ഇന്ത്യന്‍ റെയില്‍വേക്ക് ബോധം തെളിയാന്‍ ഇനിയുമെത്ര സൌമ്യമാര്‍ മരിക്കണം?

ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ ഉത്തരവാദിത്തമല്ലെന്ന് ഉന്നതനായ ഉദ്യോഗസ്ഥന്‍ ഇതാ തുറന്നു പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ഇതു മാത്രമല്ല, തികച്ചും ധാര്‍ഷ്ഠ്യം നിറഞ്ഞ മറ്റനേകം പരാമര്‍ശങ്ങളും അദ്ദേഹം നടത്തി. എന്താണ് ഈ പരാമര്‍ശങ്ങളുടെ അര്‍ഥം? പ്രതിഷേധം പോലുമില്ലാതെ കേരളം ഈ വാക്കുകള്‍ ഏറ്റുവാങ്ങുമ്പോഴും ദുരന്തസാധ്യതകളോടെ ഇപ്പോഴും നമുക്കരികിലൂടെ കൂകിപ്പായുകയാണ് തീവണ്ടികള്‍-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

ഗുരുവായൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ യാത്രക്കിടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി സൌമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനസാക്ഷിക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇന്നും കെട്ടടങ്ങിയിട്ടില്ല, സൌമ്യയുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, വിവാദങ്ങള്‍. സൌമ്യ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇന്ത്യന്‍ റെയില്‍വേയെ തെല്ലും സ്പര്‍ശിച്ചിട്ടില്ല ആ മരണം. സൌമ്യക്ക് സംഭവിച്ച ദുരന്തം ആവര്‍ത്തിക്കാനുള്ള സര്‍വ സാഹചര്യങ്ങളോടും കൂടിയാണ് ഇന്നും ട്രെയിനുകള്‍ കേരളത്തിലൂടെ കൂകിപ്പായുന്നത്.

സൌമ്യയുടെ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെല്ലാം രണ്ടു മൂന്ന് മാസങ്ങള്‍ കൊണ്ട് പിന്‍വലിച്ചു. ലേഡീസ് കംപാര്‍ട്മെന്റ് ഇപ്പോഴും ഏറ്റവും പിന്നിലാണ്. അതിലോ തൊട്ടടുത്തോ ഒരൊറ്റ പോലീസുകാര്‍ പോലുമുണ്ടാവാറില്ല. മറ്റ് കമ്പാര്‍ട്മെന്റുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസ്ഥയില്ല. വനിതാ പൊലീസുകാരെ കണികാണാന്‍ കിട്ടില്ല. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളെല്ലാം റെയില്‍വേ അവഗണിച്ചു കഴിഞ്ഞു. ഇതിന്റെ ഫലങ്ങളും ധാരാളമായി കണ്ടു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനിലെ സ്ത്രീ യാത്രക്കാരികള്‍ക്ക് കുറുപ്പന്തറ സ്റ്റേഷനടുത്തുണ്ടായ ആക്രമണം. പതിവു പോലെ മാധ്യമങ്ങള്‍ മുറവിളി ഉയര്‍ത്തുകയും സ്ത്രീ യാത്രക്കാരുടെ സുരക്ഷയില്‍ വീണ്ടും ജനശ്രദ്ധ ഫോക്കസ് ചെയ്യുകയും ചെയ്തെങ്കിലും റെയില്‍വേ സ്വതസിദ്ധമായ ക്രൂര നിസ്സംഗതയും ധാര്‍ഷ്ഠ്യവും തുടരുക തന്നെയാണ്. അതിന്റെ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമാണ് ഞായറാഴ്ച തൃശൂരില്‍ ഉണ്ടായത്- റെയില്‍വേയുടെ കേരളത്തിലെ ഏറ്റവും ഉന്നതനായ ഒരുദ്യോഗസ്ഥന്‍ -തിരുവനന്തപുരത്തെ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ തുറന്നുപറഞ്ഞു^’ ട്രെയിനില്‍ സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷ നല്‍കേണ്ട ഒരുത്തരവാദിത്തവും റെയില്‍വേക്കില്ല!’

തൃശൂരിലെ റെയില്‍വേ വികസനം സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മാനേജരങ്ങുന്നിന്റെ ധാര്‍ഷ്ഠ്യം പച്ചക്കു പറത്തുവന്നത്. കേരളത്തിലെ ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് അത്ര വലിയ പ്രശ്നങ്ങളില്ലെന്ന് നിസ്സാരവല്‍കരിച്ച അഗര്‍വാളദ്ദേഹം എല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും വീമ്പിളക്കി.
മാനേജര്‍ സാറിന്റെ പ്രധാന കണ്ടുപിടിത്തങ്ങള്‍ ഇവയാണ്:

1. മനോവിഭ്രാന്തിയുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് റെയില്‍വേക്ക് ഉത്തരവാദിത്തമില്ല.
2. ട്രെയിനില്‍ നടക്കുന്ന കാര്യങ്ങള്‍ ബസ്സ്റ്റാന്റിലും വിമാനത്താവളത്തിലും സ്റ്റേഷന്‍ മാനേജര്‍ ഓഫീസിലും നടക്കാം.
3. ആരെങ്കിലും തള്ളിക്കയറി വന്ന് അതിക്രമം കാണിച്ചാല്‍ കൈകാര്യം ചെയ്യേണ്ടത് റെയില്‍വേയുടെ പണിയല്ല.
4. വനിതാ കമ്പാര്‍ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റണമെന്ന ശുപാര്‍ശകള്‍ അസംബന്ധമാണ്. അത് കൊണ്ട് കാര്യമില്ല.
5. സുരക്ഷ ജോലിക്കാരെ നിയമിച്ചാല്‍ ആരു ശമ്പളം കൊടുക്കും. റെയില്‍വേയുടെ കൈയില്‍ അതിന് പണമില്ല.
6. മൊത്തം രാജ്യത്തിനു വേണ്ടിയുള്ളതാണ് റെയില്‍വേ. കേരളം അതിലൊരു ഭാഗം മാത്രമാണ്.
7. സുരക്ഷ നല്‍കല്‍ റെയില്‍വേയുടെ ജോലിയല്ല. അത് പൊലീസിന്റെ പണിയാണ്.

ഈ വെളിപാടുകള്‍ ഒന്നൊഴിയാതെ പുറത്തുവന്നത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ തുടര്‍ന്നാണ്. ഉത്തരം പക്ഷേ, സാധാരണ മട്ടിലായിരുന്നില്ല. അക്ഷരാര്‍ഥത്തില്‍ അങ്ങുന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാം പത്രക്കാര്‍ കെട്ടിയുണ്ടാക്കുന്നതാണെന്നും അവര്‍ റെയില്‍വേയെ താറടിക്കുയാണെന്നും ഇത് നീതീകരിക്കാന്‍ വയ്യെന്നും അങ്ങുന്ന് രോഷാകുലനായി പുലമ്പിയത്രെ. ചോദ്യങ്ങള്‍ക്ക് ഉത്തരമായിരുന്നില്ല, മറു ചോദ്യങ്ങളായിരുന്നു മറുപടി പറയാന്‍ ഉത്തരവാദപ്പെട്ട ഈ മാനേജരങ്ങുന്നിന്റേതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വിവരക്കേടുകള്‍ മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. കേരളത്തിലെ റെയില്‍വേ കാര്യങ്ങളുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി മന്ത്രാലയം സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണ് ഇത്. ആ ധൈര്യത്തിലാണ് ഈ ഉദ്യോഗസ്ഥന് ഒരുളുപ്പുമില്ലാതെ കേരളത്തിന്റെ മുഖത്തുനോക്കി കാര്‍ക്കിച്ചു തുപ്പാന്‍ കഴിയുന്നത്. എന്ത് ധാര്‍ഷ്ഠ്യം കാണിച്ചാലും ഇന്ദ്രപ്രസ്ഥത്തിലെ റെയില്‍വേ കാര്യാലയം ഭരിക്കുന്നവരില്‍നിന്ന് ഇതിന്റെ പേരില്‍ ഒരു ചോദ്യം പോലുമുണ്ടാവില്ല എന്ന ബോധ്യം തന്നെയാണ് ഇയാളുടെ നാവിനെ കെട്ടഴിച്ചു വിട്ടത്. ഇക്കാര്യം സത്യമായതിനാലാണ് കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും ജനപ്രതിനിധികളും ഈ ഉദ്യോഗസ്ഥനെതിരെ ചെറുവിരല്‍ പോലും അനക്കാത്തതും.

നോക്കൂ, ഇങ്ങേര് പറഞ്ഞതു പോലെയാണോ കാര്യങ്ങള്‍?

