Category archives for: ആര്‍ട്ട് & തിയറ്റര്‍

റഷ്യന്‍ ഭരണകൂടം ഈ പെണ്‍കുട്ടികളെ ഭയക്കുന്നതെന്തിന്?

 
 
 
 
റഷ്യയില്‍ പുസി റയറ്റ് പെണ്‍കൂട്ടായ്മ നടത്തുന്ന സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. പി പ്രജിത എഴുതുന്നു

 
 

പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഭരണത്തിനെതിരെ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ പെണ്‍ ബാന്‍ഡാണ് പുസി റയറ്റ് . മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയ പ്രതിരോധ സംഗീത അവതരണത്തെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്ന് പെണ്‍കുട്ടികള്‍ ജയിലിലടക്കപ്പെട്ടു. ബാന്‍ഡിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഭരണകൂടം. എന്നാല്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, സംഗീതത്തിന്റെ വിധ്വംസകശേഷിയിലൂടെ അവര്‍ പ്രസരിപ്പിച്ച ഊര്‍ജം റഷ്യയിലാകെ കൊടുങ്കാറ്റ് പോലെ പടരുകയാണ്. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന പുസി റയറ്റ് പെണ്‍കൂട്ടായ്മയുടെ സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. കോഴിക്കോട് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യുട്ടിലെ എം.സി.ജെ 3ാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പി പ്രജിത എഴുതുന്നു

 


 

അവരുടെ പാട്ടുകള്‍ പാഴായില്ല. റഷ്യയിലെങ്ങും ഭരണകൂട വിരുദ്ധ വികാരം ആളിപ്പടരുകയാണ്. ക്രമക്കേടുകളുടെയും താന്‍പോരിമയുടെയും അധികാരക്കസേരയിലേക്ക് മൂന്നാമതും ചാടിവീണ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരായ പ്രതിഷേധം നേര്‍ക്കുനേര്‍ തലയുയര്‍ത്തുകയാണ്. ഇക്കഴിഞ്ഞ 16ാം തീയതി മോസ്കോയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ അതിനുദാഹരണമാണ്. ജീവിതത്തിന്റെ പല തലങ്ങളിലുള്ള, ഭിന്ന വിശ്വാസങ്ങളും നിലപാടുകളും പങ്കുവെക്കുന്ന ആള്‍ക്കൂട്ടം ‘പുടിനില്ലാത്ത റഷ്യ’ എന്ന മുദ്രാവാക്യവുമായി തെരുവുകള്‍ കവിയുകയായിരുന്നു. റഷ്യയിലാകെ നിറയുന്ന അസംത്പ്തിയുടെയും വിയോജിപ്പിന്റെയും ഉച്ചസ്വരമായിരുന്നു നിറതോക്കുകള്‍ക്കു മുന്നില്‍ ആ മനുഷ്യര്‍ പ്രകടിപ്പിച്ചത്.

പി പ്രജിത


മോസ്കോയിലെ തടവറയില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികളാണ് അടക്കിപ്പിടിച്ച ജനകീയ രോഷങ്ങളെ ചേര്‍ത്തുപിടിച്ച് മോസ്കോയുടെ നെഞ്ചിലേക്ക് വഴിനടത്തിയത്. അവരുടെ പാട്ടുകളാണ്, മര്‍ദ്ദക ഭരണകൂടത്തിനെതിരെ അസാമാന്യ ധീരതയോടെ അവര്‍ പറത്തിയ തീപ്പൊരികളാണ് ഒരു ജനതയുടെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ചത്. സംഗീതത്തിന്റെ വിധ്വംസകശേഷിയെ ഭയക്കുന്ന, തുനീഷ്യയില്‍ തുടങ്ങി ഈജിപ്റ്റിലൂടെ പടരുന്ന പുതുകാലത്തിന്റെ മുല്ലപ്പുവിപ്ളവങ്ങളെ ചങ്കിടിപ്പോടെ കാണുന്ന പുടിന്‍ ഭരണകൂടം നീതിയുടെ സര്‍വവാതിലുകളുമടച്ച് തടങ്കലിലിട്ടിട്ടും ആ സ്വരങ്ങള്‍ റഷ്യന്‍ അതിരുകള്‍ ഭേദിച്ച് ലോകമാകെ പടരുകയാണ്.

 

 

പുസി റയറ്റ്
പറയുന്നത് പുസി റയറ്റിനെക്കുറിച്ചാണ് (Pussy Riot). റഷ്യയിലെ പെണ്‍ സംഗീത ബാന്‍ഡിനെക്കുറിച്ച്. അനീതിക്കും ലിംഗസമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി കഴിഞ്ഞ വര്‍ഷം ഒരുമിച്ചു ചേര്‍ന്ന ഫെമിനിസ്റ്റ് സംഗീത കൂട്ടായ്മയെക്കുറിച്ച്. രോഗാതുരമായ റഷ്യന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും സര്‍വാധികാരങ്ങളും കൈക്കലാക്കാന്‍ മത വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന വ്ലാദിമിര്‍ പുടിന്റെ സ്വേച്ഛാ പ്രവണതകള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ഈ പങ്ക് ബാന്‍ഡ് (Punk Band) .

സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍ പൊതു ഇടങ്ങളില്‍ സംഗീതാവതരണം നടത്തുന്ന ഗ്രൂപ്പ് അതിന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 15 പേരടങ്ങുന്ന ബാന്‍ഡ് ഇതുവരെ റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലുമായി 10 അവതരണങ്ങള്‍ നടത്തുകയും ആറോളം വീഡിയോ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വീിഡിയോയുടെ ഷൂട്ടിങ്, എഡിറ്റിങ് വര്‍ക്കുകള്‍ ഇവര്‍ തന്നെയാണ് ചെയ്യുന്നത്.

ഒടുവിലത്തെ ഇവരുടെ അവതരണം ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയിലാണ് ‘പങക് പ്രാര്‍ത്ഥന’ എന്നവര്‍ പേരിട്ട പ്രതിഷേധ പരിപാടി അരങ്ങേറിയത്. ബാന്‍ഡിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടി സെക്കന്റുകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റിലൂടെ പരന്നതിനെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്നുപേര്‍ അറസ്റ്റിലായി.

22കാരിയും ഫിലോസഫി ബിരുദധാരിയുമായ നദേദ തോളോകോനിക്കോവ ((Nadezhda Tolokonikova) ),പരിസ്ഥിതി , ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24കാരി മരിയ അലേഖിന (MariaAlekhina), കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ബിരുദധാരിയായ 30 കാരി കത്രീന സനുസ്തേവിച്ച് ( Yekatrina Sanustevich) എന്നിവര്‍. റഷ്യന്‍ നീതിന്യായവ്യവസ്ഥയുടെ സമ്പൂര്‍ണപരാജയം വ്യക്തമാക്കിയ വിചാരണ നാടകങ്ങള്‍ക്കുശേഷം ഇവര്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ലോകമാകെ പ്രതിഷേധം വ്യാപിക്കാനാണ് ഇതിടയാക്കിയത്.

ഈ വരുന്ന രണ്ടാം തീയതിയാണ് ഇവരുടെ കേസ് മോസ്കോ സിറ്റി കോടതി പരിഗണിക്കുന്നത്. നൂറ്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ, വിദൂരമായ ജയിലറകളിലേക്ക് ഇവരെ മാറ്റാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ബലാല്‍സംഗവും മരണവുമടക്കമുള്ള സാധ്യതകളാണ് ജയില്‍ മാറ്റം ഇവര്‍ക്കു മുന്നില്‍ വെക്കുന്നതെന്ന് അഭിഭാഷക പറയുന്നു. തങ്ങളെ മോസ്കോ ജയിലില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ലെന്നാണ് സൂചനകള്‍.

 

മരിയ അലേഖിന , യകത്രീന സനുസ്തേവിച്ച് , നദേദ തോളോകോനിക്കോവ


 

പുടിന്റെ ഭയം
തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റുപദവിയില്‍ പ്രവേശിച്ച പുടിന്‍ എന്തിനാണ് ഈ പാട്ടുകളെ ഭയന്നത്? ഈ പാട്ടുകാരി പെണ്‍കുട്ടികളെ എന്തിനാണ് തടവറയുടെ ഇരുട്ടിലേക്ക് തള്ളിയത്?

ഈ ചോദ്യങ്ങള്‍ക്കുത്തരം ഈ ബാന്‍ഡു തന്നെയാണ്. അവരുടെ സംഗീതം തന്നെയാണ്. അവരുടെ വാക്കുകള്‍ തന്നെയാണ്.

1990 കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രണ്ട്് ഫെമിനിസ്റ് റോക് മൂവ്മെന്റ് ആയ Riot Grrrl ന്റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ ബിക്കിനി കില്‍ (bikini kill) ന്റെയും സ്വാധീന ഫലമാണ് പുസി റയറ്റ്.

മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും മറ്റും പ്രതിരോധസംഗീതത്തിന്റെ ശക്തമായ അവതരണങ്ങളാണ് പുസ്സിറയറ്റ് നടത്തുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ തന്നെ പേര് പറഞ്ഞ്് പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങളുടെ കറുത്ത മറയെ, കപടമായ ആവരണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്റെ അവതരണം. അറസ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖം മൂടിയുണ്ടായിരുന്നു.

 

 

പങ്ക് പ്രയര്‍
ഫെബ്രുവരി 12ന് മോസ്കോയിലെ പുരാതനമായ കതീഡ്രല്‍ ഓഫ് ക്രൈസ്ററ് ദ സേവിയര്‍ (Cathedral of Christ the Saviour) ദേവാലയത്തില്‍ പ്രസിഡന്റ് പുടിന്റെ ഏകാധിപത്യഭരണത്തിനെതിരെ ഇവര്‍ പങ്ക് പ്രയര്‍ ( punkprayer) സംഘടിപ്പിച്ചു. പുടിനു ക്ഷോഭം വന്നു. പാട്ടുപാടിയ പെണ്‍കുട്ടികള്‍ ആഗസ്റ് 17ന് രണ്ടുവര്‍ഷത്തെ കഠിനതടവിനു വിധിക്കപ്പെട്ടു.

റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഗീത അവതരണങ്ങള്‍ സംഘം ഇതിനുമുമ്പും നടത്തിയിട്ടുണ്ട്. എങ്കിലും ദേവാലയത്തില്‍ നടന്ന ‘പ്രാര്‍ത്ഥന’ ഭരണകൂടത്തെ അത്രയേറെ പ്രകോപിപ്പിച്ചു. മരം കോച്ചുന്ന തണുപ്പില്‍, വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് പങക് പ്രാര്‍ത്ഥന നടത്തിയ അഞ്ചംഗ സംഘം അതിനുശേഷം അള്‍ത്താരയിലൂടെ നടന്നുനീങ്ങി. വൈകുന്നേരമാകുമ്പോഴേക്കും സംഘം എഡിറ്റ് ചയ്ത ദൃശ്യങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തു. .”Punk prayer; Holy Mother Chase putin Away” എന്ന തലവാചകത്തോടെ. “Mother of God Drive out Putin” എന്നതാണ് പെര്‍ഫോമന്‍സിന്റെ മുദ്രാവാക്യം.

ബാന്‍ഡിലെ മൂന്ന് പെണ്‍കുട്ടികളെ കൂടി വേട്ടയാടാന്‍ ഇതിനിടെ, പുടിന്‍ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും സാഹസികമായ രീതിയില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 15 പേരെങ്കിലും റഷ്യയില്‍ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതായി, തടവില്‍ കഴിയുന്ന നദേദ തോളോകോനിക്കോവയുടെ ഭര്‍ത്താവ് പ്യോര്‍ വെര്‍സിലോവ് പറയുന്നു.

 

 

Punk-Prayer “Virgin Mary, Put Putin Away”

(choir)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus) …
Black robe, golden epaulettes
All parishioners crawl to bow
The phantom of liberty is in heaven
Gay-pride sent to Siberia in chains

The head of the KGB, their chief saint,
Leads protesters to prison under escort
In order not to offend His Holiness
Women must give birth and love

Shit, shit, the Lord’s shit!
Shit, shit, the Lord’s shit!

(Chorus)

Virgin Mary, Mother of God, become a feminist
Become a feminist, become a feminist

(end chorus)

The Church’s praise of rotten dictators
The cross-bearer procession of black limousines
A teacher-preacher will meet you at school
Go to class – bring him money!

Patriarch Gundyaev believes in Putin
Bitch, better believe in God instead
The belt of the Virgin can’t replace mass-meetings
Mary, Mother of God, is with us in protest!

(Chorus)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus)

 

പോപ് താരം മഡോണ ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോ. ശരീരത്തിന്റെ പുറം ഭാഗത്ത് 'പുസ്സി റയറ്റ്' എന്ന് എഴുതിയത് കാണാം. പുസ്സി റയറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധരിച്ച മാസ്കും കാണാം.


 

പടരുന്ന പോര്‍വീര്യം
സംഗീതം ആയുധമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് റഷ്യയില്‍നിന്നുള്ള വാര്‍ത്തകള്‍. എഴുത്തുകാരും കലാകാരന്‍മാരും വിമത ലൈംഗിക ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുള്ള പോരാട്ടങ്ങളുടെ വഴിയിലാണ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകളും ശിക്ഷാവിധിക്കെതിരെ രംഗത്തുണ്ട്.

പോപ് താരം മഡോണ ആഗസ്ററ് 21ന് ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തിന്റെ പുറം ഭാഗത്ത് ‘പുസ്സി റയറ്റ്’ എന്ന് എഴുതിയത് കാണാമായിരുന്നു. ഷോയിലുടനീളം പുസ്സി റയറ്റിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്ക് ധരിക്കുകയും ചെയ്തു, മഡോണ.

തടവിലടക്കപ്പെട്ട പുസി റയറ്റ് അംഗം നദേദ തോളോകോനിക്കോവ ജയിലില്‍ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ‘രാഷ്ട്രീയം തന്നെയാണ് കല’. ഇതു തന്നെയാണ് ഈ കൂട്ടായ്മയുടെ നിലപാട്. അതു തന്നെയാണ്, നാം ജീവിക്കുന്ന കാലത്തിന്റെ ഇതിഹാസമായി ഈ പെണ്‍കുട്ടികളെ മാറ്റുന്നതും.

 
 
 
 

എ.ഡി 1341ലെ ആ വെള്ളപ്പൊക്കം

 
 
 
 
കഴിഞ്ഞ മാസത്തെ സുപ്രധാന സാംസ്കാരിക ചലനങ്ങള്‍
രേണു രാമനാഥ് എഴുതുന്നു

 
 
പ്രദര്‍ശനത്തിന്റെ പേര് പ്രധാനപ്പെട്ട സൂചകമാണ്. 1341 എ.ഡി. കേരളത്തെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളൊരു കൊല്ലമാണിത്. ആ വര്‍ഷം പെരിയാറിലുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അന്നുവരെ കേരളത്തിന്റെ കലാലോകത്തേക്കുള്ള കവാടമായിരുന്ന കൊടുങ്ങല്ലൂര്‍ (മുസിരിസ് തുറമുഖം) ചെളിയടിഞ്ഞ് കാലക്രമേണ ഇല്ലാതാവുകയും തൊട്ടടുത്തുള്ള കൊച്ചി തുറമുഖം രൂപം കൊണ്ടുവരികയും ചെയ്തു. കേരളത്തിന്റെ തന്നെ പിന്നീടുള്ള ചരിത്ര ഗതിയെ മാറ്റിമറിച്ചതായിരുന്നു എ.ഡി 1341ലെ ആ വെള്ളപ്പൊക്കം-കഴിഞ്ഞ മാസത്തെ സുപ്രധാന സാംസ്കാരിക ചലനങ്ങള്‍. രേണു രാമനാഥ് എഴുതുന്നു

 

 

ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നായ ഒ.ഇ.ഡി എറണാകുളം വാരിയം റോഡില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് 2006ലാണ്. കോഴിക്കോട് സ്വദേശിയായ ദിലീപ് നാരായണന്‍ അതിനേറെ മുമ്പുതന്നെ കലാരംഗത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ‘ഓപ്പണ്‍ ഐഡ് ഡ്രീംസ്’ എന്ന പേരില്‍ ഒട്ടേറെ പ്രദര്‍ശന പരമ്പരകള്‍ കൊച്ചിയിലും കോഴിക്കോട്ടും നടത്തിക്കാണ്ടാണ് ദിലീപ് നാരായണന്‍ രംഗത്തുവരുന്നത്. വാരിയം റോഡിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാരംഭിച്ച ഗാലറിക്ക് സ്ഥലപരിമിതി പെട്ടെന്നു തന്നെ അനുഭവപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്‍മാരുടെയല്ലാം ചിത്രങ്ങളും ശില്‍പ്പങ്ങളുമടങ്ങുന്ന പ്രധാന പ്രദര്‍ശനങ്ങള്‍ നടത്താന്‍ കൂടുതല്‍ വിശാലമായൊരു സ്ഥലം കൂടാതെ കഴിയില്ലായിരുന്നു. പക്ഷേ, എറണാകുളം നഗരത്തില്‍ അത്തരമൊരിടം കണ്ടെത്തുക ഏതാണ്ട് അസാധ്യം തന്നെയാണല്ലോ.

 

ഒ.ഇ.ഡി ആര്‍ട്ട് ഗാലറി


 

അങ്ങനെയാണ് ദിലീപ് നാരായണന്‍ പാലങ്ങള്‍ കടന്ന് മട്ടാഞ്ചേരിയിലെത്തുന്നത്. കായലോരത്ത് പാണ്ടികശാലകള്‍ തിങ്ങിനില്‍ക്കുന്ന വ്യാപാര കേന്ദ്രമായ ബസാര്‍ റോഡില്‍ ഒഴിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാണ്ടികശാല പാട്ടത്തിനെടുത്ത് ഗാലറിയെ അവിടേക്ക് പറിച്ചു നടാനുള്ള ശ്രമം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ഏതാണ്ട് 150 ഓളം വര്‍ഷം പഴക്കമുള്ള ആ കൊളോണിയല്‍ ഗോഡൌണിന് കേടുപാടുകള്‍ ഏറെയായിരുന്നു. അതേസമയം കെട്ടിടത്തിന്റെ പുരാതന പ്രൌഢിക്ക് മാറ്റമൊന്നുമില്ലാതെ സംരക്ഷിക്കുകയും വേണം.

കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കോമണ്‍ ഗ്രൌണ്ട്’ എന്ന ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പാണ് പാണ്ടികശാലയെ ആര്‍ട്ഗാലറിയാക്കി മാറ്റുന്ന ശ്രമകരമായ പ്രവൃൃത്തി നിര്‍വഹിച്ചത്. ആര്‍ക്കിടെക്റ്റുകളായ നിഖില്‍ മോഹനും സിമി ശ്രീധരനും ബിനോയ് ബാലകൃഷ്ണനും ചേര്‍ന്ന് ഒന്നരവര്‍ഷത്തെ അധ്വാനത്തിലൂടെ 2300 ചതുരശ്ര അടി വിസ്താരമുള്ള ഒന്നാന്തരമൊരു ആര്‍ട്ട് ഗാലറി മെനഞ്ഞെടുത്തു. കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍ തന്നെയായിരുന്നു പ്രധാന പണി.

 

1341 AD പ്രദര്‍ശനം


 

മട്ടാഞ്ചേരിയിലെ പുതിയ ഇടത്തില്‍ ഇക്കഴിഞ്ഞ ജുലൈ 29ന് ഗാലറി ഓ.ഇ.ഡിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത് പ്രധാനപ്പെട്ട ഒരു പ്രദര്‍ശനത്തോടൊപ്പമാണ്. 1341 AD എന്ന് നാമകരണം ചെയ്ത ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ പ്രമുഖരായ 13 കലാകാരന്‍മാരുടെ സൃഷ്ടികള്‍ അടങ്ങിയിരിക്കുന്നു.

രാജന്‍ എം കൃഷ്ണന്‍, റിംസണ്‍ എന്‍.എന്‍, ബോസ് കൃഷ്ണമാചാരി, സുമോദ് രാജേന്ദ്രന്‍, റിയാസ് കോമു, റെജി കെ.പി, സുനോജ് ഡി, ബിനോയ് വര്‍ഗീസ്, ഭാഗ്യനാഥ്, ഗോപീകൃഷ്ണ, രഘുനാഥന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

പ്രദര്‍ശനത്തിന്റെ പേര് പ്രധാനപ്പെട്ട സൂചകമാണ്. 1341 എ.ഡി. കേരളത്തെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളൊരു കൊല്ലമാണിത്. ആ വര്‍ഷം പെരിയാറിലുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അന്നുവരെ കേരളത്തിന്റെ കലാലോകത്തേക്കുള്ള കവാടമായിരുന്ന കൊടുങ്ങല്ലൂര്‍ (മുസിരിസ് തുറമുഖം) ചെളിയടിഞ്ഞ് കാലക്രമേണ ഇല്ലാതാവുകയും തൊട്ടടുത്തുള്ള കൊച്ചി തുറമുഖം രൂപം കൊണ്ടുവരികയും ചെയ്തു. കേരളത്തിന്റെ തന്നെ പിന്നീടുള്ള ചരിത്ര ഗതിയെ മാറ്റിമറിച്ചതായിരുന്നു എ.ഡി 1341ലെ ആ വെള്ളപ്പൊക്കം.

 

അംഗുലീയാങ്കം


 

അംഗുലീയാങ്കം
എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ശക്തിഭദ്രകവിയുടെ പ്രശസ്തനാടകം ‘ആശ്ചര്യചൂഢാമണി’യുടെ ആറാമങ്കമാണ് അംഗുലീയാങ്കം. കൂടിയാട്ട അരങ്ങിന് ഏറെ പരിചിതമായ ‘ആശ്ചര്യചൂഢാമണിയിലെ ഈ ആറാമങ്കം പക്ഷേ പൊതുവേദികളില്‍ അധികം അവതരിപ്പിക്കപ്പെടാറില്ല. സാധാരണ അമ്പലങ്ങളില്‍ 12 ദിവസത്തെ ചടങ്ങായിട്ടാണ് അംഗുലീയാങ്കം അവതരിപ്പിക്കാറുള്ളത്. അഭിനേതാവിന് മുന്നില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് അംഗുലീയാങ്കം എന്നാണ് പറയപ്പെടുന്നത്.

അപൂര്‍വമായ ഈ അങ്കത്തിന്റെ ഒരു സമ്പൂര്‍ണ രംഗാവതരണം എറണാകുളം ജില്ലയിലെ മൂഴിക്കുളത്ത് നേപത്യായുടെ ആഭിമുഖ്യത്തില്‍ നടന്നു വരികയാണ്. ജറൂസലമിലെ ഹീബ്രു യൂനിവേഴ്സിറ്റിയുടെ പിന്തുണയോടെ പ്രശസ്ത കൂടിയാട്ടം കലാകാരനായ മാര്‍ഗി മധുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ രംഗാവതരണം 29 നാള്‍ നീണ്ടുനില്‍ക്കും.

ജുലൈ 29 മുതല്‍ ആഗസ്ത് 27 വരെ നേപത്യാ കൂത്തമ്പലത്തിലാണ് അംഗുലീയാങ്കം അവതരിപ്പിക്കപ്പെടുന്നത്. ഹീബ്രു യൂനിവേഴ്സിറ്റിയിലെ ഇന്‍ഡോളജി വിഭാഗം തലവനും സംസ്കൃതം പ്രൊഫസറുമായ ഡോ. ഡേവിഡ് ഷൂള്‍മാന്റെ സാന്നിധ്യവും ഈ അവതരണ സമയത്തുണ്ടാവും. ജുലൈ 29ന് നടന്ന ഉദ്ഘാടന സമ്മേളനാനന്തരം ഡോ. ഇന്ദു ജി അവതരിപ്പിക്കുന്ന ഗോവര്‍ധനോദ്ധാരണം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ കൂടിയാട്ടം കലാകാരന്‍മാരായ പൈങ്കുളം നാരായണ ചാക്യാര്‍, മാര്‍ഗി രാമചാക്യാര്‍, മാര്‍ഗി സജീവ് നാരായണ ചാക്യാര്‍, മാര്‍ഗി മധു, കലാമണ്ഡലം കൃഷ്ണകുമാര്‍, അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, നേപത്യാ രാജന്‍ ചാക്യാര്‍, നേപത്യാ യദുകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും

 

മണ്‍സൂണ്‍ ഡാന്‍സ് ഫെസ്ററിവല്‍


 

മഴനൃത്തം,സ്ലൈഡ് പ്രദര്‍ശനം
മണ്‍സൂണ്‍ ഈ വര്‍ഷം ദുര്‍ബലമാണ്. എന്നാലും മഴയില്ലാത്ത കര്‍ക്കിടകത്തിലും തൃശൂരിലെ നവനീതം കള്‍ച്ചറല്‍ ട്രസ്ററ് മൂന്ന് ദിവസത്തെ മണ്‍സൂണ്‍ ഡാന്‍സ് ഫെസ്ററിവല്‍ നടത്തി. ജുലൈ 26, 27, 28 തീയതികളില്‍ സംഗീത നാടക അക്കാദമിയുടെ റീജിയനല്‍ തിയറ്ററില്‍ നടന്ന നൃത്തോല്‍സവത്തില്‍ മൂന്ന് നര്‍ത്തകിമാര്‍ പങ്കെടുത്തു. കലാമണ്ഡലം ക്ഷേമാവതിയുടെയും ഗോപികാ വര്‍മയുടെയും ശിഷ്യയാ യഡോ. മൈഥിലി അനൂപിന്റെ മോഹിനിയാട്ടം, പൂജാ പന്തിന്റെ കഥക്, അമൃതാ ലാഹിരിയുടെ കുച്ചുപുഡി, എന്നീ നൃത്തങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

തൃശൂരിലെ കലാകാരരുടെ പുതിയ കൂട്ടായ്മയായ തൃശൂര്‍ ആര്‍ട്ട് എന്‍സെംബിളിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ശില്‍പ്പിയായ വത്സന്‍ കൂര്‍മ കൊല്ലേരിയുടെ സ്ലൈഡ് പ്രദര്‍ശനം നടത്തി. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനത്തിനു മുമ്പ് ആര്‍ട്ട് എന്‍സെംബിളിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

'ഭൂമിയുടെ അവകാശികള്‍'


 

‘തിയറ്റര്‍ ഹട്ട്’
കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്ത് യുവ നാടക പ്രവര്‍ത്തകനായ അഭീഷ് ശശിധരനും സുഹൃത്തുക്കളും പ്രാദേശിക തലത്തിലുള്ള വായനശാലകളും സ്കൂളുകളും കേന്ദ്രീകരിച്ച് ശ്രദ്ധേയമായ നാടക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് തിയറ്ററില്‍ പഠനം പൂര്‍ത്തിയാക്കിയ അഭീഷ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം നാട്ടില്‍ തുടങ്ങിവെച്ചതാണ് ‘തിയറ്റര്‍ ഹട്ട്’ എന്ന സാംസ്കാരിക കൂട്ടായ്മ.

പൊന്‍കുന്നം ജനകീയ വായനശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘തിയറ്റര്‍ ഹട്ട്’ പരിസരത്തെ മറ്റു പല ഗ്രാമീണ വായനശാലകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ ആധാരമാക്കി ചെയ്ത ഒരു നാടകം വല്യേപ്പുള്ളി ഗവ. എല്‍.പി സ്കൂളില്‍ ഈയിടെ അവതരിപ്പിച്ചു. വായനശാലാ പ്രവര്‍ത്തകര്‍ ചേര്‍ന്നവതരിപ്പിച്ച നാടകം കുട്ടികളുമായി നേരിട്ടു സംവദിക്കുന്നതാണ്.

പൊന്‍കുന്നം വായനശാലയുടെ യുവജന വിഭാഗമായ ജനകീയ യുവജന വേദിയുടെ തിയറ്റര്‍ വിഭാഗമായ ‘രംഗയൌവനം’ ‘വായനക്കാഴ്ച’ എന്നൊരു പരിപാടിയും അവതരിപ്പിച്ചു വരുന്നു. പ്രശസ്തമായ ഏതെങ്കിലും ഗ്രന്ഥത്തിന്റെ രംഗാവതരണമാണ് വായനക്കാഴ്ച. ബഷീറിന്റെ ‘തേന്‍മാവ്’, ഒ. ഹെന്‍ റിയുടെ ‘ദ ലാസ്റ്റ് ലീഫ്’, എന്നീ കഥകള്‍ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു.

വായനശാലയില്‍ ഈയിടെ നടന്ന ബഷീര്‍- -പൊന്‍കുന്നം വര്‍ക്കി അനുസ്മരണ ചടങ്ങില്‍ ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥയെ അടിസ്ഥാനമാക്കി ചെയ്ത ‘വരത്തന്‍’ എന്ന നാടകം തിയറ്റര്‍ ഹട്ട് അവതരിപ്പിച്ചിരുന്നു.

 

 

‘ദ്രൌപതി’ 26ന്
എറണാകുളത്തെ ലോകധര്‍മിയുടെ പുതിയ നാടകമായ ദ്രൌപതി’ ആഗസ്ത് 26ന് ആദ്യാവതരണം നടത്തും. ചന്ദ്രദാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദ്രൌപതി’ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് അവതരിപ്പിക്കുന്നത്. സുകന്യാ ഷാജി, വി.ആര്‍ ശെല്‍വരാജ്, ഷൈജു ടി, ഹംസ, ആദിത്യ കെ. നാരായണന്‍ എന്നിവരാണ് അഭിനേതാക്കള്‍.
പ്രശസ്ത ഗായകരായ ശ്രീവല്‍സന്‍ ജെ മേനോനാണ് സംഗീതം. രാധിക ആര്‍ നായര്‍ ഗാനങ്ങളാലപിച്ചിരിക്കുന്നു. ലൈറ്റ് ഡിസൈന്‍ ശ്രീകാന്ത്. പട്ടണം റഷീദാണ് ചമയം. ലൈറ്റ് ഡിസൈന്‍ ശ്രീകാന്ത്. പട്ടണം റഷീദാണ് ചമയം.

അന്നപൂര്‍ണാ ദേവി: ഒറ്റമുറിയില്‍ ഒരു സംഗീത നദി

 
 
 
ഹിന്ദുസ്ഥാനി സംഗീത പ്രതിഭ അന്നപൂര്‍ണാദേവിയുടെ
നിശ്ശബ്ദ ജീവിതം. സി.എന്‍ ജയരാജന്‍ എഴുതുന്നു

 
 

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ ഇളയ മകള്‍. ലോക പ്രശസ്ത സിതാര്‍ വാദകന്‍ അലിഅക്ബര്‍ ഖാന്റെ സഹോദരി, സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സ്വയമാവട്ടെ, പരിമിതികള്‍ ഭേദിച്ചു തെഴുത്ത പ്രതിഭയുടെ ഒരു വന്‍മരം. എന്നിട്ടും അന്നപൂര്‍ണദേവി പുറംലോകത്തിന് അന്യ.
ഇന്ന് അവര്‍ക്ക് 85 വയസ്സ്.മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ കഴിയുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെ ചുരുക്കം തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ചുരുക്കം ശിഷ്യര്‍ക്കായി പാതിരാവുകളില്‍ മാത്രം അവര്‍ സംഗീതാഭ്യസനം നടത്തി. എന്നിട്ടും അവരെത്തേടിയെത്തിയത് പത്മഭൂഷണ്‍,സംഗീത നാടക അക്കാദമി പുരസ്കാരം, വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി, സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം എന്നിവ. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടിയും അവര്‍ തന്റെ വാതില്‍ തുറന്നില്ല- അന്നപൂര്‍ണാ ദേവിയുടെ അസാധാരണമായ വ്യക്തി-സംഗീത ജീവിതത്തിലൂടെ കലാരംഗത്തെ പെണ്ണവസ്ഥകളിലേക്ക് ഒരു സഞ്ചാരം. സി.എന്‍ ജയരാജന്‍ എഴുതുന്നു

 

 

അന്നപൂര്‍ണ്ണയുടെ ജീവിത ചരിത്രാഖ്യാനമോ അവരുടെ മഹത്തായ സംഗീതത്തിന്റെ സൌന്ദര്യാസ്വാദനമോ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. അവര്‍ പിന്നിട്ട ജീവിതത്തെ കുറിച്ചുള്ള അറിവുകള്‍ ഇന്ന് നിരവധി വഴികളിലൂടെ ലഭ്യമായിരിക്കുന്നു. അതിലെല്ലാം അവരുടെ സംഗീതപാടവത്തെ കുറിച്ചുള്ള സൂചനകള്‍ ലഭ്യമാണ്. അതേ സമയം, സഹൃദയ മനസ്സുകളില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട വ്യക്തിത്വങ്ങളെ കുറിച്ചു ചിന്തിക്കുന്നവരിലേക്ക് അന്നപൂര്‍ണ്ണയെ കുറിച്ചുള്ള ചില വിവരങ്ങള്‍ എത്തിക്കുക എന്നതു മാത്രമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

സി.എന്‍ ജയരാജന്‍


ഇത്തരത്തില്‍ തങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് പ്രകടമായിരിക്കെ, അതിനുള്ള കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിശകലനങ്ങള്‍ മരങ്ങളെ കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ് ഏറെ വന്നു ഭവിച്ചിട്ടുള്ളത്. സ്ത്രീ എഴുത്തുകാരില്‍ ആത്മഹത്യാശ്രമം, മനോരോഗം തുടങ്ങിയ പ്രവണതകള്‍ കൂടുതല്‍ കാണപ്പെടുന്നു എന്ന രീതിയില്‍ കണക്കുകള്‍ നിരത്തുകയും അതിനുള്ള മനശãാസ്ത്രപഠനങ്ങള്‍ കേവലമായി നടത്തുകയും സാഹിത്യസാംസ്കാരിക രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് ഉപോല്‍ബലകമായി നിലപാടെടുക്കുകയും അവരുടെ സ്വഭാവശുദ്ധിയിലേക്ക് ഇടയ്ക്കിടെ ഒളിച്ചു നോട്ടം നടത്തുകയും ചെയ്യുന്നതും വരെ കാര്യങ്ങളെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്നപൂര്‍ണ്ണയുടെ ജീവിതകഥാംശങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഈ ശ്രമം.

 

അന്നപൂര്‍ണ ദേവി പിതാവിനൊപ്പം


 

അടഞ്ഞുപോവുന്ന നാദങ്ങള്‍
നിര്‍ധനരായ കുട്ടികളെ സൌജന്യമായി സംഗീതം പഠിപ്പിച്ചിരുന്ന ബാബ അല്ലാവുദീന്‍ ഖാന്റെ മാനുഷികതയുടെ നൈര്‍മ്മല്യം ഏറ്റു വളര്‍ന്ന ഇളയ കുട്ടിയാണ് പില്‍ക്കാലത്ത് അന്നപൂര്‍ണ്ണാ ദേവിയെന്നറിയപ്പെട്ട റോഷന്‍ ആരഖാന്‍. തന്റെ വലിയ വീട് കാണാന്‍ പുറത്തു കൊതിയോടെ നോക്കി നിന്ന ഒരു പാവം സ്ത്രീയെ സ്നേഹത്തോടെ കൈ പിടിച്ചു അകത്തു കൊണ്ടു വന്നിരുത്തിയതിന് ശേഷം അവരുടെ കാല്‍ കഴുകാന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്‍ തന്നോട് പറഞ്ഞത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പാഠമാണെന്ന അന്നപൂര്‍ണ്ണയുടെ അഭിപ്രായം ശ്രദ്ധേയമാണ്.

ലോക പ്രശസ്ത സംഗീതജ്ഞനായ അലിഅക്ബര്‍ ഖാനേക്കാള്‍ ഏഴു വയസ്സ് ഇളയ അനിയത്തി. 14 വയസ്സായപ്പോള്‍ മുതല്‍ ലോകപ്രശസ്ത സിതാര്‍ സംഗീതജ്ഞനായ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സംഗീത ലബ്ധിക്കിനിയെന്തു വേണം?

എന്നാല്‍ സംഗീതം സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്ന് കരുതുന്ന നിരവധി യാഥാസ്ഥിതിക കുടുംബങ്ങള്‍ കേരളത്തില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മഹത്തായ സംഗീത പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു പുറത്തു വരുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിന്റെ പേരില്‍ സംഗീതപഠനം നിഷേധിക്കപ്പെടുന്നുണ്ട് എന്നത് അപൂര്‍വ്വമല്ല. സംഗീതം ഒരു സശãബ്ദ പ്രക്രിയയാണ് എന്നതു കൊണ്ടു തന്നെ അത് രഹസ്യമായി പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.

അലാവുദ്ദീന്‍ ഖാനും അലി അക്ബര്‍ ഖാനും പിന്നീട് പണ്ഡിറ്റ് രവിശങ്കറും വിരാജിച്ച കുടുംബത്തില്‍ നിന്ന് ഒരു വിദുഷി, അന്നപൂര്‍ണ്ണയുടെയും അലി അക്ബര്‍ ഖാന്റെയും ചേച്ചി ജഹനാര, സ്വന്തം സംഗീതബോധത്തിന്റെ പേരിലാണ് ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിനിരയായത്. ഭര്‍ത്താവിന്റെ അമ്മ തന്റെ തംബുരുവെടുത്തു ചുട്ടു കരിച്ചപ്പോള്‍ തളര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ അവര്‍ താമസിയാതെ സ്വന്തം അമ്മയുടെ കയ്യില്‍ കിടന്നു മരിച്ചു. ഇത് അലാവുദ്ദീന്‍ ഖാന് ഒരു പാഠമായിരുന്നു.

 

അന്നപൂര്‍ണ ദേവി


 
ഏകലവ്യന് ഒരു പെണ്‍പകര്‍പ്പ്
സ്ത്രീകളുടെ ഭാവി ശോഭനമാകണമെങ്കില്‍ അവര്‍ സംഗീതം അഭ്യസിച്ചു കൂടാ എന്ന നിഗമനത്തിലേക്ക് ആ സാത്വികന്‍ എത്തിച്ചേരുകയും അതിന്റെ തുടര്‍ച്ചയായി അന്നു കുട്ടിയായിരുന്ന അന്നപൂര്‍ണ്ണയെ സംഗീത ശിക്ഷണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്തു. സുര്‍ബാഹറിനും സിത്താറിനും സരോദിനും ഹാര്‍മോണിയത്തിനും ഇടയിലൂടെ മുട്ടിലിഴഞ്ഞു നടന്ന അന്നപൂര്‍ണ്ണയെന്ന രോഷനാര ഖാന് അങ്ങിനെ അതൊക്കെ അപ്രാപ്യമായി.

എന്നാല്‍ ഏകലവ്യന്റെ സ്ത്രീ സാക്ഷാത്ക്കാരമായിരുന്നു അന്നപൂര്‍ണ്ണ. ലോക പ്രശസ്തനായി മാറുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ അലിഅക്ബര്‍ഖാന്‍ പഠിക്കുമ്പോള്‍ പിന്നണിയിലിരുന്ന് വേഗത്തില്‍ അന്നപൂര്‍ണ്ണ ഹൃദിസ്ഥമാക്കുകയും ചേട്ടന്റെ പിഴവുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്തു. അന്നപൂര്‍ണ്ണയുടെ സംഗീതാഭിരുചിയ്ക്കും ജ്ഞാനത്തിനും മുന്നില്‍ അലാവുദ്ദീന് ഒടുവില്‍ തന്റെ നിലപാട് മാറ്റേണ്ടി വന്നു.

അലാവുദ്ദീന്‍ ഖാന്‍ അപ്രകാരം അന്നപൂര്‍ണ്ണയിലേക്ക് സംഗീതം പകര്‍ന്നു നല്‍കുമ്പോള്‍ തന്നെയാണ് ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ കൂടെ നൃത്തച്ചുവടുകളുമായി വന്ന സഹോദരന്‍ രവിശങ്കര്‍ അലാവുദ്ദീന്‍ ഖാന്റെ സിതാര്‍ പഠിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് അലി അക്ബര്‍ഖാന്റെ സരോദിനോടും രവിശങ്കറിന്റെ സിതാറിനോടും ഒപ്പം സിതാറിലും സിതാറിന്റെ ഘന രൂപമായ സുര്‍ബഹാറിലുമായി അന്നപൂര്‍ണ്ണയും 5000 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി സംഗീതസാഗരത്തില്‍ അലകള്‍ തീര്‍ത്തു.

 

പണ്ഡിറ്റ് രവിശങ്കര്‍


 

പണ്ഡിറ്റ് രവിശങ്കര്‍ ചെയ്തത്
14ാം വയസ്സില്‍ രവിശങ്കറിനെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും സുഭേന്ദ്ര ശങ്കറിന് അവര്‍ ജന്മം നല്‍കി. എന്നാല്‍ സുഹ്റ സെഹ്ഗലിന്റെയും കമലയുടെയും സുകന്യയുടെയും ഇടയില്‍ അല്‍പ്പനേരത്തേക്കുള്ള ഇടത്താവളമായിരുന്നു രവിശങ്കറിന് താന്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഹിന്ദുവായ രവിശങ്കറിന് മുസ്ലിമായ രോഷനാരയെ വിവാഹം കഴിച്ചു കൊടുത്ത അലാവുദ്ദീന്‍ ഖാന്‍ ഒരേ സമയം ശാരദാംബയേയും അല്ലാഹുവിനേയും ആരാധിക്കാന്‍ തക്ക വിശാലമനസ്സുള്ള വ്യക്തിത്വമായിരുന്നു. പൌെര്‍ണ്ണമി രാവില്‍ പിറന്നതിനാല്‍ രോഷനാര അന്നപൂര്‍ണ്ണയായി. അന്നപൂര്‍ണ്ണ രവിശങ്കറിനോടും മകനോടും കൂടി മെയ്ഹര്‍ വിട്ട് മുംബൈയില്‍ താമസമാക്കി.

ഇക്കാലയളവില്‍ രവിശങ്കറോടൊപ്പം ചേര്‍ന്ന് നടത്തിയ സംഗീതക്കച്ചേരികളില്‍ പലപ്പോഴും അന്നപൂര്‍ണ്ണ ഭര്‍ത്താവിനേക്കാള്‍ വളരെ മുകളിലാണ് തന്റെ വൈദഗ്ദ്ധ്യം എന്ന് തെളിയിച്ചു. ഇതു ചര്‍ച്ചയാകാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനിയിലെ ശുദ്ധസംഗീത പാരമ്പര്യം കച്ചേരിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന മുടന്തന്‍ ന്യായം അവതരിപ്പിച്ച് തന്റെ പ്രതിഛായയെ രക്ഷിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. അലാവുദ്ദീന്‍ ഖാനിലൂടെ തനിക്ക് പകര്‍ന്നു കിട്ടിയ സേനിയ മെയ്ഹര്‍ ഖരാനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് അന്നപൂര്‍ണ്ണ സുര്‍ബഹാറില്‍ കാലത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആസ്വാദകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിച്ചു.

ആ സംഗീതപ്പെരുമഴയില്‍ തന്റെ സിതാര്‍ വാദനം കുത്തിയൊലിച്ചു പോകുന്നത് അസൂയയോടെ രവിശങ്കര്‍ തിരിച്ചറിഞ്ഞു. കാലത്തിനൊത്ത പരിഷ്കാരിയാവാതെ പഴഞ്ചന്‍ വസ്ത്രധാരണം നടത്തുന്നുവെന്ന വില കുറഞ്ഞ ആരോപണം കൂടി അടിച്ചേല്‍പ്പിച്ചു കൊണ്ട് രവിശങ്കര്‍ ആ മഹാസംഗീതജ്ഞയെ പൊതുവേദിയില്‍ കച്ചേരി നടത്തുന്നതില്‍ നിന്ന് തടഞ്ഞു.

 

അന്നപൂര്‍ണ ദേവി


 

ഒറ്റക്കൊരു സിത്താര്‍
അന്നപൂര്‍ണ്ണയ്ക്ക് വായ്പ്പാട്ടിലും സിതാറിലും സുര്‍ബഹാറിലും അപാരമായ പ്രാവീണ്യം ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ കണ്ണു നട്ടിരുന്ന രവിശങ്കര്‍ സംഗീതം ജനകീയമാക്കുന്നതിന്റെ പേരില്‍ അതിനെ ജനപ്രിയമാക്കുന്നതിന്റെ തിരക്കിലായിരുന്നു. സിതാര്‍ ശുദ്ധസംഗീതവുമായിട്ടുള്ള കച്ചേരിയ്ക്ക് യോജിച്ചതല്ലെന്നും ജനങ്ങള്‍ അന്നപൂര്‍ണ്ണയുടെ ശുദ്ധസംഗീതത്തിന് നേരെ ചീഞ്ഞ തക്കാളിയേറു നടത്തുമെന്നും പറഞ്ഞു കൊണ്ട് സിതാര്‍ കയ്യൊഴിയാനും സുര്‍ബഹാറിലേക്ക് മാത്രമായി ഒതുങ്ങി നില്‍ക്കാനും അന്നപൂര്‍ണ്ണയോട് അദ്ദേഹം ആവശ്യപ്പെട്ടു.

അല്ലാവുദ്ദീന്റെയും രവിശങ്കറിന്റെയും സംഗീതത്തിന്റെ വഴികള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് അന്നപൂര്‍ണ്ണ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാവുദ്ദീന്റെ ശിഷ്യര്‍ സംഗീതാഭ്യാസനത്തിനിടയില്‍ ആനന്ദലഹരിയില്‍ കണ്ണീര്‍വാര്‍ക്കുന്നത് സാധാരണയായിരുന്നുവത്രെ. സംഗീതത്തിനോടുള്ള വൈകാരികവും സൌെന്ദര്യശാസ്ത്രപരവുമായ സമീപനം വ്യക്തിനിഷ്ഠമായിരിക്കണമെന്ന അലാവുദ്ദീന്‍ ഖാന്റെ നിലപാട് എക്കാലവും അന്നപൂര്‍ണ്ണ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

അന്നപൂര്‍ണ്ണയെ തള്ളിക്കളഞ്ഞു കൊണ്ട് രവിശങ്കര്‍ കമലയോടൊപ്പം വിഹരിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലെ വസതിയിലും മെയ്ഹറിലുമായി മാറിമാറിത്താമസിച്ചു കൊണ്ട് തന്നിലേക്ക് തന്നെ സംഗീതത്തെ അന്നപൂര്‍ണ്ണ ഒതുക്കി നിര്‍ത്തി. എല്ലാ പൊതു പരിപാടികളില്‍ നിന്നും അവര്‍ വിട്ടു നിന്നു. സംഗീതത്തിന്റെ ചേരുവകളില്‍ കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്തു കൊണ്ട് രവിശങ്കര്‍ വിദേശത്ത് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ അതില്‍ ആവേശം കൊണ്ട് മകനും അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയി.

1962ല്‍ രവിശങ്കറുമായി അവര്‍ വിവാഹമോചനം നടത്തി. അലാവുദ്ദീന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിച്ച അന്നപൂര്‍ണ്ണ പിന്നീട് 55ാമത്തെ വയസ്സില്‍ തന്നേക്കാള്‍ 13 വയസ്സ് ഇളയതായ രൂഷി കുമാര്‍ പാണ്ഡ്യയെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവാഹം കഴിച്ചു. ഇതിനെ കുറിച്ച് അന്നപൂര്‍ണ്ണ പറയുന്നത് അദ്ദേഹത്തിന്റെ പരിചരണമില്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കയില്ലായിരുന്നെന്നാണ്.

 

അന്നപൂര്‍ണ ദേവി പണ്ഡിറ്റ് രവിശങ്കറിനൊപ്പം


 

പാതിരാവിന്റെ രാഗങ്ങള്‍
1950കളിലാണ് അന്നപൂര്‍ണ്ണ കച്ചേരി നടത്തിയിട്ടുള്ളത്. ആകെ 11 കച്ചേരികള്‍ മാത്രമാണ് ഈ വിശ്വോത്തര കലാകാരി നടത്തിയിട്ടുള്ളത്. അതില്‍ ആറെണ്ണം പൊതുവേദിയില്‍ നടന്നതാണ്. രവിശങ്കറുണ്ടാക്കിയ വിവിധ പ്രശ്നങ്ങളില്‍ മനം നൊന്തു പൊതുവേദികളെയും സ്വകാര്യ വേദികളെയും വിട്ടൊഴിഞ്ഞ് നില്‍ക്കെയാണ് ജ്യേഷ്ഠനും വിശ്രുത കലാകാരനുമായ അലിഅക്ബര്‍ ഖാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. തന്റെ ശബ്ദമോ സംഗീതമോ റെക്കോര്‍ഡ് ചെയ്യപ്പെടരുതെന്നും തന്റെ സംഗീതം ദൈവത്തിനുള്ള അര്‍പ്പണം മാത്രമാണെന്നും നിലപാടുള്ള അന്നപൂര്‍ണ്ണ തന്റെ കച്ചേരി ശബ്ദലേഖനം നടത്തിയ റെക്കോര്‍ഡുകള്‍ ക്ഷോഭത്തോടെ തകര്‍ത്തു കളഞ്ഞു.

വളരെ അപൂര്‍വ്വം പേരേ അവരുടെ കച്ചേരികള്‍ കേട്ടിട്ടുള്ളൂ. അവര്‍ നടത്തിയ സംഗീത സദസ്സുകളുടെ മൂന്നു ശകലങ്ങള്‍ അവരുടെ വ്യക്തിത്വത്തിന്റെ പ്രതിധ്വനിയെന്നോണം യു ട്യൂബില്‍ ലഭ്യമാണ്. വളരെ കുറച്ചു പേരേ അവരുടെ സംഗീതക്കച്ചേരി കേട്ടിട്ടുള്ളൂ. എന്തിന്, വളരെ കുറച്ചു പേരേ അവരെ കണ്ടിട്ടുള്ളൂ.

അതേ സമയം, ഹിന്ദുസ്ഥാനി സംഗീത ലോകത്തെ വിഖ്യാതരായ പലരും അന്നപൂര്‍ണ്ണയുടെ ശിഷ്യരാണ്. അന്നപൂര്‍ണ്ണയെ ‘മാ’ എന്നു വിളിയ്ക്കുന്ന പ്രശസ്ത ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൌരസ്യയും യശശãരീനായ സരോദ് വിദഗ്ദ്ധന്‍ നിഖില്‍ ബാനര്‍ജിയും അന്നപൂര്‍ണ്ണയെ പില്‍ക്കാലത്ത് വിവാഹം കഴിച്ച രൂഷി കുമാര്‍ പാണ്ഡ്യയും അവരില്‍ ചിലര്‍ മാത്രം. ഡാനിയേല്‍ ബ്രാഡ്ലിയെ പോലുള്ള പാശ്ചാത്യ സംഗീതകാരന്മാരും ശിഷ്യഗണത്തില്‍ പെടുന്നു.

പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളിലാണ് അവര്‍ പഠിപ്പിച്ചിരുന്നത്. സൌജന്യമായി പഠിപ്പിച്ചു കൊണ്ട് അച്ഛന്റെ സമ്പ്രദായം അവര്‍ തുടര്‍ന്നു. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന അനിയത്തിയുടെ അടുത്തേയ്ക്ക് മക്കളായ ആശിശ് ഖാനെയും ധ്യാനേശ് ഖാനെയും അലിഅക്ബര്‍ ഖാന്‍ സംഗീതാഭ്യാസനത്തിന് അയച്ചു. അല്ലാവുദ്ദീന്‍ ഖാന്‍ സംഗീതാഭ്യസനം നടത്തുന്ന കാലത്തും അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യരേറെയുണ്ടായതിന് മറ്റൊരു കാരണം കൂടിയുണ്ട്. അല്ലാവുദ്ദീന്റെ കാര്‍ക്കശ്യത്തെയും മുന്‍കോപത്തെയും സംഗീതം പഠിക്കാന്‍ വരുന്നവര്‍ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയെയും ഉസ്താദ് ബഹദൂര്‍ഖാനെയും പോലുള്ളവര്‍ അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യപ്പെടുന്നത്.

മറ്റൊരു കഥ കൂടിയുണ്ട്. രവിശങ്കര്‍ സംഗീതം പഠിക്കാന്‍ വീഴ്ച വരുത്തുന്നതു കണ്ടപ്പോള്‍ അന്നപൂര്‍ണ്ണയുടെ അടുത്തു നിന്ന് പഠിക്കാന്‍ അദ്ദേഹം അക്ഷമനായി പറഞ്ഞുവത്രെ. ഇതും അന്നപൂര്‍ണ്ണ രവിശങ്കറുമായിട്ട് ഒന്നിച്ച് സംഗീതവേദികള്‍ പങ്കെടുക്കുന്നതിന് തടസ്സമായി.

 

അന്നപൂര്‍ണ ദേവി


 

മുറിക്കുള്ളില്‍ ഒരു നദി
ഇന്ന് അന്നപൂര്‍ണ്ണാദേവിയ്ക്ക് 85 വയസ്സ്.മുംബൈയിലെ അംബര ചുംബിയായ ഒരു ഫ്ളാറ്റിലെ ആറാം നിലയില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ ഈ മഹാകലാകാരി തന്റെ നിഴലുമായി കഴിഞ്ഞു കൂടുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ.പല്ലുകള്‍ ഡോക്ടറെ കാണിക്കാന്‍ മാത്രമായിരുന്നു അത്. അവരുടെ ഫ്ളാറ്റിന്റെ മുന്‍വശത്ത് അന്നപൂര്‍ണ്ണ എന്ന പേര് തൂക്കിയതിനടുത്ത് മറ്റൊരു ഫലകം തൂക്കിയിട്ടുണ്ട്. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:

1. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വാതില്‍ തുറക്കുന്നതല്ല.
2. മൂന്നു തവണ മാത്രം കോളിംഗ് ബെല്‍ അമര്‍ത്തുക.
3. എന്നിട്ടും ആരും വാതില്‍ തുറന്നില്ലെങ്കില്‍ പേരും വിലാസവും എഴുതി വെച്ചിട്ടു പോകുക. നന്ദി. അസൌെകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.

എന്നിട്ടും ലോകം കാണാത്ത, വീടുവിട്ടിറങ്ങാത്ത ഈ മഹാപ്രതിഭയെത്തേടി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനകീയ അംഗീകാരമായ പത്മഭൂഷണ്‍ 1977ലും കലാരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ സംഗീത നാടക അക്കാദമി അവാര്‍ഡ് 1991ലും വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി 1999ലും തേടിയെത്തി. 2004ല്‍ സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം നല്‍കി. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടി അവര്‍ തന്റെ വാതില്‍ തുറന്നില്ല.

തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നതു പോലെ അന്നപൂര്‍ണ്ണയുടെ ആത്മകഥയുടെ സംക്ഷിപ്താവിഷ്കരണമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. സര്‍ഗ്ഗ വൈഭവമുള്ളവര്‍ പല തരത്തില്‍ നിശãബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, ജീവിച്ചിരിക്കുന്ന അന്നപൂര്‍ണ്ണയെ പോലുള്ളവര്‍ സംഗീതവിഹായസ്സില്‍ ഏറ്റവും ഉജ്ജ്വലമായ താരപ്രഭയെ എപ്രകാരം മറച്ചു പിടിക്കുന്നു എന്നതിലേക്കു ശ്രദ്ധ തിരിച്ചു വിടാനും അതിന്റെ കാരണങ്ങളിലേക്ക് ഒന്നെത്തിനോക്കാനുമുള്ള ശ്രമം മാത്രമാണിത്.

 

സുര്‍ബാഹര്‍


 

മൌനത്തിന്റെ രാഷ്ട്രീയം
അന്നപൂര്‍ണ്ണ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായിരുന്നുവോ എന്ന വിഷയം സംവാദാത്മകമാണ്. സായിബാബ എന്ന ആള്‍ദൈവത്തിന്റെ സന്ദര്‍ശനാഭ്യര്‍ത്ഥന നിഷേധിക്കുകയും സംഗീതം ഈശ്വരാര്‍ച്ചനയാണെന്ന് വാദിക്കുകയും ചെയ്ത നിലപാടിന് താരതമ്യേന ഗുണപരമായ വശങ്ങളാണുള്ളത്. അതേ സമയം, സാമ്രാജ്യത്വം അതിന്റെ മുഖഛായയില്‍ ലോകത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമായി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമവകാശപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സുകളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത് ഗുണപരമായിട്ടല്ല, മറിച്ച് വിനാശകരമായിട്ടാണ്. സംഗീതവേദികളില്‍ അണിഞ്ഞൊരുങ്ങി വരുന്നത് സംഗീതപരിപാടിയുടെ അവിഭാജ്യഘടകമാകുന്നതു വരെ മാത്രമേ അംഗീകരിക്കാനാവൂ. ഫ്യൂഷന്‍ സംഗീതം ഇന്ത്യന്‍ സംഗീതത്തിന് എന്നല്ല സംഗീത സംസ്കാരത്തിന് ഗുണം ചെയ്യുകയില്ല. പാശ്ചാത്യലോകത്ത് നിന്ന് കടം കൊണ്ട വയലിനും ഗിത്താറും പോലുള്ള ഉപകരണങ്ങള്‍ പോലും വിധേയമായി പ്രവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സംഗീതത്തിന് ഗുണപരമായ പരീക്ഷണമായത്.

രവിശങ്കര്‍ അന്നപൂര്‍ണ്ണയുടെ വസ്ത്രധാരണത്തെയും ശുദ്ധസംഗീതത്തെയും എതിര്‍ത്തതിന് കാരണം വ്യക്തിപരമായ അസൂയ മാത്രമല്ല. സംഗീതവും സാര്‍വ്വദേശീയ തലത്തില്‍ കമ്പോളവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യവസായമായി മാറിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ വിദഗ്ദ്ധനായ വക്താവായിരുന്നു രവിശങ്കര്‍. അതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം അന്നപൂര്‍ണ്ണയോട് ആകര്‍ഷണീയമായ നൂതന വേഷഭൂഷാദികള്‍ കൈക്കൊള്ളാനും ശുദ്ധസംഗീതത്തെ കയ്യൊഴിയാനും ആവശ്യപ്പെട്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചന്തക്കച്ചേരിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ സിത്താര്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ അതുപേക്ഷിക്കാനും സുര്‍ബഹാറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഏറ്റവും കഠിന രൂപമായ ധ്രുപദ് ശൈലിയുമായി സ്വയം ആസ്വദിച്ചിരിക്കാനും കൂടി അദ്ദേഹം അന്നപൂര്‍ണ്ണയോട് പറഞ്ഞു.

ഈയൊരു ഘട്ടത്തില്‍ അന്നപൂര്‍ണ്ണയ്ക്ക് ഒറ്റയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? പ്രശസ്തിയുടെ പളപളപ്പില്‍ അന്നപൂര്‍ണ്ണയെ ഒറ്റയ്ക്കാക്കി മകന്‍ സുഭേന്ദ്ര അച്ഛനോടൊപ്പം പോയി. തീര്‍ച്ചയായും സുബ്ഹേന്ദ്രയ്ക്കോ രവിശങ്കറിന്റെ സദാ സമയം കച്ചേരികളില്‍ കൂടെയുള്ള മറ്റൊരു ഭാര്യയിലെ മകളായ അനൂക്ഷയ്ക്കും അന്നപൂര്‍ണ്ണയുടെ ഏഴയല്‍പക്കത്തു വരാനുള്ള സംഗീതബോധം ഉണ്ടായില്ല എന്നുള്ള കാര്യം സ്വാഭാവികമാണല്ലോ.

മല്‍സരത്തിന്റേതായ സംഗീതലോകത്ത് പൊതുവേദികളില്‍ താനെന്തിനാണ് കച്ചേരി നടത്തുന്നത് എന്നൊരിക്കല്‍ അന്നപൂര്‍ണ്ണ ചോദിച്ചു. (അന്നപൂര്‍ണ്ണയുമായി നടന്ന അപൂര്‍വ്വം അഭിമുഖസംഭാഷണങ്ങളിലൂടെയാണ് അവരുടെ അഭിപ്രായങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.) താരശോഭ കൊണ്ട് ഏവര്‍ക്കും സുപരിചിതമായ പേരുകളാണ് സിതാറില്‍ രവിശങ്കറിന്റേയും സരോദില്‍ അംജദ് അലിഖാന്റെയും. എന്നാല്‍ അവരേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രശസ്തരായ വിലായത്ഖാനും അലിഅക്ബര്‍ഖാനും ഇവരേക്കാള്‍ കേമന്മാരാണ് എന്നുള്ള വാദങ്ങള്‍ പല മാധ്യമങ്ങളിലേയും സംഗീത നിരൂപകര്‍ മുതല്‍ ലേഖകന്റെ ഹിന്ദുസ്ഥാനി പ്രിയരായ സുഹൃത്തുക്കള്‍ വരെ ഉയര്‍ത്തി കേട്ടിട്ടുണ്ട്.

മറ്റെല്ലാ രംഗങ്ങളിലെയും പോലെകൂടുതല്‍ ജനപ്രിയനാകാനുള്ള മല്‍സരം സംഗീതരംഗത്തും ഹീനമായ രീതിയില്‍ തുടരുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു നിലപാട് ശുദ്ധസംഗീതത്തിന്റെ പേരില്‍ അന്നപൂര്‍ണ്ണ കൈക്കൊണ്ടാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും? മാത്രമല്ല, നമ്മുടെ സമകാലീനരായ മറ്റു സംഗീതജ്ഞരുടെ വാചകമടിയില്‍ നിന്ന് വ്യത്യസ്തമായി സംഗീതം ഈശ്വരാര്‍ച്ചനയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ അവര്‍ തെളിയിച്ചു കാണിക്കുകയായിരുന്നു ചെയ്തത്.

 

അന്നപൂര്‍ണ ദേവി


 

കരിയറിസത്തിന് ചില മറുപടികള്‍
കുടുംബ ജീവിതത്തില്‍ വന്ന തകര്‍ച്ച അവരെ എല്ലാ മേഖലകളിലും നിന്ന് മാനസികമായി പിന്നോട്ടടിപ്പിച്ചു എന്നത് ശരിയാണ്. അതിനെ തരണം ചെയ്ത് മുന്നോട്ടു വന്നു കൊണ്ട് ജനങ്ങള്‍ക്ക് അന്നപൂര്‍ണ്ണ തന്റെ മഹത്തായ സംഗീതസമ്പത്ത് പകര്‍ന്നു നല്‍കണമെന്ന് ലേഖകനും മറ്റെല്ലാവരെയും പോലെ ആഗ്രഹിക്കുകയും വാര്‍ദ്ധക്യം കൊണ്ട് വിറയാര്‍ന്നതായാല്‍ പോലും അവരുടെ കരങ്ങളിലൂടെ സുര്‍ബഹാര്‍ സംഗീതം പൊഴിയ്ക്കുന്നത് കാണാന്‍ കൊതിച്ചിരിക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനുള്ള വേദി ആരാണ്, എപ്രകാരമാണ് ഒരുക്കാന്‍ കഴിയുക?

സദസ്യരുടെ അഭിരുചിയ്ക്ക് വേണ്ടി സംഗീതത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്ന പ്രസ്താവന അന്നപൂര്‍ണ്ണ നടത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യന്‍ സംഗീത വിദ്വാനും കേരളീയ സംഗീതപ്രേമികള്‍ക്ക് സുപരിചിതനുമായ എം ഡി രാമനാഥന്‍ പറഞ്ഞിട്ടുള്ളതാണ്. ഭാരതീയ സംഗീതത്തിന്റെ ഔന്നത്യങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ബോധത്തെ എത്തിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു പിടിയ്ക്കുകയായിരുന്നില്ല ഈ പ്രഗത്ഭമതികള്‍ ചെയ്തത്. മറിച്ച്, പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നിലവിലുള്ള പ്രാദേശികവും സാമൂഹികവും സാംസ്കാരികവും മതപരവുമടക്കമുള്ള സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ട് നടത്തുന്ന ഹീനമായ മായം ചേര്‍ക്കലുകളെയാണ് അവര്‍ എതിര്‍ത്തത്.

ഇത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്. ആഗോളീകരണത്തിന്റെ ലോകത്ത് ഉദാരീകരണത്തിന്റെയും നവ കോളനീകരണത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു വിധേയമായിട്ടുള്ള രാജ്യാന്തര മൂലധനപ്രക്രിയകള്‍ സംസ്കാരത്തെയും കമ്പോളവുമായി ബന്ധപ്പെടുത്തുമ്പോള്‍, സംഗീതജ്ഞരും കരിയറിസ്ററുകളായി അധ:പതിക്കുമ്പോള്‍, കമ്പോളാധിഷ്ഠിത സംസ്കാരം സംഗീതമേഖലയിലേക്ക് അലയടിച്ചു കയറുമ്പോള്‍, ബദല്‍ സാംസ്കാരിക സംഘടിത ജനകീയ മുന്നേറ്റങ്ങളുടെ അഭാവത്തില്‍ അന്നപൂര്‍ണ്ണയും എം ഡി രാമനാഥനും അത്തരമൊരു നിലപാടെടുത്തതിന് ഒരു ചെറുത്തുനില്‍പ്പിന്റെ ഭാവം കൈവരുന്നില്ലേ?

 

അന്നപൂര്‍ണ ദേവി


 

നിശ്ശബ്ദതയുടെ പെണ്‍വഴികള്‍
ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ സ്ത്രീകളായ എഴുത്തുകാരില്‍ വിശേഷിച്ച് കവയിത്രികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യാപ്രവണതയുടെയും ആധിക്യം കണക്കുകളെടുത്തു കൊണ്ട് ചൂണ്ടിക്കാണിക്കുകയും മരിക്കുന്നത് ഒരു കലയാണെന്ന് പ്രഖ്യാപിച്ച സില്‍വിയ പ്ലാത്തിന്റെ പേരുമായി ബന്ധപ്പെടുത്തി സില്‍വിയാ പ്ലാത്ത് ഇഫക്ട് ആയി ഇത്തരം മനോഭാവങ്ങളെ ഒതുക്കുകയും ചെയ്തിരിക്കയാണ് മനശãാസ്ത്രജ്ഞര്‍. തീര്‍ച്ചയായും ഇതില്‍ ശാസ്ത്രീയതയുള്ളപ്പോള്‍ തന്നെ എന്തു കൊണ്ട് സ്ത്രീകളില്‍ അത് പ്രകടമാകുന്നുവെന്നതിന്റെ കാരണം സമൂര്‍ത്തമായ വര്‍ത്തമാന സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ മനശãസ്ത്രമേഖലയും സാമൂഹിക സാഹചര്യങ്ങളും സമഗ്രമായി പരിശോധിച്ചു കൊണ്ടു വേണം ഇതിന് പരിഹാരം കാണേണ്ടത്. അന്നപൂര്‍ണ്ണയുടെ ഏകാന്തവാസവും ഇതിലേക്കുള്ള ചൂണ്ടു പലകയാണ്.

ഇനിയും ജീവിച്ചിരുന്നാല്‍ താന്‍ കഥകള്‍ ഇനിയും എഴുതുമെന്നും അതു കൊണ്ട് താന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ രാജലക്ഷ്മി ജീവത്യാഗം ചെയ്തത്. താന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവര്‍ക്കും അവരുടെ സമ്പ്രദായങ്ങള്‍ക്കും ബുദ്ധിമുട്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പൊതുലോകം വെടിയുന്നതെന്ന് അന്നപൂര്‍ണ്ണയും പറഞ്ഞിട്ടുണ്ട്. (അലി അക്ബര്‍ ഖാന്‍ ഒരു തവണ പോലും അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ സരോദ് പൊതുവേദിയില്‍ വായിച്ചിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്ന വിവരമാണ്. അന്നപൂര്‍ണ്ണ നടത്തിയ ഒടുവിലത്തെ കച്ചേരി അലി അക്ബര്‍ ഖാന്റെ അപേക്ഷ പ്രകാരമായിരുന്നു എന്നിരിക്കെ, കുട്ടിക്കാലത്ത് ഇടയ്ക്കൊക്കെ തന്നെയും പില്‍ക്കാലത്ത് തന്റെ കുട്ടികളെ രണ്ടു പേരെയും പഠിപ്പിച്ച സ്വന്തം അനിയത്തിയോടൊപ്പം ഒരു സംഗീതസദസ്സ് പങ്കിടുന്നത് സംഗീതപ്രേമികളുടെ ചിരകാല മോഹമെന്നിരിക്കെ, ആ വേദിയിലെങ്കിലും അലി അക്ബര്‍ ഖാന്‍ അത്തരമൊരു ഉദ്യമത്തിന് മുതിരാതിരുന്നത് അന്നപൂര്‍ണ്ണയുടെ മുന്നില്‍ തന്റെ പെരുമയ്ക്ക് കോട്ടം തട്ടുമോ എന്ന ഭയത്താലാണോ എന്ന് സംശയിത്തെ ചെറുതായിട്ടെങ്കിലും ജനിപ്പിക്കുന്നുണ്ട്. അലി അക്ബര്‍ ഖാന്റെ അപാരമായ പാണ്ഡിത്യത്തിന് മുന്നില്‍ തല കുനിച്ചു കൊണ്ടു തന്നെ ഈ വളരേ നേരിയ സംശയം ഉന്നയിച്ചു പോയതായി മാത്രം കാണുക.)

 

 
രവിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം സിതാര്‍ കൈവെടിഞ്ഞ് സുര്‍ബഹാറിലേക്ക് മാറിയത് തന്റെ കീഴടങ്ങലായിട്ടാണ് അന്നപൂര്‍ണ്ണ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അത്തരം കീഴടങ്ങലുകള്‍ നിരവധി കുടുംബങ്ങളിലെ സ്ത്രീകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ നടത്തുന്നുണ്ട്. അന്നപൂര്‍ണ്ണ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അഭിമുഖീകരിച്ചു ദശാബ്ദങ്ങള്‍ പിന്നിട്ടതിന് ശേഷം നടത്തിയ ഒരു അഭിപ്രായ പ്രകടനം സംഗീതലോകത്തിനപ്പുറത്ത് സ്ത്രീകളുടെ സാമൂഹിക, കുടുംബ യാഥാര്‍ത്ഥ്യങ്ങളെ അവരുടെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതാണ്:

“തന്റെ വിശ്വാസങ്ങള്‍ക്കായി നില കൊള്ളുകയും സ്ത്രീകളുടെ ഉന്നതിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന സ്ത്രീകളോട് എനിക്ക് വളരെ ബഹുമാനമാണ്. വിവാഹവും സ്ത്രീകളുടെ പ്രൊഫഷനും ഒന്നിച്ചു പോകില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തുകയും അസൂയ ഒഴിവാക്കുകയും ചെയ്താല്‍ ഇരുവരുടെയും പ്രൊഫഷനുകള്‍ മെച്ചപ്പെടുകയും അവരുടെ ദാമ്പത്യം സന്തോഷകരമായിരിക്കുകയും ചെയ്യും.”

 
 
 

വരവായി, നാടകവണ്ടികള്‍

കാണികളില്ലാതെ കുഴങ്ങുന്ന പരീക്ഷണ നാടകവേദി മറ്റൊരു പരീക്ഷണത്തിനൊരുങ്ങുന്നു. കാണികളെത്തേടി ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍. അവയിലൊരു സംഘം ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍നിന്ന് നാടക യാത്രക്ക് തുടക്കം കുറിക്കുന്നു^ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിനയ നാടകകേന്ദ്രത്തിന്റെ ‘സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍’. മറ്റൊരു നാടക യാത്ര കടലോര ഗ്രാമങ്ങളിലേക്കാണ്. തീരദേശത്തെ പെണ്‍ജീവിതത്തിന്റെ തീച്ചൂട് അരങ്ങിലെത്തിച്ച ‘മല്‍സ്യഗന്ധി’ എന്ന നാടകം യാത്ര പുറപ്പെട്ടു കഴിഞ്ഞു. കാണികളെത്തിരഞ്ഞു പോവുന്ന ഈ നാടകയാത്രകളെക്കുറിച്ച് രേണുരാമനാഥ് എഴുതുന്നു

 

 

കാണികളുടെ അഭാവവമാണ് പലപ്പോഴും പരീക്ഷണ നാടകവേദി നേരിടുന്ന മുഖ്യപ്രതിസന്ധികളിലൊന്നായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കാഴ്ചക്കാരില്ലാത്ത കലാരൂപത്തിന് സാമ്പത്തിക പിന്തുണ നേടിയെടുക്കലും എളുപ്പമല്ലല്ലോ.

എന്തുകൊണ്ടാണ് കാണികളില്ലാത്തത്? കാണികള്‍ എവിടെപ്പോവുന്നു? ഇതിനുകാരണക്കാര്‍ ദൃശ്യമാധ്യമങ്ങളാണോ? സിനിമയാണോ? അതോ കമേഴ്സ്യല്‍ നാടകവേദിയാണോ, തുടങ്ങിയ ചര്‍ച്ചകള്‍ എമ്പാടും നടക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് 2010ല്‍ തിരുവനന്തപുരത്തെ ‘അഭിനയ നാടകകേന്ദ്രം’ നാടകത്തെ എന്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ എത്തിച്ചു കൂടാ എന്ന ചിന്തയുമായി പുതിയൊരു പദ്ധതി നടപ്പിലാക്കാന്‍ തുനിഞ്ഞത്. ഗൌരവകരമായ നാടകപ്രവര്‍ത്തനങ്ങള്‍ പൊതുവേ നഗരകേന്ദ്രീകൃതമാകുന്ന പ്രവണത ഈയടുത്ത കാലത്ത് വര്‍ധിച്ചുവരികയാണല്ലോ. പ്രത്യേകിച്ച് മെട്രോനഗരങ്ങളില്‍. ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്കിലും ചെറിയതോതില്‍ നടക്കുന്നില്ലെന്നല്ല. സാധാരണ ഗതിയില്‍, പൊതുവേ പ്രധാനപ്പെട്ട നാടകസംഘങ്ങള്‍ക്കേ മെട്രോനഗരങ്ങളിലെയോ വിദേശങ്ങളിലെയോ വേദികളില്‍ നാടകമവതരിപ്പിക്കാന്‍ അവസരം കിട്ടാറുളളൂ.

 

 

അഭിനയ സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍
ഈ ചിന്തയില്‍നിന്നാണ് ‘അഭിനയ സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍’ എന്ന ആശയം ഉടലെടുക്കുന്നത്. സാധാരണ ഗതിയില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ തൃശൂരോ നടക്കുന്ന നാടകങ്ങള്‍ കാണാന്‍ പറ്റാത്ത പ്രേക്ഷക സമൂഹത്തിന് മുന്നിലേക്ക് നാടകങ്ങളെ കൊണ്ടുചെന്നെത്തിക്കുകയെന്ന ദൌത്യമാണ് ‘അഭിനയ’ ഏറെറടുത്തത്.
2010ല്‍ ആരംഭിച്ച ഈ സഞ്ചരിക്കുന്ന നാടകോല്‍സവം ഇക്കുറി മൂന്നാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്. സാമ്പത്തികവും സംഘടനാപരവുമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണെങ്കിലും അഭിനയ ഈ വര്‍ഷവും സഞ്ചരിക്കുന്ന നാടകോല്‍സവത്തിനു തയ്യാറെടുക്കുക തന്നെയാണ്.

എം.ജി ജ്യോതിഷ് സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ, സുഖറാം ബൈന്‍ഡര്‍, ടി രഘുത്തമന്‍ സംവിധാനം ചെയ്ത പാലങ്ങള്‍ എന്നീ മൂന്ന് നാടകങ്ങളുമായാണ് 2010ല്‍ ആദ്യത്തെ സഞ്ചരിക്കുന്ന നാടകോല്‍സവം ആരംഭിക്കുന്നത്. തമിഴ് നടന്‍ നാസര്‍ എറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത നാടകോല്‍സവം അവിടന്ന് കൊച്ചി, കോഴിക്കോട്, തൃശൂര്‍, പയ്യന്നൂര്‍, കാസര്‍കോഡ്, കൊല്ലം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്ത് സമാപിച്ചു. മെയ്11 മുതല്‍ ജൂണ്‍ എഴ് വരെയായിരുന്നു പര്യടനം.

2011ല്‍ മാക്ബത്ത്, യൂജിന്‍ അയനസ്കോയുടെ ദി ലെസന്‍, ഭഗവദജ്ജുഗീയം, എന്നീ നാടകങ്ങളാണ് ഏപ്രില്‍ 28 മുതല്‍ മുതല്‍ ജൂണ്‍ ഒമ്പതുവരെ നീണ്ടുനിന്ന നാടക പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പശുപതിയും പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയും ചേര്‍ന്ന് കോഴിക്കോട് വെച്ച് ഉദ്ഘാടനം ചെയ്ത രണ്ടാം നാടകോല്‍സവം എട്ടു കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കട്ടപ്പന, പാലക്കാട്, മൂവാറ്റുപുഴ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ.

അഭിനയയുടെ സ്ഥാപകന്‍ സി. രഘുത്തമന്‍ ചൂണ്ടിക്കാട്ടിയതു പോലെ തിരുവനന്തപുരം ജില്ലയില്‍ 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന അഭിനയയുടെ ഒരു നാടകം തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് അവതരിപ്പിക്കപ്പെടുന്നത് 2010ല്‍ ആയിരുന്നു. ഗ്രീസിലും പാരീസിലുമൊക്കെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും.

 

‘പച്ച’

 

 

ഇന്‍വിസിബിള്‍ സിറ്റീസ് റിഹേഴ്സലിനിടെ

 

 

ശുദ്ധമദ്ദളം

 

കാണുക, ഇന്നു മുതല്‍
മൂന്നാം ‘അഭിനയ സമ്മര്‍ ഫെസ്റ്റിവല്‍’ ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍നിന്ന് ആരംഭിക്കും. ഇക്കുറിയും മൂന്ന് നാടകങ്ങളാണുള്ളത്. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പരിശീലനം നേടിയ യുവ സംവിധാായകന്‍ ഫിറോസ് ഖാന്‍ സംവിധാനം ചെയ്യുന്ന ഇറ്റാലോ കാല്‍വിനോയുടെ നോവലിനെ ആധാരമാക്കിയ ‘ഇന്‍വിസിബിള്‍ സിറ്റീസ്’, പി.ജി സുര്‍ജിത് സംവിധാനം ചെയ്യുന്ന ‘പച്ച’ എന്നീ നാടകങ്ങള്‍ക്കു പുറമേ, ഇക്കൊല്ലം ആദ്യമായി മറ്റൊരു തിയറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് അവരുടെ ഒരു നാടകം കൂടി അഭിനയ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മുതിര്‍ന്ന നാടകപ്രവര്‍ത്തകനായ പി.ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന ‘തിയറ്റര്‍ ഇനീഷ്യേറ്റീവ് കേരള അവതരിപ്പിക്കുന്ന എന്‍.എന്‍ പിളളയുടെ ‘ശുദ്ധമദ്ദളം’ ആണിത്. യുവനാടകപ്രവര്‍ത്തകരായ രാജേഷ് ശര്‍മ്മയും അമല്‍രാജും ചേര്‍ന്നാണ് ‘ശുദ്ധമദ്ദളം’ അവതരിപ്പിക്കുന്നത്.

പ്രദേശിക സംഘാടകരുടെ സഹകരണത്തോടെയാണ് സാധാരണ അഭിനയ ഈ നാടകപര്യടനം സംഘടിപ്പിക്കുന്നത്. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും നിന്ന്, നാട്ടിന്‍പുറങ്ങളിലേക്കുകൂടി തിയറ്ററിന്റെ സന്ദേശമെത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇക്കുറി മാനന്തവാടിയിലും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും തൃശൂര്‍ ജില്ലയില്‍ മാളക്കടുത്ത വടമയെന്ന ഗ്രാമത്തിലും ഒക്കെ ‘അഭിനയ’യുടെ അരങ്ങുകള്‍ ഉയരുന്നത്. മാനന്തവാടിയില്‍നിന്ന് ഏപ്രില്‍ 28നാരംഭിക്കുന്ന നാടകപര്യടനം പേരാമ്പ്ര, പൊന്നാനി, എറണാകുളം, കട്ടപ്പന, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് ഇക്കുറി എത്തിച്ചേരുന്നത്.

വേദികള്‍
മാനന്തവാടി കമ്യൂണിറ്റി ഹാളില്‍ ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് നാടകങ്ങള്‍ അരങ്ങേറും. മെയ് ഒന്നിന് പേരാമ്പ്ര എ.യു.പി സ്കൂള്‍ ഗ്രൌണ്ടില്‍ രണ്ടു നാടകങ്ങളും മെയ് നാല്, അഞ്ച്, ആറ് തീയതികളില്‍ പൊന്നാനിയില്‍ മൂന്ന് നാടകങ്ങളും അരങ്ങേറും.
എറണാകുളം ടൌണ്‍ ഹാളില്‍ മെയ് എട്ട്, ഒമ്പത്, പത്ത് തീയതികളിലും മാളക്കടുത്ത വടമയില്‍ മെയ് 11,12,13 തീയതികളിലും മൂന്ന് നാടകങ്ങള്‍ അവതരിപ്പിക്കും. മെയ് 14,15,16 തീയതികളിലാണ് കട്ടപ്പന ടൌണ്‍ഹാളിലെ നാടകാവതരണം. കൊല്ലം പബ്ലിക് ലൈബ്രറിയില്‍ മെയ് 18,19,20 തീയതികളിലും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ മെയ് 25,26,27 തീയതികളിലും മൂന്ന് നാടകങ്ങള്‍ വീതം അരങ്ങേറും. ദിവസവും വൈകിട്ട് ഏഴുമണിക്കായിരിക്കും അവതരണം.

 

 

‘മല്‍സ്യഗന്ധി’
വളരെ ശ്രദ്ധേയമായൊരു നാടകപര്യടനം ഇതിനിടയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടക്കുന്നുണ്ട്. പ്രശസ്ത നാടകപ്രവര്‍ത്തക സജിത മഠത്തില്‍ എഴുതി സ്വയം അവതരിപ്പിച്ച ഏകാംഗനാടകമാണ് ‘മല്‍സ്യഗന്ധി’. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗില്‍നടന്ന ലോക ഭൌമ ഉച്ചകോടിയില്‍ അവതരിപ്പിക്കാന്‍ രചിച്ചതായിരുന്നു ഈ നാടകം. മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിതകഥ പറയുന്ന ഈ ഏകാംഗാവതരണം പക്ഷേ, യഥാര്‍ത്ഥ മല്‍സ്യ തൊഴിലാളികള്‍ക്കു മുന്നിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സന്നദ്ധ സംഘടനയായ ട്രിവാന്‍ഡ്രം സര്‍വീസ് സൊസൈറ്റി ‘മല്‍സ്യഗന്ധി’യുടെ രംഗാവതരണത്തിന് പിന്തുണ നല്‍കാന്‍ തയ്യാറായത്. ശൈലജ പി. അമ്പു അവതരിപ്പിക്കുന്ന മല്‍സ്യഗന്ധി ഈ മാസം 23ന് അഞ്ചുതെങ്ങിലാണ് ആദ്യമായി അരങ്ങേറിയത്. തുറന്ന വേദിയില്‍ മഴക്കോളിന്റെ മുന്നില്‍ നടത്തിയ ഈ നാടകാവതരണം തികഞ്ഞ ആഘോഷത്തോടെയാണ് മല്‍സ്യത്തൊഴിലാളികളായ പ്രേക്ഷകര്‍ സ്വീകരിച്ചതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഞ്ചുതെങ്ങിനുശേഷം പുതുക്കുറിച്ചിക്കു സമീപമുള്ള മരിയനാട് (എപ്രില്‍ 24), തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധിപാര്‍ക്ക് (ഏപ്രില്‍ 26) ശംഖുമുഖം ബീച്ച് (ഏപ്രില്‍ 28), എന്നിവിടങ്ങളില്‍ അവതരിപ്പിച്ച ശേഷം ഏപ്രില്‍ 29ന് തമിഴ്നാട് അതിര്‍ത്തിക്കു സമീപം തുരൂരിനടുത്തുളള ചിന്ന തുറൈയില്‍ പര്യടനം സമാപിക്കും.
ടി.വി ആര്‍ട് കണ്‍സേണ്‍സിന്റെ സഹകരണത്തോടെയാണ് നാടകപര്യടനം സംഘടിപ്പിക്കുന്നത്.

 

‘മല്‍സ്യഗന്ധി’

 

 

മല്‍സ്യഗന്ധി അവതരണത്തിനുശേഷം ശൈലജ. പി. അമ്പു കാണികള്‍ക്കൊപ്പം

 

 

 

കല കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

കലാ ചരിത്രത്തിന്റെ ഏതോ ഇടത്തുവെച്ച് നിശ്ശബ്ദമായ ചെന്നൈയിലേക്ക് സമകാലീന കലയുടെ കാറ്റും വെളിച്ചവും എത്തിക്കുന്ന ആര്‍ട്ട് ചെന്നൈ 2012 എന്ന സംരംഭത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും രേണു രാമനാഥ് എഴുതുന്നു. ഒപ്പം, കുട്ടികളുടെ പ്രിയപ്പെട്ട ‘ഡുംഡും മാമന്‍’ മനുജോസിന്റെ മുന്‍കൈയില്‍ നടക്കുന്ന ‘മരുതം’ അവധിക്കാല കൂട്ടുചേരലിനെക്കുറിച്ചും പറയുന്നു

 

 

സമകാലീന കലയുടെ ഇന്ത്യന്‍ മാപ്പില്‍ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല, ചെന്നൈ നഗരം. മുംബൈയിലോ ദല്‍ഹിയിലോ ബംഗളുരുവിലോ കൊല്‍ക്കത്തയിലോ പോലും നടക്കുന്ന സമകാലീന കലാലോക ചലനങ്ങള്‍ ചെന്നൈ നഗരത്തെ കാര്യമായൊന്നും ബാധിച്ചിട്ടില്ല. രംഗകലകളില്‍ തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ കടുംവഴക്കങ്ങള്‍ ദൃശ്യകലകളിലും ഇവിടെ പിടിവിടാതെ നില്‍ക്കുകയാണ്.

തീര്‍ച്ചയായും പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെ.സി.എസ് പണിക്കരുടെ കര്‍മ ഭൂമിയായതും ‘മദ്രാസ് സ്കൂള്‍’ എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിന് ജന്‍മം കൊടുത്തതും ഇന്ത്യയിലെ ആദ്യ കലാകാരഗ്രാമം എന്ന പരീക്ഷണത്തിനു വേദിയായായതും ഒക്കെ ഈ നഗരമാണ്. എന്നാല്‍, ഇതിനു തുടര്‍ച്ചയുണ്ടായില്ല. ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ നിശ്ചലമായതാണ് ചെന്നൈയുടെ കലാലോകം എന്നും വേണമെങ്കില്‍ പറയാം.

ആര്‍ട് ഗാലറികള്‍ വിരലിലെണ്ണാവുന്നവ മാത്രം. കലാകാരഗ്രാമമായ ചോഴമണ്ഡലിലെ വീടുകള്‍ പോലും ഏറെക്കൂറെ വാടകക്കു കൊടുക്കപ്പെടുന്നു. അല്ലെങ്കില്‍ ബാംഗ്ലൂരിലോ മുംബൈയിലോ സ്ഥിര താമസമാക്കിയ ഉടമസ്ഥരുടെ അവധിക്കാല വസതികളായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച’ ആര്‍ട് ചെന്നൈ’ ആരംഭിക്കുന്നത്. മദിരാശി പട്ടണത്തിലേക്ക് സമകാലീന കലയുടെ കാറ്റും വെളിച്ചവും കടത്തുവാനുള്ള സംരംഭം. എന്നാല്‍, ‘ആര്‍ട്ട് ചെന്നൈ’ ഒരു സാധാരണ ആര്‍ട്ട് ഫെയറല്ല.

ഇതിന്റെ മുഖ്യസംഘാടകനായ സഞ്ജയ് തുള്‍സിയാന്‍ അക്കാര്യം വ്യക്തമാക്കുന്നു: ആര്‍ട്ട് ഫെയറിന്റെ പ്രധാന ലക്ഷ്യം വിപണനം തന്നെയാണ്. പക്ഷേ, ആര്‍ട്ട് ചെന്നൈ ലക്ഷ്യമാക്കുന്നത് അതിലും പ്രാഥമികമായ ഒരു തലമാണ്. സമകാലീന കലാ ലോകത്തെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം.

ചെന്നൈയിലെ യാഥാസ്ഥിതിക കലാ അഭിരുചികള്‍ക്കു മുന്നില്‍ ചെന്ന്, ഇതാ ഇങ്ങനെയും ചില കാര്യങ്ങള്‍ ഈ ലോകത്തുണ്ടെന്ന് ചൂണ്ടിക്കാട്ടാനുതകുന്ന പദ്ധതിയാണ് ആര്‍ട്ട് ചെന്നൈ. ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഈ നെടുങ്കോട്ടയെ കുറച്ചെങ്കിലും ഭേദിക്കാന്‍ പ്രസിദ്ധ നര്‍ത്തകിയായ അനിതാ രത്നം ‘അദര്‍ ഫെസ്റ്റിവലിന്’ തുടക്കം കുറിച്ചതു പോലെ തീര്‍ത്തും സാഹസികമായ ഒരു സംരംഭം. പക്ഷേ കാര്യങ്ങള്‍ വളരെയേറെ ആശാവഹമാണെന്നാണ് സഞ്ജയ് തുള്‍സിയാന്റെ അനുഭവം. രണ്ടാം എഡിഷനിലേക്കു കടക്കുന്ന ആര്‍ട്ട് ചെന്നൈ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വളര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

 

Images courtesey Art Chennai


 
 

സഞ്ജയ് തുള്‍സിയാന്‍


 
 

 
 

 
 

Images courtesey Art Chennai


 
 

 

മാര്‍ച്ചു 12 മുതല്‍ 19 വരെ ചെന്നൈയിലെ ആര്‍ട് ഗാലറികളിലും വിവിധ പൊതുസ്ഥലങ്ങളിലുമായി നടന്ന പരിപാടികളിലൂടെയാണ് ഇക്കുറി ആര്‍ട്ട് ചെന്നൈ എത്തിയത്. ഗ്യാലറികള്‍ മാത്രമല്ല, ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും മറീന ബീച്ചുമെല്ലാം പ്രദര്‍ശന വേദികളായി മാറി. കലയെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണ് ജനങ്ങള്‍ ഏറെയെത്തുന്ന ഇത്തരം പൊതു ഇടങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.

ആര്‍ട്ട് ചെന്നൈ നേരിട്ടു നടത്തിയ ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളോടൊപ്പം നഗരത്തിലെ വ്യത്യസ്ത ഗാലറികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രദര്‍ശനങ്ങളെ ആര്‍ട്ട് ചെന്നൈയുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള പരിപാടികളും നടന്നു.

ചെന്നൈ ഗ്യാലറികള്‍ക്കു പുറമെ ഏതാണ്ടെല്ലാ പ്രമുഖ ഇന്ത്യന്‍ ഗ്യാലറികളെയും ആര്‍ട്ട് ചെന്നൈയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് സംഘാടകരുടെ വിജയമാണ്. മാത്രമല്ല ഇന്ത്യന്‍ കലാരംഗത്തെ പ്രമുഖരായ ഏതാണ്ടെല്ലാ കലാകാരന്‍മാരും കലാനിരൂപകരും അക്കാദമിക് പണ്ഡിതരും ഇതില്‍ പങ്കാളികളായി. ഗീതാ കപൂര്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, വിവാന്‍ സുന്ദരം, സുധീര്‍ പട് വര്‍ധന്‍, അതുല്‍ ദോഡിയ, അഞ്ജു ദോഡിയ,എന്‍.എന്‍ റിംസണ്‍ തുടങ്ങിയ തലയെടുപ്പുള്ള കലാകാരന്‍മാരുടെ നീണ്ട നിര തന്നെ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു.

കലാപ്രദര്‍ശനങ്ങള്‍ക്കു പുറമേ, രംഗാവതരണങ്ങളും ആര്‍ട്ട് ചെന്നൈയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെയും ഹോട്ടല്‍ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ആര്‍ട്ട് ചെന്നൈ സംഘടിപ്പിക്കപ്പെട്ടത്. 2008ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഇന്ത്യന്‍ സമകാലീന കലാരംഗത്തിന് പൊതുവെ ഉണര്‍വു നല്‍കുന്ന ഒരു ചലനമായി ആര്‍ട്ട് ചെന്നൈ വികസിക്കുമെന്ന് പ്രതീക്ഷിക്കാം.

 

 

‘മരുത’വുമായി മനുജോസ്
മരുതം എന്നാല്‍ പച്ച. തമിഴ് വാക്കാണ്. തമിഴിലെ സംഘകാല കൃതികളിലൊക്കെ പറയുന്ന ഭൂമിശാസ്ത്രപരമായ ഐന്തിണകളില്‍ കൃഷിക്കുതകുന്ന ഭൂമിയാണ് മരുതം.
തൃശൂരിലെ ‘മീ ആന്റ് യൂ’ പെര്‍ഫോമിങ് കമ്പനി കുട്ടികള്‍ക്കായൊരുക്കുന്ന അവധിക്കാല ക്യാമ്പിന്റെ പേരാണ് മരുതം. പ്രശസ്ത ടി.വി അവതാരകനും നടനുമായ മനുജോസാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. ഏഷ്യാനെറ്റിലെ പ്രശസ്തമായ ‘ചിറകുകള്‍’ എന്ന പരിപാടിയിലൂടെ ഡുംഡും മാമന്‍ എന്ന് പ്രശസ്തനായ മനുജോസ് 2002ലാണ് ‘മീ ആന്റ് യൂ’ കമ്പനി ആരംഭിച്ചത്.

മനുജോസ്

തിയറ്റര്‍ ഉപയോഗിച്ചുള്ള വ്യക്തിത്വ വികസന പരിശീലനവും കഥ പറച്ചിലും വര്‍ക്ഷോപ്പുകളും മറ്റുമാണ് ‘മീ ആന്റ് യൂ’വിന്റെ പ്രവര്‍ത്തന മണ്ഡലം.
എല്ലാ അവധിക്കാലങ്ങളിലും ‘മീ ആന്റ് യൂ’ നടത്തിവരുന്ന ക്യാമ്പുകളുടെ തുടര്‍ച്ചയായാണ് ‘മരുതം’. ഓരോ വര്‍ഷവും വ്യത്യസ്ത ഇടങ്ങളില്‍ അവിടത്തെ പ്രാദേശിക സ്വഭാവങ്ങള്‍ പഠിക്കാന്‍ സഹായകമാവുന്ന രീതിയിലാണ് ക്യാമ്പുകള്‍ നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം വൈപ്പിന്‍ കരയില്‍ നടന്ന ക്യാമ്പിന്റെ പ്രധാന ആശയം കടലായിരുന്നു. അതിനു മുമ്പ് പീച്ചി വനത്തില്‍ നടന്ന ക്യാമ്പിന്റെ തീം കാട് ആയിരുന്നു.

ഇക്കുറി തൃശൂര്‍ ജില്ലയുടെ ഓരത്ത് കിടക്കുന്ന ആറങ്ങോട്ടുകരയിലാണ് ക്യാമ്പ് നടക്കുന്നത്. അവിടെ, നാടകമടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതോടൊപ്പം ജൈവ കൃഷിയിലേര്‍പ്പെടുകയും വിജയകരമായി നെല്‍ക്കൃഷി നടത്തുകയും ചെയ്യുന്ന ‘പാഠശാല’ എന്ന ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ‘മരുതം’ സംഘടിപ്പിക്കുന്നത്. നാടകവും വിവിധ കലാരൂപങ്ങളും ക്യാമ്പില്‍ പഠനവിഷയമാവുന്നുണ്ട്. പ്രമുഖരായ കലാപ്രവര്‍ത്തകരും നാടക പ്രവര്‍ത്തകരും ക്യാമ്പു നയിക്കാന്‍ എത്തുന്നുണ്ട്. ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ക്യാമ്പ്.

ഇന്നത്തെ തലമുറക്ക് ഏതാണ്ട് അപരിചിതമായിക്കഴിഞ്ഞ കാര്‍ഷിക രീതികള്‍ നേരിട്ടു കാണാനും പരിചയപ്പെടാനും കൂടി സഹായകമാവും, കൃഷിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ‘മരുതം’.

 

കഴിഞ്ഞ തവണ നടന്ന ക്യാമ്പിലെ ദൃശ്യം

 

http://www.facebook.com/photo.php?fbid=10150743729629564&set=a.10150743729369564.419010.522334563&type=3

മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു രാത്രി

ശരത് ചന്ദ്രനും കണ്ടിരിക്കണം അന്നു രാത്രി ആ ചന്ദ്രനെ. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പായുന്ന തീവണ്ടിയുടെ ഡോറില്‍ നില്‍ക്കുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം ആ മഴ മേഘങ്ങളെ. പക്ഷെ ശരത് മാത്രം എറണാകുളം എത്തിയില്ല. നെല്ലായിക്കും ഇരിഞ്ഞാലക്കുടയ്ക്കും ഇടയിലെവിടെയോ സ്വന്തം മരണത്തിലേക്ക് അയാള്‍ വഴുതിവീണു. തീര്‍ച്ചയായും ഒരകാല മരണം-രണ്ടു വര്‍ഷം മുമ്പ്, അകാലത്തില്‍ വേര്‍പിരിഞ്ഞ സി. ശരത് ചന്ദ്രന് നാലാമിടത്തിന്റെ ആദരം. ശരത്തിന്റെ മരണശേഷം സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രേണു രാമനാഥ് എഴുതിയ കുറിപ്പ് ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: സരിത കെ. വേണു

 

 

ആ രാത്രി, എറണാകുളത്തേക്ക് ഞാനുമുണ്ടായിരുന്നു. ശരത്ത് തൃശൂര് നിന്ന് തീവണ്ടിയില്‍ എറണാകുളത്തേക്ക് പായുന്ന അതേ നേരം. തൃശൂരില്‍ നിന്ന് തന്നെ റോഡ് മാര്‍ഗമായിരുന്നു എന്റെ യാത്ര. രാത്രിയാകാശത്ത് ജ്വലിച്ചു നിന്നൊരു ചന്ദ്രനും പാഞ്ഞു വരുന്നുണ്ടായിരുന്നു വാഹനത്തിനൊപ്പം, എനിക്കൊപ്പം. പൂര്‍ണ ചന്ദ്രോദയം കഴിഞ്ഞ് നാളുകള്‍ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. കനത്ത വേനല്‍ വകഞ്ഞ് മഴപെയ്യിക്കുമെന്ന് തോന്നിപ്പിച്ച ഇരുള്‍ മേഘങ്ങള്‍ക്കുള്ളിലൂടെ ചന്ദ്രന്‍ തിളങ്ങി നിന്നു.

ശരത്തും കണ്ടിരിക്കണം അന്നു രാത്രി ആ ചന്ദ്രനെ. തീവണ്ടിയുടെ ഡോറില്‍ നില്‍ക്കുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം ആ മഴ മേഘങ്ങളെ. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ശരത് മാത്രം എറണാകുളം എത്തിയില്ല. നെല്ലായിക്കും ഇരിഞ്ഞാലക്കുടയ്ക്കും ഇടയിലെവിടെയോ സ്വന്തം മരണത്തിലേക്ക് അയാള്‍ വഴുതിവീണിരുന്നു. തീര്‍ച്ചയായും ഒരകാല മരണം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സന്ധിയില്ല സമരങ്ങള്‍ നടത്തിയ ശരത്തിന്റെ വേര്‍പാട് അദ്ദേഹത്തെ അറിയുന്നവര്‍ക്കും കൂട്ടുകാര്‍ക്കും കനത്ത ആഘാതമായിരുന്നു.

രേണു രാമനാഥ്

സഞ്ചരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍! ജീവിച്ചിരുന്നപ്പോള്‍ (ഏതാനും ദിവസം മുമ്പുവരെ അല്ലെങ്കില്‍ അല്‍പ്പം മുമ്പുവരെ നമ്മോടൊത്തു ജീവിച്ചവര്‍ ഇനിയില്ലാ എന്നത് തീര്‍ത്തും ഒരു ഞെട്ടലാണ്) ശരത്തിനെ കൂട്ടുകാര്‍ തമാശയോടെ വിശേഷിപ്പിക്കാറ് അങ്ങനെയായിരുന്നു. കേരളത്തിലെ പല ഫിലിം സൊസൈറ്റികള്‍ക്കും ശരത്ത് നല്‍കിയിരുന്ന സഹായങ്ങള്‍ വലുതായിരുന്നു. അതിജീവനത്തിന് പാടുപെടുന്ന അവയില്‍ ചിലതൊന്നും അയാളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, നിലനില്‍ക്കുമായിരുന്നില്ല. തന്റെ കൈവശമുള്ള സിനിമകളുടെ വലിയ ശേഖരം, പ്രൊജക്റ്റര്‍, വീഡിയോ കാമറ ഒന്നും നല്‍കാന്‍ ശരത്തിന് മടിയില്ലായിരുന്നു. അയാള്‍ സദാ സന്നദ്ധനായിരുന്നു. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ എപ്പോഴും തയ്യാറായി നിന്നു. ഇലക്ട്രോണിക്ക് മാധ്യമത്തിന്റെ ശക്തി മറ്റാരേക്കാളും മുമ്പേ ശരത്ത് തിരിച്ചറിഞ്ഞിരുന്നു. സദാ നീതിയുടെ പക്ഷം പിടിച്ചിരുന്ന സോഷ്യല്‍ ഡോക്യുമെന്റേറ്ററായിരുന്നു ശരത്ത് ചന്ദ്രന്‍.

80കള്‍ മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരത് തന്റെ വീഡിയോ കാമറയുമായി അലയാന്‍ തുടങ്ങി. കേരളം മാത്രമല്ല അയല്‍ സംസ്ഥനങ്ങളിലെ വരെ ചെറു ഗ്രാമങ്ങളിലെ കഷ്ടതകളും ജീവിതസമരങ്ങളും ശരത്ത് കണ്ടറിഞ്ഞു. വേണ്ടത്ര വിവരങ്ങള്‍ ആയി എന്നു ബോധ്യപ്പെടുന്നതുവരെ അവയെല്ലാം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. തൃപ്പൂണിത്തറയിലെ തന്റെ ഫ്ളാറ്റിലിരുന്നായിരുന്നു വര്‍ഷങ്ങളോളം താന്‍ രേഖപ്പെടുത്തിയ ഫൂട്ടേജുകള്‍ ശരത്ത് എഡിറ്റ് ചെയ്തിരുന്നത്. അവയൊക്കെ സത്യത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. കഷ്ടപ്പെടുന്ന സമൂഹത്തിന്റെ വിങ്ങലുകള്‍, പോരാട്ടങ്ങള്‍, സഹജീവികള്‍ക്കുള്ള സന്ദേശങ്ങള്‍ എന്നിങ്ങനെ ഓരോ ഡോക്യുമെന്ററികളും പുറത്തിറങ്ങി.

 

 

നീതിയുടെ മൂന്നാം കണ്ണ്
ശരത്തിന്റെ ചിത്രങ്ങള്‍ പത്തിലേറെയുണ്ട്. പാരിസ്ഥിതിക സംരക്ഷണ മൂദ്രാവാക്യമുയര്‍ത്തി 1987^88 കാലത്ത് നടന്ന ‘പശ്ചിമഘട്ട രക്ഷാ യാത്ര’ യെ രേഖപ്പെടുത്തുന്ന ‘Save the Western Ghats March: A Kerala Experience’ ആയിരുന്നു ആദ്യത്തേത്. No To Dams: A Pooyamkutty Tale (1988), ‘എല്ലാം അസ്തമിക്കും മുമ്പേ’ (1989), ‘ചാലിയാര്‍: അന്തിമ സമരം’ (1999) ^ഇതിന് മുംബൈ ചലച്ചിത്ര മേളയില്‍ പ്രത്യേക പരാമര്‍ശവും വാതാവരണ്‍ മേളയില്‍ Bronze Tree പുരസ്കാരവും ലഭിച്ചു. വയനാട്ടിലെ കനവിനെക്കുറിച്ചുള്ള കനവ് ((Dream) 2002, ‘പ്ലാച്ചിമട സമരത്തെക്കുറിച്ച് പി. ബാബുരാജുമായി ചേര്‍ന്ന് നിര്‍മിച്ച ‘The Bitter Drink,’ മുത്തങ്ങ ആദിവാസി വേട്ടയെക്കുറിച്ചുള്ള ‘Evicted from Justice (2003), സയലന്റ് വാലിയെക്കുറിച്ച് പി. ബാബുരാജിനൊപ്പം സംവിധാനം ചെയ്ത ‘Only An Axe Away’, വീണ്ടും പ്ലാച്ചിമട സമരത്തെക്കുറിച്ച് ബാബുരാജിനൊപ്പം ചെയ്ത ’1000 Days and a Dream’ (2006), ജോണ്‍ ഏബ്രഹാമിനെക്കുറിച്ചുള്ള ‘Yours Truly, John’(2008), ചെങ്ങറ സമരത്തെക്കുറിച്ചുള്ള ‘To Die for Land’ എന്നീ ചിത്രങ്ങള്‍. ചാലിയാര്‍ സമര ശേഷമുള്ള മാവൂരിന്റെയും സമീപപ്രദേശേങ്ങളുടെയും ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി നിര്‍മാണ ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.

സമകാലികരായ പല ഡോക്യുമെന്റി നിര്‍മാതാക്കളുമായി ശരത് സഹകരിച്ചു പ്രവര്‍ത്തിച്ചു. തന്റെ അപ്പാര്‍ട്ടുമെന്റിലെ സ്റ്റുഡിയോ സുഹൃത്തുക്കള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിട്ടു . നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിയെത്തി. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും, വാതാവരണ്‍, ദി എന്‍വിറോണ്‍മെന്റ് ആന്റ് വൈല്‍ഡ് ലൈഫ് ട്രാവലിങ് ഫിലിം ഫെസ്റ്റിവല്‍ ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.

 

ഭാര്യ സുധക്കൊപ്പം ലണ്ടനില്‍

 

വായിക്കാത്ത സന്ദേശങ്ങള്‍
ശരത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഇന്നും സജീവമാണ്. ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കകം കൂട്ടുകാരുടെ മെസേജ് കൊണ്ട് അത് നിറഞ്ഞു. അവര്‍ക്കറിയാം ശരത്ത് അത് ഒരിക്കലും വായിക്കില്ലെന്ന്. എന്നിട്ടും, എന്നെപ്പോലുള്ള ശരത്തിന്റെ മറ്റു സുഹൃത്തുക്കളും ഇപ്പോഴും മെസേജുകള്‍ പോസ്റുചെയ്യുന്നത് സ്വയം ആശ്വസിപ്പിക്കാനാണ്. ജീവിച്ചിരിക്കുന്നവരുടെ ആശ്വാസത്തിനായി നല്‍കുന്ന ആ വാക്കുകളെല്ലാം എള്ളില്‍ കുഴച്ചെടുത്ത ബലിച്ചോറാണ്.

വളരെ അടുത്ത ഒരാളുടെ ചരമക്കുറിപ്പ് എഴുതകയാണ് ഏറ്റവും വലിയ വെല്ലുവിളി എന്നതാണ് പരിശീലനത്തിന്റെ ആദ്യദിനങ്ങളില്‍ എല്ലാ ജേണലിസം വിദ്യാര്‍ഥി കള്‍ക്കും കിട്ടുന്ന ആദ്യ പാഠം .നിങ്ങളുടെ അടുത്ത സുഹൃത്താവട്ടെ ,നിങ്ങളുടെ സഹപ്രവര്‍ത്തകനാകട്ടെ,നിങ്ങളുടെ അധ്യാപകന്‍ , നിങ്ങളുടെ പ്രചോദന കേന്ദ്രം ,നിങ്ങളുടെ അച്ഛനോ അമ്മയോ ആരായാലും ഒരു ചരമക്കുറിപ്പ് എഴുതാന്‍ നിങ്ങള്‍ സന്നദ്ധനായിരിക്കണം എന്നാണ് ഓരോ വിദ്യാര്‍ഥിയെയും ആദ്യം പഠിപ്പിക്കുന്നത് .എങ്കിലും ഇത്തിരി നേരം മുമ്പ് വരെ തൊട്ടടുത്ത് എവിടെയൊക്കെയോ ഉണ്ടായിരുന്ന ഒരാളെ തട്ടിയെടുത്തു കൊണ്ട് മരണം നേര്‍മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഈ ആദ്യ പാഠം ഏറ്റവും വലിയ വെല്ലുവിളി ആയി മാറുന്നു.

വാര്‍ത്താ റിപ്പോര്‍ട്ടില്‍ മറ്റൊരു വിവരം കൂടെയുണ്ട് ശരത്തിനോടൊപ്പം മറ്റൊരാള്‍ കൂടെ മരിച്ചുവെന്ന്. തിരിച്ചറിയപ്പെടാത്ത ഒരു യാത്രികന്റേതുള്‍പ്പെടെ രണ്ടു മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു (ഏറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി സെബാസ്റ്യന്‍ ആണത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു ) റിപ്പോര്‍ട്ടുകള്‍ പറയുന്നത് രണ്ടു പേരും ഒരുമിച്ചു മരണത്തിലേക്ക് കുതിച്ചു ചാടി എന്നാണ് .വഴുതി വീഴവേ രണ്ടു പേരും അപരനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ടില്‍ .ജീവിതത്തിന്റെ അവസാന നിമിഷത്തില്‍ എന്തൊരു വിചിത്രമായ വിധിയാവാം ഇവരെ പരസ്പരം അടുപ്പിച്ചത് ! ആര് ആരെയാവാം ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ നോക്കിയത് ,ആര് ആരെയാവാം മരണത്തിലേക്ക് കൂടെ കൂട്ടിയത് ? ആര്‍ക്കറിയാം .

 

ശരത്ത് ഗോമുഖില്‍

 

മുഖദാവില്‍ മരണം
ഭാര്യയും സഹോദരങ്ങളും പ്രായമായ മാതാപിതാക്കളും ഉണ്ട് ശരത്തിന് .കൂട്ടുകാര്‍ക്ക് അളന്നു തിട്ടപ്പെടുത്താന്‍ ആവില്ല ഈ നഷ്ടം .

ഇത് മാത്രമേ നമുക്കറിയൂ ശരത് , ഞങ്ങള്‍ക്ക് നിന്നെ ഇനിയും എത്രയോ വേണമായിരുന്നു . എത്രയോ അധികം . ഒരു പക്ഷെ ,നിനക്ക് മാത്രം ചെയ്തു തീര്‍ക്കാന്‍ കഴിയുമായിരുന്ന കാര്യങ്ങള്‍ . ഒരു സുഹൃത്ത് പറഞ്ഞത് പോലെ അവന്‍ കൂടെയുണ്ടയിരുന്നപ്പോള്‍ അറിഞ്ഞിരുന്നില്ല അവന്റെ പ്രാധാന്യം .അവന്‍ എപ്പോഴും കൂടെയുണ്ടാവും എന്ന് നമ്മള്‍ വിശ്വസിച്ചു .അങ്ങനെയൊരാള്‍ പാതിവഴിയില്‍ നമ്മെ വിട്ടു പോകുമ്പോള്‍ ചതിക്കപ്പെട്ടത് പോലെ തോന്നും .

എന്ത് കൊണ്ട് നീ ?
ആയിരം ഹൃദയങ്ങളില്‍ മൌനത്തിന്റെ ഭാഷയില്‍ ഈ ചോദ്യം അലയടിക്കുന്നു.

വിലാപം ഇനിയും നീണ്ടു പോകാം . പക്ഷെ എവിടെയെങ്കിലും നിര്‍ത്തിയേ പറ്റൂ . ശരത് ചന്ദ്രന്‍ ബാക്കി വെച്ചത് നമുക്ക് പൂര്‍ത്തീകരിച്ചേ പറ്റൂ .ബാക്കിയായ നമുക്ക് കഴിയുന്ന രീതിയില്‍ .

പക്ഷെ ആ ചന്ദ്രനെ ഞാനൊരിക്കലും മറക്കില്ല …

ശരത്തിനൊപ്പം, ഓര്‍മ്മകള്‍ക്കൊപ്പം

കാമറയും കാസറ്റും ഫിലിം റീലും സമരായുധമാക്കാമെന്നു കാണിച്ചു തന്ന ശരത്തിന്റെ ജീവിതം മറവിക്കു വിട്ടു കൊടുക്കാതെ രേഖപ്പെടുത്താന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ തയ്യാറായി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മീഡിയാമില്ലി’ന്റെ ആഭിമുഖ്യത്തില്‍ സി ശരത്ചന്ദ്രന്റെ ജീവിതവും പ്രവര്‍ത്തനപഥവും ആലേഖനം ചെയ്യുന്ന ‘ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ (ദ തേഡ് ഐ ഓഫ് റെസിസ്റ്റന്‍സ്) എന്ന ഡോക്യുമെന്ററി തയ്യാറാവുന്നതങ്ങനെയാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശീലനം നേടിയ, കലാ സംവിധായകനായി പ്രവര്‍ത്തിക്കുന്ന റാസിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍-രണ്ടു വര്‍ഷം മുമ്പ് അകാലത്തില്‍ വിടപറഞ്ഞ സി. ശരത്ചന്ദ്രനെക്കുറിച്ച് റാസി സംവിധാനം ചെയ്ത ‘ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ എന്ന ചിത്രത്തെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു

 

 

ഉണങ്ങാത്തൊരു മുറിവിന്റെ ഓര്‍മ്മയാണ് ഏപ്രില്‍ ഒന്ന്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇനിയും പൊരുത്തപ്പെടാനാവാത്ത ഒരു വിയോഗത്തിന്റെ സ്മൃതി. എന്നിട്ടും സമരമുഖങ്ങളിലും ഫിലിം ഫെസ്റ്റിവല്‍ വേദികളിലും നിറ സാന്നിധ്യമായി ഇന്നും തുടരുന്നു, ശരത്. ജീവിതകാലത്ത് പലതരം കാര്യങ്ങളിലൂടെ കാമറക്കണ്ണയച്ച് പാഞ്ഞുനടന്ന സി. ശരത്ചന്ദ്രന്‍.

ഒട്ടും സാധാരണമല്ല ഈ അനുഭവം. ആദ്യഘട്ടത്തിലെ പൊതു ദു:ഖാചരണ വിലാപങ്ങള്‍ നേര്‍ത്തുനേര്‍ത്തില്ലാതാവുന്നതോടെ, മരിച്ച വ്യക്തിയുടെ ജീവിതവും അയാള്‍ ചെയ്തു കൂട്ടിയ കര്‍മങ്ങളും പതുക്കെ മറവിയുടെ മറയ്ക്കുള്ളിലേക്ക് നീങ്ങാറാണ് പതിവ്. ഒരു പക്ഷേ, പിന്നീടേറെക്കാലം കഴിഞ്ഞ് മങ്ങിമറഞ്ഞആ ഓര്‍മ്മകള്‍ രേഖപ്പെടുത്താന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങിയേക്കാം. എന്നാല്‍, അപ്പോഴേക്കും ഓര്‍മ്മകള്‍ സാന്ദ്രത നഷ്ടപ്പെട്ട് മങ്ങിയിരിക്കും. ഫിലിമുകളും കാസറ്റുകളും നഷ്ടപ്പെട്ടിരിക്കും. ഫോട്ടോഗ്രാഫുകള്‍ ഇരട്ടവാലന്‍ തിന്നിരിക്കും.

എന്നാല്‍, ശരത്തിന്റെ കാര്യത്തില്‍ ഈ പതിവ് വഴി മാറി. കാമറയും കാസറ്റും ഫിലിം റീലും സമരായുധമാക്കാമെന്നു കാണിച്ചു തന്ന ശരത്തിന്റെ ജീവിതം മറവിക്കു വിട്ടു കൊടുക്കാതെ രേഖപ്പെടുത്താന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ തയ്യാറായി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മീഡിയാമില്ലി’ന്റെ ആഭിമുഖ്യത്തില്‍ സി ശരത്ചന്ദ്രന്റെ ജീവിതവും പ്രവര്‍ത്തനപഥവും ആലേഖനം ചെയ്യുന്ന ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ (ദ തേഡ് ഐ ഓഫ് റെസിസ്റ്റന്‍സ്) എന്ന ഡോക്യുമെന്ററി തയ്യാറാവുന്നതങ്ങനെയാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശീലനം നേടിയ, കലാ സംവിധായകനായി പ്രവര്‍ത്തിക്കുന്ന റാസിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

 

 

ഓര്‍മ്മകള്‍ കൊണ്ടൊരാള്‍
തൃശൂരില്‍ ചേതനാ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘വിബ്ജിയോര്‍ ‘ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ പരമാവധി സുഹൃത്തുക്കള്‍ക്ക് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ശരത്തിന്റെ സുഹൃത്തുക്കള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു വരികയാണ്. എറണാകുളത്തെ ടി. കലാധരന്റെ ഓര്‍ത്തിക് ക്രിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ചിത്രം പ്രദര്‍ശിപ്പിച്ചു. ശരത്തിന്റെ ഓര്‍മ്മദിനമായ ഇന്ന് തിരുവനന്തപുരം കലാഭവനിലും നാളെ തൃശൂര്‍ റീജിയണല്‍ തിലയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

ഒരു ഡോക്യുമെന്ററിയെ സംബന്ധിച്ചിടത്തോളം 105 മിനിറ്റ് കുറച്ചേറെയാണെന്ന് തോന്നാം. എന്നാല്‍, അത്ര മിനിറ്റിലൊതുക്കാനാവുന്നതല്ല ശരത്തിന്റെ ജീവിതമെന്ന് ഓര്‍ക്കാതിരിക്കാനാവില്ല. ശരത്തിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഓര്‍മ്മകളില്‍ നിന്നാരംഭിക്കുന്ന ചിത്രം ബാല്യ കൌമാര യൌവനങ്ങളിലൂടെയുള്ള യാത്രയെ ലളിതമായി പുന:സൃഷ്ഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്റ്റില്‍ഫോട്ടോഗ്രാഫുകളുടെ സമൃദ്ധവും സമര്‍ഥവുമായ വിനിയോഗം ചിത്രത്തിന് അതുല്യമായ ഒരൊഴുക്ക് സൃഷ്ടിക്കുന്നു. പലേടത്തും, പ്രത്യേകിച്ച് ശരത്തിന്റെ വ്യക്തി ജീവിതത്തിന്റെ പരിഛേദങ്ങള്‍ കാണിക്കുന്നിടങ്ങളില്‍.

 

വിബ്ജ്യോറിലെ ആദ്യ പ്രദര്‍ശനത്തിനിടെ സംവിധായകനായ റാസി സംസാരിക്കുന്നു

 

ജീവിതം, രാഷ്ട്രീയം
ഒരു വര്‍ഷത്തോളം നീണ്ടുനിന്നു ഇതിന്റെ ചിത്രീകരണ പ്രക്രിയ. ശരത് യാത്ര ചെയ്ത ഇടങ്ങളിലൂടെ, രേഖപ്പെടുത്തിയ സമരമുഖങ്ങളിലൂടെ റാസിയും സഞ്ചരിച്ചു. ’50 ഓളം ടേപ്പുകള്‍ ഞാന്‍ തന്നെ ഷൂട്ട് ചെയ്തെടുത്തു’-റാസി പറയുന്നു. പക്ഷേ, ശരത്തിന്റെ ആര്‍ക്കെവ്സില്‍ നിന്നു തന്നെ പ്രതീക്ഷിച്ചതിലുമേറെ ഫൂട്ടേജുകള്‍ ലഭിച്ചു. അപൂര്‍വവവും നഷ്ടപ്പെട്ടെന്ന് കരുതിയിരുന്നതുമായ പല ദൃശ്യങ്ങളും യാദൃശ്ചികമായി കണ്ടുകിട്ടി. പഴയ കേരള കലാപീഠം പൊളിക്കുന്നതിനു മുമ്പായി നടത്തിയ അവസാനത്തെ ചിത്രപ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ അതില്‍പ്പെടുന്നു. ഏറെ അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ഈ ഫൂട്ടേജ് ശരത്ത് പകര്‍ത്തിയ മറ്റൊരു മാസ്റ്റര്‍ ടേപ്പിന്റെ അവസാന ഭാഗത്തുനിന്നാണ് കിട്ടിയത്. വിബ്ജിയോര്‍ ആര്‍ക്കെവ്സിലെ 128 ടേപ്പുകളും ഈ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം ഒരു ശരാശരി ജീവചരിത്ര ഡോക്യുമെന്ററിയല്ല ഇത്. കേരളത്തിന്റെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും അതിനുശേഷമുള്ള ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചരിത്രം കൂടി ഇതില്‍ കൊണ്ടു വരാന്‍ റാസിക്കു കഴിഞ്ഞിട്ടുണ്ട്. ശരത്തിന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനുമായിരുന്ന പി. ബാബുരാജ് ചൂണ്ടിക്കാട്ടുന്നതു പോലെ കേരളത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടു വരാന്‍ അനവരതം പരിശ്രമിച്ചിരുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ ചരിത്രം കൂടി ഈ ചിത്രം രേഖപ്പെടുത്തുന്നു. എണ്‍പതുകള്‍ മുതല്‍ ഇവിടെ നടന്നുപോന്ന ബദല്‍\സമാന്തര സാംസ്കാരികാന്വേഷണങ്ങളുടെയും അടയാളങ്ങള്‍ ഇതില്‍ കാണാം. അങ്ങനെ ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ ശരത്തിനെക്കുറിച്ചു മാത്രമുള്ള സിനിമയല്ലാതാവുന്നു. ക്യാമറ മൂന്നാംകണ്ണായി കൊണ്ടുനടന്ന, മുഖ്യധാരയുടെ ഭാഗമായ ദൃശ്യമാധ്യമത്തെയും ആധുനിക സാങ്കേതിക വിദ്യയെയും അരികുകളുടെ രാഷ്ട്രീയം പറയാനായി ഉപയോഗിക്കാമെന്നു നമുക്കു കാണിച്ചുതന്ന, എന്നും നമ്മുടെയൊക്കെ കാതങ്ങള്‍ മുമ്പേ നടന്ന സി. ശരത്ചന്ദ്രന്റെ ഓര്‍മ്മക്കു മുന്നില്‍ സുഹൃത്തുക്കള്‍ക്കു നല്‍കാവുന്ന ഏറ്റവും ഉചിതമായ സമര്‍പ്പണം.

 

ചിത്രത്തിന്റെ പ്രദര്‍ശനം

 

ചിത്രത്തിന്റെ അണിയറയില്‍.
ക്യാമറ: ജി. ശ്യാംലാല്‍, റാസി
എഡിറ്റിങ്: സീന പനോളി,
ഫൈനല്‍ കട്ട്\കളര്‍ ഗ്രേഡിങ് -ശരത്
സൌണ്ട്ഡിസൈനര്‍: സി.ആര്‍ ചന്ദ്രന്‍
വിഷ്വല്‍ എഫക്റ്റ്സ്: സുജിത്, റാസി
സൌണ്ട് ഇഫക്റ്റ്സ്: സുബിന്‍, ആഷിഷ്,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ചാള്‍സ്,
നിര്‍മാണം: കലിത,
സാക്ഷാല്‍ക്കാരം: റാസി

കൂടുതല്‍ വിവരങ്ങള്‍ക്ക് : മീഡിയാ മില്‍
Tc2\ 2 \ 1094 (1)
ലോ കോളജ് ജങ്ഷന്‍
തിരുവനന്തപുരം 695037
ഫോണ്‍: 0471 306 2453
ഇ മെയില്‍: razi.artdirector@gmail.com

ഉട്ടോപ്യ തൊട്ടടുത്താണ്

പരിഹാസത്തിന്റെ ഈ അസാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കറുത്ത ഫലിതം അഥവാ ബ്ലാക്ക് ഹ്യൂമര്‍ ഇതില്‍ അടിയൊഴുക്കായി നിലനില്‍ക്കുന്നു. എന്നാല്‍, കഥാപാത്ര ചിത്രീകരണത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെയും സാഹചര്യങ്ങളുടെയും അവതരണത്തിലെ, പരിഹാസത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ചുവ ഒട്ടുംതന്നെയില്ല. മറിച്ച്, ഈ മനുഷ്യാവസ്ഥകളെ കറയില്ലാതെ മനസ്സിലാക്കുന്ന എംപതിയാണ് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ഈ സിനിമ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇതാണ് ശരിയെന്നോ ഇന്നത് തെറ്റാണെന്നോ ചൂണ്ടിക്കാട്ടാന്‍ തുനിയുന്നില്ല. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ‘ആരുടെയും പക്ഷം പിടിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു’ എന്നാണ് സംവിധായകന് പറയാനുള്ളത്-മലയാളിയായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മറുപാതൈ’യുടെ കാഴ്ചാനുഭവം. രേണു രാമനാഥ് എഴുതുന്നു

 

 

സിനിമയെക്കുറിച്ചുള്ള സാമാന്യ ധാരണകളില്‍നിന്നുള്ള ഒരു തെറ്റി നടപ്പാണ് മലയാളിയായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം മറുപാതൈ (the way to be). ഈ സിനിമ പ്രത്യേകിച്ച് ഒരു കഥയും പറയുന്നില്ല. എന്നാല്‍, അനേകം കഥകളുടെ സമാഹാരമാണിത്. ചൂണ്ടിക്കാട്ടാവുന്ന ഒരു നായകനില്ല. പക്ഷേ ഒന്നിലേറെ കേന്ദ്ര കഥാപാത്രങ്ങളുണ്ട്. രേഖീയ ഘടനയല്ല ഈ സിനിമയുടേത്. എന്നാല്‍, രേഖീയമായ ഒരു കഥാതന്തു ചലച്ചിത്രത്തിന്റെ വഴികളിലൂടെ കടന്നു പോവുന്നുണ്ട്.

വാര്‍പ്പു മാതൃകകളുടെ അരങ്ങ്
ഒരര്‍ഥത്തില്‍, പൊളിറ്റിക്കല്‍ സ്റ്റീരിയോടൈപ്പുകളെക്കുറിച്ചുള്ള ഒരു സിനിമയാണ് മറുപാതൈ. സംവിധായകനായ കെ.പി ശ്രീകൃഷ്ണന്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനിഷ്ടപ്പെടുന്നതും അതാണ്. ‘ഏതാണ്ട് 25 ഓളം വര്‍ഷമായി ചുറ്റിലും കണ്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത തരം മനുഷ്യരുടെ വാര്‍പ്പ് മാതൃകകളുണ്ടല്ലോ. അവരെക്കുറിച്ചാണ് ഈ ചിത്രം-ശ്രീകൃഷ്ണന്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴായി നിഴലിച്ചിട്ടുള്ള ‘ഉട്ടോപ്യയെക്കുറിച്ചുള്ള പ്രതിബിംബങ്ങളും ആശയങ്ങളും ഫീച്ചര്‍ ഫിലിമിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് തന്റേതെന്നാണ് സംവിധായകന്‍ വിശദീകരിക്കുന്നത്.

എറണാകുളം കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനശേഷം നടന്ന ചര്‍ച്ച രസകരമായിരുന്നു. കൌതുകകരമായ അനേകം സംശയങ്ങളും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. ഏറെക്കൂറെ അമൂര്‍ത്തമായ ചിത്രത്തിന്റെ ഘടന പല പ്രേക്ഷകര്‍ക്കും പിടികിട്ടിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു, ചില അഭിപ്രായങ്ങള്‍. എന്നാല്‍, ചിലരെങ്കിലും സിനിമയുടെ പ്രത്യേക തുലനാവസ്ഥയുടെ മര്‍മം കണ്ടെത്തിയതായി തോന്നി.

വളരെ നേര്‍ത്ത ഒരു പ്രത്യേക തുലനാവസ്ഥയിലാണ് ഈ ചിത്രത്തിന്റെ നില്‍പ്പ്. രാഷ്ട്രീയ വാര്‍പ്പു മാതൃകകളെയാണത് കാട്ടിത്തരുന്നത്. അതേ സമയം വളരെ ശ്രദ്ധാപൂര്‍വം പക്ഷം പിടിക്കലില്‍നിന്ന് ഇത് ഒഴിഞ്ഞു നില്‍ക്കുന്നു. ചെറിയ ഗൃഹാതുരത്വ ബോധം നിഴലിക്കുന്നുണ്ടെങ്കിലും കടുത്ത ശരി-തെറ്റുകളുടെ വാദ മുഖങ്ങള്‍ ഇതില്‍ വരുന്നില്ല. ചര്‍ച്ചയില്‍ ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടിയ പോലെ രാഷ്ട്രീയത്തിന്റെയും വ്യക്തികളുടെയും ഒരു പ്രത്യേക ലാന്റ്സ്കേപ്പ് ഇതിലുണ്ട്. പക്ഷേ, ഈ വ്യത്യസ്തതകള്‍ ഏതെങ്കിലുമൊരു ബിന്ദുവില്‍ കൂടിച്ചേരുന്നതായി അനുഭവപ്പെടുന്നില്ല. ഈ കൂടിച്ചേരായ്ക ബോധപൂര്‍വം കൈക്കൊണ്ടതായിരുന്നു എന്നാണ് സംവിധായകന് പറയാനുണ്ടായിരുന്നത്.
 

ശ്രീകൃഷ്ണന്‍


 

കഥാപാത്രങ്ങളുടെ അച്ചുതണ്ടുകള്‍
ചിത്രത്തിലുടനീളം കഥാപാത്രങ്ങളുടെ വ്യത്യസ്ത ഗ്രൂപ്പുകള്‍ അവരവരുടെ വ്യത്യസ്ത സഞ്ചാരപഥങ്ങളില്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ അധികാരത്തിന്റെ ശ്രേണീ ഘടന പ്രബലമാണ്. ഗ്രൂപ്പുകള്‍ക്കുള്ളിലും ചില സഞ്ചാര പഥങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നു. ചിലത് സ്പര്‍ശിക്കുന്നേയില്ല. അവസാന കൂടിച്ചേരല്‍ സംഭവിക്കുന്നില്ലെങ്കിലും ഓരോ ഗ്രൂപ്പിനും സംഭവിക്കുന്നതെന്തെന്ന് ചിത്രം രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ, അത് കണ്ടെത്തുക അത്ര എളുപ്പമല്ല. സൂക്ഷ്മമായ നിരീക്ഷണ പാടവം ഇത് പ്രേക്ഷകരില്‍നിന്ന് ആവശ്യപ്പെടുന്നു. വെറുതെ കണ്ടാല്‍ മാത്രം പോരാ കണ്ടെത്തുക കൂടി ചെയ്യണമെന്ന് ചുരുക്കം. കാണി സദാസമയം ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്.

ചിത്രത്തിലെ മനുഷ്യരുടെ, അല്ലെങ്കില്‍ രാഷ്ട്രീയമായ വാര്‍പ്പു മാതൃകകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. രാഷ്ട്രീയ തീവ്രവാദികള്‍ മുതല്‍ ചട്ടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത പുരോഹിതന്‍ , കലാപകാരിയായ യുവാവ്, പ്രശസ്തിയിലേക്കുയരാന്‍ വെമ്പുന്ന യുവ പത്രപ്രവര്‍ത്തക, സന്നദ്ധ സംഘടനാ പ്രവര്‍ത്തക, പഴയ തലമുറ വിപ്ലവകാരി, വികസനത്തിന്റെ പേരില്‍ ആണയിടുന്ന നാഗരിക ബുദ്ധിജീവി-ഇന്നത്തെ ഇന്ത്യയില്‍ സര്‍വസാധാരണമായ വിഭാഗങ്ങളുടെയും കൃത്യമായൊരു പരിഛേദം ഇതിലെ കഥാപാത്ര നിരയിലുണ്ട്. അതേ സമയം ഈ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പരിഹാസത്തിന്റെ ലാഞ്ചന പോലുമില്ലാതെയാണ്. പരിഹാസത്തിന്റെ ഈ അസാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്ന് പറയാം.

കറുത്ത ഫലിതം അഥവാ ബ്ലാക്ക് ഹ്യൂമര്‍ ഇതില്‍ അടിയൊഴുക്കായി നിലനില്‍ക്കുന്നു. എന്നാല്‍, കഥാപാത്ര ചിത്രീകരണത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെയും സാഹചര്യങ്ങളുടെയും അവതരണത്തിലെ, പരിഹാസത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ചുവ ഒട്ടുംതന്നെയില്ല. മറിച്ച്, ഈ മനുഷ്യാവസ്ഥകളെ കറയില്ലാതെ മനസ്സിലാക്കുന്ന എംപതിയാണ് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ഈ സിനിമ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇതാണ് ശരിയെന്നോ ഇന്നത് തെറ്റാണെന്നോ ചൂണ്ടിക്കാട്ടാന്‍ തുനിയുന്നില്ല. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ‘ആരുടെയും പക്ഷം പിടിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു’ എന്നാണ് ശ്രീകൃഷ്ണനു പറയാനുള്ളത്.

സ്റ്റീരിയോ ടൈപ്പുകളുടെ ഒളിച്ചുകടത്തല്‍

ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും ഘടകങ്ങള്‍ കൂട്ടിയിണക്കിയാണ് സംവിധായകന്‍ ഈ ചിത്രം മെനഞ്ഞെടുത്തത്. പ്രത്യേകിച്ച് കഥാപാത്ര സൃഷ്ടിയില്‍. സ്റ്റീരിയോ ടൈപ്പുകളെ സൂത്രത്തില്‍ കയറ്റിവിടുന്നതു പോലെ തീര്‍ത്തും സൂക്ഷ്മമായ ഒരു പ്രക്രിയ. അതുകൊണ്ടു തന്നെ ഈ കഥാപാത്രങ്ങളൊന്നും അത്രയ്ക്ക് വാര്‍പ്പു മാതൃകകളാണെന്ന് ആദ്യമാര്‍ക്കും തോന്നില്ല.

ഏറെ വൈവിധ്യമുണ്ട് കഥാപാത്രങ്ങള്‍ക്ക്. പരുക്കന്‍ കാട്ടുപാതയിലൂടെ, ജീപ്പില്‍ യാത്ര ചെയ്തെത്തുന്ന മൂന്ന് മനുഷ്യരുണ്ട്. അജ്ഞാതമായ എന്തോ ദൌത്യം നിര്‍വഹിക്കാന്‍ പോവുകയാണവര്‍. പള്ളിയുടെ ചട്ടക്കൂടില്‍നിന്ന് ഏറക്കൂറെ പുറത്തുകടന്ന് ഒരു പുരോഹിതന്‍. ആദിവാസികള്‍ക്കായി ഒരു ബാര്‍ട്ടര്‍ ചന്ത നടത്തുകയാണയാള്‍. പുരോഹിതനെക്കുറിച്ച് കഷ്ടപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ഫീച്ചര്‍ തയ്യാറാക്കുന്ന യുവപത്രപ്രവര്‍ത്തക. ഈ ഫീച്ചര്‍ ഒന്നാം പേജില്‍ ഇടം കണ്ടെത്തുമെന്നും തന്റെ കരിയര്‍ വിജയവഴിയിലേക്ക് നീളുമെന്നുമാണ് അവളുടെ പ്രതീക്ഷ. വിജ്ഞാനത്തിന്റെ ആരോ വരഞ്ഞിട്ട അതിരുകളെ ചോദ്യം ചെയ്യുന്ന യുവാവ്. അവനു വേണ്ടത് ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്യ്രം. എല്ലാം ശരിയാക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന ഗുണ്ടകള്‍. പുരോഹിതനെ ഉപദേശത്തിനായി വിളിച്ചു വരുത്തുന്ന മെത്രാന്‍. പിന്നെ ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ എല്ലാവരെയും എങ്ങനെയൊക്കെയോ കൂട്ടിയിണക്കുന്ന കണ്ണിയായി നീങ്ങിക്കാണ്ടിരിക്കുന്ന സന്ദേശവാഹകനായ വിപ്ലവകാരി. ഏറെക്കൂറെ പൂര്‍ണതയുണ്ടെന്ന് പറയാവുന്ന കഥാപാത്രങ്ങളുടെ വിന്യാസം പ്രത്യേകമായൊരു ‘മൊസൈയ്ക്’ ആണ് സൃഷ്ടിക്കുന്നത്.

 

 

സാങ്കേതിക മേന്‍മ
ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രകാശനാണ്. മലയാളത്തില്‍ സാധാരണ കാണാത്ത ഒട്ടും സാമ്പ്രദായികമല്ലാത്ത ഫ്രെയിമുകളും കോണുകളും ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിലുണ്ട്. എന്നാല്‍, അതെവിടെയും അമിതമായി വലിഞ്ഞു നീങ്ങുന്നില്ല. ‘സ്ട്രൈക്കര്‍’ എന്ന ഹിന്ദി ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട സജിത് ഉണ്ണികൃഷ്ണനാണ് എഡിറ്റിങ്.

കേരളത്തിലെയും തമിഴ്നാട്ടിലെയും നാടക രംഗത്തുള്ളവരാണ് അഭിനേതാക്കളില്‍ കൂടുതലും. പരിശീലനം നേടിയ നടീനടന്‍മാര്‍ക്കൊപ്പം ഗ്രാമീണരെയും നഗരത്തിലെ സാധാരണക്കാരെയും അഭിനേതാക്കളായി ഉപയോഗിച്ചിട്ടുണ്ട്. മധുര സ്വദേശിയായ നാടക പ്രവര്‍ത്തകന്‍ ഫാറൂഖ്, നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥി കണ്ണനുണ്ണി, മലയാളി നടന്‍ മന്‍സൂര്‍, നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനി ആതിര, മുരുകന്‍, ശ്രീധര്‍, വിവേക് വിലാസിനി, അനില്‍ ദയാനന്ദ്, മധുരയിലെ തമിഴ് കവി ദേവേന്ദ്ര ഭൂപതി, രാജന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ഓപ്പണ്‍ ഐസ് ഡ്രീംസും കള്‍ട്ടും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ദിലീപ് നാരായണനാണ്.

രാജേഷ് ദാസ് ചിട്ടപ്പെടുത്തിയ സംഗീതം തമിഴ് പാരമ്പര്യ വഴികളെ പിന്തുടരുന്നതാണ്. തമിഴ് ശവ സംസ്കാര ചടങ്ങുകളില്‍ ഉപയോഗിക്കുന്ന സംഗീതത്തിന്റ സ്വാധീനം ഏറെയുണ്ട്- പ്രത്യേകിച്ച് ആദ്യാവസാന ഭാഗങ്ങളില്‍. മാന്‍ഡലിന്‍, പരമ്പരാഗത തമിഴ് ഉപകരണമായ ഉറൂമി തുടങ്ങിയ വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

പൂര്‍ണമായും ഹാന്റ്ഹെല്‍ഡ് ക്യാമറയില്‍ ഷൂട്ട് ചെയ്തതാണ് ഇത്. സന്തോഷ് ഉക്രന്റെ ശബ്ദലേഖനം ഏറെക്കൂറെ പൂര്‍ണമായും ചിത്രീകരണ സ്ഥലത്തു തന്നെ ചെയ്തതാണ്. ആനിമേഷന്റെ രസകരമായ ഉപയോഗം മറ്റൊരു പ്രത്യേകതയാണ്. മിഥുന്‍ മോഹനും സുഹാസുമാണ് ആനിമേഷന്‍ ചെയ്തത്. വളരെ മിതത്വത്തോടെയാണ് ആനിമേഷന്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഫീച്ചര്‍ ചിത്രമെന്ന നിലക്ക് ശ്രീകൃഷ്ണന്റെ തികച്ചും ശ്രദ്ധേയമായ സംരംഭമാണിത്.

 

 

എന്തിന് തമിഴകം?
തമിഴ് ഭാഷയിലെടുത്ത ചിത്രമാണ് മറുപാതൈ. മലയാളിയായ സംവിധായകന്‍ എന്തിനു തമിഴില്‍ ചിത്രമെടുത്തു എന്ന ചോദ്യത്തിന് ശ്രീകൃഷ്ണന് ഉത്തരമുണ്ട്. ഒരു വിശാല തമിഴ് ദേശീയതയുടെ പശ്ചാത്തലം ഉപയോഗിക്കാനുള്ള സാധ്യതയാണ് തമിഴിനോടടുപ്പിച്ചതെന്ന് ശ്രീകൃഷ്ണന്‍ പറയുന്നു. പുരാതന തമിഴ് സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്ന മധുരയുടെ പശ്ചാത്തലം ഈ വശത്തിന് ഊന്നല്‍ നല്‍കുന്നു. മധുരയുടെ വര്‍ത്തമാനകാല നഗര മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് പൊടുന്നനെ ഉയര്‍ന്നു നില്‍ക്കുന്ന കല്‍ത്തൂണുകളും ക്ഷേത്ര ഗോപുരങ്ങളും ചരിത്രം ഉറഞ്ഞുകൂടി നില്‍ക്കുന്ന പ്രതീതിയാണുണ്ടാക്കുന്നത്. ഈ ഇമേജുകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് ആധുനിക ഭാരതം അനുവര്‍ത്തിക്കേണ്ട വികസന പാതയുടെ മാതൃകയായി കൊണ്ടാടപ്പെടുന്ന ബാംഗ്ലൂരിലെ അപാര്‍ട്മെന്റ് കോംപ്ലക്സുകളാണ്.

ഏതാണ്ട് മൂന്നു കൊല്ലമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇടവിട്ട ഷെഡ്യൂളുകളിലൂടെ കേരളത്തിലും തമിഴ്നാട്ടിലുമായിരുന്നു ലൊക്കേഷനുകള്‍. പിന്നെ ബംഗലൂരും കോലാറിലെ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ ഖനികളുടെ തകര്‍ന്ന സാമ്രാജ്യവും മറ്റും. തമിഴ്നാട്ടിലെ വരണ്ട വനപ്രദേശങ്ങള്‍ ഒരു പ്രധാന ലൊക്കേഷനായിരുന്നു.

അതേ സമയം ചിത്രത്തിലെ ഒരു പിടി അംശങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുറേക്കൂടി ഒതുക്കവും ഒഴുക്കും കൈവരിച്ചാലേ കാണികളെ അവരറിയാതെ ചിത്രത്തിലേക്ക് വലിച്ചിടുന്ന മാന്ത്രിക വിദ്യ സ്വായത്തമാവൂ. ഇതില്‍തുടങ്ങിയ ഭാഷാപരമായ അന്വേഷണം തുടരുന്നതിനും മുന്നോട്ടു കൊണ്ടുപോവുന്നതിനും സംവിധായകന് കഴിയേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ ചിത്രത്തിന്റെയും അതിന്റെ ഭാഷയുടെയും പ്രസക്തി അടിവരയിട്ടുറപ്പിക്കാനാവൂ.

പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്? ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ-മരണത്തിലേക്ക് മറഞ്ഞ, ലോകത്തിന്റെ പ്രിയ ഗായിക വിറ്റ്നി ഹൂസ്റ്റണിന് ഓര്‍മ്മ കൊണ്ട് ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

 

 

കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ I will always love you എന്ന ഗാനത്തിന്റെ ലിങ്ക് ഷെയര്‍ചെയ്തതു കണ്ടപ്പോള്‍ കരുതി, വാലന്റൈന്‍സ് ഡേ അല്ലേ, രണ്ടു ദിവസം മുമ്പേ അവന്‍മാര്‍ പണിതുടങ്ങി എന്നാണ്. പെട്ടെന്നാണ് അതിനോടൊപ്പമുണ്ടായിരുന്ന ചെറിയ അക്ഷരത്തിലുള്ള വാര്‍ത്ത കണ്ടത്. വിറ്റ്നി ഹൂസ്റ്റണ്‍ എന്ന ഗായിക, ഇനിയില്ല! അവരുടെ ഗാനങ്ങളും സിനിമകളും മാത്രം ബാക്കി!

സരിത കെ. വേണു

ഞെട്ടലുണ്ടാക്കി, ആ തിരിച്ചറിവ്. മരണം അത് എത്ര പെട്ടെന്നാണ് എല്ലാം കീഴടക്കുന്നത്. 48 വര്‍ഷം അവര്‍ ചിരിച്ച ചിരികള്‍, കരഞ്ഞ ദുഖങ്ങള്‍, അനുഭവിച്ച നെഞ്ചിടിപ്പുകള്‍, നേടിയ വിജയങ്ങള്‍, പരാജയങ്ങള്‍…സ്വന്തമെന്ന് നിനച്ചതെല്ലാം ബാക്കി. ജീവിതത്തിന്റെ നടപ്പുവഴികളില്‍ അവര്‍ മാത്രമില്ലാതാവുന്നു. മായാജാലക്കാരന്‍ മരണം ഒറ്റയടിക്കില്ലാതാക്കുന്നു, നമ്മില്‍നിന്നെല്ലാം. ഒരു തിരിച്ചുവരവില്ലെന്ന പൂര്‍ണ ബോധ്യത്തിലായിരുന്നു വിറ്റ്നിയും അറ്റുവീണത്.

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്?

ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ?

 

വിറ്റ്നി

 

”നീ ഞങ്ങളുടെ നവോമി കാംബെല്‍ ആണെന്നു പറയുമ്പോള്‍ എനിക്ക് വിറ്റ്നി ഹൂസ്റ്റണ്‍ ആവാനായിരുന്നു ഇഷ്ടം”. ഡോ.ജോണ്‍ മത്തായി സെന്ററിലെയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ് നാളുകളിലെയും പ്രിയ ശബ്ദമായിരുന്നു അവര്‍. പഠിച്ചിരുന്ന കാലത്ത് മനസില്‍ ചേക്കേറിയ, വിട്ടകലാത്ത ശബ്ദം.

അന്നൊക്കെ എം ടി.വിയില്‍ ഞാന്‍ കൂടുതല്‍ കണ്ടതും കേട്ടതും അവരുടെ ഗാനങ്ങള്‍ തന്നെ. ഒരു ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും പടര്‍ത്തിയിട്ട ശബ്ദമാധുരിയില്‍ വിറ്റ്നി പാടിയത് മുഴുവന്‍ എനിക്ക് പറയാനുള്ള വാക്കുകളാണെന്ന് തോന്നിയിരുന്നു. വിറ്റ്നിയുടെ ഗാനങ്ങളുടെ ശീര്‍ഷകങ്ങള്‍ കോര്‍ത്തിണക്കി ഒരിക്കല്‍ എന്റെ ക്രിസ്തുമസ് ഫ്രെന്റിനു ഞാന്‍ കത്തുകളെഴുതി. അതിനെങ്ങനെ മറുപടി അയക്കാനാവും എന്ന കൌതുകത്തോടെ കാത്തുനിന്നു.

പ്രണയകാലത്തും, പിന്നീടും അവരുടെ പാട്ടുകളിലൂടെ ഏറെ ദൂരം ഞാന്‍ നടന്നു. കടുത്ത ഇഷ്ടം കൊണ്ടു മൂടി. പ്രണയത്തിന്റെ മൂര്‍ധാവിലേക്ക് മധുരം പകര്‍ന്ന് കറുത്തുസുന്ദരിയായ ഒരു സ്ത്രീ പാടുന്നു ‘I will Always love you’ ഓ, സുന്ദരം! അതുകൊണ്ടാവണം എനിക്ക് വിറ്റ്നിയാവണമെന്ന് കൊതിയായത്.

 

 

നഷ്ട പ്രണയത്തിന്റെ തീച്ചിറകുകള്‍ എന്നെ പറത്തുമ്പോഴും അവര്‍ കൂട്ടുവന്നു. ‘Saving all my love for you’ എന്ന ഗാനം വീണ്ടും വീണ്ടും മുറിവാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട ലേഖനത്തിന് ആദ്യം മനസ്സില്‍ വന്ന വരി ഒരു ചോദ്യമായിരുന്നു. Where do the broken hearts go?

 

 

പിന്നെ, കാല്‍പ്പനികതയുടെ പഞ്ഞിക്കെട്ടുകളില്‍നിന്ന് ജീവിതം നമ്മെ അടര്‍ത്തി മാറ്റുന്നു. ഒരു പക്ഷേ, വിറ്റ്നിയെ അടര്‍ത്തി മാറ്റിയത് അതാവാം. അത്ര കാല്‍പ്പനികമല്ലാത്ത തിരക്കുകള്‍. ജോലി നീട്ടിയെറിയുന്ന സമയമില്ലായ്മകള്‍. പതിയെ, ഒരു തൂവല്‍ക്കനമായി അവരെന്നില്‍നിന്ന് ഇറങ്ങിപ്പോയത് അങ്ങനെ തന്നെയാവണം. എന്നിട്ടും, പക്ഷെ ഓര്‍മ്മയിലുണ്ടായിരുന്നു, മയില്‍പ്പീലിക്കണ്ണുകളുള്ള ആ ശബ്ദം. ചാഞ്ഞും ചെരിഞ്ഞുമെത്തുന്ന സ്വപ്നാടനത്തിന്റെ നേരങ്ങളിലെ എന്റെ സഞ്ചാരങ്ങള്‍ക്ക് ആ സ്വരം പശ്ചാത്തല സംഗീതമായി.

 

 

ഇത്രയും പ്രതിഭാസമ്പന്നയായ അവര്‍ക്ക് എന്താണ് പറ്റിയതെന്ന് നമുക്കറിയാം. പ്രതിഭകൊണ്ട് അവര്‍ നമ്മുടെ സന്തോഷത്തിന്റെ വിടവുകള്‍ നികത്തിയപ്പോള്‍ അവര്‍ക്ക് ആ സന്തോഷം ലഭിച്ചിരുന്നേയില്ല. ഡോളി പാര്‍ടണ്‍ പറഞ്ഞതു പോലെ ‘വിറ്റ്നിയുടെ മരണത്തില്‍ മുറിവേറ്റ ദശലക്ഷക്കണക്കിന് ഹൃദയങ്ങളി’ല്‍ ഒന്നുമാത്രമാണ് എന്റേത്. മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.

 

 

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ: ഓര്‍മ്മയിലൊരു നിലാവ്

സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ് -സന്തൂറില്‍ ഋതുഭേദങ്ങള്‍ വായിക്കുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്

 

 

ഉച്ചവെയില്‍, സന്ധ്യയോടെ ചെറിയ തണുപ്പിന് വഴിമാറും. സ്വര,ലയ,നാദ വിസ്മയങ്ങളുമായി ചെന്നൈയിലിത് മാര്‍ഗഴി വസന്തത്തിന്റെ നാളുകള്‍. സായന്തനങ്ങള്‍ സംഗീത സദസ്സുകള്‍ക്കായര്‍പ്പിച്ച കലാ വിശുദ്ധിയുടെ വ്രതഭരിത മാസം. ‘പന്തുവരാളിയുടെ’ പടികള്‍ കയറി ‘മോഹന’ ഭക്തിനിറവില്‍ ‘അമൃതവര്‍ഷിണി’ നനഞ്ഞ് ‘ഹംസധ്വനി’യുടെ ചിറകില്‍ ‘മദ്ധ്യമാവതി’യില്‍ ലയം. മോക്ഷത്തിലേക്കുള്ള പരമ മാര്‍ഗ്ഗം, സംഗീതം. ആ നാദപ്രഭാവം ഉള്ളിലാകെ തീര്‍ത്തത് സ്വയം വിസ്മൃതി. ഒറ്റക്കൊരു ലോകത്തില്‍ ചെന്നുപെട്ടതുപോലെ. ചുറ്റും കടലുപോലെ സംഗീതം. സംഗീതം മാത്രം.
പെട്ടെന്ന്, മൊബൈല്‍ ഫോണ്‍ വിറച്ചു. സുഹൃത്ത് ശ്രുതി ചതുര്‍ലാലിന്റെ സന്ദേശം. സാധാരണ വാക്കുകള്‍. പക്ഷേ, അസാധാരണമായ ഒരോര്‍മ്മയിലേക്ക് അത് വാതില്‍ തുറന്നു. ഓര്‍മ്മയില്‍ ദില്ലിയുടെ ഡിസംബര്‍ മഴയുടെ നനവ്. തണുപ്പില്‍ സന്തൂറിന്റെ തുളുമ്പല്‍. പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ! മരം പെയ്യും പോലെ ഓര്‍മ്മയില്‍നിന്ന് ഇപ്പോഴും സന്തൂര്‍. ആത്മാവിനു മീതെ വീണ്ടും സംഗീതത്തിന്റെ പുതപ്പ്.

രണ്ടു വര്‍ഷം മുമ്പ് ദില്ലിയിലുണ്ടായിരുന്നപ്പോഴാണ്. ഒരു ശനിയാഴ്ച്ച വൈകുന്നേരം പണ്ഡിറ്റ് ചതുര്‍ലാല്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ശ്രുതിയുടെ ക്ഷണമെത്തി,’നാളെ പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ സംഗീത സന്ധ്യ. നീ വരണം’.സൌഹൃദത്തിന്റെ ആനുകൂല്യമെടുത്ത് ഞാനൊരു ഉപാധിവെച്ചു. ‘ഒരു ഇന്റര്‍വ്യൂ. എനിക്കദ്ദേഹത്തോട് സംസാരിക്കണം’.
‘നോക്കൂ, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഒന്നും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല’-അവളുടെ മറുപടി എന്നെ അല്‍പ്പം നിരാശപ്പെടുത്തി.

ബാല്യത്തിന്റെ ഈണങ്ങള്‍

പി.ബി അനൂപ്

ദൂരദര്‍ശന്‍ മാത്രം പാടിയാടിയ കുട്ടിക്കാലത്ത് ഞായറാഴ്ചകളുടെ ആലസ്യത്തില്‍നിന്നുണര്‍ത്തിയത് ‘രംഗോലി’യ്ക്ക് ശേഷമുള്ള ‘മിലേ സുര്‍ മേരാ തുമാരയും’ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയുടെ വേണു നാദവും, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ സ്വരവുമൊക്കെയായിരുന്നു. വെണ്‍പട്ടു പുതച്ച ഹിമാലയ ശൃംഖങ്ങളുടെ പശ്ചാത്തലത്തില്‍ അതേ തലയെടുപ്പോടെ സന്തൂര്‍ വായിക്കുന്ന ശിവ കുമാര്‍ ശര്‍മ്മ കുട്ടിക്കാലത്തിന്റെ ആല്‍ബത്തിലുണ്ട്. കാവിലെ ‘കളമെഴുത്തുപാട്ടിന് വേലായുധപ്പാണന്‍ കൊണ്ടുവരാറുള്ള ‘നന്തുണി’ പോലുള്ള എന്തോ ഒന്നാണ് അദ്ദേഹവും വായിക്കുന്നത് എന്നതിനപ്പുറം അന്ന് ഏറെയൊന്നും അറിയില്ലായിരുന്നു.

വെള്ളിയിഴകള്‍ വീണ, ചുരുണ്ട് അലക്ഷ്യമായിക്കിടക്കുന്ന തലമുടിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. പിന്നീട് സ്കൂള്‍ വിജ്ഞാനപ്പരീക്ഷക്കായുള്ള ഒരു ചോദ്യാത്തരമായി പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ വീണ്ടും ഓര്‍മ്മയില്‍വന്നു. പണ്ഡിറ്റ് ശിവകുമാര്‍-ശര്‍മ സന്തൂര്‍, പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യ- പുല്ലാംകുഴല്‍, ബിസ്മില്ലാഖാന്‍- ഷെഹനായി എന്നിങ്ങനെ ‘ചേരുംപടി ചേര്‍ത്ത്’ പഠനം. അതു കഴിഞ്ഞേറെ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ചെവിയിലേക്ക് മെല്ലെ തുളുമ്പി തുടങ്ങി. ബിസ്മില്ലാ ഖാന്റെ ഷഹനായിയായിരുന്നു കതക് തുറന്നത്. തുറന്ന വാതിലിലൂടെ അനേക ലോകങ്ങള്‍ ഇരമ്പി കയറി നിന്നു.

 

photo courtesy: teental

 

സിരി ഫോര്‍ട്ട് ഓഡിറ്റോറിയം
അതങ്ങനെ. ഇപ്പോള്‍, നില്‍ക്കുന്നത് ദില്ലിയില്‍. ദില്ലി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ സംഗീത വേദി. ആളുകള്‍ നിറഞ്ഞിരുന്നു. കൃത്യ സമയത്തുതന്നെ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെത്തി. സദസ്സിനെ വണങ്ങി. സന്തൂര്‍ ശ്രുതിചേര്‍ത്ത് നാദ വീചികളിലൂടെ സഞ്ചാരം തുടങ്ങി. ആനന്ദധാരയില്‍ സദസ്സ്. സന്തൂറെന്ന വാദ്യാപകരണമായും ആ സ്വര പ്രപഞ്ചവുമായും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു പര്യായപദം പോലെ. മനസ്സ് പൂര്‍ണ്ണമായ് പകര്‍ന്നു നല്‍കിയാലറിയാം, ആ വിരലുകള്‍ തൊട്ടുണര്‍ത്തുന്നത് നമ്മുടെ ഹൃദയ തന്ത്രികളെത്തന്നെയാണ്. മുട്ടിവിളിക്കുന്നത് അഭൌമമായ സ്ഥല^കാല രാശികളിലേക്കാണ്. സ്മൃതി വനങ്ങളെയാണ്.
സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ്. ” ആസ്വാദകരുടെകൈയടിയല്ല, നിശãബ്ദമായ മുഴുകലാണ് എനിക്കിഷ്ട’മെന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആഗ്രഹം പോലെ. മൌനതിന്റെ പല മാത്രകള്‍ പിന്നിട്ട് സദസ്സിലേക്ക് പതിയെ തുടങ്ങി അലസമായി മുറുകി പതഞ്ഞുയര്‍ന്ന കരഘോഷം. സദസ്സിനെ വണങ്ങി വേദിയില്‍നിന്ന് നടന്നകലവെ എതിരെ വന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. രണ്ട് മഹാ നദികളുടെ സംഗമം.

 

photo: guneet khurana

 

മുന്നിലൊരു നിലാവ്
ഗ്രീന്‍ റൂമില്‍ ചെന്ന്, പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയെ കണ്ടു. അദ്ദേഹം യാത്രക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. സ്നേഹഭരിതമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇന്റര്‍വ്യൂവിന് സമ്മതം മൂളി. കടും ചുവപ്പുനിറത്തിലുള്ള സില്‍ക്ക് കുര്‍ത്ത മുഖത്തെ തിളക്കത്തിനൊപ്പം മിന്നി. ആകര്‍ഷമായ കണ്ണുകള്‍. ഹിമ ശൃംഖത്തിന്റെ തലയെടുപ്പ്.
കശ്മീര്‍ താഴ്വരയിലെ നാടോടി സംഗീതോപകരണമാണ് സന്തൂര്‍. നൂറ് തന്ത്രികളുള്ളതിനാല്‍ ശതതന്ത്രി എന്നും അറിയപ്പെടുന്ന സന്തൂര്‍ ശാസ്ത്രീയ സംഗീതോപകരണമായോ, സ്വതന്ത്ര സംഗീതോപകരണമായോ പരിഗണിക്കപ്പെട്ടിരുന്നില്ല. സൂഫി പ്രാര്‍ത്ഥനകളാണ് സന്തൂറിന്റെ ലോകം. പന്ത്രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ വാല്‍നട്ട് കൊണ്ടുള്ള ഈ നാടോടി സംഗീതോപകരണത്തിന് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ ഏറെ രൂപമാറ്റങ്ങള്‍ വരുത്തി. പാരമ്പര്യവാദികളുടെ കന്മതിലുകള്‍ തകര്‍ത്ത് സന്തൂറിനെ ശാസ്ത്രീയ സംഗീതോപകരണമാക്കി.
‘അതൊരു വലിയ യാത്രയായിരുന്നു. എല്ലാ വശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍. സന്തൂറിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. എല്ലാ രാഗങ്ങളും ഇതില്‍ വായിക്കാന്‍ പറ്റില്ല. ഋഗ്വേദത്തില്‍ ശതതന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു എന്റേത്’-ആഴമുള്ള സ്വരത്തില്‍ ആ വാക്കുകള്‍.

 

 

1938 ജനുവരി 13 ന് ജമ്മുവില്‍ ജനനം. താഴ്വരയുടെ സംഗീതം സിരകളില്‍ നിറഞ്ഞു തുളുമ്പിയ ബാല്യം. പിതാവ് ഉമാദത്ത് ശര്‍മ്മയ്ക്ക് കീഴില്‍ സന്തൂറില്‍ ഹരിശ്രീ കുറിച്ചു. മകനിലൂടെ സന്തൂറിന് ഒരു പുതിയ അസ്തിത്വം- അതായിരുന്നു ഉമാദത്ത് ശര്‍മ്മയുടെ സ്വപ്നം. ‘നാലര വയസ്സിലാണ് ഞാന്‍ സംഗീത പഠനം തുടങ്ങിയത്. ആദ്യം പഠിച്ചത് തബല. 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ സന്തൂര്‍ സമ്മാനിച്ചു. ഇതിന് ഒരാത്മാവുണ്ടെന്നും അത് കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.-പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍.
1955ല്‍ മുംബൈയില്‍ അരങ്ങേറ്റം. 1967 ല്‍ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയ്ക്കും ബ്രിജ് ഭൂഷനുമൊപ്പം ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘കാള്‍ ഓഫ് ദി വാലി’ എന്ന ആല്‍ബം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരുന്നു.

മുഖ്യധാരാ സിനിമയുടെ സെല്ലുലോയ്ഡ് വഴികളിലും ആ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യക്കൊപ്പം അദ്ദേഹം സംഗീതം നല്‍കിയ ‘ജാതൂ തേരി നസര്‍’ ഏറെ ജനപ്രിയമായിരുന്നു. ‘ഡര്‍’ എന്ന ചിത്രത്തില്‍ ഉദിത് നാരായണ്‍ പാടിയ പാട്ട് ഈ കൂട്ടുകെട്ടിന്റെ ഏക ബേചാളിവുഡ് സൃഷ്ടിയല്ല.
‘സില്‍സില’, ‘ലംഹേ’, ‘ചാന്ദിനി’ തുടങ്ങിയ ചിത്രങ്ങളിലും ‘ശിവ് -ഹരി ‘മാര്‍ ഒന്നിച്ചു. ബോളീവുഡിന്റെ ഇഷ്ടങ്ങള്‍ മാറിയതോടെ ഈ രസതന്ത്രവും വഴിപിരിഞ്ഞു. ‘അത് ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. വ്യത്യസ്ത സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍. വ്യത്യസ്ത ഇഷ്ടാനിഷ്ട്ടങ്ങളുള്ളവര്‍… സംഗീതമായിരുന്നു ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്നത്. അനുകൂലമായ അവസരം വന്നാല്‍ വീണ്ടും ഒന്നിക്കാവുന്നതേയുള്ളൂ ‘-ആ സംഗീത സൌഹൃദത്തെക്കുറിച്ച് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ പറയുന്നു.

അനവധി വേദികളില്‍ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ആ നാദ വിസ്മയം. ‘എനിക്ക് കേരളത്തില്‍ സംഗീത പരിപാടികള്‍ നടത്താന്‍ വളരെ ഇഷ്ടമാണ്. ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നല്ല ആളുകള്‍. സംഗീതം ആത്മാര്‍ത്ഥമായി ആസ്വദിക്കുന്ന സദസ്സ്. അതിലുമേറെ നല്ല ഭക്ഷണം. ‘സാമ്പാറും’ ‘അവിയലും’ എനിക്കേറെ ഇഷ്ടം’- ചിരിയോടെ അദ്ദേഹം വെളിപ്പെടുത്തുന്നു, കേരളത്തെക്കുറിച്ചുള്ള ഇഷ്ടം.

മകന്‍ രാഹുലും സന്തൂര്‍ വഴിയേയാണ്… ‘അവന് സ്വതസിദ്ധമായ കഴിവുണ്ട് അല്ലാതെ ഞാന്‍ നിര്‍ബന്ധിട്ടില’-മകനൊപ്പം വേദി പങ്കിടുന്നതിനെക്കുറിച്ച് അച്ഛന്റെ വാക്കുകള്‍. ‘പത്ത് മിനിറ്റെന്ന അനുമതിയുമായി തുടങ്ങിയ അഭിമുഖം ഒരുമണിക്കൂര്‍ നീണ്ടു. പിരിയാന്‍ നേരത്ത് അദ്ദേഹം സ്നേഹത്തോടെ ഹസ്തദാനം ചെയ്തു. നാദ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ കൈക്ക് നല്ല തണുപ്പ്.

വീണ്ടും ചെന്നൈ
വീണ്ടുമിപ്പോള്‍ ചെന്നൈ. മാര്‍ഗഴി വസന്തം. അകലെ നടക്കുന്ന സംഗീത നിശയില്‍ തനിമയുള്ള സ്വര സംശുദ്ധിയുമായി സുധാ രഘുനാഥന്‍ പാടുന്നു …’നീ ആടാത് അസങ്കാത് വാ കണ്ണാ’. മദ്ധ്യമാവതിയുടെ മാന്ത്രികതയ്ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പാരമ്പര്യങ്ങളെ നിഷേധിക്കാതെ പാട്ടിന്റെ പുത്തന്‍ വന്‍കര തേടിയുള്ള പ്രയാണം. ആലാപനത്തില്‍, നിറയുന്ന സ്നേഹം. പാട്ടിന്റെ ദേശാന്തര ഗമനം.

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: രചനാവേളയില്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers