അമ്മയുടെ കണ്ണിലെ നീലക്കടല്‍

നാലാമിടം പ്രസിദ്ധീകരിച്ച അഞ്ജലി ദിലീപിന്റെ ‘എന്ന് സ്വന്തം അമ്മ’ എന്ന കുറിപ്പിന് അനുബന്ധമാണ് ഈ കവിതകള്‍. എന്നാല്‍, അമ്മയും കുഞ്ഞും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ ആഴങ്ങള്‍ തിരഞ്ഞ ‘എന്ന് സ്വന്തം അമ്മ’യുടെ വഴിദൂരം മാത്രമല്ല ഡോ. ഉമാ ശങ്കരി എഴുതിയ ഈ കവിതകള്‍ക്ക്

 

painting: ERICA HASTINGS

 

കഥ

അമ്മ അവന് മഴത്തുള്ളിയുടെ
കഥ പറഞ്ഞു കൊടുത്തു.

ആദ്യത്തെ മഴത്തുള്ളി
ഭൂമിയില്‍ പതിച്ചതേയില്ല.
പാതിവഴിയില്‍ത്തന്നെ
അതപ്രത്യക്ഷമായി.
അടുത്ത തുള്ളിയോ
വീണയുടന്‍ ആവിയായി.
മൂന്നാമത്തെയും നാലാമത്തെയും
തുള്ളികള്‍ ചെറിയ പാടുണ്ടാക്കി
ജലകണങ്ങള്‍ വീണുവീണ്
ഭൂമിയില്‍ നനവ് പടര്‍ന്നു.
പിന്നെ തുരുതുരെ
നീര്‍മുത്തുകള്‍
ഒഴുകിയെത്തിയൊരുറവുണ്ടായി
നീരുറവകള്‍ ചേര്‍ന്നൊരു നദിയായി
ആ നദിയൊരു വന്‍കടലുമായി.

അപ്പോള്‍ അവന്‍ കണ്ടു
അമ്മയുടെ കണ്ണില്‍
അലയടിക്കുന്ന
ഒരു നീലക്കടല്‍
സ്വപ്നങ്ങളുടെ കടല്‍.

 

 

ഡോ. ഉമാ ശങ്കരി

 

 

ശൂന്യം

ഇവിടെ ഈ ഞാന്‍

എനിക്കായി മാത്രം എന്നും
സൂര്യന്‍ ഉദിക്കുന്നു.
തെളിവെയില്‍ കനക്കുന്നു
പൂവുകള്‍ വിടരുന്നു
കിളികള്‍ പാടുന്നു.

ഇവിടെ ഈ ഞാന്‍

എനിക്കു വേണ്ടി തൂമഴ തൂവുന്നു
പൂന്തെന്നല്‍ വീശുന്നു, പൂഞ്ചോല
ഒഴുകുന്നു, എനിക്കായി മാത്രം.
തേന്‍കനികള്‍ വിളഞ്ഞതും എനിക്കായി.

എന്നെയോര്‍ത്തുമാത്രം

എന്റെ അമ്മ പാല്‍ചുരത്തുന്നു
അച്ഛന്‍ ദിനവും വിയര്‍ക്കുന്നു
കൂട്ടുകാര്‍ ചിരിക്കുന്നതും നാട്ടുകാര്‍
കാക്കുന്നതും എന്നെയോര്‍ത്തുമാത്രം.

ഞാനൊരാളുണ്ടെന്നാല്‍
പിന്നെയെല്ലാമുണ്ട്.

ഞാനില്ലയെങ്കിലോ
ഒന്നുമില്ല. പിന്നെല്ലാം ശൂന്യം
ശൂന്യമീ പ്രപഞ്ചം.

Leave a Reply

Your email address will not be published. Required fields are marked *