Category archives for: ഫോട്ടോ ജേര്‍ണി

ചരിത്രത്തില്‍നിന്ന് അറ്റുവീണ രണ്ടിടങ്ങള്‍

 
 
 
അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.. യാത്രാ കുറിപ്പുകള്‍
 
 
 

അശ്വതി സേനന്‍

 

ചരിത്രം പതിഞ്ഞു കിടക്കുന്ന
ഭോജ്പൂരിലെയും വിദിഷയിലെയും
പുരാതന വഴികളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം.

 
 
 

 
 
 
കാര്‍വര്‍ണമാണ് വിദിഷയ്ക്ക്.
ഗുഹകളിലും അമ്പലങ്ങളിലും
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
മൂടിവെച്ച മുറികളിലുമൊക്കെ
കാര്‍വര്‍ണ്ണത്തിലുള്ള കല്‍രൂപങ്ങള്‍.
ചരിത്രവും പുരാണവും,
ആ ദേശത്തിനു മാത്രം പറയാനാവുന്ന
വിചിത്രമായ കഥകളും പറയുന്നു,
ആ കല്‍രൂപങ്ങള്‍.
സാഞ്ചിയില്‍ നിന്നു
ഏതാണ്ട് 10 കിലോ മീറ്റര്‍ ദൂരത്താണ്
ബെത് വ നദിയുടെയും
ബെസ് നദിയുടെയും
തീരത്തുള്ള ഈ ഗ്രാമം.
ബുദ്ധ മതം സ്വീകരിക്കുന്നതിനും
ചക്രവര്‍ത്തി ആകുന്നതിനും മുമ്പ്
അശോകന്‍ ഭരിച്ചിരുന്ന
ബെസ്നഗര്‍ ആയിരുന്നു
ഇവിടം -ചരിത്രത്തില്‍നിന്ന്
അറ്റു വീണ രണ്ടു ദേശങ്ങളില്‍നിന്ന്
അശ്വതി സേനന്‍
പകര്‍ത്തിയ ചിത്രങ്ങള്‍,യാത്രാ കുറിപ്പുകള്‍

 
 
 

 
 
 

ബോംബെയിലെ സുഹൃത്തായ ഭാഗിയെന്ന ഭാഗീരഥിക്കൊപ്പം ഭോപാല്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ചില വെബ്സൈറ്റുകളില്‍ കണ്ട ചിത്രങ്ങളും വിവരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മനസ്സില്‍. ഭോപ്പാല്‍ എന്നാല്‍ ഭീംബെക്ത ഗുഹയും സാഞ്ചിയും എന്ന മട്ട്. എന്നാല്‍, ഭോപ്പാല്‍ യാത്രക്കിടെ അപരിചിതമായ മറ്റ് രണ്ടിടങ്ങളിലും ചെന്നെത്തി. ഭോജ്പൂരിലും വിദിഷയിലും. പുരാതനമായ ഗുഹയും രഥവും കല്‍രൂപങ്ങളും കര്‍ണന്റെ ബെത് വ നദിയും വെളുത്ത തീപ്പെട്ടിക്കൂടു വീടുകളുമൊക്കെ നിറഞ്ഞ് ചരിത്രത്തില്‍നിന്ന് അറ്റു വീണ രണ്ടു ദേശങ്ങള്‍!.
 
 
 

 
 
 

കാര്‍വര്‍ണമാണ് വിദിഷയ്ക്ക്. ഗുഹകളിലും അമ്പലങ്ങളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മൂടിവെച്ച മുറികളിലുമൊക്കെ കാര്‍വര്‍ണ്ണത്തിലുള്ള കല്‍രൂപങ്ങള്‍. ചരിത്രവും പുരാണവും ആ ദേശത്തിനു മാത്രം പറയാനാവുന്ന വിചിത്രമായ കഥകളും പറയുന്നു, ആ കല്‍രൂപങ്ങള്‍. സാഞ്ചിയില്‍ നിന്നു ഏതാണ്ട് 10കിലോ മീറ്റര്‍ ദൂരത്താണ് ബെത് വ നദിയുടെയും ബെസ് നദിയുടെയും തീരത്തുള്ള ഈ ഗ്രാമം ബുദ്ധ മതം സ്വീകരിക്കുന്നതിനും ചക്രവര്‍ത്തി ആകുന്നതിനും മുമ്പ് അശോകന്‍ ഭരിച്ചിരുന്ന ബെസ്നഗര്‍ ആയിരുന്നു.
 
 
 

 
 
 

 
 
 

സാഞ്ചിയില്‍നിന്ന് വിദിഷയിലേക്കു പോയത്, ഓട്ടോ ഡ്രെവര്‍ ചന്ദന് ഈ ദേശത്തെക്കുറിച്ച് പറയാനുള്ള കഥകള്‍ കേട്ടാണ്. വിനോദ സഞ്ചാരികളുടെ തിരക്കില്ലായിരുന്നതിനാല്‍ ഉദയഗിരി ഗുഹയിലെ ഗൈഡിനു നല്ല കോള് കിട്ടിയ ആവേശമായിരുന്നു.

 
 
 

 
 
 
എ.ഡി 320- 60 കാലയളവില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഉദയഗിരി ഗുഹകള്‍. വിഷ്ണുവിന്റെ വരാഹാവതാരവും അനന്തശയനവും പിന്നെ മനസിലാക്കാന്‍ കഴിയാത്ത വണ്ണം പൊട്ടിത്തകര്‍ന്ന കല്‍രൂപങ്ങളും കണ്ടു
 
 
 


 
 
 

താഴിട്ടു പൂട്ടിയ ഒരു ഇരുമ്പു വാതിലിനു മുന്‍പിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, “ഗേറ്റിന് പുറത്തു നിന്നാണ് ഇതുവരെ എല്ലാവരും പ്രതിമകള്‍ കണ്ടിട്ടുള്ളു. വേണേല്‍ ഞാന്‍ വാതില്‍ തുറന്നു തരാം. അകത്തു കയറി വിശദമായി കണ്ടു വാ. ആരോടും പറയരുത് കേട്ടോ?”- അയാള്‍ ഗേറ്റ് തുറന്നു തന്നു.

‘ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. ധൈര്യപ്പെട്ട് എങ്ങനെ പോവും? ഇയാളെങ്ങാന്‍ അകത്തു പൂട്ടിയിട്ടാലോ?

ഒരാള്‍ പുറത്തു നില്‍ക്കുക, മറ്റെയാള്‍ പോയി വരുക. അതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു വഴി. നാലടി പൊക്കമുണ്ടായിരുന്നു ആ ഇരുണ്ട തുരങ്കത്തിന്. അതിനകത്ത് കയറുമ്പോള്‍ എലികാഷ്ഠത്തിന്റെ ദുസ്സഹമായ നാറ്റമായിരുന്നു. അരണ്ട വെളിച്ചത്തില്‍ ഭീഭല്‍സമായ ആ കല്‍രൂപം എന്താണെന്നു മനസിലാക്കാന്‍ കഴിയാതെ നോക്കി നിന്ന് പോയി.

പുറത്തു കടന്നു പോകാറായപ്പോള്‍ ഒരിക്കല്‍ കൂടി അവിടുത്തെ പ്രധാന ആകര്‍ഷണമായ വരാഹ കല്‍പ്രതിമയെ നോക്കി.

ആദ്യം കണ്ണില്‍പ്പെട്ടത് ആ രൂപത്തിന്റെ കൊമ്പില്‍ കുരുങ്ങി കിടന്ന പെണ്‍രൂപമാണ്. ആയിരം വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനു ശേഷം പാതാളത്തിലെ സമുദ്രത്തില്‍ നിന്നും ഭൂമിയെ ഉയര്‍ത്തി കൊണ്ടു വന്ന വരാഹരൂപന്റെ വീരകൃത്യം എത്ര വര്‍ണിച്ചിട്ടും പുകഴ്ത്തിയിട്ടും ഗൈഡ് ഭയ്യക്ക് പോരാത്തതുപോലെ.

 
 
 

 
 
 
ബിജമന്ദല്‍ അമ്പലത്തിലേക്കായിരുന്നു അടുത്ത യാത്ര. 11ാം നൂറ്റാണ്ടില്‍ പണി തുടങ്ങിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍. ചുറ്റും നടന്നപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു സ്റ്റോര്‍ റൂം കണ്ടു. പരിസരത്തു നിന്നും ശേഖരിച്ച ചരിത്ര വസ്തുക്കള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കൂട്ടിയിരിക്കുകയായിരുന്നു ആ ചെറിയ മുറിയില്‍. ചരിത്രത്തിലേക്ക് വഴി തുറക്കുന്ന ആ ഭൂതകാലശിഷ്ടങ്ങള്‍ക്ക് അവിടെ കിട്ടുന്ന ശ്രദ്ധ കണ്ടു ശരിക്കും ഞെട്ടി! വിനോദ സഞ്ചാരികളുടെ തിരക്കില്ലെങ്കില്‍ ചരിത്രവും ചരിത്രാവശിഷ്ടങ്ങളും എത്ര സൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടുമെന്നു അത് പറഞ്ഞുതന്നു. കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്യൂരിറ്റി ചേട്ടന് മനസ്സാ സലാം വെച്ച് അവിടുന്ന് തിരിച്ചു.

വിദിഷ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 200 അടി ഉയരത്തില്‍ ഉള്ള രാജേന്ദ്ര ലോഹി കുന്നിന്‍ മുകളിലെ ‘sunset point’ നെ കുറിച്ച് കുറേ കേട്ടിരുന്നു. അവസാനിക്കില്ലെന്ന് തോന്നിയ പടികെട്ടുകള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ കണ്ടത് അടച്ചിട്ട ഗേറ്റ്ആണ്.

ഒന്നും മിണ്ടാതെ ഞങ്ങള്‍ രണ്ടാളും ഒരേ സമയം ആ ഗേറ്റ് ചാടിക്കടന്നു!
ചാടി അപ്പുറത്തെത്തിയപ്പോള്‍ അതാ ഒരു പയ്യന്‍സ് വരുന്നു. ഒരു മിനിറ്റ് പകച്ചു നിന്നു. ‘അവരുടെ ആളായിരിക്കും. ചീത്ത ഉറപ്പ് ‘.
പയ്യന്‍ പടി കയറി വന്നു. ശേഷം, ആരെയും നോക്കാതെ കൂളായി ഗേറ്റ് ചാടി ഞങ്ങള്‍ക്ക് മുന്നിലൂടെ മുകളിലേക്ക് പോയി. ഞങ്ങള്‍ പകച്ചു നിന്നു. ചെക്കന്‍ ഒറ്റയ്ക്കു പോവുകയാണ്. അങ്ങോട്ട് ഞങ്ങള്‍ പോയാല്‍ വല്ല പ്രശ്നവുമാവുമോ? പോട്ടെ, വരുന്നിടത്തു വെച്ചു കാണാം. ബാക്കി ദൂരം കൂടി നടന്നു. മുകളിലെത്തിയപ്പോള്‍ അവനെ കാണാനില്ല.

 
 
 

 
 
 
5.30ന് തിരിച്ചു ട്രെയിന്‍ പിടിക്കണമെന്നുള്ളത് കൊണ്ട് സൂര്യാസ്തമയം കാണാനാവില്ല. ഒരു ദര്‍ഗയും അതിനു അഭിമുഖമായി ഒരു ജൈന മന്ദിരവും.

കുറേ നേരം കുന്നിന്‍ മുകളില്‍ നിന്ന് വെളുത്ത തീപ്പെട്ടിക്കൂട് നഗരം കണ്ടു മടങ്ങുമ്പോള്‍ അതേ പയ്യന്‍സുണ്ട് വഴിയില്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നതു പോലെ! അടുത്തെത്തിയപ്പോള്‍ അവന്‍ ചാടിയിറങ്ങി ഒറ്റ പോക്ക്. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പൂട്ടിയിട്ട സ്ഥലത്തു ഒറ്റയ്ക്കു പോകുന്നത് കണ്ട് കൂട്ടു വന്നതാണ് അവന്‍.

 
 
 

 
 
 

വിദിഷ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വേലിചാട്ടത്തിന്റെ ആവേശത്തേക്കാള്‍ മനസില്‍ നിറഞ്ഞത് അപരിചിതനെ സംശയത്തോടു കൂടി മാത്രം നോക്കാന്‍ പഠിപ്പിച്ച നഗരത്തോടുള്ള ഈര്‍ഷ്യയാണ്.

 
 
 

 
 
 

ഭോപ്പാലില്‍നിന്ന് 45 കിലോ മീറ്റര്‍ ദൂരെ ഭീം ബെക്ത ഗുഹ കണ്ട് മടങ്ങുന്ന വഴിയിലാണ് ഭോജ്പുര്‍ എന്ന സ്ഥലത്തെ പറ്റി കേള്‍ക്കുന്നത്. ‘എല്ലാ വീട്ടിലും ശൌചാലയം എന്നത് സ്ത്രീകളുടെ സ്വപ്നം’ എന്ന പരസ്യമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. കുടത്തില്‍ വെള്ളവുമായി പോകുന്ന ഒരു സ്ത്രീയെ കണ്ടപ്പോള്‍ ബാഗിലെ മിനറല്‍ വെള്ളത്തിന്റെ ബോട്ടിലിലേക്ക് അറിയാതെ കൈ നീണ്ടു.

 
 
 

 
 
 


 
 
 
ബെത് വ നദീതീരത്തേക്കുപോകുമ്പോള്‍ ഗ്രാമത്തില്‍നിന്നും പ്രകൃതി ഒരുക്കിയ കല്‍രൂപങ്ങള്‍ക്ക് മുന്നിലെത്തി. പുരാണങ്ങള്‍ പ്രകാരം കുന്തി റാണി സൂര്യപുത്രനായ കര്‍ണനെ ഉപേക്ഷിച്ചത് ബെത്വ നദീതീരത്താണെന്ന് മധ്യപ്രദേശ് ടൂറിസം വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് പറഞ്ഞുതന്നു.
 
 
 

 
 
 

 
 
 
ആ നദിയുടെ തീരത്തുള്ള, ഇന്ത്യയുടെ കിഴക്കന്‍ സോമനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന, ശിവക്ഷേത്രം 11ാം നൂറ്റാണ്ടില്‍ ജീവിച്ച ഭോജദേവ രാജാവാണ് നിര്‍മ്മിച്ചത്.
പൂര്‍ത്തിയാകാത്ത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ 22 അടി പൊക്കമുള്ള ശിവലിംഗമാണ് . വനവാസ കാലത്ത് പാണ്ഡവര്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നേ ഓട്ടോ ചേട്ടന്‍ വിശ്വസിക്കുന്നുള്ളൂ.

 
 
 

 
 
 

 
 
 

കഥകളെയും പുരാണങ്ങളെയും തകര്‍ന്ന ശിലാരൂപങ്ങളെയും പടിക്കെട്ടുകളെയും പിന്നില്‍ ഉപേക്ഷിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വീര്‍പ്പുമുട്ടലിലേക്ക് മടങ്ങുമ്പോള്‍ ആ ദേശത്തെ മുഴുവന്‍ മൂടിയ കാര്‍വര്‍ണ കല്‍രൂപങ്ങളുടെ ചാരുതയായിരുന്നു, മനസ്സു നിറയെ.

 
 
 

 
 
 

NALAMIDAM PHOTO JOURNIES

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

നിയോണ്‍ നിലാവത്ത്

ചായാ ചിത്രങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

അകക്കാഴ്ചയിലെ പകല്‍ക്കിനാവുകള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചില നേരങ്ങളില്‍ പൂക്കള്‍

തീവെയിലിന് ഒരാമുഖം

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

പഴനിയിലെ വാണിഭക്കാര്‍

 
 
 

പഴനിയിലെ വാണിഭക്കാര്‍

 
 
 
ഭക്തിയും വിപണിയും കൈകോര്‍ക്കുന്ന
പഴനിയുടെ തെരുവുകളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം.
അനീഷ് ആന്‍സ് പകര്‍ത്തിയ ദൃശ്യങ്ങള്‍, വാക്കുകള്‍.

 
 

 
 
കച്ചവടമാണ്, ഭക്തിക്കൊപ്പം പഴനിയുടെ നിത്യഭാവം.
പല ദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്നവര്‍.
പല ആവശ്യങ്ങള്‍. പല പ്രാര്‍ത്ഥനകള്‍.
ഒന്നോ രണ്ടോ നാളത്തെ ആവശ്യങ്ങള്‍ക്കായി
ഇവിടെയെത്തുന്നവര്‍ക്കു വേണ്ടിയാണ്
ഈ പട്ടണം മുഴുവന്‍ കാത്തിരിക്കുന്നത്.
അന്ന പാനീയങ്ങളൊരുക്കി റസ്റ്റോറന്റുകള്‍,
കുറഞ്ഞ വിലക്ക് താവളങ്ങളൊരുക്കി ഹോട്ടലുകള്‍,
അവര്‍ക്കായി മാത്രം കാത്തിരിക്കുന്ന
എണ്ണമറ്റ വാണിഭക്കാര്‍.
പിന്നെ, വാടക വാഹനങ്ങള്‍, യാചകര്‍
തല മുണ്ഡനം ചെയ്യുന്നവര്‍.
ഭക്തി ചിലപ്പോള്‍, ചിലര്‍ക്ക്
ജീവിതമാര്‍ഗം കൂടിയാണ്.

 
 

അനീഷ് ആന്‍സ്


 
 
ക്ഷേത്രത്തിലേക്ക് കുത്തനെയുള്ള കയറ്റമാണ്.
നൂറു കണക്കിന് പടവുകള്‍.
അതിനു താഴെയാണ് വാണിഭക്കാര്‍.
ദര്‍ശനം കഴിഞ്ഞ് പോവുന്നവര്‍ക്കായി
അവര്‍ വള, മാല, കൌതുക വസ്തുക്കള്‍
എന്നിവ കരുതി വെക്കുന്നു.
അമ്പലത്തിലേക്ക് പോവുന്നവര്‍ക്കായി
പൂജാസാമഗ്രികള്‍.
എപ്പോഴും പോക്കറ്റ് കാലിയായി
കൊണ്ടേയിരിക്കും.
വാണിഭക്കാരനു മുന്നില്‍ നില്‍ക്കുമ്പോള്‍
അനുകൂല ഭാവം മുഖത്തുവരാതെ
സൂക്ഷിക്കുക മാത്രമാണ് പ്രതിവിധിയെന്ന്
പണ്ടേ എല്ലാവരും പറയാറുള്ളതാണ്.
അതിനാല്‍, മുഖം പരുഷമാക്കി
ഇതൊക്കെ എത്ര കണ്ടതാണ് എന്ന
മട്ടിലൊരു നടത്തം തന്നെ ശരണം.

 
 


 
 


 
 

വേലാണ് മുരുകന്റെ ആയുധം. പളനിയില്‍ ഏറ്റവും ഡിമാന്റുള്ള സാധനം.  എല്ലായിടത്തും കാണാം വേലുകളുടെ ചെറു രൂപങ്ങള്‍. അതിരാവിലെയാണ് ക്യാമറയിലേക്ക് ഇയാള്‍ കയറി വന്നത്. കൈയില്‍ അനേകം കുഞ്ഞുവേലുകള്‍. നേര്‍ക്കു നേര്‍ മുഖത്ത് നോക്കിയാല്‍ അതിലൊന്ന് കൈയിലിരിക്കും. അതിനാല്‍, കടുപ്പിച്ചു തന്നെ വെച്ചു മുഖം. ഏറെനേരം.
 
 

 
 

താമസിച്ച ഹോട്ടലില്‍ നിന്നിറങ്ങിയപ്പോഴാണ് കാലത്ത് ആ സ്ത്രീ കണ്ണില്‍പ്പെട്ടത്. മാലയും മറ്റും വില്‍ക്കുകയാണ് അവര്‍. ഇത്തരം നൂറുകണക്കിന് സ്ത്രീകളാണ് അല്ലറ ചില്ലറ സാധനങ്ങളുടെ കച്ചവടവുമായി ജീവിക്കുന്നത്.എവിടെയോ വെച്ച് പരിചയമുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. വഞ്ചിക്കപ്പെടാതിരിക്കാന്‍ എല്ലാവരും മുഖം കടുപ്പിച്ചു നിര്‍ത്തുന്നതിനാലാവണം ചെന്ന എല്ലായിടങ്ങളിലും നിന്ന് അവര്‍ നിരാശരായി തിരിച്ചു വന്നു. ആരും ഒന്നും വാങ്ങിയില്ല. വില കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതിനാലാവണം. ഇന്നത്തെ കണി തന്നെ മോശമെന്ന മട്ടില്‍ അവര്‍ പിന്നീട് നിരാശയായി തലങ്ങും വിലങ്ങും നടന്നു. പിന്നെ, ഒരു ടൂറിസ്റ്റ് ബസിന്റെ അരികില്‍ ചാരി നിന്നു.

 
 

 
 

ദൈവങ്ങള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു പണ്ട് ആരാധന. എന്നാല്‍, പിന്നീട് സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം അത് വീതം വെച്ചെടുത്തു. തമിഴ്നാട്ടിലാണെങ്കില്‍ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തമ്മിലുള്ള അതിരുകള്‍ പണ്ടേ കുറവാണ്. എം.ജി.ആര്‍ മുതല്‍ കാര്യങ്ങള്‍ അങ്ങനെ തന്നെ.
സാക്ഷാല്‍ മുരുകന്റെ മണ്ണിലും വിറ്റുപോവുന്നത് സിനിമാ താരങ്ങളും രാഷ്ട്രീയ തമ്പുരാക്കന്‍മാരുമാണെന്ന് ഏറ്റവും നന്നായി അറിയുന്നത് ഒരു പക്ഷേ, കച്ചവടക്കാരാവും. അതിനാലാവണം കീ ചെയിനുകളായി ദൈവങ്ങളും താരങ്ങളും ഇങ്ങനെ കിടക്കുന്നത്.  ഇവിടെ ജയലളിതയും വിജയകാന്തും ദൈവങ്ങളും ഇങ്ങനെ ചേര്‍ന്നുചേര്‍ന്നിരിക്കുന്നു.

 
 

 
 
വഴിവക്കിലാണ് അവരെ കണ്ടത്. സോഡാ കുടിക്കുന്നൊരു സ്ത്രീ. ചമ്മട്ടിയുമായൊരു പയ്യന്‍. പഴനിയിലിപ്പോഴും സോഡാ കുപ്പിക്ക് മാറ്റമില്ല. നീല നിറത്തിലുള്ള ഉരുളന്‍ കഷണം തലക്ക് വെച്ച പഴയ സോഡാകുപ്പികള്‍. പണ്ട് കേരളത്തിലും ഇത്തരം സോഡാ കുപ്പികളായിരുന്നു. കുറേ കാലമായി കാണാറേയില്ല. ആ ചമ്മട്ടി പയ്യന്റെ ഉപജീവന മാര്‍ഗമാണ്. ഓരോ കടകളിലും ചമ്മട്ടിയുമായി കയറും. അതുയര്‍ത്തി അതുയര്‍ത്തി ശരീരത്തില്‍ ആഞ്ഞടിക്കുന്നതായി നടിക്കും. അവന്‍ വേദനിച്ചു പുളയുന്നതായി കാണുന്നവരും കരുതും. കാശ് പോക്കറ്റില്‍നിന്നിറങ്ങി അവന്റെ കൈയിലെത്തും. അവന്‍ തിരിഞ്ഞു നടക്കും. വേദനയും ചിലപ്പോള്‍അഭിനയമാണ്.

 
 


 
 
പല തരം കച്ചവടക്കാരാണ് പഴനിയിലെങ്ങൂം. പൂക്കച്ചവടക്കാര്‍ അനവധി. കൂടുതലും സ്ത്രീകളാണ്. എവിടെനിന്നോ സുഗന്ധം പരത്തിയെത്തുന്ന പൂവുകള്‍ തങ്ങളെ ചൂടാന്‍ വേണ്ടിയത്തെുന്ന ഏതോ മുടിത്തഴപ്പിനുള്ള കാത്തിരിപ്പിലാവണം. കാത്തിരിക്കുന്ന ഏതോ മുല്ലപ്പൂ മാലയിലേക്കുള്ള യാത്രയാവണം തരുണികള്‍ക്ക് പഴനിയിലെ പടവുകള്‍.

 
 

 
 
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴനിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് കൂടെവന്ന ഡ്രൈവര്‍ പറഞ്ഞുതന്നു. ശരിയാണ്. എല്ലായിടത്തുമുണ്ട് പഴങ്ങള്‍.  വിദൂര ഗ്രാമങ്ങളില്‍നിന്ന് വരുന്നവയാണ് ഇവയിലധികവും. താരതമ്യേന കുറഞ്ഞ വിലയാണ്. അതാവണം ആളുകളെ ആകര്‍ഷിക്കുന്നത്.

‘ഈ പേരക്കയൊക്കെ വിറ്റു തീരുമോ?’
നടക്കുന്നതിനടയില്‍ കണ്ട കച്ചവടക്കാരനേട്  വെറുതെ ചോദിച്ചതാണ്. കച്ചവടക്കാരന്‍ നിറഞ്ഞു ചിരിച്ചു. മണിക്കൂറുകള്‍ക്കുശേഷം പടവിറങ്ങി തിരിച്ചു വരുമ്പോള്‍ അയാളെ വീണ്ടും കണ്ടു. മുന്നിലെ വണ്ടിയില്‍ മുന്നിലെ വണ്ടിയില്‍ ഇപ്പോള്‍ നാലഞ്ച് പേരക്കകള്‍. മാത്രം. ബാക്കി മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ആ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാവുന്നു.

 
 


 

ഈ ആന ഒരു മോഡലാണ്. ക്യാമറകള്‍ക്കു മാത്രമുള്ളത്. അടുത്തു ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ പറയും. ‘അണ്ണാം, ആനക്കടുത്തു നിന്നോളൂ. പടമെടുത്തോളൂ’.
ക്യാമറയും കൂര്‍പ്പിച്ച് ഭക്തര്‍ അടുത്തു ചെല്ലും. ഒപ്പമുള്ളവര്‍ ആനയുടെ വാലു പിടിച്ചോ പെരുവയറു തൊട്ടോ നില്‍ക്കും. ഫോട്ടോയെടുപ്പ് കഴിഞ്ഞാല്‍ നേരത്ത പ്രോല്‍സാഹിപ്പിച്ചവര്‍ അരികിലെത്തും. കൈ നീട്ടും.
കാശിനാണ്. ഓരോ സ്നാപ്പിനും കണക്കു പറഞ്ഞു വാങ്ങും. ആനകളെക്കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്!

 
 

 
 
ക്ഷേത്രത്തിലേക്കുള്ള അനേകം പടവുകള്‍ക്കിടയില്‍ നിറയെ കാണാം, വിഗ്രഹങ്ങള്‍. കണ്ടു പരിചയമുള്ള ദൈവങ്ങള്‍ മാത്രമല്ല. ഇതുവരെ കാണാത്ത രൂപങ്ങളും ഏറെ. തമിഴ് ഗോത്രജീവിതത്തിന്‍റ അടിവേരുകള്‍ കിടക്കുന്നത് ഈ ദൈവരൂപങ്ങളിലാവണം.
പടവു കയറിച്ചെല്ലുമ്പോള്‍ കാണുന്ന വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ ഭക്തിപരസ്കരം കര്‍പ്പൂരം തെളിക്കും. ചിലരൊക്കെ പടവുകളില്‍ തന്നെ കര്‍പ്പൂരം കത്തിച്ചുവെച്ച് നടക്കും. പിന്നാലെ വരുന്നവര്‍ ഇതറിയണമെന്നേയില്ല. കാലില്‍ പറ്റിയാല്‍, ഏറെ നേരം കരിഞ്ഞുകൊണ്ടേയിരിക്കും പച്ച മാംസം. ഇതറിഞ്ഞിട്ടാവണം, പടവുകളില്‍ കര്‍പ്പൂരം കത്തിക്കുന്നത് ഈയിടെ നിരോധിച്ചിട്ടുണ്ട്.

 
 

NALAMIDAM PHOTO JOURNIES

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

നിയോണ്‍ നിലാവത്ത്

ചായാ ചിത്രങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

അകക്കാഴ്ചയിലെ പകല്‍ക്കിനാവുകള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചില നേരങ്ങളില്‍ പൂക്കള്‍

തീവെയിലിന് ഒരാമുഖം

തീവെയിലിന് ഒരാമുഖം

അന്യസംസ്ഥാന തൊഴിലാളികളുടെ
ജീവിതത്തിലേക്ക്
ഒരു ക്യാമറയുടെ സഞ്ചാരം.
ഫോട്ടോ ജേണലിസ്റ്റായ
ജഹാംഗീര്‍ എംജെ
പകര്‍ത്തിയ ചിത്രങ്ങള്‍, കുറിപ്പുകള്‍.
എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലെ
ചില സാധാരണ നേരങ്ങള്‍.

 

 

 

 

പല ഭാഷകളുടെ കലമ്പലാണ് ഇപ്പോള്‍ കേരളവും.
മറുദേശങ്ങളിലേക്ക് നിരന്തരം പുറപ്പെട്ടുപോവുമെങ്കിലും
ഇങ്ങോട്ടേക്ക് കുറവായിരുന്നു പണ്ടേ പ്രവാസം.
തമിഴ് നാട്ടുകാരാണ് ആദ്യമെത്തിയത്.
കുറഞ്ഞ കൂലിക്ക് വിയര്‍പ്പൊഴുക്കി
നാട്ടിലെ ദൈന്യതകളിലേക്ക്
അവര്‍ കാശയച്ചുകൊണ്ടിരുന്നു.
തമിഴ് പേശുന്ന തെരുവുകള്‍
സാവധാനം മലയാളത്തിന്റെ
ഇടംവലം തെഴുത്തുവളര്‍ന്നു.

 

പിന്നെയാണ്, ആ തീവണ്ടിയെത്തിയത്.
വടക്കുള്ള ആവിപറക്കുന്ന
ദേശങ്ങളെ അത്
കേരളത്തിലേക്ക് പറത്തിയെറിഞ്ഞു.
അതില്‍നിന്നിറങ്ങിയ മനുഷ്യര്‍ പല ഭാഷകള്‍ കലമ്പി.
ബംഗാളി, ഭോജ്പൂരി, ഹിന്ദി, കൊങ്കിണി വാക്കുകളില്‍
അവര്‍ സ്വയം പരിചയപ്പെടുത്തി.
ചില്ലിക്കാശിന് വിയര്‍പ്പ്വിറ്റ്,
ദുരിതം തിന്ന് കുടിച്ച്,
മുഖ്യധാരാജീവിതത്തിന്റെ
അരികുകളില്‍
തലതാഴ്ത്തി ജീവിച്ച ജനതയെ
കാത്ത് ഇവിടെ ജോലികള്‍
ഏറെയുണ്ടായിരുന്നു.

 

‘അന്യസംസ്ഥാന തൊഴിലാളികള്‍’
എന്ന പേരിട്ടു വിളിച്ച്,
ചില്ലിക്കാശിന് തന്നെ ഇവരുടെ
വിയര്‍പ്പ് വാങ്ങാനും ചൂഷണം ചെയ്യാനും
ആളുകള്‍ ഇവിടെയുമുണ്ടെങ്കിലും
സ്വന്തം നാട്ടിലെ തീപാറുന്ന
വെയില്‍ജീവിതത്തേക്കള്‍ മെച്ചമായിരുന്നു
അതെല്ലാമെന്ന്
അവര്‍ അടക്കം പറഞ്ഞു.
എന്നിട്ട് വീണ്ടും വെയിലത്തിറങ്ങി
വിയര്‍ത്തു.
ഉള്ള ജീവിതം ഏറ്റവും സന്തോഷഭരിതമാക്കാന്‍
ഒഴിവുനാളുകളില്‍
നമ്മുടെ ചെറുതും വലുതുമായ നഗരങ്ങളില്‍
നിറഞ്ഞുകവിയുന്ന അവര്‍
ഇന്നിപ്പോള്‍ ഒരാശ്ചര്യ ചിഹ്നമല്ല.
അവരുടെ ദുരിതങ്ങളും പുതുതല്ല.

 

 

 

ഞായറാഴ്ചകളാണ് അവരുടെ ആനന്ദനേരങ്ങള്‍.
അന്നവര്‍ ഒന്നിച്ച് നഗരങ്ങള്‍ വളയുന്നു.
പല ഭാഷകള്‍ ഒന്നിച്ചു പെയ്യുന്നൊരു മഴയിലേക്ക്
നമ്മുടെ കച്ചവടക്കാര്‍ പല മാതിരി സാധനങ്ങള്‍
വെച്ചുകൊടുക്കുന്നു. ചെറിയ വിലക്കുള്ള
ചൈനീസ് മൊബൈല്‍ ഫോണുകള്‍ മുതല്‍
ചുളുവിലക്കുള്ള ഉടുപ്പുകള്‍ വരെ.
വൈകുംവരെ നഗരങ്ങളില്‍ അലഞ്ഞലഞ്ഞ്
അവര്‍ വരുന്ന ആറു ദിവസങ്ങളിലെ
ദുരിതങ്ങള്‍ക്ക് ആമുഖമെഴുതുന്നു.

 

 

 

 

ഏറ്റവും ദുര്‍ഘടമായത്, ഏറ്റവും ആയാസമേറിയത്.
ഇത്തരം ജോലികളാണ് ഇവര്‍ക്കായി നാം കരുതി വെക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും ഹോട്ടലിലെ
ജോലിയായാലും സമാനമാണ് അവസ്ഥ.
എല്ലുവെള്ളമാക്കിയാലും ജീവിക്കാന്‍ വക തരാത്ത
സ്വന്തം ദേശത്തിന്റെ സഹനങ്ങളോട് താരതമ്യം
ചെയ്താവണം ഏറ്റവും അനായാസമായി അവര്‍ എല്ലാം
ഏറ്റുവാങ്ങുന്നു. എറണാകുളം കാക്കനാട്ടെ ഒരു ദൃശ്യമാണിത്.

 

 

 

 

നമ്മുടെ തൊഴില്‍ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍
വളരെ മോശമാണ് ഇവരുടെ അവസ്ഥകള്‍.
കൂലി താരതമ്യേന കുറവ്. അതും കൃത്യമായി കൈയിലെത്തണമെന്നില്ല.
തൊഴിലുടമക്കും ഇവര്‍ക്കുമിടയില്‍ ഇടനിലക്കാര്‍ സജീവമാണ്.
ദുരിതമയമാണ് താമസവും.
കന്നുകാലികളെപ്പോലെ കിടന്നുറങ്ങേണ്ടിവന്ന
ഭൂതകാലത്തിന്റെ ഓര്‍മ്മയിലാവണം ഏതു നരകവും
അതിജീവിക്കാന്‍ ഈ മനുഷ്യര്‍ക്ക് കഴിയുന്നത്.

 

 

 

 

 

അന്നമാണ് എല്ലാത്തിന്റെയും ദൈവം.
അതിനു വേണ്ടി മാത്രമാണ് ഇതെല്ലാം.
ദേശവും ദുരിതങ്ങളും മറന്നുള്ള പലായനം.
ചെന്നിടത്തെ ദുരിതങ്ങള്‍ മറക്കാനുള്ള ഊര്‍ജം.
വിശന്നു പൊരിയുന്ന ഉറ്റവരുടെ ഓര്‍മ്മതന്നെയാവും
ഈ അടുപ്പില്‍ പുകയുന്നത്.

 

 

 

 

 

 

 

 

 

 

 

 

തൊഴില്‍ വിപണിയില്‍ ആദ്യമെത്തിയ പോരുകോഴികള്‍
തമിഴരാണ്. പൊരിവെയിലിനെ കരുത്തുകൊണ്ട് കീഴടക്കിയ
അവരിപ്പോള്‍ പഴയപോലെ സജീവമല്ല.
എങ്കിലും കേരളത്തിലെ പല ഭാഗങ്ങളില്‍ കോളനികളായും
അല്ലാതെയും വേരുറച്ചുപോയ അനേകം മനുഷ്യര്‍ ഇപ്പോഴും
തമിഴ് തന്നെ പേശുന്നുണ്ട്.
അതിലൊരാള്‍. പെരുമ്പാവൂരിനടുത്തുനിന്ന്.

 

 

 

 

പട്ടിണിയാണ് ഉറ്റവരെ വിട്ടെറിഞ്ഞ് ദുരിതങ്ങളിലേറി
വാഗ്ദത്ത ഭൂമികളിലേക്ക് ചേക്കേറാന്‍ പലപ്പോഴും മനുഷ്യരെ
പ്രേരിപ്പിക്കുന്നത്. ഇവരെയുമതു തന്നെ. ഇല്ലായ്മയുടെ തികട്ടല്‍.
ഈ ചെറിയ പയ്യനെ കേരളത്തിലെത്തിച്ചതും അതു തന്നെയാവണം.
നിറയെ ധാന്യങ്ങളുമായി പോവുന്ന ഈ വാഹനം
അവനില്‍ എന്തൊക്കെ ചിന്തകളാവും ഉണര്‍ത്തുന്നത്?

 

 

 

 

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

ആണായി പിറന്ന്, പെണ്ണായി മാറി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക സ്വദേശി ചാന്ദ്നിയുടെ ജീവിതം ഫോട്ടോഗ്രാഫുകളിലൂടെ. ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ ഫോട്ടോ എസ്സേയുടെ രണ്ടാംഭാഗം.

 

 

ആദ്യ ഭാഗം കാണാത്തവര്‍ക്കായി, ചാന്ദ്നിയുടെ ജീവിതത്തെക്കുറിച്ച അജിലാലിന്റെ കുറിപ്പ് ഇതോടൊപ്പം.

ചാന്ദ്നി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയാണ്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ആ ജീവിതം.

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദ്നിയെ ആദ്യം കണ്ടത്. ബാംഗ്ലൂരില്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അന്നവള്‍. ആ ദിവസം കുറച്ച് പടങ്ങളെടുത്തു. പിന്നീട്, ജോലി ബാംഗ്ലൂരിലേക്ക് മാറിയപ്പോള്‍ സമരങ്ങളിലും മറ്റുമായി ചാന്ദ്നിയെ പല തവണ കണ്ടു. സംസാരിച്ചു.

 

 

മൈസൂരിലെ ഹൊലേ സോസ്ലെ എന്ന കുഗ്രാമത്തില്‍ മഹാദേവപ്പയുടെയും മഹാദേവമ്മയുടെയും ഏക മകനായി ജനിച്ച കെ. എന്‍ മല്ലികാര്‍ജുന സ്വാമിയില്‍നിന്ന് ചാന്ദ്നിയിലേക്കുള്ള മാറ്റങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ജീവിതത്തെ, അതിന്റെ നാനാവിധ വൈവിധ്യങ്ങളെ പകര്‍ത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ തന്നു.

35 വയസ്സുണ്ട് ഇപ്പോള്‍ ചാന്ദ്നിക്ക്. പത്ത് വയസ്സു മുതല്‍ താന്‍ ആണല്ലെന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന് ചാന്ദ്നി പറയുന്നു. വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും അധികമാരോടും അത് പ്രകടിപ്പിക്കാനായില്ല. സ്കൂള്‍, കോളജ് പഠന കാലത്ത് ആ തിരിച്ചറിവ് ഉള്ളില്‍ ശക്തമായി. കോളജ് പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായി. പഠന ശേഷം പലയിടത്തുനിന്നും കിട്ടിയ അറിവിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ, ഹിജഡകളുടെ താവളത്തില്‍ താമസമായി.

മുടി നീട്ടി വളര്‍ത്തി, പെണ്ണുടുപ്പുകള്‍ ധരിച്ച് കഴിഞ്ഞു. എന്നാല്‍, ഇടക്കിടെയുള്ള വീട്ടിലേക്കുള്ള യാത്രകളില്‍ മുടി മൂടി തൊപ്പി വെച്ച് ആണായി നടിക്കേണ്ടി വന്നു. ഇതിനിടെ, ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനുശേഷം വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. ഇടയ്ക്ക്, ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
അവള്‍ക്ക് ഭൂമിക എന്നു പേര്. നാട്ടില്‍ അമ്മക്കും അച്ഛനുമൊപ്പം അവള്‍ കഴിയുന്നു.

ചാന്ദ്നി ഇപ്പോള്‍ ഇടക്കിടെ നാട്ടില്‍ പോവാറുണ്ട്. പണ്ടൊക്കെ ഇരുളിന്റെ മറവില്‍ ആരും കാണാതെ ചെന്ന് മടങ്ങുകയായിരുന്നു. ഇപ്പോള്‍, എല്ലാവരും കാണ്‍കെ നടക്കുന്നു. ആദ്യമൊക്കെ, പുരികം ചുളിച്ച ഗ്രാമം ഇപ്പോള്‍ ഒത്തിരി മാറി. ചാന്ദ്നിക്കൊപ്പം അവളുടെ ഗ്രാമത്തില്‍ നടത്തിയ യാത്ര അക്കാര്യം ബോധ്യപ്പെടുത്തി.

 

 

ചാന്ദ്നി

 

 

ശസ്ത്രക്രിയക്കു ശേഷം ബാംഗ്ലൂരിലെ കമ്യൂണിറ്റി ആസ്ഥാനത്തു നടന്ന പൂജയുടെ പ്രസാദവുമായി ചാന്ദ്നി.

 

 

അക്കാലത്താണ് ജീവിതത്തില്‍ ഒരു പുരുഷന്‍ കടന്നു വരുന്നത്. വേല്‍ മുരുകന്‍ എന്നായിരുന്നു പങ്കാളിയുടെ പേര്. തമിഴ്നാട്ടിലെ മഹാദേവേശ്വര ക്ഷേത്രത്തിനടുത്ത് വേല്‍മുരുകനൊപ്പം.

 

 

വേല്‍മുരുകനൊപ്പം.

 

 

ദീപ (ഇടത്) എന്ന ചങ്ങാതിക്കൊപ്പം തമിഴ്നാട്ടിലൊരിടത്ത്. വഴിക്കു കണ്ട കര്‍ഷകനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ദീപ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തു.

 

 

സംഗമയില്‍ ചേരും മുമ്പുള്ള കാലം. ബാംഗ്ലൂരി ലെ ഒരു സ്റ്റുഡിയോയില്‍ .

 

 

സംഗമയില്‍ ചേര്‍ന്ന കാലത്താണ് ഞാനാദ്യം ചാന്ദ്നിയെ കാണുന്നത്. ആദ്യമായി ഞാനെടുത്ത അവരുടെ പടം.

 

 

പിങ്കി എന്ന പട്ടിക്കൊപ്പം ചാന്ദ്നി.2004ല്‍ എടുത്ത ചിത്രം.

 

 

ഇതു ഗോവാ യാത്രാവേള. 2005ലായിരുന്നു ആ ഉല്ലാസ യാത്ര.

 

 

അവസാന ഭാഗം അടുത്ത ഞായറാഴ്ച

 

ആദ്യ ഭാഗം
ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ഇത് ചാന്ദ്നിയുടെ ജീവിതം. ആണായി പിറന്ന്, പെണ്ണായി മാറി ഇപ്പോള്‍ അങ്ങനെ ജീവിക്കുന്ന ചാന്ദ്നി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക. സഹനത്തിന്റെയും പോരാട്ടത്തിന്റയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ചാന്ദ്നിയുടെ ജീവിതം. ശ്രദ്ധേയനായ മലയാളി ഫോട്ടോഗ്രാഫര്‍ അജിലാല്‍ ആ ജീവിതത്തിലൂടെ പല കാലങ്ങളില്‍ ക്യാമറയുമായി നടത്തിയ യാത്രയാണിത്. അരികുകളിലേക്കു വലിച്ചെറിയപ്പെട്ട അസാധാരണ ജീവിതത്തിന്റെ വ്യത്യസ്തമായ രേഖപ്പെടുത്തല്‍. മൂന്ന് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ഫോട്ടോ ഫീച്ചറിന്റെ ആദ്യഭാഗം. ഒപ്പം, ക്യാമറയുമായി നടത്തിയ ആ യാത്രകളെക്കുറിച്ച അജിലാലിന്റെ ചെറുകുറിപ്പും.

 

 

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദ്നിയെ ആദ്യം കണ്ടത്. ബാംഗ്ലൂരില്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അവള്‍. അന്ന് കുറച്ച് പടങ്ങളെടുത്തു. പിന്നീട്, ജോലി ബാംഗ്ലൂരിലേക്ക് മാറിയപ്പോള്‍ സമരങ്ങളിലും മറ്റുമായി ചാന്ദ്നിയെ പല തവണ കണ്ടു. സംസാരിച്ചു.

മൈസൂരിലെ ഹൊലേ സോസ്ലെ എന്ന കുഗ്രാമത്തില്‍ മഹാദേവപ്പയുടെയും മഹാദേവമ്മയുടെയും ഏക മകനായി ജനിച്ച കെ. എന്‍ മല്ലികാര്‍ജുന സ്വാമിയില്‍നിന്ന് ചാന്ദ്നിയിലേക്കുള്ള മാറ്റങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ജീവിതത്തെ, അതിന്റെ നാനാവിധ വൈവിധ്യങ്ങളെ പകര്‍ത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ തന്നു.

 

അജിലാല്‍

 

35 വയസ്സുണ്ട് ഇപ്പോള്‍ ചാന്ദ്നിക്ക്. പത്ത് വയസ്സു മുതല്‍ താന്‍ ആണല്ലെന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന് ചാന്ദ്നി പറയുന്നു. വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും അധികമാരോടും അത് പ്രകടിപ്പിക്കാനായില്ല. സ്കൂള്‍, കോളജ് പഠന കാലത്ത് ആ തിരിച്ചറിവ് ഉള്ളില്‍ ശക്തമായി. കോളജ് പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായി. പഠന ശേഷം പലയിടത്തുനിന്നും കിട്ടിയ അറിവിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ, ഹിജഡകളുടെ താവളത്തില്‍ താമസമായി.

മുടി നീട്ടി വളര്‍ത്തി, പെണ്ണുടുപ്പുകള്‍ ധരിച്ച് കഴിഞ്ഞു. എന്നാല്‍, ഇടക്കിടെയുള്ള വീട്ടിലേക്കുള്ള യാത്രകളില്‍ മുടി മൂടി തൊപ്പി വെച്ച് ആണായി നടിക്കേണ്ടി വന്നു. ഇതിനിടെ, ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനുശേഷം വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. ഇടയ്ക്ക്, ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
അവള്‍ക്ക് ഭൂമിക എന്നു പേര്. നാട്ടില്‍ അമ്മക്കും അച്ഛനുമൊപ്പം അവള്‍ കഴിയുന്നു.

ചാന്ദ്നി ഇപ്പോള്‍ ഇടക്കിടെ നാട്ടില്‍ പോവാറുണ്ട്. പണ്ടൊക്കെ ഇരുളിന്റെ മറവില്‍ ആരും കാണാതെ ചെന്ന് മടങ്ങുകയായിരുന്നു. ഇപ്പോള്‍, എല്ലാവരും കാണ്‍കെ നടക്കുന്നു. ആദ്യമൊക്കെ, പുരികം ചുളിച്ച ഗ്രാമം ഇപ്പോള്‍ ഒത്തിരി മാറി. ചാന്ദ്നിക്കൊപ്പം അവളുടെ ഗ്രാമത്തില്‍ നടത്തിയ യാത്രം അക്കാര്യം ബോധ്യപ്പെടുത്തി.

 

 

ചാന്ദ്നി

 

 

അമ്മക്കും അച്ഛനുമൊപ്പം, ഏക മകനായി

 

 

സ്റ്റുഡിയോയില്‍ നടി ജയപ്രദയുടെ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍കുട്ടുകാരനൊപ്പം. വെള്ള ഉടുപ്പിട്ടതാണ് മല്ലികാര്‍ജുനസ്വാമി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം.

 

 

കൊലഗല ബസവ ലിംഗപ്പ കോളജില്‍ പി.യു.സിക്ക് പഠിക്കുമ്പോഴുള്ള ചിത്രം.

 

 

കോളജ് പഠനകാലത്തെ മറ്റൊരു ചിത്രം.

 

 

കോളജ് പഠന കാലത്തെ നാടകം. ഫോട്ടോ നോക്കി അതിലെ കഥാപാത്രമാവാന്‍ കിണഞ്ഞു ശ്രമിക്കുന്നൊരാളുടെ കഥ പറയുന്ന ഫോട്ടോ ആവാന്തര എന്ന നാടകം. ആദ്യമായി പെണ്‍വേഷം കെട്ടിയത് അന്നാണെന്ന് ചാന്ദ്നി.

 

 

നാടകത്തിനുശേഷം സഹ നടന്‍മാര്‍ക്കൊപ്പം. ഇടത്തുനിന്ന് രണ്ടാമത് കാണുന്നത് വസന്ത്. അവനുമായി അന്ന് മുടിഞ്ഞ പ്രണയമായിരുന്നു. അവന്റെ കല്യാണം കഴിഞ്ഞ്. മൂന്നാല് പിള്ളേരുണ്ട്. ഇപ്പോള്‍ കാണാറില്ലെന്ന് ചാന്ദ്നി.

 

 

ചാന്ദ്നിയുടെ കൈയില്‍ പച്ച കുത്തിയ പ്രണയ ചിഹ്നം.വസന്തിന്റെ ഓര്‍മ്മ. പിന്നീട്, ബ്ലേഡ് കൊണ്ട് അതു ചുരണ്ടിക്കളയാന്‍ ശ്രമിച്ചതു കാണാം.

 

 

കോളജ് പഠന ശേഷം ബാംഗ്ലൂരില്‍ കഴിയുമ്പോള്‍ പെണ്ണിനെപ്പോലെ മുടി നീട്ടി വളര്‍ത്തിയിരുന്നു. എന്നാല്‍, നാട്ടില്‍ പോവുമ്പോള്‍, മുടി മറക്കാന്‍ തൊപ്പി വെച്ചു. അങ്ങനെയൊരു നാള്‍ കുട്ടുകാരനൊപ്പം നാട്ടില്‍.

 

 

ബാംഗ്ലൂരില്‍ വിജയ കമ്യൂണിറ്റിയിലാണ് ചെന്നെത്തിയത്. ഗുരു-അമ്മ-ആയ ശോഭയുടെ കൂടെ ഹുഡി എന്ന സ്ഥലത്തായിരുന്നു താമസം. ലിംഗ മാറ്റ ശ സ്ത്ര ക്രിയ നടത്തിയ ശേഷം ബാംഗ്ലൂരിലെ വീട്ടില്‍ കഴിയുമ്പോഴുള്ള ചിത്രം

 

 

ബാംഗ്ലൂരിലെ ജീവിതത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഈയടുത്ത കാലത്താണ് അതു മാറിയത്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അച്ഛനോട് പ റഞ്ഞു, ഞാന്‍ ഇനി പെണ്ണാണെന്ന്. അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍, തുണിപൊക്കി അച്ഛനു കാണിച്ചു കൊടുക്കേണ്ടി വന്നു. ഏറെ സമയമെടുത്തു അച്ഛന്‍ ആ യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാന്‍. അതിനുശേഷം വീട്ടില്‍ നടന്ന അരിഷ്ണ കുങ്കുമ പൂജയുടെ ചിത്രം.

 

 

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

‘ആനന്ദത്തിന്‍റെ നാട്ടില്‍’ പക്ഷേ, ജ്വലിക്കുന്ന ലിംഗം ‘നോക്കല്ലേടാ കരിങ്കണ്ണാ’ എന്ന് ചൊടിച്ചുകൊണ്ട് എവിടെയും കാണാനായില്ല. ഭൂട്ടാന്‍ സംസ്കാരം അതേപടി നിലനിര്‍ത്താന്‍ രാജ്യം പാടുപെടുന്നുണ്ടെങ്കിലും തീര്‍ത്തും ‘ഗ്ലോബല്‍’ ആയിക്കൊണ്ടിരിക്കുന്ന തിമ്പു നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും കവാടങ്ങളില്‍ നിന്നും ഉദ്ധൃതലിംഗങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണത്രേ. ടൂറിസ്റുകളടക്കം തിമ്പുവിലെത്തുന്ന വിദേശികള്‍ക്ക് ഇവ പലപ്പോഴും ഒരു കൌതുകത്തേക്കാളേറെ നാണം കലര്‍ന്ന ഒരു അവജ്ഞ ഉണ്ടാക്കുന്നുവെന്നാണ് പരാതി ഒരു സിവിലൈസ്ഡ് ഷോക്ക്- ക്യാമറ കൊണ്ടും വാക്കു കൊണ്ടും ഒരാള്‍ ഒരു ദേശത്തെ പകര്‍ത്തിയ വിധം. മാധ്യമ പ്രവര്‍ത്തകനായ കെ. ആര്‍ രണ്‍ജിത്തിന്റെഭൂട്ടാന്‍ യാത്രാനുഭവം.

 

 

ഇടവഴിയിലെ ഇരുട്ടില്‍, വളവിലും തിരിവിലും പിശാചുക്കള്‍ പതിഞ്ഞുനില്‍പ്പുണ്ടാവും. സൈക്കിളില്‍ ചാരി, ബീഡിയുണ്ടോ സഖാവെ…ചുണ്ണാമ്പുണ്ടോ എന്നൊക്കെ ചോദിച്ച്. പേടിക്കരുത്. മിണ്ടാന്‍ നില്‍ക്കരുത്, ഒറ്റനടത്തം വെച്ചുകൊടുക്കണം, തിരിഞ്ഞുനോക്കരുത്… ഇരുട്ടുവീണുകഴിഞ്ഞാല്‍ ഈ പേടികളോടൊപ്പമായിരുന്നു കുട്ടിക്കാലത്തെ നടത്തം.

ഭൂട്ടാന്‍ തലസ്ഥാനം തിമ്പുവിലെ ടാന്‍ഡിന്‍ ഹോട്ടലില്‍, കട്ടിക്കമ്പളങ്ങള്‍ക്കിടയില്‍ ചുരുണ്ടുകൂടുമ്പോള്‍ ചുമരില്‍ തീതുപ്പുന്ന വ്യാളികള്‍, ചുവന്ന ചുരുളന്‍ നാക്കും ചുരുണ്ട കണ്‍പീലികളുമുള്ള പുള്ളിപ്പുലികളും സിംഹങ്ങളും… ശീതം പുതച്ചുറങ്ങിയ രാത്രികളില്‍ ഞെട്ടിയുണരുമ്പോള്‍ നാക്കുനീട്ടി, കണ്ണുചുവപ്പിച്ച് ചുറ്റും വ്യാളികള്‍…

മരണശേഷം, സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നുപൊങ്ങുമ്പോള്‍ നിങ്ങള്‍ സമ്പൂര്‍ണ ധ്യാനത്തിലായിരിക്കും. വഴിതെറ്റിക്കാനും ഭയപ്പെടുത്താനും വഴിനീളെ പിശാചുക്കള്‍ പലരൂപങ്ങളില്‍ വന്നുനില്‍പ്പുണ്ടാവും. ഭയന്ന് ധ്യാനം മുറിഞ്ഞാല്‍ പിന്നെ സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയില്‍ വഴിതെറ്റിയ ഉപഗ്രഹങ്ങളെപ്പോലെ കിടന്ന് കറങ്ങേണ്ടി വരും… ഒരു മുന്‍കരുതലെന്നോണം വ്യാളികളെയും ഭീകരജീവികളേയും കണ്ട് ശീലിക്കുന്നത് സ്വര്‍ഗ്ഗയാത്രയില്‍ പ്രയോജനപ്പെടും…ഒരു മനക്കട്ടിക്ക്! ബുദ്ധന്‍റെയും ആദിവാസി അനുഷ്ഠാനങ്ങളുടെയും ‘exotic’ സങ്കരമായ ഭൂട്ടാന്റെ വിശ്വാസം ഇതാണ്.

 

കെ.ആര്‍ രണ്‍ജിത്ത്

 

ഉന്മാദിയായ വിശുദ്ധന്‍
വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

‘ആനന്ദത്തിന്‍റെ നാട്ടില്‍’ പക്ഷേ, ജ്വലിക്കുന്ന ലിംഗം ‘നോക്കല്ലേടാ കരിങ്കണ്ണാ’ എന്ന് ചൊടിച്ചുകൊണ്ട് എവിടെയും കാണാനായില്ല. ഭൂട്ടാന്‍ സംസ്കാരം അതേപടി നിലനിര്‍ത്താന്‍ രാജ്യം പാടുപെടുന്നുണ്ടെങ്കിലും തീര്‍ത്തും ‘ഗ്ലോബല്‍’ ആയിക്കൊണ്ടിരിക്കുന്ന തിമ്പു നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും കവാടങ്ങളില്‍ നിന്നും ഉദ്ധൃതലിംഗങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണത്രേ. ടൂറിസ്റുകളടക്കം തിമ്പുവിലെത്തുന്ന വിദേശികള്‍ക്ക് ഇവ പലപ്പോഴും ഒരു കൌതുകത്തേക്കാളേറെ നാണം കലര്‍ന്ന ഒരു അവജ്ഞ ഉണ്ടാക്കുന്നുവെന്നാണ് പരാതി ഒരു സിവിലൈസ്ഡ് ഷോക്ക്!

പക്ഷേ, ധ്യാനലീനമായ കണ്ണുകളോടെ, പ്രേമപൂര്‍ണതയില്‍ കൂമ്പിയ നീണ്ട സ്ത്രെണമായ കൈവിരലുകളോടെ നഗ്നായായകാമുകിയെ പുണര്‍ന്ന്, പത്മാസനത്തില്‍ സുരതധ്യാനം പൂണ്ടിരിക്കുന്ന ബുദ്ധരൂപം പല തവണ കണ്ടു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും നിറഞ്ഞിട്ടും തുളുമ്പാത്ത ആനന്ദത്തിന്‍റെ പൂര്‍ണതയില്‍ ആ ചിത്രം ഉള്ളില്‍ അസൂയ പടര്‍ത്തി.

 

എബിയും ഷാരണും മഞ്ഞും

 

വസന്തം അകലെയായിരുന്നു
തലസ്ഥാനമായ തിമ്പു നഗരത്തിന്‍റെ തെരുവുകളില്‍ എണ്ണയില്‍ വറുക്കുന്ന ഉണക്കയിറച്ചിയുടെ ഗന്ധം. മാസങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കുമ്പോള്‍ തങ്ങിനില്‍ക്കുന്നത് ഈ മണമാണ്. മഞ്ഞുകാലത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഭൂട്ടാന്‍. നവംബറിന്റെ തുടക്കം.
ആപ്പിള്‍ മരങ്ങളില്‍ ഉണങ്ങിക്കരിഞ്ഞ, ആര്‍ക്കും വേണ്ടാത്ത പഴങ്ങള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. വാല്‍നട്ട് മരങ്ങള്‍ കായ്പൊഴിച്ചുകഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വിലകൂടിയ നെല്ല് വിളയുന്ന പാരോയിലെ പാടങ്ങള്‍ തരിശിട്ടിരിക്കുകയായിരുന്നു.

അന്ന്, ശീതം തോടുപൊട്ടിച്ച് വിരിയുന്നേയുണ്ടായിരുന്നുള്ളൂ. പുതമഞ്ഞില്‍ ഹിമാലയന്‍ ഗ്രാമങ്ങള്‍ ചുരുണ്ടുകൂടാന്‍ പിന്നെയും ദിവസങ്ങള്‍ ബാക്കിയുണ്ടായിരുന്നു. പന്നിയിറച്ചി പടവാളുപോലെ നീട്ടിച്ചീന്തി ഉണക്കിയെടുത്ത് സൂക്ഷിക്കുന്ന കാലം. ചിത്രങ്ങള്‍ വരഞ്ഞ മരജനാലകള്‍ക്കുമീതെ പഴുത്ത മുളകുമാലകളും ചീരയിലകളും പിന്നിക്കെട്ടി ഉണക്കാനിട്ടിരുന്നു. ശീതകാലത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു നഗരം.

വസന്തം അകലെയായിരുന്നു, മഞ്ഞും. എങ്കിലും തൊലിതുളച്ചുകയറാന്‍ മാത്രം തണുപ്പുണ്ടായിരുന്നു സന്ധ്യകള്‍ക്ക്. ഇരുട്ടുവീഴുന്നതോടെ ബാറുകള്‍ സജീവമാകുന്നു. ചായക്കടകളേക്കാള്‍ ബാറുകളുണ്ട് ഇവിടെ. മദ്യം – ഇ പി ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഹാരത്തിന്റെ ഭാഗമാണ്. ഒരു ‘പന്ന’ച്ചായ കുടിക്കണമെങ്കില്‍ പത്ത് രൂപ ചെലവാക്കണം. നല്ല മദ്യം വെറും അഞ്ച് രൂപയ്ക്കും കിട്ടും.

 

എബിയുടെ മര വീടിനരികെ വസന്തമെത്തിയപ്പോള്‍

 

മരങ്ങളിലെല്ലാം വസന്തം
എബിയുടെ മരവീട്ടില്‍ ഒരു രാത്രി തങ്ങി. മലമുകളില്‍ കാടിന്‍റെ ഓരത്തായി സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു വീട്. മരച്ചുവരുകള്‍ക്കിടയില്‍ തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. ചുവരിനുപുറത്ത് കാട്ടുകടന്നലുകളുടെ ഡിസൈനര്‍ കൂടാരവും. വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വിറ്റ്സര്‍ലാന്റുകാരിയായ വീട്ടുടമയ്ക്ക് ഒറ്റ ഡിമാന്‍റേ ഉണ്ടായിരുന്നുള്ളൂ. തേനീച്ചകളെ കൊല്ലരുത്, കടന്നലുകളെക്കുറിച്ച് പരാതി പറയരുത്! പക്ഷേ, ദുര്‍ബലമായ കമ്പിവേലി കടന്നെത്തി അരുമകളായ പട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന പുള്ളിപ്പുലിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല.

മരവീടിന്റെ ജനാലയ്ക്കപ്പുറം ചെറിമരങ്ങള്‍ പൂത്തതായി ഷാരോണ്‍ ഫേസ്ബുക്കിലെഴുതി. വീട്ടുമുറ്റത്തെ വാല്‍നട്ട് മരത്തേയും ചവിട്ടുപടിക്കടുത്ത് നില്‍ക്കുന്ന ആപ്പിള്‍ മരത്തേയും സ്വിസ് മദാമ്മയുടെ തക്കാളിത്തോട്ടത്തെക്കുറിച്ചും ചോദിക്കാതിരിക്കാനായില്ല. (ഭൂട്ടാനിലെ മുഴുവന്‍ തക്കാളിഇനങ്ങളും പാകിമുളപ്പിച്ച് പഴുപ്പിച്ച് വിത്തെടുത്ത് സൂക്ഷിക്കുകയാണ് ആ സ്ത്രീ. ബി.ടിയും ഹൈബ്രിഡും തക്കാളിയുടെ രൂപത്തില്‍ വരുന്ന കാലത്തെ നേരിടാന്‍ കരളുറപ്പുള്ള നാടന്‍ വിത്തുകള്‍ ശേഖരിച്ചുവെയ്ക്കുകയാണ് അവര്‍.)

കിവിമരത്തില്‍ കായ്പിടിച്ചോ.?
മരങ്ങളിലെല്ലാം വസന്തം വന്നുകഴിഞ്ഞുവെന്ന് മറുപടി.
“പക്ഷേ, ബാബ്ല (പട്ടിക്കുഞ്ഞ്)യെ കാണുന്നില്ല.”

മീശരോമങ്ങളിലെ മഞ്ഞുകണങ്ങള്‍ കുടഞ്ഞുകളഞ്ഞ് ചുരുളന്‍ നാക്കും പിരിയന്‍ കണ്‍പീലികളുമുള്ള വ്യാളി ബാബ്ലയെയും കൊണ്ട് കടന്നുകളഞ്ഞിട്ടുണ്ടാവണം.

 

രണ്‍ജിത്ത് പകര്‍ത്തിയ ഭൂട്ടാന്‍

 

 

Buddhists make a beautiful blend of the two most primary inventions of human race- the wheel and God. Prayer wheels,made of wood and covered with metal sheets with Buddhist mantras etched in, are a common at public places of Bhutan. These wheels set the rhythm of the happy, slow paced life of the Himalayan nation.

 

 

Winter was round the corner. The restaurant in Tandin Hotel, Thimphu sported a wide beautiful window painted yellow with autumn vines.

 

 

TEMPLE OF THE NEWBORN

 

 

Farmers' Market, Thimphu

 

 

This colourful woolen decorative is another means to ward off evil. A scene from the temple in Thimphu where devotees pray for the wellness of their new born. The deity of this temple is considered the guardian Budha of all children born in the valley and the new born is brought here to be 'christened' and each child is named Tandin!

 

 

FLYING ROOFS: Taj Hotel, Thimphu

 

 

FLYING ROOFS - TAJ HOTEL THIMPHU

 

 

DRAGON HOME

 

 

Red Rice valleys of Paro, the airport district of Bhutan. Fed by glacial rivers, the fertile valley rich in minerals traditionally grows one of the most expensive rice varieties.

 

 

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

എട്ടുവര്‍ഷം മുമ്പ് മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പുറത്തിറക്കിയ ‘കേരളത്തിലെ ചിത്ര ശലഭങ്ങള്‍’ ചിത്രശലഭങ്ങളെ കുറിച്ച് മലയാളത്തിലിറങ്ങിയ ഏറ്റവും ആധികാരിക പുസ്തകങ്ങളിലാന്നാണ്. പിന്നീട്, മികച്ച പരിസ്ഥിതി ഡോക്യുമെന്ററികള്‍ക്കുള്ള നിരവധി ദേശീയ ബഹുമതികള്‍ നേടിയ ബാബു കാമ്പ്രത്താണ് ഗവേഷകരായ ജാഫര്‍ പാലോട്ട്, വി.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ആ പുസ്തകം ഒരുക്കിയത്. പൂമ്പാറ്റകള്‍ക്കു പിന്നാലെ അനേക നാളുകള്‍ ക്യാമറയുമായി ബാബു നടത്തിയ സഞ്ചാരങ്ങളാണ് ആ പുസ്തകത്തിലെ അപൂര്‍വ ഫോട്ടോകള്‍ സാധ്യമാക്കിയത്. പയ്യന്നൂര്‍ സ്വദേശിയായ ബാബു പരിസ്ഥിതി പ്രവര്‍ത്തന വഴികളില്‍നിന്നാണ് ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ വഴികളിലേക്ക് നടന്നത്. ഇപ്പോള്‍ അടിമാലിയില്‍ എല്‍.ഐ.സി ഉദ്യോഗസ്ഥനാണ്. പൂമ്പാറ്റകള്‍ക്കൊപ്പം നടന്ന ആ ദിവസങ്ങള്‍ ബാബു കാമ്പ്രത്ത് എഴുതുന്നു

ബാബു കാമ്പ്രത്ത്

ഓര്‍മ്മകളില്‍ ബാക്കിയാവുന്ന
ചിത്രങ്ങള്‍

പൂമ്പാറ്റകളുടെ പിറകെ ബാല്യത്തിലെ കിനാവുകളിലൂടെന്ന പോലെ പാറി നടന്ന കാലം. ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സുപോകുന്നത് തീര്‍ച്ചയായും കാഴ്ച്ചകള്‍ക്കപ്പുറത്തേക്കു തന്നെയാണ്. പലരും ചോദിക്കുന്ന ഒരു സാധാരണ ചോദ്യമുണ്ട്. ഏതാണ് നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്ന്. അപ്പോള്‍ പറയാനുള്ള ഉത്തരം, എടുത്ത ചിത്രങ്ങളേക്കാള്‍ എടുക്കാന്‍ ബാക്കിയായ ചിത്രങ്ങളാണ് എനിക്കിഷ്ടമാണെന്നാണ്. ഈ ബാക്കിയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഈ ബാക്കിയില്‍ തന്നെയാണ് നാം ജീവിക്കുന്നതും.
ആദ്യം കയ്യില്‍ വന്ന ക്യാമറ ഒരു Zenith ക്യാമറയായിരുന്നു. കൂടെ ഒരു 100 എം.എം. ലെന്‍സും. പയങ്ങാടിക്കാരനായ അബ്ദുള്‍ ഖാദര്‍ മാഷിന്റെ കയ്യില്‍ നിന്നും കടം കൊണ്ടതായിരുന്നു അത്. അതില്‍ പകര്‍ത്തിയ നാട്ടുവേലിയിലെ ചെമ്പരത്തിപ്പൂക്കളായിരുന്നു ഞാനെടുത്ത ആദ്യത്തെ സൂക്ഷ്മ ചിത്രങ്ങള്‍.
പിന്നീട്, സീക്കിന്റെ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സി. ഉണ്ണിയേട്ടന്റെ കൂടെക്കൂടിയായിരുന്നു ചിത്രമെടുപ്പിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ക്യാമറകളെക്കുറിച്ചും ലെന്‍സിനെക്കുറിച്ചുമൊക്കെ നല്ല ധാരണയുള്ള മനുഷ്യന്‍. ഉണ്ണിയേട്ടന്റെ നിക്കോണ്‍ എ3 ക്യാമറകളും ലെന്‍സുകളുമൊക്കെ പലപ്പോഴും എന്റെ കയ്യില്‍തന്നെയായിരുന്നു. അദ്ദേഹം ട്രാന്‍സ്പരന്‍സ് ഫിലിമുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൂടെ മാടായിപ്പാറയിലൂടെ സഞ്ചരിച്ച് കൊച്ചുപൂക്കളുടെ വിശാലലോകം ക്യാമറയില്‍ പകര്‍ത്തിയത് നല്ല ഓര്‍മ്മകളാണ്.

മഞ്ഞുകാലത്തെ കുളിരണിഞ്ഞ ഒരു പ്രഭാതം. തുഷാരബിന്ദുക്കള്‍ ചൂടിനില്‍ക്കുന്ന പുല്ലുകള്‍ നിറഞ്ഞ പറമ്പിലൂടെ നടക്കുമ്പോഴാണ് തൊടിയിലെ കൊച്ചുപുളിമരത്തില്‍ പ്യൂപ്പക്കൂടുതുറന്ന് വിരിഞ്ഞ് നില്‍ക്കുന്ന “ബ്ലാക്ക് രാജ’യെന്ന പൂമ്പാറ്റ കണ്ണില്‍പെ ടുന്നത്. ക്യാമറയെടുത്ത് പുറത്തുവന്നപ്പോഴേക്കും അത് പുളിമരത്തില്‍ നിന്നും താഴെയുള്ള തോട്ടവാഴച്ചെടിയില്‍ വെയില്‍കാഞ്ഞുനില്‍ക്കുകയായിരുന്നു. ആ സമയത്ത് മാക്രോലെന്‍സ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. ക്യാമറയില്‍ നിന്ന് നോര്‍മല്‍ ലെന്‍സ് അഴിച്ച് തിരിച്ചുപിടിച്ച് മാക്രോ ആക്കിയായിരുന്നു പടമെടുത്തത്. തോട്ടവാഴച്ചെടിയുടെ ഇലത്തുമ്പത്ത് ചിറക് പൂട്ടി നില്‍ക്കുന്ന ബ്ലാക്ക് രാജയുടെ മനോഹരചിത്രം എനിക്ക് പകര്‍ത്താന്‍ കഴിഞ്ഞെങ്കിലും, പുളിയിലയില്‍ പ്യൂപ്പത്തോടിന് ചേര്‍ന്ന് നില്‍ ക്കുന്ന ബ്ലാക്ക് രാജയാണ് മനസ്സില്‍ ബാക്കിയായ ആദ്യത്തെ പൂമ്പാറ്റ ചിത്രം.

പിന്നീട് പൂമ്പാറ്റകള്‍ക്ക് പിറകെയുള്ള യാത്രകളില്‍ ഓര്‍മ്മകളില്‍ ഒരുപാട് ചിത്രങ്ങള്‍ ബാക്കിയായിട്ടുണ്ട്. വീട്ടുപറമ്പിലെ ഉറിതൂക്കിയില്‍ (ഈശ്വരമുല്ല) തൂങ്ങിയാടുന്ന ഗരുഢ ശലഭത്തിന്റെ പ്യൂപ്പയ്ക്ക് മുന്നില്‍ എല്ലാ ദിവസവും വിരിയാറായോ എന്ന് ഉറ്റുനോക്കിയ ഒരു കാലമുണ്ടായിരുന്നു. ഗരുഢ ശലഭത്തിന്റെ പ്യൂപ്പ വിരിയാന്‍ ഒരു മാസത്തോളമെടുക്കും. ദിവസവും കൈവളരുന്നോ കാലുവളരുന്നോ എന്നപോലെ ഒരകാംക്ഷ. ഒരു ദിവസം വൈകുന്നേരം നോക്കിയപ്പോള്‍ പ്യൂപ്പക്കൂട് ട്രാന്‍സ്പരന്റായി അകത്ത് ഗര്‍ഭാശയത്തില്‍ കുട്ടിയെന്ന പോലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശലഭം ചുരുണ്ട് കിടക്കുന്നു. നാളെ രാവിലെ പ്യൂപ്പക്കൂട് തുറന്ന് ചിത്രശലഭം പുറത്തുവരുമെന്ന് ഉറപ്പ്.

ബ്ലാക്ക് രാജ

വിരിഞ്ഞു വരുന്ന പൂമ്പാറ്റയെ സ്വപ്നം കണ്ട് ഒരു രാത്രി. രാവിലെ അഞ്ച് മണിക്കുതന്നെ എഴുന്നേറ്റ് ക്യാമറയുമായി പ്യൂപ്പക്കൂടിന് മുന്നില്‍ ഇരിപ്പുറപ്പിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞു, വിരിയാന്‍ യൊതൊരു ഭാവവുമില്ലാതെ ശലഭം പ്യൂപ്പക്കൂടിനകത്തുതന്നെ . നേരം പത്തുമണിയായി. പൂമ്പാറ്റ വിരിഞ്ഞില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു. രാവിലെത്തെ ചായയും ഉച്ചയൂണും എല്ലാം പ്യൂപ്പക്കൂടിന് മുന്നില്‍വച്ചു തന്നെ തീര്‍ത്തു. ഒടുവില്‍ വൈകുന്നേരമായി. അപ്പോഴാണ് പ്രിയ സുഹൃത്ത് വി.സി. ബാലകൃഷ്ണന്‍ വീട്ടിലെത്തുന്നത്. രണ്ട് പൂമ്പാറ്റ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു വരവ്. വീടിനകത്തു കയറി പൂമ്പാറ്റയുടെ ചിത്രവും കൊടുത്തു തിരിച്ചുവന്നപ്പോഴേക്കും ഗരുഡശലഭം പ്യൂപ്പക്കൂട് പിളര്‍ന്ന് പുറത്തുവന്നു കഴിഞ്ഞിരുന്നു.
ഒരുപക്ഷെ, അവന്‍ എന്നെ നോക്കി പ്യൂപ്പക്കൂടിനകത്ത് ഇരുന്നതായിരിക്കാം. ഇയാള്‍ എത്രനേരം ഇങ്ങനെ നില്‍ക്കും എന്നറിയാന്‍. എന്റെ കണ്ണൊന്ന് തെറ്റുന്നതറിയാന്‍. ഒടുവില്‍ പറ്റിച്ചേ എന്ന് പറഞ്ഞ് കൂടുതുറന്ന് പുറത്തുവന്ന അവന്റെ കുസൃതിയാണ്, ചിത്രത്തിനു പകരം പ്രകൃതി എനിക്ക് സമ്മാനിച്ചത്.
ഇത്തരം ധാരാളം കുസൃതികള്‍ നിറഞ്ഞതാണ് ഭൂമിയിലെ ജൈവലോകം. അത് ചിലപ്പോള്‍ നമ്മുടെ ക്ഷമയെ നല്ലപോലെ പരീക്ഷിക്കും. കുട്ടിക്കാലത്തെ “ഒളിച്ചുകളി’ പോലെ. എല്ലാ കളികളിലും ജയം ഒരാള്‍ക്കുമാത്രമാവില്ലല്ലൊ.

കോമണ്‍നവാഭ്

കാത്തിരുന്ന് കിട്ടാതെ പോയ ചിത്രങ്ങള്‍ നിരവധിയാണ്. അപ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുമുണ്ട്. മറ്റൊരവസരത്തില്‍ അവയുടെ തന്നെ മികച്ച ചിത്രങ്ങള്‍ പലപ്പോഴും കിട്ടാറുമുണ്ട്. അത്തരമൊരനുഭവം ഉണ്ടായത് ആറളം വന്യജീവിസങ്കേതത്തില്‍ വച്ചായിരുന്നു. പൂമ്പാറ്റകളുടെ ദേശാടനപഠനവുമായി ബന്ധപ്പെട്ട് കാട്ടിലേക്കിറങ്ങിയതായിരുന്നു. “കോമണ്‍നവാഭ്’ എന്ന സുന്ദരന്‍ പൂമ്പാറ്റ മുന്നിലൂടെ പാറിക്കളിക്കുന്നു. അന്ന് എനിക്ക് നവാഭിന്റെ ചിത്രം കിട്ടിയിട്ടുണ്ടായിരുന്നില്ല. ചിത്രമെടുക്കാന്‍ നോക്കിയപ്പോള്‍ നവാഭ് നേരെ വന്നിരുന്നത് എന്റെ മൂക്കിന്‍ തുമ്പത്ത്. പിന്നെ, ചുറ്റിപ്പറന്ന് എന്റെ തലയില്‍. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്റെതലയിലും മൂക്കിലുമൊക്കെയിരുന്ന നവാഭിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. പക്ഷെ, എനിക്ക് ഫോട്ടോ തരാതെ പെട്ടെന്ന് കാട്ടിനുള്ളിലേക്ക് അവന്‍ പറന്ന് മറഞ്ഞു. സത്യമായും ഞാന്‍ വല്ലാതെ നിരാശപ്പെട്ട ഒരു ദിവസമായിരുന്നു അത്.

പിന്നീട് ആറേഴു മാസങ്ങള്‍ക്കുശേഷം അതേ കാട്ടില്‍ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ഡോര്‍മിറ്ററിയുടെ വാതില്‍ തുറന്ന്, കാടിന്റെ കുളിരിലേക്കിറങ്ങിയപ്പോള്‍, വഴിവക്കില്‍ ചെടിയില്‍ വിരിയാറായ നവാഭ് ശലഭത്തിന്റെ പ്യൂപ്പ. നേരെ മുറിയില്‍ പോയി ക്യാമറയുമെടുത്തെത്തിയപ്പോഴേക്കും ശലഭം വിരിയാന്‍ എന്നെയും കാത്ത് നില്‍ക്കും പോലെ. രണ്ടുമൂന്ന് മിനിറ്റുകള്‍ക്കകം പ്യൂപ്പക്കൂട് ലോലമായ കാലുകള്‍ കൊണ്ട് തള്ളിത്തുറന്ന് അവന്‍ പുറത്തുവന്നു. ക്യാമറയുടെ ഷട്ടര്‍ തുറന്നടഞ്ഞു കൊണ്ടേയിരുന്നു. അകത്തെ സെല്ലുലോയഡില്‍ നവാഭ് വിരിയുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍. മുമ്പ് എനിക്ക് പിടിതരാതിരുന്ന നവാഭ് അന്ന് പറഞ്ഞിരിക്കാം നിനക്കായ് പ്രകൃതി കാത്തുവെച്ചിരിക്കുന്നത് അതിലും സുന്ദരദൃശ്യമാണെന്ന്ള്‍ എന്റെ പിറവിയുടെതന്നെ ദൃശ്യം.
പ്രകൃതി അങ്ങനെയാണ്, ചിലപ്പോള്‍ എത്രകാത്തിരുന്നാലും പിടിതരില്ല. മറ്റുചിലപ്പോള്‍ കാത്തിരിക്കാതെ തന്നെ ദൃശ്യവിസ്മയമൊരുക്കി മുന്നില്‍ വന്നുനില്‍ക്കും. ചെമ്പഴകന്റെ ചിത്രം അങ്ങനെ കിട്ടിയതാണ്.

കക്കയം കാട്ടിലൂടെയുള്ള പൂമ്പാറ്റ സവാരി. രാവിലെ തുടങ്ങിയതാണ് യാത്ര. ഉച്ചയായപ്പോഴേക്കും കാട്ടിലെ കൊച്ചു നിര്‍ച്ചാലിന് സമീപമെത്തി നോക്കിയപ്പോള്‍ ഓരത്തെ പാറപ്പരപ്പില്‍ നിറയെ ശലഭങ്ങള്‍. അടുത്തെത്തിയപ്പോഴേക്കും അവ പുള്ളിവാലന്‍ ശലഭങ്ങളാണെന്ന് മനസ്സിലായി. ക്യാമറയുമായി പാറയില്‍ കമിഴ്ന്ന് കിടന്ന്, നിരങ്ങി നീങ്ങി ശലഭങ്ങള്‍ക്ക് മുന്നിലെത്തി. തുമ്പിക്കൈ നീട്ടി ശലഭങ്ങള്‍ വെള്ളം കുടിക്കുന്നതിന്റെ ടൈറ്റ് ആംഗിള്‍ പടമെടുപ്പ് തുടങ്ങി. പുള്ളിവാലന്റെ ചിത്രങ്ങള്‍ ഇതിനു മുമ്പും കിട്ടിയിരുന്നെങ്കിലും ഇത്രയും അടുത്ത ദൃശ്യമായിരുന്നില്ല അവയൊന്നും. പെട്ടെന്ന് മറ്റൊരു ശലഭം മുന്നില്‍ വന്നിരുന്നു. ക്യാമറയുടെ കൃത്യം ഫോക്കസില്‍. ഞാന്‍ വല്ലാതെ അദ്ഭുതപ്പെട്ടു. തീരെ പ്രതീക്ഷിക്കാതെ ഒരപൂര്‍വ്വശലഭം അതും ക്യാമറയുടെ കൃത്യം ഫോക്കസില്‍ വന്നിരുന്ന് എന്റെ ചിത്രം കൂടി പകര്‍ത്തൂ എന്ന് പറയും പോലെ ഒരു അപൂര്‍വ്വാനുഭവം. ഒന്നുരണ്ട് ചിത്രമെടുത്തപ്പോഴേക്കും നോക്കെ ത്താദൂരത്തേക്ക് അവന്‍ പറന്നു പോയിരുന്നു. ഞാനാദ്യമായും അവസാനമായും ചെമ്പഴകനെ കാണുന്നത് അങ്ങനെയായിരുന്നു. ക്യാമറയുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒരു സ്വപ്നം പോലെ അവന്‍ പറന്നുപോയി. ചെങ്കല്‍ കുന്നിന്റെ പൊള്ളുന്ന വെയിലില്‍ രാവിലെ മുതല്‍ ഉച്ചവരെ പിറകെ കളിപ്പിച്ച് ഒടുവില്‍ തളര്‍ന്ന് മുന്നില്‍ വന്നിരുന്ന് എങ്ങനെ വേണമെങ്കിലും പടമെടുത്തോളൂ എന്ന് പറഞ്ഞ ബ്ലൂപാന്‍സി ശലഭം, മാടായിപ്പാറയിലെ സായാഹ്ന സവാരിയില്‍ പോക്കുവെയിലിന്റെ സുവര്‍ണ്ണശോഭയില്‍ തിളങ്ങിനില്‍ക്കുന്ന സുവര്‍ണ്ണ ആര, ചിന്നാര്‍യാത്രയില്‍ പിടിതരാതെ പോയ വൈറ്റ് ഓറഞ്ച് ടിപ്… ഓര്‍മ്മകളുടെ വാതില്‍ തള്ളിത്തുറക്കുന്നു ഇങ്ങനെ ശലഭവര്‍ണ്ണങ്ങള്‍.

വനദേവത

ഇഷ്ടപ്പെട്ട ശലഭമേതാണെന്ന ചോദ്യത്തിന് ഉത്തരമായി പലപ്പോഴും ഓര്‍ത്തെടുക്കാറ് വനദേവതയെന്ന ശലഭത്തെയാണ്. ലോലമായ ചിറകുകള്‍ സാവാധാനം ചലിപ്പിച്ച് കാടിന്റെ കനോപ്പികളിലൂടെ പ്രണയപൂര്‍വ്വം പാറി നടക്കുന്ന വനദേവതകളുടെ കാഴ്ചയ്ക്കുമുന്നില്‍ ക്യാമറ പൂട്ടി തൊഴുതുനിന്നിട്ടുണ്ട് പലപ്പോഴും. വനദേവതമാരുടെ വിവിധ ആംഗിളുകളിലുള്ള ധാരാളം ചിത്രങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. പക്ഷേ, അവയുടെ ഈ പറന്ന് നടപ്പ്, അതാണ് ഓര്‍മ്മയില്‍ ബാക്കിവെച്ച എന്നത്തേയും മികച്ച എന്റെ പൂമ്പാറ്റ ചിത്രം.
പൂമ്പാറ്റകള്‍ പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് ശലഭ ലാര്‍വ വളരുന്ന ചെടികളും തേന്‍ കുടിക്കുന്ന പൂക്കളും പൂമ്പാറ്റയെ ആഹരിക്കുന്ന തൊഴുകയ്യന്‍ പ്രാണികളും അവയെ പിടിക്കുന്ന വാവലുകളും വാവലുകള്‍ വിത്തുവിതരണം ചെയ്യുന്ന ചെടികളും അങ്ങനെയങ്ങനെ പ്രകൃതിയുടെ വിശാലലോകത്തേക്ക് തുറക്കുന്ന ജാലകം. പൂമ്പാറ്റകള്‍ക്കു പിറകെയുള്ള നടത്തം നമ്മെയെത്തിക്കുക ഈ ജീവലോകത്തേക്കു തന്നെയാണ്. അതുകൊണ്ടാണ് നമ്മള്‍ പറയുന്നത് പൂമ്പാറ്റകളെ വെറുതെ പേരുചൊല്ലി വിളിച്ചതുകൊണ്ടുമാത്രം കാര്യമില്ല എന്ന്. ശലഭവഴികളിലൂടെ നടക്കുമ്പോള്‍ നാം അറിയാന്‍ ശ്രമിക്കേണ്ടതും ഈ ജീവലോകത്തിലെ പാരസ്പര്യത്തെക്കുറിച്ചു തന്നെയാണ്.

എന്തുകൊണ്ട് ചിത്രശലഭങ്ങള്‍ എന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം അവ സുന്ദരമാണ് എന്നുതന്നെയാണ്. ശലഭച്ചിറകിന്റെ വര്‍ണ്ണഭംഗിയില്‍ ആകൃഷ്ടരാകാത്തവരുണ്ടാവില്ല. അതുകൊണ്ടുതന്നെ ശലഭസഞ്ചാരത്തിലൂടെയുള്ള പ്രകൃതിസഞ്ചാരമാണ് കുട്ടികള്‍ക്ക് പ്രകൃതി കാണിച്ചുകൊടുക്കുവാനുള്ള ഉത്തമ വഴികളിലൊന്ന്. ശലഭകാഴ്ചകളില്‍ തുടങ്ങി പ്രകൃതിയുടെ ജൈവലോകത്തേക്ക് കൈപിടിച്ചുകയറുവാനും എളുപ്പമാണ്.

ചിത്രശലഭങ്ങള്‍ പ്രകൃതിയുടെ ജൈവവൈവിധ്യത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. ഒരു നാട്ടില്‍ കൂടുതല്‍ പൂമ്പാറ്റകളുണ്ടെന്നു പറഞ്ഞാല്‍ അവിടം സസ്യസമൃദ്ധമാണ് എന്നുതന്നെയാണ് അര്‍ത്ഥം. കാരണം, ഓരോ പൂമ്പാറ്റയും മുട്ടയിടുന്നതും ശലഭപുഴു വളരുന്നതും വിഭിന്നയിനം സസ്യങ്ങളിലാണ്. ഇവയില്‍ മിക്കവയും ഔഷധസസ്യങ്ങളുമാണ്. ഇത് പഴയകാലത്തെ നമ്മുടെ നാട്ടുവൈദ്യന്മാര്‍ക്ക് അറിവുള്ള കാര്യമാണ്. നാട്ടുമരുന്ന് പറിക്കാന്‍ പോകുന്നവര്‍ക്ക് പലപ്പോഴും വഴികാട്ടികളാവുക ചിത്രശലഭങ്ങളായിരുന്നു. ഗരുഡശലഭമുണ്ടെങ്കിലും ഉറിതൂക്കി അഥവാ ഈശ്വരമുല്ലയുണ്ടെന്നും തന്നെയാണ് അര്‍ത്ഥം.
കൂടാതെ പൂമ്പാറ്റകള്‍ പാരിസ്ഥിതികാരോഗ്യത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. തെളിച്ചു പറഞ്ഞാല്‍ വിഷമുക്തഭൂമിയുടെ സൂചകങ്ങള്‍. കീടനാശിനികള്‍ ആദ്യം കൊല്ലുന്നത് ശലഭപ്പുഴുക്കളെയാണല്ലൊ. ഒരു നാട്ടില്‍ കൂടുതല്‍ ചിത്രശലഭങ്ങളുണ്ടെന്നു പറഞ്ഞാല്‍ ആ നാട് ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലമാണ് എന്നാണ് അര്‍ത്ഥം. ഇത്തരം സൂചകങ്ങളെ നാം അവഗണിക്കുമ്പോഴാണ്, തിരിച്ചു പിടിക്കാന്‍ പറ്റാത്തവിധം ഭൂമി മരിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ കാലത്ത് ഇത്തരം ആലോചനകള്‍ കൂടുതല്‍ കൂടുതല്‍ പ്രാധാന്യമേറി വരികയാണ്. ചുറ്റുപാടുകളില്‍ നിന്ന് ജൈവവൈവിധ്യം അപ്രത്യക്ഷമാകുമ്പോള്‍ ഒരു ശാസ്ത്രത്തിനും നമ്മെ രക്ഷിക്കാന്‍ പറ്റാത്തത്ര ദുരിതക്കയത്തിലേക്കാണ് നാം കൂപ്പുകുത്തുക. നമ്മുടെ നാടിനെ രക്ഷിക്കാന്‍നമുക്ക് മാത്രമെ കഴിയുകയുള്ളൂ. അതിന് ആദ്യം അറിയേണ്ടത് പ്രകൃതിയുടെ പരസ്പരാശ്രിതത്ത്വമാണ്. എല്ലാ യാത്രകളും ഒടുവില്‍ എത്തിച്ചേരുക ഈ ലോകതത്ത്വങ്ങളിലേക്കു തന്നെയാണ്. അതുകൊണ്ടായിരിക്കണം ഒരുപക്ഷേ, ശ്രീബുദ്ധന്‍ പറഞ്ഞത്: വിശ്വസാഹിത്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതിനേക്കാളേറെ ഞാന്‍ പൂമ്പാറ്റയില്‍ നിന്ന് പഠിച്ചിട്ടുണ്ട് എന്ന്.

ചില നേരങ്ങളില്‍ പൂക്കള്‍

‘അപ്പോള്‍ പൂക്കള്‍ കേടു വരില്ലേ?’
പൂക്കളോടുള്ള സ്നേഹവും ഗൃഹാതുരതയും ഒന്നിച്ചു ചേര്‍ന്നതായിരുന്നു ആ ചോദ്യം.
‘എന്തു കേടുവരാന്‍! രണ്ട് ദിവസം കഴിഞ്ഞ് അത് പ്ലാന്റിലേക്കു പോവും. പിന്നെന്തു കേട്’
‘എന്തു പ്ലാന്റ്?’
‘പെയിന്റ് നിര്‍മാണ പ്ലാന്റ് ആണെന്ന് തോന്നുന്നു. എ.വി.ടി കമ്പനിയുടേതാണ് പ്ലാന്റെന്നാണ് പറയുന്നത്. അവരുമായാണ് കരാര്‍’
‘അപ്പോള്‍ ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ലേ?’
‘എന്തറിയാന്‍. എന്തിനറിയണം. വൈകുന്നേരം കൂലി കിട്ടണം എന്നല്ലാതെ ഈ പൂക്കള്‍ എങ്ങോട്ട് പോയാലെന്താണ് സാര്‍’
-ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങളില്‍ ഒരു ക്യാമറയുടെ സഞ്ചാരം.
എഴുത്തും പടങ്ങളും ഫോട്ടോ ജേണലിസ്റ്റായ ജഹാംഗീര്‍ എം.ജെ

ഓണത്തിന് പത്തുനാള്‍ മുമ്പാണ് അവിടെ ചെന്നത്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഗുണ്ടല്‍പേട്ടയിലേക്ക് പോവുന്ന വഴിയില്‍. പൂക്കളായിരുന്നു അവിടെങ്ങൂം. കാടു പോലെ, കടലു പോലെ, ആകാശം പോലെ. കണ്ണെത്താ ദൂരത്തോളം പൂക്കള്‍. അതിനരികെ കുറേ മനുഷ്യര്‍. ആണും പെണ്ണും. അവരുടെ കൈകളില്‍ പൂക്കള്‍ പറിച്ചിടാനുള്ള ചാക്കുകള്‍.


സമീപത്ത് നിറയെ ചാക്കുകളാണ്. അവയില്‍ ലോഡു കണക്കിന് പൂക്കള്‍. സത്യത്തില്‍ പൂക്കളെ ലോഡെന്ന് വിളിക്കാനാവുമോ. ആ സംശയം തീര്‍ത്തു തന്നത് ചെമ്പരത്തിയാണ്. പൂ പറിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പാവം സ്ത്രീ.
‘ചാക്ക് ശരീരത്തോട് ചേര്‍ത്തുവെച്ച് പൂക്കള്‍ പറിച്ച് അതിലിടും. ചാക്കു നിറഞ്ഞാല്‍ കുത്തിനിറച്ച് പിന്നെയുമിടും. പരമാവധി പൂക്കള്‍ കൊള്ളണം. ചാക്കുകള്‍ അപ്പുറത്തിടും. ലോറി വന്നാല്‍ വലിച്ചു കയറ്റും.


‘അപ്പോള്‍ പൂക്കള്‍ കേടു വരില്ലേ?’
പൂക്കളോടുള്ള സ്നേഹവും ഗൃഹാതുരതയും ഒന്നിച്ചു ചേര്‍ന്നതായിരുന്നു ആ ചോദ്യം.
‘എന്തു കേടുവരാന്‍! രണ്ട് ദിവസം കഴിഞ്ഞ് അത് പ്ലാന്റിലേക്കു പോവും. പിന്നെന്തു കേട്’
‘എന്തു പ്ലാന്റ്?’
‘പെയിന്റ് നിര്‍മാണ പ്ലാന്റ് ആണെന്ന് തോന്നുന്നു. എ.വി.ടി കമ്പനിയുടേതാണ് പ്ലാന്റെന്നാണ് പറയുന്നത്. അവരുമായാണ് കരാര്‍’
‘അപ്പോള്‍ ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ലേ?’
‘എന്തറിയാന്‍. എന്തിനറിയണം. വൈകുന്നേരം കൂലി കിട്ടണം എന്നല്ലാതെ ഈ പൂക്കള്‍ എങ്ങോട്ട് പോയാലെന്താണ് സാര്‍’

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പലരില്‍നിന്നായി ചിത്രം തെളിഞ്ഞു. കുറേ കുടുംബങ്ങളുടെ ഉടമസ്ഥയിലുള്ളതാണ് ഈ പൂപ്പാടങ്ങള്‍. ഇവിടെയെത്തി ഇവരുമായി കമ്പനി കരാറുണ്ടാക്കിയതാണ്. സീസണില്‍ കമ്പനിയുടെ ആളുകള്‍ വരും. പൂക്കള്‍ കൊണ്ടുപോവും. വിത്തു കൊടുക്കുന്നതും കമ്പനിക്കാര്‍ തന്നെയാണ്. കേരളത്തിലേക്ക് ഓണ വിപണിയിലേക്കോ മറ്റിടങ്ങളിലേക്കോ ഈ പൂക്കള്‍ പോവുന്നേയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.


ചെണ്ടു മല്ലിപ്പൂക്കളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കാണാന്‍ മനോഹരം. എന്നാല്‍, മണം അത്ര ഹൃദ്യമല്ല.
ഇവര്‍ക്ക് പൂക്കളോട് ഒട്ടും കൌതുകമില്ലെന്നതാണ് രസകരമായി തോന്നിയത്. മറ്റെല്ലാ ഉല്‍പ്പന്നങ്ങളും പോലെ ഒന്നു മാത്രമാണ് ഇവര്‍ക്ക് പൂവ്. എന്നാല്‍, ഇതേ പൂവ് പൂക്കളമായി ഓണക്കേരളത്തിലെത്തുമ്പോള്‍ കൂടെ വരുന്നു മിത്തുകള്‍, നൊസ്റ്റാല്‍ജിയ, സൌന്ദര്യാസ്വാദനം…

ജൂണ്‍, ജുലൈ മാസങ്ങളിലാണ് വിത്തു നടുക. ഓഗസ്ത്, സെപ്തംബര്‍, മാസങ്ങളില്‍ പൂക്കള്‍ പറിച്ചെടുക്കും. പിന്നെ കുറേ കാലങ്ങളില്‍ ഇവര്‍ക്ക് വേറെ ജോലിയാണ്.
പടമെടുക്കുമ്പോള്‍ അവര്‍ കാണിച്ച കൌതുകം ചിരിയോടെ അവഗണിച്ച് തിരിച്ചു പോരുമ്പോഴുണ്ട് അനേകം വണ്ടികളില്‍ ചുരമിറങ്ങുന്ന പൂക്കള്‍. ഓ, ഓണമെത്തിയെന്ന് വഴികള്‍ കോട്ടുവായിട്ടു.

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

 

 

 

കളത്തിലിപ്പോള്‍ കുട്ടികള്‍..
അവരുടെ കാലില്‍ നിന്ന് കുതറിപ്പായുന്നു
കാറ്റുനിറച്ചൊരു തുകല്‍പ്പന്ത്.
അവരുടെ ചലനങ്ങളിലുണ്ട് അടങ്ങാത്ത പാഷന്‍.
ബെന്നിയാണ് ശരിയെന്ന്
കാലം തെളിയിക്കുമെന്നാണ്
എനിക്കു തോന്നുന്നത്.
ഗോവയില്‍ രണ്ട് തവണ കളിക്കാന്‍ പോയി
മികച്ച പ്രകടനം കാഴ്ച വെച്ച എമില്‍
അത് തെളിയിക്കാനുള്ള പാച്ചിലിലാണ്-
കല്‍പ്പറ്റയിലെ ഫുട്ബാള്‍ ഗ്രൌണ്ടില്‍ കണ്ട
പുത്തന്‍ താരോദയങ്ങളിലേക്ക്
ഒരു ക്യാമറയുടെ സഞ്ചാരം.
ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാല്‍
പകര്‍ത്തിയ ചിത്രങ്ങള്‍, വാക്കുകള്‍

 

 

 

 

‘ഇവനെ ഒരു ഫുട്ബോളറാക്കണം’- കൂട്ടുകാരന്‍ ബെന്നി പറഞ്ഞപ്പോള്‍ ചെറുതായി ഒന്നു ഞെട്ടി. ആദ്യമായിട്ടാണ് സ്വന്തം മകനെ ഫുട്ബാളറാക്കണമെന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കുന്നത്.
‘അതെന്താടാ, മക്കളെ ഡോക്ടറും എഞ്ചിനീയര്‍മാരുമാക്കാന്‍ എല്ലാവരും നെട്ടോട്ടമോടുന്ന കാലത്ത് നിനക്കെന്താ ഇമ്മാതിരി തോന്നല്‍’-ഞാന്‍ചോദിച്ചു.
ഒന്നുമില്ല. അവനതാണ് ഇഷ്ടം. എങ്കില്‍ അവനതാവട്ടെ’-സംശയമില്ലാതെ ബെന്നി മറുപടി പറഞ്ഞു.

 

 

 

 

 

 


കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളിന്റെ ഗ്രൌണ്ടില്‍ നടക്കുന്ന ഫുട്ബാള്‍ പരിശീലന പരിപാടിയില്‍ അംഗമാണിപ്പോള്‍ എമില്‍. രണ്ട് വര്‍ഷമായി മുടങ്ങാതെ പരിശീലനം.

 

 

 

 

എമിലിനെപ്പോലെ പല പ്രായത്തിലുള്ള അനേകം കുട്ടികളുണ്ട്. സെപ്റ്റ് എന്ന ഓര്‍ഗനൈസേഷനാണ് പരിശീലന പദ്ധതിയുടെ പുറകില്‍. ശനിയും ഞായറും വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയാണ് പരിശീലനം. കൂടാതെ എന്നും കളിയുമുണ്ട്. സെപ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ടി.ആര്‍ രാമചന്ദ്രന്‍ സദാ ഒപ്പമുണ്ട്.

 

 

 

 

‘മികച്ച കളിക്കാരാണ് ഇവിടെ വളര്‍ന്നു വരുന്നത്. ഞങ്ങള്‍ക്ക് പ്രതീക്ഷകളുണ്ട്’-എമിലിന്റെ കോച്ച് ബൈജുപറഞ്ഞു. ഫുട്ബോളിനു വേണ്ടി ജീവിതം ഉഴിച്ച വെച്ചയാളാണ് ബൈജു എന്നാണ് കുട്ടികള്‍ പറയുന്നത്. ഈയിടെ സപ്റ്റിന്റെ മികച്ച കോച്ചിനുള്ള അവാര്‍ഡ് അയാള്‍ക്കായിരുന്നു. കളിക്കളത്തിലിറങ്ങും മുമ്പ് ഇത്തിരി നേരം ബൈജുവിനോട് സംസാരിച്ചിരുന്നു. ഒരു പാവം മനുഷ്യന്‍. എന്നാല്‍, ഗ്രൌണ്ടിലിറങ്ങിയതു മുതല്‍ മട്ടു മാറി. ഇതു പോലെ തന്നെയാണ് സഹ കോച്ച് അയൂബ് ഖാനും. കളത്തിലിറങ്ങിയാല്‍ സിംഹം.

 

 

 

 

 

കളത്തിലിപ്പോള്‍ കുട്ടികള്‍. അവരുടെ കാലില്‍ നിന്ന് കുതറിപ്പായുന്നു കാറ്റുനിറച്ചൊരു തുകല്‍പ്പന്ത്. അവരുടെ ചലനങ്ങളിലുണ്ട് അടങ്ങാത്ത പാഷന്‍. ബെന്നിയാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഗോവയില്‍ രണ്ട് തവണ കളിക്കാന്‍ പോയി മികച്ച പ്രകടനം കാഴ്ച വെച്ച എമില്‍ അത് തെളിയിക്കാനുള്ള പാച്ചിലിലാണ്.

 

 

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers