തമിഴകത്ത് ഇനി സെല്‍വിയുടെ കാലം (?)

കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ. -പി.ബി അനൂപിന്റെ വിശകലനം

 

സെല്‍വി കരുണാനിധിക്കൊപ്പം

 

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍ സി.എന്‍ അണ്ണാ ദുരൈയ്ക്ക് രാഷ്ട്രീയത്തില്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ ഇല്ലായിരുന്നു. കഴകമായിരുന്നു (പാര്‍ട്ടി) കുടുംബം. തമിഴകത്തിനു വേണ്ടി മക്കള്‍ വേണ്ടെന്നുവെച്ചു. ദത്തെടുത്തു വളര്‍ത്തിയ മകന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് എക്കാലത്തും അണ്ണാ ദുരൈ എതിരായിരുന്നു. ഏറെ പ്രായോഗികവാദിയായ രാഷ്ട്രീയ നേതാവായിരുന്നിട്ടും കൈയെത്തും ദൂരെയുള്ള അധികാരത്തോട് പുലര്‍ത്തിവന്ന നിര്‍മ്മമത അദ്ദേഹത്തെ തമിഴ് ജനതയുടെ പ്രിയപ്പെട്ട ‘അണ്ണാ’യാക്കി. എന്നാല്‍ അണ്ണായുടെ ‘പ്രിയ തമ്പി’ മുത്തുവേല്‍ കരുണാനിധി മറിച്ചായിരുന്നു. കലൈഞ്ജര്‍ക്ക് കുടുംബമാണ് കഴകം. മക്കളാണ് എല്ലാം. എല്ലാ രാഷ്ട്രീയനീക്കങ്ങളും മക്കള്‍ക്കുവേണ്ടിയായിരുന്നു . 2 ജി സ്പെക്ട്രം അഴിമതിയിലെ കോടികളില്‍ എത്ര പൂജ്യങ്ങളുണ്ടോ അത്രയുമുണ്ട് കരുണാനിധിയുടെ മക്കള്‍ മാഹാത്മ്യവും. മൂന്ന് ഭാര്യമാരിലായുള്ള ആറു മക്കളിലും കൊച്ചുമക്കളിലുമായി ‘കെ കമ്പനി’യുടെ അധികാരവംശാവലി അങ്ങിനെ കാണ്ഡം കാണ്ഡമായി കിടക്കുന്നു.

ആകെ നാറിക്കഴിഞ്ഞു. ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്താണ്. എങ്കിലും തമിഴകത്തിന്റെ വരും കാലം കറങ്ങിത്തിരിഞ്ഞ് വീണ്ടും കലൈഞ്ജര്‍ കുടുംബത്തിന്റെ വീട്ടുമുറ്റത്ത് വന്ന് ഓച്ഛാനിച്ചു നില്‍ക്കുമെന്ന് തന്നെയാണ് തമിഴക വിശ്വാസം. അതിന്റെ ബലത്തില്‍ കലൈഞ്ജര്‍ കുടുംബവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്ക് തീപ്പിടിക്കുകയാണവിടെ. ആരാണിനി കരുണാനിധിയുടെ പിന്‍ഗാമി? എല്ലാ ചര്‍ച്ചകളും എത്തിനില്‍ക്കുന്നത് ആ ഒരു ഫോക്കസിലാണ്. അവിടെ, നിരനിരയായി നില്‍ക്കുന്ന വലിയൊരു കൂട്ടമുണ്ട്. കലൈഞ്ജറുടെ മക്കള്‍. എന്നാല്‍, അമ്പുകൊള്ളാത്തവരില്ലേയില്ല, ആ കൂട്ടത്തില്‍. രാജസൂയത്തിന് കെട്ടഴിഞ്ഞുവിട്ട കുതിരകളെല്ലാം സര്‍വ പരീക്ഷണങ്ങളിലും പരാജയപ്പെട്ട് അഴിമതിയുടെ മൂര്‍ത്തരൂപങ്ങളായി തിരിച്ചെത്തിയിരിക്കുന്നു. അവരിലാരും ഇനി നിലം തൊടില്ലെന്ന പറച്ചിലുകള്‍ക്കിടയില്‍ ദേശത്തിന്റെ കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് സെല്‍വിയിലാണ്. കലൈഞ്ജര്‍ കുടുംബത്തിലെ നിശãബ്ദ അധികാര കേന്ദ്രം. മാരന്‍ കുടുംബത്തെയും കരുണാനിധി കുടുംബത്തെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇനി സെല്‍വിയുടെ കാലമാണെന്ന് പാണന്‍മാര്‍ പാടുന്നു. ഇത് മുന്‍കൂട്ടി കണ്ടെന്നോണം, എതിരാളികള്‍ സെല്‍വിക്കെതിരെയും പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു, അഴിമതിയുടെ പലമുനകളുള്ള അസ്ത്രങ്ങള്‍.

 

കരുണാനിധി കുടുംബം

 

മക്കള്‍ വാഴ്ചയുടെ വഴികള്‍
കന്നി സന്താനം മുത്തുവിനെ ഡി.എം.കെയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്നാണ് കരുണാനിധി മക്കള്‍ വാഴ്ചയുടെ ചരിത്രത്തിന് തിരക്കഥ എഴുതാന്‍ തുടങ്ങിയത് . ആജന്മശത്രു എം ജി ആറിന് ബദലായി മുത്തുവിനെ കരുണാനിധി അരങ്ങിലും അരസാങ്കത്തിലും വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. നെടുങ്കന്‍ ഡയലോഗുകളിലുള്ള തിരക്കഥകള്‍ എഴുതി മകനുവേണ്ടി സിനിമകള്‍ നിര്‍മ്മിച്ചു. ‘ വാധ്യാരെ’ ( എം.ജി. ആറിനെ സാധാരണക്കാര്‍ വിളിച്ചിരുന്നത് വാധ്യാരെന്നാണ്.) വെല്ലുവിളിച്ചു. പക്ഷെ പയ്യന്‍സ് സിനിമയിലും രാഷ്ട്രീയത്തിലും പച്ചതൊട്ടില്ല. കുറേ ‘വാള്‍ പോസ്ററും’ ‘ഫിലിം റോളുകളും’ വെയ്സ്റായത് മിച്ചം.

പിന്നീട് സ്വയം തെരഞ്ഞെടുത്ത വഴികളിലൂടെ സ്റാലിന്‍ അച്ഛന്റെ ദളപതിയായി ( സേനാനായകന്‍ ). അപ്പോഴാണ് മുറുമുറുപ്പുകളുമായി അഴഗിരിയെത്തിയത്. ശല്ല്യമൊഴിവാക്കാന്‍ കരുണാനിധി അഴഗിരിയെ പാര്‍ട്ടി പത്രം ‘മുരശോള്ളി’യുടെ വരിസംഖ്യ പിരിക്കാന്‍ മധുരൈക്ക് വിട്ടു. ‘ അറ്റാക്ക് പാണ്ടി’, ‘ പൊട്ടു സുരേഷ്’, ‘ബെന്‍സ് ബാലാജി’ തുടങ്ങിയ സ്ഥലത്തെ പ്രധാന ‘തരികിട’ ദിവ്യന്‍ മാരുമായിച്ചേര്‍ന്ന് അഴഗിരി മാമധുരാപുരി പിടിച്ചടക്കി. കലൈഞ്ജറുടെ ആണ്‍പിറപ്പുകളുടെ വീര കഥകള്‍ ഇനിയൊരിക്കല്‍ പാടാം.

‘ഡി.എം.കെ. വഴിയാധാരമായല്ലോ ഈശ്വരാ!’ ( പാര്‍ട്ടി മാനിഫെസ്റ്റോ പ്രകാരം ദൈവവിശ്വാസം പാടില്ല, എന്നാലും കിടക്കട്ടെ.) എന്ന് തൊണ്ടര്‍കള്‍ വേദനിച്ചിരിക്കുമ്പോഴാണ് ‘ ചെന്തമിഴ്’ മൊഴിയുടെ പെണ്‍രൂപമായി കനിമൊഴി കടന്നുവന്നത്. പക്ഷെ 2 ജിയുടെ അഴിമതി തരംഗങ്ങളില്‍പ്പെട്ട് കനിമൊഴിയുടെ കഥ ഏതാണ്ട് തീരുമാനമായി. തിരിച്ചറിവുകളുടെ തിഹാര്‍വാസം കഴിഞ്ഞ് കനിമൊഴി തിരിച്ചെത്തിയ നാളുകളില്‍ കരുണാനിധിയുടെ മറ്റൊരു മകളും അഴിമതി ആരോപണങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ചോദ്യമുനയിലായി. കനിമൊഴിയുടെ സഹോദരി സെല്‍വി. മുന്‍ സ്പീക്കര്‍ കാളിമുത്തുവിന്റെ സഹോദരന്‍ നല്ലതമ്പിയെ തമിഴ്നാട് പി.എസ്.സിയുടെ ചെയര്‍മാനാക്കാം എന്നുപറഞ്ഞ് 69 ലക്ഷം രൂപം തട്ടിച്ചതായാണ് സെല്‍വിയ്ക്കെതിരായ ആരോപണം.

 

സെല്‍വി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

 

ആരാണീ സെല്‍വി
ഡി.എം.കെ എന്ന പാര്‍ട്ടിയും കലൈഞ്ജര്‍ കുടുംബവും പ്രതിസന്ധികളില്‍പ്പെട്ടപ്പോഴെല്ലാം അണിയറയില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് സെല്‍വിയുടേത്. ഒരു ചെറിയ ഇടവേളക്കുശേഷം ഡി.എം.കെയില്‍ അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ‘ജയലളിതയുടെ പെണ്‍പോരിമയ്ക്ക് പകരം ആര് ? ‘ എന്ന ചോദ്യമാണ് ഡി.എം.കെയെ കുഴയ്ക്കുന്നത്. പ്രശ്നം സങ്കീര്‍ണ്ണമായതോടെ എല്ലാ കണ്ണുകളും സെല്‍വിയിലേക്കാണ്. സെല്‍വിയുടെ നീക്കങ്ങള്‍ എന്തായിരിക്കും എന്ന ആകാംക്ഷയാണ് എല്ലാവരിലും. ഇപ്പോള്‍ ഒരു സംശയം സ്വാഭാവികം. ‘ആരാണ് ഈ സെല്‍വി? ‘ ‘ഇവര്‍ ഇത്ര വലിയ സംഭവമാണോ?’

കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ.

സെല്‍വി

ദൈവഭയമുള്ള കുട്ടി
ആശയപരമായും ആമാശയപരമായും ദൈവത്തെ നിഷേധിക്കുന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും സെല്‍വി അവിടെയും വേറിട്ടുനിന്നു. നമ്മുടെ കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല ദൈവ ഭയത്തോടെയാണ്’ ദയാലു അമ്മാള്‍ സെല്‍വിയെ വളര്‍ത്തിയത്. പാര്‍ട്ടിയ്ക്കോ സഹോദരങ്ങള്‍ക്കോ പ്രതിസന്ധികളുണ്ടാകുമ്പോള്‍ സെല്‍വിയുടെ വിശ്വാസങ്ങള്‍ തുണയ്ക്കെത്തും. 2 ജി സ്പെക്ട്രം വിവാദങ്ങള്‍ കത്തിനിന്ന നാളുകളില്‍ സെല്‍വി പ്രധാന ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയത് ചൂടേറിയ ചര്‍ച്ചയായിരുന്നു. ആന്ധ്രയിലെ കാളഹസ്തി ക്ഷേത്രത്തില്‍ കരുണാനിധിയുടെ പേരിലും സഹോദരങ്ങളുടെ പേരിലും രാഹുപൂജയും ശത്രു സംഹാര പൂജയും രഹസ്യമായി നടത്തി.

കാര്യം, രാഷ്ട്രീയ ചേരിയില്‍ ശത്രുപക്ഷത്താണെങ്കിലും കനിമൊഴി അഴിമതി ആരോപണങ്ങളുടെ കരിനിഴലില്‍പ്പെട്ടപ്പോള്‍ വൈരം മറന്ന് ചേച്ചി തുണയ്ക്കെത്തി. ഡി എം കെ അധികാരത്തില്‍ വന്നാല്‍ മന്ത്രിപദവികള്‍ പലവഴിയായി വീതംവെക്കുകയാണ് പതിവ്. കലൈഞ്ജര്‍ തന്റെ വിശ്വസ്തരില്‍ കുറച്ചു പേരെ മന്ത്രിമാരാക്കുമ്പോള്‍ ബാക്കിയുള്ളവരെ തെരഞ്ഞെടുക്കുന്നത് സ്റാലിനും സെല്‍വിയും ചേര്‍ന്നാണ്. മിച്ചം വരുന്നത് അഴഗിരിയും കനിമൊഴിയുടെ ക്യാമ്പും വീതിച്ചെടുക്കും. ഇതാണ് മുറ. സ്റാലിന്‍ -സെല്‍വി അച്ചുതണ്ടിലെ മറ്റൊരു സുപ്രധാനി ടി. കെ. എസ്. ഇളങ്കോവനാണ്.

കനിമൊഴി

അസാന്നിധ്യം കൊണ്ടൊരു സാന്നിധ്യം
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്താണ് സെല്‍വിയെ പരിചയപ്പെടുന്നത്. കരുണാനിധിയുടെ ജന്മസ്ഥലവും ജനവിധി തേടുന്ന മണ്ഡലവുമായ തിരുവാരൂരില്‍ വെച്ച്. സെല്‍വിയെ കാണണമെന്ന് ചെന്നൈയില്‍ വെച്ച് ടി. കെ. എസ്. ഇളങ്കോവന്‍ സൂചിപ്പിച്ചിരുന്നു. ഒപ്പം ‘അങ്ങിനെ പിടിതരുന്ന ആളൊന്നുമല്ലെന്ന്’ പാതികളിയായും പാതി കാര്യമായുമുള്ള വാക്കുകളും. പിറന്നമണ്ണില്‍ കരുണാനിധി പോരിനിരങ്ങിയപ്പോള്‍ പടനയിച്ചത് സെല്‍വിയായിരുന്നു. പക്ഷെ, പ്രചാരണ വേദികളിലൊന്നും സെല്‍വിയുണ്ടായിരുന്നില്ല. ഒരു പരിപാടിയിലും പങ്കെടുക്കാതെ എന്നാല്‍ എല്ലായിടത്തും പേരുകൊണ്ട് നിറഞ്ഞു നിന്ന് തന്റെ അസാന്നിധ്യം കൊണ്ട് സെല്‍വി ശ്രദ്ധേയയായി. പ്രചാരണ വേദികളില്‍ പാര്‍ട്ടിയുടെ നാവായിരുന്നത് മുന്‍ കേന്ദ്ര മന്ത്രി ടി. ആര്‍. ബാലുവായിരുന്നു. ഒടുവില്‍ ഇളങ്കോവന്‍ പറഞ്ഞതനുസരിച്ച് തിരുവാരൂര്‍ ഡി എം കെ ഓഫീസില്‍ നിന്ന് സെല്‍വിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള ക്ഷണമെത്തി. പിറ്റേന്ന് രാവിലെ കരുണാനിധിയുടെ സഹോദരിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂടിക്കാഴ്ച.

ഒരു തികഞ്ഞ തമിഴ് വീട്ടമ്മ. നിറഞ്ഞ ചിരി. ഊഷ്മളമായ സ്വീകരണം. ഡി എം കെയുടെ വിജയസാധ്യതകളെക്കുറിച്ച് ചോദിച്ചു. മത്സരം കടുത്തതാകുമെന്ന് ഞാന്‍ പറഞ്ഞു. ‘കലൈഞ്ജറെ തമിഴകം കൈവിടില്ല’ -സെല്‍വിയുടെ മറുപടി. പ്രചാരണത്തിന് സെല്‍വി ഇറങ്ങിയപ്പോള്‍ കൂടെ ഇറങ്ങി. കാര്യമായ അനുചരവൃന്ദങ്ങളില്ല. ഒരു പോലീസ് ഉദ്യാഗസ്ഥനും കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകരും മാത്രം. സെല്‍വിയെത്തുന്നതിനു മുന്‍പ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഓരോ വീട്ടിലുമെത്തും. ” നമ്മ കലൈഞ്ജര്‍ പൊണ്ണ് വന്തിരുക്ക്” എന്ന് വിളിച്ചു പറഞ്ഞ് എല്ലാവരെയും പുറത്തേയ്ക്ക് കൊണ്ടുവരും. എല്ലാവരോടും കുശലം ചോദിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന ഉറപ്പു നല്‍കുന്നു. എന്നാണ് രാഷ്ട്രീയ പ്രവേശനമുണ്ടാകുക എന്ന് ചോദിച്ചപ്പോള്‍ ” എന്നാ തമ്പീ … ” എന്ന വാക്കുകളോടെ സെല്‍വി ചിരിച്ചു. ” എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്… ” എന്ന കൂട്ടിച്ചേര്‍ക്കലിന് ചില സൂചനകളുണ്ടായിരുന്നു. അച്ഛന്റെ പ്രിയമണ്ഡലത്തില്‍ സെല്‍വി നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന് പുറമേക്ക് കാണാത്ത ഒരുപാട് ആന്തരാര്‍ത്ഥങ്ങളുണ്ട്… ചുരുക്കി പറഞ്ഞാല്‍ കരുണാനിധിയുടെ മറ്റ് മക്കള്‍ക്ക് ഭയക്കാന്‍ കാരണങ്ങളുണ്ട്.

 

കരുണാനിധി

 

പുതിയ കരുനീക്കങ്ങള്‍
കരുണാനിധി കുടുംബത്തില്‍ ആരാണ് കേമന്‍ എന്നറിയാന്‍ മാരന്‍മാര്‍ സ്വന്തം പത്രത്തില്‍ സര്‍വേനടത്തി ഡി എം കെയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയപ്പോഴുള്‍പ്പെടെ, കലൈഞ്ജറുടെ കോപത്തിന് ഇരയായപ്പോഴെല്ലാം മാരന്‍ വീട്ടിലെ ലവകുശന്മാരെ സഹായിക്കാന്‍ സെല്‍വി രംഗത്തെത്തിയിട്ടുണ്ട്. സണ്‍ ടി വി പിളര്‍ന്ന് കലൈഞ്ജര്‍ ടി വിയുണ്ടായപ്പോള്‍ എല്ലാവരുടെയും ഓഹരികള്‍ കൃത്യമായി പകുത്തു നല്‍കിയത് സെല്‍വിയാണ്. ജയില്‍ മോചിതയായെത്തിയ തന്റെ മകള്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കണമെന്ന കനിമൊഴിയുടെ അമ്മ രാസാത്തി അമ്മാളുടെ തലയിണ മന്ത്രങ്ങള്‍ക്ക് കരുണാനിധി ഇനിയും വഴങ്ങാത്തത് സെല്‍വിയുടെ നിര്‍ബന്ധ ബുദ്ധി കാരണമാണെന്നാണ് ദ്രാവിഡ മണ്ണിലെ പാണന്മാര്‍ പാടിനടക്കുന്നത്. തന്നെയുമല്ല, കനിമൊഴിക്ക് നിയന്ത്രണമുണ്ടായിരുന്ന കലൈഞ്ജര്‍ ടി വി കരുണാനിധി ഇടപെട്ട് സ്റാലിന് നല്‍കിയതിനുപിന്നിലും സെല്‍വിയുടെ ചാണക്യതന്ത്രമാണ്. എന്നാല്‍, അയ്യോ പാവം, ഞാനൊരു പാവം വീട്ടമ്മ എന്ന മട്ടിലാണ് സെല്‍വിയുടെ ഇടപെടലുകള്‍.

വിജയകാന്തിനെ ഡി എം കെ പാളയത്തില്‍ എത്തിക്കുക എന്നതാണ് സെല്‍വിയുടെ പുതിയ ദൌത്യം. ജയലളിതയുമായുള്ള സഖ്യം അവസാനിപ്പിച്ച ‘കറുപ്പ് എം ജി ആര്‍’ ഇപ്പോള്‍ ‘ഇല്ലത്ത് നിന്നും ഇറങ്ങുകയും ചെയ്തു അമ്മാത്തൊട്ട് എത്തീല്യ’ എന്ന അവസ്ഥയിലാണ്. ക്യാപ്റ്റന്റെ ഭാര്യ പ്രേമലത സെല്‍വിയുടെ സഹപാഠിയായിരുന്നു എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. സെല്‍വിയുടെ പുതിയ കരുനീക്കങ്ങള്‍ എന്താണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴകവും കരുണാനിധിയുടെ മറ്റുമക്കളും

One thought on “തമിഴകത്ത് ഇനി സെല്‍വിയുടെ കാലം (?)

Leave a Reply

Your email address will not be published. Required fields are marked *