ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ഇത്‌ വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

 

ഈ പംക്തിയില്‍ ഇത്തവണ നേഹ പ്രശാന്തിന്റെ ചിത്രങ്ങളാണ്. കൊച്ചി വിപ്രോയില്‍ സോഫ്റ്റ് വേര്‍ എഞ്ചിനീയറായ പ്രശാന്ത് ജനാര്‍ദ്ദനന്റെയും എഴുത്തുകാരിയായ വാണി പ്രശാന്തിന്റെയും മൂത്ത മകള്‍. ഏഴ് വയസ്സ് പ്രായം.

 

 

അമ്മു

 

 

ഇഷ്ടമുള്ളവര്‍ അമ്മു എന്ന് വിളിക്കുന്ന
നേഹയ്ക്ക് ഇഷ്ടങ്ങള്‍ പലതുണ്ട്.
ചോദിച്ചാല്‍, ഇങ്ങനെ പറയും.
ഭക്ഷണം: പൊറോട്ടയും, ചിക്കനും .
നിറം: പിങ്ക്.
കളി: അമ്മയും, കുഞ്ഞും.
ബെസ്റ് ഫ്രണ്ട്സ്: മീരയും, ശ്രീലക്ഷ്മിയും.
ആക്ടിവിറ്റീസ് : കുഞ്ഞമ്മുവിനോട് ( അനിയത്തി ) തല്ലുകൂടല്‍ ,പടം വര, കഥ പറയല്‍ , ഡാന്‍സ് , വയലിന്‍.

 

 

പ്രകൃതിയും മൃഗങ്ങളും വീടും ആളുകളും
ആകാശവും ബലൂണുമൊക്കെയാണ് അമ്മുവിന്റെ ചിത്രങ്ങളില്‍.
എല്ലാ കുഞ്ഞുങ്ങളെയുംപോലെ സവിശേഷമാണ്
ഓരോ കാഴ്ചയും. എല്ലാ ചിത്രങ്ങള്‍ക്കുമുണ്ട് ഓരോ കഥ.
ആവര്‍ത്തിക്കപ്പെടുമെങ്കിലും ചിത്രങ്ങള്‍ക്കനുസരിച്ച്
അവ രസകരമായി മാറും

 

 

ഇതിലെ ചിത്രങ്ങളില്‍ ചിലതിന്റെ കഥകള്‍ അമ്മ
വാണി എഴുതി അയച്ചത് ഇതാ ഇതോടൊപ്പം.

 

 

 

 

“ഇതെന്താ അമ്മൂ ഈ ചിത്രം?”-വെറുതെയെന്നോണം ഞാന്‍ ചോദിച്ചു.
“ഒരിടത്തൊരിടത്ത് ഒരു ബലൂണ്‍കാരന്‍ ഉണ്ടായിരുന്നു. അയാള്‍ടെ കയ്യില്‍ നിറച്ചും ബലൂണ്‍സും . അതു വില്‍ക്കാന്‍ അയാള്‍ കുറെ നടന്നു. നടന്നു നടന്നു ക്ഷീണിച്ചു ,ഒരു വലിയ മരച്ചുവട്ടില്‍ ഇരുന്നു. ക്ഷീണം കൊണ്ട് അയാള്‍ അവിടെ ഇരുന്നു ഉറങ്ങിപ്പോയി. ആ മരത്തിന്റെ അപ്പുറത്ത് ഒരു കുട്ടി കളിക്കുന്നുണ്ടായിരുന്നു. ആ കുട്ടിയ്ക്ക് ബലൂണ്‍ കണ്ടപ്പോ കൊതിയായി. ആ കുട്ടി ഒരു ബലൂണ്‍ പതുക്കെ, പതുക്കെ ചെന്നു എടുത്തു. കുട്ടി അതെടുത്തു കളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ബലൂണ്‍കാരന്‍ എണീറ്റു . തന്റെ ബലൂണ്‍ കുട്ടി കളിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ കയ്യിലിരുന്ന ബാക്കി ബലൂണ്‍സ് കുട്ടിക്ക് നേരെ എറിഞ്ഞു. കുട്ടി അപ്പോള്‍ ദേഷ്യം വന്ന് അവന്റെ കയ്യിലെ ബലൂണ്‍ അയാളുടെ നേരെ ഒറ്റ ഏറ്! അയാള്‍ ഓടിപ്പോയി എല്ലാ ബലൂണുകളും പെറുക്കി എടുത്തു സന്തോഷത്തോടെ നടന്നു. ”

” അമ്മൂസേ …ഇത് നമ്മുടെ തൊപ്പിക്കാരന്റെ കഥയല്ലേ ??” ചിത്രം വിശദീകരിച്ച് അമ്മു കഥ പറഞ്ഞപ്പോള്‍ ചോദിച്ചു.

ഉടന്‍ വന്നു മറുപടി “കഥ തീര്‍ന്നില്ലമ്മേ ..ഇതെല്ലാം കണ്ടു ഒരു പൂതം ആ മരത്തിന്റെ പൊത്തില്‍ ഉണ്ടായിരുന്നു. ആ പൂതത്തിനു ദേഷ്യം വന്നു. ആരുടെയെങ്കിലും സാധനം ഇങ്ങിനെ ചോദിക്കാതെ എടുക്കാമോ??! ആ പൂതം കുട്ടിയെ പിടിച്ചു കൊണ്ടു പോയി. ”

ഹോ.. കഥയില്‍ അങ്ങിനെ പൂതം എത്തി!

എന്റെ ചിരി കണ്ടതും അവള്‍ നിര്‍ത്തിയേടത്തുനിന്ന് വീണ്ടും പറഞ്ഞു തുടങ്ങി.. ” കുറെ നേരം കഴിഞ്ഞിട്ടും കളിക്കാന്‍ പോയ കുട്ടിയെ കാണാതെ അതിന്റെ അമ്മ ‘ മായമ്മ ‘ കരയാന്‍ തുടങ്ങി. അമ്മ എല്ലായിടത്തും കുട്ടിയെ തിരക്കി , കണ്ടില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ പൂതം കുട്ടിയെ പിടിച്ചു വെച്ചിരിക്കുന്നത് അവള്‍ കണ്ടു. അവള്‍ ഓടി കുട്ടിയുടെ അടുത്തെത്തി. അപ്പോള്‍ പൂതം സിംഹം ആയി അവളെ പേടിപ്പിക്കാന്‍ നോക്കി…”

“ആ കുട്ടിയുടെ പേര് ഉണ്ണി എന്നല്ലേ ??” ഇടയില്‍ കയറി ഞാന്‍ ചോദിച്ചു .

” ഇത് അമ്മയ്ക്കറിയാത്ത കഥയാ. കുട്ടീടെ പേര് ‘ റിയാസ് ‘ എന്നാ !’-ഉരുളയ്ക്കുപ്പേരി പോലെ കിട്ടി ഉത്തരം. ( റിയാസ് അവളുടെ ക്ലാസ്സില്‍ ഉണ്ട് )

രക്ഷയില്ലാ… റിയാസിന്റെ അമ്മ മായമ്മ കണ്ണു ചൂഴ്ന്നെടുത്ത് നല്‍കുന്നതും, അവനെ തിരികെ കൊണ്ടു പോകുന്നതും ഒക്കെ ഭാവഭേദങ്ങള്‍ സഹിതം എനിക്ക് മുന്നില്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു…

 

 

 

 

 

“ഒരിടത്തൊരിടത്തൊരു ഒറ്റക്കണ്ണന്‍ മരവും, വല്ല്യ പാറയും ഉണ്ടായിരുന്നു. അവര്‍ രണ്ടാളും വല്ല്യ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവര്‍ രണ്ടാളും കൂടി വഴക്ക് കൂടി. എനിക്കാണ് നിന്നെക്കാള്‍ പൊക്കവും , ഭംഗിയും എന്ന് ഒറ്റക്കണ്ണന്‍ മരം പറഞ്ഞു. പാറയും അതു തന്നെ പറഞ്ഞു. രണ്ടു പേരും കൂടി ബഹളമായി. അപ്പോള്‍ അതു വഴി പോയ ഒരു പെണ്‍കുട്ടി ഈ ബഹളം കേട്ടു. അവള്‍ ചോദിച്ചു എന്താ പ്രശ്നം ? എന്ന്. കാര്യം കേട്ട അവള്‍ പറഞ്ഞു . ” ഇത്രയുള്ളോ , ഇത് ഞാന്‍ തീര്‍ക്കാമല്ലോ . ഞാന്‍ ഈ പാറയില്‍ കയറി നോക്കാം ആര്‍ക്കാണ് പൊക്കവും ഭംഗിയും എന്ന്! “. മരവും, പാറയും അതു സമ്മതിച്ചു. അവള്‍ പാറയില്‍ കയറി, ഏറ്റവും മോളില്‍ എത്തി. ചുറ്റും നോക്കി . എന്നിട്ട് ഉറക്കെ പറഞ്ഞു .” മണ്ടന്മാരെ , നിങ്ങളെക്കാള്‍ പൊക്കം ആകാശത്തിനുണ്ട് , ഭംഗി മഴവില്ലിനും .” അവള്‍ പറഞ്ഞതു കേട്ടു ഒറ്റക്കണ്ണന്‍ മരവും, പാറയും വഴക്കിട്ടതിനു അവളോട് സോറി പറഞ്ഞു. ”

” നല്ല കഥ അമ്മൂസേ .. പക്ഷെ ആ മരത്തെ എന്തിനാ ഒറ്റക്കണ്ണന്‍ ആക്കിയത് ? ”
‘ ഈ അമ്മേടെ ഒരു കാര്യം ! മരം ശരിക്കും കാണാന്‍ നല്ല ഭംഗിയല്ലേ ? അപ്പൊ ചീത്ത സ്വഭാവമുള്ള മരം കാണിക്കാന്‍ ഒറ്റക്കണ്ണന്‍ അല്ലെ വേണ്ടത് ?! ”
” അപ്പൊ പാറയോ അമ്മൂ..? ”
” ശെãാ ” . അവള്‍ തലയില്‍ കൈ വെച്ചു പറഞ്ഞു..പാറയെ കാണാന്‍ വല്ല ഭംഗീം ഉണ്ടോ ?’ അപ്പൊ പിന്നെ അതിനെ ഒറ്റക്കണ്ണന്‍ ആക്കണ്ട ആവശ്യമുണ്ടോ ?
നെറ്റിയില്‍ ഒരുമ്മ നല്‍കി അവളുടെ എല്ലാ ന്യായങ്ങളും ഞാന്‍ അംഗീകരിച്ചു.

 

 

 

 

 

 

 

 

പുതിയ പടവുമായി അമ്മു എത്തി.

” അമ്മേ, ഇത് ഒരു മാജിക് കപ്പലാ ! വേവ്സ് ല്‍ മറിയാതെ , മഴയത്ത് മുങ്ങിപ്പോകാതെ പോകും ഇത്. മീനുകള്‍ ഒക്കെ ഇതിലേക്ക് തന്നെ വന്നു കേറും. ”
കഥയ്ക്ക് പകരം ഇത്തവണ ഒരു പുതിയ കണ്ടുപിടുത്തം.

പടം നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ചെറുചിരിയോടെ പറഞ്ഞു ” മ്… അമ്മൂസേ ഇത് നമുക്ക് നമ്മുടെ മന്ത്രിക്കു അയച്ചു കൊടുക്കാം ..” !
” ആര്‍ക്കു അമ്മേ ..? മാജിക് പോട്ടിന്റെ (കളിക്കുടുക്ക)ആള്‍ക്കാര്‍ക്കാണോ ?” അവള്‍ സന്തോഷത്തോടെ ചോദിച്ചു…

9 thoughts on “ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

 1. ഹഹ..കൊള്ളാം അമ്മുക്കുട്ടീ
  ഒരു പാട് വരയ്ക്കുക, കഥ പറയുക, ഇനിയും

 2. പൂതപാട്ടിലെ പൂതം പുതു തലമുറയുടെ ഭാവനയിലും ജീവിക്കുന്നത് കൌതുകമുണര്‍ത്തി.ആശംസകള്‍.

 3. Dear Ammukkutty,
  Nice paintings and wonderful narration based on the pictures.
  Keep up this very good talent. All the blessings for you.
  Next time I am gonna get you a bigger chocolate for this.
  Sasneham,
  Anoop Uncle.

 4. അമ്മുവിന്‍റെ ഒരു നാണച്ചിരിയും, സ്നേഹവും എല്ലാവര്ക്കും!

Leave a Reply

Your email address will not be published. Required fields are marked *