കണ്ണുകള്‍ എങ്ങോട്ടോ ദൃഷ്ടി പായിക്കുകയാണ്. എങ്ങോട്ട്? എങ്ങോട്ടാണമ്മേ നോക്കുന്നത്? കാലവും സമയവുമില്ലാത്ത അമ്മയുടെ ലോകം ഏതാണ്? ഞാനെന്താണ് അമ്മേ കാണുന്നത്? ഞാനീ വര്‍ണ്ണിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഹിമാലയവും അറിയാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന എന്നേയും-അമ്മ ഇതൊക്കെ അറിയുന്നുണ്ടോ? വര്‍ഷങ്ങളോളം അമ്മയെ ഒറ്റയ്ക്കാക്കി ഈ മകന്‍ ഒരു ഖിന്നതയുമില്ലാതെ ഈ സാനുക്കളില്‍ അലഞ്ഞപ്പോഴും അമ്മയൊരു വിഷമവും കാണിച്ചില്ലല്ലോ. ഓരോ തവണയും “സൂക്ഷിച്ചു പോണേടാ മക്കളേ’ എന്ന ഉപദേശമല്ലാതെ?
സൂക്ഷിച്ചാണമ്മേ, പോകുന്നത്. വഴിയിലെ ഓരോ കല്ലും മുളളും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്; ഓരോ വളവ് തിരിയുമ്പോഴും അപ്പുറത്തെന്ത് എന്ന് നോക്കുന്നുണ്ട്-വി.ബാലചന്ദ്രന്‍ എഴുതുന്നു

 

ലേയിലെ പ്രാര്‍ഥനാ ചക്രങ്ങളിലൊന്നിനു മുന്നില്‍ മലയാളി സംഘം

 

ഘട്ടം 6. റംസെ- ലേ 78 കി.മീ
എല്ലാവരും വളരെ റിലാക്സ്ഡ് ആണ്. റോഡാകട്ടെ നിരപ്പും വെടിപ്പുമുളളത്. ചെറു ഗ്രാമങ്ങള്‍ പിന്നിട്ട് ഉപ്ഷിയും തിക്ക്സെയും കടന്ന് ലേയ്ക്ക് തൊട്ടു മുമ്പുളള ചോഗ്ലാംസാറും കടന്ന് ലേ.

നഗരത്തിലേയ്ക്ക് ഓടിച്ചു കയറുമ്പോള്‍ ഞാന്‍ ആദ്യമായി ലേയില്‍ വന്നത് ഓര്‍ത്തു പോയി. 1989ല്‍. അന്ന് ഞാനും, സുഹൃത്തായ ശ്രീകുമാറും ശ്രീനഗറില്‍ വന്ന്, അവിടെ നിന്നും കാര്‍ഗിലിലെത്തിയ ശേഷം നൂണ്‍-കൂണ്‍ മലകളുടെ താഴ്വാരങ്ങളിലൂടെ പാദും എന്ന സ്ഥലത്തേയ്ക്ക് ട്രെക്കിംഗ് നടത്തി. രണ്ടാഴ്ചയോളം. അതു കഴിഞ്ഞ് ബസ്സില്‍ ലേയിലേയ്ക്ക്. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്. മങ്ങിത്തുടങ്ങിയ ചിത്രങ്ങള്‍ പോലെ ഓര്‍മ്മകളും മങ്ങുന്നു. അന്ന് ഈ വാഹനപ്രളയമില്ല; ഇന്റര്‍നെറ്റുകഫേകളും വിദേശരാജ്യമോ എന്നു തോന്നിപ്പിക്കുമാറ് വിദേശികളും. അവര്‍ക്ക് വില്‍ക്കാനായി ലദാക്ക് സംസ്കാരത്തിന്റെ ഉച്ഛിഷ്ഠങ്ങളും-ടൂറിസമെന്നത് വില്‍പ്പനയാണ്. നല്ല വില കിട്ടുമെങ്കില്‍ നാം പെങ്ങന്മാരെയും ചന്തയില്‍ കൊണ്ടു വില്‍ക്കും; എന്നിട്ട് ദൈവത്തിന്റെ സ്വന്തം നാട്ടുകാരെന്ന് സ്വയം പറയും.

പരിചിതമായതെല്ലാം നഷ്ടപ്പെടുന്നതാണ് പ്രായമാകുന്നതിന്റെ ഏറ്റവും വലിയ ദു:ഖം. അത്, അങ്ങ് തിരുവനന്തപുരത്ത് റോഡ് വികസനത്തിനു വേണ്ടി വഴിമാറുന്ന തണല്‍മരങ്ങളാണെങ്കിലും, കോട്ടയത്ത് നഗരവികസനത്തിനായി മണ്ണില്‍മറയുന്ന നെല്‍പ്പാടങ്ങളാണെങ്കിലും. എവിടെ, വൈകുന്നേരങ്ങളില്‍ അലസമായ് അലഞ്ഞു നടന്ന വീഥികള്‍? എവിടെ, സാഹിത്യവും സിനിമയും ചര്‍ച്ച ചെയ്തു ചൂട് പിടിച്ച ഇന്ത്യന്‍ കോഫീ ഹൌസിലെ കസേരകള്‍; എവിടെ കുളക്കോഴിയും താമരക്കോഴിയും മിന്നിമറയുന്ന വയലുകളും കുളക്കരയും; എവിടെ കണ്ണാടി പോലെ തെളിഞ്ഞൊഴുകുന്ന വെളളത്തിലെ പരല്‍മീനുകളെ തോര്‍ത്തു കൊണ്ടു പിടിക്കുന്ന കുട്ടികള്‍?

ഓര്‍മ്മകളും മായാന്‍ തുടങ്ങുമ്പോള്‍ വേദന സഹിക്കാനാവില്ല. പിന്നെ, വേദനയും കഴിഞ്ഞെത്തുന്ന ശൂന്യത മാത്രം. ഇടയ്ക്കെപ്പോഴോ, കാറ്റിലാടുന്ന തെങ്ങോലകള്‍ക്കിടയിലൂടെ ചിന്നുന്ന സൂര്യപ്രകാശം പോലെ ഓര്‍മ്മയുടെ ശകലങ്ങള്‍. പിന്നെ? അല്‍ഷെയ്മെര്‍സ് ബാധിച്ച എന്റെ അമ്മയെപ്പോലെ-ഒന്നുമില്ല, ഒന്നുമില്ല. ഇന്നും .

മൂന്നു വര്‍ഷം മുമ്പത്തെ ആ രംഗം-മരിക്കാറായ അമ്മയുടെ കണ്ണുകള്‍ എങ്ങോട്ടോ ദൃഷ്ടി പായിക്കുകയാണ്. എങ്ങോട്ട്? എങ്ങോട്ടാണമ്മേ നോക്കുന്നത്? കാലവും സമയവുമില്ലാത്ത അമ്മയുടെ ലോകം ഏതാണ്? ഞാനെന്താണ് അമ്മേ കാണുന്നത്? ഞാനീ വര്‍ണ്ണിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഹിമാലയവും അറിയാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന എന്നേയും-അമ്മ ഇതൊക്കെ അറിയുന്നുണ്ടോ? വര്‍ഷങ്ങളോളം അമ്മയെ ഒറ്റയ്ക്കാക്കി ഈ മകന്‍ ഒരു ഖിന്നതയുമില്ലാതെ ഈ സാനുക്കളില്‍ അലഞ്ഞപ്പോഴും അമ്മയൊരു വിഷമവും കാണിച്ചില്ലല്ലോ. ഓരോ തവണയും “സൂക്ഷിച്ചു പോണേടാ മക്കളേ’ എന്ന ഉപദേശമല്ലാതെ?

സൂക്ഷിച്ചാണമ്മേ, പോകുന്നത്. വഴിയിലെ ഓരോ കല്ലും മുളളും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്; ഓരോ വളവ് തിരിയുമ്പോഴും അപ്പുറത്തെന്ത് എന്ന് നോക്കുന്നുണ്ട്. മറ്റൊരു ലോകമുണ്ടോ അവിടെയിരുന്ന് അമ്മ ഇതു കാണുന്നുണ്ടോ എന്നൊന്നുമെനിക്കറിയില്ല. ഉണ്ടെങ്കില്‍ നന്ന്; അമ്മയെന്നോടൊപ്പമാണല്ലോ.

