പിണറായി മാറും

14 വര്‍ഷമായി സെക്രട്ടറിയായി തുടരുന്ന പിണറായി വിജയന്‍ ഇക്കുറി സ്ഥാനമാഴിയുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടു വരാനാണ് നീക്കങ്ങള്‍. എന്നാല്‍, ദേശാഭിമാനി മുന്‍ ജനറല്‍ മാനേജറും നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.വി ഗോവിന്ദന്‍ മാസ്റ്ററെ സെക്രട്ടറിയാക്കാന്‍ കണ്ണൂരിലെ ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ ലേഖകര്‍

 

ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തോടെ സി.പി.എമ്മില്‍ സമൂല മാറ്റങ്ങളുണ്ടാവും. 14 വര്‍ഷമായി സെക്രട്ടറിയായി തുടരുന്ന പിണറായി വിജയന്‍ ഇക്കുറി സ്ഥാനമാഴിയുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടു വരാനാണ് നീക്കങ്ങള്‍. എന്നാല്‍, ദേശാഭിമാനി മുന്‍ ജനറല്‍ മാനേജറും നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.വി ഗോവിന്ദന്‍ മാസ്റ്ററെ സെക്രട്ടറിയാക്കാന്‍ കണ്ണൂരിലെ ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമ്മേളനത്തോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പാര്‍ട്ടി നവീകരണത്തിന് കേന്ദ്ര നേതൃത്വം അനിവാര്യമായും ഇടപെടേണ്ട സാഹചര്യങ്ങളാണ് കേരളത്തില്‍. സംസ്ഥാന നേതൃത്വത്തിനെതിരെ വലതുപക്ഷ വ്യതിയാനം ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. വിഭാഗീയത മുമ്പുള്ളതിലും മറനീക്കി പുറത്തുവന്നു. എന്നാല്‍, ശക്തി കേന്ദ്രങ്ങളായ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് അങ്ങേയറ്റം ദുര്‍ബലമായ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ നിസ്സഹായരാണ്.
പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്നാണ് ദല്‍ഹിയിലെ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സെക്രട്ടറി മാറുന്നതോടെ സംഭവിക്കുന്ന അടിയൊഴുക്കുകള്‍ വിഭാഗീയതയും ഗ്രൂപ്പിസവും മൂര്‍ഛിക്കാന്‍ ഇടവരുത്തുമെന്നും പിണറായിക്ക് നാലാമതും അവസരം നല്‍കണമെന്നുമുള്ള അഭിപ്രായം പോളിറ്റ് ബ്യൂറോയിലെ ചില അംഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, സീതാറാം യെച്ചൂരിയുമായി അടുപ്പമുള്ള വിഭാഗം ഈ നീക്കത്തിന് അനുകൂലമല്ല. സംസ്ഥാനത്തെ വി.എസ് പക്ഷവുമായി കൂടുതല്‍ ബന്ധവും ഈ വിഭാഗത്തിനാണ്. സെക്രട്ടറി സ്ഥാനത്ത് ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ തവണ അവസരം നല്‍കേണ്ടെന്ന നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശങ്ങളുമാണ് അവര്‍ ഉന്നയിക്കുന്നത്. എങ്കിലും പ്രബലരായ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുക ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് എളുപ്പമല്ല.
കേന്ദ്ര നേതൃത്വത്തിന്റെ ബലക്ഷയം നന്നായറിയാവുന്ന പിണറായി വിജയന്‍ ഭാവി സാധ്യതകള്‍ കൂടി വിലയിരുത്തി സ്വമേധയാ ആണ് പടിയിറങ്ങാനുള്ള ആലോചനകളില്‍ എത്തിയതെന്നാണ് സൂചനകള്‍. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം ഇപ്പോള്‍ പഴയ പോലെ ഒറ്റക്കെട്ടല്ല. വിവിധ നേതാക്കള്‍ ഈയിടെ പല പ്രശ്നങ്ങളില്‍ വ്യത്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. തോമസ് ഐസക്ക് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തിനകത്തു തന്നെ വിവിധ ഗ്രൂപ്പുകളുണ്ട്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഗ്രൂപ്പില്‍ കാര്യമായ അടിയൊഴുക്കുകള്‍ സംഭവിക്കുമെന്നതിന്റെ സൂചനകള്‍ ദൃശ്യമാണ്. ഈ സാഹചര്യത്തില്‍ സ്വന്തം നില ഭദ്രമാക്കാനുള്ള സാധ്യതകളാാണ് പിണറായി ആരായുന്നത്.
മൂന്ന് സാധ്യതകളാണ് പിണറായിയുടെ മുന്നില്‍. ഒന്ന്, പടിയിറങ്ങുന്നതോടെ തനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളുടെ ദിശ മാറും. രണ്ട്, ദുര്‍ബലമായ യു.ഡി.എഫ് സര്‍ക്കാര്‍ നിലം പതിക്കുന്ന സാഹചര്യത്തില്‍ പുതിയ മന്ത്രിസഭക്ക് നേതൃത്വം നല്‍കാനാവും. മൂന്ന്, സെക്രട്ടറിയെന്ന നിലക്കുള്ള കടുംനിലപാടുകള്‍ ഒഴിവാക്കി കൂടുതല്‍ ജനകീയനായി മുഖം മിനുക്കി രംഗത്തു വരാനുള്ള സാവകാശം ലഭിക്കും. പാര്‍ട്ടിയിലെ കരുത്തനായ അധികാര കേന്ദ്രമായി ഇനിയും തുടരാനാവുമെന്ന സാധ്യതയും അദ്ദേഹത്തിനു മുന്നിലുണ്ട്.
പിണറായിക്കൊപ്പം എല്ലാ ഘട്ടങ്ങളിലും ഉറച്ചു നില്‍ക്കുകയും അദ്ദേഹം മുന്നോട്ടുവെച്ച നിലപാടുകള്‍ പിന്‍പറ്റുകയും ചെയ്ത ആളെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറിയാവാന്‍ സാധ്യത കൂടുതല്‍. പാര്‍ട്ടിക്കു പുറത്തുനില്‍ക്കുന്ന വ്യാപാര, വാണിജ്യ പ്രമുഖര്‍ക്കും ഇതിലാണ് താല്‍പ്പര്യം. എന്നാല്‍, തന്ത്രജ്ഞനായ കോടിയേരി വരുന്നത് തൊട്ടു താഴെയുള്ളവരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ചര്‍ച്ച സജീവമാണ്. അധികാരം കോടിയേരിയില്‍ കേന്ദ്രീകരിക്കപ്പെടുന്നത് നിലവിലെ സാഹചര്യത്തില്‍ ഗുണകരമല്ലെന്ന് ഔദ്യോഗിക പക്ഷത്തു തന്നെ അഭിപ്രായമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കണ്ണൂര്‍ ജില്ലയിലെ പ്രബല പക്ഷം എം.വി ഗോവിന്ദന്‍ മാസ്റ്ററെ സെക്രട്ടറിയാക്കാന്‍ മുന്നില്‍ നിര്‍ത്തുന്നത്. പ്രത്യയ ശാസ്ത്ര വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹമുള്ള ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ മറ്റ് ഗ്രൂപ്പകള്‍ക്കു കൂടി സ്വീകാര്യനാവുമെന്നാണ് അവരുടെ വാദം.
അണികള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടെങ്കിലും നേതൃസ്ഥാനം നിര്‍ണയിക്കുന്ന വിധത്തിലുള്ള ശക്തി പാര്‍ട്ടിക്കുള്ളില്‍ വി.എസ് അച്യുതാനന്ദനില്ല. വി.എസിനെ അനുകൂലിക്കുന്നവരെ താഴേത്തട്ടു മുതല്‍ അരിച്ചു മാറ്റിക്കഴിഞ്ഞു. സമ്മേളനങ്ങള്‍ക്കു മുന്നോടിയായി വി.എസ് അനുകൂല പ്രകടനങ്ങളുടെ പേരില്‍ ഒതുക്കുന്നത് ശേഷിക്കുന്നവരെയാണ്. വി.എസ് പക്ഷത്തുള്ള നേതാക്കളില്‍ പലരും നിര്‍ജീവമാണ്. എറണാകുളം ജില്ലയിലെ ശക്തരായ രണ്ട് വി.എസ് പക്ഷ നേതാക്കള്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്വന്തക്കാരാണ്. വി.എസിന് ശക്തമായി പിന്തുണ നല്‍കിയ അധിനിവേശ വിരുദ്ധ സമിതി അടക്കമുള്ള ഗ്രൂപ്പുകള്‍ ദുര്‍ബലരാണ്. പാളയത്തില്‍ പടയാണ് അവരിപ്പോള്‍ നേരിടുന്ന പ്രശ്നം. ഈ സാഹചര്യത്തില്‍ വി.എസിന് സംസ്ഥാന സമ്മേളനത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയണമെന്നില്ല.
എന്നാല്‍, വി.എസ് ഉന്നയിച്ച, മുന്നോട്ടു വെച്ച ചില നിലപാടുകള്‍ക്ക് ഇപ്പോള്‍ പഴയതിലേറെ പിന്തുണ ലഭിക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിലും ഇതിന്റെ അനുരണനം ഉണ്ടായേക്കും. മാത്രമല്ല, ഇപ്പോള്‍ഔദ്യോഗിക പക്ഷത്തു നില്‍ക്കുന്ന ചില നേതാക്കള്‍ വി.എസ് പക്ഷത്തേക്ക് ചായുമെന്ന സൂചനകളുണ്ട്. എം.എ ബേബി അടക്കമുള്ള ചില നേതാക്കള്‍ വി.എസിനോടുള്ള നിലപാടില്‍ അയവു വരുത്തിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയിലെ കരുത്തനായ തോമസ് ഐസക്കും ബേബിക്കൊപ്പം നില്‍ക്കുമെന്ന പ്രചാരണമുണ്ടെങ്കിലും അത്തരമൊരു കളിക്ക് ഐസകക് തയ്യാറാവില്ലെന്ന് പറയപ്പെടുന്നു. എങ്കിലും നിലവിലെ ഗ്രൂപ്പു സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാവും. പിണറായി പടിയിറങ്ങുന്നതോടെ പുതിയ അധികാര കേന്ദ്രങ്ങളും പുതിയ ഗ്രൂപ്പുകളും രൂപപ്പെടും. ഇതിന് അനുകൂലമായും പ്രതികൂലമായുമുള്ള അടിയൊഴുക്കുകള്‍ ഇപ്പോഴേ പാര്‍ട്ടിയില്‍ ദൃശ്യമാണ്.
സംസ്ഥാന സമ്മേളനത്തിന് ഇനിയും അഞ്ചുമാസമുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുന്നേയുള്ളൂ. ആ നിലക്ക് ഭാരവാഹിത്വത്തെക്കുറിച്ച പ്രവചനങ്ങള്‍ പഴയ നിലക്ക് അസാധ്യം തന്നെയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ അവസ്ഥകള്‍ ഏറെ മാറിക്കഴിഞ്ഞു. അഭ്യന്തര വിവരങ്ങള്‍ പുറത്തു വരാത്ത സാഹചര്യങ്ങള്‍ ഏറെ മാറി. വിഭാഗീയതയും വേര്‍തിരിവും മറനീക്കി പുറത്തു വന്നിട്ടുണ്ട്. പാര്‍ട്ടിക്കകത്തെ പട നീക്കങ്ങളും ഗ്രൂപ്പു പ്രവര്‍ത്തനവും പഴയതിലേറെ പ്രകടമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങളെ കുറിച്ച ശക്തമായ സൂചനകള്‍ ലഭിക്കുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവുകയും പുതിയ സാഹചര്യങ്ങള്‍ ഉരുത്തിരിയുകയും ചെയ്താല്‍ ഈ സമവാക്യങ്ങളാകെ മാറും.

Leave a Reply

Your email address will not be published. Required fields are marked *