K-N-ashok.jpg

ഹരീഷ് ഖരെ പടിയിറങ്ങിയതിന് പിന്നില്‍

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കുഴിമാടം മാന്തിക്കൊണ്ട് മാധ്യമങ്ങള്‍ ആഞ്ഞടിച്ചു. ചോദ്യം ചെയ്യാന്‍ കഴിയാത്തയാള്‍ എന്ന ഇമേജ് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ഖരെയാകട്ടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്രീതിയും വേണ്ട വിധത്തില്‍ സമ്പാദിച്ചു. പിന്നീട് ഖരെയ്ക്ക് തൊട്ടതൊക്കെ പിഴച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുവേദിയില്‍ വിമര്‍ശിച്ചു-കെ.എന്‍ അശോക് എഴുതുന്നു

 

 

“I want to rediscover the joys of being a reporter” രണ്ടര കൊല്ലക്കാലം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശക സ്ഥാനം വഹിച്ച ശേഷം വ്രണിതഹൃദയനായി ഇറങ്ങിപ്പോന്ന രാജ്യത്തെ ഏറ്റവും മികച്ചൊരു പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറുടെ വാക്കുകള്‍. സ്റ്റേറ്റ് ക്രാഫ്റ്റ് എന്ന തന്റെ കോളത്തിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ ആഴത്തില്‍ വരച്ചിട്ട ഹരീഷ് ഖരെ ഇങ്ങനെ പറയണമെങ്കില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇപ്പോഴും അദ്ദേഹത്തിനുള്ളില്‍ ചുര മാന്തുന്നുണ്ടാവണം. ചിലത് ചിലയിടങ്ങളില്‍ സംഭവിക്കുന്നുണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള പ്രഫഷണല്‍ ത്വര. വര്‍ഷങ്ങളായി അറിയാവുന്ന ഒരു മേഖലയെ പിന്നീട് അതിന്റെ തന്നെ ഭാഗമായി മാറി, വളരെ അടുത്തു നിന്നു കണ്ട ഒരു പത്രപ്രവര്‍ത്തകന്‍.

ആ നിലയില്‍ ഖരെ ഇതു പറയുമ്പോള്‍, അദ്ദേഹത്തിന് പറയാന്‍ കഴിയാതിരുന്ന, എന്നാല്‍ പറയേണ്ടിയിരുന്ന ചിലത് അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്ത് സംഭവിക്കുന്നുണ്ട് എന്നും അര്‍ഥമുണ്ട്. എത്തപ്പെടാന്‍ പാടില്ലായിരുന്നിടത്ത് ചെന്നെത്തിയതിന്റെ അമര്‍ഷവും ബ്യൂറോക്രസിയുടെ കെട്ടുപാടില്‍ നിന്ന് പത്രപ്രവര്‍ത്തകനെന്ന സ്വാതന്ത്യ(?)ത്തിലേക്കുള്ള ഇറങ്ങിവരവും ആ വാക്കുകളില്‍ ഉണ്ടാകണം.

പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അതിലുപരി സര്‍ക്കാരിന്റെയും ഇമേജ് സംരക്ഷിക്കുക, വാര്‍ത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യാഗിക കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുക… അങ്ങനെ മാധ്യമ ഉപദേശക പദവി ഏറ്റെടുക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ സാമാന്യ ജോലിയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള പാലമായി മാറേണ്ടയാളാണ് മാധ്യമ ഉപദേശകന്‍ എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തിലെ വിരോധാഭാസം. ഖരെയ്ക്ക് കഴിയാതെ പോയതും അതായിരിക്കാം.

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍സിംഗും പാവ എന്ന ഉപമയും
വളരെയധികം കണക്കുകൂട്ടലോടെ മുന്നോട്ടു നീങ്ങുന്ന രാഷ്ട്രീയക്കാരനാണ് മന്‍മോഹന്‍ സിംഗ്. സോണിയാ ഗാന്ധിയുടെ പാവയാണ് അദ്ദേഹമെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് അറിയാവുന്ന ഏറ്റവും വലിയ ആള്‍ സോണിയാ ഗാന്ധി തന്നെയായിരിക്കും. തന്റെ ലക്നൌ ബോയ് എന്ന പുസ്തകത്തില്‍ ഔട്ട്ലുക്ക് എഡിറ്റര്‍ വിനോദ് മേത്ത ഇക്കാര്യം വിശദമായി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനായി ഖരെ എത്തുമ്പോള്‍ അദ്ദേഹം ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായിരുന്നു.

‘സ്റ്റേറ്റ് ക്രാഫ്റ്റ്’ എന്ന പൊളിറ്റിക്കല്‍ കോളത്തിലൂടെ പതിറ്റാണ്ടുകളായുള്ള തന്റെ ജേര്‍ണലിസം കരിയറിന്റെ ഒടുവില്‍ ഖരെ ആഘോഷിക്കപ്പെടുന്ന സമയവുമായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായും ഹൈക്കമാന്‍ഡുമായും അത്ര മികച്ച ബന്ധത്തിലല്ലായിരുന്നു ഖരെ. സോണിയാ ഗാന്ധിക്കെതിരെയും യു.പി.എയുടെ നയങ്ങള്‍ക്കെതിരെയും തന്റെ കോളത്തിലൂടെ ഇടയ്ക്കെല്ലാം അദ്ദേഹം വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. എങ്കിലും സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായുള്ള അടുത്ത ബന്ധം വഴി ഖരെ ഈ പദവിയിലെത്തുകയായിരുന്നു. പാര്‍ട്ടിക്ക് ഖരയെ വേണമായിരുന്നിരിക്കണം.

സഞ്ജയ് ബാരു


2ജി സ്പെക്ട്രം വിവാദം വൈകിയതിങ്ങനെ
ആണവ കരാര്‍ ചര്‍ച്ചകള്‍ മുറുകി നിന്ന ഒന്നാം യു.പി.എ സര്‍ക്കാരില്‍ സഞ്ജയ് ബാരു ആയിരുന്നു മാധ്യമ ഉപദേശകന്‍. ആ സമയത്ത് ഔദ്യാഗിക സംഘത്തിന്റെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ നിരവധി പത്രപ്രവര്‍ത്തകരുണ്ട്, ജോര്‍ജ് ബുഷ് ഇന്ത്യയില്‍ വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്നര്‍ സര്‍ക്കിളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷിച്ചവരുണ്ട്. ഫലം ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളൊന്നും തന്നെ അടുത്ത കാലങ്ങളിലൊന്നും പുറത്തു വന്നില്ല. യു.പി.എയിലെ ഏക പ്രതിസന്ധി ഇടതു പാര്‍ട്ടികള്‍ മാത്രമാണെന്ന ധാരണ പരത്താന്‍ ബാരുവിന്റെ സാമര്‍ഥ്യത്തിന് കഴിഞ്ഞു. സര്‍ക്കാറിനു മേല്‍ ഇടതിന്റെയൊരു കടിഞ്ഞാണ്‍ ഉണ്ടെന്നും സാമ്പത്തിക മേഖലയിലടക്കം കൂടുതല്‍ ഉദാരവത്ക്കരണ നടപടികള്‍ക്ക് സര്‍ക്കാരിന് കഴിയാതെ പോകുന്നത് ഇടതിന്റെ കടുംപിടിത്തം മൂലമാണെന്നുമുള്ള ധാരണകള്‍ വന്നു. എന്നാല്‍ ഇടത് പക്ഷം അത്ര പ്രശ്നമല്ലെന്നും സര്‍ക്കാരിന് അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും ഇടയ്ക്കിടെയുള്ള തന്റെ കൂടിക്കാഴ്ചകളിലൂടെ ബാരു മാധ്യമ ലോകത്തെ പ്രമുഖരെ അറിയിച്ചു കൊണ്ടുമിരുന്നു. പ്രധാനമന്ത്രിയുടെ ‘ഓണസ്റ്റി’ക്കും ‘ഇന്റഗ്രിറ്റി’ക്കും യാതൊരു കോട്ടവും സംഭവിച്ചില്ല.

സോണിയാ ഗാന്ധി

എന്നാല്‍ അഞ്ചു വര്‍ഷം ബാരുവും തികച്ചില്ല. പാര്‍ട്ടിയുടെ അല്ല, പ്രധാനമന്ത്രിയുടെ ആളായിരുന്നു അദ്ദേഹം. പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ ഓഫീസും (പി.എം.ഒ) തമ്മിലുള്ള ‘നല്ല ബന്ധം’ നിലനിര്‍ത്തുകയായിരുന്നില്ല, മന്‍മോഹന്‍ സിംഗിന്റെ കാര്യങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കാര്യങ്ങള്‍ വഷളായതോടെ നാലു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ബാരു പടിയിറങ്ങി. ഇടയ്ക്ക് സജീവ പത്രപ്രവര്‍ത്തനത്തിലേക്കും മടങ്ങി വന്നു. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും ഇമേജ് നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ഒരാള്‍ വേണ്ടിയിരുന്നു. ഖരെയെ ആയിരുന്നു ഈ റോളിലേക്ക് അഹമ്മദ് പട്ടേല്‍ കണ്ടു വച്ചത്. മുന്നണി നടത്തിപ്പും പാര്‍ട്ടിയിലെ ചരടു വലികളും ഒഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക നയങ്ങളോട് അത്രയെതിര്‍പ്പില്ലാത്ത ആള്‍ തന്നെയായിരുന്നു ഖരെ.

ഒരു സമയത്ത് താന്‍ വിമര്‍ശിച്ചിരുന്ന പാര്‍ട്ടിയും സര്‍ക്കാരും രണ്ടാം വട്ടവും അധികാരത്തില്‍ വന്നപ്പോള്‍ ഖരെ അതിന്റെ ഭാഗമായി. എന്നാല്‍ പിഴവു പറ്റിയ ഒരു ചുവടുവയ്പായിരുന്നു അതെന്ന് ഖരെ മനസിലാക്കിയത് രണ്ടര വര്‍ഷത്തിനു ശേഷമായിരുന്നിരിക്കണം. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന 2ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിയുടെ കഥകള്‍ മന്‍മോഹനെയും കൂട്ടരെയും ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഓണസ്റ്റിയും ഇന്റഗ്രിറ്റിയും മുഖമുദ്രയായി കൊണ്ടു നടന്നിരുന്ന മന്‍മോഹന്‍ സിംഗ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഒരുവിധം അഴിമതികളുടെയെല്ലാം വേരുകള്‍ പി.എം.ഒ വരെ എത്തപ്പെട്ടതോടെ മറ്റൊരിക്കലുമില്ലാത്ത വിധം പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടു.

 

ഹരീഷ് ഖരെ

 

കസേരയില്‍ ഖരെ
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകന് ഇവിടെ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുക, അവരുടെ ഉടമകളെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും ഇടയ്ക്കിടെ കാണുകയും അവര്‍ക്കായി ഡിന്നര്‍ പാര്‍ട്ടികള്‍ ഒരുക്കുകയും ചെയ്യുക, പ്രധാനമന്ത്രിയുമായി തനിക്കാണ് കൂടുതല്‍ അടുപ്പമുള്ളതെന്ന് ഓരോ പത്രപ്രവര്‍ത്തകനും തോന്നിക്കുക അങ്ങനെ വഴികള്‍ അനേകമുണ്ട് ഒരു മാധ്യമ ഉപദേശക റോളിലുള്ളയാള്‍ക്ക്. സെലക്ടീവ് ലീക്ക് മുതല്‍ വാര്‍ത്തകളുടെ പ്ലാന്റിങ് വരെ അതിലുണ്ട്. എന്നാല്‍, ഖരെയുടെ പിടിയില്‍ നില്‍ക്കുന്നതായിരുന്നില്ല കാര്യങ്ങള്‍. ഒന്നിനു പിന്നാലെ ഒന്നൊന്നായി അഴിമതി കഥകള്‍ പുറത്തു വന്നു.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കുഴിമാടം മാന്തിക്കൊണ്ട് മാധ്യമങ്ങള്‍ ആഞ്ഞടിച്ചു. ചോദ്യം ചെയ്യാന്‍ കഴിയാത്തയാള്‍ എന്ന ഇമേജ് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ഖരെയാകട്ടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്രീതിയും വേണ്ട വിധത്തില്‍ സമ്പാദിച്ചു. പി.എം.ഓയില്‍ നടക്കുന്ന പലതും ഖരെ അറിയുന്നില്ലെന്നു വരെ അഭ്യൂഹങ്ങള്‍ പരന്നു. ശേഖര്‍ ഗുപ്തയുടെ ഇന്ത്യന്‍ എക്സ്പ്രസ് നേരിട്ടു തന്നെ ഖരെയെ ആക്രമിച്ചു. മാധ്യമ ഉപദേശകനായ ശേഷം ഖരെയുടെ കാറിന്റെ ചില്ലില്‍ 10 ഔദ്യോഗിക സ്റ്റിക്കറുകള്‍ പതിച്ചതിനെ എക്സ്പ്രസ് പരിഹസിച്ചു. ഏതെങ്കിലും വിഷയത്തില്‍ സംശയ നിവൃത്തി വരുത്താന്‍ വിളിക്കുന്ന പുതുമുഖ പത്രപ്രവര്‍ത്തകര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍, അത് പരിചയപ്പെടുത്തുന്നയാള്‍ തന്നെയാണെന്ന് താനെങ്ങനെ ഉറപ്പാക്കുമെന്ന് ഖരെ ചോദിക്കുന്നതിലെ മുരടത്തരം വരെ വാര്‍ത്തയായി. പിന്നീട് ഖരെയ്ക്ക് തൊട്ടതൊക്കെ പിഴച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുവേദിയില്‍ വിമര്‍ശിച്ചു.

പുലോക് ചാറ്റര്‍ജി

രാഹുലും സ്നാപക യോഹന്നാനും
2014ല്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അലമുറയിടുകയും ചെയ്യുന്നു. എന്നാല്‍ തടസങ്ങള്‍ ഒന്നും രണ്ടുമല്ല. തത്കാലം താന്‍ വിരമിക്കാനില്ലെന്ന സൂചന മന്‍മോഹന്‍ സിംഗ് നിരവധി സമയങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡിന് സമാന്തരമായി മന്‍മോഹന്‍ സിംഗ് തന്നെ തന്റെ അടുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു സമ്മര്‍ദ്ദ ഗ്രൂപ്പു തന്നെ ഇതിനകം രൂപപ്പെടുത്തിയെന്ന കഥകളുമുണ്ട്. അപ്പോള്‍ സ്ഥാനാരോഹണം അത്രയെളുപ്പമായേക്കില്ല.

മറ്റൊന്ന്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് എത്രത്തോളം അനുകൂലമാണ് എന്നതാണ്. ഒരു വിധത്തിലും എഴുതിത്തള്ളാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നറിയാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസോ യു.പി.എ തന്നെയോ പച്ച തൊടുമോയെന്ന് സംശയമാണ്. ഒന്നേ ചെയ്യാനുള്ളൂ. ഒരു പൊളിച്ചടുക്കല്‍ തന്നെ. പൊതു തെരഞ്ഞെടുപ്പിനു മുമ്പായി പി.എം.ഒ അണിയിച്ചൊരുക്കേണ്ടതുണ്ട്. അതിനുള്ള ഓരോ ആണിക്കല്ലും സൂക്ഷ്മമായി തെരഞ്ഞെടുക്കുന്ന ജോലിയിലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഈയിടെ നിയമിതനായ പുലോക് ചാറ്റര്‍ജി. രാഹുല്‍ ഗാന്ധി യേശു ക്രിസ്തുവെങ്കില്‍ സ്നാപക യോഹന്നാന്റെ റോളാണ് ചാറ്റര്‍ജിക്ക്.

രാഹുല്‍ ഗാന്ധി

അപ്പോള്‍, പി.എം.ഒ പൊളിച്ചു പണിയുന്നതിനൊപ്പം മാധ്യമങ്ങളെയും മെരുക്കേണ്ടതുണ്ട്. സോണിയാ ഗാന്ധിയുടെ കണ്ണും മനസുമായാണ് ചാറ്റര്‍ജി പി.എം.ഒ ഭരിക്കുന്നത്. മുതിര്‍ന്ന ബ്യൂറോക്രാറ്റായ ചാറ്റര്‍ജിയുടേത് 10 ജന്‍പഥില്‍ നിന്ന് നേരിട്ടുളള നിയമനമാണ്. പാര്‍ട്ടി അറിയാതെ ഇനി അവിടെ ഒന്നും നടക്കില്ല. ചാറ്റര്‍ജി വന്നതോടെ മന്‍മോഹന്‍ സിംഗിന്റെ ഇടംവലം കൈയായ ടി.കെ.എ നായര്‍ ഉപദേശകന്റെ റോളിലേക്ക് മാറി. ഇതിനു പിന്നാലെ പി.എം.ഒയിലെ ഒട്ടു മിക്ക പോസ്റ്റുകളിലും പുതിയ നിയമനങ്ങള്‍ നടക്കുന്നു. ഖരെയുടെ സ്ഥാന ചലനവും ഇതിന്റെ ബാക്കിയാണ്. എന്‍.ഡി.ടി.വിയില്‍ നിന്നുള്ള താരതമ്യേന ചെറുപ്പക്കാരനായ പങ്കജ് പച്ചോരിയാണ് പുതിയ കമ്യൂണിക്കേഷന്‍ അഡ്വസര്‍.

ആ മോഷണത്തിനു പിന്നിലെന്ത്?
അതിനൊപ്പം, ഈയിടെ പ്രചരിക്കുന്ന ഒരു ‘ഇമെയില്‍ ചോര്‍ത്തല്‍’ കഥ കൂടിയുണ്ട്. കഴിഞ്ഞ ജൂണ്‍ 30ന് ഹരീഷ് ഖരെയുടെ ഔദ്യാഗിക വസതിയില്‍ നിന്ന് കാര്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ മോഷണം പോയി. ഒരു സാധാരണ മോഷണ സംഭവം മാത്രമായി പോകുമായിരുന്ന ഇതിന് മറ്റൊരു വശമുണ്ടെന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ എം.ഡി നാലപ്പാട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഖരെയുടെ ലാപ്ടോപ്പ് മോഷണം പോയതും അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധമുണ്ടെന്നും അതുവരെ അദ്ദേഹത്തിന്റെ ഇ-മെയിലുകള്‍ പരിശോധിക്കപ്പെട്ടിരുന്നില്ലെന്നും ചില സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് നാലപ്പാട് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാപ്ടോപ്പ് മോഷണം പോയതോടെയാണ് ഖരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നതെന്നും അദ്ദേഹം സൂചന നല്‍കുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തോടുളള അനിഷ്ടം നിറഞ്ഞ ചില ഇമെയിലുകളാണ് ഒടുവില്‍ മാധ്യമ ഉപദേശക പദവിയില്‍ നിന്ന് ഖരെ തെറിക്കാനുണ്ടായ കാരണങ്ങളിലൊന്നെന്നും പറഞ്ഞു വയ്ക്കുന്നു.

ഖരെയ്ക്ക് ഇനി സജീവ പത്രപ്രവര്‍ത്തകന്റെ റോളിലേക്ക് മടങ്ങാം. സഞ്ജയ് ബാരു അവശേഷിപ്പിച്ചു പോയ ഇടത്തേക്കുളള കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍ ശരിയായില്ലെന്നു തന്നെ വേണം പറയാന്‍. ചണമില്‍ മുതലാളിയും കളളപ്പണക്കാരും തീവ്ര ദേശീയവാദിയും ആദര്‍ശവാദിയും ഒക്കെയടങ്ങുന്ന അടങ്ങുന്ന മാധ്യമ മുതലാളിമാരെ മെരുക്കാന്‍ ഒരു രാഷ്ട്രീയ റിപ്പോര്‍ട്ടറുടെ ബോധം മാത്രം പോരെന്നാണ് ഖരെയുടെ പരാജയം തെളിയിക്കുന്നത്.

when you share, you share an opinion
Posted by on Jan 29 2012. Filed under കെ.എന്‍ അശോക്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

3 Comments for “ഹരീഷ് ഖരെ പടിയിറങ്ങിയതിന് പിന്നില്‍”

 1. Rasheedudheen

  Well done Ashokan, You observed the developments precisely. Your political acumen too is laudable.
  I love Khare Sb to comeback to active journalism and open a new school of Journalism in India. We the scribes of Delhi don’t have real access in PMO beyond a propagandist network. We has to learn to report PMO in a way more loyal to our readers. .

     1 likes

 2. D.SREEJITH

  മനോഹരമായ എഴുത്ത്‌. ഹരീഷ്‌ ഖരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപ്രിയനായിക്കൊണ്ടിരിക്കുന്നത്‌ ഒരോ ദിവസവും അറിയുന്നുണ്ടായിരുന്നുവെങ്കിലും ഇത്രസൂക്ഷ്‌മമായി ഈ വിഷയം പിന്തുടരുന്നില്ലായിരുന്നു. പഴയ സഹപ്രവര്‍ത്തകരെ പുതിയ പദവികളുടെ വെള്ളിവെളിച്ചത്തില്‍ വെറുപ്പിക്കുയും അതേ സമയം ഇത്തരം ജോലികള്‍ക്ക്‌ വേണ്ട മേയ്‌വഴക്കം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എത്രദയനീയമാണല്ലേ? രണ്ടാം യു.പി.എയുടെ ഒന്നാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനിലെ വലിയ മീറ്റ്‌ ദ പ്രസില്‍ ചോദ്യോത്തരത്തിന്‌ പ്രധാനമന്ത്രി എത്തിയത്‌ മുതല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി ആഴ്‌ച തോറും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്നുമുള്ള -ഒരാഴ്‌ചകൊണ്ട്‌ അവസാനിപ്പിച്ച- പ്രഖ്യാപനം വരെയുള്ള ഖരേയുടെ ആശയങ്ങള്‍ എന്തൊരു തരം തിരിച്ചടിയായിരുന്നു. താങ്ക്‌സ്‌ അശോകാ, നല്ല എഴുത്തും നല്ല നോട്ടവും.

     1 likes

 3. seena

  An informative one…. Thank u nalaamidam and Ashok :)

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers