പിനാ: ഉടല്‍ മുഴുവന്‍ നൃത്തം

സിനിമ തുടങ്ങി പത്തുമിനിട്ടിനുള്ളില്‍ അത് മനസിന്റെ റിഫ്രഷ് ബട്ടണ്‍ അമര്‍ത്തി. പലതവണ ആവര്‍ത്തിച്ചു, പിന്നെ അത് അമര്‍ന്നു തന്നെ ഇരുന്നു. പിനാ ബോഷും അവരുടെ Tanz theotre wuppertal എന്ന നൃത്ത കമ്പനിയിലെ 36 നര്‍ത്തകരും പങ്കെടുക്കുന്ന, മുമ്പ് കണ്ടിട്ടില്ലാത്ത ‘മുടിഞ്ഞ’ നൃത്തം. വിരല്‍ത്തുമ്പില്‍ മിടിപ്പോളം നേര്‍ത്ത സൂക്ഷ്മ ചലനങ്ങള്‍കൂടിയും പുതിയൊരു വാക്കുരുവിടുന്നു. പിടിച്ചിരുത്തുന്നത് എന്നതിന് വിപരീതമായി എല്ലാ ചടവുകളേയും ജഢത്വങ്ങളേയും ഭാരങ്ങളേയും കെട്ടിക്കിടപ്പിനേയും വന്‍പാറയായ് വളര്‍ന്ന നിശ്ചലതകളേയും തകര്‍ത്ത് അമ്പരപ്പിക്കുന്ന ഒരു ലാഘവത്തിലേയ്ക്ക് പിടിച്ചെഴുന്നേല്‍പ്പിക്കുന്ന അനുഭവം. വഴിക്കുണ്ടിലെ ചെളിവെള്ളം കുട്ടികള്‍ചവിട്ടി തെറിപ്പിക്കുന്നപോലെ ലളിതമായി, എന്നാല്‍ അഗാധമായി. ഈ വര്‍ഷത്തെ ഓസ്കാര്‍ നോമിനേഷന്‍ നേടിയ, പ്രമുഖ ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്റേഴ്സിന്റെ ഡോക്യുമെന്ററി ചിത്രം ‘പിനാ’യുടെ കാഴ്ചാനുഭവം. സര്‍ജു എഴുതുന്നു

 

 

രാത്രിയില്‍ വീടിന്റെ അടഞ്ഞ വാതില്‍ക്കല്‍ വന്ന് തീയുണ്ടോ എന്നു ചോദിച്ച അപരിചിതന് മറുപടിയായി അകത്തിരുന്നു ചുണ്ടു പിളര്‍ത്തിയ മനുഷ്യനെക്കുറിച്ചൊരു കഥയുണ്ട്. ഒരു പക്ഷെ എല്ലാ ഭാഷാസമൂഹങ്ങളും അകത്തിരുന്നു ചുണ്ടുപിളര്‍ത്തുന്നവരാണ്. പരിധിയ്ക്ക് വെളിയിലുള്ളവരോട് സംവദിക്കാന്‍. അടിസ്ഥാനപരവും മൌലികവും സാര്‍വ്വ ലൌെകികവുമായ ഒന്നാണ് മനുഷ്യരുടെ ശരീരഭാഷ. ഉടല്‍ അതിന്റെ അക്ഷരമാലകളാണ്. ഏറ്റവും ചെറിയൊരു ചേഷ്ട പോലും ശരീരം ഉച്ചരിക്കുന്നൊരു വാക്കാണ്. അതിന്റെ വികാസത്തില്‍ നൃത്തത്തോളം മറ്റൊരു കലാരൂപവും പങ്കെടുത്തിട്ടില്ല. വിനിമയത്തിന്റെ പ്രധാനപ്പെട്ട സാമൂഹിക പാഠങ്ങളില്‍ നൃത്തത്തിന്റേയും സംഗീതത്തിന്റേയും ലോകസഞ്ചാരങ്ങളുണ്ട്.

ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ നേടിയ, പ്രമുഖ ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്റേഴ്സിന്റെ ഡോക്യുമെന്ററി ചിത്രം ‘പിനാ’, പറയുന്നത് ഇക്കാര്യമാണ്. ആധുനിക യൂറോപ്യന്‍ നൃത്തത്തിലെ ജര്‍മ്മന്‍ ഇതിഹാസമായ പിനാ ബോഷിന്റെ ജീവിതം പകര്‍ത്തുന്ന ചിത്രം അതിനപ്പുറം, ശരീരം എന്ന ഭാഷയെക്കുറിച്ചും ഉടലിന്റെ അക്ഷരമാലകളെക്കുറിച്ചുള്ള അനേകം ചിന്തകള്‍ക്ക് വഴിമരുന്നിടുന്നു.

വിം വെന്റേഴ്സ്: ഗഗനചാരിയുടെ ക്യാമറ


ദേവജീവിതം മടുത്ത് മനുഷ്യ ജീവിതത്തിന്റെ ചെറിയ ചെറിയ ആഹ്ലാദങ്ങള്‍ കൊതിക്കുന്ന ഒരാള്‍ നഗരത്തിലെ സര്‍ക്കസ് തമ്പില്‍ ദേവതാവേഷം കെട്ടുന്ന ട്രപ്പീസ് കളിക്കാരിയുമായി പ്രണയത്തിലാകുന്നു. അനശ്വരതയുടെ ചിറകുകള്‍ ഉപേക്ഷിച്ച് ഒടുവിലയാള്‍ മനുഷ്യജീവിതത്തിലേയ്ക്ക് വരുന്നു. ജര്‍മ്മന്‍ ചലച്ചിത്രകാരനായ വിം വെന്റേഴ്സിന്റെ ‘ബെര്‍ലിന്‍ നഗരത്തിന്റെ ആകാശം’ Wings Of Desire (1987) എന്ന സിനിമയുടെ പ്രമേയതന്തുവാണിത്. പത്മരാജനെപ്പോലുള്ളവരെ ഒരു പക്ഷേ ഈ സിനിമ പ്രചോദിപ്പിച്ചിരിക്കണം. എന്നാല്‍ പ്രകടമാകുന്ന വ്യത്യാസം വിം വെന്റേഴ്സിന്റെ ചലച്ചിത്രത്തിന്റെ രാഷ്ട്രീയമായ ഉള്ളൊഴുക്കാണ് .

ഏഴുകടലുണ്ടെങ്കിലും എല്ലാറ്റിനുംകൂടി നമുക്ക് ഒരാകാശമേയുള്ളൂ. ഇവിടുത്തേത് ബര്‍ലിന്‍ നഗരത്തിന്റെ ആകാശമാണ്. സ്വര്‍ഗം എല്ലായിടത്തും മേലേ ആയതിനാല്‍ ബര്‍ലിനിലും അങ്ങനെ തന്നെ.ആത്മാവ് കൊണ്ടടുക്കുമ്പൊഴും ഒരേ ആത്മാവുള്ളവരാവുമ്പോഴും രണ്ടുലോകങ്ങളിലായി വിഭജിക്കപ്പെടുന്നവരുടെ ജീവിതം ചൂണ്ടി വിം തന്റെ കലയില്‍ ബെര്‍ലിന്‍ മതില്‍ പൊളിച്ചു. 1989ല്‍ അക്ഷരാര്‍ഥത്തില്‍ ബെര്‍ലിന്‍ മതില്‍ പൊളിയുന്നതിന് വളരെ മുന്നേതന്നെ.

പാരിസ് ടെക്സാസ് എന്ന സിനിമയ്ക്ക് 1984 ല്‍ കാന്‍ പുരസ്കാരം ലഭിച്ചതോടെയാണ് വിം വെന്റേഴ്സ് രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് വരുന്നത്. എന്നാല്‍ ബെര്‍ലിന്‍ നഗരത്തിന്റെ ആകാശം എന്ന സിനിമയെ നിരൂപകര്‍ ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് . കലയുടെ ഏറ്റവും ധ്യാനാത്മകവും സുന്ദരവുമായ സഞ്ചാര വഴിയാണ് അദ്ദേഹത്തിന്റേത്. അതിന്റെ അസാധാരണമായ ആന്തരിക ഊര്‍ജ്ജം മാത്രമാണ് ഭാവിയെ നിര്‍മ്മിക്കാനുള്ള പ്രാപ്തിയും രാഷ്ട്രീയമാനങ്ങളും.

അസാധാരണമായ ഒരു കണ്ടുമുട്ടല്‍

സര്‍ജു

വിം വെന്റേഴ്സിന്റെ കലാസങ്കല്‍പ്പങ്ങളെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയാണ് ആധുനിക യൂറോപ്യന്‍ നൃത്തത്തിലെ ജര്‍മ്മന്‍ ഇതിഹാസമായ പിനാ ബോഷ് . പിനായെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ Wings Of Desire പോലൊരു സിനിമ ഒരിക്കലും തന്നില്‍നിന്ന് ഉണ്ടാവുമായിരുന്നില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ത്രീഡിയിലുള്ള ആദ്യ ആര്‍ട്ട് ഹൌെസ്മൂവിയായ പിനാ ബോഷിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പോയവര്‍ഷം ലോകം ചര്‍ച്ച ചെയ്തതും അസാധാരണ വിജയം നേടിയതും അതിന്റെ സംവിധായകന്‍ വിം വെന്റേഴ്സ് ആയതുകൊണ്ട് കൂടിയാകണം.

വിം വെന്റേഴ്സും പിനാ ബോഷുമായുള്ള അടുപ്പത്തിനും സൌഹൃദത്തിനും കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ അവരുടെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു.നൃത്തത്തില്‍ അത്ര കമ്പക്കാരനല്ലാതിരുന്ന വെന്റേഴ്സിനെ പിനായുടെ നൃത്തം കാണാന്‍ കൂട്ടുകാരി നിര്‍ബന്ധിച്ച് കൂട്ടികൊണ്ട് പോകുകയായിരുന്നു. വിം ആ അനുഭവം ഇങ്ങനെ വിവരിക്കുന്നു.

‘ഒട്ടും ആഗ്രഹിക്കാതെ ഒരു രാത്രി ഞാന്‍ പിനായുടെ Cafe Mueler ഉം Ritie Of Spring ഉം കണ്ടു. സത്യമായും ജിവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായിരുന്നു അത്. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആ രാത്രിമുഴുവന്‍ ഞാന്‍ നിസ്സഹായനായി കരഞ്ഞു. എന്തോ വലിയ മാറ്റം സംഭവിക്കുന്നത് എന്റെ ശരീരം തിരിച്ചറിയുകയും മനസ്സ് അതില്‍ പിന്നിലാവുകയും ചെയ്തു. ഒടുവില്‍ ഞാനത് ശരിയ്ക്കും മനസിലാക്കി. ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞപ്പോള്‍ ഒരുമിച്ച് ഒരു സിനിമയെടുക്കുക എന്ന ആശയം മുന്നോട്ട് വച്ചു. തുടക്കത്തില്‍ സംശയാലുവായിരുന്നെങ്കിലും പിനാ പിന്നിടതിലേയ്ക്ക് വന്നു. സിനിമയെക്കുറിച്ച് സംസാരിച്ച് കാലം കളയാതെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാര്യത്തിലേയ്ക്ക് കടന്നപ്പോള്‍ ഞാനാകെ പ്രതിസന്ധിയിലായി. സിനിമ എങ്ങനെ ചെയ്യണമെന്നതില്‍ എനിക്കൊരു വ്യക്തതയും ഉണ്ടാരുന്നില്ല .ഓരോ വര്‍ഷവും അവരുടെ പുതിയ വര്‍ക്കുകള്‍ എന്റെ ആത്മവിശ്വാസം കുറച്ചുകൊണ്ടിരുന്നു. പിനായുടെ നൃത്തത്തോട് നീതി പുലര്‍ത്തുന്നതിനുളള വിഭവശേഷി എനിക്കുണ്ടായിരുന്നില്ല. അതിന് 20 വര്‍ഷം എടുത്തു. നിരാശയുണ്ടായിരുന്നെങ്കിലും അവര്‍ ക്ഷമയോടെ കാത്തിരുന്നു.’

 

 

പിനാ ബോഷ്: വൈകാരികതയ്ക്ക് അടിവര
ശരീര ചലനങ്ങളുടെയും ചലനസ്വഭാവങ്ങളുടേയും അടിസ്ഥാനം മനുഷ്യവികാരങ്ങളും അവയുടെ തീവ്രതയുമാണെന്നും അതിനാല്‍ നൃത്തത്തിന്റെ ഉറവിടം നര്‍ത്തകിയുടെ/ നര്‍ത്തകന്റെ ഉള്ളിലാണെന്നും പുറത്തുള്ള നൃത്തനിയമങ്ങളിലും ചിട്ടകളിലും മുദ്രകളിലും അല്ലെന്നും വാദിച്ചുകൊണ്ടാണ് Francois Delsarte ആധുനിക നൃത്തത്തിന്റെ ആശയാടിത്തറ നിര്‍മ്മിച്ചിട്ടുള്ളത്. Emile Jaques, Rudolf Laban, Mary Wigman തുടങ്ങിയവരിലൂടെയാണ് ആധുനിക നൃത്തത്തിന്റെ സൈദ്ധാന്തികതലവും പ്രയോഗ തലവും വികസ്വരമായത്.യൂറോപ്യന്‍ ആധുനിക നൃത്തത്തിന്റെ പ്രധാന കേന്ദ്രം ജര്‍മ്മനിയായിരുന്നു. Mary Wigman ന്റെ നൃത്തത്തിലെ ജര്‍മ്മന്‍ എക്സ്പ്രഷനിസത്തെ പിന്തുടരുന്നവരില്‍ പ്രധാനിയായിരുന്നു നൃത്തത്തേയും നാടകത്തേയും ഇണക്കികൊണ്ട് Tanz theater എന്ന സങ്കല്‍പ്പത്തെ വികസിപ്പിച്ച Kurtz Joos.

Kurtz Joos ന്റെ FolkWang school ല്‍ നൃത്തപഠനം പുത്തിയാക്കിയ പിനാ സ്കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്കില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. രണ്ടു വര്‍ഷത്തിനുശേഷം മടങ്ങി വന്ന് ഫോക് വാങ് ബാലെയില്‍ പ്രധാന നര്‍ത്തകിയും കോറിയോഗ്രാഫറുമായി. 1973ല്‍ Wuppertal Tanz theotre സ്ഥാപിച്ചു. ബാലെയുടേയും തിയറ്ററിന്റേയും അംശങ്ങളെ സംയോജിപ്പിച്ച് വികസിച്ച ഒരു നൃത്തപദ്ധതിയാണ് Tanz theotre. Ritie Of Spring (1975), Cafe Mueler, (1978) തുടങ്ങിയ രചനകളിലൂടെ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ ഖ്യാതി നേടി.

നൃത്തത്തില്‍ വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുകയും മനശാസ്ത്രപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത വിഖ്യാത ബ്രിട്ടീഷ് കൊറിയോഗ്രാഫര്‍ Antony Tudor ആയിരുന്നു പിനായെ സ്വാധീനിച്ച മറ്റൊരാള്‍. .Kurtz Joos ല്‍ നിന്നും Antony Tudor ല്‍ നിന്നും സ്വന്തം വഴികണ്ടെത്തിയ പിനായുടെ കൊറിയൊഗ്രാഫി സാമ്പ്രദായികഭാഷയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഏറ്റവും ചടുലമായ ചലനങ്ങള്‍ക്കൊപ്പം സാധാരണജീവിതത്തിന്റ് ചലനങ്ങളും കൃതികളിലേയ്ക്ക് കൊണ്ടുവന്നു. ആളുകളെങ്ങനെ ചലിക്കുന്നു എന്നതല്ല, അവരെ എന്താണ് ചലിപ്പിക്കുന്നത് എന്നതിലാണ് തന്റെ താല്‍പ്പര്യം എന്നു പറഞ്ഞുകൊണ്ട് വൈകാരികതയ്ക്ക് അടിവരയിട്ടു. ഈ ഭാവാത്മകത സവിശേഷമായൊരു ആന്തരിക ആനന്ദം കാണികളിലേയ്ക്ക് പകര്‍ന്നു. സ്ത്രീ പുരുഷബന്ധങ്ങളുടെ അഴകും ആഴവും സംഘര്‍ഷങ്ങളും പിനായുടെ രചനകളുടെ അടിസ്ഥാന സ്വഭാവമാണ്. സ്ത്രീയുടെ നിലനില്പ് , സ്വത്വവികാസം സ്വാതന്ത്യ്രകാംക്ഷ എന്നിവയില്‍ അത് സ്ത്രീപക്ഷം ചേരുകയും ചെയ്യുന്നു.

 

Pina Bausch

 

നൃത്ത ഇതിഹാസം
വസന്ത പൂജ (Rite Of Spring) എന്നത് മഞ്ഞുകാലം മാറി വസന്തം വരുമ്പോള്‍ പുതിയ ഋതുപൂജയ്ക്കായി പെണ്ണിനെ ബലികൊടുക്കുന്നതാണ്. സംഘനൃത്തത്തില്‍ നിന്ന് അത് കൊല്ലപ്പെടാന്‍ പോകുന്നവളുടെ മരണഭീതിയും ജീവിതരതിയും ഇടകലരുന്ന നൃത്തമായി മാറുന്നു. ഇത് അരങ്ങേറുന്നതാകട്ടെ സ്റ്റേജ് മുഴുവന്‍ മണ്ണ് വിരിച്ചശേഷവും. ശക്തമായ പ്രകൃതിസാന്നിദ്ധ്യമുള്ളവയായിരുന്നു അവരുടെ രചനകള്‍. അതുകൊണ്ട്തന്നെ അവരുടെ നര്‍ത്തകര്‍ മണ്ണിലും വെള്ളത്തിലും ഇലകളിലും പൂക്കളിലും നിലാവിലും നൃത്തം ചെയ്തു. അരങ്ങിനെത്തന്നെ ലോകത്തിലേയ്ക്ക് തുറന്നിടുമ്പോഴും വൈയക്തികവും സ്വകാര്യവുമായ മാനസിക സഞ്ചാരങ്ങളുടെ ഒരു ധാര പിനായുടെ കലയെ പിന്നെയും വ്യത്യസ്തമാക്കുന്നു. പിനായുടെ മാതാപിതാക്കള്‍ സത്രം (മോട്ടല്‍) നടത്തിപ്പുകാരായിരുന്നു എന്നത് Cafe Mueler ന് തിരശീല പിടിക്കുന്ന സംഗതിയാണ് . അതിന്റെ അസാധാരണ ഘടനയിലേക്കുള്ള വഴിയും.

ശരീരഭാഷയുടെ പല അടരുകളെക്കുറിച്ച് പിനാ ബോഷിനുണ്ടായിരുന്ന സവിശേഷമായ അവഗാഹത്തെക്കുറിച്ച് വിം വേന്റേഴ്സ് ഇങ്ങനെ പറയുന്നുണ്ട്: ചലച്ചിത്രകാരനെന്ന നിലയില്‍ ഞാന്‍ അഭിനേതാക്കളുടെ ശരീരഭാഷ തീരുമാനിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തിരുത്താനുമൊക്കെയുള്ള പ്രാപ്തിയില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അത് എന്തുമാത്രം അമച്വര്‍ ആണെന്ന് തിരിച്ചറിഞ്ഞത് പിനായെ പരിചയപ്പെട്ട ശേഷമാണ്.

കലയിലെ ഏത് മാറ്റവും നേരിടുന്ന എതിര്‍പ്പുകളെ പിനായും നേരിട്ടു പക്ഷെ അവര്‍ പെട്ടെന്ന് ലോകശ്രദ്ധയിലേയ്ക്കുയര്‍ന്നു. ലോകത്തിലെ പ്രധാനരാജ്യങ്ങളിലെല്ലാം പിനയുമായുള്ള കോപ്രൊഡക്ഷനുകളുണ്ടാകുകയും അവരുടെ Tanz theotre രാജ്യാന്തര തിയറ്റര്‍ ആവുകയും ചെയ്തു. ഇന്ത്യയിലെ Goethe Institute മായി സഹകരിച്ചുള്ള പ്രൊഡക്ഷനായിരുന്നു ബാംബു ബ്ലൂസ്.വസ്തുതാപരമായും അവരുടേത് ഒരു ജര്‍മ്മന്‍ നൃത്ത സംഘം ആയിരുന്നില്ല. പിനയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ട വ്യത്യസ്ത ദേശഭാഷാ സംസ്കാരങ്ങളില്‍പ്പെട്ട പ്രതിഭകളുടെ ഒത്തുചേരലായിരുന്നു.

നാല്‍പ്പതോളം രചനകളിലൂടെയാണ് പിനാ ലോകമെങ്ങും ആരാധകരുള്ള ആധുനിക നൃത്തത്തിലെ ലെജന്റായി മാറിയത്. ജര്‍മ്മനി മാത്രമല്ല ഫ്രാന്‍സും ഇറ്റലിയും അമേരിക്കയും ബ്രിട്ടനും ജപ്പാനും റഷ്യയുമടക്കം വിവിധരാഷ്ട്രങ്ങള്‍ പിനാ ബോഷിന് രാജ്യാന്തര ബഹുമതികള്‍ നല്‍കി ആദരിച്ചു. 2009 ജൂണ്‍ 30ന് അപ്രതീക്ഷിത ദേഹവിയോഗമുണ്ടാവുമ്പോള്‍ 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു തിയറ്ററുകളിലായി തന്റെ 10 രചനകള്‍ അവതരിപ്പിക്കാനുള്ള കരാര്‍ അവര്‍ ഒപ്പിട്ടുകഴിഞ്ഞിരുന്നു. കാന്‍സര്‍ രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാം ദിവസം, വിം വെന്റേഴ്സിന്റെ ‘പിനാ’സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെയാണ് അവര്‍ ലോകത്തോട് വിട പറഞ്ഞത്.

പിനാ സിനിമയാവുമ്പോള്‍

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പിനാ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു.
ഒന്ന് ആത്മകഥ പാടില്ല, രണ്ട് അഭിമുഖവും. സിനിമ അവരുടെ രചനകളെ മുന്‍നിര്‍ത്തിയായിരിക്കണമെന്നും Cafe Mueler, Rite Of Spring, Kontakthof,
Full moon എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പിനായുടെ അപ്രതീക്ഷിത വിയോഗത്തോടെ സിനിമ ഉപേക്ഷിച്ചെങ്കിലും അതിലേയ്ക്ക് തന്നെ അനിവാര്യമായും വിം മടങ്ങി വന്നു. പിനായുടെ നൃത്തത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി അങ്ങനെ പിനയ്ക്ക് വേണ്ടിയുള്ള സിനിമയായി മാറി.

റിഹേഴ്സലുകളില്‍ അവര്‍ സഹ നര്‍ത്തകരോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും അവയുടെ മറുപടി നൃത്തത്തിലൂടെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഈ മറുപടികള്‍ ചര്‍ചചെയ്യുകയും തിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നത് അവരുടെ സവിശേഷ രീതിയായിരുന്നു. ഇതേ രീതി അവലംബിച്ചുകൊണ്ട് Wuppertal Tanz theotre ലെ നര്‍ത്തകരോട് പിനാ അവര്‍ക്കെന്തായിരുന്നു എന്ന് ഓര്‍മ്മിക്കാനും ആ ഓര്‍മ്മ നൃത്തത്തിലൂടെ പങ്കുവയ്ക്കാനും വിം വെന്റേഴ്സ് ആവശ്യപ്പെട്ടു. ലോകം ആദരിച്ച പിനായുടെ രചനകളും ഈ നൃത്ത സ്മൃതികളും ഒന്നിച്ചതോടെയാണ് സിനിമ കലാപരമായ ഔന്നത്യത്തിലേക്ക് വളര്‍ന്നത്.

 

 

നൃത്തം സെല്ലുലോയ്ഡില്‍
എഴുതുമ്പോള്‍ ഏതാനും വാക്കുകള്‍ കൊണ്ട് പുതുമാനം തീര്‍ക്കുന്നവരുണ്ട്. പഴയ ധ്വനിയിലെ മൂന്നാമതൊരു തലം , മറ്റൊരു മാനം. എന്നാല്‍ ആഖ്യാനത്തിന്റെ വഴിത്തിരിവുകളില്‍ അത് യാന്ത്രികമായി. മൂന്നു മൂന്നൂറായി പിളര്‍ന്ന് ബഹുതലങ്ങളായി.പലമാനങ്ങളായി. ശാസ്ത്രവും സാങ്കേതിക വിദ്യയും നിരന്തരം യാഥാര്‍ഥ്യങ്ങളെ പുതുക്കി ക്കൊണ്ടിരിക്കുന്നതിനാല്‍ ഭാവനയുടെ ഇടങ്ങള്‍ കയ്യേറി യാഥാര്‍ഥ്യത്തിന് അതിന്റെ അതിര്‍ത്തികള്‍ മാറ്റി വരയ്ക്കാനാവുന്നു. സാഹിത്യത്തിലും കലയിലും ശാസ്ത്രവും സാങ്കേതിക വിദ്യയും വരുത്തുന്ന മാറ്റങ്ങള്‍ കാലം എന്ന ഒറ്റവാക്കില്‍ ഒതുങ്ങുകയില്ല. നവ യാഥാര്‍ഥ്യങ്ങളെ സമകാലീന കല ഉപജീവിക്കുമ്പൊഴുണ്ടാകുന്ന ഭാഷയുടെ വികാസവും അനുഭവത്തിന്റെ ആഴവും പിനാ എന്ന സിനിമ സൃഷ്ടിക്കുന്ന പല വിസ്മയങ്ങളില്‍ ഒന്നാണ്.

നൃത്തവും നാടകവുമൊക്കെ സിനിമയില്‍ വരുമ്പോള്‍ ഭിത്തിയില്‍ ചത്ത ശലഭത്തെ വച്ചപോലെയാണ്. വസ്തുക്കളുടെ കനവും വ്യാപ്തിയും ചലനത്തിന്റെ സ്ഥലവും നഷ്ടപ്പെട്ട് ജീവന്‍ തന്നെ ഇല്ലാതാകുന്നു. നാടകം / നൃത്തം ഒരു പോസ്ററായി സിനിമയില്‍ പതിയുന്നു. ഒന്ന് മറ്റൊന്നിനെ കെടുത്താതെ എങ്ങനെ പരസ്പരം തുണയ്ക്കും എന്നത് സിനിമയിലെ എക്കാലത്തേയും വെല്ലുവിളിയായിരുന്നു.കാരണം കലയുടെ പലമാധ്യമങ്ങള്‍ പരസ്പരം ഇടയുന്ന ഘട്ടങ്ങള്‍ നിരവധിയുണ്ട്.

 

 

പിനാ: സിനിമാനുഭവം
സിനിമ തുടങ്ങി പത്തുമിനിട്ടിനുള്ളില്‍ അത് മനസിന്റെ റിഫ്രഷ് ബട്ടണ്‍ അമര്‍ത്തി. പലതവണ ആവര്‍ത്തിച്ചു, പിന്നെ അത് അമര്‍ന്നു തന്നെ ഇരുന്നു. പിനാ ബോഷും അവരുടെ Tanz theotre wuppertal എന്ന നൃത്ത കമ്പനിയിലെ 36 നര്‍ത്തകരും പങ്കെടുക്കുന്ന, മുമ്പ് കണ്ടിട്ടില്ലാത്ത ‘മുടിഞ്ഞ’ നൃത്തം. വിരല്‍ത്തുമ്പില്‍ മിടിപ്പോളം നേര്‍ത്ത സൂക്ഷ്മ ചലനങ്ങള്‍കൂടിയും പുതിയൊരു വാക്കുരുവിടുന്നു. പിടിച്ചിരുത്തുന്നത് എന്നതിന് വിപരീതമായി എല്ലാ ചടവുകളേയും ജഢത്വങ്ങളേയും ഭാരങ്ങളേയും കെട്ടിക്കിടപ്പിനേയും വന്‍പാറയായ് വളര്‍ന്ന നിശ്ചലതകളേയും തകര്‍ത്ത് അമ്പരപ്പിക്കുന്ന ഒരു ലാഘവത്തിലേയ്ക്ക് പിടിച്ചെഴുന്നേല്‍പ്പിക്കുന്ന അനുഭവം. വഴിക്കുണ്ടിലെ ചെളിവെള്ളം കുട്ടികള്‍ചവിട്ടി തെറിപ്പിക്കുന്നപോലെ ലളിതമായി, എന്നാല്‍ അഗാധമായി. ജാപ്പനീസ് സംഗീതകാരന്‍ ജൂന്‍ മിയാകിയുടെ സംഗീതം ഉടല്‍ മുഴുവന്‍ പങ്കുകൊള്ളുന്ന നൃത്തത്തെ വല്ലാതെ ഭാവാത്മകമാക്കുന്നു. വിം വെന്റേഴ്സിന്റെ ചലച്ചിത്രഭാഷ , അദൃശ്യവും എന്നാല്‍ സത്യവുമായ മനസിലെ ഞെളിയന്‍പറമ്പ് 103 മിനിട്ടില്‍ വെടിപ്പാക്കിയതിന്റെ അമ്പരപ്പ് …

നൃത്തത്തിനും , സംഗീതത്തിനും , ത്രീഡിയുടെ സാങ്കേതിക ഭാഷയ്ക്കുമപ്പുറം ചലച്ചിത്രകാരനെ നമിക്കുന്ന പല ഘടകങ്ങളുണ്ട് ഈ സിനിമയില്‍. ഒന്ന് സിനിമതീരുംവരെ ഒരു ഡോക്യുമെന്ററിയാണ് കാണുന്നതെന്ന് നാം അറിയുന്നതേയില്ല. ഡോക്യുമെന്ററിയുടെ ചരിത്രത്തിലും പിനാ ഒരു വഴിത്തിരിവാണ്. മറ്റൊന്ന്, മലമുകളും നഗരചത്വരവും , തെരുവും വ്യസായശാലയും നൃത്ത പശ്ചാത്തലമാക്കുക വഴി പിനാ അരങ്ങിനെ മാറ്റിമറിച്ച രീതിയ്ക്ക് ഒരു തുടര്‍ച്ചകൊണ്ടുവന്നു. Wuppertal നഗരത്തിലെ 110 കൊല്ലം പഴക്കമുള്ള ഹാങിംഗ് മോണോറെയില്‍ പോലും സിനിമയില്‍ തലകീഴായ യാഥാര്‍ഥ്യത്തിന്റെ നടനവേഗമായി.

6 thoughts on “പിനാ: ഉടല്‍ മുഴുവന്‍ നൃത്തം

 1. ‘പിന ‘ സിനിമ ഒരു ശാരീരികാനുഭവം ആയിരുന്നു. ആ സിനിമ എന്റെ ഉടലിനെയാണ് ആദ്യം പിടികൂടിയത്.
  സര്‍ജുവിന്റെ എഴുത്ത് മനസ്സിനെ നൃത്തഭരിതമാക്കുന്നു.

  അഭിവാദ്യങ്ങള്‍

 2. the over emphasis to Oscar nomination was avoidable ‘Pina’ 3d version was premiered at Berlin film festival the same version came to Goa. iffk also has already screened the film.

 3. ഈ എഴുത്തില്‍ , വാക്കുകളില്‍ പുതിയതായെന്തോ … നന്ദി…

 4. I had the privilege of watching Pina Bausch’s work titled ‘Bamboo Blues’ in Delhi.
  It was more exciting to witness the interaction between Pina and Chandralekha, the legendary dancer / activist from India on that day. It was an experience of different kind.
  Chandralekha, was not very popular among the charismatic classical Indian performers.
  Discarding the devotional elements of Indian classical dance, she blended Bharatanatyam, yoga and kalarippayyat for passionate, body-oriented movements and mind-blowing steps.

  Remembering both after reading Sarju.
  -Purusothaman

  • വായനയ്ക്കും പ്രതികരണങ്ങൽക്കും നന്ദി.
   പുരുഷേട്ടാ, യാദൃശ്ചികതകൾ കൈകോർക്കുന്നതുകണ്ട് ഞാൻ അന്തംവിട്ട് നിൽക്കുകയാണ്. ചിലത് പറയാനുണ്ട്. നമ്പർ കളക്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ്.
   വിശിഷ്ടമായ സ് നേഹത്തോടെ
   സർജു

Leave a Reply

Your email address will not be published. Required fields are marked *