പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്? ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ-മരണത്തിലേക്ക് മറഞ്ഞ, ലോകത്തിന്റെ പ്രിയ ഗായിക വിറ്റ്നി ഹൂസ്റ്റണിന് ഓര്‍മ്മ കൊണ്ട് ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

 

 

കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ I will always love you എന്ന ഗാനത്തിന്റെ ലിങ്ക് ഷെയര്‍ചെയ്തതു കണ്ടപ്പോള്‍ കരുതി, വാലന്റൈന്‍സ് ഡേ അല്ലേ, രണ്ടു ദിവസം മുമ്പേ അവന്‍മാര്‍ പണിതുടങ്ങി എന്നാണ്. പെട്ടെന്നാണ് അതിനോടൊപ്പമുണ്ടായിരുന്ന ചെറിയ അക്ഷരത്തിലുള്ള വാര്‍ത്ത കണ്ടത്. വിറ്റ്നി ഹൂസ്റ്റണ്‍ എന്ന ഗായിക, ഇനിയില്ല! അവരുടെ ഗാനങ്ങളും സിനിമകളും മാത്രം ബാക്കി!

സരിത കെ. വേണു

ഞെട്ടലുണ്ടാക്കി, ആ തിരിച്ചറിവ്. മരണം അത് എത്ര പെട്ടെന്നാണ് എല്ലാം കീഴടക്കുന്നത്. 48 വര്‍ഷം അവര്‍ ചിരിച്ച ചിരികള്‍, കരഞ്ഞ ദുഖങ്ങള്‍, അനുഭവിച്ച നെഞ്ചിടിപ്പുകള്‍, നേടിയ വിജയങ്ങള്‍, പരാജയങ്ങള്‍…സ്വന്തമെന്ന് നിനച്ചതെല്ലാം ബാക്കി. ജീവിതത്തിന്റെ നടപ്പുവഴികളില്‍ അവര്‍ മാത്രമില്ലാതാവുന്നു. മായാജാലക്കാരന്‍ മരണം ഒറ്റയടിക്കില്ലാതാക്കുന്നു, നമ്മില്‍നിന്നെല്ലാം. ഒരു തിരിച്ചുവരവില്ലെന്ന പൂര്‍ണ ബോധ്യത്തിലായിരുന്നു വിറ്റ്നിയും അറ്റുവീണത്.

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്?

ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ?

 

വിറ്റ്നി

 

”നീ ഞങ്ങളുടെ നവോമി കാംബെല്‍ ആണെന്നു പറയുമ്പോള്‍ എനിക്ക് വിറ്റ്നി ഹൂസ്റ്റണ്‍ ആവാനായിരുന്നു ഇഷ്ടം”. ഡോ.ജോണ്‍ മത്തായി സെന്ററിലെയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ് നാളുകളിലെയും പ്രിയ ശബ്ദമായിരുന്നു അവര്‍. പഠിച്ചിരുന്ന കാലത്ത് മനസില്‍ ചേക്കേറിയ, വിട്ടകലാത്ത ശബ്ദം.

അന്നൊക്കെ എം ടി.വിയില്‍ ഞാന്‍ കൂടുതല്‍ കണ്ടതും കേട്ടതും അവരുടെ ഗാനങ്ങള്‍ തന്നെ. ഒരു ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും പടര്‍ത്തിയിട്ട ശബ്ദമാധുരിയില്‍ വിറ്റ്നി പാടിയത് മുഴുവന്‍ എനിക്ക് പറയാനുള്ള വാക്കുകളാണെന്ന് തോന്നിയിരുന്നു. വിറ്റ്നിയുടെ ഗാനങ്ങളുടെ ശീര്‍ഷകങ്ങള്‍ കോര്‍ത്തിണക്കി ഒരിക്കല്‍ എന്റെ ക്രിസ്തുമസ് ഫ്രെന്റിനു ഞാന്‍ കത്തുകളെഴുതി. അതിനെങ്ങനെ മറുപടി അയക്കാനാവും എന്ന കൌതുകത്തോടെ കാത്തുനിന്നു.

പ്രണയകാലത്തും, പിന്നീടും അവരുടെ പാട്ടുകളിലൂടെ ഏറെ ദൂരം ഞാന്‍ നടന്നു. കടുത്ത ഇഷ്ടം കൊണ്ടു മൂടി. പ്രണയത്തിന്റെ മൂര്‍ധാവിലേക്ക് മധുരം പകര്‍ന്ന് കറുത്തുസുന്ദരിയായ ഒരു സ്ത്രീ പാടുന്നു ‘I will Always love you’ ഓ, സുന്ദരം! അതുകൊണ്ടാവണം എനിക്ക് വിറ്റ്നിയാവണമെന്ന് കൊതിയായത്.

 

 

നഷ്ട പ്രണയത്തിന്റെ തീച്ചിറകുകള്‍ എന്നെ പറത്തുമ്പോഴും അവര്‍ കൂട്ടുവന്നു. ‘Saving all my love for you’ എന്ന ഗാനം വീണ്ടും വീണ്ടും മുറിവാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട ലേഖനത്തിന് ആദ്യം മനസ്സില്‍ വന്ന വരി ഒരു ചോദ്യമായിരുന്നു. Where do the broken hearts go?

 

 

പിന്നെ, കാല്‍പ്പനികതയുടെ പഞ്ഞിക്കെട്ടുകളില്‍നിന്ന് ജീവിതം നമ്മെ അടര്‍ത്തി മാറ്റുന്നു. ഒരു പക്ഷേ, വിറ്റ്നിയെ അടര്‍ത്തി മാറ്റിയത് അതാവാം. അത്ര കാല്‍പ്പനികമല്ലാത്ത തിരക്കുകള്‍. ജോലി നീട്ടിയെറിയുന്ന സമയമില്ലായ്മകള്‍. പതിയെ, ഒരു തൂവല്‍ക്കനമായി അവരെന്നില്‍നിന്ന് ഇറങ്ങിപ്പോയത് അങ്ങനെ തന്നെയാവണം. എന്നിട്ടും, പക്ഷെ ഓര്‍മ്മയിലുണ്ടായിരുന്നു, മയില്‍പ്പീലിക്കണ്ണുകളുള്ള ആ ശബ്ദം. ചാഞ്ഞും ചെരിഞ്ഞുമെത്തുന്ന സ്വപ്നാടനത്തിന്റെ നേരങ്ങളിലെ എന്റെ സഞ്ചാരങ്ങള്‍ക്ക് ആ സ്വരം പശ്ചാത്തല സംഗീതമായി.

 

 

ഇത്രയും പ്രതിഭാസമ്പന്നയായ അവര്‍ക്ക് എന്താണ് പറ്റിയതെന്ന് നമുക്കറിയാം. പ്രതിഭകൊണ്ട് അവര്‍ നമ്മുടെ സന്തോഷത്തിന്റെ വിടവുകള്‍ നികത്തിയപ്പോള്‍ അവര്‍ക്ക് ആ സന്തോഷം ലഭിച്ചിരുന്നേയില്ല. ഡോളി പാര്‍ടണ്‍ പറഞ്ഞതു പോലെ ‘വിറ്റ്നിയുടെ മരണത്തില്‍ മുറിവേറ്റ ദശലക്ഷക്കണക്കിന് ഹൃദയങ്ങളി’ല്‍ ഒന്നുമാത്രമാണ് എന്റേത്. മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.

 

 

4 thoughts on “പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

  1. നന്ദി സരിത, ആഴത്തില്‍ തൊടുന്ന വാക്കുകള്‍. പൊരുളുകളറിഞ്ഞ്‌ വിറ്റ്‌നി ഹൂസ്റ്റണ്‍ പാടിയിരുന്നത്‌ പോലെ. വിവേചനങ്ങളില്‍ മുറിവേറ്റ്‌, സന്തോഷങ്ങളിലും സങ്കടങ്ങളിലും പിടഞ്ഞ്‌. പൊട്ടിച്ചിരിയുടെ അവസാനത്തെ ഒരു ശ്വാസമെടുക്കലില്‍ എന്തിനെന്നറിയാതെ വേദനിച്ച്‌.. പാട്ടുകാരെ കുറിച്ചോ, പാട്ടുകളെ കുറിച്ചോ ഒരു ചുക്കുമറിയില്ലെങ്കിലും എട്ടുപത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ഒരു സൂഹൃത്ത്‌ പരിചയപ്പെടുത്തിയ ശേഷം പ്രിയങ്കരമായ അസ്വസ്ഥതയായി ആ ശബ്ദം ഒപ്പമുണ്ടായിരുന്നു. അപഹരിക്കാനവാത്ത ശബ്ദമായി, റദ്ദാക്കാന്‍ ആകാത്ത സാന്നിധ്യമായി..

Leave a Reply

Your email address will not be published. Required fields are marked *