ആണിടനാഴികളില്‍ ഒരു സൂക്ഷ്മദര്‍ശിനി

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ അസന്തുലിതമായ സാമൂഹ്യ സാമ്പത്തിക ക്രമത്തില്‍, കവിതയും സമരവും ഒരേ രാഷ്ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയാണെന്ന് ബോധമാണ് പങ്കിടുന്നത്. കാലത്തിന്റെ, ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്ദങ്ങളെ നിശിതമായി പുനരാനയിക്കുകയാണ് ശ്രീകുമാര്‍. സ്വന്തം ഉടലിനോട്, ഉടല്‍ വഹിക്കുന്ന പരശ്ശതം ബോധങ്ങളോട്, ബോധ്യങ്ങളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട്, ഉടലിന്റെ രാഷ്ട്രീയ നിര്‍വ്വഹണത്തോട് കവി നടത്തുന്ന ചെറുതും വലുതുമായി സംവാദങ്ങളുടെ സമാഹാരമാണ് ‘ആണടയാളങ്ങള്‍’.

കാറ്റുകൊണ്ടൊരു കടല്‍

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു-കെ. പി ജയകുമാര്‍ എഴുതുന്നു

അടിയന്തരാവസ്ഥ പോലും വേണ്ട ഇനി നമ്മള്‍ നിശ്ശബ്ദരാവാന്‍

കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു കെ.പി ജയകുമാര്‍.. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം

എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു. കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്- അടിയന്തിരാവസ്ഥയുടെ പല അടരുകളിലക്ക് പില്‍ക്കാലത്തുനിന്നും കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം. രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം

ഹൈറേഞ്ചിന് ഒരു ജലസ്മാരകം

ഹൈറേഞ്ചിലെ ജീവിതവും സംസ്കാരവും നട്ടുനനച്ച ജലാശയങ്ങളുടെ അകാല മരണങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു: ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കുന്ന ആറ്റിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം നീന്തിക്കളിച്ചത്.

മലകയറിവന്ന മരണങ്ങള്‍

ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍-കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും മരണങ്ങളോടും പൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ പിന്‍തലമുറയില്‍ ആത്മഹത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച്, അവിചാരിതമായി അറ്റുവീണ പ്രിയപ്പെട്ട ജീവിതങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു.

അത് പഴയ വീഞ്ഞ് തന്നെ

നഗരം, ആധുനിക ഹൈടെക് ജീവിത പരിസരം എന്നിങ്ങനെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുകയാണ്. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഹൈടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കാം. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ മനോഭാവവും സിനിമയുടെ പ്രമേയവും ഒന്നാകുന്ന അവസ്ഥ. എന്തായിരുന്നു ഈ അര്‍ബന്‍ സിനിമകള്‍ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത്-യുവ ചലച്ചിത്ര നിരൂപകരില്‍ ശ്രദ്ധേയനായ കെ. പി ജയകുമാറിന്റെ അവലോകനം

ഒരു കേസില്ലാ ദേശം അകമേ കൊണ്ടുനടക്കുന്ന ചോരക്കഥകള്‍

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട പഞ്ചായത്തിലെ പ്രദേശം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കേസുകളില്ലാത്ത ഈ ദേശത്ത് ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട ചില കൊലപാതകങ്ങളുടെ കഥകളുണ്ട്. പല കാരണങ്ങളാല്‍ കോടതികളിലെത്താതെ പോയ, കേസാവാതെ പോയ ചോരക്കഥകള്‍ പകര്‍ത്തുന്നു […]

ആടിയാടി മുളകരച്ചു അവളാനന്ദച്ചട്ടിയില്‍ മീന്‍ വറത്തു….

തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.-ഭാഷയും ഓര്‍മ്മയും ജീവിതവും നൃത്തം വെക്കുന്ന ഒരു ഹൈറേഞ്ച് അനുഭവം. കെ.പി ജയകുമാര്‍ എഴുതുന്നു

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം

മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമിന്റെയും സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാനാവില്ല. വലിയ ഭൂകമ്പമുണ്ടായാല്‍ എല്ലാം തകരാം. ഭൂകമ്പം എപ്പോള്‍ ഏതളവില്‍ സംഭവിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ശാസ്ത്രം പകച്ചുനില്‍ക്കുന്ന ഈ പഴുതിലാണ് ഭാവനകള്‍ മേയാനിറങ്ങുന്നത്.
ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്റെ മുനമ്പില്‍ കഴിയുന്നത്. ഡാം തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര്‍ നിലയ്ക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കുമ്പോള്‍ മറുഭാഗം വെള്ളം കിട്ടാതെ മരിക്കും.

മതംകൊണ്ട് മുറിവേറ്റവര്‍

മതം മാറിയതോടെ ബന്ധുക്കള്‍ അകന്നു. അതുകൊണ്ടാണ് മൂത്തമകന്‍ രാജേന്ദ്രന് അച്ഛന്റെ കഥ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.
തങ്കപ്പനും അമ്മിണിയും ഷംസുദ്ദീനും ഒരേവീട്ടില്‍ താമസിച്ചു. എന്നിട്ടും എല്ലാവരും ഒറ്റക്കായിരുന്നു. ഒടുവില്‍ മകന്റെ വിശ്വാസത്തിനു പിന്നാലെ അമ്മയും അച്ഛനും ഇറങ്ങിത്തിരിച്ചു. തങ്കപ്പന്‍ തൊപ്പിയിട്ട് സൈദായി. അമ്മിണി തലയില്‍ തട്ടമിട്ടു. ആയിഷയെന്ന് പേരും സ്വീകരിച്ചു.
പഴയകാലത്തിന്റെ ദുരിതം നിറഞ്ഞ ഓര്‍മ്മകളെല്ലാം ജീവിതത്തില്‍ നിന്നും കഴുകിക്കളയാന്‍ അവന്‍ ഒരു വഴിതേടുകയായിരുന്നു. വിശ്വാസങ്ങളും കൂടെകൊണ്ടുനടന്ന പേരും മതവും കുടഞ്ഞു കളഞ്ഞിരിക്കുന്നു. കാഞ്ഞിരപ്പള്ളി വലിയ പള്ളിയുടെ മുറ്റത്ത് അത്തറും തൊപ്പിയും വില്‍ക്കുന്ന സെയ്ദിനും മകന്‍ ഷംസുദ്ദീനും ഇപ്പോള്‍ ഭൂതകാലത്തിന്റെ ഭാരമില്ല.
ഇല്ലേ….?

ഭൂമിയേക്കാള്‍ പഴക്കമേറിയഒരു ഇലവു മരത്തിന്റെ കഥ

എന്നിട്ടും ആ ഇലവുമരം മുറിച്ചു. ഒരു വൈകുന്നേരം സ്‌കൂള്‍വിട്ട് ഞങ്ങള്‍ കുട്ടികളെത്തുമ്പോള്‍ കുന്നിന്‍ ചെരിവ് ശൂന്യമായിക്കിടന്നു. ആ വൈകുന്നേരം വിശപ്പേറെയുണ്ടായിരുന്നിട്ടും എനിക്കും ചേട്ടനും ചോറ് ഇറങ്ങിയില്ല. പിറ്റേന്നത്തെ പള്ളിക്കൂടയാത്രയില്‍ ഇലവുഞ്ചോട് നടന്നുകയറിയ കൂട്ടുകാരിലെല്ലാം പേരറിയാത്ത ഒരു സങ്കടം വിതുമ്പിനിന്നിരുന്നു.

ആത്മഹത്യക്കു മുമ്പ് ഒരു കര്‍ഷകന്‍ ജീവിതം പറയുന്നു

ചില മനുഷ്യരെത്തേടി ഇറങ്ങിനടക്കുമ്പോഴാണ് യാദൃഛികമായി അയ്യൂബ്ക്കായെ കാണുന്നത്. താമ്മൂട് തിരുവല്ലാപ്പടചി ജംഷനില്‍ ഒരു പച്ചക്കറിക്കട നടത്തുകയാണ് അയ്യൂബിക്ക. ആകെ ക്ഷീണിച്ചിരിക്കുന്നു. മുടികൊഴിഞ്ഞു. വാര്‍ദ്ധക്യം വന്നുകറിയ മുഖം. നല്ല കിളിത്തട്ടുകളിക്കാരനായിരുന്നു അയ്യൂബിക്ക. തട്ടില്‍ ഒന്നുവിരിഞ്ഞുനിന്നാല്‍ ഒരുത്തനും വെട്ടിച്ചു ചാടില്ല. ആറ്റുതീരത്തെ സന്ധ്യാകാല ചീട്ടുകളി സംഘത്തിലും അയാളുണ്ടാകും. എതിരാളിയുടെ കണ്ണറിഞ്ഞ് കയ്യറിഞ്ഞ് ചീട്ടിറക്കുന്ന ബുദ്ധിമാന്‍. പിന്നെ അയ്യൂബിക്കയെ കാണുന്ന മറ്റൊരിടം കല്യാണവീടുകളാണ്. തലേന്നത്തെ ചായ സല്‍ക്കാരത്തിന് മല്‍മല്‍ മുണ്ട് അലക്കി പൊറോട്ടക്ക് മാവുവീശുന്ന അയ്യൂബിക്ക!. അവധി ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകും. അയ്യൂബിക്ക് കമ്യൂണിസ്റ്റായിരുന്നു. സര്‍വ്വോപരി ഹൈറേഞ്ചിലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരൊന്നാന്തരം കൃഷിക്കാരന്‍. അയ്യൂബിക്കാന്റെ ജീവിതം ഒരു കാര്‍ഷിക തകര്‍ച്ചയുടെ കഥയാണ്.

കിളിയന്‍ സാമി പുറത്തായതും നമ്പൂതിരി അകത്തായതും

പിന്നെ, കോവില്‍ ഏറ്റെടുക്കാന്‍ സംഘപരിവാരമെത്തി. അങ്ങനെ ക്ഷേത്രത്തില്‍ നമ്പൂതിരിയായി. കിളിയന്‍ പുറത്തായി. ആരും അയാളെ തിരിഞ്ഞു നോക്കാതായി. ഇപ്പോഴിതാ അയാള്‍ മരിച്ചു പോയി. എല്ലാ ഇടങ്ങളില്‍നിന്നും വേരറ്റു പുറത്തായ കിളിയനെന്ന ആദിവാസിയുടെ ജീവിതം, കെ.പി ജയകുമാര്‍ എഴുതുന്നു.

രക്തത്തിന്റെ പരീക്ഷണശാല

അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന നോവലിന്റെ വായന. “ഒരുപാട് അടരുകളുള്ള ഭീതിയുടെ പുസ്തകമാണ് ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത് കേട്ടു തുടങ്ങുന്നു. പിന്നീട് തേടിത്തുടങ്ങുന്നു. പുസ്തകത്തിനും മുമ്പ് ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക് ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത് നമ്മെ എത്തിക്കുന്നു”.

കോട്ടച്ചാമി ദാര്‍ശനികനായി മാറിയതിങ്ങനെ

കോട്ടച്ചാമിക്ക് ലോട്ടറിയടിച്ചു. കാശ് പല വഴിക്കായി. ജീവിതവും. ഫിക്ഷനെ തോല്‍പ്പിക്കുന്ന ഹൈറേഞ്ച് ജീവിതത്തില്‍നിന്ന് ഒരധ്യായം:
. ദ്രാവിഡപ്പേച്ചിന് മെല്ലെ നിരാശയുടെ ദര്‍ശനം കൈവരുന്നു. താഴ്ന്ന സ്ഥായിയില്‍ ആത്മഗതം. ”എവളവ് കാശിരുന്താലും ഒന്നുമാഹാത്. പണം വരും പോകും, നമുക്കെന്നാ….?”

സൈക്കിള്‍ ആരുടെ മൃഗം

എന്റെ ആദ്യത്തെ സൈക്കിള്‍ സവാരി കീര്‍ത്തിയോടൊപ്പമായിരുന്നു. ഹരിപ്പാട്ട് നിന്നും ഹൈറേഞ്ചിേലേക്ക് കുടിയേറിപ്പര്‍ത്ത തങ്കപ്പന്‍ പിള്ളയുടെ മകനാണ് കീര്‍ത്തി. ഹരിപ്പാട് നിന്നും അമ്പലപ്പുഴയിലേക്കും ആലപ്പുഴയ്ക്ക് സിനിമകാണാനുമെല്ലാം സൈക്കിള്‍ ചവിട്ടിപ്പോയതിന്റെ ധീരോദാത്തവും അതിസാഹസികവുമായ ഒരു ഭൂതകാലം കീര്‍ത്തിക്കുണ്ടായിരുന്നു. ഞങ്ങളുടെ സൈക്കിള്‍ സവാരികളിലെല്ലാം ആ കഥകളോരോന്ന് […]