ഇന്ത്യന്‍ പട്ടിണിപ്പാവങ്ങളെ ഊട്ടാന്‍ യു.എസ് ഔഷധ ഭീകരന്‍ വരുന്നു

അമേരിക്കന്‍ ഔഷധഭീകരന്‍ ‘അബട്ട് ‘ആണ് ഈ പ്രാവശ്യം നാം അഭിമുഖീകരിക്കാന്‍ പോവുന്ന ദൈവം. ഒപ്പം, പരോപകാരം കൊണ്ട് അന്നന്നത്തെ വയറുനിറക്കുന്ന ‘പാത്ത് ‘ എന്ന അമേരിക്കന്‍ എന്‍.ജി.ഒ യുമുണ്ട്. എല്ലാ പോഷകങ്ങളും അരിയിലൂടെ നല്‍കാനുള്ള റൈസ് ഫോര്‍ടിഫിക്കേഷന്‍ എന്ന നൂതന പദ്ധതിയുമായാണ് സാധുജന സേവനത്തിനുള്ള പുറപ്പാട്. മരുന്നുവ്യാപാരത്തിലെ അത്യാഗ്രഹിയെന്ന് അറിയപ്പെടുന്ന ‘അബട്ട് ‘ കമ്പനിയുടെ മുന്‍കാല പ്രകടനങ്ങളൊന്നും പരിഗണിക്കാതെ ഇരുകൈയും നീട്ടി പദ്ധതിയെ സ്വീകരിക്കാനുള്ള പുറപ്പാടിലാണ് മന്‍മോഹന്‍ സിംഗിന്റെ ഭരണകൂടം-പി.പി പ്രശാന്ത് എഴുതുന്നു

 

 

ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ കാര്യമോര്‍ത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഉറക്കമില്ലാതായിട്ട് കാലങ്ങള്‍ പലതായി. പട്ടിണി മാറ്റാന്‍ അന്ന പരീക്ഷണം, രോഗം മാറ്റാന്‍ മരുന്നുപരീക്ഷണം, ദാരിദ്യ്രം മാറ്റാന്‍ വായ്പാ പരീക്ഷണം എന്നിങ്ങനെ പല പരിപാടികളുമുണ്ട്, ഇതിനു പരിഹാരമായി അവരുടെ കൈയില്‍. വരുന്നത് സായിപ്പായതിനാലും സംഗതി ദരിദ്രരുടെ നെഞ്ചത്തായതിനാലും കാലകാലങ്ങളിലെ സര്‍ക്കാറുകളൊക്കെ ഈ കലാപരിപാടികള്‍ക്ക് കൂട്ടുനില്‍ക്കാറുമുണ്ട്. പട്ടിണി മാറ്റാനെത്തി നാടിനെയും ആളിനെയും കുട്ടിച്ചോറാക്കി സായിപ്പ് പോയാലും നമ്മുടെ തമ്പ്രാക്കന്‍മാര്‍ ആശങ്കപ്പെടാറുമില്ല.

ഈ കലാപരിപാടിയിലെ ഒടുവിലത്തെ ഇനവും ഇതാ ഗേറ്റിലെത്തിക്കഴിഞ്ഞു. പട്ടിണി മാറ്റുമെന്നല്ല ഇന്നാട്ടിലെ പോഷകാഹാര പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കാതെ ഒരു നിമിഷം പോലും വെറുതെയിരിക്കില്ലെന്ന് സത്യം ചെയ്താണ് കോര്‍പറേറ്റ് അണ്ണന്‍മാര്‍ ഇത്തവണ എത്തുന്നത്. പതിവു പോലെ ആരും കേട്ടാല്‍ ഞെട്ടുന്ന ഉശിരന്‍ പേരുകളും ആളുകളെ കൈയടിപ്പിക്കുന്ന ഉഗ്രന്‍ കലാപരിപാടികളുമൊക്കെയായാണ് ഇത്തവണയും വരവ്.

അമേരിക്കന്‍ ഔഷധഭീകരന്‍ ‘അബട്ട് ‘ആണ് ഈ പ്രാവശ്യം നാം അഭിമുഖീകരിക്കാന്‍ പോവുന്ന ദൈവം. ഒപ്പം, പരോപകാരം കൊണ്ട് അന്നന്നത്തെ വയറുനിറക്കുന്ന ‘പാത്ത് ‘ എന്ന അമേരിക്കന്‍ എന്‍.ജി.ഒ യുമുണ്ട്. എല്ലാ പോഷകങ്ങളും അരിയിലൂടെ നല്‍കാനുള്ള റൈസ് ഫോര്‍ടിഫിക്കേഷന്‍ എന്ന നൂതന പദ്ധതിയുമായാണ് സാധുജന സേവനത്തിനുള്ള പുറപ്പാട്. മരുന്നുവ്യാപാരത്തിലെ അത്യാഗ്രഹിയെന്ന് അറിയപ്പെടുന്ന ‘അബട്ട് ‘ കമ്പനിയുടെ മുന്‍കാല പ്രകടനങ്ങളൊന്നും പരിഗണിക്കാതെ ഇരുകൈയും നീട്ടി പദ്ധതിയെ സ്വീകരിക്കാനുള്ള പുറപ്പാടിലാണ് മന്‍മോഹന്‍ സിംഗിന്റെ ഭരണകൂടം. ഇതിനുള്ള പ്രൊപ്പോസലുകളും ചര്‍ച്ചകളും ലാഭം വീതംവെക്കല്‍ ചര്‍ച്ചകളുമൊക്കെ മുറപോലെ നടക്കുന്നു. വൈകാതെ, നമ്മുടെയെല്ലാം നിറഞ്ഞ കൈയടികള്‍ക്കു നടുവിലൂടെ സായിപ്പ് ആ അരിയും കൊണ്ടെത്തും.

അബട്ടിന്റെ പദ്ധതി
വിറ്റാമിന്‍,മിനറല്‍സ് തുടങ്ങിയവ അരിയില്‍ കലര്‍ത്തി ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് അബട്ടു’ം ‘പാത്തും’ ചേര്‍ന്നുണ്ടാക്കിയ പദ്ധതി. ദാരിദ്യ്രമനുഭവിക്കുന്ന അഞ്ച് ലക്ഷം പേര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ‘മരുന്നരി’ കലക്കി നല്‍കാന്‍ 15 മില്യണ്‍ ഡോളറാണ് പദ്ധതിയില്‍ നീക്കിവെച്ചിട്ടുള്ളത്.ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടി,ഐ.സി.ഡി.എസ് തുടങ്ങി വിവിധ പദ്ധതികളിലൂടെ ഇത്തരം അരി വിതരണം ]യ്യാന്‍ ഇതിനകം കേന്ദ്രസര്‍ക്കാരുമായി ധാരണയായീട്ടുണ്ട്.ഇതിനുള്ള അരി വാങ്ങുന്നതിന് രാജ്യത്തെ വമ്പന്‍ അരി വ്യാപാര ശൃംഖലയായ അഷര്‍ അഗ്രോ ലിമിറ്റഡുമായി കമ്പനി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു.

‘ഫോര്‍ട്ടിഫിക്കേഷന്‍’ പ്രക്രിയയിലൂടെയാണ് വിറ്റാമിനും മിനറലും അരിയില്‍ ചേര്‍ക്കുന്നത്. ഇതിനായി ഒട്ടേറെ രാസപ്രക്രിയകള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇതിനാണ് പാത്ത് എന്ന സംഘടന സഹായം ചെയ്യുന്നത്. അള്‍ട്രാ റൈസ് ഫോര്‍ട്ടിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെ ‘ഈ കൂട്ടിക്കലര്‍ത്തല്‍’ രാസ പ്രക്രിയ എളുപ്പം സാധ്യമാക്കാമെന്നാണ് പാത്തിന്റെ അവകാശവാദം. പത്ത് രാജ്യങ്ങളിലെ ദരിദ്രര്‍ക്കിടയില്‍ പരീക്ഷണം നടത്തി വിജയം കണ്ടതാണത്രെ ഈ പദ്ധതി. സംഘടനക്ക് ഈ ഇനത്തില്‍ ബില്‍ ആന്റ് മിലിന്ദ ഫൌണ്ടേഷനില്‍ നിന്ന് 60 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായമായി ലഭിച്ചിരുന്നു.

എന്താണ് ഫോര്‍ട്ടിഫിക്കേഷന്‍
സാധാരണ അരിപോലെ രൂപവും മണവുമുള്ളതാണ് ‘ഫോര്‍ട്ടിഫൈഡ് റൈസ്’.വിറ്റാമിന്‍ എ യോടൊപ്പം അയേണ്‍,സിങ്ക്,തയാമിന്‍,ഫോളിക് ആസിഡ് എന്നിവ ചേര്‍ത്ത് പ്രത്യേക പ്ലാന്റിലാണിത് തയ്യാറാക്കുന്നത്. ഇത്തരം അരി കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും അതിലെ വിറ്റാമിന്‍ അംശങ്ങള്‍ ജലത്തില്‍ അലിഞ്ഞുപോകാനിടയുണ്ട്. ഇതിനാല്‍, കഴുകരുതെന്ന പ്രത്യേക നിര്‍ദേശം വെച്ചായിരിക്കും ഈ അരി ദരിദ്ര നാരായണന്‍മാര്‍ക്കു മുന്നിലെത്തുന്നത്. കഴുകാതെ, വെറുതെ അരിയെടുത്ത് തിന്നുന്ന പതിവ് ഇവിടെയില്ലാത്തതിനാല്‍ ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളില്‍ ഇത്തരം അരി വിതരണം പ്രായോഗികമല്ലെങ്കിലും അതൊന്നും നോക്കേണ്ട ആവശ്യം സായിപ്പിനോ നാടന്‍ സായിപ്പുമാര്‍ക്കോ ഇല്ലല്ലോ.

ആരാണ് അബട്ട്?
ഉണ്ണുന്ന അരി തരുന്ന കമ്പനിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍, കാര്യം കുറച്ചു കൂടി ബോധ്യമാവും. ‘മരുന്ന് ഭീകരത'(ഫാര്‍മ ടെററിസം) എന്ന വിശേഷണം ആദ്യമായി ലോകം പ്രയോഗിച്ചത് അബട്ടിനെതിരായിരുന്നു.

2007ല്‍ തായ്ലന്റില്‍ ജീവന്‍ രക്ഷാമരുന്നുകളുടെ വിലവര്‍ധന തടയാന്‍ മരുന്നുകമ്പനികള്‍ക്ക് നിര്‍ബന്ധിത രജിസ്ട്രേഷന്‍ കൊണ്ടുവന്നപ്പോള്‍ ലാഭം കുറയുമെന്ന് പേടിച്ച് അതിനെതിരായി തങ്ങളുടെ ജീവന്‍ രക്ഷാ ഔഷധങ്ങളുള്‍പ്പെടെ മുഴുവന്‍ ഉല്‍പന്നങ്ങളും പിന്‍വലിച്ച് രജിസ്ട്രേഷന്‍ ബഹിഷ്കരിച്ചവരാണ് അബട്ട്. അന്നാണ് ഈ വിശേഷണം വന്നുചേര്‍ന്നത്.ഇതിനെതുടര്‍ന്ന് ലോകത്തെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ അബട്ടിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു.

അബട്ട് പുറത്തിറക്കിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇതിനകം ഉണ്ടായ വിവാദങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. അത്യാഗ്രഹിയായ ഈ മരുന്നുകൊള്ളക്കാരന്റെ തനിനിറം വെളിവാക്കാന്‍ ഇത് സഹായിച്ചേക്കും. അബട്ട് പുറത്തിറക്കിയ മരുന്നുകളുടെ കഥകള്‍ കേള്‍ക്കുക.

അബട്ടിന്റെ വിവാദ മരുന്നുകള്‍

കലേട്ര(Keletra)
എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ‘കലേട്ര’ ബ്രാന്‍ഡിലിറക്കിയ മരുന്നിന് രജിസ്ട്രേഷന്‍ വേണമെന്നായിരുന്നു തായ് സര്‍ക്കാരിന്റെ ആവശ്യം. ഇതേതുടര്‍ന്നായിരുന്നു അബട്ടിന്റെ പ്രതിഷേധം. ഇതിന് ശേഷമാണ് ഈ മരുന്നിന്റെ ഉപയോഗം ശിശുക്കളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ വന്നത്.അമ്മമാരിലും ശിശുക്കളിലും ഈ മരുന്ന് ഉപയോഗിക്കുന്നത് ജനിതക പ്രശ്നങ്ങളുണ്ടാക്കുമെന്ന് 2000ല്‍ അമേരിക്കന്‍ ഭക്ഷ്യമന്ത്രാലയം(എഫ്.ഡി.എ) നടത്തിയ പഠത്തില്‍ കണ്ടെത്തി.

ഹുമിറ(Humira)
അബട്ടിന്റെ കുപ്രസിദ്ധമായ മറ്റൊരു കൊലയാളി മരുന്നാണ് ഹുമിറ. വാത സംബന്ധിയായ അസുഖങ്ങള്‍ക്കുള്ള അഡാലിമുമാബ് എന്ന രാസപദാര്‍ഥമടങ്ങിയ ഹുമിറയുടെ ഉപയോഗം രക്ത സംബന്ധിയായ രോഗങ്ങള്‍,ടി.ബി.,ലിവര്‍ തകരാറ്,ഹൃദയസ്തംഭനം എന്നിവ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്നായിരുന്നു പഠനത്തില്‍ തെളിഞ്ഞത്.ഈ മരുന്ന് 5000 പേരില്‍ പരീക്ഷണം നടത്തിയപ്പോള്‍ തന്നെ രണ്ടു പേര്‍ മരിച്ചിരുന്നു.എന്നിട്ടും മരുന്ന് വിപണിയിലിറക്കി. പോര്‍ച്ചുഗീസ് കോടതി കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

നോര്‍വിര്‍(Norvir)
എയ്ഡ്സ് പ്രതിരോധ മരുന്നുകളുടെ പ്രധാന ഉല്‍പാദകരായ അബട്ടിന്റെ മറ്റൊരു മരുന്നാണ് നോര്‍വിര്‍. ഇതിന്റെ വില കഴിഞ്ഞ ഡിസംബറില്‍ 400 ശതമാനം കൂട്ടിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.

ഡേപകോട്ടേ (Depakote)
വിഷാദ രോഗത്തിനുള്ള മറ്റൊരു ഉല്‍പന്നമായ ഡേപകോട്ടേ പാര്‍ശ്വഫലങ്ങളേറെയുള്ളതാണെന്ന് തെളിഞ്ഞിരുന്നു.കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

മെറിഡിയ(Meridia)
2002 ല്‍ അബട്ട് ലാബറട്ടറീസ് നോള്‍ കമ്പനിയുമായി ചേര്‍ന്ന് മെറിഡിയ എന്ന പേരിലിറക്കിയ സിബുട്രാമിന്‍ എന്ന മരുന്ന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നെന്നാരോപിച്ച് അമേരിക്കന്‍ കണ്‍സ്യൂമര്‍ അഡ്വോക്കസി ഗ്രൂപ്പ് കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. സിബുട്രാമിന്‍ കഴിച്ച് രണ്ട് പേര്‍ മരിക്കുകയും 200 പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.

 

 

ഈ പദ്ധതി എതിര്‍ക്കപ്പെടേണ്ടത്
ഇത്രയും കുപ്രസിദ്ധരായ അബട്ടിനെയാണ് ലാഘവ ബുദ്ധിയോടെ ദരിദ്ര ലക്ഷങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദന പ്രക്രിയ ഏല്‍പ്പിച്ചത്. തങ്ങളിറക്കിയ ഫോര്‍ട്ടിഫൈഡ് അരിയുടെ സാധ്യത വികസ്വര രാജ്യങ്ങളില്‍ പരീക്ഷിച്ചറിഞ്ഞെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പഠനഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് അറിവ്. ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുമ്പാകെ വെക്കുകയും സജീവ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍, അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. ഉന്നത തലങ്ങളില്‍ മാത്രം ചര്‍ച്ച നടത്തി പെട്ടെന്ന് തന്നെ പദ്ധതി ആരംഭിക്കാനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനാണ് അബട്ടും പാത്തും താല്‍പ്പര്യപ്പെടുന്നതും.

ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കേന്ദ്രം എടുത്തില്ലെങ്കിലും പദ്ധതിക്കനുകൂലമാണ് അധികൃതരുടെ പ്രാഥമിക പ്രതികരണമെന്നത് ആശങ്കക്കിടയാക്കുന്നു. രാസവസ്തുക്കളടങ്ങിയ ഭക്ഷ്യവസ്തുക്കളാണോ ശുദ്ധമായ അരിയാണോ കഴിക്കേണ്ടതെന്ന് തീരുമാനമെടുക്കും മുമ്പ് ഇനിയെങ്കിലും വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ചചെയ്യണം. അയഡിന്‍ ഉപ്പ് ഉപയോഗിക്കാന്‍ ലോകത്തെ പഠിപ്പിച്ച് വിപണി കൊയ്തവരിലൊരാളാണ് അബട്ട്. രോഗഭീതി വളര്‍ത്തി ഇന്ത്യയില്‍ അയഡിന്‍ ഉപ്പിറക്കി അവര്‍ വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

വികസ്വരരാജ്യങ്ങളെ ലക്ഷ്യമിട്ട് ഫോര്‍ട്ടിഫൈഡ് റൈസിന്റെ സാധ്യതകള്‍ മനസിലാക്കി ലോകത്തെമ്പാടും പദ്ധതികള്‍ ആവിഷ്കരിക്കലാണ് യു.എസ് സര്‍ക്കാരേതര സംഘടനയായ പാത്തിന്റെ പ്രധാന ലക്ഷ്യം. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ അരിവിപണി ലക്ഷ്യമിട്ട് പ്രാദേശിക മില്ലുടമകളുമായി സഹകരിച്ചാണ് പാത്ത് പദ്ധതി മുന്നോട്ട് നീക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *