പ്രിയപ്പെട്ട ഓപ്ര വിന്‍ഫ്രെ, ഒച്ചയറ്റ ഈ കരച്ചിലുകള്‍ സിനിമയല്ല

ഏറ്റവും വലിയ വിരോധാഭാസം നട തള്ളപ്പെടുന്ന ഈ വിധവകളിലേറെയും ബംഗാളില്‍നിന്നുള്ളവരാണ് എന്നതാണ്. ചെഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ജീവിതങ്ങളെ രക്തത്തില്‍ കൊണ്ടു നടക്കുന്ന വിപ്ലവകാരികളുടെ നാട്. കാളിയെ അമ്മയായും ദൈവമായും കാണുന്ന വിശ്വാസികളുടെ നാട്. ഒരു വശത്തു കൂടെ അമ്മയെ പൂജിക്കുന്നു. മറുവശത്തു മരുഭൂമിയിലെ പാഴ്മരമെന്ന പോലെ പുറന്തള്ളുന്നു. ഒരു വശത്ത് വിപ്ലവ പ്രസംഗം. മറുവശത്ത് കൂടി അത് കാറ്റില്‍ പറത്തുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ പാരമ്പര്യത്തിനവകാശികള്‍ എന്നു ശഠിക്കുന്ന നമ്മള്‍ എന്തു കൊണ്ട് ഇത്തരം കാട്ടാളത്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു? പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയില്‍ നിന്നിവരെ അകറ്റിനിര്‍ത്തുന്നു? ചര്‍ച്ച അര്‍ഹിക്കുന്നത് തന്നെയാണ് ഇത്-ഈയടുത്ത് ഇന്ത്യന്‍ പര്യടനം നടത്തിയ അമേരിക്കന്‍ ടോക്ക് ഷോ അവതാരക ഓപ്ര വിന്‍ഫ്രെയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ജലി ദിലീപ് എഴുതുന്നു

 

 

ഇന്ത്യയുടെ പാരമ്പര്യത്തെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങള്‍ മുതിര്‍ന്നവരോടു കാണിക്കുന്ന ബഹുമാനത്തെയും ആദരവിനെയും അത്ഭുതത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ കുടുംബമൂല്യങ്ങള്‍ വളരെ വലുതാണ്. എന്നാല്‍,എന്തുകൊണ്ടാണ് വിധവകളോട് മാത്രം ഇത്രയേറെ വേര്‍തിരിവ്?

ഓപ്ര വിന്‍ഫ്രെ-
(അമേരിക്കന്‍ ടോക്ക് ഷോ അവതാരക)

അഞ്ജലി ദിലീപ്

അമേരിക്കയിലെ ഇന്ത്യന്‍ പത്രങ്ങളില്‍ ഈയടുത്ത് പ്രധാന വാര്‍ത്തകള്‍ക്കിടയില്‍ ഇടം നേടിയ ഒന്ന്. നമുക്ക്, കേരീയര്‍ക്ക് ഇതൊരു വാര്‍ത്തയേ ആയിരിക്കില്ല. ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ വിധവയായ കാരണം കൊണ്ടു മാത്രം എല്ലാ പാപഭാരവും തലയിലേറ്റി ഭാണ്ഡക്കെട്ടുമായി പുറത്തിറങ്ങേണ്ടി വരാറില്ല, നമ്മുടെ അമ്മമാര്‍ക്ക്. മറ്റു പല രീതികളിലും അവര്‍ക്ക് ‘ ചവിട്ടേല്‍ക്കേണ്ടി വരാറുണ്ടെങ്കിലും’. പക്ഷേ, യാഥാസ്തികത്വത്തിന്റെ വേലിക്കെട്ടുകള്‍ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന വടക്കേ ഇന്ത്യയില്‍ ഇന്നും വിധവാ പുനര്‍വിവാഹം അനുവദനീയമല്ല. നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും നാടെങ്ങും നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഭാരത സംസ്കാരം ‘തഴച്ചു വളരുന്ന ‘ ഗംഗാ തീരങ്ങളില്‍ ആത്മശാന്തിക്കായി വെള്ള വസ്ത്രത്തിനുള്ളില്‍ അലയുന്ന ഒത്തിരി അമ്മമാരും സഹോദരമാരും നമുക്കുണ്ട്.

‘വാട്ടര്‍’
വിധവകളായ അമ്മയെയും മുത്തശãിയെയും കണ്ടുകൊണ്ട് ജീവിക്കുന്ന ഞാന്‍ , എന്റെ ചുറ്റുപാടുകള്‍ക്കപ്പുറം വടക്കേ ഇന്ത്യയിലെ വിധവകള്‍ അനുഭവിക്കുന്ന യാതനകള്‍ ആദ്യമായി അറിഞ്ഞത് ദീപ മേത്തയുടെ ‘വാട്ടര്‍’ എന്ന സിനിമയിലൂടെയാണ്. ഒന്നിനെയും എതിര്‍ക്കാനാവാത്ത പ്രായത്തില്‍ വിവാഹിതയും വിധവയുമാകേണ്ടി വന്ന എട്ടുവയസ്സുകാരി ഛുയ്യ എന്ന പെണ്‍കുട്ടിയുടെ, വിധവാശ്രമത്തിന്റെ നടത്തിപ്പിനായി ലൈംഗിക വൃത്തിക്കു നിയോഗിക്കപ്പെട്ട ‘ലക്ഷ്മി’ എന്ന സുന്ദരിയിലൂടെ, എല്ലാം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്ന ശകുന്തളയിലൂടെ- ഒരു സമൂഹത്തിന്റെ മുഴുവന്‍ യാതനയും ദീപ മേത്ത വരച്ചു കാട്ടുന്നുണ്ട്.

ദീപ മേത്ത


വിദേശത്ത് ഇന്ത്യ തെറ്റിദ്ധരിക്കപ്പെടുമെന്ന് പറഞ്ഞ് ഒരു കൂട്ടം മത തീവ്രവാദികള്‍ സിനിമയുടെ ചിത്രീകരണം തടഞ്ഞു. ഇരുണ്ട കുറേ വിശ്വാസങ്ങള്‍^വിധവകള്‍ അശുഭകരമാണ്, അവര്‍ ദൌര്‍ഭാഗ്യം കൊണ്ടു വരും, കുടുംബത്തില്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നു തുടങ്ങിയവ^അതിനി എത്ര തന്നെ അപരിഷ്കൃതമായാലും തുടരുക തന്നെ ചെയ്യും എന്ന ഭീഷണിയായിരുന്നു അത്. ചിന്തയുടെ സ്വതന്ത്രാവിഷ്കാരത്തിനു മീതെയുള്ള വെല്ലുവിളി. മതപ്രീണനത്തിലൂടെ വോട്ടുബാങ്കുകള്‍ ലക്ഷ്യം വെച്ച് നേതാക്കന്‍മാരും എല്ലാം കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍, പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് ദീപ മേത്ത തന്റെ പ്രയത്നത്തില്‍ വിജയിച്ചു. എന്നെപ്പോലുള്ള അനേകം മനുഷ്യര്‍ക്ക് അത് വിധവകളുടെ ഇരുണ്ട ജീവിതം പകര്‍ന്നു. ഒരു പക്ഷേ, ഓപ്ര വിന്‍ഫ്രെയുടെ ചോദ്യത്തിന്റെ തുടക്കവും അവിടെനിന്നു തന്നെയാവും.

‘ഫോര്‍ഗോട്ടണ്‍ വുമണ്‍’
അഭ്രപാളിക്കുമപ്പുറം പച്ചയായ ജീവിത യാഥാര്‍ത്ഥ്യം തന്നെയാണ് വിധവകളുടെ ജീവിതമെന്ന് ബോധ്യമായത് ദിലീപ് മേത്തയുടെ ‘ഫോര്‍ഗോട്ടണ്‍ വുമണ്‍’ എന്ന ഡോക്യുമെന്ററിയിലൂടെയാണ്. വാരാണസിയിലെയും മഥുരയിലെയും തെരുവുകളില്‍ നിരവധിയായ വിധവാശ്രമങ്ങളില്‍ വൃത്തിയും വെടിപ്പും നഷ്ടപ്പെട്ട് സ്വന്തം നിശ്വാസ വായുവിന്റെ ശബ്ദത്തിനായി മാത്രം കാതോര്‍ക്കുന്ന അമ്മമാര്‍. ഒരു നേരത്തെ ആഹാരവും ശൂന്യമായ കുറച്ചു സ്ഥലവും ഒന്നോ രണ്ടേ വസ്ത്രങ്ങളും ലാഭിക്കാനായി സ്വന്തം മക്കള്‍ തന്നെ ഇവരെ നട തള്ളുന്നു.

ദിലീപ് മേത്ത

ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകള്‍ ഇവര്‍ ഭജന പാടുന്നു. ഇടുങ്ങിയ മുറികളില്‍, നാറിയ വസ്ത്രവും ചുക്കിച്ചുളിഞ്ഞ ശരീരവും പേറി മരണത്തെ കാത്തിരിക്കുന്ന മുത്തശãിമാര്‍ , പണത്തിനായി ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിക്കപ്പെടുന്ന യുവതികള്‍, വിധവാശ്രമത്തിലെ സാധാരണ കാഴ്ചകളാണ് ഇതൊക്കെ. നാലു ചുമരുകള്‍ക്കുള്ളില്‍ ഓരോരുത്തര്‍ക്കും ഓാരോ നിയമങ്ങള്‍. കഴിക്കുന്ന ഭക്ഷണത്തിലും ഉടുക്കുന്ന വസ്ത്രത്തിലും വരെ എത്തി നില്‍ക്കുന്നു അത്. ഇനിയും കുറേ പേര്‍ തെരുവിന്റെ ഏതെങ്കിലും കോണില്‍ ഭിക്ഷ യാചിച്ച് അവിടെത്തന്നെ അന്തിയുറങ്ങുന്നു.

ജീവിതയാത്രയില്‍ മറ്റൊരു മാര്‍ഗത്തിന് പ്രസക്തിയില്ല എന്ന തിരിച്ചറിവില്‍ അവസാനത്തെ ആശ്രയത്തിനായി എത്തുന്നവരാണ് മിക്കവരും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിനിടയില്‍ പെറ്റു പാലൂട്ടി വളര്‍ത്തിയ മക്കള്‍ തന്നെയാണ് അവരെ എങ്ങനെയും ഒഴിവാക്കുന്നത്. സ്വന്തം ജീവസ്രോതസ്സിനെ തെരുവോരങ്ങളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ആരുമോര്‍ക്കുന്നില്ല, നാളെ ഞാനും ഇതുതന്നെയെന്ന്.

 

 

ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍
ഏറ്റവും വലിയ വിരോധാഭാസം ഇവരിലേറെയും ബംഗാളില്‍നിന്ന് വരുന്നവരാണ് എന്നതുതന്നെയാണ്. ചെഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ജീവിതങ്ങളെ രക്തത്തില്‍ കൊണ്ടു നടക്കുന്ന വിപ്ലവകാരികളുടെ നാട്. കാളിയെ അമ്മയായും ദൈവമായും കാണുന്ന വിശ്വാസികളുടെ നാട്. ഒരു വശത്തു കൂടെ അമ്മയെ പൂജിക്കുന്നു. മറുവശത്തു കൂടി മരുഭൂമിയിലെ പാഴ്മരമെന്ന പോലെ പുറന്തള്ളുന്നു. ഒരു വശത്ത് വിപ്ലവ പ്രസംഗം. മറുവശത്ത് കൂടി അത് കാറ്റില്‍ പറത്തുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ പാരമ്പര്യത്തിനവകാശികള്‍ എന്നു ശഠിക്കുന്ന നമ്മള്‍ എന്തു കൊണ്ട് ഇത്തരം കാട്ടാളത്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു? പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയില്‍ നിന്നിവരെ അകറ്റിനിര്‍ത്തുന്നു? ചര്‍ച്ച അര്‍ഹിക്കുന്നത് തന്നെയാണ് ഇത്.വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. മോഹിനി ഗിരിയെപ്പോലുള്ളവരുടെ സേവനത്തെക്കുറിച്ച് ഇത്തരുണത്തില്‍ പറയാതെ വയ്യ.

ഡോ. മോഹിനി ഗിരി

പാശ്ചാത്യ വല്‍ക്കരണമെന്നും ആഗോളവല്‍കരണമെന്നും പറഞ്ഞ് അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും നമ്മള്‍ ധാരാളമായി വിമര്‍ശിക്കാറുണ്ട്. അത് ശരിയുമായിരിക്കാം. പക്ഷേ, വികസനത്തില്‍നിന്ന് വികസനത്തിലേക്ക് നടന്നടുക്കുന്ന നമ്മുടെ ദേശത്തിന്റെ നെഞ്ചില്‍ നമ്മള്‍ കുത്തിയിറക്കുന്നത് ഇതുപോലുള്ള വിഷയമ്പുകളാണ്. ഇതാണോ പുരോഗതി എന്നു തോന്നിപ്പോവുന്നു. ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ നമ്മെ ചൂഷണം ചെയ്യുന്നതും അത് ലോക മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതും.

4 thoughts on “പ്രിയപ്പെട്ട ഓപ്ര വിന്‍ഫ്രെ, ഒച്ചയറ്റ ഈ കരച്ചിലുകള്‍ സിനിമയല്ല

 1. എന്തിനു ബംഗാളിനെ മാത്രം കുറ്റപ്പെടുത്തണം കേരളത്തിലും വിധവകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പെടല്‍, സ്വകാര്യമായി മനസ്സില്‍ അമര്‍ത്തിവെച്ച വികാരങ്ങള്‍, പുരുഷ കാമക്കണ്ണുകള്‍, എന്തോ പാപിയെന്ന മട്ടിലുള്ള സംസാരം ഒക്കെയും ഒരു യാഥാര്ത്യമില്ലേ. വിധവകളെ കല്യാണം കഴിക്കാന്‍ തയാറുള്ള എത്ര ചെറുപ്പക്കാര്‍ കേരളീയര്‍ എന്ന് അഭിമാനിക്കുന്നവര്‍ ആയുണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും ദിവസങ്ങള്‍ തള്ളി നീക്കുന്ന എത്ര നിരാലമ്പരായ സ്ത്രീകള്‍. തുറന്നു പറയാന്‍ മടിക്കുമെങ്കിലും വിധവയായ സ്ത്രീക്കും ആവശ്യം ഒരു ആണ്‍ തുണയാണ്. അവരെ മനസ്സിലാക്കുന്ന, സ്വകാര്യ ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ യോഗ്യനായ ഒരു പുരുഷന്‍. നമ്മുടെ നാട്ടിലെ പാരമ്പര്യത്തില്‍ നിന്ന് മാറി ചിന്തിച്ച് വിധവ പുനര്‍ വിവാഹത്തെ പ്രോല്സാഹിപ്പിക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരമായി വേറെ എന്താണ് നിര്‍ദ്ദേശം ആണ് വെക്കാനുള്ളത്

 2. ലേഖനം വളരെ നന്നായിരിക്കുന്നു ..

  പ്രൂഫ് റീഡിങ്ങ് നടത്താത്തതുപോലെയാണ് തെറ്റുകള്‍. ഒറ്റ വായനയില്‍ കണ്ട കുറച്ച് തെറ്റുകള്‍ കുറിച്ചിട്ടുണ്ട് …
  “”
  കേരീയര്‍ക്ക്
  മുത്തശãിയെയും
  തുടങ്ങിയവ^അതിനി
  മുത്തശãിമാര്‍ , “”

 3. വിധവകളുടെ സ്വന്തം വൃന്ദാവനം ad രാധിക മാതൃഭൂമി വരാന്ത പതിപ്പില്‍ എഴുതിയ ലേഖനം എവിടെ പ്രസക്തമാണ്‌

Leave a Reply

Your email address will not be published. Required fields are marked *