zach-header.jpg
Category archives for: അഭിമുഖം

പുതു പത്രപ്രവര്‍ത്തകര്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍ 

ഇവര്‍ക്ക് വായനയില്ല, വിശാലമായ ലോക പരിജ്ഞാനമില്ല, ആധുനിക മൂല്യങ്ങളെപ്പറ്റി, എജുക്കേഷണല്‍ മൂല്യങ്ങളെപ്പറ്റി ഒന്നുമറിഞ്ഞൂടാ. നമുക്കിടയിലുള്ള ജെന്‍ഡര്‍ ഇഷ്യൂസിനെപ്പറ്റിയോ, വര്‍ഗീയത എന്താണ്, എന്തല്ല എന്നതിനെപ്പറ്റിയോ, എന്താണ് ജനാധിപത്യം എന്നതിനെപ്പറ്റിയോ ഒരു ബോധവുമില്ലാത്ത ഒരു തലമുറ.ഇവരുവന്ന് ഇവിടെ കലര്‍ന്നപ്പോള്‍, അവിടെ കിടന്ന പഴയ വിഷവും പിന്മുറക്കാരും കൂടി കലര്‍ന്നപ്പോള്‍ വലിയ മാരകമായ ഒരു മനഃശാസ്ത്രമാണ് ഉണ്ടാകുന്നത്. ഇത് രണ്ടുംകൂടി ചേര്‍ന്നുണ്ടായ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ നാം നില്‍ക്കുന്നത് ആ തകര്‍ച്ചക്കുള്ളിലാണ്. എനിക്ക് മനസ്സിലായിടത്തോളം ഈ കോഴ്സുകളില്‍ തോല്‍ക്കുന്നവരാരും ഇല്ല. സ്വാശ്രയകോളജുകളില്‍ സംഭവിക്കുന്നതൊക്കെപ്പോലെ പ്രസ്ക്ലബുകള്‍ അവരുടെ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ഭാഗമായുണ്ടാക്കി എടുക്കുന്ന ഫാക്ടറി ഔട്ട്പുട്ടുകളാണ് ഇന്നത്തെ പത്രപ്രവര്‍ത്തകര്‍. – കേരളത്തെക്കുറിച്ച്, മാധ്യമങ്ങളെക്കുറിച്ച്, മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച്, ജീര്‍ണതകളെക്കുറിച്ച് സക്കറിയ നാലാമിടത്തോട് സംസാരിക്കുന്നു. തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ് 

 

 

ആദ്യഭാഗം ഇവിടെ വായിക്കാം 

മല്‍സരങ്ങള്‍, മാറ്റങ്ങള്‍

ചാനലുകളുമായി മല്‍സരിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറായ പത്രങ്ങള്‍ പിന്നീട്, ഈ നിലയില്‍ തന്നെ തുടരുകയാണോ ഉണ്ടായത്? വിപണിയുമായുള്ള കോണ്‍ഫ്രണ്ടേഷനാണോ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

വിപണിയുമായുള്ള കോണ്‍ഫ്രണ്ടേഷന്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. ഇതിനു വേണ്ടി ഉപയോഗിച്ച വര്‍ഗീയതയും, ജനാധിപത്യ വിരുദ്ധതയും ആദ്യം മുതലേ ഉണ്ടായിരുന്നു. വിമോചന സമരം ആയിരുന്നു അതിനു മികച്ച ഉദാഹരണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകുടത്തെ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ കാമ്പെയിന്‍ കൊണ്ട് പുറത്താക്കിയല്ലോ, അന്നാണ് മലയാള പത്രങ്ങള്‍ അടക്കം രക്തം രുചിച്ചത്. നമുക്കിങ്ങനെയും ചെയ്യാന്‍ കഴിയും, അതിനു രുചിയുണ്ടെന്ന് മനസിലായത് വിമോചന സമരത്തിനു ശേഷമാണ്.

മാര്‍ക്കറ്റ് തളരുകയല്ല, വളരുകയാണ് ചെയ്യുന്നത്. അതാണ് ആധുനിക കോമ്പറ്റീഷന്റെ ഏറ്റവും വലിയ ഒരു സത്യം. മാര്‍ക്കറ്റ് വളര്‍ന്നു, വായിക്കുകയും ഇത് കാണുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു, ചാനലുകളുടെ എണ്ണം വര്‍ധിച്ചു, പത്രങ്ങളുടെ വായനക്കാരുടെ എണ്ണവും വര്‍ധിച്ചു, അപ്പോഴേക്കുമാണ് ഈ പ്രസ്ക്ലബുകളില്‍ പത്രപ്രവര്‍ത്തന പരിശീലന യൂനിറ്റുകള്‍ തുടങ്ങുന്നത്. ഏഷ്യാനെറ്റ് വരുമ്പോഴൊക്കെ ഇത് രണ്ട് മൂന്ന് പ്രധാന സിറ്റികളിലൊക്കെ നടക്കുന്നുണ്ട്. അതിന് മുമ്പ് മനോരമയിലൊക്കെ പത്രപ്രവര്‍ത്തകരെ ആണ്ടിലൊരുതവണ എങ്ങനെയൊക്കെയെങ്കിലും തപ്പിപ്പിടിച്ചെടുക്കുകയെന്നല്ലാതെ. ഇത്രയൊക്കെ പത്രപ്രവര്‍ത്തകരുടെ ആവശ്യകത ഇവിടെയുണ്ടായില്ല. ചാനലിലേക്കും പത്രങ്ങളിലേക്കും കടന്നുവന്ന ഒരു തലമുറ പ്രധാനമായും പ്രസ്ക്ലബുകളില്‍ പത്രപ്രവര്‍ത്തനം അഭ്യസിച്ചുവന്ന വിഭാഗമാണ്.

ഫാക്ടറി ഔട്ട്പുട്ടുകളാണ് പുതു പത്രപ്രവര്‍ത്തകര്‍

പത്രപ്രവര്‍ത്തനത്തിലെ പുതുതലമുറയുടെ നിലവാരമില്ലായ്മയും ഇതേ അളവില്‍ പ്രശ്നമായി മാറിയോ?
ഈ പുതിയ തലമുറയുടെ അവബോധമില്ലായ്മ മാരകമായിരുന്നു . അവര്‍ എന്താണ് ചെയ്യുന്നത് ? പത്രപ്രവര്‍ത്തനമെന്നത് ഈ മത്സരങ്ങളുടെയും മികവുകളുടെയും മാത്രം ഇഷ്യു അല്ല, അതിനകത്ത് സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായിട്ടുള്ള കാര്യങ്ങളുണ്ട് എന്നറിയാത്ത, ചരിത്രബോധം അല്‍പം പോലും ഇല്ലാത്ത, കൈകാര്യം ചെയ്യുന്ന മേഖലയെപ്പറ്റിപ്പോലും അതായത് കേരള കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ പി.സി. ജോര്‍ജോ കെ.എം. മാണിയോ ആണെന്നും ഒക്കെ കരുതുന്ന വിഭാഗം. അന്നന്നത്തെ വാര്‍ത്താ ബുള്ളറ്റിന്റെ അവിടെ വെച്ച് ചരിത്രത്തിന്റെ വര തീര്‍ന്നുപോകുന്ന ഒരു ജനറേഷന്‍ ഇവിടെ വന്നുകഴിഞ്ഞു.
 

 
എല്ലാവരെയും അവമതിച്ചുപറയുകയല്ല. ഇതില്‍ ഒരു 80 ശതമാനം പേരും മറ്റൊരു ക്വാളിഫിക്കേഷനും ഇല്ലാത്തതു കൊണ്ട് ഇതില്‍ വന്നുകയറുന്നവരാണ്. മറുവശത്ത് ഇതിന് എന്തോ ഒരു താരപരിവേഷം ഉണ്ട് എന്ന് കരുതി വരുന്നവരും ഉണ്ട്. ഇവര്‍ക്ക് വായനയില്ല, വിശാലമായ ലോക പരിജ്ഞാനമില്ല, ആധുനിക മൂല്യങ്ങളെപ്പറ്റി, എജുക്കേഷണല്‍ മൂല്യങ്ങളെപ്പറ്റി ഒന്നുമറിഞ്ഞൂടാ. നമുക്കിടയിലുള്ള ജെന്‍ഡര്‍ ഇഷ്യൂസിനെപ്പറ്റിയോ, വര്‍ഗീയത എന്താണ്, എന്തല്ല എന്നതിനെപ്പറ്റിയോ, എന്താണ് ജനാധിപത്യം എന്നതിനെപ്പറ്റിയോ ഒരു ബോധവുമില്ലാത്ത ഒരു തലമുറ
ഇവരുവന്ന് ഇവിടെ കലര്‍ന്നപ്പോള്‍, അവിടെ കിടന്ന പഴയ വിഷവും പിന്മുറക്കാരും കൂടി കലര്‍ന്നപ്പോള്‍ വലിയ മാരകമായ ഒരു മനഃശാസ്ത്രമാണ് ഉണ്ടാകുന്നത്. ഇത് രണ്ടുംകൂടി ചേര്‍ന്നുണ്ടായ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ നാം നില്‍ക്കുന്നത് ആ തകര്‍ച്ചക്കുള്ളിലാണ്. എനിക്ക് മനസ്സിലായിടത്തോളം ഈ കോഴ്സുകളില്‍ തോല്‍ക്കുന്നവരാരും ഇല്ല. സ്വാശ്രയകോളജുകളില്‍ സംഭവിക്കുന്നതൊക്കെപ്പോലെ പ്രസ്ക്ലബുകള്‍ അവരുടെ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ഭാഗമായുണ്ടാക്കി എടുക്കുന്ന ഫാക്ടറി ഔട്ട്പുട്ടുകളാണ് ഇന്നത്തെ പത്രപ്രവര്‍ത്തകര്‍.

ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയുമൊന്നും ഭാരമില്ലാത്ത ഒരു തലമുറ. അവര്‍ക്കു മുന്നിലുള്ള വ്യത്യസ്ത സാധ്യതകള്‍. ഈ നിലക്ക് പോസിറ്റീവായും ഇതിനെ വിശേഷിപ്പിക്കാറുണ്ടല്ലോ.

ഉണ്ട്, അങ്ങനെയുള്ളവരെയാണ് പലര്‍ക്കും താല്‍പ്പര്യം. സൌെകര്യം. അവരെ എങ്ങനെയും മാറ്റിമറിക്കാം. പത്രപ്രവര്‍ത്തനത്തിന്റെ മനഃശാസ്ത്രം മാറിപ്പോയി. അന്നന്നത്തെ എഡിഷനുകളില്‍ ഏറ്റവും കൂടുതല്‍ ഫീഡ്ബാക്ക് കിട്ടിയതിനെപ്പറ്റിയുള്ള ആഹ്ലാദം, ചാനലുകളില്‍ ടാം റേറ്റിങ്ങിനെ ചുറ്റിപ്പറ്റിയുള്ളതും. ഇതു മാത്രമായി ഇന്നത്തെ പത്രപ്രവര്‍ത്തനം.

പരിസ്ഥിതി, സ്ത്രീ വാര്‍ത്തകള്‍

ഇത്തരം വിമര്‍ശങ്ങള്‍ക്കിടയിലും പുതിയ കാലത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമുണ്ടല്ലോ. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരിക്കലും ചര്‍ച്ചയാകാതിരുന്ന ജെന്‍ഡര്‍, പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചത് ഈ പുതിയ കാലത്തല്ലേ. ചാനലുകളുടെയും മറ്റും വരവോടെ അത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നില്ലേ?

 

 
പരിസ്ഥിതിയും ലിംഗസമത്വവുമൊക്കെ വാര്‍ത്തയാക്കാമെന്ന ഒരു കാലം വന്നപ്പോഴാണ് അതൊക്കെ വാര്‍ത്തയാകുന്നത്. പത്രങ്ങളുടെ ചാനലുകളുടെ മനഃസാക്ഷിയില്‍ നിന്നുണ്ടായ വാര്‍ത്തകളല്ല അവ. അന്ന് ടൈംസ് ഓഫ് ഇന്ത്യപോലെയുള്ള പ്രത്യേക മാധ്യമപ്രവര്‍ത്തന നിലവാരം പുലര്‍ത്തിയിരുന്ന പല മാധ്യമങ്ങളെയും കണ്ടിട്ടാണ് ഇവിടെ വാര്‍ത്ത കൊടുക്കാന്‍ തയാറായത്. ജെന്‍ഡര്‍ ഇഷ്യൂയൊക്കെ വാര്‍ത്തയാകുന്നത്, സ്ത്രീവായനക്കാര്‍ക്കുവേണ്ടിയുള്ളത് എന്ത് എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്.
പരിസ്ഥിതി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും നിലപാടെടുക്കേണ്ടതില്ല എന്ന നിലക്കാണ് അവ വരുന്നത്. എങ്ങനെവേണമെങ്കിലും തിരിഞ്ഞോ മറിഞ്ഞോ കൊടുക്കാനുള്ള പാകത്തിന്. സൈലന്റ് വാലി പോലെയുള്ള ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഇവിടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയാറല്ലാത്ത കാലത്ത് ദല്‍ഹിയില്‍ നിന്ന് വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ചില വാര്‍ത്തകള്‍ വരുത്തിച്ചത്. അവിടെ നിന്നാണ് സൈലന്റ് വാലി വാര്‍ത്തകളുടെ വരവ് ആരംഭിക്കുന്നത്.

സൈലന്റ് വാലിയുടെ കാര്യത്തില്‍ ഇവിടത്തെ പത്രങ്ങള്‍ ആദ്യം മുതലേ നിഷേധാത്മക നിലപാടായിരുന്നുവെന്നാണോ?

ആണെന്നാണ് ഓര്‍മ. അപ്പോള്‍, അതിന് ശേഷം സൈലന്റ് വാലി വാര്‍ത്തകള്‍ക്ക് ഇടം നല്‍കുന്നുണ്ട് പക്ഷേ, നിലപാടെന്ത് എന്ന് നോക്കിയാല്‍ നമുക്ക് മനസ്സിലാകില്ല. ജെന്‍ഡര്‍ ഇഷ്യൂസിന്റെ കാര്യത്തില്‍ പോലും. ഇപ്പോള്‍, മോറല്‍ പൊലീസിങ്, ലൈംഗിക അതിക്രമം പോലുള്ള വാര്‍ത്തകള്‍. ബസില്‍ യുവാവിനെ തല്ലിക്കൊന്ന പോലുള്ള സംഭവങ്ങള്‍. ഇവയിലൊക്കെ മംഗളം, മനോരമ പോലുള്ള മാധ്യമങ്ങളുടെ
നിലപാട് നോക്കിയാല്‍ ഇത് അറിയാം.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരാണ് കേരളത്തിന്റെ നായകരെന്ന തരത്തിലുള്ള അവതരണവും അവരുടെ ബ്യൂട്ടിപാര്‍ലറുകളായി പ്രവര്‍ത്തിക്കാനുള്ള പത്രങ്ങളുടെ പ്രവണതയുമാണ് വാസ്തവത്തില്‍ ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍ ഹനിച്ചിട്ടുള്ളത്. പൌെരനാണ് മുഖ്യമെന്നും അവന്‍ തെരഞ്ഞെടുത്ത പ്രതിനിധി അവന്റെ മേലാളനല്ല എന്നും പറയാനുള്ള ആര്‍ജവം ഒരിക്കലും ഇവര്‍ കാണിക്കുന്നില്ല. കീഴ്ക്കാംതൂക്കായ മസ്തിഷ്ക പ്രക്ഷാളനം എന്ന് പറയുന്നത് ഇതാണ്. രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും മേലാളരാണ്, ജനങ്ങളെ ഭരിക്കുന്നവരാണ് എന്ന തലത്തില്‍ അവതരിപ്പിക്കപ്പെട്ടു. മാധ്യമങ്ങളുടെ സഹായം ഇല്ലാതെ ഇങ്ങനെ പ്രതിച്ഛായ ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍പോലും ധൈര്യപ്പെടില്ലായിരുന്നു. ആ ധൈര്യം നല്‍കിയത് മാധ്യമങ്ങളാണ്.
വ്യാപാരപരവും സ്വകാര്യവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മൂല്യങ്ങളെ അട്ടിമറിക്കുകയായിരുന്നു. നിഷ്കളങ്കമായ ജനാധിപത്യവിശ്വാസത്തെ അവര്‍ ചതിക്കുകയായിരുന്നു. മാറ്റാനാകാത്ത വിധത്തില്‍ മലയാളികള്‍ അതിന് അടിമപ്പെട്ടുപോയി.

മുല്ലപ്പെരിയാറും മാധ്യമങ്ങളും

വാര്‍ത്തകളുടെ തെരഞ്ഞെടുപ്പ്, അതിന്റെ രാഷ്ട്രീയം^ഇവയൊന്നും ഇവിടെ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. എങ്ങനെയാണ് നിശ്ചിത വാര്‍ത്തകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്, അവയുടെ പ്രാധാന്യം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഒരു ചര്‍ച്ചയും കേരളീയ സമൂഹത്തില്‍ ഉണ്ടാവാത്തത് എന്താണ്?

ഉണ്ടായിട്ടില്ല. പരസ്യമായ ഒരു ചര്‍ച്ച എന്നത് മാധ്യമങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. മാധ്യമങ്ങള്‍ അനുകൂലിച്ചാല്‍ മാത്രമേ അങ്ങനെ ഒരു ചര്‍ച്ചയുണ്ടാവൂ. അതല്ലാതെ സെമിനാറുകളോ വര്‍ക് ഷോപ്പുകളോ സംഘടിപ്പിച്ചാല്‍ കൂടി ചെറിയ ഒരു വിഭാഗത്തിലേക്കേ എത്തിപ്പെടുകയുള്ളൂ. വാര്‍ത്തയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചര്‍ച്ചയുണ്ടാകേണ്ടത് ആ മാധ്യമ സ്ഥാപനത്തിനകത്താണ്. അല്ലെങ്കില്‍ എല്ലാ മാധ്യമങ്ങളും കൂടി ചേര്‍ന്ന് വിചാരിക്കണം. മുല്ലപ്പെരിയാര്‍പോലുള്ള വിഷയങ്ങളില്‍ അവര്‍ സ്വീകരിച്ചതാണോ സമൂഹത്തോടുള്ള കടമയെന്നൊക്കെ ചിന്തിക്കണം. വ്യക്തമായ പഠനം നടത്താതെ ഇപ്പോള്‍ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ കാണിക്കുക മാത്രമാണല്ലോ ചെയ്തത്. ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമേ അത് ഉപകരിച്ചിട്ടുള്ളൂ. ഉത്കണ്ഠയുണ്ടാക്കി അത് മലയാളികളെ തീറ്റിച്ചുകൊണ്ടിരിക്കുകയാണ്.

അങ്ങനെയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് മാധ്യമ ഉടമകളും മാനേജ്മെന്റുകളും ചേര്‍ന്നാണ്. ഒരുവശത്ത്് രാഷ്ട്രീയവും സാമുദായികവുമായ താല്‍പര്യം, മറുവശത്ത്, വ്യവസായത്തിന്റെയും വിപണിയുടെയും താല്‍പര്യം. ഇതിനപ്പുറത്തേക്ക് മലയാളികള്‍ക്കുവേണ്ടിയുള്ള പ്രതിബദ്ധതയില്ല. വായനക്കാരുടെ ആവശ്യമെന്നൊക്കെ പറയുന്നത് സെല്‍ഫ് സര്‍വൈവിങിന്റെ ഭാഗമായുള്ള കപടതയാണ്. വായനക്കാര്‍ക്ക് പത്രങ്ങള്‍ നല്‍കുന്നതല്ലാതെ മറ്റൊരു സാധ്യതയുമില്ല. വിദേശങ്ങളിലൊക്കെ പത്രങ്ങളില്‍ ഒരു മുഴുവന്‍ പേജ് വായനക്കാരുടെ കത്തുകള്‍ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്്. അതിവിടെയില്ല.

ആദ്യ ഭാഗം:
സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വിശുദ്ധ പശുക്കളുടെ ഫോര്‍ത് എസ്റ്റേറ്റില്‍ വിമര്‍ശനം അനിവാര്യമായ പുഴുക്കുത്തുകള്‍ ഏറെയുണ്ടെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു ‘പത്ര വിശേഷം’. ഏഷ്യാനെറ്റിന്റെ തുടക്കകാലത്ത് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ എന്നിവരുടെ മുന്‍കൈയില്‍ വന്ന ‘പത്രവിശേഷം’ മലയാളത്തില്‍ പിന്നീടുണ്ടായ അനേകം മാധ്യമ വിമര്‍ശന പരിപാടികളുടെ വഴി കാട്ടിയായിരുന്നു. മാധ്യമങ്ങള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും പ്രതിലോമകരമായ മാധ്യമ ഇടപെടലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നുമുള്ള ധാരണകള്‍ കേരളീയ സമൂഹത്തില്‍ വ്യാപകമാക്കിയതില്‍ നിര്‍ണായക പങ്ക് ആ പരിപാടിക്കുണ്ടായിരുന്നു. കേരളത്തിലെ പത്രങ്ങള്‍ ഒന്നടങ്കം പങ്കാളികളായ ചാരക്കേസ് വിവാദത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിച്ചതില്‍ പത്രവിശേഷത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

കേരളത്തിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിന് ദിശാ ബോധം നല്‍കാന്‍ അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടന്ന ആ കാലഘട്ടത്തിനുശേഷം വിപണി മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കിത്തുടങ്ങിയ ഒരു വേളയില്‍ തിരിച്ചു വരാത്ത വിധം പത്രവിശേഷം എന്ന പരിപാടി ഇല്ലാതായി. സക്കറിയ വീണ്ടും സാഹിത്യ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ വ്യത്യസ്തമായ വഴികളില്‍ ബി.ആര്‍.പി ഭാസ്കറും കര്‍മനിരതനാണ്. ഏഷ്യാനെറ്റ് ആവട്ടെ, മാധ്യമ രാജാവ് റൂപര്‍ട് മര്‍ഡോക്കിന്റെ അനേകം മാധ്യമ സ്ഥാപനങ്ങളിലൊന്നു മാത്രമായി മാറിയിരിക്കുന്നു.

പത്രവിശേഷം നടന്നു വന്ന കാലത്തേതിനേക്കാള്‍ ഏറെ പത്രങ്ങള്‍ ഇന്ന് പുറത്തിറങ്ങുന്നുണ്ട് ഇപ്പോള്‍. നിരവധി ചാനലുകള്‍. വാര്‍ത്താ ചാനലുകളും വാര്‍ത്തകളിലേക്ക് തിരിച്ചു വെക്കപ്പെട്ട ചാനല്‍ പ്രേക്ഷകരും. കൂടുതല്‍ പരസ്യങ്ങള്‍. അഡ്വര്‍ട്ടോറിയലുകള്‍. വാര്‍ത്ത വിനോദ വ്യവസായത്തിലെ മുഖ്യ ഉരുപ്പടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റങ്ങളൊക്കെ നടക്കുമ്പോള്‍ സക്കറിയ ഇവിടെ തന്നെയുണ്ടായിരുന്നു. വര്‍ഗീയത അടക്കമുള്ള, സദാചാരം അടക്കമുള്ള വിഷയങ്ങളില്‍ അര്‍ഥവത്തായ നിരീക്ഷണങ്ങള്‍ നടത്തിയും എഴുത്തില്‍ കൂടുതല്‍ സജീവമായും.

ഓണ്‍ലൈന്‍ മലയാളത്തില്‍ സക്കറിയയുടെ ആദ്യ അഭിമുഖം മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.
തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്

അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും ജനതകളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നിന്ന സംഘര്‍ഷഭരിതമായ നാളുകള്‍ക്ക് തൊട്ടു പിന്നാലെയാണ് ഞങ്ങള്‍ സക്കറിയയെ കാണാന്‍ ചെന്നത്. പാണ്ടികളെ വെറുതെ വിടാന്‍ പാടില്ലെന്ന് മലയാള മാധ്യമങ്ങളില്‍ ചിലത് പച്ചക്ക് പറഞ്ഞു കൊണ്ടിരുന്ന ആ നാളുകളില്‍ മാധ്യമ കേരളത്തെക്കുറിച്ച് ചോദിക്കാന്‍ ചിലതുണ്ടായിരുന്നു. പുതിയ പ്രൊജക്റ്റിന്റെ ധ്യാനഭരിതമായ ഇരിപ്പിനും തിരക്കുകള്‍ക്കുമിടയില്‍ പറയാന്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. കേരളത്തെക്കുറിച്ച്, മാധ്യമങ്ങളെക്കുറിച്ച്, മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച്, ജീര്‍ണതകളെക്കുറിച്ച് സക്കറിയ നാലാമിടത്തോട് സംസാരിക്കുന്നു.

മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മലയാള മാധ്യമങ്ങളെ, മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശനാത്കമായി സമീപിക്കേണ്ടതിന്റെ ആവശ്യകത കേരളത്തെ ബോധ്യപ്പെടുത്തിയ പ്രധാനപ്പെട്ട ആദ്യ ശ്രമമായിരുന്നു ഏഷ്യാനെറ്റിലെ ‘പത്രവിശേഷം’. താങ്കളും ബി.ആര്‍.പി ഭാസ്കറുമായിരുന്നു ആ പരിപാടിയുടെ ജീവന്‍. കേരളീയ സമൂഹത്തില്‍ മാധ്യമ വിമര്‍ശത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആ പരിപാടി ഏറെ കാലം സജീവമായ ശേഷം മറ്റു പല കാരണങ്ങളെയും തുടര്‍ന്ന് നിലച്ചു. അത് കഴിഞ്ഞിപ്പോള്‍ വര്‍ഷങ്ങള്‍ ഒരു പാടായി. പുതിയ പത്രങ്ങളും ചാനലുകളും വന്നു. വാര്‍ത്താ ചാനലുകളുടെ കുത്തൊഴുക്കുണ്ടായി. വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വിനോദ പരിപാടിയായി മാറാന്‍ തുടങ്ങി. അങ്ങനെ പല മാറ്റങ്ങള്‍. താങ്കളുടെയും കണ്‍മുന്നിലാണ് ഇവയെല്ലാം നടക്കുന്നത്. ‘പത്ര വിശേഷം’ ഇല്ലാതിരുന്ന ഈ വര്‍ഷങ്ങളിലെ കേരളീയ മാധ്യമങ്ങളുടെ പരിണാമത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

ഏഷ്യാനെറ്റ് തുടങ്ങുമ്പോള്‍ മലയാളത്തില്‍ വേറെ ചാനലുകള്‍ ഇല്ല. പിച്ച വെച്ച് വരുന്നേയുള്ളൂ. മാധ്യമങ്ങളെ പറ്റിയുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ പറ്റിയ ഒരു പരിപാടി ഉണ്ടായാല്‍ നന്നാവും എന്ന ചിന്തയാണ് ‘പത്ര വിശേഷ’ത്തിന് പ്രേരണ. വിനോദ ചാനല്‍ ആയിരുന്നെങ്കിലും ചിന്തിക്കാനുള്ള ചില പ്രോഗ്രാമുകള്‍ വേണമെന്നുണ്ടായിരുന്നു. കുറച്ച് പേരെങ്കിലും കാഴ്ചക്കാരായി ഉണ്ടാകുമെന്നും അറിയാമായിരുന്നു. അങ്ങനെയാണ് പത്രവിശേഷം വരുന്നത്.

അതൊക്കെ ഇപ്പോള്‍ മാറി. ചാനലുകളുടെ സ്വഭാവം മാറി, ചാനലുകള്‍ വന്നപ്പോള്‍ പത്രങ്ങളുടെ സ്വഭാവവും മാറി. ന്യൂസ് ബുള്ളറ്റിനുകള്‍ ആരംഭിച്ചപ്പോള്‍ അത് പത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ തുടങ്ങി. പിറ്റേന്ന് രാവിലെ അവര്‍ക്ക് പുതിയ വാര്‍ത്ത ആയി കൊടുക്കാമായിരുന്നവ തലേന്ന് പാതിരാ വരെ ചാനലില്‍ വരാന്‍ തുടങ്ങിയത് അവര്‍ക്ക് ഭീഷണിയോ അലോസരപ്പെടുത്തലോ ആയി മാറി. പിറ്റേ ദിവസത്തെ തലക്കെട്ടുകളുടെ വലുപ്പ ചെറുപ്പത്തെയും, വാര്‍ത്തകളോടുള്ള സമീപനത്തെയും അത് ബാധിച്ചു. വായനക്കാരന്‍ തലേ ദിവസം കണ്ടതും കേട്ടതുമായ വാര്‍ത്തയെ പിന്നെയും എങ്ങനെ വായിപ്പിക്കാം എന്ന വെല്ലുവിളി അഭിമുഖീകരിച്ചു. ചാനലുകള്‍ വന്നിട്ട് പത്രങ്ങളില്‍ ഉണ്ടായ പ്രധാന മാറ്റം അതായിരുന്നു.

അത് പോലെ ചാനലുകളുടെ എന്റര്‍ടെയിന്‍മെന്റ് കണ്ടന്റ് വളരുകയും വികസിക്കുകയും പിന്നെ ആളുകളെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്തപ്പോള്‍ പരസ്യങ്ങളുടെ ഒരു ഒഴുക്ക് കൂടെ ചാനലുകളിലേക്ക് ഉണ്ടായി. ഏഷ്യാനെറ്റിന്റെ സ്ത്രീ എന്ന പരമ്പരയൊക്കെ വരികയാണ്, ആദ്യമായിട്ട് മലയാളത്തില്‍ ഒരു ദൈനംദിന പരമ്പര ഉണ്ടാവുകയാണ്. അത് കാണികളെ വളരെ അധികം ആകര്‍ഷിച്ചു. പരസ്യങ്ങളുടെ ഈ ഒഴുക്ക് പത്രമാധ്യമങ്ങള്‍ക്ക് വളരെയധികം ഭീഷണി ഉയര്‍ത്തുന്ന കാര്യമായി തോന്നി. അത് അവരെ ഭയപ്പെടുത്തി. എന്നാല്‍, അങ്ങനെയൊന്നും സംഭവിച്ചില്ല. പിന്നീട് ഒരു തരത്തില്‍ വിപണി വലുതാവുകയും അത്യാവശ്യത്തിനു പരസ്യങ്ങള്‍ ഒക്കെ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്തു. പത്രങ്ങള്‍ ഇതിനെ സമീപിച്ചത് ,വായനക്കാരനെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള വാര്‍ത്തകളുണ്ടാക്കിയാണ്. എന്നാല്‍, അങ്ങനെയുണ്ടായ മല്‍സരത്തില്‍നിന്നാണ് ഇന്നത്തെ അധ:പതനത്തിലേക്ക് പോയത് എന്നെനിക്ക് തോന്നുന്നില്ല.

അടിസ്ഥാനപരമായിട്ട്, ആ അധപതനത്തിന്റെ സ്വഭാവം, ആ ജീര്‍ണ്ണതയുടെ സ്വഭാവം, സദാചാരമില്ലായ്മയുടെ സ്വഭാവം , പത്രധര്‍മ്മമില്ലായ്മയുടെ സ്വഭാവം, മതേതരത്വമില്ലായ്മയുടെ സ്വഭാവം, വര്‍ഗ്ഗീയതയ്ക്ക് കൂട്ട് നില്‍ക്കുന്ന സ്വഭാവം, ജനാധിപത്യത്തിനു എതിരായി പെരുമാറുന്ന സ്വഭാവം , ഇതെല്ലാം അന്നത്തെ പത്രങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. മനോരമ, മാതൃഭൂമി ഇവ സ്ഥാപിച്ചതും ഒരു കള്‍ച്ചറല്‍ നവോത്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഈ പത്രങ്ങള്‍ സ്ഥാപിക്കപ്പെട്ട കാലത്തെ പോലെ ഉള്ള ഒരു ആദര്‍ശ ബോധം ഏഷ്യാനെറ്റ് സ്ഥാപിക്കുമ്പോഴും ഉണ്ടായിരുന്നു എന്നുള്ളതിനാലാണ് അന്ന് ഏഷ്യാനെറ്റില്‍ ഈ വക കാര്യങ്ങളൊന്നും കാര്യമായി പ്രത്യക്ഷപ്പെടാതിരുന്നത്. പ്രത്യയശാസ്ത്രപരമായ ഒരു നിലപാട് ഉണ്ടായിരുന്നു.

ഉള്ളില്‍നിന്നും പ്രത്യക്ഷപ്പെട്ട മേല്‍പറഞ്ഞ പ്രവണതകള്‍ പത്രങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. വ്യക്തിഹത്യ , അസംഘടിതരായ വ്യക്തികളെ അക്രമിക്കല്‍. ചാരവൃത്തി കേസ്, പത്രവിശേഷം തുടങ്ങുന്ന കാലത്തുണ്ടായ കുപ്രസിദ്ധമായ മാധ്യമ സ്വാതന്ത്യ വ്യഭിചാരം ആയിരുന്നു. അതിനെതിരെ പത്ര വിശേഷം, ചാനലടക്കമുള്ളവര്‍ നിലപാടുകള്‍ സ്വീകരിച്ചു. അന്നത് പത്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ കാര്യം ആയിരുന്നു. ആദ്യമായിട്ടാണ് പത്രങ്ങളുടെ ഇത്തരം കള്ളക്കഥകള്‍ക്ക് എതിരെ ആരെങ്കിലും ഒരു നിലപാട് സ്വീകരിക്കുന്നത്. അങ്ങനെയുള്ള കള്ളകഥകള്‍ നേരത്തേയും ഉണ്ടായിരുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാതെ.

ഏഷ്യാനെറ്റിന്റെ വരവ്, വഴിമാറല്‍

ഏഷ്യാനെറ്റ് തുടങ്ങുന്ന സമയത്ത് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നോ. നിലവിലെ ജേണലിസത്തിന്റെ ജീര്‍ണതകളില്‍നിന്ന് മാറി നില്‍ക്കാനുള്ള നയനിലപാടുകള്‍ രൂപം കൊണ്ടിരുന്നോ. വാര്‍ത്തയുടെ ഭാഷ അടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാവണമെന്ന ആവശ്യമുയര്‍ന്നിരുന്നോ?

തീര്‍ച്ചയായും. അതിശയോക്തി പരമായ വാര്‍ത്ത, പ്രകമ്പനം കൊള്ളിക്കാനുള്ള വാര്‍ത്ത തുടങ്ങിയവ ഒഴിവാക്കണം, കാര്യമാത്ര പ്രസക്തമായ ഭാഷ ഉപയോഗിച്ച് വേണം വാര്‍ത്ത അവതരിപ്പിക്കാന്‍, സ്ത്രീ വിരുദ്ധ പ്രയോഗങ്ങള്‍ ഒഴിവാക്കുക, ഇന്നത്തെ കേരളത്തില്‍ ആരാണ് അണ്ടര്‍ പ്രിവിലേജ്ഡ് ആയിട്ടുള്ളത്, അങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകള്‍, നയങ്ങള്‍ ഉണ്ടായിരുന്നു. സമഗ്രമായ നയരൂപവല്‍കരണത്തിന് വേണ്ടത്ര സമയമുണ്ടായില്ലെങ്കിലും അത്തരം കാര്യങ്ങളില്‍ വ്യക്തമായ ധാരണകളില്‍ എത്തിയിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഴുതാന്‍ തുടങ്ങി. ജ്യോതിഷത്തിന്റെ പോലുള്ള പരിപാടികളൊക്കെ വന്നു. ജ്യോതിഷത്തെ മതേതരം എന്നൊന്നും പറയാന്‍ പറ്റില്ല. അന്ധ വിശ്വാസത്തെ വളര്‍ത്തുന്നതായിരുന്നു ആ പരിപാടി.

വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ മാത്രമായിരുന്നോ ധാരണയിലെത്തിയിരുന്നത്. ചാനലിന്റെ മറ്റ് പ്രോഗാമുകളുടെ, അവയുടെ ഉള്ളടക്കത്തിന്റെ കാര്യങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിരുന്നോ?

അതെ. മൊത്തം കണ്ടന്റിന്റെ കാര്യത്തില്‍ ധാരണ ആയിരുന്നു. പിന്നീടാണ് സാമ്പത്തികമായ പ്രശ്നങ്ങളും, ഒക്കെ വരുന്നത്. സ്ത്രീ എന്ന പരമ്പര മാസങ്ങളോളം തള്ളിക്കളഞ്ഞ ശേഷമാണ് ഒരു സുപ്രഭാതത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്.

സ്ത്രീ സീരിയല്‍ വരുമ്പോള്‍

സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമായിരുന്നോ ഇത്തരം പ്രോഗ്രാമുകള്‍ അനിവാര്യമാക്കിയത്. വിപണിയുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണോ അത്തരം മാറ്റങ്ങള്‍ ഉടലെടുത്തത്?

അതെയെന്ന് പറയാം. ചാനലിനു മുന്നോട്ട് പോകാനുള്ള ഇന്‍കം വരുന്നുണ്ടായിരുന്നില്ല. അപ്പോള്‍, ഓരോ കാര്യങ്ങള്‍ ഇങ്ങനെ പരീക്ഷിച്ച് കോണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വന്നതാണ് സരിഗമ എന്ന സംഗീത പരിപാടി. ഇപ്പോള്‍ ഉള്ള സംഗീത പരിപാടികളുടെ ഒക്കെ അമ്മ എന്ന് പറയാവുന്ന ഒന്ന്. പരീക്ഷണം എന്ന് രീതിയില്‍ തുടങ്ങിയതാണ് സ്ത്രീ. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരുന്നു അന്ന് പരമ്പരകള്‍. സൂര്യ ടി.വി അപ്പോഴാണ് രംഗ പ്രവേശം ചെയ്യുന്നത്. ദൂരദര്‍ശനില്‍ അന്ന് ദിനം പ്രതി പരമ്പരകള്‍ ഇല്ല. പിന്നീട് സൂര്യ ദിവസേന പരമ്പരകള്‍ ആക്കിയതോട് കൂടി മറ്റുള്ളവരും ആ പാത പിന്തുടര്‍ന്നു. ഇതാണ് അതിലെ മാറ്റം സൃഷ്ടിച്ച കാര്യം.

വിപണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഉണ്ടാക്കുന്ന ഇത്തരം പ്രോഗ്രാമുകളോട് നിങ്ങളുടെ ടീം എങ്ങനെയാണ് പ്രതികരിച്ചത്. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടായിരുന്നോ ?

അത് എല്ലാവരും കൂടെ ഒന്നിച്ചിരുന്ന്, ആലോചിച്ച് തീരുമാനിച്ചതാണ്. ഇത് പരീക്ഷിച്ച് നോക്കാം. ഇത്ര പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് എന്നിങ്ങനെ. വികാരപരമായ പൈങ്കിളി കണ്ടന്റിന്റെ അപ്പുറത്ത് മറ്റു തരത്തിലുള്ള വര്‍ഗ്ഗീയതയോ അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് മാത്രമേ ഞങ്ങള്‍ പരിശോധിച്ചുള്ളൂ. അത് കഴിഞ്ഞ് ഏറെ വൈകാതെ ചാനല്‍ കൈമാറി. ഞങ്ങള്‍ പുറത്ത് വരികയും ചെയ്തു.

മല്‍സരങ്ങള്‍, മാറ്റങ്ങള്‍

വിപണിയുടെ സമ്മര്‍ദ്ദം പത്രങ്ങളിലും ഇതേ മാറ്റങ്ങളാണോ അന്നുണ്ടാക്കിയത്?

ചാനലുകള്‍ വന്നപ്പോഴുണ്ടായ വെല്ലുവിളിയെ പത്രങ്ങള്‍ നേരിടുന്നതിനകത്ത് , അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ദുഷ്പ്രവണതകള്‍ എല്ലാമുണ്ടായിരുന്നു. ചാനലുകളെ നേരിടുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കൂടുതല്‍ ശക്തമായി വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലേക്ക് അവര്‍ വന്നു. എന്നാല്‍, ചാനലുകളുടെ വരവ് മാധ്യമങ്ങളെ തകര്‍ക്കുന്ന രീതിയില്‍ ആയില്ല എന്നു മാത്രമല്ല, വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മലയാളികളുടെ ദാഹം വര്‍ദ്ധിക്കുകയാണ് ചെയ്തത്. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചു. വിപണിയെ അഭിമുഖീകരിക്കാന്‍ പ്രൊഫഷണല്‍ മാനേജ്മെന്റോട് കൂടി തന്ത്രങ്ങള്‍ ആവിഷ്കരിച്ച പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ വര്‍ധിക്കുകയാണ് ചെയ്തത്. അപ്പോള്‍, ചാനലുകളുമായി ആയിരുന്നില്ല ഇവിടുത്തെ പ്രമുഖ പത്രങ്ങളുടെ മല്‍സരം. തമ്മിലായിരുന്നു. അങ്ങനെ വന്നപ്പോള്‍ പരസ്പരം തോല്‍പ്പിക്കാനായി എന്തും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.

വാര്‍ത്തേതര പരിപാടികള്‍ പത്രങ്ങള്‍ക്ക് അത്ര പ്രശ്നമായിരുന്നില്ല. അത് അവരെ ബാധിക്കുന്ന തരത്തിലും ആയിരുന്നില്ല. വാര്‍ത്തേതര പരിപാടികള്‍ ചാനലില്‍ കാണിക്കുന്ന സമയത്തായിരുന്നില്ല ആളുകള്‍ പത്രം വായിക്കുന്നത്. ആദ്യകാലത്തൊക്കെ പത്രങ്ങള്‍ ചാനലുകളെ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. പ്രോഗ്രാമുകളുടെ വിവരങ്ങള്‍ കൊടുക്കാതിരിക്കുക എന്നിങ്ങനെ. അത് കൊണ്ടൊന്നും ചാനലുകള്‍ തകരില്ല എന്ന് ബോധ്യമായപ്പോള്‍ മാത്രമേ ചാനലുകളോട് സഹകരിക്കാന്‍ പത്രങ്ങള്‍ തയ്യാറായുള്ളൂ.

അവസാനിക്കുന്നില്ല. രണ്ടാം ഭാഗം അടുത്ത ബുധനാഴ്ച

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ അമൃത ആശുപത്രിയില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നഴ്സിങ് ജീവനക്കാര്‍ ആരംഭിച്ച സമരം മൂന്ന് ദിവസത്തിനുശേഷം വ്യാഴാഴ്ച രാത്രി വൈകി അവസാനിച്ചു. ജില്ലാ കലക്ടര്‍ പി.ഐ ഷെയ്ക് പരീത്, പി.രാജീവ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചക്കു പോലുമില്ലെന്ന മാനേജ്മെന്റിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമൃത അധികൃതര്‍ മുട്ടുമടക്കിയത്.
അമൃത ആശുപത്രിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ മുഖ്യധാരാ മാധ്യമങ്ങള്‍ മൂടി വെച്ച കൊടുംക്രൂരതയുടെ വിശദാംശങ്ങള്‍ നാലാമിടത്തോട് വെളിപ്പെടുത്തുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിപുവിനെ തൃശൂര്‍ ദയ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ജാസ്മിന്‍ ഷാ, ദിപുവിന്റെ ശസ്ത്രക്രിയക്കായി പരിക്കുകളോടെ ദയ ആശുപത്രിയില്‍ എത്തിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം കൈക്ക് വലിയ ബാന്‍ഡേജിട്ട്, കാലിലും മുഖത്തും മുറിവുകളോടെ , സമരം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പോവുന്നതിനിടെയാണ് ജാസ്മിന്‍ ഷായെ കണ്ടത്.

 

അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. രാത്രി ദൃശ്യം.

 

അമൃത ആശുപത്രിയില്‍ ഗുണ്ടാ ആക്രമണത്തിനും നഴ്സിങ് സമരത്തിനും ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം എങ്ങിനെയാണ്?

മിനിയാന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഴ്സിങ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, ജോ.സെക്രട്ടറി ഷിബു എന്നിവരെ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കി. ഒരു കാരണവും പറയാതെ പെട്ടെന്നായിരുന്നു പുറത്താക്കല്‍.

എന്തിനാണ് അവരെ പുറത്താക്കിയത്?

അസോസിയേഷന്റെ യൂനിറ്റ് ഈ മാസം രണ്ടാം തീയതിയാണ് അമൃതയില്‍ ആരംഭിച്ചത്. ഇത്ര നാളും സംഘടന ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യമാകെയും കേരളത്തിലും പല ആശുപത്രികളിലും നഴ്സുമാര്‍ നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍, യൂനിറ്റ് വന്നത് മാനേജ്മെന്റ് ആശങ്കയോടെയാണ് കണ്ടത്. മറ്റെല്ലാ ആശുപത്രികളിലുമുള്ളത് പോലെ ഇവിടെയും ദയനീയമാണ് തൊഴില്‍ സാഹചര്യങ്ങള്‍. എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കടുത്ത ശിക്ഷാനടപടികള്‍ എടുക്കുകയുമാണ് പതിവ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത സുഖസൌകര്യം അനുഭവിക്കുകയായിരുന്നു ഇത്രനാളും മാനേജ്മെന്റ്. അതിനിടെയാണ് യൂനിറ്റ് വരുന്നത്. ഇനി കാര്യങ്ങള്‍ മാറുമെന്ന് അവര്‍ക്ക് തോന്നിക്കാണണം. ഇതാണ് പുറത്താക്കലിന് പിന്നില്‍. ഇതറിഞ്ഞ് ഞങ്ങള്‍ ഇടപെട്ടു. അവിടെയുള്ള ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി കിട്ടിയതു കൊണ്ടാണ് പുറത്താക്കിയതെന്നായിരുന്നു മറുപടി. അന്വേഷിച്ചപ്പോള്‍ ആ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആ കുട്ടിയോട് അന്വേഷിച്ചപ്പോള്‍, ഇവരുമായി ചെറിയൊരു വാക് തര്‍ക്കം ഉണ്ടായി എന്നല്ലാതെ മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. എന്ന് പറഞ്ഞു. ആ കുട്ടി ഇക്കാര്യം ഞങ്ങള്‍ക്ക് എഴുതിത്തരുകയും ചെയ്തു. അതോടെ പരാതി പൊളിഞ്ഞു എന്ന് മാനേജ്മെന്റിന് മനസ്സിലായി.

 

ജാസ്മിന്‍ ഷാ

 

സംഘടനയെ ഇങ്ങനെ ഭയക്കാന്‍ മാത്രം അമൃതയിലെന്താണ് പ്രശ്നങ്ങള്‍. കാര്യങ്ങള്‍ അത്ര മോശമാണോ?
രാജ്യത്തെ അനേകം സ്വകാര്യ ആശുപത്രികള്‍ നഴ്സിങ് ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് അതിക്രൂരമായാണ്. രണ്ടായിരം മൂവായിരം രൂപയാണ് ശമ്പളം . പത്തും പതിനെട്ടും മണിക്കൂര്‍ ജോലി. താമസ, ഭക്ഷണ സൌകര്യമടക്കം എല്ലാത്തിനും പ്രശ്നങ്ങള്‍. കടുത്ത തൊഴില്‍ പീഡനങ്ങളിലാണ് നഴ്സിങ് ജീവനക്കാര്‍. നിയമ വിരുദ്ധമായ ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ബോണ്ട് വാങ്ങുന്നത്. മൂന്ന് വര്‍ഷം എന്തും സഹിച്ച് ജോലി ചെയ്യണമെന്ന ഉറപ്പാണിത്. ഈ കാലയളവില്‍ എന്ത് പീഡനം നടന്നാലും സഹിക്കണം. വിട്ടു പോവണമെങ്കില്‍ വന്‍ തുക ബോണ്ടായി നല്‍കണം. വന്‍തുക മുടക്കി കോഴ്സ് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് ഇത് എളുപ്പമല്ല. ഒഴിഞ്ഞു പോവുന്നവര്‍ക്ക് സര്‍ടിഫിക്കറ്റുകള്‍ അടക്കമുള്ളവ നിഷേധിക്കുകയും ചെയ്യും. മറ്റൊരിടത്തും ജോലി കിട്ടാത്ത അവസ്ഥയുമുണ്ടാക്കും. എന്തും സഹിച്ച് പിടിച്ചു നില്‍ക്കുകയോ മുംബൈയിലെ ബീന എന്ന സഹോദരി ചെയ്തതു പോലെ ആത്മാഹുതി നടത്തുകയോ ആണ് പ്രതിവിധി. ശക്തമായ തൊഴില്‍ സംഘടനകള്‍ ഇല്ലാതിരുന്നതും, എല്ലാം സഹിച്ച് പിടിച്ചു നില്‍ക്കാന്‍ തയ്യാറാവുന്നതുമാണ് ഈ പീഡനങ്ങള്‍ തുടരാന്‍ ഇടയാക്കിയത്. ഇതു തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍ ചൂഷണം ചെയ്യുന്നത്. സംഘടന വരുന്നത് ഇവര്‍ ഭയക്കുന്നതിന്റെ കാരണം ഇതു തന്നെയാണ്.

അമൃതയിലെ സംഭവങ്ങളിലേക്കു തന്നെ വരാം. പുറത്താക്കിയ ശേഷം എന്താണ് സംഭവിച്ചത്?
വിവരമറിഞ്ഞ ഉടന്‍ ഞങ്ങള്‍ അവിടെ ചെന്നു. വിവരം അന്വേഷിച്ചു. എച്ച്.ആര്‍ മാനേജര്‍ സ്ഥലത്തില്ല, പിറ്റേന്ന് വരും എന്ന് അസി. എച്ച്.ആര്‍ മാനേജര്‍ ഞങ്ങളോട് പറഞ്ഞു. എച്ച് ആര്‍ മാനേജര്‍ വന്നാല്‍ പുറത്താക്കല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ അതിനായി പിറ്റന്ന് ആശുപത്രിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ ആറ് പേര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയത്. ഞാന്‍ കൂടാതെ സംസ്ഥാന നേതാക്കളായ സുദീപ്, ഷിഹാബ്, നജീബ്, ബിബു പൌലോസ് എന്നിവരടക്കം ആറു പേരാണ് പോയത്.

 

അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം

 

അമൃതയിലെത്തിയപ്പോള്‍ എന്തായിരുന്നു പ്രതികരണം?
എച്ച്.ആര്‍ മാനേജര്‍ തന്നെ ഞങ്ങളെ വന്നു സ്വീകരിച്ചു. ചര്‍ച്ചകള്‍ക്ക് മാനേജ്മെന്റ് തയ്യാറാണെന്നും ചിരിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങളെ എച്ച്. ആര്‍ ഓഫീസ് നില്‍ക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വലിയൊരു ഇടനാഴിയായിരുന്നു അതിനു മുന്നില്‍. അങ്ങോട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ക്കു പിറകെ കാവി മുണ്ടുടുത്ത കുറേ പേര്‍ കയറിവരുന്നുണ്ടായിരുന്നു. ഇടനാഴിയുടെ മറ്റേ അറ്റത്ത് കുറേ പേര്‍ നിന്നിരുന്നു. പെട്ടെന്ന് പുറകിലുള്ള ആളുകള്‍ ഞങ്ങള്‍ക്കടുത്തേക്ക് പാഞ്ഞടുത്തു. മുന്നില്‍നിന്നും ആളുകള്‍ വന്നു.

ഏതാണ്ട് എത്ര പേരുണ്ടായിരുന്നു സംഘത്തില്‍?

മുപ്പത്തഞ്ച് ഓളം ആളുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പേരും കാവി മുണ്ടുടുത്തവര്‍. അവരുടെ കൈകളില്‍ ഇരുമ്പു കമ്പി, കമ്പിപ്പാര, ഇടിക്കട്ട, പട്ടിക കഷണം എന്നിവയൊക്കെ ഉണ്ടായിരുന്നു. പിറകില്‍നിന്നും മുന്നില്‍ നിന്നും ആളുകള്‍ വളഞ്ഞതോടെ ഞങ്ങള്‍ കുടുങ്ങി. ഇടനാഴിയാണ്. മുന്നിലും പിന്നിലും ആളുകള്‍. ഓടി രക്ഷപ്പെടാന്‍ കഴിയില്ല. എലിക്കെണി പോലെ. തൊട്ടു മുന്നില്‍ എച്ച്.ആര്‍ ഓഫീസാണ്. ഞങ്ങളെ അവിടെ എത്തിച്ച് എച്ച്.ആര്‍ മാനേജര്‍ അങ്ങോട്ട് പോയി. പിന്നെ, ഒരാളും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല.

എന്നിട്ട്?

അവര്‍ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു. ‘തല്ലടാ’ എന്നായിരുന്നില്ല ആക്രോശം. കൊല്ലടാ എന്നായിരുന്നു. അവര്‍ ഞങ്ങളെ ചവിട്ടി നിലത്തിട്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ബിബുവിന്റെ തലക്കു നേരെയായിരുന്നു ആക്രമണം. അവന്റെ കാല്‍മുട്ട് അവര്‍ തല്ലിയൊടിച്ചു. കാലിന്റെ ചിരട്ട മൂന്ന് കഷണമായി. എന്റെ കൈയും കാലും അടിച്ചൊടിച്ചു. മറ്റുള്ളവര്‍ക്കും പൊതര മര്‍ദനമേറ്റു. കൊല്ലുക എന്നത് തന്നെ ആയിരുന്നു എന്നു തോന്നുന്നു അവരുടെ ലക്ഷ്യം. ഞങ്ങളെ നിലത്തൂടെ വലിച്ചിഴച്ച് അപ്പുറത്തെ പണി തീരാത്ത കെട്ടിടത്തിന് അടുത്തെത്തിച്ചു. അവിടെ വെച്ചാണ് ബിബുവിനെ മാരകമായി അക്രമിച്ചത്. തളര്‍ന്നു വീണ ഞങ്ങളെ അവര്‍ വീണ്ടും വീണ്ടും നിലത്തിട്ട് ചവിട്ടി. ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടു ആക്രമണം. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ നിലത്തു കൂടെ വലിച്ചിഴച്ച് അവര്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചു. ഇതിനിടെ ഞങ്ങളിലൊരാളുടെ രണ്ട് പവന്റെ മാല അവര്‍ തട്ടിപ്പറിച്ചു. ബിബുവിന്റെ പുതിയ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. മോതിരവും വാച്ചും പഴ്സുമെല്ലാം അവര്‍ പിടിച്ചു പറിച്ചു.
അവിടെ നാട്ടുകാര്‍ ഒന്നുമുണ്ടായിരുന്നില്ലേ. നഴ്സുമാരും മറ്റും?

ചെറിയ ഇടനാഴി ആയിരുന്നു. എച്ച്.ആര്‍ ഡിപ്പാര്‍ട്മെന്റിന് മുന്നില്‍. അവിടെ ആളുകള്‍ കുറവായിരുന്നു. ഇത്രയും പേര്‍ വളഞ്ഞതിനാല്‍ ഉള്ളവര്‍ക്കുതന്നെ ഒന്നും കാണാനും കഴിയില്ല. നഴ്സുമാരോ മറ്റ് ജീവനക്കാരോ ഒന്നും ഇത് അറിയുന്നുണ്ടായിരുന്നില്ല. ഞങ്ങളെ വലിച്ചിഴച്ച് കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോഴാണ് അവര്‍ വിവരം അറിഞ്ഞത്.

കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍ മാനേജ്മെന്റിന്റെ ആളുകളോ ജീവനക്കാരോ വന്നോ?

ഇല്ല. അക്രമി സംഘം കാഷ്വാലിറ്റിയില്‍ തന്നെ നിന്നു. അവര്‍ ഞങ്ങളെ ഏറെ നേരം ഭീഷണിപ്പെടുത്തി. കുടുംബമടക്കം കൊല്ലുമെന്നും മറ്റും. ഒരു സെക്യൂരിറ്റിക്കാരനും അവര്‍ക്കെതിരെ വന്നില്ല. ഒരു മാനേജ്മെന്റുകാരും വന്നില്ല. ആരൊക്കെയാണ് ആശുപത്രിക്കാര്‍ ആരൊക്കെയാണ് ജീവനക്കാര്‍ എന്നു പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഞങ്ങളെ അവിടെ അഡ്മിറ്റ് ചെയ്തു. എന്നാല്‍, ആശുപത്രിക്കാര്‍ തന്നയാണ് ഞങ്ങളെ ബോധപൂര്‍വം ആക്രമിച്ചതെന്നും അവിടെ കിടക്കാന്‍ പറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. അക്രമികള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ആ ആശുപത്രിക്കാരെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും.

 

സമരത്തിനിടയിലെ ദൃശ്യം.

 

ജീവനക്കാരൊന്നും സഹായത്തിന് വന്നില്ലേ?

നഴ്സുമാരൊക്കെ വന്നു. എല്ലാവരും ഭീതയിലായിരുന്നു. ഞങ്ങളെ അവര്‍ പെട്ടെന്ന് തന്നെ പരിചരിച്ചു. ഞങ്ങള്‍ക്കു ചുറ്റും അവര്‍ നിന്നു. ജീവനക്കാര്‍ അറിഞ്ഞറിഞ്ഞു വന്നു കൊണ്ടിരുന്നു. ഡിസ് ചാര്‍ജ് വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ പോവാന്‍ പറ്റില്ലെന്നായിരുന്നു നിലപാട്. അക്രമി സംഘം ഈ സമയത്തെല്ലാം ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഞങ്ങള്‍ കിടന്ന സ്ഥലത്തെ രോഗികളെയെല്ലാം അവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. മറ്റുള്ളവരെ മറ്റിടങ്ങിടങ്ങളിലേക്ക് മാറ്റി ഞങ്ങളെ തനിച്ചാക്കാനായിരുന്നു പരിപാടി. ഇതിന്റെ പിന്നിലെ അപകടം മനസ്സിലായതോടെയാണ് ഞങ്ങള്‍ വിവരം പുറത്തറിയിച്ചത്. ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് പാഞ്ഞെത്തിയപ്പോഴാണ് അക്രമികള്‍ ആക്രോശം കുറച്ചത്. ഞങ്ങളെ പെട്ടെന്ന് തന്നെ മാറ്റണമെന്ന് ഡി.വൈ.എഫ.്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആദ്യ സമ്മതിച്ചില്ലെങ്കിലും ആശുപത്രിക്കാര്‍ പിന്നെ വഴങ്ങി. എന്നാല്‍ ഞങ്ങള്‍ക്ക് പോവാന്‍ അവര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ആംബുലന്‍സ് ഇല്ലെന്നായിരുന്നു നിലപാട്. എങ്ങനെയോ ഞങ്ങളെ അവര്‍ സഹകരണ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബിബുവിന് അടിയന്തിര ശസ്ത്രക്രിയ വേണമായിരുന്നു. കാലിന്റെ ചിരട്ട മൂന്നായി മുറിഞ്ഞു. അതിനാണ് തൃശൂരിലെ ദയ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ അവന്റെ ശസ്ത്രക്രിയ നടന്നു. ഞങ്ങളെ കൊണ്ടുവരുമ്പോള്‍ ആക്രോശവുമായി അക്രമികള്‍ തടയാന്‍ വന്നു. അവിടെയെത്തിയ പൊലീസുകാര്‍ വിരട്ടിയോടിച്ചതിനെ തുടര്‍ന്നാണ് അവര്‍ പോയത്.

മറ്റ് നഴ്സുമാരൊക്കെ ഇതറിഞ്ഞില്ലേ. പ്രതിഷേധമുണ്ടായില്ലേ?
വിവരം അറിഞ്ഞ ഉടന്‍ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ആശുപത്രിക്കു മുന്നില്‍ സമരം ആരംഭിച്ചു. മറ്റിടങ്ങളില്‍നിന്നും നഴ്സിങ് ജീവനക്കാര്‍ അങ്ങോട്ട് വന്നു. ഇപ്പോള്‍ കേരളത്തിലെ മറ്റ് ആശുപത്രികളില്‍നിന്നും നഴ്സുമാര്‍ അങ്ങോട്ട് വന്നു കൊണ്ടിരികകയാണ്.
ഇവിടെ, ഡ്രസ്സ് ചെയ്ത് കഴിഞ്ഞ് അധികനേരം ആശുപത്രിയില്‍ കിടക്കാന്‍ നില്‍ക്കാതെ ഞങ്ങളും വീണ്ടും സമരത്തിലേക്ക് ഇറങ്ങുകയാണ്. സുദീപും മറ്റും ഇപ്പോള്‍ തന്നെ സമരരംഗത്തുണ്ട്. ബിബുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാനും അങ്ങോട്ട് പോവുകയാണ്.

 

സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ പി.രാജീവ് എം.പി

 

മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായി ഇപെടുന്നില്ലല്ലോ?

എല്ലാ മാധ്യമങ്ങളും വിവരമറഞ്ഞ് അവിടെ എത്തിയിരുന്നു. ചാനലുകാരും വന്നു. എന്നാല്‍, കാര്യമായ റിപ്പോര്‍ട്ടുകളാന്നും ഉണ്ടായില്ല. മുംബൈയിലും ദല്‍ഹിയിലും സമരം നടന്നപ്പോള്‍ കാട്ടിയ താല്‍പ്പര്യം പോലും പല മാധ്യമങ്ങളും കാണിക്കുന്നില്ലെന്നു തോന്നുന്നു. എന്തോ ചെറിയ കാര്യം പോലെ വാര്‍ത്ത ഒതുക്കുകയാണ്. മാധ്യമത്തിലും ദേശാഭിമാനിയിലും മാത്രമാണ് കാര്യമായി വാര്‍ത്ത വന്നത്.
സംഭവമറിഞ്ഞ് വി.ആര്‍ കൃഷ്ണയ്യര്‍, പി.രാജീവ് എം.പി, എം.സി ജോസഫൈന്‍ എന്നിവരെല്ലാം ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. സമരം തുടങ്ങിയപ്പോള്‍ ഹൈബി ഈഡന്‍ എം.എല്‍.എയും വന്നുവെന്നറിഞ്ഞു. ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ടന്നും എന്താണ് അവസ്ഥയെന്നും കൃത്യമായി അറിയയില്ല.

 

അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം

 

സമരത്തോട് ആശുപത്രി മാനേജ്മെന്റിന്റെ നിലപാട് എന്താണ്?

ഒരു ചര്‍ച്ചക്കുമില്ല എന്നാണ് അവരുടെ നിലപാട്. സമരത്തിനു വന്ന, പുറത്തുള്ള നഴ്സിങ് ജീവനക്കാര്‍ എല്ലാവരും പോവണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അവിടെയുള്ള നഴ്സുമാരുമായി മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അവര്‍ വാശി പിടിക്കുന്നു. അമൃതാനന്ദമയിയുടെ പേരിലുള്ള സ്ഥാപനമാകയാല്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം മൌനം പാലിക്കുമെന്ന വിശ്വാസമാണെന്ന് തോന്നുന്നു മാനേജ്മെന്റിന്. എല്ലാവരും നിശãബ്ദത പാലിക്കുമ്പോള്‍ സമരം അടച്ചമര്‍ത്താമെന്നും അവര്‍ വ്യാമോഹിക്കുന്നു. എന്നാല്‍, ഞങ്ങള്‍ പിന്തിരിയാന്‍ തയ്യാറല്ല. മര്‍ദ്ദനങ്ങള്‍ക്ക് നിശãബ്ദമാക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് ഞങ്ങളുടെ പ്രശ്നങ്ങള്‍. പൊതുസമൂഹം അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും കേരളത്തിന്റെ സമൂഹ മനസ്സ് ഞങ്ങള്‍ക്കാപ്പം നില്‍ക്കണം എന്നുമാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഓണ്‍ലൈന്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ ഒരു പാട് ചെയ്യാന്‍ കഴിയും

MORE STORIES ON THIS ISSUE

നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ്

പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത്-സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു

പി.ടി. രവിശങ്കര്‍

കുട്ടിക്കാലത്തുനിന്ന് തുടങ്ങാം. കലാപരമായ അഭിനിവേശം എങ്ങനെയാണ് ഉണ്ടായത്?

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറിയത്.അന്നുതന്നെ ഇത്തരം കാര്യങ്ങളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു.പ്രത്യേകിച്ചും മൈം. മോണോ ആക്ടും മിമിക്രിയും ഇഷ്ടമാണെങ്കിലും അനുകരണത്തെ ഞാന്‍ അന്നും ഇന്നും വെറുക്കുന്നു. സ്വന്തമായി ഒരു സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കണം എന്ന ചെറുപ്പം മുതലുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായാണ് ഞാന്‍ ഇന്നത്തെ രൂപത്തിലും ഭാവത്തിലും എത്തിയത്.
ഒഴുക്കിനെതിരെ നീന്തുക എന്നത് എന്റെ ഒരു ശീലമായിപ്പോയി.പിന്നെ വായന. സൈക്കോളജി ഫിലോസഫി എന്നിവയായിരുന്നു ചെറുപ്പം മുതലുള്ള ഇഷ്ട വിഷയങ്ങള്‍.നിഗൂഢ ശാസ്ത്രങ്ങളിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. സാധാരണ വീടുകളിലെ കുട്ടികള്‍ ബാലരമയോ ബാലഭൂമിയോ വാങ്ങാന്‍ പറയുമ്പോള്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെട്ടിരുന്നത് എന്റെ സത്യന്വേഷണ പരീക്ഷണങ്ങളും മിസ്റ്റിക്ക് ഗ്രന്ഥങ്ങളുമായിരുന്നു.
അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് അതെല്ലാം വാങ്ങിത്തന്നത്.പിന്നെ വീട്ടില്‍ വേദ പഠനം നിര്‍ബന്ധമായിരുന്നു.അതെല്ലാം നിഗൂഢ ശാസ്ത്രത്തിലേക്കെന്നെ അടുപ്പിച്ചു. വായന എല്ലാം നോണ്‍ ഫിക്ഷനായിരുന്നു. എന്തുകൊണ്ടോ എനിക്ക് സാഹിത്യരചനകള്‍ ഇഷ്ടമല്ലായിരുന്നു.ഞാന്‍ വായിക്കാനാശിച്ച നിഗൂഢ ഗ്രന്ഥങ്ങള്‍ തേടി ഞാനൊരുപാടലഞ്ഞിട്ടുണ്ട്. എന്റെ പ്രായത്തില്‍ ഇത്രയേറെ വായിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക് സംശയമാണ്.

ആദ്യകാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയാമോ?

ഒരുപാടുണ്ട്.വിവേകാനന്ദ സര്‍വസ്വം,ഗാന്ധിജിയെകുറിച്ചുള്ള പുസ്കങ്ങള്‍. ..സൂഫിസം,അദ്വൈതം എന്നിവ പറയുന്ന ഗ്രന്ഥങ്ങള്‍ എന്റെ വീക്ക്നസ്സ് ആയിരുന്നു. ദൈവസങ്കല്‍പംഎനിക്ക് താല്‍പര്യമുള്ള വിഷയമാണ്. പുരാണം എനിക്ക് താല്‍പര്യമില്ലാത്ത വിഷയമാണ്.

ദൈവസങ്കല്‍പം?
പണ്ട് അച്ഛന്‍ പറഞ്ഞ ഒരു ഉപമയാണ് എനിക്ക് ഓര്‍മ്മവരുന്നത്. വിശക്കുമ്പോള്‍ നാം ഭക്ഷണം കഴിക്കുന്നു. ഉദാഹരണത്തിന് ചിക്കന്‍ ബിരിയാണിയാണ് കഴിക്കുന്നതെങ്കില്‍ ചിക്കന്‍ ബിരിയാണി വയറ്റിലെത്തി അത് നാമായി മാറുന്നു. ദ്വൈതമില്ലാത്ത അവസ്ഥ അദ്വൈതം. ശ്രീകൃഷ്ണന്‍ നാം തന്നെയാണെന്ന് തിരിച്ചറിയുന്നത് പോലെ.

നിങ്ങളാണോ ശ്രീകൃഷ്ണന്‍?
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.

അതെന്താ?
പിന്നെ വെള്ളമടിക്കാന്‍ പറ്റില്ലല്ലോ…നമ്മള്‍ ദൈവമായാല്‍ കള്ളുകുടിക്കുന്നത് മോശമല്ലേ….

സന്തോഷിന്റെ കുടുംബവേരുകള്‍ ഉത്തരേന്ത്യയില്‍ നിന്നാണെന്ന് കേട്ടിട്ടുണ്ടല്ലോ?
ശരിയാണ്.നാലഞ്ചുതലമുറക്ക് മുന്‍പ് കേരളത്തിലെത്തിയവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ വീട്ടിലെ പ്രധാന ഭാഷ ഹിന്ദിയാണ്.എന്റെ പെങ്ങളും ഞാനും എം.എ.ഹിന്ദിയാണ്.എന്റെ മക്കളും ഇതേ വഴി പിന്തുടരണമെന്ന തന്നെയാണ് എന്റെ ആഗ്രഹം.

സാഹിത്യത്തില്‍ താല്‍പര്യമുണ്ടോ?
ചെറുപ്പം മുതല്‍ ഞാന്‍ സാഹിത്യകൃതികള്‍ വായിക്കാറില്ല. ഞാന്‍ പറഞ്ഞല്ലോ, എനിക്ക് നിഗൂഢ ശാസ്ത്രത്തിലാണ് താല്‍പര്യം.പക്ഷെ പഠിക്കുന്ന കാലത്തൊക്കെ കഥ-കവിതാ രചനകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.അതിന്റെ ഒക്കെ ഒരട്ടി സര്‍ട്ടിഫിക്കറ്റ് വീട്ടിലുണ്ട്.ക ഥകളെഴുതുന്ന ഞാന്‍ സാഹിത്യ വായിക്കാത്തതില്‍ അമ്മക്ക് വലിയ വിഷമമുണ്ടായിരുന്നു. പക്ഷെ ഞാന്‍ വായിച്ചില്ല. എനിക്ക് ഇന്നേ വരെ അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടയിട്ടില്ല എന്നതാണ് സത്യം.

ഒരുപാട് ബിരുദങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്?
(ചിരിക്കുന്നു) പ്രാഥമിക വിദ്യഭ്യാസം ചേളന്നൂര്‍ എ.കെ.കെ.ആര്‍ സ്കൂള്‍. കോളജ് പഠനം മീഞ്ചന്ത ആര്‍ട്സ് കോളജില്‍ നിന്നും. പെട്ടന്നു തന്നെ ജോലിക്ക് കയറിയതിനാല്‍ തുടര്‍ന്ന് എല്ലാം പ്രൈവറ്റായാണ് പഠിച്ചത്.അക്കാലത്ത് ആദ്യം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ഹിന്ദി ട്രാന്‍സിലേഷന്‍ കോഴ്സാണ്.സിവില്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടിയതിനെ തുടര്‍ന്ന് ഒരു പ്രൈവറ്റ് കമ്പനിയില്‍ ഞാന്‍ ജോലിക്ക് കയറി.

ഇപ്പോള്‍ ആജോലിയുണ്ടോ?
ഇല്ല. എന്റെ മുഴുവന്‍ സമയവും സിനിമക്കായി മാറ്റിവച്ചിരിക്കുകയാണ്.

എങ്ങനെയാണ് സിനിമയിലെത്തിയത്? ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് കൃഷ്ണനും രാധയുടേയും ആശയമാണോ?

ചെറുപ്പം മുതലേ സിനിമ എനിക്ക് ക്രേസായിരുന്നു.എന്റെ ആഗ്രഹം അറിഞ്ഞ അച്ഛന്‍ പറഞ്ഞു, ഒന്നുകില്‍ നീ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാവണം. അല്ലെങ്കില്‍ ഒരു ഗള്‍ഫ് കാരന്‍. അതുമല്ലെങ്കില്‍ ഡോക്ടറോ എഞ്ചിനീയറോ. അച്ഛന്‍ അങ്ങനെ പറഞ്ഞത് ജീവിത സുരക്ഷ മുന നിര്‍ത്തിയായിരുന്നു.പക്ഷെ എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു. ഞാന്‍ തെരഞ്ഞെടുത്തത് ബുദ്ധിയാവശ്യമുള്ള വഴിയായിരുന്നു. മ റ്റുള്ളവര്‍ സഞ്ചരിക്കാത്ത വഴികള്‍.
സോളിങ്ങ്,മെറ്റലിങ്ങ് ടാറിങ്ങ് എന്നിവചേര്‍ന്നതാണ് റോഡ് പണി.ഇത് കാലങ്ങളായി ചെയ്തുവരുന്നത് കൊണ്ട് എല്ലാവരും പിന്തുടരുന്നു. എന്തുകൊണ്ട് സോളിങ്ങില്ലാതെ റോഡ് പണിയുന്നില്ല എന്ന് ആരും ചോദിക്കുന്നില്ല. പക്ഷെ ഞാന്‍ ചോദിക്കും.മറ്റുള്ളവരുടെ വഴി പിന്തുടരാന്‍ എനിക്ക് താല്‍പര്യമില്ല.സി നിമ ഒരുപാട് ബുദ്ധി ആവശ്യമുള്ള ഒരു രംഗമാണ്.പ്രത്യേകിച്ചും സംവിധായകന്.അതുകൊണ്ടാണ് ഞാന്‍ സിനിമ തെരഞ്ഞെടുത്തത്.

കൃഷ്ണനും രാധയും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണല്ലോ.അതിലെ ഗാനങ്ങള്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ യൂടൂബില്‍ ചരിത്രം സൃഷ്ടിച്ചല്ലോ? സത്യത്തില്‍ എന്താണ് സംഭവിച്ചത്?

രണ്ടുമാസം കൊണ്ട് 25 ലക്ഷം ക്ലിക്കാണ് ഇതിന് ലഭിച്ചത്.ഇതില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ ഗാനങ്ങളുടെ സ്വീകാര്യത.

ക്ലിക്കുകളിലൂടെ കിട്ടുന്ന പണം താങ്കളുടെ അക്കൌണ്ടിലേക്കാണോ വരുന്നത്?
അതെ. ഒരു വിദേശ കമ്പനിയാണത് ചെയ്യുന്നത്.

അപ്പോള്‍ ഈ കാലയളവില്‍ താങ്കള്‍ ഏകദേശം എത്ര സമ്പാദിച്ചുകാണും?

ദയവു ചെയ്ത് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം.അത് എനിക്കും അവര്‍ക്കും ദോഷം ചെയ്യും. ഇടനിലക്കാര്‍ക്ക് കിട്ടുന്ന തുകയുടെ പങ്കാണ് എനിക്കുള്ളത്. ചിലപ്പോള്‍ അവര്‍ക്ക് ഒരു ക്ലിക്കിന് ഒരു ഡോളര്‍ കിട്ടുന്നുണ്ടാകാം. ഇട നിലക്കാരെ ഒഴിവാക്കിയാല്‍ എനിക്കും അത്രതന്നെ കിട്ടുമായിരിക്കും. റെക്കോര്‍ഡ് ബുക്കിലേക്ക് കയറാന്‍ തയ്യാറെടുന്ന ഈ സന്ദര്‍ഭത്തില്‍ കൂടുതലൊന്നും പറയാനാവില്ല.

ഏത് റെക്കോര്‍ഡ് ബുക്കിലേക്കാണ് കൃഷ്ണനും രാധയും കയറിചെല്ലുന്നത്?
ലിംക ബുക്ക് ഓഫ് റക്കോര്‍ഡിലും ഗിന്നസ് ബുക്കിലും കൃഷ്ണനും രാധയും ഉടന്‍ പ്രത്യക്ഷപ്പെടും. ക്യാമറ ഒഴികെ മറ്റെല്ലാ കാര്യവും ഒറ്റക്ക് ചെയ്തതിനുള്ള റെക്കോര്‍ഡാണിത്. സംശയം തീര്‍ക്കാനായി ഞാന്‍ ഒരാളോട് ഇതേപറ്റി ചോദിച്ചിരുന്നു.അപ്പോള്‍ അദ്ദേഹം പറഞ്ഞു ലോകത്തു തന്നെ നിങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ പോലും സാധിക്കുകയുള്ളൂ.പിന്നെയല്ലേ ചെയ്യുന്നത്.

യാത്രകള്‍ ഇഷ്ടമാണോ?
പിന്നല്ലാതെ.അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്.അതും ട്രൈനിലെ ജനറല്‍ കംപാര്‍ട്ട് മെന്റുകളില്‍ മാത്രം.അവിടെയാണ് യഥാര്‍ത്ഥ ജീവിതമുള്ളത്. ഗാന്ധിജി പറഞ്ഞിട്ടുണ്ട് ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്.അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട് ആരുപറഞ്ഞതാണെങ്കിലും നേരിട്ടനുഭവിക്കാതെ വിശ്വസിക്കരുതെന്ന്. അങ്ങനെയാണ് ഇന്ത്യയെ അറിയാന്‍ ഞാന്‍ യാത്ര തുടങ്ങിയത് മിസോറാമിലും കാശ്മീരിലുമൊഴികെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഞാന്‍ ചെന്നിട്ടുണ്ട്.കല്‍ക്കട്ടയിലോ അലഹാബാദിലോ ഒക്കെ ചെന്നാല്‍ നഗരം ഒന്ന് കണ്ടതിന് ശേഷം ഞാന്‍ ഉള്‍ഗ്രാമങ്ങളിലേക്ക് യാത്രയാകും അങ്ങനെ ഞാന്‍ മനസ്സിലാക്കി ഗാന്ധിജി പറഞ്ഞത് ശരിയാണെന്ന്.അതുകൊണ്ടാണല്ലോ നഗരത്തിലെ വീട് വിറ്റ് ഞാന്‍ ഗ്രാമത്തിലേക്ക് മാറിയത്.

ഇന്റര്‍നെറ്റിലൂടെ പൃഥ്വിരാജിനെയും ശ്രീശാന്തിനേയും ചേര്‍ത്ത് നിരവധി പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടല്ലോ? എന്തുതോന്നുന്നു?

(ചിരിക്കുന്നു)
ഇന്റര്‍നെറ്റിലൂടെ സൂപ്പര്‍താരമായ ആദ്യത്തെ ആള്‍ ഞാനാണെന്ന് തോന്നുന്നു. സത്യത്തില്‍ ഇത്തരം കാര്യങ്ങളൊക്കെകാണുമ്പോള്‍ എനിക്ക് കൌതുകമാണ്.അദ്ദേഹത്തിന് ഇതില്‍ വിഷമമുണ്ടാവാന്‍ സാധ്യതയുണ്ട്. കാരണം പൃഥ്വി 10 കൊല്ലത്തോളം ഫീല്‍ഡില്‍ നിന്ന ആളല്ലേ. എന്റെ കാര്യമെടുക്കുകയാണെങ്കില്‍ ആദ്യസിനിമപോലും പുറത്തിറങ്ങിയിട്ടില്ല. എന്നെ വച്ച് മോര്‍ഫ് ചെയ്ത ഫോട്ടോകളും ധാരാളമായി കാണാറുണ്ട് മഗധീര ചിത്രത്തിലെ നായകന്റെ ചിത്രത്തില്‍ എന്റെ തല വച്ച ചിത്രം മനോഹരമാണ്.എനിക്കും അറിയാവുന്ന ഫോട്ടോ ഷോപ്പ് പണിയാണത്.പക്ഷെ അതിനൊന്നും എനിക്ക് താല്‍പര്യമില്ല. ശ്രീശാന്ത് മികച്ച കളിക്കാരനാണ്.അതുകൊണ്ടണല്ലോ ഇന്ത്യന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ കയറിപ്പറ്റിയത്. നമുക്കൊന്നും പറ്റിയില്ലല്ലോ….

സാധാരണ മനുഷ്യനില്‍ നിന്നും സൂപ്പര്‍താരമായി മാറിയപ്പോള്‍ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി?

പ്രധാന പ്രശ്നം സ്വതന്ത്രമായി നടക്കാനാവില്ല എന്നതു തന്നെയാണ്.പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത്. ഇനി പടം റിലീസ് കൂടിചെയ്താല്‍ പറയുകയും വേണ്ട (ചിരിക്കുന്നു).

സൂപ്പര്‍താരങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

മോഹല്‍ ലാലിനേയും മമ്മൂട്ടിയേയും വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷെ സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ് .1980 ന്ശേഷം ശരിക്കും മോഹന്‍ലാല്‍ മമ്മൂട്ടി യുഗം തന്നെയായിരുന്നു.ഇനി വരുന്ന ഒരാള്‍ക്ക് മൂന്നാമനായി കൂടാനേ സാധിക്കുകയുള്ളൂ.

ഇവരില്‍ ആരേയാണ് കൂടുതല്‍ ഇഷ്ടം?
എനിക്ക് ലാലേട്ടനെയാണിഷ്ടം.

എന്തുകൊണ്ട്?
അദ്ദേഹം കൂടുതല്‍ ഫ്ലക്സിബിള്‍ ആണ്.

സ്വപ്ന പദ്ധതികള്‍
ലാലേട്ടനെ വച്ച് മനസ്സില്‍ ഒരുകഥയുണ്ട്. വളരെ നല്ലതാണത്.എന്റെ വരുന്ന വര്‍ക്കുകള്‍ക്ക് ശേഷമേ അതിനെ പറ്റി ആലോചിക്കുന്നുള്ളൂ

പൃഥ്വിരാജിനെ ആര്‍ക്കാണ് പേടി?

ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം

കുഞ്ചാക്കോ ബോബന്‍, അറുമുഖന്‍: ഇവരില്‍ ആരാണ് കാമ്പസ് നായകന്‍

സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ്

വിമര്‍ശനമാവാം, ഗൂഢാലോചനയാവരുത്

നായക ഛായയുള്ള കോമാളികള്‍; അഥവാ കോമാളി ഛായയുള്ള നായകന്‍മാര്‍

സ്ലാവോയ് സിസേക്: പേക്കിനാവായി മാറുന്ന സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍

അഴിമതിയോ അത്യാര്‍ത്തിയോ അല്ല പ്രശ്നം; ഈ സമ്പ്രദായമാണ്. അത് അഴിമതി ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ശത്രുക്കളെ മാത്രമല്ല, ഈ പ്രക്രിയയെ എളുപ്പമാക്കിക്കൊണ്ടിരിക്കുന്ന കപടസുഹൃത്തുക്കളെക്കൂടിയാണ് നമ്മള്‍ സൂക്ഷിക്കേണ്ടത്- നമ്മുടെ കാലത്ത് ജീവിക്കുന്ന ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക് കഴിഞ്ഞ ദിവസങ്ങളിലാന്നില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരോടു നടത്തിയ പ്രഭാഷണം. വിവര്‍ത്തനം: പ്രഭാ സക്കറിയാസ്

നമ്മള്‍ തോറ്റുപോയവരാണെന്ന് അവര്‍ പറയുന്നു, എന്നാല്‍ യഥാര്ത്ഥ പരാജിതര്‍ വാള്‍സ്ട്രീറ്റില്‍ ഉള്ളവരാണ്. നമ്മുടെ പണം കോടിക്കണക്കിന് ചിലവിട്ടാണ് അവര്‍ ജാമ്യം നേടിയത്. നമ്മള്‍ സോഷ്യലിസ്റ്റുകളെന്ന് അറിയപ്പെടുന്നു, എന്നാല്‍ ധനികര്‍ക്ക് എന്നും സോഷ്യലിസമുണ്ട്. നമ്മള്‍ സ്വകാര്യഉടമസ്ഥതയെ ബഹുമാനിക്കുന്നില്ലെന്ന് അവര്‍ പറയുന്നു, എന്നാല്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്ന നമ്മളെല്ലാവരും ആഴ്ചകളോളം രാവും പകലും നശിപ്പിച്ചാലും തകരുന്നതിനെക്കാള്‍ കൂടുതല്‍ സ്വകാര്യ സ്വത്താണ് 2008ല്‍ വിപണി തകര്‍ന്നപ്പോള്‍ നശിച്ചത്. നമ്മള്‍ സ്വപ്നജീവികളാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ കാലങ്ങളോളം തുടരാം എന്ന് കരുതുന്ന അവരാണ് ശരിയായ സ്വപ്നജീവികള്‍; നമ്മളല്ല! പേക്കിനാവായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍.
നമ്മള്‍ ഒന്നും നശിപ്പിക്കുന്നില്ല. ഒരു സമ്പ്രദായം എങ്ങനെ സ്വയം തകരുന്നു എന്നതിന് സാക്ഷികളാകുന്നതെയുള്ളൂ.

കാര്‍ട്ടൂണുകളിലെ ആ ക്ലാസിക്‌ രംഗം നമുക്കെല്ലാമറിയാം. വായുവിലേക്ക് നടന്നുചെന്നാലും കാല്‍ക്കീഴില്‍ ഒന്നുമില്ല എന്നതിനെ അവഗണിച്ചുകൊണ്ട് നടത്തം തുടരുന്ന പൂച്ച. താഴോട്ടുനോക്കി ചവിട്ടാന്‍ നിലമില്ല എന്ന് ബോധ്യം വരുമ്പോള്‍ മാത്രമാണ് അതു താഴെ വീഴുക. അതാണ്‌ നാം ഇവിടെ ചെയ്യുന്നത്. വാള്‍ സ്ട്രീറ്റിലെ ആളുകളോട് നമ്മള്‍ പറയുകയാണ്‌, “ഹേയ്, താഴേയ്ക്ക് നോക്ക്!”
2011 ഏപ്രില്‍ പകുതിയില്‍ ടീവിയിലും സിനിമയിലും നോവലുകളിലും നിന്ന് അപരയാഥാര്‍ഥ്യമോ സമയസഞ്ചാരമോ പ്രമേയമാകുന്ന കഥകളെല്ലാം ചൈനീസ്‌ ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി. ഇത് ചൈനയെ സംബന്ധിച്ച് നല്ല ഒരു സൂചനയാണ്. എന്നാല്‍ ഈ ആളുകള്‍ ഇപ്പോഴും അപരയാഥാര്‍ഥ്യങ്ങള്‍ സ്വപ്നം കാണുന്നു, ഇത്തരം സ്വപ്‌നങ്ങള്‍ നാം നിരോധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇവിടെ സ്വപ്‌നങ്ങള്‍ക്കു നിരോധനം ഒന്നും പുറപ്പെടുവിക്കേണ്ട കാര്യമില്ല, കാരണം സ്വപ്നം കാണാനുള്ള നമ്മുടെ കഴിവിനെ പോലും ഭരണസമ്പ്രദായം അടിച്ചമര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. നമ്മള്‍ കാണുന്ന സിനിമകളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കുക. ലോകാവസാനം സങ്കല്‍പ്പിക്കല്‍ വളരെ എളുപ്പമാണ് എന്ന് തോന്നും. ജീവനെ മുഴുവന്‍ ഒരു ഉല്‍ക്ക വന്നു നശിപ്പിക്കുന്നതും മറ്റുമൊക്കെയാണ് കഥ. എന്നാല്‍ നിങ്ങള്‍ക്ക് മുതലാളിത്തത്തിന്റെ അന്ത്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

അപ്പോള്‍ പിന്നെ നമ്മള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? കമ്യൂണിസ്റ്റ്‌ കാലത്ത് നിന്നുള്ള ഒരു പഴയ തമാശ ഞാന്‍ പറയട്ടെ. കിഴക്കന്‍ ജര്‍മനിയില്‍നിന്ന് ജോലിക്കായി ഒരുത്തനെ സൈബീരിയയില്‍ അയച്ചു. തന്റെ കത്തുകളെല്ലാം സെന്‍സര്‍ ചെയ്യുമെന്ന് അവനു അറിയുമായിരുന്നു, അതുകൊണ്ട് അവന്‍ സുഹൃത്തുക്കളോട് പറഞ്ഞു: “നമുക്കൊരു കോഡ് ഉണ്ടാക്കാം. നിങ്ങള്‍ക്ക് കിട്ടുന്ന കത്ത് നീല മഷിയില്‍ ഉള്ളതാണെങ്കില്‍ അതു സത്യമാണ്. ചുവന്ന മഷിയിലാണെങ്കില്‍ അത് നുണയാണ്.” ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്ക്ക് ആദ്യത്തെ കത്ത് കിട്ടി. എല്ലാം നീല മഷിയിലാണ്. കത്തില്‍ പറയുന്നു, “ഇവിടെ എല്ലാം മനോഹരമാണ്. സ്റ്റോറുകള്‍ നിറയെ നല്ല ഭക്ഷണം. സിനിമാ തിയേറ്ററുകള്‍ നല്ല വിദേശസിനിമകള്‍ പ്രദര്ശിപ്പിക്കുന്നു. വീടുകള്‍ വലുതും സൌകര്യങ്ങള്‍ തികഞ്ഞതുമാണ്. ആകെ വാങ്ങാന്‍ കിട്ടാത്ത ഒരു വസ്തു ചുവന്ന മഷി മാത്രം.”

ഇങ്ങനെയാണ് നമ്മള്‍ ജീവിക്കുന്നത്. വേണ്ട സ്വാതന്ത്ര്യമെല്ലാം നമുക്കുണ്ട്. എന്നാല്‍ ആകെ ഇല്ലാത്തത് ചുവന്ന മഷിയാണ്: നമ്മുടെ സ്വാതന്ത്ര്യമില്ലായ്മയെ പറ്റി പറയാനുള്ള ഭാഷ. സ്വാതന്ത്ര്യത്തെപ്പറ്റി പറയാന്‍ നമ്മെ പരിശീലിപ്പിച്ചിരിക്കുന്ന രീതി (തീവ്രവാദത്തിനെതിരെയുള്ള യുദ്ധവും മറ്റും) സ്വാതന്ത്ര്യത്തെ തെറ്റായി ചിത്രീകരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാം ചുവന്ന മഷി തരികയാണ്. അതാണ്‌ ഇവിടെ നിങ്ങള്‍ ചെയ്യുന്നത്.

ഇതില്‍ ഒരു അപകടമുണ്ട്. നിങ്ങള്‍ അവനവനോട്തന്നെയുള്ള പ്രേമത്തിലാകരുത്. നമുക്ക് ഇവിടെ നല്ല കുറച്ചു സമയമുണ്ട്. എന്നാല്‍ ഓര്ക്കുകക, കാര്‍ണിവലുകള്‍ നടത്താന്‍ വലിയ ചിലവില്ല. പ്രധാനപ്പെട്ട കാര്യം നാളെ കഴിഞ്ഞ് നമ്മള്‍ നമ്മുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരികെപോകുമ്പോള്‍ എന്ത് സംഭവിക്കും എന്നുള്ളതാണ്. അപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ? ഈ ദിവസങ്ങളെ പറ്റി നിങ്ങള്‍ “ഓ, ഞങ്ങള്‍ക്ക് ചെറുപ്പമായിരുന്നു, അത് മനോഹരമായിരുന്നു” എന്ന മട്ടില്‍ ഓര്‍ക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഓര്‍ക്കുക, നമ്മുടെ പ്രഥമസന്ദേശം “ഇതരമാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ നമുക്ക് സ്വാതന്ത്യ്രമുണ്ട് ” എന്നതാണ്. ഈ നിയമം മുറിഞ്ഞാല്‍ നമുക്ക് സാധ്യമായ ഏറ്റവും മികച്ച ലോകത്തില്‍ നമ്മള്‍ ജീവിക്കില്ല. നമുക്ക് മുന്നില്‍ വളരെ ദീര്‍ഘമായ ഒരു വഴിയുണ്ട്. നമ്മെ എതിരിടുന്ന ബുദ്ധിമുട്ടേറിയ ചോദ്യങ്ങളുണ്ട്. നമുക്ക് വേണ്ടാത്തതെന്താണെന്ന് നമുക്കറിയാം. എന്നാല്‍ നമുക്ക് വേണ്ടതെന്താണ്? മുതലാളിത്തത്തിനു പകരം വയ്ക്കാന്‍ ഏതു സാമൂഹിക സമ്പ്രദായത്തിനു സാധിക്കും? എന്തുതരം പുതിയ നേതാക്കളെയാണ് നമുക്ക് വേണ്ടത്?

ഓര്‍ക്കുക. അഴിമതിയോ അത്യാര്‍ത്തിയോ അല്ല പ്രശ്നം; ഈ സമ്പ്രദായമാണ്. അത് അഴിമതി ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ശത്രുക്കളെ മാത്രമല്ല, ഈ പ്രക്രിയയെ എളുപ്പമാക്കിക്കൊണ്ടിരിക്കുന്ന കപടസുഹൃത്തുക്കളെക്കൂടിയാണ് നമ്മള്‍ സൂക്ഷിക്കേണ്ടത്. കഫീന്‍ ഇല്ലാത്ത കാപ്പിയും മദ്യം ഇല്ലാത്ത ബിയറും കൊഴുപ്പില്ലാത്ത ഐസ്ക്രീമും കിട്ടുന്നത് പോലെ അവര്‍ ഇതിനെ ഒരു നിര്‍ദോഷകരവും സദാചാരപരവുമായ പ്രതിഷേധമാക്കി മാറ്റും; ഒരു കഫീന്‍ കളയല്‍ പ്രക്രിയ. എന്നാല്‍ കോക്ക് ക്യാനുകള്‍ റീസൈക്കിള്‍ ചെയ്യുമ്പോഴും ചില്ലറ ഡോളറുകള്‍ സംഭാവന ചെയ്യുമ്പോഴും സ്റ്റാര്ബിക്സ് ക്യാപ്പുചീനോ വാങ്ങുമ്പോള്‍ ഏതോ മൂന്നാംലോകരാജ്യത്തിലെ പട്ടിണികിടക്കുന്ന കുട്ടികള്‍ക്ക് ‌ ഒരു ശതമാനം കിട്ടുന്നതും ഒക്കെ സന്തുഷ്ടി തരുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് മതിയായത് കൊണ്ടുതന്നെയാണ് നമ്മള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. ജോലിയും പീഡനവും ഔട്ട്‌സോഴ്സ് ചെയ്തുകഴിഞ്ഞ് കല്യാണഏജന്സി‍കള്‍ നമ്മുടെ പ്രേമജീവിതം കൂടി ഔട്ട്‌സോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍. അധികം വൈകാതെ നമ്മുടെ രാഷ്ട്രീയ ഇടപെടലുകള്‍ കൂടി ഔട്ട്‌ സോഴ്സ് ചെയ്യുന്ന ഒരവസ്ഥ എത്തും. അത് നമുക്ക് തിരിച്ചുപിടിക്കണം.

1990ല്‍ തകര്‍ന്ന ഒരു സമ്പ്രദായമാണ് കമ്യൂണിസമെങ്കില്‍ നമ്മള്‍ കമ്യൂണിസ്റ്റുകള്‍ അല്ല. ഓര്‍ക്കുക., അന്നത്തെ കമ്യൂണിസ്റ്റുകള്‍ ആണ് ഇന്നത്തെ ഏറ്റവും പ്രഗല്‍ഭരും നിഷ്ക്കരുണരുമായ മുതലാളിമാര്‍. ഇന്ന് ചൈനയില്‍ അമേരിക്കന്‍ മുതലാളിത്തത്തെക്കാള്‍ ശക്തമായ മുതലാളിത്തമുണ്ട്, എന്നാല്‍ അവിടെ ജനാധിപത്യത്തിന്റെ ആവശ്യമില്ല. മുതലാളിത്തത്തെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ജനാധിപത്യത്തിനു എതിരാണ് എന്ന മട്ടിലുള്ള വാദഗതികളാല്‍ സ്വയം ഉത്തരം മുട്ടാന്‍ അനുവദിക്കരുത്. ജനാധിപത്യവും മുതലാളിത്തവും തമ്മിലുള്ള വിവാഹ ഉടമ്പടി അവസാനിച്ചു. മാറ്റം സാധ്യമാണ്.
നടപ്പില്‍വരാവുന്നത് എന്ന് നമ്മള്‍ ഇന്ന് മനസിലാക്കുന്നത് എന്തൊക്കെയാണ്? മീഡിയയെ ശ്രദ്ധിച്ചാല്‍ മതി. ഒരു വശത്ത് ടെക്നോളജിയിലും ലൈംഗികതയിലും എല്ലാം സാധ്യമാണെന്ന് തോന്നും. ചന്ദ്രനിലേക്ക് സഞ്ചരിക്കാം, ബയോജനറ്റിക്സ് വഴി അമര്‍ത്ത്യരായി മാറാം, മൃഗരതിയാവാം, എന്നാല്‍ സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സ്ഥിതി നോക്ക്. അതില്‍ എല്ലാം തന്നെ അസാധ്യമായി കരുതപ്പെടുന്നു. ധനികരുടെമേല്‍ അല്‍പ്പം കൂടുതല്‍ നികുതി ചുമത്തണമെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ അവര്‍ പറയും അത് അസാധ്യമാണെന്ന്. നമുക്ക് അതിലെ മത്സരബുദ്ധി നഷ്ടപ്പെടും. ആരോഗ്യപരിരക്ഷക്ക് കൂടുതല്‍ പണം വേണമെന്ന് നിങ്ങള്‍ പറയും, അവര്‍ പറയും, “അത് അസാധ്യമാണ്. അത് സമഗ്രാധിപത്യത്തിന് വഴിയൊരുക്കും.” നിങ്ങള്‍ക്ക് അമര്‍ത്ത്യത വാഗ്ദാനം ചെയ്യുകയും ആരോഗ്യപരിരക്ഷക്ക് പണം തരാതിരിക്കുകയും ചെയ്യുന്ന ഈ ലോകത്തിന് എന്തോ കുഴപ്പമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ ശരിയായി നിര്‍ണയിക്കണമെന്ന് തോന്നുന്നു. നമുക്ക് ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ഒന്നും വേണ്ട. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മതി. സാധാരണക്കാരനെ മനസിലാക്കുന്നു എന്നത് മാത്രമാണ് നമ്മള്‍ കമ്യൂണിസ്റ്റ്‌ ആണെന്നതിന്റെ അര്ഥം. പ്രകൃതിയുടെ സാധാരണക്കാര്‍. ബൌദ്ധികമൂലധനത്താല്‍ സ്വകാര്യവല്ക്കരിക്കപ്പെട്ട സാധാരണക്കാര്‍. ബയോജനറ്റിക്സിന്റെ സാധാരണക്കാര്‍. ഇതിനുവേണ്ടി, ഇതിനുവേണ്ടി മാത്രമാണ് നമ്മള്‍ പൊരുതേണ്ടത്.
കമ്യൂണിസം തകര്‍ന്നുപോയെങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.

നമ്മള്‍ അമേരിക്കക്കാരല്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ യഥാര്‍ഥ അമേരിക്കക്കാര്‍ എന്നവകാശപ്പെടുന്ന കണ്‍സര്‍വേറ്റീവ് ഫണ്ടമെന്റലിസ്റ്റുകളെ ചിലത് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തീയത എന്നാല്‍ എന്താണ്? അത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് എന്നാല്‍ എന്താണ്? പരസ്പരസ്നേഹം കൊണ്ട് ബന്ധിതരായ, എല്ലാവര്‍ക്കും തുല്യഅവകാശങ്ങള്‍ ഉള്ള സമൂഹം ഉണ്ടാവണം എന്ന് വിശ്വസിക്കുന്ന ആളുകളുടെ കൂട്ടമാണ് അത്. അതിനായി അവരുടെ പക്കല്‍ സ്വന്തം സ്വാതന്ത്ര്യവും ഉത്തരവാദിതവും മാത്രമാണ് ഉള്ളത്. ഈ അര്‍ഥത്തില്‍ പരിശുദ്ധാത്മാവ് ഇപ്പോള്‍ ഇവിടെ ഉണ്ട്. വാള്‍സ്ട്രീറ്റില്‍ ആവട്ടെ അവിശ്വാസത്തിന്റെ പ്രതിമകളെ പൂജിക്കുന്ന അധര്‍മ്മികള്‍ മാത്രമാണുള്ളത്. നമുക്ക് ആകെ വേണ്ടത് ക്ഷമയാണ്. ഇവിടുന്ന് നമ്മള്‍ വീട്ടില്‍ പോയി പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ സന്ധിച്ച് ബിയര്‍ കുടിച്ച് ഗൃഹാതുരത്വത്തോടെ “ഇവിടെ നമ്മള്‍ എത്ര നല്ല സമയം ചെലവിട്ടു” എന്നോര്‍മ്മിക്കുന്നവരായി മാറുമോ എന്നത് മാത്രമാണ് എന്റെ പേടി. ഇങ്ങനെ വരില്ല എന്ന് സ്വയം വാക്ക്‌ കൊടുക്കുക. ആളുകള്‍ക്ക് മോഹങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് ഒരാവശ്യമായി തോന്നാറില്ലെന്ന് നമുക്കറിയാം. മോഹിക്കുന്നതിനെ ആവശ്യപ്പെടാന്‍ നമുക്ക്‌ പേടിക്കാതിരിക്കാം. വളരെ നന്ദി.

വിവ:പ്രഭ സക്കറിയാസ്

നോം ചോംസ്കി: വാള്‍സ്ട്രീറ്റില്‍ കൊള്ളസംഘങ്ങള്‍

മൈക്കിള്‍ മൂര്‍: മാറ്റം ഇനി അതിവേഗം

മൈക്കിള്‍ മൂര്‍: മാറ്റം ഇനി അതിവേഗം

കാര്യങ്ങള്‍ നടക്കാന്‍ സമയമെടുക്കും. എന്നാല്‍ ഇതിനത്ര സമയം വേണ്ടി വരില്ല. ആളുകള്‍ ഇതിനോട് പ്രതികരിക്കാന്‍ നൂറുവര്‍ഷമൊന്നും എടുക്കില്ല, കാരണം വാള്‍സ്ട്രീറ്റ്‌ അതിന്റെ കയ്യിലെ എല്ലാ അടവുകളും എടുത്തുകഴിഞ്ഞു-അമേരിക്കന്‍ സ്വപ്നങ്ങളുടെ തകര്‍ച്ചയെ ക്യാമറയിലൂടെ ചൂണ്ടിക്കാട്ടുന്ന പ്രശസ്ത ഡോക്യുമെന്ററി മേക്കര്‍ മൈക്കിള്‍ മൂര്‍ വാള്‍സ്ട്രീറ്റ് വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുന്നു

1863ല്‍ നാം ഈ രാജ്യത്ത് അടിമത്തം നിറുത്തലാക്കി. 1960 ആകേണ്ടി വന്നു വലിയ പ്രകടനങ്ങള്‍ കാണാനും വോട്ടവകാശവും പൌരാവകാശവും ഒക്കെ നടപ്പില്‍ വരാനും. 1920 വരെ സ്ത്രീകള്‍ക്ക് വോട്ടുചെയ്യാന്‍ അവകാശമില്ലായിരുന്നു, അരുപതുകളും എഴുപതുകളുമോക്കെ ആകേണ്ടി വന്നു ശരിയായ അര്‍ത്ഥത്തിലുള്ള സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ ഉടലെടുക്കാന്‍.

കാര്യങ്ങള്‍ നടക്കാന്‍ സമയമെടുക്കും. എന്നാല്‍ ഇതിനത്ര സമയം വേണ്ടി വരില്ല. ആളുകള്‍ ഇതിനോട് പ്രതികരിക്കാന്‍ നൂറുവര്‍ഷമൊന്നും എടുക്കില്ല, കാരണം വാള്‍സ്ട്രീറ്റ്‌ അതിന്റെ കയ്യിലെ എല്ലാ അടവുകളും എടുത്തുകഴിഞ്ഞു. ഒരുപാട് ആളുകളുടെ മേല്‍ അവര്‍ വളരെ ക്രൂരമായി പ്രവര്‍ത്തിച്ചുകഴിഞ്ഞു, പ്രത്യേകിച്ച് വാള്‍സ്ട്രീറ്റില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മധ്യവര്‍ഗക്കാരുടെ മേല്‍.

യുനൈറ്റഡ്‌ സ്റ്റേറ്റ്സില്‍ നാല്പത്തിയാറ് ദശലക്ഷം ആളുകളാണ് ഇന്ന് ദാരിദ്ര്യത്തില്‍ കഴിയുന്നത്. അതൊരു നിരുപാധികമായ കുറ്റകൃത്യമാണ്, അസാന്മാര്‍ഗികമാണത്. എന്നാല്‍ ഇവന്മാര്‍ ഈ വര്‍ഷവും ഏറ്റവും വലിയ ലാഭക്കണക്കുകളാണ് നിരത്തുന്നത്.

നോം ചോംസ്കി: വാള്‍സ്ട്രീറ്റില്‍ കൊള്ളസംഘങ്ങള്‍

ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ഒരു ചെറിയ വിഭാഗത്തില്‍ മാത്രം അളവില്ലാത്ത സമ്പത്തും രാഷ്ട്രീയ അധികാരവും കേന്ദ്രീകരിക്കുന്ന തരത്തില്‍ ഒരു വിഷമവൃത്തം അവര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ‘പ്രിക്കാരിയെറ്റ്’ എന്ന് വിളിക്കപ്പെടാറുള്ള, അസ്ഥിരമായ ഒരു അസ്തിത്വം തേടുന്ന ആളുകളായി ജനസംഖ്യയിലെ ബാക്കിയുള്ളവര്‍ വളരെവേഗം മാറിക്കൊണ്ടിരിക്കുന്നു-അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിശിത വിമര്‍ശകനായ പ്രമുഖ ചിന്തകന്‍ നോം ചോംസ്കി വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുന്നു

വാള്‍സ്ട്രീറ്റിലെ കൊള്ളസംഘങ്ങള്‍- പ്രധാനമായും വാണിജ്യസ്ഥാപനങ്ങള്‍- യുനൈറ്റഡ് സ്റ്റേറ്റ്സിലെയും (ലോകത്തിലെയും) ജനങ്ങള്‍ക്ക്‌ ഗുരുതരമായ ക്ഷതം വരുത്തിയിട്ടുണ്ടെന്ന് കണ്ണ് തുറന്നുവച്ചിരിക്കുന്ന ആര്‍ക്കും അറിയാം. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ ഇത് വര്‍ധിച്ചുവരികയാണെന്നും ഓര്‍മ്മിക്കണം. സമ്പദ്ഘടനയില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള അധികാരം സമൂലമായി വര്‍ധിച്ചിട്ടുണ്ട്, അതോടൊപ്പം രാഷ്ട്രീയ അധികാരവും.

ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ഒരു ചെറിയ വിഭാഗത്തില്‍ മാത്രം അളവില്ലാത്ത സമ്പത്തും രാഷ്ട്രീയ അധികാരവും കേന്ദ്രീകരിക്കുന്ന തരത്തില്‍ ഒരു വിഷമവൃത്തം അവര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ‘പ്രിക്കാരിയെറ്റ്’ എന്ന് വിളിക്കപ്പെടാറുള്ള, അസ്ഥിരമായ ഒരു അസ്തിത്വം തേടുന്ന ആളുകളായി ജനസംഖ്യയിലെ ബാക്കിയുള്ളവര്‍ വളരെവേഗം മാറിക്കൊണ്ടിരിക്കുന്നു.

പരിപൂര്‍ണ്ണമായ ശിക്ഷയിളവോടെയാണ് ഇവര്‍ ഇത്തരം മ്ലേച്ചപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് – തകരാന്‍ വയ്യാത്തത്ര വലിപ്പത്തില്‍ മാത്രമല്ല, ജയിലിലടയ്ക്കാന്‍ വയ്യാത്തത്ര കൂടി വലിപ്പത്തില്‍ ഇവര്‍ വളര്‍ന്നിരിക്കുന്നു.
ഈ വിപത്തിനെ പൊതുശ്രദ്ധയിലെത്തിക്കാനും ഇതിനെ മറികടക്കാനായി അര്‍പ്പണബോധത്തോടെയുള്ള ശ്രമങ്ങള്‍ തുടങ്ങിവയ്ക്കാനും സമൂഹത്തെ ആരോഗ്യകരമായ വഴിയിലെയ്ക്ക് തിരിച്ചുവിടാനും വാള്‍സ്ട്രീറ്റിലെ ധീരവും ബഹുമാന്യവുമായ പ്രതിഷേധങ്ങള്‍ ഉപകരിക്കട്ടെ

കൊല്ലാം, പക്ഷേ മരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല

ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ സര്‍ലീഫ് ജോണ്‍സണ്‍, ആഫ്രിക്കന്‍ സമാധാന പ്രവര്‍ത്തക ലെയ്മ ഗ്ബോവി എന്നിവര്‍ക്കൊപ്പം ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്കാരം നേടിയ യമന്‍ മാധ്യമ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാനുമായി അഭിമുഖം. ജനാധിപത്യ പരിഷ്കരണങ്ങള്‍ക്കും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനും വേണ്ടി നടത്തിയ ശ്രമങ്ങളാണ് തവക്കുല്‍ കര്‍മാനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
യമനിലെ സാലിഹ് ഭരണകൂടത്തെ താഴെയിറക്കാന്‍ ഇപ്പോഴും നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി കൂടിയായ തവക്കുല്‍ കര്‍മാനുമായി ജര്‍മന്‍ പത്രമായ ദെര്‍ സപീഗല്‍ ലേഖകന്‍ വോല്‍കാര്‍ഡ് വിന്‍ഫര്‍, യമന്‍ ടൈംസ് എഡിറ്റര്‍ നദിയ അല്‍ സകാഫ് എന്നിവര്‍ നടത്തിയ വ്യത്യസ്ത അഭിമുഖങ്ങളിലെ പ്രസക്ത ഭാഗങ്ങളാണ് ‘നാലാമിടം’ പ്രസിദ്ധീകരിക്കുന്നത്.

x അമേരിക്കയെയും ബ്രിട്ടനെയും നാണം കെടുത്താന്‍ സഹായിച്ചു എന്നതിലാണ് സത്യത്തില്‍ ഈ പുരസ്കാരത്തിന്റെ പ്രാധാന്യം
x ഇനി ഞങ്ങളെ വിമതരെന്നു വിളിച്ച് അരും കൊല ചെയ്യുക എളുപ്പമാവില്ല.
x അറബ് വസന്തം യാഥാര്‍ഥ്യമായി. ഇനിയൊരു തിരിച്ചു പോക്കില്ല.
x ഭാവിയോട് ചേരുന്ന ഒരു പൌരസമൂഹം. അതാണ് ഞങ്ങളുടെ ആഗ്രഹം
x സാലിഹ് ഇറങ്ങട്ടെ. അപ്പോള്‍ അല്‍ഖാഇദ അപ്രത്യക്ഷമാവും.
x നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം, പക്ഷേ മരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല

പ്രതീക്ഷിച്ചിരുന്നോ ഈ പുരസ്കാരം?

സത്യത്തില്‍, ഞാന്‍ അന്തം വിട്ടു പോയി. കൈറോയിലും ട്രിപ്പോളിയിലും റ്റ്യൂനിസിലും പൊരുതുന്ന എല്ലാ അറബ് പോരാളികള്‍ക്കുള്ള ആദരമായാണ് ഞാനിതിനെ കാണുന്നത്.

സര്‍ക്കാറിനെതിരെ വന്‍ റാലികളാണ് നിങ്ങള്‍ നടത്തുന്നത്. അതിനായി ആളുകളെ ഒന്നിച്ചു കൂട്ടുക എളുപ്പമേയല്ല.നിങ്ങളുടെ പ്രക്ഷോഭത്തിന് കൂടുതല്‍ ആളെ കൂട്ടാന്‍ നൊബേല്‍ സമ്മാനം സഹായിക്കുമോ?

പുരസ്കാരം, തീര്‍ച്ചയായും, കൂടുതല്‍ പിന്തുണ സൃഷ്ടിക്കും. എന്നാല്‍ അതിലും പ്രധാനം ഇതിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസവും പ്രതീക്ഷയുമാണ്. ഞങ്ങളുടെ ജന്‍മാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം മാസങ്ങള്‍ പിന്നിടുകയാണ് എന്നിട്ടും ലക്ഷ്യമെത്തുന്നില്ല. പകരം ലഭിക്കുന്നത് മര്‍ദനവും പീഡനവും മരണവുമാണ്. അത്ഭുതകരമെന്നു പറയട്ടെ, പ്രക്ഷോകര്‍ ആക്രമിക്കപ്പെടുന്തോറും കൂടുതല്‍ പേര്‍ രംഗത്തേക്ക് വരികയാണ്. നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം പക്ഷേ, ഞങ്ങള്‍ ഒരിക്കലും മരിക്കില്ല എന്ന് ഭരണകൂടത്തോട് നെഞ്ചു വിരിച്ചു പറയുന്നതു പോലെയാണത്. എന്നാല്‍, മാസങ്ങളുടെ പ്രക്ഷോഭം മൂലം വിദ്യാഭ്യാസം മുടങ്ങുന്നതും തൊഴില്‍ നഷ്ടപ്പെടുന്നതും രാഷ്ട്രീയ സമവായത്തിന്റെ വാര്‍ത്തകള്‍ വരുന്നതുമെല്ലാം ചെറുപ്പക്കാരെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരാക്കുന്നുമുണ്ട്. ഈ പുരസ്കാരം, അതിനാല്‍, കൃത്യസമയത്താണ്.

ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ തരുമോ? നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടത്തിന് ഇനി ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും.

ഇത് എനിക്കും ഞങ്ങളുടെ പോരാട്ടത്തിനുമുള്ള രാജ്യന്തര പരിഗണന വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഭരണകൂടം തെമ്മാടിത്തം തുടരുന്നിടത്തോളം ഈ പുരസ്കാരം ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് കരുതാനാവില്ല. പാശ്ചാത്യ സര്‍ക്കാറുകളെ, പ്രത്യേകിച്ചും അമേരിക്കയെയും ബ്രിട്ടനെയും നാണം കെടുത്താന്‍ സഹായിച്ചു എന്നതിലാണ് സത്യത്തില്‍ ഈ പുരസ്കാരത്തിന്റെ പ്രാധാന്യം. ഞങ്ങളുടെ സമരത്തെയും സിറിയയിലെ സമരത്തെയും വെവ്വേറെ കാണുകയും ഞങ്ങളോട് ഇരട്ടത്താപ്പ് തുടരുകയുമാണ് അവര്‍.സിറിയയിലേത് വിപ്ലവവും ഞങ്ങളുടേത് അനുരഞ്ജനങ്ങളാല്‍ പരിഹരിക്കാനാവുന്ന രാഷ്ട്രീയ പ്രതിസന്ധി മാത്രവുമാണെന്നാണ് അവര്‍ പറയുന്നത്. ഇത് ശരിയല്ല. ഞങ്ങള്‍ സമാധാന പ്രക്ഷോഭകരാണെന്നാണ് സമാധാന നോബല്‍ പുരസ്കാരം പറയുന്നത്. അതിനാല്‍, ഭരണകൂടത്തിനും അവരുടെ പിണിയാളുകള്‍ക്കും ഇനി ഞങ്ങളെ വിമതരെന്നു വിളിച്ച് അരും കൊല ചെയ്യുക എളുപ്പമാവില്ല.

‘വിമന്‍ ജേണലിസ്റ്റ്സ് വിതൌട്ട് ചെയിന്‍സ്’ എന്ന സംഘടനയിലൂടെ സന്‍ആയില്‍ ബഹുജന പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. അറബ് ലോകത്തു നടക്കുന്ന മുന്നേറ്റങ്ങള്‍ ലക്ഷ്യങ്ങളുടെ കാര്യത്തില്‍ വിഭിന്നമാണെന്ന് തോന്നുന്നില്ലേ?

ഞങ്ങളെല്ലാം പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്. ഞങ്ങളെ ഭരിക്കുന്ന എകാധിപതികളെയും അവരുടെ ഭരണകൂടങ്ങളെയും മറിച്ചിടുക, യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കുക. സമാധാനത്തിന്റെ ആവശ്യകതയാണ് ഞങ്ങളുടെ വിപ്ലവങ്ങളുടെ ഗതിവേഗം കൂട്ടുന്നത്.

അറബ് വസന്തം സത്യത്തില്‍ കയ്ക്കാന്‍ തുടങ്ങിയോ?

മേഖലയില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അങ്ങനെ പറയാനാവില്ല. സൌദിയിലേക്കു നോക്കൂ, അവിടെ സ്ത്രീകളെ രാഷ്ട്രീയ പ്രകിയയില്‍ പങ്കാളികളാക്കാന്‍ അനുവദിക്കുന്നു. ജോര്‍ദാനിലേക്കും ബഹറൈനിലേക്കും നോക്കൂ. വസന്തം യാഥാര്‍ഥ്യമായി. ഇനിയൊരു തിരിച്ചു പോക്കില്ല.

യമനില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. വരും നാളുകളില്‍ പ്രക്ഷോഭം ശക്തി കൂട്ടുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?

ലക്ഷ്യം നേടും വരെ ഞങ്ങള്‍ പോരാടും. ഭരണകൂടത്തെ താഴെയിറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പതുക്കെ, സ്വാഭാവികമായി ശക്തി വര്‍ധിപ്പിക്കുകയാണ് ഞങ്ങളുടെ പദ്ധതി. അത് തുടര്‍ന്നു കൊണ്ടേയിരിക്കും. സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഇനിയാര്‍ക്കും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. നേരത്ത തന്നെ ഇതിലും അപകടകരമായ അവസ്ഥയിലെത്തിയവരാണ് പ്രക്ഷോഭകര്‍. അന്നൊന്നും ഞങ്ങളെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഇപ്പോഴെങ്ങിനെ കഴിയും?

പ്രസിഡന്റ് അലി അബ്ദുല്ലാ സാലിഹ് ഇപ്പോഴും അധികാരത്തിലുണ്ട്?

അയാള്‍ക്ക് അധിക നാള്‍ തുടരാനാവില്ല. വിദേശ ഇടപെടലുകളാണ് ഞങ്ങളെ വിജയത്തില്‍ നിന്നും തടയുന്നത്

ഒന്നു കൂടി വ്യക്തമാക്കാമോ?

വ്യവസ്ഥാപിത ചര്‍ച്ചകള്‍ വഴി റാഡിക്കലായ പരിഹാരങ്ങളെ തടസ്സപ്പെടുത്താനാണ് വിദേശ സര്‍ക്കാറുകളുടെ ശ്രമം. ഇതാണ് ഞാനുദ്ദേശിക്കുന്നത്.

സാലിഹ് പോയാല്‍ യമന്‍ എന്താവും? ഇസ്ലാമിക രാഷ്ട്രമാവുമോ?

ലോകത്തിലേക്ക് തുറക്കുന്ന, ഭാവിയോട് ചേരുന്ന ഒരു പൌരസമൂഹം. അതാണ് ഞങ്ങളുടെ ആഗ്രഹം

അതില്‍ ഇസ്ലാമിന് എന്ത് പങ്ക് വഹിക്കാനാവും. നിങ്ങള്‍ ഒരു ഇസ്ലാമിസ്റ്റ് പാര്‍ട്ടി അംഗം കൂടെയാണല്ലോ

തുര്‍ക്കിയിലേതിന് സമാനമായ ഒരു വ്യവസ്ഥയാണ് ഞങ്ങള്‍ മുന്നില്‍ കാണുന്നത്

അല്‍ഖാഇദയുമായി ബന്ധപ്പെട്ട ഭീകരരുടെ സാന്നിധ്യം യമന്‍ ഏറെ സഹിക്കുന്നുണ്ട്. ഈ പ്രശ്നം നിങ്ങളെങ്ങനെ പരിഹരിക്കും?

സാലിഹ് ഇറങ്ങട്ടെ. അപ്പോള്‍ അവരെല്ലാം അപ്രത്യക്ഷമാവും.

മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ക്ക് എന്തൊക്കെ അവകാശങ്ങളാണുണ്ടാവേണ്ടത്

മതം അനുവദിക്കുന്ന അതേ അവകാശങ്ങള്‍-സമത്വവും നീതിയും. അറബ് സ്ത്രീകള്‍ കഴിവുള്ളവരാണ്. അംഗീകരിക്കപ്പെടാനും ശാക്തീകരിക്കപ്പെടാനും അവര്‍ക്ക് അവകാശമുണ്ട്. സമാധാന നോബല്‍ നേടുന്ന ആദ്യത്തെ അറബ് മുസ്ലിം സ്ത്രീയാണ് ഞാന്‍. ഇത് കേവലം എനിക്കുള്ള നേട്ടമല്ല. മറിച്ച് മുഴുവന്‍ അറബ്, മുസ്ലിം സ്ത്രീകള്‍ക്കുമുള്ള അംഗീകാരമാണ്.

എന്‍.എ നസീര്‍ പറയുന്നു: എനിക്കു പേടി മൃഗങ്ങളെയല്ല, മനുഷ്യരെയാണ്

മൂന്ന് പതിറ്റാണ്ടിലേറെയായി കാടാണ് എന്‍.എ നസീറിന്റെ ദേശം. ഇടക്ക് നാട്ടില്‍ ഇറങ്ങുന്നുവെങ്കിലും അയാളുടെ മനസ്സ് സദാ വനാന്തരത്തിലാണ്. ഏറെ കാലം കാടിനെ പ്രണയിച്ചു നടന്ന ശേഷമാണ് അയാള്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ വന്യ ജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകം പുറത്തുവന്ന് ആഴ്ചകള്‍ക്കകം നസീര്‍ കാടിറങ്ങി പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെത്തി. നസീര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശത്തിനു ശേഷമായിരുന്നു സംവാദം. നസീറുമൊത്തുള്ള മണിക്കൂറുകള്‍ നീണ്ട സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ നാലാമിടം പകര്‍ത്തുന്നു.

കാടിനോട് വേണ്ടത് ഭയമല്ല, സ്നേഹം
കാട്ടില്‍ നടക്കുമ്പോള്‍ പേടി തോന്നാറുണ്ടോ? ഞാനിതേറെ കേട്ട ചോദ്യമാണ്. കാട് അപകടം പതിയിരിക്കുന്ന ഒരിടമാണ് എന്ന ധാരണയില്‍നിന്നുണ്ടാവുന്നത്. വന്യമൃഗങ്ങള്‍ അപകടപ്പെടുത്തും എന്ന വിശ്വാസത്തില്‍നിന്നാണ് അതുണ്ടാവുന്നത്. എന്നെ സംഭവിച്ചിടത്തോളം അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. ഒരു മൃഗവും എന്നെ ഒന്നും ചെയ്തിട്ടില്ല. മനുഷ്യനല്ലാതെ. ഒരു മൃഗത്തെയും എനിക്ക് ഭയവുമില്ല. മനുഷ്യനല്ലാതെ. ഒരു മൃഗവും എന്നെ ഉപദ്രവിച്ചിട്ടില്ല. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. നാളെ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ ഉണ്ടായാല്‍ അതു അവരുടെ കുഴപ്പമാവില്ല. എന്റെ മാത്രം കുഴപ്പമായിരിക്കും.
ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് കാടിനെ സ്നേഹിക്കാനുള്ള മനസ്സാണ് ആദ്യം ഉണ്ടാവേണ്ടത്. സ്നേഹിക്കുന്നതിനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. ജൈവവൈവിധ്യത്തിന്റെ വലിയൊരു ലോകത്തിലേക്കാണ് കാലെടുത്തു വെക്കുന്നത് എന്ന ബോധ്യം വേണം. സ്നേഹം വേണം.ബഹുമാനം വേണം. അപ്പോള്‍ കാട് നിങ്ങളെയും സ്നേഹിക്കും. കാടിനു കൊടുക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അത് നാം കാണിക്കണം. അപ്പോള്‍ കാട് നിങ്ങളെ ഇഷ്ടപ്പെടാതിരിക്കില്ല.
കാട് ജൈവവൈവിധ്യത്തിന്റെ വീടാണ്. നമ്മളൊരു വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്റേതായ മര്യാദ കാണിക്കാറില്ലേ. അതു പോലൊരു മര്യാദ കാട്ടിലുമാവാം. കാട്ടിലൊരിക്കലും മദ്യപിച്ചു പോവരുത്. പുക വലിക്കരുത്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമെങ്കില്‍ നിങ്ങള്‍ ആരാധനാലയങ്ങളില്‍ പോയി ചെയ്തോളൂ.
കാടാണ് പ്രകൃതി. യഥാര്‍ഥ ആരാധനാലയം. എങ്ങനെ സൃഷ്ടിക്കപ്പെട്ടോ അതു പോല നിലനില്‍ക്കുന്ന ഇടം. നിങ്ങള്‍ ആരാധനാലയങ്ങളളോട് കാണിക്കുന്ന മര്യാദ സത്യത്തില്‍ കാടിനോടാണ് കാണിക്കേണ്ടത്.

സ്റ്റീവ് ഇര്‍വിന്‍ അങ്ങനെ മരിക്കേണ്ടയാളാണ്
നാഷനല്‍ ജ്യോഗ്രഫിയില്‍ പരിപാടി അവതരിപ്പിച്ചിരുന്ന സ്റ്റീവ് ഇര്‍വിന്‍ മരിച്ചത് ഈ മര്യാദ ഇല്ലാത്തതു കൊണ്ടാണ് എന്നാണെന്റെ പക്ഷം. അത്ര ക്രൂരമായാണ് അയാള്‍ ജീവികളെ കൈകാര്യം ചെയ്തിരുന്നത്. പാമ്പിനെ പിടിച്ചു വലിച്ച്, മുതലയെ കെട്ടിവലിച്ച്, മറ്റ് മൃഗങ്ങളെ വെറും ഒരുരുപ്പടിയായി മാത്രം കണ്ട അയാള്‍ അങ്ങനെ മരിക്കേണ്ടത് തന്നെയാണ്. തിരണ്ടി കുത്തിയാണ് അയാള്‍ മരിച്ചതെന്നാണ് പറയുന്നത്. ഞാന്‍ വൈപ്പിനില്‍ ജനിച്ചുവളര്‍ന്നവനാണ്. അവിടെ കടപ്പുറത്തുള്ള മുതിര്‍ന്നവരോട് ചോദിച്ചു. ഇത്ര കാലത്തിനിടയില്‍ തിരണ്ടിയുടെ കുത്തേറ്റ് ആരെങ്കിലും മരിച്ചതായി കേട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സ്റ്റീവ് ഉണ്ടാക്കിയ സംസ്കാരം എതിര്‍ക്കപ്പെടേണ്ടതാണ്. മൃഗയാ വിനോദമാണത്. മൃഗങ്ങളെ ഉപദ്രവിച്ച് കൈയടി വാങ്ങല്‍.

നാഷനല്‍ ജ്യോഗ്രഫി സെന്‍സിബിലിറ്റി
നാഷനല്‍ ജ്യോഗ്രഫി, ഡിസ്കവറി ചാനലകുളൊക്കെ ഒരു തരം കൃത്രിമമായ വന്യതയാണ് പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത്. ഇതാണ് യഥാര്‍ഥ വനമെന്നും വന്യതയെന്നുമുള്ള ധാരണയാണ് ഇതിലൂടെ വളരുന്നത്. കാട്ടില്‍ പോവാനോ വന്യമൃഗങ്ങളെ നേരിട്ടറിയാനോ മടിയും വിമുഖതയുമുള്ള നഗര മനുഷ്യര്‍ക്ക് ഉപഭോഗം ചെയ്യാനുള്ള വന്യതയാണ് ഈ ചാനലുകള്‍ പുറത്തുവിടുന്നത്. പ്രത്യേക തരം സെന്‍സിബിലിറ്റിയാണ് ഇവര്‍ വളര്‍ത്തുന്നത്. ഇതല്ല യഥാര്‍ഥ കാടനുഭവം എന്ന് തിരിച്ചറിയപ്പെടാതെ പോവുമെന്നതാണ് ഇതിന്റെ വലിയ കുഴപ്പം.
വളര്‍ത്തു മൃഗങ്ങളെ ഉപയോഗിച്ചാണ് അവര്‍ വീഡിയോ ഉണ്ടാക്കുന്നത്. ക്യാമറക്കു മുന്നില്‍ നിന്നു കൊടുക്കുന്ന മൃഗങ്ങളാണവ. അഭിനയിക്കുന്ന പാമ്പുകളും കരടികളും കടുവകളും. കാടിനോടും മൃഗങ്ങളോടും നിഷേധാത്മകമായ ആറ്റിറ്റ്യൂഡാണ് ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവര്‍ ചെല്ലുന്നിടത്തെല്ലാം മൃഗങ്ങള്‍ വരുന്നത് എങ്ങനെയാണ്? ഒരു കല്ലു പൊക്കി നോക്കിയാല്‍ അതിനടിയിലുണ്ടാവും ഒരു പാമ്പ്. നിങ്ങള്‍ കാട്ടില്‍ കയറി നോക്കൂ, ഒരു പാടു നേരം തിരയണം മൃഗങ്ങളെ കാണാന്‍. കാട്ടില്‍ അടുത്ത നിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ നമുക്ക് പ്രവചിക്കാനാവില്ല. പൂര്‍ണമായും അനിശ്ചിതമാണത്. എന്നാല്‍ നാഷനല്‍ ജ്യോഗ്രഫിക്കാര്‍ക്ക് ഈ അനിശ്ചിതത്വമില്ല. കാരണം, അവര്‍ മൃഗങ്ങളെ ഡയരക്റ്റ് ചെയ്യുകയാണ്.

പോസ് ചെയ്യുന്ന കടുവകള്‍
നമുക്കിവിടെ കാണാനാവുന്ന കടുവാ ചിത്രങ്ങള്‍ മിക്കപ്പോഴും ഉത്തരന്ത്യേയിലെ വരണ്ട, ഇലപൊഴിയും കാടുകളില്‍ നിന്നുള്ളവയാണ്. നല്ല വെളിച്ചത്തിലെടുക്കുന്നവയാണ് ആ ചിത്രങ്ങള്‍. പലപ്പോഴും ക്യാമറക്ക് പോസ് ചെയ്യുന്ന ഭാവമാണ് അതിലെ കടുവകള്‍ക്ക്. ജീപ്പുകള്‍ക്കും ആളുകള്‍ക്കും ബഹളത്തിനും നടുവില്‍ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്ന അത്തരം കടുവകളല്ല പക്ഷേ, എന്നാല്‍, എന്റെ അനുഭവത്തിലുള്ളത്.
മഴക്കാടുകളിലെ കടുവകള്‍ മറ്റൊന്നാണ്. നിഴലുകളാണ് അവിടെയങ്ങും. വെളിച്ചം അത്യപൂര്‍വം. മനുഷ്യരെ നോക്കി പോസ് ചെയ്യുന്ന കടുവകളല്ല അവിടെ. മനുഷ്യസാന്നിധ്യത്തില്‍ അവ മറയും. ആ ഇരുട്ടില്‍ നല്ല കടുവ ചിത്രങ്ങള്‍ എടുക്കുക എന്നത് വ്യത്യസ്ത അനുഭവമാണ്. നമ്മുടെ മഴക്കാടുകളില്‍നിന്ന് നല്ല കടുവച്ചിത്രങ്ങള്‍ കിട്ടാത്തതിന്റെ കാരണമിതാണ്. കാട് അതിന്റെ ഉള്ളകം തുറന്നു തന്നതു കൊണ്ടു മാത്രമാണ് എവിടെ നിന്നോ ലഭിച്ച വെളിച്ചത്തില്‍ ആ കടുവ ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ പതിഞ്ഞത്.

കൂടില്ലാത്ത പക്ഷികള്‍
ഫോട്ടോ കിട്ടാന്‍ ചിലര്‍ അങ്ങേയറ്റം ക്രൂരതയും കാണിക്കാറുണ്ട്. എത്ര വലിയ ഫോട്ടോഗ്രാഫര്‍മാര്‍ ആയാലും ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ചില ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഒരൊറ്റ കമ്പിന്റെ മറയുമുണ്ടാവില്ല അതിന്. കൂട്ടിലെ പക്ഷിയുടെ പടം കമ്പ് പെടാതെ എടുക്കുന്നത് എങ്ങനെയാണ് എന്നെനിക്കറിയില്ല. കമ്പ് മറഞ്ഞ് ഒരിക്കലും നല്ല പടം കിട്ടില്ല എന്നതാണ് എന്റെ അനുഭവം. ഇവര്‍ക്ക് മാത്രം എങ്ങനെയാണ് ഇത്ര നേര്‍ക്ക് പക്ഷിപ്പടം കിട്ടുന്നത്. ഉത്തരം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കൂടിന്റെ കമ്പുകള്‍ എടുത്തു കളഞ്ഞ ശേഷമാണ് അവര്‍ കൂട്ടിലെ പക്ഷിയെ പകര്‍ത്തുന്നത്. ഈ ഫീല്‍ഡില്‍ തട്ടിപ്പുകളേറെയാണ്. നുണയും കളളവും യഥേഷ്ടം. അത്തരക്കാരെയാണ് കാട്ടില്‍ ചെല്ലുമ്പോള്‍ ആന ചവിട്ടി കൊല്ലുന്നത്. കച്ചവടക്കണ്ണോടെ കാട്ടിലെത്തുന്നവരെ.

കാടെന്നെ തിരിച്ചറിയുന്നു
കാടുമായി ഇഴുകി ചേര്‍ന്നു കഴിഞ്ഞാല്‍ ഒരുതരം കമ്യൂണിക്കേഷന്‍ സാധ്യമാണെന്ന് തോന്നുന്നു. കാടിനോടും കാട്ടു മൃഗങ്ങളോടും ഏതൊക്കെയോ തലങ്ങളില്‍ സംവദിക്കാനാവുന്നു. ഇതെനിക്ക് തെളിയിക്കാനൊന്നും കഴിയില്ല. എന്റെ ഒരു വിശ്വാസമായിരിക്കാം ഒരു പക്ഷേ. കാട്ടുമൃഗങ്ങള്‍ക്ക് എന്നെ മനസ്സിലാവുന്നുണ്ട്. എന്നെ അവര്‍ തിരിച്ചറിയുന്നു.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ സാധാരണ പറയാറുള്ള ആക്രമണങ്ങളോ അപകടങ്ങളോ ഒന്നും എനിക്ക് പറയാനില്ല. എനിക്കു പോലും അപരിചിതമായ കുറേ കാര്യങ്ങള്‍ ഇതിലുണ്ട് എന്നു തോന്നുന്നു. ചില ദിവസം കാട്ടില്‍ കയറുമ്പോള്‍ചില മൃഗങ്ങളെ കാണാനാവുമെന്ന് മനസ്സ് പറയാറുണ്ട്. അവയെ കാണാറുമുണ്ട്. എന്നെ കൊണ്ട് ചിലപ്പോഴൊക്കെ കാടത് പറയിക്കുകയാണ്.
അപകടകരം എന്നു പറയാവുന്ന അവസ്ഥകളില്‍ കടുവയും ആനയും കരടിയുമൊക്കെ ഒന്നും ചെയ്യാതെ വിട്ടു പോവാറുണ്ട്. കാടിന്റെ സ്നേഹം തന്നെയാണ് അതെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കു വേണ്ടി മൃഗങ്ങള്‍ പോസ് ചെയ്തു തരാറുണ്ട്. എന്നെ നോക്കി വെറുതെ ഇരിക്കാറുണ്ട് അവ. രാത്രിയില്‍ മാത്രം കാണാറുള്ള പക്ഷികളും മൃഗങ്ങളും പകല്‍ എന്റെ ക്യാമറക്ക് മുന്നില്‍ വരാറുണ്ട്. ആളുകളെ കണ്ട് ഇടഞ്ഞ കാട്ടാന എന്റെ മുന്നിലെത്തി മടങ്ങാറുണ്ട്. എന്തു കൊണ്ട് ഇങ്ങനെ എന്നെനിക്ക് പറയാനാവില്ല. പക്ഷേ, സത്യമാണ്. കാടിന്റെ സ്നേഹമാണത് എന്നാണ് എന്റെ വിശ്വാസം.
ഒരു ദിവസം കടുവയുടെ പടമെടുക്കുകയാണ്. കടുവക്കറിയാം ഞാന്‍ അടുത്തുണ്ടെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അതെന്നെ നോക്കി. കണ്ണു കൊണ്ട് ഒരാംഗ്യം കാട്ടി. തല്‍ക്കാലം ഇതു മതി, മോന്‍ പോയ്ക്കോ എന്നായിരുന്നു അതിനര്‍ഥം. പുതിയ ക്യാമറ വാങ്ങിയ ദിവസം അത് ഉദ്ഘാടനം ചെയ്യാന്‍ കടുവ തന്നെ വരുമെന്ന് ഞാന്‍ ചങ്ങാതിമാരോട് പറഞ്ഞു. അതു പോലെ സംഭവിച്ചു. കാടിനെ സ്നേഹിച്ചാല്‍ കാടിനെ പഠിച്ചാല്‍ അത് നിങ്ങളില്‍, ആറ്റിറ്റ്യൂഡില്‍, ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ശരീരം എന്ന ട്രൈപോഡ്
ഞാന്‍ പഠിച്ചത് ആയോധന കലയാണ്. യോഗയിലും ശരീരകേന്ദ്രിതമായ മറ്റ് കലാരൂപങ്ങളിലും എനിക്ക് താല്‍പ്പര്യങ്ങളുണ്ട്. കാട്ടില്‍ അതേറെ ഗുണം ചെയ്തിട്ടുണ്ട്. വന്യമൃഗത്തെ പകര്‍ത്തുമ്പോള്‍ ശരീര ചലനം വളരെ പ്രധാനമാണ്. അനാവശ്യ ചലനങ്ങള്‍, ചലന രീതികള്‍ നിങ്ങള്‍ക്ക് ഗുണകരമാവില്ല. ആയോധന കല എന്റെ ശരീരത്തെ കൂടുതല്‍ സൂക്ഷ്മതയുള്ളതാക്കിയിട്ടുണ്ട്. വനത്തില്‍ സൂക്ഷ്മതയോടെ ശരീരത്തെ ഉപയോഗിക്കാന്‍ അതെനിക്ക് ശേഷി തരുന്നു. ഞാന്‍ ട്രൈപോഡ് ഉപയോഗിക്കാറില്ല. കാട്ടില്‍ അതു ചുമന്നു നടക്കുന്നത് എളുപ്പമല്ല. സ്വന്തം ശരീരം തന്നെയാണ് എന്റെ ട്രൈപോഡ്. ശരീരത്തെ നിശ്ചലമാക്കി ട്രെപോഡ് പോലെ ഏറെ നേരം നില്‍ക്കാനാവും.

കാട്ടാന എന്റെ മാസ്റ്റര്‍
നമ്മള്‍ പഠിച്ചത് നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടണം, പെടുത്തണം എന്നതാണ് എന്റെ നിലപാട്. കരാട്ടെ എന്റെ പ്രൊഫഷനില്‍ ഏറെ സഹായകമാണ്. വന്യ മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാട്ടാനയാണ് എന്റെ മാസ്റ്റര്‍. അത് വെയ്റ്റ് ഷിഫ്റ്റ് ചെയ്യുന്നത് അപാരമായ പാടവത്തോടെയാണ്.
നമ്മുടെ ഉല്‍സവ പറമ്പുകളില്‍ ആനകള്‍ കൊട്ടിനൊത്ത് ചലിക്കുന്നതായി പറയുന്നത് ഈ ചലനങ്ങളാണ്. സത്യത്തില്‍ അത് വെയ്റ്റ് ഷിഷ്റ്റ് ചെയ്യുന്നതാണ്. ഇതാണ് കൊട്ടിനൊത്ത് ആന നൃത്തം വെക്കുന്നതായി നമ്മള്‍ പറയുന്നത്. കാട്ടാനയുടെ ശരീരഭാഷ ഞാനെന്റെ തായ്ച്ചി അഭ്യാസങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
തായ്ച്ചിയില്‍ നൃത്തത്തിന് സമാനമായ ഒരു പാട് സ്റ്റെപ്പുകളുണ്ട്. പല മൃഗങ്ങളുടെയും ശരീര ചലനങ്ങള്‍ നമ്മള്‍ അതിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. കാട്ടില്‍ നിന്ന് ഞാന്‍ ഒരു പാട് പഠിച്ചിട്ടുണ്ട്.അനേകം മൃഗങ്ങളുടെ ശരീര ചലനങ്ങള്‍. അവരുടെ ആക്രമണ രീതികള്‍. വേഗങ്ങള്‍. അത് ആയോധന കലയിലും ഏറ സഹായിച്ചിട്ടുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ ആനയാണ് എന്റെ മാസ്റ്റര്‍. അതി സുന്ദരമാണ് അതിന്റെ ശരീര ചലനങ്ങള്‍.

കാട്ടുകള്ളന്‍മാരെ പിടിക്കുന്ന വിധം
പടമെടുക്കാന്‍ മാത്രമല്ല ആയോധന കല സഹായകമാവുക. കാട്ടുകള്ളന്‍മാരെ പിടിക്കാനും അത് സഹായിക്കും. ഈയിടെ ഞാന്‍ ഞാന്‍ രണ്ട് ചന്ദന കടത്തുകാരെ പിടികൂടി. 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ആ പ്രദേശത്ത് ചന്ദന കൊള്ളക്കാരെ പിടികൂടിയതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തോക്കുമായാണ് ഇവര്‍ കാട്ടില്‍ കയറുക. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ അത്തരം ആയുധങ്ങളില്ല.
എനിക്കു തോന്നുന്നത്, ഇതിനു വേണ്ടിയാണ് ഞാന്‍ ആയോധന കല പഠിച്ചത് എന്നാണ്. കാട്ടില്‍നിന്ന് എടുക്കാന്‍ മാത്രമല്ലല്ലോ, തിരിച്ചു കൊടുക്കാനും നാം ശീലിക്കണ്ടേ. കാടിനെ സംരക്ഷിക്കേണ്ട ആവശ്യം എന്തെന്ന് ചുറ്റുമുള്ളവരോട് പറഞ്ഞു കൊടുക്കണം. അതിനാണ് എന്റെ ചിത്രങ്ങള്‍.

ഇക്കോ ടൂറിസം വിനാശം
എന്നാല്‍, പല തരം അപകടങ്ങളിലാണ് വനം. ടൂറിസം കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്. ഇക്കോ ടൂറിസം. എനിക്കതിനോട് യോജിപ്പില്ല. കാട് ഇങ്ങനെ ആളുകള്‍ വിഹരിക്കേണ്ട സ്ഥലമല്ല. മൃഗങ്ങളുടെ ഇടമാണ്. ഇക്കോ ഫ്രെന്റ്ലി ടൂറിസമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ എന്തിനാണ് ട്രെഞ്ച്. നിങ്ങള്‍ക്ക് കാടിനെ കാണാനും മൃഗങ്ങളെ അറിയാനുമാണ് താല്‍പ്പര്യമെങ്കില്‍ ഇത്തരം കുഴികള്‍ വേണോ. ഇങ്ങനെയോണോ ഇക്കോ ഫ്രെന്റ്ലി ആവുന്നത്.
നാട്ടുകാരെ മുഴുവന്‍ ടൂറിസത്തിന്റെ പേരില്‍ കാട് കയറ്റുന്നത് എന്തൊരു അനീതിയാണ്.
ഈയിടെ ഫ്രോഗ് മൌത്തിന്റെ പടമെടുക്കാന്‍ ചെന്നു. ഏത് ഭാഗത്താണ് ഫ്രോഗ് മൌത്ത് കാണുകയെന്ന് അന്വേഷിച്ചപ്പോള്‍ അവിടെയുള്ള വാച്ചര്‍ ഒരു കാര്യം പറഞ്ഞു. ‘ഇത്തിരി കൂടി നടന്നാല്‍ അവിടെയാരു നാഷനല്‍ ഹൈവേ കാണും. നിറയെ ആളും ബഹളവുമായിരിക്കും. അവിടെയുണ്ടാവും, ഇഷ്ടം പോലെ ഫ്രോഗ് മൌത്തുകള്‍!’
കാടിനുള്ളില്‍ ടൂറിസത്തിന്റെ പേരില്‍ വലിയ റോഡുകള്‍ തുറക്കുന്നതിനോടുള്ള പ്രതിഷേധമായിരുന്നു അത്.

കരടി മരം കയറും
കരടി മരം കേറില്ലെന്നാണ് നമ്മുടെ പഴങ്കഥകള്‍ പറയുന്നത്. എന്റെ അനുഭവം മറിച്ചാണ്. മരം കയറും എന്നു മാത്രമല്ല, മരത്തില്‍ തല കീഴായി ഇറങ്ങി വരുന്ന കരടികളെ ഞാന്‍ കണ്ടിട്ടുണ്ട്. പടങ്ങളെടുത്തിട്ടുണ്ട്. കരടികള്‍ നന്നായി മരത്തില്‍ കയറും. ഇറങ്ങി വരികയും ചെയ്യും. കഥയിലെ കരടി മാത്രമാണ് മരം കയറാത്തത്.

കടുവകള്‍ക്ക് ടെറിറ്ററിയില്ല
പലപ്പോഴും മനുഷ്യരുടെ വീക്ഷണങ്ങള്‍ മൃഗങ്ങളില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍. എന്നാല്‍, അതു പോലെയാവണം മൃഗങ്ങള്‍ എന്ന് പറയുമ്പോള്‍ അബദ്ധങ്ങള്‍ വരാം. കടുവകള്‍ക്ക് നിശ്ചിത വിഹാര പരിധി ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, എനിക്കങ്ങിനെ തോന്നുന്നില്ല. നമ്മളെ പോലെ, ഇന്ന കടുവക്ക് ഇത്ര ഏരിയ എന്ന കണക്കൊന്നും കാട്ടിലില്ല. ഭക്ഷണം കിട്ടിയില്ലെങ്കില്‍ കടുവ അടുത്ത സ്ഥലം തേടിപ്പോവുമെന്നാണ് എന്റെ അറിവ്.

കാടൊരിക്കലും മടുക്കില്ല
കാട് ഒരു സ്പിരിച്വല്‍ അനുഭവം കൂടിയാണ്. അതിനെ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു അനുഭവം തിരിച്ചു തരും. സ്പിരിച്വല്‍ ആയി കാടിനെ കാണണം. അന്നേരം കാടു സ്വയം വെളിപ്പെടുത്തിത്തരും. കാടാരിക്കലും മടുക്കില്ല. ഒരിക്കല്‍ കാണുന്നതാവില്ല പിന്നൊരിക്കല്‍. അതെന്നും മാറിക്കൊണ്ടേയിരിക്കും. കാട്ടിലുള്ള നിറങ്ങള്‍ അപാരമാണ്. അസാധാരണമായ വിഷ്വല്‍ സാധ്യത. അതുണ്ടാക്കാന്‍ ഒരു പെയിന്റര്‍ക്കും കഴിയില്ല. കാടിന്റെ ശബ്ദങ്ങള്‍ പോലൊന്ന് റിക്രിയേറ്റ് ചെയ്യാന്‍ ഏത് സംഗീതജ്ഞനു കഴിയും.
കാടിന്റെ സൌന്ദര്യമാണ് ഞാന്‍ പകര്‍ത്തുന്നത്. അവ കാണിച്ച് എനിക്ക് ആളുകളോട് പറയാനുള്ളത്, ഈ സൌന്ദര്യം ഇനിയും ബാക്കിയാവണോ അതോ നശിക്കണോ എന്നാണ്. അവര്‍ക്കു ബോധ്യപ്പെടുത്താനുള്ളതാണ് എന്റെ ഫോട്ടോകള്‍. സൌന്ദര്യമാണ് എന്നെ കാട്ടിലേക്ക് ആകര്‍ഷിച്ചത്. അത് തന്നെയാണ് ഇപ്പോഴും എന്നെ കാടകങ്ങളില്‍ നടത്തുന്നത്. അത് ഇനിയും ബാക്കിയുണ്ടാവണം എന്നാണ് എന്റെ ആഗഹം. അതിന് മറ്റുളളവെര പ്രേരിപ്പിക്കാനാണ് എന്റെ ചിത്രങ്ങള്‍.
എനിക്ക് സ്പെഷ്യലൈസേഷന്‍ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം പുല്ലിനും പൂവിനും വേഴാമ്പലിനും ഒരേ പ്രാധാന്യമാണ്. കാടും ഇതു പോലെ തന്നെയാണ്. എല്ലാത്തിനും ഒരേ പ്രാധാന്യം. എല്ലാത്തിനും ഇടമുണ്ട് അവിടെ. മനുഷ്യന്‍ ഒഴികെ. കാടിനെ അതായി നിലനിര്‍ത്തുകയാണ് വേണ്ടത്. നിലനിര്‍ത്താന്‍ സഹായിച്ചാല്‍ മാത്രം മതി. അതിനെ നിങ്ങള്‍ നന്നാക്കിയെടുക്കണ്ട.

വന്യജീവിയായി മാറിയ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതം

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers