saritha-k.jpg
Category archives for: സരിത കെ വേണു

മേരെ യെ ഗീത് യാദ് രഖ്നാ

 
 
 
 

അനശ്വര ഗായകന്‍ കിഷോര്‍ കുമാര്‍ മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട്. ഓര്‍മ്മയുടെ പാട്ടുവഴികളിലൂടെ കിഷോര്‍ദായ്ക്കൊപ്പം ഒരു നടത്തം. സരിത കെ വേണു എഴുതുന്നു
 
 

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.- സരിത കെ വേണു എഴുതുന്നു

 

 

ചില മനുഷ്യരുണ്ട്. കാലഘട്ടങ്ങളെ സ്വന്തം പേരിലേക്ക് വിവര്‍ത്തനം ചെയ്യുന്നവര്‍. സഹജീവികളെ മുഴുവന്‍ പ്രതിഭയാല്‍ മായ്ച്ചുകളഞ്ഞ് കാലത്തിന്റെ ചുവരെഴുത്തുകള്‍ മുഴുവന്‍ തങ്ങളുടേതാക്കുന്നവര്‍. പില്‍ക്കാലം ആ കാലങ്ങളെ ഓര്‍ത്തെടുക്കുന്നത് അവരുടെ പേരുകളിലായിരിക്കും. അന്നത്തെ ഓരോ രാപ്പകലുകള്‍ക്കും അവരുടെ മുദ്രകള്‍. ഓരോ ഇലയനക്കത്തിനും അവരുടെ വാഴ്വുകള്‍. ഓരോ കടലിരമ്പത്തിലും അവരുടെ ജീവശ്വാസം.

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.

25 വര്‍ഷം മുമ്പാണ് ആ ഉടല്‍ അവസാനമായി പാട്ടായത്. കൃത്യമായി പറഞ്ഞാല്‍, 1987 ഒക്ടോബര്‍ 13ന്. മരണമെഴുതിയ വരികള്‍ അപാരമായ ആഴത്തില്‍ മൂളി അന്നദ്ദേഹം നടന്നുപോയി. അതു കഴിഞ്ഞിത്ര നാള്‍. കൂടുന്നേയുള്ളൂ, ആ സ്വരത്തിന് ആരാധകര്‍. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ആനന്ദത്തിന്റെയും ഉന്‍മാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അനശ്വര മുദ്രകള്‍ പകര്‍ന്ന് കിഷോറിപ്പോഴും നമുക്കിടയിലിരുന്ന് പാടുന്നു…

 

 

അഭിനയം മുതല്‍ സംഗീതം വരെ
മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ 1929 ആഗസ്ത് 4ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ പിന്നീട് നടനും ഗായകനും രചിയിതാവും, സംഗീതസംവിധായകനും നിര്‍മാതാവുമൊക്കെയായി നമ്മുടെ നിത്യജീവിതത്തില്‍ നിറഞ്ഞത്. തലത്ത് മഹ്മൂദ്, മുഹമ്മദ് റഫി, മുകേഷ്, തുടങ്ങി അസാമാന്യ ഗായകര്‍ അരങ്ങുവാണിരുന്ന കാലമാണത്. ഒരുപാട് കാലമെടുത്തു കിഷോര്‍ എന്ന ഗായകന് സ്വന്തം ഇടം ഉറപ്പിക്കാന്‍.

നീണ്ട 21 വര്‍ഷങ്ങള്‍. അഭിനയമായിരുന്നു ആദ്യ തട്ടകം. നടനും ജേഷ്ഠസഹോദരനുമായ അശോക് കുമാറിന്റെ നിര്‍ബന്ധപ്രകാരമാണ് നടനായത്. അപ്പോഴും സംഗീതമായിരുന്നു മനസിലാകെ. ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം പാടിക്കൊണ്ട് നടക്കുന്നത് സംഗീത സംവിധായന്‍ ഖേം ചന്ദ് പ്രകാശ് ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ചെയ്ത ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു. പക്ഷെ അവയിലെല്ലാം അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിച്ചിരുന്നു.

സംഗീത സംവിധായകന്‍ സചിന്‍ ദേബ് ബര്‍മന്‍ അശോക് കുമാറിന്റെ വീടു സന്ദര്‍ശിച്ച വേളയില്‍ വളരെ യാദര്‍ശ്ചികമായാണ് അപ്പുറത്തെ മുറിയില്‍ സൈഗാളിനെ അനുകരിച്ച് പാടിക്കൊണ്ടിരുന്ന കിഷോറിനെ കേള്‍ക്കാന്‍ ഇടയായത്. അവിടെ പിറന്നു കിഷോര്‍ എന്ന നക്ഷത്രം. ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നില്ല എന്ന ഒറ്റകാരണത്താല്‍ സലീല്‍ ചൌെധരി കിഷോറിനെക്കൊണ്ട് പാടിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പിന്നീട് പാടിക്കേട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ മനസ്സ് മാറിയത്.

എന്നിട്ടും കിഷോര്‍ നടനാവണമെന്നു തന്നെയായിരുന്നു ജേഷ്ഠന്‍ അശോക് കുമാറിന്റെ താല്‍പ്പര്യം. ജേഷ്ഠനെ പിണക്കാതെ തന്നെ അഭിനയത്തില്‍ നിന്ന് കിഷോറിന് ഒഴിഞ്ഞുമാറണമായിരുന്നു. അതിന് കണ്ടെത്തിയ സൂത്രമായിരുന്നു, അനാവശ്യ ചേഷ്ടകളൊടെയുള്ള അഭിനയം. മികച്ച കോമഡി നടനെന്ന ഖ്യാതിയാണ് പകരം കിട്ടിയത്. കോമഡി സിനിമകള്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ കിഷോറിന്റെ ഡേറ്റിനായി കാത്തിരുന്നു. ‘ന്യൂദല്‍ഹി’ (1957), ‘ആശ’ (1957), ‘ചല്‍തി കാ നാം ഗാഡി’ (1958), ‘ജുംരൂ’ (1961), ‘ഹാഫ് ടിക്കറ്റ്’ (1962), ‘പഡോസന്‍’ (1968) എന്നീ സിനിമകളിലൂടെ എല്ലാം തികഞ്ഞൊരു കോമിക് നായകനായി കിഷോര്‍ പേരെടുത്തു.

 

 

ഉന്‍മാദിയുടെ ഉച്ചസ്വരം
ഉന്‍മത്തമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. സമാനതകള്‍ ഇല്ലാത്ത കിറുക്കുകളുടെ കൂടായിരുന്നു ആ പ്രകൃതം. അതുതന്നെയായിരിക്കും കിഷോര്‍ ഇന്നും വെറുമൊരു ഗാനത്തിനുമപ്പുറം ഓര്‍ക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. കോമഡിയായാലും, മെലഡിയായാലും, ശാസ്ത്രീയ സംഗീതമായാലും കേള്‍ക്കുന്നവന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഇത്ര ആത്മാര്‍ത്ഥമായി പാടാന്‍ കിഷോറിനുള്ള സിദ്ധി മറ്റാര്‍ക്കുമുണ്ടാവില്ല, ഒരര്‍ത്ഥത്തില്‍ റഫി സാബിനു പോലും.

അനേകം ആകാശങ്ങള്‍ ഉള്ളില്‍ നിറയ്ക്കുന്ന അനേകം കിഷോര്‍ ഗാനങ്ങളുണ്ട്. വിഷാദത്തിന്റെ പതിവു വഴിക്കപ്പുറം ഉന്‍മത്ത ഭാവങ്ങളുടെ വേലിയേറ്റമാണ് അവയില്‍ പലതിനും. അദ്ദേഹം നിര്‍മിക്കുകയും സംഗീതസംവിധാനം നിര്‍വഹിക്കുകയും ആലപിക്കുകയും ചെയ്തൊരു ഗാനം അവയില്‍ വേറിട്ടു നില്‍ക്കുന്നു?

‘കോയി ഹം ദം ന രഹാ,
കോയി സഹാര ന രഹ,
ഹം കിസി കാ ഭി ന രഹാ,
കോയി ഹമാര ന രഹ…

പല നേരങ്ങളുണ്ട് ജീവിതത്തില്‍. ഒറ്റപ്പെടലിന്റെ ഇരുള്‍ത്തുരുത്തിലേക്ക് ജീവിതം നമ്മെ വലിച്ചെറിയുന്ന നേരം നെഞ്ചോട് ചേര്‍ത്ത് പ്രതീക്ഷയിലേക്ക് വേച്ചുവേച്ചു നടക്കാന്‍ ഈയൊരൊറ്റ ഗാനം മതി.

 

കിഷോറും റഫിയും


 

കിഷോറും റഫിയും
റഫിയാണോ കിഷോറാണോ ഏറ്റവും മികച്ച ഗായകന്‍ എന്ന തര്‍ക്കം ലോകാവസാനം വരെ നീണ്ടുനില്‍ക്കും. അടുത്ത കാലം വരെ കോഴിക്കോട്ട് അത്തരം തര്‍ക്കങ്ങളും കൈയാംകളികളുമൊക്കെ പതിവായിരുന്നെന്ന് ഉള്ളില്‍ പാട്ടിന്റെ കടലുമാകാശവും സൂക്ഷിക്കുന്ന മുതിര്‍ന്ന തലമുറ പറയാറുണ്ട്.

എന്തൊക്കെ പറഞ്ഞാലും കിഷോര്‍ദയുടെ ശൈലി എന്നും വ്യതിരിക്തമായിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ആലാപാന ശൈലി. അതു തന്നെയാവണം ആരുടെ പാട്ടുകളാണ് ഏറെയിഷ്ടം എന്നുചോദിച്ചാല്‍ അഞ്ചില്‍ മൂന്നുപേരും പറയുന്ന മറുപടി കിഷോര്‍ എന്നായത്. അതിനര്‍ത്ഥം അവര്‍ക്ക് റഫിയുടെ പാട്ടുകള്‍ ഇഷ്ടമല്ല എന്നല്ല, കിഷോറിന്റെ ഗാനങ്ങളിലെ ഫീല്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ്. അനുനാസികത്വം നിറഞ്ഞ ശബ്ദം, അനായാസേന പാടാനുള്ള കഴിവ്, ഒരു പുഴ നാം അറിയാതെ നമുക്കരികിലൂടെ ഒഴുകുന്നതു പോലെ തോന്നും കിഷോര്‍ ദാ പാടുമ്പോള്‍.

കിഷോറിന്റെ പാട്ടുകള്‍ക്ക് ആവശ്യമേറിയപ്പോള്‍ നിര്‍മാതാക്കള്‍ക്ക് റഫിയെ മാറ്റി കിഷോറിനെക്കൊണ്ട് പാടിക്കേണ്ടിവന്നിട്ടുണ്ട്. റോയല്‍റ്റി പ്രശ്നത്തോടെ എല്ലാവരും റഫിയെ ഏകദേശം ബഹിഷ്കരിച്ചപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചതും കിഷോറിനായിരുന്നു. റഫി സാബിന് തന്റെ കരിയര്‍ അവസാനിപ്പിച്ചാലോ എന്നു പോലു തോന്നിയ കാലമായിരുന്നത്രെ അതൊക്കെ. എന്നാലും കിഷോറിന് റഫിയെ വലിയ ബഹുമാനമായിരുന്നു. അവര്‍ ഒന്നിച്ചുപാടിയിട്ടുള്ള ദോസ്താനയിലെ ഗാനം ‘ബനേ ചാഹെ ദുഷ്മന്‍ സമാനാ ഹമാരാ, സലാമത്ത് രഹേ ദോസ്താന ഹമാര” അതിനൊരു തെളിവാണ്.

 

 

കിഷോര്‍ -ഖന്ന- ബര്‍മ്മന്‍ കൂട്ടുകെട്ട്
1969ലിറങ്ങിയ ‘ആരാധന’ ചിലരുടെയൊക്കെ ജാതകം മാറ്റിയെഴുതിയ ചിത്രമാണ്. എല്ലാ അര്‍ത്ഥത്തിലും സൂപ്പര്‍ ഹിറ്റ്. കിഷോറിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും ആരാധനയാണ്. സച്ചിന്‍ ദേബ് ബര്‍മനായിരുന്നു സംഗീതസംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ മുഴുവനും റഫിക്കും ലതയ്ക്കും വേണ്ടിയായിരുന്നു അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ മുഴുവന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് അദ്ദേഹം രോഗാതുരനായി. ബാക്കി പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്ന ജോലി അദ്ദേഹം മകന്‍ ആര്‍.ഡി ബര്‍മനെ ഏല്‍പ്പിച്ചു.

അതില്‍ രണ്ട് പാട്ടുകള്‍ ‘മേരി സപ്നോം കി റാണി’, ‘രൂപ് തെരാ മസ്താനാ’ എന്നിവ ആര്‍.ഡി ബര്‍മന്‍ കിഷോറിനെക്കൊണ്ടു പാടിച്ചു. അതു വന്‍ഹിറ്റായി. കിഷോറും രാജേഷ്ഖന്നയും താരപദവിയിലേക്ക് ഉയര്‍ന്നു. കിഷോര്‍ -രാജേഷ്ഖന്ന- ആര്‍. ഡി ബി ത്രയം സിനിമാ പ്രേമികളുടെ ഇഷ്ടകൂട്ടുകെട്ടായി. ആരാധന(1969)യില്‍ തുടങ്ങിയ കിഷോര്‍ തരംഗം പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്നു.

എഴുപതുകള്‍ കിഷോറിന്റേതായിരുന്നു. ആര്‍ ഡി ബര്‍മന്‍ ഇക്കാലത്ത് ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം തന്നെ കിഷോറിന് വേണ്ടി മാത്രമായിരുന്നു എന്നുതോന്നിപ്പോവും. യേ ശ്യാം മസ്താനി (കടി പതംഗ്), കുച്തോ ലോഗ് കഹേം ഗേ (അമര്‍ പ്രേം), ദിയാ ജല്‍തേ ഹേ (നമക് ഹറാം), ഹമേ തുംസേ പ്യാര്‍ കിത്നാ (ഖുദ്റത്), വോ ശ്യാം കുച്ഛ് അജീബ് ഥീ (ഖാമോശീ), മെരെ നൈനാ സാവന്‍ ഭാദോം ( മെഹബൂബാ), മേരാ ജീവന്‍ ഖൊരാ കാഗസ് (ഖൊരാ കാഗസ്), ദില്‍ ഐസാ കിസീ നെ മേരാ തോഡാ(അമാനുഷ്) എന്നിങ്ങനെ .

അന്നത്തെ മിക്ക നായകന്‍മാര്‍ക്കും ഇണങ്ങുന്ന അനുനാസികത്വമാര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍, കിഷോര്‍ ശബ്ദം നല്‍കാത്ത നടന്‍മാരും കുറവാണ്. അക്കാലത്തെ എല്ലാ നായകന്‍മാര്‍ക്കും വേണ്ടി അദ്ദേഹം പാടി. എന്നാല്‍ ദേവാനന്ദിനും രാജേഷ് ഖന്നയ്ക്കുമാണ് ആ ശബ്ദം ഏറെ ഇണങ്ങിയത്.

ലക്ഷ്മികാന്ത്പ്യാരേലാലും കല്യാണ്‍ജി ആനന്ദ്ജിയും കിഷോറിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മെരെ ദില്‍മെ ആജ് ക്യാ ഹെ (ദാഗ്1973), യേ ജീവന്‍ ഹേ (പ്യാര്‍ കാ ഗര്‍1972) എന്നിവ ലക്ഷ്മികാന്ത് പ്യാരേലാലും, ഓ, സാത്തിരേ (മുഖദര്‍ കാ സികന്ദര്‍), ഖയി കേ പാന്‍ ബനാറസ് വാലാ (ഡോണ്‍), എന്നിവ കല്യാണ്‍ജി ആനന്ദ്ജിയും നല്‍കിയ മികച്ച ഗാനങ്ങളാണ്. പിന്നീട് രംഗത്തു വന്ന രാജേഷ് റോഷന്റെ ആദ്യ ഹിറ്റായ ജൂലിയിലെ ‘ദില്‍ ക്യാ കരേ ജബ് കിസീകെ’, ബപ്പി ലാഹിരിയുടെ ‘ചല്‍തെ ചല്‍തെ’ എന്നിവ അക്കാലത്തെ ജനപ്രിയ ഗാനങ്ങളായി.

 

 

ആ ഉറക്കം കളിയായിരുന്നില്ല
കിഷോര്‍ദ വല്ലാത്തൊരു നിഗൂഢതയായിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള ഒരു മിസ്ററി. തന്റെ ഉന്‍മത്തത കൊണ്ട് അദ്ദേഹം തീര്‍ത്ത ലോകം മറ്റൊന്നായിരുന്നു. പിശുക്കനും പണക്കൊതിയനുമായിരുന്നെന്നും അദ്ദേഹത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കില്ല, പുകവലിയില്ല. അനാവശ്യകൂട്ടുകെട്ടില്ല, പാര്‍ട്ടികളില്‍ പങ്കെടുക്കില്ല. ജോലികഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തനിക്ക് ഇഷ്ടമുള്ള ഹൊറര്‍ മൂവി കാണാനും, കളിപ്പാട്ടങ്ങള്‍കൊണ്ടുകളിക്കാനും, മരങ്ങളോട് സംസാരിക്കാനുമാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ഹാസ്യനടന്‍ മഹ്മൂദായിരുന്നു ആത്മാര്‍ത്ഥ സുഹൃത്ത്്.

ബംഗാളി നടിയായ റൂമ, ഹിന്ദി സിനിമ കണ്ട എറ്റവും സുന്ദരിയായ മധുബാല, നടിമാരായ യോഗിതാ ബാലി, ലീന ചന്ദ്രവര്‍ക്കര്‍ എന്നിവരൊക്കെ കിഷോറിന്റെ ഭാര്യമാരായിരുന്നു. ജീവിതത്തിലും മരണത്തിലും അദ്ദേഹം തന്റെ കുട്ടിത്തം വിട്ടില്ല. മരിച്ചപോലെ കിടക്കുക അദ്ദേഹത്തിന്റെ പ്രിയ വിനോദമായിരുന്നു. എന്നാല്‍ 1987 ഒക്ടോബര്‍ 13ന് ആ ഒളിച്ചുകളി കാര്യമായി. ആ ഉറക്കം അദ്ദേഹം ഉണര്‍ന്നില്ല. ഹൃദയാഘാതമായിരുന്നു.

ബാക്കിയായ അനേകം ഗാനങ്ങളില്‍ ഇതുമുണ്ട്. ഓരോ മറവിയെയും ഓര്‍മ്മകളിലേക്ക് പറത്തുന്ന ആ പാട്ട്.

ബീച് രാഹ് മേ ദില്‍ബര്‍
ബിഛട് ജായേ കഹി ഹം അഗര്‍
ഓര്‍ സൂനി സി ലാഗെ തുംഹെ
ജീവന്‍ കീ യെ ഡഗര്‍
ഹം, ലൌട് ആയേങ്കെ…
തും യൂഹി ബുലാത്തെ രഹ് നാ
കഭി അല്‍വിദാ നാ കഹ് നാ…
കഭി അല്‍വിദാ നാ കഹ് നാ…
 
 
 
 

കാണാമറയത്തുനിന്നും അവള്‍ കൈനീട്ടുന്നു

 
 
 
 
ജീവിതത്തിന്റെ ആഴങ്ങളോളം നീണ്ട സൌഹൃദങ്ങളുടെ കലങ്ങിമറിയലുകള്‍.
സൌഹൃദ ദിനത്തില്‍ സരിത കെ. വേണു എഴുതുന്നു

 
 

ഒരു ദിവസം പെട്ടെന്ന് മനസ്സിലാകെ അവള്‍ വന്നു നിറഞ്ഞുതുളുമ്പി. അവളെ വിളിക്കാനും സംസാരിക്കാനും എനിക്ക് തോന്നിക്കൊണ്ടേയിരുന്നു. വിളിച്ചാലും അവര്‍ ഫോണ്‍ കൊടുക്കില്ലെന്ന യാഥാര്‍ഥ്യം ഓരോ തവണയും ഫോണിനടുത്തുനിന്ന് എന്നെ തിരിച്ചു നടത്തി. മണിക്കൂറുകള്‍ക്കു ശേഷം, നട്ടുച്ചക്ക് അനിയന്‍ വീട്ടിലേക്ക് കയറിവന്നു. എടുത്താല്‍ പൊങ്ങാത്തൊരു വാര്‍ത്തയുണ്ടായിരുന്നു അവന്റെ ഉള്ളില്‍. ‘അമ്മുച്ചേച്ചി മരിച്ചു.. !’ ആ മൂന്ന് വാക്കുകള്‍ക്കൊപ്പം അവന്‍ നിര്‍ത്താതെ കരഞ്ഞു. ഒറ്റ നിമിഷത്തില്‍ ജീവിതം മുഴുവന്‍ ഞാന്‍ പെയ്തുപോയി.
അവളെ വിളിക്കാമായിരുന്നുവെന്ന് ഇന്നോര്‍ക്കുന്നു. മനസ്സു തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ, ആ മരണം വഴി മാറിയേനെ. കത്തുന്ന മരുഭൂമിയില്‍നിന്ന് ഇത്തിരി നേരമെങ്കിലും ഒരു മരുപ്പച്ചയിലെത്തിയെങ്കില്‍ അവള്‍ക്കവളെ നേര്‍ക്കുനേര്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പച്ചപ്പും പൂക്കളും ശലഭങ്ങളും ഓര്‍ത്തെടുക്കാമായിരുന്നു. എങ്കില്‍ എന്ന ഒറ്റ വാക്കു കൊണ്ട് തീര്‍ത്തൊരു സങ്കടം പിന്നീടിന്നോളം എന്നെ കീറിമുറിച്ചു കൊണ്ടേയിരിക്കുന്നു…ജീവിതത്തിന്റെ ആഴങ്ങളോളം നീണ്ട സൌഹൃദങ്ങളുടെ കലങ്ങിമറിയലുകള്‍. സൌഹൃദ ദിനത്തില്‍ സരിത കെ. വേണു എഴുതുന്നു

 

 

വിരസമായ ഒരു ഹര്‍ത്താല്‍ ദിനം. ഓഫിസില്‍ വെറുതെ മെയിലും നോക്കിയിരിക്കുമ്പോഴാണ് ആ ഇ^മെയില്‍ ഇന്‍ബോക്സിലേക്ക് പറന്നെത്തിയത്. സവിത ടി വി പ്രദീപ് വാണ്ട്സ് ടു ബി യുവര്‍ ഫ്രെന്റ് എന്ന ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷന്‍.

സവിത! പെട്ടെന്ന് എന്റെ കണ്ണുകളില്‍ അസാധാരണമായതെന്തോ നിറ്റു. അവിശ്വസനീയമായതെന്തോ. ഇതാ അവള്‍ എന്നെത്തേടിയെത്തിയിരിക്കുന്നു. ഇത്ര തികഞ്ഞിട്ടും എനിക്ക് എത്തിപ്പെടാത്ത കഴിയാത്ത ഒരുവള്‍ ഇതാ എന്റെ മൌസ്ക്ലിക്കില്‍! ആഹ്ലാദം ഉള്ളിലാകെ നിറഞ്ഞു. ലോകത്തോടു മുഴുവന്‍ സ്നേഹം തോന്നി.

ആ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യാന്‍ മനസ്സൊരുങ്ങുന്നതിനിടെ അക്കാര്യം ബോധ്യമായി. ഇവിടെ ഫെയ്സ്ബുക്ക് ബ്ലോക്കാണ്. എങ്കിലും ഇത്തിരി നേരം കാത്തിരുന്നാല്‍ സവിതയിലേക്കുള്ള വഴി വീണ്ടും എന്റെ മുന്നില്‍ തുറക്കുമെന്ന ബോധ്യം സന്തോഷമായി വന്ന് നുരഞ്ഞു. അത്ര മാത്രം ഞാനവളെ തിരഞ്ഞിരുന്നുവെന്ന് എനിക്കവളോട് പറയണം. വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് അവളുടെ വരവെന്നും പറയണം. ഓഫീസ് നേരം കഴിയാന്‍, മുറിയിലെത്തി ഫേസ്ബുക്കിലേക്ക് നടക്കാന്‍ ഞാന്‍ കാത്തുനിന്നു.

 

Painting: Liza Paizis


 

കാലത്തിനപ്പുറത്തേക്ക് ചില പട്ടങ്ങള്‍
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്. എത്ര അകലത്താണെങ്കിലും മനസ്സില്‍നിന്നൊഴിയില്ല. പ്രത്യേകിച്ച് സ്കൂള്‍- -കോളജ് പഠനകാലത്ത് മനസ്സില്‍ കയറിക്കൂടുന്ന ചിലര്‍. അങ്ങനെയാരാളായിരുന്നു അവള്‍. തൃശൂര്‍ സെന്റ്മേരീസ് കോളജില്‍ പഠിക്കുമ്പോഴാണ് ചെറുവത്തൂര്‍കാരി സവിത എന്റെ അടുത്ത സുഹൃത്തായത്. പഠനം കഴിഞ്ഞ് പിരിഞ്ഞതില്‍പ്പിന്നെ യാതൊരു വിവരവുമില്ല. എന്നോ ഒരു കത്തുവന്നു. മറുപടി അയച്ചെങ്കിലും അതിനു തുടര്‍ച്ചയുണ്ടായില്ല. രണ്ടുപേരുടേയും ജീവിതം എങ്ങിനെയൊക്കെ മാറി എന്നു ഇരുവരും അറിഞ്ഞില്ല.

ജീവിതത്തില്‍ പിന്നെയും സുഹൃത്തുക്കള്‍ വന്നു പോയി. ചിലരെ ഓര്‍ത്തു, ചിലരെ മറന്നു. ചിലര്‍ മായാത്ത സുഗന്ധമായി ഉള്ളിലെന്നും നിറഞ്ഞു. അകം ശൂന്യമാവുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞു. സവിത ടി വിയും ഇന്ദു പി ജിയും സമീര മുഹമ്മദും അമ്പിളിയും സിമി പാവുവും എല്ലാം ആ വഴിയിലുള്ളവരാണ്. കാലത്തിനുമപ്പുറത്തേക്ക് പറക്കാന്‍ ത്രാണിയുള്ള സൌഹൃദത്തിന്റെ പട്ടങ്ങള്‍.

തീര്‍ച്ചയായും, സൌഹൃദം ഒരാവരണമാണ്. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന ഒരുരൂപ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതവെയിലില്‍ ഇത്തിത്തണലായി , ഏതു ദുരിതത്തിലും താങ്ങായി ‘ചങ്ങാതി’ നമ്മുടെ ജീവിതത്തെ വിശുദ്ധമാക്കുന്നു.

ഫ്രഞ്ച് സാഹിത്യകാരന്‍ ആല്‍ബര്‍ കമുവിന്റെ വാക്കുകളിങ്ങനെ:

എനിക്കു മുന്നില്‍ നീ നടക്കരുത്,
എനിക്കു നിന്നെ പിന്തുടരാനാവില്ല.
എനിക്കു പിറകിലും നീ നടക്കരുത്,
എനിക്കു നിന്നെ നയിക്കാനറിയില്ല.
നീ എന്നോടു ചേര്‍ന്ന്, എനിക്കൊപ്പം നടക്കണം
എന്റെ തുണയാവണം.

സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. നമുക്കൊപ്പമാണ്. അതിനാലാവണം അത് മറ്റെല്ലാറ്റിനേക്കാള്‍ അമൂല്യമാവുന്നത്.

 

Painting: Maddabling


 

ചുവന്നു തടിച്ച ആ വള
ചങ്ങനാശേãരിക്കാരി അമ്പിളി ആറാംക്ളാസ്സില്‍ മാത്രമാണ് എന്നോടൊത്ത് പഠിച്ചത്. ഇന്നും ഞാനവളെ മറന്നിട്ടില്ല. നിര്‍ത്തിയിട്ടില്ല, അവള്‍ക്കായുള്ള തിരച്ചില്‍. ഏഴാം ക്ളാസിലെത്തിയപ്പോള്‍ അവള്‍ സ്കൂള്‍ മാറിപ്പോയി. പോവുമ്പോള്‍ എനിക്കൊരു ചുവന്ന തടിയന്‍ വള തന്നു. അവളുടെ ഓര്‍മക്കായി അത് വര്‍ഷങ്ങളോളം ഞാന്‍ കാത്തുവെച്ചു. പിന്നീട് കോളജുകളും ഹോസ്റലുകളും മാറി മാറി ജീവിതം നിര്‍ത്താത പാച്ചിലായതിന്റെ ഇടവേളയിലെവിടെയോ അത് കാണാതായി.

ആ വളയുടെ ഓര്‍മക്കായാണോ എന്നറിയില്ല ഇപ്പോഴും എന്റെ വളപ്പാത്രത്തില്‍ ഒരു ചുവന്ന തടിയന്‍ വളയുണ്ട്. അത് ചിലപ്പോഴൊക്കെ അമ്പിളി എന്ന ഗോതമ്പിന്റെ നിറമുള്ള മെലിഞ്ഞ പെണ്‍കുട്ടിയിലേക്കുള്ള ഓര്‍മ്മയുടെ വഴിയാണ്. വേര്‍പാടിന്റെ വേദന ആദ്യമായി സമ്മാനിച്ച എന്റെ ആദ്യസുഹൃത്തിന്റെ മുഖം ഞാനങ്ങിനെ ഓര്‍ത്തെടുക്കും. ചങ്ങനാശേãരി വരെ പോയി അവളെ കണ്ടുപിടിച്ചാലോ എന്നു പോലും തോന്നിയിരുന്നു പണ്ടൊക്കെ. ഇപ്പോള്‍ അവള്‍ എവിടെ എന്നറിയാന്‍ ഒരാഗ്രഹം.

 

Painting: Anna Bielska


 

ഇപ്പോഴില്ലാത്ത വാക്കുകള്‍
നല്ല അരിശത്തിലായിരുന്നു ഞങ്ങളന്ന്. ഞാനും അമ്മുവും. ഡോ.ജോണ്‍മത്തായി സെന്ററിന്റെ മുറ്റത്ത് ആരോടോ പിണങ്ങിയതിന്റെ ബാക്കിയാണ്. ഞങ്ങളന്ന് മഴ നനഞ്ഞാണ് അമ്മുവിന്റെ വീട്ടില്‍ പോയത്. രാത്രി മുഴുവനുമിരുന്ന് സ്ററാററിസ്ററിക്സ് നോട്ട് ഞങ്ങള്‍ പകര്‍ത്തിയെഴുതി. രാത്രി അവളുടെ വീട്ടില്‍ തങ്ങിയതിന് എന്റെ വീട്ടില്‍ നിന്ന് നല്ല വഴക്ക് കേട്ടത് ഞാന്‍ അവളോട് പറഞ്ഞിരുന്നില്ല. ഇനിയും ആ വീട്ടില്‍ പോകുമെന്നും അന്ന് അതൊക്കെ അവളോട് പറയാമെന്നും ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ, പിന്നൊരിക്കലും അവളും ആ വീട്ടിലേക്ക് പോയതേയില്ല!

തീവ്രമായ പ്രണയത്തിനൊടുവില്‍ തന്റെ ആരുമറിയാതെ അവള്‍ കോളജിലെ സഹപാഠിയെ വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ ഞങ്ങള്‍ക്കൊരു റോളും ഉണ്ടായിരുന്നില്ല. എന്നാലും അതെല്ലാം ഞങ്ങളുടെ പണിയായിരുന്നുവെന്ന് അവളുടെ വീട്ടുകാര്‍ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവര്‍ പിന്നെ അവളെ അവനുതന്നെ വിവാഹം ചെയ്തു കൊടുത്തു.

വിവാഹശേഷം അവളവന്റെ വീട്ടിലായിരുന്നു. ഒരിക്കല്‍ അമ്മുവിനെ കാണാന്‍ ഞാനാ വീട്ടില്‍ ചെന്നു. രാവിലെ ഞങ്ങള്‍ പിങ്ക് നിറത്തിലുള്ള പൂക്കള്‍ പറിക്കാന്‍ തോടിനരികിലേക്ക് പോയി. അന്നേരമാണ് അവള്‍ അവളുടെ സ്വന്തം വീട്ടുകാരെ കുറിച്ച് സങ്കടം പറഞ്ഞത്. അവളുടെ ഏക ബന്ധു ഞാന്‍ മാത്രമാണെന്ന് പെട്ടെന്നെനിക്കു തോന്നി. എന്തോ, അവിടെ നിന്ന് തിരികെ ഹോസ്റലില്‍ എത്തിയപ്പോള്‍ മനസ്സാകെ ശൂന്യമായി. ഒരു പഞ്ഞിത്തുണ്ടുപോലെ എങ്ങുമില്ലാത്ത അവസ്ഥ. പിന്നെയത് അവളോട് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അതൊന്നും നടന്നില്ല. തിരക്കായിരുന്നു. ഫൈനല്‍ സെമസ്ററിന്റെ പെടാപ്പാടില്‍ അവളെ ഓര്‍ത്തില്ല.

പിന്നെയവളെ കണ്ടത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലായിരുന്നു.ഒപ്പം അവനുമുണ്ടായിരുന്നു. ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് വരികയാണവര്‍. ഫിലിം ഫെസ്ററിവല്‍ കണ്ടും മടങ്ങുകയായിരുന്നു ഞാന്‍. അന്നവര്‍ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറി. ഞാന്‍ ജനറലിലും. കൂട്ടിന് സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും ഞാനോര്‍ത്തത് മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. ഞങ്ങളുടെ പഴയ വഴികളെക്കുറിച്ചായിരുന്നു. ഒന്നിച്ചുള്ള ആകാശത്തെക്കുറിച്ചായിരുന്നു.

അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ചു എന്നതിനേക്കാള്‍, പരസ്പരം മന:സാക്ഷി സൂക്ഷിപ്പുകാരായിരുന്നു ഞങ്ങള്‍. തുറന്ന് പറയാത്ത ഒന്നുമുണ്ടായിരുന്നില്ല ഇടയില്‍. എന്നിട്ടുമിപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ അനേകം കംപാര്‍ട്മെന്റുകള്‍. ട്രെയിന്‍ കോഴിക്കോടെത്തിയപ്പോള്‍ ഞാനും അവളും ഇറങ്ങി ഓടി അടുത്തുവന്നു, യാത്രപറയാന്‍. വീണ്ടും കാണാമെന്ന് പറഞ്ഞ് ചിരിച്ചു ചിരിച്ചു രണ്ട് വഴിക്ക് നടന്നു. തിരക്കായതിനാലാവാം, പിന്നെ കുറെ നാള്‍ വിളിക്കുകയോ മിണ്ടുകയോ ചെയ്തില്ല.

ഒരുവര്‍ഷത്തിനു ശേഷം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അവളെ വീണ്ടും കണ്ടു. അവള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടതായി ഭവിച്ചില്ല. അവള്‍ പക്ഷേ സന്തോഷവതിയായിരുന്നു. ചിതറിയ ചിന്തകളിലും നിറഞ്ഞത് ഞങ്ങളുടെ സ്വന്തം ജോണ്‍ മത്തായി സെന്ററായിരുന്നു; ആ മുളം കാടുകളായിരുന്നു.അവിടെയാണ് ക്രസ്തുമസ് ആഘോഷം നടത്തിയത്. ഫാല്‍ഗുനി പഥക്കിന്റെ ഗാനത്തിനൊപ്പം ഞങ്ങള്‍ നൃത്തം വച്ചത്. ഇത്തവണയും ആദ്യം വണ്ടിയിറങ്ങിയത് ഞാനായിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ വീണ്ടുമവളെന്റെ കൈ പിടിച്ചു. വീണ്ടും കാണാമെന്ന് പിന്നെയും ആവര്‍ത്തിച്ചു. എന്നാല്‍, പിന്നൊരിക്കലും ഞങ്ങള്‍ കണ്ടില്ല.

 

 

ഒന്നു വിളിച്ചിരുന്നെങ്കില്‍……
ഇതിനിടയിലും ഋതുഭേദങ്ങളിലൂടെ നടന്നു, ജീവിതം. ഇരുജിവിതങ്ങളും എത്രമാറി! എത്ര ചിരി ഞങ്ങള്‍ ചിരിച്ചു തളര്‍ന്നു. എത്ര കരച്ചിലുകള്‍ ഞങ്ങള്‍ കരഞ്ഞുറങ്ങി. ഓരോ നിമിഷവും ഒരായുസ്സിന്റെ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും വിളിപ്പാടകലെ അവളുണ്ടല്ലോ എന്ന തോന്നലില്‍ പലതും പിന്നീടു പറയാനായി ഞാന്‍ കാത്തുവച്ചിരുന്നുവല്ലോ!

ഒരു കര്‍ക്കടക രാത്രിയിലായിരുന്നു അത്. എന്റെ സുഹൃത്തു കൂടിയായ അവളുടെ ഭര്‍ത്താവ് മരിച്ചു. ഹൃദയാഘാതമായിരുന്നു. അവന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷമാണ് ഞാനെത്തിയത്. വീട്ടിലെത്തിയപ്പോള്‍ അവന്റെ അച്ഛന്‍ വന്നു കൈപ്പിടിച്ച് എന്നെ അവളുടെ അടുത്തു കൊണ്ടുചെന്നു. അവളെന്റെ എന്റെ പേരുവിളിച്ച് തേങ്ങി. എന്റെ മടിയില്‍ ബോധമില്ലാതെ ഏറെ നേരം കിടന്നു. ആ കൈകള്‍ ഞാന്‍ കൂട്ടിപ്പിടിച്ചു. ഒറ്റക്കല്ല, ഞങ്ങളൊക്കെ ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞു.

അവന്റെ മരണം എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നതിനുമുമ്പേ, പിറ്റേന്ന് തന്നെ അമ്മുവിനെ വീട്ടുകാര്‍ അവളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയവള്‍ ഏറെ തനിച്ചായിരുന്നു. ആരോടും മിണ്ടാതെ സദാ ടെലിവിഷനുമുമ്പില്‍ ഇരിപ്പിരുന്നു, അവള്‍. അവളെത്തേടിയെത്തിയ ഞങ്ങളാരുടെയും ഫോണ്‍കോളുകള്‍ അവരവള്‍ക്ക് നല്‍കിയില്ല. പിന്നൊരിക്കലും ഇന്ദുവിനോട് ഞാന്‍ സംസാരിച്ചതുപോലുമില്ല. ആ രണ്ടുമാസങ്ങള്‍ അവളെങ്ങനെ അതിജീവിച്ചു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഒരു പിടച്ചിലാണ്.

ഒരു ദിവസം പെട്ടെന്ന് മനസ്സിലാകെ അവള്‍ വന്നു നിറഞ്ഞുതുളുമ്പി. അവളെ വിളിക്കാനും സംസാരിക്കാനും എനിക്ക് തോന്നിക്കൊണ്ടേയിരുന്നു. വിളിച്ചാലും അവര്‍ ഫോണ്‍ കൊടുക്കില്ലെന്ന യാഥാര്‍ഥ്യം ഓരോ തവണയും ഫോണിനടുത്തുനിന്ന് എന്നെ തിരിച്ചു നടത്തി. മണിക്കൂറുകള്‍ക്കു ശേഷം, നട്ടുച്ചക്ക് അനിയന്‍ വീട്ടിലേക്ക് കയറിവന്നു. എടുത്താല്‍ പൊങ്ങാത്തൊരു വാര്‍ത്തയുണ്ടായിരുന്നു അവന്റെ ഉള്ളില്‍. ‘അമ്മുച്ചേച്ചി മരിച്ചു.. !’ ആ മൂന്ന് വാക്കുകള്‍ക്കൊപ്പം അവന്‍ നിര്‍ത്താതെ കരഞ്ഞു. ഒറ്റ നിമിഷത്തില്‍ ജീവിതം മുഴുവന്‍ ഞാന്‍ പെയ്തുപോയി.

അവളെ വിളിക്കാമായിരുന്നുവെന്ന് ഇന്നോര്‍ക്കുന്നു. മനസ്സു തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ, ആ മരണം വഴി മാറിയേനെ. കത്തുന്ന മരുഭൂമിയില്‍നിന്ന് ഇത്തിരി നേരമെങ്കിലും ഒരു മരുപ്പച്ചയിലെത്തിയെങ്കില്‍ അവള്‍ക്കവളെ നേര്‍ക്കുനേര്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പച്ചപ്പും പൂക്കളും ശലഭങ്ങളും ഓര്‍ത്തെടുക്കാമായിരുന്നു. എങ്കില്‍ എന്ന ഒറ്റ വാക്കു കൊണ്ട് തീര്‍ത്തൊരു സങ്കടം പിന്നീടിന്നോളം എന്നെ കീറിമുറിച്ചു കൊണ്ടേയിരിക്കുന്നു…

 

Painting: Erica Herbert


 

എന്തായിരിക്കും ഞങ്ങള്‍ പറയുക?
അതു കഴിഞ്ഞ് ആറുവര്‍ഷമായി. ഇന്നും ഒരോ മഴയിലും വെയിലിലും, ഇരുട്ടിലും വെളിച്ചത്തിലും, ബഹളത്തിലും മൌെനത്തിലും അവളുടെ ഓര്‍മ വന്നു പൊള്ളിക്കുന്നു. ഫെയ്സ്ബുക്കില്‍ എന്നെ തേടിയെത്തിയ കൂട്ടുകാരി സവിതയുടെ ഫോണ്‍ നമ്പര്‍ അറിയാവുന്ന കൂട്ടത്തിലെ ഒരേ ഒരാളായിരുന്നു അമ്മു. അവളോട് നമ്പര്‍ ചോദിച്ച് സവിതയെ തേടിപ്പിടിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്കും സവിതയ്ക്കുമിടയിലെ ആ ഫോണ്‍ സംഭാഷണം അനന്തമായി മുറിച്ചു കളഞ്ഞ് അമ്മു പോയ്ക്കളഞ്ഞിരിക്കുന്നു. സവിതയെ കണ്ടെത്താന്‍ ഇനി മാര്‍ഗമില്ല.

ആ വിശ്വാസത്തിലേക്കാണ്, ഇപ്പോള്‍ എന്റെ ഇന്‍ബോക്സിലേക്ക് ആ മെയില്‍ വന്നു നിന്നത്. സവിതയുടെ ഫ്രെന്റ് റിക്വസ്റ്റ്.

ഏറ്റവുമടുത്ത നിമിഷം, രണ്ടു മൌസ്ക്ലിക്കിനപ്പുറം, ഞങ്ങള്‍ മിണ്ടിത്തുടങ്ങും. അന്നേരം ഞങ്ങള്‍ക്കാദ്യം പറയാനുണ്ടാവുക അമ്മുവിന്റെ വിശേഷങ്ങളായിരിക്കും. ഒരു പക്ഷെ അവളോട് ഞാന്‍ പറഞ്ഞേക്കും -ഞാനൊന്നു വിളിച്ചിരുന്നെങ്കില്‍ ആ മരണം വഴിമാറിയേനെ എന്ന്. അപ്പോള്‍ അവള്‍ എന്തായിരിക്കും എന്നോട് തിരിച്ചു പറയുക?

 
 
 
 

നിങ്ങള്‍ക്ക് എങ്ങിനെ മരിക്കാനാവും ഖാന്‍ സാഹിബ്?

 
 
 
മെഹ്ദി ഹസനെക്കുറിച്ച് സരിത കെ. വേണു എഴുതുന്നു
 
പ്രണയത്തിലും വിരഹത്തിലും ഒരു പോലെ ചെന്നിറങ്ങാവുന്ന ഒരു കരയാണ് മെഹ്ദി ഹസന്റെ ഗസലുകള്‍. പ്രണയത്തില്‍ നമ്മെയത് മഴമേഘങ്ങളിലേക്ക് വിരുന്നു കൊണ്ടുപോവും. പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിച്ചു തരും. വിഷാദത്തിലോ അത് നമ്മെ ഒരു ദ്വീപിലേക്ക് പറത്തും. ഹൃദയമുറിവുകളില്‍ തീകോരിയിടും.
പുസ്തകതാളുകളില്‍ ഓര്‍മ്മയുടെ ജീവനേറി, വരണ്ടുനില്‍ക്കുന്ന ഉണങ്ങിയ പൂക്കള്‍ പോലെ എന്നും ഉള്ളിലുണ്ടാവും ആ സ്വരം. ഉച്ചരിക്കപ്പെട്ടൊരു വാക്കാണ് മെഹ്ദി. അകമേ ഗാനമായൊരാള്‍. എത്രകേട്ടാലും മതിവരാത്ത ഒരു ഗസലിന് മരണമുണ്ടോ?- പാട്ടിന്റെ പാതിവഴിയില്‍നിന്ന് ഇറങ്ങിപ്പോയ മെഹ്ദി ഹസന് പാട്ടോര്‍മ്മകളാല്‍ ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

 

 

ദിനപത്രങ്ങളുടെ ഡെസ്ക്കുകള്‍ ചിലനേരം അത്ര വിരസമല്ല. പ്രത്യേകിച്ചും ഏഴുമണിക്കു ശേഷം. അടുത്ത അഞ്ചു മിനിറ്റിനകം പേജ് വിടണം എന്ന ചിന്തയില്‍ എല്ലാവരും സ്വയം മറന്ന് പണിയെടുന്നതിന്റെ സുഖം, കൈകളുടെ തിടുക്കം, കണ്ണുകളിലെ ഏകാഗ്രത, അവസാന നിമിഷത്തെ ഓടിച്ചുനോട്ടം, എവിടെയെങ്കിലും ഒരക്ഷരം കൂടുതലോ, കുറവോ ഇല്ലെന്നുറപ്പ് വരുത്തി അവസാന ബട്ടര്‍പ്രിന്റും വിട്ടാല്‍ പിന്നെ ആശ്വാസത്തിന്റെ ഒരു ശ്വാസമെടുക്കലാണ്. ഇനി അരമണിക്കൂര്‍ കാത്തിരുന്നാല്‍ ഫസ്റ്റ് എഡീഷന്‍ എത്തും.

ട്രെയിനിങ് പിരീഡില്‍ അങ്ങിനെയൊരു കാത്തിരിപ്പിനിടയിലാണ് ദ്വൈവാരികയുടെ ഡെസ്ക്കില്‍ പെട്ടെന്നൊരു മെഹ്ഫില്‍ സജ്ജമായത്. ഹിന്ദിഗാനങ്ങള്‍ പാടുകയും അവ വിവര്‍ത്തനം ചെയത് ഗാനങ്ങളുടെ അര്‍ത്ഥമനോഹാരിതയില്‍ ഇങ്ങനെ അന്തംവിട്ടിരിക്കുകയും ചെയ്യുന്ന കാലം. അപ്പോഴാണ് സഹപ്രവര്‍ത്തകന്റെ അപേക്ഷ, ഈ ഗാനമൊന്നു അര്‍ത്ഥം പറഞ്ഞു തരുമോ? അതും ഒരുവെള്ളകടലാസില്‍ പകര്‍ത്തിയെഴുതിയ ഗാനം.

”റഫ്താ റഫ്താ വോ മേരെ
ഹസ്തി കെ സമാന്‍ ഹോഗയെ”

ഹോ!
പ്രണയത്തിന്റെ ഒരു മിന്നല്‍പ്പിണര്‍ ഒറ്റശ്വാസത്തില്‍ ഞരമ്പുകളിലൂടെ കടന്നുപോയി. ത്രസിപ്പിക്കുന്ന ആ നിമിഷം ബോധാബോധങ്ങള്‍ക്കിടയിലെ ഏതോ മഴക്കാട്ടില്‍നിന്നും ഒരു പക്ഷി ചിറകടിച്ചുയര്‍ന്നു. പൊടുന്നനെ, മഞ്ഞച്ചിറകുള്ള അനേകം ചിത്രശലഭങ്ങള്‍ ഭൂമിയാകെ വലയം ചെയ്തു. അവയ്ക്കിടയിലൂടെ, ആ വരികള്‍ക്കു പിന്നാലെ, അപ്പുറമിപ്പുറം പ്രണയം കലമ്പുന്ന ആ ഗസലിനു പിന്നാലെ സ്വപ്നത്തിലെന്നോണം നടന്നു.

 

ILLUSTRATION: JAMAL KHURSHID


 

അതു കഴിഞ്ഞിപ്പോള്‍ കാലമേറെയായി. എന്നാല്‍, ഇപ്പോഴുമോര്‍മ്മയുണ്ട്, മഞ്ഞച്ചിറകുള്ള പൂമ്പാറ്റകളുടെ ആ ദിവസം. പിന്നീട്, പ്രണയവും വിരഹവും തുന്നിപ്പിടിപ്പിച്ച പാട്ടുകളുടെ ആ കടലിലേക്ക് പതിയെപ്പതിയെ ഇറങ്ങിച്ചെന്നു. ഉള്ളിലെ എല്ലാ കടലിളക്കങ്ങളിലും ആ തണലില്‍ചെന്നുനിന്നു.

അതുവരെ ഹിന്ദി ചലചിത്രഗാനങ്ങളോടുമാത്രമുണ്ടായിരുന്ന പ്രണയം ഗസലിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആ ഗാനത്തിനായി. അതൊരുപക്ഷേ, ആ നാളുകളുടെ മാത്രമല്ല, ആ ദേശത്തിന്റെ കൂടി പ്രത്യേകതയാവും. കോഴിക്കോടിന് അങ്ങിനെയൊരു ഗുണമുണ്ട്, നാം അറിയാതെ തന്നെ ആ നഗരം അതിന്റെ ഉന്‍മാദങ്ങളിലേക്ക് നമ്മെക്കൂടി ജ്ഞാനസ്നാനം ചെയ്യും.

പിന്നീട് പല മെഹ്ഫിലുകളിലും ആ ഗാനം പലരും പാടി ഞാന്‍ കേട്ടിട്ടുണ്ട് എന്നാല്‍ ആ ദിവസം മനസ്സില്‍ പതിഞ്ഞതുപോലെ അതെന്നെ സ്പര്‍ശിച്ചിട്ടില്ല. സ്വര്‍ഗവുമായി അത്രയടുത്തായിരുന്നു അന്നാ ഗാനം.

ദ്രുപദ്, തുംരി, ഖയാല്‍, ദാദ്ര, തപ, നസം, ഗമര്‍, മുജ്റ എന്നൊന്നും പറഞ്ഞാല്‍ എന്നിലെ സാധാരണക്കാരിക്ക് മനസിലാവില്ല. എല്ലാം സംഗീതം എന്ന ഒറ്റവാക്കില്‍ ചേര്‍ത്തുവയ്ക്കും, ഞാന്‍. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ, ആത്മാര്‍ത്ഥമായി അത് ആര് ആലപിച്ചാലും കണ്ണുകള്‍ നിറയുന്നത് ഞാനറിയാറുണ്ട്. ഓരോ ഗാനത്തിലേയും വാക്കുകളെ ഹൃദയത്തോട് ചേര്‍ത്ത് അത് അത്രയും എന്റേത് എന്നു കരുതാറുണ്ട്. ആ സ്വരം, അത് എനിക്ക് വേണ്ടി മാത്രം പാടുകയാണെന്നും.

അത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു സ്വരമായിരുന്നു മെഹ്ദി ഹസ്സന്‍ . ഭാവമായിരുന്നു. അവാച്യമാണ് അതിന്റെ ഓരോ കേള്‍വിയും. ആ കണ്ഠത്തില്‍ നിന്നു തന്നെ അനുഭവിച്ചറിയുമ്പോള്‍ ആ വരികള്‍ക്ക് ആഴമേറും. അതാണ് അതിന്റെ പരിപൂര്‍ണത.

‘ഹമേ കോയി ഗം നഹീ ഥ
ഗംഏ ആഷിഖി സെ പെഹ് ലേ
നാ ഥി ദുശ്മനി കിസീ സെ
തുമ്ഹാരി ദോസ്തീ സെ പെഹ് ലേ’

(ദുഃഖം മാത്രം നല്‍കിയ ഈ പ്രണയത്തിനുമുമ്പ് എനിക്ക് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. നിന്റെയീ സൌെഹൃദത്തിനുമുമ്പ് എനിക്ക് ആരോടും ശത്രുതയും ഉണ്ടായിരുന്നില്ല)

 

 

ഹൃദയം കീറിയെടുത്തു പോവുന്ന സ്നേഹബന്ധങ്ങളുടെ നഷ്ടപ്പെടലുകള്‍ നമ്മെ പാട്ടുകളിലേക്ക് കൊളുത്തിയിടുന്നു. പ്രത്യേകിച്ചും ഗസലുകളോട്. ഗസലില്‍ ഹൃദയം ഹൃദയത്തെയും, ദുഃഖം ദു:ഖത്തെയും സ്നേഹം സ്നേഹത്തെയും കണ്ടെത്തുന്നു. വിഷാദത്തിന്റെയും പ്രണയത്തിന്റെയും നദികള്‍ ഒന്നിച്ചു ചേരുന്നു.

‘ദുനിയാ കിസി കെ പ്യാര്‍ മെ
ജന്നത്ത് സെ കം നഹി’

ഒരാളോടുള്ള പ്രണയത്തില്‍ ലോകം സ്വര്‍ഗത്തേക്കാള്‍ കുറഞ്ഞൊന്നല്ലെന്നു പാടി വിശ്വസിപ്പിച്ച അദ്ദേഹം തന്നെ പാടിയത് ഇങ്ങനെയാണ്:

‘പ്യാര്‍ നാ കര്‍നാ തും കിസീ സെ
പ്യാര്‍ ഹെ മന്‍ കാ ഭൂല്‍’
(നിങ്ങള്‍ ഒരിക്കലും പ്രണയിക്കരുത്. പ്രണയം മനസ്സിന്റെ ഒരു ഓര്‍മത്തെറ്റാണ്)

വല്ലാത്തൊരടുപ്പമുണ്ട് ഖാന്‍സാഹിബിന്റെ ഗസലുകള്‍ക്ക്. അത് മറ്റാരുടേയുമല്ല. നമ്മുടെ സ്വന്തം. നമുക്ക് കേള്‍ക്കാനുള്ളത്. നമ്മുടെ മനസ്സറിയുന്നത്. ഏറ്റവുമടുപ്പമുള്ള ആരോ ആരോ എന്റെ മനസ്സിന്റെ നേര്‍പ്പകര്‍പ്പ് കാതോരം മന്ത്രിക്കുന്നതുപോലൊരനുഭവം.

‘ഗസബ് കിയാ തേരേ വാദേ പെ ഐത്ബാര്‍ കിയാ
തമാം രാത് ഖയാമത് കാ ഇന്ദ്സാര്‍ കിയ’

(നിന്റെ വാക്കിനെ ഞാന്‍ വിശ്വസിച്ചത് ആശ്ചര്യം തന്നെ, ഒരുരാത്രി മുഴുവന്‍ അസംഭവ്യമായതിനു വേണ്ടി ഞാന്‍ കാത്തിരുന്നു.)

 

 

പ്രണയത്തിലും വിരഹത്തിലും ഒരു പോലെ ചെന്നിറങ്ങാവുന്ന ഒരു കരയാണ് മെഹ്ദി ഹസന്റെ ഗസലുകള്‍. പ്രണയത്തില്‍ നമ്മെയത് മഴമേഘങ്ങളിലേക്ക് വിരുന്നു കൊണ്ടുപോവും. പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിച്ചു തരും. വിഷാദത്തിലോ അത് നമ്മെ ഒരു ദ്വീപിലേക്ക് പറത്തും. ഹൃദയമുറിവുകളില്‍ തീകോരിയിടും.

‘ജൈസെ തുത്സെ ആത്തെ ഹെ
ന ആനെ കെ ബഹാനേ
ഏസെ ഹി കിസി രോസ്
ന ജാനെ കെ ലിയേ ആ
രഞ്ചിഷേ ഹി സഹി
ദില്‍ ദുഃഖാനേ കെലിയേ ആ’

(‘എന്നിലേക്ക് വരാതിരിക്കാനുള്ള ഒഴികഴിവ് നിനക്കറിയാം. അതുപോലെ ഒരിക്കലും എന്നെ വിട്ടുപോകാതിരിക്കാനായി എപ്പോഴെങ്കിലും നീ ഒന്നു വാ. ദുഃഖമാണെങ്കിലും എന്റെയീ ഹൃദയത്തെ ദുഃഖത്തിലാഴ്ത്താന്‍ വേണ്ടി വന്നാലും’).

സംഗീതം ദൈവത്തിന്റെ ഭാഷയാണ്. അതിനാണ് ഭൂമിയില്‍ ഗായകര്‍ സൃഷ്ടിക്കപ്പെട്ടത്. ദൈവ സ്പര്‍ശത്തിന്റെ മാനുഷിക വിവര്‍ത്തകര്‍, അവര്‍. അതിനാല്‍, ദൈവത്തെപ്പോലെ ഗായകര്‍ക്കും മരണമില്ല. അവരുടെ തൊണ്ടയില്‍നിന്ന് ഭൂമിയെ വലംവെച്ച വാക്കുകള്‍ക്കും. മെഹദി ഹസന്‍ അത്തരമൊരു വാക്കാണ്. അദ്ദേഹത്തിന്റെ തന്നെ ഗസല്‍കൊണ്ടു പൂരിപ്പിച്ചാല്‍

‘മേരി യാദ് ഹോഗി ജിദര്‍ ജാവോഗേ തും
കഭി നഗമ ബന്‍കെ കഭി ബന്‍കെ ആസൂ..
(‘എവിടെപ്പോയാലും എന്റെ ഓര്‍മ നിന്നിലേക്ക് വരും, ചിലപ്പോള്‍ ഒരു കവിതയായി, ചിലപ്പോള്‍ കണ്ണുനീരായി’) .

അതെ, ഖാന്‍ സാഹിബ്, രാത്രി നീളെ അസംഭവ്യമായതിനുവേണ്ടി ഞങ്ങള്‍കാത്തിരിക്കാം. കാരണം ഞങ്ങള്‍ക്കറിയാം, ഇപ്പോള്‍ നമ്മള്‍ പിരിഞ്ഞാലും പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉച്ചസ്ഥായികളില്‍ സ്വപ്നമായെങ്കിലും താങ്കള്‍ക്ക് വരാതിരിക്കാനാവില്ല. ആ സ്വരം നല്‍കുന്ന സാന്ത്വനം പുതയ്ക്കാതെ ഞങ്ങള്‍ക്ക് അതിജീവിക്കാനും.

പുസ്തകതാളുകളില്‍ ഓര്‍മ്മയുടെ ജീവനേറി, വരണ്ടുനില്‍ക്കുന്ന ഉണങ്ങിയ പൂക്കള്‍ പോലെ എന്നും ഉള്ളിലുണ്ടാവും ആ സ്വരം. ഉച്ചരിക്കപ്പെട്ടൊരു വാക്കാണ് മെഹ്ദി. അകമേ ഗാനമായൊരാള്‍. എത്രകേട്ടാലും മതിവരാത്ത ഒരു ഗസലിന് മരണമുണ്ടോ?

കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് ആരംഭിച്ച ബ്രഹ്മാണ്ഠ തുണിക്കടയുടെ ലേഡീസ് ഹോസ്റലില്‍ അടുത്തിടെയായി സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. പകലുമുഴുവന്‍ ക്യാമറയിലൂടെയും അല്ലാതെയും തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന മാനേജ്മെന്റിന് പെണ്‍കുട്ടികളുടെ രാത്രികളെയും നിരീക്ഷിക്കണമെന്നത് ചില അസുഖങ്ങളുടെ ലക്ഷണമാണ്. ചില തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. അവരില്‍ ഒരാള്‍ ഈയിടെ രാജിവയ്ക്കുകയും ചെയ്തു. മാനേജ്മെന്റിന് അനുയോജ്യരല്ലെന്നു കണ്ടാല്‍ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയാണ് ഇവിടങ്ങളിലെ പതിവ്. അല്ലെങ്കിലും ചില സമയം മനുഷ്യര്‍ മനുഷ്യരേ അല്ലെന്നാണ് മറ്റു ചില മനുഷ്യരുടെ വിചാരം. പിന്നെയും എന്തിനു തുടരുന്നു എന്നു ചോദിച്ചാല്‍, ജീവിക്കേണ്ടേ മാഷെ എന്ന ഉത്തരം വരും ഞൊടിയിടയില്‍- – പരസ്യങ്ങളിലൂടെ നിരന്തരം നമ്മുടെ ജീവിതങ്ങളില്‍ കയറിയിറങ്ങുന്ന മധുരമനോഹര തുണിക്കഥകളില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ പച്ചജീവിതം. സരിത കെ. വേണുവിന്റെ കോളം ആരംഭിക്കുന്നു

 

 

മനസ്സിനിണങ്ങിയ മംഗല്യപട്ടും സ്വപ്നം കണ്ടു കഴിയുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് മധുരസ്വപ്നങ്ങള്‍ ഏകാന്‍ ചിലര്‍ എത്തുമ്പോള്‍, വഴിമാറുന്ന മറ്റു ചില ജീവിതങ്ങളെക്കുറിച്ച് ഒരുപാടു നമ്മള്‍ കേട്ടിരിക്കും. ഇനിയും കേള്‍ക്കും. അത് അങ്ങിനെ കേട്ടുകൊണ്ടേയിരിക്കും. ചിലത് നമ്മെ അലോസരപ്പെടുത്തും. അപ്പോഴും നമുക്കിടയിലെ ചിലര്‍ കിനാവിന്റെ ജാലകം ഇങ്ങനെ മെല്ലേ മെല്ലേ തുറന്നിട്ട്, തങ്ങളെ വിണ്ണില്‍ നിന്നും ഇറങ്ങിവന്ന താരങ്ങളെപ്പോലെ അണിയിച്ചൊരുക്കാന്‍ ആരെയെങ്കിലും കാത്തിരിക്കുകയാവും.

സത്യം പറഞ്ഞാല്‍ എന്റെ സ്വപ്നത്തിലെ മംഗല്യപ്പട്ട് ഇന്ന നിറത്തിലായിരിക്കണം, ഈ കടയില്‍ നിന്നായിരിക്കണം എന്നൊക്കെ ഓര്‍ത്ത് അന്തംവിട്ടിരിക്കുന്ന പെണ്ണുങ്ങള്‍ കേരളത്തില്‍ എണ്ണത്തില്‍ എത്ര വരും? വളരെ തുച്ഛമായിരിക്കും ആ സംഖ്യ എന്നത് ഉറപ്പാണ്. മറിച്ച് ഈ നാട്ടിലെ പകുതിയോളം പെണ്‍പിള്ളേരെങ്കിലും ഇത്തരം പട്ടുസാരികള്‍ വില്‍ക്കുന്ന കടകളിലെ സെയില്‍സ് ഗേളുകളാണ് എന്നതാണ് വാസ്തവം. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും സപ്തവര്‍ണങ്ങളില്‍ നെയ്തെടുത്തവയായിരിക്കില്ല. അവര്‍ക്ക് പറയാന്‍ ഒരു സാരിയുടെ കഥ മാത്രമാവില്ല. അവരുടെ നിദ്രകളില്‍ കിനാവിന്റെ ജാലകമാവില്ല. കൂട്ടായി വരിക മധുരസ്വപ്നങ്ങളാവില്ല. പകരമായി അവര്‍ പറയുന്നത് സ്വപ്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ എരിയുന്ന ജീവിതമായിരിക്കും.

കഴിഞ്ഞ മെയ്ദിനത്തോടനുബന്ധിച്ച് ‘പെണ്‍കൂട്ട്’ കോഴിക്കോട് സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവരുടെ പറച്ചില്‍ നേര്‍ക്കു നേര്‍ കേട്ടു. കാല്‍പ്പനികതയുടെ ഇത്തിരി സ്പര്‍ശം പോലുമില്ലാത്ത ജീവിതത്തിന്റെ തീപ്പടര്‍പ്പുകളായിരുന്നു അവരുടെ വാക്കുകളില്‍. സ്വന്തം അനുഭവങ്ങള്‍, സഹജീവികളുടെ അനുഭവങ്ങള്‍ അവര്‍ പറയുമ്പോള്‍ ഉള്ളിലൂടെ പല വട്ടം അമ്പരപ്പിന്റെ മിന്നല്‍ പാഞ്ഞു.

നഗരത്തിലെ പ്രമുഖ ടെക്സ്റൈല്‍സ് ഷോറൂമിലെ സെയില്‍സ് ഗേള്‍സായിരുന്നു അവര്‍. മൂന്ന് പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ വാള്‍മുനയില്‍ നടന്നു നടന്ന് കാലുകള്‍ മുറിഞ്ഞു കീറിയവരുടെ നിസ്സഹായമായ ദൈന്യതയായിരുന്നു അവരുടെ വാക്കുകളില്‍. ‘ഇതൊന്നും ആരോടും പറയാന്‍ പറ്റില്ല’ എന്ന മുഖവുരയോടെയാണ് അവര്‍ പറയാന്‍ തുടങ്ങിയത്.

 

 

ഏറ്റവും വിലപ്പെട്ട 20 മിനിറ്റുകള്‍
350ഓളം ജീവനക്കാരുള്ള ആ വലിയ ഷോറൂം ചുറ്റിനും ക്യാമറകളാല്‍ സുരക്ഷിതമാണ്. ഹോസ്റലില്‍ നില്‍ക്കാന്‍ സന്നദ്ധരായവര്‍ക്കുമാത്രമേ അവിടെ ജോലി നല്‍കൂ എന്ന് ഇന്റവ്യൂവിന്റെ ദിവസം പറഞ്ഞാണ് മാനേജ്മെന്റ് അവരെ ജോലിക്കെടുത്തത്. ഭക്ഷണംതാമസം, പിന്നെ 8000 രൂപ ശമ്പളം എന്നൊക്കെ പറഞ്ഞപ്പോള്‍ ആരും എതിരു പറഞ്ഞില്ല. 9.30 തുടങ്ങുന്ന ജോലി അവസാന കസ്റമര്‍ എപ്പോള്‍ ഷോറൂം വിട്ടു പോകുന്നോ അപ്പോള്‍ മാത്രമേ തീരാവൂ. അത് 12 മണിയായലും അങ്ങിനെത്തന്നെ. എത്ര വൈകി ഹോസ്റലില്‍ പോയാലും രാവിലെ ഒമ്പത് മണിക്ക് ഷോറൂമില്‍ ഹാജരുണ്ടാവണം. അല്ലെങ്കില്‍ എച്ച് ആര്‍ മാനേജരുടെ ശകാരം ബോണസ്സായി ലഭിക്കും.

ഇതൊക്കെയാണെങ്കിലും അവിടെ ഭക്ഷണം സൌജന്യമാണ്. വ്യത്യസ്തനിലകളിലായി പരന്നു കിടക്കുന്ന വിശാല ഷോറൂമിലെ ഓരോ ഫ്ളോറില്‍ നിന്നും 4 പേരെ വീതം മാത്രമേ ഊണുകഴിക്കാന്‍ വിടുകയുള്ളൂ. കസ്റ്റമര്‍ ഉണ്ടെങ്കില്‍ അവരെ മറ്റൊരാളെ ഏല്‍പ്പിച്ച് പോകാനും പാടില്ല. നമ്മള്‍ ഊണുകഴിച്ചോ, ഇല്ലയോ എന്നൊന്നും ഇവിടെ ആരേയും അലട്ടില്ല. ആരും നമ്മോടു വന്നു കഴിച്ചോ എന്നു പറയുകയുമില്ല. ഫലത്തില്‍ ഉച്ചഭക്ഷണം കഴിക്കുന്നത് മൂന്നരയോടടുത്തായിരിക്കും. മൂന്നുമണിക്കുള്ള ഈ ഉച്ചഭക്ഷണത്തിനു പോകുന്നതിനുമുണ്ട് അതിന്റേതായ ചട്ടങ്ങള്‍. ഭാഗ്യത്തിന് 20 മിനിറ്റ് ഉച്ചയൂണിന് നല്‍കും.

പോകുന്ന സമയം അവിടെ വച്ചിരിക്കുന്ന പുസ്തകത്തില്‍ രേഖപ്പെടുത്തണം എന്നുമാത്രം. രേഖപ്പെടുത്തിയ ആ നിമിഷം മുതലാണ് അവരുടെ 20 മിനിറ്റിന്റെ കൌെണ്ട് ഡൌണ്‍ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുത് എന്നൊക്കെ അവകാശപ്പെടുന്ന ഇത്തരം ഷോറൂമുകളിലെ റൂഫില്‍ സജ്ജമാക്കിയ മെസ് ഹാളില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോഴേക്കും 20 മിനിറ്റ് കഴിഞ്ഞിരിക്കും. ഭക്ഷണം കഴിക്കാന്‍ പോകാന്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ല. കസ്റമറെ മറ്റുനിലകളിലേക്ക് കൊണ്ടുപോകുകയാണെങ്കില്‍ മാത്രമേ ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. നടുവേദനിച്ച് എണീറ്റ് നടക്കാന്‍ പറ്റില്ലെങ്കില്‍ പോലും ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലത്രെ. മാത്രവുമല്ല ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോയികഴിക്കുകയുംവേണം. കൂട്ടുകൂടി ഭക്ഷണം കഴിക്കാന്‍ പോയാല്‍ ഇവിടെ കസ്റമേഴ്സിനെ ആരു നോക്കും?

 

 

കടലാസില്‍ ഒരു കൂലി,
കൈയിലെത്തുന്നത് വേറെ

ഇതൊന്നും പെരുപ്പിച്ചു പറയുകയല്ല ഇവര്‍. ഇതൊക്കെ തന്നെയാണ് മറ്റു തുണിക്കടകളിലേയും സ്ഥിതി. കോഴിക്കോട്ടെ പ്രമുഖ തുണിക്കടയില്‍ 5000 രൂപ ശമ്പളം കൈപറ്റിയതായി കാണിക്കുന്ന വൌചര്‍ ഒപ്പിട്ടു നല്‍കണം. എന്നാല്‍ കൈയ്യില്‍ കിട്ടുന്നതോ വെറും 3000 രൂപയും. 8000 രൂപ വാഗ്ദാനം ചെയ്ത് ജോലിക്ക് കയറിയതിനുശേഷം വെറും 6500 രൂപയാണ് മറ്റൊരു തുണിക്കടയില്‍ നല്‍കുന്നത്. സഹപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അനുവാദമില്ലാതെ, ഒരുദിവസം മുഴുവനും ഒറ്റനില്‍പ്പ് നിന്ന്, ഒറ്റശ്വാസത്തില്‍ ഭക്ഷണം കഴിക്കേണ്ടിവരുന്ന, മൊബൈല്‍ ഫോണ്‍, ലാന്റ്ഫോണ്‍ തുടങ്ങി പുറംലോകവുമായി ബന്ധം ഉണ്ടാക്കുന്ന യാതൊരു സൌകര്യവും ഉപയോഗിക്കാന്‍ പറ്റാതെ തൊഴിലെടുക്കുന്നവര്‍ക്ക് നല്‍കുന്ന ശമ്പളമാണിത്.

കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്നവരെ ഷോറുമിന്റെ മുന്നില്‍ അണിയിച്ചൊരുക്കി നിര്‍ത്തും, കസ്റ്റമറെ സ്വാഗതം ചെയ്യാന്‍. ഈ പെണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല.ഫ്ളോര്‍മാനേജറും എച്ച് ആര്‍ മാനേജരും, മാര്‍ക്കറ്റിങ് മാനേജരും, മുതലാളിയുമൊക്കെ ചേര്‍ന്നു വില്‍ക്കുന്ന പട്ടിന്റെ മൃദുലതയൊന്നും, പരസ്യങ്ങള്‍ നീട്ടിപ്പാടുന്ന മധുരം പുരട്ടിയ വാക്കുകളൊന്നും ഈ തൊഴിലാളികളോടുള്ള സമീപനത്തില്‍ കണികാണാന്‍ പോലും കിട്ടില്ല. ഇത് മനസിലാക്കാന്‍ ഒരു കമ്മ്യൂണിക്കേഷന്‍ തിയറിയും പഠിക്കേണ്ടതില്ല.

 

 

പെണ്ണുങ്ങള്‍ക്ക് മാത്രം
ദേഹപരിശോധന

ഇതൊക്കെയാണെങ്കിലും മാസത്തില്‍ രണ്ടുതവണ ലീവു കിട്ടാറുണ്ട് ഇവര്‍ക്ക്. പ്രത്യേകം ലീവു വേണമെങ്കില്‍ വീട്ടില്‍ നിന്നും മാതാപിതാക്കളോ, ഭര്‍ത്താവോ തന്നെ വന്നു പറയണം. അല്ലാ, നമ്മുടെ നാട്ടിലെ സ്ത്രികള്‍ക്കൊന്നും പ്രായപൂര്‍ത്തിയായില്ലേ ഇതുവരെ? ജോലിയെടുക്കുന്ന, പര്‍ചേസിങ് പവ്വറും, ഡിസിഷന്‍ മേക്കിങ് പവ്വറും ഒക്കെയുള്ള അവര്‍ക്ക് ലീവ് എടുക്കണമെങ്കില്‍ ഭര്‍ത്താവിന്റേയോ മാതാപിതാക്കളുടേയോ അനുവാദം വേണമെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍, നെറികേടാണ്. ഇത്തരം സ്പോണ്‍സേര്‍ഡ് സദാചാരങ്ങളിലൂടെ, നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വഴിപിഴച്ചുപോകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന നിസ്തുല സംഭാവനകള്‍ അപാരം തന്നെയാണ്.

ഡ്യൂട്ടികഴിഞ്ഞ് പോവുമ്പോള്‍ ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദേഹപരിശോധനുണ്ട്. പതിനായിരക്കണക്കിന് വിലവരുന്ന സപ്തവര്‍ണപ്പട്ടുകള്‍ ഈ പാവം സ്ത്രീകള്‍ തങ്ങളുടെ ഉടുവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്തുന്നുണ്ടോ എന്നുനോക്കാനാണത്രെ പരിശോധന. എന്നാല്‍ ഇവിടെ തൊഴിലെടുക്കുന്ന പുരുഷന്‍മാര്‍ സല്‍സ്വഭാവികളും സത്യസന്ധരുമാണത്രെ. ഈ നാട്ടിലെ ഓരോ ഓരോ ആചാരങ്ങളെ!

 

 

ലേഡീസ് ഹോസ്റ്റലിലെ
ഒളിക്യാമറകള്‍

പറഞ്ഞാല്‍ ഇനിയുമുണ്ട് എഴുതാന്‍. ജോലിക്ക് കയറുന്ന സമയത്ത് ഹോസ്റലില്‍ നില്‍ക്കണം എന്ന് കര്‍ശനമായി പറഞ്ഞിരുന്നെങ്കിലും ദിവസവും വീട്ടില്‍ പോയിവരുന്നവര്‍ 75 പേരെങ്കിലും ഉണ്ടാവും. ഇവര്‍ക്ക് രാത്രി എട്ടുമണിവരെയാണ് ജോലി. ഹോസ്റലില്‍ നില്‍ക്കുന്നവര്‍ക്ക് രാത്രി 11 വരെയും. ഭക്ഷണവും സൌജന്യ താമസസൌകര്യവും നല്‍കി മാനേജ്മെന്റുകള്‍ ചൂഷണം ചെയ്യുന്നത് ജീവനക്കാരുടെ സ്വകാര്യതയാണ്.

രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് ആരംഭിച്ച ബ്രഹ്മാണ്ഠ തുണിക്കടയുടെ ലേഡീസ് ഹോസ്റലില്‍ അടുത്തിടെയായി സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. പകലുമുഴുവന്‍ ക്യാമറയിലൂടെയും അല്ലാതെയും തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന മാനേജ്മെന്റിന് പെണ്‍കുട്ടികളുടെ രാത്രികളെയും നിരീക്ഷിക്കണമെന്നത് ചില അസുഖങ്ങളുടെ ലക്ഷണമാണ്.

ചില തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. അവരില്‍ ഒരാള്‍ ഈയിടെ രാജിവയ്ക്കുകയും ചെയ്തു. മാനേജ്മെന്റിന് അനുയോജ്യരല്ലെന്നു കണ്ടാല്‍ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയാണ് ഇവിടങ്ങളിലെ പതിവ്. അല്ലെങ്കിലും ചില സമയം മനുഷ്യര്‍ മനുഷ്യരേ അല്ലെന്നാണ് മറ്റു ചില മനുഷ്യരുടെ വിചാരം. പിന്നെയും എന്തിനു തുടരുന്നു എന്നു ചോദിച്ചാല്‍, ജീവിക്കേണ്ടേ മാഷെ എന്ന ഉത്തരം വരും ഞൊടിയിടയില്‍.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുണിക്കട ഉദ്ഘാടനം ചെയ്യുന്നത് കരീനയായലെന്ത് കത്രീനയായാലെന്ത് ഇവിടെ ഓരോ പെണ്‍കുട്ടികളുടേയും സ്വപ്നം മനംമയക്കുന്ന മംഗല്യപ്പട്ടല്ല, പച്ചജീവിതമാണ്.

ഒരു വന്‍കിട ടെക്സ്റ്റയില്‍സിലെ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് പഴയൊരു കുറിപ്പ്: അന്നമ്മക്കുട്ടി എഴുതുന്നു
ഒരു ഗ്രാന്റ് ഷോപ്പിങും വെറുതെ ചില പേടികളും

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍

എന്റെ ജൂനിയറായി പഠിച്ച മാധ്യമപ്രവര്‍ത്തകയും ഞാനും മിക്കദിവസവും ഒരേ വഴിയില്‍ നേര്‍ക്കുനേരെ കാണും. അവള്‍ എന്നോട് മിണ്ടില്ല എന്നുമാത്രമല്ല ഒന്നു നോക്കുകകൂടെ ചെയ്യില്ല. ഒരുദിവസം എനിക്ക് ഫെയ്സ്ബുക്കില്‍ അവളുടെ ഫ്രന്റ് റിക്വസ്റ്റ് വന്നു. ഒരേ ഇടവഴിയില്‍ നേര്‍ക്കുനേരെ കണ്ടിട്ടും മിണ്ടാത്തവള്‍ എങ്ങിനെയാണ് എന്റെ രണ്ടാംജീവിതത്തില്‍ ഫ്രെന്റ് ആകുന്നത്, അവള്‍ എങ്ങിനെയായിരിക്കും എന്നോട് സംവദിക്കാന്‍ പോകുന്നത് എന്നറിയാന്‍ ഒരു കൌതുകം ഉണ്ടായിരുന്നത് കൊണ്ട് അവളേയും എന്റെ സുഹൃദ്പട്ടികയില്‍ ചേര്‍ത്തു. അവിടെ അവള്‍ കമന്റുകള്‍ ഇടുന്നു, ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നു. ഹോസ്റലിലേക്കുള്ള ഇടവഴിയില്‍ ഞാന്‍ അവളെ വീണ്ടും കണ്ടു, അവളുടെ മുഖത്ത് അതേ ഭാവം, ചുണ്ടില്‍ അതേ മൌനം-നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’ കവര്‍ സ്റ്റോറിക്ക് ഒരനുബന്ധം കൂടി. സരിത കെ. വേണു എഴുതുന്നു

 

 

ലോകം ഒരു ചെറുനാരങ്ങയോളം ചുരുങ്ങിത്തുടങ്ങി എന്നു പൊതുധാരണ രൂപപ്പെട്ടു വന്ന കാലത്താണ് എന്റെ ലോകം ഭൂമിയോളം വലുതായത് എന്നാണ് ഓര്‍മ. കംപ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ ലോകത്തെ ചുരുക്കിച്ചുരുക്കി വിരIത്തുമ്പില്‍ ഒതുക്കിയെങ്കിലും അവിടെ ഞാന്‍ എന്റെ ലോകത്തെ വിണ്ടും വീണ്ടും വിശാലമാക്കി എന്നു പറയാതെ വയ്യ. ഒരുപാടു പ്രലോഭനങ്ങളുടെ മായിക ലോകം തന്നെയായിരുന്നു അതെനിക്ക്, ഒരുപക്ഷെ നിങ്ങള്‍ക്കും അങ്ങിനെയൊക്കെ ആയിരിക്കാം, ഈ വിര്‍ച്വല്‍ ലോകം. എവിടെ എല്ലാം സത്യം പോലെ തന്നെ. ഞാന്‍ ജീവിക്കുന്ന എന്റെ രണ്ടാം ജീവിതം.

ഒട്ടും ടാന്‍ജ്ബിള്‍ അല്ലാത്ത സൌഹൃദങ്ങള്‍, ആരെന്നോ എന്തെന്നോ അറിയാതെതന്നെ ‘ഞാനില്ലേ നിനക്ക് ‘ എന്നു പറയുന്ന മുഖങ്ങള്‍, ഇല്ലാത്ത സ്നേഹബന്ധങ്ങള്‍, രതിയുടേയും വഞ്ചനയുടേയും ചതിക്കുഴികള്‍ നിറഞ്ഞ നിഴലുകളില്ലാത്ത ഒട്ടനവധി ഉന്‍മാദച്ചന്തകള്‍, പ്രിയപ്പെട്ട പാട്ടുകാര്‍, ആ ഗാനങ്ങള്‍, ഓരോ വാക്കുകളുടേയും അര്‍ത്ഥത്തിനുവേണ്ടി പരതിയപ്പോഴൊക്കെ പുതിയ പുതിയ അറിവിന്റെ ലോകം വീണ്ടും എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു. അടക്കാന്‍ പറ്റാത്ത മാനസികവ്യഥകളില്‍ അപരിചിതരോട് ഞാന്‍ വാചലയായി, വാര്‍ത്തകളും ലേഖനങ്ങളും വായിച്ചു, സമാനചിന്താഗതിക്കാരും അല്ലാത്തവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു, വെര്‍ച്വല്‍ കോഫീ ഷോപ്പുകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു കാപ്പികുടിച്ചു, ചാറ്റ്റൂമിന്റെ സ്വകാര്യതയില്‍ മണിക്കൂറുകളോളം ഉറക്കമൊഴിച്ച് കത്തിവച്ചു. ബോറടിച്ചപ്പോള്‍ ഇന്‍വിസിബിളായും അസഹനീയമായപ്പോള്‍ സൈന്‍ ഔട്ട് ചെയ്തും പ്രതികാരം വീട്ടി. ചിലരെ വെട്ടിനിരത്തി, മറ്റുചിലരെ ബ്ലോക്ക്ചെയ്തു. എന്നാലും ലോകം ഇങ്ങനെയുമാണെന്ന് പഠിപ്പിച്ച അവരെയൊക്കെ എന്റെ എകാന്തതകളില്‍ ഞാന്‍ ഓര്‍ത്തു. വരൂ, ഒരിക്കല്‍ കൂടെ നമുക്ക് അപരിചിതര്‍ ആകാം എന്ന വ്യവസ്ഥയില്‍ പുതിയ ലോഗിന്‍ ഐ.ഡികള്‍ ഞങ്ങള്‍ ക്രിയേറ്റ് ചെയ്തു. ഞാനും അവരുമൊക്കെ പിന്നെയും അപരിചിതരായി തന്നെ സൌെഹൃദങ്ങളില്‍ ഏര്‍പ്പെട്ടു. ലോഗിന്‍ ചെയ്യുന്നതും കാത്ത് അക്ഷമയോടെ ഇരുന്നു. അപ്പോഴൊക്കെ ലോകത്തെ ഞാന്‍ എന്റെ വിരല്‍ത്തുമ്പില്‍ കെട്ടിയിട്ടു.

 

സരിത കെ. വേണു

 

മനസ്സില്‍ തോന്നിയതെല്ലാം കോറിവരച്ചിടാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ എന്നൊരിടം കിട്ടിയപ്പോള്‍ ഏറെ സന്തോഷമായിരുന്നു എനിക്ക്. ഇവന്റ്മാനേജ്മെന്റ് കമ്പനികളെ ഏല്‍പ്പിക്കാതെ തന്നെ എനിക്ക് എന്റെ രാഷ്ട്രീയവൈകാരികസര്‍ഗാത്മക കസര്‍ത്തുകള്‍ നടത്താം. അവയ്ക്കൊക്കെ ലൈക്ക് ഇടാനും കമന്റ്ചെയ്യാനും കുറേപ്പെരുണ്ടല്ലോ എന്ന ബോധ്യത്തില്‍ സ്വയം അഹങ്കാരിക്കാം. ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത സ്കൂള്‍, കോളജ് സുഹൃത്തുക്കളുമായി വീണ്ടുമൊരു കൂടിക്കാഴ്ച. അവരുടെ വിചാരങ്ങള്‍, കുടുംബം, കുട്ടികള്‍ എല്ലാം എന്റേയും ലോകത്തിന്റെ ഭാഗമാവുകയായിരുന്നു. അതൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നും പറയാതെ വയ്യ.

എന്നാലും എന്റെ മാത്രമായിരുന്ന മുറി, സ്വകാര്യമാണെന്ന് ഞാന്‍ കരുതിയ സ്വകാര്യത ഒക്കെ ഒരുപാടുപേരുമായി ഷെയര്‍ ചെയ്യുന്നതു പോലെയുണ്ട് ഇപ്പോള്‍. ഞാന്‍ ഒതുക്കിപെറുക്കിവച്ച എന്റെ പുസ്തകങ്ങളുടെ താളുകളില്‍ അവര്‍ കോറിയിടുന്നതു പോലെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട പെന്‍പോട്ട് അവര്‍ക്കും ഇഷ്ടമുള്ളതു പോലെ.

സത്യമായും ഇന്റര്‍നെറ്റിന്റെ ലോകത്ത് ഒരു രണ്ടാം ജീവിതമാണ് നാമെല്ലാം ജീവിക്കുന്നത്. യതാര്‍ത്ഥ ലോകത്ത് ഞാന്‍ എന്തൊക്കയല്ല, അതൊക്കെ ഞാന്‍ വെര്‍ച്വല്‍ ലോകത്ത് നേടുന്നു. എന്നെ ഒരു ഡ്യുവല്‍ പേഴ്സണാലിറ്റിയാക്കുന്നുണ്ട് ഈ വെര്‍ച്വല്‍ ലോകം. ഫെയ്സ്ബുക്കില്‍ എനിക്ക് നിരന്തരം ലൈക്കും കമന്റുമൊക്കെ ഇടുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്നെ നേരിട്ട് കണ്ടാല്‍ ഒന്നും മിണ്ടില്ല. അയാളെ കടന്നു പോകുമ്പോള്‍ ഞാന്‍ കരുതും എന്താ അയാള്‍ക്കൊന്ന് എന്നോട് മിണ്ടിയാല്‍ എന്ന്. മുഖമില്ലാത്ത ഇന്റര്‍നെറ്റ് സൌഹൃദങ്ങളൊക്കെ ഇപ്പോള്‍ വളരെ കുറവാണ്. എന്നാലും യതാര്‍ത്ഥലോകത്ത് വരുമ്പോള്‍ പലരും പരസ്പരം തിരിച്ചറിയാറില്ല.

 

 

എന്റെ ജൂനിയറായി പഠിച്ച മാധ്യമപ്രവര്‍ത്തകയും ഞാനും മിക്കദിവസവും ഒരേ വഴിയില്‍ നേര്‍ക്കുനേരെ കാണും. അവള്‍ എന്നോട് മിണ്ടില്ല എന്നുമാത്രമല്ല ഒന്നു നോക്കുകകൂടെ ചെയ്യില്ല. ഒരുദിവസം എനിക്ക് ഫെയ്സ്ബുക്കില്‍ അവളുടെ ഫ്രന്റ് റിക്വസ്റ്റ് വന്നു. ഒരേ ഇടവഴിയില്‍ നേര്‍ക്കുനേരെ കണ്ടിട്ടും മിണ്ടാത്തവള്‍ എങ്ങിനെയാണ് എന്റെ രണ്ടാംജീവിതത്തില്‍ ഫ്രെന്റ് ആകുന്നത്, അവള്‍ എങ്ങിനെയായിരിക്കും എന്നോട് സംവദിക്കാന്‍ പോകുന്നത് എന്നറിയാന്‍ ഒരു കൌതുകം ഉണ്ടായിരുന്നത് കൊണ്ട് അവളേയും എന്റെ സുഹൃദ്പട്ടികയില്‍ ചേര്‍ത്തു.

അവിടെ അവള്‍ കമന്റുകള്‍ ഇടുന്നു, ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നു. ഹോസ്റലിലേക്കുള്ള ഇടവഴിയില്‍ ഞാന്‍ അവളെ വീണ്ടും കണ്ടു, അവളുടെ മുഖത്ത് അതേ ഭാവം, ചുണ്ടില്‍ അതേ മൌനം. പിന്നെ ഒരിക്കലും അവള്‍ എന്റെ ലെഫ്റ്റ് ഫ്രെയിം അലങ്കരിച്ചിട്ടില്ല. ഇത്രയേയുള്ളൂ ഇ-ലോകം. മോശവും തിക്തവുമായ അനുഭവങ്ങളുണ്ടെങ്കിലും എന്റെ വിരത്തുമ്പിലെ ഇ-ലോകം എല്ലാം മറന്ന് ഒളിച്ചിരിക്കാന്‍ പറ്റിയ ഇടമാണ് തീര്‍ച്ച.

സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താഘോഷം സാറെ?

നഗരത്തില്‍ നാലിടത്ത് സ്ത്രീകള്‍ക്കായി നാലു പബ്ലിക്ക് ടോയ്ലറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ സ്ത്രീകളുടെ ആ’ ശങ്ക’ ഒഴിവാക്കാമായിരുന്നു. ഇനിയിപ്പോ ഇതൊക്കെ വായിച്ച് വെള്ളിമാടുകുന്നില്‍ നിര്‍മിക്കാനിരിക്കുന്ന ‘ജെന്‍ഡര്‍ പാര്‍ക്കി’ല്‍ നിരവധി ടോയ്ലറ്റുകള്‍ ഞങ്ങള്‍ നിര്‍മിച്ചുതരും എന്നുമാത്രം പറയരുതേ, കാരണം കോഴിക്കോട് ടൌണില്‍ നിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം വെള്ളിമാടുകുന്ന് വന്നു മൂത്രമൊഴിക്കുക എന്നത് അത്ര സുഖകരമായ കാര്യമേയല്ല- കോഴിക്കോട് നടന്നു കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. ..,ഫെസ്റ്റ് നടത്താന്‍ മുന്‍കൈയെടുത്ത സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറിന്റെ ശ്രദ്ധയിലേക്ക് ചില പെണ്ണുരുക്കങ്ങള്‍. മിഠായിത്തെരുവില്‍ നടന്ന മൂത്രപ്പുര സമരം നിരന്തരം അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍, മന്ത്രി അറിയാന്‍ ചില കാര്യങ്ങള്‍. സരിത കെ. വേണു എഴുതുന്നു

 

 

ബഹുമാന്യനായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയുന്നതിന്

സര്‍,

പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്നൊരു നാടന്‍ ചൊല്ലാണ് ഈയിടെയായി എന്റെ മനസ്സുനിറയെ. നാട്ടിലെ എല്ലാ സ്ത്രീകളെയും ശാക്തീകരിച്ച്, അവള്‍ ഇരയല്ലെന്ന് വരുത്തിത്തീര്‍ത്ത്, അവള്‍ക്ക് പറയാന്‍ ഇടം കൊടുക്കുന്നതായി ഭാവിച്ച് ഈ സര്‍ക്കാരും കൂട്ടരും ഒരു പരുവമാവുന്നില്ലേ എന്നൊരു തോന്നല്‍? ഇങ്ങനെയൊക്കെയാണോ ഞാനോ എന്റെ സഹോദരിയോ, അമ്മയോ, മകളോ, കൂട്ടുകാരിയോ അനുഭവിക്കുന്ന വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങളെ നേരിടേണ്ടത്?

സത്യത്തില്‍ ജെന്‍ഡര്‍ ഫെസ്റുകള്‍ പോലുള്ള ചില ഓര്‍മപ്പെടുത്തലുകളും വിളംബരങ്ങളും അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീ ഒരു ശരീരം മാത്രമാവുന്ന ഇക്കാലത്ത്. പക്ഷെ അതിനുമുമ്പ് ഇതിന്റെ നടത്തിപ്പുകാരായ നിങ്ങള്‍ അറിയേണ്ട ചില വസ്തുതകളുമുണ്ടെന്നിരിക്കെ ഇത്തരം ആഘോഷങ്ങള്‍ വെറും പ്രഹസനമാവുകയേയുള്ളൂ എന്നു ഞാന്‍ പറയാതെ തന്നെ അറിയമല്ലോ?

സരിത കെ. വേണു

പിന്നെ, പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ, സ്ത്രീയെ സെമിനാറുകളിലൂടെ ഉദ്ബോധിപ്പിച്ച് ശാക്തീകരിച്ചിട്ടൊന്നും കാര്യമില്ല, അവള്‍ക്ക് പട്ടാപകല്‍ പോലും സമാധാനത്തോടെ തിരക്കേറിയ വഴികളിലൂടെ നടക്കാന്‍ വയ്യ. ഉടുമുണ്ട് പൊക്കിയും, പാന്റിന്റെ സിബ്ബ് അഴിച്ചും ഇവിടുത്തെ ആങ്ങളമാര്‍ ഞങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുകയാണ്. വെറും 5 മിനിറ്റ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിങ്ങളുടെ വനിതാപ്രതിനിധികളോട് ഒന്ന് ഇരിക്കാന്‍ പറയണം. അപ്പോള്‍ അറിയാം വിശേഷം. ഇറച്ചിക്കടയിലാണോ താന്‍ ഇരിക്കുന്നത് എന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ ആദ്യത്തെ 3 മിനിറ്റ് മതിയാവും.

ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ. ഞാനും അതില്‍ അഭിമാനം കൊള്ളുന്നു. യതാര്‍ത്ഥ മാറ്റം സ്ത്രീജീവിതങ്ങളില്‍ കൊണ്ടുവരാന്‍ ഉതകുന്നെങ്കില്‍ ജെന്റര്‍ ഫെസ്റ് ഒരു അനിവാര്യതയാണ്. സ്വസ്ഥമായി ജീവിക്കാന്‍ സൌകര്യം ഒരുക്കുന്നതിലൂടെ കൊണ്ടുവരാം, ആ മാറ്റം. ആഘോഷിക്കപ്പെടേണ്ടതാണസ്ത്രീത്വം എന്ന ബോധം അവള്‍ക്ക് നല്‍കണമെങ്കില്‍ ആദ്യം നല്‍കേണ്ടത് സുരക്ഷിതയെന്ന ബോധ്യമാണ്. പോംവഴിയില്ലാത്ത പ്രശ്നമൊന്നുമല്ല അത്. അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിയും അല്‍പ്പം മനുഷ്യപ്പറ്റോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്തും ആ ബോധ്യം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.

 

'പെണ്‍കൂട്ട്' നടത്തിയ പരിപാടികളിലൊന്ന്

 

മിഠായിത്തെരുവിലെ പെണ്‍കുട്ടികള്‍
അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ഒരു കൂട്ടായ്മ ‘പെണ്‍കൂട്ട്’ കോഴിക്കോട് കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു സമരമുണ്ട്. അതിനെക്കുറിച്ച് സാര്‍, കേട്ടിരിക്കുമോ എന്നറിയില്ല. മൂത്രപ്പുരസമരം. മിഠായിത്തെരുവിലെ കടകളില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടികളുടെ ദുരവസ്ഥ പരിഹരിക്കാനായിരുന്നു ആ സമരം. രാവിലെ 8ന് വീട്ടില്‍ നിന്നും ഇറങ്ങിയാലാണ് പലരും രാവിലെ 9നകം ഷോപ്പുകളിലെത്തുന്നത്. മിക്കവരും സെയില്‍സ് ഗേള്‍സാണ്. 9നും തുടങ്ങുന്ന അഭ്യാസം തീരുന്നത് രാത്രി 7.30ന്. വീട്ടില്‍ എത്തുന്നത് രാത്രിയില്‍. ഇതിനിടയില്‍ ഇവര്‍ കടന്നുപോകുന്ന ജീവിതമൊന്നും ഞാനോ നിങ്ങളോ ഒരിക്കല്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരേ നില്‍പ്പാണ്, സര്‍.

സീസണ്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇതിനിടയില്‍ മൂത്രമൊഴിക്കുന്നത് രണ്ട് തവണ. ഇവര്‍ക്കൊന്നും മുള്ളാന്‍ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല സാറേ. അതിനുള്ള സൌകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെയാ. മൂത്രമൊഴിക്കാന്‍ ഹോട്ടലുകളില്‍ കയറി ഇവരൊക്കെ എത്ര ചായ കുടിക്കും? അല്ല, ഇതിനൊക്കെ ഒരു കണക്കില്ലേ? പീരിഡ്സാണെങ്കില്‍ പെണ്‍കുട്ടികള്‍ മൂത്രമേ ഒഴിക്കില്ല. രാത്രിവരെ ഇങ്ങനെ സഹിച്ചു നില്‍ക്കുന്ന എത്രയോ പേരെ എനിക്ക് തന്നെ അറിയാം. മൂത്രശങ്ക ഭയന്ന് വെള്ളം പോലും കുടിക്കില്ല ഈ കുട്ടികള്‍. ഫലം വിവിധതരം ആരോഗ്യ പ്രശ്നങ്ങളായി ഇവര്‍ പിന്നെ ജോലിക്ക് വരില്ല. ഇവരുടെയൊക്കെ വീട്ടില്‍ ഈ തുച്ഛമായ തുകയുടെ ഉപയോഗം വലിയതാണ് എന്നു കൂടിയോര്‍ക്കണം.

 

 

അടക്കിപ്പിടിച്ച് മണിക്കൂറുകള്‍
അവര്‍ മാത്രമല്ല, ഇതെഴുതുന്ന ഞാനടക്കം മിക്ക സ്ത്രീകളും വീടിനുവെളിയില്‍ ഇറങ്ങിയാല്‍ ഇങ്ങനെ അടക്കിപിടിച്ചിരിക്കലാണ് പതിവ്. ഇന്ത്യയില്‍ ഏതു ചുമരും പുരുഷന് പബ്ലിക്ക് ടോയ്ലറ്റാണ്. എന്നാല്‍ നിങ്ങളും അങ്ങിനെ ഒഴിച്ച് കാണിക്ക് എന്നു മാത്രം പറയരുത് സര്‍. ഞങ്ങള്‍ക്ക് അതില്‍ ഇത്തിരി അസൌകര്യമുണ്ട്. സത്യമായിട്ടും സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെന്താഘോഷം സാറെ? അപ്പോള്‍ പറഞ്ഞുവരുന്നത്, രണ്ടുവര്‍ഷത്തിലധികമായി നടന്നു വരുന്ന ടോയ്ലറ്റ് സമരം എങ്ങുമെത്തിയില്ല എന്നാണ്.

അന്ന് സമരം കടുത്തപ്പോള്‍ നാലു നിര്‍ഗുണ പരബ്രഹ്മമങ്ങളായ ഇ- ടോയ്ലറ്റുകള്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ സ്ഥാപിച്ചിരുന്നു. അത് രണ്ടാമത്തെ ദിനം തന്നെ ഇവ മരിക്കുകയോ അര്‍ധ പ്രാണനാവുകയോ ചെയ്തു. ഇത്രയും ആഢംബരമായി, ആഘോഷമായി സ്ത്രീത്വം കൊണ്ടാടപ്പെടുന്ന അതേ സ്ഥലത്താണ് ഈ അവസ്ഥ. നഗരത്തില്‍ നാലിടത്ത് സ്ത്രീകള്‍ക്കായി നാലു പബ്ലിക്ക് ടോയ്ലറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ സ്ത്രീകളുടെ ആ’ ശങ്ക’ ഒഴിവാക്കാമായിരുന്നു. ഇനിയിപ്പോ ഇതൊക്കെ വായിച്ച് വെള്ളിമാടുകുന്നില്‍ നിര്‍മിക്കാനിരിക്കുന്ന ‘ജെന്‍ഡര്‍ പാര്‍ക്കി’ല്‍ നിരവധി ടോയ്ലറ്റുകള്‍ ഞങ്ങള്‍ നിര്‍മിച്ചുതരും എന്നുമാത്രം പറയരുതേ, കാരണം കോഴിക്കോട് ടൌണില്‍ നിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം വെള്ളിമാടുകുന്ന് വന്നു മൂത്രമൊഴിക്കുക എന്നത് അത്ര സുഖകരമായ കാര്യമേയല്ല.

 

 

ഇവരും തൊഴിലാളികളാണ്
സ്ത്രീകള്‍ ഒന്നിച്ചിരിക്കുക, അവര്‍ക്ക് പറയാനുള്ളത് പറയുക, അതിനൊരു പൊതു വേദി എന്നതൊക്ക എത്രമനോഹരങ്ങളായ ആശയങ്ങളാണല്ലേ, ദാസാ. അങ്ങിനെയൊക്കെ ഉണ്ടാവുമെങ്കില്‍ സന്തോഷം. പാചകമേളയും ഷട്ടില്‍ ബാഡ്മിന്റണ്‍ കളിയും മൈലാഞ്ചിയിടല്‍ മല്‍സരവും സിനിമാപ്രദര്‍ശനവുമൊന്നും ഞാന്‍ അടങ്ങുന്ന സാധാരണ സ്ത്രീകളുടെ ആവശ്യമല്ല. ഞങ്ങളുടെ പ്രശ്നം ചെയ്യുന്ന ജോലിക്ക് തുല്യവേതനമാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീ തൊഴിലാളികള്‍ ഇന്നും ഈ അസ്വമത്വവും ചൂഷണവും നേരിടുന്നു. തൊഴിലാളി ക്ഷേമനിധി എന്ന ഒരു സാമഗ്രിയുണ്ട്. തൊഴിലാളികളും മുതലാളിമാരും ചേര്‍ന്ന് തുല്യ സംഖ്യ അടയ്ക്കുന്ന ഏര്‍പ്പാടാണ്. അതിന്റെ ഗുണം തൊഴിലാളിക്ക് ലഭിക്കും. തൊഴിലാളി വര്‍ഷങ്ങളോളം മുതലാളിയുടെ തുച്ഛശമ്പളത്തില്‍ പണിയെടുക്കുകയും പണിയെടുത്ത് പണിയെടുത്ത് ഒരു ദിവസം വിരമിക്കുകയും ചെയ്യുന്നു.

പലര്‍ക്കും തൊഴിലാളി ക്ഷേമനിധി എന്താണെന്നറിയില്ല. ആരെങ്കിലും പറഞ്ഞ് അറിഞ്ഞ് മുതലാളിയോട് ചെന്നു ചോദിച്ചാല്‍ തന്റെ പങ്ക് തുക അടയ്ക്കാന്‍ മുതലാളിക്ക് സൌകര്യമില്ല. എന്നാല്‍, വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ലേബര്‍ ഓഫീസര്‍മാര്‍ തങ്ങളുടെ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് അതൊക്കെ നടപ്പാകുന്നുണ്ടോ എന്നൊന്ന് അന്വേഷിച്ചാല്‍ തീരാവുന്നതേയുള്ളൂ സര്‍, ഈ പ്രശ്നം. ഇപ്പോഴത്തെ പോലെ വരരുത്. കിട്ടേണ്ടത് കിട്ടുമ്പോള്‍ ചിരിയോടെ മടങ്ങുന്ന നാട്ടുനടപ്പ് ഇത്തിരി മാറ്റിവെക്കേണ്ടി വരും.

 

 

കണ്ണൊന്നു തുറക്കണം, സര്‍ക്കാരേ
കോഴിക്കോട്ടെ പ്രശസ്തമായ മിഠായിത്തെരുവിലെ അസംഘടിത സ്ത്രീത്തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും ഇതൊക്കെയാണ്. പുരുഷനേക്കാള്‍ കുറവാണ് അവരുടെ വേതനം. എന്നാല്‍ അദ്ധ്വാനത്തിനൊട്ടും കുറവുമില്ല. തുല്യ വേതനവും തൊഴില്‍ സുരക്ഷയുമാണ് ഈ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ആവശ്യങ്ങള്‍. 70 ശതമാനം കടകളും രജിസ്റ്റേഡ് അല്ല; അതിനാല്‍ തൊഴിലാളികളും. ഇതിനാല്‍, നേരത്തെ പറഞ്ഞ ക്ഷേമനിധിക്കൊന്നും ഈ പാവങ്ങളുടെ കണ്ണീരു കാണാനാവുന്നില്ല. എന്നാല്‍, ജെന്‍ഡര്‍ ഫെസ്റ്റ് നടത്താന്‍ മാത്രം രാഷ്ട്രീയ ബോധമുള്ള ഒരു സര്‍ക്കാറും മന്ത്രിമാരുമൊക്കെ വിചാരിച്ചാല്‍ ഇതൊന്നും അത്ര വിഷമമേയല്ല.

ഇങ്ങനെ നാടുമുഴുവനും പ്രശ്നങ്ങളാണ്. അതില്‍ സ്ത്രീകളുടെ ജീവിതം ദിനംപ്രതി ദുരിതപൂര്‍വ്വവും, അനിശ്ചിതവുമാവുന്നു. പുര ഇങ്ങനെയൊക്കെ കത്തിക്കൊണ്ടിരിക്കേ എങ്ങിനെയാണ് വാഴ വെട്ടാന്‍ തോന്നുന്നത് എന്നതാണ് എന്റെ മനസ്സിനെ അലട്ടുന്നത്.

ഒരഞ്ചുമിനിറ്റിലധികം ഒരിടത്തു പുരുഷന്റെ ശല്യമില്ലാതെ തനിയെ നില്‍ക്കാന്‍ കഴിയുക, സഹോദരന്റേയോ, കൂട്ടുകാരന്റെയോ കൂടെ നടക്കുമ്പോള്‍ ചൂഴ്ന്ന് തിന്നാതിരിക്കുക, മാന്യമായി തൊഴിലെടുക്കുന്നതിനുള്ള അര്‍ഹമായ വേതനവും ആരോഗ്യപരമായ തൊഴില്‍ സാഹചര്യങ്ങളും യാത്രസൌകര്യങ്ങളും, താമസസൌകര്യങ്ങളും ഒരുക്കുക എന്നതൊക്കെയാണ് സ്ത്രീകളുടെ ആവശ്യം. ഈ ആവശ്യങ്ങളൊക്കെ ഇങ്ങനെ കടലാസില്‍ ഉരുട്ടി ഉരുട്ടി എഴുതിക്കൊണ്ടിരിക്കാന്‍ മാത്രമാണ് ജെന്‍ഡര്‍ ഫെസ്റുകള്‍ എങ്കില്‍ ആ കല്ല്യാണപുരയിലേക്ക് ഞങ്ങള്‍ ഇല്ല, സര്‍.

ഊഷ്മളമായ അഭിവാദ്യങ്ങള്‍

സരിത

ഇറാഖ്: രണ്ട് കുഞ്ഞിക്കണ്ണുകള്‍ കൂടി അടയുന്നു

ന്യൂയോര്‍ക്ക് ടൈംസ് വിദേശകാര്യ ലേഖകനും ലോകത്തെ ഒന്നാംനിര യുദ്ധ റിപ്പോര്‍ട്ടറുമായ ആന്റണി ഷാദിദ് കഴിഞ്ഞ ദിവസം സിറിയയില്‍ അന്തരിച്ചു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ ലോകത്തെ അറിയിച്ച ആ മാധ്യമപ്രവര്‍ത്തകന്‍ 43 വയസ്സിലാണ് വിടപറഞ്ഞത്. 2010ല്‍ പുലിറ്റ്സര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഒന്നിന്റെ വിവര്‍ത്തനം, അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട ഇറാഖി കുട്ടികളെക്കുറിച്ച കരളലിയിക്കുന്ന റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ആരായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് A boy who was like a flower എന്ന ഈ റിപ്പോര്‍ട്ട്. വിവര്‍ത്തനം സരിത കെ.വേണു

 

 

ഇനിയില്ല, ആ റിപ്പോര്‍ട്ടുകള്‍

ലോകത്തെ ഒന്നാംനിര യുദ്ധലേഖകരില്‍ എഴുത്തും പ്രവൃത്തിയും കൊണ്ട് വേറിട്ടുനിന്ന ആന്റണി ഷാദിദ് ഇനിയില്ല. ന്യൂയോര്‍ക്ക് ടൈംസ് ലേഖകനായിരുന്ന ഷാദിദ് 43 വയസ്സിലാണ് വിടപറഞ്ഞത്. ഇറാഖ് ജനതയുടെ ജീവന്‍മരണ പോരാട്ടം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്ക് രണ്ട് തവണ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ഷാദിദ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കടുത്ത ആസ്തമയെ തുടര്‍ന്നാണ് മരിച്ചത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് സിറിയന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച്, ഫോട്ടോഗ്രാഫര്‍ ടൈലര്‍ ഹിക്സിനൊപ്പം സിറിയയില്‍പ്രവേശിച്ച് വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചു വരുംവഴിയായിരുന്നു അന്ത്യം. അലര്‍ജി പ്രശ്നവും മരണകാരമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആന്റണി ഷാദിദ്

ലബനീസ് വംശജനായ ഷാദിദ് അമേരിക്കയിലാണ് വളര്‍ന്നത്. എ.പി ലേഖകനായി മാധ്യമപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം പിന്നീട് ബോസ്റ്റണ്‍ ഗ്ലോബ്, വാഷിങ്ടണ്‍ പോസ്റ്റ് പത്രങ്ങളിലും പ്രവര്‍ത്തിച്ചു. വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ ലഭിച്ചത്. അറബി ഭാഷയില്‍ നല്ല അറിവുണ്ടായിരുന്ന ഷാദിദ് നയതന്ത്രകാര്യ ലേഖകനെന്ന നിലയില്‍നിന്നാണ് വിദേശകാര്യ ജേണലിസ്റ്റായും യുദ്ധറിപ്പോര്‍ട്ടറായും മാറിയത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം സാധാരണ മനുഷ്യരുടെ ജീവിതത്തിനേല്‍പ്പിച്ച ആഘാതങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടുകളിലൂടെയാണ് ഷാദിദ് ശ്രദ്ധേയനായത്. അറേബ്യയെ മാറ്റിമറിഞ്ഞ മുല്ലപ്പൂവിപ്ലവത്തിന്റെ റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കി. അതിമനോഹര ഭാഷ, കുറിക്കു കൊള്ളുന്ന ശൈലി, കൃത്യത, വാര്‍ത്തക്കുള്ളിലെ വാര്‍ത്ത കണ്ടെത്താനുള്ള പാടവം എന്നിവ അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ബോസ്റ്റണ്‍ ഗ്ലോബ് ലേഖകനായിരിക്കെ 2002ലെ രണ്ടാം ഇന്‍തിഫാദ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റാമല്ലയില്‍വെച്ച് അദ്ദേഹത്തിന് വെടിയേറ്റു. തലനാരിഴക്കാണ് അന്നദ്ദേഹം മരണം മുറിച്ചുകടന്നത്. പിന്നീട്, രണ്ട് തവണ അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം ലിബിയയില്‍വെച്ച് ഷാദിദിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും പ്രസിഡന്റിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോചിതനായത്. പലയിടത്തും അദ്ദേഹം ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി മാറി. അമേരിക്കന്‍ സൈന്യത്തിനും താലിബാനുമിടയില്‍ കുടുങ്ങിപ്പോയ സാധാരണ മനുഷ്യരുടെ ദൈന്യതകള്‍ പുറത്തുകൊണ്ടുവന്ന Night Draws Near: Iraq’s People in the Shadow of America’s War എന്ന പുസ്തകവും ഷാദിദിനെ ശ്രദ്ധേയനാക്കി. “Legacy of the Prophet: Despots, Democrats and the New Politics of Islam” (2001) ആണ് ആദ്യ ഗ്രന്ഥം. “House of Stone: A Memoir of Home, Family, and a Lost Middle East,” എന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങാനിരിക്കെയാണ് ഷാദിദിന്റെ വിടവാങ്ങല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന ഷാദിദ് നിരവധി സാധാരണ മനുഷ്യരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും നിര്‍ണായകമായ ചില ന്യൂസ് സ്റ്റോറികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ടൈലര്‍ ഹിക്സന്‍ പറയുന്നു. കൂടിക്കാഴ്ചകളില്‍ തയ്യാറാക്കുന്ന ചെറു കുറിപ്പുകളില്‍നിന്ന് വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, ‘ഇത്തിരി എഴുതിയെടുക്കുക, ഒത്തിരി പറയുക’. എഴുതാനിരിക്കുന്ന വിശദമായ സ്റ്റോറികള്‍ മനസ്സിലിട്ട് തിരിച്ചുവരുന്നതിനിടെ എത്തിയ മരണം അടച്ചുകളഞ്ഞത് ആ ന്യൂസ് സ്റ്റോറികളുടെ സാധ്യത കൂടിയാണ്.

 

 

ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിനിടെ കൈറോ നിവാസികളുമായി സംസാരിക്കുന്ന ആന്റണി ഷാദിദ്

 

രണ്ട് കുഞ്ഞിക്കണ്ണുകള്‍ കൂടി അടയുന്നു
ആന്റണി ഷാദിദിന്റെ റിപ്പോര്‍ട്ട്

ബഗ്ദാദ്: മാര്‍ച്ച് 30: ഒരു തണുത്ത കോണ്‍ക്രീറ്റില്‍ കിടത്തി, 14കാരനായ അര്‍കന്‍ ദൈഫിന്റെ ദേഹം പള്ളി ജീവനക്കാരന്‍ അവസാനമായി കുളിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടിട്ട് മൂന്നുമണിക്കൂര്‍ ആയിട്ടും ജീവന്‍ സ്ഫുരിക്കുന്ന ദൈഫിന്റെ പച്ചയായ മൃതദേഹം വെള്ളത്തില്‍ മുക്കിയ ഒരു കോട്ടണ്‍ തുണികൊണ്ട് അദ്ദേഹം തുടച്ചെടുത്തു. ഷെല്ലിന്റെ കഷ്ണങ്ങള്‍ തളച്ചുകയറിയ വലുതു കൈയിലേയും വലതു പാദത്തിലേയും റോസാപ്പൂ നിറത്തിലുള്ള മുറിവുകള്‍ പരിചയസമ്പന്നനെപ്പോലെ അദ്ദേഹം ഒപ്പിയെടുത്തു. പിന്നീട് പിന്‍തലയോട്ടി തകര്‍ത്ത് മുഖത്തേക്ക് തെറിച്ച രക്തക്കറ ഉരച്ചുകഴുകിമാറ്റി.
ഇമാം അലി പള്ളിയില്‍ എല്ലാവരും ദൈഫിന്റെ, അവന്റെ പിതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പൂപോലെ ഒരു ബാലന്റെ’, ശവമടക്കിന് കാത്തു നില്‍ക്കുകയായിരുന്നു. പള്ളിയുടെ നടത്തിപ്പുകാരനായ ഹൈദര്‍ ഖാതിമിന് ഉറക്കെ ചോദിക്കാതിരിക്കാനായില്ല, ”എന്താണ് ഈ കുട്ടികള്‍ ചെയ്ത പാപം, എന്താണ് അവര്‍ ചെയ്തത്?’. ശവമടക്കലിനിടയിലും നാടും നാട്ടുകാരും ദൈഫിന്റെ കുടുംബവും അവരുടെ നാടിനെ ഗ്രസിച്ചിരുന്ന ഭയാനകവും അനിശ്ചിതവുമായ നിരവധി ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഹതാശമായി ശ്രമിക്കുകയായിരുന്നു.

ചില നാട്ടുകാരും, കുടുംബാംഗങ്ങളും, ഒരു വിരുന്നുകാരനുമല്ലാതെ ഒരാളും ഈ ചടങ്ങിന് സാക്ഷികളായിരുന്നില്ല. യുദ്ധകാല ദുരിതങ്ങളില്‍ ജേര്‍ണലിസ്റുകള്‍ക്ക് വ്യഗ്രതയോടെ അകമ്പടി സേവിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളും ഈ ചടങ്ങ് കണ്ടതായി നടിച്ചില്ല. ദൈഫും അവന്റെ രണ്ടു സഹോദരന്‍മാരും നഗരപ്രാന്തത്തിലുള്ള ദരിദ്രമായ ഒരു ശിയാ മുസ്ലിം കോളനിയില്‍ അടക്കം ചെയ്യപ്പെട്ടു.

ആ കുട്ടികളെല്ലാം ഇന്ന് രാവിലെ 11 മണിക്കാണ് കൊല്ലപ്പെട്ടത്. അവരുടെ ഒരു ബന്ധു ഓര്‍ത്തു. ‘ആകാശം പൊട്ടിത്തകര്‍ന്നു’ ദൈഫ് അപ്പോള്‍ തന്റെ കോണ്‍ക്രീറ്റ് വീടിനുമുന്നില്‍ ഒരു ചെറിയ കിടങ്ങുണ്ടാക്കുകയായിരുന്നു. ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഷെല്ലിങ്ങില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ അത് മതിയാവുമെന്ന് അവന്‍ കരുതി. പതിനാറുകാരനായ സബാഹ് ഹസ്സനും പതിനാലുകാരനായ ജലാല്‍ താലിബും ദൈഫിനൊപ്പം ഉണ്ടായിരുന്നു. ഒരു വെളുത്ത ചൂടേറിയ ഷെല്ലിന്റെ കഷ്ണങ്ങളാല്‍ മൂന്നുപേരും നിലംപതിച്ചു. ഏഴു ബാലന്‍മാര്‍ക്ക് പരിക്കേറ്റു.

അവിടെ ആക്രമണത്തിന്റെ യാതൊരു ശേഷിപ്പുമുണ്ടായിരുന്നില്ല. റഹ്മാനിയ പ്രവിശ്യയിലെ പലരും ആക്രമണത്തിന്റെ സ്രോതസ്സ് അറിയാതെ കുഴങ്ങി. ഒരു എയര്‍പ്ളെയിന്‍ കണ്ടതായി പലരും ആണയിട്ടു. ഒരു ഇറാഖി പ്രതിരോധവിമാനം ഒരു ക്രൂയിസ് മിസൈല്‍ ആകാശത്ത് തൊടുത്തുവിട്ടതാണെന്നും ചിലര്‍ വാദിച്ചു. എന്നാല്‍ ആന്റിഎയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍ തങ്ങളുടെ വീടുനുമേല്‍ പതിച്ചതാണെന്നും മറ്റുചിലര്‍ പറഞ്ഞു.

ആക്രമണം ആരുടേതായാലും നാട്ടുകാര്‍ കുറ്റപ്പെടുത്തുക അമേരിക്കയെയാണ്. ഇവിടെ യുദ്ധമുണ്ടായിരുന്നില്ലെങ്കില്‍ തങ്ങള്‍ സുരക്ഷിതരായിരുന്നേനെ എന്നാണ് അവര്‍ പറയുന്നത്. ‘അമേരിക്കയ്ക്കല്ലാതെ മറ്റാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം’-ചോദിക്കുന്നത് മറ്റാരുമല്ല, കൊല്ലപ്പെട്ട ദൈഫിന്റെ 32കാരനായ അമ്മാവന്‍ മൊഹസിന്‍ ഹത്താബാണ്.

‘ഈ യുദ്ധം ദുഷിപ്പാണ്, ഇത് നെറികേടിന്റെ യുദ്ധമാണ്’-ദൈഫിനൊപ്പം കൊല്ലപ്പെട്ട ഹസ്സന്റെ അമ്മാവനും ഡ്രൈവറുമായ ഇമാദ് ഹുസൈന്‍ കുറ്റപ്പെടുത്തി. ‘ഞങ്ങള്‍ക്കെതിരേ യുദ്ധം നടത്താന്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല. ഞങ്ങള്‍ ഇപ്പോള്‍ കുടുംബങ്ങളില്‍ സുരക്ഷിതരായി സന്തോഷത്തോടെ കഴിഞ്ഞേനെ’!-സംസാരത്തിനിടെ വീടിനകത്തുനിന്നുയര്‍ന്ന കരച്ചിലില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുങ്ങിപ്പോയി. ഒരുനിമിഷം അവിടേക്ക് നോക്കി അദ്ദേഹം പതുക്കെ പറഞ്ഞു, ‘ദൈവം ഞങ്ങളെ രക്ഷിക്കും’.

സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം പള്ളിയില്‍ ഖാതിമും മറ്റൊരു നടത്തിപ്പുകാരനും കൂടെ ദൈഫിന്റെ മൃതദേഹം ഖബറടക്കാനുള്ള തുടര്‍നടപടികളിലേക്ക് നീങ്ങി. അത് സൂര്യാസ്തമനത്തിനുമുമ്പ് വേണം, അതാണ് ഇസ്ലാമികം

പച്ച കലര്‍ന്ന നീല നിറത്തിലുള്ള ടൈല്‍പതിച്ച മുറിയില്‍ ദൈഫിനെ കുളിപ്പിച്ചുകഴിഞ്ഞപ്പോള്‍ ആ മുറി തീര്‍ത്തും നിശബ്ദമായിരുന്നു. അവര്‍ അവന്റെ തലകെട്ടി, ദൃഷ്ടി ശരിയാക്കി.ചുവപ്പും മഞ്ഞയും പ്ളാസ്റ്റിക്കില്‍ ആ ശരീരം പൊതിഞ്ഞ് നാലുകഷ്ണം നേര്‍ത്ത തുണി കൊണ്ട് കെട്ടി. ഒന്ന് രണ്ടറ്റത്തും, ഒന്ന് മുട്ടിലും മറ്റേത് അവന്റെ നെഞ്ചിലും.

ഖാതിം വളരെ ശ്രദ്ധയോടെ മൃദുവായി പ്രവര്‍ത്തിച്ചു; മൃതദേഹത്തിന് സര്‍വ ആദരവും കൊടുക്കുന്നതുപോലെ. ദൈഫിന്റെ മൃതദേഹം തിരിച്ചുകിടത്തി.അത് ഒരു വെള്ള ഷീറ്റില്‍ പൊതിഞ്ഞു. വീണ്ടും നാലു നേര്‍ത്ത തുണികഷ്ണങ്ങള്‍കൊണ്ട് കെട്ടി.ഒരോ ശ്വാസമെടുക്കുമ്പോഴും അവിടെക്കൂടിനിന്നവരുടെ ചുണ്ടുകളില്‍ പ്രാര്‍ത്ഥനകള്‍ മന്ത്രിച്ചു. അവിടെയാകെ പരന്നുകിടന്ന ശ്വാസം മുട്ടിക്കുന്ന നിശãബദതതയെ മുറിക്കാന്‍ അവ പര്യാപ്തമായിരുന്നു. പിന്നീട് എല്ലാവരും ആ കോണ്‍ക്രീറ്റ് സ്ലാബിനടുത്തേക്ക് നീങ്ങി, ദൈഫിന്റെ മൃതശരീരത്തെ മരത്തിന്റെ ശവമഞ്ചത്തിലേക്ക് എടുത്തുകിടത്തി. ”ഇത് തീര്‍ത്തും ക്ളേശകരം തന്നെ, അവര്‍ മഞ്ചം മൂടിയപ്പോള്‍ ഖാതിം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഇമാം മൂസ്സാ ഖാതിം മറ്റൊരു പള്ളിയില്‍ പോയിരുന്നു. അവിടെ അടുത്തുള്ള ശുആല എന്ന സ്ഥലത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് ആളുകളുടെ ശവമടക്കലിനു സഹായിക്കാന്‍ വേണ്ടിയായിരുന്നു അത്. ആ ഓര്‍മകള്‍ അദ്ദേഹത്തെ വേട്ടയാടി.തലയും കൈയ്യുമൊന്നുമില്ലാതെ ശിയാപള്ളിയിലേക്ക് കൊണ്ടു വന്ന മൃതദേഹങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞു. ഒരു കുഞ്ഞിന്റെ തുള വീണശരീരവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി അദ്ദേഹം ഓര്‍ത്തു. അത് അങ്ങേയറ്റം വൃത്തികെട്ടതും ഭയാനകവുമായിരുന്നു. ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങിനെയൊന്ന് കാണുന്നത്.
ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ തുറന്നമുറ്റത്തെ കല്ലുപാകിയ നിലത്ത് അവര്‍ ശവമഞ്ചം വച്ചു. അതിനു പിന്നിലായി ചെരുപ്പുകളൂരി രണ്ടു വരികളിലായി അവര്‍ നിന്നു.ആയിരം തവണ ഓതി പഠിച്ച പ്രാര്‍ത്ഥനകള്‍ അവരുടെ ചുണ്ടുകള്‍ ഓര്‍ത്തുചൊല്ലി.
കൈകള്‍ മേലോട്ടുയര്‍ത്തി ഭക്തിയോടെ അവര്‍ ചൊല്ലി, ‘ദൈവം കരുണാമയനാണ്’.

 

 

പുരുഷന്‍മാര്‍ വീണ്ടും യുദ്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. ഇറാഖിലെ അടിച്ചമര്‍ത്തലും, ഒറ്റപ്പെടുത്തലും. ഊഹാപോഹങ്ങളായിരുന്നു പലപ്പോഴും വാര്‍ത്തയായത്. നജഫില്‍ മറവ് ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്ന 80 കാരിയുടെ മൃതദേഹത്തെ അനുഗമിച്ച വിലാപയാത്രസംഘത്തിനു നേരെ ആക്രമണം നടത്തി എന്നതായിരുന്നു ഇന്നത്തെ വാര്‍ത്ത. ശിയാ മുസ്ലിംകള്‍ക്ക് നജഫ് ഏറ്റവും പരിശുദ്ധമായ നഗരമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരുമകനായ അലിയുടെ ശവകുടീരം അവിടെയാണെന്നാണ് ശിയാവിശ്വാസം. മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി അദ്ദേഹത്തെയാണ് ശിയ മുസ്ലിമുകള്‍ അംഗീകരിക്കുന്നത്. തന്റെ മൃതശരീരം ഒരു ഒട്ടകത്തിന്‍മേല്‍ കിടത്തി, അത് എവിടെ മുട്ടുകുത്തുന്നുവോ അവിടെ തന്റെ ശരീരം മറവുചെയ്യാനാണ് അദ്ദേഹം അനുയായികളോട് പറഞ്ഞത് എന്നാണ് കഥ. നജാഫ് നഗരമായിരുന്നു ആ സ്ഥലം. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എല്ലാവര്‍ഷവും അവിടം സന്ദര്‍ശിക്കുന്നത്. അവിടെയുള്ള വലിയ ശ്മശാനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തന്റെ മൃതദേഹം മറവുചെയ്യാനേ എതൊരു വിശ്വാസിയും ആഗ്രഹിക്കുകയുള്ളൂ.

എന്നാല്‍ റഹ്മാനിയയിലെ സത്രീക്ക് അത് സാധ്യമായില്ല. നാട്ടുകാര്‍ പറഞ്ഞത് അമേരിക്കന്‍ സേന മൂന്നു കാറുകള്‍ ആക്രമിച്ചു എന്നാണ്. അതില്‍ ഒന്നില്‍ അവരുടെ മൃതദേഹംഉണ്ടായിരുന്നു. അത് മറ്റൊരു നാണക്കേടാണെന്ന് എല്ലാവരും കരുതി. നുഴഞ്ഞുകയറ്റക്കാര്‍ ഒരിക്കലും ഇത്രയധികം സായുധസജ്ജമായി വരില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. അമേരിക്കന്‍ സൈന്യം നഗരത്തെ പൂര്‍ണമായും വളഞ്ഞപ്പോള്‍ഊഹാപോഹങ്ങള്‍ വര്‍ദ്ധിക്കുകയും അതിന്റെ ആഘാതം കൂടുകയും ചെയ്തു. അത് തീര്‍ച്ചയായും അസഹനീയമായിരുന്നു.

‘ഇത്, തീര്‍ച്ചയായും നാണക്കേട് തന്നെയാണ്’ -ദൈഫിന്റെ അമ്മാവന്‍മാരില്‍ ഒരാളായ ഹത്താബ് പറഞ്ഞു. മറ്റൊരു ബന്ധുവായ ഹുസയ്ന്‍ മറ്റുള്ളവര്‍ പറയുന്നത് തന്നെ പറഞ്ഞു, ‘അവര്‍ ഇറാഖിനെ സ്വതന്ത്രമാക്കാന്‍ വന്നതല്ല, സ്വന്തമാക്കാന്‍ വന്നതാണ’. മൊത്തം ഇറാഖികളുടെ മനസിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നത്. സംസ്കാരത്തിനും പാരമ്പര്യത്തിനും ഒരു ഭീഷണിയായാണ് പലരും അമേരിക്കന്‍ അധിനിവേശത്തെ കാണുന്നത്. പാരമ്പര്യമൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ സമൂഹത്തിനുമേല്‍ ബലമുപയോഗിച്ച് മറ്റൊരു സംസ്കാരം അടിച്ചേല്‍പ്പിക്കുകയും തന്‍മൂലം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നു.

‘ഞങ്ങള്‍ക്കിവിടെ ബ്രിട്ടീഷ് ഭരണമോ, അമേരിക്കന്‍ ഭരണമോ ആവശ്യമില്ല.ഞങ്ങളുടെ ഭക്ഷണം അവരുടേതിനേക്കാള്‍ മികച്ചതാണ്. ഞങ്ങളുടെ ജലം അവരുടേതിനേക്കാള്‍ നല്ലതാണ്’ഹുസൈന്‍ പറഞ്ഞു.
പ്രാര്‍ത്ഥനകള്‍ തീര്‍ന്നപ്പോള്‍ അവര്‍ ദൈഫിന്റെ ശവമഞ്ചം തലയില്‍ എടുത്തു. പള്ളിയുടെ നരച്ച സ്റ്റീല്‍ കവാടം കടന്ന് ആക്രമണങ്ങളുടെ അവശിഷ്ടങ്ങളിലൂടെ, വിജനവും പൊടിപാറിയതുമായ വഴികളിലൂടെ അവര്‍ നടന്നകന്നു. അവരില്‍ ചിലര്‍ നഗ്നപാദരായിരുന്നു.

‘ലാ ഇലാഹാ ഇല്ലല്ലാഹ്’-ഒരാള്‍ മന്ത്രിച്ചു. മഞ്ചം ചുമന്നവര്‍ ഏറ്റുചൊല്ലി. ബോംബ് വീഴ്ചകള്‍ അവരെ എല്ലാത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ട്. കോണ്‍ക്രീറ്റ് ഇഷ്ടികകള്‍കൊണ്ടുണ്ടാക്കിയ കുടിലുകള്‍ നിറഞ്ഞ ഇടവഴിയില്‍ നിന്ന് വിലാപയാത്ര പുറത്തെത്തി. അവിടെ കറുപ്പിലും, പച്ചയിലും,ചുവപ്പിലും വെള്ളയിലും ശിയാക്കളുടെ കൊടി പാറുന്നത് കാണാനായി.

അവര്‍ ദൈഫിന്റെ വീട്ടില്‍ എത്തി. ആ വീടിന്റെ വാതിലില്‍ മുഹമ്മദിന്റേയും അലിയുടേയും പേരുകള്‍ കൊത്തിവച്ചിരുന്നു. കറുത്ത കുപ്പായങ്ങള്‍ അണിഞ്ഞ സ്ത്രീകള്‍ കയ്യിട്ടുലച്ച് തലയാട്ടി കരഞ്ഞുകൊണ്ടിരുന്നു. ശവമഞ്ചം അകത്തേക്ക് എടുത്തതോടെഅവരുടെ കരച്ചിലില്‍ പ്രാര്‍ഥനകള്‍ മുങ്ങിപ്പോയി.ഒരു തരം നിസ്സഹായത വീടിനകത്ത് തളംകെട്ടി. ദൈഫ് കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ വരെ തകര്‍ന്നിരിക്കുകയായിരുന്നു.

‘എന്റെ മോനെ’ എന്നുറക്കെ വിളിച്ച് ദൈഫിന്റെ അമ്മ സൈനബ് ഹുസൈന്‍ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു. ‘എവിടെയാണ് മോനെ, നീ ?, എനിക്ക് നിന്റെ മുഖം കാണണം!’

ദൈഫിന്റെ കുടുംബാംഗങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് ചുമലില്‍ തലവച്ചു കരഞ്ഞു. ചിലര്‍ മുഖം പൊത്തി താഴെയിരുന്ന് കരഞ്ഞു. വീടിനകത്തുനിന്നും സ്ത്രീകള്‍ നെഞ്ചത്തടിച്ചുകരയുന്നതു കേള്‍ക്കാമായിരുന്നു.

വിവര്‍ത്തനം സരിത കെ.വേണു

വഴിയരികിലെ വീടുകളില്‍ അയല്‍വാസികളും ബന്ധുക്കളും അനീതിയെക്കുറിച്ച് തന്നെ സംസാരിച്ചു. ശിയാ മുസ്ലിംകളുടെ ജീവിതത്തില്‍ കാലങ്ങളായി അവരും അവരുടെ മുന്‍ഗാമികളുടെ നേരിടേണ്ടി വന്നത് ദുരിതവും രക്തസാക്ഷിത്വവുമാണ്.

‘ഞങ്ങള്‍ പാവങ്ങളാണ്. ഞങ്ങള്‍ക്ക് വേറെ എവിടെയും പോകാനില്ല.ഇവിടുത്തെ കുടുംബങ്ങള്‍ ചെയ്ത തെറ്റെന്താണ്? എവിടെയാണ് മനുഷ്യത്വം? ^53കാരനായ അയല്‍വാസി അബു അഹ്മദ് തന്റെ വീട്ടിലിരുന്ന് തന്റെ മകന്‍ ഹുസൈന്റെ പെയിന്റിങ്ങിലേക്കും നോക്കി പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഭയമാകുന്നുവെന്ന് ഞാന്‍ ദൈവത്തോട് കരഞ്ഞു പറയാറുണ്ട്’-അവരുടെ സ്വരത്തില്‍ ദേഷ്യമുണ്ടായിരുന്നു. അവരാകെ ഭയചകിതരായിരുന്നു.

സ്വാതന്ത്യമാണ് അമേരിക്കയുടെ ലക്ഷ്യമെങ്കില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നത് എന്തിനാണ്. സര്‍ക്കാരിനെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അവര്‍ എന്തുകൊണ്ടാണ് ബോംബൊക്കെ സാധാരണക്കാരുടെ മേല്‍പ്പതിക്കുന്നത? എങ്ങിനെയാണവര്‍ക്ക് ഇത്ര ഭയാനകമായ സാങ്കേതിക വിദ്യകൊണ്ട് ഇത്രയും ദുരന്തം വിതക്കാനാവുന്നത്?

സദ്ദം ഹുസൈന്റെ ഇറാഖില്‍ 30 വര്‍ഷം ക്രൂരത കൊണ്ട് ഉണ്ടാക്കിയ രാഷ്ട്രീയ സംസ്കാരത്തിന് അമേരിക്ക പ്രതികാരം തീര്‍ക്കുകയാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ദക്ഷിണ ഇറാഖി നഗരമായ ബര്‍സയിലും മറ്റും നടത്തിയ ആക്രമണങ്ങള്‍ അതിന് ഉദാഹരണമായി അവര്‍ കാണുന്നു. എന്നാല്‍ ചിലര്‍ തുറന്ന മനസ്സോടെ തന്നെ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ അമേരിക്കയോടും ബ്രിട്ടനോടും ആഹ്വാനം ചെയ്യുന്നുണ്ട് എന്നാല്‍ ജനങ്ങളെ വെറുതെ വിടണം എന്നാണ് അവരുടെ അഭ്യര്‍ത്ഥന.
‘അവര്‍ക്ക് ജനങ്ങളെ സ്വതന്ത്രമാക്കണമെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കിയാല്‍ മതി,എന്തിനാണ് സാധാരണക്കാരായ ജനങ്ങളെ കൊല്ലുന്നത്’-ഒരു ബന്ധു ചോദിച്ചു. ‘സര്‍ക്കാരുമായി യാതൊരു ഇടപാടും ഞങ്ങള്‍ സാധാരണക്കാര്‍ക്കില്ല, ഞങ്ങളെല്ലാം ഞങ്ങളുടെ വീട്ടിലാണ് ജീവിക്കുന്നത്’

സന്ധ്യക്ക് മുമ്പ്, ദൈഫിന്റെ ശവമഞ്ചം വീട്ടില്‍ നിന്നെടുത്തു. ഒരു വെളുത്ത പിക്അപ്പ് വാനില്‍ കയറ്റി ഖബറിസ്ഥാനിലേക്ക് കൊണ്ടു പോയി. പൊടിയുയര്‍ത്തി വാന്‍ കടന്നു പോയപ്പോള്‍, അയല്‍വാസികളും ബന്ധുക്കളും ഉറക്കെ വിളിച്ചു പറഞ്ഞു, ദൈവം നിന്നോടൊപ്പമുണ്ടാകും. ചിലര്‍ തങ്ങളുടെ വിശ്വസത്തിന്റെ ശക്തിയെ ദ്യോതിപ്പിക്കുന്ന ആംഗ്യങ്ങളോടെ കൈവീശി,അവസാനം അവരും ദൈഫിനോട് ഒപ്പം ചേരാനുള്ളതാണ് എന്ന് പോലെ.

ചുവന്ന് കലങ്ങിയ കണ്ണുകളോടെ, തളര്‍ന്ന ശരീരത്തോടെ അമ്മാവനായ ഹതാബ് അകന്നു പോയിക്കൊണ്ടിരിക്കുന്ന ശവമഞ്ചത്തിലേക്ക് നോക്കി പറഞ്ഞു. ‘അത് ദൈവഹിതമായിരുന്നു. അവന്‍ ദൈവത്തിങ്കലേക്ക് മടങ്ങി’.

 

റിപ്പോര്‍ട്ടിങിനിടെ ആന്റണി ഷാദിദ്


 

 

പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്? ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ-മരണത്തിലേക്ക് മറഞ്ഞ, ലോകത്തിന്റെ പ്രിയ ഗായിക വിറ്റ്നി ഹൂസ്റ്റണിന് ഓര്‍മ്മ കൊണ്ട് ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

 

 

കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ I will always love you എന്ന ഗാനത്തിന്റെ ലിങ്ക് ഷെയര്‍ചെയ്തതു കണ്ടപ്പോള്‍ കരുതി, വാലന്റൈന്‍സ് ഡേ അല്ലേ, രണ്ടു ദിവസം മുമ്പേ അവന്‍മാര്‍ പണിതുടങ്ങി എന്നാണ്. പെട്ടെന്നാണ് അതിനോടൊപ്പമുണ്ടായിരുന്ന ചെറിയ അക്ഷരത്തിലുള്ള വാര്‍ത്ത കണ്ടത്. വിറ്റ്നി ഹൂസ്റ്റണ്‍ എന്ന ഗായിക, ഇനിയില്ല! അവരുടെ ഗാനങ്ങളും സിനിമകളും മാത്രം ബാക്കി!

സരിത കെ. വേണു

ഞെട്ടലുണ്ടാക്കി, ആ തിരിച്ചറിവ്. മരണം അത് എത്ര പെട്ടെന്നാണ് എല്ലാം കീഴടക്കുന്നത്. 48 വര്‍ഷം അവര്‍ ചിരിച്ച ചിരികള്‍, കരഞ്ഞ ദുഖങ്ങള്‍, അനുഭവിച്ച നെഞ്ചിടിപ്പുകള്‍, നേടിയ വിജയങ്ങള്‍, പരാജയങ്ങള്‍…സ്വന്തമെന്ന് നിനച്ചതെല്ലാം ബാക്കി. ജീവിതത്തിന്റെ നടപ്പുവഴികളില്‍ അവര്‍ മാത്രമില്ലാതാവുന്നു. മായാജാലക്കാരന്‍ മരണം ഒറ്റയടിക്കില്ലാതാക്കുന്നു, നമ്മില്‍നിന്നെല്ലാം. ഒരു തിരിച്ചുവരവില്ലെന്ന പൂര്‍ണ ബോധ്യത്തിലായിരുന്നു വിറ്റ്നിയും അറ്റുവീണത്.

തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്?

ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ?

 

വിറ്റ്നി

 

”നീ ഞങ്ങളുടെ നവോമി കാംബെല്‍ ആണെന്നു പറയുമ്പോള്‍ എനിക്ക് വിറ്റ്നി ഹൂസ്റ്റണ്‍ ആവാനായിരുന്നു ഇഷ്ടം”. ഡോ.ജോണ്‍ മത്തായി സെന്ററിലെയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ് നാളുകളിലെയും പ്രിയ ശബ്ദമായിരുന്നു അവര്‍. പഠിച്ചിരുന്ന കാലത്ത് മനസില്‍ ചേക്കേറിയ, വിട്ടകലാത്ത ശബ്ദം.

അന്നൊക്കെ എം ടി.വിയില്‍ ഞാന്‍ കൂടുതല്‍ കണ്ടതും കേട്ടതും അവരുടെ ഗാനങ്ങള്‍ തന്നെ. ഒരു ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും പടര്‍ത്തിയിട്ട ശബ്ദമാധുരിയില്‍ വിറ്റ്നി പാടിയത് മുഴുവന്‍ എനിക്ക് പറയാനുള്ള വാക്കുകളാണെന്ന് തോന്നിയിരുന്നു. വിറ്റ്നിയുടെ ഗാനങ്ങളുടെ ശീര്‍ഷകങ്ങള്‍ കോര്‍ത്തിണക്കി ഒരിക്കല്‍ എന്റെ ക്രിസ്തുമസ് ഫ്രെന്റിനു ഞാന്‍ കത്തുകളെഴുതി. അതിനെങ്ങനെ മറുപടി അയക്കാനാവും എന്ന കൌതുകത്തോടെ കാത്തുനിന്നു.

പ്രണയകാലത്തും, പിന്നീടും അവരുടെ പാട്ടുകളിലൂടെ ഏറെ ദൂരം ഞാന്‍ നടന്നു. കടുത്ത ഇഷ്ടം കൊണ്ടു മൂടി. പ്രണയത്തിന്റെ മൂര്‍ധാവിലേക്ക് മധുരം പകര്‍ന്ന് കറുത്തുസുന്ദരിയായ ഒരു സ്ത്രീ പാടുന്നു ‘I will Always love you’ ഓ, സുന്ദരം! അതുകൊണ്ടാവണം എനിക്ക് വിറ്റ്നിയാവണമെന്ന് കൊതിയായത്.

 

 

നഷ്ട പ്രണയത്തിന്റെ തീച്ചിറകുകള്‍ എന്നെ പറത്തുമ്പോഴും അവര്‍ കൂട്ടുവന്നു. ‘Saving all my love for you’ എന്ന ഗാനം വീണ്ടും വീണ്ടും മുറിവാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട ലേഖനത്തിന് ആദ്യം മനസ്സില്‍ വന്ന വരി ഒരു ചോദ്യമായിരുന്നു. Where do the broken hearts go?

 

 

പിന്നെ, കാല്‍പ്പനികതയുടെ പഞ്ഞിക്കെട്ടുകളില്‍നിന്ന് ജീവിതം നമ്മെ അടര്‍ത്തി മാറ്റുന്നു. ഒരു പക്ഷേ, വിറ്റ്നിയെ അടര്‍ത്തി മാറ്റിയത് അതാവാം. അത്ര കാല്‍പ്പനികമല്ലാത്ത തിരക്കുകള്‍. ജോലി നീട്ടിയെറിയുന്ന സമയമില്ലായ്മകള്‍. പതിയെ, ഒരു തൂവല്‍ക്കനമായി അവരെന്നില്‍നിന്ന് ഇറങ്ങിപ്പോയത് അങ്ങനെ തന്നെയാവണം. എന്നിട്ടും, പക്ഷെ ഓര്‍മ്മയിലുണ്ടായിരുന്നു, മയില്‍പ്പീലിക്കണ്ണുകളുള്ള ആ ശബ്ദം. ചാഞ്ഞും ചെരിഞ്ഞുമെത്തുന്ന സ്വപ്നാടനത്തിന്റെ നേരങ്ങളിലെ എന്റെ സഞ്ചാരങ്ങള്‍ക്ക് ആ സ്വരം പശ്ചാത്തല സംഗീതമായി.

 

 

ഇത്രയും പ്രതിഭാസമ്പന്നയായ അവര്‍ക്ക് എന്താണ് പറ്റിയതെന്ന് നമുക്കറിയാം. പ്രതിഭകൊണ്ട് അവര്‍ നമ്മുടെ സന്തോഷത്തിന്റെ വിടവുകള്‍ നികത്തിയപ്പോള്‍ അവര്‍ക്ക് ആ സന്തോഷം ലഭിച്ചിരുന്നേയില്ല. ഡോളി പാര്‍ടണ്‍ പറഞ്ഞതു പോലെ ‘വിറ്റ്നിയുടെ മരണത്തില്‍ മുറിവേറ്റ ദശലക്ഷക്കണക്കിന് ഹൃദയങ്ങളി’ല്‍ ഒന്നുമാത്രമാണ് എന്റേത്. മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.

 

 

നിന്റെ ഭക്ഷണത്തിന്റെ ജാതി എന്താ?

ഏതുതരം ഭക്ഷണമാണ് ഇഷ്ടമെന്നു ചോദിച്ചാല്‍ നോണ്‍ വെജ് ആയിട്ടുള്ള എന്തും എന്നു പറയാനാണ് എനിക്കിഷ്ടം. അത് രക്തമുള്ള മാംസത്തോടു തോന്നുന്ന കൊതിയൊന്നുമല്ല. മറിച്ച കാലങ്ങളായി ഞാന്‍ അനുഭവിച്ചതായ വെജിറ്റേറിയന്‍ സുഹത്തുക്കളുടെ ഈഗോയില്‍ നിന്നുമാണ് ഞാന്‍ പ്യുര്‍ നോണ്‍വെജ്ജ് ആണ് എന്ന എന്റെ ഈഗോയെ ഉറവൂറ്റിയെടുത്തത്- ഭക്ഷണത്തിന്റെ ജാതിയെയും രാഷ്ട്രീയത്തെയും കുറിച്ച് പൊള്ളുന്നൊരു സത്യവാങ്മൂലം. സരിത കെ. വേണു എഴുതുന്നു

 

graphics: മാഹിന്‍. സി.എ

 

‘നായര്‍ പെണ്‍കുട്ടികളുടെ സാമ്പാറിന് അസാധ്യ രുചിയാണ്. അവരുടെ ചോറ്റുപാത്രമൊന്ന് തുറക്കുമ്പോള്‍ കാണാം എല്ലാവരും നായര്‍ പെണ്‍കുട്ടികളെ പൊതിയുന്നത്. അതുകൊണ്ട് നമ്മളൊക്കെ സ്കൂളിലും കോളജിലുമൊക്കെ പോയിരുന്നപ്പോള്‍ ഉച്ചയൂണിന് പാത്രം തുറക്കാന്‍ പോലും മടിച്ചിട്ടുണ്ട്്. ഒരു ജാള്യതയാണ്’-എന്റെ ഒരു സുഹൃത്തിനോട് ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു മേല്‍പ്പറഞ്ഞത്. ശരിയാണ് ജീവിതത്തില്‍ നേരിടേണ്ടിവന്നതായ വലുതും ചെറുതുമായ എല്ലാതരം തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഒരു പരിധിവരെ കാരണം ഞാനോ അവനോ കഴിച്ചിരുന്ന ഭക്ഷണം തന്നെയായിരുന്നു.

കുട്ടിക്കാലത്ത് എന്റെ വീടിനടുത്തുള്ള കൂട്ടുകാരികള്‍ വീട്ടില്‍ വന്നാല്‍ വെള്ളം പോലും കുടിക്കില്ലായിരുന്നു. എന്റെ അമ്മയാണെങ്കില്‍ നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നതില്‍ മിടുക്കിയുമാണ്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണമടിച്ച് കൊതിമൂത്താലും ഞങ്ങളുടെ കൂട്ടുകാര്‍ അത് കഴിക്കില്ല. നിര്‍ബന്ധിച്ചാലും വേണ്ട വീട്ട്ന്ന് ചീത്ത പറയും എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു പതിവ്. അത് ഭക്ഷണത്തില്‍ മയക്കുമരുന്നു കൊടുത്ത് മയക്കി ആരെങ്കിലും പീഡിപ്പിച്ചാലോ എന്ന ഭയമൊന്നുമായിരുന്നില്ല അതിന്റെ പിന്നില്‍. താഴ്ന്ന ജാതിക്കാരുടെ വീട്ടില്‍ നിന്നും ഒന്നും കഴിക്കേണ്ട എന്ന് ബോധം തന്നെയായിരുന്നു. എന്റെ അമ്മയ്ക്ക് അത് വളരെയേറെ നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്ന് അപ്പോഴൊക്കെ വലിയ ബുദ്ധിയൊന്നും ഇല്ലെങ്കിലും മനസിലാവുമായിരുന്നു.

സരിത കെ. വേണു

ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും എന്തുതരം വികാരമാണ് ഉണ്ടാക്കുന്നത് എന്ന് എനിക്കറിയില്ല. ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് അത്. ഒരു നായരുടെ വീട്ടിലെ പണിക്കാരിയായിരുന്നു ഞാന്‍. ആ വീട്ടിലെ പാചകം ഒഴികെ എല്ലാ പണിയും എടുക്കണം. മാസം 30 രൂപ ശമ്പളത്തിനു പുറമേ എല്ലാ ദിവസവും ചായയും പലഹാരവും കിട്ടും. ജോലിയെല്ലാം കഴിയുമ്പോള്‍ തളര്‍ന്നു ചത്തിട്ടുണ്ടാകും. ജോലിചെയ്യാനുള്ള പ്രചോദനം തന്നെ ഈ ചായയും ദോശയും പിന്നെ നായര്‍ സ്ത്രീയുടെ സാമ്പാറുമാണ്. പക്ഷെ അത് കഴിക്കാനുള്ള വാഴയില ഞാന്‍ തന്നെ കീറിക്കൊണ്ടു വന്ന് കഴുകി, ഞാന്‍ കഴുകി വൃത്തിയാക്കിയിട്ടിരിക്കുന്ന അഴുക്കുചാലിനരികിലായുള്ള സിമന്റ് വരാന്തയിലെ നിലത്തിട്ടിരിക്കണം. ചായകുടിക്കാന്‍ എന്തോ ഒരു സ്റീല്‍ ഗ്ളാസ് ഉണ്ടായിരുന്നു. നല്ല സങ്കടം വരും. ആദ്യമൊക്കെ ഒരു ഞെട്ടലായിരുന്നു. പിന്നെ പിന്നെ അത് ശീലമായി. അന്ന് എന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായക്കുണ്ടായിരുന്നു ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പാത്രം. എന്നിട്ടും ശരീരം മറന്നുള്ള അദ്ധ്വാനത്തിനു ശേഷം കിട്ടിയിരുന്ന ഭക്ഷണം കഴിക്കാന്‍ എനിക്ക് സ്വന്തമായി ഉണ്ടായിരുന്നത് വാഴയിലയാണ്. അതിന് അവര്‍ നിരത്തിയ ന്യായങ്ങള്‍ കേള്‍ക്കാം. നായര്‍ സ്ത്രീയുടെ അമ്മ പഴയ ആളാണ്. അവര്‍ക്ക് അതൊക്കൊക്കെ ഇപ്പോഴും വലിയ കാര്യമാണത്രെ. ഏതൊക്കെ എന്നു വച്ചാല്‍ ജാതി, തൊട്ടുകൂടായ്മ, നായമ്മാരുടെ പാത്രത്തില്‍ കീഴ്ജാതിക്കാര്‍ ഭക്ഷണം കഴിക്കുന്നത് എന്നൊക്കെ വായിക്കാം. അവരുടെ ഉടുമുണ്ട് അലക്കിയിരുന്നത് ഞാനായിരുന്നു. അവരുടെ നിലം അടിച്ചുവാരി തുടച്ചിരുന്നതും ഞാനായിരുന്നു, അവര്‍ തിന്നിരുന്ന പാത്രം കഴുകുന്നത് ഞാനാണ്, അവരുടെ മരുമകന് മൃഷ്ടാന്നം വെട്ടിവിഴുങ്ങാനുള്ള മത്തി വൃത്തിയാക്കിയിരുന്നത് ഞാനായിരുന്നു, ഇതില്‍ കൂടുതല്‍ അവര്‍ എന്നെ എങ്ങിനെ തൊടാതിരിക്കാനാണ്.

ഇതൊക്കെ വിഷയത്തിലേക്ക് വരാന്‍ വേണ്ടി പറഞ്ഞു എന്നുമാത്രം. ഇന്നു കാലം മാറിയിട്ടുണ്ട്. നായന്‍മാര്‍ എന്റെ വീട്ടില്‍ നിന്നും പച്ചമുളകും ഉള്ളിയും പുളിയും വെട്ടുകത്തിയുമൊക്കെ കടം മേടിക്കാറുണ്ട്, ആ പഴയ നായര്‍ തറവാട് ഇന്നില്ല, അവരുടെ ഫാളാറ്റില്‍ പോകുമ്പോള്‍ ഡൈനിങ് ടേബിളിലാണ് ഇപ്പോള്‍ എന്റെ സ്ഥാനം. എന്നാലും പഴയ ഓര്‍മയില്‍ ഒരല്‍പ്പം പോലും ഇറക്കാനാവില്ല എന്നു മാത്രം.

പിന്നീട് ജീവിതത്തില്‍ ഉടനീളെ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ തന്നെ ഡോസു കുറഞ്ഞ വകഭേദങ്ങളാണെന്നു വേണമെങ്കില്‍ പറയാം. ഒരു വെളുത്തുള്ളിയുടെ മണത്തിന്റേയും രുചിയുടേയും ആഴമാണ് ഞാനും എന്റെ ഏറ്റവും അടുത്ത നായര്‍ കൂട്ടുകാരിയും തമ്മിലുള്ള ദേഷ്യത്തിന്റെയും അടുപ്പത്തിന്റേയും അകലം. ഞാന്‍ തൃശൂര്‍ സ്്റ്റെലില്‍ പയര്‍ തോരന്‍ വച്ചാല്‍ അവള്‍ക്ക് ഇഷ്ടപ്പെടില്ല. അതില്‍ നിറയെ വെളുത്തുള്ളിയും കുത്തിപൊടിച്ച വറ്റല്‍മുളകുമുണ്ടാകും. അവള്‍ക്കിഷ്ടം മെഴുക്കുവരട്ടിയാണ്. രണ്ടുപേര്‍ക്കും പരസ്പരം ആ രുചികള്‍ ഇഷ്ടമല്ല. പിന്നെ തര്‍ക്കം മുഴുവനും വെള്ളുത്തുള്ളിയുടെ ഗുണവും ഗുണമില്ലായ്മയേയും കുറിച്ചായിരിക്കും തര്‍ക്കം മൂത്ത് ദിവസങ്ങളോളം മിണ്ടാതിരുന്നിട്ടുണ്ട് അവളും ഞാനും. രുചി എത്ര പെട്ടെന്നാണ് ഞങ്ങളെ ശത്രുക്കളാക്കിയത്.

ഭക്ഷണത്തിലൂടെ സ്വന്തം ജാതിയും എന്റെ അസ്തിത്വവും വെളിപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു ജാള്യതയും തോന്നാറില്ല. പ്രത്യേകിച്ചും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളായ പോത്തിറച്ചിയും മീനുമൊക്കെ കഴിക്കുമ്പോള്‍. ചില സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ നേരത്താണ് ഏറ്റവും നന്നായി അഭിനയിക്കാറുള്ളത്. ഞാന്‍ ഓര്‍ഡര്‍ ചെയ്തത് ബീഫ്ചപ്പാത്തിയോ, ബീഫ് ബിരിയാണിയോ മറ്റോ ആണെങ്കില്‍, കൂടെയുള്ളത് കടുത്ത ബീഫ് വിരോധിയാണെങ്കില്‍, അവരുടെ മുഖത്ത് പുച്ഛം, മ്ളേച്ഛം, ഭീഭത്സം, തുടങ്ങി വിവിധങ്ങളായ രസങ്ങള്‍ മിന്നിമായുന്നത് കാണാം. എന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണം പോത്തിറച്ചിവിഭവങ്ങളാണ്. ഞങ്ങള്‍ ബീഫു വാങ്ങി കഴിക്കുകയാണെങ്കില്‍ ചങ്ങാതി അങ്ങു തുടങ്ങും പോത്തിന്റെ അംഗലാവണ്യവും ചാണകമിടലും നാവുനീട്ടലുമൊക്കെ അങ്ങു വര്‍ണിക്കാന്‍. എന്റെ മുന്നില്‍ ഇരുന്നു തിന്നാല്‍ ഇതാണ് ഗതി എന്ന് പറയുകയും ചെയ്യും. എന്നാല്‍ അവര്‍ക്കേറ്റവും ഇഷ്ടം കല്ലുമ്മക്കായയാണ്. കല്ലുമ്മക്കായ എന്താണ് എന്ന് നമുക്കറിയാം. അതിന്റെ വയറ്റിലെ അഴുക്കുപോലും കളയാതെയാണ് ഹോട്ടലുകളില്‍ കല്ലുമ്മക്കായ കറിവെയ്ക്കുന്നത്. ഞാന്‍ തിന്നുന്നത് പോത്തിന്റെ ഇറച്ചിയാണല്ലോ, അതിന്റെ ചാണകമല്ലല്ലോ, കല്ലുമ്മക്കായ അങ്ങിനെയാണോ?

പോത്തിറച്ചി കഴിക്കുന്നത് ഏറെ മോശമായ പ്രവര്‍ത്തിയായാണ് ഏറെപ്പേരും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അതുകഴിക്കുന്നവരെ അത്രതന്നെ അധിക്ഷേപിക്കുക എന്നതാണ് ഇറച്ചികഴിക്കാത്തവരുടെ പ്രധാന ഹോബി. യോഗാ തെറാപ്പിസ്റായ എന്റെ ഒരു സുഹൃത്ത് ബീഫ് കഴിക്കില്ല, അവളുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവള്‍ ഉറക്കെ എന്നെ ചീത്തപറയും. ഇനിയെങ്കിലും ഒന്നു നിര്‍ത്തിക്കൂടെ നമ്മുടെ ദൈവങ്ങളേയാണ് ഇങ്ങിനെ തിന്നു തീര്‍ക്കുന്നത് എന്ന ബോധം വേണ്ടേ എന്നൊക്കെ ഉറക്കെ, എല്ലാവരും കേള്‍ക്കെ വിളിച്ചുപറയുകയാണ് അവളുടെ തന്ത്രം. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം പോര്‍ക്കിറച്ചി ഹറാമായ എന്റെ സുഹൃത്തുക്കള്‍ പന്നിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിളിച്ചുകൂവുന്നത് ഞാന്‍ കേട്ടിട്ടില്ല. അതുപോലെ തന്നെ കോഴി പുഴുവിനെത്തിന്നുന്നുവെന്നോ, വ്യത്യസ്ത നിറങ്ങളില്‍ കാട്ടം ഇടുന്നുവെന്നോ, കോഴിതിന്നുകൊണ്ടിരിക്കുമ്പോള്‍ ആരും പറഞ്ഞതായും ഓര്‍മയില്ല. ഒരാള്‍ കഴിക്കുന്നത് അത് അമേധ്യമാണെങ്കിലും കൂടെയിരുന്നു കഴിക്കുന്നവര്‍ പാലിക്കേണ്ട ചില മര്യദകളൊക്കെയുണ്ട് എന്നാണ് പറഞ്ഞു വരുന്നത്.

വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടയില്‍ ഞാന്‍ അടുത്തിരുന്ന ആളോട് പറഞ്ഞു. ”അവിടെയെത്തിയാല്‍ ഞാന്‍ ബിരിയാണി തിന്നും”. ”കോഴി ബിരിയാണിയോ? അവിടെ അതൊന്നും കിട്ടില്ല. പിന്നെ വേണമെങ്കില്‍ ‘ബേ’ കിട്ടും’. ‘ബേ’ എന്നു പറഞ്ഞാല്‍ പോത്ത്. മുഖത്ത് ഓക്കാനത്തിന്റെ ഭാവം വരുത്തി പിന്നെ അയാളുടെ വക ഒരു വിവരണമാണ്. കേട്ടാല്‍ പോത്ത് എണീറ്റ് ഛര്‍ദ്ദിക്കും.

 

 

പി ജിക്ക് പഠിക്കുമ്പോഴാണ് എന്റെ ക്ളാസ്മേറ്റിന്റെ വക സുവിശേഷം കേള്‍ക്കാന്‍ ഇടയായത്, അയ്യോ! അത് ഗോ മാതാവാണ് സരി, അതിനെ തിന്നരുത്ട്ടോ. കക്ഷി പഠിച്ചതും വളര്‍ന്നതും ഒക്കെ അങ്ങ് മുംബൈയിലാണ് അതിന്റെ ഹാങ്ങോവറായിരിക്കാം ഇടയ്ക്കിടെ ബാല്‍താക്കറെ കാണേണ്ട നീ ബീഫ് കഴിക്കുന്നത് എന്നൊക്കെ ഭീഷണിയുടെ ലൈനില്‍ പേടിപ്പിക്കും. ‘എന്റെ പൊന്നുകൂട്ടുകാരി, ഗോമാതാവ് നിനക്ക്. എനിക്ക് തല്‍ക്കാലം ഒരമ്മ മതി അവര്‍ എന്റെ വീട്ടിലുണ്ട്. എനിക്കിവരൊക്കെ സത്യത്തില്‍ പോത്തും പശുവും മാത്രമാണ്’. അമര്‍ഷം കൊണ്ട് അവളുടെ മുഖം ചുവന്നു വരും. സത്യത്തില്‍ ബീഫ് കഴിക്കുന്നത് ഒരു ഹരമായി മാറിയത് ഇത്തരം ഇടപെടലുകള്‍ കൊണ്ടുകൂടിയാണ്.

ഞാന്‍ നിന്റെ രുചികളെ ഒന്നും പറയുന്നില്ല പിന്നെ എന്തിനാണ് നീ ഞാന്‍ കഴിക്കുന്ന ഭക്ഷണത്തെ അധിക്ഷേപിക്കുന്നത് എന്നാണ് എന്റെ ചോദ്യം. ഒരു ദലിതായി ജനിച്ചതില്‍ ഏറെ സന്തോഷം തോന്നിയത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്, എനിക്ക് എല്ലാ ഭക്ഷണവും കഴിക്കാം, ആരുടെ വീട്ടില്‍ നിന്നും കഴിക്കാം. ഞങ്ങള്‍ ആസ്വദിക്കുന്ന ഭക്ഷണവൈവിധ്യം ഒരു സവര്‍ണ നോണ്‍വെജിറ്റേറിയന്‍ പോലും ആസ്വദിക്കുന്നില്ല. നോണ്‍ വെജിറ്റേറിയനില്‍ തന്നെ കോഴി മാത്രം കഴിക്കുകയും മറ്റുള്ളവര്‍ കഴിക്കുന്നതൊക്കെ എന്തോ ആണെന്നും വിശ്വസിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ സവര്‍ണ നോണ്‍വെജിറ്റേറിയന്‍ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നത്. ഏതുതരം ഭക്ഷണമാണ് ഇഷ്ടമെന്നു ചോദിച്ചാല്‍ നോണ്‍ വെജ് ആയിട്ടുള്ള എന്തും എന്നു പറയാനാണ് എനിക്കിഷ്ടം. അത് രക്തമുള്ള മാംസത്തോടു തോന്നുന്ന കൊതിയൊന്നുമല്ല. മറിച്ച കാലങ്ങളായി ഞാന്‍ അനുഭവിച്ചതായ വെജിറ്റേറിയന്‍ സുഹത്തുക്കളുടെ ഈഗോയില്‍ നിന്നുമാണ് ഞാന്‍ പ്യുര്‍ നോണ്‍വെജ്ജ് ആണ് എന്ന എന്റെ ഈഗോയെ ഉറവൂറ്റിയെടുത്തത്.

”ഞാന്‍ പ്യൂര്‍ വെജ്ജാണ്”

ഇനി നീ പറ എന്റെ ജാതിയെന്താണെന്ന്?

നായര്‍, നമ്പൂതിരി, പട്ടര്്. ഇതില്‍ മൂന്നില്‍ ഒന്നു ശരിയായിരിക്കും.

ഞാന്‍ പ്യൂര്‍ നോണ്‍വെജ്ജാണ്

ഇനി നീ പറ എന്റെ ജാതിയെന്താണെന്ന്?

ദലിത്, ക്രിസ്ത്യന്‍, മുസ്ലിം?

ഞാന്‍ പ്യൂര്‍ വെജ്ജാണ് എന്ന് പറയുമ്പോള്‍ പറയുന്നവന്‍ അല്ലെങ്കില്‍ പറയുന്നവള്‍ അനുഭവിക്കുന്ന വല്ലാത്തൊരു ആത്മാഭിമാനവും അഹങ്കാരവുമുണ്ട്. തന്റെ ജാതിയേയും തന്റെ അഭിരുചികളെയും വളരെ വ്യക്തമായി അവര്‍ തര്‍ജ്ജമചെയ്യുന്നു.പറയാതെ തന്നെ അവര്‍ തന്റെ ജാതി വ്യക്തമാക്കി. ഇനിയിപ്പോള്‍ നോണ്‍വെജ്ജാണെങ്കില്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും യാതൊരു ചോദ്യവുമില്ല.അതുറപ്പാണല്ലോ, ഒന്നെങ്കില്‍ മേത്തന്‍ അല്ലെങ്കില്‍ മ്ളേച്ഛന്‍, അല്ലാതെന്താ. ഓഫിസ് മെസ്സില്‍ തനിക്കുമാത്രമായി വെജ്ജ് കറിയുണ്ടാക്കുന്നതില്‍ അഭിമാനിക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.വിപ്ളവത്തിനുവേണ്ടി നോണ്‍ വെജ്ജ് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കക്ഷി. ഭക്ഷണം അത് രുചിയോട് കൂടി കഴിക്കുമ്പോള്‍ മാത്രമാണ് വിപ്ളവമാകുന്നത്.

രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ള എന്റെ ഒരു സുഹൃത്തിനോട് ആടിന്റെ കരള്‍ കഴിക്കാന്‍ പറഞ്ഞത് ഡോക്ടറാണ്. അങ്ങിനെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ വീട്ടില്‍ അമ്മയുടെ സുഹൃത്ത് വിരുന്നുവന്നു. നമ്പൂതിരി ജാതിയില്‍പ്പെട്ട ആ സ്ത്രീ പിന്നീട് അവനോട് മിണ്ടിയിട്ടില്ലത്രെ.അവര്‍ കാണ്‍കെയാണല്ലോ അവന്‍ മ്ളേച്ഛമായ ഭക്ഷണം കഴിച്ചത്. അതു പോലെതന്നെ ഞാന്‍ താമസിക്കുന്ന ഹോസ്റല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ളതായിട്ടും അവിടെ നോണ്‍വെജായി കോഴിക്കറിയല്ലാതെ മറ്റൊന്നും ലഭിക്കില്ല. ബീഫോ, പോര്‍ക്കോ വേണമെന്നുള്ളവര്‍ക്ക് അത് കഴിക്കാന്‍ ഹോട്ടലുകള്‍ തന്നെ ശരണം. എന്നാല്‍ ബീഫ് കഴിക്കാത്തവര്‍ വളരെ തുച്ഛമാണവിടെ. എല്ലാവരും പുറത്തുനിന്നു വാങ്ങികൊണ്ടുവന്ന് കഴിക്കുന്നതും കാണാം. എന്നിട്ടും ആര്‍ക്ക് വേണ്ടിയാണ് ബീഫിനെ മെനുവില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യം ബാക്കിയാവുന്നു. തൈരും അച്ചാറും കൈകൊണ്ടു കശക്കി വൃത്തികേടാക്കി തിന്നുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്. അവള്‍ ഭക്ഷണം കഴിക്കുന്നത് അവളുടെ സന്തോഷത്തിനാണ്, അതില്‍ എനിക്കെങ്ങനെ ഇടപെടാനാവും. ഒരിക്കലും നീ ഇങ്ങനെ കഴിക്കരുത് എന്നു എങ്ങിനെ പറയാനാവും. അതവളുടെ സ്വാതന്ത്യമാണ്. നമുക്കെല്ലാവര്‍ക്കും ആ സ്വാതന്ത്യം ലഭിക്കട്ടെ എന്നു ആശിക്കാം.

one more post on politics of food
പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers