കാണുംമുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയന്‍ ചെറിയാന്റെ പപ്പീലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് കണ്ടതിനു ശേഷവുമുണ്ടായി ഏറെ ചര്‍ച്ചകള്‍.. ആ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ വായിക്കുന്നു, കെ.എസ് സുദീപ്
സംശയം / വിമർശനം പ്രസക്തമായി കരുതുമ്പോൾത്തന്നെ, പീഡനങ്ങളുടെ ഈ ചിത്രീകരണം ‘പുരോഗാമി’ എന്ന് സ്വയം അഹങ്കരിക്കുന്ന, ജാതി എന്നത് കേരളത്തിൽ പണ്ടുണ്ടായിരുന്നതും ബീഹാറിലും തമിഴ് നാട്ടിലുമൊക്കെ ‘ഇപ്പോഴും’ നിലനിൽക്കുന്നതുമായ ഒരു കാര്യമായി മനസ്സിലാക്കുന്ന, ‘മലയാളി’യുടെ അഹങ്കാരത്തെ തകർക്കുക എന്നൊരു ദൗത്യം ചെറുതായെങ്കിലും നിർവ്വഹിക്കുന്നുണ്ടെങ്കിൽ അത്രയും നല്ലത് എന്നും ഞാൻ കരുതുന്നു. കേരളത്തിനു പുറത്തുനിന്നുള്ള ദളിത് പീഡനങ്ങളുടെ റിപ്പോർട്ടുകൾ / വിഷ്വലുകൾ കണ്ട് ‘അതാ ദളിത് പീഡനം’ എന്ന് നമുക്ക് രോഷം കൊണ്ട് കോൾമയിർ കൊള്ളുന്ന അത്ര സുഖമുള്ള കാര്യമല്ലല്ലോ കേരളത്തിൽ നടക്കുന്ന പീഡനങ്ങളെ കാണുകയും കേൾക്കുകയും പറയുകയും ചെയ്യേണ്ടിവരുന്നത്- സുദീപ് കെ എസ് എഴുതുന്നു
പപ്പീലിയോ ബുദ്ധ എന്ന സിനിമയുടെ ഒരു സ്ക്രീനിങ് ഉണ്ടായിരുന്നു ഒരു മാസം മുമ്പ് കോഴിക്കോട്ട്. അന്ന് പടം മുഴുവന്‍ കാണാന്‍ പറ്റിയില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമന്‍ എന്നെയും കൊണ്ട് പുറത്തിറങ്ങി.
രണ്ടാഴ്ച കഴിഞ്ഞ് പടം റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ പോയി കണ്ടു. അത് കുറെ വെട്ടിമുറിച്ച, കുറെ blur ചെയ്ത, കുറെ mute ചെയ്ത മറ്റൊരു സിനിമ തന്നെയായിരുന്നു.
ഈ രണ്ടു സിനിമകളുടെയും പേര് ഒന്നുതന്നെയായതുകൊണ്ട് രണ്ടിനെപ്പറ്റിയുമാണ് ഇനി പറയുന്ന കാര്യങ്ങള്‍. സിനിമയെപ്പറ്റി മാത്രമല്ല. ഈ സിനിമയെ / സിനിമകളെ കണ്ട പലരുടെയും കാഴ്ചകളെപ്പറ്റിയും കൂടിയാണ്. (കാഴ്ചകളല്ലാതെ എന്ത് സിനിമ എന്നും വേണമെങ്കിൽ ചോദിക്കാം).
ശ്വാസം മുട്ടലുകളും ഗാന്ധിവിമർശനവും
പല തവണ സിനിമ കണ്ട സംഗീതകാരനും ദളിത് ചിന്തകനുമായ അജിത് കുമാര്‍ എ എസ് തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് മെസേജിൽ പറഞ്ഞു : “ജാതിയെ അഭിസംബോധന ചെയ്യുന്ന ഒരു സിനിമയെന്ന നിലയില്‍ അത് പുറത്തുവരണമെന്നും എല്ലാവരും കാണണമെന്നും ഉള്ള ബോധത്തില്‍ അതിനെ പിന്തുണയ്ക്കുന്നുവെങ്കിലും ഒരു ദലിത് പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്ന് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും തെറ്റിദ്ധരിക്കപ്പെടുമെന്നു കരുതി അടക്കി വച്ചിരിക്കുകയായിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ ആ സിനിമ എന്നെ ശ്വാസം മുട്ടിച്ചു. ദലിത് ഭൂമിപ്രശ്നത്തെക്കുറിച്ചും ദലിത് ശരീരങ്ങളെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും ഒക്കെ ഒരുപാട് വീക്ഷണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കി..”
ഈ അസ്വസ്ഥതകള്‍ അജിത് പങ്കുവച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ദലിത് ഭൂമിപ്രശ്നത്തെക്കുറിച്ചും ദലിത് ശരീരങ്ങളെ കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും ഒക്കെ കാലാകാലമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരുപാട് പൊതുബോധങ്ങള്‍ ഈ ചിത്രം എഴുതുകയും സംവിധാനം ചെയ്ത ജയന്‍ ചെറിയാനും (ഇതെഴുതുന്ന ഞാനും) ഉള്‍പ്പെടുന്ന ദളിതരല്ലാത്ത മലയാളികള്‍ പങ്കുവയ്ക്കുന്നുണ്ടാവുക സ്വാഭാവികമാണ്. ദളിതരില്‍ ചിലര്‍ തന്നെയും അത്തരം ചില പൊതുബോധങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടാവാം.
‘ബോധ്യപ്പെട്ടാല്‍ എന്റെ അഭിപ്രായങ്ങള്‍ തിരുത്തുന്നതായിരിക്കും’ എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് അജിത് അവിടെ ചില ചോദ്യങ്ങൾ ചോദിച്ചത്. സിനിമ(കൾ) കണ്ടിടത്തോളം വച്ച് അജിത് ഉന്നയിച്ച കാര്യങ്ങൾ പ്രധാനമാണെന്ന് ഞാൻ കരുതുകയും ചെയ്യുന്നു.
അതിൽ ചെറിയ വിയോജിപ്പുള്ള ഒരു കാര്യം, “ഗാന്ധിവിമര്‍ശനം ഇടതു വിമര്‍ശനത്തെ ലഘുവാക്കാന്‍ വേണ്ടിയല്ലേ?” എന്ന സംശയത്തിന് / ചോദ്യത്തിന് ‘അല്ല’ എന്നാണ് എനിക്ക് തോന്നുന്ന ഉത്തരം. കേരളത്തില്‍ ഗാന്ധി ഇപ്പോഴും പൊതുവേ സ്വീകാര്യനായ, ആദര്‍ശത്തിന്റെ ആള്‍രൂപമായ ഒരു നേതാവായിട്ടാണ് നിലകൊള്ളുന്നത്. ഗാന്ധിക്കെതിരെയുള്ള ഇടതുവിമര്‍ശനങ്ങള്‍ പലപ്പോഴും വളരെയേറെ ദുര്‍ബ്ബലമായിരുന്നു താനും. ശക്തമായ ദളിത് വിമര്‍ശനങ്ങള്‍ ‘ഗാന്ധി’ എന്ന വിഗ്രഹത്തിനുനേരെ ഉണ്ടായിട്ടുണ്ടെങ്കിലും (അതില്‍ ഏറ്റവും പ്രശസ്തം അംബേദ്‌കറുടെ വിമര്‍ശനങ്ങൾ തന്നെ) കേരളത്തില്‍ അതൊന്നും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മാര്‍ക്സ് / ഈ എം എസ് വിഗ്രഹങ്ങളോടൊപ്പം തന്നെ ഗാന്ധിവിഗ്രഹവും തകരേണ്ടത് കേരളത്തില്‍ ഒരാവശ്യമാണ് എന്ന് ഞാന്‍ കരുതുന്നു.
പീഡനദൃശ്യങ്ങൾ
തന്റെ സ്റ്റാറ്റസ് മെസേജിലും അതിനുശേഷം ‘റൌണ്ട് ടേബിള്‍ ഇന്ത്യ’യില്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിലും ദലിത് പീഡനങ്ങളെ eroticize ചെയ്യുകയാണോ ഈ സിനിമ ചെയ്യുന്നത് എന്നും അജിത് കുമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്: (“I think it eroticizes the violence against Dalits and makes it enjoyable for the upper class/middle class sympathizers of Dalit issues. It gives a possibility of sympathizing over the violence of caste. Dalit bodies are just sites of violence, the film revolves around the atrocities and focuses mainly on the failures.” – ലേഖനത്തിൽ നിന്ന്).
ദിലീപ് രാജും തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ സമാനമായ ഒരു സംശയം ഉന്നയിക്കുന്നു : “ഫാനന്‍ പറഞ്ഞ പോലെ ദൈന്യവും പീഡനവും കണ്ടു അനുതപിക്കാന്‍ വരുന്ന അദലിത് കാഴ്ചക്കാര്‍ക്ക് അതിനു തന്നെ അവസരം ഉണ്ടാക്കി കൊടുക്കുന്നതില്‍ ഇല്ലേ ഒരു പീഡാമാത്ര കാഴ്ചാചുരുക്കം?”
ഈയൊരു സംശയം / വിമർശനം പ്രസക്തമായി കരുതുമ്പോൾത്തന്നെ, പീഡനങ്ങളുടെ ഈ ചിത്രീകരണം ‘പുരോഗാമി’ എന്ന് സ്വയം അഹങ്കരിക്കുന്ന, ജാതി എന്നത് കേരളത്തിൽ പണ്ടുണ്ടായിരുന്നതും ബീഹാറിലും തമിഴ് നാട്ടിലുമൊക്കെ ‘ഇപ്പോഴും’ നിലനിൽക്കുന്നതുമായ ഒരു കാര്യമായി മനസ്സിലാക്കുന്ന, ‘മലയാളി’യുടെ അഹങ്കാരത്തെ തകർക്കുക എന്നൊരു ദൗത്യം ചെറുതായെങ്കിലും നിർവ്വഹിക്കുന്നുണ്ടെങ്കിൽ അത്രയും നല്ലത് എന്നും ഞാൻ കരുതുന്നു. കേരളത്തിനു പുറത്തുനിന്നുള്ള ദളിത് പീഡനങ്ങളുടെ റിപ്പോർട്ടുകൾ / വിഷ്വലുകൾ കണ്ട് ‘അതാ ദളിത് പീഡനം’ എന്ന് നമുക്ക് രോഷം കൊണ്ട് കോൾമയിർ കൊള്ളുന്ന അത്ര സുഖമുള്ള കാര്യമല്ലല്ലോ കേരളത്തിൽ നടക്കുന്ന പീഡനങ്ങളെ കാണുകയും കേൾക്കുകയും പറയുകയും ചെയ്യേണ്ടിവരുന്നത്.
(ടുണീഷ്യൻ ‘മുല്ലപ്പൂ’ വിപ്ലവത്തിൽ ഒരു വീഡിയോ പരക്കെ ഷെയർ ചെയ്തുകൊണ്ടുള്ള ഒരു കമന്റ് ഓർമ്മയിലെത്തുന്നു : “You don’t want to see this, it’s horrible, but you must. You have a moral obligation to look at what is happening in your country.’“John Pollock, How Egyptian and Tunisian youth hacked the Arab Spring )
രാഷ്ട്രീയമോ സിനിമയോ കൂടുതൽ ജീവനുള്ളത്?
ദിലീപ് രാജ് തന്റെ കുറിപ്പില്‍ പറയുന്ന മറ്റൊരു കാര്യം, “ഇവിടെ ഈ സിനിമയേക്കാള്‍ ഒക്കെ സജീവവും സര്‍ഗാത്മകവുമായ ദളിത് രാഷ്ട്രീയം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.” അത് കേള്‍ക്കുമ്പോള്‍ എന്റെ ആദ്യത്തെ സംശയം, ഈ ‘താരതമ്യ’ത്തിന് എന്തെങ്കിലും സാംഗത്യമുണ്ടോ എന്നുതന്നെയാണ്. സജീവവും സര്‍ഗാത്മകവുമായ ദളിത് രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നത് കാണുന്ന (ദളിതനല്ലാത്ത) ഒരു നിരീക്ഷകന്‍ ഈ ഉരുത്തിരിയലുകളെ തന്റേതായ രീതിയില്‍ മനസ്സിലാക്കാനും രേഖപ്പെടുത്താനും നടത്തുന്ന ഒരു ശ്രമമായിട്ടാണ് ഞാന്‍ ഈ സിനിമയെ മനസ്സിലാക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ആ രാഷ്ട്രീയത്തെക്കാള്‍ സജീവമോ സര്‍ഗ്ഗാത്മകമോ ആകണം സിനിമ എന്നൊരു പ്രതീക്ഷയ്ക്ക് (അങ്ങനെ ഒരു പ്രതീക്ഷയില്‍ നിന്നാണ് ഈ വാചകം വരുന്നതെങ്കില്‍) അര്‍ത്ഥമുണ്ടോ? അതുകൊണ്ടുതന്നെ, സമരങ്ങളെ അപേക്ഷിച്ച് സിനിമ പൊതുബോധം കുറെയൊക്കെ പിന്‍പറ്റുന്നതായോ എന്ന തോന്നലും വലിയ കാര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. അതും തീര്‍ത്തും സ്വാഭാവികമല്ലേ? (ആ കുറിപ്പിനടിയിലെ കമന്റുകളിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു).
നമ്പൂതിരിപ്പാടിനെ നമ്പൂതിരി എന്ന് വിളിക്കുകയോ?! മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെയുള്ള വിമർശനം വല്ലാതെ മയപ്പെട്ടുപോയി എന്നാണ് തന്റെ ലേഖനത്തിൽ അജിത് ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. എന്നാൽ മയത്തിലുള്ള ഒരു വിമർശനം പോലും സഹിക്കാൻ പറ്റാത്ത ഒരു മുഖ്യധാരാ ഇടതുപക്ഷവും ആ ‘പക്ഷം’ നിർമ്മിച്ചെടുത്ത പല ധാരണകളെയും സ്വന്തം രക്തത്തിൽ അലിയിച്ചെടുത്ത ഒരു ജനതയും ഉള്ള ഈ നാട്ടിൽ ആ ധാരണകളെ ചോദ്യം ചെയ്യുന്നത്, അതെത്രതന്നെ മയത്തിലായാലും, ഏറെ പ്രസക്തമാണ് എന്നെനിക്കു തോന്നുന്നു.
സിനിമാസംവിധായകൻ കൂടിയായ സനൽകുമാർ ശശിധരൻ എഴുതിയ കുറിപ്പിൽ ഈ എം എസ്സിനെ സിനിമയിൽ ‘നമ്പൂതിരി’ എന്നു വിളിയ്ക്കുന്നതിനോടുള്ള പ്രതിഷേധം അണപൊട്ടിയൊഴുകുന്നത് എന്റെ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. (“..കേരളത്തിന്റെ സാമൂഹികസാംസ്കാരിക ചരിത്രം ഇത്തിരിയെങ്കിലും അറിയാവുന്ന ആർക്കും പൂണൂൽ പൊട്ടിച്ചെറിഞ്ഞ് സ്വന്തം തറവാടു സ്വത്ത് തൊഴിലാളിസംഘടനയ്ക്ക് തീറെഴുതിയ ഈ മനുഷ്യനെ നമ്പൂതിരി എന്ന ഒറ്റവാക്കുകൊണ്ട് ന്യൂനീകരിക്കാൻ സാധ്യമാണെന്ന് തോന്നുന്നില്ല.. സ്വത്വരാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ സ്വന്തം അണികളോട് ചരിത്രം മറച്ചുപിടിച്ച് അന്ധമായ ജാതി/സമുദായ സ്നേഹം കുത്തിവെച്ചുകൊണ്ട് ഇയാൾ നമ്പൂതിരിയാണെന്നും അതിനാൽ ശത്രുപക്ഷത്താണെന്നും ചൂണ്ടിപ്പറയുന്നുണ്ടാവും. അത് മനസിലാക്കാൻ പ്രയാസമൊന്നുമില്ല. എന്നാൽ രാഷ്ട്രീയനിലപാടുകളുള്ളതെന്ന് അവകാശവാദമുന്നയിക്കുന്ന ഒരു സിനിമയ്ക്ക് വസ്തുതകളെ ചവുട്ടിത്താഴ്ത്തി ഇഎംഎസിനെ നമ്പൂതിരിയും ഗാന്ധിജിയെ സ്വവർഗഭോഗിയും സവർണ നേതാവുമാക്കി മാറ്റാൻ എങ്ങനെ കഴിയുമെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല..”, പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ)
സിനിമയിൽ ഈ എം എസ്സിനെ നമ്പൂതിരി എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കുകയല്ല ചെയ്യുന്നത്. ഭൂമി വിതരണം ചെയ്യുന്ന സമയം വന്നപ്പോൾ അങ്ങേർ നമ്പൂതിരിയും നമ്മൾ പുലയന്മാരുമായി എന്നോ മറ്റോ ആണ് കരിയേട്ടൻ പറയുന്നത്. കേരളത്തിൽ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഭൂപരിഷ്കരണത്തിനെതിരെ വസ്തുതകൾ ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് (മറച്ചുവെച്ചുകൊണ്ടല്ല) ഈ ഒരു വിമർശനം ഉയർന്നിട്ടുള്ളത്. മുകുന്ദൻ പെരുവട്ടൂർ എഴുതിയ “കേരള ഭൂപരിഷ്കരണ നിയമം : ‘മാർക്സിസ്റ്റുകൾ’ തൊഴിലാളിവർഗ്ഗത്തെ വഞ്ചിച്ച ചരിത്രം” എന്ന പുസ്തകം വായിക്കപ്പെടേണ്ട ഒന്നാണ് എന്ന് ഞാൻ കരുതുന്നു. (ആ പേര് കേട്ടിട്ടില്ല എന്നോർത്ത് വിഷമിക്കേണ്ട — ഇതെഴുതുമ്പോൾ ഗൂഗിളിൽ തപ്പി നോക്കിയപ്പോഴും ഈ പുസ്തകത്തെപ്പറ്റി ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നതാണ് സ്ഥിതി).
ആദിവാസികളുടെ ഭൂമിവിഷയവും ഇതര ദളിതരുടെ ഭൂമിവിഷയവും ക്കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല, അവയെ രണ്ടായിത്തന്നെ കാണണം എന്നൊരു വാദവും സനൽകുമാർ ഉന്നയിക്കുന്നുണ്ട്. അതിൽ കാര്യമുണ്ടെന്നുതന്നെ ഞാനും കരുതുന്നു. എന്നാൽ ആദിവാസികൾ ‘പാവങ്ങളായ / നിസ്സഹായരായ മണ്ണിന്റെ മക്കൾ’ എന്നും ‘ബുദ്ധിജീവിക’ളാണ് ദളിത് സ്വത്വരാഷ്ട്രീയത്തെ ആദിവാസി വിഷയവുമായി ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നുമൊക്കെയുള്ള ‘നിഷ്കളങ്കമായ’ അല്ലെങ്കിൽ ചരിത്രവിരുദ്ധമായ ആവലാതികളിൽ ചുറ്റിക്കറങ്ങുക വഴി ആ വിമർശനം ഗൗരവമുള്ള ഒന്നായി അനുഭവപ്പെടാതെ പോവുന്നു. (ഈയിടെ മുംബയിൽ നടന്ന ദളിത് / ആദിവാസി സ്ത്രീകളുടെ സമ്മേളനത്തെപ്പറ്റി ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന ലേഖനം ഇവിടെ വായിക്കാം).
പ്രത്യക്ഷമാവുന്ന ജാതി
അജിത് കുമാർ തന്റെ ലേഖനത്തിൽ നടത്തുന്ന മറ്റൊരു നിരീക്ഷണം ശ്രദ്ധേയമാണ് : “Everyone seems to be against caste as if all the progressives suddenly understand caste now.. it is a form of restructuring or crisis management of the modern-secular–liberal upper castes. All this points to the dilemmas and disturbances that the Dalit, Adivasi and Muslim political assertions have created in the political /cultural sphere in Kerala.” സിനിമകളിൽ പെട്ടെന്ന് പ്രത്യക്ഷമാവാൻ തുടങ്ങിയ ‘ജാതി’യെപ്പറ്റി മാത്രമല്ല, ‘ജാതിരഹിത കേരളം’ എന്ന മുദ്രാവാക്യം മുഖ്യധാരയിൽത്തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെയും അജിത് ഇതോടുചേർത്ത് വായിക്കുന്നുണ്ട്.
‘ജാതി’ എന്നത് തങ്ങൾക്ക് ഇനിയും കണ്ണടയ്ക്കാൻ കഴിയാത്ത ഒരു യഥാർത്ഥ പ്രശ്നമാണ് എന്നും വർഗ്ഗസമരം വിജയിക്കുന്നതോടെ ജാതിവിവേചനവും ഇല്ലാതാവും എന്ന പറഞ്ഞുപഴകിയ പല്ലവിയ്ക്ക് ഇനിയും ആളെക്കൂട്ടാൻ കഴിയില്ല എന്നുമുള്ള ഈ മതേതര / ആധുനിക / ഇടതുപക്ഷത്തിന്റെ തിരിച്ചറിവിനെ വേറൊരു വിധത്തിൽ അടയാളപ്പെടുത്തുക തന്നെയാണ് ആനന്ദ് പട്വർദ്ധന്റെ ‘ജയ് ഭീം കോമ്രേഡ് ‘ എന്ന സിനിമയും ചെയ്തത്.
ബോധോദയങ്ങൾ
പപ്പീലിയോ ബുദ്ധയെപ്പറ്റി വായിച്ച കുറിപ്പുകളില്‍ / ലേഖനങ്ങളില്‍ എനിക്ക് പ്രസക്തമായി തോന്നിയ വേറൊന്ന് ജീവചൈതന്യന്‍ ശിവാനന്ദന്‍ നടത്തുന്ന നിരീക്ഷണമാണ് :
“..”ഞങ്ങളുടെ ആള്‍ക്കാരോ??” എന്ന് ചോദിച്ചു കൊണ്ട് ശങ്കര്‍ ഇറങ്ങി പോകുന്നു.. ആ ഇറങ്ങി പോക്ക്, ബോധോദയം കിട്ടിയ ബുദ്ധന്റെ ഇറങ്ങിപ്പോക്കിന് തുല്യമാണ്. അതുവരെ താന്‍ സത്യമാണ് എന്ന് കരുതിയിരുന്ന ലോകത്തില്‍ നിന്നും ശങ്കര്‍ യഥാര്‍ത്ഥ ലോകത്തേക്ക് ഇറങ്ങിപ്പോയി..” (Papilio Budha – a Review). ഈ എം എസ്സിന്റെ ഫോട്ടോ മാറ്റിവയ്ക്കാൻ തീരുമാനിക്കുന്ന കരിയാനും ബലാൽസംഗത്തിനിരയാവുന്ന മഞ്ജുശ്രീയ്ക്കുമൊക്കെ ഇങ്ങനെ ‘ബോധോദയങ്ങള്‍’ ഉണ്ടാവുകയാണ് എന്നും ശ്രീ ശിവാനന്ദന്‍ നിരീക്ഷിക്കുന്നു.
ഈ ബോധോദയങ്ങൾ / തിരിച്ചറിവുകൾ സിനിമ പ്രേക്ഷകരിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തിരിച്ചറിവുകളല്ല, മറിച്ച് ഇത്തരം തിരിച്ചറിവുകളുടെ ഒരു documentation ആണ് എന്നെനിക്കു തോന്നുന്നു. കല്ലറ സുകുമാരൻ എഴുതിയ ‘വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം’ എന്ന ഗ്രന്ഥം ഇത്തരം തിരിച്ചറിവുകളെ വളരെ നേരത്തേ തന്നെ അടയാളപ്പെടുത്തിയിരുന്നു. (പുസ്തകം പ്രസിദ്ധീകരിച്ചത് 1986-ൽ.) പ്രസ്തുത ഗ്രന്ഥത്തിലെ “കമ്മ്യൂണിസം എന്ന കമ്മ്യൂണലിസം” എന്ന ലേഖനം ഇവിടെ).
ക്ലീഷേകൾ
സിനിമയില്‍ വളരെ ബോറായി, ക്ലീഷേ ആയി എനിക്ക് തോന്നിയ ചില കാര്യങ്ങളുണ്ട്.
ഒന്ന്, voice of the voiceles എന്ന പ്രയോഗം. ആ പ്രയോഗത്തിന് ഒരര്‍ത്ഥവും ഇല്ലെന്നും വെറും മണ്ടത്തരമാണെന്നും ഇന്ത്യയിലെ ദളിത് രാഷ്ട്രീയം പറയാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. അരുന്ധതി അടക്കമുള്ള ‘നിരീക്ഷകരും’ അത് മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. (“There are no voiceless people. There are deliberately-silenced people.” – അരുന്ധതി റോയ്)
ഗ്ലോബലൈസേഷന്‍, ഇംപീരിയലിസം എന്നൊക്കെയുള്ള സ്ഥിരം ‘ഇടതു’ ജാര്‍ഗണുകള്‍. “You must see the bigger picture..” എന്നോ മറ്റോ തുടങ്ങുന്ന ഒരു ഡയലോഗുണ്ട് സിനിമയിൽ. ജാതീയമായ വിവേചനങ്ങളൊക്കെ ഒരു വിഷയമാണ്, എന്നാൽ പ്രധാന പ്രശ്നം ഇംപീരിയലിസം / സാമ്രാജ്യത്വം തന്നെയാണ് എന്നൊക്കെ ധ്വനിയുള്ള ഒന്ന്. ചില മാർക്സിസ്റ്റുകാർക്കെങ്കിലും ഈ സിനിമ ഒരു ‘സംഭവ’മാണ് എന്നു തോന്നാൻ കാരണവും അതായിരിക്കാം.
പിന്നെ ‘വേദനകള്‍ കല്ലിച്ച മുല’ ഡയലോഗ്, ആ സീന്‍ മൊത്തത്തിലും. (അജിത് ആ ഡയലോഗിനെപ്പറ്റി തന്റെ സ്റ്റാറ്റസ് മെസേജിൽ എഴുതിയിട്ടുണ്ട് : “ദലിത് സ്ത്രീയുടെ മുലകള്‍ മാത്രം വേദനകള്‍ കല്ലിച്ചതാണെന്നു പറയുമ്പോള്‍ ദലിത് സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത നിലനിൽപ്പുകളെ നിഷേധിക്കുകയല്ലേ?”)
പലായനം
ലക്ഷ്യമില്ലാതെ എന്നവണ്ണം പലായനം ചെയ്യുന്ന ദളിതരെയും ആദിവാസികളെയും കാണിക്കുന്ന അവസാന ഷോട്ടായിരുന്നു മറ്റൊരു കല്ലുകടി. ആ രംഗം സൂചിപ്പിക്കും പോലെ നിരാശാജനകമാണോ കേരളത്തിലെ ദളിത് / ആദിവാസി രാഷ്ട്രീയത്തിന്റെ അവസ്ഥ? അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
(ശ്രീ ടി ടി ശ്രീകുമാറിന്റേതടക്കമുള്ള പല ലേഖനങ്ങളും പങ്കുവെച്ച കാഴ്ചകൾ ഇവിടെ പരാമർശിക്കാത്തത് സമയവും സ്ഥലവും കുറവായതുകൊണ്ടുമാത്രമാണ്.)
പപ്പീലിയോ ബുദ്ധയെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
ദളിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അനു രാംദാസിന്റെ In solidarity with all rape survivors എന്ന കുറിപ്പ് സുദീപ് കെ എസ് വിവര്‍ത്തനം ചെയ്യുന്നു
എന്നാല്‍ അതേ , നഗരഹൃദയത്തില്‍ വച്ചുനടന്ന ഒരു കൂട്ടബലാല്‍സംഗത്തോടുള്ള ശരിയായ, അതേസമയം വിവേചനപരവുമായ പ്രതികരണമായി ദേശവ്യാപകമായി ആളിപ്പടര്‍ന്ന ഈ പ്രതിഷേധാഗ്നി ദളിത് -ആദിവാസി സ്ത്രീകള്‍ക്കുനേരെ നിരന്തരം നടക്കുന്ന ബലാല്‍സംഗങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒരു സാധാരണസംഭവമാണ് എന്ന് ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.അതെ, ഇത് തമിഴ് നാട്ടിലെ വചതിയിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത് – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.- ദളിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അനു രാംദാസ് എഴുതുന്നു’
ഞങ്ങള്‍ ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ, ഇപ്പോഴും ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന, പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നു. ഇല്ല, ബീഹാറില്‍ വച്ച് എട്ടുവയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തില്‍ എന്തുകൊണ്ട് ജനരോഷം ആളിക്കത്തിയില്ല എന്നോ ഹരിയാനയില്‍ ദളിത് സ്ത്രീകള്‍ക്ക് നേരെ ‘ഉയര്‍ന്ന’ ജാതിയില്‍പ്പെട്ട ആണുങ്ങളുടെ നേതൃത്വത്തില്‍ കൂട്ടബലാല്‍സംഗങ്ങളുടെ നീണ്ട പരമ്പര തന്നെ അരങ്ങേറിയിട്ടും (ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത : 3 more rapes in Haryana: More than 50 in 3 months) എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതിഷേധശബ്ദങ്ങള്‍ ഉയര്‍ന്നില്ല എന്നോ ഞങ്ങള്‍ ചോദിക്കുന്നില്ല. ദളിത് – ആദിവാസി പെണ്‍കുട്ടികളും സ്ത്രീകളും ബലാല്‍സംഗങ്ങള്‍ക്കും കൂട്ടബലാല്‍സംഗങ്ങള്‍ക്കും അംഗച്ഛേദങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരകളായിക്കൊണ്ടേയിരിക്കുന്നു — ‘ഉയര്‍ന്ന’ ജാതികളില്‍പ്പെട്ട ആണുങ്ങളാല്‍, പോലീസിന്റെയും പട്ടാളത്തിന്റെയും യൂണിഫോം ധരിച്ച ആണുങ്ങളാല്‍, അതോടൊപ്പം എല്ലാ സമുദായങ്ങളിലും ജാതികളിലും വര്‍ഗ്ഗങ്ങളിലും ഉള്ളതുപോലെ തങ്ങളുടെ തന്നെ ഭര്‍ത്താവിനാലും ബന്ധുക്കളാലും തന്നെയും. ആക്രമണത്തിനുള്ള ഒരുപാധിയായി മാത്രമല്ല ബലാല്‍സംഗം ഇവിടെ ഉപയോഗിക്കപ്പെടുന്നത്.ദളിത് – ആദിവാസി സ്ത്രീകളുടെ ഒരേ സമയം ലിംഗപരവും ജാതിപരവുമായ ദുര്‍ബ്ബലാവസ്ഥയെ നിരന്തരം നിര്‍വ്വചിച്ചുകൊണ്ടിരിക്കുക കൂടി ചെയ്യുന്നു അത്. അതുകൊണ്ടാണ് ഞങ്ങളുടെ സമരങ്ങള്‍ വ്യത്യസ്തമാണ് എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്.
ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്ന വലിയൊരു വിഭാഗത്തിന്റെ സമരങ്ങളും അവരുടെ ജീവിതം തന്നെയും കാണാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് ലിംഗബന്ധങ്ങളില്‍ സമൂലമായൊരു മാറ്റം വരുത്തുവാന്‍ സാധിക്കുമോ?ദളിതരും ആദിവാസികളും ഇക്കാര്യത്തില്‍ ഗൗരവതരമായ മറ്റൊരു പ്രശ്നം കൂടി നേരിടുന്നു
അല്ല, ഡല്‍ഹി റേപ്പിന് കിട്ടിയ എല്ലാ കവറേജും ആ സംഭവത്തിനു ലഭിച്ച അമിതമായ പൊതുജനശ്രദ്ധയാണ് എന്നു ഞങ്ങള്‍ കരുതുന്നില്ല. സ്ത്രീകള്‍ക്കുനേരെ ഉണ്ടാവുന്ന ഇത്തരംകുറ്റകൃത്യങ്ങള്‍ക്കെതിരെ കത്തിപ്പടരുന്ന ജനരോഷം എത്രയായാലും അധികമാവില്ല എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ഒരു സമൂഹത്തിന്റെ രോഷപ്രകടനങ്ങള്‍ സാമൂഹ്യമായ നവീകരണങ്ങളിലേയ്ക്ക് നമ്മളെ നയിയ്ക്കേണ്ടതുണ്ട്. അതിലൊരു പ്രധാനപങ്കുവഹിയ്ക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയില്‍ മാദ്ധ്യമങ്ങള്‍ ചിലരുടെയൊക്കെ തറവാട്ടുസ്വത്താണ്. പാര്‍ശ്വവല്കൃതമായ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് മിക്കപ്പോഴും ഈ മാദ്ധ്യമങ്ങളില്‍ അര്‍ഹിക്കുന്ന ഇടം കിട്ടാറില്ല.
ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്ന വലിയൊരു വിഭാഗത്തിന്റെ സമരങ്ങളും അവരുടെ ജീവിതം തന്നെയും കാണാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് ലിംഗബന്ധങ്ങളില്‍ സമൂലമായൊരു മാറ്റം വരുത്തുവാന്‍ സാധിക്കുമോ?ദളിതരും ആദിവാസികളും ഇക്കാര്യത്തില്‍ ഗൗരവതരമായ മറ്റൊരു പ്രശ്നം കൂടി നേരിടുന്നു — പ്രതിഷേധഷബ്ദങ്ങള്‍ ഉയര്‍ത്തുവാന്‍ അത്യാവശ്യമായ ഒരു മിനിമം സുരക്ഷിതത്വം പോലും ഉറപ്പാക്കാന്‍ അവര്‍ക്കാവുന്നില്ല. എപ്പോഴെങ്കിലും ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഒരു കൂട്ടബലാല്‍സംഗത്തിന് ഇരയായേക്കാം എന്നതല്ല ദളിത് – ആദിവാസി സ്ത്രീകളുടെ അവസ്ഥ. ഈ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗത്തിന് ഇരയാവുന്നവര്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളുടെ ഭീഷണിയിലാണ് അതിനുശേഷമുള്ള അവരുടെ ജീവിതം തള്ളിനീക്കുന്നത്. പലപ്പോഴും സാധ്യമായ ഒരേയൊരു പ്രതിരോധം തണുത്തുറഞ്ഞ മൌനമാണ്. അതുകൊണ്ട്, ഞങ്ങളുടെ പോരാട്ടം വ്യത്യസ്തമായ ഒന്നാണ്.
ശരിയാണ്, ഞങ്ങളുടെ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊതുസമൂഹം മുന്നോട്ടുവരാറില്ല. എന്നാല്‍ ബലാല്‍സംഗങ്ങള്‍ക്കിരയാവുന്ന എല്ലാവര്‍ക്കും വേണ്ടി, ആ ദു:ഖം പേറുന്ന അവരുടെ മാതാപിതാക്കള്‍ക്കും ആ ആഘാതത്തില്‍ ഉലഞ്ഞുപോയ അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
എന്നാല്‍ അതേ , നഗരഹൃദയത്തില്‍ വച്ചുനടന്ന ഒരു കൂട്ടബലാല്‍സംഗത്തോടുള്ള ശരിയായ, അതേസമയം വിവേചനപരവുമായ പ്രതികരണമായി ദേശവ്യാപകമായി ആളിപ്പടര്‍ന്ന ഈ പ്രതിഷേധാഗ്നി ദളിത് -ആദിവാസി സ്ത്രീകള്‍ക്കുനേരെ നിരന്തരം നടക്കുന്ന ബലാല്‍സംഗങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒരു സാധാരണസംഭവമാണ് എന്ന് ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.അതെ, ഇത് തമിഴ് നാട്ടിലെ വചതിയിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത് – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.അതെല്ലാം കൊണ്ട് ഈ വിവേചനപരമായ ജനമുന്നേറ്റം ഞങ്ങളെ എത്രതന്നെ അലോസരപ്പെടുത്തിയാലും, നഗ്നമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കുനേരെ വിവേചനപരമായ ഒരു നിലപാടെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. ദുരന്തങ്ങളെ താരതമ്യം ചെയ്യുന്നതിനോ ചെയ്യുന്നതിനോ ചില ദുരന്തങ്ങളെ നിരാകരിക്കുന്നതിനോ ഞങ്ങളുടെ മാനവികതയില്‍ ഇടമില്ല. ശരിയാണ്, ഞങ്ങളുടെ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊതുസമൂഹം മുന്നോട്ടുവരാറില്ല. എന്നാല്‍ ബലാല്‍സംഗങ്ങള്‍ക്കിരയാവുന്ന എല്ലാവര്‍ക്കും വേണ്ടി, ആ ദു:ഖം പേറുന്ന അവരുടെ മാതാപിതാക്കള്‍ക്കും ആ ആഘാതത്തില്‍ ഉലഞ്ഞുപോയ അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബലാല്‍സംഗചരിത്രത്തെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്, ഈ രാജ്യത്തിന്റെ ചരിത്രം. ഈ സമൂഹത്തെ കുറച്ചുകൂടി സംസ്കാരമുള്ളതാക്കി മാറ്റാനുള്ള ഞങ്ങളുടെ നിരന്തരമായ പോരാട്ടങ്ങള്‍ക്കുചുറ്റും ഭയാനകമായ ഒരു മൂകത വട്ടമിടുന്നുണ്ട്. ഹരിയാനയിലെ കൂട്ടബലാല്‍സംഗങ്ങള്‍ക്കെതിരെ ദളിത് സ്ത്രീകള്‍ നടത്തിയ പ്രതിഷേധ സമരങ്ങളെ പകര്‍ത്തിയ ആശാ കോട്വാളിന്റെ ‘ദളിത് മഹിളാ ഗരിമാ യാത്ര’ എന്ന ഫോട്ടോ എസ്സേയില്‍ നിന്നുള്ള ഈ ഫോട്ടോ ഒരുനിമിഷം ഒന്നുനോക്കുക. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ മെലിഞ്ഞ ഒരു പെണ്‍കുട്ടിയും ദുര്‍ബ്ബലനായൊരു വൃദ്ധനും. ഈ ചിത്രം എന്നെ നിര്‍ത്താതെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു — ഉറച്ച കൈകള്‍ കൊണ്ട് അവള്‍ ഞങ്ങളുടെ സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഉയര്‍ന്ന നിരക്കിലുള്ള കൂട്ടബലാല്‍സംഗങ്ങളെക്കുറിച്ചെഴുതിവയ്ക്കുന്നു, നീതിയ്ക്കും മാറ്റത്തിനും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ പോരാട്ടങ്ങളെ രേഖപ്പെടുത്തുന്നു. തമ്മില്‍ നേരിട്ട് ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്ത ഈ രണ്ടു വ്യക്തികള്‍ക്കിടയില്‍ അക്രമമുക്തമായ ഒരു ലോകത്തിനുവേണ്ടിയുള്ള പാര്‍ശ്വവല്‍കൃതമായ സമുദായങ്ങളുടെ സ്വപ്നങ്ങളുണ്ട്.ലിംഗനീതി പുലരുന്ന, സ്ത്രീകളെല്ലാം സുരക്ഷിതരും സ്വതന്ത്രരുമായ ഒരു ലോകം സ്വപ്നം കാണാന്‍ പോലും ജാതീയതയില്‍ അധിഷ്ടിതമായ ഒരു സമൂഹം അനുവദിക്കുന്നില്ല. ജാതിവിവേചനത്തിന് അറുതിവരുത്താന്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയു ഉണ്ടെങ്കില്‍ മാത്രമേ ലിംഗനീതിയ്ക്കുള്ള സാധ്യത തന്നെ സങ്കല്‍പ്പിക്കുക സാദ്ധ്യമാവൂ. ഞങ്ങളുടെ പോരാട്ടം നീണ്ട ഒന്നാണ്.
സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുന്നു ഡോ:സുദീപ് കെ എസ്
ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല” എന്നൊക്കെ പലരും അതിനോട് പ്രതികരിച്ചുകണ്ടു. “പിണറായിക്ക് സൂഫിയാ മദനിയില് ആണോ കണ്ണെ”ന്നു കാര്‍ട്ടൂണ്‍ വരച്ച ആളാണ് ഈപ്പറയുന്ന ഗോപീകൃഷ്ണന്‍ എന്ന കാര്യം അവരൊക്കെ മറന്നതാണോ എന്നറിയില്ല. മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാര്‍ട്ടൂണ്‍ വെടികളും ഈ മാന്യദേഹത്തിന്റെ (ഒരുപക്ഷേ ഭൂരിപക്ഷം വരുന്ന മാതൃഭൂമി വായനക്കാരുടെയും) സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നില്ലേ? – ഡോ:സുദീപ് കെ എസ് എഴുതുന്നു
ഒന്ന്
“പ്രസവിക്കുന്നതിലെ സ്വകാര്യത വേണ്ടെന്നുവച്ച് ചിത്രീകരണത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍പ്പോലും ചലച്ചിത്ര സംവിധായകന്‍ അതിന് തയ്യാറാവരുതായിരുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ബഹു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വെടി പൊട്ടിച്ചത്. അല്ലെങ്കിലും ഈ സ്ത്രീകള്‍ക്കൊന്നും ഒരു വിവരമില്ല എന്നും നമ്മള്‍ ‘ആണുങ്ങള്‍’ തന്നെ വേണം കാര്യങ്ങളൊക്കെ നേരാം വണ്ണം നടക്കുന്നു എന്നുറപ്പുവരുത്താന്‍ എന്നും ഒരാണായ ബ്ലെസ്സി അതിന് സമ്മതിച്ചത് ശരിയായില്ല എന്നുമൊക്കെ ആയിരിക്കാം പുള്ളി ഉദ്ദേശിച്ചത്. അല്ലാതെന്തു പറയാന്‍!
“സിനിമയില്‍ മാതൃത്വത്തെ അവഹേളിക്കുന്നുണ്ടെങ്കില്‍ നടപടി എടുക്കും എന്നും സെന്‍സര്‍ ബോര്‍ഡ് സിനിമ പരിശോധിക്കുമ്പോള്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണം എന്നും സംസ്ഥാനത്തെ വനിതാ കമ്മീഷനും ഒരു വെടി മുഴക്കി. ആചാരങ്ങളില്‍ നിന്ന് വനിതകളും മുക്തരല്ലല്ലോ. (ആണിന്റെ കയ്യില്‍ നിന്ന് കരണത്ത് ഒരടി കൊണ്ടാലേ പെണ്ണ് നന്നാവുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്ന ‘കാര്യം നിസ്സാരം’, ‘വാത്സല്യം’, ‘ദി കിംഗ്’, ‘ഞങ്ങള്‍ സന്തുഷ്ടരാണ്’, ‘ഡോക്ടര്‍ ലൗ’ തുടങ്ങിയ എത്രയോ സിനിമകളെക്കുറിച്ച് വനിതാ കമ്മീഷന്‍ എന്തു കരുതുന്നു എന്നറിഞ്ഞാല്‍ കൊള്ളാം എന്ന് ഒരാഗ്രഹം ഇല്ലാതില്ല.)”
“അമേരിക്കയില്‍ സ്വകാര്യത ലംഘിച്ചതിന്റെ ഏറ്റവും വലിയ കേസുണ്ടായത് പ്രസവമുറിയില്‍ പുറത്തുനിന്ന് ഒരാള്‍ കടന്നുകയറിയതിനാലാണ്. ഇവിടെ, അതേ സ്വകാര്യത വിപണനം ചെയ്യുകയാണ്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കാം, പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്” എന്നാണത്രേ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്.ഒരഡ്വക്കേറ്റാവുമ്പോള്‍ കോടതിയെയും നിയമത്തെയും അവകാശത്തെയും കുറിച്ചൊക്കെ കേസിനെപ്പറ്റിയൊക്കെ ആധികാരികമായി പറയാമല്ലോ. അമേരിക്കയില്‍ ബ്രിട്ട്നി സ്പിയേഴ്സ് ക്യാമറയ്ക്ക് മുന്നില്‍ പ്രസവിച്ചത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. പിന്നെ, അമ്മ / അച്ഛന്‍ / മുത്തച്ഛന്‍ / മുത്തശ്ശി ഒക്കെ കുഞ്ഞിനേയും കൊണ്ട് പോകുന്നിടത്തൊക്കെ കുഞ്ഞിന്റെ സ്വകാര്യത വയലേറ്റ് ചെയ്യപ്പെടുകയാണ്, സിനിമയില്‍ ആവുമ്പോള്‍ മാത്രം അതൊരു വിഷയമാവുന്നത് ഈപ്പറഞ്ഞ ആചാരത്തിന്റെ അസ്കിത തന്നെയാണ് എന്നുവേണം മനസ്സിലാക്കാന്‍. ഈ വിഷയത്തില്‍ മറ്റൊരു വെടി സഖാവ് ജി സുധാകരന്‍ വക ആയിരുന്നു
രണ്ട്
മംമ്താ മോഹന്‍ദാസ് എന്ന സിനിമാനടിയും അവരുടെ ഭര്‍ത്താവും വിവാഹമോചനം തേടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നതിനുപിന്നാലെ മാതൃഭൂമിയില്‍ ശ്രീ ഗോപീകൃഷ്ണന്‍ ഈ വാര്‍ത്ത വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു (ആ പത്രത്തോടും കാര്‍ട്ടൂണിനോടും ഒപ്പം അവര്‍ പ്രചരിപ്പിക്കുന്ന സംസ്കാരം ഞാനായിട്ടോ നാലാമിടമായിട്ടോ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ല എന്നതുകൊണ്ട് ഈ കുറിപ്പിന്റെ കൂടെ ആ കാര്‍ട്ടൂണ്‍ ചേര്‍ക്കുന്നില്ല.)”ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല” എന്നൊക്കെ പലരും അതിനോട് പ്രതികരിച്ചുകണ്ടു. “പിണറായിക്ക് സൂഫിയാ മദനിയില് ആണോ കണ്ണെ”ന്നു കാര്‍ട്ടൂണ്‍ വരച്ച ആളാണ് ഈപ്പറയുന്ന ഗോപീകൃഷ്ണന്‍ എന്ന കാര്യം അവരൊക്കെ മറന്നതാണോ എന്നറിയില്ല. മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാര്‍ട്ടൂണ്‍ വെടികളും ഈ മാന്യദേഹത്തിന്റെ സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നില്ലേ?
(കല്യാണം കഴിഞ്ഞാല്‍ ഞാന്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കും, അത് ഭര്‍ത്താവ് പറഞ്ഞിട്ടല്ല എന്റെ തീരുമാനമാണ് എന്നൊക്കെ പറയുന്ന നായികമാര്‍ നിറഞ്ഞ നമ്മുടെ നാട്ടില്‍, കല്യാണം കഴിഞ്ഞ ശേഷം നായികയായി രണ്ടു ബാക്ക് റ്റു ബാക്ക് റിലീസുകളും അതിലൊന്നില്‍ ടൈറ്റില്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനവും നടത്തി തിളങ്ങിനില്‍ക്കുന്ന സമയത്താണ് മംമ്ത ഈ അസഹിഷ്ണുത നേരിടുന്നത് എന്നത് തികച്ചും യാദൃച്ഛികമാണോ ആവോ.)
മൂന്ന്
ആലപ്പുഴയില്‍ ഒരു ബീച്ചില്‍ കാറ്റുകൊള്ളാനിരുന്ന ഒരാണിനെയും പെണ്ണിനെയും അറസ്റ്റ് ചെയ്തുകൊണ്ട് സാക്ഷാല്‍ പോലീസ് ആണ് മറ്റൊരു വെടി പൊട്ടിച്ചത്. പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നത് എന്തിനാണ് എന്ന് ചോദിച്ചാണത്രേ പോലീസ് ഇവര്‍ക്കെതിരെ തട്ടിക്കയറിയത്. (“നിനക്കൊക്കെ നടക്കാന്‍ റോഡല്ലാതെ വേറെ സ്ഥലമൊന്നും കിട്ടിയില്ലേടാ” എന്നോ മറ്റോ ഒരു ഡയലോഗ് ഉണ്ടായിരുന്നത് ‘ജൂനിയര്‍ മാന്‍ഡ്രേക്കി’ലാണോ?)അതിലേറെ ഭയം തോന്നിയത് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകള്‍ കണ്ടപ്പോളാണ്. ഒരുമിച്ചിരുന്ന സ്ത്രീയും പുരുഷനും വിവാഹിതരാണ് എന്നടിവരയിട്ടു പറയാന്‍, അതുകൊണ്ട് അവര്‍ ഒരുമിച്ച് ബീച്ചിലിരുന്നത് തെറ്റല്ല എന്ന് ‘തെളിയിക്കാന്‍’, കഷ്ടപ്പെടേണ്ടിവന്നു മിക്ക പ്രതിഷേധശബ്ദങ്ങള്‍ക്കും. പോരാത്തതിന്, ’മതചിന്ഹങ്ങള്‍ ധരിക്കാതിരിക്കാനുള്ള അവകാശം’ എന്നത് മാത്രമായി ഇതുമായി ബന്ധപ്പെട്ട് മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരേയൊരു വിഷയം.
നാല്
“യു എസിലെ സ്കൂളില്‍ കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വേര്‍പിരിഞ്ഞതാണെന്നും ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നു എന്നും റിപ്പോര്‍ട്ട്..” എന്നാണ് കണക്റ്റിക്കട്ട് സ്കൂള്‍ ദുരന്തത്തെക്കുറിച്ചുള്ള ഒരു മനോരമ വാര്‍ത്ത തുടങ്ങുന്നത്. എല്ലാത്തിനും കാരണം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതാണ് എന്ന് ഏതു ‘മണ്ടനും’ മനസ്സിലാവും. (ഗോപീകൃഷ്ണന്‍ അടക്കം ഉള്ള ജനപ്രിയര്‍ ഉപയോഗിക്കുന്ന അതേ ലോജിക്ക് തന്നെ).
ഇനി സമാനമായ വേറേതെങ്കിലും സംഭവത്തില്‍ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയല്ല എന്നിരിക്കട്ടെ. സ്വഭാവ വൈകല്യമുള്ള ആളുടെ മാതാപിതാക്കള്‍ ഇപ്പോഴും വേര്‍പിരിയാതെ ഒരുമിച്ചു കഴിയുന്നു എങ്കില്‍ ആ യുവാവിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിട്ടില്ല എന്നതാകാം അയാളുടെ വികലമായ മാനസികാവസ്ഥയ്ക്ക് കാരണമായത് എന്ന് ചിന്തിക്കാന്‍ ആചാരം ഇവരെ അനുവദിക്കുമോ? അങ്ങനെയും ഒരു സാധ്യത ഇല്ലാതില്ലല്ലോ — “കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിട്ടില്ല എന്നും ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നു എന്നും റിപ്പോര്‍ട്ട്..” എന്ന്?
മുംബൈ കലാപത്തെക്കുറിച്ച് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം. സുദീപ് കെ.എസ് എഴുതുന്നു
1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് വോട്ടുപിടിച്ചു എന്ന പേരില്‍ 1999 മുതല്‍ 2001 വരെ വോട്ടവകാശം നിഷേധിക്കപ്പെട്ടതാണ് ഠാക്കറെ നിയമത്തിന്റെ കയ്യില്‍ അനുഭവിച്ച ഒരേയൊരു ശിക്ഷ. ആറു വര്‍ഷത്തേയ്ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് 1995-ല്‍ വന്ന സുപ്രീം കോടതി വിധിയാണ് ‘മുന്‍കാല പ്രാബല്യത്തോടെ’ 1999-ല്‍ നടപ്പിലാക്കപ്പെട്ടത്. ഫലത്തില്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം നീണ്ടുനിന്നു ആ ശിക്ഷയുടെ കാലാവധി.
ഠാക്കറെ മരിച്ചിട്ടും അങ്ങേര്‍ പല സന്ദര്‍ഭങ്ങളിലായി തന്റെയും തന്റെ പാര്‍ട്ടിയുടെയും നേട്ടങ്ങള്‍ക്കായി പലപ്പോഴും വിജയകരമായിത്തന്നെ ഉപയോഗിച്ച ഈ രണ്ടു മുദ്രാവാക്യങ്ങളും നമ്മെ ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. വെറുപ്പിലും വിധ്വംസകതയിലുമൂന്നിയ ഈ മുദ്രാവാക്യങ്ങളെ നമ്മുടെ നാട്ടിലെ വിവിധ സമൂഹങ്ങള്‍ എങ്ങനെയെല്ലാം നേരിടും എന്ന ചോദ്യം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നു ഈ മരണം- സുദീപ് കെ.എസ് എഴുതുന്നു
ബാലാസാഹെബ് കേശവ് ഠാക്കറെ (बालासाहेब केशव ठाकरे) എന്ന ബാല്‍ ഠാക്കറെ മരിച്ചു.
ബോംബെ അഥവാ മുംബയ് എന്ന മഹാനഗരത്തെ ദശകങ്ങളോളം വിറപ്പിച്ചുനിര്‍ത്തിയ, ബോംബെയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെയും പല ദലിത്, സോഷ്യലിസ്റ്റ് നേതാക്കന്മാരെയുമൊക്കെ അടിച്ചും കൊന്നും തകര്‍ത്തുകളഞ്ഞ ഒരു ഗുണ്ടാസംഘത്തെ നയിച്ച തലവനാണ് ഇതോടെ ഇല്ലാതായത്. മരിച്ചിട്ടും ബോംബെയിലെ വ്യവസായികളും രാഷ്ട്രീയക്കാരും സാധാരണക്കാരുമൊക്കെ ഇയാളെ പേടിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു, കേരളത്തില്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ എന്നപോലെ. മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളും ആചാരവെടിയുമൊക്കെയായി ആ ശവസംസ്കാരച്ചടങ്ങ് കൊഴുപ്പിച്ചു. ഇനി ഇതിനെ പേടിക്കണ്ടല്ലോ എന്ന സന്തോഷവും ഒരുപക്ഷേ അതിനുപിന്നില്‍ ഉണ്ടായിരിക്കാം.
“Mumbai paralysed by fear for three days after a man who was supposed to be fearless. As far as I know, a fearful person inspires fear and a loving person inspires love and respect.” — ആ മഹാനഗരത്തിന്റെ ഭാഗമായ എന്റെ സുഹൃത്ത് രചന ഫെയ്സ്ബുക്കില്‍ പറഞ്ഞു. അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഠാക്കറെയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണെന്ന് വിചാരിച്ചുകാണും. (അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് ഇവിടെ).
Photo: Pithwa Hemant
സ്തുതി വചനങ്ങള്‍. അങ്ങനെയല്ലാതെ അങ്ങേരെ സത്യത്തില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുമുണ്ട്. ശിവസേന മെലിഞ്ഞെങ്കിലും ഇനിയും തൊഴുത്തില്‍ കെട്ടാറായിട്ടില്ല. ഠാക്കറെക്കുവേണ്ടി തല്ലുണ്ടാക്കാന്‍ ആളുണ്ട് എന്നതുകൂടിയാണല്ലോ ഈ പേടിയ്ക്കൊരു കാരണം.
കേരളത്തിലും ഠാക്കറെയ്ക്ക് ആരാധകരുണ്ട്. മരിച്ച ആളിനെ കുറ്റം പറയുന്നതിലെ അനൌചിത്യവും മരിച്ചവരോട് ആദരവ് കാട്ടേണ്ടതിന്റെ ആവശ്യവുമൊക്കെ ഊന്നിപ്പറഞ്ഞു രംഗത്തുവന്നവരില്‍ ഒരാള്‍ രണ്‍ജി പണിക്കര്‍ പത്രാധിപരായ (ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള?) ‘മെട്രോ വാര്‍ത്ത’ എന്ന പത്രത്തിന്റെ ലേഖകന്‍ ശ്രീ റെജികുമാറാണ്. മരണം ശത്രുവിന്‍റെതായാലും പരിഹാസം പരമകാരുണികന്‍ പൊറുത്തു എന്നു വരില്ല എന്നൊക്കെ പുള്ളി ഫെയ്സ്ബുക്കില്‍ എഴുതിത്തകര്‍ത്തു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ മരിച്ചുവീഴുന്നവരെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ. “കറയറ്റ രാജ്യസ്നേഹം. ഒപ്പം സ്വന്തം സംസ്ഥാനത്തെ ജനതയുടെ ക്ഷേമം. ഇന്ത്യന്‍ എന്നതില്‍, ഹിന്ദു എന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത അഭിമാനം. മറാത്തി ഭാഷയോടുള്ള അഭിനിവേശം..” ഇങ്ങനെ പോയി സ്തുതി വചനങ്ങള്‍.
ഈ പറഞ്ഞ കാര്യങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ അവിടെ നില്‍ക്കട്ടെ — മലയാളിയുടെയും തമിഴന്റെയും കടകള്‍ കത്തിക്കുന്നതും മുസ്ലീങ്ങളെ കൊല്ലാന്‍ പറയുന്നതും സിക്കുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതും പിന്നീട് ബിസിനസ്സുകാരായ സിക്കുകാരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി അക്രമം ഒതുക്കുന്നതുമൊക്കെ രാജ്യസ്നേഹത്തില്‍ പെടുമോ എന്നൊക്കെ പലരും ചോദിച്ചുകഴിഞ്ഞു. എന്നാല്‍ ഈ സ്തുതിഗീതകത്തിന്റെ അവസാന ഭാഗത്ത് കുറച്ചുകൂടി പ്രസക്തമായ, നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിപ്രകാരമാണ്:
“നമ്മുടെ നാട്ടിലെ അന്യസംസ്ഥാനക്കാര്‍ എങ്ങനെയെങ്കിലും ഒന്നു പോയിക്കിട്ടിയാല്‍ മതിയെന്നായിട്ടുണ്ട് പല ഗ്രാമങ്ങളിലും.! ചിലേടങ്ങളില്‍ നാട്ടുകാര്‍ അവരുടെ കോളനികളില്‍ കയറി അടിക്കുന്നു എന്ന വാര്‍ത്തകളും വരുന്നു…! താക്കറെയേക്കാള്‍ കടുത്ത നിലപാടാണ് പലേടത്തും ബംഗാളി- ബീഹാറി- ഒഡീഷി സംഘങ്ങളോട് നാട്ടുകാര്‍ സ്വീകരിക്കുന്നത്..!..
..മണ്ണിന്‍റെ മക്കള്‍ വാദം താക്കറെ നിര്‍ത്തിയപ്പോള്‍ തമിഴരും കന്നഡിഗരും മലയാളികള്‍ അടക്കമുള്ളവരും ഏറ്റെടുത്തു. അനധികൃതവും അനിയന്ത്രിതവുമായ കുടിയേറ്റം ഇരുപതുകോടി വരുന്ന തദ്ദേശ മറാത്തി ജനതയ്ക്ക് ഉണ്ടാക്കുന്ന കെടുതികള്‍ അനുഭവിച്ചറിഞ്ഞപ്പോഴാണ് താക്കറെ പ്രതിരോധം തീര്‍ത്തത്. അത് ഒരു തെറ്റായിരുന്നില്ല എന്ന് ഇപ്പോള്‍ കേരളവും തിരിച്ചറിയുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലും അതിന്‍റെ ചെറുരൂപം അപ്പുറവും ഇപ്പുറവും പ്രകടമായി..!..
..’താക്കറെ എന്ന പ്രസ്ഥാനം’ ഒരു തെറ്റായിരുന്നില്ല. അത് കാലത്തിന്‍റെ അനിവാര്യതയായിരുന്നു. സമകാലിക കേരളത്തിലെ കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന, സൃഷ്ടിക്കാന്‍ പോകുന്ന ഭീകരമായ സാമൂഹ്യപ്രശ്നങ്ങള്‍ തന്നെയായിരിക്കും അതിനു തെളിവ്. വിദൂരമല്ലാത്ത ഭാവിയില്‍ ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും കാക്കനാടും തിരുവല്ലയും… സമാനമായ മറ്റു പ്രദേശങ്ങളും സ്വീകരിക്കുക താക്കറെയുടെ പഴയ മോഡല്‍ തന്നെയായിരിക്കും..”
ഇത് നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന, നമുക്ക് കണ്ണടയ്ക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴര്‍ക്കെതിരെ നിലകൊണ്ട മലയാളികളില്‍ ഇപ്പോള്‍ ‘കീരിക്കാടന്‍ ചത്തേ’ എന്നാര്‍മ്മാദിക്കുന്ന മലയാളികളില്‍ ഒരു വിഭാഗമെങ്കിലും ഉണ്ടായിരുന്നിരിക്കണം. നമ്മുടെ നാട്ടിലെ മുഖ്യ പ്രശ്നക്കാര്‍ അന്യസംസ്ഥാന തൊഴിലാളികളാണ് എന്ന് കരുതുന്നവരില്‍, ബംഗാളികളും ഒഡീഷക്കാരും വന്ന് നമ്മുടെ നാട്ടിലെ വൃത്തിയും വെടിപ്പും ഇല്ലാതാക്കി എന്ന് കരുതുന്നവരില്‍ എല്ലാം ഇവരില്‍ ചിലര്‍ ഉണ്ടായാലും എനിക്കത്ഭുതമില്ല. കേരളത്തില്‍ ദീപാവലിയ്ക്കും പൊങ്കലിനുമൊഴികെ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ നിയന്ത്രണം വേണം, ഇല്ലെങ്കില്‍ മലയാള സിനിമ തകരും എന്ന് പറയുന്ന മോഹന്‍ലാല്‍ അടക്കമുള്ള സിനിമാക്കാരും പിന്തുടരുന്നത് ഠാക്കറെയുടെ പഴയ ‘മണ്ണിന്റെ മക്കള്‍’ വാദം തന്നെയാണ്. (ഇപ്പോള്‍ അനന്തരവന്‍ രാജ് ഠാക്കറെയും അങ്ങേരുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും വിജയകരമായി ഏറ്റെടുത്തിട്ടുണ്ട് ഈ മുദ്രാവാക്യം.) ഇനിയൊരു സാമ്പത്തിക മാന്ദ്യം വന്നാല്‍, ഗള്‍ഫ് നാടുകളില്‍ നിന്നെങ്ങാന്‍ മലയാളികള്‍ക്ക് തിരിച്ചുപോരേണ്ടിവന്നാല്‍, ഇവിടെ ഈ വാദം ഇനിയും രൂക്ഷമായേക്കാം. അതൊഴിവാക്കാന്‍ എന്താണ് വഴിയെന്ന് നാം ഇപ്പോഴേ ചിന്തിക്കേണ്ടതുണ്ട്.
ഈ വാദം മലയാളികള്‍ ഉന്നയിക്കുമ്പോള്‍ അതിന് ഇവിടെ സ്വീകാര്യത ലഭിക്കുന്നതിനെക്കുറിച്ച് സംഗീതകാരന്‍ അജിത് കുമാര്‍ എ എസ് ഫെയ്സ്ബുക്കില്‍ത്തന്നെ ഒരു സ്റ്റാറ്റസ് മെസേജിലൂടെ തന്റെ ആശങ്കകള്‍ പങ്കുവച്ചു. ഠാക്കറെ സ്തുതിയിലോ ‘മണ്ണിന്റെ മക്കള്‍’ ദേശീയതയുടെ പ്രകീര്‍ത്തനത്തിലോ അഭിരമിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് അപകടകരമായ ഈ മുദ്രാവാക്യങ്ങളെ ഭയപ്പാടോടെ കാണുന്ന ഒന്നായിരുന്നു അത്.
'ബോംബെ' സിനിമ
സിനിമയില്‍ കാണാതെ പോയ ഒരു ഭീകരാക്രമണം
ഈ ഠാക്കറെ ആരാധകന്‍ പിന്നീടൊരു കമന്റില്‍ പറയുന്നു — “താക്കറെയെ പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണം എത്രയോ വര്‍ഷം മുന്‍പേ നടന്നേനെ?”
മുഖ്യമായും ‘മറാഠി മാണുസ്’ (മറാഠി മനുഷ്യര്‍) അഥവാ ‘ഭൂമിപുത്ര’ (മണ്ണിന്റെ മക്കള്‍) വാദത്തിലൂടെ തൊള്ളായിരത്തി അറുപതുകളില്‍ ഉയിര്‍കൊണ്ട ശിവസേനയെപ്പറ്റിയല്ല അത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മുസ്ലീം വിരോധത്തിന്റെയും ബലത്തില്‍ എണ്‍പതുകളുടെ അവസാനത്തോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച ശിവസേനയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.
മുംബൈ ഭീകരാക്രമണം എത്രയോ വര്‍ഷം മുന്‍പേ ഠാക്കറെയുടെ കാര്‍മ്മികത്വത്തില്‍ത്തന്നെ നടന്നു എന്ന് ഒരുപക്ഷേ അയാള്‍ക്ക് അറിയുന്നുണ്ടാവില്ല. അതിന്റെ ഓമനപ്പേരാണ് ‘ബോംബെ റയട്ട്സ്’ അഥവാ ബോംബെ കലാപം. നടന്നത് 1992 ഡിസംബര്‍, 1993 ജാനുവരി മാസങ്ങളില്‍. കേള്‍ക്കാന്‍ എന്ത് രസം, കേട്ടാല്‍ തോന്നും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള എന്തോ അടിപിടി ആണെന്ന്. അതും ബാബറി മസ്ജിദ് തകര്‍ത്തതിന് തൊട്ടു പിന്നാലെയാവുമ്പോള്‍ മുസ്ലീങ്ങള്‍ തുടങ്ങിവെച്ചതാണ് എന്നേ തോന്നൂ. സംഭവം മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലല്‍ ആയിരുന്നു എന്ന് അറിയുന്നവര്‍ക്കല്ലേ അറിയൂ.
പ്രമുഖ സിനിമാസംവിധായകനായ മണിരത്നം പോലും ആ പേര് കേട്ടും നിറം പിടിപ്പിച്ച കഥകള്‍ കേട്ടും മയങ്ങി ബോംബെ തെരുവുകളില്‍ രണ്ടുകൂട്ടരും പരസ്പരം കൊല്ലാന്‍ നടക്കുന്ന രംഗങ്ങളുള്ള ഒരുശിരന്‍ സെക്കുലര്‍ പടം പിടിച്ചു. ഞാന്‍ നാഗ്പൂരില്‍ ആയിരുന്നപ്പോള്‍ ആണ് ‘ബോംബെ’ ഇറങ്ങിയത്, ആദ്യദിവസം തന്നെ പടം കണ്ട് ഞാനും എന്റെ സുഹൃത്തുക്കളും അന്ന് കോരിത്തരിക്കുകയും ചെയ്തു. ബോംബെയില്‍ എത്തുന്നതുവരെ അങ്ങനെ ഏതാണ്ട് ഒന്നായിരുന്നു ‘ബോംബെ റയട്ട്സ്’ എന്ന് തന്നെയായിരുന്നു ഞാന്‍ വിശ്വസിച്ചത്.
ഞാന്‍ മാത്രമല്ല പല സെക്കുലര്‍/ഇടതുപക്ഷ ജീവികളും ഈ കുരുക്കില്‍ത്തന്നെ വീണു പിടഞ്ഞു, പലരും ഇന്നും പിടഞ്ഞുകൊണ്ടിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ബോംബെയിലുണ്ടായിരുന്ന സുനില്‍ കൃഷ്ണന്‍ തികഞ്ഞ ‘നിഷ്പക്ഷത’യോടെ ഈ ‘കലാപങ്ങളെ’പ്പറ്റി എഴുതുന്നത് എന്ന് നോക്കാം : “അധോലോക നായകന്മാര്‍ അടക്കി വാഴുമ്പോളും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ (അന്നത്തെ ബോംബെ). എന്നാല്‍ മസ്ജിദിന്റെ തകര്‍ച്ചയോടെ നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു. ഡിസംബര്‍ 6 ന്റെ പിറ്റേന്ന് തന്നെ മുംബൈയില്‍ അശാന്തിയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു. അങ്ങിങ്ങ് അക്രമവും കലാപവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ ഏറി വന്നു. ഞങ്ങള്‍ അതിനിടെ നാട്ടിലേക്ക് പോരുകയും ചെയ്തു.
നാട്ടിലുള്ള സമയത്ത് പത്രങ്ങളില്‍ കൂടി മുംബൈയിലെ വിവരങ്ങള്‍ അറിഞ്ഞു. നഗരം മുഴുവന്‍ കലാപം ആളിപ്പടരുന്നു എന്നറിഞ്ഞു. ശിവസേനയായിരുന്നു മുസ്ലീം വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്..” (താക്കറെ: ചോരച്ചാലുകള്‍ ഒഴുകിയ തെരുവിന്റെ അധിപന്‍!, ഡൂള്‍ ന്യൂസ്). വലിയ സഖാവ് പറഞ്ഞതുപോലെ ‘തര്‍ക്കമന്ദിരം’ എന്നു പറഞ്ഞില്ലല്ലോ എന്നാശ്വസിക്കാം.
ജസ്റ്റിസ് ശ്രീകൃഷ്ണ
ധീരമായ ഒരന്വേഷണം
വാമൊഴികള്‍ക്കപ്പുറം നമുക്കാശ്രയിക്കാന്‍ ആകെയുള്ളത് ഈ ‘കലാപ’ത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. പല സീനിയര്‍ ജഡ്ജിമാരും ഭയന്ന് പിന്മാറി നില്‍ക്കുമ്പോഴാണ് അന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ അന്വേഷണച്ചുമതല ഏറ്റെടുക്കാന്‍ തയ്യാറായത്. അന്നേ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇടത് /സെക്കുലര്‍ വൃത്തങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിന്റെ പ്രധാന കാരണം ജസ്റ്റിസ് ശ്രീകൃഷ്ണ വിശ്വാസിയായ ഒരു ഹിന്ദുവാണ്, അതുകൊണ്ട് നിഷ്പക്ഷമായ ഒരന്വേഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കമ്മീഷന്‍ അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തി. (അന്വേഷണങ്ങള്‍ക്കൊടുവില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടങ്ങിയത് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ‘എന്ന മാര്‍ക്സ് വചനം ഉദ്ധരിച്ചുകൊണ്ടാണ്.)
1995-ല്‍ ശിവസേന ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നു. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരാകുമെന്നു മനസ്സിലാക്കിയ ശിവസേന സര്‍ക്കാര്‍ 1996-ല്‍ കമ്മീഷന്‍ പിരിച്ചുവിട്ടു. പിന്നീട് 1993 മാര്‍ച്ചില്‍ നടന്ന ബോംബെ സ്ഫോടനങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ടാണ് കമ്മീഷന് വീണ്ടും ജീവന്‍ നല്‍കിയത്.
ബോംബെ കലാപം Image Courtesy: Outlook India
ചെറുത്തുനില്‍പ്പ് എന്ന കള്ളക്കഥ
1992 ഡിസംബര്‍ 6 മുതല്‍ 10 വരെയും പിന്നീട് 1993 ജാനുവരി 6 മുതല്‍ 20 വരെയുമായി രണ്ട് എപ്പിസോഡിലാണ് ഈ ‘കലാപം’ അരങ്ങേറിയത്. ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീങ്ങള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു എന്നും അതിനോടുള്ള ചെറുത്തുനില്‍പ്പായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയത് എന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം [ഈ മുഖവുര കാണുക]. ഈ വാദത്തെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തള്ളിക്കളഞ്ഞ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുക എന്ന മുദ്രാവാക്യവുമായി അദ്വാനി നടത്തിയ രഥയാത്ര അത് സഞ്ചരിച്ച വഴികളിലെല്ലാം മുറിവുകളുണ്ടാക്കുകയും മുറിവുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു എന്നതായിരുന്നു ഒന്നാമത്തേത്. രഥയാത്രയ്ക്കും മുമ്പേ തന്നെ അന്തരീക്ഷം കലുഷിതമായിത്തുടങ്ങിയിരുന്നു. രാമക്ഷേത്രത്തിനുവേണ്ടി ഹിന്ദുക്കള്‍ ഒന്നിക്കണം എന്ന ആഹ്വാനവുമായി ‘രാമന്റെ പാദുകങ്ങള്‍’ വച്ചുള്ള പ്രകടനങ്ങളും ‘ചൌക്ക് സഭ’കളും പൊതുയോഗങ്ങളും എല്ലാമായി 1992 ജൂലായ് മുതല്‍ ഡിസംബര്‍ വരെ ബി ജെ പി നടത്തിയ കാമ്പെയിന്‍, അതിന്റെ കൂടെ അവര്‍ ഭീഷണിയുടെ സ്വരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. ‘രാമജന്മഭൂമി’യില്‍ ബാബറി മസ്ജിദ് പണിതത് ഹിന്ദുക്കളോട് ചെയ്ത ചതിയാണെന്നും ഇതിനു പകരമായി മുസ്ലീങ്ങളെ ഈ രാജ്യത്തുനിന്നും നാടുകടത്തും എന്നുമെല്ലാം മുദ്രാവാക്യങ്ങള്‍ മുഴങ്ങി (റിപ്പോര്‍ട്ട് , അദ്ധ്യായം 1, ഭാഗം 2.4). ഇത്തരം പ്രകോപനങ്ങളെ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായതുമില്ല. (സുധാകര്‍ റാവു നായിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്നത് ). ഈ കലുഷിതാവസ്ഥയോടുള്ള സിമി, ബോംബെ മുസ്ലീം ആക്ഷന്‍ കമ്മിറ്റി എന്നീ മുസ്ലീം സംഘടനകളുടെ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി എന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
1992 ഡിസംബര്‍ 6-ന് ബാബറി പള്ളി പൊളിച്ചതില്‍ രോഷാകുലരായ മുസ്ലീങ്ങളാണ് കലാപങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നതായിരുന്നു ശിവസേന സര്‍ക്കാര്‍ ഉയര്‍ത്തിയ, ലിബറല്‍/സെക്കുലര്‍ ആയവരടക്കമുള്ള ഇന്ത്യയിലെ സവര്‍ണ്ണ മദ്ധ്യവര്‍ഗ്ഗം പൊതുവേ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ട, അതുകൊണ്ടുതന്നെ ഏറെ പ്രചാരം സിദ്ധിച്ച, മറ്റൊരു കഥ. ‘സ്വാഭാവികമായ രോഷം’ എന്ന ഈ വാദവും കമ്മീഷന്‍ അപ്പാടെ അംഗീകരിച്ചില്ല.
ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനോടുള്ള പ്രതിഷേധത്തോടൊപ്പം ഹിന്ദു സംഘടനകള്‍ നടത്തിയ ആഘോഷപ്രകടനങ്ങളും ഡിസംബറില്‍ നടന്ന ആദ്യവട്ടം കലാപങ്ങള്‍ക്ക് തിരികൊളുത്തി എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അന്നുതന്നെ മുസ്ലീങ്ങള്‍ നഗരത്തിന്റെ പല ഭാഗത്തും തെരുവിലിറങ്ങിയെങ്കിലും ആദ്യമൊന്നും ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നില്ല എന്നും ഈ പ്രകടനങ്ങളെ മുന്‍വിധിയോടെയും തത്വദീക്ഷയില്ലാതെയും നേരിട്ട പോലീസ് അവരെ അക്രമാസക്തരാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു എന്നും കമ്മീഷന്‍ നിരീക്ഷിച്ചു. (അദ്ധ്യായം 2, ഭാഗം 1.26 December 1992)
ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് ശിവസേന നേതാക്കളായ ബാബുറാവു മാനെയുടെയും രാമകൃഷ്ണ കേനിയുടെയും നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ തെരുവുകളിലൂടെ ഇരുന്നൂറിലേറെ വരുന്ന ശിവ’സൈനികര്‍’നടത്തിയ സൈക്കിള്‍ യാത്രയും അതിനൊടുവില്‍ ചെമ്പൂരിലെ കാലാ കില്ലയില്‍ വെച്ചുനടന്ന യോഗവും ആണ് പള്ളി തകര്‍ക്കപ്പെട്ട വാര്‍ത്ത വന്നതിനു ശേഷം ബോംബെയില്‍ നടന്ന ആദ്യത്തെ വര്‍ഗ്ഗീയമായ സംഭവമായി കമ്മീഷന്‍ അടയാളപ്പെടുത്തിയത്. (അദ്ധ്യായം 1, ഭാഗം 4: 6th December 1992). അതിനുശേഷം നഗരത്തില്‍ പലയിടത്തും സമാനമായ ‘ആഹ്ലാദപ്രകടനങ്ങള്‍’ അരങ്ങേറി.
1993 ജാനുവരി ഒന്നിന് ഠാക്കറെയുടെ പത്രാധിപത്യത്തിലുള്ള ശിവസേന മുഖപത്രമായ ‘സാംന’യില്‍ “Hindunni Akramak Vhayala Have”(‘ഹിന്ദുക്കള്‍ ആക്രമകാരികളാവണം’) എന്ന പേരില്‍ ഒരു ലേഖനം വന്നു. ഹിന്ദുക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല എന്നാരോപിച്ച് ശിവസേന ജാനുവരി നാലിന് ജോഗേശ്വരി പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ ചാച്ചാ നഗര്‍ പള്ളി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന കുറച്ചു മുസ്ലീങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ജാനുവരി അഞ്ചിന് രാത്രി നാല് ഹിന്ദു ചുമട്ടുതൊഴിലാളികള്‍ കത്തിക്കുത്തേറ്റു മരിച്ചു. ചുമട്ടുതൊഴിലാളി യൂണിയനുകള്‍ അന്നും പിറ്റേന്നും ബന്ദിന് ആഹ്വാനം ചെയ്തു. ഇത് സംഭവത്തിന് പബ്ലിസിറ്റി കൊടുത്തു. മുസ്ലീങ്ങളാണ് ഇതിനുപിന്നില്‍ എന്ന് ശിവസേന അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രചരിപ്പിച്ചു. ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്ക് സ്വയം രക്ഷയ്ക്ക് വാളെടുക്കേണ്ടിവരും എന്ന് അന്നുവൈകുന്നേരം നടന്ന പൊതുയോഗങ്ങളില്‍ യൂണിയന്‍ നേതാക്കള്‍ പ്രസംഗിച്ചു. (അദ്ധ്യായം 2, ഭാഗം 1.7).
ജാനുവരി ആറിന് വീണ്ടും കത്തിക്കുത്തുകളും അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആരാണ് ഇതിനുപിന്നില്‍ എന്ന് വ്യക്തമായിരുന്നില്ല. അക്രമികള്‍ അക്രമം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷരായി. ഒരു ഹിന്ദുവും ഒരു മുസ്ലീമും കത്തിക്കുത്തുകളില്‍ മരിച്ചു. പരിക്കേറ്റവരില്‍ ഏറെയും ഹിന്ദുക്കളായിരുന്നു. അന്നുരാത്രി ഒമ്പതുമണിയോടെ ശിവസേനയുടെ നഗരസഭാ സാമാജികന്‍ മിലിന്ദ് വൈദ്യയുടെയും സഞ്ജയ് ഗവാഡേ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെയും നേതൃത്വത്തില്‍ പരസ്യമായി വാളുമേന്തി ശിവസൈനികര്‍ മാഹിമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലീം വേട്ടയ്ക്കിറങ്ങി. (അദ്ധ്യായം 2, ഭാഗം 1.8: 6th January 1993 to 20th January 1993). ഇത് അക്രമപരമ്പരയുടെ രണ്ടാം എപ്പിസോഡിനു തുടക്കം കുറിച്ചു. ജാനുവരി എട്ടിന് പുലര്‍ച്ചെ രാധാഭായി ചാള്‍ എന്നറിയപ്പെട്ട ജോഗേശ്വരിയിലെ ഒരു ചേരിപ്രദേശത്ത് ഉറങ്ങിക്കിടന്ന ഒരു ഹിന്ദു കുടുംബത്തെ പുറത്തുനിന്നു പൂട്ടിയിട്ട് ചില അക്രമികള്‍ വീടിനു തീവച്ചു. മാധ്യമങ്ങള്‍ ഈ സംഭവത്തെ പരമാവധി സെന്‍സേഷനല്‍ ആക്കുന്നതില്‍ വിജയിച്ചു. (അദ്ധ്യായം 2, ഭാഗം 1.11)
അതിനുശേഷം നടന്നത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണമായിരുന്നു എന്ന് ഈ റിപ്പോര്‍ട്ട് വിലയിരുത്തി. ജാനുവരിയില്‍ നടന്നത് ചുമട്ടുതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തോടും രാധാബായി ചാള്‍ സംഭവത്തോടുമുള്ള പ്രതികരണവും ഒരു ഹിന്ദു ചെറുത്തുനില്‍പ്പും ആണ് എന്ന വാദത്തോട് റിപ്പോര്‍ട്ട് ഇങ്ങനെ പ്രതികരിക്കുന്നു : “As far as the causes for January 1993 phase of the rioting is concerned, the Commission does not accept the theory that it was merely a backlash of the Hindus because of the stabbings, Mathadi murders incidents and the Radhabai Chawl incident.. The events which took place between the period 12th December 1992 and 5th January 1993 indicate that there were attacks going on against the Muslims and their properties in different areas” (അദ്ധ്യായം 2, ഭാഗം 1.27 January 1993)
“1993 ജാനുവരി 8 മുതല്‍ക്കെങ്കിലും ശിവസേനയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ശാഖാ പ്രമുഖര്‍ മുതല്‍ ശിവസേനാ തലവനായ ബാല്‍ ഠാക്കറെ വരെയുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുസ്ലീങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടു. ശിവസേന തുടങ്ങിവെച്ചത് താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി ലോക്കല്‍ ക്രിമിനലുകളും ഏറ്റെടുത്തു. സംഭവം കൈവിട്ടുപോയി എന്ന് പിന്നീട് മനസ്സിലായപ്പോള്‍ അക്രമം അവസാനിപ്പിക്കാന്‍ ശിവസേന നേതാക്കള്‍ക്കുതന്നെ ആഹ്വാനം ചെയ്യേണ്ടിവന്നു. റിപ്പോര്‍ട്ടില്‍ ഠാക്കറെയെ വിശേഷിപ്പിക്കുന്നത് “veteran general commanding his loyal Shiv Sainiks to retaliate by organised attacks against Muslims” എന്നാണ്. (അദ്ധ്യായം 2, ഭാഗം 1.27)
ഏറെക്കാലത്തേയ്ക്ക് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകിക്കുന്നതില്‍ മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ വിജയിച്ചു. ഒടുവില്‍ 1998-ല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശ്രീകൃഷ്ണ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ഠാക്കറെയെ ശിക്ഷിക്കണം എന്നും സെക്കുലര്‍ വൃത്തങ്ങളില്‍ നിന്ന് ശബ്ദമുയര്‍ന്നു. എന്നാല്‍ 1993 ജാനുവരി മുതല്‍ 2002 ജൂലായ് വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന പി സി അലക്സാണ്ടര്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്തി. മാറിമാറിവന്ന ശിവസേന, കോണ്‍ഗ്രസ് മന്ത്രിസഭകളുടെ ഒത്താശയോടെ ആ റിപ്പോര്‍ട്ട് അങ്ങനെ മണ്മറഞ്ഞു പോവുകയും ചെയ്തു. (അദ്ദേഹത്തിന് പിന്നീട് ലഭിച്ച രാജ്യസഭാ സീറ്റും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയും ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.)
2008-ല്‍ ഒരു മുംബൈ കോടതി മുന്‍ ശിവസേനാ എം പി മധുകര്‍ സര്‍പോട്ട്ദാറെയും മറ്റു രണ്ടു പാര്‍ട്ടി നേതാക്കളെയും രണ്ടുവര്‍ഷത്തെ തടവിന് വിധിച്ചു. ഉടന്‍ തന്നെ ജാമ്യത്തില്‍ പുറത്തുവന്ന സര്‍പോട്ട്ദാര്‍ 2010 ഫെബ്രുവരി 20-ന് മരണമടഞ്ഞു. തനിക്കുവിധിക്കപ്പെട്ട ജയില്‍ശിക്ഷ അനുഭവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഈ കേസില്‍ ഠാക്കറെയെ തൊടാനാകട്ടെ ഒരു കോടതിയ്ക്കും സര്‍ക്കാരിനും ധൈര്യം ഉണ്ടായതുമില്ല.
ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിനെതിരായി നടന്ന ശിവസേനാ ആക്രമണം
അവശേഷിക്കുന്ന ചോദ്യങ്ങള്‍
1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് വോട്ടുപിടിച്ചു എന്ന പേരില്‍ 1999 മുതല്‍ 2001 വരെ വോട്ടവകാശം നിഷേധിക്കപ്പെട്ടതാണ് ഠാക്കറെ നിയമത്തിന്റെ കയ്യില്‍ അനുഭവിച്ച ഒരേയൊരു ശിക്ഷ. ആറു വര്‍ഷത്തേയ്ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് 1995-ല്‍ വന്ന സുപ്രീം കോടതി വിധിയാണ് ‘മുന്‍കാല പ്രാബല്യത്തോടെ’ 1999-ല്‍ നടപ്പിലാക്കപ്പെട്ടത്. ഫലത്തില്‍ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രം നീണ്ടുനിന്നു ആ ശിക്ഷയുടെ കാലാവധി.
ഠാക്കറെ മരിച്ചിട്ടും അങ്ങേര്‍ പല സന്ദര്‍ഭങ്ങളിലായി തന്റെയും തന്റെ പാര്‍ട്ടിയുടെയും നേട്ടങ്ങള്‍ക്കായി പലപ്പോഴും വിജയകരമായിത്തന്നെ ഉപയോഗിച്ച ഈ രണ്ടു മുദ്രാവാക്യങ്ങളും നമ്മെ ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. വെറുപ്പിലും വിധ്വംസകതയിലുമൂന്നിയ ഈ മുദ്രാവാക്യങ്ങളെ നമ്മുടെ നാട്ടിലെ വിവിധ സമൂഹങ്ങള്‍ എങ്ങനെയെല്ലാം നേരിടും എന്ന ചോദ്യം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നു ഈ മരണം.
വാല്‍ക്കഷണം : 1993 മാര്‍ച്ചിന് ശേഷം 1992 ഡിസംബര്‍ / 1993 ജാനുവരി
1993 മാര്‍ച്ചില്‍ നടന്ന ബോംബെ സ്ഫോടനങ്ങള്‍ക്ക് ശേഷമാണ് ‘ബോംബെ റയട്ട്സ് ‘ ഉണ്ടായത് എന്ന വിചിത്രമായൊരു വാദവും പില്‍ക്കാലത്ത് ഹൈന്ദവ സംഘടനകളും അവരുടെ സില്‍ബന്ദികളായ സവര്‍ണ്ണഹിന്ദു മിഡില്‍ക്ലാസും കൂടി കെട്ടിപ്പൊക്കി. ബോംബെയില്‍ ഉള്ളവരൊഴികെ മറ്റു പലരും അത് വിശ്വസിക്കുകയും ചെയ്തു. “The 1993 bomb blasts triggered religious violence.” എന്നാണ് Being indian എന്ന പുസ്തകത്തില്‍ പവന്‍ വര്‍മ്മ എഴുതിയത് (ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഈ തലതിരിഞ്ഞ ‘പൊതുബോധ’ത്തെപ്പറ്റി പത്രപ്രവര്‍ത്തകനായ ദിലീപ് ഡിസൂസ 2006-ല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരുന്നു).
കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല-സുദീപ് കെ.എസ് എഴുതുന്നു
കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല. ആറേഴുകൊല്ലം മുമ്പുവരെ അതുണ്ടായിരുന്നെങ്കിലും. പുസ്തകങ്ങളിലൂടെ മാത്രമല്ല ഇന്നത്തെ കുട്ടികള്‍ അവരുടെ ലോകം വികസിപ്പിക്കുന്നത് എന്നും അവരുടെ ലോകം ഒട്ടും ചെറുതായിട്ടില്ല എന്നുമാണ് കുട്ടികള്‍ പലരും സുഹൃത്തുക്കളായുള്ള ഒരാള്‍ എന്ന നിലയ്ക്കും ഒരച്ഛന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്-സുദീപ് കെ.എസ് എഴുതുന്നു
ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ഡിങ്കന്‍ നൊസ്റ്റാള്‍ജിയ മലയാളികളുടെ ഓണ്‍ലൈന്‍ ഇടങ്ങള്‍ നിറയുകയാണ്. ഗൂഗിള്‍ പ്ലസിലും ഫെയ്സ്ബുക്കിലും എല്ലാം നിറയെ പോസ്റുകള്‍, കമന്റുകള്‍, കണ്ണുനീരുകള്‍. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഇതൊക്കെ വായിച്ചിരുന്നതിന്റെ ഓര്‍മ്മകള്‍. പൂമ്പാറ്റ അടക്കം പല ബാലപ്രസിദ്ധീകരണങ്ങളും മുമ്പേ നിന്നുപോയി, ബാലരമ ഇപ്പോഴും ഉണ്ട്, പിന്നെ കളിക്കുടുക്കയും മാജിക് സ്ലേറ്റും മിന്നാമിന്നിയും ഒക്കെയാണ് കുട്ടികള്‍ക്കായി ഉള്ളത് എന്നും അവരുടെ ലോകം വലുതാകുന്നോ ചെറുതാകുന്നോ എന്നുമൊക്കെയുള്ള പലതരം ആശങ്കകള്‍.
ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് കുറെ മദ്ധ്യവയസ്കരുടെ നൊസ്റാള്‍ജിയ. അത് ഞാനും പങ്കുവയ്ക്കുന്നു. പൂമ്പാറ്റ പ്രസിദ്ധീകരണം നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ എനിക്കൊത്തിരി സങ്കടം തോന്നിയിരുന്നു, കുട്ടികളുടെ പുസ്തകങ്ങളൊക്കെ വായന നിര്‍ത്തിയിട്ട് കാലം കുറേയായിരുന്നുവെങ്കിലും. അതിന് കുറച്ചുകൂടി മുമ്പ് പൂമ്പാറ്റയുടെ പുറംചട്ടയില്‍ നിന്ന് ‘ഒരു പൈകോ പ്രസിദ്ധീകരണം’ എന്ന വരി മാഞ്ഞുപോയപ്പോഴും സങ്കടപ്പെട്ടിരുന്നു. പൂമ്പാറ്റയും ബാലരമയും വീട്ടില്‍ വാങ്ങിയിരുന്നെങ്കിലും പൂമ്പാറ്റ ഫാനായിരുന്നു ഞാന്‍.
(അതിന് അന്ന് ഞാന്‍ കണ്ടെത്തിയ ഒരു കാരണം പക്ഷികളുടെയും മൃഗങ്ങളുടെയും കഥകളാണ് എനിക്ക് അധികം ഇഷ്ടം എന്നും ബാലരമയില്‍ കൂടുതലും വരുന്നത് ഭോലേറാം, ഗംഗാറാം തുടങ്ങിയ ‘ആളുകളുടെ’ കഥകളാണ് എന്നുമായിരുന്നു. കുത്തക പത്രമായ, കമ്യൂണിസ്റുകാരുടെ കുടുംബശത്രുക്കളായ മനോരമയില്‍ നിന്നാണ് ബാലരമ ഇറങ്ങിയിരുന്നത് എന്നതും ഒരു കാരണമാവാം). ‘എനിക്കും വേണം പൂമ്പാറ്റ’ എന്നൊരു ബോര്‍ഡും പിടിച്ചിരിക്കുന്ന കപീഷ് ഇപ്പോഴും വീട്ടിലെ ഷോക്കെയ്സിലുണ്ട്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യുറീക്കയും കുറച്ചുകൂടി വലുതായപ്പോള്‍ തത്തമ്മയും വാങ്ങാന്‍ തുടങ്ങി. വീട്ടില്‍ സ്ഥിരമായി വാങ്ങിയില്ലെങ്കിലും മറ്റ് പല പ്രസിദ്ധീകരണങ്ങളും കാണാറും വായിക്കാറും ഉണ്ടായിരുന്നു ബാലമംഗളം, മലര്‍വാടി, ലാലുലീല ഒക്കെ.
ഡിങ്കന്‍ ഫേസ്ബുക്ക് പേജ്
എന്നാല്‍ ആ ഒരു നൊസ്റാള്‍ജിയയ്ക്കപ്പുറത്തേയ്ക്ക് കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല. ആറേഴുകൊല്ലം മുമ്പുവരെ അതുണ്ടായിരുന്നെങ്കിലും. പുസ്തകങ്ങളിലൂടെ മാത്രമല്ല ഇന്നത്തെ കുട്ടികള്‍ അവരുടെ ലോകം വികസിപ്പിക്കുന്നത് എന്നും അവരുടെ ലോകം ഒട്ടും ചെറുതായിട്ടില്ല എന്നുമാണ് കുട്ടികള്‍ പലരും സുഹൃത്തുക്കളായുള്ള ഒരാള്‍ എന്ന നിലയ്ക്കും ഒരച്ഛന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്.
ആദിലിന്റെയും അന്‍പിന്റെയും ഇഷ്ടസിനിമയായ ‘Cars’ അവര്‍ പത്തിരുനൂറു തവണയെങ്കിലും കണ്ടിട്ടുണ്ടാവും. ദിവസേന മൂന്ന് കളികള്‍ എന്ന പോലെയൊക്കെ ആയിരുന്നു ഒരുകാലത്ത് അവര്‍ ആ സിനിമ കണ്ടിരുന്നത്. എഴുതാനും വായിക്കാനുമൊക്കെ പഠിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. എനിക്ക് ആദ്യം ഒരകല്‍ച്ച തോന്നിയിരുന്നു, ആ സിനിമയോട്.
ഒന്നാമത് എന്റെ പല ആണ്‍സുഹൃത്തുക്കളെയും പോലെ ഞാനൊരു കാര്‍ ഭ്രാന്തനല്ല. ലയണ്‍ കിങ്ങും finding nemo യും പോലെ ‘ജീവനുള്ള’ സിനിമകളേക്കാള്‍ ഇവര്‍ക്കിഷ്ടം ഈ ‘മെക്കാനിക്കല്‍’ ലോകമാണല്ലോ എന്നൊക്കെ കരുതി ‘ഈ തലമുറയുടെ പോക്ക്’ ആലോചിച്ചു ഞാന്‍ വേവലാതിപ്പെട്ടിരുന്നു. അവരുടെ കൂടെ പലപ്പോഴും കാണാനിരുന്നു എങ്കിലും ഇടയ്ക്കുവച്ച് ഊരിപ്പോന്നു. പിന്നെ പല സമയങ്ങളിലായി ആ പടം ഏതാണ്ട് കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായി ഞാനെന്തൊരു മണ്ടനാണ് എന്ന്.
ലൈറ്റ്നിങ് മക്-ക്വീന്റെ അത്രയും complex ആയ, മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്ള, തെറ്റും ശരിയും ഒക്കെ ചെയ്യുന്ന ഒരു ഡിസ്നി നായകനെ അതിന് മുമ്പ് ഞാന്‍ കണ്ടിട്ടേ ഇല്ല എന്ന്. അതിനുമുമ്പ് കണ്ടത് മിക്കതും ഫ്യൂഡല്‍ കാല്പനികതകളും സര്‍വ്വഗുണ സമ്പന്നരായ (രാജാക്കന്മാരായ) നായകരും സത്യന്‍ അന്തിക്കാടിന്റെ പോലത്തെ ‘ഗ്രാമത്തിന്റെ/കടലിന്റെ’ നന്മകളുമൊക്കെ ആയിരുന്നു എന്ന്..
'Cars'
മക്-ക്വീന്‍ എന്റെയും favourite ആയി മാറി. ഓരോ തവണ കാണുമ്പോഴും മുമ്പ് ശ്രദ്ധിക്കാതിരുന്ന എന്തെങ്കിലും ഞാന്‍ കണ്ടു. പലരും പല സിനിമകളെപ്പറ്റിയും പറഞ്ഞതുപോലെ, ‘ഓരോ കാഴ്ചയും ഓരോ പുതിയ അനുഭവമായി’ (അങ്ങനെ ആയാല്‍ എനിക്ക് കൊള്ളാം, ഇത്രയേറെ തവണ ഒരു സിനിമ കാണേണ്ടി വരുമ്പോള്‍. പണ്ട് കണ്ടപ്പോള്‍ എനിക്കെത്രയോ ഇഷ്ടമായിരുന്ന ലയണ്‍ കിങ് ഒക്കെ രണ്ടുമൂന്നു തവണ ആയപ്പോഴേയ്ക്ക് ഞാന്‍ ബോറടിച്ചു ചത്തു. ആദിലിന് നല്ല സിംഹം സ്കാറും വില്ലന്‍ രാജാവ് മുഫാസയും ആയിരുന്നു എന്നത് മാത്രമായിരുന്നു അത് കാണാന്‍ ഇരിക്കുന്നതിലുള്ള ഒരേയൊരു രസം).
Aladdin, Jungle Book, Charlie and the Chocolate Factory, Kungfu Panda, Kungfu Panda 2, മഡഗാസ്കര്‍, Toy Story സീരീസ്, ബെന്‍ടെന്‍, Iron Man, സ്പൈഡര്‍മാന്‍, ഡോറിമോന്‍ ഒക്കെ പതിയെപ്പതിയെ ആദിലിന്റെ ലോകങ്ങളുടെ ഭാഗമായി.
ഡോറിമോന്‍
ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ കമന്റ് ചെയ്തതുപോലെ, ബെന്‍ ടെന്നും ഛോട്ടാ ഭീമും ഡോറിമോനുമോക്കെ ഇന്നത്തെ കുട്ടികളുടെ പ്രിയതോഴരാണ്. രാജീവ് രാമചന്ദ്രന്‍ എഴുതിയ ഡോറിമോനും ഞാനും തമ്മില്‍ എന്ന കുറിപ്പും ഇതോടു ചേര്‍ത്തു വായിക്കാം. (‘വര്‍ത്തമാനകാലാവസ്ഥയെ സുഖകരമാക്കാന്‍ വരും കാലത്തെ ഭാവനാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ഫ്യൂജികോ. ഇന്ത്യന്‍ ചിത്രകഥകളില്‍ ഭൂതകാലത്തില്‍ നിന്ന് വിരുന്നെത്തുന്ന കഥാപാത്രങ്ങളെയും അമേരിക്കന്‍ ടൈം ട്രാവല്‍ ത്രില്ലറുകളില്‍ ആഗോളവിപത്തുകളെ ചെറുക്കാന്‍ നിയോഗിക്കപ്പെടുന്ന യാങ്കി കൌമാരവും പുനരുല്‍പ്പാദിപ്പിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളുകയാണ് ഈ വികൃതിപ്പൂച്ച.’)
അമന്റെ ഇപ്പോഴത്തെ കമ്പം ടി വി യിലും റേഡിയോവിലും വരുന്ന ചില പാട്ടുകളോടാണ്. മരുമോനുക്കായി അപ്പങ്ങള്‍ ചുട്ട അമ്മായി ആയിരുന്നു ആദ്യം. ഇപ്പോള്‍ ടി വി യില്‍ ആറ്റുമണല്‍ പായയിലോ കണ്ണിനുള്ളില്‍ നീ കണ്‍മണിയോ വന്നാല്‍ അവന്‍ എല്ലാ പണിയും നിര്‍ത്തി അതും നോക്കി താളമടിച്ചിരിക്കും. സിനിമ കാണാന്‍ പോയാലും അവന്‍ കുറേയൊക്കെ സ്ക്രീനിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാറുണ്ട്. എന്തൊക്കെയാണാവോ അവന്‍ വായിച്ചെടുക്കുന്നത്!*
(*അവിടെ വായിക്കുക എന്ന വാക്കേ എനിക്കിപ്പോഴും വരുന്നുള്ളൂ. കണ്ടെടുക്കുന്നത് എന്നൊക്കെ പറയേണ്ടതല്ലേ?)
സദാചാര പൊലീസുകാര്‍ കൊന്നുകളഞ്ഞ ഷാഹിദ് ബാവയുടെ കുടുംബം പറയുന്ന തീച്ചൂടുള്ള നേരുകള്‍. സുദീപ് കെ എസ് എഴുതുന്നു
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പൊലീസ് ആക്രമണത്തില്‍ ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി ഷാഹിദ് ബാവ എന്ന 26കാരന്‍ കൊല്ലപ്പെട്ടിട്ട് പത്ത് മാസമാവുന്നു. അക്രമി സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ നാല് നാള്‍ ആശുപത്രിയില്‍ കഴിഞ്ഞശേഷമായിരുന്നു ഷാഹിദിന്റെ അന്ത്യം. കേസിലെ 15 പ്രതികളില്‍ 14 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് ഇപ്പോള്‍ എരഞ്ഞിപ്പാലത്തെ മാറാട് സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലാണ്. സദാചാര പൊലീസിങ് കേരളത്തില്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പുതു സാഹചര്യത്തില്‍ ഷാഹിദിന്റെ ഓര്‍മ്മകളിലേക്ക് ഒരു സഞ്ചാരം. ഷാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്, കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പിന് ഒരു തുടരന്വേഷണം. സുദീപ് കെ.എസ് എഴുതുന്നു
ഷാഹിദ് ബാവയുടെ വീടന്വേഷിച്ച് പോയത് ഒട്ടൊരു കുറ്റബോധത്തോടെയാണ്. ഞങ്ങള്‍ പാര്‍ക്കുന്നതിന് ഇത്രയുമടുത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഇതുവരെ അവിടെ പോയിരുന്നില്ല. വീട്ടുകാരെയോ നാട്ടുകാരെയോ കണ്ടിരുന്നില്ല. ഒന്നുരണ്ടുതവണ പോകാന്‍ പരിപാടിയിട്ടെങ്കിലും പല കാരണങ്ങളാല്‍ അതെല്ലാം അലസിപ്പോയി.
ചെറുവാടി ചുള്ളിക്കാപ്പറമ്പില്‍ കത്താലിയുടെ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. റോഡരികില്‍ത്തന്നെ ഒരു ചെറിയ വീട്. അകത്താരും ഉള്ളതുപോലെ തോന്നിയില്ല. ജനാലച്ചില്ലുകള്‍ പൊട്ടിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ‘അവിടെ ചിലപ്പോള്‍ ആളുണ്ടാവില്ല’ എന്ന് അതിലേ വന്നവര്‍ പറഞ്ഞു. അപ്പോള്‍ അല്‍പ്പം പ്രായമുള്ള ഒരാള്‍ വന്ന് എന്താണ്, ആരാണ് എന്നൊക്കെ ചോദിച്ചു.
സുദീപ് കെ എസ്
ഷാഹിദ് ബാവയുടെ വീടന്വേഷിച്ച് വന്നതാണ് എന്നും വരുന്നത് എവിടെനിന്നാണ് എന്നുമൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ അടുത്തുള്ളൊരു വീട്ടില്‍ കൊണ്ടുപോയിരുത്തി. ബാവയുടെ ഉമ്മ അവിടെയില്ല, പെരുന്നാളിന് മകളുടെ വീട്ടില്‍ പോയതാണ് എന്നും വാപ്പ കത്താലി അടുത്തൊരു വീട്ടിലുണ്ട്, വിളിക്കാം എന്നും പറഞ്ഞു. ഷാഹിദ് ബാവയുടെ വാപ്പയുടെ ജ്യേഷ്ഠനായിരുന്നു അത്. അവര്‍ ജ്യേഷ്ഠാനുജന്മാരുടെ വീടുകള്‍ തന്നെയായിരുന്നു ആ ചുറ്റുവട്ടത്തെല്ലാം. ഞങ്ങള്‍ ഇരുന്നത് സഹോദരങ്ങളില്‍ ഒരാളുടെ വീട്ടിലായിരുന്നു ബാവയുടെ ഇച്ചിയാപ്പ (പിതാവിന്റെ അനുജന്‍) കരീമിന്റെ.
കരീമും അദ്ദേഹത്തിന്റെ ഭാര്യയും സി പി എം പ്രവര്‍ത്തകരാണ്. അവരുടെ മകള്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദപഠനം കഴിഞ്ഞ് മൈസൂരില്‍ ഇന്‍ഫോസിസില്‍ ജോലിയ്ക്ക് പോവാന്‍ നില്‍ക്കുന്നു. ഞങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്, ഞങ്ങള്‍ കുഴപ്പക്കാരാണോ എന്നൊക്കെ ഒരാശങ്ക അവര്‍ക്കുണ്ടോ എന്ന് ആദ്യം സംശയം തോന്നിയെങ്കിലും അദ്ദേഹം ഒരു മണിക്കൂറോളം ഞങ്ങളോട് മനസ്സുതുറന്നു സംസാരിച്ചു. ഷാഹിദ് ബാവയുടെ വാപ്പ കത്താലി ഇതിനിടെ അവിടെവന്നു ഞങ്ങളെ കണ്ടു എങ്കിലും ഈ വിഷയത്തെപ്പറ്റി സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം.
ഷാഹിദ് ബാവ
ചതിയുടെ കഥ
‘ഒരു ചതിയിലൂടെയാണ് ഈ കൊലപാതകം നടന്നത്’ -കരീം പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്.
‘സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് കൊടിയത്തൂര്‍ നിന്ന് ഷാഹിദ് ബാവയുടെ കാറിനെ കുറച്ച് ചെറുപ്പക്കാര്‍ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു. വെള്ളമടിച്ച് ബഹളമുണ്ടാക്കി വന്ന് അവര്‍ ചെറുവാടിയില്‍ ബാവയുടെ വീട്ടിന് മുന്നില്‍ വച്ച് ഒരു സീനുണ്ടാക്കി. ഷാഹിദ് ബാവ കൊടിയത്തൂരില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ കയറി എന്നതായിരുന്നു അവരുടെ ആരോപണം. ആരുടെ വീട് എന്ന് പറയാന്‍ അവര്‍ തയ്യാറായില്ല.
ഇനി കൊടിയത്തൂര്‍ക്ക് വന്നാല്‍ നിന്റെ മയ്യത്ത് കാണും എന്നൊക്കെ അവര്‍ ഭീഷണി മുഴക്കി. അവരില്‍ രണ്ടുപേരുടെ ബൈക്ക് ബാവയുടെ വീട്ടുകാര്‍ തടഞ്ഞുവെച്ചു. വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയ സ്ഥിതിക്ക് ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിട്ടേ വണ്ടി വിട്ടുകൊടുക്കൂ എന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപെട്ടിട്ടാണ് അന്നുരാത്രിതന്നെ ബൈക്കുകള്‍ വിട്ടുകൊടുത്തത്. ഇങ്ങനെ ഒരു ചതി പിന്നീടുണ്ടാവും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല’^അദ്ദേഹം പറഞ്ഞു.
നാസര്‍ എന്ന ഓട്ടോക്കാരനും അന്ന് രാത്രി ആ ബഹളത്തിനിടയില്‍ ഉണ്ടായിരുന്നു.’ആഹാ, യ്യും ഇക്കൂട്ടത്തിലുണ്ടോ’^എന്ന് ഷാഹിദ് ബാവ അയാളോട് ചോദിച്ചിരുന്നുവത്രേ. ‘ഉണ്ടായിരുന്നില്ല, ഞാന്‍ ഇപ്പോള്‍ വന്നതാണ’ എന്നാണ് അയാള്‍ മറുപടി പറഞ്ഞത്.
ആ സംഭാഷണത്തില്‍ നിന്ന്, ബാവയ്ക്ക് നാസറിനെ നന്നായി അറിയാം എന്ന് മനസ്സിലാക്കിയ ആരൊക്കെയോ ആകണം പിന്നീട് നാസറിനെക്കൊണ്ട് ബാവയെ ഒരു മാസത്തിനുശേഷം തിരിച്ച് കൊടിയത്തൂരില്‍ എത്തിച്ച് ചതിയില്‍ കുടുക്കിയത് എന്നാണ് ബാവയുടെ വീട്ടുകാര്‍ കരുതുന്നത്. നാസറിന്റെ ഓട്ടോയിലാണ് സംഭവം നടന്ന ഡിസംബര്‍ 9ന് രാത്രി ബാവ കൊടിയത്തൂരില്‍ എത്തിയത്. നാസറും കേസില്‍ പ്രതിയാണ്.
ഞങ്ങള്‍ കണ്ട പൊട്ടിയ ജനാലച്ചില്ലുകള്‍ അന്നത്തെ രാത്രിയിലെ തോന്നിവാസത്തിന്റെ ബാക്കിയാണോ എന്ന് അപ്പോഴാണ് സംശയം തോന്നിയത്. ‘അതെ, അത് തന്നെയാണ്. അന്നു രാത്രി അവര്‍ പൊട്ടിച്ചത്’-ആ സംശയം അദ്ദേഹം തീര്‍ത്തുതന്നു.
അവിഹിതബന്ധം എന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ ‘ബാവയ്ക്ക് അങ്ങനെ ഒരു ബന്ധം ആ സ്ത്രീയുമായി ഉണ്ടായിരുന്നോ എന്നറിയില്ല, അല്ലാതെത്തന്നെ അവരുമായി സാമ്പത്തികമായും കുടുംബപരമായും ബാവയ്ക്ക് ബന്ധങ്ങള്‍ ഉണ്ടായിരുന്നു’ എന്നാണ് കരീം പറഞ്ഞത്. ഈ പറഞ്ഞ രണ്ട് ദിവസവും അവരുടെ വീട്ടില്‍ ബാവ പോയി എന്നതിന് തെളിവൊന്നുമില്ല.
‘അവന്‍ കല്യാണം കഴിക്കാന്‍ പെണ്ണന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഞാനായിരുന്നു അവന്റെ കൂടെ പെണ്ണുകാണാന്‍ പോവുന്നത്. അവന്‍ എനിക്കൊരു സുഹൃത്തിനെപ്പോലെയായിരുന്നു’-കരീം പറഞ്ഞു.
വലിയ വായില്‍ സദാചാരത്തിന്റെയും പവിത്രതയുടെയുമൊക്കെ വീരവാദം പറയുന്ന കൊടിയത്തൂരിലെ നാട്ടുകാരെയും അദ്ദേഹം വെല്ലുവിളിച്ചു : ‘കൊടിയത്തൂരാണോ അവിഹിതബന്ധങ്ങള്‍ നടക്കാത്തത്? ചെറുവാടിയില്‍ നിന്നുള്ള ഒരാള്‍ അവിടെ വന്നതായിരിക്കും അവരെ ചൊടിപ്പിച്ചത്. ആദ്യത്തെ ആ സംഭവം കഴിഞ്ഞ് പിറ്റേന്നുതന്നെ അവിടെയുള്ള ഒരാള്‍ ഈ സ്ത്രീയെ വിളിച്ച് ‘ഞങ്ങള്‍ നാട്ടുകാരൊക്കെ ഇവിടെ ഉള്ളപ്പോള്‍..’ എന്ന രീതിയില്‍ ചില അനാവശ്യസംസാരങ്ങള്‍ നടത്തിയിരുന്നു’-കരീം പറഞ്ഞു.
നിയമത്തിന്റെ വഴികള്‍ 15 പ്രതികളില്‍ 14 പേരും പോലീസ് പിടിയിലായി. മുഖ്യപ്രതികളില്‍ ഒരാള്‍ ഗള്‍ഫിലേയ്ക്ക് കടന്നിരുന്നു. ഇയാളെ നാട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് നെടുമ്പാശേãരി വിമാനത്താവളത്തില്‍ വച്ച് കൊടുവള്ളി സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ് ചെയ്തു. ഇനിയും പിടിയിലാകാത്ത ഒരാള്‍ ഇപ്പോഴും വിദേശത്താണ് ഉള്ളത്. അയാളുടെ വിസയും ടിക്കറ്റുമെല്ലാം സംഭവത്തിന് മുമ്പുതന്നെ ഒ കെ ആയിരുന്നതിനാല്‍ അയാളെ തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. പിടിയിലായ പതിനാലുപേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവര്‍ അധികമൊന്നും പുറത്തിറങ്ങാറില്ല എന്നാണ് കരീം പറഞ്ഞത്. കാലതാമസമില്ലാതെ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി ഇപ്പോള്‍ കേസ് എരഞ്ഞിപ്പാലത്തെ മാറാട് സ്പെഷ്യല്‍ കോടതിയ്ക്ക് കൈമാറിയിരിക്കുകയാണ്.
താമരശേരി രണ്ടാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് കോടതിയില്‍ നിന്ന് മേല്‍ക്കോടതിയായ കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് വിചാരണ മാറ്റിയിരുന്നു. അവിടെ ധാരാളം കേസുകള്‍ ഉള്ളതുകൊണ്ട് താരതമ്യേന തിരക്കു കുറഞ്ഞ ഏതെങ്കിലും കോടതിയിലേക്ക് ഈ കൊലക്കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.വി. ജോസഫ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജഡ്ജി പി. ഉബൈദ് മാറാട് പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
മുസ്ലീം ലീഗ് അനുഭാവി കൂടിയായ പബ്ലിക് പ്രോസിക്യൂട്ടറില്‍ വലിയ വിശ്വാസം തോന്നാഞ്ഞതുകൊണ്ടാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടത് എന്ന് കരീം പറഞ്ഞു. അതിനുവേണ്ടി രണ്ടുമൂന്നുതവണ തിരുവനന്തപുരത്ത് പോവേണ്ടിവന്നു എന്നും. മാറാട് കോടതി രണ്ടുതവണ വാദം കേട്ട്. അടുത്ത ഹിയറിങ്ങ് വെച്ചിട്ടുള്ളത് സെപ്തംബര്‍ ആറാം തീയ്യതിയാണ്. 83 സാക്ഷികളുണ്ട് കേസില്‍. അധികവും കൊടിയത്തൂര്‍ സ്വദേശികള്‍ തന്നെയാണ്. ഏറെ വൈകാതെ നീതി ലഭിക്കും എന്നുതന്നെയാണ് ബാവയുടെ വീട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
ബാവയുടെ വിയോഗത്തില്‍ മുഴുവനായി തളര്‍ന്നു പോയ ഒരു കുടുംബത്തെയല്ല, നീതിയ്ക്കുവേണ്ടി പോരാടാന്‍ വീര്യം കാത്തുസൂക്ഷിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞത് എന്ന ഒരു സന്തോഷമുണ്ടായിരുന്നു അവിടെനിന്ന് തിരിച്ചുപോരുമ്പോള്‍.
എന്നാല്‍, ആ സന്തോഷം പൊടുന്നനെ ഇല്ലാതാക്കുന്ന ചിലത് ഓര്‍മ്മകളില്‍ ബാക്കിയുണ്ടായിരുന്നു. ബാവയുടെ കൊലക്കു ശേഷവും കേരളത്തിലാകെ സദാചാര പൊലീസിന്റെ കുപ്പായവുമിട്ട്, ആക്രോശങ്ങളോടെ പാഞ്ഞടുത്ത അനേകം ആള്‍ക്കൂട്ടങ്ങള്‍. ക്രൂരമര്‍ദ്ദനത്തിനും അപമാനങ്ങള്‍ക്കും ഇരയായ ഒരുപാട് സ്ത്രീ പുരുഷന്‍മാര്‍.ഇളം ചോരകളിലേക്ക് നാവു നുണച്ച് വരും നാളുകളിലേക്ക് പാഞ്ഞടുക്കുന്ന മറ്റനേകം വേട്ടനായ്ക്കള്‍.
ഇല്ല ബാവ, ഒന്നും അവസാനിക്കുന്നില്ല. ഒരു കോടതിക്കുംതടഞ്ഞുനിര്‍ത്താനാവില്ല ചോരക്കൊതിയുമായി പാഞ്ഞെത്തുന്ന ഈ ചെന്നായ്ക്കളെ…
(സംഭാഷണത്തില്‍, കൂടെയുണ്ടായ ബേനസീറിന് നന്ദി)
ഷാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്
കാര്‍ട്ടൂണ്‍ വിവാദം എങ്ങനെ വായിക്കപ്പെട്ടു? സുദീപ് കെ.എസ് എഴുതുന്നു
ദേശീയമാധ്യമങ്ങളില്‍ മുറവിളികള്‍ ഉയര്‍ന്നു. മലയാളത്തിലും സ്ഥിതി വത്യസ്ഥമായിരുന്നില്ല. യാഥാര്‍ത്ഥ്യത്തെ തുടച്ചുനീക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഒരു ഉദാഹാരണമാണ് ഈ കാര്‍ട്ടൂണ്‍ വിവാദം എന്ന് ഡോ. ജെ പ്രഭാഷും ‘മുന്‍പിന്‍ നോക്കാതെ വിധിയെഴുന്നത് രാഷ്ട്രീയ സംഘടനകള്‍ക്ക് രീതിശാസ്ത്രമായോ’ എന്ന് എസ് ഗോപാലകൃഷ്ണനും മെയ് 25-ന്റെ സമകാലിക മലയാളം വാരികയില്‍ വിലപിച്ചു. ‘ചിന്ത’യില്‍ വി കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞത് 1949-ല്‍ ശങ്കര്‍ തന്റെ വാരികയില്‍ കാര്‍ട്ടൂണ്‍ രൂപേണ അവതരിപ്പിച്ച പ്രതിഷേധം നെഹ്റുവും അംബേദ്‌കറും ആസ്വദിച്ചു എന്നും ‘അവരുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു’ എന്നുമാണ്.
‘പുരോഗമന / ഇടതുപക്ഷ’ക്കാരുടെ ഇത്തരം പ്രതികരണങ്ങളുടെ കുത്തൊഴുക്ക് ഇനിയും നിലച്ചിട്ടില്ല. ജൂലായ് ഒന്നിന്റെ നവയുഗവും (‘കാര്‍ട്ടൂണ്‍ വിവാദം നാടിനെ എവിടെ എത്തിക്കും?’, എം എസ് രാജേന്ദ്രന്‍) ജൂലായ് 21-ന്റെ ‘ജനശക്തി’യും എല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ രോഷപ്രകടനം തുടരുകയാണ്.എന്‍ സി ഈ ആര്‍ ടി പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ശങ്കറിന്റെ കാര്‍ട്ടൂണിനെക്കുറിച്ച വിവാദത്തില്‍ മാധ്യമങ്ങളും ഇടതു-വലത് ബുദ്ധിജീവികളും നടത്തിയ ഇടപെടലുകളുടെ രാഷ്ട്രീയമെന്ത്? കെ.എസ് സുദീപ് എഴുതുന്നു
എന്‍ സി ഈ ആര്‍ ടി യുടെ പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് പുസ്തകത്തിലെ ഒരു കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതും ടെക്സ്റ്റ് പുസ്തകത്തില്‍ നിന്ന് ആ കാര്‍ട്ടൂണ്‍ നീക്കം ചെയ്യപ്പെട്ടതുമെല്ലാം നമ്മുടെ പത്ര /ദൃശ്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുഖ്യമായും കാര്‍ട്ടൂണിസ്റ്റിന്റെ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ (freedom of expression) മേലുള്ള ഒരിടപെടലായിട്ടായിരുന്നു. “പണ്ഠിതര്‍” ഈ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ സി ഈ ആര്‍ ടി യുടെ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ചതും വലിയ വാര്‍ത്തയായി (Scholars quit textbook body as government bans 1949 cartoon, The Hindu, May 11, 2012).
ഏതോ ചില രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റാനുള്ളതല്ല പാഠപുസ്തകങ്ങള്‍ എന്നും മായാവതിയെപ്പോലെയും തോള്‍ തിരുമാളവനെപ്പോലെയും ഉള്ള നേതാക്കള്‍ ദലിത് പ്രസ്ഥാനങ്ങളുടെ തന്നെ പേര് കളയാന്‍ വേണ്ടി ജനിച്ചവരാണെന്നും അംബേദ്‌കറെ ദൈവമാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത് എന്നുമൊക്കെ ദേശീയമാധ്യമങ്ങളില്‍ മുറവിളികള്‍ ഉയര്‍ന്നു.
മലയാളത്തിലും സ്ഥിതി വത്യസ്ഥമായിരുന്നില്ല. യാഥാര്‍ത്ഥ്യത്തെ തുടച്ചുനീക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഒരു ഉദാഹരണമാണ് ഈ കാര്‍ട്ടൂണ്‍ വിവാദം എന്ന് ഡോ. ജെ പ്രഭാഷും ‘മുന്‍പിന്‍ നോക്കാതെ വിധിയെഴുന്നത് രാഷ്ട്രീയ സംഘടനകള്‍ക്ക് രീതിശാസ്ത്രമായോ’ എന്ന് എസ് ഗോപാലകൃഷ്ണനും മെയ് 25-ന്റെ സമകാലിക മലയാളം വാരികയില്‍ വിലപിച്ചു.
‘ചിന്ത’യില്‍ വി കാര്‍ത്തികേയന്‍ നായര്‍ ‘രാഷ്ട്രത്തിന്റെ വായനയും വായനയുടെ രാഷ്ട്രീയവും’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം പറഞ്ഞത് ‘മനുഷ്യത്വമുള്ളവരെല്ലാം കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു’ എന്നും (അതുകൊണ്ടുതന്നെ) 1949-ല്‍ ശങ്കര്‍ തന്റെ വാരികയില്‍ കാര്‍ട്ടൂണ്‍ രൂപേണ അവതരിപ്പിച്ച പ്രതിഷേധം നെഹ്റുവും അംബേദ്‌കറും ആസ്വദിച്ചു എന്നും അവര്‍ ആ കാര്‍ട്ടൂണിനെതിരെ പ്രതിഷേധിച്ചില്ല എന്നും എന്നാല്‍ ‘അവരുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു’ എന്നുമാണ്.
‘പുരോഗമന / ഇടതുപക്ഷ’ക്കാരുടെ ഇത്തരം പ്രതികരണങ്ങളുടെ കുത്തൊഴുക്ക് ഇനിയും നിലച്ചിട്ടില്ല. ജൂലായ് ഒന്നിന്റെ നവയുഗവും (‘കാര്‍ട്ടൂണ്‍ വിവാദം നാടിനെ എവിടെ എത്തിക്കും?’, എം എസ് രാജേന്ദ്രന്‍) ജൂലായ് 21-ന്റെ ‘ജനശക്തി’യും എല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ രോഷപ്രകടനം തുടരുകയാണ്.
‘തെഹെല്‍ക്ക’ ആകട്ടെ, ഒരു പടി കൂടി കടന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് അച്ചടിമാധ്യമങ്ങളില്‍ വന്ന കാര്‍ട്ടൂണുകള്‍ കോര്‍ത്തിണക്കി ഒരു “ആവിഷ്കാര സ്വാതന്ത്ര്യം സ്പെഷ്യല്‍” കാര്‍ട്ടൂണ്‍ ഇഷ്യൂ തന്നെ പുറത്തിറക്കി. (ഇതില്‍ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണന്റെ ഒരു കാര്‍ട്ടൂണും ഉണ്ടായിരുന്നു). ചില ബുദ്ധിജീവികളും അക്കാദമിക്കുകളുമാകട്ടെ കുറച്ചുകൂടി മയത്തില്‍ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശരിയായ രീതിയല്ല ഇത് എന്ന് വാദിച്ചു. Critical pedagogy എന്നൊരു വാക്ക് അവര്‍ വീണ്ടും വീണ്ടും ഉപയോഗിച്ചു.
ഇതെല്ലാം കണ്ട എന്റെ ആദ്യത്തെ സംശയം ശങ്കര്‍ തന്റെ വാരികയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതും ഒരു പാഠപുസ്തകത്തില്‍ ആ കാര്‍ട്ടൂണ്‍ ഉപയോഗിക്കുന്നതും ഒരേ കാര്യമാണോ എന്നതാണ്. രണ്ടാമത്തേത് ഒരു ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിന്റെ വിഷയമാവുന്നത് എങ്ങനെ എന്നുതന്നെ എനിക്ക് മനസ്സിലായതുമില്ല. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനവികാരം ചൂണ്ടിക്കാണിക്കാനോ അതിനനുസരിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനോ ആവശ്യപ്പെടാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമുണ്ട് എന്നതും എന്റെ തോന്നല്‍ മാത്രമാണോ എന്ന് ഞാന്‍ സംശയിച്ചു.
ഏതായാലും ആദ്യത്തെ വട്ടം രോഷപ്രകടനങ്ങളുടെ കുത്തൊഴുക്ക് കഴിഞ്ഞപ്പോള്‍ ടെക്സ്റ്റ് പുസ്തകങ്ങളില്‍ നിന്ന് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്യാനുള്ള നീക്കങ്ങളെ ന്യായീകരിച്ചുകൊണ്ട് ദലിത് പക്ഷത്തുനിന്നുള്ള ലേഖനങ്ങളും കാര്‍ട്ടൂണുകള്‍ തന്നെയും കണ്ടുതുടങ്ങി. ഇത് ‘അമ്മയെ തല്ലുന്നത്’ പോലെ രണ്ടുപക്ഷത്തിന് വകുപ്പില്ലാത്ത ഒരു നീചമായ നീക്കമാണ് എന്ന നിലയിലുള്ള വിലാപങ്ങള്‍ക്കും തെറിവിളികള്‍ക്കുമിടയില്‍ അത് വളരെയേറെ ആശ്വാസകരമായി അനുഭവപ്പെട്ടു.
അമ്മയെ തല്ലിയതിന്റെ രണ്ടാം പക്ഷം
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഉന്നമതി ശ്യാം സുന്ദര്‍ രണ്ട് കാര്‍ട്ടൂണുകളിലൂടെ വളരെ മനോഹരമായി തനിക്കു പറയാനുള്ളത് പറഞ്ഞു (ചിത്രങ്ങള്‍ കാണുക).
ഉന്നമതി ശ്യാം സുന്ദര്‍
Brainwashing: Cartoon by Unnamati Shyam Sundar
Critical Pedagogy: Cartoon by Unnamati Shyam Sundar
‘ഒരു ദലിത് തീവ്രവാദിയുടെ മനസ്സില്‍’ (Inside the mind of a fanatic dalit) എന്ന പേരില്‍ രണ്ട് ഭാഗങ്ങളിലായി റൌണ്ട് ടേബിള്‍ ഇന്ത്യയില്‍ വന്ന ലേഖനത്തിലൂടെ അനൂപ് കുമാറും ചില അടിസ്ഥാനപരമായ ചോദ്യങ്ങളുയര്‍ത്തി.
അനൂപ് കുമാര്‍
“ആ കാര്‍ട്ടൂണ്‍ അംബേദ്‌കറെ അവഹേളിക്കുന്നതായി എനിക്ക് തോന്നിയില്ല, വ്യക്തിപരമായി എനിക്ക് ആ കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭരണഘടന ഉണ്ടാക്കാന്‍ വളരെയധികം സമയമെടുത്തു എന്നൊരാരോപണം അക്കാലത്ത് ഉണ്ടായിരുന്നു, Constitution drafing committee-യുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്ക് 1949 നവംബര്‍ 26-ന്റെ ഐതിഹാസികമായ പ്രസംഗത്തില്‍ ഈ ആരോപണങ്ങള്‍ക്ക് അംബേദ്‌കര്‍ മറുപടി പറയുകയും ചെയ്തിരുന്നു. ആ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ട് എന്ന് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാകാം എന്‍ സി ഈ ആര്‍ ടി ഉദ്ദേശിച്ചത്..” “ഭരണഘടനയുടെ പിതാവ്” എന്നതില്‍ കവിഞ്ഞ് കഴിഞ്ഞ അമ്പതുവര്‍ഷത്തിലധികമായി അംബേദ്‌കറെപ്പറ്റി കാര്യമായൊന്നും പറയാത്ത പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞുതുടങ്ങുന്നു എന്നതുതന്നെ ദലിതരെ സംബന്ധിച്ച് സന്തോഷകരമാണ്..” എന്ന് അനൂപ് കുമാര്‍ എഴുതുന്നു (സ്വതന്ത്ര പരിഭാഷ ലേഖകന്റേത്).
“..എന്നാല്‍ ദലിതരല്ലാത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ കാണും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.. ഒരു ‘ഒച്ചായ’ അംബേദ്‌കറെ കളിയാക്കാനുള്ള അവസരമായി അവര്‍ ഇതിനെ എടുക്കുമോ? അവരുടെ ജാതീയമായ മുന്‍വിധികളെ പുറത്തെടുക്കാനുള്ള ഒരവസരമായി ഇത് മാറുമോ? എങ്കില്‍ എണ്ണത്തില്‍ വളരെ കുറവ് വരുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ അതിനെ എങ്ങനെയാണ് നേരിടുക..” “ദലിതരല്ലാത്തവര്‍ക്ക് അംബേദ്‌കറോടുള്ള വെറുപ്പിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രകടനം, അദ്ദേഹത്തിന്റെ പ്രതിമകള്‍ നശിപ്പിക്കല്‍, ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും നിര്‍ബ്ബാധം തുടരുന്നു.. അംബേദ്‌കറോടുള്ള വെറുപ്പും ദളിതരോടുള്ള വെറുപ്പും ഇടകലരുന്നതും ഞാന്‍ കണ്ടിട്ടുള്ളതാണ്. ഒരു public personality-യുടെ പ്രവര്‍ത്തനങ്ങളും സ്വത്വവും പലവിധത്തില്‍ വിവേചനങ്ങള്‍ നേരിടുന്ന അയാളുടെ സമുദായത്തോട് ബന്ധിതമായിരിക്കുന്നത് പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു..” “ആന്ധ്രപ്രദേശിലെ ത്സുന്ദുരുവില്‍ 1981-ല്‍ ഒരു അംബേദ്‌കര്‍ പ്രതിമ സ്ഥാപിച്ചതായിരുന്നു അവിടെ ഒട്ടേറെ ദലിതര്‍ മരിക്കാനിടയാക്കിയ കലാപങ്ങളുടെ പ്രധാനകാരണം..”
“..1995-ല്‍, മായാവതി മുഖ്യമന്ത്രിയായ ഉടനെയുള്ള കാലത്ത്, രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ളതും പേരുകേട്ടതുമായ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാന്‍ പോയതാണ് ഞാന്‍. എല്ലാവരെയും പരിചയപ്പെട്ട ശേഷം ക്ലാസ്സിലെ 8 എസ് സി / എസ് ടി കുട്ടികളോടായി അദ്ധ്യാപകന്‍ ഇങ്ങനെ പറഞ്ഞു — ‘എസ് സി / എസ് ടി കുട്ടികള്‍ നന്നായി പഠിക്കുന്നതായിരിക്കും അവര്‍ക്ക് നല്ലത്, ഞാനാണ് മാര്‍ക്കിടാന്‍ പോവുന്നത്, മായാവതിയല്ല’..”
“ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ പതിനൊന്നാം ക്ലാസ്സിലെ കുട്ടികള്‍ എട്ടും പൊട്ടും തിരിയാത്തവരാണെന്നോ അവരെ എളുപ്പം സ്വാധീനിക്കാം എന്നോ ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അപൂര്‍വ്വം ചിലര്‍ക്കൊഴികെ ആ പ്രായമാവുമ്പോഴേയ്ക്ക് ജാതി എന്താണെന്ന് തിരിച്ചറിയാറാവുന്നു. ‘ഉയര്‍ന്ന’ ജാതി ഏതാണെന്നും ‘താണ’ ജാതി ഏതാണെന്നും ഒരാളുടെ പേരുകേട്ട് ഇതൊക്കെ എങ്ങനെ മനസ്സിലാക്കാം എന്നുമൊക്കെ അവര്‍ക്കറിയാം. അവര്‍ വെറും കുട്ടികളല്ല. ജാതിയുടെ സങ്കീര്‍ണ്ണതകളും അതിന്റെ പ്രശ്നങ്ങളും ക്ലാസ് മുറിയില്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്നു. മിക്കവാറും ദലിത് വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥിനികളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായി അര്‍ത്ഥവത്തായി ഇടപെടാനുള്ള ഒരേയൊരിടമാണ് ഈ ക്ലാസ് മുറി. അതിന് പുറത്ത് അവര്‍ തികച്ചും മറ്റുള്ളവര്‍ക്ക് സമാന്തരമായൊരു ജീവിതമാണ് നയിക്കുന്നത്. അങ്ങനെയൊക്കെ ആയിരിക്കെ, ചെറുപ്പമായ, എന്നാല്‍ അത്ര നിഷ്കളങ്കരോ എളുപ്പം സ്വാധീനിക്കാവുന്നവരോ അല്ലാത്ത, എന്നാല്‍ സമൂഹത്തിലെ ജാതിപരമായ മുന്‍വിധികള്‍ കടന്നുകയറിയിട്ടുണ്ടാവാന്‍ വളരെയധികം സാധ്യതയുള്ള കുട്ടികളോ അത്ര ചെറുപ്പമല്ലാത്ത, എന്നാല്‍ അത്ര തന്നെയോ അതിലേറെയോ മുന്‍വിധികളുള്ള അദ്ധ്യാപകരോ ഇങ്ങനെയൊരു കാര്‍ട്ടൂണിനെ തെറ്റിവായിക്കാന്‍ ഇടയുണ്ടോ എന്ന ഉത്കണ്ഠ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ?..”
‘ആവിഷ്കാര സ്വാതന്ത്ര്യം’ സംരക്ഷിക്കാന്‍ വേണ്ടി തെഹല്‍ക്ക ഇറക്കിയ സ്പെഷ്യല്‍ കാര്‍ട്ടൂണ്‍ പതിപ്പിനെപ്പറ്റി മുംബയിലെ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനിയായ ക്ഷിതിജ് പിപലേശ്വര്‍ എഴുതി (Of Critical Pedagogy and Rational Thinking). വിശേഷിച്ച് ഏകലവ്യന്‍ കഥാപാത്രമാവുന്ന ഒരു കാര്‍ട്ടൂണിനെപ്പറ്റി (ചിത്രം കാണുക). “ഇതിനു മുമ്പത്തെ തവണ ആരെന്തു പഠിക്കണം എന്ന് ഭരണവര്‍ഗ്ഗം തീരുമാനിച്ചപ്പോള്‍ എനിക്കെന്റെ %&*ing പെരുവിരല്‍ കൊടുക്കേണ്ടിവന്നു” എന്നാണ് ആ കാര്‍ട്ടൂണില്‍ ഏകലവ്യന്‍ പറയുന്നത്.
ക്ഷിതിജ് പിപലേശ്വര്‍
ഏകലവ്യന്‍ കഥാപാത്രമാവുന്ന കാര്‍ട്ടൂണ്‍
“ശക്തമായ ഒരു ദലിത്/ബഹുജന്‍ ഹീറോ ആയ എകലവ്യനാണ് ഇത് പറയുന്നത് എന്നത് തന്നെ അസുഖകരമാണ്. വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും നിഷേധിക്കപ്പെട്ട ദളിടരുടെയും ആദിവാസികളുടെയുമൊക്കെ ഒരു പ്രതിനിധിയാണ് ഏകലവ്യന്‍. യോഗ്യത (മെറിറ്റ്) ഉണ്ടായിരുന്നിട്ടും ഉയര്‍ന്ന ജാതിക്കാരെ ആ യോഗ്യത / കഴിവ് കൊണ്ട് അയാള്‍ നിഷ്പ്രഭനാക്കും എന്നുവന്നപ്പോള്‍ നിഷ്കരുണം ചതച്ചരയ്ക്കപ്പെട്ടവരുടെയെല്ലാം പ്രതീകമാണയാള്‍..” “ഒരു കീഴാള ഹീറോയെ കടമെടുത്ത് അയാളെക്കൊണ്ട് ഭരണവര്‍ഗ്ഗത്തിന്റെ ഭാഷ പറയിപ്പിക്കുന്നത് അങ്ങേയറ്റം അരോചകമാണ്..” ഇതുവരെയും രാഷ്ട്രീയക്കാരല്ല നമ്മുടെ പാഠപുസ്തകങ്ങളില്‍ എന്തുണ്ടാവണം എന്തുണ്ടാവരുത് എന്ന് തീരുമാനിച്ചിരുന്നത് എന്ന ധ്വനിയും ക്ഷിതിജ് ചോദ്യം ചെയ്യുന്നു.
Whipping up ‘critical pedagogy’: Uncritical defense of NCERT’s violence എന്ന പേരില്‍ ‘സാവരി’ എന്ന വെബ്സൈറ്റില്‍ പലര്‍ ചേര്‍ന്നെഴുതിയ ഒരു കുറിപ്പാണ് പാഠപുസ്തകഹിംസയ്ക്കെതിരെ വന്ന മറ്റൊരു പ്രധാന പ്രതികരണം. ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും മാതൃഭൂമിയുടെയും കേരളകൌമുദിയുടെയും എഡിറ്റോറിയലുകളെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ സി എസ് മുരളീശങ്കര്‍ മെയ് 16-ന് ഫെയ്സ്ബുക്കില്‍ ‘പുസ്തകം കത്തിച്ചു, ഇനി പത്രവും കത്തിക്കും’ എന്നൊരു ചെറുകുറിപ്പെഴുതി.
അതിനുശേഷം കാഞ്ചാ ഐലയ്യ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. പാഠപുസ്തകത്തിലെ കാര്‍ട്ടൂണിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കണം എന്നാവശ്യപ്പെട്ട് ഒരു നിവേദനവും change.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. “ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ, നര്‍മ്മം മുന്‍വിധികളില്‍ നിന്ന് മുക്തമല്ല” എന്നൊരു വാചകമുണ്ട് ആ നിവേദനത്തില്‍. നര്‍മ്മം ആസ്വദിക്കാന്‍ മനുഷ്യത്വം മാത്രം പോരാ എന്നും നമ്മുടെ സംവേദനശേഷിയുടെ ഏറ്റക്കുറച്ചിലുകളും നമ്മുടെ മുന്‍വിധികളും എല്ലാം ചേര്‍ന്നാണ് നര്‍മ്മവും നമുക്ക് ആസ്വാദ്യമോ അനാസ്വാദ്യമോ ആവുന്നത് എന്നും തന്നെയാണ് അതിനര്‍ത്ഥം.
“150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”- അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിനെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട അവലോകന കുറിപ്പുകള്‍ക്ക് ഒരു മറുകുറി- കെ.എസ് സുദീപ് എഴുതുന്നു
ഉസ്താദ് ഹോട്ടല്‍ എമ്പാടും നന്മയുള്ള ഒരു സിനിമയാണ് എന്നായിരുന്നു അന്നമ്മക്കുട്ടി അടക്കം എല്ലാവരും പറഞ്ഞത്. സിനിമ നല്‍കുന്ന മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശത്തെപ്പറ്റിയും ഒരുപാട് കേട്ടു. (‘സന്ദേശം’ നല്‍കുക എന്നത് ഇപ്പോള്‍ ഒരു ഫാഷനാണ് എന്ന് തോന്നുന്നു. സന്ദേശം നല്‍കാത്ത ‘ചാപ്പാ കുരിശ്’ ടൈപ്പ് സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോകുമ്പോള്‍ ഇന്ത്യന്‍ റുപ്പീ പോലുള്ള പടങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുന്നു എന്നതുകൊണ്ടാണോ?)
ആദ്യമേ പറയാം, ഇത് സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അവലോകനമോ ഒരു സിനിമാ റിവ്യൂവോ അല്ല. എന്താണ് ഈ സിനിമയില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഈ നന്മ, മനുഷ്യത്വം എന്ന ഒരാലോചന മാത്രമാണ്. കഥയെപ്പറ്റി ഈ കുറിപ്പില്‍ സൂചനയുണ്ട്, അതുകൊണ്ട് കഥയറിയാതെ സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ താഴേയ്ക്ക് വായിക്കണമെന്നില്ല.
മുപ്പത്തഞ്ചു രൂപയ്ക്ക് ബിരിയാണി വിറ്റിരുന്നപ്പോഴും ഉസ്താദ് ഹോട്ടല്‍ ലാഭത്തിലാണ് ഓടുന്നത്. പക്ഷെ പ്രധാന കഥാപാത്രങ്ങള്‍ക്കൊന്നും ‘നന്മ’കള്‍ ചെയ്യാനുള്ള കാശ് കിട്ടുന്നില്ല. എന്നുവച്ചാല്‍, ഹോട്ടലിലെ ജീവനക്കാര്‍ക്ക് അത്യാവശ്യം വരുമ്പോള്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള കാശ്, മധുരയിലെ സൂപ്പര്‍ നന്മക്കച്ചവടക്കാരന് അയക്കാനുള്ള കാശ് ഒക്കെ. അശരണര്‍ക്കും പാവങ്ങള്‍ക്കും മന്ദബുദ്ധികള്‍ക്കും ഒക്കെ സൌജന്യമായി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന ആളാണ് മധുരയിലെ പുള്ളി. വഴിവക്കിലിരുന്ന് ഒരാള്‍ സ്വന്തം തീട്ടം തിന്നുന്നത് കണ്ടതാണ് അദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. (ഇത് ജീവിച്ചിരിക്കുന്ന ഒരാളിന്റെ കഥയാണ് എന്നറിയുന്നു. അയാളോട് എനിക്ക് ഒരു വിരോധവും ഇല്ല. സിനിമ നല്‍കുന്ന ‘സന്ദേശം’ ആണ് ഇവിടെ വിഷയം).
ഈ നന്മകള്‍ക്കൊക്കെ വേണ്ട കാശ് തികയുന്നില്ല എന്നതുകൊണ്ട് അതുകൊണ്ട് മാത്രം ഹോട്ടല്‍ നഷ്ടത്തിലാവുന്നു, കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി നേരിടുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ അവര്‍ ചെയ്യുന്നത് ഈ നന്മകള്‍ക്ക് കൂടിയുള്ള പണമുണ്ടാക്കാന്‍ പാകത്തിന് ഉസ്താദ് ഹോട്ടല്‍ നവീകരിച്ച്, മുമ്പ് 35 രൂപയ്ക്ക് വിറ്റിരുന്ന ബിരിയാണിയ്ക്ക് 150 രൂപ എന്ന ‘ന്യായവില’ ഇടുകയാണ്.
സൈക്കിള്‍ വാങ്ങാന്‍ കൂടി കഴിയുന്ന തരത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ ഉപ്പാപ്പായ്ക്കോ കൊച്ചുമോനോ പരിപാടി ഉള്ളതായി ഒരു സൂചനയും ഇല്ല. പിന്നെ അവരുടെ ‘നന്മ’യ്ക്ക് വിലയില്ലല്ലോ. നൂറ്റമ്പത് രൂപ കൊടുത്ത് ബിരിയാണി വാങ്ങാന്‍ കഴിയാത്ത, എന്നാല്‍ മുപ്പത്തഞ്ചോ നാല്‍പ്പതോ അമ്പതോ രൂപയ്ക്കാണ് കിട്ടുന്നത് എങ്കില്‍ ഈ ബിരിയാണി കാശു കൊടുത്ത് വാങ്ങിത്തിന്നാന്‍ കഴിയുന്ന ‘പാവങ്ങളെ’ക്കുറിച്ചും അവര്‍ക്ക് വേവലാതി ഇല്ല. അനാഥാലയത്തില്‍, റോഡരികില്‍, അല്ലെങ്കില്‍ മന്ദബുദ്ധികളുടെ ഇടയില്‍ ഒക്കെ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ അവര്‍ ആത്മനിര്‍വൃതി കണ്ടെത്തുകയും ചെയ്യുന്നു.
150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?
ഈ സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കോഴിക്കോട്ടെ ക്രൌണ്‍ തീയേറ്ററില്‍ ഈയിടെ ഒരു സിനിമയ്ക്ക് പോയപ്പോള്‍ തിയേറ്ററിനു മുന്നില്‍ നിന്ന് ഒച്ചയിട്ടിരുന്ന ഒരു ‘തെരുവുതെണ്ടി’യെയാണ് “ഇവിടെ സാധാരണക്കാര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലേ? 150 രൂപ ഒരു സിനിമയ്ക്ക് കൊടുക്കാന്‍ ഇല്ലാത്തവര്‍ സിനിമ കാണണ്ട എന്നാണോ? ഞങ്ങളും ക്രൌണില്‍ സിനിമ കണ്ടിരുന്നവരാണ്..”
ക്രൌണ്‍ തീയേറ്റര്‍ ഈയിടെ പുതുക്കിപ്പണിതതാണ്, ഉസ്താദ് ഹോട്ടല്‍ പോലെത്തന്നെ. ഹിന്ദി, ഇംഗ്ലീഷ് സിനിമകളെല്ലാം മിക്കവാറും വരുന്നത് ഈ ഒരു തീയേറ്ററില്‍ മാത്രമാണ്.
അന്ന് അയാള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങിക്കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു, പിന്നെ എന്റെ ഔദാര്യത്തില്‍ ഈ ഒരാള്‍ക്ക് ഒരു സിനിമയ്ക്ക് ടിക്കറ്റെടുത്ത് കൊടുക്കാം എന്നല്ലാതെ, നാല്‍പ്പതുരൂപയുടെയും അറുപതുരൂപയുടെയും ടിക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ ക്രൌണില്‍ മാസത്തില്‍ ഒന്നോ രണ്ടോ സിനിമ കാണാന്‍ കഴിയുമായിരുന്ന, ഇപ്പോള്‍ ഇംഗ്ലീഷ് / ഹിന്ദി സിനിമകള്‍ കാണാന്‍ കഴിയാതെ പോകുന്ന എത്രയോ ഏറെ കോഴിക്കോട്ടുകാര്‍ക്ക് എത്രയോ ടിക്കറ്റുകള്‍ ഞാന്‍ വാങ്ങിക്കൊടുക്കേണ്ടി വരും എന്നോര്‍ത്ത് അതില്‍ നിന്ന് ഒഴിവായതാണ്.
(വികസനത്തിന്റെ കോര്‍പ്പറേറ്റ് സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച ഒരു ചിത്രമായിരുന്നു അന്ന് ക്രൌണില്‍ ഞാന്‍ കണ്ട Shanghai എന്ന സിനിമ എന്നത് കേവലം ഒരു യാദൃച്ഛികത മാത്രമാവാം).
റോഡരികില്‍ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാം എന്നല്ലാതെ ഈ റോഡരികില്‍ കഴിയുന്നവരൊക്കെ എങ്ങനെ എങ്ങനെ റോഡരികില്‍ എത്തി, എന്തുകൊണ്ട് അവര്‍ക്ക് ഒരു നേരത്തെ ആഹാരം കഴിക്കാന്‍ വകയില്ലാതായി എന്നൊന്നും ഈ നന്മമുതലാളിമാര്‍ ആലോചിക്കില്ല. നമ്മള്‍ പ്രേക്ഷകരും അതൊന്നും ആലോചിച്ചുപോകരുത്. ഇതൊക്കെത്തന്നെയാണ് അംബാനിമാര്‍ അടക്കമുള്ളവരുടെയൊക്കെ കാര്യം. ക്രൌണ്‍ തീയേറ്റര്‍ നവീകരിച്ച് നൂറ്റമ്പത് രൂപയുടെ ടിക്കറ്റ് വയ്ക്കുന്നവരും ചെയ്യുന്നത് അതുതന്നെ.
മുസ്ലീങ്ങളെപ്പറ്റിയുള്ള (തീവ്രവാദം ഒഴികെയുള്ള) സ്റ്റീരിയോ ടൈപ്പുകള്‍ ഈ 2012ലും ഒരു നാണവുമില്ലാതെ തമാശ എന്ന പേരില്‍ എഴുന്നള്ളിച്ചതും പരമ ബോറായി തോന്നി. നായകന്റെ ഉമ്മയും ഉപ്പയും മാത്രമല്ല ആ മൊട്ടത്തലയന്‍ വരെ “കൂട്ടുകുടുംബമാണോ” എന്ന് ചോദിക്കുമ്പോള്‍ “അല്ല എല്ലാം ഞമ്മന്റെയാണ്” എന്ന് പറയുന്നു. മാമുക്കോയയെയും വെറുതെ വിടുന്നില്ല. നായികയുടെ വീട്ടുകാര്‍ അറിയാതെ ചാടിപ്പോയിട്ടാണ് നായിക പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും പോവുന്നത്. ഒരു വിലക്കും ഇല്ലാതെ പാട്ട് പാടാനും ഡാന്‍സ് ചെയ്യാനും ഡ്രം അടിക്കാനും ഒക്കെ പോവുന്ന എത്രയോ ഏറെ മുസ്ലീം പെണ്‍കുട്ടികളും (നല്ല വിശ്വാസികളായ ഉപ്പയുടെയും ഉമ്മയുടെയും മക്കള്‍ തന്നെ) ഈ മലപ്പുറത്തും കോഴിക്കോട്ടും ഒക്കെ ഉണ്ട് എന്ന് മനസ്സിലാക്കുക. അങ്ങനെ വിലക്കുള്ള ഒന്നോ രണ്ടോ പേര്‍ ഉണ്ടെന്നും പറഞ്ഞ് ഒരു സമുദായത്തെ അങ്ങനെ ചായമടിച്ച് കാണിക്കാനും സിനിമാക്കാരും അത് തമാശയാണ് എന്നും പറഞ്ഞ് ചിരിക്കാന്‍ നമ്മളും.
മലബാറിലും തിരുവിതാംകൂറിലും എന്ന് വ്യത്യാസമില്ലാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെ ആയ പെണ്‍കുട്ടികള്‍ക്ക് വീട്ടുകാര്‍ കാണാതെ ആടുകയും പാടുകയും ചെയ്യേണ്ടി വരുന്നതും വീട്ടുകാര്‍ അറിയാതെ പോലും ഇതൊന്നും ചെയ്യാതെ ജീവിതകാലം മുഴുവന്‍ ‘നല്ല കുട്ടി’ ആയി കഴിയേണ്ടി വരുന്നതും ഒന്നും ഒരിക്കലും ഒരു സമുദായത്തെപ്പറ്റിയുമുള്ള തമാശയായി മാറാറില്ല എന്നും ഓര്‍ക്കുക.
നന്നായി സിനിമ പിടിക്കാന്‍ അറിയാവുന്ന ആളാണ് എന്ന് രാജമാണിക്യം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ തെളിയിച്ച ആളാണ് അന്‍വര്‍ റഷീദ്. (ഈ സിനിമയിലും വിഷ്വല്‍ ക്രാഫ്റ്റ്, പാട്ട്, അഭിനയം അടക്കമുള്ള ടെക്നിക്കല്‍ വിഭാഗങ്ങള്‍ ഒന്നും ഒട്ടും മോശമല്ല). മഞ്ചാടിക്കുരു, ഹാപ്പി ജേണി എന്നീ ചിത്രങ്ങള്‍ അഞ്ജലി മേനോനെക്കുറിച്ചും പ്രതീക്ഷ നല്‍കി. സ്പൈഡര്‍മാന്‍ സിനിമകളിലും അല്ലാതെയും ധാരാളം കേട്ട് തഴമ്പിച്ച ‘with great power comes great responsibility’ എന്ന ആ പഴയ ചൊല്ലുതന്നെ ഓര്‍മ്മ വരുന്നു. ചോട്ടാ മുംബയ് പിടിച്ച ആളുടെ responsibility കാശുകാരോട് മാത്രമാണ് എന്ന് കരുതാന്‍ തോന്നുന്നുമില്ല. ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല എന്നാണോ?
അതല്ല ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നുണ്ടെങ്കില്‍ മുതലാളിത്തം എത്ര സുന്ദരം, മാപ്ലാര്‍ എത്ര അപരിഷ്കൃതര്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ ഇത്രയും സുന്ദരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഞ്ജലി മേനോനും അന്‍വര്‍ റഷീദിനും അഭിമാനിക്കാം. (ഹാപ്പി ജേണിയില്‍ നായികയ്ക്ക് ഇഷ്ടം എയ്ന്‍ റാന്‍ഡിന്റെ പുസ്തകങ്ങളാണ് എന്ന് പറഞ്ഞത് ഓര്‍ക്കാതെ വയ്യ).
ഇന്ത്യന്‍ സംസ്കാരം എന്നത് ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കാലാകാലമായി അടിച്ചമര്‍ത്തിയ ഒരു ന്യൂനപക്ഷത്തിന്റെ, ബ്രാഹ്മണ്യത്തിന്റെ, സംസ്കാരം മാത്രമാണോ എന്നും ദലിത് ബഹുജനങ്ങളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാമടങ്ങുന്ന ഈ നാട്ടിലെ മഹാഭൂരിപക്ഷത്തിന്റെയും ചരിത്രവും സംസ്കാരവും അദൃശ്യമായി തുടരേണ്ടതുണ്ടോ എന്നുമൊക്കെയുള്ള കൂടുതല്‍ ‘സെക്ടേറിയന്‍’ ആയ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ട എന്നുവയ്ക്കാം. കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് എന്താണൊരു കുഴപ്പം എന്നും പിന്നെ, ശവസംസ്കാരം നടത്തിയും അല്ലാതെയും അങ്ങേയറ്റം മലിനമായ വൃത്തികെട്ട നദികളുടെ പേരുകള്‍ തന്നെ മന്ത്രിമന്ദിരത്തിന് വേണമെന്ന് എന്താണിത്ര വാശി എന്നുമുള്ള മതേതരമായ ചോദ്യങ്ങള്‍ മാത്രം തല്‍ക്കാലം ചോദിക്കാം-കെ. എസ് സുദീപ് എഴുതുന്നു
തന്റെ മതവിശ്വാസത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസമന്ത്രി ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചതായിരുന്നു കാര്യങ്ങളുടെ തുടക്കം. ഇത് നാട്ടിലെ മുഖ്യ മതേതരവാദികളെയും സംഘപരിവാരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചു. ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ അദ്ദേഹം താമസിക്കാന്‍ വിസമ്മതിക്കുകയും ആ വീടിന്റെ പേര് ഗ്രെയ്സ് എന്നാക്കിമാറ്റാന്‍ തീരുമാനിക്കുകയും ആ മാറ്റം സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കുകയും കൂടി ചെയ്തതോടെ സംഗതി പിന്നെയും വഷളായി. നമ്മുടെ മതേതരത്വത്തിന്റെ തകര്‍ച്ചയായിട്ടാണ് ഇത് പൊതുവേ വിലയിരുത്തപ്പെട്ടത്. ഗംഗ എന്ന പേരിന് എന്താണൊരു കുഴപ്പം എന്നും അതൊരു നദിയുടെ പേരല്ലേ എന്നും തുടങ്ങി നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഗംഗ എന്ന പേര് മാറ്റാന്‍ പറയുന്ന ആള്‍ രാജ്യദ്രോഹിയാണെന്ന് വരെ പോയി വാദങ്ങള്‍.
മതേതരത്വം എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നത് എന്താണ് എന്നതിന്റെ യഥാര്‍ത്ഥചിത്രം പതുക്കെപ്പതുക്കെ മറനീക്കി പുറത്തുവന്നുകൊണ്ടേയിരുന്നു. നിലവിളക്ക് കൊളുത്തി ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നത് തികച്ചും മതേതരമായ ഒരു ചടങ്ങായി, ഒരു തരത്തിലും എതിര്‍ക്കപ്പെടാന്‍ പറ്റാത്ത ഒരാചാരമായി, മിക്കവരും കണക്കാക്കി. നിലവിളക്ക് കൊളുത്താന്‍ തയ്യാറാകായ്ക വര്‍ഗ്ഗീയതയും സെക്ടേറിയനിസവുമായി മുദ്രകുത്തപ്പെട്ടു. ഗംഗ എന്ന പേരും അതുപോലെത്തന്നെ. വര്‍ഗ്ഗീയതയല്ല ഇത് വെറും വിവരദോഷമാണ് എന്ന അഭിപ്രായക്കാരും ധാരാളമുണ്ടായിരുന്നു. ഇയാളുടെ വിവരക്കേട് ഇയാള്‍ അറിയുന്നില്ല, ഇയാളോട് പൊറുക്കേണമേ എന്നായിരുന്നു അവരുടെ നിലപാട്. സര്‍ക്കാര്‍ വീടായതുകൊണ്ട് മന്ത്രിയുടെ ഇഷ്ടത്തിന് ആ വീടിന്റെ പേര് മാറ്റാന്‍ വകുപ്പില്ല എന്നാണ് മറ്റൊരു വാദം.
മന്ത്രി അബ്ദുറബ്
‘അല്ലിക്ക് ആഭരണം എടുക്കാന്‍ ഇനി ഗ്രേസ് പോകണ്ട’ എന്നും ‘വിന്ധ്യ ഹിമാചല യമുനാ ഗ്രേസീ’ എന്നുമൊക്കെ ഫെയ്സ്ബുക് സ്റാറ്റസുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പലരും ലീഗുകാരനായ ഈ മന്ത്രി ചെയ്യുന്ന വിവരക്കേടില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് പറഞ്ഞ് കൈ കഴുകി.
‘Ganga is the liquid history of India”: Pt Jawaharlal Nehru. There is nothing dis’grace’ful about the name Ganga.’ എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പ്രശസ്തനായ യുവ എം എല്‍ എയുടെ അഭിപ്രായം.
‘ഈ മന്ത്രിയെങ്ങാന്‍ എ.കെ ആന്റണിയുടെ പദവിയില്‍ എത്തിയാല്‍ ത്രിശൂല്‍ മിസൈലിന്റെയും അര്‍ജ്ജുന്‍ ടാങ്കിന്റെയും ദ്രോണ മുങ്ങിക്കപ്പലിന്റെയും പേരെല്ലാം 5 വര്‍ഷത്തേയ്ക്ക് മാറ്റുമായിരിക്കും’ എന്നാണ് വേറൊരാള്‍ പറഞ്ഞത്.
‘ഗംഗ, യമുന, കാവേരി, ഗോദാവരി തുടങ്ങിയ നദികളുടെ പേരുകള്‍ കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നാക്കി മാറ്റണമെന്ന് വിദ്യാആഭാസ വകുപ്പ് മന്ത്രി” എന്നും അതിലും ഒരുപടി കടന്ന്, അങ്ങേര്‍ അങ്ങേരുടെ വീട്ടിലെ സോണി, ഉഷ തുടങ്ങിയ പേരുള്ള ടി വി യുടെയും ഫാനിന്റെയുമൊക്കെ പേര് മാറ്റാന്‍ പോകുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ ലെറ്റര്‍ പാഡിലുള്ള ഒരുത്തരവിന്റെ വരെ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചു.
നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് എന്തുകൊണ്ട് ഇത്രയേറെ സ്വീകാര്യതയുള്ള ഒരാചാരമായി എന്നും ത്രിശൂല്‍ എന്നും അര്‍ജ്ജുന്‍ എന്നും ദ്രോണ എന്നും ഗംഗ എന്നുമൊക്കെ മാത്രം നമ്മുടെ മിസൈലിനും ടാങ്കിനും മന്ത്രിമന്ദിരത്തിനും ഒക്കെ പേര് വരുന്നത് എന്തുകൊണ്ട്, ഒരു ഹിന്ദു മതവിശ്വാസിയായ മന്ത്രിയായിരുന്നു ഗംഗ എന്ന് പേരുള്ള വീട്ടില്‍ താമസിക്കുന്നില്ല എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഈ വാദങ്ങള്‍ ഏതെങ്കിലും ഉയരുമായിരുന്നോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ (ശ്രീ അബ്ദുറബ്ബിന്റെ പ്രവൃത്തികള്‍ പോലെത്തന്നെ) ഒന്നുകില്‍ വര്‍ഗീയ / സെക്ടേറിയന്‍ ചോദ്യങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു, അല്ലെങ്കില്‍ മഹത്തായ ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള വിവരക്കേടില്‍ നിന്ന് വരുന്നതായി കണക്കാക്കപ്പെട്ടു.
ഇന്ത്യന്‍ സംസ്കാരം എന്നത് ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കാലാകാലമായി അടിച്ചമര്‍ത്തിയ ഒരു ന്യൂനപക്ഷത്തിന്റെ, ബ്രാഹ്മണ്യത്തിന്റെ, സംസ്കാരം മാത്രമാണോ എന്നും ദലിത് ബഹുജനങ്ങളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാമടങ്ങുന്ന ഈ നാട്ടിലെ മഹാഭൂരിപക്ഷത്തിന്റെയും ചരിത്രവും സംസ്കാരവും അദൃശ്യമായി തുടരേണ്ടതുണ്ടോ എന്നുമൊക്കെയുള്ള കൂടുതല്‍ ‘സെക്ടേറിയന്‍’ ആയ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ട എന്നുവയ്ക്കാം.
കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് എന്താണൊരു കുഴപ്പം എന്നും പിന്നെ, അങ്ങേയറ്റം മലിനമായ വൃത്തികെട്ട നദികളുടെ പേരുകള്‍ തന്നെ മന്ത്രിമന്ദിരത്തിന് വേണമെന്ന് എന്താണിത്ര വാശി എന്നുമുള്ള മതേതരമായ ചോദ്യങ്ങള്‍ മാത്രം തല്‍ക്കാലം ചോദിക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും ‘ഫെമിനിസം’ എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ് ആയിരുന്നു എന്ന് അപ്പോള്‍ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം. അപ്പോള്‍ ഫെമിനിസത്തിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍വ്വചനം ‘പെണ്ണും മനുഷ്യനാണ് എന്ന വിപ്ലവകരമായ തിരിച്ചറിവാണ് ഫെമിനിസം’ എന്നായിരുന്നു. (Feminism is the radical notion that women are human beings). ആരാണ് അങ്ങനെ ആദ്യം പറഞ്ഞത് എന്നെനിക്കറിയില്ല–സ്ത്രീ വാദവുമായി ബന്ധപ്പെട്ട് തെരേസ തുടങ്ങിവെച്ച സംവാദം തുടരുന്നു. സുദീപ് കെ.എസ് എഴുതുന്നു
“ഈയടുത്ത് നടന്ന ഒരു സര്‍വേയില്‍ ഇംഗ്ലീഷിലെ ഏറ്റവും ഭംഗിയുള്ള വാക്കായി ‘mother’ എന്ന വാക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്റെ അമ്മയില്‍ നിന്ന് ഞാന്‍ പഠിച്ചത്, ആ വാക്കിന്റെ ഭംഗിയ്ക്ക് കൊടുക്കേണ്ടി വരുന്ന വില ഒരു ജീവിതമാണ് എന്നാണ്. കൂട്ടിനോക്കിയാല്‍ ഈ ലോകത്തെ പകുതിയോളം വരുന്ന ജനങ്ങളുടെ ജീവിതമാണ് ആ വില എന്നും..” (A recent survey placed mother as the most beautiful word in English language. I learnt from my mom that the beauty of that word comes at the cost of a life. And this cost adds up to nearly half the population of the world..)
ഏതാണ്ട് ഏഴു വര്‍ഷം മുമ്പ ‘ഞാന്‍ എന്റെ അമ്മയില്‍ നിന്ന് എന്ത് പഠിച്ചു’ (What I learnt from Mom) എന്ന പേരില്‍ ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പില്‍ നിന്നുള്ള വരികളാണ് മുകളില്‍ എഴുതിയത്. ഇങ്ങനെ, ഒരു നല്ല അമ്മയും ഭാര്യയും പെങ്ങളും കാമുകിയും മകളും ഒക്കെയാവാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും അവരുടെ ജീവിതം മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട് എന്ന ഒരു തിരിച്ചറിവ് ചെറിയ തോതില്‍ കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് കിട്ടിത്തുടങ്ങിയിരുന്നു. അതുപോലെത്തന്നെ പല കാര്യങ്ങളെപ്പറ്റിയും സ്ത്രീകള്‍ക്ക് എന്ത് തോന്നുന്നു എന്ന്, പല കാര്യങ്ങളെയും സ്ത്രീകള്‍ എങ്ങനെ കാണുന്നു എന്ന്, ആരും പൊതുവേ അങ്ങനെ കാര്യമായി എടുക്കാറില്ല എന്നും തോന്നിയിരുന്നു. കഥകളും നോവലുകളും പാഠപുസ്തകങ്ങളുമൊക്കെ വായിക്കുമ്പോഴും എല്ലാം ആണിനെ മാത്രം ചുറ്റിത്തിരിയുന്നതുപോലെ എനിക്ക് തോന്നി. (തലതൊട്ടപ്പന്‍മാര്‍ മാത്രമല്ല, ‘ഇന്നത്തെ’ തലമുറയിലെ രൂപേഷ് പോളോ സുസ്മേഷ് ചന്ത്രോത്തോ പോലും ‘പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്’ എന്നോ ‘ഓരോ സ്ത്രീയും ഓരോ ലോകമാണ് ‘ എന്നോ ഒക്കെ പറയുന്നതും മുഖ്യമായും പുരുഷന്മാര്‍ മാത്രം നിറഞ്ഞ ഒരു സമൂഹത്തോടാണ്.) ആണുങ്ങള്‍ മാത്രം നിറഞ്ഞ ചര്‍ച്ചകളും വെടിവട്ടങ്ങളും എല്ലാം സാമാന്യം നന്നായിത്തന്നെ എന്നെ ബോറടിപ്പിച്ചു.
ചെറിയ പ്രായം തൊട്ടേ പെണ്‍കുട്ടികള്‍ കൂട്ടുകാരായി ഉണ്ടായിരുന്നു എന്നത് ഒരുപക്ഷേ ഇങ്ങനെയൊക്കെ തോന്നാന്‍ സഹായിച്ചിട്ടുണ്ടാവാം. അവരോടൊന്നും ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും. ആണ്‍കൂട്ടുകാരുടെ വീട്ടില്‍ ചെന്നാല്‍ത്തന്നെ അവരുടെ അമ്മമാരുമായും പെങ്ങന്മാരുമായും ഞാന്‍ പെട്ടെന്ന് ചങ്ങാത്തം കൂടി. അങ്ങനെ ഓരോരുത്തരെ പരിചയപ്പെടുമ്പോഴും, ഓരോരുത്തരുമായി സംസാരിക്കുമ്പോഴും, പെണ്ണുങ്ങളെ കൂടുതല്‍ സീരിയസ് ആയി എടുക്കേണ്ടതുണ്ട് എന്ന തോന്നലിന് ശക്തി കൂടിക്കൂടി വന്നു. നേരിട്ടറിയുന്ന കൂട്ടുകാര്‍ക്ക് പുറമേ, മാധവിക്കുട്ടിയും സാറാ ജോസഫും സിതാരയും അരുന്ധതിയും പാമയും മാര്‍ഗരറ്റ് ആറ്റ്വുഡും ഡോറിസ് ലെസിങുമൊക്കെ എഴുതിയ കഥകളും നോവലുകളുമെല്ലാം അതുവരെ കണ്ട് പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായ ലോകവീക്ഷണങ്ങള്‍ പങ്കുവച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ‘ഫെമിനിസം’ എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ് ആയിരുന്നു എന്ന് അപ്പോള്‍ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം. അപ്പോള്‍ ഫെമിനിസത്തിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍വ്വചനം ‘പെണ്ണും മനുഷ്യനാണ് എന്ന വിപ്ലവകരമായ തിരിച്ചറിവാണ് ഫെമിനിസം’ എന്നായിരുന്നു. (Feminism is the radical notion that women are human beings). ആരാണ് അങ്ങനെ ആദ്യം പറഞ്ഞത് എന്നെനിക്കറിയില്ല.
എന്നല്ല, ഫെമിനിസത്തെപ്പറ്റിയുള്ള തിയറി ഞാന്‍ അങ്ങനെ വായിച്ചിട്ടേ ഇല്ല എന്നുതന്നെ പറയാം. വായിക്കാത്തത് അത്ര വലിയൊരു കാര്യമാണ് എന്നല്ല. തിയറി വായിക്കാത്ത ഒരാള്‍ക്കും സ്വയം ഫെമിനിസ്റ് ആണെന്നോ ഫെമിനിസ്റ് ആവണം എന്നോ ഒക്കെ തോന്നാം എന്ന്.
പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു എല്ലാ ഫെമിനിസ്റുകളുടെയും ഫെമിനിസം ഒന്നല്ല എന്ന്. അതൊരു മോശം കാര്യമല്ല. കറുത്ത പെണ്ണിന്റെയും വെളുത്ത പെണ്ണിന്റെയും പ്രശ്നങ്ങള്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ടാകാം. ബ്ലാക്ക് ഫെമിനിസം, ദളിത് ഫെമിനിസം ഇസ്ലാമിക് ഫെമിനിസം എന്നിങ്ങനെ പല പല ഫെമിനിസങ്ങള്‍. ഒരേ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പോലും എണ്‍പതുകളില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളല്ല ഒരുപക്ഷേ ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഫെമിനിസങ്ങളും നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമായിക്കോണ്ടിരിക്കുന്നു.
നാലാമിടത്തിലെ തെരേസയുടെ ലേഖനത്തില്‍ പറയുന്ന പല കാര്യങ്ങളും ഫെമിനിസം തന്നെയാണ് എന്നെനിക്ക് തോന്നുന്നു. ‘ഇതെന്താണ് എല്ലാവരും ഇങ്ങനെ തുറിച്ചു നോക്കുന്നത്’ എന്ന ഫീല്‍ ഇല്ലാതെ, കമന്റുകള്‍ കേള്‍ക്കാതെ, ഷോപ്പിംഗ് നടത്താനും സിനിമ കാണാന്‍ പോകാനും പുറത്തു ഡിന്നര്‍ കഴിക്കാന്‍ പോകാനും ഒക്കെ സാധിച്ചാലോ എന്ന പ്രതീക്ഷ എനിക്ക് ഒരു ഫെമിനിസ്റ് പ്രതീക്ഷ തന്നെയാണ്.
എന്നാല്‍ ‘ഒന്ന് നോക്കിയാലെന്താ, നിന്റെ ചാരിത്യ്രം പോകുമോ എന്ന് ചിന്തിക്കുന്നവര്‍ സ്വന്തം അമ്മയോ പെങ്ങന്മാരോ ഭാര്യയോ നടന്നുപോകുമ്പോള്‍ അവരുടെ ശരീരഭംഗിക്ക് മറ്റു പുരുഷന്മാര്‍ മാര്‍ക്ക് ഇടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുന്നത് നല്ലതാണ് ” എന്ന് പറയുന്നതില്‍ വലിയൊരു പ്രശ്നവും എനിക്കനുഭവപ്പെടുന്നു. ‘സ്വന്തം അമ്മ’, ‘സ്വന്തം പെങ്ങന്മാര്‍’ എന്നിവരുടെ കാര്യത്തില്‍ മാത്രമാണ് പുരുഷന്മാര്‍ സ്ത്രീകളോട് മാന്യമായി പെരുമാറേണ്ടത് എന്ന (അങ്ങയേറ്റം silly ആയ) ഒരു സന്ദേശമാണ് എനിക്ക് ആ വാചകത്തില്‍ കാണാന്‍ കഴിയുന്നത്. മറ്റു പെണ്ണുങ്ങളെ അമ്മയായോ പെങ്ങളായോ സങ്കല്‍പ്പിക്കുന്നതിലൂടെ വേണം അവരോട് മാന്യമായി പെരുമാറണം എന്ന് ആണുങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന്. ഈ സന്ദേശത്തെയാണ് ‘ഞാന്‍ ആരുടേയും അമ്മയല്ല, പെങ്ങളുമല്ല’ എന്ന ലേഖനത്തിലൂടെ അഖില ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്.
അതുപോലെ, ‘ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ് ആണെന്നോ പുരുഷവിരോധിയാണ് എന്നോ അര്‍ത്ഥമില്ല’ എന്ന് തെരേസ പറയുമ്പോള്‍ ഫെമിനിസ്റ് സ്വാഭാവികമായും പുരുഷവിരോധി ആയിരിക്കണം എന്നുള്ള ഒരു മുന്‍വിധി അതിലുണ്ടെന്നും ആ ഒരു വിധി മണ്ടത്തരമാണ് എന്നും എനിക്ക് തോന്നുന്നു. എന്നാല്‍, ‘ഈ കാലഘട്ടത്തില്‍ സ്ത്രീക്കും പുരുഷനും പരസ്പരം അടുത്തിടപഴകാനും മനസ്സിലാക്കാനും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതുകൊണ്ടാവാം, സ്ത്രീയെ ബഹുമാനിക്കുന്നവരും അത് തുറന്നു പറയാന്‍ മടിക്കാത്തവരും ആയ പുരുഷന്മാരുടെ എണ്ണം കൂടുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു’ എന്ന് പറയുന്നിടത്ത് വീണ്ടും ഫെമിനിസ്റ് ആയ (അതൊരു മോശം വാക്കായി കരുതുന്നവര്‍ ക്ഷമിക്കുക ^^ വളരെ നല്ല അര്‍ത്ഥത്തില്‍ ആണ് ഞാന്‍ പറയുന്നത്) തെരേസയെ ആണ് ഞാന്‍ കാണുന്നത്. സ്ത്രീശക്തി സ്ത്രീയുടെ ഉള്ളില്‍ത്തന്നെയുള്ള ഒന്നാണ് എന്നതിലും അഭിപ്രായവ്യത്യാസമില്ല. സ്ത്രീയ്ക്ക് മാത്രം ഉള്ളില്‍ ശക്തിയുണ്ട് (അല്ലെങ്കില്‍ ഉണ്ടാവണം), പുരുഷന്മാര്‍ക്ക് ഇല്ല/ഉണ്ടാവരുത് എന്ന് കരുതുന്നില്ല എന്ന് മാത്രം.
അതിനുശേഷം സിജിയും അഖിലയും ഫെമിനിസം അവര്‍ക്ക് എന്താണ് എന്ന് വ്യക്തമാക്കാന്‍ അവരുടെ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്. ഫെമിനിസ്റ് ആയ, അല്ലെങ്കില്‍ ഫെമിനിസ്റ് ആകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ആണ് എന്ന നിലയ്ക്ക് വ്യക്തിപരമായി പറഞ്ഞാല്‍, നമ്മുടെ സമൂഹത്തില്‍ രൂഢമൂലമായ സ്ത്രീവിരുദ്ധതയോട് അകത്തും പുറത്തും എതിരിട്ടുകൊണ്ടിരിക്കുന്നതാണ് എനിക്ക് ഫെമിനിസം എന്ന് പറയാം. സ്ത്രീവിരുദ്ധമായ പെരുമാറ്റങ്ങളും കമന്റുകളും എല്ലാം എന്നില്‍ നിന്ന് ഉണ്ടാവുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് തിരിച്ചറിയുന്നതും എന്റെ അമ്മയടക്കമുള്ള സമൂഹം പഠിപ്പിച്ചുതന്നിട്ടുള്ള അത്തരം പല ശീലങ്ങളില്‍ നിന്നും പുറത്തുവരാന്‍ ശ്രമിക്കുന്നതും എല്ലാം അതിന്റെ ഭാഗമാണ്. കുറെയൊക്കെ അങ്ങനെയൊക്കെത്തന്നെയാവും സ്ത്രീകള്‍ക്കും എന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ മാത്രമാണ് സ്ത്രീവിരുദ്ധര്‍ എന്നോ പുരുഷന്മാരെല്ലാം എപ്പോഴും സ്ത്രീവിരുദ്ധരാണ് എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.
അത് പറഞ്ഞപ്പോഴാണ്-ആണ്‍മക്കളെ (പെണ്‍മക്കളെയും) സ്ത്രീവിരുദ്ധതയുടെ ചട്ടക്കൂട്ടിനുള്ളിലിട്ടു വളര്‍ത്തുന്നതില്‍ അമ്മമാര്‍ക്ക് നല്ലൊരു പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം അമ്മമാര്‍ മാത്രമല്ല, നമ്മള്‍ ‘അമ്മയായി കാണുന്നവര്‍’ പോലും. “നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് “അമ്മ” ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍. പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും “വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം” എന്നും അവള്‍ക്കറിയാം..” (ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍ എന്ന കുറിപ്പില്‍ നിന്ന്).
ഫെമിനിസത്തെപ്പറ്റി ഓരോരുത്തരും പറയുന്നത് കേള്‍ക്കുമ്പോള്‍ (നാലാമിടത്തില്‍ മാത്രമല്ല) എനിക്ക് പെട്ടെന്നോര്‍മ്മ വരുന്നത് അഞ്ചുപേര്‍ ആനയെ കാണാന്‍ പോയ കഥയാണ്. ചെറിയൊരു വ്യത്യാസം എനിക്ക് തോന്നുന്നത് അവര്‍ അഞ്ചുപേരും ആന എന്ന ഒരു ജീവിയെയാണ് കണ്ടത്. എന്നാല്‍ ഫെമിനിസം എന്ന വാക്കുകൊണ്ട് നമ്മള്‍ പലരും അര്‍ത്ഥമാക്കുന്ന കാര്യങ്ങള്‍ തന്നെ പലപ്പോഴും പലതാണ്. ഫെമിനിസ്റുകള്‍ മാത്രമല്ല ‘ഞാന്‍ ഫെമിനിസ്റല്ല’ എന്ന് പറയുന്നവരും.
Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers