കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

ചെറുയാത്രകളുടെ ഇടവേളകളിലൊന്നിലാണ് ആ അവസരം മുന്നില്‍വന്നത്. കശ്മീര്‍! അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരവസരം. എങ്ങോട്ട് വേണമെങ്കിലും പോവാം. വര്‍ഷങ്ങളായി ഉള്ളില്‍ ഉറഞ്ഞു കിടന്ന യാത്രാ സ്വപ്നങ്ങളാകെ പൂത്തുലഞ്ഞൊരു നിമിഷം തീരുമാനമെടുത്തു. കശ്മീര്‍. എന്നാല്‍, ആശങ്കയോടെയാണ് ഉറ്റവര്‍ ഇത് സ്വീകരിച്ചത്. തീവ്രവാദത്തിന്റെ താഴ്വരയായാണ് കശ്മീര്‍ അറിയപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് അവിടെ നിന്നുള്ള വാര്‍ത്തകളും. ഇതിനൊപ്പമാണ് അവിടത്തെ തണുപ്പ്. വിന്റര്‍ സീസണാണ്. കൊടിയ മഞ്ഞിന്റെ കാലം. അങ്ങനെ പുറപ്പെട്ടു. ഒറ്റക്ക് നടത്തുന്ന ഏറ്റവും വലിയൊരു യാത്ര- ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രാനുഭവം ആരംഭിക്കുന്നു. ചിത്രങ്ങള്‍: ജസ് ലിന്‍

 

 

ആമുഖം
യാത്രയുടെ വിത്തുകള്‍ എന്നേ ഉള്ളിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. അറിയാത്ത നാടുകളില്‍ ചെന്നു പറ്റാന്‍ പണ്ടേ ഉണ്ടായിരുന്നു ഭ്രമം. അപരിചിത ലാന്റ്സ്കേപ്പുകളിലൂടെ നടക്കാന്‍, സഞ്ചാരിക്കു മാത്രമ സാധ്യമാവുന്ന കൌതുകക്കണ്ണിലൂടെ ദേശങ്ങളെ വായിക്കാന്‍, മനുഷ്യരെ കണ്ടറിയാന്‍, പുതിയ വെളിപാടുകളിലേക്കും തിരിച്ചറിവുകളിലേക്കും ചെന്നു നില്‍ക്കാനുള്ള ആഗ്രഹങ്ങള്‍ ഉള്ളിലെന്നും തിരയടിച്ചിരുന്നു. യാത്രയുടെ അനിശ്ചിതത്വങ്ങളിലേക്കും അപ്രതീക്ഷിതങ്ങളായ എത്തിപ്പെടലുകളിലേക്കും സ്വയം വലിച്ചെറിയാനുള്ള അടക്കാനാവാത്ത ത്വര. ത്രസിച്ചു നില്‍ക്കുന്ന അപായ സാധ്യതകളുടെ നെഞ്ചില്‍ ചവിട്ടി അത് മറികടക്കുമ്പോഴുണ്ടാവുന്ന അടക്കാനാവാത്ത ആഹ്ലാദം. യാത്രയുമായി ബന്ധപ്പെട്ട അനേകം സ്വപ്നങ്ങള്‍.

എന്നാല്‍, കേരളത്തില്‍ വളരുന്ന ഒരു പെണ്‍കുട്ടിക്ക് പറഞ്ഞതല്ല ഇതൊന്നുമെന്ന് തിരിച്ചറിയാന്‍ അധികകാലമൊന്നും വേണ്ടി വന്നില്ല. യാത്രകളോടുള്ള ആഭിമുഖ്യങ്ങള്‍ക്കൊപ്പം തന്നെ ഒറ്റക്കുള്ള യാത്രകള്‍ അപകടമാണെന്ന വിശ്വാസങ്ങളും മനസ്സില്‍ വളര്‍ന്നുവന്നു. ഉറ്റവരും അധ്യാപകരും കൂട്ടുകാരുമൊക്കെ ആദ്യമതു പറഞ്ഞു തന്നു. ഇത്തിരി വളര്‍ന്നപ്പോള്‍ ഓരോ യാത്രയും അതുതന്നെ ബോധ്യപ്പെടുത്തി. അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ബസ് യാത്ര പോലും ഭയക്കാന്‍ പതിനഞ്ചു വയസ്സിനുള്ളില്‍തന്നെ പഠിക്കും, കേരളത്തിലെ പെണ്‍കുട്ടികള്‍. ഭയത്തിനൊപ്പമുള്ള ഈ ജീവിതം കൊണ്ടാവണം ശാരീരികമായി ദുര്‍ബലനായ ഒരു പുരുഷന്റെ ആക്രമാസക്തി പോലും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ പോവുന്നത്. പെട്ടെന്ന് തലകറങ്ങി വീണുപോവുന്നത്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പോലും ഭയപ്പെടുത്തി നിര്‍ത്താന്‍ പുരുഷന് കഴിയുന്നത്. എന്റെ നാട്ടിലെ കുട്ടികളാണ് കഴിഞ്ഞ ആഴ്ച ട്രെയിന്‍ യാത്രക്കിടയില്‍ അപരിചിതന്റെ ആക്രമണത്തിനിടെ തലകറങ്ങി വീണത്.

ഇതൊക്കെ കൊണ്ടാവണം യാത്ര എനിക്കുള്ളതല്ല എന്ന ബോധ്യം ചെറുപ്പത്തിലേ ഉണ്ടായത്. അത് മറി കടക്കാനാവണം യാത്രാ വിവരണങ്ങളിലേക്ക് മുഖം പൂഴ്ത്തിയത്. എസ്.കെ പൊറ്റക്കാടിലൂടെ, രാജന്‍ കാക്കനാടനിലൂടെ, രവീന്ദ്രനിലൂടെ ഭാഷയുടെയും ദേശത്തിന്റെയും മറുകരകളിലേക്ക് വായന വളര്‍ന്നത്. പഠന വിഷയവും അഭിരുചികളും മാറിയിട്ടും, സാഹിത്യത്തോടുള്ള പ്രിയം കുറഞ്ഞിട്ടും യാത്രാവിവരണങ്ങള്‍ മാത്രം എന്നും വായനയുടെ ഭാഗമായി മാറിയതും ഇതു കൊണ്ടാവണം. അറിയാത്ത ദേശങ്ങള്‍ നിരന്തരം സ്വപ്നങ്ങളില്‍ നിറഞ്ഞത്.

ജസ് ലിന്‍ ജെയ്സന്‍

എന്നാല്‍, ദല്‍ഹി പോലൊരു മെട്രോയില്‍ പഠിക്കാന്‍ അവസരമുണ്ടാവുകയും പല നാടുകളില്‍നിന്നുള്ള കൂട്ടുകാരെ കിട്ടുകയും അവരുടെ നാട്ടിലെ പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച അവസാനമില്ലാത്ത ചോദ്യങ്ങളായി സൌഹൃദം വളരുകയും ചെയ്തതോടെ യാത്രയുടെ നേര്‍വഴികള്‍ തുറന്നു കിട്ടി. കൂട്ടുകാര്‍ക്കൊന്നിച്ചുള്ള യാത്രകള്‍ ഒരു പാടു കാലമായി ഉള്ളില്‍ സൂക്ഷിച്ച സ്വപ്നങ്ങളുടെ വാതിലുകളാണ് തുറന്നിട്ടത്. തുടര്‍ യാത്രകള്‍ അനിവാര്യമായ തൊഴിലിലേക്ക് ചേക്കേറിയതും ഒരു പക്ഷേ, ഇക്കാരണത്താലാവും. എന്നാല്‍, നിരന്തരം സഞ്ചരിച്ചിട്ടും ഔദ്യോഗിക യാത്രകള്‍ ഒരിക്കലും മനസ്സിന്റെ ഒഴിവിടങ്ങള്‍ നിറച്ചിട്ടില്ല. കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട, സൌകര്യങ്ങളേറിയ ഔദ്യോഗിക യാത്രകള്‍ എന്നാല്‍, ഒറ്റക്കുള്ള യാത്രകളോടുള്ള അഭിനിവേശം വളര്‍ത്തുകയാണ് ചെയ്തത്. തോന്നും വഴി തോന്നും പടി നടക്കാന്‍ സ്വാതന്ത്യ്രമുള്ള യാത്രക്കു മാത്രമേ അനിശ്ചിതത്വങ്ങളും ത്രില്ലും നല്‍കാനാവൂ. അതിനാലാണ് കിട്ടുന്ന അവസരങ്ങളിലെല്ലാം ഒറ്റക്കുള്ള ചെറിയ യാത്രകള്‍ നടത്തിയത്. സ്വന്തം നഗരത്തിലെ ഇനിയും എത്തിപ്പെടാത്ത ഇടങ്ങളില്‍ പോലും സഞ്ചാരിയുടെ കൌതുകത്തോടെ ചെല്ലാനായത് ഈ മാനസികാവസ്ഥയിലാണ്.

