saneesh.jpg
Category archives for: ഇ സനീഷ്

മാര്‍കേസിന് ഇനിയും എഴുതാനുണ്ട്,ദൈവമേ…

 
 
 
ഈ കുറിപ്പില്‍ ആവശ്യത്തിലേറെ തവണ ദൈവമേ , ദൈവമേ എന്ന് വിളിച്ചുവോ ഞാന്‍? ഞാന്‍ മാത്രമല്ല, എത്ര കോടി പേരാകും ഈ മറവിരോഗ വാര്‍ത്തയറിഞ്ഞ് ദൈവത്തെ വിളിച്ചു കാണുക? ദൈവം എന്നൊരാളുണ്ടെങ്കില്‍ ഈ വിളികള്‍ കേട്ട് ഓര്‍മയും യൌവ്വനവും മാര്‍കേസിനും, അദ്ദേഹം പറയാനിരിക്കുന്ന കഥകള്‍ വായനക്കാര്‍ക്കും തിരിച്ചു കൊടുക്കുമോ, ആവോ.
സഹോദരന്‍ ജെയ്മി മാര്‍കേസ് ഇന്നലെ ഇങ്ങനെ കൂടി പറഞ്ഞു കരച്ചിലോടെ…’ലിവിംഗ് ടു ടെല്‍ ദി ടെയ് ലി’ ന്റെ രണ്ടാം ഭാഗം എഴുതാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, എന്റെ തോന്നല്‍ തെറ്റിപ്പോകട്ടെ എന്ന് . തെറ്റിപ്പോകട്ടെ…, മാര്‍കേസ് ഇനി എഴുതില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സകലമാന മാധ്യമങ്ങള്‍ക്കും… – ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ മറവി രോഗം പൂര്‍ണമായി വിഴുങ്ങിയെന്ന വാര്‍ത്ത സൃഷ്ടിച്ച കടലിളക്കങ്ങള്‍. ഇ. സനീഷ് എഴുതുന്നു

 

 

“What matters in life is not what happens to you but what you remember and how you remember it.”
― Gabriel Garcí­a Márquez

അതി സാധാരണമായി പോകുന്ന ദിവസങ്ങളെ, ചിലപ്പോള്‍ ചില കാര്യങ്ങള്‍, അതു വരെയില്ലാത്ത വിധം ചലിപ്പിക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊരു കാര്യമുണ്ടായി. ജെയ്മി ഗാര്‍സിയാ മാര്‍കേസ് എന്നൊരാളിന്റെ വാക്കുകള്‍, പതിവു പോലെ തീരുമായിരുന്ന, എന്റെ ഒരു ദിവസത്തെ പിടിച്ചു കുലുക്കി. അദ്ദേഹത്തിന്റെ സഹോദരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് ഇനി എഴുത്ത് തുടരാനാകില്ലെന്നായിരുന്നു ആ വാക്കുകള്‍. ലോകത്തെ എല്ലാ മാധ്യമങ്ങളിലും അതായിരുന്നു ആ നിമിഷത്തെ പ്രധാനവാര്‍ത്ത .

മാര്‍കേസ്…ഹോ, എന്റെ ദൈവമേ…മാര്‍കേസ് എഴുത്തു നിര്‍ത്തിയെന്ന്.
ജീവിക്കുന്ന ലോകത്തില്‍ നിന്ന്, അതിന്റെ യഥാര്‍ത്ഥമെങ്കിലും മാന്ത്രികമായ എല്ലാ ദിനസരികളില്‍നിന്നും, പതുക്കെ പതുക്കെ മറവിരോഗം അദ്ദേഹത്തെ അകറ്റുകയാണെന്ന് …ഓര്‍മകളെ കുഴിച്ച് കുഴിച്ച് നക്ഷത്രങ്ങളെടുത്ത് നിസ്സാരരായ മനുഷ്യര്‍ക്കിടയില്‍ വിതറിയ ആ ഉയരം കുറഞ്ഞ കട്ടി മീശക്കാരനില്‍ നിന്ന് ഓര്‍മകള്‍ ഇറങ്ങിപ്പോകുന്നുവെന്ന്… ഇനിയുണ്ടാകില്ല ആ കഥകളെന്ന്!

 

 

എഴുത്ത് നിര്‍ത്തുമോ, ശരിക്കും?
ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ തുടക്കം തന്നെ ഓര്‍മയെക്കുറിച്ചാണ്, ഓര്‍ക്കുന്നില്ലേ…’ഫയറിംഗ് സ്ക്വാഡിനെ അഭിമുഖീകരിക്കുമ്പോള്‍ കേണല്‍ അറീലിയാനോ ബുവേന്‍ഡിയ വിദൂരമായ കുട്ടിക്കാലത്ത് അച്ഛനൊപ്പം ഐസ് കാണാന്‍ പോയത് ഓര്‍ത്തു’ എന്നാണ് മാര്‍കേസ് മഹാഭാരതം പോലത്തെ ആ നോവല്‍ തുടങ്ങുന്നത്. സത്യത്തില്‍, ഓര്‍മയെയും മറവിയെയും കുറിച്ചും, മറവിയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കൂടെയല്ലേ ആ നോവല്‍?

ചരിത്രാതീത കാലത്തെ മുട്ടകള്‍ പോലെ, മിനുസപ്പെട്ട വെളുവെളുത്ത കല്ലുകളുള്ള പുഴ. അതിന്റെ തീരത്ത് പത്തിരുപത് വീടുകള്‍ മാത്രമുള്ള ഇടമായിരുന്നു ആ കുട്ടിക്കാലത്ത് മക്കൊണ്ടോ. ലോകം പുതിയതായിരുന്നു, വസ്തുക്കള്‍ക്ക് പേരുണ്ടായിരുന്നില്ല. പരിചിതമായ വസ്തുക്കളുടെ പേര് മറന്നു പോകുന്നതിനെക്കുറിച്ച് അതേ നോവലില്‍ മറ്റൊരിടത്തും മാര്‍കേസ് പറയുന്നുണ്ട്. സാധാരണ വസ്തുക്കള്‍ക്ക് മേലും അവയുടെ പേര് എഴുതിവെക്കുകയാണ് മറവിയെ പ്രതിരോധിക്കാന്‍ മക്കൊണ്ടോക്കാര്‍ കണ്ടെത്തിയ വഴി. അക്ഷരങ്ങളാണ്, എഴുത്താണ് , കഥയാണ് മറവിയെ പ്രതിരോധിക്കാന്‍ ശക്തമായ ആയുധമെന്ന്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ‘ലിവിംഗ് ടു ടെല്‍ ദ് ടെയ്ല്‍’ എന്നായത്. കഥ പറയാന്‍ വേണ്ടി ജീവിക്കുന്നുവെന്ന്.

ഇനിയും കേള്‍ക്കാനുണ്ടായിരുന്ന എത്രയെത്രയോ കഥകള്‍ മറവിരോഗത്തില്‍ മുങ്ങിത്താണു പോയിരിക്കുന്നു എന്നാണോ സഹോദരന്‍ കാര്‍ത്തജീനയില്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനര്‍ത്ഥം? വിശ്വസിക്കണോ, മാര്‍കേസ് എഴുത്ത് നിര്‍ത്തിയോ, ശരിക്കും?

 

 

അപ്പോള്‍, ആ രണ്ട് പുസ്തകങ്ങള്‍, മാര്‍കേസ്?
മൂന്ന് ഭാഗങ്ങളായാണ് ആ ആത്മ കഥ പുറത്ത് വരിക എന്നായിരുന്നു ‘ലിവിംഗ് ടു ടെല്‍ദി ടെയില്‍’ എന്ന ആത്മകഥാ പുസ്തകം പുറത്തിറക്കുമ്പോള്‍ മാര്‍കേസിന്റെ വാക്ക് . അതില്‍ ഒന്നല്ലേ വന്നുള്ളൂ. ഓര്‍മ്മകളാണ് , മുഴുവന്‍. വീട് വില്‍ക്കാന്‍ എന്റെ കൂടെ നാട്ടിലേക്ക് വരണം എന്ന ആവശ്യവുമായി അമ്മ, മുന്നില്‍ പ്രത്യക്ഷപ്പെടുന്നിടത്താണ് മാര്‍കേസ് ആത്മകഥ തുടങ്ങുന്നത്-കുടുംബത്തിന്റെ ഓര്‍മകള്‍ നിറഞ്ഞ പഴയ വീട് വില്‍ക്കാന്‍. എഴുത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് വരെയേയുള്ളൂ ആ ആദ്യഭാഗ ആത്മകഥയില്‍. രണ്ട് പുസ്തകം കൂടെ പറയാനുണ്ട് ജീവിതകഥയെന്ന് അന്ന് വാക്ക് തന്നതും മറന്നുകാണും, ഗാബോ.

മാര്‍കേസിന്റെ അച്ഛന്‍ അമ്മയെ പ്രണയിച്ചാണ് കെട്ടിയത്. അപ്പൂപ്പന്റെ കഠിനമായ എതിര്‍പ്പിനെ മറികടന്ന്. പ്രണയിതാവിനെ മറക്കാന്‍ മകളെ ആ കര്‍ക്കശക്കാരനായ പിതാവ് നാടു കടത്തുക പോലും ചെയ്തു.ലോകത്ത് പിന്നീട് പിറക്കാനിരിക്കുന്ന വായനക്കാരുടെ സുകൃതം കൊണ്ടാകാം, ആ പ്രണയം പക്ഷെ അങ്ങനെ മരിച്ചില്ല. അപ്പനമ്മമാരുടെ പ്രണയത്തെക്കുറിച്ചുള്ള കേട്ടറിവുകളുടെ ഓര്‍മയാണ് മാര്‍കേസ് ലവ് ഇന്‍ ദ് ടൈം ഓഫ് കോളറയില്‍ പ്രയോഗിക്കുന്നത്.

 

 

പെണ്ണുങ്ങളില്‍ ഫെര്‍മിനാ ഡാസയെ
തെരയുന്ന വായനക്കാരന്‍ ഞാന്‍ മാത്രമാകില്ല!

ദൈവമേ, എന്തൊരു പുസ്തകമാണത്, കോളറാ കാലത്തെ പ്രണയം…!
അതിലും ഓര്‍മ്മ തന്നെ കഥ. ഡോ ജുവനാല്‍ അര്‍ബിനോയുടെ മരണത്തിന് ശേഷം പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന ഓര്‍മകളിലൂടെയാണ് മാര്‍കേസ് കഥ പറയുന്നത്. കൌമാര കാലത്തെ പ്രണയം, അസംഖ്യം മറ്റ് പ്രണയങ്ങള്‍ക്കും ശാരീരിക വേഴ്ചകള്‍ക്കും അരനൂറ്റാണ്ടോളം മറവിക്ക് കൊടുക്കാതെ സൂക്ഷിച്ച് വെച്ചാണ് ഫ്ളോറന്റിനോ അരിസ, അര്‍ബിനോയുടെ ശവമടക്കു ദിവസം അയാളുടെ ഭാര്യ ഫെര്‍മിനാ ഡാസയോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. 53 വര്‍ഷങ്ങള്‍ക്കും, ഏഴ് മാസങ്ങള്‍ക്കും, 11 ദിനരാത്രങ്ങള്‍ക്കും ശേഷമാണ്, നമ്മള്‍ എക്കാലത്തേക്കുമായി പ്രണയത്തിലൂടെ യാത്ര ചെയ്യാന്‍ പോവുകയാണെന്ന് അരിസ ഫെര്‍മിനാ ഡാസയോട് പറയുന്നത്. മറവിയല്ല, കോളറയ്ക്കും, യുദ്ധങ്ങള്‍ക്കും പ്രളയത്തിനും കെടുത്താനാകാത്ത ഓര്‍മകളാണ് മാര്‍കേസില്‍ നിറയെ…

കൂട്ടത്തില്‍ പറയട്ടെ , നീളന്‍ വസ്ത്രങ്ങളില്‍ പാമ്പുകളിക്കാരുടെയും തെരുവു കച്ചവടക്കാരുടെയും ഇടയിലൂടെ , പുച്ഛത്തോടും അഹങ്കാരത്തോടുമൊപ്പം എത്തുന്ന, ‘ഞാന്‍’ എന്ന ഭാവവുമായി നടന്നു പോകുന്ന മാര്‍കേസിന്റെ ആ പെണ്‍കഥാപാത്രത്തോളം സുന്ദരിയായ ഒരാള്‍ പുസ്തകങ്ങളിലും പുറത്തും എന്റെ പരിചയത്തില്‍ ഇല്ല. നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയിലെ നായിക അവളുടെ ഏഴയലത്ത് എത്തില്ല. ഇപ്പോഴും പെണ്ണുങ്ങളില്‍ ഫെര്‍മിനാ ഡാസയെ തെരയുന്ന വായനക്കാരന്‍ ഞാന്‍ മാത്രമാകില്ല!

 

 

അക്ഷരങ്ങളുടേതടക്കം
എല്ലാത്തിന്റേതുമായിരിക്കുന്ന പടച്ചോനേ…

ക്രോണിക്കിള്‍സ് ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡിലും, ദി ജനറല്‍ ഇന്‍ ഹിസ് ലാബിറിന്‍തിലും, നോ വണ്‍ റൈറ്റ്സ് ടു ദി കേണലിലും ഓര്‍മകളാണ്…
മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സില്‍ പ്രാദേശിക പത്രത്തിലെ കോളമിസ്റ്റാണ് കഥാനായകന്‍. കണ്ണട മൂക്കില്‍ ഉണ്ടായിരിക്കെ അതിന് വേണ്ടി വീട് കീഴ് മേല്‍ മറിച്ചതും, മറവി കൊണ്ട് രണ്ട് തവണ പ്രഭാതഭക്ഷണം കഴിച്ചതും കണ്ണട വെച്ചു കൊണ്ട് കുളിച്ചതും…പ്രായം തരുന്ന മറവി നന്നായുള്ള വൃദ്ധന്‍. തൊണ്ണൂറാമത് ജന്‍മദിനത്തില്‍ പൊയ്പോയ ഓര്‍മകള്‍ തിരിച്ചു പിടിക്കാന്‍ കൂടെയാണ് കന്യകയായ പെണ്ണിനൊപ്പം രാത്രി കിടക്കുകയെന്ന ജന്‍ദിനസമ്മാനം അയാള്‍ സ്വയം നല്‍കുന്നത്.

അക്ഷരങ്ങളുടേതടക്കം എല്ലാത്തിന്റേതുമായിരിക്കുന്ന പടച്ചോനേ…, ഇങ്ങനെ ഓര്‍മ്മ തിന്നു കഴിഞ്ഞവനെയാണോ അങ്ങ് മറവിരോഗത്തിന് വിട്ടുകൊടുത്തത്? മാര്‍കേസിനേക്കാള്‍ വലിയ എഴുത്തുകാരന്‍ ആണ് അങ്ങെന്ന് അങ്ങയില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത് ഇമ്മാതിരി ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാകും അല്ലേ…

 

 

അമ്പത്തിയൊന്ന് വെട്ടുകളേറ്റ് മരിച്ച
ഒരാളുടെ ചോര

മാര്‍കേസ് വായനക്കാരനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഏതെങ്കിലും കഥകള്‍ വന്ന് തൊടുമെന്നാണ് വ്യക്തിപരമായ അനുഭവം. ഉദാഹരണത്തിന് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, അമ്പത്തിയൊന്ന് വെട്ടുകളേറ്റ് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത കേട്ട് വിറച്ച രാത്രിയില്‍ പോലും ആദ്യ ഓര്‍മകളിലൊന്ന് മാര്‍കേസ് കഥയെക്കുറിച്ചായിരുന്നു.വെടിയേറ്റ മരിച്ചവന്റെ ചോര, അവന്റെ അമ്മയ്ക്കരികിലേക്ക് എത്താന്‍, കാടും നിരത്തുകളും തോടും കടന്നോടുന്നു എന്ന കല്‍പ്പന അങ്ങനെ ഉറച്ചിട്ടുണ്ട്, മനസ്സില്‍. ഇയാളുടെ ചോരയും അയാള്‍ അമ്മയെന്ന് കരുതിയിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഓടിത്തുടങ്ങിയിട്ടുണ്ടാകുമോ എന്ന് ചിന്തിപ്പിച്ചത് മാര്‍കേസ്. ആ അമ്മ കുലംകുത്തി, കുലം കുത്തി എന്ന് വീണ്ടും വീണ്ടും വിളിച്ച് ആ ചോരയെ തിരിച്ച് ഓടിച്ചു കൊണ്ടിരിക്കുന്നുവെന്നതും എനിക്ക് മാജിക്കല്‍ റിയലിസത്തിനാണ് തെളിവ് നല്‍കുന്നത്.

രോഗമാകുന്ന മറവിയും, ഓര്‍മ്മകളെ അവനവന്റെ ആവശ്യത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന പ്രക്രിയയും വ്യക്തികളുടെ മാത്രം സവിശേഷതയല്ല. സംഘടനകള്‍ക്കുമുണ്ട് അത്തരം ഇരട്ടത്താപ്പുകള്‍. ദൈവമേ, ഒരാളുടെ മറവിയെക്കുറിച്ചുള്ള വാര്‍ത്ത എത്രായിരം നിസ്സാര ജീവികളുടെ ഓര്‍മകളെ ഏത് വിധത്തിലൊക്കെയാണ് ഉണര്‍ത്തുന്നത്? സമകാലികവും രാഷ്ട്രീയവുമാക്കുന്നത്?

 

 

തെറ്റിപ്പോകട്ടെ, റിപ്പോര്‍ട്ട് ചെയ്ത
സകലമാന മാധ്യമങ്ങള്‍ക്കും

ഈ കുറിപ്പില്‍ ആവശ്യത്തിലേറെ തവണ ദൈവമേ , ദൈവമേ എന്ന് വിളിച്ചുവോ ഞാന്‍? ഞാന്‍ മാത്രമല്ല, എത്ര കോടി പേരാകും ഈ മറവിരോഗ വാര്‍ത്തയറിഞ്ഞ് ദൈവത്തെ വിളിച്ചു കാണുക? ദൈവം എന്നൊരാളുണ്ടെങ്കില്‍ ഈ വിളികള്‍ കേട്ട് ഓര്‍മയും യൌവ്വനവും മാര്‍കേസിനും, അദ്ദേഹം പറയാനിരിക്കുന്ന കഥകള്‍ വായനക്കാര്‍ക്കും തിരിച്ചു കൊടുക്കുമോ, ആവോ.

സഹോദരന്‍ ജെയ്മി മാര്‍കേസ് ഇന്നലെ ഇങ്ങനെ കൂടി പറഞ്ഞു കരച്ചിലോടെ…’ലിവിംഗ് ടു ടെല്‍ ദി ടെയ് ലി’ ന്റെ രണ്ടാം ഭാഗം എഴുതാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, എന്റെ തോന്നല്‍ തെറ്റിപ്പോകട്ടെ എന്ന് . തെറ്റിപ്പോകട്ടെ…, മാര്‍കേസ് ഇനി എഴുതില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സകലമാന മാധ്യമങ്ങള്‍ക്കും…

വാര്‍ത്ത കേട്ട ബേജാറില്‍ ഓര്‍മയെ മാത്രം ആശ്രയിച്ച്, ഒറ്റ ഇരിപ്പിനാണ് ഇതുവരെ എഴുതിയത്. പുസ്തകങ്ങള്‍ മറിച്ച് കൃത്യമായി തന്നെയല്ലേ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട്,വിശദാംശങ്ങളില്‍ പിശകുണ്ടാകാം ഈ കുറിപ്പിലെ എന്റെ പിശകുകള്‍, മറവികള്‍ നിസ്സാരങ്ങളാണ്.വാക്കുകളുടെ കിരീടം വെച്ച ആള്‍രൂപത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തെ വിട്ടു പോയിരിക്കുന്നു എന്ന വാര്‍ത്തക്കിടയില്‍…

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം
മാര്‍കേസ് സംസാരിക്കുന്നു
പാരീസ് റിവ്യൂവിനു വേണ്ടി പീറ്റര്‍. എച്ച്. സ്റ്റോണ്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ആറിഞ്ചും ആണത്തവും: മൂന്ന് സാക്ഷ്യങ്ങള്‍

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്-ആഷിക് അബുവിന്റെ 22 FK, ഹരൂകി മുറാകാമിയുടെ 1q84, ഇന്ത്യാവിഷന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് സുനിതാ കൃഷ്ണന്റെ അനുഭവ സാക്ഷ്യം എന്നിവയിലൂടെ ആണത്തത്തിന്റെ അക്രമോത്സുകതയിലേക്ക്, പെണ്ണിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ പോലും ആണത്തം അടയിരിക്കുന്ന ആണെഴുത്തുകളിലേക്ക് വ്യത്യസ്തമായ സഞ്ചാരം. ഇ. സനീഷ് എഴുതുന്നു

 

 

“അത് കൊണ്ടുള്ള സുഖമല്ലേ നിനക്കറിയൂ,അതിന്റെ വേദന അറിയില്ലല്ലോ.. അനുഭവിക്കത്…”
പെണ്‍വാണിഭക്കാരന്റെ ലിംഗം മുറിച്ച് മാറ്റി, 22 കാരി നഴ്സ് ടെസ്സ കെ അബ്രഹാം പറയുമ്പോള്‍ ഒരു മഴുമൂര്‍ച്ച ഉള്ളിലൂടെ പോയി. തിയേറ്ററില്‍ ഒരനക്കവും ഇല്ലായിരുന്നു.മലയാള സിനിമ കേട്ടിട്ടില്ല അത്തരത്തിലൊന്ന് എന്നതിനാല്‍ ആ നിശബ്ദതയ്ക്ക് വേറെ കാരണം വേണ്ട. എനിക്ക് പക്ഷെ, മറ്റ് കാരണങ്ങളുമുണ്ടായിരുന്നു ആ ഞെട്ടലിന്. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമുണ്ടായ ഒരു നോവല്‍ വായന അതിലൊന്ന്.

 

 

പത്തൊമ്പതാമധ്യായം
സിനിമ കഴിഞ്ഞ്, തിയേറ്ററില്‍ നിന്നിറങ്ങി വീട്ടിലെത്തി തലേന്ന് വായിച്ച് നിര്‍ത്തിയ ആ നോവല്‍ പുസ്തകം നിവര്‍ത്തി. ഹരൂകി മുറാകാമിയുടെ 1q84. അടയാളം വെച്ച് നിര്‍ത്തിയ പത്തൊമ്പതാമധ്യായത്തിലെ ആദ്യ പേജിലെ ആ വരികള്‍ വീണ്ടും വായിച്ചു. ഇങ്ങനെ…

“There is observable evidence of rape. Repeatable rape.Terrible lacerations on the outer lips of her vagina. And injury to the uteres. An engorged adult male sex organ penetrated of her small uteres, which is still not fully mature, largely destroying the area where a fertilised egg would become implanted.The doctor thinks she will probably never be able to become pregnant”.

തീര്‍ന്നില്ല,

“Even if some procedure managed to restore the function of her uterus,the girl will probably never want to have sex with anyone.A good deal of pain must have accompanied any penetration that could cause such terrible damage, and it was done to her repeatedly.The memory of that much pain wo’nt simply fade away. do you see what i mean…?”

ത്സുബാസ ((tsubasa) എന്ന പത്ത് വയസ്സുകാരിയുടെ ശരീരത്തെക്കുറിച്ചാണ് പറയുന്നത്. കേള്‍ക്കുന്നത് നോവലിലെ പ്രധാന സ്ത്രീകഥാപാത്രം അയോമാമി (aomame). പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ സംരക്ഷിക്കുന്ന പ്രായമുള്ളൊരു സ്ത്രീയുണ്ട് നോവലില്‍. അവരുടെ സഹായിയും കൂട്ടുകാരിയുമാണ് അയോമാമി. പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല,പീഡിപ്പിച്ചവരെ കൊല്ലുകയും ചെയ്യും, ഇപ്പറഞ്ഞ പ്രായമുള്ള സ്ത്രീ. അവര്‍ നിശ്ചയിക്കുന്ന വധശിക്ഷ പഴുതുകളില്ലാതെ നടപ്പാക്കുന്നത് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനര്‍ ആയ അയോമാമിയാണ്.

ത്സുബാസയെ കുത്തിക്കീറിയ ലിംഗത്തിന്നുടമയെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നു ആ സ്ത്രീ.അയോമാമിക്ക് പരിചയപ്പെടുത്തുകയാണ് ത്സുബാസ എന്ന ഇരയെ. അതാണ് മേല്‍ വായിച്ച വരികള്‍.കൊല്ലുന്നവര്‍ക്കൊപ്പം നില്‍ക്കും വായനക്കാരന്റെ മനസ്സ്, നേരിട്ടറിയാവുന്നൊരു പത്ത് വയസ്സുകാരി തകര്‍ന്ന ഉടലും മനസ്സുമായി , എന്നാല്‍ നിസ്സംഗമായി ഇപ്പറയുന്നതെല്ലാം കേട്ടിരിക്കുന്നത് മനസ്സില്‍ കാണുമ്പോള്‍.

 

 

കുടല്‍ പുറത്തായ കുട്ടി

ത്സുബാസ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചുള്ള വരികള്‍ വായിച്ചതിനും തലേദിവസം, അന്നാണ് ആ പ്രഭാഷണം കേട്ടത്. ഇന്ത്യാവിഷന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിച്ച് സുനിതാ കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു:

“6 മാസം മുമ്പ് എട്ട് വയസ്സുള്ള കുട്ടിയെ ഞങ്ങള്‍ രക്ഷപ്പെടുത്തികൊണ്ട് വന്നു. അനാഥകുട്ടിയാണ്. നാലാം വയസ്സില്‍ അവളുടെ ചെറിയമ്മ അവളെ വിറ്റു.അടുത്ത നാല് വര്‍ഷങ്ങളില്‍ എത്രയോ പുരുഷന്‍മാര്‍ അവളെ നശിപ്പിച്ചു.എട്ടാം വയസ്സില്‍ ശരീരവും മനസ്സും തകര്‍ന്നപ്പോള്‍ അവളെ റെയില്‍വേ ട്രാക്കില്‍ എറിഞ്ഞു. ഞങ്ങള്‍ ആ കുട്ടിയെ കാണുമ്പോള്‍ കുട്ടിയുടെ കുടല്‍ മുഴുവന്‍ വെളിയിലാണ്. ഇങ്ങനെ ഒരു യാഥാര്‍ത്ഥ്യവും ലോകത്തിലുണ്ട്. വസ്തുതകളെ പെരുപ്പിച്ച് പറയുകയല്ല ഞാന്‍”

(പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്ത്യാവിഷന്റെ വെബ് സൈറ്റില്‍ മുഴുവനായും വായിക്കാം.)

ഇപ്പോള്‍ ആലോചിക്കുമ്പോള്‍- ലിംഗം മുറിക്കുന്നത് ക്ലൈമാക്സ് ആയ ഒരു സിനിമയ്ക്ക് മുമ്പ് ഇങ്ങനെ വായനാനുഭവമുണ്ടായത്, സുനിതാകൃഷ്ണന്റെ പ്രസംഗംകേട്ടത് -യാദൃശ്ചികസംഭവങ്ങളാണെന്ന് തോന്നുന്നേയില്ല. ഓരോ നാല് മിനിട്ടിലും ഒരു പെണ്ണ് പീഡിപ്പിക്കപ്പെടുന്നുണ്ടത്രേ, ലോകത്ത്. ആ വാര്‍ത്തകളുടെ, വിവരങ്ങളുടെ ഭാരമില്ലാതെ ഒരു കലാസൃഷ്ടിയും സാംസ്കാരികോല്‍പ്പന്നവും ആസ്വദിക്കാനോ , അറിയാനോ ആവില്ല നിങ്ങള്‍ക്ക്.

ക്രൂരപീഡനോപകരണം
കുഞ്ഞുശരീരങ്ങളുടെ മേല്‍ പോലും ഇടപെടുന്ന ക്രൂരപീഡനോപകരണം എന്ന നിലയില്‍ പുരുഷലിംഗം പരിചയപ്പെടുത്തപ്പെടുന്ന എത്ര സന്ദര്‍ഭങ്ങളാണ് നമുക്ക് ചുറ്റും. ഒരു ദിവസത്തെ പത്രം പോലും അത്തരമൊരു വിവരം ഇല്ലാതെ നിങ്ങള്‍ക്ക് കാണാനാവില്ല. മുറിച്ചെറിയണം ഈ പീഡനോപകരണം എന്ന് തോന്നാന്‍ നോര്‍മല്‍ മനുഷ്യന് (ആണിനും പെണ്ണിനും) കാരണങ്ങളേറെയുണ്ട്.

ആ കാരണങ്ങളാണ് എനിക്കും 22 ഫീമെയില്‍ കോട്ടയം സമീപകാലത്തെ ഏറ്റവും മികച്ച സിനിമയായി തോന്നിക്കുന്നത്. നിങ്ങള്‍ക്കും എനിക്കും അറിയാം ഈ സിനിമയുടെ കുഴപ്പങ്ങള്‍ . പക്ഷെ ചില നേരങ്ങള്‍ ഉണ്ട് , ആവശ്യവുമാണ് , നിങ്ങളുടെ യുക്തി മാറ്റിവെച്ച് രോഷം കൊണ്ട് മാത്രം ലോകത്തെ നോക്കിപ്പോകുന്നവ. അത്തരം നേരങ്ങളെ നിറയ്ക്കുന്നതാണ് 22 എഫ് കെ.

മുറാകാമി കഥാപാത്രമായ അയോമാമി ചെറിയ ഒരു സൂചി ഉപയോഗിച്ച് പീഡകരെ കഴുത്തില്‍ കുത്തി കൊല്ലുന്നു, സിനിമയില്‍ റിമാ കല്ലിങ്കല്‍ ശാസ്ത്രീയമായി ലിംഗം മുറിച്ചു മാറ്റുന്നു. ലിംഗം മുറിച്ചാല്‍, പീഢകരെ കൊന്നാല്‍ തീരുമോ പ്രശ്നങ്ങള്‍.. അല്ലെങ്കില്‍ അങ്ങനെയാണോ അത് തീര്‍ക്കേണ്ടത്.

 

22 എഫ് കെ


 

അക്രമോത്സുക ആണത്തം
നീ മുറിച്ചെടുത്ത ആറിഞ്ചല്ലെടീ ആണത്തം എന്ന് എവിടെയോ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുണ്ട്. സത്യമാണ, അത് മുറിച്ചെടുത്താല്‍ തീരുന്നതല്ല പ്രശ്നങ്ങള്‍. ആണത്തം എന്ന് പൊതുവില്‍ വ്യവഹരിക്കപ്പെടുന്നതിന്റെ അടിയില്‍ കിടക്കുന്ന ക്രൂരതയ്ക്ക് , ഈ ഉപകരണം ആരെ പീഡിപ്പിക്കാനും ഉപയോഗിക്കാം എന്ന തോന്നലിന് ആഴത്തില്‍കിടക്കുന്ന കാരണങ്ങള്‍ ഉണ്ട്.

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്.

അതാണ് , ആ വിശ്വാസം തന്നെയാണ് ഈ സിനിമയെ നല്ലത് എന്നപോലെ വഷള് സിനിമയും ആക്കുന്നത്. അവസാന രംഗങ്ങളില്‍ പെണ്‍വാണിഭവും, പരപീഡനവും തൊഴിലാക്കിയ നായകനോട് (?) തീരാത്ത പ്രണയം ഇരയായ സ്ത്രീ പ്രകടിപ്പിക്കുന്നത് ഈ വഷളന്‍ പൊതു ബോധം അങ്ങനെ ഉറച്ച് കിടക്കുന്നത് കൊണ്ടാണ്. ആ രംഗങ്ങളിലെ ഫ, ഭ തമാശയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും അറുബോറന്‍, അശ്ളീല രംഗം എന്നു കൂടെ പറയണം.പെണ്ണിന്റെ പക്ഷത്ത് നിന്ന് എത്ര നോക്കിയാലും ആണെഴുത്തുകാര്‍ ആണത്തത്തിന്റെ വാഹകര്‍ തന്നെ എന്നതിന് തെളിവ്.