ഭയാനകമായ ദുരന്തത്തിനിരയായി സൌമ്യ ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന സമയത്തും ഇതു തന്നെയായിരുന്നു റെയില്‍വേ മേലാളന്‍മാരുടെ നിലപാട്. ആശുപത്രിയില്‍ ഒന്നു തിരിഞ്ഞു പോലും നോക്കിയിരുന്നില്ല അവരൊന്നും. മാധ്യമങ്ങള്‍ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഒറ്റക്കും തെറ്റക്കും റെയില്‍വേ തമ്പ്രാക്കന്‍മാര്‍ ആശുപത്രിയിലേക്ക് ഒന്നെത്തി നോക്കിയത്. പിന്നീട് ഏറെ വൈകി റെയില്‍വേ മന്ത്രി ഇടപെട്ട് തെറ്റ് സമ്മതിക്കുകയും സുരക്ഷക്കാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തെങ്കിലും അതൊക്കെ പാഴാവുകയായിരുന്നു. സൌമ്യയുടെ സഹോദരന് റെയില്‍വേയില്‍ ജോലി നല്‍കുമെന്നും മന്ത്രി അന്നുറപ്പ് നല്‍കിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി കിട്ടിയിട്ടില്ല. സൌമ്യയുടെ കേസ് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരില്‍ റെയില്‍വേ സുരക്ഷയെ ആക്ഷേപിക്കരുതെന്നുമാണ് പിന്നീട് ഹൈക്കോടതിയില്‍ റെയില്‍വേ സുരക്ഷാ സേന ബോധിപ്പിച്ചത്.

കേരളത്തിലെ ട്രെയിനുകളില്‍ പ്രതിദിനം പത്തു ലക്ഷത്തോളം പേര്‍ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. രണ്ടു വശത്തേക്കുമായി നൂറോളം എക്സ്പ്രസ് ട്രെയിനുകളും നൂറിലേറെ പാസഞ്ചര്‍ ട്രെയിനുകളും ഇവിടെ ഓടുന്നു . ഇതില്‍ പത്തു ജോടി ട്രെയിനുകളില്‍ മാത്രമാണ് സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. സുരക്ഷയൊരുക്കാന്‍ ആകെയുള്ളത് കേരളാ പൊലീസിന്റെ 500 ഓളം പേര്‍ മാത്രം. എഴുന്നൂറോളം പേരുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുണ്ടെങ്കിലും സഹകരണം ഉറപ്പായിട്ടില്ല. യാത്രക്കാരുടെയും റെയല്‍വേ ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് വിഭാഗങ്ങളാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഗവ. റെയില്‍വേ പൊലീസ് (ജി.ആര്‍.പി), റെയില്‍വേയുടെ സ്വന്തം സേനയായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) . ഇവ തമ്മില്‍ ഏകോപനമില്ലാത്തതാണ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. നേരത്തെ ഒന്നിച്ചുള്ള ബീറ്റ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആര്‍.പി.എഫ് പിന്നീട് ഇതില്‍നിന്ന് പിന്‍മാറുകയായിരുന്നു.

ഇത് ഒരു നിലപാടാണ്. യാത്രക്കാരികളോടുള്ള റെയില്‍വേയുടെ പൊതു സമീപനം. യാത്രാ സൌകര്യം ഒരുക്കുക എന്നതിനപ്പുറം അതില്‍ യാത്രചെയ്യുന്നവരുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന അസംബന്ധം. ഇത്രയും കാശു വാങ്ങി യാത്രാ സൌകര്യം ഒരുക്കുമ്പോള്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നാട്ടുകാരാണോ. അതോ ഓരോരുത്തരുടെയും സുരക്ഷ അവരവര്‍ ഉറപ്പുവരുത്തണമെന്ന പ്രകൃത സംവിധാനമാണോ റെയില്‍വേ ഇപ്പോഴും പിന്തുടരുന്നത്. എങ്കില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ക്രിമിനല്‍ മാഫിയയെക്കുറിച്ച് അങ്ങുന്നുമാര്‍ക്ക് എന്താണ് പറയാനുള്ളത്? സൌമ്യയെ തീവണ്ടിമുറിയില്‍ ആക്രമിച്ച പ്രതി ഗോവിന്ദച്ചാമി ഇത്തരമൊരു മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്ന് റെയില്‍വേ പോലും സമ്മതിക്കുന്നുണ്ട്. ഇത്തരം അനേകം ക്രിമിനലുകള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം റെയില്‍വേയെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ടെന്ന് സൌമ്യ കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ക്രിമിനലുകളെ വളര്‍ത്തുന്നതും അവരില്‍നിന്ന് പങ്കു പറ്റുന്നതും റെയില്‍വേയിലെ ചിലര്‍ തന്നെയെന്ന വിവരവും പുറത്തുവന്നിരുന്നു. എന്താണ് സര്‍, ഇതിനര്‍ഥം? ഒരു ഭാഗത്ത് ക്രിമിനലുകളെ പോറ്റി വളര്‍ത്തുക! അഴിഞ്ഞാടാന്‍ അനുവദിക്കുക! മറുവശത്ത് യാത്രക്കാരുടെ സുരക്ഷ എന്ന മിനിമം ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍മാറുക! ഇതിനെ എന്താണ് വിളിക്കേണ്ടത്?
മാനേജരങ്ങുന്ന് പറയുന്നത് പ്രകാരം ഇതൊക്കെ മനോരോഗികളുടെ കുഴപ്പമാണ്. ആണോ, സര്‍?

 

മാധ്യമം ഇ പേപ്പറിലെ വാര്‍ത്ത

 

ട്രെയിനുകളില്‍ പിടിച്ചുപറിയും തെമ്മാടിത്തവുമായി നടക്കുന്നവരൊക്കെ മനോവിഭ്രാന്തിയുള്ളവരാണോ? ഭ്രാന്തന്‍മാരെ പാര്‍പ്പിക്കുന്ന സ്ഥലമാണോ ഈ റെയില്‍വേ എന്നു പറയുന്നത്? വെറും മനോരോഗിയുടെ ജല്‍പ്പനമായിരുന്നോ സൌമ്യക്കെതിരെ നടന്നത്? ആണെന്നാണ് അങ്ങ് പറയുന്നതെങ്കില്‍ കുറച്ചു കൂടി തെളിച്ചു പറയണം. പാവമൊരു മനോരോഗിയെ വധശിക്ഷ വിധിച്ചതെന്ന് തെറ്റായെന്ന് അങ്ങ് തെളിയിക്കണം. അതിനുള്ള ഉത്തരവാദിത്തം താങ്കളുടേതാണ്. റെയില്‍വേക്ക് ഒന്നിനും ഉത്തരവാദിത്തമില്ലെന്ന് പറയുന്നതുപോലെ അങ്ങേക്ക് ഇതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. സ്റ്റേഷന്‍ മാനേജരുടെ ഓഫീസിലും ഇതൊക്കെ നടക്കുമെന്ന് പറയുന്നത് ശരിയാണെങ്കില്‍ മനോവിഭ്രാന്തി ആര്‍ക്കെന്ന ചോദ്യത്തിനും കൂടി ഉത്തരം കണ്ടെത്തേണ്ടി വരും.

വനിതാ കമ്പാര്‍ട്മെന്റ് വണ്ടിയുടെ ഏറ്റവും പിന്നിലായി ഘടിപ്പിക്കരുതെന്ന് പല തവണ ആവശ്യമുയര്‍ന്നതാണ്. സുരക്ഷയെക്കുറിച്ച് പഠിച്ച പലരും ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇതിനെതിരെ റെയില്‍വേ ഔദ്യോഗികമായി നിലപാട് എടുത്തിട്ടുമില്ല. പിന്നെ എവിടെനിന്നാണ് താങ്കള്‍ക്ക് പുതിയ സിദ്ധാന്തങ്ങള്‍ കിട്ടിയത്. ‘പിന്നിലാണെങ്കില്‍ ഗാര്‍ഡുമാര്‍ എങ്കിലുമുണ്ടാവും. മധ്യഭാഗത്ത് വനിതാ കമ്പാര്‍ട്മെന്റ് വന്നാല്‍ ആരു ശ്രദ്ധിക്കുമെന്ന് താങ്കള്‍ വിടുവായത്തരം പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സൌമ്യ കയറിയ വണ്ടി യില്‍ പിന്‍ഭാഗത്തായിരുന്നു വനിതാ കമ്പാര്‍ട്മെന്റ്. ഒരു ഗാര്‍ഡുമുണ്ടായിരുന്നില്ല ആ പാവം പെണ്‍കുട്ടിയെ രക്ഷിക്കാന്‍. കുറുപ്പന്തറയിലും സമാനമായ അതിക്രമങ്ങള്‍ നടന്ന മറ്റ് സ്ഥലങ്ങളിലും അശരണരായ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഒരു ഗാര്‍ഡിനെയും കണ്ടിട്ടില്ല . കാര്യം ഇതായിരിക്കെ താങ്കളുടെ വാദം ആരെ രക്ഷിക്കാനാണ്? ആരുടെ താല്‍പ്പര്യമാണ് താങ്കള്‍ സംരക്ഷിക്കുന്നത്?

സുരക്ഷാ ജോലിക്കാരെ നിയമിച്ചാല്‍ ആര് ശമ്പളം നല്‍കുമെന്ന ചോദ്യം എല്ലാം പൊട്ടിപ്പൊളിഞ്ഞ, തെണ്ടാന്‍ കൈനീട്ടുന്ന ഒരു മൂന്നാം തരം മുതലാളിയുടേതാണ്. കോടികളുടെ ലാഭത്തിലോടുന്ന ഇന്ത്യന്‍ റെയില്‍വേക്ക് അത് ചേരില്ല. താങ്കളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കുടുംബസമേതം ഉല്ലാസ യാത്ര പോവാനും ഇന്‍സ്പെക്ഷനെന്ന പേരില്‍ മുറ തെറ്റാതെ ആഘോഷ സഞ്ചാരങ്ങള്‍ സംഘടിപ്പിക്കാനുമൊന്നും ഈ ദാരിദ്യ്രക്കണക്ക് കണ്ടിട്ടില്ലല്ലോ, മിസ്റ്റര്‍ മാനേജര്‍? റെയില്‍വേയുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സൌകര്യങ്ങളുടെയോ ചെലവുകളുടെയോ കാര്യത്തില്‍ ഒരു ഞെരുക്കവും എവിടെയും കാണാറില്ലല്ലോ. പാവപ്പെട്ട യാത്രക്കാരുടെ കാര്യം വരുമ്പോള്‍ മാത്രം ഇങ്ങനെ എച്ചിക്കണക്ക് പറയേണ്ടതുണ്ടോ, രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിന്?

2 thoughts on “ഇന്ത്യന്‍ റെയില്‍വേക്ക് ബോധം തെളിയാന്‍ ഇനിയുമെത്ര സൌമ്യമാര്‍ മരിക്കണം?

  1. നമ്മുടെ തീവണ്ടികളില്‍ വനിതാ കംപാര്ടുമെന്റുകള്‍ വേണ്ടി വരുന്നത് ഗോവിന്ദ ചാമി മാരെക്കാളും മോശമായി പെരുമാറുന്ന പുരുഷന്മാരുള്ളത് കൊണ്ടാണെന്ന് നാം മറക്കരുത്. നമുക്കുള്ളിലെ എല്ലാ ദുഷ്ടതകളും ഇപ്പോള്‍ ഒരു പ്രതിയെ കിട്ടിയത് കൊണ്ട് അവിടെ കെട്ടി വെച്ച് നാം ഉളിപ്പല്ല് ഉള്ളിലൊതുക്കി ചിരിക്കുകയല്ലേ? ഒരു പാസ്സെന്ചെര്‍ ട്രെയിനില്‍ രണ്ടോ നാലോ മണിക്കൂര്‍ നേരത്തേക്ക് പോലും കൂടെ യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് മര്യാദക്ക് പെരുമാറാന്‍ നാം പടിക്കാതിടത്തോളം നമ്മുടെ അമ്മ മാരും, പെങ്ങന്മാരും, കൂട്ടുകാരികളും, പെണ്മക്കളും ഒക്കെ വാഗണ്‍ ട്രാജെടിക്ക് നമ്മുടെ കണ്മുന്നില്‍ തന്നെ ഇരയായിക്കൊന്ടെയിരിക്കും . അപ്പോഴും നമുക്ക് ഒരു വനിത കംപാര്‍ത്മെന്റ്റ് സ്ഥാനം മാറ്റുന്നതിനെക്കുരിച്ചും റെയില്‍ അധികാരികളുടെ അലംഭാവത്തെ പറ്റിയും പോലീസിന്റെ നിഷ്ക്രിയതതെക്കുരിച്ചും ആവലാതികള്‍ പറഞ്ഞു കൊണ്ടെയിരിക്കാം.

    ഷിബു

Leave a Reply

Your email address will not be published. Required fields are marked *