 

ലേയിലേക്കുള്ള വഴിയില്‍ ബുഡുബുഡു

 

ഘട്ടം 7 – ‘ലേ’
പണ്ട് ‘ലേ’ എന്നാല്‍ ഒരു പ്രധാനവീഥി മാത്രമായിരുന്നു. തിബത്തും ഭാരതവും തമ്മിലുണ്ടായിരുന്ന കച്ചവടപ്പാതയിലൊരത്താണി. കുറേ ബുദ്ധമതക്കാരും കുറച്ച് മുസ്ലിംകളും മാത്രമായിരുന്നു ഇവിടുത്തെ താമസക്കാര്‍. ഒരൊറ്റ മരം പോലുമില്ലാതെ നഗ്നമായ പര്‍വ്വതങ്ങള്‍ക്കിടയില്‍ ഒരു കൊച്ചു പച്ചപ്പ്.
1980കള്‍ വരെ വിദേശ ടൂറിസ്റുകള്‍ ഈ ഭാഗത്തേയ്ക്ക് അധികമൊന്നും വന്നിരുന്നില്ല; പ്രത്യേകിച്ച് മനാലി വഴി. 1990കളുടെ വരവോടെ കാശ്മീര്‍ പ്രശ്നപ്രദേശമായി. ശ്രീനഗര്‍ വഴിയുളള വരവ് ബുദ്ധിമുട്ടായതോടെയാണ് ദൂരം കൂടുതലും വഴി ദുര്‍ഘടവുമായ മനാലി -കെയ്ലോംഗ് -ലേ പാത തുറന്നിടപ്പെട്ടത്.
സിന്ധുനദി ഏകദേശം 10.കി.മീ ദൂരെയാണ് ലേയില്‍ നിന്ന്. ഈ താഴ്വരയുടെ ഫലഭൂയിഷ്ഠതയും സിന്ധു നല്‍കുന്നതു തന്നെ. ബാര്‍ലിയാണ് മുഖ്യകൃഷി. എങ്കിലും ഇന്നു ടൂറിസം തന്നെയാണെന്നു തോന്നുന്നു, പ്രധാന വരുമാനമാര്‍ഗ്ഗം. നഗരമെങ്ങും ചെറുപ്പക്കാരായ വിദേശികള്‍. അന്വേഷിച്ചപ്പോള്‍ ഭൂരിപക്ഷവും ഇസ്രായേലികളാണത്രെ. ദില്ലിയില്‍ നിന്നും മറ്റും ബുളളറ്റ് വാടകയ്ക്കെടുത്ത് വരുന്നവരും കുറവല്ല.

വൈകുന്നേരം ഒന്നു നടക്കാനിറങ്ങി. ലേയില്‍ ചങ്സ്പാ എന്ന ഭാഗത്താണ് ഞങ്ങളുടെ ഹോട്ടല്‍ റിള്‍റാബ്. കുറച്ചകലെയുളള ഒരു ഹോട്ടലില്‍ പോയി വയറു നിറയെ “മോമു’ വാങ്ങിക്കഴിച്ചു. ചെറിയ പൂരിയുടെ വലുപ്പത്തില്‍ ഗോതമ്പ് പരത്തി അതിനുളളില്‍ പച്ചക്കറിയോ, മാംസമോ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് മോമു. അല്‍പ്പം മുളകുചമ്മന്തിയുണ്ടെങ്കില്‍ ഉഗ്രന്‍! ലേയില്‍ എല്ലാറ്റിനും ഭയങ്കര വിലയാണ്. ടൂറിസ്റുകള്‍ ഒരു പ്രധാന കാരണമാണെങ്കിലും വര്‍ഷത്തില്‍ അഞ്ചോ ആറോ മാസം മാത്രം തുറന്നു കിട്ടുന്ന റോഡുകളിലൂടെ എത്തിക്കേണ്ട സാമഗ്രികള്‍ക്ക് കൊടുക്കേണ്ടിവരുന്ന ചിലവു തന്നെയാണ് കൂടുതലും കാരണമാകുന്നത്.

 

ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ലേയിലെ ഒരു കരകൌശല കട

 

പിറ്റേന്ന് വിശ്രമദിനമായിരുന്നു. എല്ലാ മോട്ടോര്‍ സൈക്കിളുകളും പൂര്‍ണ്ണ ചെക്കപ്പിനു വിധേയമാക്കി. കുറച്ചുപേര്‍ രാവിലെ തന്നെ ടാക്സി കാര്‍ പിടിച്ച് സമീപപ്രദേശങ്ങളിലുളള ഹെമിസ്, തിക്ക്സെ തുടങ്ങിയ ബുദ്ധമഠങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പോയി. മറ്റു ചിലര്‍ 80 കി.മീ ദൂരെയുളള പാംഗോംഗ് സോ എന്ന തടാകത്തിലേക്കും. മലയാളത്താന്മാര്‍ ലേ നഗരം ചുറ്റി നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കല്‍പ്പം അസ്വാസ്ഥ്യം തോന്നിയതിനാല്‍ തിരികെപ്പോന്നു. മല്ലു സംഘം ലേ പാലസു കാണാന്‍ പോയി.

ഇവിടെ ഇരുട്ടാകണമെങ്കില്‍ രാത്രി 8.00 മണി കഴിയണം. ഒന്നുറങ്ങി ഫ്രെഷ് ആയി ഞാന്‍ വീണ്ടും ഒന്നു കറങ്ങാനിറങ്ങി. ലേയില്‍ കഴിഞ്ഞ വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (27 വര്‍ഷങ്ങളായി എന്റെ ചോറ്!) ഒരു ശാഖ തുടങ്ങിയിട്ടുണ്ടെന്നറിയാം. മെയിന്‍ റോഡില്‍ ഒരു ഇരുനിലക്കെട്ടിടം. വാതില്‍ക്കല്‍ നിന്ന് അകത്തേയ്ക്ക് നോക്കി. മാനേജര്‍ ക്യാബിനില്‍ ഇരുന്ന് ഉച്ചത്തില്‍ ഫോണിലൂടെ സംസാരിക്കുന്നു. ഓഫീസറാവണം, ഒരു മദ്ധ്യവയസ്കന്‍ കുംഭയും വീര്‍പ്പിച്ച് ഗൌരവത്തോടെ കുറച്ചപ്പുറത്ത്. വേറൊരു മദ്ധ്യവയസ്കര്‍ കമ്പ്യൂട്ടറിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുന്നു. എന്റെ പ്രതിപുരുഷന്മാര്‍. ഇവിടുത്തുകാരല്ല. ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫറെന്ന പോലെ വിധിയെ പഴിച്ചിരിക്കയാവാം. സഹപ്രവര്‍ത്തകനാണെന്നറിഞ്ഞപ്പോള്‍ മര്യാദയ്ക്കു വേണ്ടി ഒന്നു ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കാന്‍ ശ്രമിച്ചു. ദില്ലിയില്‍ നിന്നും ബൈക്കോടിച്ചു വന്നതാണെന്നറിഞ്ഞപ്പോള്‍ മുഖത്ത് കൌതുകത്തിന്റേയോ പുച്ഛത്തിന്റേയോ ഒരു ഒളിമിന്നല്‍. പുറത്തിറങ്ങി ബാങ്കിന്റെ ബോര്‍ഡും ബുഡുബുഡു ബൈക്കും ഒരേ ഫ്രെയിമിലാക്കി ഒരു ഫോട്ടോയെടുത്തു. ഈ ബൈക്കും ഈ ഞാനും ഈ ബാങ്കിന്റേത്. 1980ല്‍ ബാങ്കില്‍ കയറുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നത് ഓര്‍മ്മയുണ്ട്; അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കില്ല.

 

ലേ യിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ഓഫീസിനു മുന്നില്‍ ബുഡുബുഡു

 

ലേയിലെ പ്രധാനവീഥികളില്‍ അവിടവിടെയായി പ്രാര്‍ത്ഥനാചക്രങ്ങള്‍ ((prayer wheels) ഉ്ണ്ട. ഒരു മണ്ഡപം. അവിടെ കറങ്ങുന്ന തടി കാുെളള സിലിണ്ടറുകളില്‍ “ഓം മണി പേയ്മേ ഹം’ എന്ന് കൊത്തിവെയ്ക്കുകയോ, പെയിന്റു ചെയ്യുകയോ അതുമല്ലെങ്കില്‍ ചിത്രത്തുന്നലുളള തുണി ചുറ്റിയിരിക്കുകയോ ഉണ്ടാവും. ഇത്തരം “ഉലക്ക’ കളെ വലതു വശത്തു നിന്നും നടന്നു വന്നു വേണം തിരിക്കേണ്ടത്. മോത്തി മാര്‍ക്കറ്റിനു സമീപമുളള പ്രാര്‍ത്ഥനാചക്രങ്ങള്‍ ഒരു വട്ടം തിരിച്ച്, അകലെയുളള മലകളെ നോക്കി ഞാനതിനു താഴെ ഇരുന്നു.

തുടരും

 

 

ആദ്യ ഭാഗം
ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

രണ്ടാം ഭാഗം
മഞ്ഞു ചിറകിലേറി മനാലിയില്‍

മൂന്നാം ഭാഗം
കില്ലര്‍ പാസിലെ ഹെയര്‍പിന്‍വളവുകള്‍

 

 

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

One thought on “ലേ: നഗ്ന പര്‍വതങ്ങള്‍ക്കിടയില്‍ ഇത്തിരിപ്പച്ച

Leave a Reply

Your email address will not be published. Required fields are marked *