അവിചാരിതം ഒരവസരം
ചെറുയാത്രകളുടെ ഈ ഇടവേളകളിലൊന്നിലാണ് മനസ്സിനെ പിടിച്ചു കുലുക്കുന്ന ആ അവസരത്തിലേക്ക് വാതില്‍ തുറന്നു കിടന്നത്. കശ്മീര്‍. അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരവസരം. എങ്ങോട്ട് വേണമെങ്കിലും പോവാം. വര്‍ഷങ്ങളായി ഉള്ളില്‍ ഉറഞ്ഞു കിടന്ന യാത്രാ സ്വപ്നങ്ങളാകെ പൂത്തുലഞ്ഞൊരു നിമിഷം തീരുമാനമെടുത്തു. കശ്മീര്‍. എന്നാല്‍, ആശങ്കയോടെയാണ് ഉറ്റവര്‍ ഇത് സ്വീകരിച്ചത്. തീവ്രവാദത്തിന്റെ താഴ്വരയായാണ് കശ്മീര്‍ അറിയപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് അവിടെ നിന്നുള്ള വാര്‍ത്തകളും. സ്ഫോടനങ്ങള്‍, വെടിവെപ്പുകള്‍, കൊലപാതകങ്ങള്‍, പ്രതിഷേധങ്ങള്‍, സൈന്യവും കശ്മീരിലെ സാധാരണ മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം. അങ്ങനെയങ്ങനെ. ഇതിനൊപ്പമാണ് അവിടത്തെ തണുപ്പ്. വിന്റര്‍ സീസണാണ്. കൊടിയ മഞ്ഞിന്റെ കാലം. താങ്ങാനാവുമോ എന്നൊരുറപ്പുമില്ല.

ഇക്കാര്യം കേള്‍ക്കുമ്പോഴൊക്കെ സുഹൃത്തുക്കളും മാതാപിതാക്കളും അകാരണമായ ഭയത്തിനടിപ്പെടുന്നത് തിരിച്ചറിയാനായി. ഓരോ ഫോണ്‍ വിളിയിലുമുണ്ടായിരുന്നു ഭയത്തിന്റെ ചിറകടികള്‍. അവരെ സമാധാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍, പതിവില്ലാത്ത വിധം കാര്യങ്ങള്‍ പൂര്‍ണമായി ആസൂത്രണം ചെയ്തു. യാത്രാ മാര്‍ഗങ്ങളും വാഹനവുമെല്ലാം. ശ്രീനഗര്‍ വരെ വിമാന യാത്ര. അവിടെ നിന്ന് കാറിലും. ജോലി ചെയ്യുന്ന വാഹന കമ്പനിയുടെ ശ്രീനഗറിലെ ഓഫീസുമായി നേരത്തെ ബന്ധപ്പെട്ടു. അവരെല്ലാ സഹായങ്ങളും ഉറപ്പുതന്നു. ഇതൊന്നുമല്ല യാത്രയെന്ന് തീര്‍പ്പുണ്ടായിരുന്നെങ്കിലും വീണു കിട്ടിയ ഈ അവസരം കളയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ പുറപ്പെട്ടു. ഒറ്റക്ക് നടത്തുന്ന ഏറ്റവും വലിയൊരു യാത്ര. ജീവിതത്തില്‍ മുഴുവന്‍ ഓര്‍ക്കാന്‍ മാത്രം മനോഹരമായ യാത്രകളിലൊന്നാവും അതെന്ന് പൂര്‍ണബോധ്യത്തോടെ.

 

 

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍
ഡല്‍ഹിയില്‍ വിമാനം ഇറങ്ങുമ്പോള്‍ 9 .30 . മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത പാടയില്‍ നിന്നെത്തി നോക്കുന്ന സൂര്യന്‍. സുഖകരമായ കാലാവസ്ഥയായിരുന്നു, 14 C . ഡല്‍ഹിയുടെ തണുപ്പിന്റെ കാഠിന്യം അറിയാന്‍ കഴിയും മുമ്പേ ഈ നഗരത്തോട് വിട പറയും. 12 മണിക്ക് അടുത്ത യാത്ര. ശ്രീനഗറിലേക്ക്. എയര്‍പോര്‍ട്ടിനുള്ളിലെ തിക്കുംതിരക്കും കണ്ടു ഞാന്‍ ഇരുന്നു. അപ്പോഴേക്കും എത്തി ആദ്യ അറിയിപ്പ് .ശ്രീനഗറിലേക്കും ജമ്മുവിലേക്കുമുള്ള എല്ലാ വിമാനങ്ങളും വൈകും! ചെറുതായി മടുപ്പ് തുടങ്ങിയിരുന്നു. അത് കൂടി. ഒരു കപ്പു കാപ്പിയുമായി കറങ്ങി നടക്കുമ്പോള്‍ സമാന ദുഖിതരായ പലരെയും കണ്ടു. രോമാക്കുപ്പയങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവര്‍.തങ്ങളേക്കാള്‍ വലിയ കുപ്പായങ്ങള്‍ക്കുള്ളില്‍ (ഒന്നിന് മുകളില്‍ മറ്റൊന്ന് എന്ന വിധം മൂന്നാല് കുപ്പായങ്ങളില്‍ ) വീര്‍പ്പുമുട്ടുന്ന കുഞ്ഞുങ്ങള്‍. മഞ്ഞു വന്നു പൊതിയുമ്പോലെ തോന്നും, അവരെ കാണുമ്പോള്‍…

മണിക്കൂറുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ വിമാനമെത്തി. ഇപ്പോള്‍, ഞാനെന്റെ മഞ്ഞു മോഹങ്ങളുടെ വിമാനച്ചിറകില്‍. മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുമ്പോള്‍ മനസ്സില്‍ ഹിമഗിരി ശൈലമായിരുന്നു. ഹിമാലയത്തെക്കുറിച്ച് വായിച്ചു കൂട്ടിയ അനേകം പേജുകള്‍ ഒന്നിനു പിന്നാലെ ഒന്നായി കണ്‍മുന്നില്‍ തുറന്നു വന്നു. ഹിമാലയത്തിനു മുകളിലൂടെയുള്ള പറക്കലില്‍ കൌെതുകത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കം.ജാലകത്തിലൂടെ പുറമേയ്ക്ക് കണ്ണ് നട്ടിരുന്നു, ഏറെ നേരം. മഞ്ഞാണോ അതോ മേഘമാണോ എന്ന സ്ഥലജല വിഭ്രമം. ചുറ്റും ധവളിമ മാത്രം. അല്പസമയത്തിനു ശേഷം ശ്രീനഗര്‍ എന്ന പട്ടാളത്താവളത്തില്‍ (സത്യമായും, പട്ടാളത്തിന്റെ അധീനതയില്‍ ആണ് വിമാനത്താവളവും ആ നാട് മുഴുവനും) എത്തിച്ചേരും എന്ന അറിയിപ്പ് വന്നു.
വിമാനം മേഘങ്ങള്‍ക്കിടയിലൂടെ മഞ്ഞുമലകള്‍ക്കിടയിലൂടെ ഊളിയിട്ടു. സീറ്റ്ബെല്‍റ്റ് മുറുക്കി.

 

 

ക്രിസ്മസ് കാര്‍ഡ് ദൃശ്യങ്ങള്‍
വിമാനം താഴാന്‍ തുടങ്ങിയപ്പോള്‍ കാഴ്ചകള്‍ കുറേക്കൂടി വ്യക്തമായി .മഞ്ഞുമലകള്‍ക്കിടയിലെ വീടുകളും മഞ്ഞു പൊഴിക്കുന്ന മരങ്ങളും. ക്രിസ്ത്മസ് ആശംസ കാര്‍ഡുകളിലെ ഇമേജുകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍. 3 C ആണ് പുറത്തെ താപനില എന്ന കിളിമൊഴി കേട്ടപ്പോള്‍ ചെറുതായി ഒരു വിറയല്‍ ശരീരത്തിലൂടെ പാഞ്ഞു. തണുത്തുറഞ്ഞ കാറ്റ്, മഞ്ഞു പുതച്ച റണ്‍വേ,തോക്കേന്തിയ പട്ടാളക്കാര്‍ കശ്മീരിന്റെ മണ്ണിലെ ആദ്യ ചിത്രം അതുതന്നെയായയിരുന്നു.

പുറത്തിറങ്ങുമ്പോള്‍ ഡ്രൈവര്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. പേര് ഷൌക്കത്ത്. ഹിന്ദി സിനിമകള്‍ ചേര്‍ന്നു മെനഞ്ഞ സ്റ്റീരിയോടൈപ്പ് രൂപങ്ങളിലെ തീവ്രവാദി മുഖങ്ങളോട് സാമ്യം തോന്നി. പരിചയപ്പെട്ടപ്പോള്‍ ഹൃദ്യമായ പെരുമാറ്റം. തണുത്തുറഞ്ഞ ശ്രീനഗര്‍ നഗരത്തെ ലക്ഷ്യമാക്കി കാര്‍ പാഞ്ഞു. പുറത്തെ കാഴ്ചകളില് കണ്ണും നട്ടു ഞാനും. നാലുമണി ചായയുടെ സമയം കഴിഞ്ഞിരിക്കുന്നു. സമയം അഞ്ച് കഴിഞ്ഞു. ആവശ്യം പറഞ്ഞപ്പോള്‍ നഗരത്തിലെ പ്രശസ്തമായ ജീ എന്‍ (Gee Enn) ബേക്കറിയുടെ മുന്നില്‍ ഷൌക്കത്ത് കാര്‍ നിര്‍ത്തി.

മങ്ങിയ വെളിച്ചത്തില്‍ പലതരം പലഹാരങ്ങള്‍, കേക്കുകള്‍, ഇതെല്ലാം നിരത്തി വെച്ച ചില്ലുകൂടുകള്‍… അവിടത്തെ രുചികരമായ വല്ല വിഭവവും ഒപ്പം ഒരു ചായയും ആവശ്യപ്പെട്ടു. വൈകിയില്ല ചൂടുള്ള മട്ടണ്‍ കബാബും കാശ്മീരി ചായയും (Qahwah) എത്തി. കാശ്മീരിന്റെ ശൈത്യങ്ങള്‍ വകയുന്ന ഊഷ്മളതയാണ് ഈ മസാല ചായ. നാവിലെ രുചി മുകുളങ്ങളെ അത് ത്രസിപ്പിച്ചു. കശ്മീരീന്റെ ആദ്യ രുചി എന്ന് തന്നെ വേണം പറയാന്‍. കൊതിയൂറും വിഭവങ്ങള്‍ ഇനിയുമേറെ കഴിക്കാനുണ്ടെന്ന് ബേക്കറിയുടമ പറഞ്ഞു. നന്ദി പറഞ്ഞ് പുറത്തേക്കു ഇറങ്ങുമ്പോഴേക്കും ഇരുട്ടു വീണിരുന്നു. ഇന്നിനി മറ്റൊരു പരിപാടിയും നടക്കില്ല. ഹോട്ടല്‍ റൂമില്‍ തണുപ്പിനോടുള്ള പോരാട്ടമായിരിക്കും ഇനി.

ഹോട്ടല്‍ ചെഷ്മശായി
ഓണ്‍ലൈന്‍ വഴിയായിരുന്നു മുറി ബുക്ക് ചെയ്തത്. JKTDC യുടെ ഹോട്ടല്‍ ചെഷ്മഷായിയിലെ ഒരു ഹട്ട്. ഹോട്ടലിലേക്ക് പായുന്ന വണ്ടിയിലിരുന്ന് പുറത്തേക്ക് നോക്കി. അമ്പരന്നു പോയി. സര്‍വത്ര ഇരുട്ട്. നേരം ഇരുട്ടിയിട്ടും വഴിവിളക്കുകള്‍ പോലും തെളിയാത്തതെന്തേ? കാരണം അറിഞ്ഞപ്പോള്‍ അമ്പരപ്പ് ഇരട്ടിച്ചു. കടുത്ത മഞ്ഞു മൂലം മൂന്ന് ദിവസങ്ങളായി ശ്രിനഗറില്‍ വൈദ്യുതിയും വെള്ളവും ഇല്ലത്രെ!

ദാല്‍ തടാകക്കരയിലൂടെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. തടാകത്തില് അങ്ങിങ്ങായി ശിക്കാരകള്‍ ഒഴുകി നീങ്ങുന്നതു കാണാമായിരുന്നു, എല്ലാവരും വീട്ടിലേക്കുള്ള മടക്കയാത്രയാവണം. പ്രലോഭിപ്പിക്കുന്ന ഉയരങ്ങള്‍. ഇരുട്ടിനെ കീറിമുറിച്ച് തടാകത്തില്‍ അങ്ങിങ്ങ് വെളിച്ചക്കീറുകളുടെ സിംഫണി.

യാത്ര ഇപ്പോള്‍ അതിമനോഹരമായ ഒരു മഞ്ഞു പരവതാനിയില്‍. പ്രശസ്തമായ Lalit Grand Palace ഉം Centuar ഉം കഴിഞ്ഞു. ചെഷ്മശായി എന്ന ബോര്‍ഡ് കണ്ടു. റോഡിലേക്ക് തിരിഞ്ഞതും പട്ടാളക്കാര്‍ വഴി തടഞ്ഞു. പട്ടാള ഓഫീസ് പോലെ ഒന്നിന് മുമ്പില്‍ കാര്‍ നിര്‍ത്താന്‍ അവര്‍ ആവശ്യപ്പെട്ടു. അവരുടെ ചോദ്യങ്ങള്‍ക്ക് ഷൌക്കത്ത് കശ്മീരിയില്‍ എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു. ഉറുദു ഭാഷയോടാണ് കശ്മീരിക്ക് സാമ്യം ഏറെ. ഹിന്ദി അറിയാമെങ്കിലും അവര്‍ പറയുന്നത് മനസിലായില്ല. ഐഡന്റിറ്റി കാര്‍ഡും ഹോട്ടലിന്റെ ഓണ്‍ലൈന്‍ ബുകിംഗ് സ്ലിപും കാട്ടിയ ശേഷമേ കടന്നു പോകാന്‍ അനുവദിച്ചുള്ളൂ. ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ അടുത്താണ് ഹോട്ടല്‍.

ചെഷ്മശായി എന്ന മുഗള്‍ പൂന്തോട്ടത്തിനു അരികിലായി അനേകം ഔദ്യോഗിക വസതികളുമുണ്ട്. അതിനാലാണ് പരിശോധനക്ക് ഇത്ര കാര്‍ക്കശ്യമെന്ന് ഷൌക്കത്ത് പറഞ്ഞു. ഒരു കിലോമീറ്റര്‍ പിന്നിട്ട് ഗാര്‍ഡനു മുന്നിലായി കാര്‍ നിന്നു. അതിനോട് ചേര്‍ന്ന് കുറെയേറെ ഹട്ടുകള്‍ കാണാമായിരുന്നു. ആ വഴിയിലൂടെ കുറെ നടന്നിട്ടും ഒരു മനുഷ്യനെ പോലും കണ്ടില്ല. വഴിയാകെ മഞ്ഞു മൂടിക്കിടക്കുന്നതിനാല്‍ മുന്നോട്ടു പോകാനും ഭയം തോന്നി. ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ ഇന്ത്യയിലെവിടെയും ഒരു പോലെയാണ് എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു പിന്നീടുള്ള സംഭവങ്ങള്‍.

ഓഫീസ് ഉണ്ടോ എന്നറിയാന്‍ ഒരു നിവൃത്തിയുമില്ല. ഒരു ബോര്‍ഡോ മനുഷ്യ ജീവിയോ അവിടെയെങ്ങും കാണാനില്ല. കുറെ നേരം നീണ്ട കാത്തുനില്‍പ്പിനൊടുവില്‍ സൂക്ഷിപ്പുകാരനെത്തി-മന്‍സൂര്‍. ബുകിംഗ് സ്ലിപ് കൊടുത്തപ്പോള്‍ ഒരു ഭാവഭേദവും കൂടാതെ മൊഴിഞ്ഞു’ -കരണ്ടും വെള്ളവുമില്ല’. മെഴുകു തിരി തരാം; വേണമെങ്കില്‍ ഒരു ബക്കറ്റ് വെള്ളവും. ഭക്ഷണവും കിട്ടില്ല.’.

 

 

വെട്ടവും വെളിച്ചവുമില്ലാതെ
എത്ര തണുപ്പത്തും കുളിക്കാതെ കിടക്കാറില്ല എന്നതാണ് ശീലം. കറന്റ് ഇല്ലാതെ തനിയെ അവിടെ താമസിക്കാനുള്ള ഭയവുമുണ്ട് കൂടെ. അവിടം വിടുകയല്ലാതെ വേറെ മാര്‍ഗമില്ലാതായി. ഇന്ദിരാജിയുടെയും നെഹ്രുവിന്റെയും പ്രിയപ്പെട്ട താമസസ്ഥലമായിരുന്നു അതെന്നും മറ്റുമുള്ള കഥകള്‍ അതിനുള്ളില്‍ മന്‍സൂര്‍ ഭായ് പറഞ്ഞിരുന്നു. ചെഷ്മശായ് കോള്‍ഡ് സ്പ്രിംഗിലെ വെള്ളം ഗംഗ ജലം പോലെയാണത്രെ, നെഹ്റു സ്ഥിരമായി ഈ വെള്ളം ഡല്‍ഹിക്ക് കൊണ്ട് പോകുമായിരുന്നെന്നാണ് കഥ. ചരിത്രമുറങ്ങുന്ന ഇടത്ത് ഒരു രാത്രി ഉറങ്ങണമെന്ന മോഹം ഉപേക്ഷിച്ച് ഞാന്‍ പുറത്തിറങ്ങി.

ഒടുക്കം എത്തിപ്പെട്ടു, ആ മുറിയില്‍. ഇത്തിരി അകലെ ഹോട്ടല്‍ വെല്‍ക്കം. അവിടെ 106ാം നമ്പര്‍ മുറി. മുന്നില്‍ ഇരുട്ടു പുതച്ചു ദാല്‍ തടാകം. അങ്ങേ കരയില്‍ഹൌസ്ബോട്ടുകള്‍. തണുത്തു വിറച്ച് ഒരു രാത്രി. വൈദ്യുതി ഇല്ലാത്തതിനാല്‍ റൂം ഹീറ്റര്‍ ഇല്ല. ജനറേറ്ററിന്റെ പവര്‍ കൊണ്ട് ബള്‍ബുകള്‍ മിന്നിക്കൊണ്ടിരുന്നു, അത്ര തന്നെ! ഒന്നിന് മുകളില് മറ്റൊന്നായി കമ്പിളികള്‍ വാരിവലിച്ചു പുതക്കുമ്പോള്‍ എങ്ങനെ ഉറങ്ങും എന്നായിരുന്നില്ല, അടുത്ത ഒരാഴ്ച എങ്ങനെ ഈ തണുപ്പില്‍ ജീവിക്കും എന്നതായിരുന്നു ചിന്ത. അങ്ങനെ തണുത്തു വിറച്ച് ഒന്നാം ദിനം അവസാനിച്ചു!

11 thoughts on “കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

 1. തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു. തനിയെ ഒരു യാത്ര എന്നൊരു വനിതയില്‍ നിന്നുകേള്‍ക്കുമ്പോഴുള്ള അടക്കാനാകാത്ത അസൂയയോടെ..

 2. മനോഹരമായ യാത്രാനുഭവം.
  വരികള്‍ക്കിടയില്‍ തണുപ്പ്.
  തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു

 3. ചേച്ചി തകര്‍പ്പന്‍ ട്രവല്ലോഗ്. തുടര്‍ അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു

 4. ഭാരതാംബയുടെ നെറുകയില്‍ ഒരു ഒറ്റപ്പക്ഷിയായി പറന്നു നടക്കാന്‍ സാധിച്ചതിലുള്ള സന്തോഷം വ്യക്തമായി എഴുത്തിലും പ്രതിഫലിക്കുന്നുണ്ട്…ഒറ്റപ്പക്ഷി ഇനിയും പരന്നുയരട്ടെ എന്നാശംസിക്കുന്നു!!!

 5. വളരെ ശ്രേധര്‍ഹാമായ ഒരു പോസ്റ്റു..
  തനിയെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ മടിക്കുന്ന ഭയക്കുന്ന ഈ കാലത്ത്
  കാശ്മീരിലേക്ക് തനിയെ ഒരു യാത്ര..ധീരത തന്നെ
  മനോഹര വിവരണവും..
  കൌതുകം ഉണര്‍ത്തുന്ന ചിത്രങ്ങളും അഭിനന്ദനങ്ങള്‍

 6. എന്നിട് എന്തായി ..
  കാത്തിരികുന്നു ബാകി വിശേഷത്തിനുആയി

 7. Appo mutolam manjil ratri pakalaki kavalirikkunna patalakkare kurichu onnorthu nokku….kanumbol ellam simple ayi thonnum….but ayadanakal anubavichu thanne ariyanam.. Ntayalum tnkz pengale..

Leave a Reply

Your email address will not be published. Required fields are marked *