എങ്കിലും പ്രസക്തമാണ് ഈ സിനിമ എന്ന് തന്നെ പറയാന്‍ തോന്നുന്നു.

കുഴപ്പങ്ങളോടെ എങ്കിലും, എന്തൊക്കെയോ കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്നുണ്ട് സിനിമക്കാര്‍. പിന്തിരിപ്പന്‍ പൊതുമനസ്സ് അങ്ങനെ ഉറച്ചിരിക്കുന്നൊരു സമൂഹത്തില്‍ അത്തരം ശ്രമങ്ങള്‍ കൊമേഴ്സ്യല്‍ സിനിമയില്‍ വരുന്നത് കുറേക്കൂടെ ആശ്വാസകരമാണ്. ഏറ്റവും ജനപ്രിയമാധ്യമം എന്ന നിലയില്‍ അത് അഭിസംബോധന ചെയ്യുന്ന അനേകരില്‍ തീരെ ചെറിയ ശതമാനത്തിനെങ്കിലും ഉണ്ടാക്കുന്ന മാറ്റവും ഗുണം തന്നെയാണ് ചെയ്യുക.

 

 

രണ്ട് ആശങ്കകള്‍ ബാക്കിയുണ്ട്.
1. മുറാകാമിയുടെ 925 പേജുള്ള വലിയ നോവലിന്റെ പകുതിയേ വായിച്ചിട്ടുള്ളൂ..
ബാക്കി വായിക്കുമ്പോള്‍ അയോമാമിക്ക് റിമാ കല്ലിങ്കലിന്റെ രൂപം മനസ്സില്‍ വരുമോ എന്നാശങ്ക. റിമ മോശം നടിയായത് കൊണ്ടല്ല, നോവലുകളെ അവയിലെ കഥാപാത്രങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നൊരാള്‍ എന്ന നിലയ്ക്ക് എനിക്കിഷ്ടമല്ല കഥാപാത്രങ്ങള്‍ മറ്റാരുടെയെങ്കിലും രൂപത്തില്‍ മനസ്സിലെത്തുന്നത് എന്നതിനാല്‍.
2. ഇതുവരെ ഈ എഴുതിയത് ഇങ്ങനെ പേടിപ്പിക്കുന്നു-കിടക്കുന്നുണ്ടാകില്ലേ, ഈ കുറിപ്പിലെ അക്ഷരങ്ങള്‍ക്കടിയിലും നൂറ്റാണ്ടുകളുടെ ഭാരമുള്ള ആണ്‍പൊതുബോധം എന്ന്.

നമ്മുടേതല്ലാത്ത മുറിവുകള്‍

സുഹൃത്തുക്കളേ.., ശാരിക്കോ, സൌമ്യയ്ക്കോ ഇനി ആരുടെ ഐക്യദാര്‍ഢ്യവും വേണമെന്നില്ല… അവര്‍ ജീവിച്ച കാലത്തിന്റെയും , ഇരട്ടമനസ്സുള്ള അവരുടെ നാടിന്റെയും ക്രൂരതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ആ പെണ്ണുടലുകള്‍ മണ്ണാണിപ്പോള്‍. പത്ത് പതിനാറ് വര്‍ഷക്കാലം ഒരു ജനതയുടെ, മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം. രേഖപ്പെടുത്താവുന്നിടത്തെല്ലാം അവര്‍ക്കനുകൂലമായി എഴുതിവെക്കൂ, എന്തെങ്കിലും. ഫെയ്സ്ബുക്കിന്റേതടക്കംഎല്ലാ ചുവരുകളിലും ഒരു വരിയെങ്കിലും. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ…സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇ. സനീഷിന്റെ ഇടപെടല്‍

 

 

33 വര്‍ഷം പഴക്കമുള്ള എന്റെ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ നിരവധി ഉണ്ട്. മനസ്സില്‍ ആ മുറിവുകളെക്കുറിച്ചുള്ള ഓര്‍മകളും. മാവിലെറിയുമ്പോള്‍ തിരിച്ചു വന്ന് വീണ വലിയൊരു കല്ല് നെറ്റിയില്‍ ഉണ്ടാക്കിയത് തൊട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കെ കത്തിക്കുത്തേറ്റത് വരെയുള്ളവ. ഇതുവരെ ജീവിച്ച കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ചരിത്ര രേഖകളാണ് , എനിക്കവ. ഇതാ, നിങ്ങള്‍ ഇങ്ങനെയാണ് ജീവിച്ചത് എന്നതിന്റെ മാംസത്തില്‍ കോറിയ അടയാള സാക്ഷ്യങ്ങള്‍. വി എസ്അച്യുതാനന്ദന്റെ ഉടലില്‍ പുന്നപ്ര വയലാര്‍ സമരവും, പിണറായി വിജയന്റെ ശരീരത്തില്‍ അടിയന്തരാവസ്ഥാക്കാലവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് പോലെ .

സുഹൃത്തുക്കളേ…ഇതാണ് പറയാന്‍ വന്നത്, നമ്മുടെ ശരീരത്തിലെ മുറിപ്പാടുകളില്‍ വായിച്ചെടുക്കാം നമ്മുടെ ജീവചരിത്രം.

എന്നാല്‍ ഓരോരുത്തരുടെ ശരീരത്തിലെ മുറിവും അവരവരുടെ മാത്രം കാര്യവുമല്ല. അവ ആ ശരീരം ജീവിച്ച സമൂഹത്തിന്റെ കൂടെ ചരിത്ര രേഖയാണ്. നിറയെ മാവുകളുള്ള ഒരു ഭൂപ്രദേശത്താണ് എന്റെ ഉടല്‍ കുട്ടിക്കാലം താണ്ടിയത്, സംഘര്‍ഷാത്മകമായ വിദ്യാര്‍ത്ഥി രാഷ്ട്രീയമുള്ളിടത്താണ് ഈ ഉടല്‍ കൌമാര യൌവനങ്ങള്‍ കടന്നത്. അതിന്റെ പകര്‍ത്തിയെഴുത്തുകളാണ് ഉടലിലെ ഈ മുറിപ്പാടുകള്‍.

മുറിവുകള്‍ ജീവിക്കുന്നിടത്തിന്റെ ചരിത്രരേഖകള്‍ ആണെങ്കില്‍…

എങ്കില്‍, സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന് നമ്മള്‍ അറിയുന്ന വ്യക്തിയുടെ ശരീരത്തിലെ മുറിവുകള്‍ കേരളം എന്ന പ്രദേശത്തെക്കുറിച്ച് എന്ത് വിവരങ്ങളാണ് തരുന്നത്? വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ശരീരത്തിലെ മുറിപ്പാടുകള്‍ നല്‍കുന്നത് പോലെ കേരളീയ ജീവിതത്തിന്റെ ഏത് കാലത്തിന്റെ, ഏത് മനോഭാവത്തിന്റെ തെളിവാണ് ആ മുറിവുകള്‍ നല്‍കുന്നത്. ദുര്‍ബ്ബലനെ പിന്നില്‍ നിന്ന് തള്ളിത്താഴെയിട്ട്, വീണ്ടും വീണ്ടും തല്ലുന്ന ഉളുപ്പുകെട്ടൊരു സമൂഹത്തെക്കുറിച്ചുള്ള പാഠമല്ലേ, ആ ശരീരത്തിലെ അസംഖ്യം മുറിവുകള്‍ നല്‍കുക? ഭരണത്തിലും നീതിന്യായ വ്യവസ്ഥയിലുമടക്കം പരപീഡകര്‍ വാണ ഒരു കാലത്തിന്റെ അസ്സല്‍ തെളിവുകളല്ലേ ആ മുറിവുകള്‍.

ഓര്‍ത്തു നോക്കൂ, 15ാം വയസ്സില്‍ ശരീരത്തില്‍ തീ കൊണ്ട് വരഞ്ഞ്, പിന്നീടുള്ള പതിനഞ്ച് വര്‍ഷം മുളകരച്ച് നീറ്റി നമ്മള്‍ ഒരാളെ പീഡിപ്പിക്കാനായി കൊണ്ടു നടക്കുന്നു. നമ്മള്‍ കളിച്ചും, പാട്ടു കേട്ടും , കുട്ടികളെ കളിപ്പിച്ചും ഇരിക്കുന്ന അതേ 15 വര്‍ഷക്കാലം ഒരാള്‍ ഉണങ്ങാത്ത മുറിവുകളുമായി നടക്കുന്നു, ജീവിക്കുന്നു.
നമുക്ക് തോന്നുമ്പോഴെല്ലാം രസിക്കാനായി വീണ്ടും മുളകരച്ച് തേച്ചും തീയില്‍തളളിയും , ചര്‍ച്ച ചെയ്തും കഥകള്‍ പറഞ്ഞും…

ഒരു ജീവിതകാലത്തേക്ക് വേണ്ട പീഡനങ്ങള്‍ ചെറുപ്രായത്തില്‍ അനുഭവിച്ച് എങ്ങനെയെങ്കിലും ജീവിച്ച് പോകുന്ന അവരെ വീണ്ടും കള്ളക്കേസില്‍ പെടുത്തി ജയിലില്‍ കൊണ്ടിടുന്നതില്‍ പ്രയാസമില്ലാതെ നമ്മള്‍ പതിവു ജീവിതം നയിക്കുന്നു.ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ തല മൂടിപ്പുതച്ച് ക്യാമറകള്‍ക്ക് മുന്നിലൂടെ ജയിലിലേക്ക് പോയത്. പത്ത് പതിനഞ്ച് വര്‍ഷക്കാലം മകള്‍ക്ക് വേണ്ടി നീറിയ, അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ മുറിവായില്‍ മുളകുപൊടി വിതറുകയാണ് നമ്മള്‍, നമ്മുടെ നിസ്സംഗത കൊണ്ട്.

 

Without Hope, painting by FridaKahlo

 

ശാരിക്കും സൌമ്യയ്ക്കും വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളെ ഓര്‍ക്കുന്നു.

സുഹൃത്തുക്കളേ.., ശാരിക്കോ, സൌമ്യയ്ക്കോ ഇനി ആരുടെ ഐക്യദാര്‍ഢ്യവും വേണമെന്നില്ല… അവര്‍ ജീവിച്ച കാലത്തിന്റെയും , ഇരട്ടമനസ്സുള്ള അവരുടെ നാടിന്റെയും ക്രൂരതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ആ പെണ്ണുടലുകള്‍ മണ്ണാണിപ്പോള്‍. പത്ത് പതിനാറ് വര്‍ഷക്കാലം ഒരു ജനതയുടെ, മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം. രേഖപ്പെടുത്താവുന്നിടത്തെല്ലാം അവര്‍ക്കനുകൂലമായി എഴുതിവെക്കൂ, എന്തെങ്കിലും. ഫെയ്സ്ബുക്കിന്റേതടക്കംഎല്ലാ ചുവരുകളിലും ഒരു വരിയെങ്കിലും. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ…

…………………………………

ഇതെഴുതുന്നത് പ്രണയദിനം എന്ന് കേളികേട്ട ദിവസത്തിലാണ്. എനിക്കും ഇഷ്ടമാണ് ഇങ്ങനെയൊക്കെയുള്ള ദിവസങ്ങള്‍.. പക്ഷെ, നമ്മുടെ പ്രണയദിനത്തിന്റെ നിറുകയില്‍ ആരോ കാറിത്തുപ്പുന്നുണ്ട് . ഇരട്ടത്താപ്പന്‍ ജനതയുടെ മുടിഞ്ഞ പ്രണയം എന്ന് ശകാരിക്കുന്നുണ്ട്.

15 വയസ്സ് തൊട്ട് 30 വയസ്സ് വരെ ഒരു സഹജീവിയുടെ ജീവിതത്തെ നരകസമാനമാക്കി മാറ്റിത്തീര്‍ത്ത, എന്നിട്ടും നിര്‍ത്താതെ തലയില്‍ ഷാള്‍ കൊണ്ട് മൂടി അപമാനിതയാക്കി പുറത്ത് നടത്തുന്ന മുടിഞ്ഞ കേരളമേ, നിനക്ക് പറഞ്ഞിട്ടുള്ളതാണോ ഇമ്മാതിരി ഓര്‍മ്മ ദിവസങ്ങള്‍ എന്ന്

ഇ.എം.എസ്, നായനാര്‍, കിം: മരണംകൊണ്ട് കരയിക്കുന്ന നേതാക്കള്‍

ഇഎംഎസ്സിനെയും, നായനാരെയും അവരുടെ മരണദിവസങ്ങളിലെ എന്നെയും ഓര്‍ത്തത് ഉത്തര കൊറിയയിലെ കിം ജോംഗ് ഇല്‍ന്റെ മരണ വാര്‍ത്തകള്‍ കണ്ടപ്പോഴാണ്.ബി ബി സിയിലൂടെയും , റോയിട്ടേഴ്സ് തരുന്നതുമായ ദൃശ്യങ്ങളില്‍ ഒരു രാജ്യമൊട്ടാകെ കരയുന്നതാണ് കാണുന്നത്. അടക്കിപ്പിടിച്ച കരച്ചില്‍ അല്ല, കരച്ചില്‍പ്രകടനങ്ങള്‍-ഇ സനീഷിന്റെ നിരീക്ഷണം

 

courtesy: national post

 

ഇ എം എസ് മരിച്ച ദിവസം ബ്രണ്ണന്‍ കോളജ് ഹോസ്റലില്‍ രണ്ടാം നിലയിലെ ഹരിയേട്ടന്റെ മുറിയില്‍ ആയിരുന്നു. എ ബി വാജ് പേയി പ്രധാനമന്ത്രിയായി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന ദിവസം കൂടിയായിരുന്നു അന്ന്. മുഷിഞ്ഞ വസ്ത്രങ്ങളും, നിറയെ പുസ്തകങ്ങളും കൂടിക്കിടക്കുന്ന ഹോസ്റല്‍ മുറിയില്‍
ദുഖിതരായിരുന്നു ഒരു കൂട്ടം .കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന ഹരിയേട്ടന്റെ കണ്ണ്് നിറഞ്ഞിരുന്നു. കിണര്‍ കുഴിക്കാനും, കല്ല് ചെത്താനും പോയതിന് ശേഷം പഠിക്കാന്‍ വരുന്ന, ഹെല്‍ത്ത് ക്ലബ്ബിലെ ഉപകരണങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്തേണ്ടതില്ലാത്ത കിടിലന്‍ മസിലുകള്‍ക്കുടമയായ അന്നത്തെ എം എ ഹിസ്ററിക്കാരന്‍ ഹരിയേട്ടന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് ഇഎംഎസ് മരിച്ച ദിവസത്തെക്കുറിച്ചുള്ള വ്യക്തതയുള്ള ഓര്‍മ.

മുറിയില്‍ മേശപ്പുറത്ത് മുഴുവന്‍ സമയവും തുറന്ന് വെച്ച റേഡിയോ ഇഎംഎസ്സിന്റെ മരണ വാര്‍ത്ത അറിയിക്കുന്നു. മേശക്ക് താഴെ ഒരു ബക്കറ്റ് നിറയെ ഉരുളന്‍ കല്ലുകള്‍… ചരിത്രം സൃഷ്ടിച്ച് വരുന്ന സര്‍ക്കാരിന് അഭിവാദ്യമറിയിച്ച് ഹോസ്റലിന് മുന്നിലൂടെ ഇതിനകം കടന്ന് പോയ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനങ്ങളില്‍ നിന്ന് ഓരോ തവണയും ഓരോ കല്ലെങ്കിലും വന്നു വീണു, റോഡിനോട് ചേര്‍ന്നുള്ള ഹോസ്റല്‍ മുറിയുടെ ജനാലകളില്‍. എസ് എഫ് ഐക്കാരുടെ കേന്ദ്രത്തിലേക്ക്് കല്ലെറിയാനുള്ള ബിജെപിക്കാരുടെ ത്വര മനസ്സിലാക്കാനാവുന്നതേയുള്ളൂ. അത് നേരത്തെ അറിയാവുന്നത് കൊണ്ടാണ് കുട്ടികള്‍ ആവശ്യമെങ്കില്‍ തിരിച്ചറിയാന്‍ നല്ല വലുപ്പമുള്ള കല്ലുകള്‍ ബക്കറ്റിലാക്കി മുറിയില്‍ കൊണ്ട് വെച്ചത്. രാഷ്ട്രീയമൊന്നുമില്ലാത്ത, എസ് എഫ്് ഐയും ബിജെപിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത, പ്രീഡിഗ്രിക്കാരടക്കമുള്ളവര്‍ മുകളിലെ മുറിയില്‍ പേടിച്ച് ഇരുന്നു.

ആ റേഡിയോ, അന്നത്തെ മണിക്കൂറുകള്‍, ഹോസ്റല്‍ മെസ്സില്‍ നിന്ന് വരുന്നുണ്ടായിരുന്ന പച്ചക്കറി വേവുന്നതിന്റെ മണം, വെയില്‍ മുറിച്ച് പ്രകടനം പോകുന്നതിന്റെ ബഹളം, ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയുടെ ബേജാറ് പിടിച്ച മുഖം,( അവര്‍ ഗേറ്റ് ചാടിക്കടന്ന് ഇങ്ങോട്ട് കയറുമോ, പോലീസിനെ വിളിക്കണോ) എല്ലാത്തിനും മേല്‍ ഇ എം എസിന്റെ മരണ വാര്‍ത്ത. കേരളം എന്ന, നമ്മള്‍ ജീവിക്കുന്നയിടത്തെ, ഏറ്റവും പ്രധാനപ്പെട്ട മരണങ്ങളിലൊന്നാണ് നടന്നിരിക്കുന്നത്. ആ ചരിത്ര സങ്കടം ഹരിയേട്ടന്റെ കണ്ണീരിലൂടെ ഉള്ളില്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇഎംഎസിന്റെ മരണത്തെക്കുറിച്ച് അടക്കിപ്പിടിച്ച് കരച്ചിലുകളുടെ ഓര്‍മയാണെങ്കില്‍ ഇകെ നായനാരുടേത് പൊട്ടിക്കരച്ചിലുകളുടേതാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. കോഴിക്കോട് ബ്യൂറോയില്‍ ട്രെയിനി. ചികില്‍സക്ക് പോകും മുമ്പ് ലിഫ്റ്റില്‍ കയറി കൈ വീശി ‘ഗുഡ് ബൈ, താങ്ക് യു ഓള്‍’ എന്ന് പറയുന്ന നായനാരുടെ ബൈറ്റ് ഏഷ്യാനെറ്റ് ആവര്‍ത്തിച്ചു കാണിക്കുന്നു. കോഴിക്കോട് തൊട്ട് കണ്ണൂര്‍ വരെ വിലാപയാത്രയ്ക്ക്തൊ ട്ടുമുന്നിലായി സഞ്ചരിക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ കരച്ചില്‍കാണുകയായിരുന്നു.ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ കാണുന്നവര്‍ക്ക് സങ്കടം തോന്നും വിധം കരഞ്ഞ് കൊണ്ട് കണ്ണൂര്‍ ടൌണ്‍ഹാളില്‍ നിന്നിറങ്ങി നടന്ന് പോകുന്നത് കണ്ടു. സ്വന്തം പിതാവാണ് മരിച്ചതെന്ന് പോലെയായിരുന്നു വിശുദ്ധമായ ആ കരച്ചില്‍.

എങ്കിലും അന്നത്തെ സവിശേഷമായ ഓര്‍മ പയ്യാമ്പലത്തേതാണ്. പയ്യാമ്പലം ശ്്മശാനത്തില്‍ ക്യാമറകള്‍ക്ക് വേണ്ടി ഉയര്‍ത്തിക്കെട്ടിയ സ്റ്റാന്‍ിന് മുകളില്‍, ക്യാമറ മഴ നനയാതിരിക്കാന്‍ കുട പിടിച്ചു കൊടുക്കുകയായിരുന്നു. പയ്യാമ്പലത്തെ പാലത്തിനപ്പുറത്ത് നിന്ന്് മുണ്ട്് മാടിക്കെട്ടി , കൈകള്‍ രണ്ടും പുറകില്‍ കെട്ടി, കൂടെ നടക്കുന്നൊരാള്‍ പിടിച്ചു കൊടുത്ത കുടയ്ക്കകത്ത്് ഒതുങ്ങാതെ പാതി മഴ നനഞ്ഞ് നിലത്തോട്ട് നോക്കി എംവി രാഘവന്‍ നടന്നു വരുന്നത് കണ്ടു. പിന്നീട് ശത്രുക്കളായിപ്പോയ സുഹൃത്തുക്കളെ ഓര്‍മ വന്നു. ആ ദിവസത്തില്‍ പല തവണ വന്ന കരച്ചില്‍ അപ്പോഴും ഉള്ളില്‍ നിന്ന് വന്ന് എത്തിനോക്കിപ്പോയി എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.

 

 

ഇഎംഎസ്സിനെയും, നായനാരെയും അവരുടെ മരണദിവസങ്ങളിലെ എന്നെയും ഓര്‍ത്തത് ഉത്തര കൊറിയയിലെ കിം ജോംഗ് ഇല്‍ന്റെ മരണ വാര്‍ത്തകള്‍ കണ്ടപ്പോഴാണ്.ബി ബി സിയിലൂടെയും , റോയിട്ടേഴ്സ് തരുന്നതുമായ ദൃശ്യങ്ങളില്‍ ഒരു രാജ്യമൊട്ടാകെ കരയുന്നതാണ് കാണുന്നത്. അടക്കിപ്പിടിച്ച കരച്ചില്‍ അല്ല, കരച്ചില്‍പ്രകടനങ്ങള്‍.
അറുപത്തൊമ്പതാം വയസ്സിലാണ് കിം മരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി കിടപ്പിലുമായിരുന്നു. നിറയെ മഞ്ഞ് വീണ് കിടക്കുന്ന പ്യോംഗ് യാംഗ് നഗരത്തിലെ വീഥികളില്‍ ക്യാമറ കണ്ണു തുറക്കുന്നിടത്തെല്ലാം കരയുന്നവര്‍.പൊട്ടിക്കരഞ്ഞ് പോലീസ് വലയം ഭേദിച്ച് നേതാവിന്റെ അടുത്തെത്താന്‍ശ്രമിക്കുകയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍. നാട്ടുകാര്‍ മാത്രമല്ല, പ്രകൃതിയും കരയുകയാണത്രേ..ദൃശ്യങ്ങള്‍ക്കിടയില്‍ ഒരു പട്ടാളക്കാരന്റെ ബൈറ്റ്. ‘കണ്ടില്ലേ, ഈ മഞ്ഞ് വീഴുന്നത്. കരയുകയാണ്. അത്ര മഹാനായ നേതാവിന്റെ വിടവാങ്ങല്‍ പ്രകൃതിക്ക് പോലും സഹിക്കുന്നില്ല’. ഏറ്റവും തമാശ (മരണത്തെക്കുറിച്ച് പറയുമ്പോള്‍ തമാശ എന്ന്് പറയുന്നത് ശരിയല്ല, ക്ഷമിക്കുക) ആ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത അറിയിച്ച രീതിയാണ്. വാര്‍ത്താ അവതാരകര്‍ കണ്ണീരൊഴുക്കി കരയുകയായിരുന്നു വാര്‍ത്ത വായിക്കുമ്പോള്‍.

കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന ഒറ്റക്കക്ഷി ഭരിക്കുന്ന രാജ്യം. കിം ഇല്‍ സംഗ് ആണ് രാജ്യത്തിന്റെ എക്കാലത്തെയും പ്രസിഡന്റ്.അദ്ദേഹത്തിന്റെ മകന്‍,ഡിസം ബര്‍ 17ന് മരിച്ച കിം ജോംഗ് ഇല്‍ ആയിരുന്നു മരണം വരെ ഭരണാധികാരി. ഇപ്പോള്‍ മകന്‍ കിം ജോംഗ് ഉന്‍ ഭരണാധികാരിയായിരിക്കുന്നു. സ്വേച്ഛാധിപത്യമാണ് കൊറിയയില്‍ എന്ന് ലോകംപറയുന്നു. അവിശ്വസിക്കാന്‍ തോന്നില്ല. റിപ്പോര്‍ട്ടേഴ്സ് വിത്തൌെട്ട് ബോര്‍ഡേഴ്സ് എന്ന് രാജ്യാന്തര സംഘടന ലോകത്തില്‍ ഏറ്റവും കുറവ് മാധ്യമപ്രവര്‍ത്തന സ്വാതന്ത്യം ഉള്ളയിടമായാണ് കൊറിയയെ വിശേഷിപ്പിക്കുന്നത്. 177ാം സ്ഥാനത്താണ് . എരിത്രിയ എന്ന ഒറ്റ രാജ്യമേ ഉള്ളൂ പിന്നില്‍. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ആണ് ഔദ്യാഗിക മാധ്യമജിഹ്വ. ഭരണാധികാരിയുടെ ദിനസരി റിപ്പോര്‍ട്ട് ചെയ്യലാണത്രേ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം. എന്ന് വെച്ചാല്‍ ഒ വി വിജയന്‍ ധര്‍മ്മപുരാണത്തിലെഴുതിയ തിന്റെ കൊറിയന്‍ വേര്‍ഷന്‍ എന്ന് മനസ്സില്‍ വരുന്നു. ദേശീയ ന്യൂസ് ഏജന്‍സി വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമേ നമ്മുടെ നാട്ടില്‍ പോലുമെത്തൂ എന്നര്‍ത്ഥം.

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് കൊറിയ എന്ന ‘കമ്യൂണിസ്റ്റ്’ രാജ്യത്തിന്റെ ഭരണാധികാരിയുടെ മരണത്തില്‍ ആ ജനത മുഴുവന്‍ പൊട്ടിക്കരയുകയാണ് എന്ന് അവര്‍ പുറം ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് കണ്ടാല്‍ മതി. ഇഎംഎസും, ഇ കെ നായനാരും, കെ കരുണാകരനും അവരവരുടെ മരണത്തിലൂടെ അവരുടെ ജനത്തെ കരയിച്ചത് പോലെയല്ല, കിം അദ്ദേഹത്തിന്റെ ജനതയെ കരയിക്കുന്നത് എന്ന് സാരം. സോഷ്യലിസ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും അധികാരം മക്കള്‍ക്ക് മാത്രം. ചൈനാ ലൈനോ, ലാറ്റിന്‍ അമേരിക്കന്‍ ലൈനോ എന്ന്് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യുന്ന നമ്മുടെ നേതാക്കള്‍ക്ക് കൊറിയയെക്കുറിച്ച് ഓര്‍മവരാതിരിക്കട്ടെ. പൊട്ടിക്കരഞ്ഞ് കൊണ്ട് വാര്‍ത്ത വായിക്കുന്നത് ഓര്‍ക്കാന്‍ കൂടി വയ്യ.

 

 

ഓഫീസിലെ ചര്‍ച്ചയില്‍ നിന്ന്

“ഓഹ് , അപ്പോള്‍ അവിടെ ചിരിക്കുന്നത്, അല്ലെങ്കില്‍ കരയാതിരിക്കുന്നത് വിമതപ്രവര്‍ത്തനം ആയിരിക്കും അല്ലേ”

“പിന്നല്ലാതെ , ഈ ദിവസങ്ങളില്‍ കരയാതിരുന്ന ഉത്തര കൊറിയക്കാര്‍ ഇപ്പോള്‍ ജയിലില്‍ ആയിട്ടുണ്ടാകും”

“അവരുടെ പേരുകള്‍ നമുക്ക് അടുത്ത തവണ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് കിട്ടിയവരുടേതായി വായിക്കാം”

“ഹ ഹ ഹ…”

……………………………………………….

കരയൂ, കരയൂ എന്ന് നിര്‍ബ്ബന്ധിച്ച് കൊണ്ടിരിക്കുന്ന പരിവാരങ്ങളും, അധികാരസ്ഥാപനങ്ങളും കൂട്ടിനില്ലാത്ത ഒറ്റയാന്‍ വിമതരുടെ മരണവും ജനതയെ കരയിക്കും. എം എന്‍ വിജയന്‍ മാഷുടെ, ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ചുള്ള സമാനതകളില്ലാത്ത മരണം കരയിച്ചിട്ടുണ്ട്.ഇ എം എസ്സിനും, നായനാര്‍ക്കും, കെ കരുണാകരനും കിട്ടിയതിനെക്കാള്‍ ഒട്ടും കുറവല്ലാത്ത കണ്ണീര്‍ത്തുള്ളികള്‍ കേരളത്തില്‍ വീണിട്ടുണ്ട് അന്നും.
വിമതര്‍ക്ക് വേണ്ടിപ്പോലും കരയുന്ന ജനത്തില്‍നിന്ന് തങ്ങള്‍ക്കും കിട്ടണം ആദരവിന്റെ കണ്ണീര്‍ എന്ന വിചാരം വേണം ഓരോ പ്രസ്താവന നടത്തുമ്പോഴും, ഓരോ അടി വെക്കുമ്പോഴും നമ്മുടെ നേതാക്കള്‍ക്ക് എന്ന് ആശിക്കുന്ന രാഷ്ട്രീയ കേരളത്തിലെ പാവം പിടിച്ചവരില്‍ ഒരാളാണ് ഞാനും.

ബോംബുകളെക്കുറിച്ച് ചില വിചാരങ്ങള്‍

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ക്കിടെ ജലബോംബ് എന്നെവിടെയോ വായിച്ചപ്പോഴാണ് കൈകളിരുന്നിടം ഒളിപ്പിച്ച് നടക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തത്. 116 വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്ഥാപിക്കപ്പെട്ട ബോംബ് മാറ്റുന്നത് നല്ലത് തന്നെ. അവിടെ പുതിയ ബോംബുണ്ടാക്കണമെന്നതല്ലേ നമ്മുടെ ആവശ്യം. അതല്ലാതെ വഴിയില്ലേ എന്ന് ചോദിക്കുന്ന എത്രയോ നാട്ടുകാരുണ്ട്. അണക്കെട്ട് ഉണ്ടാക്കാതെ തന്നെ തമിഴ്നാടിന് വെള്ളം കൊടുക്കാനാകും എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ തല്‍ക്കാലത്തേക്കെങ്കിലും ആരും അവരെ കേള്‍ക്കുന്നേയില്ല- സനീഷ് എഴുതുന്നു

 

 

തലശ്ശേരിയില്‍ തീവണ്ടിയിറങ്ങും, ബസ് സ്റ്റാന്റിലെത്തി പാനൂരിലേക്ക് ബസ്സ് കയറും. കോട്ടയത്ത് നിന്നോ, തിരുവനന്തപുരത്ത് നിന്നോ, കൊച്ചിയില്‍ നിന്നോ ആകും വരുന്നത്. തീവണ്ടിയാത്ര ക്ഷീണിപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് പാനൂരില്‍ എത്തിയാലുടനെ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോകണം എന്നുറപ്പിച്ചാണ് ബസ്സില്‍ ഇരിക്കുക. പത്ത് നാല്‍പ്പത് മിനിട്ടെടുക്കും ബസ്സ് പാനൂരില്‍ എത്താന്‍. അങ്ങാടിയില്‍ ചിലപ്പോള്‍ ഓട്ടോ ഉണ്ടാകില്ല.നടക്കേണ്ടി വരും. ചില ദിവസങ്ങളില്‍ ഓട്ടോ ഉണ്ടെങ്കിലും നടക്കാന്‍ തന്നെയാണ് തോന്നുക.അങ്ങനെ കോട്ടയത്തെ പഠന കാലം തൊട്ട്,ഇതു വരെ ഒട്ടുമിക്കവാറും നാട്ടു യാത്രകളില്‍ പാനൂരില്‍ നിന്ന് മൊകേരിയിലെ വീട്ടിലേക്കുള്ള യാത്രനടന്നു തന്നെയാകാറാണ് പതിവ്. പരിചയക്കാരെ കണ്ട് കണ്ട് നടക്കാം.

പകല്‍ നേരങ്ങളിലാണ് നടപ്പെങ്കില്‍ മിക്കവാറും അവനെയും കാണും.
അടുത്ത സുഹൃത്തല്ല, എങ്കിലും ചെറുപ്പം മുതലേ അറിയുന്നവനാണ്. .പാന്റും ഷര്‍ട്ടുമിട്ട് കടവരാന്തയിലോ,ബസ് സ്റ്റോപ്പിലോ ആണ് ഉണ്ടാകുക. മുഴുക്കൈയന്‍ ഷര്‍ട്ടാണ് ഇടുക.കൈകള്‍ പാന്റിന്റെ പോക്കറ്റിനകത്ത് തിരുകിയ നിലയിലാകും. നല്ല സ്നേഹത്തോടെ പരിചയമുള്ള ചിരി ചിരിക്കും , അവന്‍. എങ്കിലും മുഖത്തുണ്ടല്ലോ ആഴത്തിലുള്ള, ഒളിച്ചു വെയ്ക്കാനാകാത്ത സങ്കടമെന്തോ എന്ന് എനിക്ക് തോന്നും.ഇങ്ങനെയല്ലാതെ, അതായത് കൈകള്‍ പുറത്ത് കാട്ടി നല്ല ആത്മ വിശ്വാസത്തോടെ അവനെ കണ്ടിട്ടുണ്ടല്ലോ മുമ്പ് എന്നും ഓര്‍ക്കും.നേര്‍ത്ത് വരുന്ന സങ്കടം പുറത്ത് കാട്ടാതെ ഞാനും ചിരിക്കും. ഇപ്പോള്‍ ഷര്‍ട്ടിന്റെ മുഴുക്കൈകള്‍ പാന്റിന്‍ പോക്കറ്റുകളിലേക്ക് തിരുകി അവന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു ശാരീരികമായ ഇല്ലായ്മയാണ്.അവന് കൈപ്പത്തികള്‍ ഇല്ല. ബോംബ് ഉണ്ടാക്കുന്നതിനിടെ അത്പൊട്ടി തകര്‍ന്ന് തെറിച്ച് പോയതാണ് കൈകള്‍.

ഞാനീ നടന്ന് പോകുന്ന അരമണിക്കൂര്‍ ദൂരത്തിനിടയില്‍ ബോംബുണ്ടാക്കുന്നതിനിടെ ഇങ്ങനെ പരിക്കേറ്റ അഞ്ചോ , ആറോ പേരുണ്ടെന്ന് എഴുതുമ്പോള്‍ നിങ്ങള്‍ക്ക് അതിശയോക്തിയെന്ന് തോന്നാം. എന്റെ നാട്ടുകാര്‍ക്ക് തോന്നില്ല. സത്യമാണത്.

സിപിഐഎം , ബിജെപി സംഘര്‍ഷം ഏറ്റവും തീവ്രമായി നിന്ന കാലത്ത് പരസ്പരം ആളെ കൊല്ലാന്‍ ബോംബ് ഉണ്ടാക്കുകയായിരുന്നു ഇവരുടെ പണി. അവരവരുടെ പാര്‍ട്ടിക്ക് വേണ്ടി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതും തങ്ങളുടെദൌത്യമാണെന്ന് കരുതി അവര്‍ ഏറ്റെടുത്തു. കുന്നിന്‍ പുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍, വെള്ളമൊഴുക്ക് നിലച്ച കനാലില്‍ ചെറിയ പാലത്തിനടിയില്‍, കൊയ്തൊഴിഞ്ഞ പാടത്ത് അവര്‍ അവരുടെ ജോലിയില്‍ ഏര്‍പ്പെട്ടു. അങ്ങനെയൊരു ദിവസം ബോംബ് പൊട്ടിയാണ് അവന്റെ കൈ പോയത്. ഇത്ര വലിയ സ്ഫോടനമുണ്ടായിട്ട് കൈക്ക് മാത്രം പരിക്ക് പറ്റിയതെങ്ങനെയെടാ എന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“ഹ ഹ…എനിക്ക് വേറെവിടെയും ഒന്നും പറ്റാത്തതിലാണ് നിനക്ക് വിഷമം അല്ലേ…”എന്ന് ചിരിച്ച് അവന്‍ അപകടത്തെക്കുറിച്ച് കൃത്യമായി വിശദീകരിച്ച് തന്നു.

വെടിമരുന്നും, കുപ്പിച്ചില്ലുകളും ഓട്ടിന്‍ പൊടിയും എല്ലാം നിറച്ച് ചാക്കുനൂലു കൊണ്ട് വരിഞ്ഞ് മുറുക്കുകയാണ് ബോംബുണ്ടാക്കുന്നതിന്റെ അവസാന പണി. അത് ചെയ്യുമ്പോള്‍ ഒരു തെങ്ങിനെ കെട്ടിപ്പിടിച്ച് നിന്ന് കൈകള്‍ തെങ്ങിനപ്പുറത്തിട്ടാണ് ബോംബ് കെട്ടുക. പൊട്ടിയാല്‍ കൈ മാത്രമേ പോകൂ. ആ സാഹസകാലത്തെ ഓര്‍ത്ത് ശരിക്കും അവന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് മാഞ്ഞത് എന്നെ വേദനിപ്പിച്ചു. ഏത് പണിയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വരുന്ന ഒരു അനായാസത ഉണ്ടല്ലോ.അത് വരുമ്പോള്‍ ചിലര്‍ തെങ്ങിന്‍ സുരക്ഷ ഒഴിവാക്കി സാധാരണ പോലെ അങ്ങ് കെട്ടും. ചെറിയ അലസത. ചിലപ്പോള്‍ അപകടമുണ്ടാകും.ഒന്നോ രണ്ടോ പേര്‍ മരിക്കും. അവരുടെ പാര്‍ട്ടി പിറ്റേന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കും. പ്രവര്‍ത്തകരെ മറ്റവര്‍ ബോംബെറിഞ്ഞ് കൊന്നു എന്ന് പറഞ്ഞ്.

പാനൂരിലും ചുറ്റുവട്ടത്തും ഉള്ള പെയിന്റ് നരച്ച പല ബസ് സ്റോപ്പുകളും ആരുടെ ഓര്‍മ്മ ഉണര്‍ത്താനാണോ വെച്ചിരിക്കുന്നത്, അവരില്‍ ചിലരെങ്കിലും ഇങ്ങനെ സ്വന്തം കൈപ്പിഴ കൊണ്ട് മരിച്ചവരാണ്.

രാഷ്ട്രീയ പ്രവര്‍ത്തനമോ അതിന്റെ ആവേശമോ കുറഞ്ഞിട്ടില്ല ഞങ്ങളുടെ നാട്ടില്‍ . അംഗഭംഗം സംഭവിക്കലിന്റെയും, കൊലപാതകങ്ങളുടെയും, സ്വയംഹത്യകളുടെയും ആ നട്ടപ്രാന്തന്‍ കാലം കഴിഞ്ഞു പോയെന്ന് തോന്നുന്നു. ആ കാലത്തിന്റെ തെളിഞ്ഞ അടയാളമായി രണ്ട് പാര്‍ട്ടിയിലും ഉള്ള എന്റെ സുഹൃത്തുക്കള്‍ ഷര്‍ട്ടിന്‍ മുഴുക്കൈകള്‍ പാന്റിന്റെ പോക്കറ്റിലിട്ട് നടക്കുന്നു.

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ക്കിടെ ജലബോംബ് എന്നെവിടെയോ വായിച്ചപ്പോഴാണ് കൈകളിരുന്നിടം ഒളിപ്പിച്ച് നടക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തത്. 116 വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്ഥാപിക്കപ്പെട്ട ബോംബ് മാറ്റുന്നത് നല്ലത് തന്നെ. അവിടെ പുതിയ ബോംബുണ്ടാക്കണമെന്നതല്ലേ നമ്മുടെ ആവശ്യം. അതല്ലാതെ വഴിയില്ലേ എന്ന് ചോദിക്കുന്ന എത്രയോ നാട്ടുകാരുണ്ട്. അണക്കെട്ട് ഉണ്ടാക്കാതെ തന്നെ തമിഴ്നാടിന് വെള്ളം കൊടുക്കാനാകും എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ തല്‍ക്കാലത്തേക്കെങ്കിലും ആരും അവരെ കേള്‍ക്കുന്നേയില്ല.

കൂടംകുളത്തെ ആണവനിലയം ഒരു പ്രശ്നവുമുണ്ടാക്കില്ല എന്ന് വാദിക്കുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ മുഖത്തുമുണ്ട് ബോംബിനോടുള്ള താല്‍പര്യം, കൈപ്പത്തിയില്ലാത്ത സുഹൃത്തിന്റെ മുഖത്തെന്ന പോലെ . അപകട ശേഷം അണക്കെട്ട് വാദികള്‍ക്കും
ആണവനിലയവാദികള്‍ക്കും മാത്രമേ കൈകള്‍ പോക്കറ്റിലൊളിപ്പിക്കേണ്ടി വരൂ എന്നായിരുന്നെങ്കില്‍ കാര്യമാക്കേണ്ടിയിരുന്നില്ല.ഇതിപ്പോ അങ്ങനെ അല്ലല്ലോ.ഉണ്ടാക്കുന്നവരെയും ഉണ്ടാക്കണമെന്ന് വാദിക്കുന്നവരെയും മാത്രമല്ലല്ലോ , ബോംബുകള്‍ ബാധിക്കുക. അത്കൊണ്ട് കൂടംകുളത്ത് സമരമിരിക്കുന്നവര്‍ക്കും , അണക്കെട്ട് വിരുദ്ധര്‍ക്കും വിനീതമായ ഒരു സലാം.

—————————————

വഹ് നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മര്‍ത്യ ജന്‍മം ക്ഷണഭംഗുരം
ചക്ഷു ശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കും പോലെ
കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു..

(ചുട്ടുപഴുത്ത ഇരുമ്പു കമ്പിമേല്‍ വീണ വെള്ളത്തുള്ളി പോലെ ക്ഷണ നേരത്തേക്കുള്ളതാണ് മനുഷ്യ ജീവിതം. എന്നിട്ടും, പാമ്പിന്‍ വായില്‍ അകപ്പെട്ട നേരത്തും ഇരയ്ക്കായി തവള വാ പിളര്‍ക്കുന്നത് പോലെ കാലത്താല്‍ ബന്ധനസ്ഥനായ ലോകരും ചഞ്ചലമായ മനസ്സോടെ സുഖങ്ങള്‍ തേടുന്നു.)

കാര്യമുണ്ടായിട്ടല്ല…. ചുമ്മാ.. ഈ കുറിപ്പിന് അങ്ങനെയെങ്കിലും ഒരു ഗരിമവരട്ടെ എന്ന് കരുതി ചേര്‍ത്തെന്നേ ഉള്ളൂ. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ എംഎ ക്ളാസ്സില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഈ വരികളുടെ അര്‍ത്ഥം പറഞ്ഞ് തന്ന ഡി വിനയചന്ദ്രന്‍ സാറിന് നന്ദി. ഓരോ കാലത്തും അര്‍ത്ഥം വീണ്ടും വീണ്ടും വ്യക്തമാക്കിത്തരുന്ന, പോക്കറ്റില്‍ കൈകളിട്ട് നടക്കുന്ന മറ്റ് മാഷന്‍മാര്‍ക്കും നന്ദി.

മുറകാമിയെ പ്രണയിച്ചതിന് എനിക്കുള്ള കാരണങ്ങള്‍

ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് മുന്നില്‍ കൊതിയോടെയും സങ്കടത്തോടെയും നോക്കി നിന്ന ഒരു പാവം ഒരു നാട്ടുംപുറ സര്‍ക്കാര്‍ വിദ്യാലയ വിദ്യാര്‍ത്ഥിയെ ‘നോര്‍വീജിയന്‍ വുഡ്’ കൊണ്ട് ആ വലിയലോകത്തേയ്ക്ക് വലിച്ചിട്ടു, മുറാകാമി. ഈപുസ്തകം തന്ന ആനന്ദത്താല്‍ പ്രചോദിതനായി മുറാകാമിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു . മാര്‍കേസിന്റെ മറ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ മുറാകാമി ധൈര്യം തന്നു. യോസയെയും ഓര്‍ഹന്‍ പമുകിനെയും റോബര്‍ട്ടോ ബൊലാനോയെയും മനസ്സിലും പുസ്തക അലമാരയിലും എത്തിച്ചു. സാഹിത്യപരമായ കാരണങ്ങളാല്‍തന്നെ മുറാകാമിയെ പുച്ഛിക്കുന്നവര്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളുണ്ട് , അദ്ദേഹം ചെയ്യുന്നതായി എന്ന് പറയുകയായിരുന്നു ഞാന്‍-സനീഷ് എഴുതുന്നു

 

“Memory is a funny thing……”

 

അപ്പോള്‍, അതിനകത്തായിരുന്നപ്പോള്‍ പിന്നീട് എക്കാലത്തേക്കും പൂര്‍ണവിശദാംശങ്ങളോടെ ഓര്‍മിക്കപ്പെടുന്ന ഒന്നായിരിക്കും ആ രംഗം എന്ന് എനിക്ക് തോന്നിയിരുന്നേയില്ല.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അത്ഭുതകരമായി തോന്നുന്നു, എല്ലാമുണ്ട് ഓര്‍മ്മയില്‍ അങ്ങേയറ്റം തെളിച്ചത്തോടെ . ഓരോ ഇലയുടെയും പച്ച,ഓരോ മരത്തിന്റെയും ഉയരവും ഗാഢതയും….. അന്ന് എന്നെക്കുറിച്ചും എനിക്കൊപ്പമുള്ള സുന്ദരിയായ പെണ്‍കുട്ടിയെക്കുറിച്ചുമല്ലാതെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഈ പ്രകൃതി വിശദാംശങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായിവരുന്നു , ഓര്‍മയില്‍. ഞങ്ങളെക്കുറിച്ചു മാത്രമായിരുന്നു അന്നത്തെ ചിന്ത. ഒന്നിച്ച്നടക്കുന്നതിന്റെ കഠിനമായ ആഹ്ളാദവും പേരറിയാത്ത ദുഖവും…അങ്ങനത്തേതായിരുന്നു ആ കാലവും , എന്റ അന്നത്തെ പ്രായവും.
അന്ന് ഞാന്‍പ്രണയത്തിലായിരുന്നു, പ്രണയത്തില്‍…..ആകാവുന്നതില്‍ ഏറ്റവുമേറെ സങ്കീര്‍ണമായ പ്രണയത്തില്‍”

ഹരൂകി മുറാകാമിയുടെ നോര്‍വ്വീജിയന്‍ വുഡ് എന്ന നോവലിന്റെ എന്റെ കൈവശമുള്ള കോപ്പിയിലെ രണ്ടാം പേജില്‍ നിന്നും ഈ പാരഗ്രാഫ് ദുര്‍ബ്ബലമായി മൊഴിമാറ്റുമ്പോള്‍,എനിക്കറിയാം ആ പുസ്കത്തോടുള്ള അതികഠിനമായ എന്റെ പ്രണയം അല്ലാതെ ഒന്നുമില്ല ഇതില്‍. നോവലോ, ഈ വരികളുടെ ഒറിജിനലോ തരുന്ന ഗംഭീരമായ ആനന്ദാനുഭൂതി തരാന്‍ എന്റെ ദുര്‍ബ്ബലമൊഴിമാറ്റം പോരാ.

മുറാകാമി

1987ല്‍ ആണ് ജപ്പാനീസ് നോവലിസ്റ്റ് ഹരൂകി മുറാകാമി ‘നോര്‍വീജിയന്‍ വുഡ്’ എഴുതുന്നത്. പത്ത് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അത് വായിക്കുമ്പോഴേക്ക് കോടിക്കണക്കിന് വായനക്കാരുടെ പ്രിയ പുസ്തകം ആയി മാറിയിരുന്നു ‘നോര്‍വീജിയന്‍ വുഡ്’ . അസംഖ്യം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.മുന്‍ പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി തന്റെ വായനക്കാരുടെ എണ്ണം കോടിക്കണക്കിനായി വളര്‍ന്നതില്‍ മുറാകാമി ഞെട്ടുകയും ദുഖിതനാവുകയും ചെയ്തു എന്ന് അദ്ദേഹത്തിന്റെ വിവര്‍ത്തകന്‍ ജേ റൂബിന്‍ പിന്നീട് എഴുതി .പ്രശസ്തിയ്ക്ക് ഒരു രസമുണ്ട്, സൂപ്പര്‍ സ്റാര്‍ഡത്തിന് അതില്ല.പേടിപ്പിക്കുന്ന സൂപ്പര്‍ സ്റാര്‍ഡത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുറാകാമി യൂറോപ്പിലേക്ക് നാടു വിട്ട് പോയി എന്ന് അദ്ദേഹം എഴുതുന്നു.
ഏറ്റവുമൊടുവിലത്തെ നോവല്‍ 1Q84 ന് വേണ്ടി ആളുകള്‍ പുസ്തകശാലകളില്‍ ക്യൂ നില്‍ക്കുന്നെന്നാണ് വാര്‍ത്ത.

‘നോര്‍വീജിയന്‍ വുഡ്’ ചലചിത്രമായപ്പോള്‍ അതിന് വേണ്ടി സെറ്റിട്ട ലൊക്കേഷന്‍ വിനോദ സഞ്ചാര കേന്ദ്രമായെന്ന് ഒരു ജപ്പാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാസികയില്‍ വായിച്ചു. പുസ്തകത്തിന്റെയോ എഴുത്തുകാരന്റെയോ സൂപ്പര്‍ സ്റാര്‍ഡം സാഹിത്യ മേന്‍മയുടെ അടയാളമല്ലെന്ന് പൂര്‍ണമായി വിശ്വസിക്കുന്ന വായനക്കാരന്‍ തന്നെയാണ് ഞാന്‍.പക്ഷെ ഒരുവായനക്കാരനെ, ഒരാളെയെങ്കിലും, ഒരു പുസ്തകം വായിക്കുന്നതിന് മുമ്പും പിമ്പും എന്നാക്കി മാറ്റിക്കളയുന്നവയെ നിസ്സാരമായി കാണരുത്. എനിക്ക് അതാണീ പുസ്തകം.

37ാം വയസ്സില്‍ ബീറ്റില്‍സിന്റെ ഒരു പാട്ട്കേള്‍ക്കുമ്പോള്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്തെ പഠന കാലം ഓര്‍ക്കുകയാണ് ടോറു വാതാനബെ.
ബീറ്റില്‍സിന്റെ ‘നോര്‍വീജിയന്‍ വുഡ്’ എന്ന പാട്ടാണ് ടോറുവിന്റെ ടീനേജിനും യൌവനത്തിനുമിടയിലെ തീം സോംഗ് .ആ കാലത്തിന്റേതായ എല്ലാം, അതിലൂടെ വന്ന ഒരാള്‍ക്ക് കാണാതെ പോകാനാവാത്ത വിധം എഴുതി വെച്ചിരിക്കുകയാണ് മുറാകാമി.

ഒരിക്കലും ആര്‍ക്കുമറിയാത്ത കാരണത്താല്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ ചെയ്യുന്ന സുഹൃത്ത് കിസുകി, കിസുക്കിയുടെയും,ടോറുവിന്റെയും കാമുകി ആയിരുന്ന നഓക്കോ, പിന്നീടെത്തുന്ന മിഡോറി….അവരുടെ കൂടിക്കാഴ്ചാ നേരങ്ങള്‍, അവര്‍ പറയുന്ന കാര്യങ്ങള്‍,അവര്‍ തമ്മിലുണ്ടാകുന്ന ശാരീരിക ബന്ധത്തിന്റെ വിശദാംശങ്ങള്‍. കാണാതാകലുകള്‍, അമ്പരപ്പിക്കുന്ന തിരിച്ചു വരവുകള്‍…..മാന്ത്രികമായ എന്തോ ഒന്ന് അനുഭവിപ്പിക്കും, മുറാകാമി കഥ പറഞ്ഞുപോകുമ്പോള്‍. വായനക്കാരനെ ഒരേസമയം ആസക്തമായ ചെറുപ്പകാലത്തും, അനാസക്തിയുടെ താത്വികതലത്തിലും നിര്‍ത്തുന്ന ഒരു മാന്ത്രികത മുറാകാമിയുടെ എഴുത്തിനുണ്ട്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഹരൂകി മുറാകാമിയുടേത് ലോകത്തിലെ എഴുത്തു പണ്ഡിതരെല്ലാം ഗൌരവത്തിലെടുക്കുന്ന പേരല്ല. പൈങ്കിളി എഴുത്തുകാരന്‍ എന്ന് അദ്ദേഹത്തെ വിളിക്കുന്നവരുണ്ട്. ജനപ്രിയം എന്നാണ് അതിന്റെ ആന്തരികാര്‍ത്ഥമെങ്കില്‍ അത് തെറ്റായവിളിയല്ല താനും.

അതി ബൃഹത്തായ ജപ്പാന്റെ സാഹിത്യപാരമ്പര്യത്തില്‍ നിന്ന് സ്വയംവിച്ഛേദിച്ച് എഴുതുന്ന മുറാകാമിയെ അമേരിക്കാ നോക്കിയായഎഴുത്തുകാരന്‍ എന്ന് വിളിക്കുന്നവരുമുണ്ട്. അതും ശരിയാണ്. ജപ്പാന്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപക ദമ്പതികളുടെ മകനായി പിറന്ന മുറാകാമിയുടെ എഴുത്തുകളില്‍ ദേശീയതാ അഭിമാനം ഇല്ല തന്നെ. ബീറ്റില്‍സ് അടക്കമുള്ള പാശ്ചാത്യസംഗീതശാഖകളെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമല്ല, മക് ഡൊണാള്‍ഡ്സ് പോലുള്ള ത നികച്ചവടബിംബങ്ങളുടെ സമൃദ്ധിയും മുറാകാമി തെറ്റായി കാണുന്നില്ല.

എങ്കിലും പതിനായിരങ്ങള്‍ക്കൊപ്പം എനിക്കും പ്രിയപ്പെട്ടവനായി തുടരുന്നു , മുറാകാമി. മലയാളത്തിലുള്ള വിവര്‍ത്തനകൃതികള്‍ക്കപ്പുറത്തേക്ക് പോകാനാവാതെ ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് മുന്നില്‍ കൊതിയോടെയും സങ്കടത്തോടെയും നോക്കി നിന്ന ഒരു പാവം ഒരു നാട്ടുംപുറ സര്‍ക്കാര്‍ വിദ്യാലയ വിദ്യാര്‍ത്ഥിയെ ‘നോര്‍വീജിയന്‍ വുഡ്’ കൊണ്ട് ആ വലിയലോകത്തേയ്ക്ക് വലിച്ചിട്ടു, മുറാകാമി. ഈപുസ്തകം തന്ന ആനന്ദത്താല്‍ പ്രചോദിതനായി മുറാകാമിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു.
മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടാത്തതിനാല്‍ അപ്രാപ്യമായിരുന്ന മാര്‍കേസിന്റെ മറ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ മുറാകാമി ധൈര്യം തന്നു. യോസയെയും ഓര്‍ഹന്‍ പമുകിനെയും റോബര്‍ട്ടോ ബൊലാനോയെയും മനസ്സിലും പുസ്തക അലമാരയിലും എത്തിച്ചു. സാഹിത്യപരമായ കാരണങ്ങളാല്‍തന്നെ മുറാകാമിയെ പുച്ഛിക്കുന്നവര്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളുണ്ട് , അദ്ദേഹം ചെയ്യുന്നതായി എന്ന് പറയുകയായിരുന്നു ഞാന്‍. അതു കൊണ്ട് എല്ലാ വര്‍ഷവും നോബല്‍ പുരസ്കാര വാതു വെയ്പ് സൈറ്റുകളില്‍ പരാമര്‍ശിക്കപെടുമ്പോള്‍
അദ്ദേഹത്തിന്റെ പേരിനെ തള്ളിക്കളയുന്നവര്‍ക്ക് തെറ്റിപ്പോകട്ടെ , അവര്‍ എത്ര വലിയ നിരൂപകരാണെങ്കിലും എന്ന് ആശിക്കുന്നൊരു മുറാകാമി ഫാന്‍ കൂടെയാണ് ഞാന്‍ എന്ന് പറയുന്നതില്‍ വിഷമമില്ല.

………………………………………………………………………………

യഥാര്‍ത്ഥത്തില്‍ ‘നോര്‍വീജിയന്‍ വുഡി’നേക്കാള്‍ പ്രിയപ്പെട്ട മുറാകാമി നോവല്‍ ‘കാഫ്ക ഓണ്‍ ദി ഷോര്‍’ അല്ലേ എന്നെനിക്ക് തന്നെ തോന്നാറുണ്ട്, ഇപ്പോള്‍. പക്ഷെ സാഹിത്യ ബാഹ്യമായ നേരത്തെ പറഞ്ഞ കാര്യങ്ങളാല്‍ ഞാന്‍ വിടാതിരിക്കുകയാണ് ‘നോര്‍വീജിയന്‍ വുഡി’നെ. ഒരു കാര്യം കൂടെ. ആദ്യം ഞാന്‍ മലയാളത്തിലാക്കി ചേര്‍ത്ത രണ്ടാം പേജിലെ പാരഗ്രാഫിനെക്കുറിച്ച്. ഇതൊരു സാധാരണ പ്രേമകഥയാണ് എന്ന തോന്നലിലാകും നോവല്‍ വായിക്കാത്തവര്‍ ഈ കുറിപ്പും ആ മൊഴിമാറ്റവും വായിച്ചാല്‍ എത്തുക എന്നെനിക്കറിയാം.

അതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെങ്കിലും ഈ പുസ്തകം വായിക്കാനിടയായാല്‍ ഞാനെത്ര നിസ്സാരീകരിച്ചിരിക്കുന്നു ‘ ‘നോര്‍വീജിയന്‍ വുഡി’നെ എന്ന് കണ്ട് ദേഷ്യംതോന്നും നിങ്ങള്‍ക്കെന്നോട് എന്നത് ഓര്‍ക്കുമ്പോഴുള്ള സന്തോഷം

പിള്ള, മദനി അവരുടെ ജയിലുകള്‍

എന്ന് വെച്ചാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ കള്ളന്‍ എന്ന് വിളിച്ചാല്‍ അത് കള്ളമാകില്ല എന്ന് അര്‍ഥം. ആയിരം രൂപാ കൈക്കൂലി വാങ്ങുന്ന പാവപ്പെട്ടവന്മാരെ ജീവിതകാലം മുഴുവന്‍ മലയാളി അങ്ങനെ വിളിക്കുന്നു. അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ഒരു കുറ്റവും ചെയ്തതതായി തെളിഞ്ഞിട്ടല്ല ഇപ്പോള്‍ ജയിലില്‍കിടക്കുന്നത്-ഇ. സനീഷിന്റെ നിരീക്ഷണം

അസുഖം വന്നാല്‍ കാശുള്ളവര്‍ തെരഞ്ഞെടുക്കുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഠിന തടവിന് എത്തും മുമ്പ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വാസം.വാതില്‍ തുറന്നാല്‍ പൂക്കളുടെ മനോഹരദൃശ്യങ്ങള്‍ കാണാനാവുന്ന മുറിയില്‍.(ഒക്ടോബര്‍ രണ്ടാം തീയതിയത്തെ മലയാള മനോരമ ഞായറാഴ്ചപ്പതിപ്പില്‍ ര്‍ കവര്‍ സ്റ്റോറിയുടെ അവസാനവരികള്‍ പറയും പ്രകാരം).

ഇടമലയാര്‍ പദ്ധതിയുടെ പേരില്‍ പിള്ള എനിക്കും നിങ്ങള്‍ക്കും സംസ്ഥാനത്തിനാകെയും നഷ്ടമുണ്ടാക്കും വിധം അഴിമതി നടത്തി എന്നാണ് കേസ്. നമ്മുടെ നാട്ടില്‍ നീതിന്യായവ്യവസ്ഥയുടെ അവസാന വാക്കായ സുപ്രീം കോടതിയാണ് എല്ലാ ഘടകങ്ങളും പരിഗണിച്ച് പിള്ള കുറ്റം ചെയ്തിട്ടുണ്ട് എന്ന് കണ്ടെ ത്തി ശിക്ഷിച്ചത്. എന്ന് വെച്ചാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ കള്ളന്‍ എന്ന് വിളിച്ചാല്‍ അത് കള്ളമാകില്ല എന്ന് അര്‍ഥം.ആയിരം രൂപാ കൈക്കൂലി വാങ്ങുന്ന പാവപ്പെട്ടവന്മാരെ ജീവിതകാലം മുഴുവന്‍ മലയാളി അങ്ങനെ വിളിക്കുന്നു. ഒരു വര്‍ഷം കഠിന തടവാണ് ശിക്ഷ. ഫെബ്രുവരി 18ന് തടവ് തുടങ്ങി.ഇപ്പോള്‍ എട്ട് മാസത്തിലേറെയായി പിള്ള ശിക്ഷ അനുഭവിച്ച് തുടങ്ങിയിട്ട്.ഇക്കാലത്തിനിടയ്ക്ക് 45ദിവസത്തെ അടിയന്തര പരോളും, 30 ദിവസത്തെ സാധാരണ പരോളും അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി 75 ദിവസം ജയിലിന് പുറത്ത് കൊട്ടാരക്കരയിലെ സ്വന്തം വീട്ടില്‍ വിശ്രമിച്ചു.ആത്മ കഥ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുന്നു.

പോയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമല്ല, ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും ആത്മകഥയില്‍ കാണാം. വിഎസ് അച്യുതാനന്ദനെയും അദ്ദേഹത്തിന്റെ പ്രതികാര ദാഹത്തെയും വിമര്‍ശിക്കുന്നതില്‍ കുറവ് വരുത്താറെയില്ല. ജയിലില്‍നിന്നുള്ള ആത്മ കഥ വായിക്കുന്നവര്‍ മൂപ്പര്‍ അഴിമതിക്കേസില്‍ അല്ല സ്വാതന്ത്യ്രസമരം പോലുള്ള രാഷ്ട്രീയ സംഭവങ്ങളുടെ പേരിലാണ് പൂജപ്പുരയില്‍ കിടക്കുന്നത് എന്ന് താല്‍ക്കാലികമായെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്. ലക്ഷത്തില്‍ഒരാള്‍ക്ക് മാത്രം പിടിപെടുന്ന ഹിമാറ്റോ ക്രൊമാറ്റോസിസ് എന്ന, അസുഖമാണത്രെ പിള്ളയ്ക്ക്. തടവു (ആശുപത്രി) മുറിയില്‍ ആശ്രിതനും പരിചാരകനുമായ മനോജ് എന്നൊരാള്‍ സഹായത്തിനുണ്ട്. ( ആവിശേഷണങ്ങള്‍ എന്റേത് അല്ല, ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ നേതാവ് ഹരികുമാര്‍ ഉപയോഗിച്ചതാണ്).
കള്ളത്തരം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാലും കരുത്തന്മാര്‍ക്ക് സ്വാധീന ശേഷിയില്‍ ഒരു കുറവും വരില്ല എന്നതിനുള്ള തെളിവായി കാണണം, ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ.

9447155555 എന്ന നമ്പരിലേക്ക് വിളിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രദീപ് സി നെടുമണിനോടുള്ള സംഭാഷണത്തില്‍ പിള്ള കാണിക്കുന്ന ആജ്ഞാശേഷി കൊണ്ടറിയാം, മാടമ്പിപ്പുള്ളി മായാത്ത പുലി തന്നെയാണ് പിള്ളയെന്ന്. ഇങ്ങനെയൊക്കെ വേണം ഈ വാര്‍ത്ത കൊടുക്കാനെന്ന് മാധ്യമപ്രവര്‍ത്തകനോട് പറയുന്ന അതേസ്വരത്തില്‍തന്നെ , ഇങ്ങനെ ഭരിക്കണം എന്ന് സര്‍ക്കാരിനോട് പിള്ള പറഞ്ഞ് കാണുമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. എന്തെന്നാല്‍, ലോകത്തെ അനുസരിപ്പിക്കാനും ഭരിക്കാനും പിറന്നവര്‍ക്ക് ജയിലിനകത്താണെങ്കിലും അങ്ങനെയൊക്കെയേ പറ്റൂ. അതായത് ഒരുവന്‍ എന്താണോ അതിനെ മാറ്റിത്തീര്‍ക്കാന്‍ തടവറയ്ക്ക് പറ്റില്ല എന്നര്‍ത്ഥം.

മദനിയുടെ ജയില്‍

കോയമ്പത്തൂര്‍ പ്രസ് ക്ളബ്ബിന് പുറത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്ന് സ്ഫോടക വസ്തുകണ്ടെ ടുത്ത കേസില്‍ വിചാരണത്തടവുകാരനായി അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ഒരു കുറ്റവും ചെയ്തതതായി തെളിഞ്ഞിട്ടല്ല ഇപ്പോള്‍ ജയിലില്‍കിടക്കുന്നത്.പക്ഷെ അതത്ര പുതുമയുള്ള കാര്യമല്ല അദ്ദേഹത്തിന്.1998 മുതല്‍ 2007 വരെ ഒമ്പത് വര്‍ഷം കുറ്റമൊന്നും തെളിയാതെ ജയിലില്‍ കിടന്ന് ശീലമുണ്ട്. ഹിമാറ്റോ ക്രൊമാറ്റോസിസ് ഇല്ലായിരുന്നുവെന്നേയുള്ളൂ. അസംഖ്യം അസുഖങ്ങള്‍ അനുഭവിക്കുകയായിരുന്നു, മദനിയുടെ ശരീരം ഒറ്റക്കാലൂന്നലില്‍ ആ ഒമ്പത് വര്‍ഷക്കാലം. ഒമ്പത് വര്‍ഷങ്ങള്‍……. ഞാനും പിള്ളയും നിങ്ങളും പുറത്ത് ജീവിക്കുകയായിരുന്ന ഒമ്പത് വര്‍ഷങ്ങള്‍.

ഒമ്പത് വര്‍ഷങ്ങള്‍ എന്നാല്‍ 108 മാസങ്ങള്‍ എന്നും ,ഏതാണ്ട് 3240 ദിവസങ്ങള്‍ എന്നുമാണ് അര്‍ത്ഥം. അച്ഛന്‍, അമ്മ, ഭാര്യ, പ്രണയിനി എന്നിവര്‍ക്കൊപ്പമുള്ളതും സിനിമ,പകല്‍നേരത്തെ വെറുതെയിരിപ്പുകള്‍, ഓഫീസുകളിലെ പരദൂഷണസന്തോഷം, കള്ള് കുടി, ഇങ്ങനെ അസംഖ്യം ജീവിതാവശ്യങ്ങള്‍ക്കായും നമ്മള്‍ ചെലവിട്ട പതിനായിരക്കണക്കിന് മണിക്കൂറുകളാണ് അയാള്‍ ജയിലില്‍ കിടന്നത്. പ്രത്യേകിച്ച് ഒരുകുറ്റവും ചെയ്യാതെ.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം , “സോറി നിങ്ങള്‍ കുറ്റം ചെയ്തെന്നതിന് തെളിവില്ല “എന്ന് നമ്മുടെ സംവിധാനങ്ങള്‍സമ്മതിച്ചതിന്‍പ്രകാരം പുറത്തിറങ്ങി.പോകുമ്പോള്‍ പത്തെണ്‍പത് കിലോ തൂക്കം ഉണ്ടായിരുന്ന മദനി 30 കിലോ ഭാരത്തിലേക്ക് കുറഞ്ഞു. വന്ന് മക്കളുടെ കൂടെ ഒരു പാട് കാലം ഇരിക്കും മുമ്പ് തന്നെ അയാളെ വീണ്ടു തടവറ വന്ന് കൊണ്ടു പോയി.മദനി ജയിലില്‍ കിടക്കുന്ന കാലത്ത് 2002 ഡിസംബര്‍ 30ന് സ്ഫോടക വസ്തു കത്തിയതിനാണ് ഇപ്പോഴത്തെ ജയില്‍ വാസം. 24 മണിക്കൂറും കത്തിക്കിടക്കുന്ന ലൈറ്റുകള്‍ക്ക് നടുവില്‍ ആണത്രേ തടവ്. മുഴുസമയം ക്യാമറാ നിരീക്ഷണത്തില്‍.എന്താണ് സര്‍ ഇയാള്‍ചെയ്ത കുറ്റം എന്ന് ചോദിച്ചാല്‍ ഇല്ല, അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് പറയേണ്ട അവസ്ഥയിലും തടവ് ജീവിതത്തിന് യാതൊരു മയവും ഇല്ല. പിള്ള ചെയ്തതത് പോലെ ഇത്രയധികം ഫോണ്‍ വിളികള്‍ വേണ്ട , ഒരു വിളി പുറത്തേക്ക് മദനി കിടക്കുന്നിടത്ത് നിന്ന് വന്നു എന്ന് കരുതുക.എന്താകും സ്ഥിതി. “പിള്ള വിളി“യില്‍ ഒരക്ഷരം പറയാതിരിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ അടക്കം ചാടി വീണ് എന്തൊക്കെ അലമ്പുണ്ടാക്കിയേനെ.

എന്ത് കൊണ്ടാണത്?
എന്ത്കൊണ്ടെന്നാല്‍ അയാള്‍ ഭീകരനാണ് എന്ന് സ്ഥാപിക്കാന്‍ താല്‍പര്യമുണ്ട് അയാള്‍ക്ക് തടവറ തീര്‍ത്തവര്‍ക്ക് .

അതായത് ഒരുവന്‍ എന്താകണമെന്ന് ഭരണകൂടം തീരുമാനിക്കുന്നോ അയാളെ അതായി നിലനിര്‍ത്താന്‍ കൂടെയാണ് തടവറ ഉപയോഗിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ക്രിമിനലുകളെ ക്രിമിനലുകളായിതന്നെ നിലനിര്‍ത്തുക എന്നതാണ് തടവറകളുടെ ആത്യന്തിക ധര്‍മ്മം എന്ന് മിഷേല്‍ ഫൂക്കോ പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും സംസ്കരിച്ച് നന്നാക്കാനുള്ളതാണ് തടവറകള്‍ എന്ന് കരുതുന്നവര്‍ അത് മണ്ടത്തരമാണെന്ന് ഈ സംഭവങ്ങളോടെയെങ്കിലും മനസ്സിലാക്കണം.
പിള്ളയെ അധികാരിയും മാടമ്പിയും ആയ പിള്ള തന്നെ ആയും, മദനിയെ ഭീകരനും കുഴപ്പക്കാരനും ആയ മദനി ആയും തന്നെ നിലനിര്‍ത്തുക എന്ന, ഭരിക്കുന്നവര്‍ക്ക് ആവശ്യമുള്ള ധര്‍മ്മം നടപ്പാക്കുന്ന സ്ഥാപനങ്ങളാണ് തടവറകള്‍ എന്ന് കാണണം.

…………………………………………………………………….

അത് കൊണ്ട്സുഹൃത്തുക്കളെ…
കരുതി വേണം കാര്യങ്ങള്‍ ചെയ്യാന്‍. ഇന്ത്യാ മഹാരാജ്യത്ത് ആകെയുള്ള ജയിലുകളുടെ എണ്ണം 1140 ആണ്. എണ്ണിപ്പറയാന്‍ പറ്റാത്തത്ര കുറ്റകൃത്യങ്ങള്‍ഉണ്ട് , മനുഷ്യര്‍ പല സാഹചര്യങ്ങളില്‍ ചെയ്ത് പോകുന്നവയായി എന്നതും മറക്കരുത്.ആകെയുള്ള ഈ 1140 ജയിലുകള്‍ക്കകത്ത് തിങ്ങിഞെരുങ്ങിക്കഴിയുന്ന 3, 26, 519 തടവുപുള്ളികളില്‍ ഒരാളാകാന്‍ എനിക്കോ നിങ്ങള്‍ക്കോ എത്രയോ ശതമാനം സാധ്യതയും അവകാശവും ഉണ്ട്, ഈ കുഴപ്പം പിടിച്ച കാലത്ത്. നിങ്ങള്‍ “പിള്ളത്തം” ഉള്ള ആളാണെങ്കില്‍ ഈ ഉപദേശം വിലക്കെടുക്കേണ്ട , ഭരണകൂടത്തിന് വേണ്ടാത്ത “മദനിത്തം” ഉള്ളയാളാണ് നിങ്ങളെങ്കില്‍ വാക്കിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ കൊടുത്തോളൂ.

ജയിലില്‍ പെട്ടു പോയാല്‍ അതി കഠിന തടവുകാലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പിള്ള പോലുള്ള പുള്ളികളോട് അസൂയപ്പെടുന്നത് പോലും കൂടുതല്‍ ശിക്ഷ അര്‍ഹിക്കേണ്ട തടവു പുള്ളിയാക്കി നിങ്ങളെ മാറ്റാനിടയുണ്ട്.

അയ്യോ പാവം അമേരിക്ക

അമേരിക്കയോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കണം. വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനേക്കാള്‍ അക്കാര്യത്തില്‍ ശരി വി.വി ദക്ഷിണാ മൂര്‍ത്തി
പറഞ്ഞതല്ലേ. വിക്കിലീക്സ് വെളിപ്പെടുത്തല്‍ കാണുമ്പോള്‍ സത്യത്തില്‍ അമേരിക്കയോട് പാവം തോന്നേണ്ടതല്ലേ-പ്രശസ്ത വാര്‍ത്താ അവതാരകന്‍ ഇ
സനീഷിന്റെ നിരീക്ഷണം

വിഎസ്സല്ല, മൂര്‍ത്തി മാഷാണ് ശരി…

മൂര്‍ത്തി മാഷ് തന്നെയാണ് ശരി.
വി വി ദക്ഷിണാമൂര്‍ത്തിയുടെ ബൈറ്റ് ടിവിയില്‍ കണ്ടയുടനെ എന്നെ ഫോണില്‍വിളിച്ച് അദ്ദേഹത്തെ പുച്ഛിച്ച പഴയ എസ് എഫ് ഐക്കാരന്‍ സുഹൃത്തിനെ
ഞാന്‍ അപ്പോള്‍തന്നെ തിരുത്തി.അമേരിക്കയോട് സിപിഐഎമ്മിന് യാതൊരു വിരോധവുമില്ല, എന്ന് പറഞ്ഞ മൂര്‍ത്തി മാഷാണ് ശരി.അമേരിക്കയെ
കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ അരുത്.അവര്‍ സിപിഐഎമ്മിന്റെ മാത്രമല്ല, നമ്മുടെയെല്ലാം പിന്തുണ അര്‍ഹിക്കുന്നുണ്ട്.

എന്തു കൊണ്ടെന്നോ…
അന്നാ ഹസാരെയുടെ സമരം ഇന്ന് തീരും നാളെ തീരും എന്ന തലക്കെട്ടുകളുടെ ദിവസങ്ങളിലൊന്നിലാണ് അനു വിളിച്ചത്. അമേരിക്കയില്‍ നിന്ന്. “എടാ… നാളെ ഉച്ചയ്ക്കാണത്രേ ഐറീന്‍ വരിക” .അവള്‍ പറഞ്ഞു.“ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്,വീട്ടിനകത്ത് അടച്ചിരിപ്പാണ്. ഞാനും ശങ്കറും മാത്രമല്ല ഇവിടെ താമസിക്കുന്നവരെല്ലാം”.
നാളെ ഉച്ചയ്ക്ക് കൊടുങ്കാറ്റ് വരുമെന്ന് ഇന്ന് തന്നെ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്ന ആ നാട്ടിലെ സര്‍ക്കാരിനോട് സ്നേഹം തോന്നി.  ലോക് പാല്‍ ബില്‍  എന്ന് വരും എന്നത് പോയിട്ട്, ആ സമരം തീര്‍ക്കാന്‍ എന്ന് സഭയില്‍  ചര്‍ച്ച നടക്കുമെന്നതില്‍ പോലും ഇവിടെ ഉറപ്പില്ല. അവിടെ കൊടുങ്കാറ്റ് വരുന്ന സമയത്തിന്റെ കാര്യത്തില്‍ പോലും കൃത്യമായ ഉറപ്പ്. കൊള്ളാം.
പറഞ്ഞ സമയത്ത് തന്നെ വന്ന ഐറീന്‍ ദുരന്ത തലക്കെട്ടുകള്‍ ഉണ്ടാക്കാതെ തന്നെ തിരിച്ച് പോയി.
പിന്നീടിപ്പോള്‍ വിക്കിക്കാറ്റ് വീശുന്നു അമേരിക്കയില്‍ നിന്നിങ്ങോട്ട്.  പിണറായി വിജയന്‍, എംഎ ബേബി, തോമസ് ഐസക്, എംഎം ഹസ്സന്‍, അങ്ങനെ
ഏതാണ്ടെല്ലാവരോടും സംസാരിച്ച നിസ്സാരകാര്യങ്ങള്‍ വരെ അമേരിക്കക്കാര്‍ മുകളിലേക്ക് അയച്ചിരിക്കുന്നു. ചെന്നൈയിലെ ആസ്ഥാനത്ത് നിന്ന് ചിലര്‍
കേരളത്തിലേക്ക് വരും,  ചിലരോടൊക്കെ ചുമ്മാ എന്ന മട്ടില്‍ സംസാരിക്കും, എന്നിട്ട് അത് രേഖയാക്കി മേലേക്ക് അയച്ചു കൊടുക്കും ഇതാണത്രെ രീതി.
മലപ്പുറത്തെയും കണ്ണൂരിലെയും പ്രാദേശിക തെരഞ്ഞെടുപ്പിലെ ചെറു വിവരങ്ങള്‍ വരെ ഇങ്ങനെ ഒബാമയ്ക്കും ബുഷിനും അയച്ചു കൊടുത്തവയില്‍ ഉണ്ട്. കേബിളുകള്‍ നെറ്റില്‍ വായിച്ച് രസിച്ചിരിക്കുമ്പോഴാണ് ശരിക്കും ആ രാജ്യത്തോട് പാവം തോന്നിയത്.ലോകത്തെല്ലായിടത്തും ആളുകളെ വിട്ട്
ഇങ്ങനെ വിവരങ്ങള്‍ ശേഖരിച്ച് , അത് സംസ്കരിച്ച്, എന്താണ് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് നോക്കിക്കൊണ്ടിരിക്കുന്ന  ഒബാമയെ ഓര്‍ത്ത്
സങ്കടവും തോന്നി. അരക്ഷിതരുടെയും, ആശങ്കാകുലരുടെയും പാവം രാജ്യം.അപ്പുറത്തെ വീടുകളില്‍ എന്ത് നടക്കുന്നു എന്ന് ആലോചിച്ചിരിക്കുന്ന, നമുക്കെല്ലാവര്‍ക്കുമുള്ള പാവം പരിചയക്കാരുമായി അമേരിക്കക്ക്് താരതമ്യമില്ല.അതില്‍  പരദൂഷണത്തിന്റെ ആനന്ദമുണ്ട് , ഇവിടെ അത്പോലുമില്ല. പേടിയും , സുരക്ഷിതരല്ലെന്ന നിതാന്തമായ തോന്നലും മാത്രം.എത്ര സ്വത്തും, സൈന്യവും  ഉണ്ടായിട്ടെന്ത്..? കൊടുങ്കാറ്റുകളെ നേരത്തെ അറിയാവുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിട്ടെന്ത്..?

അത് കൊണ്ട്…

വിഎസ് അല്ല ഇക്കാര്യത്തിലെങ്കിലും ശരി,മൂര്‍ത്തി മാഷാണ്.

അമേരിക്ക എന്ന ആശങ്കാകുലരുടെ കൂട്ടത്തിന് സിപിഎമ്മിനെ പോലെ ശക്തരായ ഒരു കൂട്ടരുടെ പിന്തുണ ശരിക്കും ആവശ്യമുണ്ട്. അരക്ഷിതരുടെ രഹസ്യസന്ദേശങ്ങള്‍  വായിച്ച് അമേരിക്കയോട് പാവം തോന്നിയ മൂര്‍ത്തി മാഷെ എനിക്ക് മനസ്സിലാക്കാനാകുന്നുണ്ട്.ദുര്‍ബ്ബലരുടെ കൂടെ നില്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്  സഖാവേ പാര്‍ട്ടി?.

………………………………….

പാവം തോന്നുന്നുണ്ടെങ്കിലും ആ അരക്ഷിതരുടെ രാജ്യത്ത് നിന്ന് തിരിച്ചു വരൂഎന്ന് അനുവിനോട്  പറയാന്‍ തോന്നുന്നു. അരക്ഷിതര്‍ അപകടകാരികള്‍ കൂടെയായിരിക്കും. എന്തിന് അവര്‍ക്കിടയില്‍ ജീവിക്കണം?. നിന്റെ നാടായ നെമ്മാറയിലും, എന്റെ നാടായ മൊകേരിയിലും കുട്ടികള്‍ ഈ ഓണക്കാലത്ത് ആരാന്റെ പറമ്പില്‍ നിന്നും ബേജാറില്ലാതെ പൂക്കള്‍ (ഇപ്പോഴും ബാക്കിയുള്ള) പറിക്കുന്നുണ്ട്.ഇവിടെ കൊച്ചിയിലെ നിരത്തുകളില്‍, മുന്നില്‍ വരുന്നവന്‍ എന്നെ തല്ലാനാണോ പുറപ്പാട് എന്ന ആശങ്കയില്ലാതെ ആളുകള്‍ നടന്നു പോകുന്നുണ്ട്. കുഴപ്പങ്ങള്‍ ഇല്ലെന്നല്ല. അന്യനെ പേടിച്ച് കൊണ്ട് ജീവിക്കേണ്ടി വരില്ല ഇവിടെ. അതു കൊണ്ട് തിരിച്ചു വരൂ… അമേരിക്കയിലെ ഏതോ പഞ്ചായത്തില്‍ എന്ത് നടക്കുന്നു എന്നതും ആലോചിച്ച് കൊണ്ടല്ലാതെ ഇവിടെ ജീവിക്കാംജീവിക്കാം.

തടിയന്റവിട നസീറും ഇറ്റാലോ കാല്‍വിനോയും

ദ് മാന്‍ ഹു ഷൌട്ടഡ് തെരേസ്സാ, ഇറ്റാലോ കാല്‍വിനോയുടെ കഥയാണ്.
1943ല്‍ എഴുതിയത്.ചെറുത്, ഒന്നരപ്പേജേ ഉള്ളൂ. പരീക്ഷണാത്മകവും, തത്വ
ചിന്താപരവുമായ നോവലുകളും, ലേഖനങ്ങളും എഴുതുന്നതിനിടെ ഈ ലോകപ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഇടംകൈകൊണ്ട് എഴുതിയത് എന്ന് തോന്നിക്കുന്നത്ര ചെറുത്.

ഇങ്ങനെയാണ് കഥ.

ഒരു അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തിന് മുന്നില്‍ നിന്ന് ഒരാള്‍ മുകളിലേക്ക് നോക്കി തെരേസ്സാ എന്നുറക്കെ വിളിക്കുന്നു. ഇതു കണ്ട് കൊണ്ട് വരുന്ന ഒരാള്‍ കുറച്ച്കൂടെ ഉറക്കെ വിളിച്ചാലേ അത്ര ഉയരത്തില്‍ കേള്‍ക്കൂ
എന്ന് പറഞ്ഞ് കൂടെക്കൂടുന്നു. രണ്ട് പേരും ഒന്നിച്ച് തെരേസ്സാ എന്ന് വിളിക്കുന്നു. അതു വഴി പോകുകയായിരുന്ന കുറച്ച് ചെറുപ്പക്കാര്‍കൂടെ ഒപ്പം ചേരുന്നു. അങ്ങനെ കുറച്ച് കഴിയുമ്പോഴേക്ക് അത് പത്തിരുപത്
പേരടങ്ങുന്ന ഒരു കൂട്ടത്തിന്റെ ഉറക്കെയുള്ള വിളിയാകുന്നു. ഇതിനിടയ്ക്ക്
ഈ തെരേസ്സാവിളിക്ക് ഒരു താളമൊക്കെ കൈവരുന്നുണ്ട്. റെഡി വണ്‍ ടൂ ത്രീ, തെരേസ്സാ… എന്നിങ്ങനെ വിളിക്കാര്‍ തന്നെ അതിന് ഒരു ക്രമം ഉണ്ടാക്കുന്നു.അങ്ങനെ കൂട്ടത്തെരേസ്സാ വിളിക്കാര്‍ സ്വയം രസിച്ച് മുന്നേറുന്നതിനിടെ പുതുതായിവന്ന ഒരു വിളിക്കാരന്‍ ആദ്യയാളോട്് ചോദിക്കുന്നു, അല്ലാ ഈ തെരേസ്സ അവിടെത്തന്നെ ഉണ്ടോ. അറിയില്ല എന്ന് അയാളുടെ മറുപടി.രസം തീര്‍ന്നു. എന്ത് ,പിന്നെ ഇതാരെയാ
വിളിക്കുന്നത് എന്ന് എല്ലാവരും അയാളോട് ചോദിക്കുന്നു. അല്ലാ കുഴപ്പമുണ്ടോ. ഞാന്‍ ചുമ്മാ വിളിച്ചതാ.തെരേസ്സ എന്ന പേരില്‍ കുഴപ്പമുണ്ടെങ്കില്‍ മാറ്റി വിളിക്കാം. വല്ല മറിയാ എന്നോ മറ്റോ
ആക്കാം,എന്ന് അയാള്‍.എല്ലാവര്‍ക്കും കാര്യം പിടികിട്ടി. പകഷെ അവിടെ തീര്‍ന്നില്ല.ഏതായാലും ഇത്രത്തോളമായില്ലേ.. ഒറ്റത്തവണ കൂടെ
വിളിച്ചിട്ട്പിരിയാം എന്ന തീരുമാനത്തിലെത്തി എല്ലാവരും. റെഡി, വണ്‍, ടൂ, ത്രീ തെരേസ്സാ..പിരിഞ്ഞ് അവനവന്റെ പാട്ടിന് പോകുന്നു,തൊട്ട് മുമ്പ് വരെ കൂട്ടത്തെരേസ്സാ വിളിക്കാരായിരുന്നവര്‍.
.

ഇക്കഥ ആദ്യം വായിക്കുന്ന കാലത്ത് ഞാന്‍ ഒരു സാഹിത്യ വിദ്യാര്‍ത്ഥിയായിരുന്നു.കാല്‍വിനോ ലാഘവത്തോടെ എഴുതിയതാകുമോ ഇക്കഥ എന്ന് തോന്നിച്ചിരുന്നെങ്കിലും,കനം കുറഞ്ഞത് എന്ന് അന്നും തോന്നിയിരുന്നില്ല. രണ്ടാം വായനക്കായി ഇത് കൂടെ ഉള്‍പ്പെടുന്ന കാല്‍വിനോ സമാഹാരം കയ്യിലെത്തുന്ന കാലത്തേക്ക് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്നു .തടിയന്റവിട നസീറിനെ കര്‍ണാടക പോലീസും , കേരളാ പോലീസും ഒന്നിച്ച് കണ്ണൂരില്‍ ചോദ്യം ചെയ്യുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു രണ്ടാം വായനക്കാലത്ത് ഞാന്‍. കേരളത്തിലെ എല്ലാ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും, പിറ്റേ ദിവസങ്ങളിലെ പത്രങ്ങളും കണ്ണൂര്‍റിപ്പോര്‍ട്ടര്‍ മാരില്‍ നിന്നാണ് ആ ദിവസങ്ങലില്‍ തലക്കെട്ടുകള്‍
ഉണ്ടാക്കിയിരുന്നത്. അത്തരം ദിവസങ്ങളിലൊന്നിലാണ് എനിക്ക് കാല്‍വിനോ കഥയുടെനിത്യ ജീവിത അര്‍ത്ഥം മനസ്സിലായത്. അന്ന് തന്നെ ഞാന്‍ ചില സുഹൃത്തുക്കളോട് പറഞ്ഞു. കാല്‍വിനോ 1943ല്‍ ഇക്കഥ എഴുതുന്നത് പത്തെഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പണി ചെയ്യാന്‍ പോകുന്ന നമ്മളെക്കുറിച്ച് തന്നെയാണ്. വമ്പന്‍ കെട്ടിടത്തിന് മുന്നില്‍ നിന്ന് അലക്ഷ്യമായി, എന്നാല്‍ താളക്രമം അങ്ങേയറ്റം പാലിച്ച്, കടുത്ത ആത്മാര്‍ത്ഥതയോടെ തെരേസ്സാ എന്ന് വിളിക്കുകയാണ് നമ്മള്‍. നസീറിനെ അങ്ങേയറ്റം രഹസ്യമായി ചോദ്യം ചെയ്യുന്നു പോലീസ്. നമ്മള്‍ സോഴ്സുകള്‍ എന്ന് വിളിക്കുന്ന പോലീസുകാര്‍ ചില വിവരങ്ങള്‍
നല്‍കുന്നു, വള്ളിപുള്ളി വിടാതെ വാര്‍ത്തയാകുന്നു, അതെല്ലാ
മാധ്യമങ്ങളിലും. എസ് കത്തി സംഭവത്തില്‍ പോലീസിനെ തരിമ്പും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വര്‍ക്ക്ആധികാരിക വാര്‍ത്താ കേന്ദ്രങ്ങളായിരുന്നു ആ ദിവസങ്ങളില്‍ പോലീസെന്ന് അന്ന് തന്നെ പറഞ്ഞവര്‍ വേറെയുമുണ്ട്.

അന്നത്തെ നസീര്‍ വാര്‍ത്തകളെല്ലാം തെറ്റായിരുന്നു എന്ന ് പറയുകയല്ല, ഞാന്‍.എന്ന് മാത്രമല്ല, അന്ന് നസീറില്‍ നിന്ന് വെളിപ്പെട്ട എല്ലാ വിവരങ്ങളും യഥാര്‍ത്ഥവാര്‍ത്തകളും ആയിരുന്നു, പക്ഷെ, സംശയമില്ല, അവ കൂട്ട ത്തേരേസാ വിളികള്‍ തന്നെ ആയിരുന്നു.അലക്ഷ്യം, എന്തിന് വേണ്ടിയെന്ന് , എന്ത് ഫലമാണുണ്ടാക്കുകയെന്ന് ആരായുക പോലും ചെയ്യാതെയുള്ള കൂട്ട വിളിച്ചു പറച്ചിലുകള്‍.

ഇത്തരം കൂട്ടത്തെരേസ്സാ വിളികള്‍ക്ക് വേറയും ഉദാഹരണങ്ങളുണ്ട്.
നല്ല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് അവയെന്നത് കാണാതെ ഇരിക്കാനും പാടില്ല. എങ്കിലും അലക്ഷ്യ വിളിച്ചു പറച്ചിലുകള്‍ കേരളം പോലൊരു സമൂഹം ഇനി സഹിക്കുമെന്ന് കരുതാതിരിക്കുന്നതാകും ഭംഗി.

മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ മാറ്റം കാണിച്ചു തുടങ്ങിയിട്ടുണ്ട്. അന്നന്നത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന, തെരുവിന് പകരമുള്ളിടം എന്ന, നിലവിലെ നില്‍പ് തുടര്‍ന്ന് കൊണ്ട് തന്നെ കൂടുതല്‍ ഗഹനമായ കാര്യങ്ങള്‍ക്ക് കൂടി പറ്റും ഇത് എന്ന് തെളിയിക്കാനുള്ള ബോധ പൂര്‍വ്വ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും കാണാനും കേള്‍ക്കാനുമുണ്ട്. എല്ലാവരും ചെയ്യുന്നത് തന്നെ ചെയ്യുക എന്നതില്‍ നിന്നുള്ള വഴി മാറി
നടപ്പിനുള്ള ചെറുതെങ്കിലും രസമുള്ള ശ്രമങ്ങള്‍.

പക്ഷെ , ഇപ്പോഴും കേള്‍ക്കാനുണ്ടല്ലോ, കൂട്ടപ്പറച്ചില്‍ ബഹളം, എന്ന സംശയത്തിന് സാംഗത്യമുണ്ട്. പെണ്‍വാണിഭക്കഥകള്‍ വന്‍ വാര്‍ത്തയാകുന്നുണ്ടല്ലോ, ദൃശ്യമാധ്യമപ്രവര്‍ത്തകാ…
അത് ആ കുറ്റകൃത്യം ഇല്ലാതാക്കാനുള്ള ശ്രമം എന്നതിനേക്കാള്‍അശ്ലീല കഥകള്‍ കേള്‍ക്കാനിഷ്ടമുള്ള സമൂഹത്തിന് ആസ്വദിക്കാന്‍ എന്ന മട്ടിലാണല്ലോ വിളമ്പപ്പെടുന്നത് എന്ന പറച്ചിലും കേള്‍ക്കുന്നുണ്ട്.
ക്ഷമിക്കണം സര്‍, ഇറ്റാലോ കാല്‍വിനോ പ്രവചന സ്വഭാവത്തോടെ മാത്രമല്ല ആ കഥയെഴുതിയത്. തനിക്ക് മുമ്പുള്ള കാലത്തെ കണ്ട് കൂടെയാകുമല്ലോ സ്വാഭാവികമായും. എന്നും ഉണ്ടായിരുന്നു കൂട്ടത്തെരേസ്സാ വിളികള്‍. അതിനിയും തുടരുകയും ചെയ്യും.ആകപ്പാടെയുള്ളത് ഇതാ ഞങ്ങളിതില്‍
നിന്ന് വഴി മാറി നടക്കാന്‍ ആഗ്രഹിക്കുന്നു , ശ്രമിക്കുന്നു എന്ന ആര്‍ജ്ജവം മാത്രമാണ്.യഥാര്‍ത്ഥത്തില്‍ വിളിച്ചു പറയേണ്ടത് എന്തെന്ന് ചിന്തിക്കാനെങ്കിലും ശ്രമിക്കുന്നവര്‍ക്ക് കേള്‍ക്കാവുന്ന ഒച്ചയില്ലാ
കയ്യടികള്‍ ഇങ്ങോട്ട് എത്തുന്നുമുണ്ട്.

————–
1943ല്‍ ഇരുപതാമത്തെ വയസ്സിലാണ് ഇറ്റാലോ കാല്‍വിനോ ഈ കഥ എഴുതുന്നത്. 4 വര്‍ഷം കൂടെ കഴിഞ്ഞാണ് ഇ്ന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടുന്നത്. 40- 45 വര്‍ഷമെങ്കിലും കഴിഞ്ഞ്് കേരളത്തില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ പരക്കല്‍ ഉണ്ടാകുന്നു.1985ല്‍, 62ാമത്തെ വയസ്സില്‍ ആ മഹാസാഹിത്യകാരന്‍ ലോകം വിട്ടൊഴിഞ്ഞു.അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം നിസ്സാരനായ ഈ വായനക്കാരനെ കഥയുടെ പ്രവചന
ശേഷി അമ്പരപ്പിക്കുന്നു. നമ്മള്‍ കാണുന്ന എല്ലാ ദൃശ്യങ്ങളെക്കാളും മേലെയാണ് കേള്‍ക്കുകയും, വായിക്കുകയും ചെയ്യുന്ന കഥകളുടെ സമൂഹപ്രതിഫലനത്തിനും പ്രവചനത്തിനുമുള്ള ശേഷിയെന്ന്
വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു കാല്‍വിനോയുടെ തെരേസ്സയെന്ന് വിളിച്ചയാള്‍.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers