ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു

കേജ് രിവാള്‍മാര്‍ ഒറ്റപ്പെട്ട ഒരിന്ത്യന്‍ പ്രതിഭാസമല്ല. ചരിത്രം എന്നത് പിന്നോട്ടും വായിക്കാവുന്ന ഒന്നാണ്. അങ്ങനെ എങ്കില്‍ അരവിന്ദ് കേജ് രിവാള്‍മാരെ നമുക്ക് പല കാലങ്ങളില്‍, പല ദേശങ്ങളില്‍ കാണാവുന്നതാണ്. ഏറിയോ കുറഞ്ഞോ ആ കേജ് രിവാള്‍മാരെല്ലാം, ആ കാലങ്ങളെല്ലാം നിര്‍ണായകവുമായിരുന്നു എന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് പറയണമെങ്കില്‍ പുരാതന ഗ്രീക്ക് കാലത്തോളം പിന്നോട്ട് പോകേണ്ടി വരും. അത് ഒരു അടയാളപ്പെടുത്തലിനു വേണ്ടിയാണ്, ചരിത്രം ഏകതാത്മകമല്ല എന്ന് പറയാന്‍ വേണ്ടി എങ്കിലും.
ഭൂപ്രഭുക്കന്‍മാരുടെ കെടുകാര്യസ്ഥതക്കെതിരെ സമരത്തിനിറങ്ങിയ കര്‍ഷകരുടെയും, കുടിയേറ്റക്കാരുടെയും കൈകളിലൂടെയാണ് പുരാതന ഏഥന്‍സില്‍ ജനാധിപത്യം വേരുപിടിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരുപാട് ഒറ്റപ്പെട്ട സമരങ്ങളിലൂടെയാണ് ഏഥന്‍സിലെ Oligarchy യും പിന്നീട് വന്ന Tyrannyയും ജനാധിപത്യത്തിന് വഴിമാറുന്നത്. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ മത മേധാവിത്വങ്ങളുടെ കിരാതവാഴ്ചക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ആധുനികകാലത്തിന്റെ തുടക്കമിട്ട ചിന്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. അതും നൂറ്റാണ്ട് നീണ്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളില്‍ക്കൂടെത്തന്നെയാണ്.
ആ സ്ഥിതിക്ക് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അഴിമതിക്കെതിരെയുള്ള മുന്നേറ്റങ്ങളിലും, അതെത്ര ചെറുതായാലും പ്രതീക്ഷ വെയ്ക്കാവുന്നതാണ്. കുറച്ചു വ്യക്തികളെയോ സംഭവങ്ങളെയോ വെളിച്ചത്ത് കൊണ്ടുവരുന്നതിലൂടെ വ്യവസ്ഥിതി മാറിയെന്നു വരില്ല. എങ്കിലും ഇത്തരം ചില എതിര്‍പ്പുകള്‍ നിലനില്‍ക്കു ന്നതുകൊണ്ടുകൂടിയാണ് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമായ ജനാധിപത്യം ലോകത്തോട് ചില മര്യാദകളെങ്കിലും കാണിക്കുന്നത്. ഒന്‍പതു മണി വാര്‍ത്ത കണ്ടെത്തുന്ന ‘ബ്രേക്കിംഗ് ന്യൂസുകളുടെ’ പരിസമാപ്തി അടുത്ത ദിവസം രാവിലെ പത്രത്തില്‍ തേടുമ്പോഴാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയമാണെന്ന് തോന്നുന്നത്.
ഒരു ചെറിയ പ്രസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് വളരേണ്ട ഒരു വലിയ മുന്നേറ്റമായി വിലയിരുത്തേണ്ടതില്ല. സഭക്കും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരെ യൂറോപ്പില്‍ നടന്ന മുന്നേറ്റങ്ങള്‍ നൂറ്റാണ്ടുകളെടുത്താണ് ഫലം കണ്ടത്. മധ്യകാല വ്യവസ്ഥിതിക്കെതിരെ യൂറോപ്പിലാകെ അടിച്ചമര്‍ത്തി വെച്ചിരുന്ന അമര്‍ഷം പുറത്തുവന്നുതുടങ്ങുന്നത് മാര്‍ട്ടിന്‍ ലൂതറെന്ന ചെറുപ്പക്കാരന്‍ ജീവന്‍ പണയംവെച്ചു സമരത്തിനിറങ്ങിയപ്പോഴാണ്.

അമേരിക്കയില്‍നിന്നുള്ള ഓര്‍മ്മകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു.
അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഐഡ റ്റാര്‍ബെല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ ‘സ്റ്റാന്‍ഡേര്‍ട് ഓയില്‍ കമ്പനിയുടെ ചരിത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യവസായി ജോണ്‍ റോക്ക്ഫെല്ലറെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിളിപ്പുറത്തുനിറുത്തിയിരുന്ന, അമേരിക്കയുടെ രക്ഷകനെന്നുവരെ ലോകം വാഴ്ത്തിപ്പാടിയ റോക്ഫെല്ലറെ ശത്രുവാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത മുതലാളിത്ത തേര്‍വാഴ്ചയുടെ കാലത്താണ് Muckrakers എന്ന വിളിപ്പേരില്‍ അഴിമതിക്കെതിരെ എഴുതുന്ന പത്രക്കാരുടെ കൂട്ടത്തില്‍ റ്റാര്‍ബെല്‍ പേരെടുത്തു തുടങ്ങിയത്.
ഒരുചെറുകിട ബുക്കീപ്പറായി തുടങ്ങിയ റോക്ഫെല്ലര്‍ 1899ലെത്തിയപ്പോള്‍ 200 മില്യണ്‍ ഡോളര്‍ മതിപ്പുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം പണിതുയര്‍ത്തി . അതിനുപിന്നിലെ അഴിമതിയും നെറികേടുകളും പുറത്തുകൊണ്ടുവരാനാണ് റ്റാര്‍ബെല്‍ മാക് ലയര്‍ മാഗസിനിലെ പംക്തിയിലൂടെ ശ്രമിച്ചത്. റോക്ഫെല്ലര്‍, കാര്‍നെഗി, ഫിലിപ്പ് അര്‍മൌര്‍, Jay Gould, James Mellon തുടങ്ങിയ ഏതാനും വ്യവസായികള്‍ ചേര്‍ന്നാല്‍ രാജ്യംതന്നെ വിലക്ക് വാങ്ങാം എന്ന സാഹചര്യം ഉടലെടുത്തു തുടങ്ങിയപ്പോഴാണ് റ്റാര്‍ബെല്ലും ലിങ്കന്‍ സ്റെറഫന്‍സ് ഉള്‍പ്പെടുന്ന പത്രപ്രവത്തകരും എഴുത്തുകാരും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവരുന്നത്.

ജോണ്‍ റോക്ഫെല്ലര്‍
അഴിമതിയുടെ കോര്‍പറേറ്റു വേരുകള്‍
മധ്യകാല യൂറോപ്പിലെ റോബര്‍ ബാരണ്‍മാരോടാണ് (robber barons) ഈ അമേരിക്കന്‍ ബിസിനസ് മേധാവികളെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ താരതമ്യം ചെയ്യുന്നത്. ആധുനിക കാലത്തെ കിരാതന്‍മാര്‍ എന്നാണ് Henry Demarest Lloyds അമേരിക്കന്‍ മുതലാളിമാരെ തന്റെ 1894ല്‍ പ്രസിദ്ധികരിച്ച Wealth against Commonwealth എന്ന പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഹോവാര്‍ഡ് സിന്നിന്റെ Peoples History of the United Statesല്‍ പറയുന്നത് സെന്‍ട്രല്‍ പസഫിക് റെയില്‍ റോഡുകമ്പനി രണ്ടുലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് അമേരിക്കയില്‍ ഒമ്പതു മില്യണ്‍ ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്ന് സൌജന്യമായി സ്വന്തമാക്കിയതെന്നാണ്. ഇത് ആറ് സ്വകാര്യ റെയില്‍ റോഡു കമ്പനികള്‍ സൌജന്യമായി നേടിയെടുത്ത കൃഷിഭൂമിയുടെ ചെറിയൊരംശം മാത്രമാണ്. 1870കളുടെ തുടക്കത്തില്‍ ഒരു ഗുമസ്തനായിരുന്ന കാര്‍നൈഗി 1880ലെത്തുമ്പോള്‍ പതിനായിരം ടണ്‍ സ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍ വ്യവസായിയായി മാറിയിരുന്നു. ഇതൊന്നും ദീര്‍ഘവീക്ഷണമോ ഭാഗ്യമോ അല്ലെന്നും മറിച്ച് അനേകായിരങ്ങളുടെ ജീവനും അധ്വാനവുമാണെന്നു വിളിച്ചുപറയാന്‍ ആളുകളുണ്ടായി എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രത്തെ നിയന്ത്രിച്ച പ്രധാന സംഭവം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുറത്തുവന്ന ലിങ്കന്‍ സ്റ്റെഫന്‍സിന്റെ അഴിമതിയെക്കുറിച്ചുള്ള പഠനമായ ‘The Shame of the City’ മുനിസിപ്പാലിറ്റികളില്‍ തുടങ്ങി സര്‍ക്കാറിന്റെ എല്ലാ തലത്തിലും പകര്‍ച്ചവ്യാധിയായി മാറിയ അഴിമതിയുടെ കാരണത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ ഓഫീസുകളില്‍ നിങ്ങള്‍ പോയി നോക്കുക, വ്യവസായികള്‍ അല്ലാത്ത ആരെയും അവിടെ കാണില്ല. കാരണം ഇവിടെ രാഷ്ട്രീയം ബിസിനസ്സാണ്. ഇവിടെ സാഹിത്യവും, മതവും, പത്രപ്രവര്‍ത്തനവും, നിയമവും, ആതുരസേവനവുമെല്ലാം ബിസിനസാണ്. ബിസിനസ് മോഹം എന്നാല്‍ ലാഭക്കൊതിയാണ്, ഒരിക്കലും ദേശതാല്‍പര്യമാകില്ല, കറതീര്‍ന്ന ആദര്‍ശമാകില്ല, അത് സ്വന്തം നേട്ടത്തിനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെ നമ്മള്‍ കാണുന്നത് കൂടുതലും രാഷ്ട്രീയക്കാരെയല്ല, രാഷ്രീയ വ്യവസായികളെയാണ്’.

അഴുകിയ ഒരു കാലം
അമേരിക്കന്‍ ചരിത്രകാരന്‍ ഡേവിഡ് മാക് ക്ലു ‘guilded age’ എന്ന് വിളിക്കുന്ന, അഴിമതിയില്‍ മുങ്ങിയ, അമേരിക്കന്‍ മുതലാളിത്ത എകാധിപത്യത്തിന്റെ തുടക്കകാലത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഭീകരമായിരുന്നു ആ സമയം. ചീഞ്ഞുനാറുന്ന രാഷ്ട്രിയ അന്തരീക്ഷം, വനങ്ങളും, വന്യജീവികളും, ആദിവാസികളും ഭീകരമായി നശിപ്പിക്കപ്പെടുന്നു, അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ബാലവേലയും, ചീഞ്ഞ ജോലിസ്ഥലവും, ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, നഗരങ്ങളില്‍ കണ്ടാല്‍ നടുക്കം തോന്നുന്ന ചേരികളും. ജനങ്ങള്‍ ആകെ സംസാരിക്കുന്നത് ഈ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെപ്പറ്റി മാത്രമാണ്’.
രാജ്യത്തെ സാധാരണ ജനങ്ങള്‍ നഗരങ്ങളിലെ തൊഴിലാളി സമരങ്ങളും, തകര്‍ന്നടിയുന്ന കാര്‍ഷിക പ്രശനങ്ങളും, ദാരിദ്യ്രവും, കുടിയേറ്റവും വര്‍ഗവിവേചനവും തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടുമ്പോള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ അധികാര ശ്രേണിയില്‍ അവരവരുടെ ആളുകളെ കയറ്റാനും, വ്യവസായികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാനും, വന്‍ മുതല്‍മുടക്കുള്ള വലിയ വ്യവസായ പദ്ധതികളുടെ കരാറുകള്‍ സ്വന്തം ആളുകള്‍ക്ക് വാങ്ങിക്കൊടുക്കാനുമുള്ള തിരക്കിലായിരുന്നു.
1905ല്‍ പ്രസിദ്ധികരിച്ച അമേരിക്കന്‍ സോഷ്യലിസ്റ് Upton Sinclair എഴുതിയ The Jungle എന്ന നോവല്‍ ഒരു കുത്തക മാംസസംസ്കരണ ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഈ അവസ്ഥ വിവരിക്കുന്നുണ്ട്. ആ നോവല്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ഒരു ജനാധിപത്യത്തില്‍ മുതലാളിത്തത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത സഹചാരിയാണ് രാഷ്ട്രീയ അഴിമതി; അജ്ഞതയും ക്രൂരതയും നിറഞ്ഞ രാഷ്ട്രീയക്കാര്‍ പൌരഭരണം നടത്തുന്നതിന്റെ പരിണിതഫലമായി പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ പോലും ജനസംഖ്യയുടെ പാതിയും മൃതിയടയുന്നു. ശാസ്ത്രത്തിനു പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതികൊടുത്താല്‍ പോലും അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, കാരണംമറ്റുള്ളവര്‍ക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രങ്ങളായി മനുഷ്യരില്‍ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരിക്കുന്നു. വൃത്തിഹീനമായവീടുകള്‍ക്കുള്ളില്‍ ദുരിതത്തില്‍ അഴുകിത്തീരാനായി അവര്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ഡോക്റ്റര്‍മാരും ഒരുമിച്ചു പരിശ്രമിച്ചാലും സുഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ അവരുടെ ജീവിതാവസ്ഥ അവരെ രോഗാകുലരാക്കും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവര്‍ രോഗവാഹകരായി മാറുന്നു, നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ വിഷം പരത്തുന്നു, ഏറ്റവും സ്വാര്‍ത്ഥരായവര്‍ക്കു പോലും സന്തോഷം അസാധ്യമാക്കിത്തീര്‍ക്കുന്നു. ശാസ്ത്രത്തിനു വരും ഭാവിയില്‍ സാധ്യമാവുന്ന എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളും പ്രാധാന്യം കുറഞ്ഞവയാണെന്നു തന്നെ ഞാന്‍ പറയും, അതിലും പ്രധാനം നമുക്ക് ഇപ്പോള്‍ അറിവുള്ള ഒന്ന് പ്രാവര്‍ത്തികമാക്കുകയാണ്, ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശമില്ലാത്തവര്‍ക്ക് കൂടി മനുഷ്യജീവിതത്തിനുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. (p.37071).
ബെഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ നോറിസിന്റെ The Octopus: The Story of California (1903) ഗോതമ്പ് കര്‍ഷകരും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കുത്തകയായ റെയില്‍റോഡ് കമ്പനിയും തമ്മിലുള്ള പ്രശനങ്ങളെ തീവ്രമായി വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോര്‍പറേറ്റ് മാഫിയക്കും അവരുടെ പിണിയാളുകള്‍ നയിക്കുന്ന സര്‍ക്കാറിനുമെതിരെ കര്‍ഷകര്‍ തുടങ്ങിയ രാഷ്ട്രിയ മുന്നേറ്റത്തിനു കരുത്തു പകരുന്നതായിരുന്നു ഈ നോവല്‍.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം
ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ലാഭം കൊയ്യാം എന്ന ബോധ്യം പത്രമുതലാളിമാര്‍ക്ക് വന്നു തുടങ്ങിയപ്പോഴാണ് ‘അന്വേഷണത്മക പത്രപ്രവര്‍ത്തനം’ അമേരിക്കയില്‍ വേരുപിടിച്ചുതുടങ്ങിയത്. എങ്കിലും താല്‍ക്കാലിക ലാഭക്കൊതിയുടെ അപ്പുറത്തേക്ക് അവര്‍ വളര്‍ത്തി വിട്ട ആശയങ്ങള്‍ കടന്നുപോയി. അമേരിക്കന്‍ ചിന്തകരുടെയും, റിബലുകളുടെയും എഴുത്തും ഇടപെടലുകളും ഇരുട്ടി വെളുത്തപ്പോഴും അമേരിക്കന്‍ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍, തിയഡോര്‍ റൂസ് വെല്‍റ്റ് വൂഡ്രോ വില്‍സണ്‍ തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരായ പ്രസിഡന്റുമാരെ വരെ പിടിച്ചുലക്കാന്‍ വരെ ശക്തമായിരുന്നു ഇവരുടെ ഇടപെടലുകള്‍.
കോര്‍പ്പറേറ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന വിഷയം ഒരു ദേശീയപ്രശ്നമാക്കാന്‍ muckrakers എന്നറിയപ്പെട്ടിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കും സോഷ്യലിസ്റുകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാധിച്ചു. കുറഞ്ഞപക്ഷം രാജ്യരക്ഷകരായും ദാര്‍ശനികരായും വാഴ്ത്തപ്പെട്ടിരുന്ന ബിസിനസ് മേധാവികളെ സംശയത്തോടെ നോക്കാനെങ്കിലും ഇവര്‍ ജനങ്ങളെ പഠിപ്പിച്ചു.

കേജ് രിവാള്‍ അനിവാര്യത
അഴിമതിക്കെതിരെ ഉയരുന്ന ഏതു ശബ്ദത്തെയും, ഉറച്ച നിലപാടെടുക്കുന്ന ഏതു പ്രസ്ഥാനത്തെയും നമ്മുടെ ദേശവും കാലവും സ്വാഗതം ചെയ്യേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരനും റെഡ് ഇന്ത്യനും ഇന്നും പുറത്തു നില്‍ക്കുന്ന ‘അമേരിക്കന്‍ മോഡല്‍’ വികസനം നമ്മുടെ വിദ്യാഭ്യാസത്തിലോ, ചെറുകിട വ്യപാരമേഖലയിലോ വരുന്നതുപോലെ തന്നെയാണ് അമേരിക്കന്‍ മോഡല്‍ കോര്‍പ്പറേറ്റ് അഴിമതിയും. അഴിമതിക്കും വിവേചനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന അമേരിക്കയിലെ സാധാരണക്കാരുടെ ശബ്ദവും നമ്മള്‍ കേള്‍ക്കേണ്ടിയിരിക്കുന്നു.
അഴിമതിവിരുദ്ധതയുടെ അമേരിക്കന്‍ ചരിത്രപാഠങ്ങളില്‍ നിറയെ അരുണാ റോയിമാരെയും കേജ് രിവാള്‍മാരെയും, ഹര്‍ഷ് മന്ദര്‍മാരെയും കാണാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വെടിവെക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെയും പേരില്‍ മാത്രം സോഷ്യലിസം വിളമ്പുന്ന, കാര്യത്തോടടുക്കുമ്പോള്‍ അഴിമതിയുടെ പാര്‍ലമെന്റിലെ രക്ഷകരായ സാമ്രാജ്യവാദികളുടെയും നാട്ടില്‍ കേജ് രിവാള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേജ് രിവാളിന്റെ ശരിതെറ്റുകള്‍ വരും തലമുറ തീരുമാനിക്കട്ടെ.
കേജ് രിവാള്‍, ഇനി…?
ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്
ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം
എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി
മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി
വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?
ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും
ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)
സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍
ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം
ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?
ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?
സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം
ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍
ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്
കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും
വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം
കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍
ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന് വലതുപക്ഷ ബദലുകളില്ല
ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോമിന്റെ ചരിത്ര വഴികള്‍. ജസ്റ്റിന്‍ മാത്യു എഴുതുന്നു
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ് ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്- ജസ്റ്റിന്‍ മാത്യു എഴുതുന്നു

സാധാരണക്കാരന്റെ ചരിത്രം ലോകചരിത്രത്തിന്റെ വലിയ ക്യാന്‍വാസിലേക്ക് ഏറ്റവും ലളിതമായ ഭാഷയില്‍ എഴുതിചേര്‍ത്താണ് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോം ഇക്കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് അക്കാദമിക സമൂഹം അദ്ദേഹത്തെ ‘ചരിത്രകാരന്‍മാരുടെ ചരിത്രകാരന്‍’ എന്ന് വിശേഷിപ്പിക്കാറുള്ളത്.
സോഷ്യലിസത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കു സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുക എന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്റെ അക്കാദമിക ജീവിതത്തില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തിയത്. ലോകം സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠകള്‍ ചൊരിഞ്ഞപ്പോള്‍ ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയൊപ്പം അവസാനം വരെ നിലകൊണ്ടു, അദ്ദേഹം.
ലോകചരിത്രത്തില്‍ കുതുകിയായ ഏതൊരാള്‍ക്കും സുപരിചിതനാണ് ഹോബ്സ്ബോം. പത്തൊന്‍പത്, ഇരുപതു നൂറ്റാണ്ടുകളിലെ ചരിത്രസംഭവങ്ങളെ മനസ്സിലാക്കാന്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ളവരും ആദ്യം വായിക്കുക ഹോബ്സ്ബോമിന്റെ ‘Age Series’ എന്നറിയപ്പെടുന്ന Age of Revolution, Age of Capital, Age of Empire, Age of Extremes എന്നീ പുസ്തകങ്ങളാണ്.
ഇതില്‍തന്നെ ആദ്യ മൂന്നു പുസ്തകങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി ഒന്നാം ലോകമഹായുദ്ധം വരെ നീളുന്ന ദീര്‍ഘമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചരിത്രം വിശദമായി പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഹോബ്സ്ബോം വായന ഒഴിവാക്കാനാവില്ല. വിപ്ലവങ്ങളും യുദ്ധങ്ങളും ക്ഷാമങ്ങളും അനുഭവിച്ച സാധാരണ ജനസമൂഹത്തിന്റെ അനുഭവത്തില്‍ക്കൂടിയാണ് ഹോബ്സ്ബോം ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ചരിത്രം മഹാന്‍മാരുടെ ജീവിതനുഭവങ്ങളല്ല എന്ന് ഒന്നാം വര്‍ഷചരിത്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുമ്പോള്‍ ഉദാഹരണമായി ആദ്യം പറയുന്ന പേരാണ് എറിക് ഹോബ്സ്ബോം.
ദീര്‍ഘകാലം ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അംഗമായിരുന്നു ഹോബ്സ്ബോം. എന്നാല്‍ അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തെ അതിനെല്ലാം മുകളില്‍ക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ‘ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ’ എറിക് ഹോബ്സ്ബോം എന്ന വിശേഷണം തന്നെ ജീവചരിത്രപരമാണ്. ഇടതുപക്ഷ അക്കാദമിക് സമൂഹം ചരിത്രവിശകലനത്തിന് ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ചരിത്ര രചനാപാരമ്പര്യമാണ് ‘British Marxist Historiography.’ (ഇന്ത്യന്‍ ചരിത്രപഠനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ ‘കീഴാളചരിത്ര രചനാപാരമ്പര്യത്തില്‍’ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രപഠനങ്ങളുടെ ശക്തമായ സ്വാധീനം കാണാം).
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ് ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില്‍ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്.

‘British Marxist Historiography’ എന്ന ചരിത്രചനാപാരമ്പര്യത്തിന്റെ ഭാഗമായി വേണം ഹോബ്സ്ബോമിനെ മനസ്സിലാക്കാന്‍. പുരാതന ഗ്രീക്കോറോമന്‍ കാലത്തെ അടിമത്തത്തിന്റെ (Slavery) ചരിത്രം വിശകലനം ചെയ്ത Geoffrey de Ste Croix, സാമ്പത്തിക ചരിത്രപഠനത്തെ മാറ്റിമറിച്ച മോറിസ് ഡോബ്, മധ്യകാല ഫ്യൂഡല്‍ യൂറോപ്പിനെ ആഴത്തില്‍ പഠിച്ച റോഡ്നി ഹില്‍ട്ടണ്‍, യൂറോപ്പിന്റെ ആധുനിക കാലത്തിന്റെ തുടക്കത്തെയും പതിനേഴാം നൂറ്റാണ്ടില്‍ നടന്ന പരിവര്‍ത്തനങ്ങളെയും ലോകത്തിനെ വിവരിച്ചു കൊടുത്ത ക്രിസ്റ്റഫര്‍ ഹില്‍സ്, ആധുനിക ബ്രിട്ടിഷ് ചരിത്രത്തെ ജനകീയവല്ക്കരിച്ച ഇ പി തോംസണ്‍ തുടങ്ങിയവരുടെ അവസാന കണ്ണിയായിരുന്നു ഹോബ്സ്ബോം. ഇവരെല്ലാവരും ചരിത്രത്തെ വര്‍ഗസമരമായും സാധാരണക്കാരുടെ അനുഭവങ്ങളായും കണ്ടവരാണ്.
ഹോബ്സ്ബോം ചിന്തിക്കുകയും എഴുതുകയും ചെയ്യാത്ത ആധുനിക ചരിത്രപഠനമേഖലകള്‍ വിരളമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന പട്ടിണിയും, ക്ഷാമവും, യുദ്ധങ്ങളും, വിപ്ലവങ്ങളുമെല്ലാം തൊഴിലാളികളുടെയും കര്‍ഷകരുടെയും വിപ്ലവകാരികളുടെയും ജീവിതാനുഭവങ്ങളില്‍ക്കൂടി ഹോബ്സ്ബോം പറഞ്ഞു. ലോകത്തിലെ എല്ലാ സര്‍വകലാശാലകളിലും ‘Age series’ സിലബസ്സിന്റെ ഭാഗമാണ്. Age of Extremes’ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമാവണം ഹോബ്സ്ബോമിന്റെ ഏറ്റവും കൂടുതല്‍ വായിക്കുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത ഒരു പഠനം.
ക്യാപ്പിറ്റലിസത്തിന്‍റെയും സാമ്രാജ്യത്വ അതിമോഹങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളായ രണ്ടു മഹായുദ്ധങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയുടേയും മാനവരാശി അതിന്റെ വികൃതമുഖം കാട്ടിയ നാസിസത്തിന്റെയും ഫാസിസത്തിന്റെയും നൂറ്റാണ്ടിനെ class experience ന്‍റെ ഭാഷയില്‍ ഹോബ്സ്ബോം തന്റെ പഠനങ്ങളിലൂടെ വിശകലനം ചെയ്യുന്നു. 187 മില്ല്യന്‍ ആളുകള്‍ യുദ്ധങ്ങളിലും കലാപങ്ങളിലുമായി കൊല്ലപ്പെട്ട ഇരുപതാം നൂറ്റാണ്ടിനെ (1914- 1990) രക്തച്ചൊരിച്ചിലിന്റെ നൂറ്റാണ്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ജൂതവംശത്തില്‍ പിറന്നതും ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയില്‍ നിന്ന് പാലായനം ചെയതതുമെല്ലാം തീവ്രമായിത്തന്നെ ഹോബ്സ്ബോം Age of Extremes ല്‍ വിവരിക്കുന്നു. ഹോബ്സ്ബോം നേരിട്ടു അനുഭവിച്ച ലോകം കൂടിയാണ് Age of Extremes.
ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദക്ലാസ്സില്‍ പഠിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം (Issues in the Twentieth Century World History) ഒരു ഹോബ്സ്ബോം വായനാനുഭവം തന്നെയാണ്. ഈ കോഴ്സ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി Age of Extremes ഉം ഒപ്പം ഹോബ്സ്ബോമിന്റെ ജീവചരിത്രപരമായ പഠനം Interesting Timesഉം ചരിത്രവിദ്യാര്‍ത്ഥികളില്‍ താല്പര്യം ജനിപ്പിക്കുന്നതും സ്ഥിരമായി കാണാറുണ്ട്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മൂന്നാം വര്‍ഷ English ക്ലാസ്സിലെ കുട്ടികളുടെ ഇടയില്‍ നിന്നും ‘മാര്‍ക്സിയന്‍ സമ്പദ്ശാസ്ത്രത്തിന്റെ പ്രധാന്യമെന്ത്’ എന്ന ചോദ്യമുയര്‍ന്നു വന്നത്. അതിനുത്തരമായി ഹോബ്സ്ബോം തന്റെ തൊണ്ണൂറാം വയസ്സില്‍ എഴുതിയ അവസാന പുസ്തകം ഉയര്‍ത്തിക്കാണിച്ചു; ‘How to change the World: Tales of Marx and Marxism 1840-2011’. പ്രൊഫസര്‍ ഹോബ്സ്ബോം തന്റെ അറുപതുവര്‍ഷത്തിലധികം നീണ്ട ചരിത്രപഠനങ്ങളിലൂടെ അന്വേഷിച്ചതും ഈ ചോദ്യത്തിന്‍റെ ഉത്തരം തന്നെയാവും.

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ മാത്യു എഴുതുന്നു

ബീഫ് എന്ന ആംഗലേയ വാക്ക് ഡല്‍ഹി മലയാളികള്‍ അധികം ഉപയോഗിക്കാറില്ല, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. പകരം പോത്ത് /പോത്തിറച്ചി എന്നാണ് പ്രയോഗം. ചുറ്റും നില്ക്കു ന്നവര്‍ കേട്ടാലോ എന്ന ശങ്കയാണ് ഈ ഭാഷ സ്നേഹത്തിനു പുറകില്‍. ഭക്ഷണവും, ജാതിയും, മതവും ദേശിയതയുമെല്ലാം ചേര്‍ന്നു കിടക്കുന്ന മനഃസ്ഥിതി ഭൂരിഭാഗവും പേറുന്ന ഒരു ദേശത്ത് ബീഫ് കഴിക്കുന്നത് ശിക്ഷാര്‍ഹവും തിന്മയുമാകുമ്പോള്‍ അത് ലംഘിക്കുക എന്നത് ഏറ്റവും സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യംകൂടിയാണ്. പശുക്കളെ സമ്പദ് സ്രോതസ്സും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി കണ്ടിരുന്ന ദേശമായിരുന്നു ഉത്തരേന്ത്യന്‍ സമതലം. നൂറ്റാണ്ടുകള്‍ക്കിപ്പുറം പശുകേന്ദ്രിത സമ്പദ് വ്യവസ്ഥ ഇല്ലതായിട്ടും മനഃസ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബീഫ് വര്‍ഗീയ രാഷ്ട്രിയത്തിന്‍്റെ പ്രിയപ്പെട്ട ആയുധമായി മാറിക്കോണ്ടിരിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്. പശുക്കളെ കൊന്നാല്‍ അതിന്‍്റെ പേരില്‍ കലാപം വരെ നടക്കുന്ന ഒരു ദേശത്തിന്‍്റെ ‘ആധുനികകാലത്തോട് ‘ ചേര്ന്ന് ജീവിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയ മിക്ക മലയാളികളും, ഒരിക്കലെങ്കിലും, ‘പോത്ത്’ എന്ന മലയാള വാക്ക് ഉപയോഗിക്കേണ്ടിവരുന്ന സൂക്ഷ്മതയുടെ ഒരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാവണം .

ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍
അതേ രാഷ്ട്രിയം വീണ്ടും
പോത്തിറച്ചിയുടെ രാഷ്ട്രിയം നേരത്തെയും നാലാമിടത്തില്‍ പലതവണ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ അടുത്ത് കുറച്ചു നാളുകളായി ഇന്ത്യയിലെ ചില പ്രമുഖ സര്‍വകലാശാല ക്യംപസ്സുകളില്‍ ബീഫ് വീണ്ടും ഒരു രാഷ്ട്രിയവിഷയമായി മാറിയിരിക്കുകയാണ് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ്, ഗോമാംസം ക്യംപസ്സുകളില്‍ അനുവദിക്കപ്പെടേണ്ടതാണോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെ.എന്‍.യുവിലെ ബീഫ് അനുകൂല വിഭാഗം കാമ്പസിനുള്ളില്‍ ഏതെങ്കിലും ആഹാരസാധനം നിരോധിക്കുന്നത് ജനാധിപത്യ ലംഘനമാണ് എന്ന വാദം മുന്നോട്ടു വെച്ച് ബീഫ് ഭക്ഷണം നിയമപരമായി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയിരുന്നു, മാധ്യമശ്രദ്ധ ആകര്‍ഷിരുന്നു. ഒടുവില്‍ കാര്യമായി ഒന്നും സംഭവിക്കാതെ സംഭവം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ജാതിയുടെ അതിര്‍വരമ്പ് തീര്‍ക്കുന്ന ഇന്ത്യന്‍ ഫ്യുഡല്‍ മനോഭാവത്തില്‍ നിന്ന്, വടക്കേ ഇന്ത്യയിലെ ഒരു മെട്രോ പൊലിറ്റന്‍ സര്‍വകലാശാലയോ അക്കാദമിക്-മതേതര സ്ഥാപനങ്ങളോ മുക്തമല്ല.
അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന അതിക്രമങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ നോക്കുക. വംശത്തിന്‍്റെയും ദേശത്തിന്‍്റെയും, ഭാഷയുടെയും എല്ലാറ്റിലും ഉപരി കഴിക്കുന്ന ഭക്ഷണത്തിന്‍്റെയും പേരിലാണ് അവര്‍ പീഡനം അനുഭവിക്കുന്നത്. ഉണക്കമീനും, മുളനാമ്പും കൂട്ടി ഭക്ഷണം കഴിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ അവജ്ഞയോടെ കാണുകയും തീണ്ടല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍വകലാശാല ഹോസ്റ്റല്‍ അന്തരീക്ഷം മാറാത്ത കാലത്തോളം പോത്തിറച്ചി കഴിക്കുന്നവരും വെറുക്കപ്പെട്ടവരായി തുടരും.

ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം
കാരണവന്‍മാരും പോത്തിറച്ചിയും
മുസ്ലിം രാജവംശങ്ങളുടെ വരവിനു ശേഷമാണ് ഇന്ത്യയില്‍ പോത്ത് കഴിക്കല്‍ തുടങ്ങിയത് എന്ന് പറയുന്നതിനൊന്നും ഒരു അടിസ്ഥാനവുമില്ല. ശിലായുഗത്തിലെ നമ്മുടെ കാരണവന്മാരെല്ലാം നാല്‍ക്കാലികളെ വേട്ടയാടി കഴിച്ചുകഴിഞ്ഞവരാണ് എന്ന് തന്നെയാണ് എന്‍്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാതെ തരമില്ല. കാരണം നാച്ചുറല്‍ ഹിസ്റ്ററി പഠിച്ചവര്‍ പറഞ്ഞത് വെച്ച്നോക്കിയാലും പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചായാലും സസ്യാഹാരം മാത്രംകൊണ്ട് ഹിമയുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പല ജീവിവര്‍ഗങ്ങളും ഇല്ലാതായിപ്പോയ ഹിമയുഗത്തെ മനുഷ്യവംശം തരണം ചെയ്തതിന് നാല്‍ക്കാ ലി മാംസാഹാര ഭക്ഷണശീലം ഒരു പ്രധാന ഘടകംതന്നെയായിരുന്നു.
എന്നാല്‍, അവസാനത്തെ ഹിമയുഗത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യവംശം കരകയറി വന്നത് ചൂടും തണുപ്പും അതിശൈത്യവുമുള്‍പ്പടെയുള്ള പലതരം കാലവസ്ഥകളിലേക്കാണ് ഒപ്പം വര്‍ഗവും ലിംഗവും കൈയൂക്കും ഒക്കെവെച്ചുള്ള തരംതിരിവുകളിലേക്കും. ഹോളോസിന്‍ യുഗത്തിലെ ഈ വൈവിധ്യം മനുഷ്യരുടെ ഭക്ഷണത്തിലും പ്രതിഫലിച്ചു. ചില കാലാവസ്ഥയും വിഭവങ്ങളുടെ ലഭ്യതയും സസ്യഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മറ്റു പല പരിതസ്ഥികളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതാണ്
കാലാവസ്ഥയും ഭക്ഷണവും
നമ്മുടെ ഉപഭൂഖണ്ഡത്തില്‍ത്തന്നെ നോക്കുക; ഹിമയുഗം ബാക്കി വെച്ചുപോയ ഹിമാലയവും, ശീതകാലത്തിന്‍്റെ കശ്മീരും മറ്റു ഉത്തരേന്ത്യന്‍ മലനിരകളും, സമിശ്രമായ കാലാവസ്ഥയുള്ള സമതലങ്ങളും, മരുഭൂമികളും, ഉഷ്ണം നിറഞ്ഞ തീരദേശവുമെല്ലാം ഹോളോസിന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ യുഗത്തിന്‍്റെ കാലാവസ്ഥ വൈവിധ്യമാണ് വിളിച്ചുപറയുന്നത്. അവിടെ നിന്നാണ് കാലവസ്ഥക്കനുസരിച്ചുള്ള വിവിധതരം ഭക്ഷണശീലങ്ങള്‍ പലദേശങ്ങളിലെ സമൂഹങ്ങള്‍ തുടങ്ങിവെയ്ക്കുന്നത്. വേദകാലഘട്ടത്തില്‍ ഭാരതത്തില്‍ ഗോമാംസം മിക്ക ജാതികളും കഴിച്ചിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളും, ചരിത്രകാരന്മാരും തെളിയിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷെ, കഴിക്കുന്ന ഭക്ഷണത്തിന്‍്റെ പേരില്‍ അല്ളെങ്കില്‍ കഴിക്കാത്ത ഭക്ഷണത്തിന്‍്റെ പേരില്‍ ജാതിമേന്മയും, മതമേന്മയും പറയുന്നതു തുടങ്ങി കലാപങ്ങള്‍ വരെ അഴിച്ചുവിടാന്‍ മനുഷ്യസമൂഹങ്ങള്‍ തുടങ്ങുന്നത് പിന്നെയും വളരെ വൈകിയാണ്.
ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടക്കുന്ന ഒരു രാജ്യത്താണ് എന്ത് കഴിക്കണം അല്ളെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കപ്പെടുന്നത്, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നുനേരവും കഴിക്കാന്‍ പറ്റുന്നത് തന്നെ ആഡംഭരമായിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലേക്ക് ഭക്ഷണകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മധ്യവര്‍ഗംതന്നെ എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്നോര്‍ക്കണം.

മജ്നു കാ ടിലയിലെ കബാബ് കട
ഡല്‍ഹിയിലെ ബീഫ് അനുഭവങ്ങള്‍
ഉത്തരേന്ത്യന്‍ മുസ്ലിംകളും, മലയാളികളും, ബംഗാളികളും, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും, വിദേശികളുമൊക്കെ ചേര്‍ന്നു വരുന്ന ഒരു കൂട്ടായ്മയുടെ സമ്പദ്ശാസ്ത്രമാണ് ഡല്‍ഹിയില്‍ ബീഫിനുള്ളത്. വിലക്കുകള്‍ അതിശക്തമാണെങ്കിലും ഡല്‍ഹിയുടെ സംസ്ക്കാരം പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ് അതിന്‍്റെ പോത്ത് വിഭവങ്ങളും. ഈസ്റ്റേണ്‍ മീറ്റ് മസാലയിട്ടു പോത്തുകറി വെച്ച് ശീലിച്ച നല്ളൊരു വിഭാഗം മലയാളികള്‍ക്കും അന്വേഷിച്ചിറങ്ങിയാല്‍ ഡല്‍ഹി നല്ളൊരു പോത്തനുഭവം തരും. നോര്‍ത്ത് ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥികളുടെ താമസസ്ഥലമായ മജ്നു ക ടിലയിലേക്ക് (Majnu Ka Tila) ഒരു യാത്ര നടത്തുക. ഇവിടം ഒരു ചെറു ഹിമാലയന്‍ നഗരം തന്നെയാണ്. കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കുന്ന വഴിയോര കടകളും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കരകൌശല കടകളും നമ്മുടെ ഫോര്‍ട്ട് കൊച്ചിയെ ഓര്‍മിരപ്പിക്കും. ഈ മാര്‍ക്കറ്റിലെ ചെറിയ (എന്നാല്‍ വളരെ പ്രശസ്തമായ) ഭക്ഷണശാലകളിലാണ് ഈ വില്ലന്‍ വിഭവം കൊതിയൂറുന്ന സ്വാദോടെ വെച്ചുവിളമ്പിത്തരുന്നത്. മിക്ക ഭക്ഷണശാലകളും നോക്കി നടത്തുന്നത് ടിബറ്റന്‍ സ്ത്രീകള്‍. പ്രധാന സ്ഥാനത്ത് തന്നെ ലാമയുടെ പടം അലങ്കരിച്ചുവെച്ച്, നന്നായി മോടിപിടിപ്പിച്ചിരിക്കുന്ന ഈ ചെറു ഭക്ഷണശാലകളിലിരുന്ന് ഉണങ്ങിയ പോത്തിറച്ചി കൊണ്ടുള്ള പലതരം വിഭവങ്ങള്‍ ടിമു എന്ന് വിളിക്കുന്ന പുളിപ്പിച്ച അപ്പത്തോടൊപ്പം കഴിക്കാം. ബീഫ് ചേര്‍ത്തു സൂപ്പിലും, ബീഫ് ഡിംസുവിലും (മോമോ) തുടങ്ങി പലതരം ബീഫ് വിഭവങ്ങള്‍ കഴിച്ചിറങ്ങി അടുത്തുള്ള കടയില്‍ നിന്ന് ഒന്നോ രണ്ടോ കുപ്പി ബീഫ് അച്ചാറും വാങ്ങി മടങ്ങാം.

ഡല്‍ഹി നിസാമുദ്ദീന്‍ മാര്‍ക്കറ്റ്
ഖവാലിയും കബാബും
ബീഫ് കണ്ടത്തൊവുന്ന മറ്റൊരു യാത്ര നിസാമുദ്ദിന്‍ ദര്‍ഗയിലേക്കാണ്. ഭക്തിയും സംഗീതവും നിറഞ്ഞ് ഒരു ഉത്സവപ്പറമ്പുപോലെയാണ് നിസാമുദ്ദിന്‍ ദര്‍ഗ. പ്രശസ്തമായ ഘരാനകള്‍ ഖവാലി സംഗീതംകൊണ്ടേറ്റുമുട്ടുന്ന സൂഫിഭക്തിയുടെ ആനന്ദലഹരിയാണ് ഈ ദര്‍ഗ. ഇവിടേയ്ക്ക് തീര്‍ഥാടകര്‍ മാത്രമല്ല, ഡല്‍ഹിയില്‍ ജീവിക്കുന്ന എല്ലാ മതവിഭാഗക്കാരും, ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികളുമെല്ലാമത്തൊറുണ്ട്. ഖവാലി സംഗീതമാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ദര്‍ഗയിലേക്കുള്ള ഇടവഴികളില്‍ നിറഞ്ഞു നില്‍ക്കു ന്ന ചെറിയ വഴിയോര ധാബകളിലിരുന്ന് ചായകുടിക്കാം. ഒപ്പം വൈകുന്നേരങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ ഈ ഇടവഴികളില്‍നിന്ന് കഴിക്കാവുന്ന മറ്റൊരു വിഭവമാണ് ബീഫ് കബാബ്.
മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വന്ന സുല്‍ത്താന്മാരും, മുഗളന്‍മാരുമൊക്കെയാണ് കബാബിനെ ഈ നാടിന്‍്റെ ഇഷ്ടവിഭവമാക്കിയത്. എന്തുതരം മാംസംകൊണ്ടും കബാബ് ഉണ്ടാക്കാം. ചെറിയ കമ്പിനൂലുകളില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന കബാബ് വടക്കേ ഇന്ത്യയുടെ സ്വന്തം വിഭവമാണ്. ആടും കോഴിയും കൊണ്ട് ഉണ്ടാക്കുന്ന പോലെ ബീഫു കൊണ്ടും കബാബ് ഉണ്ടാക്കാമെന്നും അതൊരു വിശിഷ്ട വിഭവമാണെന്നും നിസാമുദ്ദിനില്‍ നിന്ന് മനസ്സിലാക്കാം. നിസാമുദ്ദിന്‍ യാത്രപോലെ തന്നെ ഹൃദ്യമാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത നഗരത്തിന്‍്റെ (shajahanabad) ഹൃദയമായ ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ ഇടവഴികളില്‍ സൈക്കിള്‍ റിക്ഷകള്‍ക്കും ആളുകള്‍ക്കുമിടയില്‍ക്കൂടി ബീഫ് കിട്ടുന്ന ഭക്ഷണശാലയെവിടെയെന്ന് സങ്കോചം കൂടാതെ ചോദിക്കാം .
മലയാളികളുടെ പ്രിയപ്പെട്ട മാര്‍ക്കറ്റായ ഐ.എന്‍.എയാണ് ബീഫ് കിട്ടുന്ന മറ്റൊരു സ്ഥലം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനും ചെറിയ വേതനത്തിന്‍്റെ ദാരിദ്ര്യത്തിനുമിടയില്‍ മലയാളി നഴ്സ്മാര്‍ മിക്കവരും ഇവിടെ വരാറുണ്ട്.

ഡല്‍ഹി ഐ.എന്‍.എ മാര്‍ക്കറ്റ്
മെനുബോര്‍ഡില്‍ കാണാത്തത്
തുണിക്കടകളും, പാത്രക്കടകളും, ‘ചെറിയ’ സ്വര്‍ണ ക്കടകളും, മലയാളികളുടെ പലചരക്കുകടകളും പലഹാരക്കടകളുമൊക്കെ തിങ്ങി നിറഞ്ഞിരിക്കുന്ന ഐ.എന്‍.എ മാക്കറ്റിലെ കേരളഹോട്ടലുകളിലൊന്നില്‍ കയറി കേരള വിഭവങ്ങള്‍ കഴിക്കുന്നതോടെയാണ് മലയാളികളുടെ ഷോപ്പിംഗ് തീരുന്നത്. പോത്തുകറി തന്നെയാണ് ഇവിടെയും താരം.
പക്ഷെ ഭക്ഷണത്തിന്‍്റെ മെനു വിളിച്ചുപറഞ്ഞു കടക്കു പുറത്തു വെച്ചിരിക്കുന്ന ഇംഗ്ളീഷ്/ഹിന്ദി ബോര്‍ഡില്‍ പോത്ത് മാത്രം രേഖപ്പെടുത്തിയിട്ടില്ല.. വറുത്തുണക്കിയെടുത്ത പോത്തുമുതല്‍ ബീഫ്മാപ്പസുവരെ പലതരം പോത്തുകറികള്‍ കപ്പയുടെയും, ചോറിന്‍്റെയും കൂടെ ക്രിസ്മസ് കാലമാണെങ്കില്‍ മലയാളം കരോള്‍ ഗാനങ്ങളുടെയും, അല്ലാത്തപ്പോള്‍ പുതിയതും പഴയതുമായ മലയാളം സിനിമാഗാനങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിക്കാം. ഒപ്പം ഹോസ്റ്റല്‍ മുറിയില്‍ അല്ളെങ്കില്‍ മുനീര്‍ക്കയിലെയോ, ഓഖലയിലെയോ വാടകമുറിയില്‍ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടും പോകാം. ഡല്‍ഹിയിലെ ഇതുപോലുള്ള നിരവധി കേരള ഹോട്ടലുകളിലും മലയാളികള്‍ക്കൊപ്പം ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിത്യസന്ദര്‍ശകരാണ്. ഐ.എന്‍.എയിലെ മലയാളി ഭക്ഷണശാലകള്‍ താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാണ് .
വിദേശികളെയും, സര്‍ക്കാര്‍ ജോലിക്കാരെയും, പത്ര-മാധ്യമ -ഐടി-മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന വരെയും ലക്ഷ്യംവെച്ച് നടക്കുന്ന മറ്റൊരു ഭക്ഷണശാലയാണ് ഹോസ് ഖാസിലെ ‘ഗണ്‍ പൌഡര്‍’. അത്യാവശ്യം പണം ചിലവാക്കാനുള്ളവര്‍ക്ക് കേരളത്തില്‍ ഒരു ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന ലാഘവത്തില്‍ ബീഫ് ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലമാണിത് .
നിശ്ശബ്ദ രഹസ്യങ്ങള്‍
മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ ഇഷ്ടസ്ഥലമായ ജെ.എന്‍.യുവില്‍ മറ്റെന്തും പോലെ പോത്തും ഒരു രാഷ്ട്രിയ വിഷയമാണ്. ബീഫ് കഴിക്കുന്നതും, ഹോസ്റ്റല്‍ മുറികളില്‍ ഇലക്്രടിക് ഹീറ്ററില്‍ വെച്ച് പോത്ത് കറിവെയ്ക്കുന്നതും വിപ്ളവകരമായ ഒരു പ്രവൃത്തിയാണ്. മലയ്മന്ദിര്‍ എന്ന അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് ബീഫ് വാങ്ങിവരുന്നത്. പക്ഷെ, ഹോസ്റ്റല്‍ കവാടം കടക്കുമ്പോള്‍ പോത്ത് ആടായിമാറും. അങ്ങനെ സംഭവിച്ചില്ളെങ്കില്‍ അവിടെ കലാപം വരെ നടന്നേക്കാം. പോത്ത്കറി വെയ്ക്കുന്ന സമയം ആരും പറയാതെ തന്നെ അദൃശ്യമായ ഒരു കരുതല്‍ കൂട്ടായ്മ രൂപപ്പെടും. ഈ ‘ബീഫ് ദേശിയതയിലേക്ക്’ ചില ബംഗാളികളും, മണിപ്പൂരികളും, ബീഫ് കഴിച്ചില്ളെങ്കില്‍ കൂടി മതേതരത്വം പ്രഖ്യപിച്ചു കഴിയുന്ന ചില വടക്കേ ഇന്ത്യക്കാരും കടന്നുവരും. എം.ഫില്‍ പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്കും, വിദേശ ഫെല്ളോഷിപ്പ്, ജോലി, വിവാഹം എന്നീ ഘട്ടങ്ങളിലും പോത്ത് ആടായി അഭിനയിച്ച് ഹോസ്റ്റല്‍ മുറികളില്‍ എത്തിച്ചേരും. ഒരുകൂട്ടം ആളുകള്‍ വളരെ കരുതലോടെ നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് ജെ.എന്‍.യുവിലെ പോത്തുകറികള്‍. ബീഫ് വിളമ്പിയതിന്‍്റെ ശിക്ഷയായി അടച്ചുപൂട്ടിയ കാന്‍്റീന്‍ ജെ.എന്‍ .യുവിലെ ബീഫ് പ്രേമികളുടെ ദുഃഖകഥയാണ് .
പക്ഷെ, ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു. സീമാപുരിയിലും, മല്‍ക്കാഗഞ്ചിലും, പ്രതാപ്ബാഗിലും, ഓഖലയിലും തുടങ്ങി ബീഫ് വില്ക്കു ന്ന സ്ഥലങ്ങളിലെല്ലാം ഒരു മറ തീര്‍ത്തിരിക്കുന്നത് കാണാം. കേരളത്തില്‍ നാട്ടുവഴികള്‍ക്കരികിലെ കടകളില്‍ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന പോത്ത് തേക്കിലയില്‍ പൊതിഞ്ഞുവാങ്ങി ശീലിച്ചുവന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലെ ബീഫ് കടകള്‍ ഒരു ചെറിയ ശ്വാസംമുട്ടലായിതോന്നാം. മറ്റൊരു വിഭവത്തിനും ഈ അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. കാരണം, ബീഫ് കഴിക്കുന്നതിനു ജാതിക്കോ മതത്തിനോ ഉള്ളിലുള്ള വിലക്ക് മാത്രമല്ല ഉള്ളത് അതൊരു സാമൂഹിക തിന്മ കൂടിയായാണ് വായിക്കപ്പെടുന്നത്.
പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന്‍ മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്‍’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍്റുകളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും-ജസ്റ്റിന്‍ മാത്യു എഴുതുന്നു

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് All India Institute of Medical Sciences(AIIMS/എയിംസ്) എന്ന ഡല്‍ഹിയിലെ പ്രശസ്തമായ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ MBBS വിദ്യാര്‍ഥി അനില്‍ മീണ ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍. അനിലിന് വിഷാദമായിരുന്നുവെന്നതും എയിംസിലെ തീവ്രമായ അക്കാദമിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല എന്നതും അധികൃതരുടെ കൂട്ടിച്ചേര്‍ക്കല്‍. ഗ്രാമീണനും പിന്നോക്കവിഭാഗക്കാരനും ഇംഗ്ളീഷ് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവനുമായ ഒരു ചെറുപ്പക്കാരന്‍, വൈദ്യപഠനത്തിനായി ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു സ്ഥാപനത്തില്‍ കഠിനമായ പ്രവേശനപരീക്ഷകള്‍ പലതും മറികടന്ന് എത്തിച്ചേരുമ്പോള്‍ അവനെ ‘ഡിപ്രഷന്‍’ എന്ന നാഗരിക മധ്യവര്‍ഗ ഫാന്‍്റസി രോഗത്തിലേയ്ക്ക് തള്ളിവിടാന്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വലുതായൊന്നും ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണ് ഇതിലൂടെ അധികൃതര്‍ തന്നെ സമ്മതിച്ചുതരുന്നത്.

അനില്‍കുമാര്‍ മീണക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന സഹപാഠികള്‍
ആ മരണത്തിനു പിന്നില്‍
പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന്‍ മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്‍’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍്റു്കളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.
അനിലിന്റെ മരണത്തിനു സഹപാഠികള്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ് അധികൃതരുടെ അവഗണനയും വിദ്യാര്‍ഥിവിരുദ്ധ മനോഭാവവുമാണ് അനില്‍ ജീവിതമവസാനിപ്പിക്കാന്‍ കാരണമെന്നാണ് അവര്‍ പറയുന്നത്. എഴുത്ത് പരീക്ഷക്ക് 75% ശതമാനം മാര്‍ക്ക്, ക്ളാസ് തലത്തില്‍ നടക്കുന്ന തുടര്‍ച്ചയായ മുല്യനിര്‍ണയത്തിന് 25% മാര്‍ക്ക് എന്ന രീതിയിലാണ് കഴിഞ്ഞവര്‍ഷം വരെ പരീക്ഷകള്‍ നടന്നിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം അത് 50-50 ശതമാനം എന്നാക്കി പരിഷ്ക്കരിച്ചു. ഇതാണ് അനിലിന്റെ പരാജയത്തിലേക്ക് നയിച്ചത്. മൂല്യനിര്‍ണയത്തില്‍ നടന്ന അപാകത ചൂണ്ടിക്കാണിക്കാനും നീതി ലഭിക്കാനും വേണ്ടി മൂന്നുവട്ടം AIIMS ഡയറക്ട്റെ കാണാന്‍ ഈ വിദ്യാര്‍ഥി ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു . അതിനു ശേഷമാണ് ഈ ഞായറാഴ്ച അനില്‍ ആത്മഹത്യ ചെയ്യുന്നത്.

എയിംസ് കാമ്പസ്
കാമ്പസിന്‍്റെ വരേണ്യവല്‍കരണം
അനില്‍ ആത്മഹത്യ ചെയ്ത രാത്രിയിലാണ് ഡല്‍ഹിയില്‍ ഭക്ഷണത്തിനും രാത്രിജീവിതത്തിനും (best in food and nightlife) പേരുകേട്ട സ്ഥാപനങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. നഗരത്തിലെ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളില്‍ കളര്‍ പേജുകളില്‍ ‘ഫുഡ് ഓസ്ക്കാര്‍’ എന്ന വിശേഷണത്തോടെ വാര്‍ത്തകള്‍ നിറഞ്ഞു. ഈ ആത്മഹത്യക്ക് കിട്ടിയതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യത്തോടെ . അതിനും രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജിന്റെ വാര്‍ഷികദിനാഘോഷം ഒരുകോടി രൂപ ചിലവാക്കി നടത്തിയതായി കേട്ടത്. ഡല്‍ഹിയിലുള്ള വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുകയുടെ ചെറിയ ഒരംശം മാത്രമാണ ഇത് . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന റാപ് മ്യുസിക് ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികാരവും അഭിമാനവുമൊക്കെയാകുന്ന ഹിപ്-ഹോപ് അടിച്ചുപൊളി കാലമാണിത്.. വരേണ്യവല്‍ക്കരണത്തിന്‍്റെ അവസാന വാക്ക്. ഇപ്പറഞ്ഞതരം വാര്‍ത്തകളില്‍ നിന്നും അതുണ്ടാക്കുന്ന വൈരുധ്യങ്ങളില്‍ നിന്നുമാണ് അനേകം അനില്‍ മീണമാരുടെ ജീവിതം വായിച്ചെടുക്കേണ്ടത്.. .

അനില്‍കുമാര്‍ മീണയുടെ പിതാവ് സൂരജ് മാല്‍ മീണ
ആരാണ് അനില്‍ മീണ?
രാജസ്ഥാനിലെ മരുഭൂമി സമാനമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഹിന്ദിമീഡിയത്തില്‍ പഠിച്ചുവന്ന ഇരുപത്തിരണ്ടുകാരന്‍. ഒരുപക്ഷെ ആ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നയാള്‍. അപ്പന്റെ കീശയുടെ കനം കൊണ്ടല്ല, സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് അനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായത്.
AIIMS ഉള്‍പ്പെടെ രാജ്യത്തെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിലിനെപ്പോലെ, നല്ല നിലയിലത്തെുക എന്ന ജീവിതലക്ഷ്യവുമായി ഗ്രാമീണപ്രദേശങ്ങളില്‍ നിന്ന് വരുന്നവരോട് പെരുമാറുന്നതെങ്ങനെ എന്നറിയാന്‍ ഏതാനും വര്‍ഷം മുമ്പ് തലസ്ഥാന നഗരത്തില്‍ നടന്ന ഒരു ‘വിദ്യാര്‍ഥി’ സമരത്തിന്റെ ചരിത്രം പറഞ്ഞാല്‍ മതി.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുപത്തിയേഴുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍്റെ സമയത്ത് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിങ് തീരുമാനിക്കുന്നു. ഇത് രാജ്യത്തെ വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചു.
ഡല്‍ഹി സര്‍വകലാശാലയിലും, ജെഎന്‍ യുവിലും ഐഐടിയിലും എയിംസിലുമെല്ലാമുള്ള സംവരണ വിരുദ്ധര്‍ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന പേരില്‍ സംഘടനയുണ്ടാക്കി പിന്നോക്കസംവരണം നടപ്പാക്കുന്നതിനെതിരെ സമരത്തിനിറങ്ങി.

സംവരണ വിരുദ്ധ സമരതതില്‍നിന്നൊരു ദൃശ്യം
ജാതി ഉറഞ്ഞാടിയൊരു സമരം
അനീതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ളക്കാര്‍ഡുകളുമായിരുന്നില്ല, നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യ ഗേറ്റിലുമൊക്കെ നടന്ന സമരത്തില്‍ കണ്ടതും കേട്ടതും. വരേണ്യവര്‍ഗത്തിന്റെ ജാതിവെറിയും ഗ്രാമങ്ങളിലെ ദരിദ്രരോടുള്ള അസഹിഷ്ണുതയുമായിരുന്നു അതില്‍ നിറഞ്ഞു നിന്നത്. ചൂലും, പച്ചക്കറി വണ്ടിയും, ചെരുപ്പ്കുത്തിയുടെ ഉപകരണങ്ങളുമൊക്കെയായി അവര്‍ സമരത്തിനിറങ്ങി. നിങ്ങള്‍ പഠിക്കാന്‍ വന്നാല്‍ ഞങ്ങളുടെ വീട്ടുവേലയും തോട്ടിപ്പണിയും ആര് ചെയ്യുമെന്ന് ചോദിച്ച് ജാതിബോധം വെളിപ്പെടുത്തി. ഈ സംവരണ വിരുദ്ധസമരത്തിനു പണവും പിന്തുണയും നല്‍കിയത് ഉയര്‍ന്ന ജാതിക്കാരുടെ രക്ഷകര്‍ത്താക്കളും, ഉന്നതകുലജാതരായി വിലസി നടക്കുന്ന അധ്യാപകരുമൊക്കെയാണ് . നഗരത്തിലെ വരേണ്യ പത്രങ്ങളും ടിവി ചാനലുകളും മാസങ്ങളോളം പ്രധാനവാര്‍ത്തയാക്കി ഈ സമരങ്ങളെ ദേശീയ വിഷയമാക്കി. മാറ്റി. ജാതിവെറിയുടെ വക്താക്കള്‍ ഒന്നിച്ചു കൈകോര്‍ത്ത സമരമായിരുന്നു ഇത്. പൊതുസമൂഹത്തിന്‍്റെ മുമ്പിലെങ്കിലും തുല്യത കാണിക്കേണ്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വരെ ജാതിവെറിയും വരേണ്യവാദവുമായി മുന്നിട്ടിറങ്ങി.
2006ല്‍ അന്നത്തെ AIIMS ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ സംവരണവിരുദ്ധ സമരത്തെ പിന്തുണച്ചു എന്ന പേരില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. രാംദാസിന്റെ അപ്രീതി നേരിടേണ്ടി വന്നു. പിന്നീട് നമ്മള്‍ കണ്ടത് ഡോ. രാംദാസും എയിംസിലെ സംവരണത്തെ എതിര്‍ക്കുന്ന അധ്യാപക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നഗരങ്ങളില്‍ നിന്ന് വരുന്ന വരേണ്യവര്‍ഗം ഉന്നതവിദ്യാഭ്യാസം അവരുടെ കുത്തകയായി കാണുന്നതിന്റെ ഏറ്റവും അസിഷ്ണുത നിറഞ്ഞ പ്രകടനങ്ങളാണ് എയിംസിലും, ജെഎന്‍യുവിലും, ഡല്‍ഹി ഐ.ഐ.ടിയിലുമൊക്കെ ഇതിനത്തെുടര്‍ന്നു കണ്ടത്.

സംവരണ വിരുദ്ധ സമരതതില്‍നിന്നൊരു ദൃശ്യം
സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ രാഷ്ട്രീയം
ഇത്തരത്തില്‍ ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.
സെമസ്റ്റര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ ആദ്യവര്‍ഷത്തെ ക്ളാസ് തുടങ്ങിയ അന്ന് തുടങ്ങി നിരന്തര മൂല്യനിര്‍ണയത്തിന് (internal assement) വിധേയരായിത്തുടങ്ങുന്നു. ക്ളാസ്സ് ചര്‍ച്ചകളും, പഠനറിപ്പോര്‍ട്ടുകളുമെല്ലാം നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമാണ്. ഡല്‍ഹിയിലെ പബ്ളിക് സ്കൂളുകളില്‍ പഠിച്ച കുട്ടികളുടെ പ്രകടനം വെച്ചാണ് അവരെ വിലയിരുത്തുന്നത്. (രാജ്യത്തെ വരേണ്യ സ്കൂള്‍ ഒരു ടേമില്‍ വാങ്ങുന്ന ഫീസാണ് ഒരു സാധാരണ കുട്ടി മൊത്തം സ്കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്നത്. അല്ലങ്കെില്‍ അത്രയുമേ അവര്‍ക്ക് സാധിക്കു. അതുകൂടി സാധിക്കാത്തവരുടെ എണ്ണം കോടികള്‍ കവിയും)
ക്ളാസ് തുടങ്ങി അഞ്ചാം മാസം സര്‍വകലാശാല പരീക്ഷ എഴുതണം. ഗ്രാമങ്ങളിലെ സ്കൂള്‍വിദ്യാഭ്യസത്തില്‍ വേണ്ട പരിഷ്ക്കാരങ്ങളും അടിസ്ഥാന സൌകര്യങ്ങളും നല്‍കാതെയാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അമേരിക്കന്‍ മോഡല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണ്? അംഗന്‍വാടികള്‍ മുതല്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു രാജ്യത്ത് സാമ്പത്തികശേഷിയില്ലാത്ത കുട്ടികള്‍ നല്ല സ്കൂള്‍ വിദ്യാഭ്യസം കിട്ടാന്‍ എവിടെ പോകണം?

സംവരണ വിരുദ്ധ സമരതതില്‍നിന്നൊരു ദൃശ്യം
ഇതും കൂടി
ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ബിരുദ വിദ്യാര്‍ഥിനിയോട് അടുത്തിടെ സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. ഡല്‍ഹി സ്വദേശിയായ അവളുടെ അമ്മ ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപികയാണ്. മാസത്തില്‍ ഒരിക്കല്‍ ശമ്പളം വാങ്ങാനാണ് അവര്‍ സ്കൂളില്‍ പോകുന്നത്. ബാക്കി ദിവസങ്ങളില്‍ മകളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കും.
അപ്പോള്‍ ആ സ്കൂള്‍ കുട്ടികള്‍ എങ്ങനെ പഠിക്കും?
! aree sir, they dont want to study!
ഇതായിരുന്നു അവളുടെ മറുപടി.
അനില്‍ മീണക്ക് അന്ത്യാഞ്ജലികള്‍.
ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന്‍ മാഷ് എന്ന പത്രപ്രവര്‍ത്തകന്‍ അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന്‍ എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു-എം.മുകുന്ദന്റെ പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകളു’ടെ ചരിത്രവായന. ജസ്റ്റിന്‍ മാത്യു എഴുതുന്നു

എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകള്‍’ ഒറ്റയിരുപ്പിന് 494 പുറവും വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന ഒരു നോവല്‍ തന്നെയാണ്. കുറെ ജീവിതങ്ങള്‍ ഒരു നഗരത്തോട് മല്ലിട്ടും സ്നേഹിച്ചും സഹതപിച്ചും അരനൂറ്റാണ്ടുകാലം കൊണ്ട് ഉരുത്തിരിയുന്നതെങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ നിലനിര്‍ത്താന്‍ നോവലിസ്റിന് സാധിക്കുന്നു. നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പറയണമെന്നു കരുതുന്നു.
നോവലിന്റെ അനുബന്ധത്തില്‍ നോവലിസ്റു പറയാതെപറഞ്ഞവസാനിപ്പിക്കുന്നത് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയ മുകുന്ദന്റെ നോവലാണ് ദല്‍ഹി ഗാഥകളെന്നാണ്. നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അതിനൊരു തിരുത്തുനോന്നി. മയ്യഴിപ്പുഴയും, ആദിത്യനും രാധയും എഴുതിയ മുകുന്ദന്റെ കൈവഴക്കത്തിന്റെ തുടര്‍ച്ചയല്ല ഈ നോവല്‍. കേശവന്റെ വിലാപവും, പുലയപ്പാട്ടും എഴുതിയ നോവലിസ്റിന്റെ വകയാണ് ദല്‍ഹി ഗാഥകള്‍.
ചരിത്രവും നോവലും
‘ചരിത്രാഖ്യയിക’ രചിക്കാനുള്ള മറ്റൊരു ശ്രമം. ഒരു കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപഠനവും അതേ കാലത്തെ പരാമര്‍ശിക്കുന്ന ചരിത്രനോവലും ഒരേ രീതിയില്‍ വായിക്കാന്‍ പറ്റുന്ന സംഗതികളല്ല. ഒരു നോവലിസ്റിന് ചരിത്രത്തില്‍ ഇല്ലാതിരുന്ന സംഭവങ്ങളെയും ആളുകളെയുംപറ്റി പറയാം. എന്നാല്‍ ഒരു ചരിത്രകാരന്റെ ചിന്തകളെ, എഴുത്തിനെ ചരിത്രസ്രോതസ്സുകള്‍ നിയന്ത്രിക്കുന്നു. ചരിത്രസ്രോതസ്സുകളുടെ അഭാവം മൂലം ഒരു ചരിത്രകാരന്‍ പറയാനാഗ്രഹിക്കുന്ന പല കാര്യങ്ങളും ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥ പലപ്പോഴുമുണ്ടാകുന്നു, സാധാരണക്കാരെപ്പറ്റി പറയുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ, ജീവന്റെ തുടിപ്പില്ലാതെ, ആളുകളുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കാതെ ചരിത്രമെന്നാല്‍ ഭരണകര്‍ത്താക്കളുടെ, ഭരണപരിഷ്ക്കാരങ്ങളുടെ കഥയായി ഭൂരിപക്ഷവും മനസ്സിലാക്കിപ്പോരുന്നു.
മുഖ്യധാരാചരിത്രത്തിനു പുറത്തുനില്‍ക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്റെ അനുഭവങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ ഇന്നും വലിയ ഇടം നേടിയിട്ടില്ല. എന്നാല്‍, അക്കാദമിക് ചരിത്രരചന പലപ്പോഴും പറയാതെ പോകുന്ന ചരിത്രത്തിന്റെ മറുവശം നോവലുകളും, സിനിമകളുമൊക്കെയാണ് പറയുന്നത്. ആഴത്തില്‍ ഗവേഷണവും വായനയും നടത്തിയെഴുതുന്ന നോവലുകള്‍ അത് പരാമര്‍ശിക്കുന്ന കാലഘട്ടത്തെ മനസ്സിലാക്കാന്‍ വളരെ ഗൌെരവപൂര്‍വം വായിക്കപ്പെടാറുമുണ്ട്. ചരിത്രചിന്തയില്‍ മലയാള നോവല്‍സാഹിത്യം അത്യാവശ്യം സമ്പന്നവുമാണ്. ദല്‍ഹി’ ഗാഥകളില്‍ എം മുകുന്ദനും ശ്രമിക്കുന്നത് അത് തന്നെയാണ്.
ചരിത്രത്തിലെ ചില ‘പ്രധാന’ മുഹൂര്‍ത്തങ്ങളെ സാധാരണക്കാരന്റെ കണ്ണുകൊണ്ട് നോക്കുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന ഒരു രീതി. ‘ദല്‍ഹി ഗാഥകള്‍’ ചെയ്യുന്നതും അതുതന്നെ. ദല്‍ഹിയിലേക്ക് കുടിയേറിവന്ന കുറെ സാധാരണ മലയാളികളുടെ ജീവിതത്തില്‍ നിന്നുകൊണ്ട് രണ്ട് ഇന്ത്യ^പാകിസ്ഥാന്‍ യുദ്ധങ്ങളും, ചൈന യുദ്ധവും, അടിയന്തരാവസ്ഥയും, തുടര്‍ന്നുള്ള ചേരികള്‍ ഒഴിപ്പിക്കലും, നിര്‍ബന്ധിത വന്ധ്യംകരണവും, ഇന്ദിര ഗാന്ധി വധവും, സിഖ്് കലാപവും തുടങ്ങി ദില്ലിയുടെ നിയോലിബറല്‍ കാലത്തേക്കുള്ള പരിണാമവും വരെ നോക്കിക്കാണാനാണ് ‘ദല്‍ഹി ഗാഥകള്‍’ ശ്രമിക്കുന്നത്.
മുഖ്യധാരചരിത്രം പറയുന്ന കുറെ സംഭവങ്ങളെ ചുറ്റിപ്പറ്റി, ദല്‍ഹിയില്‍ കുടിയേറി വന്ന കുറെ സാധാരണ മലയാളികളുടെ ജീവിതം മുന്നോട്ടുപോകുന്നു. പത്രപ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്‍, ഭാര്യ ലളിത, സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഫോര്‍ത്ത്ക്ലാസ്സ് ജീവനക്കാരി ദേവി (ഒരു ഇടതുപക്ഷ വിപ്ലവകാരിയുടെ വിധവ), മക്കള്‍ സെന്റ് സ്റീഫന്‍ കോളെജിലെ വിദ്യാര്‍ഥിയായ സത്യനാഥന്‍, കാണാതാവുന്ന സഹോദരി വിദ്യ, ജെഎന്‍യുവില്‍ പഠിക്കാന്‍ വന്ന് സിഗരറ്റുവലി, മദ്യപാനം തുടങ്ങിയവ ശീലമാക്കിയ നാട്ടിലെ നക്സല്‍ വിപ്ലവകാരിയുടെ മകള്‍ ജാനകിക്കുട്ടി (സക്കറിയ പണ്ട് പറഞ്ഞപോലെ ജാനകിക്കുട്ടിക്കും ജെഎന്‍യുവില്‍ ചേര്‍ന്നതോടെ വിവാഹം എന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നുണ്ട്!), അരാജകവാദിയായ ചിത്രകാരന്‍ നെന്മണ്ട വാസവപണിക്കര്‍ (ഹിപ്പി കാലം ഓര്‍ക്കുക), സിപിയിലെ ഒരു സാധാരണ ഹോട്ടലില്‍ കാബറെ നര്‍ത്തകിയും കോള്‍ ഗേളുമായ റോസിലി (റോസക്കുട്ടിയെന്നു നാട്ടിലെ പേര്‍), ദാസപ്പന്‍ എന്ന ബാര്‍ബര്‍, പലവിധ ജോലികള്‍ ചെയ്തുവരുന്ന കഥയിലെ കേന്ദ്രകഥാപാത്രവും രഹസ്യമായി നോവലെഴുതുന്നയാളുമായ സഹദേവന്‍ തുടങ്ങി കുറെ ആളുകളുടെ ജീവിതത്തില്‍ 1959 തുടങ്ങിയുള്ള ദില്ലിയില്‍ നടന്ന ചരിത്രസംഭവങ്ങള്‍ പ്രതിഫലിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തമെന്നു ചുരുക്കിപ്പറയാം. ഒപ്പം നഗരത്തില്‍ അന്നും ഇന്നുമുള്ള കൊടും ദാരിദ്യ്രത്തിന്റെ ചിത്രം കൂടി നോവലിസ്റു വരച്ചിടുന്നു.

ചരിത്രവുമായി മുഖാമുഖം
ഈ നഗരത്തിന്റെ ചരിത്രത്തോട് കഥയും കഥാപാത്രങ്ങളും സംവദിക്കുന്നു എന്ന തോന്നല്‍ കഥയിലുടനീളം കാണാം. എന്നാല്‍, മുഖ്യധാര ചരിത്രം പറയുന്ന ഉപരിപ്ലവതക്കപ്പുറം പോകാന്‍ ഈ നോവല്‍ ശ്രമിക്കുന്നതായി തോന്നുന്നില്ല. സിവില്‍ സര്‍വീസ് പോലുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ‘ദല്‍ഹി ഗാഥ’ വായിച്ചാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ പോള്‍ ബ്രാസ്സിന്റെ Politics of India Since Independence, ബിപന്‍ ചന്ദ്രയുടെ India Since Independence തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയാകും, നോവല്‍ പരാമര്‍ശിക്കുന്ന ചരിത്രസംഭവങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍! സഹദേവന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ പരിപാടിതന്നെ മുഖ്യധാര ചരിത്രകാരന്മാര്‍ പിന്നീട് എഴുതിവെച്ച കാര്യങ്ങള്‍ ഒരു ദൃക്സാക്ഷി വിവരണംപോലെ കാണുക എന്നതാണ്. ചില ഉദാഹരങ്ങള്‍ നോക്കുക:
സഹദേവന്‍ കണ്ട ഇന്തോചീന യുദ്ധം: ചൈന ഇന്ത്യയെ ചതിച്ചു എന്നറിഞ്ഞു ഹൃദയം തകര്‍ന്നു മരിക്കുന്ന ശ്രീധരനുണ്ണിയെന്ന ഇടതുപക്ഷവിപ്ലവകാരി സുഹൃത്തിന്റെ വീട്ടില്‍നിന്ന് സഹദേവന്‍ സ്വയം ചോദിക്കുന്നു: കോമ്റേഡ് ചൌ എന്‍ലായി, നീയെന്തിന് ഈ കടുംകൈ ചെയ്തു? ഞങ്ങള്‍ക്ക് വിളിച്ചാലും വിളിച്ചാലും തീരാത്തത്ര ദൈവങ്ങളുണ്ട്……അവരാരുടെയും ചിത്രങ്ങള്‍ ചുമരില്‍ വയ്ക്കാതെ നിന്റെ പടമാണ് ശ്രീധരനുണ്ണി ഇത്രയും കാലം അവിടെ ചില്ലിട്ടു തൂക്കിയത്. എന്നിട്ടും നീ ശ്രീധരനുണ്ണിയെ ചതിച്ചു. എന്തിനു ചൌഎന്‍ലായി? അങ്ങനെ സ്വയം സംസാരിച്ചശേഷം സഹദേവന്‍ ഒരു നിമിഷം ആ ഫോട്ടോവിന് മുന്‍പില്‍ നിശബ്ദനായി നിന്നു’. (പുറം 1819)
അടിയന്തരാവസ്ഥയിലെ സഹദേവന്‍: “ജങ്പുരയിലെ സഹദേവന്റെ മുറിയുടെ ചുമരില്‍ ജയപ്രകാശ് നാരായണന്റെ ചില്ലിട്ട ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. അതവിടെ വെയ്ക്കുമ്പോള്‍ അയാള്‍ ജെ.പിയെ നേരില്‍ കണ്ടിരുന്നില്ല. അതിനുശേഷം രണ്ടു തവണ സഹദേവന്‍ ജയപ്രകാശ് നാരായണന്റെ സാന്നിധ്യം അറിഞ്ഞു. അദേഹത്തെ നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ ശബ്ദംകേട്ടു…..ആവേശത്തോടെയാണ് സുഹൃത്തുക്കളോട് അയാള്‍ ആ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. (പുറം 303)
സഹദേവന്റെ ദല്‍ഹി ജീവിതം മിക്കപ്പോഴും ഇങ്ങനെയാണ്. ഹിന്‍ഡന്‍ എയര്‍ബയ്സില്‍ നിന്ന് ഒരു പോര്‍വിമാനം പറന്നുയരുമ്പോള്‍ത്തന്നെ ‘രണ്ടാം ഇന്തോപാക്’ യുദ്ധം തുടങ്ങിയെന്നു ഗണിച്ചറിയുന്ന തരത്തിലുള്ള ദീര്‍ഘവീക്ഷണമാണ് സഹദേവനുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു തലേരാത്രി തന്റെ സംസാരശേഷി നഷ്ടപ്പെടുന്നതായി സഹദേവന്‍ സ്വപ്നം കാണുന്നു. സഹദേവന്റെ ദുസ്വപ്നത്തിലൂടെ അടിയന്തരാവസ്ഥയും തുടങ്ങുന്നു. അങ്ങനെ എല്ലാ ചരിത്രസംഭവങ്ങളുടെയും causes-course-consequences തുടങ്ങി, എന്തിനധികം, പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ സംഭവത്തിനു ചരിത്രകാരന്മാരിടാന്‍ പോകുന്ന പേരുവരെ സഹദേവനറിയാം. അതെല്ലാം സംഭവം നടക്കുന്ന മുറക്ക് നോവല്‍ രൂപത്തില്‍ അന്നന്ന് എഴുതിയും വെയ്ക്കും.
സഹദേവനെപ്പോലെ തന്നെ ഒരു ചരിത്രസംഭവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കഴിവതും വേഗം ഓടിയെത്തേണ്ടതുള്ളതുകൊണ്ട് കുഞ്ഞികൃഷ്ണന്‍ മാഷിനും, സത്യനാഥനുമെല്ലാം അവരുടെ സ്വന്തമായ ജീവിതവും അനുഭവങ്ങളും ഇല്ലാതാവുന്നു. അവരുടെ അനുഭവങ്ങളില്‍ പലതും അവര്‍ ബിബിസി റേഡിയോവില്‍ നിന്നോ, പത്രങ്ങളില്‍ നിന്നോ അറിയുന്നു. പത്രം കിട്ടിയില്ല എങ്കില്‍ ഇവര്‍ക്കൊന്നും പട്ടിണിയല്ലാതെ വേറെ ഒന്നും ജീവിതാനുഭവമായില്ല. റോസിലി, ലളിത, ദേവി എന്നിവര്‍ പത്രവായന ഇല്ലാത്തവരും സ്ത്രീകളുമായതുകൊണ്ടുമായിരിക്കണം ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കുന്നില്ല. എന്തു സംഭവിക്കുന്നുവെന്ന് കാര്യമായി മനസ്സിലാകാതെ എല്ലാം കരഞ്ഞുകൊണ്ടും അല്ലാതെയും അനുഭവിക്കുന്നവരാണ് ഈ പാവം സ്ത്രീകള്‍. ഭര്‍ത്താവ് വിപ്ലവകാരിയാണെങ്കില്‍ അവര്‍ ഭിത്തിയില്‍ തൂക്കിയിട്ട മാവോ, എകെജി, കൃഷണപിള്ള, ഇഎംഎസ്സ് തുടങ്ങിയവരുടെ ഫോട്ടോകള്‍ ഏതു വെല്ലുവിളി വന്നാലും സംരക്ഷിക്കുക എന്നതാണ് സ്ത്രീകളുടെ ജന്മലക്ഷ്യം.

ദല്‍ഹിയിലെ മഴ: ഫോട്ടോ: രഘു റായ്
പാട്ടിനൊപ്പം പാവകള്‍
സ്വതന്ത്ര ഇന്ത്യയുടെ കോണ്‍ഗ്രസ് നിര്‍മ്മിത ചരിത്രത്തില്‍ ജീവിച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് നോവലിലെ കഥാപാത്രങ്ങള്‍ ജനിക്കുന്നത്. മൊറാര്‍ജി ദേശായി, ചരണ്‍ സിങ് തുടങ്ങിയവരുടെ കാലത്തില്‍ തൊടാതെ കഥാപാത്രങ്ങള്‍ അടിയന്തരാവസ്ഥയില്‍ നിന്നു നേരെ ഇന്ദിരഗാന്ധി വധത്തിലേക്ക് ചാടുന്നു (ഒരു പക്ഷെ അവരുടെ കാലത്തെ നഗരത്തിനു ചരിത്രമുണ്ടാകില്ല!). ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുംമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന്‍ മാഷ് എന്ന പത്രപ്രവര്‍ത്തകന്‍ അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന്‍ എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു (അല്ലെങ്കില്‍ ദാസപ്പന്‍ ഡല്‍ഹിയില്‍ നില്‍ക്കുന്നതിന്റെ കാരണം കഥാകാരനുതന്നെ മനസ്സിലാകുന്നില്ല).
സത്യനാഥന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്റെ ലിംഗത്തെപ്പറ്റി വിവരിക്കുന്നിടത്ത് യുവാവാകുംമ്പോള്‍ വാസക്ടമി ചെയ്യാനുള്ള മുഖവുരയാണെന്ന തിരിച്ചറിവ് വായനയിലുടനീളം മനസ്സ് വിഷമിപ്പിക്കും. വാസു സിക്കുകലാപത്തില്‍ കൊല്ലപ്പെടാന്‍ വേണ്ടി സിഖുകാരെപ്പോലെ മുടിയും താടിയും നീട്ടി ഷാംപൂ ഇട്ടു മിനുക്കി നടക്കുന്നു. പറഞ്ഞുവന്നത് മുഖ്യധാര ചരിത്രത്തിനൊപ്പിച്ച് കഥാപാത്രങ്ങളെ ഉണ്ടാക്കിവെച്ചാല്‍ അതിനു ജീവനുണ്ടാകില്ല. പാട്ടിനൊപ്പം ചലിക്കുന്ന പാവകള്‍ പോലെയാകും അവരെല്ലാം. ഓര്‍ക്കുക, സീവിയുടെ ചന്ത്രക്കാറനെപ്പോലുള്ള അതിശക്തരായ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അവരിലൂടെ ചരിത്രത്തിന്റെ ഏടുകള്‍ ആളുകള്‍ ഓര്‍ക്കുന്നുമുണ്ട്. സഹദേവന്‍ ഒരു ജീവിതം മുഴുവന്‍ എടുത്തെഴുതിയ ദല്‍ഹി ഗാഥകള്‍ മയ്യഴിയുടെ മഹാനായ കഥാകാരന്റെ പേരില്‍ പ്രകാശനം നടത്താന്‍ ആഗ്രഹിക്കുന്ന അവസാനരംഗം വരുമ്പോള്‍ മാത്രമാണ് നോവലിന്റെ സിവില്‍ സര്‍വീസ് പരീക്ഷക്കാര്‍ക്ക് വേണ്ടിയുള്ള മുഖ്യധാര ചരിത്രവിജ്ഞാനത്തിനു വെളിയില്‍ വന്നു വായനക്കാര്‍ ഒന്ന് ഞെട്ടുന്നത്.

കൃത്യതയുടെ തോരണങ്ങള്‍
ഈ നോവലിന്റെ ശക്തി എന്ന് പറയുന്നതും ചരിത്ര വസ്തുതകളിലെ കൃത്യത നിലനിറുത്തി എന്നതാണ്. മദ്രാസ് വഴിയുള്ള കല്‍ക്കരി തീവണ്ടിയാത്രയില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള പെട്രോളിയം വണ്ടികളിലേക്കും, കുതിരവണ്ടികളുടെ കാലത്ത് നിന്നും ഓട്ടോറിക്ഷകളുടെ കാലത്തേക്കും കട്ടന്‍ ചായയില്‍ നിന്നും പെപ്സിയിലെക്കും നഗരം മാറുന്നത് നോവല്‍ കൃത്യമായി അളന്നെടുക്കുന്നുണ്ട്. സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയവയുടെ അതാതുകാലത്തെ പേരും നിറവുമെല്ലാം അണുവിട തെറ്റാതെ നോവലില്‍കാണാം. ഒപ്പം, ഗ്രാമങ്ങള്‍ ദല്‍ഹിയെന്ന നഗരത്തില്‍ അലിഞ്ഞുചേരുന്നതും ചെറുതായി പരാമര്‍ശിക്കുന്നു.
പക്ഷെ, ഈ അലിഞ്ഞുചേരലിന്റെ ഭാഗമായി മയൂര്‍വിഹാറില്‍ നിന്നും, പാലത്ത് നിന്നും, നെഹ്റു പ്ലേസില്‍ നിന്നുമെല്ലാംകുടിയിറക്കപ്പെട്ട ഗ്രാമീണര്‍ക്ക് എന്തുപറ്റിയെന്ന് അതുവരെ അവരുടെ ദാരിദ്യ്രമോര്‍ത്തു വേദനിക്കുന്ന സഹദേവന്‍ ആലോചിക്കുന്നതേയില്ല. ഒരു പക്ഷെ അപ്പോഴേക്കും അയാള്‍ക്ക് അടുത്ത സിവില്‍ സര്‍വീസ് ചരിത്രപാഠത്തിനു സാക്ഷിയാകാന്‍ സമയമായിട്ടുണ്ടാവണം. ഹിന്ദി പ്രയോഗങ്ങള്‍ക്കും, ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കും, റോഡുകളുടെയും തെരുവുകളുടെയും സ്ഥപനങ്ങളുടെയും പേരുകള്‍ക്കും പുറംകാഴ്ചയുടെ വിവരണങ്ങള്‍ക്കുമപ്പുറം, നഗരത്തിന്റെ ജീവിതത്തിനുള്ളിലേക്ക് ആഴ്ന്നുചെല്ലാന്‍ കാര്യമായ ശ്രമമൊന്നും നോവല്‍ നടത്തുന്നില്ല. മുഖ്യധാര ചരിത്രത്തിന്റെ അച്ചിലിടാതെ നഗരവാസികളുടെ, അവരുടെ കഷ്ടപ്പാടിന്റെ, ദാരിദ്യ്രത്തിന്റെ കഥ പറയുന്നതെങ്ങനെ എന്നറിയാന്‍ ഏറെ ദൂരെയൊന്നും പോവേണ്ടതില്ല. പോഞ്ഞിക്കര റാഫിയുടെ കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ചെറുനോവലുകള്‍ വായിച്ചാല്‍ മതിയാകും.

ഫോട്ടോ: രഘു റായ്
നോവല്‍ചുവരിലെ ഛായാചിത്രങ്ങള്‍
ഒരു ദല്‍ഹി മലയാളിക്ക് ഈ നോവലില്‍ പറയുന്ന സ്ഥലപ്പേര് കേട്ടാല്‍, അല്ലങ്കില്‍ ഏതെങ്കിലും ഹിന്ദിവാക്ക് കേട്ടാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ പറ്റിയേക്കും. പക്ഷെ, നോവല്‍ എഴുതിയത് ദല്‍ഹി മലയാളികള്‍ മാത്രം വായിക്കാനല്ലല്ലോ. ഇന്ത്യാഗേറ്റും, രാഷ്ട്രപതി ഭവനും ടിവിയിലും പത്രത്തിലും എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ അതിനപ്പുറത്തുള്ള ദല്‍ഹിയെപ്പറ്റി ആളുകള്‍ക്ക് പറഞ്ഞുതന്നെ കൊടുക്കണം. അതിന് ഈ പാവം കഥാപാത്രങ്ങള്‍ നെഹ്രുവിനെയും, ഇന്ദിരയെയും, ജയപ്രകാശ് നാരായണനെയും കണ്ടതുകൊണ്ടോ, എകെജിയുടെയും ഇഎംഎസ്സിന്റെയും, പടം ഭിത്തിയില്‍ തൂക്കി ഒരു എഫകട് വരുത്തിയത് കൊണ്ടോ പറ്റുമെന്ന് തോന്നുന്നില്ല. എഴുതി നന്നാക്കാമായിരുന്ന ഒരു കഥാതന്തു ഈ നോവലിനുണ്ട്. അതുമാത്രമാണ് ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ ആളുകള്‍ക്ക് നല്‍കുന്ന ഒരേയൊരു പ്രേരണ.
ഉത്തരകേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെപ്പറ്റിയാണ് മയ്യഴിയുടെ കഥാകാരന്റെ അടുത്ത നോവല്‍ എന്ന് പത്രത്തില്‍ വായിച്ചു. അത് ഒരു ജനതയുടെ ചരിത്രമാണെന്നു നോവലിസ്റ്റ് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നിട്ടും എനിക്കിഷ്ടം.
ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. -ഉത്തരേന്ത്യന്‍ കൊടുംശൈത്യം 131 ജീവനുകള്‍ കവര്‍ന്ന വാര്‍ത്തകള്‍ക്കിടെ, ഡല്‍ഹിയും മൃതശൈത്യവും തമ്മിലുള്ള വിചിത്ര ബന്ധങ്ങള്‍ വകഞ്ഞെടുക്കുന്നു, ജസ്റ്റിന്‍ മാത്യു

photo courtesy: Kevin Frayer
ഡല്‍ഹി കമ്പിളിപ്പുതപ്പിലേക്ക് ഉള്‍വലിയുന്ന കാലമാണിത്. മഞ്ഞുമൂടിയ വഴികളും, കനത്ത മൂടല്‍ മഞ്ഞില്‍ വൈകിയോടുന്ന തീവണ്ടികളും, വഴിയരുകില്‍ വട്ടംകൂടിയിരുന്നു തീ കായുന്ന ജനവും, മുണ്ടും ഷര്‍ട്ടും മീതെ കമ്പിളിക്കുപ്പായവുമിട്ട് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാരും, ചൂടുചായയില്‍ കൈയമര്‍ത്തിപ്പിടിച്ചു ഓഫിസിലേക്ക് ബസ് കാത്തു നില്‍ക്കുന്നവരുമൊക്കെ ഈ നഗരത്തിന്റെ ശൈത്യകാലകാഴ്ച്ചകളാണ്. അമ്പതു ഡിഗ്രി ചൂടില്‍ നിന്ന് പൂജ്യത്തിലേക്ക് ജീവിതം കൂപ്പുകുത്തുന്ന മാറിമറിയലാണ് ഉത്തരേന്ത്യന്‍ ശൈത്യം. ആഹാരരീതികളും, വസ്ത്രരീതികളുമൊക്കെ മാറ്റി, സന്നാഹങ്ങള്‍ ഒരുക്കി തണുപ്പിനെതിരെ ഒരു യുദ്ധ പ്രഖ്യാപനം.
അവരുടെ തണുപ്പുനാളുകള്‍
മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന പഴയ ഒരു ഡയലോഗ് പോലെയാണ് തണുപ്പത്തു ഡല്‍ഹി ജീവിതം. ക്രിസ്മസ് വിളക്കുകളും, ഭംഗിയുള്ള കമ്പിളിക്കുപ്പായങ്ങളും, നെരിപ്പോടുകളും, റൂം ഹീറ്ററുകളും, ചൂടുള്ള റൊട്ടിയും ദാലും, ഉണങ്ങിയെടുത്ത പഴങ്ങളുമൊന്നുമല്ല ഉത്തരേന്ത്യന്‍ ശൈത്യം. താപനില പൂജ്യത്തിലേക്ക് താഴുമ്പോള്‍ വഴിയോരങ്ങളിലെ ചേരികളിലും തെരുവിലും ജീവിതം നയിക്കേണ്ടിവരുന്ന ഈ നഗരത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാവുന്നതാണ് ശൈത്യം. വളര്‍ത്തുപട്ടിക്കു വേണ്ടി ആയിരങ്ങള്‍ മുടക്കി തണുപ്പ് കുപ്പായങ്ങള്‍ വാങ്ങുന്നവരുടെ നഗരത്തില്‍ത്തന്നെയാണ് ഒരു മുഷിഞ്ഞ കമ്പിളിപ്പുതപ്പിനു വേണ്ടി കൂട്ടുകാരനെ കൊല്ലേണ്ടി വരുന്നത്. കോമണ്‍വെല്‍ത്ത് കായികമേള നടക്കുമ്പോള്‍ നഗരം സുന്ദരമാക്കാന്‍ ചേരിനിവാസികളെ ഇറക്കിവിട്ടത് ഡിസംബര്‍-ജനുവരിയിലെ കൊടും തണുപ്പിലേക്കായിരുന്നു. നഗരം അന്‍പതും അറുപതും നിലകളിളിലേക്ക് കെട്ടിപ്പൊക്കുമ്പോള്‍ നൂറുരൂപയില്‍ താഴെ ദിവസ വേതനത്തിന് അത് പണിതുയര്‍ത്തിയവര്‍ വഴിവക്കില്‍ തണുത്തുമരിക്കുന്നു. കൊടുചൂടില്‍ വീടില്ലാത്തവന് തണലാകുന്ന മേല്‍പ്പാലങ്ങള്‍ ശൈത്യകാലത്ത് ഒരു മഞ്ഞുപാളിപോലെ തണുത്തുറയും. അസ്ഥി തുളക്കുന്ന തണുപ്പിനെതിരെയാണ് എട്ടുവയസ്സുകാരന്‍ രാമു അതിനടിയിലിരുന്നു ബീഡി വലിച്ചുതള്ളുന്നത്. മൂക്കിലേക്ക് ആഞ്ഞുവലിച്ചു ഷൂപോളിഷാണ് അവന്റെ സ്വെറ്ററും ജാക്കറ്റും.
ഇന്ത്യ സൂപ്പര്‍ പവറായിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ദാരിദ്യ്രത്തിനു രേഖവരയ്ക്കുന്ന മന്‍മോഹന്‍-മൊണ്ടേഗുമാര്‍ കാണാത്ത ഒരു മരവിപ്പ് ഈ വാക്കുകള്‍ക്കുണ്ട്. കാരണം, ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് ചുറ്റും രാത്രിയിലുള്ളത് ആയുധധാരികളായ പട്ടാളക്കാരല്ല; വീടില്ലാത്ത ആയിരങ്ങളാണ്. ചെങ്കോട്ട അവര്‍ക്ക് അന്യംവന്ന ഒരു മഹാസാമ്രജ്യത്തിന്റെ ചരിത്രമല്ല. മറിച്ച് ചെങ്കല്ലുകള്‍ക്ക് ശീതക്കാറ്റിനെ തടയാനുള്ള കഴിവാണ്.

courtesy: daylife
തണുത്ത ചരിത്രം
ശൈത്യം ഡല്‍ഹിയുടെ വര്‍ത്തമാനത്തില്‍ മാത്രമല്ല, ചരിത്രത്തില്‍ പലയിടങ്ങളിലും ഉറഞ്ഞുകിടക്കുന്നുണ്ട്. 1731ല്‍ കൊടും ശൈത്യവും പ്ലേഗും നഗരത്തെ ഒരുമിച്ചു ബാധിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ചെമ്പുപാത്രത്തില്‍ നിറച്ചുവെച്ച വെള്ളം വരെ മഞ്ഞുകട്ടയായി തീര്‍ന്ന ജലരഹിത പ്ലേഗുരാത്രികള്‍. ഗാലിബിന്റെ ഗസലുകളില്‍ കോളറയും കടുത്തപനിയും ബാധിച്ച നഗരചിത്രങ്ങള്‍ കടന്നുവരുന്നുണ്ട്. 1857ലെ കലാപത്തിന്റെ പേരില്‍ നഗരവാസികളെ ബ്രിട്ടിഷ് പട്ടാളം ശിക്ഷിക്കുന്നത് അവരെ ജനുവരിയിലെ കനത്ത തണുപ്പിലേക്ക് കുടിയിറക്കിക്കൊണ്ടായിരുന്നു. നഗരത്തിനു പുറത്തുള്ള ഗ്രാമങ്ങളില്‍ തണുപ്പ് മാറ്റാന്‍ വഴികാണാതെ നഗരവാസികള്‍ മരവിച്ചു മരിച്ചുകൊണ്ടിരുന്നു. ഇത് കലാപത്തിന്റെ അധികമാരും പറയാത്ത ഒരു തണുത്ത ചരിത്രം. പിന്നീട് 1911ല്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് പറിച്ചുനടുമ്പോള്‍ ബ്രട്ടിഷുകാര്‍ ഈ തണുപ്പിനെ ഇഷ്ട്പ്പെട്ടിരുന്നു. (അവര്‍ ആകെ വെറുത്തിരുന്നത് ഇന്ത്യയിലെ മനുഷ്യരെയും ഇവിടുത്തെ കൊടും ചൂടിനെയും മാത്രമാകും). തലസ്ഥാനം മാറ്റുന്ന ചടങ്ങ് നടന്നത് തന്നെ ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ഒരു പക്ഷെ ഡല്‍ഹി തലസ്ഥാനമാകാനുള്ള ഒരു പ്രധാന കാരണം അവര്‍ ഇഷ്ടപ്പെടുന്ന തണുപ്പ് തന്നെയാവണം. തണുപ്പുകാലത്ത് ആറുമാസം ഡല്‍ഹിയിലും പിന്നെ ചൂടുകാലത്ത് ആറുമാസത്തേക്ക് ഷിംല എന്ന വേനല്‍ക്കാല സുഖവാസ കേന്ദ്രത്തിലുമായിരുന്നു കോളനിവാഴ്ച്ചക്കാലത്തെ രാജ്യ തലസ്ഥാനം.

illustration: prabha zacharias
വിഭജനവും തണുപ്പും
1947ലെ വിഭജനത്തിനു ശേഷവും തണുപ്പ് ചരിത്രം ആവര്‍ത്തിച്ചു. നാടും വീടും നഷ്ടപ്പെട്ട് ഡല്‍ഹിയിലെ അഭയാര്‍ഥിക്യാമ്പുകളില്‍ എത്തിയവരെ കാത്തിരുന്നത് കൊടും തണുപ്പായിരുന്നു. പുരാന കിലയിലും (പഴയ കോട്ട), കിങ്ങ്സ്വേ ക്യാമ്പിലുമൊക്കെ ജനം തണുത്തു വിറച്ചു. 1971ലെ ഇന്ത്യപാക് യുദ്ധം തുടങ്ങുന്നതും ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ബാബരിപ്പള്ളി പൊളിച്ചുമാറ്റുന്നതും ഒരു തണുത്ത ഡിസംബറില്‍ ആയിരുന്നു. കലാപങ്ങളും യുദ്ധങ്ങളും എന്തുകൊണ്ടോ തണുപ്പിനെ ഇഷ്ടപ്പെട്ടു. എല്ലാ കലാപങ്ങളിലും, യുദ്ധങ്ങളിലും, വിഭജനങ്ങളിലും വീടുവിട്ടിറങ്ങി അഭയാര്‍ഥിയാകേണ്ടി വരുന്നത് സാധാരണക്കാരനാണ്. അവരുടെ കൊടുംതണുപ്പിന്റെ ചരിത്രം മൂടല്‍മഞ്ഞിനപ്പുറം കാണാതെ പോകുന്നു. യൂറോപ്പിലെ ചരിത്രപുസ്തകങ്ങളില്‍ പലതിലും വേനല്‍ക്കാലം, ശൈത്യകാലം എന്നീ വേര്‍തിരിവ് വ്യക്തമായി കാണാം. കാരണം, ചരിത്രം മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത അനുഭവമാകുമ്പോള്‍ അതില്‍ കാലാവസ്ഥക്കും പ്രാധാന്യമുണ്ട്. എന്തുകൊണ്ടോ നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ ഈ വേര്‍തിരിവ് അത്ര പ്രധാനമല്ല.. ഒരു പക്ഷെ ഗാന്ധിയും, ജിന്നയും, നെഹറുവും, തിലകനും, റായിയുമൊന്നും കണ്ട തണുപ്പിന് ചരിത്രത്തില്‍ അത്ര പ്രധാന്യമുണ്ടാകില്ല. മാര്‍ച്ച് മാസത്തിലെ ഉപ്പ് സത്യഗ്രഹവും, ഓഗസ്റില്‍ നടന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഉത്തരേന്ത്യയിലെ മിതമായ കാലാവസ്ഥയില്‍ നടന്നതായിരുന്നു. ചരിത്രം സാധരണക്കാരനിലേക്ക് ഇറങ്ങുമ്പോഴാണ് അതിനു ചൂടും തണുപ്പുമുണ്ടാകുന്നത് .
ചില വെള്ളപ്പൊക്കങ്ങള്‍ മാറ്റിനിറുത്തിയാല്‍, മിതമായ കാലാവസ്ഥയില്‍, കലാപങ്ങളും, വിഭജനങ്ങളും, പടയോട്ടങ്ങളുമില്ലാതെ നൂറ്റാണ്ടുകളായി കഴിഞ്ഞവരുന്ന നമ്മള്‍ മലയാളികള്‍ക്ക് കാലാവസ്ഥ സാമൂഹപഠനത്തില്‍ അത്ര പ്രധാനമല്ല. ടിവി വാര്‍ത്തകളില്‍ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാര്‍ ഇടുന്ന കമ്പിളിക്കുപ്പായത്തിലൂടെയാണ് ഉത്തരേന്ത്യന്‍ ശൈത്യം കേരളത്തിലെത്തുന്നത്. നമ്മുടെ എംപിമാര്‍ കൊണാട്ട് പ്ലെസിലോ പഹാഡ് ഗഞ്ചിലോ സഹായികളെ പറഞ്ഞുവിട്ടു വാങ്ങുന്നതാവം അവരുടെ കമ്പിളിക്കുപ്പായങ്ങള്‍.. പാര്‍ലമെന്റിന്റെ സമ്മേളനം കഴിഞ്ഞു തിരികെ കേരളത്തിലെ ഉഷ്ണത്തിലേക്ക് തിരികെ പോകുമ്പോള്‍ അവര്‍ ആ കമ്പിളിക്കുപ്പായങ്ങള്‍ എന്ത് ചെയ്തിട്ടുണ്ടാവും?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍
ഡല്‍ഹിയില്‍ വന്ന
ബ്രിട്ടിഷ് ചരിത്രകാരന്റെ
ശൈത്യകാലക്കുറിപ്പ് :

ഡല്‍ഹിയിലെ ശൈത്യം
ഞാനിത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല, എനിക്കിത് താങ്ങാനാവുന്നുമില്ല.. എനിക്ക് തോന്നുന്നത് ഡല്‍ഹിയിലെ തണുപ്പ് പോലെ ലോകത്തില്‍ മറ്റൊന്നും ഇല്ലെന്നാണ്. ഇത് കഠിനമാണെന്നത് മാത്രമല്ല, ഇതിന്റെ സ്വഭാവഗുണം നിങ്ങളെ നിലംപരിശാക്കിക്കളയും.. മറ്റുസ്ഥലങ്ങളിലുള്ള വരണ്ട തണുപ്പ് ഉത്സാഹവും ഉന്മേഷവും ഇളക്കിവിടുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഇതൊരുതരം മരിച്ച തണുപ്പാണ്, നിങ്ങളെ അത് ഈര്‍പ്പമുള്ള ഒരു ശവമാക്കിമാറ്റും. അത് എല്ലായിടത്തും നുഴഞ്ഞുകയറും; ഏറ്റവും കട്ടിയേറിയ ഓവര്‍ക്കോട്ടിനുപോലും അതിനെ തടഞ്ഞുനിറുത്താനാകില്ല.. രാവിലെ പത്തുമണിമുതല്‍ അഞ്ചുമണിവരെയാണ് ഞാന്‍ ജീവിക്കുക; അപ്പോഴത്തെ കാലാവസ്ഥ ആനന്ദകരമാണ്. അപ്പോള്‍ ഞാന്‍ ചുറ്റും കറങ്ങിനടന്നു കാഴ്ചകള്‍ കാണുന്ന സമയമാണ്; എന്നാല്‍ ഞാന്‍ രാത്രി എഴുതാനിരിക്കുമ്പോഴാവട്ടെ,, എന്റെ തലച്ചോറ് ഉറഞ്ഞുപോകുന്നു. അത് പണിയെടുക്കാന്‍ വിസമ്മതിക്കുന്നു, എന്റെ കൈ പേന പിടിക്കാന്‍ മടിക്കുന്നു. ഞാന്‍ എന്റെ അവസാനത്തെ കത്ത് എങ്ങനെയെഴുതിയെന്നറിയാമോ? എന്റെ ജോലിക്കാരന്‍ മേശയില്‍ ഒരു പാത്രത്തില്‍ ചൂടുവെള്ളം നിറച്ചുകൊണ്ടേയിരുന്നു, ഓരോ വരി എഴുതിക്കഴിയുമ്പോഴും ഞാന്‍ എന്റെ വിരലിനെ ചൂടുവെള്ളത്തില്‍ മുക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ എങ്ങനെ എഴുതും? എന്നിട്ടിതാണോ നിങ്ങളുടെ പവിഴ തീരം? ഇംഗ്ലീഷ് ശൈത്യത്തെപ്പറ്റി ഞാന്‍ മേലില്‍ പരാതിപറയില്ല. (190-203)
LOVAT FRASER
(സ്കെച്ചും വിവര്‍ത്തനവും : പ്രഭ സക്കറിയാസ്)
(ശൈത്യവും കലാപങ്ങളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിനും മഹാഭാരതയുദ്ധം പോലും നടന്നത് ഉത്തരേന്ത്യന്‍ അതിശൈത്യകാലത്താണെന്നും ഓര്‍മ്മപ്പെടുത്തിയതിനും കെ എന്‍ അശോകിനോട് കടപ്പാട്)
ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു-ജസ്റ്റിന്‍ മാത്യു എഴുതുന്നു

'Romancing on the Delhi-Road\painting by rohit sharma
നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡിസംബര്‍ പന്ത്രണ്ടിനാണ് അന്ന് ഇന്ത്യ വാണ കൊളോണിയല്‍ തമ്പുരാക്കന്‍മാര്‍ കല്‍ക്കട്ടയെന്ന തുറമുഖനഗരത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ മണ്ണിലേക്ക് തലസ്ഥാനം പറിച്ചുനടാനുള്ള നടപടികള്‍ തുടങ്ങിയത്. ഡല്‍ഹിയായിരുന്നു അവരുടെ മനസ്സില്‍. ഒരുപാട് രാജവംശങ്ങളുടെയും, അധികാര കൈമാറ്റങ്ങളുടേയും, കലാപങ്ങളുടേയും, സ്വപനങ്ങളുടെയും മണ്ണിലേക്ക് തലസ്ഥാനത്തെ പറിച്ചുനടാനുള്ള ബ്രിട്ടിഷുകാരുടെ തീരുമാനം അത്ര ആകസ്മികമാണെന്ന് പറയാന്‍ കഴിയില്ല. അവര്‍ ഈ തീരുമാനത്തെ ആയിരംവട്ടം തിരിച്ചും മറിച്ചും ആലോചിച്ചിരുന്നു. എന്നുവേണം മനസ്സിലാക്കാന്‍. ഡല്‍ഹി എന്നു പറയുന്നത് അങ്ങനെ ഏതെങ്കിലും ഒരു സ്ഥലമൊന്നും ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഇന്ത്യന്‍ നഗരമായിരുന്നു ഡല്‍ഹി. ഡല്‍ഹി പിടിച്ചെടുക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഒരു നാടിനെ മുഴുവന്‍ പിടിച്ചെടുക്കുന്നതിനോ നഷ്ടപ്പെടുന്നതിനോ തുല്യമായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അതിശക്തരായിരുന്ന മറാത്തകളെ തോല്‍പ്പിച്ചു ഡല്‍ഹി സ്വന്തമാക്കുമ്പോള്‍ ബ്രട്ടിഷുകാര്‍ സ്വന്തമാക്കിയത് ഉത്തരേന്ത്യന്‍ സമതലത്തിനു മുഴുവനും മേലുള്ള അധികാരം തന്നെയായിരുന്നു. പിന്നീട് 1857ല്‍ കൊളോണിയല്‍ ഭരണത്തിനെതിരെ വിപ്ലവം നടത്തിയ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ പ്രധാന ലക്ഷ്യവും ഡല്‍ഹിയെ വരുതിയിലാക്കലായിരുന്നു. പല ചെറുപട്ടണങ്ങളില്‍നിന്നുമായി മെയ് ജൂണ്‍ മാസങ്ങളിലെ കൊടും ചൂടുപോലും വകവെയ്ക്കാതെ അനേകം കലാപകാരികള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുചെന്ന് ബഹദൂര്‍ഷ സഫറിന്റെ മുഗള്‍ സിംഹാസനം പുനഃസ്ഥാപിച്ചു. രണ്ടു പക്ഷത്തും ഭീകരമായ രക്തച്ചൊരിച്ചില്‍ നടന്നു. എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ വിജയം അധികകാലം നീണ്ടുനിന്നില്ല. ആ കലാപം അടിച്ചമര്‍ത്തിയശേഷം ബ്രിട്ടീഷുകാര്‍ മുഗള്‍ രാജാവിനെ നാടുകടത്തി.
എന്നാല്‍ അതിനുശേഷവും അവര്‍ ഡല്‍ഹിയെ പേടിക്കുന്നത് തുടര്‍ന്നു. ഈ നഗരം പൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞാലോ എന്നുപോലും അവര്‍ ആലോചിച്ചു. മുഗള്‍ പ്രതാപത്തിന്റെ ഓര്‍മ്മകള്‍ പോലും ശേഷിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.. പൂര്‍ണമായും തകര്‍ത്തില്ലെങ്കിലും പല കൊട്ടാരങ്ങളും, പുരാതന മോസ്ക്കുകളും, മനോഹരമായ മാര്‍ക്കറ്റുകളും തൂത്തെറിയപ്പെട്ടു. നഗരവാസികളെ അടിച്ചുപുറത്താക്കി, ചെങ്കോട്ടയിലെ മനോഹരമായ കൊട്ടാരങ്ങള്‍ തകര്‍ത്തെറിഞ്ഞ് നഗരം നിറയെ പട്ടാളക്യാമ്പുകള്‍ പണിതു. എങ്കിലും ബ്രിട്ടിഷ് ഭരണവര്‍ഗം കല്‍ക്കട്ടയില്‍ത്തന്നെ താമസം തുടര്‍ന്നു.

ഇന്ത്യാ ഗേറ്റ്:ഫോട്ടോ അശ്വതി സേനന്‍
തലസ്ഥാനം
എന്നാല്‍ എല്ലാ പരിമിതികള്‍ക്കും മുകളില്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ പിന്തുടര്‍ച്ച ഡല്‍ഹിയിലാണ് സാധൂകരിക്കപ്പെടുക എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെയവര്‍ യമുനയുടെ തീരത്തെ ഈ നഗരം തന്നെ തലസ്ഥാനമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ തകര്‍ത്തുകളഞ്ഞ നഗരത്തിലേക്ക് വീണ്ടും വന്നപ്പോഴേയ്ക്കും ബ്രിട്ടിഷ് സാമ്രാജ്യം പ്രതാപത്തിന്റെ കൊടുമുടി കയറിക്കഴിഞ്ഞിരുന്നു. പ്രതാപവും ഗാംഭീര്യവും ഒട്ടും കുറയ്ക്കാതെ ഒരു മനോഹര നഗരം തന്നെ അവര്‍ ഡല്‍ഹിയില്‍ പണിതീര്‍ത്തു. പിന്നീട് 1947ല്‍ ബ്രിട്ടിഷുകാര്‍ അധികാരം കൈമാറിയപ്പോള്‍ തലസ്ഥാനം എവിടെയെന്നു തീരുമാനിക്കാന്‍ സ്വതന്ത്ര ഇന്ത്യയുടെ സാരഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.. അപ്പോഴേക്കും അധികാരസിരാകേന്ദ്രമായി ഡല്‍ഹി ജനമനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.
പിന്നീടിങ്ങോട്ട് ഈ നഗരം ഒരു രാജ്യത്തിന്റെതന്നെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും തീരുമാനങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വരെ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി. മാറി. അധികാര വര്‍ഗത്തിന്റെ ശക്തമായ നിയന്ത്രണത്തിലായിയിരുന്നു എന്നും ഈ നഗരം. അധികാരമോഹികളും, ഉദ്യോഗസ്ഥരും, അക്കദമിക്കുകളും, പത്രക്കാരും, പട്ടാളക്കാരും, കലാകാരന്‍മാരും, കച്ചവടക്കാരും, ഭൂമി നഷ്ടപ്പെട്ട കര്‍ഷകരും അങ്ങനെ അങ്ങനെ രാജ്യത്തിന്റെ ഓരോ കോണില്‍നിന്നും ആയിരങ്ങള്‍ ദിവസവും ഉന്നതിതേടി ഈ നഗരത്തിലെത്തി ദില്ലിവാലകളായി അലിഞ്ഞു ചേര്‍ന്നുകൊണ്ടിരിക്കുന്നു.

ചെങ്കോട്ട:ഫോട്ടോ അശ്വതി സേനന്‍
മയൂര്‍വിഹാറിലെ കേരളം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോള്‍ എന്റെയുള്ളില്‍ ഈ നഗരത്തോട് വല്ലാത്ത ഒരു ഭയം നിറഞ്ഞിരുന്നു. അറിയാത്ത നാട്, അറിയാത്ത ഭാഷ, മൂത്രം നാറുന്ന പ്ലാറ്റ്ഫോം, മുണ്ടുടുത്തു മീശവെച്ച് വന്നിറങ്ങിയ ആളെ തുറിച്ചു നോക്കുന്ന പോര്‍ട്ടര്‍മാര്‍. ആദ്യ തോന്നല്‍ വരേണ്ടിയിരുന്നില്ല എന്നു തന്നെയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചുപോണം എന്ന ആഗ്രഹത്തില്‍ മലയാളത്തില്‍ കേരള എക്സ്പ്രസ്സ് എന്നെഴുതിയത് വീണ്ടും വീണ്ടും വായിച്ചു. റെയില്‍വേ സ്റേഷനില്‍ നിന്ന് പുറത്തുകടന്നു. ജെഎന്‍യുവിലേക്കുള്ള യാത്രയില്‍ ഓട്ടോ ഡ്രെെവര്‍ എന്തെല്ലാമോ പറഞ്ഞു. സുഗമ ഹിന്ദി പരീക്ഷയില്‍ എനിക്ക് കിട്ടിയ മാര്‍ക്കുകള്‍ വെറുതെയായിരുന്നെന്നു മനസ്സിലായി. വാങ്ങേണ്ടതിന്റെ ഇരട്ടി പണം വാങ്ങി ഓട്ടോക്കാരന്‍ തിരിച്ചുപോയി.. തുടര്‍ന്ന് ജെഎന്‍യുവിലെ ബ്രഹ്മപുത്രാ ഹോസ്റലിന് മുമ്പിലെ ധാബയില്‍ ഒരു ചായ ചോദിച്ചുകൊണ്ട് ,ഈ നഗരത്തില്‍ ഓരോ വര്‍ഷവും വന്നിറങ്ങുന്ന ലക്ഷങ്ങളുടെ കണക്കിലേക്ക് ഞാനും കയറിപ്പറ്റി.
മുനീര്‍ക്കയിലും സരോജിനിനഗറിലും പോയി പതുക്കെ പതുക്കെ തുണികള്‍ക്കും കമ്പിളിക്കുപ്പായത്തിനും വിലപേശിക്കൊണ്ട് ഹിന്ദി പറഞ്ഞു തുടങ്ങി, വസ്ത്രധാരണരീതികള്‍ മാറി, റൊട്ടിയും ദാലും സ്ഥിരമാക്കാന്‍ ശീലിച്ചു, കേരളത്തില്‍ അഭിമാനത്തോടെ കൊണ്ടുനടന്ന കട്ടിമീശ വെട്ടിയൊതുക്കി ചെറുതാക്കി. അതിനൊപ്പം വല്ലപ്പോഴും മലയാളികളുടെ പ്രിയസ്ഥലമായ ഐഎന്‍എ മാര്‍ക്കറ്റില്‍ പോയി കപ്പയും മീനും കഴിച്ചു. വീകെയെന്നും, വിജയനും, സക്കറിയയും, കാക്കനാടനും, മുകുന്ദനുമൊക്കെ എഴുതിയ ഡല്‍ഹിക്കഥകള്‍ വായിച്ച് എന്റെയും അനുഭവം എന്ന് ആവേശം കൊണ്ടു. ‘എന്റ നാട്’ എന്ന ഗൃഹാതുരത്വം കൊണ്ടുനടന്നു. തിയറ്റര്‍ പ്രിന്റില്‍ വരുന്ന മലയാളം സിനിമകള്‍ കണ്ടു. അപ്പോഴെല്ലാം കേരള എക്സ്പ്രസ്സ് അനേകം തവണ വന്നുപോയി കൊണ്ടിരുന്നു. പക്ഷെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എന്റെ യാത്രകളുടെ എണ്ണം പതിയെപ്പതിയെ കുറഞ്ഞുവന്നു. മയൂര്‍വിഹാര്‍ യാത്രകള്‍ പതുക്കെപ്പതുക്കെ പാലാ^തൊടുപുഴ റോഡായി മാറിക്കൊണ്ടിരുന്നു. ഈ നഗരത്തിനുള്ളില്‍ ഒരു കേരളം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ പതുക്കെ പതുക്കെ കണ്ടെത്തി, ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കേരളം മാത്രമല്ല, കാശ്മീരും, ഒറീസ്സയും, ടിബറ്റുമെല്ലാം കണ്ടെത്തി. എന്റെ ശീലങ്ങളും ഇഷ്ടങ്ങളുമെല്ലാം ഈ നഗരത്തില്‍ കണ്ടെത്തി മറ്റുള്ളവരെപ്പോലെ ഞാനും ഡല്‍ഹിക്കാരനായി.

Traffic At Chawri Bazar 1964\photo: raghu rai\ courtesy: raghu rai
വിഭജനത്തിന്റെ ഗാഢത
ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നോട് ആദ്യം ആവശ്യപ്പെട്ടത് ഡല്‍ഹിയുടെ ചരിത്രം പഠിപ്പിക്കാന്‍. ഡല്‍ഹിയെ വര്‍ണ്ണിച്ചുകൊണ്ട് ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉറുദുവാക്കുകള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നുകൊണ്ട് ഞാന്‍ തുടക്കമിട്ടു. പതുക്കെപ്പതുക്കെ ക്ലാസുമുറി മറ്റൊരു ഡല്‍ഹിയായി മാറി. പലനാടുകളില്‍ നിന്ന് കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊത്ത് ഞാന്‍ ഈ നഗരത്തിന്റെ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി. വിഭജനത്തിന്റെ ചരിത്രം പഠിപ്പിക്കുമ്പോള്‍ അതനുഭവിച്ചവരുടെ മൂന്നാം തലമുറയില്‍പ്പെട്ട എന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ ഞാന്‍ കേള്‍വിക്കാരനായി.
ഇന്ത്യ പാക് വിഭജന ചരിത്രത്തിനു മുന്‍പില്‍ വികാരധീനരായ കുട്ടികള്‍ നിരവധിയായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് ജീവിക്കുന്ന, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഉറ്റവരെപ്പറ്റി പലരും ഓര്‍മ്മിച്ചു. അതിര്‍ത്തികള്‍ കൊണ്ട് രക്തത്തിനു ഗാഢത കുറയുമോ എന്നു വാചാലരായി. വിഭജനം നമ്മള്‍ മലയാളികള്‍ക്ക് ഒരു ചരിത്രം മാത്രമാകുമ്പോള്‍ ഇവിടെ അത് ഹൃദയം വിഭജിക്കുന്നതിന്റെ വേദനയാണ്. ഗാലിബിന്റെ ഗസലുകളില്‍ മുഗള്‍ ദില്ലി ബ്രിട്ടീഷ് ഡല്‍ഹിയാവുന്നതിലെ വേദനയുടെ ചരിത്രം ഞങ്ങള്‍ വായിച്ചു. കലാപങ്ങളുടെയും, പ്രണയങ്ങളുടെയും, ഒളിച്ചോട്ടങ്ങളുടെയും, കുടിയിറക്കലുകളുടെയും എഴുതപ്പെടാത്ത വാമൊഴികള്‍ പരസ്പരം പറഞ്ഞു. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് സിക്കുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസം പേടിയോടെ ഓര്‍ത്തു. കലാപത്തില്‍ കൊല്ലപ്പെട്ട ഒരു സര്‍ദാര്‍ജിയുടെ കൊച്ചുമകള്‍ തീയും പുകയും മൂടിയ കൂട്ടക്കൊലകളുടെയും വിലാപങ്ങളുടെയും ഒരു പകല്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വിവരിച്ചു. ന്യൂ ഡല്‍ഹിയുടെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ആ കഥകളില്‍ ചിലതൊക്കെ പല തവണകളായി ഇവിടെ പറയാമെന്നു കരുതുന്നു.
അധികാരത്തിന്റെ നൂറു വര്‍ഷങ്ങള്‍
ഡല്‍ഹിയുടെ നൂറാം വാര്‍ഷികത്തിന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ചിത്രങ്ങളും നോക്കുക, ഒരു നഗരത്തിന്റെ ചരിത്രം അതിന്റെ ചരിത്രസ്മാരകങ്ങളെ വെച്ച് വിവരിക്കപ്പെടുന്നു. കൊണാട്ട് പ്ലെയ്സും, രാഷ്ര്ട്രപതിഭവനും, സെന്‍ട്രല്‍ സെക്രട്ടറിയേറ്റുമൊക്കെ പത്രത്താളുകളില്‍ നിറയുന്നു. അത് ഡല്‍ഹിയുടെ വിധിയാണ്. കൊച്ചിക്ക് കച്ചവടവും, തിരുവനന്തപുരത്തിനു കൊട്ടാരങ്ങളും, ബോംബെക്ക് തുണിമില്ലുകളും പോലെയാണ് ഡല്‍ഹിക്ക് അധികാരവും അത് വിളിച്ചോതുന്ന സ്മാരകങ്ങളും.
നഗരകേന്ദ്രിതമായ അധികാരം എല്ലാ കാലവും വലിയ വലിയ സ്മാരകങ്ങള്‍ പണിതുയര്‍ത്തി ആളുകളെ പേടിപ്പിച്ചു നിറുത്തും. ഇന്ത്യ ഗേറ്റില്‍ നിന്ന് രാഷ്ട്രപതിഭവന്‍ വഴി തീന്‍മൂര്‍ത്തിയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ നമ്മള്‍ പോലുമറിയാതെ അതുവരെയില്ലാത്ത ഒരച്ചടക്കം ഉള്ളില്‍ കയറി അറ്റന്‍ഷനായി നില്‍ക്കും. അധികാരത്തിന്റെ കനത്തില്‍ ചരിഞ്ഞ ഗോപുരവും ചരിത്രത്തിനിടയില്‍ എപ്പോഴോ വക്ക് പൊട്ടിപ്പോയ കൊളോസിയവും പോലെ ഇവിടെ നമുക്ക് മുമ്പില്‍ കുതബ്മിനാറും, ഇന്ത്യഗെയ്റ്റും ഹുമയൂണിന്റെ കല്ലറയും ഒപ്പം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊക്കെ കാണാന്‍ പറ്റിയല്ലോ എന്ന നിര്‍വൃതിയില്‍ തിരിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യരും…

Woman Cart Pusher Delhi-1979\photo: raghu rai\ courtesy: raghu rai
ചരിത്രനഗരങ്ങള്‍
ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു.
പുരാതന കാലം തുടങ്ങി അധികാരത്തിനു പ്രിയപ്പെട്ട സ്ഥലമായി ഡല്‍ഹി മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം തന്നു നിറഞ്ഞൊഴുകുന്ന യമുന, ഉത്തരേന്ത്യന്‍ സമതലത്തിന്റെ ഹൃദയ സ്ഥാനം, ഫലഭൂയിഷ്ഠമായ മണ്ണ്, കോട്ടകള്‍ നിര്‍മ്മിക്കാനുള്ള ചെങ്കല്ലിന്റെ ലഭ്യത, തൊട്ടടുത്ത രാജസ്ഥാനില്‍ സുലഭമായ മാര്‍ബിള്‍ ഇതെല്ലാം ഡല്‍ഹിയെ ഭരണനഗരമെന്ന രീതിയില്‍ ആകര്‍ഷകമാക്കി. അതിനെക്കാളെല്ലാം മുകളില്‍ തെക്ക് യമുനയും, വടക്ക് വന്‍ മലനിരകളും പടിഞ്ഞാറ് മരുഭൂമിയും തീര്‍ക്കുന്ന ശക്തമായ കോട്ട ഡല്‍ഹിയിലെ ഭരണവര്‍ഗത്തെ എന്നും സംരക്ഷിച്ചിരുന്നു. പതുക്കെപ്പതുക്കെ ഡല്‍ഹി നിയന്ത്രിക്കുന്നവര്‍ തലപ്പത്തുള്ളവരും അല്ലാത്തവര്‍ സാമന്തന്‍മാരും എന്ന രീതിയിലായി കാര്യങ്ങള്‍.

ഫോട്ടോ: അശ്വതി സേനന്‍
പെരുന്തച്ച വികൃതി
1911ല്‍ ബ്രിട്ടിഷ് വാസ്തുകലയിലെ അതികായന്മാരായിരുന്ന ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും ഒരു പുതിയ നഗരം പണിതുയര്‍ത്തുമ്പോള്‍ തിരഞ്ഞെടുത്തത് തെക്ക് സുല്‍ത്താന്‍മാരും വടക്ക് പിന്നീടുവന്ന മുഗളന്‍മാരും പണിതീര്‍ത്ത നഗരത്തിനു നടുവിലുള്ള ഗ്രാമപ്രദേശങ്ങളായിരുന്നു.. കൃഷിക്കാരെയും ആദിവാസിവിഭാഗങ്ങളെയും കുടിയിറക്കി അവര്‍ ഒരു മനോഹര നഗരം പണിതീര്‍ത്തു. ഗ്രീക്കോ^ റോമന്‍^ ബ്രിട്ടിഷ് ^പേര്‍ഷ്യന്‍ നിര്‍മ്മാണ ശൈലികളുടെ ഒരു ഗംഭീര മിശ്രിതം. ഡല്‍ഹി സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികള്‍ പലരും അവര്‍ കണ്ടറിഞ്ഞിട്ടുള്ള മറ്റു പല കൊളോണിയല്‍ നഗരങ്ങള്‍ക്കും ലുട്ട്യന്‍സ് ഡല്‍ഹിയോടുള്ള രൂപസാദൃശ്യം കണ്ട് വിസ്മയിക്കാറുണ്ട്.
ദൂരെ നിന്ന് നോക്കിയാല്‍ മുഗള്‍ നിര്‍മ്മാണ ശൈലിയെ ഓര്‍മിപ്പിക്കുന്ന രാഷ്ര്ട്രപതിഭവനും കൊളോസിയത്തെ ഓര്‍മിപ്പിക്കുന്ന പാര്‍ലമെന്റും അടുത്തുവന്നാല്‍ വിക്ടോറിയന്‍ വാസ്തുകലയുടെ തനിപ്പകര്‍പ്പായി മാറുന്ന അത്ഭുതത്തിന്റെ പെരുന്തച്ചവികൃതിയാണ് ഡല്‍ഹി. ബ്രിട്ടിഷ് സാമ്രാജ്യത്തിനു എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊളളാനാവുമെന്നു പറയാതെ പറയുന്ന കെട്ടിടങ്ങള്‍. ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും പണിതുയര്‍ത്തിയത് കേവലം ഒരു കോളനിയുടെ തലസ്ഥാനമായിരുന്നില്ല. മറിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ഭരണകേന്ദ്രം തന്നെയായിരുന്നു. അത് പണിയാനായി അവര്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളും ചില്ലറയല്ല.
അതിന്റെ ചരിത്രം ഇനിയൊരിക്കല്‍ പറയാം.
നാളെ ഒരു ചരിത്രവിദ്യാര്‍ഥി നമ്മുടെ തലമുറയെപ്പറ്റി പഠിക്കുമ്പോള്‍ ആദ്യം കിട്ടുന്ന തെളിവുകള്‍ ടിവി ചാനലുകളുടെ ആര്‍ക്കൈവ്സും കുറെ മലയാള പടങ്ങളുമൊക്കെത്തന്നെയാവും. നമ്മള്‍ ജീവിച്ച ജീവിതം ഇതില്‍നിന്നൊക്കെ അവര്‍ക്ക് കിട്ടുമോ?-ജസ്റ്റിന്‍ മാത്യു എഴുതുന്നു

കേരളത്തില്‍ ജനിച്ച, മുപ്പത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള ആണുങ്ങള്‍ താഴെ കാണുന്ന ലിസ്റ്റ് ഒന്ന് നോക്കുക. അതില്‍ പറയുന്ന ഫോട്ടോകളും, തമാശുകളും സാഹിത്യകൃതികളും, യൂട്യുബ് വീഡിയോകളും ഒപ്പം അവയെപ്പറ്റി നടന്ന കുറെ ചര്‍ച്ചകളും മാത്രം വെച്ച് നമ്മുടെ മാനസ്സിക വ്യവഹാരത്തെയും ജീവിതത്തെയും വിലയിരുത്താന്‍ പറ്റുമോ എന്ന് നോക്കുക:
1. സീമയുടെ അവളുടെ രാവുകള്‍ എന്ന സിനിമയിലെ പ്രശസ്തമായ ചില രംഗങ്ങള്‍
2. സില്‍ക്ക് സ്മിത
3. പമ്മന്‍റെ നോവലുകള്‍
4. ഷക്കീല പടങ്ങള്‍ (അതിനെ വെല്ലുന്ന പല മുഖ്യധാര സിനിമകളും)
5. നമ്പൂതിരി ഫലിതങ്ങള്‍
6. മോണിക്ക ലെവിന്‍സ്കിയുടെ ‘വെളിപ്പെടുത്തലുകളുടെ’ മലയാള പരിഭാഷ
7. കാരണവര്‍ വധവും അതിന്‍റെ കാരണങ്ങളും തുടര്‍ന്ന് നടന്ന അറസ്റ്റുകളും സംബന്ധിച്ച വിശദവിവരങ്ങള്‍.
8. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും
9. രഞ്ജിനി ഹരിദാസിനെ ജഗതി കളിയാക്കിയ സാംസ്കാരികഭൂകമ്പം
10. പ്രിഥ്വിരാജ് വീരത്വം
11. മമ്മൂട്ടിയുടെ ‘ആണത്തം’
12. മോഹന്‍ലാല്‍ വക ‘തത്വശാസ്ത്രം’
ഈ ലിസ്റ്റ് ഇങ്ങനെ വലിച്ചുനീട്ടാം. ഇതൊക്കെയാണ് നമ്മള്‍ ജീവിക്കുന്ന കാലത്തെപ്പറ്റി ടിവിയിലും ഇന്റര്‍നെറ്റിലും ഏറ്റവും ‘സുലഭമായ’ വിവരങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ ഒന്നും വിടാതെ പിന്തുടര്‍ന്നിരുന്ന പണ്ടത്തെ സിനിമാവാരികകളുടെയും ആഴ്ച്ചപ്പതിപ്പുകളുടെയും ഇന്നത്തെ തുടര്‍ച്ച കേബിള്‍ ടിവി ചാനലുകളും ഓണ്‍ലൈന്‍ മാസികകളുമാണ്.
പത്തു വര്ഷം മുന്‍പുവരെ ആഴ്ചയില്‍ ഒരുവട്ടം മുറുക്കാന്‍കടയില്‍ പോയി വാങ്ങി വായിച്ചിരുന്ന ഇത്തരം സംഗതികള്‍ ഇന്ന് ഇരുപത്തിനാലുമണിക്കൂറും ആളുകളെ തേടിവന്നുകൊണ്ടേയിരിക്കുന്നു.
മുകളില്‍ പറഞ്ഞതരത്തിലുള്ള കുറെ ‘വാര്‍ത്തകള്‍’ വെച്ചിട്ടാണ് ‘മലയാളികളുടെ സാംസ്കാരിക പ്രശ്നങ്ങള്‍’ നമ്മുടെ ടി.വി ചാനലുകളും മാസികകളും ഓണ്‍ലൈന്‍ ഉരുപ്പടികളും രൂപപ്പെടുത്തുന്നത്. ഇതൊന്നും ഇടുക്കിയിലെ ഏലക്കാടുകളില്‍ പണിയെടുക്കുന്നവരുടെയോ, കൊച്ചിതുറമുഖത്തെ അനേകം തൊഴിലാളികളുടെ അനുഭവമല്ല, കൊല്ലത്ത് കയര്‍ പിരിക്കുന്നവരുടെയോ, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയോ, ഇടമലക്കുടിയിലെ ആദിവാസി ഊരുകളുടെയോ, വയനാട്ടിലെ കര്‍ഷകതൊഴിലാളിയുടെയോ, കേരളത്തില്‍ നിറയെയുള്ള അന്യദേശ തൊഴിലാളികളുടെയോ, കേരളത്തിനു പുറത്തുപണിയെടുക്കുന്ന അന്യദേശമലയാളിയുടെയോ പ്രധാനവാര്‍ത്തയല്ല.

നാളെ ഒരു ചരിത്രവിദ്യാര്‍ഥി നമ്മുടെ തലമുറയെപ്പറ്റി പഠിക്കുമ്പോള്‍ ആദ്യം കിട്ടുന്ന തെളിവുകള്‍ ടിവി ചാനലുകളുടെ ആര്‍ക്കൈവ്സും കുറെ മലയാള പടങ്ങളുമൊക്കെത്തന്നെയാവും. നമ്മള്‍ ജീവിച്ച ജീവിതം ഇതില്‍നിന്നൊക്കെ അവര്‍ക്ക് കിട്ടുമോ?
നരസിംഹറാവുവിന്റെയും, മന്മോഹന്റെയും പരിഷ്ക്കരണങ്ങള്‍ അംബാനിമാരെ ആകാശംമുട്ടെ വളര്‍ത്തുകയും, നമ്മളുടെ മുന്‍തലമുറ നടത്തികൊണ്ടിരുന്ന പലചരക്കുകടക്കു മുന്‍പില്‍ അവര്‍ സൂപ്പര്‍മാര്‍ക്കറ്റ് പണിയുകയും ചെയ്ത കാലത്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം സന്തോഷ് പണ്ഡിറ്റിന്റെ സിനിമയാണോ?
മലയാളികളുടെ ആസ്വാദനനിലവാരം തീരുമാനിക്കുനതിനുള്ള അവകാശം ഈ മാധ്യമ തമ്പുരാക്കന്‍മാര്‍ മൊത്തക്കച്ചവടത്തിനെടുത്തിരിക്കുകയാണ്. അവര്‍ തീരുമാനിക്കും എന്താണ് നമമുടെ ജീവിതമെന്ന്. എന്ത് കാണണമെന്ന്. എന്തു വായിക്കണമെന്ന്. എന്ത് അറിയണമെന്ന്. അതിനവര്‍ ‘അറിയാനുള്ള അവകാശം’ എന്നൊക്കെ വീമ്പു പറയുകയും ചെയ്യും.
സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയില്‍ ജനിച്ച ആളുകളുടെ സാംസ്ക്കാരിക പ്രശനങ്ങളും ആസ്വാദനനിലവാരവും. വ്യത്യസ്തമെന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ഓരോ പുതിയചാനലും അവരുടെ പ്രധാന സമയം നീക്കിവെയ്ക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം കാണിക്കുന്നത്. ഇത്തരം ചില സംഭവങ്ങളെ ചുറ്റിപ്പറ്റി ആളെ വിളിച്ചുകൂട്ടി ചര്‍ച്ചകള്‍ നടത്തിയും, തമ്മില്‍ തല്ലുണ്ടാക്കിയും കോമഡിപരിപാടികള്‍ ചെയ്തും വലിയ വാര്‍ത്താതരംഗങ്ങള്‍ ഉണ്ടാക്കിവിടുന്നതിന്റെ ആവശ്യമുണ്ടോ?
ഇത് പറയാനുള്ള കാരണം മലയാളത്തിലെ കേബിള്‍ടിവി ചാനലുകളിലും ഓണ്‍ലെന്‍ മാസികകളിലും വന്നുകൊണ്ടിരിക്കുന്ന ചില ‘പ്രധാന’ ചര്‍ച്ചകളാണ്.
രണ്ട് രീതിയിലാണ് പ്രധാനമായും മലയാളി സമൂഹ്യജീവിതത്തിപ്പറ്റിയുള്ള വിശകലനങ്ങള്‍ നടക്കുന്നത്.
ഒന്ന്, മലയാളി സംസ്ക്കാരം രഞ്ജിനി ഹരിദാസ്, സന്തോഷ് പണ്ഡിറ്റ്, പ്രിഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി ഏതാനും പേരുടെ കൈകളിലാണെന്നു തോന്നും വിധം വന്നുകൊണ്ടേയിരിക്കുന്ന ‘പഠനഗവേഷണങ്ങള്‍’.
ഇവരുടെ ക്രിയകളും, വിക്രിയകളുമാണ് ഒരു നാടിനെ നയിക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കപ്പെടുന്നത്. കഴിഞ്ഞ ഒരുമാസം മലയാളത്തിലെ ചാനലുകളില്‍ എത്രതവണയാണ് ‘മലയാളസിനിമയെ സന്തോഷ് പണ്ഡിറ്റ് പെരുവഴിയിലാക്കിയോ’ എന്ന പേരില്‍ ആളെ വിളിച്ചുകൂട്ടി തമ്മില്‍ തല്ലുണ്ടാക്കിയത്?
രണ്ട്, കേരളത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എങ്ങനെയാവണമെന്നും സദാചാര-അനാചാര പ്രശങ്ങളെ എങ്ങനെ നേരിടണമെന്നുമുള്ളതുമാണ്. ഗള്‍ഫുകാരന്റെ ഭാര്യയുടെ സദാചാരം കോട്ടം തട്ടാത്തതും, രഞ്ജിനി ഹരിദാസ് സാരിയുടുക്കുന്നതുമായ ഒരു സമത്വ സുന്ദര കേരളവുമാണ് ചാനല്‍ ചര്‍ച്ചകള്‍ മലയാളികള്‍ക്ക് വേണ്ടി സ്വപ്നം കാണുന്നത്.

‘കുഞ്ഞാലിക്കുട്ടിക്കേസ്’ ചര്‍ച്ച നടത്താന്‍ വേണ്ടി ഡിന്നര്‍ സമയ വാര്‍ത്തക്കിടയില്‍ അര മണിക്കൂര്‍ മാറ്റിവെയ്ക്കാന്‍ ചാനലുകള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. അത്രയ്ക്ക് വലുതാണ് മലയാളി ‘സദാചാരം’ നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകള്‍ വഹിക്കുന്ന പങ്ക്. റൌഫ് വാ തുറന്നാല്‍ അത് ബ്രേക്കിംഗ് ന്യുസാണ്. കുഞ്ഞാലിക്കുട്ടി സംഭവവും മറ്റും പിന്തുടരാന്‍ കാണിക്കുന്ന വ്യഗ്രത ഏതെങ്കിലും ഭൂസമരത്തിന്റെ കാര്യത്തില്‍ നമ്മുടെ ജനപ്രിയ ടിവികളും അവരുടെ താരമൂല്യമുള്ള അവതാരകരും, സ്ഥിരം ചര്‍ച്ചതൊഴിലാളികളും കാണിക്കുന്നുണ്ടോ എന്ന് നോക്കുക.
ശുംഭന്‍, പൊട്ടന്‍, മാക്രി തുടങ്ങി പല വാക്കുകളുടെയും അര്‍ത്ഥതലങ്ങളെപ്പറ്റി കൂലംകുഷമായി ആലോചിക്കുക, ചര്‍ച്ച നടത്തുക എന്നതാണ് ഏറ്റവും വലിയ സാംസ്കാരിക ഉത്തരവാദിത്വം. കേരളത്തെപ്പറ്റി ഗൌരവമായി പഠിക്കുകയും ആലോചിക്കുകയും ചെയ്യുന്ന എത്രപേര്‍ ഇത്തരം ചര്‍ച്ചകളില്‍ കാര്യഗൌരവമുള്ള അഭിപ്രായം പറയാന്‍ മുന്നോട്ടുവരും? വന്നാല്‍ത്തന്നെ ചാനല്‍ അവതാരകരുടെയും കുറെ സ്ഥിരം ചര്‍ച്ചതൊഴിലാളികളുടെയും’ വാചകക്കസര്‍ത്തിനുമുന്‍പില്‍ ഒന്നും മനസ്സിലാവാതെ ക്യാമറയില്‍ നോക്കിയിരുന്ന് കിട്ടുന്ന യാത്രപ്പടിയും വാങ്ങി വീട്ടില്‍പോകും.
പണ്ട് ക്ലാസ്സിക്കല്‍ ഗ്രീസിലെ അസംബ്ലികളില്‍ ഒരു രീതിയുണ്ടായിരുന്നു. അവിടെ ആര് സത്യം പറയുന്നു എന്നതിന് വലിയ വിലയൊന്നുമില്ല. മറിച്ച്, യുക്തികൊണ്ട് ആര് ആരെ പറഞ്ഞുതോല്‍പ്പിക്കുന്നു എന്നതിലാണ് കാര്യം. മലയാളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ കണ്ടിട്ട് ഇതേ അനുഭവം ഉണ്ടാകാത്തവര്‍ ഈ കുറിപ്പിന് താഴെ എന്നെ തെറിവിളിക്കട്ടെ.
കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്തവന്നു; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട്ടിലെ കര്‍ഷകര്‍ നടത്തുന്ന ആത്മഹത്യകള്‍ എല്ലാം കാര്‍ഷിക പ്രതിസന്ധി മൂലമല്ല എന്ന് ഉടന്‍ തന്നെ കേരള മുഖ്യമന്ത്രി. ചാനല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചു. എത്ര മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചോ പ്രതികൂലിച്ചോ വിശകലങ്ങള്‍ നടത്തി? എത്ര ചാനലുകള്‍ ഈ വാര്‍ത്തയെപ്പറ്റി ആധികാരികമായി പറയാന്‍ പറ്റുന്ന ആളുകളെ കണ്ടെത്തി ചര്‍ച്ച നടത്തി? നിങ്ങള്‍ ഒന്ന് കണക്കുകൂട്ടുക, കഴിഞ്ഞ ഒരു മാസമായി സന്തോഷ് പണ്ഡിറ്റിനും, മലയാളസിനിമക്കും കിട്ടിയ പ്രാധാന്യവും, ഇപ്പോള്‍ പറഞ്ഞതരത്തിലുള്ള വാര്‍ത്തക്ക് കിട്ടിയ പ്രാധാന്യവും.
ചൂടന്‍ വാര്‍ത്തകളുടെ സമ്പദ്ശാസ്ത്രം
മലയാളത്തിലെ ഒരു പുരോഗമനചാനല്‍ എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ‘ഇന്ത്യവിഷനില്‍’ കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു പ്രധാന വാര്‍ത്ത വന്നു. കേരളത്തില്‍ വന്നു ജോലിചെയ്യുന്ന ഒരു അന്യദേശതൊഴിലാളി കോട്ടയം മെഡിക്കല്‍കോളേജിന്‍റെ വരാന്തയില്‍ ചികിത്സകിട്ടാതെ മരിച്ചു. വ്യക്തിപരമായ ആവശ്യങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യവിഷന്‍ ക്യാമറമാന്‍ മരിച്ച പത്തൊന്‍പതു വയസ്സുകാരന്‍റെ കൂടെയുള്ള ചെറിയകുട്ടി എങ്ങനെയാണ് ആശുപത്രിവരാന്തയിലിരുന്ന് കൃത്രിമശ്വാസോച്ഛാസം കൊടുക്കുന്നതെന്നും കുട്ടി തളര്‍ന്നുറങ്ങിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ വലിച്ച് മരണത്തോട് മല്ലിടുന്നതുമായ രംഗങ്ങള്‍ ഉറക്കമിളച്ച് പകര്‍ത്തി ചൂടന്‍ വാര്‍ത്തയായി കൊടുക്കുകയും, ചാനല്‍ ഒന്‍പതുമണി വാര്‍ത്തയില്‍ അര മണിക്കൂര്‍ മാറ്റിവെച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. മലയാളി എന്തുകൊണ്ട് മനുഷ്യത്വമില്ലാത്തവരായി എന്ന് നെഞ്ചത്തടിച്ചു കരഞ്ഞു. (ക്യാമറ താഴെവെച്ച് അന്യനാട്ടുകാരനെ രക്ഷിക്കാന്‍ ആശുപത്രി അധികാരികളെ കാണാമായിരുന്ന ക്യാമറാമാന്‍റെ ‘മനുഷ്യത്വം’ പറഞ്ഞുതേഞ്ഞ ഒരു വിഷയമായതുകൊണ്ട് വീണ്ടും പറയുന്നില്ല).

ചാനലിലെ പ്രധാന വാര്‍ത്തയായി ഇത് അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ‘അരമണിക്കൂര്‍’ വന്‍ ചര്‍ച്ച നടന്നു. രാഷ്ട്രിയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ തന്നെ പങ്കെടുത്തു. എല്ലാവരും അന്യദേശ തൊഴിലാളികളെയോര്‍ത്തു കണ്ണീര്‍ വാര്‍ത്തു. പക്ഷെ, ആ ചൂടന്‍ വാര്‍ത്തകള്‍ക്ക് ശേഷം എന്ത് സംഭവിച്ചു? മുകളില്‍ പറഞ്ഞ ചാനല്‍ അതിനുശേഷം എത്ര പരിപാടികള്‍ ഇതിനു തുടര്‍ച്ചയായി കൊടുത്തു? ആ വാര്‍ത്തയെ പിന്തുടര്‍ന്ന് എത്ര മാധ്യമങ്ങള്‍ ആളെവിളിച്ചു കൂട്ടി ചര്‍ച്ച നടത്തി? പ്രിഥ്വിരാജിന്‍റെ ഭാര്യയുടെ നാവില്‍നിന്ന് വീണ ഒരു
വാചകമാവട്ടെ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ചാനലുകളും, ചില മുന്‍നിര പത്രങ്ങളും വ്യാകുലപ്പെടുന്നപോലെ ‘സാംസ്കാരികമൂല്യച്യുതി’ മലയാളികളുടെ മാത്രം പ്രശനമല്ല. ചൂടന്‍ വാര്‍ത്തകളുടെ സമ്പത്ശാസ്ത്രമാണ് ‘സദാചാരസംരക്ഷണത്തിന്’ പല മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നത് . ബ്രിട്ടിഷ് രാജകുമാരി ഡയാനയ്ക്ക് ജീവന്‍ വരെ നഷ്ട്ടപ്പെട്ടത് അവരെപ്പറ്റിയുള്ള ഗോസ്സിപ്പ് വാര്‍ത്തകളുടെ വിപണിമൂല്യംകൊണ്ടാണ്.
ഇന്ത്യന്‍ നഗരങ്ങളിലെ മുന്‍നിര പത്രങ്ങള്‍ എത്ര പ്രാധാന്യത്തോടെയാണ് ഐശ്വര്യ റായി 11.11.11നു പ്രസവിക്കില്ലേയെന്നു വേവലാതിപ്പെട്ടത്. ദി ഹൂട്ട് എന്ന ഓണ്‍ലൈന്‍ മാസികയുടെ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഐശര്യയുടെ പ്രസവവാര്‍ത്ത പ്രധാന മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് 4.3 ലക്ഷം തവണയാണ്.
നമ്മുടെ ചാനലുകളും, പത്രങ്ങളും സാധാരണമനുഷ്യരെപ്പറ്റിയും അവരുടെ പ്രശങ്ങളെപ്പറ്റിയും വേവലാതിപ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തട്ടെ. സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ നശിപ്പിക്കുമോ എന്നതല്ല, മറിച്ച് മാന്യമായി ജീവിക്കാന്‍ വേണ്ട തൊഴില്‍ കിട്ടുമോ എന്നതാണ് മലയാളി ചെറുപ്പക്കാരെ അലട്ടുന്ന പ്രധാനപ്രശനം. സ്വന്തം മണ്ണില്‍നിന്ന് ഇറക്കിവിടപ്പെടുമോ എന്ന പേടിയും, മണ്ണിനുവേണ്ടിനടത്തുന്ന സമരങ്ങളുമൊക്കെ വാര്‍ത്തയാവട്ടെ, ചര്‍ച്ചയാവട്ടെ.
പക്ഷെ അതൊക്കെ പറഞ്ഞാല്‍ സര്‍ക്കുലഷനും, കാഴ്ചക്കാരുടെ എണ്ണവും കുറയും. കാശുമുടക്കി ചാനല്‍ തുടങ്ങിയ മുതലാളിമാര്‍ സമ്മതിക്കില്ല. അതുകൊണ്ട് അങ്ങനെയൊന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല, നവസാമ്രജ്യത്തോടൊപ്പം കടന്നുവരുന്ന ‘ടാബ്ലോയിഡ്’ സംസ്ക്കാരവും മൂന്നാംപേജു വിപ്ലവങ്ങളും വെച്ച് സാംസ്കാരിക പ്രശ്നങ്ങളും മൂല്യത്തര്ച്ചയുമായി അവതരിപ്പിച്ചു കണ്ണുനീര്‍ വാര്‍ക്കാതിരിക്കുക.
ദല്‍ഹി ചുറ്റുപാടിലേക്ക് വളരുകയാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വിദൂര ഗ്രാമങ്ങള്‍ പോലും വീതം വെച്ചെടുക്കുന്നു. ചില്ലിക്കാശിന് കണ്ണടക്കുന്ന സര്‍ക്കാറിന്റെ മുന്നിലൂടെ ലക്ഷക്കണക്കിന് ഗ്രാമീണര്‍ നരകങ്ങളിലേക്കുള്ള യാത്രകളിലാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കാഴ്ചകള്‍ വിലയിരുത്തുന്നു, ജസ്റ്റിന്‍ മാത്യു

ഹരിയാനയിലെ സോനിപ്പത്തില്‍ വയലുകള്‍ക്കു നടുവിലെ ചെറിയ ധാബയിലിരുന്നു ‘ആലൂ-ഗോബി’യും റൊട്ടിയും കഴിക്കുമ്പോള്‍ സുഹൃത്ത് യോഗേന്ദര്‍ പറഞ്ഞു ‘ന്യൂ ദില്ലിക്ക് ഇത് നൂറാം ജന്‍മവര്‍ഷം’. മധ്യകാല രാജവംശങ്ങള്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് പണിത ചെറിയ കുറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും കൂട്ടമായിരുന്നു വിദേശയാത്രികര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ട ദില്ലി. ഒരു ആസുത്രിത-ആധുനിക നഗരത്തിന്റെ അഭാവം തോന്നിയപ്പോഴാണ് ബ്രിട്ടീഷ്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍,എഡ്വിന്‍ ലുറ്റ്യന്‍സ് എന്നീ രണ്ട് വിദഗ്ദ്ധരെ വരുത്തി ന്യൂദല്‍ഹി പണിതുയര്‍ത്തിയത്. പിന്നീടിങ്ങോട്ടു നഗരം വളര്‍ന്നുകൊണ്ടേയിരുന്നു. ആദ്യം ദല്‍ഹിയിലെ തന്നെ ഗ്രാമങ്ങളും, കൃഷിഭൂമികളും തുടച്ചുമാറ്റിയും, പിന്നെ യമുന കടന്ന് കിഴക്കുള്ള ചതുപ്പു നിലങ്ങള്‍ മണ്ണിട്ട് നികത്തിയും തെക്കോട്ടും, വടക്കോട്ടും, പടിഞ്ഞാറോട്ടും കൃഷിയിടങ്ങള്‍ കയ്യേറിയും നഗരം വികസിച്ചു. ദല്‍ഹി വളര്‍ന്ന് വളര്‍ന്ന് അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയും കടന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെ ഞങ്ങളിരിക്കുന്ന വിശാലമായ ചോളവയലുവരെയെത്തിനില്ക്കു ന്നു.

പുതിയതായി പണിതീര്‍ന്ന എട്ടുവരിപ്പാതയുടെ അരികില്‍ ധാബ നടത്തുന്ന ആളുടെ പേര് രാംസിംഗ്. അമ്പതിനടുത്ത പ്രായവും അഞ്ചടിക്കും അല്പം മുകളില്‍ ഉയരവുമുള്ള മെലിഞ്ഞ ചെറിയ കൂനുള്ള ഒരാള്‍രൂപമാണ് അയാള്‍. “ആ ഭൂമി എന്റെതായിരുന്നു”, വയലിന്റെ നടുവില്‍ ഉയര്‍ന്നു വരുന്ന പന്ത്രണ്ട്നില കെട്ടിടം ചൂണ്ടി രാംസിങ്ങ് പറഞ്ഞു. പോയ വര്‍ഷം വരെ തന്റെ സ്വന്തമായിരുന്ന വയലില്‍ വരെ നഗരം വളര്‍ന്നെത്തിയതിന്റെ ആവേശത്തിലാണ് രാംസിംഗ്. നിര്മ്മാണക്കമ്പനികള്‍ ഭൂമി ഏറ്റെടുത്തു ആയിരക്കണക്കിന് ഫ്ലാറ്റുകളും ഷോപ്പിംഗ് മാളുകളും കെട്ടിപ്പൊക്കുന്നത് അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. പ്രതീക്ഷിക്കാതെ കൈയില്‍ വന്നുചേര്‍ന്ന കുറച്ചു പണം, കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയും ഭൂമികച്ചവടത്തിന്റെ ഇടനിലക്കാരെയും ഫ്ലാറ്റും സ്ഥലവും വാങ്ങനെത്തുന്നവരെയുമെല്ലാം ലക്ഷ്യം വെച്ചു നടത്തുന്ന വഴിയോര ധാബ എന്ന ദിവസേന വരുമാനം കിട്ടുന്ന പുതിയ തൊഴില്‍. പിന്നെ ഭൂമി ഏറ്റെടുത്തപ്പോള്‍ നിര്‍മാണ കമ്പനികള്‍ നല്‍കിയ നിരവധി വാഗ്ദാനങ്ങള്‍. ഇതെല്ലാം നിറഞ്ഞ ഒരു മനസാണ് ഇപ്പോള്‍ രാംസിംഗ് എന്ന ഞങ്ങളുടെ മുന്നില്‍ നില്ക്കു ന്ന ഈ മനുഷ്യന്‍. ഗ്രാമത്തിലെ കുടില്‍ പൊളിച്ച് അയാള്‍ നല്ല ഒരു വീടിനു വേണ്ടി തറ കെട്ടിക്കൊണ്ടിരിക്കുന്നു.
നാല്‍പ്പതോളം ചെറുവീടുകള്‍ ചേര്‍ന്നിരിക്കുന്നതാണ് അയാളുടെ ഗ്രാമം. ചുറ്റും പന്ത്രണ്ടും പതിമൂന്നും നിലയില്‍ ഉയര്‍ന്നു നില്ക്കു ന്ന കെട്ടിടങ്ങള്‍ ഗ്രാമത്തിന് ഇപ്പോള്‍ കോട്ട കെട്ടിയിരിക്കുന്നു. കൃഷിഭൂമി വിറ്റുകിട്ടിയ പണം കൊണ്ട്, ആ ഗ്രാമം നിറയെ, വലിയ വീടുകള്‍ സ്വപ്നം കണ്ട്, ഈ മനുഷ്യര്‍ തറ പണിതിരിക്കുന്നു . ചില വീടുകളുടെ മുറ്റത്ത് ആഡംബരകാറുകള്‍ കിടക്കുന്നുണ്ട്. പക്ഷെ ടൌണ്‍ഷിപ്പ് പൂര്‍ത്തിയാവുന്നതോടെ നിര്‍മാണ കമ്പനി ഈ ധാബകളും ചെറിയ വഴിയോര കച്ചവടങ്ങളും തൂത്തെറിഞ്ഞ് അവിടം പാര്‍ക്കും കുട്ടികള്‍ക്കുള്ള കളിസ്ഥലവുമാക്കി മാറ്റും. ഭൂമിക്ക് എത്ര പണം കിട്ടിയെന്നും, അത് എന്ത് ചെയ്യുമെന്നും ഒക്കെ രാംസിങ്ങിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നിര്‍മാണ കമ്പനികള്‍ പല രൂപത്തില്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നത്ക ണ്ടതിനാല്‍ ആ സാഹസം തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നു. പണം ബാങ്കില്‍ ഉണ്ടെന്നും ആ പണം കൊണ്ട് ഗ്രാമത്തിലെ വീട് പണി പൂര്‍ത്തിയാക്കാനും ഉയര്‍ന്നു വരുന്ന ബഹുനിലകെട്ടിടത്തില്‍ ഒരു വീടും ഒരു കച്ചവട സ്ഥലവും വാങ്ങാനുമാണ് പരിപാടിയെന്നും മാത്രം രാംസിംഗ് വെളിപ്പെടുത്തി.
രാംസിങ്ങിന്റെ ഗ്രാമത്തിന്റെ പേര് എല്ലാവരും മറന്നിരിക്കുന്നു. ബഹുരാഷ്ട്ര നിര്‍മാണ കമ്പനികള്‍ വില്ലേജിനിട്ട പുതിയ പേരില്‍ വന്‍കിട പത്രങ്ങള്‍ ഗ്രാമത്തെ പ്രശസ്തമാക്കിയിരിക്കുന്നു.
ഇത് ദില്ലിയുടെ എല്ലാക്കാലത്തെയും ചരിത്രം. രാഷ്ട്രപതിഭവനും, പാര്‍ലമെന്റും, ഇന്ത്യ ഗെയ്റ്റുമൊക്കെ നില്ക്കു ന്ന സ്ഥലത്തുനിന്നും ബ്രട്ടിഷുകാര്‍ ഒഴിപ്പിച്ചുവിട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കൊളോണിയല്‍ രേഖകള്‍ പറയുന്നില്ല.
ദില്ലിയുടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കുടിയൊഴിപ്പിക്കല്‍ ചരിത്രം നീതിയുടെതല്ല. ഇറക്കിവിടുന്നവരെ പുനരധിവസിപ്പിക്കുകയെന്നത് സര്‍ക്കാറുകള്‍ തലവേദനയായിമാത്രം കണ്ടു, അവരധികപ്പറ്റായി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ “നഗര വികസനത്തിന്” വേണ്ടി ഒഴിഞ്ഞുമാറികൊണ്ടിരുന്നു. അതിനു തയ്യാറല്ലാത്തവരെ ബലമായൊഴിപ്പിച്ചു. ഒരു കാലത്ത് സ്വന്തമായിരുന്ന മണ്ണില്‍ അവര്‍ പലരും വീട്ടുവേലക്കാരും, കാവല്‍ക്കാരും, ചെറുകിട കച്ചവടക്കാരുമായി മാറി. സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാറുകളോ നിയമങ്ങളോ ഇവരെ തുണച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ സര്‍ക്കാര്‍ ചൂഷണം മാത്രം ഉന്നം വെച്ച് ഉണ്ടാക്കിയ ‘ഭൂമിഏറ്റെടുക്കല്‍ നിയമം’ അതിന്റെ കൊളോണിയല്‍ സത്ത നിലനിറുത്തി സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാറുകളും നിലനിറുത്തിപ്പോന്നു.

വടക്കന്‍ ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ നിന്ന് ഹരിയാനയിലെ സോനിപ്പത്തിലെക്കോ ദില്‍ഷാലദ് ഗാര്‍ഡനില്‍നിന്ന് ഗാസിയാബാദിലേക്കോ, ഗ്രേറ്റര്‍ നോയിഡയിലേക്കോ ഉള്ള യാത്രയില്‍ ഇടക്കിടക്ക് ചില സമരപന്തലുകള്‍ കാണാം. വയലുകള്‍ നികത്തി പുതിയതായി നിര്‍മിച്ച വിസ്താരമേറിയ ഹൈവേകളുടെ അരികുകളില്‍ പത്തും ഇരുപതും കര്‍ഷകര്‍ പ്ലക്കാര്‍ഡുകളുമായി ഇരിക്കുന്നു. സര്‍ക്കാറുകളും സ്വകാര്യ നിര്‍മാണ കമ്പനികളും അവരെ പൂര്‍ണമായി അവഗണിക്കുന്നു. ‘അത്യാര്‍ത്തി മൂലം കൊടിപിടിക്കുന്നവരെ’ന്നു മധ്യവര്‍ഗം പഴിപറയുന്നു. മാധ്യമങ്ങളില്‍ അവരുടെ സമരങ്ങള്‍ വാര്‍ത്തയാവുന്നില്ല. അങ്ങനെ, നിരവധി പ്രതിഷേധ സ്വരങ്ങള്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ തളര്‍ന്നില്ലാതാവുന്നു. ഫ്ലാറ്റ് സമുച്ചയങ്ങളും, ഷോപ്പിംഗ് മാളുകളും, സ്കൂളുകളും, ഫൈവ്സ്റ്റാര്‍ ആശുപത്രികളും, റിസോര്‍ട്ടുകളും, വ്യവസായകേന്ദ്രങ്ങളുമൊക്കെ പണിയാന്‍ വേണ്ടിയാണ് ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും സ്വകാര്യ നിര്‍മാണ കമ്പനികള്‍ വാങ്ങുന്നത്.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി കൃഷിസ്ഥലം കര്‍ഷകരില്‍നിന്ന് നിര്‍മാണ കമ്പനികള്‍ നേരിട്ട് വാങ്ങുക എന്നതാണ് ഹരിയാന സംസ്ഥാനത്ത് നിലനില്ക്കുന്ന പൊതുരീതി. എന്നാല്‍ ഉത്തര്‍ പ്രദേശ് എന്ന ദല്‍ഹിയുടെ മറ്റൊരു അയല്‍ സംസ്ഥാനത്തെ രീതി കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ പല അടിയന്തിര ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഏറ്റെടുക്കുകയും തുടര്ന്ന് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുകയെന്നതുമാണ്. നിയമം എങ്ങനെയിരുന്നാലും എന്തുപറഞ്ഞാലും ഒരു സംസ്ഥാനത്തെപ്പോലും വിലക്ക് വാങ്ങാന്‍ ആളും അര്‍ഥവുമുള്ള നിര്‍മാണ കമ്പനികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു സ്ഥലം കണ്ടെത്തിയാല്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചോ അല്ലാതയോ അവര്‍ ആ സ്ഥലം വാങ്ങിയിരിക്കും. ഏതൊക്കെ നിയമങ്ങളാണ് നിര്‍മാണ കമ്പനികള്‍ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ലോകരാജ്യങ്ങള്‍ പലതും ജീവജാലങ്ങളുടെയും, മണ്ണിന്റെയും, നദികളുടെയും തടാകങ്ങളുടെയുമെല്ലാം’ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിയമം കൊണ്ടുവരുന്നു, മനുഷ്യാവകാശത്തിന്റെ അതേ പ്രധാന്യത്തോടെ അത് ശക്തമായി നടപ്പാക്കുന്നു. അതേ കാലത്തുതന്നെയാണ് കൃഷിഭൂമി നീന്തല്‍ക്കുളങ്ങളും തീം പാര്‍ക്കുകളും ക്ലബ് ഹൗസുകളും ആയിത്തീരുന്ന കാഴ്ച ദല്‍ഹിക്ക് ചുറ്റും നടക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ആഡംബരജീവിതത്തിനു വേണ്ടിയാണ് ഒരു പ്രദേശത്തിന്റെ ആവാസ-സമ്പദ് വ്യവസ്ഥകളെയും അതുണ്ടാക്കിയ ജനങ്ങളെയും തൂത്തെറിയുന്നത്. കുടിയോഴിപ്പിക്കലിനു പകരമായി നിര്‍മാണ കമ്പനികള്‍ വാഗ്ദാനം ചെയുന്ന ജോലിയും, താമസസ്ഥലവും, വന്‍ തുകയുമെല്ലാം കബളിപ്പിക്കലായിരുന്നുവെന്ന് ഗ്രാമീണര്‍ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. സ്വന്തം സ്ഥലവും ഗ്രാമവും, ശീലങ്ങളും വിട്ട് ഒരു കെട്ടുനോട്ടുമായി അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വരുന്നു. സിംഗൂരും, നന്ദിഗ്രാമിലും, ഗ്രേറ്റര്‍ നോയിഡയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നത് ഇത്തരം സാഹചര്യത്തിലാണ്. ഈ ‘അധികപ്പറ്റുകള്‍’ നടത്തുന്ന പ്രക്ഷോഭം സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നു. തോക്കുകള്‍ മറുപടി പറയുന്നു. രത്തന്‍ ടാറ്റയുടെ മനസ്സ് വേദനിപ്പിച്ച കര്ഷകരുടെ കുലം മുടിഞ്ഞുപോകട്ടെയെന്നു മോഡിമാരും മന്‍മോഹന്‍മാരും ബുദ്ധദേവനും ശപിക്കുന്നു.
ഇത്തരം സാഹചര്യം രാജ്യമൊട്ടുക്കും നിലനില്ക്കു മ്പോളാണ് പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനം ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ല് (The Land Acquisition, Rehabilitation and Resettlement Bill, 2011) കൊണ്ടുവരുന്നത്.കര്‍ഷകര്‍ക്ക് വിപണിമൂല്യമനുസരിച്ച് വില നല്കുമെന്നും പുരധിവാസത്തിന് മുന്തിയ പരിഗണന കൊടുക്കുമെന്നുമാണ് അക്കമിട്ടുനിരത്തിയുള്ള വാഗ്ദാനം. അവകാശവാദങ്ങള്‍ക്കപ്പുറം ഈ പുതിയ ബില്ല് കുടിയൊഴിപ്പിക്കലിന്റെ ചരിത്രം മാറ്റിയെഴുതുമോ എന്നാണിനിയറിയേണ്ടത്. ഇല്ല എന്ന് ബില്ലിനെ പഠിച്ച നിയമവിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മുന്‍കൂട്ടിക്കാണുന്നു.
കൃഷിഭൂമി ഏറ്റെടുക്കുന്നതിന് പറയുന്ന കാരണങ്ങള്‍, ഭൂമിയുടെ വിപണിമൂല്യം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം, ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തുടങ്ങിയവയെല്ലാം വിശദമായിത്തന്നെ പരിഗണിച്ചാണ് ഈ ബില്ല്പാര്‍ലമെന്റിലെത്തിയത്. പക്ഷെ ഈ ബില്ല് എന്ത് പറയുന്നില്ല എന്നതാണ് കോര്‍പറേറ്റ് നിയന്ത്രിത ഇന്ത്യയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം.

സമീപത്തുള്ള സ്ഥലങ്ങള്‍ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്ന വില വെച്ചിട്ടാണ് സര്‍ക്കാറുകള്‍ സ്ഥലത്തിന്റെ വിപണിമൂല്യം നിര്‍ണയിക്കുന്നത്. പലപ്പോഴും മുദ്രപ്പത്രത്തില്‍ കാണിക്കുന്നതിന്റെ അമ്പതും നൂറുമിരട്ടിയാണ് ഭൂമാഫിയയും നിര്‍മാണ കമ്പനികളും ഉണ്ടാക്കുന്ന ലാഭം. രേഖകളില്ലാതെ കൈമാറപ്പെടുന്ന കോടികളുടെ കള്ളപ്പണത്തിന് മുകളില്‍ ഒരു നിയമവും കൈവെയ്ക്കില്ല. രാം സിങ്ങിന്റെ ഗ്രാമത്തില്‍ തന്നെ അഞ്ചു സെന്റ് സ്ഥലത്തിന് ഭൂമാഫിയ വാങ്ങുന്ന വില ഒരു കോടിക്ക് മുകളില്‍ വരും; കര്‍ഷകന് കൊടുക്കുന്നതിന്റെ എത്രയോ മടങ്ങ് അധികമാണിത്!
ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ലേലത്തില്‍ വെച്ച് വിപണിമൂല്യം നിര്ണ്യിക്കുക എന്ന നിര്ദേശം സര്‍ക്കാര്‍ കേട്ടതായിപ്പോലും തോന്നുന്നില്ല. രാംസിങ്ങിനെപ്പോലെ സ്വന്തം ലോകം ഇല്ലതായിപ്പോകുന്നവര്‍ക്ക് കൊടുക്കേണ്ട നഷ്ട്ടപരിഹാരം എങ്ങനെ നിര്‍ണയിക്കുമെന്നോ, അത് സുതാര്യമായി എങ്ങനെ നടപ്പില്‍ വരുത്തുമെന്നോ ഈ ബില്ല് ക്രത്യമായ മറുപടി പറയുന്നില്ല. അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. കേരളമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈകളിലെത്തുന്നതില്‍ വ്യവസായ വികസന കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ട്.
കറുത്തതും വെളുത്തതുമായ പണം കുറച്ചുപേരുടെ കൈയില്‍ കുന്നുകൂടുന്നതും അത് മറ്റുള്ളവരുടെ ജീവിതവും പ്രകൃതി സമ്പത്തും നശിപ്പിച്ചു കുഴിച്ചിടാനുള്ള ശ്രമങ്ങളും വലിയ ഒരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞു. നാളത്തെ ചരിത്രകാരന്മാര്‍ നമ്മുടെ തലമുറയെ ‘കൊള്ളക്കാരുടെ കൂട്ടം’ എന്നായിരിക്കും വിശേഷിപ്പിക്കുക; നമ്മള്‍ നഗരങ്ങള്‍ പ്രാന്തപ്രദേശങ്ങളും കടന്ന് ഗ്രാമങ്ങളും കൃഷിഭൂമികളും കൈയടക്കുന്നു. കിനാലൂരും മൂലമ്പിള്ളിയും മാത്രമല്ല ഇടുക്കിയും വയനാടും ഭൂമാഫിയ തട്ടിപ്പറിക്കുന്നു, അവിടെ ആഡംബര റിസോര്‍ട്ടുകള്‍ പണിതുകൂട്ടുന്നു. ഭൂമാഫിയയുടെ ഗുണ്ടവിളയാട്ടത്തിന്‍ ഇരകളാകേണ്ടിവരുന്നതാവട്ടെ, കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഗ്രാമങ്ങളില്‍ കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവരും ചെറിയ വ്യവസായ യൂണിറ്റുകള്‍ നടത്തുന്നവരുമാണ്. മനുഷ്യജീവതത്തിന് ആവശ്യമായതെല്ലാം വന്‍കിട സ്വകാര്യ കമ്പനികള്‍ തന്നെ വിതരണം ചെയ്യുന്നു. രാംസിങ്ങിനെപ്പോലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സേവകവൃന്ദവുമായി മാറുന്ന ഗതികേടിലേക്ക് എത്തിച്ചേരുന്നു. അപകടകരമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ‘നഗരകേന്ദ്രിത വികസനം’ മാറിവരുക എന്നതാണ് ഇന്ത്യപോലൊരു അവികസിത രാജ്യത്തിനാവശ്യം. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനോ സ്വകാര്യ നിര്‍മാണ കമ്പനികളെ നിലക്ക് നിറുത്താനോ ഈ പുതിയ ബില്‍ സഹായിക്കില്ല. നഗരങ്ങളുടെ വലിപ്പവും മോടിയും ഒന്നും ഒരിക്കലും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ തെരുവിലിറങ്ങുന്ന ഒരു നാട് നന്നാവുന്നതിന് പരിധികളുണ്ട്. എല്ലാം വന്‍കിട കമ്പനികള്‍ക്ക് തീറെഴുതുമ്പോള്‍ സര്‍ക്കാറുകള്‍ ഇതോര്‍മ്മിച്ചാല്‍ നന്നായിരുന്നു.
മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്-പ്രശാന്ത് ഭൂഷനു നേരെയുണ്ടായ ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ദില്ലി സര്‍വകലാശാല കാമ്പസില്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിപല്‍സൂചനകള്‍ വായിച്ചെടുക്കുന്നു, യുവ ചരിത്രകാരന്‍മാരില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ മാത്യു

‘ഭഗത് സിംഗ് സേന’യും ശ്രീരാമാസേനയുംകൂടി പ്രശാന്ത്‌ഭൂഷനെ ഓഫീസില്‍ കയറി തല്ലി. നമ്മളെല്ലാം ടിവിയിലും പത്രത്തിലുമൊക്കെ കാണുകയും വായിക്കുകയുമൊക്കെ ചെയ്ത സംഭവം. കൃത്യം നടത്തിയ സംഘടനയുടെ പേരില്‍ തന്നെയുണ്ട് വലിയ വിരോധാഭാസം; ലോകം കണ്ട ഒരു വലിയ വിപ്ലവകാരിയുടെ പേരില്‍ സംഘടന. നടത്തുന്നതോ തനി ഗുണ്ടായിസം.
ഹിന്ദുദേശിയതയെപ്പറ്റിയോ അതിന്റെ ബിംബങ്ങളെപ്പറ്റിയോ എതിരഭിപ്രായം പറഞ്ഞാല്‍ തല്ലിത്തീര്‍ക്കുമെന്നാണ് ഭീഷണി. ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മുതല്‍ വന്‍ നഗരങ്ങളില്‍ വരെ ഇതാണ് അവസ്ഥ.
പ്രശാന്ത്ഭൂഷനെ ആക്രമിക്കുന്നത് പെട്ടന്നുണ്ടായ ഒരു പ്രകോപനത്തില്‍ നിന്നല്ല എന്നതാണ് അതിലെ ഏറ്റവും വലിയ അപകടം. മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്.
പ്രതികരണങ്ങളെ മുഴുവന്‍ ഭീഷണിയിലൂടെ നിശãബ്ദമാക്കി സ്വന്തം അജണ്ട നടപ്പാക്കുകയാണ് അവരുടെ രീതി. പ്രമുഖര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ പില്‍ക്കാലത്ത് ഒരുളുപ്പുമില്ലാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കലാണ്. മറ്റുള്ളവരെ ഭയപ്പെടുത്തി കാര്യം കാണല്‍. സംശയമുള്ളവര്‍ ദില്ലി സര്‍വകലാശാലയിലേക്കു വരിക. കൈയൂക്കു കൊണ്ട് ആളെ ഭയപ്പെടുത്തി അവര്‍ കാര്യം കാണുന്നത് എങ്ങനെയെന്നു കാണുക.
സംഘപരിവാര്‍ ദില്ലി സര്‍വകലാശാലയില്‍ 2008ല്‍ സമാനമായ മറ്റൊരു സാംസ്കാരിക ഗുണ്ടായിസം നടത്തി. അതിന്റെ അനന്തര ഫലങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ആഴ്ച എ.കെ രാമാനുജന്റെ രാമായണ പഠനം സിലബസില്‍നിന്ന് മാറ്റിച്ചതാണ് ഈ പരമ്പരയിലെ അവസാന സംഭവം.
ദില്ലി സര്‍വകലാശാല എകെ രാമാനുജന്റെ രാമായണ പഠനം ഹിസ്റ്ററി സിലബസ്സില്‍ നിന്ന് നീക്കംചെയ്യുന്നു. കാരണമാണ് രസകരം. പുസ്തകം മാര്‍ക്കറ്റില്‍ ലഭ്യമല്ല! ദില്ലിയിലെ ദരിയഗന്ജ് നിറയെ പ്രസാധനശാലകള്‍ നിരന്നിരിക്കുന്നത് പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണെന്നത് സര്‍വകലാശാല മറന്നെന്ന് കരുതാം.
രാമായണപഠനങ്ങളില്‍ വളരെയധികം പ്രാധാന്യത്തോടെ വായിക്കപ്പെടുന്ന ഒന്നാണ് എ.കെ രാമാനുജന്റെ രാമായണകഥകളെപ്പറ്റിയുള്ള അദ്ധ്യായം. പല കാലഘട്ടങ്ങളും സംസ്കാരങ്ങളും പറഞ്ഞിരുന്ന വ്യത്യസ്തമായ രാമായണ കഥകളെയാണ് രാമാനുജന്‍ പഠിക്കുന്നത്. വാല്‍മീകി പറയുന്ന രാമായണകഥ പല രാമായണകഥകളില്‍ ഒന്ന് മാത്രമാണെന്ന് രാമാനുജന്റെ പഠനം ഊന്നിപ്പറയുന്നു. ഓരോ സംസ്കാരങ്ങളുടെയും രാമായണ കഥകള്‍ വ്യത്യസ്തമാണെന്ന വാദം രാമനെയും രാമായണത്തെയും വെച്ച് സംഘപരിവാര്‍ നടത്തുന്ന പല അവകാശവാദങ്ങള്‍ക്കും എതിരാണ്. ലോകത്തിലെ പല സര്‍വകലാശാലകളുടെയും സാമൂഹ്യശാസ്ത്രവിഭാഗവും സാഹിത്യവിഭാഗവുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ഈ പഠനം ശുപാര്‍ശ ചെയ്യുന്നുണ്ട്. രാമാനുജന്റെ പഠനം ഒരു ഒറ്റപ്പെട്ട പഠനമല്ല. രാമായണ കഥകളുടെ പുനരാഖ്യാനം സാഹിത്യവിദ്യാര്‍ഥികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തത്ര വിപുലമായ ഒരു വിഷയമാണ്.
കഴിഞ്ഞയാഴ്ച ദില്ലിസര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ യോഗം ഈ പഠനത്തെ ചരിത്രസിലബസില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശ നടത്തി. അതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്ദി ല്ലി സര്‍വകലാശാലയില്‍ നടന്ന ചില സംഭവങ്ങള്‍ പറയേണ്ടതുണ്ട്.

2008ലാണ് ദില്ലി സര്‍വകലാശാലയുടെ ചരിത്രവിഭാഗം എ കെ രാമാനുജന്റെ ‘Three Hundred Ramayanas: Five Examples and Three Thoughts on Translation’ ബിഎ രണ്ടാം വര്ഷത്തിലെ ‘Cultures in Ancient India’യുടെ സിലബസിന്റെ ഭാഗമായി നിര്‍ദേശിച്ചത്. ഇത് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ചരിത്രവിഭാഗത്തിന്റെ തലവനെ ആക്രമിച്ചുകൊണ്ടാണ് പരിവാരം പ്രതികരിച്ചത്. പുരാതന ഇന്ത്യ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ വിളനിലമായും മധ്യകാല ഇന്ത്യയുടെ ചരിത്രം മുസ്ലിം മതഭീകരതയുടെ കാലഘട്ടമായും ചിത്രികരിക്കുന്ന സംഘപരിവാര്‍ ചരിത്രകാരന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാവുന്നതിലുമപ്പുറമായിരുന്നു ഈ നടപടി.
വകുപ്പു തലവനെതിരായ ആക്രമണവും അതിലൂടെ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷവും പരിവാിന് ഏറെ ഗുണം ചെയ്തു. ഏത് അജണ്ടയും നടപ്പാക്കാനാവുന്ന ഭയത്തിന്റെ വിത്തുകളായിരുന്നു ആ ആക്രമണത്തിലൂടെ അവര്‍ വിതച്ചത്.
ക്ലാസ്സ്‌മുറികളില്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ വിശകലനങ്ങള്‍ നടത്തുമ്പോള്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അധ്യാപകരും വിദ്യാര്ഥികളും വിമുഖരാവുന്നു. സംഘപരിവാര്‍ ഉണ്ടാക്കിവയ്ക്കുന്ന ഇത്തരം ഭീകരതയുടെ അന്തരീക്ഷത്തിലാണ് എകെ രാമാനുജന്റെ രാമായണപഠനം പോലുള്ള പുസ്തകങ്ങള്‍ കാര്യമായ എതിര്‍പ്പില്ലാതെ
നിരോധിക്കാന്‍ വലതുപക്ഷ നിയന്ത്രണത്തിലിരിക്കുന്ന സര്‍വകലാശാലക്ക് വഴി തുറന്നത്.
പരിവാരത്തെ പേടിച്ച് ചരിത്രം പോലുള്ള വിഷയങ്ങള്‍ സ്വതന്ത്രമായി പഠിക്കാനോ പഠിപ്പിക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ വരെ നിലനില്ക്കുന്നത്. ഒരു നൂറ്റാണ്ടിലതികം കാലമെടുത്ത് രൂപപ്പെട്ടുവന്ന മതേതര-നവോത്ഥാന കാഴ്ചപ്പാടിനെ അടിച്ചമര്‍ത്താനും പിന്നോട്ടടിക്കാനും സംഘപരിവാര്‍ നടത്തുന്ന ഇത്തരം സാംസ്കാരിക ഗുണ്ടാവിളയാട്ടങ്ങള്ക്ക് ചെറിയ സമയം മതി.
ശ്രീരാമസേനയുടെ പേരില്‍ മംഗലാപുരത്തും ഭഗത് സിംഗ് സേനയെ കൂട്ടുപിടിച്ച് ഇപ്പോള്‍ ദില്ലിയിലുമെല്ലാം പരിവാരം നടത്തുന്ന ഗുണ്ടാവിളയാട്ടം ചരിത്രത്തിന്റെയും സംസ്ക്കരത്തിന്റെയുമെല്ലാം നിയന്ത്രണം ഏറ്റെടുക്കാനുള്ള തകൃതിയായ ശ്രമങ്ങളുടെ ഭാഗമാണ്.
ആളുകള്‍ എതിര്‍പ്പിന്റെ മുനകള്‍ മടക്കിവെക്കുകയാണ്. ചെറുത്തുനില്‍പ്പുകള്‍ കൈയൂക്കു കൊണ്ട് ഇല്ലാതാക്കാനാണ് ശ്രമം. ഇനി എന്നാണ്, സംഘ്പരിവാര്‍ പോറ്റി വളര്‍ത്തുന്ന ചെറുകിട സംഘങ്ങള്‍ നമ്മുടെ ശബ്ദങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്നതെന്ന് മാത്രം കാത്തിരുന്നാല്‍ മതി.