Category archives for: ആര്‍ട്ട് & തിയറ്റര്‍

വാട്ടര്‍ സ്റ്റേഷന്‍, മെയ്ധ്വനി, സര്‍ക്കസ്: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ദേശം

സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ദേശീയ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ബോധപൂര്‍വവും അല്ലാത്തതുമായ ശ്രമങ്ങള്‍ വര്‍ഷങ്ങളായി കേരളത്തില്‍ സംഭവിച്ചു വരുന്നുണ്ട്. ആശയവിനിമയത്തിലും യാത്രാ സൌകര്യത്തിലുമുണ്ടായ മാറ്റങ്ങള്‍ ഈ ശ്രമങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഉപരിപഠനാര്‍ഥവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും കലാകാരന്‍ കേരളം വിട്ട് മഹാനഗരങ്ങളില്‍ ചേക്കേറി. കൂടുതല്‍ കൊടുക്കലും വാങ്ങലുകളുമുള്‍ച്ചേര്‍ന്ന ഒരു അന്തരീക്ഷം ഇപ്പോള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടുണ്ട് -രേണുരാമനാഥിന്റെ നിരീക്ഷണം. ഒപ്പം, വാട്ടര്‍ സ്റ്റേഷന്‍, സര്‍ക്കസ് തിയറ്റര്‍ പ്രൊജക്റ്റ്, മെയ്ധ്വനി, കടമ്പഴിപ്പുറം ടാഗോര്‍ ഫെസ്റ്റിവല്‍, പാവക്കഥകളി, ഡര്‍ബാര്‍ഹാള്‍ നവീകരണം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍

 

 

രാഷ്ട്രീയ-സാമ്പത്തിക-ഭരണ രംഗങ്ങളിലെന്ന പോലെ, സാംസ്കാരിക രംഗത്തും വടക്കും തെക്കും തമ്മിലുള്ള വേര്‍തിരിവ് ഇന്ത്യയില്‍ പ്രകടമാണ്. അധികാര കേന്ദ്രങ്ങളുടെ സാമീപ്യവും സാമ്പത്തികാധിപത്യവുമെല്ലാം ദക്ഷിണേന്ത്യക്കു മുകളില്‍ വടക്കിനുള്ള ആധിപത്യത്തിനുള്ള കാരണങ്ങളാണ്. അതിനുള്ളില്‍തന്നെ യാണ് നഗരപ്രദേശവും അല്ലാത്തിടങ്ങളും തമ്മിലുള്ള വേര്‍തിരിവും. ‘ഗ്രാമം’ എന്ന പ്രയോഗത്തേക്കാള്‍ ‘നഗരമില്ലാത്തിടം’-non-urban- എന്ന പ്രയോഗമാണ് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ നല്ലതെന്ന് തോന്നുന്നു.
ആധുനിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പൊതുവേ നടക്കുന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ചു തന്നെയാണെന്ന് പറയേണ്ടി വരും. മാറിവരുന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളില്‍ ആധുനികപൂര്‍വമായ,പരമ്പരാഗത-ഫോക് കലാരൂപങ്ങള്‍ക്കു പോലും അവയുടെ തനതു മണ്ണില്‍ ഇടമില്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇന്ത്യയിലെ ദേശീയ സാംസ്കാരിക രംഗം മൊത്തത്തില്‍ നിരീക്ഷിച്ചാല്‍, സ്വാഭാവികമായും ബോംബെ , ഡല്‍ഹി, എന്നീ നഗരങ്ങള്‍ ഒന്നാമതായും കല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയവ രണ്ടാം നിരയിലും വരുന്ന രീതിയിലാണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകരണം സംഭവിച്ചതെന്നു കാണാം. വിഷ്വല്‍ ആര്‍ട്ടിന്റെ (ദൃശ്യകല എന്നു പൊതുവേ പറയാം) കാര്യത്തിലായാലും പെര്‍ഫോമിങ് ആര്‍ട്ടിന്റെ കാര്യത്തിലായാലും ഇതേറെക്കൂറെ സമാനമാണ്. കര്‍ണാടകയിലെ ഹെഗ്ഗൊഡു എന്ന ഗ്രാമത്തില്‍ 1949 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന നീനാസം പോലുള്ള ഉദാഹരണങ്ങള്‍ ഇല്ലെന്നല്ല.

റിഹേഴ്സലുകള്‍
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഈ ദേശീയ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ബോധപൂര്‍വവും അല്ലാത്തതുമായ ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സംഭവിച്ചു വരുന്നുണ്ട്. ആശയവിനിമയത്തിലും യാത്രാ സൌകര്യത്തിലുമുണ്ടായ മാറ്റങ്ങള്‍ ഈ ശ്രമങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഉപരിപഠനാര്‍ഥവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും കലാകാരന്‍ കേരളം വിട്ട് മഹാനഗരങ്ങളില്‍ ചേക്കേറി. പിന്നീട് തിരിഞ്ഞുനോക്കാതെ ജീവിക്കുക എന്ന സാഹചര്യം പതുക്കെ മാറി വന്നു. കൂടുതല്‍ കൊടുക്കലും വാങ്ങലുകളുള്‍ച്ചേര്‍ന്ന ഒരു അന്തരീക്ഷം ഇപ്പോള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ചില നല്ല ഉദാഹരണങ്ങളാണ് ഈയിടെ കേരളം വേദിയായ ചില തിയറ്റര്‍ പ്രൊജക്റ്റുകളുടെ റിഹേഴ്സലുകള്‍. ദേശീയ തലത്തില്‍ ശ്രദ്ധേയമായ രണ്ട് റിഹേഴ്സലുകള്‍ ഈയിടെ കേരളത്തില്‍ നടന്നു. (ഒന്ന് ഇപ്പോഴും നടക്കുന്നു). സ്കൂള്‍ ഓഫ് ഡ്രാമയുടെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി അധ്യാപകനും സംവിധായകനുമായ അഭിലാഷ് പിള്ള ഒരു സര്‍ക്കസുമായി സഹകരിച്ചു കൊണ്ടൊരുക്കുന്ന നാടകാവതരണവും യുവസംവിധായകന്‍ ശങ്കര്‍ വെങ്കിടേശ്വരന്റെ ‘വാട്ടര്‍ സ്റ്റേഷനു’മാണ് അവ.

 

വാട്ടര്‍ സ്റ്റേഷന്‍

 

വാട്ടര്‍ സ്റ്റേഷന്‍
ഇതില്‍ വാട്ടര്‍ സ്റ്റേഷന്‍ കഴിഞ്ഞ നവംബര്‍ 20,30 തീയതികളില്‍ ബാംഗ്ലൂരിലെ രംഗശങ്കര ഓഡിറ്റോറിയത്തില്‍ ആദ്യാവതരണങ്ങള്‍ നടത്തിക്കഴിഞ്ഞു. തിയറ്റര്‍ റൂട്ട്സ് ആന്റ് വിങ്സ് അവതരിപ്പിച്ച വാട്ടര്‍ സ്റ്റേഷനില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നടീനടന്‍മാരാണ് പങ്കെടുക്കുന്നത്. തൃശൂരിലെ കേരള സംഗീത നാടക അക്കാദമിയുടെ നാട്യ ഗൃഹത്തിലാണ് ഒരു മാസത്തിലേറെ നീണ്ട റിഹേഴ്സല്‍ നടന്നത്.
മൂണ്‍മൂണ്‍സിങ്, രവീന്ദ്ര വിജയ് എസ്, സുനില്‍ ബന്നൂര്‍, ആശാ പോനികിയേവ്സ്ക, അനിരുദ്ധ് നായര്‍, കവിതാ ശ്രീനിവാസന്‍, യശ്വന്ത് കുച്ബാല്‍, ഷെഹ്റാസാദ് കൈകോബാദ്, ഈശ്വരി ബോസ് ഭട്ടാചാര്യ, മന്ദാകിനി ഗോസ്വാമി, സുനിത എന്നിവരോടാപ്പം കേരളത്തില്‍നിന്നും ഗോപാലന്‍, വിനുജോസഫ്, സ്മിത പി, സുനില്‍ ബന്നൂര്‍ എന്നിവരും ഈ നാടകത്തിലെ അഭിനേതാക്കളാണ്. സംഗീതം ശങ്കര്‍ വെങ്കിടേശ്വരനും പ്രകാശവിന്യാസം ജോസ് കോശിയും നിര്‍വഹിച്ചിരിക്കുന്നു.

സര്‍ക്കസും തിയറ്ററും
നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം വര്‍ഷ ബി.ടി.എ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള തിയറ്റര്‍ പ്രൊജക്റ്റാണ് ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കസ് കൂടാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കസിലെ തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരും വിദ്യാര്‍ഥികളോടൊപ്പം പങ്കെടുക്കുന്നു. ഏറെ വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന പ്രൊജക്ടാണിതെന്ന് നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ആക്ടിംഗ് വിഭാഗം മുന്‍ ഡീനായ അഭിലാഷ് പിള്ള പറയുന്നു. സര്‍ക്കസും തിയറ്ററും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്ന കാഴ്ച പാശ്ചാത്യ ലോകത്ത് സാധാരണമായി കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്നും ഇത് രണ്ടും യാതൊരു ബന്ധവുമില്ലാത്ത വ്യത്യസ്ത ലോകങ്ങളായി നില്‍ക്കുക തന്നെയാണ്. മറ്റു വിനോദാപാധികളുടെ തള്ളിക്കയറ്റത്തിനിടയില്‍ , മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വൈമനസ്യവും സാമ്പത്തിക പ്രതിസന്ധിയും നിയമങ്ങളുടെ ഇടപെടലുമെല്ലാം ചേര്‍ന്ന് നട്ടംതിരിക്കുന്ന സര്‍ക്കസ് മേഖലക്കും ഈ പുതിയ സഹകരണം ഗുണകരമായേക്കുമെന്ന് കരുതാം.
തലശേãരി സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് സര്‍ക്കസാണ് നാടക പരിശീലനത്തിനും അവതരണത്തിനും വേദിയാവുന്നത്. ഇരിങ്ങാലക്കുടയില്‍നിന്നാരംഭിച്ച റിഹേഴ്സല്‍ സമാപിക്കുന്നത് കോഴിക്കോട്ട് ഡിസംബര്‍ പകുതിയോടെ നടക്കുന്ന നാടകാവതരണത്തിലാവും. തുടര്‍ന്ന്, ജനുവരിയില്‍ ദല്‍ഹിയില്‍ പ്രത്യേകം ഒരുക്കുന്ന സര്‍ക്കസ് കൂടാരത്തില്‍ നാടകം അരങ്ങേറും.
പ്രശസ്ത തിയറ്റര്‍ ചലച്ചിത്ര സംഗീത സംവിധായകനായ ചന്ദ്രന്‍ വെയ്യാറ്റുമല്‍ (പാരീസ് ചന്ദ്രന്‍ ) ആണ് സംഗീതമൊരുക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സമുദ്രയിലെ മധു ഗോപിനാഥും സംഘവും കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. പ്രകാശവിന്യാസം തിരുവനന്തപുരം സ്വദേശിയായ ലൈറ്റിങ് ഡിസൈനര്‍ ശ്രീകാന്തും വസ്ത്രങ്ങള്‍ ദല്‍ഹിയില്‍നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ അരുണ്‍ തിവാരിയുമാണ് ഡിസൈന്‍ ചെയ്യുന്നത്. റോഷന്‍ എന്‍.ജി മേയ്ക്കപ്പ്.

 

മെയ്ധ്വനി

 

മെയ്ധ്വനി
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സമകാലീന നൃത്തസംഘം ‘ആട്ടക്കളരി’ തങ്ങളുടെ ഏറ്റവും പുതിയ രംഗാവതരണമായ ‘മെയ്ധ്വനി’ കൊച്ചിയില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 17ന് എറണാകുളം കേരള ഫൈനാര്‍ട്സ് ഹാളിലായിരുന്നു അവതരണം. ‘മെയ്യ്’ എന്ന തമിഴ്വാക്കും ‘ധ്വനി’ എന്ന സംസ്കൃത വാക്കും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ‘മെയ്ധ്വനി’യുടെ അര്‍ഥം ശരീരത്തിന്റെ പ്രതിധ്വനികള്‍, ശരീരത്തിന്റെ ഓര്‍മ്മകള്‍ എന്നൊക്കെയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ജര്‍മനിയിലാണ് മെയ്ധ്വനിയുടെ ആദ്യ അവതരണം നടന്നത്. ആട്ടക്കളരിയുടെ സഞ്ചാരി മൊബൈല്‍ തിയറ്റര്‍ പര്യടനത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ പരിപാടി നടന്നത്.
സാഹചര്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപാടുകളില്‍ കുടുങ്ങിപ്പോയ മനുഷ്യരെയാണ് മെയ്ധ്വനി അവതരിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും ജ്യാമിതീയ അമൂര്‍ത്തതകളില്‍നിന്നും വാസ്തുശില്‍പ കലയില്‍നിന്നുമൊക്കെ കണ്ടെടുത്ത സൂചകങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് ഈ പുതിയ നൃത്താവതരണം തയ്യാറാക്കിയത്. പരമ്പരാഗത ശാരീരിക വിജ്ഞാനവും പുതിയ കണ്ടെത്തലുകളും ആധുനിക സാങ്കേതിക വിദ്യയും ഇഴചേര്‍ത്തെടുക്കുന്ന ആട്ടക്കളരിയുടെ ദര്‍ശനത്തില്‍നിന്നു തന്നെയാണ് മെയ്ധ്വനിയും രൂപംകൊണ്ടത്. ഭരതനാട്യത്തിന്റെ കാച്ചിക്കുറുക്കിയ തെളിമയും കളരിപ്പയറ്റിന്റെ അമൂര്‍ത്ത മൃഗപ്രതീകങ്ങളും മെയ്ധ്വനിയുടെ ചലനഭാഷയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സംഗീതവും കൊറിയോഗ്രാഫിയും ജയചന്ദ്രന്‍ പാലാഴിയാണ്.
ഇസ്രായേലി സംഗീതജ്ഞരായ പാട്രിക് സെബാഗ്, യോതാം അഗാം എന്നിവരാണ് സംഗീതം. തോമസ് ദോസ്ലറാണ് പ്രകാശ വിന്യാസം. ഹിമാംശു, സോഹാലി എന്നിവര്‍ വസ്ത്രാലാങ്കാരം നിര്‍വഹിച്ചു.

ദര്‍ബാര്‍ ഹാള്‍
ഇതിനിടയില്‍ എറണാകുളത്ത് കേരള ലളിതകലാ അക്കാദമിയുടെ ഗാലറിയായ ദര്‍ബാര്‍ ഹാള്‍ വളരെ വലിയൊരു നവീകരണത്തിനുശേഷം തുറക്കപ്പെട്ടു. 2012ല്‍ നടക്കാനിരിക്കുന്ന കൊച്ചി^മുസിരിസ് ബിനാലെക്കുവേണ്ടി ബിനാലെ ഫൌണ്ടേഷന്റെ മേല്‍നോട്ടത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള പ്രദര്‍ശന സൌകര്യങ്ങളോടെയാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്റര്‍ ഒരുക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 127 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം നടന്നു.

 

അനിതാരത്നത്തിന്റെ നൃത്തം

 

ടാഗോര്‍ കടമ്പഴിപ്പുറത്ത്
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150ാം ജന്‍മദിനാഘോഷം ഒരു വര്‍ഷമായി രാജ്യത്തെ സാംസ്കാരിക സംഘടനകള്‍ നടത്തിവരികയാണ് . പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന കൊച്ചു ഗ്രാമം ഒരു മാസം നീണ്ട സാംസ്കാരികോല്‍സവത്തിലൂടെയാണ് ടാഗോറിനെ സ്മരിക്കുന്നത്.
നവംബര്‍ 26നാണ് കടമ്പഴിപ്പുറത്ത് നാട്യശാസ്ത്ര എന്ന സാംസ്കാരിക സംഘടനയും കാഴ്ച ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടാഗോര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. പ്രശസ്ത നര്‍ത്തകി അനിതാ രത്നത്തിന്റെ നൃത്തത്തോടൊപ്പം ടാഗോര്‍ നാടകത്തെ ആധാരമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത ‘ബലി ‘എന്ന മലയാള നാടകത്തിന്റെ ആദ്യാവതരണവും നടന്നു.
നവംബര്‍ 27ന് കാലടി സംസ്കൃത സര്‍വകലാശാലയിലെ ഡോ. കെ. ശ്രീകുമാര്‍ കേരളത്തില്‍ ടാഗോറിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് അവതരിപ്പിച്ച പ്രഭാഷണത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. അനൂപ് എന്‍.എം നയിച്ച രവീന്ദ്ര സംഗീതത്തിനു ശേഷം ഇരിഞ്ഞാലക്കുടയിലെ നടനകൈരളി അവതരിപ്പിച്ച മോഹിനിയാട്ടവും ഉണ്ടായി. അടുത്ത ദിവസം കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായരുടെ പ്രഭാഷണവും രവീന്ദ്ര സംഗീതത്തെ പരിചയപ്പെടുത്തി അനൂപ് എന്‍.എം നടത്തിയ ക്ലാസും നടന്നു. ലതാ പൊതുവാള്‍ രചിച്ച ശ്യാമ കഥകളിയും അരങ്ങേറി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 19 കലാകാരന്‍മാര്‍ പങ്കെടുത്ത ത്രിദിന ചിത്രകലാ ക്യാമ്പാണ് അടുത്ത ഘട്ടത്തില്‍ നടന്നത്.
ഡിസംബര്‍ 10, 11 തീയതികളില്‍ നടന്ന ചലച്ചിത്രോല്‍സവത്തില്‍ സത്യജിത് റേ, തപന്‍ സിന്‍ഹ, കുമാര്‍ സാഹ്നി, ഹേമന്ദ് ഗുപ്ത തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. ടാഗോറിനെ കുറിച്ച് സത്യജിത്റേ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും ടാഗോര്‍ നേരിട്ടു നിര്‍മിച്ച നദീര്‍ പുജ എന്ന അപൂര്‍വ ചിത്രവും പ്രദര്‍ശിപ്പിച്ചു. ടാഗോറിന്റെ പൂജാരിണി എന്ന കാവ്യത്തെ അടിസ്ഥാനമാക്കി 1931ല്‍ നിര്‍മിച്ച നദീര്‍പൂജ അധികം പ്രദര്‍ശിപ്പിക്കപ്പെടാത്ത ചിത്രമാണ്.

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന അഖിലേന്ത്യാ നാടകോല്‍സവത്തോടെ കടമ്പഴിപ്പുറത്ത് ഫെസ്റ്റിവലിന് തിരശãീല വീഴും. പ്രശസ്ത സംവിധായികയും ദല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയരക്ടറുമായ അനുരാധ കപൂറാണ് ഉദ്ഘാടക. അനുരാധ കപൂര്‍ സംവിധാനം ചെയ്ത് പ്രശസ്ത നടി സീമാ ബിശ്വാസ് അവതരിപ്പിക്കുന്ന ഏകാംഗ അവതരണമായ ജീവിത് യാ മൃത് ആണ് ആദ്യ ദിവസം അരങ്ങേറുക. ചണ്ഡിഗഡില്‍നിന്നുള്ള നീലം മാന്‍സിംഗ് ചൌധരിയുടെ ‘ദി വൈഫ്സ് ലെറ്റര്‍ (ഭാര്യയുടെ കത്ത്) എന്ന നാടകവും (ഡിസംബര്‍ 25) നരിപ്പറ്റ രാജു നാട്യശാസ്ത്രക്കു വേണ്ടി സംവിധാനം ചെയ്യുന്ന ‘ബലിയും’ (ഡിസംബര്‍ 26) കാവാലം നാരായണപ്പണിക്കരുടെ ചണ്ഡാലികയും (ഡിസംബര്‍ 27), കാവാലത്തിന്റെ സംവിധാനത്തില്‍ വി. ഗിരീഷ് അവതരിപ്പിക്കുന്ന ഖുദ് ഓര്‍ ഖുദാ എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടും. അന്തരിച്ച പ്രശസ്ത നാടകകാരന്‍ ഹബീബ് തന്‍വീറിന്റെ നാടക സംഘമായ നയാ തിയറ്റര്‍ അവതരിപ്പിക്കുന്ന രാജരക്ത് ആയിരിക്കും അവസാന നാടകം.

 

പാവക്കഥകളി

 

പാവക്കഥകളി
കേരള ഗ്രാമങ്ങളില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന സഞ്ചരിക്കുന്ന നാടോടി കലാരൂപങ്ങളിലൊന്നാണ് പാവക്കഥകളി. പാലക്കാട് ജില്ലയിലെ ആണ്ടിപ്പണ്ടാര വിഭാഗത്തില്‍ പെട്ട കലാകാരന്‍മാര്‍ പരമ്പരാഗതമായി അവതരിപ്പിച്ചുപോരുന്ന ഈ കൈയുറപ്പാവക്കളി (glove pappetry) ഏറെക്കൂറെ അന്യംനിന്നുപോയ ഘട്ടത്തിലാണ് മുപ്പതു കൊല്ലം മുമ്പ് നടന കൈരളിയുടെ നേതൃത്വത്തില്‍ ഇതിനു പുതുജീവന്‍ പകരാനായത്.

പ്രശസ്ത കലാശാസ്ത്ര പണ്ഡിതനും കൂടിയാട്ട വിദഗ്ദനും നടന കൈരളിയുടെ സ്ഥാപകനുമായ വേണുജിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് പാവക്കളിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിട്ടയോടെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ അപൂര്‍വ കലാരൂപം വിസ്മൃതിയിലാവാതെ രക്ഷപ്പെടുത്തിയെങ്കിലും പുതിയൊരു തലമുറ കലാകാരന്‍മാരെ സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നടന കൈരളിയുടെ നേതൃത്വത്തില്‍ കെ.വി രാമകൃഷ്ണന്‍, കെ.സി രാമകൃഷ്ണന്‍ , രവി ഗോപാലന്‍ നായര്‍, കെ. ശ്രീനിവാസന്‍, വി. തങ്കപ്പന്‍, കലാനിലയം രാമകൃഷ്ണന്‍ എന്നീ ആറ് കലാകാരന്‍മാര്‍ മുഖ്യമായും അടങ്ങുന്ന ചെറിയ സംഘം മാത്രമാണ് ഇപ്പോഴും ഉള്ളത്.

പാവക്കഥകളിയില്‍ പുതിയൊരു തലമുറയെ വളര്‍ത്തിയെടുക്കാനായി ഈ കലാരൂപത്തിന്റെ ഉദ്ഭവസ്ഥാനങ്ങളായ ഗ്രാമപ്രദേശങ്ങളിലൂടെ പര്യടനം നടത്തി ജനശ്രദ്ധയാകര്‍ഷിക്കാനും പുതിയ കലാകാരന്‍മാരെ കണ്ടുപിടിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായി നടന കൈരളി ഒരു കലായാത്ര സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ മൂന്നിന് പാവക്കഥകളിയുടെ ഈറ്റില്ലമെന്നു കരുതപ്പെടുന്ന പരുത്തിപ്പുള്ളി ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച യാത്ര 11ന് ഇരിങ്ങാലക്കുട നടന കൈരളിയില്‍ സമാപിച്ചു. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ യാത്രയില്‍ പരുത്തിപ്പുള്ളി, കൊടുമ്പ്, പൂമുള്ളി മന, കോതറ, കുലുക്കല്ലൂര്‍, കോട്ടക്കല്‍, ആഴ്വാഞ്ചേരി മന, തവനൂര്‍, ഇരിങ്ങാലക്കുട, എന്നീ തെരഞ്ഞെടുക്കപ്പെട്ട വേദികളിലാണ് അവതരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
പാവക്കഥകളിയുടെ ആചാര്യനായിരുന്ന ചാമിപ്പണ്ടാരത്തിന്റെ സഞ്ചാര പഥത്തിലെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഈ സ്ഥലങ്ങള്‍.

നാടക ഘടികാരത്തില്‍ നല്ല നേരങ്ങള്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സാംസ്കാരിക ചലനങ്ങളുടെ രേഖപ്പെടുത്തല്‍. കാവാലത്തിന്റെ നിഴലായനം, എം. വിനോദിന്റെ രാമകഥ, മാര്‍ട്ടിന്‍ ജോണ്‍ സിയുടെ ആഫ് റ്റര്‍ ദ സൈലന്‍സ് എന്നീ നാടകങ്ങള്‍. പതേ ദേ ഫുവാ എന്ന മെക്സിക്കന്‍ ബാന്റിന്റെ സംഗീത വിരുന്ന്. ആറങ്ങോട്ടുകര പാഠശാലയുടെ അരങ്ങിലെ നാട്ടുപച്ച. കുട്ടികളുടെ നാടകോല്‍സവം. സംഗീത നാടക അക്കാദമിയുടെ സംഗീത, നൃത്ത അവതരണങ്ങള്‍, ശില്‍പ്പശാലകള്‍. ഇവയെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു

 

രാമകഥ

 

കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അധികവും രേഖപ്പെടുത്തപ്പെടാതെ പോവുകയാണിന്ന്. ദിനപത്രങ്ങളില്‍ പ്രാദേശിക പേജിലെ ഒന്നരക്കോളം വാര്‍ത്തയിലോ ഒരു ചിത്രത്തിലോ (രണ്ടും കൂടി വരുന്നത് അപൂര്‍വ്വം) സാംസ്കാരികം ഒതുങ്ങും. ആനുകാലികങ്ങളിലും ഇപ്പോള്‍ പ്രചാരമേറിക്കൊണ്ടിരിക്കുന്ന സമാന്തര സ്വഭാവമുള്ളതെന്നു വിശഷിപ്പിക്കാവുന്ന വെബ് മാസികകളിലുമൊക്കെ, സാംസ്കാരിക വാര്‍ത്തകള്‍ ‘എന്റര്‍ടെയിന്‍മെന്റി’ന്റെ ഭാഗവും. നേരമ്പോക്ക് എന്ന് തര്‍ജുമ.

പൊതുസമൂഹം പ്രവൃത്തി ദിവസത്തിലെ അധ്വാനത്തിന് ശേഷം സായാഹ്നം ചെലവഴിക്കാനായി അന്വേഷിച്ചെത്തുന്ന ഒരിടമാണല്ലോ സാംസ്കാരിക പരിപാടികള്‍. ഇത്തരത്തിലുള്ള ‘നേരമ്പോക്കുകള്‍’ സൃഷ്ടിച്ചെടുക്കാന്‍ എത്രയേറെ നേരത്തെ കഠിന പ്രയത്നമാണ് ചെലവഴിക്കുന്നതെന്ന് കാണികളില്‍ എത്രപേര്‍ അറിയുന്നുണ്ടോ എന്തോ?

അരങ്ങിനു പിന്നിലെ അധ്വാനത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും അരങ്ങില്‍ നടക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളിലേക്ക് എത്തേണ്ടത് ഒരു മിനിമം ആവശ്യമാണ്, കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം.
അങ്ങനെ സാംസ്കാരിക പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരമാവധി ഒരു ‘പബ്ലിക് ഡൊമെയ്ന്‍’ കൈവരുത്താനുള്ള ഒരു ശ്രമം കൂടിയാണീ കോളം. കേരളത്തിലങ്ങേളാമിങ്ങോളം നടക്കുന്ന അനേകം സാംസ്കാരിക പരിപാടികളില്‍ ചിലതു മാത്രമാണിവ. നേരിട്ടറിയാനിടവന്ന, കാണാനവസരം കിട്ടിയ ചിലതിന്റെ രേഖപ്പെടുത്തല്‍.

 

നാടക ഘടികാരം
കേരളത്തില്‍ നാടക വേദിയില്‍ പുതിയ ചലനങ്ങള്‍ ഒട്ടേറെ കണ്ടുതുടങ്ങുന്നൊരു സമയമാണിത്. ഈ ചലനങ്ങളില്‍ പലതും വളരെ പരീക്ഷണാത്മകമാണ്. അതേ സമയം, പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന നാടക ശീലങ്ങള്‍ കടുകിട തെറ്റാതെ പുലര്‍ത്തിപ്പോരുന്നവരുമുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ മൂന്ന് നാടകങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു.
തലമുതിര്‍ന്ന നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ ഏറ്റവും പുതിയ നാടകമായ ‘നിഴലായനം’, തൃശൂര്‍ നാടക സൌഹൃദത്തിനുവേണ്ടി എം. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ച ‘രാമകഥ’, പിന്നെ സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്റ്റീസിനു വേണ്ടി മാര്‍ട്ടിന്‍ ജോണ്‍ സി സംവിധാനം ചെയ്ത്, അഭിനയ തിരുവനന്തപുരം അവതരിപ്പിച്ച ‘ആഫ്റ്റര്‍ ദ സൈലന്‍സ്’ എന്നീ നാടകങ്ങള്‍.
താരതമ്യം ചെയ്യുന്നതില്‍ പ്രസക്തിയില്ലാത്ത വിധം വ്യത്യസ്ത നിലപാടുകളില്‍ അടിയുറച്ച അവതരണ ശൈലികള്‍ ഉള്ളവയായിരുന്നു ഈ മൂന്ന് നാടകങ്ങളും.

 

നിഴലായനം

 

നിഴലായനം
തനതു നാടകവേദിയെന്ന ആശയത്തിന്റെ പ്രയോക്താവും ആചാര്യനുമായ കാവാലത്തിന്റെ ‘നിഴലായന’ത്തിലെ പ്രതിപാദ്യ വിഷയം രാമായണ കഥയാണ്. മൂലകൃതിയില്‍പ്പോലും തീര്‍ത്തും പാര്‍ശ്വവല്‍കരിക്കപ്പെട്ട ഊര്‍മ്മിളയെന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ 14 വര്‍ഷങ്ങള്‍ ജ്യേഷ്ഠനുവേണ്ടി തന്നെ ഉപേക്ഷിച്ച ലക്ഷ്മണന്റെ ധര്‍മ്മ സങ്കടങ്ങള്‍ കണ്ടറിയാനുള്ള ശ്രമമാണ് കാവാലം നടത്തുന്നത്.

രംഗഭാഷയില്‍ കാവാലത്തിനുള്ള കൃതഹസ്തത വെളിപ്പെടുത്തുന്നതായിരുന്നു ‘നിഴലായനം’. തട്ടും തടവുമില്ലാത്ത രംഗാവതരണം. കാവാലം നാടകങ്ങളുടെ കൃത്യമായ ചട്ടക്കൂടിനുള്ളില്‍, സംഗീതവും കൊറിയോഗ്രാഫിയുമൊക്കെ ഇഴ ചേര്‍ന്നു നെയ്തെടുത്ത രൂപഘടന.
അതേസമയം, ഇതുവരെ കണ്ട കാവാലം നാടകങ്ങളില്‍നിന്ന് ‘നിഴലായന’ത്തെ വ്യത്യസ്തമാക്കുന്ന ഒരു വൈകാരിക തലം ശ്രദ്ധേയമായി തോന്നി. മരണമാണ് നിഴലായനത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം. രാമായണ കഥയുടെ അന്ത്യഭാഗമാണല്ലോ സന്ദര്‍ഭം. സംഭവ ബഹുലമായ ജീവിത യാത്രയുടെ അന്ത്യഘട്ടത്തിലെത്തിനില്‍ക്കുന്ന കഥാപാത്രങ്ങള്‍, ആ യാത്രയിലെ ഘട്ടങ്ങളെ പുനര്‍വിചിന്തനം ചെയ്യുകയും അന്നുവരെ കാണാത്ത സത്യങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു.

ഊര്‍മിള അവസാനം ലക്ഷ്മണനെ തിരിച്ചറിയുകയാണ്. രാമനിലൂടെ എല്ലാത്തിനും വിരാമമിട്ടുകൊണ്ട് നിദ്രയുടെ പുതപ്പുമായി കാത്തുനില്‍ക്കുന്ന സ്വപ്ന സുന്ദരി. ജീവിത യാത്രയുടെ അന്ത്യഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന തിരിച്ചറിവ് മനുഷ്യ മനസ്സിനു നല്‍കുന്ന വ്യത്യസ്ത കാഴ്ചകളാണ് ‘നിഴലായന’ത്തിലെ പ്രമേയമെന്ന് പറയാമെന്നു തോന്നുന്നു.

 

രാമകഥ

 

രാമകഥ
വിനോദിന്റെ രാമകഥയും പറയുന്നത് ഇതേ സന്ദര്‍ഭത്തെക്കുറിച്ചാണ്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ‘കാഞ്ചന സീത’യിലാണ് വിനോദ് തുടങ്ങുന്നത്. അതിനുപുറമേ, ആനന്ദിന്റെ ‘അശാന്തമായ അയോധ്യ’ എന്ന ലേഖനം, തിക്കോടിയന്റെ പുഷ്പവൃഷ്ടി എന്ന നാടകം (ഇതും രാമകഥയുടെ അന്ത്യഭാഗത്തെക്കുറിച്ചാണ്), ഒ.എന്‍.വി കുറുപ്പിന്റെ ‘സരയൂവിലേക്ക’് എന്ന കവിത^ ഇതെല്ലാം രാമകഥക്ക് പ്രചോദനമായിട്ടുണ്ടെന്ന് വിനോദ് പറയുന്നു.
ധര്‍മ്മത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയെന്ന ജന്‍മദൌത്യം നിര്‍വഹിക്കുന്നതിന് ഏറെ ധര്‍മ്മ സങ്കടങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന രാമനാണിവിടെ മുഖ്യ കഥാപാത്രം. മനുജോസാണ് രാമനെ അവതരിപ്പിച്ചത്. സീതയെ എം.ജി ശൈലജയും. വി.എം പ്രദീപ് സംഗീതവും റോയി പ്രകാശ സംവിധാനവും നിര്‍വഹിച്ചു. തൃശൂര്‍ റീജിയനല്‍ തിയറ്ററിലാണ് രാമകഥയുടെ അവതരണം നടന്നത്.
പ്രമേയപരമായി പുതുമ കണ്ടെത്താനുള്ള ശ്രമം സംവിധായകന്‍ നടത്തിയിട്ടുണ്ടെങ്കിലും രംഗാവിഷ്കാരം ഇനിയും ഒട്ടേറെ മെച്ചപ്പെടുണ്ടേതുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഒറ്റയടിക്ക് കഥ പറഞ്ഞുതീര്‍ക്കുന്നതിനപ്പുറം, കാണുന്നതൊരു നാടകമാണെന്ന തോന്നലുളവാക്കാന്‍ കുറച്ചു ഭാഗങ്ങള്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ.

 

ആഫ് റ്റര്‍ ദ സൈലന്‍സ് : photo: മനു മനോഹര്‍

 

ആഫ് റ്റര്‍ ദ സൈലന്‍സ്

ഈ രണ്ട് നാടകങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു മാര്‍ട്ടിന്റെ ‘ആഫ് റ്റര്‍ ദ സൈലന്‍സ് ‘. 2001ല്‍ ചിലിയന്‍ നാടകകാരനായ ഏലിയാസ് കോഹന്‍ രചനയും സംവിധാനവും ചെയ്ത്, അന്ന് ഡ്രാമാ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന മാര്‍ട്ടിനും മനോജ് ഡി മത്തായിയും ചേര്‍ന്ന് അവതരിപ്പിച്ച ‘ആഫ് റ്റര്‍ ദ സൈലന്‍സ് ‘ പത്തു വര്‍ഷത്തിനുശേഷം മാര്‍ട്ടിനും ചിലിയന്‍ കലാകാരിയായ വലേറിയ ഓള്‍ഗ്വിന്‍ എസ്പിനോഡായും ചേര്‍ന്നാണ് രംഗത്തെത്തിച്ചത്.
സംഗീതം നിര്‍വഹിച്ച ചിലിയന്‍ കലാകാരനായ ക്ലൌദിയേ ക്ലവീനെ അറീനോ താവോയും രംഗത്തെത്തുന്നുണ്ട്. ജോസ് കോശിയാണ് പ്രകാശ സംവിധാനമൊരുക്കിയത്. ഷാജി സുരേന്ദ്രനാഥ് മലയാളം സ്ക്രിപ്റ്റും.

തീര്‍ത്തും പുതിയൊരു ഭാവുകത്വം കണ്ടെത്താനുള്ള ശ്രമം ‘ആഫ്റ്റര്‍ ദ സൈലന്‍സി’ന്റെ’ രംഗഭാഷയില്‍ പ്രകടമായിരുന്നു. അഭിനയത്തിനും ശരീരചലനങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്തുകൊണ്ട് ചെയ്ത നാടകത്തില്‍ മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു.

 

മെക്സിക്കന്‍ ബാന്റ് അംഗങ്ങള്‍ courtesy: the hindu

 

വേറെയും വിശേഷങ്ങള്‍
മറ്റൊരു നാടക വിശേഷം നടന്നത് പാലക്കാട്ടാണ്. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ബംഗലുരു റീജിയനല്‍ റിസോഴ്സ് സെന്റര്‍ നടത്തിയ കുട്ടികളുടെ ദേശീയ നാടകാല്‍സവം.
നവംബര്‍ ആദ്യവാരം പാലക്കാട് ടൌണ്‍ഹാളില്‍ നടന്ന നാടകോല്‍സവത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള (കേരളമടക്കം) എട്ട് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

നവംബര്‍ ആദ്യവാരങ്ങളില്‍തന്നെ കേരള സംഗീത നാടക അക്കാദമി ‘രസവികല്‍പ്പം’ എന്ന പേരില്‍ തൃശൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഒരു ഉല്‍സവവും വിദ്യാര്‍ഥികള്‍ക്കായുള്ള ശില്‍പ്പശാലകളും നടത്തി. സി.വി ചന്ദ്രശേഖര്‍ (ഭരതനാട്യം), സുജാത മൊഹാപത്ര (ഒഡീസി) ആലേഖ്യ പുഞ്ചല (കുച്ചിപ്പുഡി), ഉസ്താദ് റഫീഖ് ഖാന്‍ (ഹിന്ദുസ്ഥാനി സംഗീതം), ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍ (കര്‍ണാടക സംഗീതം), ഗായത്രി അശോകന്‍ (ഹിന്ദുസ്ഥാനി സംഗീതം), കലാമണ്ഡലം ക്ഷേമാവതി, നരിപ്പറ്റ നാരായണന്‍ നമ്പുതിരി, മഞ്ജരി (ഹിന്ദുസ്ഥാനി സംഗീതം), സൂരജ് നമ്പ്യാര്‍ (കൂടിയാട്ടം), ബ്രഗാ ബെസ്സല്‍, രഞ്ജിത്ത് ബാബു (യോഗ), കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ (കര്‍ണാടക സംഗീതം), കലാമണ്ഡലം സരസ്വതി, ഡി.സി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രതിഭകളാണ് ഈ നൃത്തസംഗീതോല്‍സവങ്ങളിലും ശില്‍പശാലകളിലും പങ്കെടുക്കാനെത്തിയത്.

 

 

പതേ ദേ ഫുവാ
ഇതിനിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സംഗീതാനുഭവമായിരുന്നു മെക്സിക്കോയില്‍നിന്നുള്ള പതേ ദേ ഫുവാ (pate de fua) എന്ന സംഗീത ട്രൂപ്പിന്റെ പ്രകടനം. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ICCR) ആഭിമുഖ്യത്തില്‍ എറണാകുളത്തെ കേരളാ ഫൈനാര്‍ട്സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത പരിപാടി കാണികളെ ഇളക്കിമറിച്ചു.
യായോ ഗോണ്‍സാലസ്, ഗിലേര്‍മോ പെരായ, അലെക്സിസ് റൂയിസ്, ലൂറിമോലിന, വിക്ടര്‍ മദാരി യാഗ, റോഡ്രിഗോ ബാര്‍ബോസ ് എന്നിവരാണ് കൊച്ചിയില്‍ പരിപാടി അവതരിപ്പിച്ചത്. പരമ്പരാഗത മെക്സിക്കന്‍ ഗാനങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന ശൈലിയാണിവരുടേത്. ചടുല താളവും ഭാവാത്മകതയും ഇഴചേരുന്ന ഗാനങ്ങള്‍ ഹൃദയത്തില്‍നിന്നു പിറക്കുന്നവയായിരുന്നു. ഭാഷ സ്പാനിഷാണെങ്കിലും സംഗീതത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ലാത്തതിനാല്‍ എറണാകുളത്തെ ശ്രോതാക്കള്‍ നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഗാനവും സ്വീകരിച്ചത്. വേദി നിറഞ്ഞുനിന്ന ഒട്ടനവധി സംഗീതോപകരണങ്ങളായിരുന്നു മറ്റൊരു പ്രത്യേകത. സെല്ലോയും ജാസ്ഡ്രമ്മുകളുമടക്കം കേരളത്തിലെ സംഗീത രംഗത്ത് അധികമൊന്നും കാണാത്ത ഉപകരണങ്ങള്‍.

 

 

‘അരങ്ങിന്റെ നാട്ടുപച്ച’
അതിനിടയതില്‍ ഒക്ടോബര്‍ അവസാന വാരത്തില്‍ ആറങ്ങോട്ടുകര പാഠശാല ‘അരങ്ങിന്റെ നാട്ടുപച്ച’ എന്ന പേരില്‍ കഥകളിയെ മുന്‍നിര്‍ത്തിയുള്ള ഒരു ഏകദിന പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജൈവകൃഷിയുമെല്ലാം കോര്‍ത്തിണക്കി കൊണ്ടുപോവുന്ന പാഠശാലയുടെ പ്രവര്‍ത്തകര്‍ കഥകളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സോദാഹരണ പ്രഭാഷണങ്ങളും ഇരട്ടത്തായമ്പകയും മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കലും യുവകലാകാരന്‍മാരെ അനുമോദിക്കലും പിന്നെ, കല്യാണ സൌഗന്ധികം കഥകളിയും അടങ്ങുന്ന ഒരു സദ്യയാണൊരുക്കിയത്.

 

‘ഹുസൈന്‍ സാബ് പറഞ്ഞു, നിങ്ങളെപ്പോലുള്ള ഉന്‍മാദിയെയാണ് എനിക്കാവശ്യം’

എന്തു കൊണ്ടാണ് പ്രഗത്ഭനായ ഒരു ഉസ്താദിനെ തെരഞ്ഞെടുക്കുന്നതിന് പകരം എന്നെ തെരഞ്ഞെടുത്ത് എന്ന് ചോദിച്ചപ്പോള്‍ എം.എഫ് ഹുസൈന്‍ പറഞ്ഞു, ‘ഉസ്താദിനെയല്ല, താങ്കളെപ്പോലെയുള്ള ഒരു ഉന്‍മാദിയെ തന്നെയാണ് എനിക്കുവേണ്ടത്’. പറയുന്നത് ഭൂപന്‍ ഹസാരിക. റെഡിഫിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് സുഭാഷ് കെ. ഝാ ഭുപന്‍ ഹസാരികയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കംപോസര്‍ എന്ന നിലയില്‍ മുംബൈയിലെ ആദ്യ നാളുകള്‍ എങ്ങനെയായിരുന്നു?

സലില്‍ ചൌധരി, ബല്‍രാജ് സാഹ്നി, തുടങ്ങിയ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ക്കൊപ്പം ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍) പ്രവര്‍ത്തനത്തിനായാണ് ഞാന്‍ മുംബൈയിലെത്തിയത്. ഇപ്റ്റയില്‍ വെച്ചാണ് ഹേമന്ദ് കുമാറിനെ ഞാന്‍ വീണ്ടും കാണുന്നത്. നേരത്തെ ഒരിക്കല്‍ കണ്ടിരുന്നു. അദ്ദേഹമാണ് മുംബൈയിലെ പ്രധാന സംഗീതജ്ഞരെയും ഗായകരെയും പരിചയപ്പെടുത്തിയത്. ലതാജിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഇപ്പോഴും ഓര്‍മ്മയുണ്ട്. എന്നെ നോക്കി ലത പറഞ്ഞു: ‘കാണാന്‍ ചെറുതെങ്കിലും കുന്നോളമുണ്ടല്ലോ പ്രശസ്തി’.
ഞാനന്ന് അമേരിക്കയില്‍നിന്ന് തിരിച്ചു വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ലതയെ ഞാന്‍ കണ്ടിട്ടേയില്ല. ഞാന്‍ സംവിധായകനാവുന്ന ആദ്യ ചിത്രത്തില്‍ അവരെ പാടിക്കാനായിരുന്നു കണ്ടത്. അവര്‍ സമ്മതിച്ചു. പാടി. മനോഹരമായിരുന്നു അത്. തന്റെ പ്രിയ ഗാനങ്ങളിലൊന്നായി കരുതി ലത അത് ആദ്യ ഗോള്‍ഡന്‍ ഡിസ്കില്‍ ഉള്‍പ്പെടുത്തി.

ലത മംഗേഷ്കര്‍

ഹേമന്ദ് ആണോ ലതാജിയെ പരിചയപ്പെടുത്തിയത്?
അതെ. ഹേമന്ദിനൊപ്പമാണ് അവരെ കാണാന്‍ പോയത്. വാല്‍കേശ്വറിലെ വീട്ടിലെ നിലത്തിരുന്ന് പട്ടിക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു ലത. അവരുടെ ജാലകത്തിലൂടെ നോക്കിയാല്‍ കടലു കാണാമായിരുന്നു. ഒഴുക്കുള്ള ബംഗാളിയിലാണ് ലത സംസാരിച്ചത്. എനിക്കു വേണ്ടി പാടാമെന്ന്, പെട്ടെന്ന് തന്നെ, അവര്‍ സമ്മതിച്ചു. ലത പാടിയ ആ നിമിഷം എന്റെ സിനിമ വാങ്ങാന്‍ വിതരണക്കാര്‍ തയ്യാറായി. പിന്നെയൊരിക്കലും അത്രയും പണം എനിക്കു തിരിച്ചു കിട്ടിയില്ല.

ഹേമന്ദ് കുമാര്‍

അസാമാന്യ സുഹൃത്തായിരുന്നു ഹേമന്ദ് ദാ. അത്ര ഉദാരനായ ഒരാളെ കാണാന്‍ കഴിയില്ല. അദ്ദേഹമെന്നെ മിക്കപ്പോഴും സ്വന്തം വീട്ടില്‍ കൊണ്ടുപോവും. താമസിക്കാന്‍ മക്കളുടെ മുറികള്‍ തരും. ഹേമന്ദ് ദായും ഞാനും ലതയും പിന്നീട് സുഹൃത്തുക്കളായി. പൂനയിലെ സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങള്‍ ഒന്നിച്ച് പോയി. ഹേമന്ദ് ദായുടെ ഭാര്യ ബേലാജി സഹൃദയ ആയിരുന്നു. റെക്കോര്‍ഡിങ് സ്റ്റുഡിയോക്കായി മുംബൈയില്‍ ചെല്ലുമ്പോഴൊക്കെ ഹേമന്ദ് ദാ സ്റ്റുഡിയോ ഒഴിഞ്ഞു തന്ന് എനിക്ക് സൌകര്യമൊരുക്കി. ലതാജിയും ഏറെ സഹായിച്ചിട്ടുണ്ട്.അത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് വിരളമാണ്. സത്യത്തില്‍ അത് ഇല്ലാതായി.
ഹേമന്ദ് ദാ ഉത്തംകുമാറിന്റെ ജീബോന്‍ തൃഷ്ണയില്‍ പാടാന്‍ കൊണ്ടുപോയത് ഞാനോര്‍ക്കുന്നു. ഉത്തം കുമാറിന്റെ പതിവ് ഗോസ്റ്റ് സിംഗറായിരുന്നു ഹേമന്ദ്ദാ. ബംഗാളി സൂപ്പര്‍താരത്തിനു വേണ്ടി പാടുന്നത് എന്നെ ഏറെ പ്രശസ്തനാക്കിയിരുന്നു. ആ പാട്ട് തന്റെ സിനിമയില്‍ പാടണമെന്ന് ഉത്തം കുമാര്‍ നിര്‍ബന്ധിച്ചു. ഹേമന്ദ്ദാ അല്ലാതെ മറ്റാര് ഉത്തം കുമാറിന് വേണ്ടിയാലും പ്രശ്നമാണെന്ന് പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി. എന്നാല്‍ ഹേമന്ദ്ദാ എന്നെ നിര്‍ബന്ധിച്ചു. സാഗര്‍ സംഗമാ എന്ന ആ പാട്ട് പിന്നീട് വളരെ പ്രശസ്തമായി. പിന്നീട് ഗുല്‍സാര്‍ അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. മേ ഓര്‍ മേരാ സായാ എന്ന എന്റെ ആല്‍ബത്തില്‍ അതുണ്ട്.

പോപ്പുലര്‍ സിനിമകള്‍ക്കിടയില്‍പെട്ട് നമ്മുടെ ക്ലാസിക്കല്‍ സംഗീത ശാഖ നശിക്കുകയല്ലേ?

30കള്‍ മുതല്‍ ആള്‍ ഇന്ത്യാ റേഡിയോ നമ്മുടെ ശാസ്ത്രീയ സംഗീത പ്രതിഭകളുടെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നു.ഇത് നമ്മുടെ മഹാ ഭാഗ്യമാണ്. ആകാശവാണി ശേഖരങ്ങളില്‍ അമൂല്യങ്ങളായ അനവധി സംഗീത പ്രതിഭകളുണ്ട്. നമ്മള്‍ ഇനി ആ ശേഖരം പ്രമോ ട്ട് ചെയ്യുകയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് വേണ്ടത്.

പുതിയ കാലത്തെ സംഗീത ട്രെന്റുകളെ എങ്ങനെ കാണുന്നു
സത്യത്തില്‍ ഇത്തിരി സങ്കടമുണ്ട്. അഞ്ച് പതിറ്റാണ്ടുകളിലെ മാറ്റങ്ങളും ട്രെന്റുകളും അടുത്തുനിന്നു കണ്ട ഒരാളാണ് ഞാന്‍. നിങ്ങള്‍ക്കൊരിക്കലും
ഭെരവി പോലൊരു രാഗത്തെ കൊല്ലാനാവില്ല. ഹേമന്ദ് കുമാറിന്റെയും ലതാജിയുടെയും പാട്ടുകളെ നശിപ്പിക്കാനാവില്ല. എന്തിനാണ് അവര്‍ സ്കൂളുകളില്‍ സംഗീതം ഒരു വിഷയമായി നിലനിര്‍ത്തുന്നത് എന്നറിയില്ല. എന്തിനാണ് അവര്‍ പശ്ചാത്യ രീതി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത്. എന്തുകൊണ്ട് സരിഗമ പഠിപ്പിക്കുന്നില്ല. അഭിരുചി മാറുന്നതിന് കുട്ടികളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. വഷളന്‍ പാട്ടുകള്‍ മാര്‍ക്കററ് ചെയ്യുന്ന സംഗീത കമ്പനികളെയാണ് ആദ്യം വിമര്‍ശിക്കേണ്ടത്.

ഗജ ഗാമിനി പോസ്റ്റര്‍

എം.എഫ് ഹുസൈന്റെ ഗജഗാമിനിയില്‍ സംഗീതം ചെയ്തിരുന്നല്ലോ. എന്തായിരുന്നു ആ അനുഭവം
എല്ലാ അര്‍ഥത്തിലും പുത്തന്‍ അനുഭവം. പാട്ട് രംഗങ്ങള്‍ മനസ്സിലാക്കുന്നതിന് ആളുകള്‍ സാധാരണയായി നമുക്ക് സ്ക്രിപ്റ്റ് തരും. എന്നാല്‍, ഹുസൈന്‍ ഭായിയാവട്ടെ, വളരെ അബ്സ്ട്രാക്റ്റ് ആയ തന്റെ സങ്കല്‍പ്പം വിനിമയം ചെയ്യാനാണ് ശ്രമിച്ചത്. ഇരുവരുടെയും ആവശ്യങ്ങള്‍ പ്രകാരം ട്യൂണ്‍ ഒരുക്കാനാണ് ശ്രമിച്ചത്. അതിന് കഠിനമായി അധ്വാനിക്കേണ്ടിയിരുന്നു. മാധുരി ദീക്ഷിത് അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമ്മുടെ സംസ്കാരത്തിന്റെ 5000 വര്‍ഷങ്ങള്‍ കൊണ്ടുവരാനാണ് ഹുസൈന്‍ ഭായി ശ്രമിച്ചത്. ഒരു സമയ പരിധിയില്‍നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു ചാടുന്നവയായിരുന്നു ആ കഥാപാത്രം. സംഗീതത്തിലൂടെ അവയ്ക്കിടയില്‍ ഒരു നൈരന്തര്യബോധം വിനിമയം ചെയ്യാന്‍ ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു.

എങ്ങനെ അത് ശ്രമിച്ചു? എന്തായിരുന്നു ഫലം.?
ശരിക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നു. നിരവധി സംഗീത പ്രതിഭകളിലൂടെ കടന്നു പോവേണ്ടി വന്നു.ദീപക് രാഗത്തില്‍ ഒതു പാട്ട് കംപാസ് ചെയ്യണമായിരുന്നു. ഇതിനായി ഏറെ ഗവേഷണം നടത്തേണ്ടി വന്നു.ജഗ് മഗ് ജഗ് മഗ് എന്നൊരു പാട്ടുണ്ട്, സൈഗാളിന്റേതായി. ശരിക്കുമത് ദീപക് രാഗത്തിലല്ല. ഒരു തരം മിശ്ര രാഗമാണ്. അപ്പോള്‍, ഉസ്താദുമാരോടു തിരക്കേണ്ടി വന്നു,യഥാര്‍ഥ ദീപക് രാഗം എങ്ങനെയിരിക്കുമെന്ന്. പിന്നീട് ഹരിഹരനും മ്യൂസിക് അറേഞ്ചര്‍ അനില്‍ മോഹിലയും ഞാനും ഒന്നിച്ചിരുന്നാണ് ആ ഗാനം തയ്യാറാക്കിയത്.

ഭുപന്‍ ഹസാരിക-ഒരു പഴയ ചിത്രം

ഗജഗാമിനി കംപോസ് ചെയ്യുമ്പോള്‍ എന്താണ് ഏറ്റവും ആസ്വദിച്ചത്?
പാശ്ചാത്യവും പൌരസ്ത്യവുമായ സംഗീതത്തിന്റെ ജുഗല്‍ബന്ദി. അപാരമായ പ്രചോദനം തരുന്നതായിരുന്നു അവ തമ്മിലുള്ള സംഘര്‍ഷം. ധാരാളം വിദേശ ഇന്ത്യക്കാര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരെരല്ലാം എം.എഫ് ഹുസൈന്റെയും മാധുരിയുടെയും ആരാധകരായിരുന്നു.

ഹുസൈന്‍ സാബിന്റെ പ്രചോദനം മാധുരിയായിരുന്നു. താങ്കള്‍ക്കും അങ്ങനെയായിരുന്നോ?
ഗജഗാമിനിക്കു മുമ്പ് എനിക്ക് മാധുരിയെ അറിയില്ലായിരുന്നു. പക്ഷേ, നല്ല കുട്ടിയായി അവള്‍ പെരുമാറി. ഹുസൈന്‍ സാബിനോട് മാധുരിക്ക് അതിയായ ബഹുമാനമായിരുന്നു. ഹുസൈന്‍ സാബിനോടു പെരുമാറുമ്പോള്‍ അവര്‍ക്കുള്ളതു പോലെ പ്രശ്നം എനിക്കും ഉണ്ടോയെന്ന് മാധുരി ഒരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. അബ്സ്ട്രാക്റ്റ് ആയ തന്റെ ധാരണകളാണ് ഹുസൈന്‍ സാബ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്. ഒരു ദിവസം ഒരു നൃത്തപ്രകടനത്തിനു ശേഷം മാധുരി ചോദിച്ചു, നന്നായില്ലേ എന്ന്. അതിമനോഹരമായിരുന്നു നൃത്തം . ശരിക്കും, കടുപ്പമേറിയ, വെല്ലുവിളി ഉയര്‍ത്തിയ സിനിമ ആയിരുന്നു ഗജഗാമിനി. എന്റെ മികച്ച മൂന്ന് ഗാനങ്ങള്‍ ഈ ചിത്രത്തിലാണ്. കവിത കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും മികച്ച ഗാനം ഈ സിനിമയിലേതാണ് എന്നാണ് ഞാന്‍ കരുതുന്നത്.

എം.എഫ് ഹുസൈന്‍

അപ്പോള്‍ ഗജഗാമിനി ശരിക്കും ആസ്വദിച്ചു, അല്ലേ?
ഹുസൈന്‍ സാബ് പറഞ്ഞു: ഭുപേന്‍, ഗാനങ്ങളിലൂടെ നിങ്ങള്‍ പെയിന്റ് ചെയ്യുന്നു. എന്നാല്‍, എന്റെ ബ്രഷ് കൊണ്ട് എനിക്ക് പാടാനാവില്ല. എന്റെ സൃഷ്ടിയില്‍ ഈ വിടവ് നികത്താന്‍ താങ്കള്‍ക്കാവും. അതിനാലാണ് താങ്കളെ ഞാന്‍ തെരഞ്ഞെടുത്തത്.
എന്തു കൊണ്ടാണ് പ്രഗത്ഭനായ ഒരു ഉസ്താദിനെ തെരഞ്ഞെടുക്കുന്നതിന് പകരം എന്നെ തെരഞ്ഞെടുത്ത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഉസ്താദിനെയല്ല, താങ്കളെപ്പോലെയുള്ള ഒരു ഉന്‍മാദിയെ തന്നെയാണ് എനിക്കുവേണ്ടത്.

അരങ്ങില്‍ ചുവന്ന അരളിപ്പൂക്കള്‍

മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രധാന നാടകകൃതികളിലൊന്നായ ‘രക്ത കരബി’യുടെ കേരളത്തിലെ ആദ്യ അവതരണം ഈയിടെ തൃശൂരില്‍ നടന്നു. കെ.വി ഗണേഷ് സംവിധാനം ചെയ്ത നാടകത്തെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു

ഏതാണ്ട് അറുപതിലേറെ നാടകങ്ങളും നൃത്ത നാടകങ്ങളും ലഘു നാടകങ്ങളും രചിച്ചിട്ടുണ്ട് മഹാകവി രവീന്ദ്രനാഥ ടാഗോര്‍. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാടകകൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു, ‘രക്ത കരബി’. രക്ത കരബി എന്നാല്‍ ചുവന്ന അരളിപ്പൂക്കള്‍. ബംഗാളില്‍ മാത്രമല്ല ഇന്ത്യയിലാകെത്തന്നെ ഗ്രാമീണ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ചുവന്ന അരളിപ്പൂക്കളെ പ്രധാന പ്രതീകമായി ഉപയോഗിച്ച് ടാഗോര്‍ രചിച്ച ഈ നാടകത്തിന് ബംഗാളി നാടക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. 1923^24 കാലഘട്ടത്തിലാണ് ടാഗോര്‍ ഈ കൃതി രചിക്കുന്നത്. അനുദിനം യന്ത്രവല്‍കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബാഹ്യ ലോകവും അതിനുള്ളില്‍ തടവിലാക്കപ്പെടാന്‍ വിസമ്മതിക്കുന്ന സ്വതന്ത്ര മനുഷ്യാത്മാവിന്റെ സ്വയം നിര്‍ണയ ബോധവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രതിപാദ്യ വിഷയം.
ബംഗാളില്‍ ഏറെ പ്രചാരം നേടിയ നാടകമാണ് ഇതെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത് അത്രയധികം അവതരിക്കപ്പെട്ടിട്ടില്ല. പ്രതീകാത്മകതയും ടാഗോറിന്റെ ദുര്‍ഗ്രഹമായ ഉപമാനങ്ങളും കൂടിക്കലര്‍ന്നതാണ് മൂലകൃതിയുടെ ഭാഷ.
‘രക്ത കരബി’യുടെ മലയാളത്തിലുള്ള ഒരാവിഷ്കാരം ആഗസ്ത് 28ന് തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്നു. തൃശൂര്‍ രംഗ ചേതനക്കു വേണ്ടി കെ. വി ഗണേഷാണ് നാടകം സംവിധാനം ചെയ്തത്. 20 വര്‍ഷത്തോളമായി കുട്ടികളുടെ നാടക വേദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗണേഷ് ‘രക്ത കരബി’ ഒരുക്കിയത് മുതിര്‍ന്നവരുടെ നാടകമായിട്ടാണ്. ‘വിമണ്‍ എ വ്യൂ-രക്ത കരബിയിലൂടെ ഒരു ദര്‍ശനം’ എന്നപേരിട്ട മലയാള ആവിഷ്കാരത്തില്‍ഗണേഷ് ചിത്രകലയെ രംഗത്ത് സന്നിവേശിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്.
യക്ഷപുരി എന്ന സാങ്കല്‍പ്പിക രാജ്യത്ത് നടക്കുന്ന കഥയാണ് ‘രക്തകരബി’. യന്ത്രവല്‍ക്കരണത്തിനും ഭൌതിക നേട്ടങ്ങള്‍ക്കും മുന്നില്‍ മാനസികമായി അടിയറ വെച്ച രാജാവും രാജാവിന്റെ ആജ്ഞകള്‍ക്കനുസരിച്ച് യാന്ത്രികമായി അധ്വാനിച്ചു തള്ളുന്ന പ്രജകളുമടങ്ങുന്ന ലോകത്തിലേക്ക് സ്വാതന്ത്യ്രത്തിന്റെയും സൌന്ദര്യത്തിന്റെയും സന്ദേശവുമായി കടന്നു വരുന്ന നന്ദിനിയെന്ന പെണ്‍കുട്ടിയാണ് നാടകത്തിലെ പ്രധാന കഥാപാത്രം. തന്റെ ഗ്രാമത്തില്‍നിന്ന് രാജാജ്ഞയാല്‍ കൊട്ടാരത്തിലെത്തപ്പെട്ട നന്ദിനിക്ക് പക്ഷേ രാജാവിനോടു പോലും വെറുപ്പില്ല. നന്ദിനിയും അവര്‍ കാത്തിരിക്കുന്ന പ്രിയതമന്‍ രഞ്ജനും കൊട്ടാരത്തിലെ അടിമപ്പണിക്കാരെ പ്രതീക്ഷയിലേക്കുണര്‍ത്തുന്നു. പക്ഷേ നന്ദിനിയെ കാത്തിരിക്കുന്നത് ദുരന്തമാണ്.
കേരളത്തില്‍ ഇതുവരെ ‘രക്തകരബി’യുടെ രംഗാവിഷ്കാരം നടന്നിട്ടില്ലെന്നാണ് ഗണേഷ് പറയുന്നത്. 1962ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കിയ ഒരു മലയാള തര്‍ജമയെ ആധാരമാക്കിയാണ് ഈ അവതരണം നിര്‍വഹിച്ചത്. സാധാരണ മട്ടിലുള്ള സ്റ്റേജ് ഉപേക്ഷിച്ച് പ്രേക്ഷകരെ ഇരുവശത്തും ഇരുത്തുന്ന ‘സാന്റ്വിച്ച്’ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്യ്ര സമര കാലത്ത് രചിക്കപ്പെട്ട കൃതിയാണെങ്കിലും ഇതിലെ അടിസ്ഥാനപരമായ സംഘര്‍ഷം ഇന്നും നമുക്കിടയില്‍ തുടരുന്ന ഒന്നാണെന്ന് ഗണേഷ് കരുതുന്നു. ഇരുവശത്തും കാണികള്‍ വരുന്നതോടെ നാടകം ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒന്നാണെന്ന പ്രതീതി കൈവരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടാഗോറിന്റെ മൂലകൃതിയില്‍നിന്ന് അല്‍പം വ്യതിചലിച്ച് തൊഴിലാളി വര്‍ഗത്തെ കേന്ദ്ര ബിന്ദുവാക്കാന്‍ ഈ നാടകത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. ചക്കിനു ചുറ്റും നടക്കുന്ന കാളകളെപ്പോലെ യാന്ത്രികമായി ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ പ്രതീകമായി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു രംഗോപകരണത്തിനു ചുറ്റും ചലിക്കുന്ന മനുഷ്യരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അടച്ചിട്ട കവാടത്തിനു പിന്നില്‍ അദൃശ്യനായി കഴിയുന്ന രാജാവിനെ സൂചിപ്പിക്കാനായി ഒരൊറ്റ വാതിലും ഇതിലുണ്ട്.
ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ പ്രകാശ സംവിധാനം ജോസ് കോശിയും സംഗീതം പി.കെ സുനില്‍കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഏറെക്കൂറെ ഗഹനമായ സാഹിത്യഭാഷ നിറഞ്ഞുനില്‍ക്കുന്ന സംഭാഷണങ്ങളോടു കൂടിയ ഈ ടാഗോര്‍ നാടകം അഭിനേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചു കൊടുക്കുന്നത്. പക്ഷേ, അതിനൊത്തുയരാന്‍ ഈ രംഗാവതരണത്തിന് പ്രത്യേകിച്ച് അഭിനേതാക്കള്‍ക്ക് കഴിഞ്ഞോ എന്നു സംശയമാണ്. റിഹേഴ്സലിന്റെ അപര്യാപ്തതയും സാങ്കേതിക ഉപകരണങ്ങളുടെ കൂടിച്ചേരലിന്റെ കുറവും എല്ലാം ആദ്യത്തെ ഈ അവതരണത്തെ ബാധിച്ചിരുന്നു. അന്ത്യ രംഗത്തില്‍ നന്ദിനി-അഥവാ സ്ത്രീ ‘രക്തകരബി’ പുഷ്പവുമായി താദാത്മ്യം പ്രാപിക്കുന്നതായി സൂചിപ്പിക്കാനായി ടാഗോറിന്റെ തന്നെ ആ പൂവിന്റെ ചിത്രത്തിന്റെ ഇമേജ് ഉപയോഗിക്കാനുള്ള ശ്രമം വേണ്ടത്ര ഫലപ്രദമായെന്നു തോന്നിയില്ല.
മുഖ്യ കഥാപാത്രമായ നന്ദിനിയെ അവതരിപ്പിച്ചത് അനു സുകുമാരനാണ്. സുജാത ജനനേത്രി, ഡിപ്ന, ഹബീബ് ഖാന്‍, സഫീക്കുദ്ദീന്‍, ചന്ദ്രന്‍ മുക്കാട്ടുകര, പ്രശാന്ത്, ആന്റോ കല്ലേരി, അഭിലാഷ് എ.ബി, സനോജ്, റിന്റോണ്‍, അലക്സ് സി.എസ്, നിഖില്‍ദാസ്, സനേഷ് കെ.ഡി, വിഷുണുപ്രസാദ്, ഗണേഷ് ട്ിജി, സജി മോന്‍ , ജിജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അരങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍:
സി.എസ് അലക്സ്, നിതിന്‍ തിമോത്തി (സംവിധാന സഹായികള്‍). വിനീത് കുമാര്‍, രാജന്‍ പുത്തറയ്ക്കല്‍ (കല), സുനില്‍ സുഖദ, പ്രേമന്‍ (വസ്ത്രങ്ങള്‍), ഷഫീക്കുദ്ദീന്‍ (കൊറിയോ ഗ്രാഫി), റോഷ്നി സ്വപ്ന (ഗവേഷണം), ദാമോദരന്‍ നമ്പിടി ക്രിയാത്മക സഹകരണം), ശശി (മേക്കപ്പ്).

പാട്ടു കൊണ്ടൊരു പൂക്കളം

ഓണ്‍ലൈന്‍ ലോകത്തിന്റെ ചങ്ങാത്ത ചെരിവിലാണവര്‍ കണ്ടു മുട്ടിയത്. പല രാജ്യങ്ങളിലുള്ളവര്‍. കേരളത്തിലെ പല നാടുകളില്‍ നിന്ന് പലയിടത്തേക്ക് പരന്നവര്‍. കൂട്ടു കൂടി തുടങ്ങിയപ്പോഴേ അവര്‍ക്കു തിരിച്ചറിയാനായി, ഉള്ളിലെ ഈണങ്ങള്‍. പറഞ്ഞു തുടങ്ങിയപ്പോഴെല്ലാം അവര്‍ പാട്ടിലേക്കു വഴി മാറി. പിന്നെപ്പിന്നെ തിരിച്ചറിഞ്ഞു. സംഗീതമാണ് തങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമായ സൌഹൃദച്ചരടെന്ന്. പല നാടുകളില്‍ പല ബ്ലോഗുകളിലായി അവര്‍ മൂളിത്തുടങ്ങിയ ഈണങ്ങള്‍ ചേര്‍ത്തുവെക്കണമെന്ന ആഗ്രഹം അവരെ ‘ഈണ’ത്തിലെത്തിച്ചു. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ സംഗീത കൂട്ടായ്മ. അത് കഴിഞ്ഞിപ്പോള്‍ രണ്ട് വര്‍ഷമാവുന്നു. ഇപ്പോള്‍ ഈ ഈണങ്ങളുടെ കൂടാരത്തില്‍ ആളുകളനവധിയാണ്. അവരെ കേള്‍ക്കാന്‍ ലോകത്തിന്റെ പല ദേശങ്ങളില്‍നിന്നു തുറക്കുന്ന കാതുകളും നിരവധി. ഓണം വിത്ത് ഈണം എന്നു പേരിട്ട രണ്ട് ആല്‍ബങ്ങള്‍ക്കു ശേഷം അവര്‍ ഈ ഓണത്തിന് പുതിയ സംഗീത വിരുന്നൊരുക്കുകയാണ്. മലയാളത്തിന്റെ വരികള്‍ക്ക് പാട്ടിന്റെ പുതപ്പണിയിക്കുന്ന മികച്ച അനുഭവം.
2009ലായിരുന്നു അവരുടെ കൂടിച്ചേരല്‍. സംഗീത ബ്ലോഗുകള്‍ ചെയ്തിരുന്ന ചിലരുടെ ഒത്തു ചേരല്‍. ഖത്തറില്‍ ജോലി ചെയ്യുന്ന കിരണ്‍സ് എന്നറിയപ്പെടുന്ന അജു തോമസ് പണിക്കര്‍, ബഹുവ്രീഹി എന്ന ബ്ലോഗ് നാമത്തിലറിയപ്പെടുന്ന സന്തോഷ്, എന്നിവര്‍ അഭിലാഷ് എന്ന പൊതുസുഹൃത്തുമായി ചേര്‍ന്ന് ഒരു കവിതക്ക് സംഗീതം നല്‍കി പോഡ്കാസ്റ്റ് ചെയ്തു. ബഹുവ്രീഹിയായിരുന്നു സംഗീതം. കിരണ്‍സ് പാടി. അതേറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജേഷ് രാമനും കിഴക്കന്‍ ആഫ്രിക്കയിലുള്ള നിഷികാന്ത് ചെറിയനാടനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പത്ത് ഭാവങ്ങളില്‍ വിരിയുന്ന ഒരു സംഗീത ആല്‍ബത്തിന്റെ പിറവിയായിരുന്നു ഫലം. ഓണം വിത്ത് ഈണം എന്ന് പേരിട്ട ആദ്യ ആല്‍ബം വന്‍ ഹിറ്റായതോടെ സംഗീതവും വാക്കും മേളിക്കുന്ന അനേകം മനസ്സുകള്‍ ഈണത്തിലേക്കൊഴുകി. അതേ പേരിട്ട രണ്ടാമത്തെ ആല്‍ബവും വന്‍ ഹിറ്റായിരുന്നു. പല സംഗീത ശാഖകളുടെ കൂടിച്ചേരലായിരുന്നു അതും. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ആല്‍ബം. പത്ത് പാട്ടുകളാണ് ഇതിലും.
വിശദ വിവരങ്ങള്‍ ഇങ്ങനെ.
1) പൂവേപൊലി പാടിവന്നു…
രചന : നിശീകാന്ത്
സംഗീതം : ബഹുവ്രീഹി
പശ്ചാത്തല സംഗീതം : നിശീകാന്ത്
ആലാപനം : രാജേഷ് രാമൻ & ഗായത്രി

2) ഒരു നല്ല പൂപ്പാട്ടുമായ്
രചന : രാഹുൽ സോമൻ
സംഗീതം : ഉണ്ണികൃഷ്ണൻ
പശ്ചാത്തല സംഗീതം : സിബു സുകുമാരൻ
ആലാപനം : ഉണ്ണികൃഷ്ണൻ
സമൂഹാലാപനം : അജീഷ് കുമാർ, സുശാന്ത് ശങ്കർ, ഉണ്ണികൃഷ്ണൻ, രാഹുൽ സോമൻ & സിബു സുകുമാരൻ

3) ചിങ്ങപ്പൂക്കളവർണ്ണം
രചന, സംഗീതം, പശ്ചാത്തല സംഗീതം : നിശീകാന്ത്
ആലാപനം : രതീഷ് കുമാർ

4) ഒന്നാം മലയുടെ
രചന : ചാന്ദ്നി
സംഗീതം : മുരളി രാമനാഥൻ
പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു
ആലാപനം : മുരളി രാമനാഥൻ & ഊർമ്മിള വർമ്മ

5) അഞ്ജനക്കണ്ണെഴുതി
രചന, സംഗീതം: നിശീകാന്ത്
പശ്ചാത്തല സംഗീതം : ജയ്സൺ
ആലാപനം : ദിവ്യ മേനോൻ

6) ഓർമ്മയിലാദ്യത്തെ
രചന : ഗണേശ് ഓലിക്കര
സംഗീതം : നിശീകാന്ത്
പശ്ചാത്തല സംഗീതം: ജയ്സൺ
ആലാപനം : സണ്ണി ജോർജ്
7) പൂവണിക്കതിരണി
രചന : ഗീത കൃഷ്ണൻ
സംഗീതം : പോളി വർഗ്ഗീസ്
പശ്ചാത്തല സംഗീതം : ജി നിശീകാന്ത്
ആലാപനം : നവീൻ എസ്

8 ) ആവണിപ്പുലരിതൻ
രചന : ഡാനിൽ
സംഗീതം : കൃഷ്ണകുമാർ ചെമ്പിൽ
പശ്ചാത്തല സംഗീതം : ജയ്സൺ
ആലാപനം : ഹരിദാസ്

9) ഓർമ്മയിലാദ്യത്തെ
രചന : ഗണേശ് ഓലിക്കര
സംഗീതം : ജി നിശീകാന്ത്
പശ്ചാത്തല സംഗീതം : ജയ്സൺ
ആലാപനം : അഭിരാമി

10) തത്തക്കിളിച്ചുണ്ടൻ
രചന: നിശീകാന്ത്
സംഗീതം: രാജേഷ് രാമൻ
പശ്ചാത്തല സംഗീതം:നിശീകാന്ത്
ആലാപനം: വിജേഷ് ഗോപാൽ

ജയ്സൺ ഡാനിയൽ, സിബു സുകുമാരൻ, പ്രകാശ് മാത്യു, ജി. നിശീകാന്ത് എന്നിവരാണ് പശ്ചാത്തല സംഗീത സംവിധാനം. റെക്കോഡിങ്ങ് & മിക്സിങ്ങ് നവീൻ. എസ്, നവനീതം ഡിജിറ്റൽ, പന്തളം.

പലയിടങ്ങളിലുള്ള സംഗീതജ്ഞര്‍, ഗായകര്‍, കവികള്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരെ ഓണ്‍ലൈന്‍ വഴി കൂട്ടിയിണക്കിയാണ് ഇവരുടെ ഈ ആല്‍ബവും യാഥാര്‍ഥ്യമാക്കിയത്. ഈണത്തിന്റെ കോര്‍ ടീം തെരഞ്ഞെടുത്ത കവിതകളും ഈണങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈണത്തിലേക്കുള്ള വഴികള്‍ ഇവയാണ്.

2009 – http://eenam.com/
2009 – http://onam.eenam.com/ml/node/32
2010 – http://onam.eenam.com/
2011-http://onam.eenam.com/ml/album2011

ഈ ഓണത്തിന് പാട്ടു കൊണ്ടാവും പൂക്കളം. തീര്‍ച്ച.

പ്ലാറ്റ്ഫോം-രേണു രാമനാഥ്

സാംസ്കാരിക വാര്‍ത്തകളുടെ
പ്ലാറ്റ്ഫോം


 

പ്ലാറ്റ്ഫോം എന്നാല്‍ വേദി. പൊതുവില്‍ പറഞ്ഞാല്‍ ഒരു സമൂഹത്തിനു മുന്നില്‍ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കാനുള്ള ഇടം. സാധാരണ ഗതിയില്‍ നാടകവുമായോ അല്ലെങ്കില്‍ പ്രസംഗവുമായോ ഒക്കെ ബന്ധപ്പെടുത്തി ഉപയോഗിക്കാറുള്ള വാക്ക്.
ഈ പ്ലാറ്റ്ഫോം പക്ഷേ, വിര്‍ച്വല്‍ സ്പേസിലാണ്. വിര്‍ച്വല്‍ സ്പേസിന് മലയാളമു പയോഗിക്കാത്തത് മനപൂര്‍വം തന്നെ. അപ്പറഞ്ഞതിന്റെ കൃത്യമായ അര്‍ഥമുള്‍ക്കൊള്ളുന്ന മലയാള വാക്ക് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ടും കണ്ടുപിടിക്കണമെന്ന് നിര്‍ബന്ധമില്ലാത്തതു കൊണ്ടും. തമിഴും സംസ്കൃതവും ഉറുദുവും അറബിയും പേര്‍ഷ്യനും ഫ്രഞ്ചും പോര്‍ച്ചുഗീസും സ്പാനിഷും ഇറ്റാലിയനുമൊക്കെ ചേര്‍ന്നു കെട്ടുപിണഞ്ഞു കിടക്കുന്ന ‘ശുദ്ധ മലയാള’ത്തില്‍ ഇത്തിരി ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ട്.
മലയാളത്തിന്റെ ശുദ്ധതയെപ്പറ്റി പിന്നീടൊരു പ്ലാറ്റ്ഫോമില്‍ പറയാം. അവസരമുണ്ടാകും. പൊതുസമൂഹത്തെ ബാധിക്കുന്നതും, സമൂഹത്തിന് താല്‍പ്പര്യമുള്ളതുമായ വിഷയങ്ങള്‍ ഏത് പ്ലാറ്റ്ഫോമിലും അവതരിപ്പിക്കപ്പെടാമെങ്കിലും , ഇവിടെ തല്‍ക്കാലം സംസ്കാരിക വിഷയങ്ങള്‍ മാത്രമേ പരാമര്‍ശിക്കപ്പെടാനിടയുള്ളൂ.അതിനു കാരണമുണ്ട്.
മാധ്യമങ്ങളില്‍ പൊതുവെ, അത് അച്ചടിയായാലും ഇലക്ട്രോണിക്കായാലും ഡിജിറ്റലായാലും വിഷയങ്ങളെ മുഖ്യധാരയെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുന്ന രീതിയുണ്ടെന്ന് പത്രപ്രവര്‍ത്തകര്‍ക്കറിയാം. മുഖ്യധാരാ പത്രപ്രവര്‍ത്തനം അഥവാ മെയിന്‍സ്ട്രീം ജേണലിസം എന്നതില്‍ പൊതുവെ പെടുന്നത് പ്രധാനമായും രാഷ്ട്രീയം. പിന്നെ ബിസിനസ്, സാമ്പത്തിക കാര്യങ്ങള്‍, ഇപ്പോഴായി ഡവലപ്മെന്റ് ജേണലിസം എന്ന ഓമനപ്പേരിലറിയപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വലിയൊരു മേഖല, പിന്നെ അവസാന പേജിലാണെങ്കിലും പ്രാമുഖ്യമൊട്ടും കുറയാത്ത സ്പോര്‍ട്സ് ജേണലിസം ഇതൊക്കെയാണ്. ക്രൈം, പൊലീസ് ഇത്യാദി പ്രധാന ബീറ്റുകള്‍ വേറെയും. പിന്നെ, സാക്ഷാല്‍ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളെന്ന കദനകഥകളും.
ഇക്കൂട്ടത്തിലൊന്നും പെടാത്ത, ഉപകഥകള്‍ക്ക് മാത്രം വിഷയമാവുന്ന ഒന്നാണ് പൊതുവെ സാംസ്കാരിക വാര്‍ത്തകള്‍. അന്തര്‍ദേശീയ ചലച്ചിത്രാല്‍സവവും അന്തര്‍ദേശീയ നാടകോല്‍സവവും മുതല്‍ പ്രാദേശിക കലാസമിതികള്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. ദോഷം പറയരുതല്ലോ ചലച്ചിത്രോല്‍സത്തിനാണ് കൂട്ടത്തില്‍ സ്റ്റാറ്റസ് കൂടുതല്‍. കൂട്ടത്തില്‍ സ്റ്റാര്‍ വാല്യൂ കൂടും. സിനിമയാണല്ലോ.
സാഹിത്യത്തിനും ഇത്തിരി സ്ഥലമുണ്ട്. എം.ടി വാസുദേവന്‍ നായരോ അടൂര്‍ ഗോപാല കൃഷ്ണനോ ഉദ്ഘാടകരായി എത്തിയാല്‍ ഏതു പത്രത്തിലും ചാനലിലും വാര്‍ത്ത വരുമെന്ന് സംഘാടകരായ ഏതു കുഞ്ഞുങ്ങള്‍ക്കുമറിയാം. പക്ഷേ, നാടകത്തിന്റെയോ ചിത്രകലയുടെയോ കാര്യം വന്നാല്‍ പോയി. നൃത്തവും സംഗീതവുമൊക്കെ കണക്കു തന്നെ. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന കുഞ്ഞു പത്രപ്രവര്‍ത്തകര്‍ക്കായി സംവരണം ചെയ്തിട്ടുള്ള മേഖലയാണ് പൊതുവെ സാംസ്കാരിക പത്രപ്രവര്‍ത്തനം. രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷവും ഇപ്പണിക്കു പിറകെ നടക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സ്നേഹപൂര്‍ണമായ ശാസന നേരിടേണ്ടി വരും. ‘ഇത്ര നാളായില്ലേ, ഇതൊക്കെയെഴുതി നടക്കുന്നു ഇനി മെയിന്‍ സ്ട്രീമിലേക്കു വന്നു കൂടെ!’- (സ്വാനുഭവത്തില്‍നിന്ന്).
തീര്‍ത്തും ദൌര്‍ഭാഗ്യകരമായൊരു സ്ഥിതിവിശേഷമാണിത്. കലയ്ക്കും സംസ്കാരത്തിനും ഒരു സമൂഹത്തിന്റെ മുകളില്‍ ചെലുത്താനാവുന്ന നിര്‍ണായക സ്വാധീനത്തെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നുളവാകുന്ന സ്ഥിതിവിശേഷം.
ഒറ്റനോട്ടത്തില്‍, മനുഷ്യരാശിയുടെ ചരിത്രം രണ്ടു തരമാണ്. യുദ്ധങ്ങളുടെ ചരിത്രവും, കലയുടെ ചരിത്രവും. ചെറിയ ക്ലാസുകള്‍ മുതല്‍ പക്ഷേ നാം പഠിക്കുന്ന ചരിത്രം പടയോട്ടങ്ങളുടേത് മാത്രമാണ്. പ്ലാസി യുദ്ധം നടന്നതെപ്പോള്‍? ഒന്നാം പാനിപ്പത്ത് യുദ്ധം ആര്‍ തമ്മിലായിരുന്നു.
അതേ സമയം ചരിത്രാതീത കാലത്ത് ഗുഹാമനുഷ്യര്‍ വരഞ്ഞിട്ട ചിത്രങ്ങളില്‍നിന്ന് തുടങ്ങുന്ന നിരന്തരമായും ഇടതടവില്ലാതെയും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തുടര്‍ പ്രക്രിയയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ആധുനിക ചിത്രകലയെന്ന് നമ്മളെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ. ചരിത്രാതീത കാലത്തെ മനുഷ്യര്‍ അജ്ഞാത പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്താനായി നടത്തിയ അംഗചലനങ്ങളും താളങ്ങളും നൃത്തച്ചുവടുകളമാണ് ഗതാനുഗതിയ വികസനത്തിന് വിധേയമായി ആധുനിക നൃത്തത്തിലും നാടകത്തിലുമെത്തിയതെന്നും.
കലയുടെ ചരിത്രം മനുഷ്യ മനസ്സിന്റെ വികാസത്തിന്റെയും അന്വേഷണങ്ങളുടെയും ചരിത്രമാണ്. നശീകരണത്തിന്റെയും സൃഷ്ടിക്കലിന്റെയും ചരിത്രം. അമീബ മുതലുള്ള ജീവജാലങ്ങള്‍ക്കൊക്കെ പ്രൊക്രിയഷേന്‍^പ്രത്യുല്‍പ്പാദനം സാധ്യമാകുമ്പോള്‍ ക്രിയേറ്റിവിറ്റി മനുഷ്യനു മാത്രം സാധ്യമായതാണ്. മനുഷ്യനെ മൃഗത്തില്‍നിന്ന് വേര്‍തിരിക്കുന്ന ഘടകം.
അപ്പോള്‍ മനുഷ്യന് മനുഷ്യത്വം കൊടുക്കുന്നതാണ് സംസ്കാരം.
യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും കലാപങ്ങളടെയും അതിനേക്കാളുമേറെ ഹീനമായ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും വിശദമായ വര്‍ണനകളും സൂക്ഷ്മദൃശ്യങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ട് മരവിക്കുന്ന മനസ്സുകളിലേക്ക് ക്രിയാത്മകതയുടെ ഊര്‍ജവും പ്രതീക്ഷയും പകരാന്‍ സാംസ്കാരിക വാര്‍ത്തകള്‍ക്കേ കഴിയൂ. അതിനു കഴിയുന്ന രീതിയിലായിരിക്കണം സാംസ്കാരിക വാര്‍ത്തകള്‍ എഴുതപ്പെടേണ്ടതും.
തീര്‍ത്തും വലിയ ഒരുത്തരവാദിത്തമാണത്. പോസിറ്റീവ് ജേണലിസത്തെക്കുറിച്ച് പത്രപ്രവര്‍ത്തക ലോകം ഈയിടെയായി സംസാരിച്ചു തുടങ്ങിട്ടുണ്ട് . സമൂഹത്തിന്റെ നെഗറ്റീവ് പ്രവണതകളെ തുറന്നു കാണിക്കുന്നതോടൊപ്പം ക്രിയാത്മക വശങ്ങളെക്കുറിച്ച വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുകയും ലോകം അത്ര ഇരുളടഞ്ഞതല്ലെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും കൂടി പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മമമാണെന്ന തിരിച്ചറിവ്. ഈ പോസിറ്റീവ് ജേണലിസത്തില്‍ വളരെ വലിയൊരു പങ്ക വഹിക്കാനുണ്ട് സാംസ്കാരിക വാര്‍ത്തകള്‍ക്ക്. അതേ സമയം അത്തരം വാര്‍ത്തകള്‍ വെറും പി.ആര്‍ കാമ്പെയിനുകള്‍ ആവാതിരിക്കണം എന്നത് മറ്റൊരു വശം.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers