വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്

തിരുവനന്തപുരം നഗരസഭ ഒരു കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ മാലിന്യവുമായി വിളപ്പില്‍ കുന്നു കേറി ചെന്ന് ജനങ്ങളുമായി ഒരു ബലപരീക്ഷണം കഴിഞ്ഞു തോറ്റു പിന്തിരിയുകയാണ്. സ്വന്തം ദേശത്തെ ഇനിയും കുപ്പത്തൊട്ടിയാക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരും ചെറുപ്പക്കാരുമൊക്കെ തീര്‍ത്ത ജനകീയപ്രതിരോധം തകര്‍ത്ത് നഗരത്തിന്റെ അഹന്തയുടെ മാലിന്യ വണ്ടികള്‍ കടത്തിക്കൊണ്ടു പോകാനുള്ള പോലീസിന്റെ പേശീബലമാണ് ഏറ്റവും സാധാരണക്കാരായ പാവം മനുഷ്യരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ തല്‍ക്കാലത്തേക്കെങ്കിലും മുട്ടുമടക്കിയത്. പക്ഷെ ജില്ല ഭരണാധികാരി പ്രഖ്യാപിച്ച നൂറ്റി നാല്‍പ്പത്തി നാല് എന്ന കരിനിയമം ഒരാഴ്ചത്തേക്ക് തുടരും എന്നാണറിയുന്നത്.-ഷിബു കെ. നായര്‍ എഴുതുന്നു

 

 

ഞാന്‍ ഇതെഴുതുമ്പോള്‍ തിരുവനന്തപുരം നഗരസഭ ഒരു കോടതി ഉത്തരവിന്‍്റെ പിന്‍ബലത്തില്‍ മാലിന്യവുമായി വിളപ്പില്‍ കുന്നു കേറി ചെന്ന് ജനങ്ങളുമായി ഒരു ബലപരീക്ഷണം കഴിഞ്ഞു തോറ്റു പിന്തിരിയുകയാണ്. സ്വന്തം ദേശത്തെ ഇനിയും കുപ്പത്തൊട്ടിയാക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരും ചെറുപ്പക്കാരുമൊക്കെ തീര്‍ത്ത ജനകീയപ്രതിരോധം തകര്‍ത്ത് നഗരത്തിന്റെ അഹന്തയുടെ മാലിന്യ വണ്ടികള്‍ കടത്തിക്കൊണ്ടു പോകാനുള്ള പോലീസിന്റെ പേശീബലമാണ് ഏറ്റവും സാധാരണക്കാരായ പാവം മനുഷ്യരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ തല്‍ക്കാലത്തേക്കെങ്കിലും മുട്ടുമടക്കിയത്. പക്ഷെ ജില്ല ഭരണാധികാരി പ്രഖ്യാപിച്ച നൂറ്റി നാല്‍പ്പത്തി നാല് എന്ന കരിനിയമം ഒരാഴ്ചത്തേക്ക് തുടരും എന്നാണറിയുന്നത്.

ഒരുവര്‍ഷമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വാശിയോടെ സമരപന്തലില്‍ കാവലിരിക്കുകയായിരുന്നു. വിളപ്പില്‍ ശാലയിലേക്കുള്ള എല്ലാ വഴികളിലും ചെറുപ്പക്കാര്‍ രാപകലന്യേ കാവലിരുന്നു. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പാണ് ഇതുപോലൊരു സംഘര്‍ഷാവസ്ഥക്ക് വിളപ്പില്‍ ശാല സാക്ഷ്യം വഹിച്ചത്. നഗരത്തിന്‍്റെ മാലിന്യം തങ്ങളുടെ നാട്ടില്‍ തള്ളുന്നതിലെ ന്യായാന്യായങ്ങള്‍ ചോദിക്കാനത്തെിയ ജനക്കൂട്ടത്തെ തോക്കുകൊണ്ട് നേരിടാനായിരുന്നു അന്ന് പോലീസിന്റെ ശ്രമം. വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്ന ആ സംഘര്‍ഷം ചില ഒത്തു തീര്‍പ്പ് ശ്രമങ്ങളിലൂടെ ഇല്ലാതായി. ക്ഷമിക്കാനും ത്യജിക്കാനും കഴിവുള്ള ഗ്രാമീണ നന്മയെ വ്യഭിചരിച്ചു കൊണ്ട് അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ – വ്യവസായ കൂട്ടുകെട്ടുകളും അടിച്ചേല്‍പ്പിച്ച ചവര്‍ ഫാക്ടറി അങ്ങനെ 2000 ലെ കേരളപ്പിറവി ദിനത്തില്‍ അവിടെ പ്രവര്‍ത്തനം ആരംഭിച്ചു അന്ന് മുതല്‍ ഇന്ന് വരെയുള്ള 12 വര്‍ഷങ്ങള്‍ ഈ ജനത അനുഭവിച്ച ദുരിതത്തിനും ചതികള്‍ക്കും വിശ്വാസ വഞ്ചനകള്‍ക്കും സമാനതകളില്ല.

ഷിബു കെ. നായര്‍

തൂക്കുകയര്‍ വീണതിങ്ങനെ
നഗരത്തിനു ഒരു മാലിന്യ സംസ്കരണ പദ്ധതി എന്ന ആശയവുമായി സ്ഥലം അന്വേഷിച്ചു നടന്ന നഗരസഭ വിതുര ജേഴ്സി ഫാം, കുടപ്പനക്കുന്ന്, എന്നിങ്ങനെ പല സ്ഥലങ്ങളിലും കറങ്ങി ഒടുവില്‍ വിളപ്പില്‍ ശാലയില്‍ എത്തിയത് യാദൃശ്ചികമല്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. മറ്റു സ്ഥലങ്ങളിലൊക്കെ എതിര്‍പ്പ് ശക്തമായതോടെയാണ് പ്രായേണെ എതിര്‍ക്കാന്‍ ശക്തിയോ, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമോ ഇല്ലാത്ത പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വളരെ പാവപ്പെട്ടവരും കര്‍ഷകരും അടങ്ങുന്ന വിളപ്പില്‍ശാലയില്‍ പദ്ധതിക്ക് സ്ഥലം കണ്ടത്തെിയത്. (ഇത് കേരളത്തിലെ ഒട്ടു മിക്ക മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്കും ബാധകമാണ്. വര്‍ണ്ണ വെറിയുടെ മറ്റൊരു രൂപം)

തുടക്കം മുതല്‍ ധാര്‍ഷ്ഠ്യമായിരുന്നു മാലിന്യക്കമ്പനിയുടെ മുഖമുദ്ര. നഗരത്തിനും നഗരത്തിനു പുറത്തും കുടിവെള്ളം എത്തിക്കുന്ന ജല പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന കരമന നദിയിലേക്ക് ഒഴുകിയിറങ്ങുന്ന മീനംപള്ളി തോടിന്റെ നീര്‍മറി പ്രദേശത്ത് തന്നെയാണ് പദ്ധതി സ്ഥാപിച്ചത്. കേന്ദ്രീകൃതമായി മാലിന്യങ്ങളെ തരം തിരിക്കാതെ ഒന്നിച്ചു കംപോസ്റ്റ് ചെയ്യുന്ന തെറ്റായ സാങ്കേതിക വിദ്യയാണ് അവലംബിച്ചത്. നഗരത്തില്‍ ഇല്ലാത്ത മാലിന്യത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ ഉണ്ടാക്കി കരാര്‍ കൊടുത്തു. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനോ സ്വഭാവം മാറ്റാനോ ഒരു തരത്തിലുള്ള നയപരമായ തീരുമാനങ്ങളും എടുത്തില്ല. “മാലിന്യങ്ങള്‍ നഗരസഭയുടെ സ്വത്ത്” ആണെന്ന് ഉദ്ഘോഷിച്ചും സകല മുന്നറിയിപ്പുകളെയും തൃണവല്‍ ഗണിച്ചുമാണ് സകല മാലിന്യങ്ങളും വിളപ്പില്‍ ശാലയിലെക്കെടുത്തത്. ഈ ദേശവും അവിടത്തെ മനുഷ്യരും അതിനു നല്‍കേണ്ടി വന്നത് വലിയ വിലയാണ്. ഒരു വ്യാഴവട്ടക്കാലം അതിന്റെ ദുരന്തങ്ങള്‍ സഹിച്ചുപോന്ന അതേ മനുഷ്യര്‍ക്കെതിരെയാണ് കൈയൂക്ക് കൊണ്ട് യുദ്ധം നടത്താന്‍ ഇന്ന് സര്‍ക്കാര്‍ ശ്രമിച്ചത്.

ചീഞ്ഞുനാറുന്ന അഴിമതി
അമ്പതു ലക്ഷം രൂപയുടെ പദ്ധതിയായി തുടങ്ങി മൂന്നു കോടിയില്‍ അവസാനിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്ന ഈ ചവര്‍ ഫാക്ടറി പക്ഷെ നഗര സഭ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റെടുത്തത് ഏഴു കോടി രൂപക്കാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിലുള്ള അഴിമതിയും അതിനു പിന്നിലെ താല്‍പര്യങ്ങളും എല്ലാവര്‍ക്കും മനസ്സിലാവും. തുടക്കം മുതലേ പാളം തെറ്റിയ ഈ പദ്ധതി ഇന്ത്യയിലെ മാതൃക പദ്ധതിയെന്ന് മാധ്യമങ്ങളെക്കൊണ്ടും വിദഗ്ദ്ധരെക്കൊണ്ടും പറയിപ്പിക്കുമ്പോഴും വിളപ്പില്‍ നിവാസികള്‍ സമരചൂടില്‍ തന്നെ ആയിരുന്നു. പദ്ധതിയാകട്ടെ അമ്പേ പരാജയപ്പെട്ട അവസ്ഥയിലും.
കണ്‍സള്‍ട്ടന്‍്റുമാരും വിദഗ്ദ്ധരും സര്‍വീസ് പ്രൊവൈഡര്‍മാരും കരാറുകാരും ഉദ്യോഗസ്ഥരുമൊക്കെ ഒത്തു കളിച്ചാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ദിനംപ്രതി മുന്നൂറു ടണ്‍ മാലിന്യങ്ങള്‍ നഗര സഭ ലഭ്യമാക്കണമെന്നും വീഴ്ചയുണ്ടായാല്‍ പ്രതി ദിനം 49 ,000 രൂപ കമ്പനിക്കു പിഴ നല്‍കിക്കൊള്ളാം എന്നും സമ്മതിച്ചു കരാര്‍ ഒപ്പിട്ട നഗര സഭ ഈ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ദിവസം പോലും അത്രയും മാലിന്യങ്ങള്‍ ശേഖരിച്ചു നല്‍കിയിട്ടില്ല. അഥവാ കഴിഞ്ഞിട്ടില്ല. നഗരസഭാ ഇന്ന് കാണുന്ന രീതിയില്‍ വിപുലീകരിക്കപ്പെടുന്നതിനു മുമ്പ് വിദഗ്ധര്‍ സമര്‍പ്പിച്ച പഠനം സമര്‍ത്ഥിക്കുന്നത് പ്രതി ദിനം 300 ടണ്‍ മാലിന്യങ്ങള്‍ നഗര സഭയില്‍ ഉണ്ടാകുന്നു എന്നാണ് .

 

 

മാലിന്യമുണ്ടോ, മാലിന്യം!
യഥാര്‍ത്ഥത്തില്‍ വീട് വീടാന്തരം മാലിന്യങ്ങള്‍ ശേഖരിച്ചിട്ടു പോലും പരമാവധി 200 ടണ്‍ മാലിന്യങ്ങള്‍ പോലും നഗര സഭക്ക് ലഭിക്കുന്നില്ല ! ഇനി, 300 ടണ്‍ മാലിന്യങ്ങള്‍ കയ്യേല്‍ക്കാന്‍ കരാറെടുത്ത കമ്പനിയുടെ സ്ഥാപിത ശേഷിയാകട്ടെ കേവലം 100 ടണ്ണില്‍ താഴെ ! ഇത് സര്‍ക്കാര്‍ കണ്ടു പിടിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന വിചിത്ര വസ്തുത കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. ഫലത്തില്‍ മാലിന്യ സംസ്കരണ പദ്ധതി മാലിന്യ നിക്ഷേപ പദ്ധതി ആയി. പ്ളാന്‍്റില്‍ നിന്ന് പുറത്തേക്കു വരുന്ന മലിന ജലം സംസ്കരിക്കാന്‍ ഒരു പദ്ധതി വേണം എന്ന് തോന്നിയത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. അത് നടപ്പിലാക്കാന്‍ മൂന്നു മാസം കൂടി സമയം അനുവദിച്ചില്ലെന്നു പരാതി പറയുന്നൂ, ഇപ്പോഴത്തെ മേയര്‍ !

അയ്യോ പാവം കമ്പനി!
ഏഴ് വര്‍ഷം പ്ളാന്‍്റ് നടത്തിയ പോബ്സ് കമ്പനി പ്രദേശത്ത് സംസ്കരിക്കാതെ കൂട്ടിയിട്ടത് ഏതാണ്ട് 4 ലക്ഷം ടണ്‍ മാലിന്യങ്ങളാണ്. കരാര്‍ ലംഘനവും പരിസര മലിനീകരണവും ഉണ്ടാക്കിയ കമ്പനിയില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനു പകരം നഷ്ട പരിഹാരമായി പതിനഞ്ചു കോടി രൂപ അങ്ങോട്ട് കൊടുക്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അവസാനം ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും കമ്പനിക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ ഉണ്ടാക്കി വെച്ച മാലിന്യമല പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു കോടിയില്‍ പരം രൂപ വേറെ ചെലവഴിക്കുകയും ചെയ്തു. മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ, ശരിയായ മാലിന്യ സംസ്കരണ ശേഷിയില്ലാതെ ഏഴെട്ടു കൊല്ലം ഈ കമ്പനി നടത്തിയ തട്ടിപ്പ് അറിയാതിരിക്കാന്‍ സര്‍ക്കാരും നഗരസഭയും, വിദഗ്ദ്ധരുമെല്ലാം അത്യധ്വാനം ചെയ്തു എന്നര്‍ഥം.

കമ്പനിപ്പേടി
ചുരുങ്ങിയത്, പൊതു ശല്യം എന്ന വകുപ്പില്‍ പെടുത്തി കേസ് എടുത്തു പോബ്സ് കമ്പനിയെ പ്രതിയാക്കാന്‍ അധികാരപ്പെട്ട പോലീസിന് ഇക്കാണുന്ന ഉശിരൊന്നും അന്നുണ്ടായിരുന്നില്ല. വെറും കാഴ്ച്ചക്കാരായിരുന്നു, നിയമപാലകര്‍. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചു സോഡാ ഉണ്ടാക്കാമെന്നു കണ്ടു പിടിച്ച് നോബല്‍ സമ്മാനത്തിനു കാത്തിരിക്കുന്ന സംസ്ഥാന മലിനീകരണ ബോര്‍ഡിലെ ശാസ്ത്രപ്രതിഭകളാവട്ടെ ഇത്തരം മഹത്തായ കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. ഓംബുഡ്സ്മാനാകട്ടെ കുറെ സുവിശേഷങ്ങള്‍ കടലാസ്സില്‍ പകര്‍ത്തി നല്‍കിക്കൊണ്ടേയിരുന്നു. വിളപ്പില്‍ പഞ്ചായത്തും അവിടുത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുമാവട്ടെ, കാലാകാലങ്ങളായി ഒളിച്ചു കളികള്‍ നടത്തി നീക്കുപോക്കുകളിലൂടെ തല്‍കാല ലാഭങ്ങളുണ്ടാക്കി കൊണ്ടേയിരുന്നു. നഗരസഭ വിളിച്ചു ചേര്‍ക്കുന്ന തീര്‍ത്തും ഏകപക്ഷീയമായ ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ പോയിരുന്ന് അവര്‍ എഴുതി കൊടുക്കുന്ന അര്‍ത്ഥശൂന്യമായ ഉറപ്പുകള്‍ വാങ്ങി പഞ്ചായത്തില്‍ ഒട്ടിച്ചു വെക്കുന്ന പണി ആയിരുന്നു പഞ്ചായത്ത് ചെയ്തിരുന്നത്.

 

 

പഞ്ചായത്തിന്റെ കളികള്‍
തന്ത്രപരമായി, പ്രശ്നത്തില്‍ ഇടപെടാനോ പ്രദേശത്ത് ഈ പദ്ധതി വരുത്തി വെച്ച നഷ്ടത്തിന്‍്റെ കണക്കെടുക്കാനോ എന്തിനു ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനോ അത് മുന്‍നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെടാനോ കോടതിയില്‍ പോകാനോ പഞ്ചായത്ത് മാറി മാറി ഭരിച്ച ഒരു പക്ഷവും ശ്രമിച്ചിട്ടില. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പത്ര പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തിയും പൂജ്യം വെട്ടിക്കളിച്ചും അവര്‍ സമയം പാഴാക്കി. ഒടുവില്‍ ഇപ്പോള്‍ ജനകീയ സമര സമിതി ജാതി- മത- രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടു പോയപ്പോള്‍ ആദ്യം അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും പിന്നീട് അതിന്‍്റെ അമരത്ത് പറ്റാന്‍ ശ്രമിക്കുകയുമാണ് പഞ്ചായത്ത് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ പ്ളാന്‍്റ് പൂട്ടിയിടാന്‍ പഞ്ചായത്ത് തീരുമാനിച്ചത് പ്രശ്നത്തിലെ ആത്മാത്ഥതയെക്കാളുപരി, സി. പി. എം നയിക്കുന്ന നഗരസഭയ്ക്ക് ഒരു പണി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍്റെ ആശീര്‍വാദത്തോടെ നടത്തിയ ഒരു നാടകമാണ്. ജനകീയ സമര സമിതിയുടെ മുന്നില്‍ നല്ല പിള്ള ചമയുകയും ഇതിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍, ഇത് വരെ പഞ്ചായത്ത് ദുരിതബാധിതരുടെ കണക്കെടുക്കുകയോ നഷ്ട പരിഹാരം സര്‍ക്കാറിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

നഗരസഭയുടെ തന്ത്രങ്ങള്‍
ഡിസംബറില്‍ പ്ളാന്‍്റ് പൂട്ടിയ ശേഷം തിരുവനന്തപുരം നഗരസഭ എന്താണ് ചെയ്തത് എന്ന് കൂടി നമുക്ക് നോക്കാം. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തി. ചര്‍ച്ചകളും സെമിനാറുകളും നടത്തി. വിളപ്പില്‍ പഞ്ചായത്ത് മനുഷ്യാവകാശം ലംഘിക്കുന്നൂ എന്ന് പറഞ്ഞു പരത്തി, ഇതാ അത്യുഗ്ര സാങ്കേതിക വിദ്യ ഉടന്‍ നടപ്പിലാക്കുന്നൂ എന്ന് പത്ര മാധ്യമങ്ങളില്‍ കള്ള പ്രചരണം നടത്തി. ഒടുവില്‍ കോടതിയില്‍ പോയി അനുകൂല വിധിയും സമ്പാദിച്ചു അത് അധാര്‍മികം ആണെന്ന് അറിഞ്ഞിട്ടും ഉത്തരവ് നല്‍കാന്‍ ഏറെ ആലോചിക്കേണ്ടി വന്നില്ല. അതിന്റെ തുടര്‍ച്ചയായാണ് സകല കാക്കി ധാരികളും ചേര്‍ന്ന് ഇന്ന് വിളപ്പില്‍ പഞ്ചായത്തില്‍ നടത്തിയ ബല പ്രയോഗം.

 

 

പരീക്ഷണങ്ങള്‍,പരീക്ഷണങ്ങള്‍
വെള്ളം കലക്കി കൊണ്ടേയിരിക്കുന്നു, പാഷാണത്തിലെ കൃമികള്‍. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇപ്പോള്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നതും നമ്മുടെ നാട്ടില്‍ തീരെ പ്രയോഗികമല്ലാത്തതുമായ ചില മാരക സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യാന്‍ ചില വിദഗ്ദ്ധരും കണ്‍സല്‍ട്ടന്‍്റുമാരും ശ്രമിച്ചിരുന്നു. പക്ഷെ അന്ന് അതിനു സര്‍ക്കാര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ മാറിയതും, പഴയ പരിപാടി വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇവരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഒരു സര്‍ക്കാര്‍ സംഘം ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ തിരക്കി ജര്‍മനിയില്‍ പോയി വെറും കയ്യോടെ മടങ്ങി വന്നത് രണ്ടാഴ്ച മുമ്പ്. ( ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുമായിരുന്ന വിവരങ്ങള്‍ പോലും പരിഗണിക്കാതെയാണ് കോള്‍ഡ് മിനെറലൈസെഷന്‍ എന്ന അപൂര്‍വ പദ്ധതിക്ക് വേണ്ടി സംഘം വണ്ടി കയറിയത്!) ഇനി അമേരിക്കയിലും, ഇറ്റലിയിലും സിംഗപ്പൂരിലുമൊക്കെ പോകേണ്ടതുണ്ട്. പിന്നെ കോയമ്പത്തൂര്‍ മോഡല്‍, കാന്‍പൂര്‍ മോഡല്‍, ഡല്‍ഹി മോഡല്‍ എന്നൊക്കെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഈ പറയുന്ന ഒന്നും ശാശ്വത പരിഹാരങ്ങള്‍ അല്ല എന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്? എങ്കിലും കണ്ണില്‍ പൊടിയിടാന്‍ ഇതും മതിയാവും.

വികേന്ദ്രീകൃതം x കേന്ദ്രീകൃതം
ഇതിനിടയില്‍ വികേന്ദ്രീകൃത പദ്ധതികള്‍ ഒന്നും വിജയമല്ലെന്നും കേന്ദ്രീകൃത പദ്ധതികള്‍ മാത്രമാണ് പോംവഴിയെന്നും മന്ത്രിമാരും വിദഗ്ദ്ധരും പാടി നടക്കുന്നുമുണ്ട്. ഈ അവസ്ഥയിലും വിളപ്പില്‍ശാല മാലിന്യ നിക്ഷേപ പദ്ധതിക്ക് ഒരു കുഴപ്പവുമില്ല അത് തുറക്കുക തന്നെ വേണം എന്ന് വിദഗ്ധരെ കൊണ്ട് എന്തിനു ഐ. എം എ യെക്കൊണ്ട് പോലും പറയിപ്പിക്കാനും അവര്‍ മറന്നില്ല !

ഏറ്റവും കുറഞ്ഞത് 500 ടണ്ണിനു മേലെ ശേഷിയുള്ള വേസ്റ്റ് ടു എനര്‍ജി പ്ളാാന്‍്റുകളാണ് ഇവര്‍ ഉന്നം വെക്കുന്നതെന്ന് വ്യക്തം. അതിനിടയിലും വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പിലാക്കുകയും വികേന്ദ്രീകൃതമെങ്കിലും കേന്ദ്രീകൃതമായ പദ്ധതികള്‍ ? (ഇതെന്തു തോന്ന്യാസമാണ് എന്ന് മനസ്സിലാകുന്നേയില്ല) നടപ്പിലാക്കുമെന്നും മന്ത്രിമാര്‍ ആണയിടുന്നുണ്ട്. ഇതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പിലാക്കിയാല്‍ ഒരു നഗരത്തില്‍ നിന്നും നൂറു ടണ്ണില്‍ അധികം മാലിന്യങ്ങള്‍ ലഭ്യം അല്ലെന്നിരിക്കെ കുറഞ്ഞത് 500 ടണ്‍ ശേഷിയെങ്കിലും വേണ്ട പദ്ധതികള്‍ക്ക് കത്തിക്കാന്‍ മാലിന്യങ്ങള്‍ എവിടുന്നു ലഭ്യമാക്കും? ഇതിനു ചെലവാക്കേണ്ടി വരുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. പുറമേ വലിയ അളവില്‍ ഊര്‍ജവും വേണ്ടി വരും. എന്നാലോ, ഇതുണ്ടാക്കി വെക്കുന്ന സങ്കീര്‍ണമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളും ലഭ്യമല്ല.

 

 

ലക്ഷ്യം കോടികള്‍
ഇവിടെ ഒരവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ് നഗരസഭയും സംസ്ഥാന സര്‍ക്കാറും. പഞ്ചായത്തും സര്‍ക്കാറും തമ്മില്‍ ഒത്തു കളിക്കുന്നൂ എന്ന് സമ്മര്‍ദം ചെലുത്തി നഗരസഭയുടെ അഭിമാനത്തിന്‍്റെ പ്രശ്നമായ വിളപ്പില്‍ ശാല പ്ളാന്‍്റ് തുറക്കുക എന്നതാണ് നഗര സഭയുടെ ലക്ഷ്യം. ഇപ്പോള്‍ സംജാതമായ പ്രതിസന്ധി മുതലാക്കി കോടികളുടെ പദ്ധതികള്‍ അധികം എതിര്‍പ്പ് കൂടാതെ നടപ്പിലാക്കി അതില്‍ നിന്നും കോടികള്‍ തട്ടുകയും പരാജയപ്പെടുന്ന പക്ഷം അത് നഗരസഭയുടെ തലയില്‍ കെട്ടി വെച്ച് തടി തപ്പുകയും അടുത്ത തെരഞ്ഞെടുപ്പിന് പത്തു വോട്ടു കൂടുതല്‍ മേടിക്കുകയും ചെയ്യാമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ മനസ്സിലിരിപ്പ്.

സുരക്ഷിതവും സുഗമവും ലളിതവും ചെലവു കുറഞ്ഞതുമായ മാലിന്യ സംസ്കരണ പദ്ധതികള്‍ സാധ്യമാവും എന്നിരിക്കെ ഇപ്പോള്‍ നടത്തിയ പോലീസ് അതിക്രമം അപലപനീയമാണ്. ഇതേ മാതൃക സംസ്ഥാനത്ത് മറ്റു പ്രദേശങ്ങളിലും നമുക്ക് പ്രതീക്ഷിക്കാം. ലാലൂരിലും ചേലോറയിലുമൊക്കെ കോടികളുടെ മടിശ്ശീലകളാണ് കിലുങ്ങുന്നത്.

നഗരമേ, കണ്‍തുറക്കുക
വിളപ്പില്‍ ശാല മാലിന്യ നിക്ഷേപ പദ്ധതിയുടെ ഇത് വരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും നഗരസഭയും സംസ്ഥാന സര്‍ക്കാറുകളും ഇത് വരെ ചെലവാക്കിയ പണത്തെ കുറിച്ചും അറിയാന്‍ നമുക്ക് അവകാശം ഉണ്ട്. ഒരു ധവള പത്രം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നഗര സഭയോ സംസ്ഥാന സര്‍ക്കാറോ തയ്യാറാവുമോ? വിളപ്പില്‍ പഞ്ചായത്തില്‍ ഈ പദ്ധതി ഉണ്ടാക്കിയ പാരിസ്ഥിതിക- ആരോഗ്യ- തൊഴില്‍- പ്രശ്നങ്ങളും അവിടുത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെയും കണക്കെടുക്കാനും അര്‍ഹരായവര്‍ക്ക് നഷ്ട പരിഹാരം കൊടുക്കാനും നഗര സഭയും സംസ്ഥാന സര്‍ക്കാറും തയ്യാറാവുമോ? അതിനു സമ്മര്‍ദം ചെലുത്താന്‍ നമുക്ക് ധൈര്യമുണ്ടോ?

ഇതൊന്നിനും കഴിയാത്ത നമ്മള്‍ നഗരവാസികള്‍ എന്താണ് ചെയ്യന്നത്? ഈ പാപത്തില്‍ നിന്ന് നമുക്ക് മാറി നടക്കാമോ? നാം ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ കംപോസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഒരു വിപ്ളവം തന്നെ ആയിരിക്കും. ആക്രി കച്ചവടക്കാരുമായി സഹകരിച്ച് അജൈവ മാലിന്യങ്ങള്‍ പരമാവധി പുന:ചംക്ര മണത്തിനു ലഭ്യമാക്കുക, ഡിസ്പോസിബിള്‍ പ്ളാസ്റ്റിക്കില്‍ നിന്നും ഒഴിഞ്ഞു നടക്കുക എന്നിവയൊക്കെയാണ് കാലം നമ്മളില്‍നിന്നും പ്രതീക്ഷിക്കുന്നത്. അത് നമ്മള്‍ ചെയ്തേ തീരൂ. അല്ലെങ്കില്‍ നമ്മുടെ കഴിവുകേടിന്റെ മാലിന്യ കൂമ്പാരങ്ങള്‍ക്കു മുന്നില്‍ നാം കാണേണ്ടിവരിക ഒരു ജനതയുടെ ചോരയായിരിക്കും.

 

 

 

 

10 thoughts on “വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്

 1. ഇന്ന് വിളപ്പില് ശാല സമരത്തിന്റെ ആസൂത്രണത്തെക്കുറിച്ചായിരുന്നു റിപ്പോര്ട്ടറ് ചാനലുള്പ്പടെ ചര്ച്ച, ഇത്ര ആസൂത്രണമായി നടത്തിയതിന്റെ പിന്നില് ആര്? ആദ്യം വികലാംഗര്, പിന്നെ സ്ത്രീകള് കുട്ടികള് അതും കഴിഞ്ഞ് പുരുഷന്മാര് എന്നിങ്ങനെ പോലീസിനെ നേരിടുന്നതിന് ആരാണ് ജനങ്ങളെ പഠിപ്പച്ചത്?ഇതാണ് ചാനല് ചര്ച്ചയിലെ മുഖ്യവിഷയം. അല്ലേലും മധ്യവര്ഗത്തിന്റെ പ്രയാസങ്ങളാണല്ലോ എന്നും മാധ്യമങ്ങള്ക്ക് പ്രിയം. ചിപ്സു് കൊറിച്ച് കൊണ്ട് കസേര ബുദ്ധിജീവികളായി ടി.വി കാണുന്ന പ്രേക്ഷകരില് ഭൂരിപക്ഷവം ഇവരാണ്… നാലാമിടം പോലുളള ജനങ്ങളുടെ ഇടം ഇത്തരം മാധ്യമങ്ങളുടെ പ്രസകതി വിളിച്ചോതുന്നത് ഇവിടെയാണ്. അഭിനന്ദനങ്ങള്

 2. തിരുവനതപുരത്ത് കഴ്ഴിഞ്ഞ ദശാബ്ദം ഭൂമി വില കുറഞ്ഞ ഒരേ ഒരു സ്ഥലം – വിളപ്പില്‍ശാല.

  തിര്വനന്തപുറത്തു ഇതേ സമയം ഏറ്റം കൂടുതല്‍ ഭൂമി കൈമാറ്റങ്ങള്‍ നടന്ന സ്ഥലം – വിളപ്പില്‍ ശാല.

  അങ്ങനെയായാല്‍ വില കൂടെണ്ടാതല്ലേ ? ആവോ .

  റിയല്‍ എസ്റ്റെ ട്ട്……….. പറയില്ല.

  മാലിന്യ കേന്ദ്രംഇവിടെനിന്നു മാറുമോ? മാറും. ഉറപ്പായും. പകരം സ്ഥലം ആര് വര്ഷം മുന്‍പുതന്നെ കണ്ടു വച്ചിട്ടുണ്ട്.

  അത് എല്ലാവര്ക്കും അറിയാമായിരുന്നു, ൨൦൦൨ മുതല്‍ക്കേ തന്നെ.

  മൂങ്ങോട് രാജന്‍ എന്തിന്നയിരുന്നു മരിച്ചത്? ആര്‍ക്കും അറിയില്ല.

  ഈ സ്ഥലം ഒക്കെ ആരാ വാങ്ങി കൂട്ടിയത്? ആര്‍ക്കും അറിയില്ല.

  വികസനം വരുമോ? വരും, വരാതിരിക്കില്ല.

  ഓള്‍. ഉറപ്പായും വരും. തിരുവനന്തപുരം ഇത്ര ടുത്ത് . അംബരചുംബികളായ, അപാര വിസ്തീര്‍ണ്ണമുള്ള, കമ്പനി വികസനം വരും.

  രാഷ്ട്രീയത്തിലും ബ്യൂരോക്രസിയിലും കോടതികളിലും കണ്ണടച്ചും കണ്ണ് തുറന്നും കളിച്ച കുരെയെരെപ്പെര്‍ക്ക് സുഖ വിശ്രമജീവിതവും ബാങ്ക് ബാലന്‍സും. വിളപ്പില്‍ശാല വികസിച്ച്ചേ മതിയാവൂ,

 3. Very well written, Shibu, like a seasoned journalist. You have brought out all the angles. The journalist part is more visible than of an activist, fighting for the cause. Thanks for this:) I hope people start processing their waste in their homes itself, like we do. I try to do the same thing in Mumbai too. Use vegetable waste for the plants, and segregate the dry waste while giving it away.

 4. Good article, Shibu. I was just thinking why someone who knows about the things there is not writing about the injustice happening there..

 5. മിസ്റ്റര്‍ ഷിബു, സത്യം വിളിച്ചുപരയുന്നതിനും ഒരു പരിധിയുണ്ട് , താങ്കള്‍ ആ പരിധി മനോഹരമായി മറികടന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍ .പണം വാങ്ങിയവരും പണം കൊടുത്തവരും പങ്കു പറ്റിയവരും മാറിനിന്നു കളി കാണുന്നു , പുതിയ കളിക്കാര്‍ നന്ന്നായി കളിച്ചാല്‍ പത്തു പുത്തന്‍ ഉണ്ടാക്കാം, ഇരകള്‍ കാത്തിരിക്കുന്നു… മങ്കയം, നെട്ടുകാല്തെരി , ബോണക്കാട്, ആര് പിസ്സ തിന്നാലും ചവറു നമ്മള്‍ക് തന്നെ എന്ന് പറഞ്ഞ പോലെ , പ്രിയ തിരുവന്തോരം “നരക” വാസികളെ നിങ്ങള്‍ തിന്നു തൂറിയ മാലിന്യത്തിന്റെ ദുര്‍ഗന്ധം അവരുടെ അടുക്കള വാതില്‍ കടന്നു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി, നാളെ അവര്‍ അവരുടെ എച്ചില്‍ നിങ്ങളുടെ മുട്ടത്തു തള്ളിയിട്ടു പോയാല്‍ സഹിക്കാന്‍ തയ്യാര്‍ആയിക്കൊള്ളുക. സഹിക്കുന്നതിനും ഇല്ലേ കൂടുകാരെ ഒരു പരിധി.

Leave a Reply

Your email address will not be published. Required fields are marked *