pp-prasanth.jpg
Category archives for: ആരോഗ്യനികേതനം-പി.പി പ്രശാന്ത്

നൊവാര്‍ടിസിനും സുപ്രീംകോടതിക്കുമിടയില്‍ ഇവരുടെ ജീവിതം; മരണവും

 
 
 
 
കാന്‍സര്‍ മരുന്നിന്റെ പേറ്റന്റു അവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനപക്ഷത്തുനിന്ന് ഒരിടപെടല്‍.. പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍
 
 
വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന്‍ രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക -പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍
 
 

 
 
ഒന്നല്ല,ഒരായിരം സാധു മനുഷ്യരുടെ പ്രാര്‍ഥനയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ കാരുണ്യത്തിനായി കേഴുന്നത്. കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസ് ഇവരുടെ മരണക്കുരുക്കാകുമോ എന്നതിലാണ് ആശങ്ക. അവസാന വാദത്തിനായി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള, സ്വിസ് കമ്പനി നൊവാര്‍ടിസ് നല്‍കിയ കേസാണ് ഇന്ത്യയിലെയും ലോകത്തെമ്പാടുമുള്ള എച്ച്.ഐ.വി.,കാന്‍സര്‍ രോഗികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ആറുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ കേസ് സുപ്രീം കോടതിയിലെത്തിയത്. കാന്‍സറിനെതിരായ ഔഷധം ഇമാനിറ്റിബ് മീസില്ലേറ്റിന്റെ പുതുരൂപം ഗ്ലീവെക് എന്ന ബ്രാന്‍ഡില്‍ നൊവാര്‍ടിസ് വിപണിയിലിറക്കിയിരുന്നു. ഇതിന് പാറ്റന്റ് ലഭിക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. 2005 ലെ പേറ്റന്റ് ഭേദഗതി പ്രകാരം പേറ്റന്റ് അനുവദിക്കാനാകില്ലെന്ന കീഴ്കോടതിയുടെയും പാറ്റന്റ് അതോറിറ്റിയുടെയും വിധി ചോദ്യം ചെയ്താണ് ഇപ്പോള്‍ നൊവാര്‍ടിസ് നിയമയുദ്ധത്തിലേര്‍പ്പെടുന്നത്.

മരണക്കുരുക്കിന്റെ പ്രസക്തി
പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും. ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നു വിലവര്‍ധനയായിരിക്കും ഫലം. വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല; വികസ്വര^അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം. 2005ലാണ് ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് നമ്മള്‍ പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചത് . തുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു. ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്. പാതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.

2005ലെ പേറ്റന്റ് ഭേദഗതി ബില്‍
2005 ജനുവരി ഒന്നിന് മുമ്പ് ഉല്‍പാദിപ്പിച്ച് വിപണിയിലിറക്കിയ ഇന്ത്യന്‍ കമ്പനികളുടെ ഔഷധങ്ങള്‍ക്ക് റോയല്‍റ്റി നല്‍കി തുടര്‍ന്നും ഉപയോഗിക്കാം. 20 വര്‍ഷത്തെ പേറ്റന്റ് കാലാവധി അവസാനിക്കുന്ന മുറക്ക് പേറ്റന്റ് പുതുക്കി കാലാവധി തുടരാനുള്ള കമ്പനികളുടെ തന്ത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നിര്‍ദേശം ഭേദഗതിയിലുണ്ട്. തികച്ചും പുതിയ ഔഷധത്തിനേ ഭേദഗതിയിലൂടെ പേറ്റന്റ് ചെയ്യാനാകൂ. അറിയപ്പെടുന്ന ഔഷധത്തിന്റെ ഉപയോഗക്ഷമതയെ(efficacy) വര്‍ധിപ്പിക്കാത്ത, ഔഷധത്തിന്റെ പുതിയ രൂപത്തിലുള്ള കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാന്‍ സാധിക്കില്ല. പേറ്റന്റ് കാലാവധി പുതുക്കാനുള്ള കമ്പനികളുടെ കുറുക്കുവഴിയാണ് പേറ്റന്റ് ഭേദഗതിയോടെ ഇല്ലാതായത്.
1999ലെ പേറ്റന്റ് ഭേദഗതിയിലെ കുത്തക വിപണനാവകാശത്തിന് തടയിടാന്‍ ഇടതുപാര്‍ട്ടികളുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഭേദഗതി. 1995 ന്ശേഷം പേറ്റന്റ് ലഭിച്ച കമ്പനികള്‍ക്ക് സമ്പൂര്‍ണ വിപണനാവകാശം നല്‍കിയാല്‍ ഇന്ത്യന്‍ കമ്പനികളുടെ വിലകുറഞ്ഞ ഔഷധങ്ങള്‍ റോയല്‍റ്റി നല്‍കി ഉല്‍പാദനം തുടരാം. 1995 ന് ശേഷം കാന്‍സര്‍ ചികില്‍സക്കുള്ള ഗ്ലീവെക് എന്ന മരുന്ന് സ്വിസ് കമ്പനിയായ നൊവാര്‍ടിസിന് മാത്രമേ ഉല്‍പാദിപ്പിക്കാനാവൂവെന്ന അവസ്ഥ ഈ ഭേദഗതിയോടെ ഇല്ലാതായി. ഈ ഭേദഗതിയാണ് ഇപ്പോള്‍ നൊവാര്‍ടിസ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്.ന ിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി).

ഇന്ത്യന്‍ പാറ്റന്റിന്റെ നിലനില്‍പ്പ് യുദ്ധം
2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , ‘ഗ്ലിവെക് ‘എന്ന ബ്രാന്‍ഡ് നെയിമോടെ പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു. പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. ‘ഗ്ലിവെക്’ തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു. തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.

എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്
ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്. ആഫ്രിക്കയിലെ ദരിദ്ര രോഗികളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്. വിലക്കുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.

പ്രതിഷേധം ശക്തം
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം, ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി\എയ്ഡ്സ് , പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക്, പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്, ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങളില്‍ അണിനിരന്നു.

മാപ്പുനല്‍കാനാകാത്ത സര്‍ക്കാര്‍ നിലപാട്
ജീവവായുവിനായുള്ള നിസ്സഹായരുടെ പ്രാര്‍ഥന സര്‍ക്കാര്‍ ചെവികൊള്ളുന്നില്ല. കുറ്റകരമായ അനാസ്ഥയാണ് കേസ് കൈകാര്യം ചെയ്യുന്നതിന് കേന്ദ്രം വരുത്തുന്നത്. സുപ്രം കോടതിയില്‍ കേസിനായി അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുനടന്നില്ല. നൊവാര്‍ടിസിന്വേണ്ടി ഹാജരായതോ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും.
വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന്‍ രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര- അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക.

മരുന്നു പരീക്ഷണത്തില്‍ മരിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് നക്കാപ്പിച്ച

 
 
 
 
മരുന്നു പരീക്ഷണത്തെക്കുറിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു
 
 

ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്താനാവുന്ന രാജ്യമാണ് ഇന്ത്യ. ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ പരീക്ഷണങ്ങളുമായി കേരളീയ ഗ്രാമങ്ങളില്‍ വരെ അലഞ്ഞു തിരിയുന്നത് ഇക്കാരണത്താലാണ്. സര്‍ക്കാര്‍ മേല്‍നോട്ടമില്ലാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന പരീക്ഷണങ്ങളില്‍ മരണപ്പെട്ടവരോട് രാജ്യവും കമ്പനികളും കാണിക്കുന്നത് കൊടും ക്രൂരതയാണ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ പറയുന്നു, പി.പി പ്രശാന്ത്

 

 

ഫലപ്രദമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ അഭാവത്തില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ ലംഘിച്ചു പോലും മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ ഇരകള്‍ക്ക് ലഭിക്കുന്നത് നക്കാപ്പിച്ച തുക. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ കേരളീയ ഗ്രാമങ്ങളില്‍ പോലും വ്യാപകമായതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ മെഡിക്കല്‍ മേഖലയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ മന്ത്ലി ഇന്‍ഡക്സ് ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് (മിംസ്) ആണ് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവഗണിക്കുന്ന ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ത്യന്‍ ദരിദ്ര ജനതക്കു മേല്‍ മരുന്നു പരീക്ഷണം നടത്താന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് ബഹുരാഷ്ട്ര കമ്പനികള്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ഒഴുകുന്നതിന് പിന്നിലെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഗിനിപ്പന്നിക്ക് നക്കാപ്പിച്ച
മരുന്നു പരീക്ഷണത്തില്‍ വന്‍ അപകടങ്ങളും മരണവും അസാധാരണമല്ല.
ഇങ്ങനെ ഒരു ഇര മരണപ്പെട്ടാല്‍ മരുന്ന് കമ്പനി നല്‍കേണ്ട നഷ്ട പരിഹാരം താഴെ പറയും പോലെയാണ്.

മരിച്ചത് ഇന്ത്യക്കാരനെങ്കില്‍ 2.38 ലക്ഷം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മരുന്ന് പരീക്ഷണ മരണ രജിസ്റ്ററിലെ ഔദ്യോഗിക ശരാശരി നഷ്ടപരിഹാര കണക്കാണ്.

നൈജീരിയന്‍ പൌരനെങ്കില്‍ തുക 1, 75000 യു.എസ്.ഡോളര്‍ ( 85,83 ലക്ഷം രൂപ) ഇന്ത്യക്കാരന് കിട്ടുന്നതിനേക്കാള്‍ 35 മടങ്ങ്. (നൈജീരിയയിലെ കാനോവില്‍ ഫൈസര്‍ കമ്പനിയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മരിച്ച കുഞ്ഞിന് ഇക്കഴിഞ്ഞ മാസം നല്‍കിയ നഷ്ടപരിഹാരത്തുകയാണിത്).
ജര്‍മന്‍ പൌരനാണ് മരിച്ചതെങ്കില്‍ ഇത് 60,000 യൂറോ (38.4ലക്ഷം രൂപ). ഇന്ത്യന്‍ ഇരക്ക് ലഭിക്കുന്നതിനേക്കാള്‍ 19 മടങ്ങ്. (ജര്‍മനിയില്‍ സനോഫ് കമ്പനി നല്‍കിയത് ഈ തുകയാണ്).

മരിച്ചത് അമേരിക്കന്‍ പൌരനെങ്കില്‍ കമ്പനി നല്‍കേണ്ടത് 3.8 മില്യണ്‍ ഡോളര്‍ (18.24കോടി രൂപ).

മരുന്ന് പരീക്ഷണം നടത്തി ആളെ കൊല്ലാന്‍ മറ്റേത് രാജ്യത്തേക്കാളും വിലകിഴിവാണ് ഇന്ത്യയില്‍. ബഹുരാഷ്ട്രകുത്തകകമ്പനികളുടെ നീണ്ട നിരയാണ് ക്ലിനിക്കല്‍ ട്രയല്‍സ് എന്ന മരുന്നുപരീക്ഷണവുമായി നമ്മുടെ ആശുപത്രി വരാന്തകളില്‍ ചുറ്റിയടിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലും പരീക്ഷണങ്ങള്‍ വ്യാപകമാണ്. ദരിദ്രരെയും ആദിവാസികളെയും ആലംബമില്ലാത്ത സ്ത്രീകളെയും മറ്റുമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്താതെ മരണക്കളിക്കു വിധേയരാക്കുന്നത്.

വലയില്‍ കേരളവും
കൊച്ചിയിലെ ഒരാശുപത്രിയില്‍ ഈയിടെ ശസ്ത്രക്രിയ നടത്താന്‍ കാശു തികയില്ലെന്നു പറഞ്ഞ രോഗിക്കുേ മുന്നില്‍ ഡോക്ടര്‍മാര്‍ വെച്ചു നീട്ടിയത് മരുന്നു പരീക്ഷണത്തിന്റെ പ്രലോഭനമാണ്. നിങ്ങളുടെ ശസ്ത്രക്രിയ ഫ്രീയായി നടത്താം. പകരം ചില മരുന്നുകള്‍ കഴിച്ച് ചെറിയൊരു പരീക്ഷണത്തിന് നിന്നാല്‍ മാത്രം മതിയെന്നാണ് കോഴിക്കോട് സ്വദേശിയായ രോഗിയോട് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രമുഖമായ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. പേടിക്കാനൊന്നുമില്ലെന്നും ധാരാളം പേര്‍ ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മാസം തോറും പുത്തന്‍ മരുന്നുകള്‍ കമ്പനികള്‍ വിപണിയിലിറക്കുകയാണ്. ഇതിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ താരതമ്യേന ചെലവു കുറഞ്ഞതും സര്‍ക്കാര്‍ നിരീക്ഷണം കുറഞ്ഞതുമായ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. കൈക്കൂലി കൊടുത്താല്‍ എന്തിനും നേര്‍ക്ക് കണ്ണടക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ ബ്യൂറോക്രസിയെയും രാഷ്ട്രീയക്കാരെയും പണം നീട്ടി നിശãബ്ദരാക്കിയാണ് കമ്പനികള്‍ പരീക്ഷണങ്ങള്‍ തകര്‍ത്തു നടത്തുന്നത്.
മരുന്നുകളില്‍ അടങ്ങിയ രാസഘടകങ്ങളില്‍ ചെറുമാറ്റം വരുത്തിയ (ഫിക്സഡ് ഡോസ് കോമ്പിനേഷന്‍) ആയിരക്കണക്കിന് മരുന്നുകളാണ് ഇവര്‍ക്കു വേണ്ടി ഡോക്ടര്‍മാര്‍ നല്‍കുന്നത്. കേരളത്തിലുള്‍പ്പെടെ രോഗികള്‍ അറിഞ്ഞും അറിയാതെയും മരുന്ന്പരീക്ഷണത്തിന് വിധേയരാവുന്നു.ഈയടുത്ത കാലത്ത് മരുന്ന് പരീക്ഷണത്തിന് കര്‍ശന നിബന്ധനകളുമായി ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, അത് ഇനിയും പ്രാബല്യത്തിലായിട്ടില്ല.

കണക്കില്‍ പെടാത്ത മരണങ്ങള്‍
മരുന്നു പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിരവധി പേര്‍ക്കാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ധാരാളം മരണങ്ങളും സംഭവിക്കുന്നു. ഉന്നത തല ഒത്താശയോടെ പല മരണങ്ങളും മൂടി വെക്കുകയാണ്. എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മാത്രം പരിശോധിച്ചാലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി മരിച്ചരവുടെ കണക്ക് ഇപ്രകാരമാണ്.

2007 ല്‍ 137 പേര്‍.
2008ല്‍ 288 പേര്‍.
2009ല്‍ 637 പേര്‍
2010ല്‍ 668 പേര്‍.

കണ്ണടക്കുന്ന നിയമം
2009 വരെ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ഒരാള്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മരുന്നുക പരീക്ഷണങ്ങളില്‍ മരിക്കുന്നവര്‍ക്ക് നിയമം മൂലം നഷ്ടപരിഹാരം നിര്‍ബന്ധമാക്കിയത് ഈയടുത്ത കാലത്താണ്, അതും ചില മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന്.
എന്നാല്‍, നിയമത്തെ കൊഞ്ഞനം കുത്തുന്നതായിരുന്നു ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി. നിയമപ്രകാരമുള്ള അറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് 10 ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ 22 പേരുടെ നഷ്ടപരിഹാര ലിസ്റ്റ് സമര്‍പ്പിച്ചു.ബേയര്‍ കമ്പനിയുടെ മരുന്ന് പരീക്ഷണത്തില്‍ പെലിഞ്ഞ 138 പേരില്‍ നിന്ന് അഞ്ച് പേര്‍, സനോഫി അവന്റിസ് കമ്പനിയുടെ മരണലിസ്റ്റിലെ 152 രോഗികളില്‍നിന്ന് മൂന്നുപേര്‍.
മരുന്ന് പരീക്ഷണങ്ങളില്‍ പാതി ജീവന്‍ പൊലിഞ്ഞവര്‍ക്ക് നഷ്ടപരിഹാരമെന്ന സ്വപ്നം ഇനിയും ബാക്കി.
മെര്‍ക്ക്,വെയ്ത്, എമാജന്‍, സനോഫി,ഫൈസര്‍ കമ്പനികള്‍ നഷ്ടപരിഹാരമായി എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയത് 1.5 ലക്ഷംരൂപയാണ്. ബേയര്‍ കമ്പനി അഞ്ച് പേര്‍ക്ക് നല്‍കിയത് 2.5 ലക്ഷം, എയ്ലി ലില്ലി രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം വീതവും ഒരാള്‍ക്ക് 1.008 ലക്ഷവും. അതായത് ശരാശരി നഷ്ടപരിഹാരതുക.2.38 ലക്ഷം.

നഷ്ടപരിഹാരം തോന്നും പടി
ഇന്ത്യയില്‍ ട്രെയിനപകടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഏഴ് ലക്ഷം രൂപയാണ്. ചെറിയ വാഹനാപകടങ്ങള്‍ക്ക് പോലും കിട്ടുന്നത് ബഹുരാഷ്ട്രകുത്തകകള്‍ നല്‍കുന്ന ഈ നക്കാപ്പിച്ച തുകയേക്കാള്‍ കൂടുതലാണ്.
എന്നാല്‍, മരുന്നുകമ്പനികളുടെ പങ്കുപറ്റി തടിച്ചു കൊഴുക്കുന്ന നമ്മുടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനുണ്ടോ ഈ കണക്കുകള്‍ ശ്രദ്ധിക്കാന്‍ നേരം. സാധാരണയായി മരിച്ചയാളുടെ വയസ്,ആരോഗ്യം, ജോലി, ആശ്രിതര്‍, ശമ്പളം എന്നിവ പരിഗണിച്ചാണ് മരിച്ചവരുടെ നഷ്ടപരിഹാരം കണക്കാക്കുക. ഇതൊന്നും പരിഗണിക്കാതെ തോന്നും പടിയാണ് ഇന്ത്യയില്‍ മരുന്നുകമ്പനികള്‍ നഷ്ട പരിഹാര തുക കണക്കാക്കുന്നത്. നഷ്ടപരിഹാര തുകക്കാകട്ടെ ഏകീകൃത രുപവുമില്ല.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതൊന്നും ഗൌരവമുള്ള കാര്യമാണെന്ന് തോന്നിയിട്ടേയില്ല. കേരളത്തിലടക്കം മരുന്നു പരീക്ഷണങ്ങള്‍ വ്യാപകമായിട്ടും നമ്മുടെ ആളുകള്‍ സുഖമായി ഉറങ്ങുക തന്നയാണ്.

കുഞ്ഞുങ്ങളെ തേടി അവര്‍ വീണ്ടും

എല്ലാ വാക്സിനുകളും ഒരുപോലെ ദോഷകരമല്ല.എന്നാല്‍ ഒഴിവാക്കപ്പെടേണ്ട വാക്സിനുകള്‍ ഒരു പാടുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ സൌജന്യമെന്ന പേരില്‍ വെച്ച് നീട്ടുന്ന വാക്സിനുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, ഇവയുടെ ട്രാക്ക് റെക്കോര്‍ഡ് എന്ത് എന്നൊന്നും ഇവിടെ അന്വേഷിക്കപ്പടാറേയില്ല. മരുന്നുകമ്പനികളുടെ കിടമല്‍സരങ്ങളും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും കാരണം മൂന്നാം ലോക രാജ്യങ്ങള്‍ നിശ്ശബ്ദം ഇവ ഏറ്റുവാങ്ങാറാണ് പതിവ്-പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്തിന്റെ അവലോകനം

 

 

മൂന്നാം ലോക രാജ്യങ്ങളിലെ രോഗാതുരത പലര്‍ക്കും ചാകരയാണ്. പലതുണ്ട്, അതിന് കാരണങ്ങള്‍. ഭരണകൂടങ്ങളെ വശത്താക്കാന്‍ എളുപ്പം. ഉദ്യോഗസ്ഥരെ മയക്കാനും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും നിശ്ശബ്ദമാക്കാനും അനായാസം. കോഴയ്ക്കും കമീഷനും ഏറെ സാധ്യതകള്‍. മരുന്നും വാക്സിനുകളും വിറ്റ് കോടികള്‍ കൊയ്യാനെത്തുന്നവരെ തിരിച്ചറിയാനോ അവരുടെ പശ്ചാത്തലം അന്വേഷിക്കാനോ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പ്. മൂന്നാംലോകത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മരുന്നു കമ്പനികളും സന്നദ്ധ സംഘടനകളും തക്കം കിട്ടുമ്പോഴൊക്കെ പാഞ്ഞു വരുന്നത് ഈ സൌകര്യങ്ങള്‍ കൊണ്ടു തന്നെയാണ്.

ഭരണകൂടത്തിന്റെ പിന്തുണയോടെ ഒന്നിന് പുറകെ ഒന്നായി പുതിയ വാക്സിനുകള്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ദേഹത്ത് ഇടം പിടിക്കുന്നത് ഈ വിധമാണ്. എല്ലാ വാക്സിനുകളും ഒരുപോലെ ദോഷകരമല്ല.എന്നാല്‍ ഒഴിവാക്കപ്പെടേണ്ട വാക്സിനുകള്‍ ഒരു പാടുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ സൌജന്യമെന്ന പേരില്‍ വെച്ച് നീട്ടുന്ന വാക്സിനുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, ഇവയുടെ ട്രാക്ക് റെക്കോര്‍ഡ് എന്ത് എന്നൊന്നും ഇവിടെ അന്വേഷിക്കപ്പടാറേയില്ല. മരുന്നുകമ്പനികളുടെ കിടമല്‍സരങ്ങളും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും കാരണം മൂന്നാം ലോക രാജ്യങ്ങള്‍ നിശ്ശബ്ദം ഇവ ഏറ്റുവാങ്ങാറാണ് പതിവ്.

എഴുപതുകളുടെ പാതി മുതല്‍ക്കേ വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന,യൂനിസെഫ് എന്നിവര്‍ പൊതുരോഗ പ്രതിരോധ പദ്ധതിയുടെ പേരില്‍ ഓരോ പ്രദേശത്തിനനുസരിച്ച് വേണ്ട വാക്സിന്‍ നിശ്ചയിച്ചുവരുന്നു.ഈ നിര്‍ബന്ധിത വാക്സിനുകള്‍ സൌജന്യമായി രാജ്യങ്ങളില്‍ ലഭ്യമാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.ഡി.പി.ടി,ഒ.പി.വി, ബി.സി.ഡി,ടി.ടി, ഡി.ടി തുടങ്ങിയവയാണ് ഈ ഗണത്തില്‍വരുന്നത്.പുറമെ പ്രദേശങ്ങള്‍ക്കനുസൃതമായി മറ്റ് വാക്സിനുകള്‍ കൂടി നല്‍കാമെന്ന് യൂനിസെഫ് പറയുന്നുണ്ട്. ഒരു പതിറ്റാണ്ട് മുമ്പുവരെ ഇവയുടെ എണ്ണം കുറവായിരുന്നു, വിലയും. എന്നാല്‍ വന്‍കിട മരുന്ന് കമ്പനികള്‍ കൂടുതല്‍ വിലയുള്ള പുതിയ വാക്സിനുകളുമായി രംഗത്തുവരികയാണ് ചെയ്യുന്നത്. ഒരു ഡോസിന് 2000 രൂപ വരെ ഇവര്‍ വാങ്ങുന്നു.ഇത്തരം വില കൂടിയ മരുന്നു വാക്സിനുകളെ കൂടി സാര്‍വത്രിക രോഗപ്രതിരോധ വാക്സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ശ്രമം നടന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.

വില കൂടിയ രോഗപ്രതിരോധ വാക്സിനുകളാണ് ദാരിദ്യ്രത്തിന്റെയും പോഷകാഹാരകുറവിന്റെയും പേരില്‍ മൂന്നാംലോകരാജ്യങ്ങളില്‍ എത്തുന്നത്.ഇത് ഹിബ് വാക്സിനുകളായും, പെന്റാവലന്റുകളായും എത്തുന്നു. കൂടുതലും ഇന്ത്യ,പാകിസ്ഥാന്‍ ,ബംഗ്ലാദേശ്,ഭൂട്ടാന്‍ ,ഇന്തോനേഷ്യ,ശ്രീലങ്ക എന്നിവിടങ്ങളിലാണ് സാര്‍വത്രിക രോഗപ്രതിരോധ മാര്‍ഗമെന്ന നിലയില്‍ വാക്സിനുകള്‍ കൂട്ടത്തോടെ കടലുകടന്നുവരുന്നത്.

 

 

പെന്റാവലന്റ്
പൊതുരോഗ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഡി.പി.ടിയോടൊപ്പം ഹിബ്,ഹൈപ്പറ്റൈറ്റിസ് ^ബി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നുകൂടി ഉള്‍പ്പെടുത്തിയതാണ് പെന്റാവലന്റ്. തൊണ്ടമുള്ള് ,വില്ലന്‍ചുമ, ടെറ്റനസ്,ന്യൂമോണിയ,മഞ്ഞപ്പിത്തം എന്നിവ ഈ വാക്സിന് തടയാനാകും. വാക്സിനേഷന്‍ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെന്റാ വാലന്റ് വാക്സിന്‍ നല്‍കാന്‍ തെരഞ്ഞെടുത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും.ഡിസംബര്‍ 14 ,17 ദിവസങ്ങളിലായിരുന്നു മരുന്ന് വിതരണം. ഇതുവരെ കേരളത്തില്‍ 40000 കുട്ടികള്‍ക്ക് മരുന്ന് കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സിന്‍ പകര്‍ന്ന് നല്‍കാന്‍ സഹായഹസ്തം നീട്ടിയ ഗവിയാണ് (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍ ആന്റ് ഇമ്യൂണൈസേഷന്‍ ) ഈ വാക്സിന്‍ ഇവിടെയെത്തിച്ചത്. ബില്‍ഗേറ്റ്സ് ഫൌണ്ടേഷന്റെയും മിലിന്ദ ഫൌണ്ടേഷന്റെയും സംയുക്ത സംരംഭമാണ് ഗവി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ മൂന്ന് വര്‍ഷം നല്‍കാനുള്ള വാക്സിനാണ് ഗവി സൌജന്യമായി നല്‍കാമെന്ന് ഏറ്റത്. ഈ കാലയളവ് കഴിഞ്ഞാല്‍, വാക്സിനുകള്‍ രാജ്യം വാങ്ങണം. വലിയ വിലകൂടിയ വാക്സിനുകളാണ് പെന്റാവലന്റ് പോലുള്ള അഞ്ച് രോഗപ്രതിരോധ വാക്സിനുകള്‍ ചേര്‍ത്ത ഒറ്റ ഷോട്ടായി നല്‍കുന്നത്. ഒറ്റ വാക്സിനുകളായി നല്‍കുന്നതിനേക്കാള്‍ ഫലപ്രാപ്തി കുറവാണ് ഇത്തരം വാക്സിനുകളെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മരണങ്ങള്‍, കാരണങ്ങള്‍
ഡിസംബര്‍ 15ന് വിതുര സ്വദേശികളായ ദമ്പതികളുടെ 58 ദിവസം പ്രായമായ കുഞ്ഞ് ആന്‍സി മരിച്ചു.ആദിവാസി ദമ്പതികളുടെ കുഞ്ഞടക്കം മൂന്നു കുഞ്ഞുങ്ങള്‍ പിന്നീടും മരിച്ചു. ശരീരത്തിന്റെ ‘അമിത പ്രതികരണ’മാണ് മരണ കാരണമെന്നാണ് ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണകാരണമെന്നും പെന്റാവലന്റ് വാക്സിനല്ല മരണ കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ ലോകാരോഗ്യസംഘടനാ പ്രതിനിധികള്‍,നാഷനല്‍ പോളിയോ സര്‍വൈലന്‍സ് പ്രൊജക്ട് റീജനല്‍ ഓഫീസ് പ്രതിനിധികള്‍ തുടങ്ങി ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ കേരളത്തിലെത്തി അന്വേഷണം നടത്തിയിരുന്നു.

മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ സംഭവശേഷം ഏറെ ഭയപ്പാടൊടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്.വാക്സിനേഷന്‍ മൂലമുള്ള പനി കുറക്കാന്‍ വീട്ടുകാര്‍ കൊടുത്ത പാരസിറ്റമോളിന്റെ പ്രതിപ്രവര്‍ത്തനമാണ് മറ്റ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികള്‍ രോഗാതുരമായ അവസ്ഥയിലായിരുന്നെന്നും അത് വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ തകരാറ് മറ്റൊരു കുട്ടിക്കുണ്ടായിരുന്നു. രണ്ടുപേര്‍ ന്യൂമോണിയ ബാധ ഉണ്ടാകാന്‍ ലക്ഷണങ്ങള്‍ കാട്ടിയിരുന്നു.അവര്‍ക്ക് ഹിബ് വാക്സിന്‍ മരുന്നെന്ന നിലയില്‍ നല്‍കാനായിരുന്നു നിര്‍ദേശം. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയാല്‍ വിലകൂടുമെന്നതിനാലായിരുന്നു പെന്റാ വാക്സിന്‍ ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കുന്നു.

 

 

കോടതിക്കുമുന്നില്‍
പെന്റാവലന്റ് വാക്സിന്റെ തുടര്‍ച്ചയായി കേരളത്തില്‍ സംഭവിച്ച ഈ നാല് മരണങ്ങള്‍ ഇന്ന് ലോക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചയാണ്. ദല്‍ഹിയിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനും ഇമ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് അംഗവുമായ ഡോ.ജേക്കബ് എം.പുലിയേല്‍ ആളിപ്പടര്‍ത്തിയ തീയാണ് പെന്റാവലന്റിനെതിരെ ആഞ്ഞടിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പോലുള്ള ഒട്ടേറെ ജേണലുകളില്‍ ഡോ.പുലിയേലും സഹപ്രവര്‍ത്തകരുമെഴുതിയ ലേഖനങ്ങളാണ് ചര്‍ച്ചയാവുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന പെന്റാവലന്റ് വാക്സിനേഷനെതിരെ ഡോ.ജേക്കബ് എം.പുലിയേല്‍ ദല്‍ഹിഹൈകോടതിയിലും ഹ്യുമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കിന് വേണ്ടി ഡോ.പി.ജി ഹരി കേരള ഹൈകോടതിയിലും ഫയല്‍ ചെയ്ത ഹരജികള്‍ ലോകശ്രദ്ധയെയാണ് ക്ഷണിച്ചത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലോകാരോഗ്യ സംഘടന വാക്സിനുകള്‍ ലോക സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ദല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയ ഡോ.ജേക്കബ് പുനിയേല്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂമോകോക്കല്‍,ഹെപ്പാറ്റൈറ്റിസ് ബി, ഹിബ്,പെന്റാവലന്റ് എന്നിവ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹരജി സമര്‍പ്പിച്ചത്. നേരത്തെ ജപ്പാന്‍,പാകിസ്ഥാന്‍ ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പെന്റാവലന്റ് വാകസിന്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലും ഇത് നിരോധിച്ചു.ചിലയിടങ്ങളില്‍ പാതിവഴിയില്‍ അവസാനിപ്പിച്ചു.

മുന്നൊരുക്കങ്ങളൊന്നും കൂടാതെയാണ് പെന്റാവലന്റ് വാക്സില്‍ ഇന്ത്യയില്‍ നടപ്പാക്കിയത്.വാക്സിനേഷന്‍ നടന്ന രണ്ട് സംസ്ഥാനങ്ങളിലെ മരുന്നിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വ്യക്തമായി പഠനം നടത്താതെ മറ്റ് സംസ്ഥാനങ്ങളില്‍ മരുന്ന് വിതരണം വ്യാപിപ്പിക്കാന്‍ പാടില്ലെന്ന് ഹരജി ആവശ്യപ്പെടുന്നു. രാജ്യത്തെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തേണ്ട ഇമ്യൂണൈസേഷന്‍ നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറിസമിതിയാകട്ടെ ഒന്നിച്ചിരുന്നിട്ട് ഒന്നരക്കൊല്ലമായെന്ന് സമിതി അംഗം കൂടിയായ പുലിയേല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തില്‍ രാജ്യത്ത് ഫണ്ടിങ്ങോടെ എത്തുന്ന വാക്സിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അന്വേഷണങ്ങള്‍ എവിടെയും എത്താറില്ല. മരുന്ന് വിതരണത്തിന് പച്ചക്കൊടി കാട്ടി തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. 2011 മാര്‍ച്ചില്‍ മെനിഞ്ചൈറ്റിസ് വാക്സിനേഷനില്‍ ആന്ധ്ര പ്രദേശില്‍ നാല് കുട്ടികളാണ് മരിച്ചത്. ഇതിന് മാസങ്ങള്‍ തികയും മുമ്പാണ് രണ്ട് സംസ്ഥാനങ്ങളില്‍ പെന്റാ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഹരജി വ്യക്തമാക്കുന്നു.

 

 

ഇനി മറ്റു സംസ്ഥാനങ്ങള്‍
ശരീര ഭാഗങ്ങള്‍ ചുവന്ന് വിങ്ങുക, വേദന, മൂന്ന് ദിവസത്തേക്ക് പനി എന്നിവയാണ് വാക്സിന്റെ പ്രതികൂല പ്രവര്‍ത്തനങ്ങളായി പറയുന്നത്. കേരളത്തില്‍ ഇതുവരെ ആരോഗ്യ പ്രശ്നമായി വരാത്ത ഹിബ് (ഹീമോഫീലിയ ഇന്‍ഫ്ലുവന്‍സ ബി) എങ്ങനെ മാരകമായെന്നാണ് പെന്റാവലന്റിനെതിരായി രംഗത്തെത്തിയവരുടെ മറ്റൊരു ചോദ്യം. ലക്ഷം പേരില്‍ 7.1 ശതമാനം മാത്രമാണ് അഞ്ച് വയസിന് താഴെയുള്ളവരില്‍ ഹിബ് മെനിഞ്ൈജറ്റിന് സാധ്യതയെന്ന് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ആ മരുന്ന് സര്‍വാണി സദ്യപോലെ മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ വാക്സിനേഷന്‍ മാന്വലില്‍ പെന്റാവലന്റ് വാക്സിന്‍ നല്‍കേണ്ടത് ആരോഗ്യവാന്മാരായ കുട്ടികളിലാവണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ മതിയായ പകുതി കുട്ടികളും ഭക്ഷണം ലഭിക്കാത്തവരാണ് എന്നാണ് സര്‍ക്കാര്‍ തന്നെ കണക്കുസഹിതം വ്യക്തമാക്കിയത്. ഇവരെ ലക്ഷ്യമിട്ടാണ് പെന്റാവലന്റ് വാക്സിന്‍ എത്തുന്നത്. ഇവരില്‍ എത്ര ആരോഗ്യവാന്മാരായ കുട്ടികളുണ്ടാവും? താരതമ്യേന ആരോഗ്യ നിലവാരം കൂടിയ കേരളത്തിലാണ് നാല് മരണങ്ങള്‍ സംഭവിച്ചതെന്നതും ആശങ്കക്കിടയാക്കുന്നു. പോഷകാഹാരക്കുറവുള്ളവര്‍ക്കും ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കും മരുന്ന് പറ്റില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രീലങ്ക,ഭൂട്ടാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പെന്റാവലന്റ് വാക്സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട മരണങ്ങളുണ്ടായി.2009 ഒക്ടോബര്‍ 28 ന് ഭൂട്ടാനില്‍ ഇത് നിരോധിച്ചു. ശ്രീലങ്കയില്‍ പെന്റാവലന്റ് വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അഞ്ച് മരണങ്ങളിലും വാക്സിനാവാം മരണകാരണമെന്ന് ഇതുസംബന്ധിച്ച വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നടന്നത് ടെസ്റ്റ് ഡോസാണ്. ഇനി മറ്റു സംസ്ഥാനങ്ങളിലേക്കാണ് പെന്റാ വാക്സിന്‍ ലക്ഷ്യമിടുന്നത്. കോടതിയുടെ മുന്നിലെ ഹരജി മാത്രമാണ് പ്രതിബന്ധം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതിന് അനുകൂല റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു. ഇതിനര്‍ഥം മറ്റൊന്നുമല്ല. എല്ലാം സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കെ, തന്നെ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ളെത്തേടി പെന്‍വാലന്റ് ഉടനടി എത്തിച്ചേരും.

ഇന്ത്യന്‍ പട്ടിണിപ്പാവങ്ങളെ ഊട്ടാന്‍ യു.എസ് ഔഷധ ഭീകരന്‍ വരുന്നു

അമേരിക്കന്‍ ഔഷധഭീകരന്‍ ‘അബട്ട് ‘ആണ് ഈ പ്രാവശ്യം നാം അഭിമുഖീകരിക്കാന്‍ പോവുന്ന ദൈവം. ഒപ്പം, പരോപകാരം കൊണ്ട് അന്നന്നത്തെ വയറുനിറക്കുന്ന ‘പാത്ത് ‘ എന്ന അമേരിക്കന്‍ എന്‍.ജി.ഒ യുമുണ്ട്. എല്ലാ പോഷകങ്ങളും അരിയിലൂടെ നല്‍കാനുള്ള റൈസ് ഫോര്‍ടിഫിക്കേഷന്‍ എന്ന നൂതന പദ്ധതിയുമായാണ് സാധുജന സേവനത്തിനുള്ള പുറപ്പാട്. മരുന്നുവ്യാപാരത്തിലെ അത്യാഗ്രഹിയെന്ന് അറിയപ്പെടുന്ന ‘അബട്ട് ‘ കമ്പനിയുടെ മുന്‍കാല പ്രകടനങ്ങളൊന്നും പരിഗണിക്കാതെ ഇരുകൈയും നീട്ടി പദ്ധതിയെ സ്വീകരിക്കാനുള്ള പുറപ്പാടിലാണ് മന്‍മോഹന്‍ സിംഗിന്റെ ഭരണകൂടം-പി.പി പ്രശാന്ത് എഴുതുന്നു

 

 

ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ കാര്യമോര്‍ത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഉറക്കമില്ലാതായിട്ട് കാലങ്ങള്‍ പലതായി. പട്ടിണി മാറ്റാന്‍ അന്ന പരീക്ഷണം, രോഗം മാറ്റാന്‍ മരുന്നുപരീക്ഷണം, ദാരിദ്യ്രം മാറ്റാന്‍ വായ്പാ പരീക്ഷണം എന്നിങ്ങനെ പല പരിപാടികളുമുണ്ട്, ഇതിനു പരിഹാരമായി അവരുടെ കൈയില്‍. വരുന്നത് സായിപ്പായതിനാലും സംഗതി ദരിദ്രരുടെ നെഞ്ചത്തായതിനാലും കാലകാലങ്ങളിലെ സര്‍ക്കാറുകളൊക്കെ ഈ കലാപരിപാടികള്‍ക്ക് കൂട്ടുനില്‍ക്കാറുമുണ്ട്. പട്ടിണി മാറ്റാനെത്തി നാടിനെയും ആളിനെയും കുട്ടിച്ചോറാക്കി സായിപ്പ് പോയാലും നമ്മുടെ തമ്പ്രാക്കന്‍മാര്‍ ആശങ്കപ്പെടാറുമില്ല.

ഈ കലാപരിപാടിയിലെ ഒടുവിലത്തെ ഇനവും ഇതാ ഗേറ്റിലെത്തിക്കഴിഞ്ഞു. പട്ടിണി മാറ്റുമെന്നല്ല ഇന്നാട്ടിലെ പോഷകാഹാര പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കാതെ ഒരു നിമിഷം പോലും വെറുതെയിരിക്കില്ലെന്ന് സത്യം ചെയ്താണ് കോര്‍പറേറ്റ് അണ്ണന്‍മാര്‍ ഇത്തവണ എത്തുന്നത്. പതിവു പോലെ ആരും കേട്ടാല്‍ ഞെട്ടുന്ന ഉശിരന്‍ പേരുകളും ആളുകളെ കൈയടിപ്പിക്കുന്ന ഉഗ്രന്‍ കലാപരിപാടികളുമൊക്കെയായാണ് ഇത്തവണയും വരവ്.

അമേരിക്കന്‍ ഔഷധഭീകരന്‍ ‘അബട്ട് ‘ആണ് ഈ പ്രാവശ്യം നാം അഭിമുഖീകരിക്കാന്‍ പോവുന്ന ദൈവം. ഒപ്പം, പരോപകാരം കൊണ്ട് അന്നന്നത്തെ വയറുനിറക്കുന്ന ‘പാത്ത് ‘ എന്ന അമേരിക്കന്‍ എന്‍.ജി.ഒ യുമുണ്ട്. എല്ലാ പോഷകങ്ങളും അരിയിലൂടെ നല്‍കാനുള്ള റൈസ് ഫോര്‍ടിഫിക്കേഷന്‍ എന്ന നൂതന പദ്ധതിയുമായാണ് സാധുജന സേവനത്തിനുള്ള പുറപ്പാട്. മരുന്നുവ്യാപാരത്തിലെ അത്യാഗ്രഹിയെന്ന് അറിയപ്പെടുന്ന ‘അബട്ട് ‘ കമ്പനിയുടെ മുന്‍കാല പ്രകടനങ്ങളൊന്നും പരിഗണിക്കാതെ ഇരുകൈയും നീട്ടി പദ്ധതിയെ സ്വീകരിക്കാനുള്ള പുറപ്പാടിലാണ് മന്‍മോഹന്‍ സിംഗിന്റെ ഭരണകൂടം. ഇതിനുള്ള പ്രൊപ്പോസലുകളും ചര്‍ച്ചകളും ലാഭം വീതംവെക്കല്‍ ചര്‍ച്ചകളുമൊക്കെ മുറപോലെ നടക്കുന്നു. വൈകാതെ, നമ്മുടെയെല്ലാം നിറഞ്ഞ കൈയടികള്‍ക്കു നടുവിലൂടെ സായിപ്പ് ആ അരിയും കൊണ്ടെത്തും.

അബട്ടിന്റെ പദ്ധതി
വിറ്റാമിന്‍,മിനറല്‍സ് തുടങ്ങിയവ അരിയില്‍ കലര്‍ത്തി ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് അബട്ടു’ം ‘പാത്തും’ ചേര്‍ന്നുണ്ടാക്കിയ പദ്ധതി. ദാരിദ്യ്രമനുഭവിക്കുന്ന അഞ്ച് ലക്ഷം പേര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ‘മരുന്നരി’ കലക്കി നല്‍കാന്‍ 15 മില്യണ്‍ ഡോളറാണ് പദ്ധതിയില്‍ നീക്കിവെച്ചിട്ടുള്ളത്.ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടി,ഐ.സി.ഡി.എസ് തുടങ്ങി വിവിധ പദ്ധതികളിലൂടെ ഇത്തരം അരി വിതരണം ]യ്യാന്‍ ഇതിനകം കേന്ദ്രസര്‍ക്കാരുമായി ധാരണയായീട്ടുണ്ട്.ഇതിനുള്ള അരി വാങ്ങുന്നതിന് രാജ്യത്തെ വമ്പന്‍ അരി വ്യാപാര ശൃംഖലയായ അഷര്‍ അഗ്രോ ലിമിറ്റഡുമായി കമ്പനി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു.

‘ഫോര്‍ട്ടിഫിക്കേഷന്‍’ പ്രക്രിയയിലൂടെയാണ് വിറ്റാമിനും മിനറലും അരിയില്‍ ചേര്‍ക്കുന്നത്. ഇതിനായി ഒട്ടേറെ രാസപ്രക്രിയകള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇതിനാണ് പാത്ത് എന്ന സംഘടന സഹായം ചെയ്യുന്നത്. അള്‍ട്രാ റൈസ് ഫോര്‍ട്ടിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെ ‘ഈ കൂട്ടിക്കലര്‍ത്തല്‍’ രാസ പ്രക്രിയ എളുപ്പം സാധ്യമാക്കാമെന്നാണ് പാത്തിന്റെ അവകാശവാദം. പത്ത് രാജ്യങ്ങളിലെ ദരിദ്രര്‍ക്കിടയില്‍ പരീക്ഷണം നടത്തി വിജയം കണ്ടതാണത്രെ ഈ പദ്ധതി. സംഘടനക്ക് ഈ ഇനത്തില്‍ ബില്‍ ആന്റ് മിലിന്ദ ഫൌണ്ടേഷനില്‍ നിന്ന് 60 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായമായി ലഭിച്ചിരുന്നു.

എന്താണ് ഫോര്‍ട്ടിഫിക്കേഷന്‍
സാധാരണ അരിപോലെ രൂപവും മണവുമുള്ളതാണ് ‘ഫോര്‍ട്ടിഫൈഡ് റൈസ്’.വിറ്റാമിന്‍ എ യോടൊപ്പം അയേണ്‍,സിങ്ക്,തയാമിന്‍,ഫോളിക് ആസിഡ് എന്നിവ ചേര്‍ത്ത് പ്രത്യേക പ്ലാന്റിലാണിത് തയ്യാറാക്കുന്നത്. ഇത്തരം അരി കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും അതിലെ വിറ്റാമിന്‍ അംശങ്ങള്‍ ജലത്തില്‍ അലിഞ്ഞുപോകാനിടയുണ്ട്. ഇതിനാല്‍, കഴുകരുതെന്ന പ്രത്യേക നിര്‍ദേശം വെച്ചായിരിക്കും ഈ അരി ദരിദ്ര നാരായണന്‍മാര്‍ക്കു മുന്നിലെത്തുന്നത്. കഴുകാതെ, വെറുതെ അരിയെടുത്ത് തിന്നുന്ന പതിവ് ഇവിടെയില്ലാത്തതിനാല്‍ ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളില്‍ ഇത്തരം അരി വിതരണം പ്രായോഗികമല്ലെങ്കിലും അതൊന്നും നോക്കേണ്ട ആവശ്യം സായിപ്പിനോ നാടന്‍ സായിപ്പുമാര്‍ക്കോ ഇല്ലല്ലോ.

ആരാണ് അബട്ട്?
ഉണ്ണുന്ന അരി തരുന്ന കമ്പനിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍, കാര്യം കുറച്ചു കൂടി ബോധ്യമാവും. ‘മരുന്ന് ഭീകരത’(ഫാര്‍മ ടെററിസം) എന്ന വിശേഷണം ആദ്യമായി ലോകം പ്രയോഗിച്ചത് അബട്ടിനെതിരായിരുന്നു.

2007ല്‍ തായ്ലന്റില്‍ ജീവന്‍ രക്ഷാമരുന്നുകളുടെ വിലവര്‍ധന തടയാന്‍ മരുന്നുകമ്പനികള്‍ക്ക് നിര്‍ബന്ധിത രജിസ്ട്രേഷന്‍ കൊണ്ടുവന്നപ്പോള്‍ ലാഭം കുറയുമെന്ന് പേടിച്ച് അതിനെതിരായി തങ്ങളുടെ ജീവന്‍ രക്ഷാ ഔഷധങ്ങളുള്‍പ്പെടെ മുഴുവന്‍ ഉല്‍പന്നങ്ങളും പിന്‍വലിച്ച് രജിസ്ട്രേഷന്‍ ബഹിഷ്കരിച്ചവരാണ് അബട്ട്. അന്നാണ് ഈ വിശേഷണം വന്നുചേര്‍ന്നത്.ഇതിനെതുടര്‍ന്ന് ലോകത്തെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ അബട്ടിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു.

അബട്ട് പുറത്തിറക്കിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇതിനകം ഉണ്ടായ വിവാദങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. അത്യാഗ്രഹിയായ ഈ മരുന്നുകൊള്ളക്കാരന്റെ തനിനിറം വെളിവാക്കാന്‍ ഇത് സഹായിച്ചേക്കും. അബട്ട് പുറത്തിറക്കിയ മരുന്നുകളുടെ കഥകള്‍ കേള്‍ക്കുക.

അബട്ടിന്റെ വിവാദ മരുന്നുകള്‍

കലേട്ര(Keletra)
എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ‘കലേട്ര’ ബ്രാന്‍ഡിലിറക്കിയ മരുന്നിന് രജിസ്ട്രേഷന്‍ വേണമെന്നായിരുന്നു തായ് സര്‍ക്കാരിന്റെ ആവശ്യം. ഇതേതുടര്‍ന്നായിരുന്നു അബട്ടിന്റെ പ്രതിഷേധം. ഇതിന് ശേഷമാണ് ഈ മരുന്നിന്റെ ഉപയോഗം ശിശുക്കളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ വന്നത്.അമ്മമാരിലും ശിശുക്കളിലും ഈ മരുന്ന് ഉപയോഗിക്കുന്നത് ജനിതക പ്രശ്നങ്ങളുണ്ടാക്കുമെന്ന് 2000ല്‍ അമേരിക്കന്‍ ഭക്ഷ്യമന്ത്രാലയം(എഫ്.ഡി.എ) നടത്തിയ പഠത്തില്‍ കണ്ടെത്തി.

ഹുമിറ(Humira)
അബട്ടിന്റെ കുപ്രസിദ്ധമായ മറ്റൊരു കൊലയാളി മരുന്നാണ് ഹുമിറ. വാത സംബന്ധിയായ അസുഖങ്ങള്‍ക്കുള്ള അഡാലിമുമാബ് എന്ന രാസപദാര്‍ഥമടങ്ങിയ ഹുമിറയുടെ ഉപയോഗം രക്ത സംബന്ധിയായ രോഗങ്ങള്‍,ടി.ബി.,ലിവര്‍ തകരാറ്,ഹൃദയസ്തംഭനം എന്നിവ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്നായിരുന്നു പഠനത്തില്‍ തെളിഞ്ഞത്.ഈ മരുന്ന് 5000 പേരില്‍ പരീക്ഷണം നടത്തിയപ്പോള്‍ തന്നെ രണ്ടു പേര്‍ മരിച്ചിരുന്നു.എന്നിട്ടും മരുന്ന് വിപണിയിലിറക്കി. പോര്‍ച്ചുഗീസ് കോടതി കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

നോര്‍വിര്‍(Norvir)
എയ്ഡ്സ് പ്രതിരോധ മരുന്നുകളുടെ പ്രധാന ഉല്‍പാദകരായ അബട്ടിന്റെ മറ്റൊരു മരുന്നാണ് നോര്‍വിര്‍. ഇതിന്റെ വില കഴിഞ്ഞ ഡിസംബറില്‍ 400 ശതമാനം കൂട്ടിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.

ഡേപകോട്ടേ (Depakote)
വിഷാദ രോഗത്തിനുള്ള മറ്റൊരു ഉല്‍പന്നമായ ഡേപകോട്ടേ പാര്‍ശ്വഫലങ്ങളേറെയുള്ളതാണെന്ന് തെളിഞ്ഞിരുന്നു.കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

മെറിഡിയ(Meridia)
2002 ല്‍ അബട്ട് ലാബറട്ടറീസ് നോള്‍ കമ്പനിയുമായി ചേര്‍ന്ന് മെറിഡിയ എന്ന പേരിലിറക്കിയ സിബുട്രാമിന്‍ എന്ന മരുന്ന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നെന്നാരോപിച്ച് അമേരിക്കന്‍ കണ്‍സ്യൂമര്‍ അഡ്വോക്കസി ഗ്രൂപ്പ് കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. സിബുട്രാമിന്‍ കഴിച്ച് രണ്ട് പേര്‍ മരിക്കുകയും 200 പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.

 

 

ഈ പദ്ധതി എതിര്‍ക്കപ്പെടേണ്ടത്
ഇത്രയും കുപ്രസിദ്ധരായ അബട്ടിനെയാണ് ലാഘവ ബുദ്ധിയോടെ ദരിദ്ര ലക്ഷങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദന പ്രക്രിയ ഏല്‍പ്പിച്ചത്. തങ്ങളിറക്കിയ ഫോര്‍ട്ടിഫൈഡ് അരിയുടെ സാധ്യത വികസ്വര രാജ്യങ്ങളില്‍ പരീക്ഷിച്ചറിഞ്ഞെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പഠനഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് അറിവ്. ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുമ്പാകെ വെക്കുകയും സജീവ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍, അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. ഉന്നത തലങ്ങളില്‍ മാത്രം ചര്‍ച്ച നടത്തി പെട്ടെന്ന് തന്നെ പദ്ധതി ആരംഭിക്കാനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനാണ് അബട്ടും പാത്തും താല്‍പ്പര്യപ്പെടുന്നതും.

ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കേന്ദ്രം എടുത്തില്ലെങ്കിലും പദ്ധതിക്കനുകൂലമാണ് അധികൃതരുടെ പ്രാഥമിക പ്രതികരണമെന്നത് ആശങ്കക്കിടയാക്കുന്നു. രാസവസ്തുക്കളടങ്ങിയ ഭക്ഷ്യവസ്തുക്കളാണോ ശുദ്ധമായ അരിയാണോ കഴിക്കേണ്ടതെന്ന് തീരുമാനമെടുക്കും മുമ്പ് ഇനിയെങ്കിലും വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ചചെയ്യണം. അയഡിന്‍ ഉപ്പ് ഉപയോഗിക്കാന്‍ ലോകത്തെ പഠിപ്പിച്ച് വിപണി കൊയ്തവരിലൊരാളാണ് അബട്ട്. രോഗഭീതി വളര്‍ത്തി ഇന്ത്യയില്‍ അയഡിന്‍ ഉപ്പിറക്കി അവര്‍ വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

വികസ്വരരാജ്യങ്ങളെ ലക്ഷ്യമിട്ട് ഫോര്‍ട്ടിഫൈഡ് റൈസിന്റെ സാധ്യതകള്‍ മനസിലാക്കി ലോകത്തെമ്പാടും പദ്ധതികള്‍ ആവിഷ്കരിക്കലാണ് യു.എസ് സര്‍ക്കാരേതര സംഘടനയായ പാത്തിന്റെ പ്രധാന ലക്ഷ്യം. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ അരിവിപണി ലക്ഷ്യമിട്ട് പ്രാദേശിക മില്ലുടമകളുമായി സഹകരിച്ചാണ് പാത്ത് പദ്ധതി മുന്നോട്ട് നീക്കുന്നത്.

സാക്ഷ്യപ്പെടുത്താന്‍ വിദഗ്ദര്‍ തയ്യാര്‍; ആളെപ്പറ്റിക്കാന്‍ ഔഷധങ്ങളും

ടെലി ബ്രാന്‍ഡ് എന്ന പേരില്‍ രാവിലെ ചാനലുകള്‍ തുറന്നാല്‍ തുടങ്ങും തടികുറക്കാനുള്ള യന്ത്രങ്ങളുടെ വരവ്. ബെല്‍റ്റായും യന്ത്രമായും ഗുളികകളായും എത്തുന്ന ഇവ എന്നേ നിരോധിക്കപ്പെടേണ്ടവയാണ്. ഇത്തരം യന്ത്രങ്ങളുടെയോ, ഗുളികളുടെയോ ഫലപ്രാപ്തി പരിശോധിക്കപ്പെടുന്നില്ലെന്നതാണ് സത്യം-പി.പി പ്രശാന്ത് എഴുതുന്നു

 

photo courtesy: -ucla magazine

 

നാം പൂര്‍ണ ആരോഗ്യവാനായിരിക്കുക എന്നത് നമ്മളേക്കാളുപരി വിപണിയുടെ/ഉല്‍പന്നങ്ങളുടെ ആവശ്യമാണ്.വര്‍ത്തമാനപത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ വരെ നമ്മളെ ബോധവല്‍കരിച്ചുകൊണ്ടേയിരിക്കുന്നു.നമ്മളറിയാത്ത ,നമ്മള്‍ പാലിക്കേണ്ട ഒരാവശ്യവുമില്ലാത്ത ശുചിത്വശീലങ്ങള്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മണ്ണ് എന്നത് രോഗാണുക്കളുടെ കൂടാരമാണെന്നും കുട്ടികള്‍ എന്നത് ഏത് സമയത്തും രോഗങ്ങളേക്കൊണ്ട് പൊട്ടിപ്പോകാവുന്ന പളുങ്കുപാത്രങ്ങളാണെന്നും പരസ്യക്കാര്‍ നമ്മെ പഠിപ്പിക്കുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍,ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തുടങ്ങിയ ഔദ്യോഗിക കൂട്ടായ്മകള്‍ തുടങ്ങി നൂറ് രൂപക്ക് ‘ട്രസ്റ്റി’ന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന മെഡിക്കല്‍ ഡൊമൈനിലുള്ളവരെ മുഴുവന്‍ സാക്ഷ്യപ്പെടുത്തി ‘ഗവേഷണ’മെന്നപറഞ്ഞ് പൊതുജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. എന്തിനുപറയുന്നു കക്കൂസ് കഴുകാനുള്ള സോപ്പ് വെള്ളത്തിന് പോലുമുണ്ട് ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും സാക്ഷ്യപ്പെടുത്തല്‍. കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ പരസ്യങ്ങളധികവുമെന്നതിനാല്‍ നാം ബോധവല്‍കരിക്കപ്പെട്ടുപോകും. വേറാരുമല്ല, കുത്തകകളുടെ ഈ സ്വന്തം വിപണിക്ക് ചൂട്ടുപിടിക്കുന്നത്;സര്‍ക്കാര്‍ സംവിധാനങ്ങളും ഡോക്ടര്‍മാരുടെ പേരിലുള്ള ഉടായ്പ് അസോസിയേഷനകളുമാണ്.

വഴിതെറ്റിക്കുന്ന മരുന്ന് പരസ്യങ്ങള്‍
മരുന്നുകളുടെ പരസ്യങ്ങള്‍ അപകടകരമാം വിധം ജനങ്ങളെ വഴിതെറ്റിക്കുന്നതായാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നത്.ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ പൂര്‍ണമായും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ‘ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി’ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. പരസ്യങ്ങളില്‍ അവകാശപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന രാസഘടകങ്ങള്‍ പല മരുന്നുകളിലുമില്ല.പരസ്യങ്ങളില്‍ അവകാശപ്പെടും പോലെ അത്ഭുത ഗുണവുമില്ല.മരുന്ന് കമ്പനികളുടെ അവകാശവാദത്തില്‍ പറയുന്ന ഫലപ്രാപ്തിക്കുള്ള രാസഘടകങ്ങള്‍ ഔഷധത്തില്‍ ഉണ്ടെന്ന് പരസ്യത്തിലൂടെ സാക്ഷ്യപ്പെടുത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം.

ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം ഉണ്ടെങ്കില്‍ മാത്രം കഴിക്കേണ്ട പല മരുന്നുകളും വെറും പരസ്യത്തിലൂടെ ആവശ്യക്കാരെ കൂട്ടുന്നു. ഡോക്ടറുടെ മരുന്നുകുറിപ്പടി കൂടാതെതന്നെ മരുന്ന് വാങ്ങി ഉപയോഗിപ്പിക്കാന്‍ പരസ്യങ്ങള്‍ പ്രേരിപ്പിക്കുന്നു.ഈ പ്രവണത ആരോഗ്യഭീഷണി ക്ഷണിച്ചുവരുത്തുകയാണ്. ജനറിക് പേരുകള്‍ പ്രസിദ്ധപ്പെടുത്താതെ ബ്രാന്‍ഡ് പേരിലാണ് പരസ്യങ്ങള്‍ വരുന്നത്.ഇതുള്‍പ്പെടെ പരസ്യത്തിന്റെ പേരില്‍ നടക്കുന്നത് പൊതുജനങ്ങളെ കബളിപ്പിക്കലാണ്.മരുന്നുകള്‍ക്ക് അദ്ഭുത സിദ്ധിയുണ്ടെന്ന് കാണിച്ച് പണം കൊയ്യുന്നവരേറെയാണ്. ഇത് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വൈടൈസ്മെന്റ്) ആക്ടിനെതിരാണെങ്കിലും കേന്ദ്ര ഡ്രഗ്സ് വകുപ്പ് കണ്ണടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മരുന്ന് കമ്പനികളുടെ പരസ്യപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ്. മരുന്നുകമ്പനികളുടെ ധാര്‍മികത സംബന്ധിച്ച നിയമാവലി അന്തര്‍ദേശീയ തലത്തിലുണ്ട്.ലോകാരോഗ്യസംഘടന,ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്നിവയുടെതാണ് ഇവ.മരുന്നിന്റെ പേരില്‍ പെരുപ്പിച്ചുകാട്ടുന്ന പരസ്യപ്രചാരണങ്ങള്‍ക്ക് തടയിടുന്നതാണ് ഈ നിയമാവലി.

മരുന്ന് പരസ്യം തടയല്‍ : കേരളത്തിന്റെ വഴി
‘മരുന്നുകളുടെ പരസ്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നത് തടയും.രോഗികളെ ആകര്‍ഷിച്ച് അനാവശ്യമരുന്നുകള്‍ കഴിപ്പിക്കുന്നത് തടയാന്‍ ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ്(ഒബ്ജക്ഷനബിള്‍ അഡ്വടൈസ്മെന്റ്) നിയമം കര്‍ശനമാക്കും.മരുന്നുകടകളില്‍ ഇനിമുതല്‍ മരുന്നുകളുടെ പരസ്യം ഉണ്ടാവില്ല.’-രണ്ടുവര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതിയുടെ പ്രഖ്യാപനമായിരുന്നു ഇത്. ഇവയിലൊന്ന് പോലും പേരിന് വേണ്ടിയെങ്കിലും നടപ്പായില്ല.നടപ്പാക്കേണ്ട സംസ്ഥാന ഡ്രഗ്സ് വകുപ്പ് അനങ്ങിയില്ല.
സത്യത്തില്‍ മരുന്ന് വ്യാപാര സംഘടനയുമായി ഉടക്കി നില്‍ക്കേ അവരെ വിരട്ടാനുള്ള സര്‍ക്കാറിന്റെ ഉമ്മാക്കി മാത്രമായിരുന്നു ആ പ്രഖ്യാപനം.തുടര്‍ന്ന് എ.കെ.സി.ഡി.എ എന്ന മരുന്ന് വ്യാപാര സംഘടനക്കെതിരെ നടപടിയും സന്ധിസംഭാഷണവും സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ബദല്‍ സംഘടനാ രൂപവത്കരണവും കഴിഞ്ഞ് ഉത്തരവ് മടക്കികൂട്ടി ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞാണ് മന്ത്രി പടിയിറങ്ങിയത്. ഇതെല്ലാം അന്വേഷിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോളര്‍ ആകട്ടെ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചില്ല.

ചാനലുകള്‍ തുറക്കുന്ന മരുന്നുവിപണിയുടെ ലോകം
അച്ചടി പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല ചാനലുകളിലൂടെയാണിപ്പോള്‍ അനാവശ്യമരുന്നുകളുടെ കടന്നുവരവ് ശക്തമാകുന്നത്. ടോണിക്കുകള്‍ പോലും അശാസ്ത്രീയമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ളതാണെന്നുമുള്ള കണ്ടെത്തലുകള്‍ക്ക് പരസ്യവിപണിയുടെ മുമ്പില്‍ വിലയില്ല.എത്തിക്സ് എന്നത് മീഡിയകള്‍ക്ക് പണ്ടേ അന്യമാണല്ലോ?

അവ വിലയിരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാണെങ്കില്‍ പണ്ടേ ഇരുട്ടിലാണ്.അല്‍ഭുത സിദ്ധിയുണ്ടെന്ന പേരില്‍ മരുന്നുകള്‍ വന്നുപോയിക്കൊണ്ടേയിരിക്കുന്നു. ലൈംഗിക ഉത്തേജനമായാലും സോറിയാസിസായാലും മൂലക്കുരുവാണെങ്കിലും ഏതൊരും വ്യാജവൈദ്യനും പരസ്യം കൊടുത്ത് കബളിപ്പിക്കാം.

ടെലി ബ്രാന്‍ഡ് എന്ന പേരില്‍ രാവിലെ ചാനലുകള്‍ തുറന്നാല്‍ തുടങ്ങും തടികുറക്കാനുള്ള യന്ത്രങ്ങളുടെ വരവ്.ബെല്‍റ്റായും യന്ത്രമായും ഗുളികകളായും എത്തുന്ന ഇവ എന്നേ നിരോധിക്കപ്പെടേണ്ടവയാണ്.ഇത്തരം യന്ത്രങ്ങളുടെയോ, ഗുളികളുടെയോ ഫലപ്രാപ്തി പരിശോധിക്കപ്പെടുന്നില്ലെന്നതാണ് സത്യം.ആരോഗ്യമുണ്ടാകാന്‍ ഏലസ് കെട്ടിയാല്‍ മതിയെന്ന പരസ്യവും ഈയിടെ ടെലിബ്രാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

പാക്കറ്റ് പാലില്‍ പാലെത്ര, പൊടിയെത്ര?

 

 

പാല്‍പ്പൊടി കലക്കി മില്‍മ
വിതരണം ചെയ്യേണ്ട: ഹൈക്കോടതി

കൊച്ചി: പാല്‍പ്പൊടി കലക്കി കവറിലാക്കി മില്‍മ വിതരണം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇറക്കുമതിചെയ്ത പാല്‍പ്പൊടി വാങ്ങാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കൃഷിമന്ത്രി ശരത്പവാറിനയച്ച കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് അനുമതി നല്‍കിയതിനെതിരെ വൈപ്പിന്‍ സ്വദേശി ജസ്റ്റിന്‍ പൈവ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്. 13 കോടിയോളം രൂപ പാല്‍പ്പൊടി വാങ്ങാന്‍ ചെലവഴിച്ചതായി മില്‍മ കോടതിയില്‍ സമര്‍പ്പിച്ച വരവുചെലവ് കണക്കില്‍നിന്നു വ്യക്തമാകുന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി

(ദേശാഭിമാനി ഒക്ടോബര്‍ 28)


‘കേരളം കണികണ്ടുണരുന്ന നന്മ’യെന്ന ലേബലിലെത്തുന്ന മില്‍മയില്‍ നന്മ വെറും 60 ശതമാനം മാത്രമേയുള്ളൂവെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ബാക്കി വെറും പാല്‍പ്പൊടി കലക്കിയ വെള്ളമാണ്. മില്‍മ പാലില്‍ പൊടി ചേര്‍ക്കുന്നതിനെതിരായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്തിന്റെ നിരീക്ഷണം

പ്രഭാതങ്ങളില്‍ വീട്ടുപടിക്കല്‍ വന്നുവീഴുന്ന പാല്‍കവറില്‍ പാല്‍തന്നെയാണോ? സംശയിക്കണം.’കേരളം കണികണ്ടുണരുന്ന നന്മ’യെന്ന ലേബലിലെത്തുന്ന മില്‍മയില്‍ നന്മ വെറും 60 ശതമാനം മാത്രമേയുള്ളൂവെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ബാക്കി വെറും പാല്‍പ്പൊടി കലക്കിയ വെള്ളമാണ്. മില്‍മ പാലില്‍ മായം ചേര്‍ക്കുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ച സ്വകാര്യ വ്യക്തിയുടെ ഹരജിയില്‍ ‘പാല്‍പ്പൊടി കലക്കി കവറിലാക്കി മില്‍മ വിതരണം ചെയ്യേണ്ടെന്ന്’ഹൈകോടതി ഉത്തരവിട്ടത് ഇക്കഴിഞ്ഞ ദിവസമാണ്.

പാലില്‍ ചേര്‍ക്കാനുള്ള പാല്‍പ്പൊടിക്കായി അയര്‍ലണ്ടില്‍ നിന്നുള്ള പാല്‍പൊടി വാങ്ങിയ ഇനത്തില്‍ 2010ല്‍ മില്‍മ ചെലവിട്ടത് 13 കോടിയും. അയര്‍ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത പാല്‍പ്പൊടി വാങ്ങാന്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് മുന്‍ ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അയച്ച കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം വന്നത്.അതേ സമയം പാല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പാല്‍പ്പൊടി കലര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിലാണ് മില്‍മ.
എന്നാല്‍, പാല്‍പ്പൊടി വാങ്ങുന്നതിന് പകരം കൂടുതല്‍ പണം ചെലവാക്കി പാക്കറ്റ് പാല്‍ വാങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കടുത്ത വഞ്ചനയാണിത്. പാല്‍പ്പൊടി ഇവിടെ തന്നെ ലഭ്യമായ സാഹചര്യത്തിലാണ് ആളുകള്‍ പാക്കറ്റ് പാലിനെ ആശ്രയിക്കുന്നത്്. ഈ ഉപഭോക്താക്കളെയാണ് കാലങ്ങളായി ഇക്കാര്യം പുറത്തു പറയാതെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.

പാലിന്റെ ലഭ്യതക്കുറവ്
പാലിന്റെ ലഭ്യത കുറവാണ് ഇതിന് മില്‍മ നിരത്തുന്ന ന്യായം. 7.77 ലക്ഷം ക്ഷീര കര്‍ഷകരുള്‍ക്കൊള്ളുന്ന സഹകരണ സംഘമായ മില്‍മയുടെ ഉല്‍പാദനം 5.5 ലക്ഷം മാത്രമാണ്.മില്‍മയുടെ ഉപഭോക്താക്കളുടെ ആവശ്യമാകട്ടെ 10.9 ലക്ഷം ലിറ്റര്‍ പാലും. അതായത് 80 ലക്ഷം ലിറ്റര്‍ പാലിന്റെ പ്രതിദിന കുറവ്.ഇത് ആകെ പാലിന്റെ 12 ശതമാനം വരും. പാലുല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് കുറവിന്റെ ഒരു ഭാഗം പരിഹരിച്ചത്.ഏകദേശം 1.8 ലക്ഷം ലിറ്റര്‍ ലിറ്റര്‍ തമിഴ് നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ ഡിമാന്റ് പൂര്‍ണമായി പരിഹരിക്കാന്‍ ഈ ഇറക്കുമതിക്കാവുന്നില്ല.ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് പ്രതിദിനം വരുന്നു.
അതേ സമയം, കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി ക്ഷീര സംഘങ്ങള്‍ മില്‍മയുടെ നെറ്റ്വര്‍ക്കിന് പുറത്താണ്. ക്ഷീരവികസന സംഘങ്ങള്‍ തന്നെയില്ലാത്ത സ്ഥലങ്ങളും അനേകമുണ്ട്. ഇവിടങ്ങളില്‍ കാര്യക്ഷമമായ നെറ്റ്വര്‍ക്ക് ഉണ്ടാക്കുകയും പാല്‍ കൃത്യസമയത്ത് എത്തിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ പാല്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. എന്നാല്‍, ഇതിനുള്ള ശ്രമങ്ങളൊന്നും നടത്താതെയാണ് എളുപ്പ വഴിയില്‍ ഈ ക്രിയ ചെയ്യുന്നത്.

എന്തുകൊണ്ട് പാല്‍പ്പൊടി
പാലിന്റെ ലഭ്യത കുറവിനാല്‍ വര്‍ഷങ്ങളായി പാല്‍പ്പൊടി (skimmed milk power^SMP)കലക്കിയാണ് (recombining/ reconstituting)പാലുല്‍പാദനത്തിലെ കുറവ് പരിഹരിക്കുന്നത്.പ്രതിദിനം ശരാശരി 40 ടണ്‍ പാല്‍പ്പൊടി വേണ്ടിവരുന്നു. കാലങ്ങളായി തുടങ്ങിയതാണ് ഈ പരിപാടി . 2009 ല്‍600 ടണ്‍ പാല്‍പ്പൊടി പുറമേ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. തുടര്‍ന്ന് കേരള കോപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 2010 മെയിലാണ് അയര്‍ലണ്ടില്‍ നിന്ന് പൌഡര്‍ ഇറക്കുമതി ചെയ്തത്.പാല്‍ക്ഷാമം പരിഹരിക്കാന്‍ അയര്‍ലണ്ടില്‍ നിന്നും പാല്‍പ്പൊടി ഇറക്കുമതി ചെയ്യാനാവശ്യപ്പെട്ട് മുന്‍മന്ത്രി സി.ദിവാകരനായിരുന്നു നാഷനല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന് കത്ത് നല്‍കിയത്.കിലോഗ്രാമിന് 143 രൂപ നിരക്കിലായിരുന്നു ഇറക്കുമതി.13 കോടി യോളം രൂപയാണ് സംസ്ഥാനം ഇതിനായി ചെലവിട്ടത്.

പ്രതിദിനം ആവശ്യത്തിന്റെ അറുപത് ശതമാനം ഉല്‍പാദിപ്പിക്കാനുള്ള പാലേ മില്‍മയിലെത്തുന്നുള്ളൂ.ബാക്കി ആവശ്യത്തിനാണ് പാല്‍പ്പൊടി റീകണ്‍വേര്‍ഷന്‍ മെത്തേഡിലൂടെ പാലാക്കി മാറ്റുന്നത്. ഈ അനുപാതം പാടെ തെറ്റുന്നത് ഫെസ്റ്റിവല്‍ സീസണിലാണ്. ഓണ സീസണില്‍ ലക്ഷങ്ങളുടെ അധിക ആവശ്യമാണ് ഉണ്ടാകുക. അതോടെ പാല്‍പ്പൊടി മയമായിരിക്കും മില്‍മാ പാലിലെന്ന് വ്യക്തം.

കുറയുന്ന കന്നുകാലികള്‍
കന്നുകാലിയുടെ എണ്ണത്തിലുണ്ടായ കുറവ് പാലുല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്.പാലുല്‍പാദ ശേഷിയുള്ള കന്നുകാലികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എട്ടുലക്ഷത്തോളം കുറവുവന്നതായാണ് കണക്കുകള്‍.അതേ സമയം പാലുല്‍പാദനത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധനയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.കഴിഞ്ഞ വര്‍ഷം 24.83 ലക്ഷം ടണ്‍ പാലാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെട്ടത്.2008^2009 ല്‍ ഇത് 24.41 ലക്ഷമായിരുന്നു. 2010 ല്‍ 67 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിന ഉല്‍പാദനമുണ്ടായിരുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ 75 ലക്ഷം ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്.ഇതിന്റെ ഗുണഫലമൊന്നും മില്‍മക്കില്ലെന്ന് മാത്രം. സംസ്ഥാനത്തെ നൂറു കണക്കിന് ക്ഷീരകര്‍ഷകര്‍ ഇപ്പോഴും മില്‍മയുടെ സഹകരണസംഘത്തിന് പുറത്താണ് . അതും കൂടി ഉള്‍കൊള്ളുമ്പോഴാണ് പാലുല്‍പാദനത്തിലെ വര്‍ധന വരുന്നത്. അവരെകൂടി ഉള്‍പ്പെടുത്തിയ കൂട്ടായ്മക്ക് ശ്രമിക്കാതെയാണ് പാല്‍പ്പൊടിയെന്ന ആശയവുമായി മില്‍മ ഊരുതെണ്ടുന്നത്.
400 കോടിയോളം രൂപയാണ് 2006 ന് ശേഷം വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്. ഇവ ഏത് വഴിയിലാണ് ചെലവിട്ടതെന്നറിയുക എളുപ്പമല്ല.അതേസമയം ഫണ്ട് ചെലവിടുന്നതല്ലാതെ ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും വരുന്നില്ലെന്നാണ് ആക്ഷേപം.
ലിറ്ററിന് 20 രൂപയോളമാണ് മില്‍മ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നത്. പാല്‍ പാശ്ചറൈസേഷന് ശേഷം കവറിലെത്തുമ്പോള്‍ മുപ്പത് രൂപയോളം ചെലവ് വരുന്നുണ്ട്. ഇതേ തുകക്ക് തന്നെ ഉപഭോക്താവിന് എത്തിക്കേണ്ടി വരുന്ന സാഹചര്യം മറികടക്കാനാണ് ചില ‘തരികിട’കള്‍ക്ക് മില്‍മയൊരുങ്ങേണ്ടിവരുന്നത്. പാലുല്‍പാദനം വര്‍ധിപ്പിക്കണം, പാല്‍ സംസ്കരണ രീതിയിലെ ചെലവുചുരുക്കണം എന്നിവ നടന്നാലേ മില്‍മക്ക് പ്രതിസന്ധി പരിഹരിക്കാനാകൂ.

പാല്‍പ്പൊടി നല്ലതാണോ
ശരീരത്തിന് ഹാനികരമായ ഓക്സിസ്റ്റീറോള്‍സാണ് പാല്‍പ്പൊടിയിലെ പ്രധാന വില്ലന്‍. പാല്‍പ്പൊടിയില്‍ ഇത് വ്യാപകമായി അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ സാധാരണ പാല്‍പ്പൊടികളിലെ ബാക്ടീരിയകളുടെ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നു. 52 ശതമാനം ലാക്ടോസും 34 ശതമാനം പ്രോട്ടീനും മാത്രമാണ് പാല്‍പ്പൊടിയിലടങ്ങിയീട്ടുള്ളത്. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇത് ദോഷകരമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് പ്രോസ്ട്രേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് ആരോപണമുയര്‍ന്നിരുന്നു.

വ്യപകമായ മായം ചേര്‍ക്കല്‍
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലുകളില്‍ മായം ചേര്‍ക്കല്‍ >വ്യപകമാണ്. ഫോര്‍മാലിന്‍ കലക്കിയ പാല്‍പോലും അന്യസംസ്ഥാനത്ത് നിന്നെത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും മോശമല്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പാല്‍ ബ്രാന്റുകളുടെ വില്‍പ്പന നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് ഇറങ്ങിയിരുന്നു. മാരകമായ വിഷപഥാര്‍ഥങ്ങള്‍ പാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂജ, പെന്റഫ്രഷ്, പാലിക എന്നീ ബ്രാന്റുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. കാക്കനാട്ടെ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ അടക്കമുള്ള രാസ വസ്തുക്കള്‍ പാലില്‍ കണ്ടെത്തിയത്. പാല്‍ കേടാവാതിരിക്കാനാണ് ഇവ ചേര്‍ത്തത്. ഇത്ര ഗുരുതരമായ കണ്ടെത്തല്‍ ഉണ്ടൊയിട്ടും എറണാകുളത്ത് മാത്രമാണ് ഇവ നിരോധിച്ചത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങഴില്‍ ഇവയുടെ വില്‍പ്പന തുടരുന്നതായാണ് വിവരം. സ്വകാര്യ കമ്പനികളുടെ പാലുകള്‍ വിഷമയമായി മാറുന്ന സാഹചര്യത്തില്‍
കൂടുതല്‍ പേര്‍ മില്‍മ പാലിനെയാണ് ആശ്രയിക്കുന്നത്.

ഈ അവസ്ഥയിലാണ് പാല്‍പ്പൊടി കലക്കിയ പാല് കുടിപ്പിക്കാന്‍ മില്‍മയെത്തുന്നത്. ഫ്രഷ് പാലെന്ന പേരില്‍ നിയമ വിരുദ്ധ ഉല്‍പന്നങ്ങള്‍ ചേര്‍ത്ത പാല്‍ കുടിപ്പിക്കുന്ന മില്‍മക്കെതിരെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് വൈപ്പിന്‍ സ്വദേശി ജസ്റ്റിന്‍ പൈവ നല്‍കിയ ഹരജി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

കൈ കഴുകി കുപ്പിയിലാക്കാന്‍ അവര്‍ വീണ്ടും വരുന്നു

ലോകബാങ്കിന്റെ സ്കൂള്‍ തല ‘സോപ്പിടല്‍ പദ്ധതി’ തിരിച്ചെത്തുന്നു. വയറിളക്കം തടയാനെന്ന പേരിലാണ് കേരളത്തിലെ സ്കൂളുകളില്‍ ബഹുരാഷ്ട്ര സോപ്പ് കമ്പനികള്‍ പ്രചാരണത്തിനെത്തുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടന്നു-മാധ്യമങ്ങളും ബഹുജനാരോഗ്യ പ്രവര്‍ത്തകരും കണ്ടില്ലെന്നു നടിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളികള്‍ പി.പി പ്രശാന്ത് വെളിപ്പെടുത്തുന്നു



picture courtesy -jagransolutions.com
ഒമ്പത് വര്‍ഷം മുമ്പ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോകബാങ്കിന്റെ സ്കൂള്‍ തല ‘സോപ്പിടല്‍ പദ്ധതി’ തിരിച്ചെത്തുന്നു. വയറിളക്കം തടയാനെന്ന പേരിലാണ് കേരളത്തിലെ സ്കൂളുകളില്‍ ബഹുരാഷ്ട്ര സോപ്പ് കമ്പനികള്‍ പ്രചാരണത്തിനെത്തുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. മാധ്യമങ്ങളും ബഹുജന സംഘടനകളും നിശãബ്ദ പാലിക്കുന്നതിന്റെ മറവിലാണ് എന്‍.ജി.ഒകളുടെ മറവില്‍ ലോക ബാങ്ക് പദ്ധതി വീണ്ടുമെത്തിയത്.

വയറിളക്കം മാറ്റന്‍ സോപ്പിടല്‍
ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം,യൂനിസെഫ് പദ്ധതികളുടെ മറവിലാണ് ഇത്തവണ സോപ്പ് കമ്പനികള്‍ കേരളത്തിലെ സ്കൂളുകളില്‍ എത്തുന്നത്. സോപ്പുകമ്പനികളിലെ ആഗോളകുത്തകകളായ റെക്കിറ്റ് ബെന്‍സിക്കറിന്റെ ‘ഡെറ്റോള്‍’, യൂനിലിവറിന്റെ ‘ലൈഫ് ബോയ്’എന്നിവരാണ് കോടികള്‍ മുടക്കി സ്കൂളുകളില്‍ എത്തുന്നത്.
ഡെറ്റോള്‍ ഇക്കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ 26 സ്കൂളുകളിലെത്തി പ്രചാരണത്തിന് തുടക്കമിട്ടു.’ശരിയായി കൈകഴുകാന്‍’ ദിവസം അഞ്ചുനേരം തങ്ങളുടെ സോപ്പ്,ലിക്വിഡ് സോപ്പ് ബ്രാന്‍ഡുകള്‍ ഉപയോഗിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുയായിരുന്നു പ്രചാരകര്‍.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹെല്‍ത്ത് ആനുവല്‍ റിപ്പോര്‍ട്ട് പ്രോഗാമെന്ന എന്‍.ജി ഒയുടെ കൂട്ട്പിടിച്ചാണ് ഡെറ്റോള്‍ പ്രചാരണത്തിനെത്തിയത്.
യൂനിലിവറാവട്ടെ ലൈഫ് ബോയ് സ്വാസ്ഥ്യ യോജന(ഹെല്‍ത്ത് അവേക്കനിങ് ) എന്ന പദ്ധതിയുമാണ് രംഗത്തുള്ളത്. സര്‍ക്കാര്‍ ഏജന്‍സികളുടെയും എന്‍.ജി.ഒകളുടെയും സഹകരണം ഇതിന് ഉറപ്പുവരുത്തിയതായികമ്പനി അധികൃതര്‍ വെളിപ്പെടുത്തുന്നു.

പഴയ പദ്ധതിയുടെ പുതിയ മുഖം
2002ല്‍ ലോക ബാങ്ക് കൈകഴുകല്‍ പദ്ധതിയുമായി രംഗത്തു വന്നിരുന്നെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി നിറുത്തിവെക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കരിന്റെ റൂറല്‍ വാട്ടര്‍ സാനിറ്റേഷന്‍ ഏജന്‍സിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. 12 കോടി കേന്ദ്ര സര്‍ക്കാരും 12 കോടി സംസ്ഥാന സര്‍ക്കാരും ചെലവിടണമെന്നും ബാക്കിതുകയില്‍ ലോകബാങ്ക് 12 കോടിയിറക്കും. സഹകരിക്കുന്ന അഞ്ച് സോപ്പ് കമ്പനികളുള്‍പ്പെടുന്നവര്‍ 12 കോടിയിറക്കും. ഇതായിരുന്നു പദ്ധതി.
വിപണി കൈയടക്കാനുള്ള സോപ്പുകമ്പനികളുടെ തന്ത്രങ്ങള്‍ക്ക് സ്കൂളുകളെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനമാണ് പദ്ധതിക്കെതിരെ അന്ന് കേരള സ്മോള്‍ സ്കെയില്‍ സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരും ബഹുജനാരോഗ്യ പ്രവര്‍ത്തകരും വിവിധ സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നു.
2002 നവംബര്‍ ഒമ്പതിന് കോഴിക്കോട് പദ്ധതിക്കെതിരായ സംഘടനകളുടെ സംസ്ഥാനകണ്‍വെന്‍ഷന്‍ ചേര്‍ന്നു. ബഹുരാഷ്ട്ര കമ്പനികളുടെ പ്രചാരണത്തെ ഒറ്റക്കെട്ടായി നേരിടാന്‍
കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നിറുത്തിവെക്കേണ്ടി വന്നു. ഇതാണ് പുതിയ പേരില്‍, പുതിയ ആളുകള്‍ വഴി ഇപ്പോള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

കൈ കഴുകിക്കുന്നതെന്തിന്?
വയറിളക്കം യാഥാര്‍ഥ്യമാണ്. അത് ഇല്ലായ്മ ചെയ്യേണ്ടതാണ്. എന്നാല്‍, സോപ്പിട്ടുകഴുകിയാല്‍ തീരുന്നതല്ല അത്. വയറിളക്കം ഉണ്ടാക്കുന്ന ചുറ്റുപാടുകളും അതിനിടയാക്കുന്ന സാഹചര്യങ്ങളുമാണ് ഇല്ലാതാവേണ്ടത്. ശുദ്ധമായ ജലം ലഭ്യമല്ലാതാവുകയും മാലിന്യങ്ങള്‍ സാര്‍വത്രികമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സോപ്പിട്ടു കഴകുന്നത് കൊണ്ട് മാത്രം ഇത് തടയാനാവില്ല. ഇത് ശരിക്കും അറിയുന്നവരാണ് പദ്ധതിയുമായി വരുന്ന കമ്പനികളും സര്‍ക്കാറും. സര്‍ക്കാര്‍ ചെലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരണമുണ്ടാക്കാനാണ് കമ്പനികളുടെ നോട്ടം. കമ്പനിക്കാര്‍ക്കു വേണ്ടി പൊതുജനാരോഗ്യ ഫണ്ട് ചെലവഴിക്കുകയാണ് സര്‍ക്കാര്‍.
ലോകബാങ്ക്^യൂനിസെഫ് സഹകരണ പദ്ധതിയായ ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യമെന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഇതിനുള്ള മറയായി തട്ടകമായി സോപ്പ് കമ്പനികള്‍ ഉപയോഗിക്കുന്നത്.ഇതിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍ വഴി വ്യാപക കൈ കഴുകൂ,രോഗം തടയൂ പരസ്യവും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ റൂറല്‍ ഡവലപ്മെന്റ് ഡിപ്പാര്‍ട്മെന്റിന്റെ സഹകരണവും പദ്ധതിക്കുണ്ട്.
വിദ്യാര്‍ഥികളിലൂടെ ലഭ്യമാകുന്ന ഭാവിയിലെ വന്‍ വിപണി തന്നെയാണ് പദ്ധതിയിലൂടെ സോപ്പ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഡെറ്റോള്‍,യൂനിലിവര്‍,ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനികള്‍ കോടികളാണ് ഇത്തരം വാണിജ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് നീക്കിവെച്ചിട്ടുള്ളത്.
രാജ്യത്തെ 700 സ്കൂളുകളിലാണ് പദ്ധതിയെന്ന് ഡെറ്റോള്‍^ബെന്‍സികര്‍ ഇന്ത്യയുടെ മാനേജിങ് ഡയരക്ടര്‍ പറയുന്നു. രാജ്യത്തെ 100 മില്യന്‍ ജനങ്ങളില്‍ ശരിയായ കൈകഴുകലിന്റെ സന്ദേശമെത്തിക്കലാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
യൂനിലിവര്‍ ലൈഫ് ബോയ് സ്വാസ്ഥ്യ യോജന(ഹെല്‍ത്ത് അവേക്കനിങ് ) എന്ന പദ്ധതിയുമാണ് രംഗത്തുള്ളത്.രാജ്യത്തെ 100 മില്യന്‍ ജനങ്ങളില്‍ ശരിയായ കൈകഴുകലിന്റെ സന്ദേശമെത്തിക്കലാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.44,000 ഗ്രാമങ്ങളിലാണ് കാമ്പയിന്‍ തുടരുന്നത്. ഇതിനായി കമ്പനി 50 ലക്ഷം യു.എസ് ഡോളറാണ് പ്രതിവര്‍ഷം മാറ്റിവെക്കുന്നത്. രോഗപ്രതിരോധത്തിന് കൈകഴുകലാണ് പ്രതിവിധിയെന്ന സ്വന്തം പഠനങ്ങളുടെ വെളിപ്പെടുത്തലുമായാണ് യൂനിലിവര്‍ രംഗത്തെത്തുന്നത്.

കോടികള്‍ വിഴുങ്ങിയിട്ടും പനി മാറാത്തതെന്ത്?

അഞ്ച് വര്‍ഷം കൊണ്ട് ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി രൂപയാണ്. ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക-പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്ത് നടത്തുന്ന അന്വേഷണം

‘എനിക്കൊരു പനി തരൂ, ഞാന്‍ എല്ലാ രോഗവും മാറ്റാ’മെന്ന് പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് ആണ്. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പനിയുടെ വേഷം മാറി. ഇപ്പോഴത് രോഗ സംഹാരിയല്ല;കൊലയാളിയാണ്.
മഴയൊന്നലച്ച് പെയ്തതോടെ കേരളത്തില്‍ വീണ്ടും പനി മരണങ്ങളുടെ കാലമാണ്. ഭീതിയുടെ കൊയ്ത്തുകാലം. എലിപ്പനി,ചികുന്‍ഗുനിയ, ഡങ്കിപ്പനി എന്നിങ്ങനെ പല പനികള്‍. നിറയുന്ന ആശുപത്രികള്‍. കടിഞ്ഞാണിടാന്‍ ആരോഗ്യവകുപ്പിന്റെ പതിവു നെട്ടോട്ടം. കേന്ദ്രസംഘത്തിന്റെ വരവ്. കരകയറാന്‍ കോടികളുടെ പ്രഖ്യാപനങ്ങള്‍. മാലിന്യം നശിപ്പിക്കല്‍, ഫോഗിങ്, കിണറുകളില്‍ ക്ലോറിന്‍ കലക്കല്‍, സ്കൂളുകളില്‍ ബോധവല്‍കരണ പരിപാടികള്‍. ഇത്തിരി നാളുകളിലേക്ക് കേരളം വീണ്ടും പനിപ്പേടിയുടെ നെറുകയിലെത്തും.

എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന ഈ അനുഷ്ഠാനങ്ങള്‍ക്കിടയിലും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ബാക്കി തന്നെയാണ്. എന്തുകൊണ്ട് ഈ പനി മരണങ്ങള്‍? ഇത്ര സുശക്തമായ ആരോഗ്യ സംവിധാനമുള്ള നാട്ടില്‍ എന്തു കൊണ്ട് ഒരു ശാശ്വത പരിഹാരമാവുന്നില്ല? പനി ജീവന്‍ കവരുമ്പോള്‍ ഉണരുകയും കെട്ടടങ്ങുമ്പോള്‍ വിട്ടൊഴിയുകയും ചെയ്യുക എന്നതിലുപരി എന്താണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്?.മഴക്കൊപ്പം മാത്രം ഉണരുക എന്നത് മാത്രമാണോ സര്‍ക്കാരിന്റെ ഉത്തരവാദിത്തം?.
സര്‍ക്കാര്‍ കുറേ കാര്യം ചെയ്യുന്നുണ്ട്.എന്നാല്‍ വേണ്ടത് ചെയ്യുന്നുമില്ല. പനിയെത്തുമ്പോള്‍ കോടികള്‍ വിതറാന്‍ സര്‍ക്കാരിന് മടിയില്ല. അപ്പോഴും പിന്നീടും നാടും നഗരവും മാലിന്യകൂമ്പാരത്തില്‍ തന്നെ തുടരുകയാണ്. ഒപ്പം പനി ബാധക്ക് കാരണമായ രോഗാണുക്കള്‍ ഇരട്ടി ബലത്തോടെ നമ്മെ ആക്രമിക്കുന്നു. ഓരോ പനി സീസണിലും നൂറുകണക്കിനനാളുകളാണ് വിവിധ പനിപ്പേരുകളില്‍ മരിക്കുന്നത്. ദേശീയ ഗ്രാമീണാരോഗ്യ ദൌത്യമെന്ന(എന്‍.ആര്‍.എച്ച്.എം) ‘ആരോഗ്യ കേരളം ‘ ഫണ്ടില്‍ കോടികളാണ് വരുന്നത്. എന്നിട്ടും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് ഫണ്ട് ക്ഷാമം തന്നെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ വാര്‍ഡില്‍ ശുചീകരണ പ്രവൃത്തിക്ക് എത്തിയ കോടികള്‍ എത്രയെന്ന് അറിയുമോ. അഞ്ച് വര്‍ഷം കൊണ്ട് ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി രൂപയാണ്. ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക. ഇങ്ങനെ ഐസായി അലിഞ്ഞ് പോകുന്ന അനേകം കണക്കുകളാണ് ഓരോ പനി സീസണും ബാക്കിവെക്കുന്നത്.
പനിക്ലിനിക്കുകളും ബോധവല്‍ക്കരണ ക്ലാസുകളും ബ്ലീച്ചിങ് പൌഡര്‍ വിതറലുമായാണ് ആരോഗ്യ വകുപ്പ് പണം ചെലവഴിച്ച രേഖകളുണ്ടാക്കുന്നത്. പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും ഇക്കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിക്കൂട്ടി പൊതുജനങ്ങളേക്കൊണ്ട് തീറ്റിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധം വന്നിട്ടും നമ്മുടെ നാട്ടിലും നഗരങ്ങളിലും കുന്നുകൂടുകയാണ് പ്ലാസ്റ്റിക്. തടയാന്‍ നിയമമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ല. പകരം, വ്യക്തിക്കാണ് മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തമെന്ന വീണ്‍വാക്ക് പറഞ്ഞ് അവസാനം പരസ്യവും നല്‍കി രക്ഷപ്പെടുകയാണ് അധികൃതര്‍.

പാവം പാവം ആന്റിബയോട്ടിക്കുകള്‍
അലക്സാണ്ടര്‍ ഫ്ലെമിങ് ക്ഷയരോഗാണുക്കളെ വെല്ലാന്‍ കൊണ്ടു വന്ന പെനിസിലിന്‍ എന്ന അല്‍ഭുത മരുന്നോടുകൂടിയാണ് ആന്റിബയോട്ടിക്ക് യുഗം തുടങ്ങുന്നത്.സ്റ്റഫലോ കോക്കസ് എന്ന ബാക്ടീരിയക്കെതിരെയുള്ള വിജയമായിരുന്നു അന്ന് ആന്റിബയോട്ടിക്കുകള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ വര്‍ഷം ചെല്ലും തോറും ഇതേ ബാക്ടീരിയ വര്‍ധിച്ച വീര്യത്തോടെ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്.

1990 കളുടെ അവസാനത്തോടെ ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോഗാണുക്കളുടെ വരവ് വര്‍ധിച്ചു. പിന്നീട് പ്രതിരോധമരുന്നുകളെ അടിയറവ് പറയിപ്പിച്ച് ‘മാന്ത്രിക മരുന്നുകള്‍’ നിഷ്പ്രഭമാണെന്ന് രോഗാണുക്കള്‍ തെളിയിച്ചു.
ആഗസ്റ്റ് 11ന് ആധികാരിക മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് മാസികയില്‍ പ്രൊഫ. ടിം വാല്‍ഷും സംഘവും പ്രസിദ്ധീകരിച്ച പകര്‍ച്ച രോഗങ്ങളെപ്പറ്റിയുള്ള ലേഖനം ആന്റിബയോട്ടിക്കുകളെപ്പറ്റിയുള്ള പഠനത്തില്‍ നാഴികക്കല്ലാണ്.ന്യൂഡല്‍ഹി മെറ്റലോ ബീറ്റാ ലാക്ടമേസ്(എന്‍.ഡി.എം^1) എന്ന ബാക്ടീരിയയിലെ ജീനിനെക്കുറിച്ച പഠനമാണീ ലേഖനത്തില്‍.

എല്ലാത്തരം ആന്റിബയോട്ടിക്കുകള്‍ക്കുമെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ബാക്ടീരിയകളെ സഹായിക്കുന്നതാണീ ജീന്‍.ഇതിന് ഒരു ബാക്ടീരിയയില്‍നിന്ന് മറ്റൊന്നിലേക്ക് മാറാനാകും. ഇന്ത്യയില്‍ വ്യപകമായ ‘എന്ററോ ബാക്ടീരിയാസീസ് ‘കുടുംബത്തിലാണിവ കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ പേര് ലഭിക്കാനിടയാക്കിയത്. ഇപ്പോള്‍ അമേരിക്ക,ഇസ്രായേല്‍, ഗ്രീസ് എന്നിവിടങ്ങളിലും ഇവ വ്യാപകമാണെന്ന് കണ്ടെത്തിയീട്ടുണ്ട്. തെറ്റായ രോഗനിര്‍ണയവും മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലെ പിഴവുമാണ് ബാക്ടീരിയകളുടെ കരുത്തു കൂട്ടുന്നതെന്ന കണ്ടെത്തലും പ്രബന്ധത്തിലുണ്ട്.

വേണം പുതുഗവേഷണങ്ങള്‍
അരനൂറ്റാണ്ട് മുമ്പുള്ള ആന്റി ബയോട്ടിക്കുകള്‍ തന്നെയാണ് ഇന്നും നാം കഴിക്കുന്നത് .വര്‍ഷം തോറും പ്രതിരോധശേഷി വര്‍ധിച്ചു വരുന്ന രോഗാണുക്കളേയും രോഗാണുവാഹകരേയും പ്രതിരോധിക്കാനാണ് ഈ വയസന്‍ ആന്റി ബയോട്ടിക്കുകള്‍. ആന്റിബയോട്ടിക്ക് ഗവേഷണത്തില്‍ ഏര്‍പ്പെട്ട് പുതുമരുന്നുണ്ടാക്കാന്‍ മരുന്നുകമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നത്.
അവര്‍ക്ക് ആവശ്യം രോഗം ഇല്ലാതാക്കുന്ന മരുന്നുകളെയല്ല, രോഗാവസ്ഥ നിലനിറുത്തുന്ന മരുന്നുകളേയാണ് . അതിനായി കളമൊരുക്കുകയാണ് മരുന്നുകമ്പനികളെന്നും ആക്ഷേപമുണ്ട്. മാറി വരുന്ന രോഗാവസ്ഥക്കനുസരിച്ചും ശക്തി പ്രാപിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാനുമുതകുന്ന ആന്റിബയോട്ടിക്കുകളാണ് ഇന്ന് ആവശ്യം.
യൂറോപ്യന്‍ യൂനിയന്‍ ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ രണ്ട് മാസം മുന്‍പ് ഒരു ഉച്ചകോടി ചേര്‍ന്നിരുന്നു. വിഷയം ‘ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം’. കുലങ്കഷമായി ചര്‍ച്ചക്കൊടുവില്‍ എത്തിയ നിഗമനം ഇതാണ്^ പുതിയ ഫലപ്രദമായ രോഗസംഹാരികള്‍ ഉണ്ടാക്കുക.

മരുന്നുകൊള്ള
കേരളത്തില്‍ പനിക്കാലം മരുന്നുകമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊയ്ത്തുകാലമാണ്. പനി മരണങ്ങളുണ്ടെന്ന സത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ അമിത ഭയം നിലനിറുത്തുന്നത് മരുന്നുകമ്പനികളുടെ ഇടപെടല്‍ മൂലമാണെന്നതില്‍ തര്‍ക്കമില്ല .രാജ്യത്തെ പ്രധാന മരുന്ന് മാര്‍ക്കറ്റായാണ് കമ്പനികള്‍ കേരളത്തെ കാണുന്നത്. പനിക്കായി ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളില്‍ പോലും നിരോധിത മരുന്നുകളുണ്ടെന്നത് ജനകീയാരോഗ്യപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നതും ആശുപത്രി-മരുന്ന് കമ്പനി ബന്ധത്തെ ബലപ്പെടുത്തുന്നു.
2004-2009 വര്‍ഷം ലോകത്ത് ഭീതി പരത്തിയ H1N1പന്നിപ്പനിക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയുടെ മരുന്നുകമ്പനികളുമായുള്ള അവിഹിത ഇടപെടലുകളായിരുന്നെന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍,ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസം എന്നിവയിലെ റിപ്പോര്‍ട്ടുകളാണ് ഇവ പുറത്തു കൊണ്ടു വന്നത്.

അനാവശ്യഭീതി പരത്തിയ ലോകാരോഗ്യ സംഘടനയിലെ ഉപദേശക സമിതി ഭാരവാഹികള്‍ മരുന്നു കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൈപറ്റിയെന്നായിരുന്നു കണ്ടെത്തല്‍. 2009ല്‍ മരുന്നുകുത്തക കമ്പനികളായ ഗ്ലാക്സോ സ്മിത്ത് ലൈന്‍,റോച്ചേ കമ്പനികള്‍ 330 കോടി ഡോളറിന്റെ പന്നിപ്പനി മരുന്നുകളാണ് ഭീതിയുടെ മറവില്‍ വിറ്റഴിച്ചത്. പന്നിപ്പനി വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 25 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് കിടപ്പിലാകുകയും ചെയ്തു.

വേണ്ടത് സമഗ്ര കാഴ്ചപ്പാട്
വേണ്ടത് സമഗ്രമായ ആരോഗ്യ കാഴ്ചപ്പാടാണ്. മഴ വന്ന് രോഗം പടരുമ്പോഴുള്ള പ്രവര്‍ത്തനമല്ല ആവശ്യം. മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ കണ്ടെത്തണം.ആശുപത്രി പരിസരത്തെ ശുചിത്വം ഇതില്‍ പ്രധാനമാണ്. മരുന്നുകുത്തകകള്‍ നിര്‍ദേശിക്കുന്ന ‘ചാത്തന്‍ മരുന്നു’കള്‍ വിറ്റഴിക്കാനുള്ള ഇടമാകരുത് സര്‍ക്കാര്‍ ആശുപത്രികള്‍. ഫലപ്രദമായ ചിലവ് കുറഞ്ഞ മരുന്ന് സംഭരണ-വിതരണ സമ്പ്രദായമാണ് ആവശ്യം.

സൂക്ഷിക്കുക, ബ്രൂസെലോസിസ് രോഗം തൊട്ടരികെ

കഴിഞ്ഞ മാസം മൂവാറ്റുപുഴയിലെ ഒരു വീട്ടമ്മ മരിച്ചത് ബ്രൂസിലോസിസ് രോഗം ബാധിച്ചാണ്. മരണത്തിനു വരെ കാരണമാവുന്ന ഈ രോഗത്തെക്കുറിച്ച് അധികൃതര്‍ മൌനം പാലിക്കുന്നതിന്റെ പിന്നിലെന്താണ് -പി.പി പ്രശാന്ത് എഴുതുന്നു

photo courtesy – humenhealth.com

വിളക്കേന്തിയ വനിതയെന്നറിയപ്പെടുന്ന ഫ്ലോറന്‍സ് നൈറ്റിങ്ഗെയിലിനെ തീരാ ദുരിതത്തിലേക്ക് നയിച്ച രോഗമുണ്ട്-ബ്രൂസെലോസിസ്. കന്നുകാലികളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം.
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ നാടുകളില്‍ ഈ രോഗം സുപരിചിതമായിരുന്നെങ്കിലും പരിഷ്കൃത സമൂഹം അത് മറന്നു. ജീവിതത്തെ മാറാവ്യാധികളാല്‍ വലച്ച് മരണത്തിലെത്തിക്കുന്ന അസുഖത്തിന്റെ ഭീകരമുഖമിതാ നമ്മുടെ തൊട്ടരികില്‍.
ഇക്കഴിഞ്ഞ മാസം മൂവാറ്റുപുഴയിലെ വീട്ടമ്മ മരിച്ചത് ബ്രൂസെലോസിസ് മൂലമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നു.ബ്രൂസെല്ലാ മെലിറ്റന്‍സിസ് എന്ന രോഗാണു എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പ് നെട്ടോട്ടമോടുന്നു.കേരളത്തില്‍ എന്നല്ലാ ഇന്ത്യയില്‍ തന്നെ അത്യപൂര്‍വമാണീ അസുഖം.

വേണ്ടത് മൂടിവെക്കലല്ല
അധികമൊന്നും തെരയേണ്ട ആരോഗ്യവകുപ്പേ, സഹവകുപ്പായ മൃഗസംരക്ഷണ വകുപ്പിനോട് ചോദിക്കൂ. എന്താദ്…ന്ന്്…
അല്ലെങ്കില്‍ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറോട് ചോദിക്കൂ. അവര്‍ പറഞ്ഞു തരും രഹസ്യം. മൂടിവെച്ച രഹസ്യം. കേരളത്തില്‍ ബ്രൂസെലോസിസ് എന്ന മഹാമാരിയുടെ സാധ്യത കൂടുതലാണെന്ന രഹസ്യം.
ഇത് ഇന്ന് കണ്ടുപിടിച്ചതല്ല.മൃഗസംരക്ഷണ വകുപ്പ് കാലാകാലങ്ങളില്‍ കന്നുകാലികളുടെ പാലെടുത്ത് പരിശോധനക്കയക്കുന്ന പതിവുണ്ട്. ബ്രൂസെലോസിസ് ഉള്‍പ്പെടെ രോഗങ്ങള്‍ കണ്ടെത്താന്‍. ഈ പ്രഹസന മാമാങ്കത്തിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്ന് ലക്ഷങ്ങളാണ് വകുപ്പ് എഴുതിയെടുക്കുന്നുമുണ്ട്. ബ്രൂസെലോസിസ് സാധ്യതകള്‍ നമ്മുടെ മൃഗസംരക്ഷണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ പ്രകിയയകള്‍.
2007ല്‍ നടത്തിയ പരിശോധനാ ഫലത്തില്‍ ബ്രൂസെലോസിസ് സംശയലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ തന്നെ ഈയുള്ളവനോട് വിവരാവകാശ അപേക്ഷയില്‍ സമ്മതിച്ചിട്ടുണ്ട്.പിന്നീട് തുടര്‍ പരിശോധനകള്‍, അതായത് പശുക്കളുടെ രക്തസാമ്പിളുകള്‍ എടുത്തുള്ള പരിശോധന നടന്നോയെന്ന് വ്യക്തമല്ല.
പാല്‍ മില്‍ക്ക് റിങ് ടെസ്റ്റിന് വിധേയമാക്കുക എന്നതാണ് ബ്രൂസെലോസിസ് പരിശോധനയുടെ പ്രഥമഘട്ടം.തുടര്‍ന്നാണ് സംശയമുള്ള പ്രദേശങ്ങളില്‍ രക്തസാമ്പിള്‍ പരിശോധന നടക്കുക.

ആദ്യം 1992ല്‍
1992 ല്‍ ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ഈ രോഗബാധ കണ്ടെത്തിയിരുന്നു. ബ്രൂസെല്ലാ മെലിറ്റന്‍സിസ് ടൈപ്പ് ബാക്ടീരിയയെയാണ് കണ്ടെത്തിയത്.ഭക്ഷണം പാചകം ചെയ്യുന്നതിലെ അപാകതയും പാല് പാസ്ചറൈസേഷന്‍ നടത്താത്തതുമാണ് രോഗകാരണമെന്നാണ് അവര്‍ കണ്ടെത്തിയത്.

സൂക്ഷിച്ചാല്‍
പനി,സന്ധിവാതം,ഭാരം കുറയല്‍,സന്ധിവേദന,ഡിപ്രഷന്‍ എന്നിവയാണ് ബ്രൂസെലോസിസ് രോഗ ലക്ഷണങ്ങള്‍.രോഗത്തിന്റെ ഭാഗമായി കന്നുകാലികള്‍ക്ക് വന്ധ്യത, വൃഷണം വീര്‍ക്കല്‍,അബോര്‍ഷന്‍ എന്നിവക്ക് സാധ്യതയുണ്ട്.
രോഗം മൂര്‍ഛിച്ചാല്‍ മരണത്തിലേക്കെത്താം. പന്നികളില്‍ നിന്നും കന്നുകാലികളില്‍ നിന്നുമാണ് രോഗവാഹകര്‍ പരക്കുന്നത്. വലിയ ഫാമുകളിലാണ് രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത. മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് മറുമരുന്ന് . സംശയമുള്ള മൃഗങ്ങളുമായി അടുത്തിടപെടാതിരിക്കുക.
എന്നാല്‍, ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. രോഗത്തിനെതിരായ മുന്നറിപ്പുകളും നല്‍കിയിട്ടില്ല.

സ്കൂള്‍ വഴി നാടാകെ പടരാന്‍ കുത്തകയുടെ രഹസ്യ പദ്ധതി

ബേബി ഫുഡ് കുത്തക ഭീമന്‍, നെസ് ലേ വിദ്യാലയങ്ങള്‍ വഴി വരുംതലമുറയില്‍ പിടിമുറുക്കാനുള്ള പുതിയ ശ്രമത്തിലാണ്. ബേബി ഫുഡിലെ അസംസ്കൃത വസ്തുക്കളില്‍ കൃത്രിമം കാട്ടിയതിന് ഇന്ത്യയില്‍ ക്രിമിനല്‍ കേസുള്ള ഈ കമ്പനി സര്‍ക്കാറിന്റെ മൌനാനുവാദത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിലെ കൌമാരക്കാരികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ നാല് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നെസ് ലേ രഹസ്യധാരണ ഉണ്ടാക്കിക്കഴിഞ്ഞു.

 

പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളുടെ കള്ളക്കളി
ഹരിയാനയിലെ നാഷനല്‍ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി,കര്‍ണാടകയിലെ മൈസൂര്‍ യൂനിവേഴ്സിറ്റി ,ഉത്തര്‍ഖണ്ഡിലെ ജി.ബി.പാന്ത് യൂനിവേഴ്സിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്റ്് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായാണ് നെസ് ലേ പോഷകാഹാര ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രഹസ്യ ധാരണ ഉണ്ടാക്കിയത്. പദ്ധതിയുടെ ഭാഗമായി നെസ് ലേ പ്രവര്‍ത്തകര്‍ സ്കൂളുകളിലും ഗ്രാമീണ സ്ത്രീകളുടെ ഇടയിലും ബോധവല്‍കരണത്തിന് എത്തും. കുഞ്ഞുങ്ങള്‍ക്ക് സമീകൃത ആഹാരം തയ്യാറാക്കുന്ന രീതി, പോഷക മൂല്യമുള്ള ആഹാരങ്ങള്‍ പരിചയപ്പെടുത്തല്‍ ,എങ്ങനെ പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാം…ഇങ്ങനെ പോകുന്നു പാഠ്യവിഷയങ്ങള്‍.

അപേക്ഷ സര്‍വകലാശാലക്ക്;മറുപടി കുത്തകകമ്പനിയുടെ
ബ്രസ്റ്റ് ഫീഡിങ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ (ബി.എഫ്.എന്‍.ഐ) എന്ന സന്നദ്ധ സംഘടനയാണ് നെസ് ലേയുടെ കള്ളക്കളി വിവരാവകാശ രേഖയിലൂടെ പുറത്തുകൊണ്ടു വന്നത്. രസകരമായ ഒരു കാര്യം കൂടി ഇതിനിടെ നടന്നു.നെസ് ലേയുമായുണ്ടാക്കിയ ധാരണയെപ്പറ്റി സംഘടന പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയോട് വിവരാവകാശ നിയമ പ്രകാരം ആരാഞ്ഞു. വിവരം നല്‍കാന്‍ ധാരണയായ കുത്തകകമ്പനിയോട് സമ്മതം ചോദിക്കുകയായിരുന്നു യൂനിവേഴ്സിറ്റി അധികൃതര്‍. എന്നാല്‍ യൂനിവേഴ്സിറ്റിയുടെ അഭ്യര്‍ഥന മാനിച്ച് കമ്പനി മറുപടി തന്നു-”യൂനിവേഴ്സിറ്റികളുമുണ്ടാക്കിയ ധാരണ രഹസ്യാത്മകവും വാണിജ്യപരവുമാണ്. ഇത് വെളിപ്പെടുത്തുന്നത് കമ്പനിയുടെ മല്‍സരാധിഷ്ഠിത സ്വഭാവത്തെ ബാധിക്കും” ഇതായിരുന്നു മറുപടി.
കേവലം രണ്ടര ലക്ഷത്തോളം രൂപയുടെ കരാറാണ് ഓരോ യൂനിവേഴ്സിറ്റികളുമായി നെസ് ലേ ഒപ്പുവെച്ചത്. എന്നിട്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിക്കുന്നത്.

വെളിപ്പെടുത്താനാകാത്ത രഹസ്യധാരണ
2009_2010 വര്‍ഷങ്ങളിലാണ് വിവിധ യൂനിവേഴ്സിറ്റികളുമായി സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ നെസ് ലേ ധാരണാ പത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
ഭാവി അമ്മമാര്‍ എന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍, നേരിട്ടു പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതോടെ കമ്പനിക്കു ലഭിക്കുന്നത്. ഇതോടൊപ്പം, ഗ്രാമീണ സ്ത്രീകള്‍ക്കിടയിലേക്കും കമ്പനിക്ക് ഇറങ്ങിച്ചെല്ലാനാവും. ബോധവല്‍കരണത്തിന്റെ മറവില്‍ സ്വന്തം ഉല്‍പന്നങ്ങളെ പരിചയപ്പെടുത്താനും മാര്‍ക്കറ്റ് വിപുലമാക്കാനുമുള്ള അവസരമാണ് കമ്പനിക്ക് ലഭിക്കുക.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇതിനായി ദുരുപയോഗം ചെയ്യുന്നത്. ഡബ്ലു.എച്ച്.ഒയുടെ 63 ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സ്കൂളുകളിലൂടെ മാര്‍ക്കറ്റിങ് ലക്ഷ്യമിട്ട ഭക്ഷണ സാധനങ്ങളുടെ പ്രചാരണം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം മറി കടന്നാണ് സര്‍ക്കാരിന്റെയും യൂനിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെ പദ്ധതി നടപ്പാക്കുന്നത്.

ബാക്കിയാവുന്ന ചോദ്യങ്ങള്‍
എന്തുകൊണ്ടാണ് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ യൂനിവേഴ്സിറ്റികള്‍ മടിക്കുന്നത്?.വിവരാവകാശ മറുപടിക്ക് നെസ് ലേയുടെ സമ്മതം വേണമെന്ന് പഞ്ചാബ് അഗ്രി. യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നതിന് പിന്നിലെ ശാഠ്യമെന്താണ്?. ബോധവല്‍കരണം മാത്രമാണ് ശ്രമമെങ്കില്‍ എം.ഒ.യുവിന്റെ (ധാരണാ പത്രം) ആവശ്യമെന്താണ്?.
കാര്യങ്ങള്‍ വ്യക്തമാണ്. പദ്ധതിക്കു പിറകില്‍ ബോധവല്‍കരണമല്ല. വെറും ബിസിനസ് താല്‍പര്യം മാത്രം. പൊതുവിദ്യാഭ്യാസ മേഖലയെ ബഹുരാഷ്ട്ര കുത്തകക്ക് അടിയറവ് വെച്ച യൂനിവേഴ്സിറ്റി അധികൃതര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. 2.5 ലക്ഷം രൂപയാണ് കമ്പനി നല്‍കുന്നത്. ഇത്ര ചെറിയ തുകക്ക് വേണ്ടി ബഹുരാഷ്ട്ര കുത്തകയുടെ കൂട്ടുപിടിക്കേണ്ട ആവശ്യമെന്താണ്?.
നെസ് ലേ വെറുമൊരു കമ്പനി മാത്രമല്ല. ജനിതക മാറ്റം വരുത്തിയ ബേബി ഫുഡ് ഉല്‍പന്നങ്ങളുമായി നെസ്ലെ ലോകമെങ്ങൂം എതിര്‍പ്പു ക്ഷണിച്ചുവരുത്തിയിരുന്നു.ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ചൊറിച്ചില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഫലമില്ലാതെ വരിക എന്നിവ സംഭവിക്കാറുണ്ട്. നെസ് ലേയുടെ ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ നിരന്തരം പോരാടിവരികയാണ്.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers