prabha-new-header.jpg
Category archives for: പ്രഭ സക്കറിയാസ്

ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

ഇ-പുസ്തകങ്ങള്‍ എന്ന ആശയത്തെ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ പ്രസാധകലോകം. അതൊരു ഭീഷണിയാണ് എന്നവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്ത് വരുന്ന ഇരുപത്തഞ്ചാമത് ഹേ ഫെസ്റിവലില്‍ നിന്നും കിന്‍ഡില്‍ എന്ന ഇ` ബുക്ക് റീഡറിനെ ബഹിഷ്കരിക്കനായി വിവിധ പുസ്തകകച്ചവടക്കാരും പ്രസാധകരും നടത്തിയ സമരവും അനുബന്ധ ചര്‍ച്ചകളും. പുസ്തകക്കടകളുടെയും പ്രസാധകരുടെയും വിതരണക്കാരുടെയും ജോലി kindle reader ഇല്ലാതാക്കും എന്ന പേരിലാണ് ഈ നീക്കം. ഒരു ഇലക്ട്രോണിക് റീഡര്‍ വായനയെ കൊന്നുകളയുന്നു എന്ന ആരോപണം പോലും ഉയര്‍ന്നു- ഇ വായന സാധ്യമാക്കുന്ന കിന്‍ഡില്‍ റീഡര്‍ പോലുള്ള സംരംഭങ്ങള്‍ ഇല്ലാതാക്കാന്‍ വന്‍കിട പ്രസാധകര്‍ നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇ-വായനയെ കുറിച്ചും ഇ-പ്രസാധനത്തെ കുറിച്ചും ചില ചിന്തകള്‍. പ്രഭ സക്കറിയാസ് എഴുതുന്നു

 

 

മൂന്നോ നാലോ വയസുള്ളപ്പോഴാവണം ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം സ്വന്തമായി കിട്ടുന്നത്, ‘തെനാലിരാമന്‍ കഥകള്‍’. മണിക്കൂറുകളോളം സ്ഥലകാലബോധമില്ലാതെ ആണ്ടുപോകാന്‍ കഴിയുന്ന പുസ്തകമെന്ന മാന്ത്രികവസ്തുവിനോട് തീരാത്ത പ്രേമമായിരുന്നു പിന്നീടങ്ങോട്ട്. ഏഴാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു പബ്ലിക് ലൈബ്രറിയില്‍ അംഗമാകുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണെന്ന് അറിയില്ല, ലോകസാഹിത്യത്തെപ്പറ്റി തീരെ അറിയില്ല. ഓരോന്നോരോന്നായി നല്ലതും ചീത്തയും എല്ലാം വായിച്ചു, ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഡ്രാക്കുളയും ഒരേ പോലെ ആസ്വദിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒളിച്ചും പതുങ്ങിയും പുസ്തക അലമാരയ്ക്ക് മറഞ്ഞുനിന്ന് ലോലിതയുടെ താളുകള്‍ മറിച്ചുനോക്കിയപ്പോഴാവണം സമൂഹത്തെ പറ്റിയും അതിന്റെ സദാചാരബോധത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങിയതും ഈ പുസ്തകം സ്വന്തം പേരില്‍ എടുത്തുകൊണ്ടുപോയാല്‍ ‘മോശ’മായിരിക്കും എന്നൊക്കെ തോന്നിയതും. ഒടുവില്‍ പുസ്തകം വായിക്കല്‍ മാത്രം മതി ഇനി ജീവിതത്തില്‍ എന്ന ആശ്വാസത്തിലാവണം ഒരു ഇംഗ്ലീഷ് ബി എ ക്ലാസില്‍ പോയി ചേരുന്നത്. പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്തായാലും വായന ഇപ്പോഴും തുടരുന്നു.

 

 

ഇ-റീഡര്‍ വായനയെ കൊല്ലുമോ?
ഓരോ തൊഴില്‍ മേഖലയില്‍ നൂതനപരിഷ്കാരങ്ങള്‍ വരുമ്പോഴും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പ്രയോക്താക്കള്‍ എല്ലാവരും തന്നെ അങ്ങേയറ്റം ശക്തിയോടെയും അതിലേറെ പ്രധാനമായി അങ്ങേയറ്റം (അതി) വൈകാരികതയോടെയും പഴയതാണ് നല്ലത്, പഴമയുടെയും പാരമ്പര്യത്തിന്റെയും മഹത്വം അനിര്‍വചനീയം എന്ന മട്ടില്‍ വാചാലരാവുകയും പുതിയ മാറ്റങ്ങളെ സംശയത്തോടെയും ദേഷ്യത്തോടെയും വീക്ഷിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. സത്യത്തില്‍ പുതിയതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനമായി ആളുകളെ ബുദ്ധിമുട്ടിക്കുന്നത് പഴയ ശീലങ്ങളോടുള്ള വിശ്വസ്തതയും ഗൃഹാതുരത്വവുമാണ്. അതാണ് പരിചിതം, അതാണ് ശീലം. അതുകൊണ്ട് മാറ്റം വേണ്ട. എന്നാല്‍ ഓരോ അവസരത്തിലും മാറ്റം സംഭവിക്കുകയും എതിര്‍ത്തിരുന്നവര്‍ പതിയെ ഒന്ന് കാല്‍ ഇറക്കി നോക്കിയും ഒന്ന് അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നോക്കിയും ഒടുവില്‍ പേടിയില്ലാതെ മാറ്റത്തിന്റെ ഒഴുക്കില്‍ നീന്തുകയും ചെയ്യും. ഭൂമി ഉരുണ്ടതാണെന്നും കമ്പ്യൂട്ടറുകള്‍ ഭീകര സത്വങ്ങളല്ലെന്നും നമ്മള്‍ തിരിച്ചറിഞ്ഞത് പോലെ തന്നെ ഇ പുസ്തകങ്ങളെയും പതിയെ മനുഷ്യവംശം ജീവിതത്തിന്റെ ഭാഗമാക്കും.

ഇ-പുസ്തകങ്ങള്‍ എന്ന ആശയത്തെ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ പ്രസാധകലോകം. അതൊരു ഭീഷണിയാണ് എന്നവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്ത് വരുന്ന ഇരുപത്തഞ്ചാമത് ഹേ ഫെസ്റിവലില്‍ നിന്നും കിന്‍ഡില്‍ എന്ന ഇ ബുക്ക് റീഡറിനെ ബഹിഷ്കരിക്കനായി വിവിധ പുസ്തകകച്ചവടക്കാരും പ്രസാധകരും നടത്തിയ സമരവും അനുബന്ധ ചര്‍ച്ചകളും. പുസ്തകക്കടകളുടെയും പ്രസാധകരുടെയും വിതരണക്കാരുടെയും ജോലി kindle reader ഇല്ലാതാക്കും എന്ന പേരിലാണ് ഈ നീക്കം. ഒരു ഇലക്ട്രോണിക് റീഡര്‍ വായനയെ കൊന്നുകളയുന്നു എന്ന ആരോപണം പോലും ഉയര്‍ന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകപ്രസാധനത്തെയും വായനയും പറ്റിയുള്ള ചില ചിന്തകള്‍ പ്രസക്തമാണെന്നു തോന്നുന്നു. ഒരു പുസ്തകം വായിക്കുക എന്നതില്‍ പുസ്തകം എന്ന വസ്തുവിന് എത്ര മാത്രം പ്രാധാന്യമുണ്ട്? സ്നേഹപൂര്‍വ്വം സമ്മാനിക്കപ്പെട്ട പല പുസ്തകങ്ങളും ഭാരമോ ഉപയോഗമോ വകവയ്ക്കാതെ താമസിച്ച സ്ഥലങ്ങളിലെല്ലാം കെട്ടിച്ചുമന്നുകൊണ്ട് പോയിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അതൊക്കെ പലപ്പോഴും പുസ്തകതോടുള്ള സ്നേഹത്തെക്കാള്‍ ആ പുസ്തകം കൊണ്ടുവന്നുതരുന്ന ഓര്‍മ്മകളോടുള്ള അടുപ്പം കൊണ്ടായിരുന്നു. പുതിയ പുസ്തകങ്ങള്‍ വന്‍വില കൊടുത്തുവാങ്ങല്‍ വളരെക്കുറച്ചുമാത്രമേ സാധിച്ചിട്ടുള്ളൂവെങ്കിലും ഒരു മദാം ബോവറിയോ ഒരു ഇല്ലസ്ട്രേറ്റഡ് ആലീസ് ഇന്‍ വണ്ടര്‍ലാണ്ടിന്റെ പഴഞ്ചന്‍ കോപ്പിയോ ഒക്കെ ഇരുപതോ മുപ്പതോ രൂപയ്ക്ക് ഡല്‍ഹിയില്‍ ദരിയാഗഞ്ചിലെ പ്രശസ്തമായ സെക്കന്റ് ഹാന്‍ഡ് പുസ്തകകൂനകളില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ഒരു കുഴിയാനയെ തോണ്ടിയെടുത്ത കുട്ടിയുടെ ആഹ്ലാദമാണ് തോന്നുക. എന്നാല്‍ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ പുസ്തകങ്ങളോട് സൂക്ഷിക്കുമ്പോള്‍ പോലും ഇ-പുസ്തകങ്ങളോട് മമത തന്നെയാനുള്ളത്. പ്രത്യേകിച്ച്, എം ഫില്‍ പഠനകാലത്ത് പ്രോജക്റ്റ് ഗുട്ടന്‍ബര്‍ഗില്‍ നിന്നും ഗിഗാപീഡിയയില്‍ നിന്നും ഒക്കെ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണ് വേദനിക്കുന്നതും തല വേദനിക്കുന്നതും അവഗണിച്ചു വായിച്ചു തീര്‍ത്ത തിയറി പുസ്തകങ്ങള്‍. ഇ -ബുക്ക് റീഡര്‍ ഇന്ത്യന്‍ വിപണിയില്‍ മാന്യമായ ഒരു വിലയില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയുമാണ് ഞാന്‍. കണ്ണ് വേദനിക്കാതെ ഇ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുക എന്നത് ചെറിയൊരു കാര്യമല്ലല്ലോ.

 

 

ഒരു ഓണ്‍ലൈന്‍ ലൈബ്രറിയുടെ മരണം
ഗിഗാപീഡിയ എന്ന പേരില്‍ നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് വെബ്സൈറ്റ് ഒരു ദിവസം ലൈബ്രറി ഡോട്ട് എന്‍ യു ആയി മാറി. എന്നാല്‍ പണമില്ലാത്ത പാവം വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളുടെ ഫ്രീ ഓണ്‍ലൈന്‍ കോപ്പികള്‍ നല്‍കിക്കൊണ്ട് ഒരു വിശുദ്ധാത്മാവായി നിലകൊണ്ടിരുന്ന ലൈബ്രറി ഡോട്ട് എന്‍ യു ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി മുതല്‍ അപ്രത്യക്ഷമായി. എന്താണ് ഈ വെബ്സൈറ്റിന്റെ തിരോധാനത്തിനുപിന്നില്‍ എന്നന്വേഷിച്ചാല്‍ പതിനേഴു വമ്പന്‍ പുസ്തകപ്രസാധകര്‍ മ്യൂണിച് കോടതിയില്‍ നിന്ന് നേടിയെടുത്ത ഒരു ഇഞ്ചങ്ഷന്റെ ഫലമായാണ് ഈ ഓണ്‍ലൈന്‍ ലൈബ്രറി കൊല്ലപ്പെട്ടതെന്ന് മനസിലാകും. ലൈബ്രറി ഡോട്ട് എന്‍ യു ഒരു അക്ഷരാര്‍ത്ഥ വിശുദ്ധനല്ല. ആ വെബ്സൈറ്റില്‍ സൌജന്യഡൌെണ്‍ലോഡിനു ലഭിച്ചിരുന്ന പുസ്തകങ്ങളില്‍ ഏറിയ പങ്കും ഇപ്പോഴും പല പ്രസാധകര്‍ക്കും കോപ്പിറൈറ്റ് ഉള്ള അനധികൃത സ്കാന്‍ കോപ്പികളാണ്. ആര്‍ക്കിറ്റെക്ചര്‍, സാഹിത്യം, ആസ്ട്രോഫിസിക്സ്, ബിസിനസ്, science , ചരിത്രം എന്നിങ്ങനെ സകലമാനവിഷയങ്ങളിലും പ്രചാരത്തിലുള്ള പുസ്തകങ്ങളില്‍ ഏറിയ പങ്കും ഈ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. പ്രസാധകര്‍ക്ക് സഹിച്ചില്ലെങ്കില്‍ അത്ഭുതമുണ്ടോ? അവരുടെ വയറുവിശക്കാതെ കഴിയുന്നതാണ് ഈ വെബ്സൈറ്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതിനു പിന്നാലെയാണ് കിന്‍ഡില്‍ റീഡറിനെ ബഹിഷ്ക്കരിക്കാനുള്ള ഈ പുതിയ നീക്കം. ഇതിനിടെ ആപ്പിള്‍ കമ്പനിയും പ്രമുഖ ആറു പ്രസാധകരും തമ്മില്‍ യു എസ് നീതിന്യായവകുപ്പില്‍ ഒരു കേസും നടക്കുന്നുണ്ട്. പുസ്തകപ്രസാധകര്‍ക്ക് ഇരിപ്പുറയ്ക്കാതായിരിക്കുന്നു എന്ന് സാരം. ഇത്തരം ലാഭ നഷ്ടക്കണക്കുകള്‍ക്കും കോപ്പി റൈറ്റ് നിയമയുദ്ധങ്ങള്‍ക്കും ഒക്കെ ഇടയില്‍ പ്രസാധകര്‍ അവഗണിച്ചുകളഞ്ഞതും എന്നാല്‍ കിന്‍ദില്‍, ലൈബ്രറി ഡോട്ട് എന്‍ യു മുതലായ ‘ഭീകരര്‍’ നന്നായി പരിഗണിച്ചതുമായ മറ്റൊരു വിശപ്പുണ്ട്, വായനക്കാരന്റെ/കാരിയുടെ അറിവിനോടും അക്ഷരത്തോടുമുള്ള തീരാവിശപ്പ്.

 

 

അകാദമിക പുസ്തക പ്രസാധനവും ഓണ്‍ലൈന്‍ പുസ്തക പൈറസിയും
ഒരു നോവല്‍ ചിലപ്പോള്‍ നമ്മള്‍ ഒരു രസത്തിനുവേണ്ടിയാവും വായിക്കുന്നത്, ഒരു നേരമ്പോക്ക് ആണ് അതുകൊണ്ട് സാധ്യമാവുക. എന്നാല്‍ അക്കാദമികപുസ്തകങ്ങളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ഒരു നേരമ്പോക്കിന്റെതല്ല. അവര്‍ക്ക് പുസ്തകം കൊണ്ട് ആവശ്യങ്ങള്‍ പലതാണ്. പഠനകാലത്ത് ആവശ്യമുള്ള പുസ്തകങ്ങള്‍ എല്ലാം വന്‍ വില കൊടുത്തു വാങ്ങുക എന്നത് ഇന്ത്യയില്‍ എന്നല്ല ലോകത്തെവിടെയും ഉള്ള വിദ്യാര്‍ഥിസമൂഹത്തിനു സാധ്യമായ ഒരു കാര്യമല്ല. തൊട്ടാല്‍ പൊള്ളുന്ന വില എന്നത് അക്ഷരാര്‍ത്ഥമാനെന്നര്‍ഥം!

പണമുള്ളവന്‍ വാങ്ങട്ടെ, അല്ലാത്തവന്‍ ലൈബ്രറിയില്‍ ചേര്‍ന്ന് കടമെടുക്കട്ടെ എന്ന നോവല്‍കവിതാ പുസ്തക രീതി അക്കാദമിക പുസ്തകങ്ങളുടെ കാര്യത്തില്‍ വിലപ്പോവുകയില്ല. കാരണം പല പുസ്തകങ്ങളും മെട്രോ നഗരങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ ആണ് ഒന്നിലധികം കോപ്പികള്‍ ഒക്കെ ഉണ്ടാവുക. അല്ലാത്ത ചെറുകിട സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു കോപ്പിയോ മറ്റോ ഉണ്ടെങ്കില്‍ ഭാഗ്യം. ഇനി പുസ്തകം ലൈബ്രറിയില്‍ ഉണ്ടെങ്കില്‍ തന്നെ അത് ആ വിഷയം നൂറ്റാണ്ടുകളായി (സെല്‍ഫ് ഐഡന്റിഫിക്കേഷന്‍ നടത്തിയ അധ്യാപക സുഹൃത്തുക്കള്‍ ക്ഷമിച്ചേക്കുക) പഠിപ്പിക്കുന്ന അധ്യാപകന്റെ കൈവശവും ആയിരിക്കും. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ അപേക്ഷിച്ച് മാനവിക വിഷയങ്ങള്‍ക്ക് ലോകത്തെവിടെയുമുള്ള സര്‍വകലാശാലകളില്‍ കിട്ടുന്ന ഫണ്ടിന് തീരെ കനം കുറവായത് കൊണ്ട് ആ വിഷയങ്ങളിലെ പുസ്തകങ്ങളോ ജേര്‍ണലുകളോ ലൈബ്രറിയില്‍ എത്തുന്നതും താരതമ്യേന കുറവാണ്. അങ്ങനെ വായിക്കാന്‍ വശമില്ലാതെ നട്ടം തിരിയുന്ന വിദ്യാര്‍ഥിസമൂഹം തന്നെയാണ് ലൈബ്രറി ഡോട്ട് എന്‍ യു പോലെയുള്ള ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരുന്നത്.

പ്രമുഖ പുസ്തക പ്രസാധകര്‍ എല്ലാവരും തന്നെ അക്കാദമികപുസ്തകങ്ങള്‍ക്ക് വിലയിടുന്നത് ഒരേ രീതിയിലാണ്. പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥികളെ അവര്‍ ഉപഭോക്താക്കളുടെ ഗണത്തില്‍ എണ്ണാറേയില്ല. ഒരു പുസ്തകം എഡിറ്റ് ചെയ്തു ടൈപ്പ്സെറ്റ് ചെയ്തു എടുക്കുന്നതിന്റെ ചിലവിന്റെ ആറോ എട്ടോ പത്തോ ഒക്കെ ഇരട്ടിയാണ് പുസ്തകത്തിന് ഈടാക്കുന്ന വില. ഇതിന്റെ പങ്കു പ്രസാധകര്‍ക്കും വിതരണക്കാര്‍ക്കും (പുസ്തകമെഴുതിയ ആളിനും എന്ന് പറയുമെങ്കിലും വിറ്റുപോകാത്ത, ലാഭാമുണ്ടാക്കാത്ത അക്കാദമിക പുസ്തകങ്ങളുടെ റോയല്‍റ്റി പലപ്പോഴും എഴുത്തുകാരനില്‍ എത്താറില്ല) ഒക്കെ പങ്കിട്ടെടുക്കാനുള്ളതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ശരാശരി മുന്നൂറു പേജുള്ള ഒരു അക്കാദമിക പുസ്തകത്തിന് ഏറ്റവും ചുരുങ്ങിയ വില നാനൂറോ നാനൂറ്റമ്പതോ ആകുമ്പോള്‍ അതിന്റെ കൂടിയ വില ആയിരമോ ആയിരത്തഞ്ഞൂറോ ഒക്കെ വരെ ആകാം. അവര്‍ മുന്നില്‍ കാണുന്ന ഒരേ ഒരു പൊട്ടന്‍ഷ്യല്‍ ഉപഭോക്താവ് ലൈബ്രറികള്‍ മാത്രവും!

ഇത്തരം ധര്‍മ്മസങ്കടങ്ങളില്‍ നിന്നാണ് പുസ്തക പൈറേറ്റുകള്‍ ജന്മമെടുക്കുന്നത്, അവര്‍ മെനക്കെട്ടിരുന്നു തടിയന്‍ പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തു ഫോര്‍മാറ്റ് തിരുത്തി ഇ^ പുസ്തകമാക്കി ഫയല്‍ ഷെയറിംഗ് നടത്തും. അതിനെ മ്യൂസിക് പൈറസിയോടോ സിനിമ പൈറസിയോടോ താരതമ്യപ്പെടുത്തുന്നതില്‍ തെറ്റില്ല. ഈ പൈറസിയും ഒരു വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സിനിമാസംഗീത പൈറസിയുടെ തോത് കുറയ്ക്കാനായി ആ വ്യവസായങ്ങളില്‍ ഉള്ളവര്‍ ചെയ്തത് കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയിലുള്ള സീഡികള്‍ വിപണിയില്‍ ലഭ്യമാക്കുക എന്നതാണ്. മോശം പ്രിന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു കാണുന്നവരില്‍ പലരും കുറഞ്ഞ വിലയ്ക്ക് മോസര്‍ബിയറിന്റെ സീഡികളോ നെറ്റ്ഫ്ലിക്സ് പോലുള്ള സംവിധാനങ്ങളോ വന്നതോടെ അംഗീകൃത സീഡി വാങ്ങുന്നതിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായി കാണാം.

അച്ചടിച്ച ഒരു പുസ്തകം വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക പ്രാവര്‍ത്തികമല്ലെന്ന് അറിയാം, എന്നാല്‍ പുസ്തക അച്ചടി തന്നെ ഇല്ലാതാവുന്നത് നല്ല ഒരു കാര്യമാണ്, അത്രയും മരങ്ങള്‍ രക്ഷപെടുമല്ലോ. ചില തരം പുസ്തകങ്ങള്‍ അച്ചടിക്കാനായി കടലാസ് ചെലവഴിക്കുന്നത് പാപം പോലുമാണ് എന്നാണ് ഞാന്‍ കരുതുന്നത്. വിറ്റു പോകാത്ത പലതും പല പ്രസാധകഗോഡൌെണുകളില്‍ നിന്നും കിലോ വിലയ്ക്ക് തൂക്കി വാങ്ങപ്പെടുകയും വീണ്ടും പള്‍പ്പ് ആവുകയുമാണ് വര്‍ഷാവര്‍ഷം. ഞാന്‍ സമയം മെനക്കെട്ടിരുന്നു പണിയെടുത്ത ഒരു പുസ്തകം വായനക്കാരനിലെത്താതെ പള്‍പ്പ് ആകും എന്ന ചിന്ത എന്നിലെ ഒരു മുന്‍ എഡിറ്ററെ കുറച്ചൊന്നുമല്ല മുറിവേല്‍പ്പിക്കുന്നതും. അച്ചടിച്ച് വില്ക്കപ്പെടണം എന്ന് നൂറു ശതമാനം ഉറപ്പുള്ളവ മാത്രം അച്ചടിക്കുകയും മറ്റുള്ളവയുടെ വില കുറഞ്ഞ ഇ പുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുക എന്ന രീതിയിലേയ്ക്ക് പ്രസാധനരംഗം മാറേണ്ടിയിരിക്കുന്നു. കിന്‍ഡില്‍ റീഡര്‍ ഒരു ഭീകരനല്ല, അവര്‍ ആദ്യമായി ഒരു ഇ^ റീഡര്‍ കണ്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ. അവര്‍ ഇപുസ്തകങ്ങള്‍ വില കുറച്ചു വില്‍ക്കുന്നുണ്ടെങ്കില്‍ അത് കൊണ്ട് അവരുടെ റീഡര്‍ കൂടുതല്‍ വിറ്റു പോകണമെന്നേ അര്‍ത്ഥമാക്കുന്നുള്ളൂ, അല്ലാതെ അവര്‍ വായനയെ കൊല്ലുന്നില്ല.

കടലാസില്‍ അച്ചടിച്ചത് മാത്രം പുസ്തകം എന്ന നെഞ്ചോടടുക്കിപ്പിടിച്ച മാറാപ്പുകളാണ് മാറേണ്ടത്. ഓരോ പ്രസാധകനും മത്സരിച്ചു ഇ-റീഡറുകള്‍ ഉണ്ടാക്കട്ടെ, കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ഇറക്കട്ടെ, റീഡറുകളും. വായനക്കാരനും ഒപ്പം തന്റെ കൃതി വായനക്കാരനില്‍ എത്തി എന്ന നിര്‍വൃതിയില്‍ എഴുത്തുകാരനും സന്തോഷിക്കുമ്പോള്‍ വായന ഇനിയും ജീവിക്കുക തന്നെ ചെയ്യും. പ്രസാധകര്‍ മുഖവിലയ്ക്ക് എടുക്കേണ്ടത് ലാഭനഷ്ടങ്ങളെ അല്ല, മറിച്ച് വായനക്കാരനെയും എഴുത്തുകാരനെയും ഒപ്പം മാറുന്ന ലോകത്തെയുമാണ്. ഓരോ പുസ്തകം വിറ്റുപോകുമ്പോഴും ആ പാവം എഴുത്തുകാരന്/കാരിക്ക് അതിന്റെ ഒരു വിഹിതം കൊടുക്കേണ്ടത് തന്നെയാണ്. എഴുത്തുകാരന്‍ എഴുതിയില്ലെങ്കില്‍, വായനക്കാരന്‍ വായിച്ചില്ലെങ്കില്‍, പിന്നെ പ്രസാധകന് എന്ത് നിലനില്‍പ്പ്?

 

 

പിന്‍കുറിപ്പ്
തുന്നല്‍ യന്ത്രം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഇനി മുതല്‍ തുന്നല്‍ക്കാര്‍ക്ക് ജോലിയുണ്ടാവില്ല എന്ന് പേടിക്കുകയും ഒടുവില്‍ തുന്നല്‍ക്കാര്‍ തന്നെ ഈ യന്ത്രം ഉപകാരപ്രദമാണെന്ന് തിരിച്ചറിയുകയും യന്ത്രത്തില്‍ തുന്നാന്‍ പഠിക്കുകയും ചെയ്തു എന്നത് ഓര്‍മ്മിക്കാവുന്നതാണ്. എന്നാല്‍ യഥാര്‍തത്തില്‍ തുന്നല്‍ക്കാരുടെ ജോലി ഇല്ലാതാക്കിയത് തുന്നല്‍യന്ത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ഉടുപ്പുകള്‍ ഒരേ അച്ചില്‍ വാര്‍ത്തതു പോലെ തുന്നിയെടുത്ത് കച്ചവടം നടത്തുന്ന വമ്പന്‍ ഉത്പാദനശാലകളാണ്.

ഇനി ഒരു കാലത്ത് ഒരു ഗുളിക വിഴുങ്ങി കണ്ണടച്ചാല്‍ ധ്യാനപൂര്‍വം ഇരുന്നു ഒരു പുസ്തകം വായിക്കാവുന്ന ടെക്നോളജി വന്നാല്‍ ഞാന്‍ അതും സ്വീകരിക്കും, കാരണം ഒരു വായനക്കാരി എന്ന നിലയില്‍ എനിക്ക് പ്രധാനം വായനക്കാരി എന്ന ഞാനും എഴുത്തുകാരന്‍/കാരിയും മാത്രമാണ്. ഒരു പുസ്തകം എന്നാല്‍ എനിക്ക് വായനക്കാരിക്കും എഴുത്തുകാരിക്കും ഇടയില്‍ സഞ്ചരിക്കുന്ന വാക്കും അത് ജനിപ്പിക്കുന്ന ചിന്തയും മാത്രമാണ്.

കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍

എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്-പ്രഭ സക്കറിയാസ് എഴുതുന്നു

 

 

കുട്ടികളായിരിക്കുമ്പോഴാണ്. ഞാനും ഇളയ ആങ്ങളയും കൂടി നന്നായി തല്ലുണ്ടാക്കുമായിരുന്നു. തല്ലെന്നു പറഞ്ഞാല്‍ ഇടിയും ചവിട്ടും കുത്തും ഉള്‍പ്പെടുന്ന ഉശിരന്‍ ദ്വന്ദ്വയുദ്ധം തന്നെ. എനിക്ക് ഏഴോ എട്ടോ വയസുണ്ടാകും, അവനു മൂന്നോ നാലോ. മുതിര്‍ന്നതിന്റെ എല്ലാ ശാരീരികക്ഷമതക്കൂടുതലും എനിക്കുണ്ടായിരുന്നു. വഴക്ക് തുടങ്ങിയാല്‍ ഏറെ നേരം ജയിച്ചു പിടിച്ചുനില്‍ക്കുന്നതും ഞാന്‍ തന്നെയായിരുന്നു. ഒടുവില്‍ തോല്‍പ്പിക്കാന്‍ വേണ്ടി അവന്‍ ചെയ്യുന്ന അറ്റകയ്യാണ് മുടിക്കുത്തിനു പിടിക്കുക എന്നത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല, എന്റെ മുഴുവന്‍ ശരീരത്തിന്റെയും ചലനങ്ങളുടെയും ഒക്കെ നിയന്ത്രണം ഇച്ചിരിയില്ലാത്ത ആ ചെക്കന്റെ കയ്യിലായിക്കഴിഞ്ഞു പിന്നെ. നീണ്ട മുടി വേണ്ടായിരുന്നു എന്ന് ജീവിതത്തിലാദ്യമായി തോന്നിയത് അപ്പോഴാണ്. തലമുടി അത്ര വലിയ ശക്തിയാണെന്നൊന്നും പിന്നീടും തോന്നിയിട്ടില്ല. സജിത മഠത്തിലിനു ഇതെങ്ങനെ തോന്നിയെന്ന് അറിയില്ല. എന്തായാലും പരസ്യം കണ്ടപ്പോള്‍ മുതല്‍ ഒരു സുഖക്കുറവ്. കമ്പോളം വന്നു മുടിക്കു കുത്തിപ്പിടിക്കുന്ന പോലെ.

പിന്നെ നോക്കിയപ്പോള്‍ ഓണ്‍ലൈന്‍ ഇടങ്ങളിലെല്ലാം ചര്‍ച്ച ചൂട് പിടിക്കുന്നത് കണ്ടു. സജിത മഠത്തില്‍ എന്ന നടിയുടെ ഐഡന്റിറ്റി, അവരുടെ അഭിനയ സ്വാതന്ത്യ്രം എന്നും മറ്റുമൊക്കെ ചില ന്യായീകരണങ്ങളും.അപ്പോള്‍ തോന്നിയതാ ചിലത്.

 

 
ഈ പരസ്യം കാണുന്നതു രണ്ടു തരം പ്രേക്ഷകരാണ്. ഒന്ന്, സജിത മഠത്തില്‍ എന്ന വ്യക്തിയെ ഒറ്റ നോട്ടത്തില്‍ അറിയുന്ന ഒരു ചെറിയ വിഭാഗം ആളുകള്‍ . രണ്ടാമത് സജിത മഠത്തില്‍ എന്ന വ്യക്തിയെയോ അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയോ പറ്റി കാര്യമായൊന്നും അറിയാത്ത, എന്നാല്‍, സംവൃത സുനിലിനെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ കാവ്യാ മാധവനെയോ ഒക്കെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന, സീരിയലും സിനിമയും കോമഡിപ്പരിപാടികളും റിയാലിറ്റി ഷോകളും കോടീശ്വരനും ഒക്കെ കാണുന്ന ശരാശരി മലയാളികള്‍.

അവര്‍ വിഡ്ഢികളാണെന്ന് പരസ്യ നിര്‍മ്മാതാക്കള്‍ കരുതരുത്. അവര്‍ വീടുകളില്‍ എണ്ണ കാച്ചി തേയ്ക്കുന്നവരും മുടി കൊഴിച്ചിലുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നവരും ഇന്ദുലേഖ, ധാത്രി എന്നിവയൊക്കെ വാങ്ങി പരീക്ഷിച്ചു നോക്കുന്നവരും ഒക്കെയാണ്. ഇന്ദുലേഖ തേച്ചു പ്രയോജനമൊന്നും കണ്ടില്ലെങ്കില്‍ മറ്റെന്തെങ്കിലും എണ്ണ തേയ്ക്കും. ഇനി ഇന്ദുലേഖ കൊള്ളാമെങ്കിലോ, കണിശമായും ഇന്ദുലേഖ തേച്ചിരിക്കും. അത് പക്ഷെ പരസ്യത്തിലെ നീണ്ട തലമുടിയുള്ള പെണ്ണിനെ കണ്ടത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. പരസ്യം ഒരു ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തുക എന്ന ദൌത്യം മാത്രമേ ചെയ്യുന്നുള്ളൂ, അല്ലാതെ നല്ല നീണ്ട മുടിയുള്ള ഒരു സ്ത്രീയെ കണ്ടതുകൊണ്ടു കാണുന്നവര്‍ ഒരിക്കലും അവര്‍ ഈ എണ്ണ തേച്ചിട്ടാണ് അവര്‍ക്ക് ഇത്രേം മുടിവളര്‍ന്നത് എന്ന് ചിന്തിക്കില്ല.

അപ്പോള്‍ പിന്നെ സജിത മഠത്തിലിന്റെ പരസ്യത്തെ ഒരു സാധാരണ മലയാളി എങ്ങനെയാവും കാണുക? ഒരു ബസ് സ്റാന്‍ഡില്‍ കോട്ടന്‍ സാരിയൊക്കെ ഉടുത്ത്, വലിയ ചുവന്ന വട്ടപ്പൊട്ടും തൊട്ടു, സിനിമാനായികമാരെപ്പോലെ മേക്കപ്പൊന്നും ഇടാതെ നല്ല ഉച്ചത്തില്‍ അങ്ങേയറ്റം ദേഷ്യത്തോടെ പ്രതികരിക്കുന്ന ഒരു സ്ത്രീ! ‘എന്റെ മുടിയഴകിന്റെ രഹസ്യം’ എന്ന മട്ടില്‍ ഒരു സിനിമാനായിക വന്നു പറയുന്നതിന്റെ സ്വാഭാവിക ആലസ്യത്തിലാവില്ല പ്രേക്ഷകര്‍ ഇത് കാണുക, മറിച്ച് “ഇത് ആരാ പോലും? എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ, വല്യ വല്ലോരുമായിരിക്കും, ആ!” എന്നൊരു തോന്നല്‍ ഒരു നിമിഷനേരം കൊണ്ട് കയറിയിറങ്ങി പോയേക്കാം.

ബസിലെ പീഡനം സഹിക്കാത്ത പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടോ? അവരൊക്കെ ഇനി നമുക്കും മുടി വളര്‍ത്തി പ്രതികരിക്കാം, പോരട്ടെ ഇന്ദുലേഖ രണ്ടു കുപ്പി എന്ന് വിചാരിക്കുമോ എന്തോ? എനിക്ക് തോന്നുന്നില്ല. പീഡനങ്ങളോട് പ്രതികരിക്കണം, പെണ്‍കുട്ടികള്‍ ശക്തമായി തന്നെ പ്രതികരിക്കണം, ഒക്കെ സമ്മതിച്ചു, അതിനു മുടിയുമായുള്ള ബന്ധം? സജിത മഠത്തിലുമായോ? അവിടെയാണ് പരസ്യത്തിന്റെ മര്‍മ്മം.

പ്രോഗ്രസീവ് ആകല്‍ കുറച്ചായിട്ട ഒരു ട്രെന്‍ഡ് ആണല്ലോ.പ്രതികരിക്കല്‍, അണ്ണാ ഹസാരെ യുവവിപ്ലവം, ‘ബോള്‍ഡ്’ ആകല്‍ ഒക്കെയാണ് ഇപ്പോഴത്തെ യുവത്വത്തെ ആകര്‍ഷിക്കുന്ന സംഗതികള്‍. അതിന്റെ ഒരു വിപണി സാധ്യതയെ വിട്ടുകളയണ്ടതില്ല. പക്ഷെ അടങ്ങി ഒതുങ്ങി ഒച്ച താഴ്ത്തി വളരാന്‍ ശീലിച്ചു പോയ നമ്മുടെ പെണ്‍കുട്ടികള്‍ അത്ര വേഗമൊന്നും പ്രതികരിച്ചുവെന്നു വരില്ല. മുടി കൊഴിയുന്നല്ലോ എന്ന് തോന്നുന്നവര്‍ ചിലപ്പോള്‍ ഇന്ദുലേഖ വാങ്ങി തേച്ചെന്നു വരും. അത് മുടി സ്ത്രീയുടെ ശക്തിയായത് കൊണ്ടല്ല, മറിച്ച് സ്ത്രീ എന്ന് സമൂഹം നൂറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ചിത്രത്തില്‍ നീണ്ട മുടിക്കു വലിയ ഒരു പങ്കുള്ളതുകൊണ്ട് മാത്രമാണ്.

എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്. മുടി മുറിച്ചു പെണ്‍കുട്ടികള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കേരളം മൊത്തം ഫെമിനിസ്റുകള്‍ ആയി പോകുമോ എന്നൊക്കെ എണ്ണക്കമ്പനിക്കാര്‍ പേടിക്കുന്നുവോ?

അപ്പോള്‍ ദാ കിടക്കുന്നു ഫെമിനിസ്റ് ഒരെണ്ണം “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?”എന്നൊക്കെ ചോദിച്ചുകൊണ്ട്. ഇനിയിപ്പോ കമ്പനിയുടെ കച്ചവടം പൊടിപൊടിച്ചാലും, കല്യാണമാര്‍ക്കറ്റില്‍ വന്നു നഖം കൊണ്ട് കളം വരയ്ക്കുന്നവര്‍ക്ക് മാത്രമല്ല, പ്രതികരിക്കാന്‍ ശബ്ദവും (മുടിയും?) ഉള്ള ഫെമിനിസ്റുകള്‍ക്ക് കൂടി ഇന്ദുലേഖ ഒഴിച്ച്കൂടാനാവാത്തതായ സ്ഥിതിക്ക് രംഗം ശുഭം. ഒരു ഡെഡ് സെല്‍ കുറെ നീണ്ടു വളര്‍ന്നു കിടന്നത് കൊണ്ട് പെണ്ണുങ്ങള്‍ക്ക് ഉള്‍ക്കരുത്തു ഉണ്ടാകുമെന്ന ആ അവസാനത്തെ കണ്ടുപിടുത്തം തരക്കേടില്ല.

വിപ്ലവച്ചുമരുകള്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍

തന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന വാശിയും മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ പെടുന്നു. ബാങ്ക്സി ചിത്രങ്ങളുടെ പോസ്ററുകള്‍, ബാഡ്ജുകള്‍, കോഫീ മഗ്ഗുകള്‍, മറ്റു പ്രദര്‍ശനവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. ബാങ്ക്സിയുടെ നിരവധി ചിത്രങ്ങള്‍ മില്യന്‍ കണക്കിന് ഡോളറുകള്‍ക്ക് ലേലം നടക്കാന്‍ പോകുന്നു എന്ന് ഈയിടെ കേട്ട വാര്‍ത്തയാണ് ബാങ്ക്സിയെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്. അപ്പോള്‍ ഒരു സംശയം, അല്ല, ആരാണ് ഈ ബാങ്ക്സി? ഇയാള്‍ വരച്ചുപോകുന്ന ചുമരുകള്‍ നഷ്ടപരിഹാരം സഹിതം നികത്തി ചുമരോടെ അടര്‍ത്തിയെടുത്തു കൊണ്ട് പോയി സങ്കല്‍പ്പിക്കാനാവാത്തത്ര വിലയ്ക്ക് ആളുകള്‍ വാങ്ങുന്നു. ബാങ്ക്സി ഇനി മികച്ച ഒരു കച്ചവടക്കാരന്‍ കൂടിയാണോ? – ജീവന്‍ പണയം വെച്ച് വിപ്ലവാത്മക ചുവര്‍ചിത്രങ്ങള്‍ വരക്കുകയും അതിവേഗം കള്‍ട്ടായി മാറുകയും ചെയ്ത ബാങ്ക്സിയുടെ ചിത്രങ്ങള്‍ ലേലത്തിനു തയ്യാറാവുന്ന സാഹചര്യത്തില്‍ കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ചില വിചാരങ്ങള്‍. പ്രഭാ സക്കറിയാസ് എഴുതുന്നു

 

 

ത്രില്‍ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥമറിഞ്ഞത് യൂനിവേഴ്സിറ്റി കാലത്താണ്, പാതിരയ്ക്ക് മുറിയിലിരുന്നു പോസ്റര്‍ വരച്ചു ക്യംപസിനുള്ളില്‍ പലയിടത്തായി കൊണ്ട്പോയി ഒട്ടിച്ച്, വെളുപ്പിന് മൂന്നു മണിക്ക് ഒരു ചായയും കുടിച്ചു മുറിയിലേയ്ക്ക് തിരിച്ചുനടക്കുമ്പോള്‍ പലയിടത്തും ആരെങ്കിലുമൊക്കെ കൂട്ടംകൂടിനിന്ന് പോസ്റര്‍ വായിക്കുന്നുണ്ടാവും. അത് കാണുമ്പോള്‍ നെഞ്ച് ഒന്ന് പിടയ്ക്കും. പിറ്റേന്ന് സമരമുണ്ടാകും, മുദ്രാവാക്യങ്ങളുണ്ടാകും, ഇതിനിടയില്‍ എപ്പോഴെങ്കിലും അധികൃതര്‍ വന്നു പോസ്ററുകള്‍ പറിച്ചുകളഞ്ഞിരിക്കും. ഒരു ചിത്രശലഭത്തിന്റെ ആയുസ്സ് പോലുമില്ല രാത്രി ഉറക്കമളച്ചു കുത്തിയിരുന്ന് വരച്ചതിന്. പാത്തും പതുങ്ങിയും കൊണ്ടുപോയി ഒട്ടിച്ചതു വെറുതെ. എങ്കിലും അതിന്റെ ഒരു ത്രില്‍ ആണ് ത്രില്‍!

അക്കാലത്തെപ്പോഴോ ആണ് ബാങ്ക്സി എന്ന് ഒരു ആരാധ്യനെ കിട്ടിയതും. ഒരു സര്‍വകലാശാല ക്യാമ്പസ് തരുന്ന സുരക്ഷിതത്വത്തിന്റെ മയക്കത്തിലും സ്വാതന്ത്യ്രത്തിലും പോസ്റര്‍ എഴുതി ഞെളിഞ്ഞുനടന്ന ഞാനെവിടെ, ജീവന്‍ പണയം വെച്ച് വാന്‍ഡലിസമെന്ന പേരില്‍ കുറ്റകരമായ ചുവരെഴുത്തുകള്‍ ലോകനഗരത്തെരുവുകളില്‍ ആകമാനമുള്ള വെള്ളപൂശിയ ഭിത്തികളില്‍ നടത്തുന്ന ബാങ്ക്സി എവിടെ!

കൂടുതല്‍ വിക്കിപ്പീഡിയ വിവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലല്ലോ, ദാ ലിങ്ക്!

http://en.wikipedia.org/wiki/Banksy

 

 

എങ്കിലും ബാങ്ക്സിയെ തീരെ അറിയാത്തവര്‍ക്കായി കുറച്ചുവരികള്‍ കുറിക്കാം. ബാങ്ക്സി എന്ന കള്ളപ്പേരില്‍ ലണ്ടന്‍ തെരുവുകളില്‍ വിപ്ലവാത്മക ചുവര്‍ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് ഈ ഗ്രാഫിറ്റി ഗറില്ലാ കലാകാരന്റെ തുടക്കം. അമ്പതുകളില്‍ പാരിസ് തെരുവുകളില്‍ ഭീമന്‍ എലിചിത്രങ്ങള്‍ വരച്ചുവെച്ച് കൊണ്ട് സ്റ്റെന്‍സില്‍ (അച്ചുപയോഗിച്ച് വളരെവേഗം ചിത്രം വരയ്ക്കുന്ന വിദ്യ) ഗ്രാഫിറ്റിയുടെ പിതാവ് എന്നറിയപ്പെട്ട ‘ബ്ലേക്ക് ലെ റാറ്റ് ‘ എന്ന ഗ്രാഫിറ്റി കലാകാരന്റെ സ്റ്റൈല്‍ കോപ്പിയടിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നുവെങ്കിലും ബാങ്ക്സി വളരെ പെട്ടെന്നാണ് ഒരു ഗ്ലോബല്‍ പ്രതിഭാസമായി ഉയര്‍ന്നത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പോളിഷ് ചെയ്യപ്പെട്ട ചുമര്‍വൃത്തികളില്‍ പതിഞ്ഞപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അധികൃതര്‍ മത്സരിച്ച് ബാങ്ക്സിയുടെ ആര്‍ട്ട് ആക്രമണങ്ങളെ വെള്ളപൂശി. ബാങ്ക്സി വീണ്ടും വീണ്ടും പുതിയ പുതിയ ഇടങ്ങളില്‍ തന്റെ ആശയങ്ങളുടെ മുദ്ര പതിപ്പിക്കല്‍ തുടര്‍ന്നു. പതിയെ ബാങ്ക്സിയും അയാളുടെ ചിത്രങ്ങളും ഒരു കള്‍ട്ട് ആയി ഉയര്‍ന്നു.

ബ്രാഡ് പിറ്റ് ആഞ്ജലീന ജോളി ദമ്പതികള്‍ ബാങ്ക്സിയുടെ ചിത്രം മില്ല്യന്‍ ഡോളര്‍ വില കൊടുത്തുവാങ്ങിയതോടെ ആവശ്യത്തിനു വിപണിമൂല്യവുമായി. ചിത്രങ്ങളില്‍ എല്ലാം തെളിഞ്ഞുനില്‍ക്കുന്ന എതിര്‍പ്പിന്റെ സ്വരം ലോകമെങ്ങുമുള്ള ആരാധകരെ ഹരംകൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.

 

 

തന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന വാശിയും മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ പെടുന്നു. ബാങ്ക്സി ചിത്രങ്ങളുടെ പോസ്ററുകള്‍, ബാഡ്ജുകള്‍, കോഫീ മഗ്ഗുകള്‍, മറ്റു പ്രദര്‍ശനവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. ബാങ്ക്സിയുടെ നിരവധി ചിത്രങ്ങള്‍ മില്യന്‍ കണക്കിന് ഡോളറുകള്‍ക്ക് ലേലം നടക്കാന്‍ പോകുന്നു എന്ന് ഈയിടെ കേട്ട വാര്‍ത്തയാണ് ബാങ്ക്സിയെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്. അപ്പോള്‍ ഒരു സംശയം, അല്ല, ആരാണ് ഈ ബാങ്ക്സി? ഇയാള്‍ വരച്ചുപോകുന്ന ചുമരുകള്‍ നഷ്ടപരിഹാരം സഹിതം നികത്തി ചുമരോടെ അടര്‍ത്തിയെടുത്തു കൊണ്ട് പോയി സങ്കല്‍പ്പിക്കാനാവാത്തത്ര വിലയ്ക്ക് ആളുകള്‍ വാങ്ങുന്നു. ബാങ്ക്സി ഇനി മികച്ച ഒരു കച്ചവടക്കാരന്‍ കൂടിയാണോ? എന്തായാലും ജീനിയസ് തന്നെ! പക്ഷെ പണത്തിന്റെ കണക്കു കാണുമ്പോള്‍ മനസ്സില്‍ ഒരു ബാങ്ക്സി ചിത്രം തന്നെയാണ് തെളിഞ്ഞുവരുന്നത്.

 

 

മിസ്റ്റര്‍ ബ്രെയിന്‍വാഷ്
ബാങ്ക്സിയുടെ സൃഷ്ടികളില്‍ ഏറ്റവും രസകരമെന്നു പറയാവുന്നത് ബാങ്ക്സി സൃഷ്ടിച്ച മിസ്റര്‍ ബ്രെയിന്‍വാഷ് എന്ന കഥാപാത്രമാണ്. ബാങ്ക്സിയുടെ “Exit Through the Gift Shop” എന്ന സിനിമയിലെ നായകനാണ് ഇദ്ദേഹം. ബാങ്ക്സി ഉള്‍പ്പെടെയുള്ള പല ഗ്രാഫിറ്റി കലാകാരന്മാരെയും പരിചയപ്പെട്ട് അവരുടെ കൂടെ നടന്നു കാര്യങ്ങള്‍ മനസിലാക്കിയശേഷം ഗ്രാഫിറ്റി കലയുടെ വിപണിമൂല്യം മനസിലാക്കി വലിയ ഒരു ഷോ നടത്തി ഒറ്റ രാത്രി കൊണ്ട് വിലയേറിയ താരമായി മാറുന്ന ഒരു വിഡ്ഢിയായാണ് മിസ്റ്റര്‍ ബ്രെയിന്‍വാഷ് എന്ന തിയറി ഗുട്ട. ബാങ്ക്സി നിര്‍മ്മിച്ച സിനിമയായത് കൊണ്ടും ആരെയും സത്യം ബോധിപ്പിക്കല്‍ ബാങ്ക്സിയുടെ അജണ്ടയില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തതുകൊണ്ടും മിസ്റര്‍ ബ്രെയിന്‍വാഷ് ഒരു കല്‍പ്പിതകഥാപാത്രമാണെന്നും സൃഷ്ടാവ് ബാങ്ക്സിയല്ലാതെ മറ്റാരുമല്ലെന്നതും ഉറപ്പാണ്. മഡോണയുടെ ഏറ്റവും പുതിയ ആല്‍ബത്തിന്റെ കവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മിസ്റര്‍ ബ്രെയിന്‍വാഷ് ആണ്. വിപണിയെപ്പറ്റിയും ഗ്രാഫിറ്റികല വില്‍ക്കുന്നതിനെപ്പറ്റിയും ഒക്കെ ബാങ്ക്സിയുടെ മനസിലുള്ള ചിന്തകള്‍ തന്നെയായിരിക്കണം മിസ്റര്‍ ബ്രെയിന്‍വാഷ് സിനിമയിലൂടെ പറയുന്നത്.

 

 

റോബോ – ബാങ്ക്സി തെരുവ് ചുമര്‍ യുദ്ധം
ബാങ്ക്സി ആകാശം മുട്ടെ വളര്‍ന്ന ഒരു മരമാണ്. എങ്കിലും ലണ്ടനിലെ മറ്റു ഗ്രാഫിറ്റി കലാകാരന്‍മാര്‍ക്ക് ചെറുതല്ലാത്ത പ്രതിഷേധം ബാങ്ക്സിയോടുണ്ട്. താന്‍ ഒരു ജെന്റില്‍മാനായി പെരുമാറിക്കൊള്ളം എന്ന് ബാങ്ക്സി ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. എങ്കിലും മറ്റു ഗ്രാഫിറ്റി കലാകാരന്മാരെ ചൊടിപ്പിച്ച ഒരു സംഭവം കൂടി പറഞ്ഞാലേ കഥ പൂര്‍ണ്ണമാവൂ.

എണ്‍പതുകളില്‍ ലണ്ടന്‍ തെരുവുകളില്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചിരുന്ന കലാകാരനാണ് റോബോ. റോബോയെ പിന്‍തലമുറ ഗ്രാഫിറ്റിക്കാര്‍ ഒരു ആശാനായാണ് കരുതിയിരുന്നത്. എണ്‍പത്തിയഞ്ചില്‍ റോബോ വരച്ച ഒരു ചിത്രം റോബോയോടുള്ള ആദരവ് മൂലം മറ്റാരും കൈവയ്ക്കാതെ ഒരു ചുമരില്‍ നിലനിന്നിരുന്നു. റോബോയാവട്ടെ ഗ്രാഫിറ്റിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. എന്തായാലും ബാങ്ക്സി ഒടുവില്‍ ആ ചുമരും കയ്യടക്കി. പിന്നീട് നടന്ന റോബോ ^ബാങ്ക്സി യുദ്ധവും കാണാന്‍ കഴിയുക ബാങ്ക്സിയുടെ വെബ്സൈറ്റിലൂടെ തന്നെയാണ്. http://www.banksy.co.uk/QA/camden/camden4.html#

റോബോ തിരിച്ചുവന്നതാണോ അതോ ഈ യുദ്ധം മുഴുവന്‍ ഒരു രസത്തിനു വേണ്ടി ബാങ്ക്സി തന്നെ സൃഷ്ടിച്ചതാണോ എന്നൊന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ല. എന്തായാലും ബാങ്ക്സി എന്ത് വേണമെങ്കിലും ചെയ്തോട്ടെ, ആരുടെ സ്റ്റൈല്‍ വേണമെങ്കിലും മോഷ്ടിച്ചോട്ടെ, എങ്കിലും റോബോയെപ്പോലെ ഒരു ആശാന്‍ പണ്ടു കാലത്ത് വരച്ച ചിത്രം നശിപ്പിച്ചത് തീരെ ശരിയായില്ല എന്നാണു പലരും ഒളിഞ്ഞും തെളിഞ്ഞും പ്രതികരിക്കുന്നത്.

എന്തായാലും രംഗം ചൂട് പിടിക്കുന്നുണ്ട്. ബാങ്ക്സി ഒരു മള്‍ട്ടിബില്യണയറായി എവിടെയെങ്കിലും ഇരുന്നു ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടാവണം.

നമ്മുടെ നാട്ടിലുമില്ലേ ചുമരുകള്‍, നമ്മുടെ നാട്ടിലുമില്ലേ പെയിന്റ് വാങ്ങാനും ബീഡി വാങ്ങാനും ഒന്നും കാശില്ലാത്ത കലാകാരന്‍മാര്‍? ഒരു ഗറില്ലാ യുദ്ധമെങ്ങാനും ക്ലിക്ക് ആയി കിട്ടിയാല്‍ കുടുംബം രക്ഷപെടും എന്ന് ചുരുക്കാം. ബിയന്നാാലെ എന്നൊന്നും ചീത്തപ്പേര് കേള്‍ക്കുകയും വേണ്ട. ആദ്യമായി നമുക്ക് വാണ്ടലിസം ഒരു കുറ്റകൃത്യമാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് അപേക്ഷിച്ച്കൊണ്ട് തുടങ്ങാം.

 

ബാങ്ക്സിയുടെ ചുമര്‍ ചിത്രങ്ങളില്‍ ചിലത്.
Image courtesy: www.banksy.co.uk

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വനിതാ ദിനം കഴിഞ്ഞാല്‍…?

ഒരു ദിവസത്തെ ആഘോഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിലക്കിഴിവുകള്‍ക്കും ഒടുവില്‍ ഇന്നും സൂര്യനസ്തമിക്കും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതും സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക ഗാര്‍ഹികേതര പീഡനങ്ങളെപ്പറ്റി പറഞ്ഞതും ഒക്കെ മുഴങ്ങിക്കേട്ട തെരുവോരങ്ങളില്‍ വീണ്ടും സ്ത്രീകള്‍ ലൈംഗികവസ്തുക്കള്‍ മാത്രമായി ചുരുങ്ങി ചുരിദാറിട്ട് നടക്കും. കുറഞ്ഞ സ്ത്രീധനത്തിന്റെ പേരിലോ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്‍്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും ഇന്ത്യന്‍ അടുക്കളകളില്‍ പ്രഷര്‍കുക്കറുകള്‍ പൊട്ടിത്തെറിക്കും-വനിതാ ദിനത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പ്. പ്രഭാ സക്കറിയാസ് എഴുതുന്നു

 

 

വനിതാദിനത്തെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് വനിതാദിനത്തെപ്പറ്റി ഒന്ന് ഗൂഗിള്‍ ചെയ്യമെന്ന് കരുതിയത്. വുമന്‍സ് ഡേ സ്പെഷ്യല്‍ ഓഫറുകളാണ് ആദ്യം തെളിഞ്ഞുവന്നത്. വനിതാദിനത്തില്‍ വിവിധ എയര്‍ലൈന്‍സ് കമ്പനികള്‍ സ്ത്രീയാത്രക്കാര്‍ക്ക് വന്‍ കിഴിവില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്രേ! ഒരു വമ്പന്‍ റീടെയില്‍ ഭീമന്‍ സ്ത്രീകള്‍ക്ക് ചെരിപ്പിലും ഉടുപ്പിലും മിക്സര്‍ ഗ്രൈന്‍്ററിലും ജ്യൂസറിലും മൈക്രോ വേവിലും സൌന്ദര്യവര്‍ധക വസ്തുക്കളിലും ഒക്കെ ഇരുപത്തഞ്ചു മുതല്‍ നാല്‍പ്പതു ശതമാനം വരെ വിലക്കുറവു നല്‍കുന്നു.

പ്രഭാ സക്കറിയാസ്

പബ്ബുകളില്‍ സ്ത്രീകള്‍ക്കായി സ്പെഷ്യല്‍ സൌജന്യ ഹാപ്പി മണിക്കൂര്‍, സിനിമാഹാളുകളില്‍ ഫ്രീ ടിക്കറ്റുകള്‍, എന്തിനേറെ ഡ്യൂറെക്സ് പോലും വനിതാദിന ഓഫര്‍ നല്‍കുന്നുണ്ട്. മുന്‍നിര മാസികകളെല്ലാം ഈ വര്‍ഷവും വിവിധമേഖലകളില്‍ വിജയംവരിച്ച സ്ത്രീകളുടെ അഭിമുഖങ്ങളും കവര്‍പേജുകളുമായി ഇറങ്ങിക്കഴിഞ്ഞു. പല പല വീക്ഷണകോണുകളില്‍ നിന്ന് സ്ത്രീത്വം ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വനിതാദിനം അങ്ങ് കഴിഞ്ഞാലോ? അപ്പോള്‍ എന്തുണ്ടാകും?

ഒരു സാധാരണ വ്യക്തിക്ക് വനിതാദിനം എന്നാല്‍ പി എസ് സി പരീക്ഷയിലെ ഒരു ചോദ്യം മാത്രമാണ്. എര്‍ത്ത് ഡേ എന്നാണെന്നോ വാട്ടര്‍ ഡേ എന്നാണെന്നോ അറിയുന്നതിനെക്കാള്‍ പ്രത്യേകതയൊന്നും ഇതിനുമില്ല. ഇനി കോളേജിലും മറ്റുമായി വനിതാദിനാഘോഷങ്ങള്‍ കണ്ടിട്ടുള്ള ആളുകള്‍ പറഞ്ഞുകളയും, “വനിതാദിനമോ? അത് ഫെമിനിസ്റ്റുകളുടെ എന്തോ സംഭവമല്ലേ?” ഫെമിനിസം എന്നാല്‍, സ്ത്രീകളുടെ എന്തോ അശ്ള്ലീലമാണ് എന്നൊക്കെ ഒരു ധാരണ പോലും പൊതുസമൂഹത്തില്‍ ഉണ്ടെന്നുതോന്നുന്നു.

ഫെമിനിസം എന്നൊക്കെ പറഞ്ഞാല്‍, മലയാളസിനിമാക്കാര്‍ പറയുന്നത്പോലെ ഒരു പ്രേമനൈരാശ്യത്തിനു ശേഷം ആണ്‍വിരോധം മനസ്സില്‍ കൊണ്ട് നടക്കുകയും തലമുടി ബോബ് ചെയ്യുകയും പുകവലിക്കുകയും ഒടുവില്‍ സിനിമയുടെ അവസാനത്തിലൊക്കെയായി നായകന്റെ തല്ലു കൊണ്ട ശേഷം പൂമുഖവാതില്‍ ഭാര്യയായി രൂപാന്തരപ്പെടുകയും ഒക്കെ ചെയ്യന്ന സ്ത്രീകളുടെ സംഘടനയല്ല. ഫെമിനിസം എന്നാല്‍, ഒരു തെറിവാക്ക് പോലെ എടുത്തുപയോഗിക്കേണ്ട കാര്യവുമല്ല. സ്വന്തം വീട്ടുസുരക്ഷകള്‍ക്ക് വെളിയില്‍ നിരാലംബരായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്, അവരുടെ ജീവിതങ്ങള്‍ക്കും വിലയുണ്ട് എന്നൊക്കെ പൊതുസമൂഹം കൂടി ഒന്ന് മനസിലാക്കി പെരുമാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തിലുള്ളൂ. എന്നാല്‍ ആത്യന്തികമായി മനുഷ്യന്‍ സ്വാര്‍ത്ഥനായത് കൊണ്ട് ഫെമിനിസ്റ്റുകള്‍ ചിലകാര്യങ്ങളില്‍ ഇടപെടേണ്ടിവരുന്നു, ശബ്ദം ഉയര്‍ത്തേണ്ടി വരുന്നു. അത്രയേ ഉള്ളൂ കാര്യം. അല്ലാതെ ഫെമിനിസ്റ്റ് എന്നാല്‍ മുന്നില്‍ വന്നുപെടുന്ന ആണുങ്ങളെ എല്ലാം ഉടനടി വന്ധ്യംകരിച്ചു വിടുന്ന ഭീകരസത്വങ്ങളൊന്നുമല്ല.

 

 

എന്താണ് വനിതാദിനം?

തുല്യാവകാശങ്ങള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് വോട്ടവകാശത്തിനുവേണ്ടി പടിഞ്ഞാറന്‍ ലോകത്തെ സ്ത്രീകള്‍ നടത്തിയ സമരങ്ങളെ അനുസ്മരിക്കുന്നതിനും പ്രതിസന്ധികളെ അതിജീവിച്ചു വിജയികളായ സ്ത്രീകളെ അനുസ്മരിക്കുന്നതിനും ഇത്ര വര്‍ഷങ്ങളുടെ പ്രയത്നങ്ങള്‍ക്കോടുവിലും ലോകത്തില്‍ എല്ലായിടത്തും തന്നെ ഇപ്പോഴും നിലനില്‍ക്കുന്ന ഭീകരമായ അസമത്വങ്ങള്‍ ചര്‍ച്ച ചെയ്യനും പരിഹാരമാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കാനും ഒക്കെ വേണ്ടിയാണ് മാര്‍ച്ച് എട്ട് ഒരു ഓര്‍മ്മദിനമാക്കി വെച്ചിരിക്കുന്നത്. അമേരിക്ക മാര്‍ച്ച് മാസം മുഴുവന്‍ സ്ത്രീചരിത്രമാസമായും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ ചരിത്രം ആഘോഷിക്കാന്‍ അമേരിക്ക ഒരു മാസം മാറ്റിവെച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ പ്രശസ്ത ആഫ്രിക്കന്‍ അമേരിക്കന്‍ ഹോളിവുഡ് നടനായ മോര്‍ഗന്‍ ഫ്രീമാന്റെ പ്രശസ്തമായ ഒരു അഭിമുഖമാണ് ഓര്‍മ്മയില്‍ വരുന്നത്. അഭിമുഖകാരന്‍ കറുത്തവര്‍ഗചരിത്രത്തിനായി അമേരിക്ക ഒരു മാസം നീക്കി വെച്ചതിനെപ്പറ്റിയായിരുന്നു ചോദിച്ചത്. അഭിമുഖത്തിന്റെ ഒരു സ്വതന്ത്രപരിഭാഷ ചുവടെ ചേര്‍ക്കാം എന്ന് തോന്നുന്നു.

ഇന്‍്റര്‍വ്യൂക്കാരന്‍ : കറുത്തവര്‍ഗ ചരിത്ര മാസത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ഫ്രീമാന്‍: ശുദ്ധഭോഷ്ക്കായി കാണുന്നു.
ഇന്‍്റര്‍വ്യൂക്കാരന്‍ : എന്തുകൊണ്ട്?
ഫ്രീമാന്‍: നിങ്ങള്‍ എന്‍്റെ ചരിത്രത്തെ ഒരു മാസത്തിലേയ്ക്ക് ചുരുക്കാനാണോ ശ്രമിക്കുന്നത്?
ഇന്‍്റര്‍വ്യൂക്കാരന്‍ : ഹേയ്, അങ്ങനെ പറയാമോ?
ഫ്രീമാന്‍: നിങ്ങളുടെ മാസത്തില്‍ നിങ്ങള്‍ എന്ത് ചെയ്യം? ഏതുമാസമാണ് വെളുത്തവര്‍ഗ ചരിത്ര മാസം?
ഇന്‍്റര്‍വ്യൂക്കാരന്‍ : (നിശബ്ദം) ഞാന്‍ ജൂതനാണ്.
ഫ്രീമാന്‍: ശരി. എന്നാല്‍ ഏതു മാസമാണ് ജൂതചരിത്ര മാസം ?
ഇന്‍്റര്‍വ്യൂക്കാരന്‍ : അങ്ങനെ ഒരു മാസമില്ല.
ഫ്രീമാന്‍: ഓഹോ, എന്തുകൊണ്ട്? അങ്ങനെയൊന്നു വേണ്ടേ?
ഇന്‍്റര്‍വ്യൂക്കാരന്‍ :വേണ്ട.
ഫ്രീമാന്‍: ശരി. എനിക്കും വേണ്ട. എനിക്കോരു കറുത്തവര്‍ഗ്ഗചരിത്ര മാസം വേണ്ട. കറുത്തവരുടെ ചരിത്രമാണ് അമേരിക്കയുടെയും ചരിത്രം.
ഇന്‍്റര്‍വ്യൂക്കാരന്‍ : അപ്പോള്‍പ്പിന്നെ വര്‍ണ്ണവെറി നമ്മള്‍ എങ്ങനെ ഇല്ലാതാക്കും?
ഫ്രീമാന്‍: അതിനെ പറ്റി സംസാരിക്കുന്നത് നിറുത്തുക.

എന്തായാലും മാര്‍ച്ച് എട്ടിനോടടുപ്പിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പടാറുണ്ട്, മുടങ്ങാതെ. എന്നിട്ടും എന്താണ് ലോകം മാറാത്തത്? സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെപ്പറ്റിയും അവരെ അടിച്ചമര്‍ത്തുന്നതിനെപ്പറ്റിയും ഒക്കെ ആരോടെങ്കിലും ഒക്കെ ഒന്ന് ചോദിച്ചുനോക്കൂ. അത് വളരെ മോശമായ ഏര്‍പ്പാടാണെന്ന് ഒന്നൊഴിയാതെ എല്ലാവരും പറയും. അപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഈ കുറ്റകൃത്യങ്ങള്‍ ഒക്കെ ചെയ്യന്നതാരാണ്? മനുഷ്യരാരുമറിയാതെ അന്യഗ്രഹജീവികളാവണം വന്നു പെണ്‍ഭ്രൂണങ്ങള്‍ കലക്കിക്കളയുന്നതും ആദിവാസിപ്പെണ്‍കുട്ടികളെ അവിവാഹിത അമ്മമാരാകാന്‍ വിട്ടുകളയുന്നതും ഒക്കെ. ഈ അന്യഗ്രഹജീവികളെക്കോണ്ട് തോറ്റു!

എന്തായാലും ഒരു ദിവസത്തെ ആഘോഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിലക്കിഴിവുകള്‍ക്കും ഒടുവില്‍ ഇന്നും സൂര്യനസ്തമിക്കും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതും സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക ഗാര്‍ഹികേതര പീഡനങ്ങളെപ്പറ്റി പറഞ്ഞതും ഒക്കെ മുഴങ്ങിക്കേട്ട തെരുവോരങ്ങളില്‍ വീണ്ടും സ്ത്രീകള്‍ ലൈംഗികവസ്തുക്കള്‍ മാത്രമായി ചുരുങ്ങി ചുരിദാറിട്ട് നടക്കും. കുറഞ്ഞ സ്ത്രീധനത്തിന്‍്റെ പേരിലോ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും ഇന്ത്യന്‍ അടുക്കളകളില്‍ പ്രഷര്‍കുക്കറുകള്‍ പൊട്ടിത്തെറിക്കും.

ഹാപ്പി വിമന്‍സ് ഡേ!

 

 

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

സുല: ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ ഒരു പുസ്തകത്തിന്റെ ഇടപെടല്‍

ഒരു വിവര്‍ത്തക എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ക്ക് തുടക്കമിടുന്നത് ടോണി മോറിസന്റെ “സുല” എന്ന പുസ്തകമാണ്. ഞാന്‍ ആദ്യ പേജുമുതല്‍ അവസാനപേജു വരെ അതിസൂക്ഷ്മവും സശ്രദ്ധവും വായിച്ച ആദ്യ പുസ്തകം എന്ന് തന്നെ പറയാം. എന്നാല്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം കഴിഞ്ഞ് എവിടെയോ മറന്നും ഒളിഞ്ഞും ഇരുന്നശേഷം ആ പുസ്തകം വീണ്ടും വേറൊരു തലത്തില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തോന്നുന്നു, ഇപ്പോള്‍…-കെട്ടിനില്‍ക്കുന്ന ജീവിതത്തെ,ടോണി മോറിസന്റെ ‘സുല’ എന്ന പുസ്തകം ഒഴുക്കിലേക്ക് തിരിച്ചുവിട്ട കഥ പറയുന്നു, പ്രഭ സക്കറിയാസ്

 

 

ഒരു കഥ എഴുതാനോ ഒരു ചെറിയ കുറിപ്പെഴുതാനോ പോലും നൂറു തടസ്സങ്ങളും ആയിരം ഒഴിവുകഴിവുകളും ജോലിത്തിരക്കുകളും ഉണ്ടാകുമ്പോള്‍ ഞാന്‍ ടോണി മോറിസണെ ഇതുവരെ ഓര്‍മ്മിച്ചിട്ടൊന്നുമില്ല. ഒരു വിവര്‍ത്തക എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ക്ക് തുടക്കമിടുന്നത് ടോണി മോറിസന്റെ “സുല” എന്ന പുസ്തകമാണ്. ഞാന്‍ ആദ്യ പേജുമുതല്‍ അവസാനപേജു വരെ അതിസൂക്ഷ്മവും സശ്രദ്ധവും വായിച്ച ആദ്യ പുസ്തകം എന്ന് തന്നെ പറയാം. എന്നാല്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം കഴിഞ്ഞ് എവിടെയോ മറന്നും ഒളിഞ്ഞും ഇരുന്നശേഷം ആ പുസ്തകം വീണ്ടും വേറൊരു തലത്തില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തോന്നുന്നു, ഇപ്പോള്‍.

മലപോലെ കുമിഞ്ഞുകൂടുന്ന ജോലികളിലേയ്ക്ക് എത്തിച്ചേരുന്നത് മണിക്കൂറുകള്‍ യാത്ര ചെയ്തിട്ടാണ്. അതിശൈത്യവും കൊടുംവേനലും ഇടവിട്ട് ആവര്‍ത്തിച്ചുകൊണ്ട് തലസ്ഥാനം ദുരിതപ്പറമ്പാകുന്നുണ്ട്. സ്നേഹത്തോടെ ബാല്‍ക്കണിയില്‍കൊണ്ടുവെച്ച ചെടിച്ചട്ടികള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിട്ടും വെള്ളവും വളവുമിടാഞ്ഞിട്ടും ഇപ്പോഴും ചെറിയ പച്ച കാണിച്ച് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം ഇലയനക്കങ്ങള്‍ കാണാനോ അറിയാനോ ഉള്ള മനസ് ഇല്ലാതാകുന്നല്ലോ എന്ന് കുറ്റബോധം തോന്നുന്നുണ്ട്. തീര്‍ത്തുകൊടുക്കാനുള്ള ഒരു വിവര്‍ത്തനം കാലാവധി പലവട്ടം നീട്ടിവാങ്ങിയിട്ടും തീരാതെ തലപൊക്കി നോക്കുന്നുണ്ട്, എഡിറ്ററുടെ ഈ മെയില്‍ വിലാസമെങ്ങാന്‍ ചാറ്റ്വിന്‍ഡോയില്‍ പച്ചയായി തെളിഞ്ഞാല്‍ ഒരു ഞാന്‍ സ്ഥിരമായി ഒളിച്ചുപോകുന്നുണ്ട്…നാലാമിടത്തിന്റെ എഡിറ്ററോടും പറഞ്ഞുകഴിഞ്ഞതാണ് ഒഴികഴിവുകള്‍, തണുപ്പാണ്, മഞ്ഞാണ്, തിരക്കാണ്, നാളത്തെരാം, മറ്റന്നാള്‍ തരാം… കൃത്യമായി ജോലികള്‍ ചെയ്തുതീര്‍ത്തിരുന്ന പഴയൊരു ആത്മാഭിമാനം കടലാസുറോക്കറ്റായി പറന്നുകഴിഞ്ഞു. വാടക കൊടുക്കേണ്ട ദിവസത്തില്‍ നിന്ന് വാടക കൊടുക്കേണ്ട ദിവസത്തിലേയ്ക്കുള്ള യാത്ര പതിയെ ജീവിതമായി രൂപാന്തരപ്പെടുന്നുണ്ടോ?

ഇങ്ങനെയൊരു സങ്കടക്കാലം മൂത്തുപഴുത്ത് കാഷ്വല്‍ ലീവെടുത്തു ദു:ഖിച്ചിരിക്കാന്‍ തീരുമാനിച്ച ദിവസം രാവിലെയാണ് ഭര്‍ത്താവ് ‘സുല’യെപ്പറ്റി എഴുതിക്കൂടേ എന്ന് ചോദിച്ചത്. എന്തിനങ്ങനെ പറഞ്ഞുവെന്നറിയില്ല, എന്തായാലും ആമുഖം വായിച്ചപ്പോള്‍ ഒരാശ്വാസം.ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ പലയിടത്തും ആ പുസ്തകത്തിലേയ്ക്ക് തിരികെപ്പോകാന്‍ തോന്നിപ്പിക്കുന്ന തരം ഒരു സങ്കടമൊഴിയല്‍.

ആദ്യം വായിച്ചപ്പോഴും പിന്നീട് വായിച്ചപ്പോഴും വിവര്‍ത്തനം ചെയ്തപ്പോഴും എഡിറ്റ് ചെയ്തപ്പോഴും ഒന്നും തോന്നാത്ത അര്‍ത്ഥമാണ് ഇപ്പോള്‍ തോന്നുന്നത്. ഓരോരോ വിഷമങ്ങള്‍ വരുമ്പോള്‍ അമ്മ ബൈബിള്‍ എടുത്തുവായിക്കുന്നത് കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് സന്ദര്‍ഭവും സാഹചര്യവും ഒന്നും നോക്കാതെ ടപ്പേന്ന് ബൈബിള്‍ തുറന്ന് ആദ്യം കാണുന്ന വാചകം വായിക്കും. പുള്ളിക്കാരിയുടെ സങ്കടത്തിനു ആശ്വാസമോ ചോദ്യങ്ങള്‍ക്ക് ഉത്തരമോ ഒക്കെ ഇങ്ങനെ കിട്ടാറുണ്ട്. അത്തരം എങ്ങുനിന്നെന്നില്ലാത്ത ഉത്തരങ്ങള്‍ക്ക് വലിയ ആശ്വാസങ്ങള്‍ തരാന്‍ കഴിയുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മതത്തിനും വിശ്വാസത്തിനും ഒക്കെ മേലെയുള്ളതാണ് അത്തരം ദീര്‍ഘനിശ്വാസങ്ങള്‍. (അന്ത്യഅത്താഴത്തെ കരുതിയുള്ള ഒരു മുന്‍കൂര്‍ജാമ്യമാണ്, ഞാന്‍ ബൈബിളിനെയോ കര്‍ത്താവിനെയോ ടോണി മോറിസനോട് ഉപമിച്ചതൊന്നുമായി കരുതരുത്. ബൈബിള്‍ ആയാലും ‘സുല’ ആയാലും ഒക്കെ ഒന്നാന്തരം വായനാനുഭവങ്ങള്‍ തന്നെയാണ്. വ്രണപ്പെടാന്‍ തിടുക്കപ്പെട്ടുനില്‍ക്കുന്ന മതവികാരങ്ങള്‍ കണ്ണടയ്ക്കാന്‍ അപേക്ഷ.)

 

ടോണി മോറിസന്‍

 

സുലയുടെ ആമുഖത്തിലെ ഒരു ഖണ്ഡിക ഇതിന്റെ കൂടെ ചേര്‍ക്കാം എന്നുകരുതുന്നു.

“സുല എഴുതുന്ന കാലത്ത് ഞാന്‍ ക്യൂന്‍സിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളെ വേനല്‍ക്കാലത്ത് അച്ഛനമ്മമാരുടെ അടുത്തും അല്ലാത്തപ്പോള്‍ സ്കൂളിലും ഒക്കെയാക്കി മാന്‍ഹാട്ടനിലെ എന്‍്റെ ഓഫീസിലേയ്ക്കുള്ള ഓട്ടമായിരുന്നു സ്ഥിരം. പണത്തിന്റെ ഞെരുക്കം കരുതിക്കൂട്ടിയുള്ള പിരിമുറുക്കത്തില്‍ നിന്നും തമാശയിലേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഓരോ വീട്ടുവാടക അടയ്ക്കലും ഒരു വന്‍സംഭവമായിരുന്നു; സാധനങ്ങള്‍ വാങ്ങാനുള്ള ഓരോ യാത്രയും മിച്ചംപിടിക്കലിന്റെ
ആഘോഷങ്ങളായിരുന്നു. എല്ലാ അവിവാഹിതയായ/വിവാഹമോചിതയായ അമ്മയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഞങ്ങള്‍ കച്ചവടം ചെയ്യണ്ടിവന്നത് എന്തെല്ലാമായിരുന്നു- സമയം, ഭക്ഷണം, പണം, വസ്ത്രങ്ങള്‍, ചിരി, ഓര്‍മ്മകള്‍- വല്ലാത്ത ധൈര്യമായിരുന്നു ഞങ്ങള്‍ക്ക്.

അറുപതുകളില്‍, അത്രയധികം മരണങ്ങള്‍ക്കും തടങ്കലുകള്‍ക്കും നിശ്ശബ്ദതകള്‍ക്കും ശേഷം തിരിഞ്ഞുനോക്കാനൊന്നും കഴിയില്ലായിരുന്നു. തിരിഞ്ഞുനോക്കാന്‍ യാതൊന്നും ഇല്ലായിരുന്നുതാനും. ആരും വഴികാണിക്കാനില്ലാതെ, ഞങ്ങള്‍ പലതും ചിന്തിച്ചു, പലതും പരീക്ഷിച്ചു, പലതും അന്വേഷിച്ചുനടന്നു. അറിയുന്നതെല്ലാം ഉപയോഗിച്ചു, അറിഞ്ഞുകൂടാത്തതെല്ലാം കണ്ടുപിടിച്ചു. ആരുടേയും പ്രതീക്ഷകളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ. നാടകങ്ങളെഴുതി, നാടകക്കമ്പനി തുടങ്ങി, ഉടുപ്പുകള്‍ തുന്നി, നോവലെഴുതി. മറ്റാരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ട് ഞങ്ങളുടെ കാര്യം ഞങ്ങള്‍ തന്നെ ശ്രദ്ധിച്ചു. “നിങ്ങളെ നോക്കാനും ശാസിക്കാനും ആരുമില്ലെങ്കില്‍ നിങ്ങളെന്താവും ചെയ്യക?” എന്ന ചോദ്യം മാത്രമുയരുന്ന ആ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ നാല്‍പ്പതുകൊല്ലം മുന്‍പ് ആ അവസ്ഥയിലുള്ള കറുത്ത സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിച്ചത്. സ്വന്തം മോക്ഷത്തെപ്പറ്റി ചിന്തിക്കാനും അവനവന്റെ ആത്മസുഹൃത്തായിരിക്കാനും ഞങ്ങള്‍ ഉത്സുകരായി. 1920-കളില്‍ ഇല്ലാത്ത എന്ത് അര്‍ത്ഥമാണ് 1969-ല്‍ ഉണ്ടാവുക? അസൂയയോടെയും മുന്‍വിധിയോടെയും സൂക്ഷിച്ചിരുന്ന സ്ത്രീയുടെ രൂപം മനസ്സില്‍ തെളിഞ്ഞു.”

ഒരുമിച്ചുചേര്‍ത്ത് വായിക്കാന്‍ കഴിയുന്ന അനുഭവലോകങ്ങളല്ല ഇതൊന്നും. ഇരുപതുകളിലെ അമേരിക്കയില്‍ അടിമത്തത്തിന്റെ ചൂട് മാറാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന സ്ത്രീകളുടെ ജീവിതവും അറുപതുകളിലെ ടോണി മോറിസന്റെ ജീവിതവും ഇന്നത്തെ എന്റെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗസന്തുഷ്ടിയിലെ ഇടര്‍ച്ചകളും പരിദേവനങ്ങളും പരസ്പരം തുലനം ചെയ്ത് കാണുന്നത് തീരെ ശരിയല്ല. എങ്കിലും ചില വേവലാതികള്‍ അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ലെന്നും എന്നേക്കാള്‍ വലിയ പ്രശ്നങ്ങളും വലിയ പ്രതിസന്ധികളും അനുഭവിക്കുന്ന ആളുകള്‍ എന്‍്റെ ഇടുങ്ങിയ ജീവിതാവസ്ഥയ്ക്ക് വെളിയില്‍ ഉണ്ടെന്നും മനസിന്റെ ഈഗോയെ ചെറുതായി ഒന്നോര്‍മ്മിപ്പിക്കാനെങ്കിലും ഇത്തരം ചില വായനകള്‍ക്ക് കഴിയുന്നുണ്ട്.

അവനവനിലേയ്ക്ക് മാത്രം തിരിഞ്ഞിരുന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍ മനസിനെ തൂക്കിയെടുത്ത് പുറത്തേയ്ക്ക് തിരിച്ചുവയ്ക്കുന്ന ചില ശബ്ദങ്ങള്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഉയരാറുണ്ട്. അങ്ങയേറ്റം സ്വകാര്യമായ ഇത്തരം ഒരു കുറിപ്പ് നഗരത്തെയും സ്ത്രീയെയും മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ലന്നു തോന്നുന്നു, സേഫ്റ്റി വാല്‍വുകളില്ലാതാകുന്ന ഈ കാലത്ത് പ്രത്യേകിച്ചും. മുഖം പൂഴ്ത്താന്‍ ഒരു പുസ്തകമെങ്കിലും വേണ്ടതാണ് നമുക്കെല്ലാം. അത് പ്രേമകവിതകളായാലും സെല്‍ഫ് ഹെല്‍പ് ഗൈഡുകളായാലും ഒന്നും പ്രശ്നമല്ല, സ്മാര്‍ട്ഫോണുകള്‍ക്കും സ്മാര്‍ട്ഫോണ്‍ ഇല്ലായ്മകള്‍ക്കും വെളിയില്‍ ഇറങ്ങി മനുഷ്യനെ ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുന്ന ഏതു തുന്നിക്കെട്ടിയ കടലാസും നല്ല പുസ്തകം തന്നെയാണ്.

വായിച്ചുനിറുത്തുമ്പോള്‍ ചില വാക്കുകള്‍ തരുന്ന ഒരു ആശ്വാസം നാളെയും ഉണര്‍ന്നു ജോലിസ്ഥലത്തേയ്ക്കുള്ള മെട്രോ പിടിക്കാനും രാത്രി കുറച്ചൊക്കെ ഉറങ്ങാതിരുന്നു ജോലികള്‍ ചെയ്തുതീര്‍ക്കാനും രാവിലെ പോകും മുന്‍പ് ചെടിച്ചട്ടിയില്‍ കുറച്ചുവെള്ളമൊഴിക്കാനും മനസുതുറന്ന് ചിരിക്കാനും സ്വപ്നം കാണാനും ഒക്കെ പ്രേരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഉച്ചയായിട്ടുപോലുമില്ല, രാത്രിയാകും മുന്‍പ് പലതവണ വായിച്ചു മുഷിഞ്ഞ ഈ പുസ്തകം ഒരുതവണ കൂടി വായിച്ചുതീര്‍ക്കാമെന്ന് തോന്നുന്നു.

എട്ടിഞ്ച് ബൂട്ടില്‍ എന്റെ നടത്തങ്ങള്‍

എന്നാല്‍ ആണുങ്ങളുടെ ചെരിപ്പുകളുടെ മനോഹരശേഖരം ഞാന്‍ കണ്ടെത്തിയതിനും കാലിന് ഏറ്റവും സുഖവും സംരക്ഷണവും തരുന്ന ആണ് ചെരിപ്പിലേക്ക് അന്തസോടെ കാലിനെ മാറ്റിയതിനും ശേഷം എന്റെ ഷോപ്പിംഗ്‌ കഥതന്നെ മാറിപ്പോയി. മാസികകളുടെ ഫാഷന്‍ വേദശാസ്ത്രപ്രകാരം പണിഞ്ഞുവെച്ചിരിക്കുന്ന മെലിഞ്ഞൊതുങ്ങിയ ചെരിപ്പിനുള്ളില്‍ വേദന സഹിച്ചുനടക്കാന്‍ ശ്രമിക്കുന്ന പരിപാടി ഞാന്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു-പ്രഭാ സക്കറിയാസ് എഴുതുന്നു

graphics: prabha

ജോലി കഴിഞ്ഞ് വൈകുന്നേരം തിരികെ പോകുന്നതിനിടെ ഞാന്‍ “Mathew Arnold in a Saree” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് എന്തിനാവും? പണ്ട് യൂ ജി സി പരീക്ഷക്ക്‌ കാണാപ്പാഠം പഠിക്കുമ്പോള്‍, “ഇന്ത്യന്‍ ഇംഗ്ലീഷ് കവിതയെ Mathew Arnold in a Saree എന്ന് വിശേഷിപ്പിച്ചതാര്? ഗോര്ഡന്‍ ബോട്ടംലി. ഗോര്ഡനന്‍ ബോട്ടംലി ഗോര്ഡന്‍ ബോട്ടംലി ഗോര്ഡിന്‍ ബോട്ടംലി ഗോര്ഡടന്‍ ബോട്ടംലി” എന്ന് ഉരുവിട്ടുകൊണ്ടിരുന്ന് ഉറക്കം തൂങ്ങിയിട്ടുണ്ട്. എനിക്കിപ്പോള്‍ എന്നെകുറിച്ചും അങ്ങനെയേ പറയാന്‍ തോന്നൂ. സാഹിത്യം കൊണ്ടല്ല, സാരി കൊണ്ട്, സാരിക്കും താഴെ കാല്‍പ്പാദത്തില്‍ പുരുഷന്മാരുടെ സൈസ്‌ എട്ട് തവിട്ട് തുകല്‍ ഷൂസ് കൊണ്ടും.

വിചിത്രമായ ഈ സ്വകാര്യവസ്ത്രചേരുവയുടെ ചരിത്രവും വിശകലനവും കൂടി പറയണമല്ലോ..

സ്ത്രീകളുടെ ഉടുപ്പുകളെയും ചെരിപ്പുകളെയും പ്രധാന്യത്തോടെ കാണുന്നവരാണ് വനിതാമാസികകളും ഫെമിനിസ്റ്റുകളും. സ്ത്രീകളെ സാധാരണ വേഗത്തില്‍ സഞ്ചരിക്കാനും നടക്കാനും ഓടാനും കഴിയാത്ത ലൈംഗിക വാര്‍പ്പുമാതൃകകളായി മാറ്റുന്നതിനുവേണ്ടി പുരുഷന്മാര്‍ സൃഷ്ടിച്ചതാണ് ഹൈഹീലും കൂര്‍ത്ത മുന്നറ്റവുമുള്ള കുഞ്ഞിച്ചെരിപ്പുകളെന്നും പറഞ്ഞ് അറുപതുകളിലെ ഫെമിനിസ്റ്റുകള്‍ പടിഞ്ഞാറന്‍ ലോകത്ത് ഹീലുകളെ വിമര്ശിച്ചു. അതിനുശേഷം ഒരു ഹിപ്പി തലമുറ ആണ്പെണ്‍ ഭേദമില്ലാതെ ഒരേ തരം ചെരിപ്പുകളിട്ട് നടന്നു. ഇന്ത്യയില്‍ ഇപ്പോഴാവണം ചെരുപ്പ് ഫാഷന്‍ അതിന്റെ ഏറ്റവും ഭീകരാവസ്ഥയിലെത്തുന്നത് എന്നുവേണം എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കരുതാന്‍.

സാമാന്യം നല്ല ഉയരവും അതിനുയോജിച്ച ശരീരഭാരവും അത് താങ്ങാന്‍ പാകത്തില്‍ വലിപ്പമുള്ള കാല്പ്പാദവുമുള്ള ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ചെറുപ്പം തൊട്ടേ ഞാന്‍ വലിയ ചെരിപ്പുകള്‍ ഉപയോഗിച്ചുവന്നിരുന്നു. എന്നാല്‍ എപ്പോഴും എനിക്ക് പാകമാവുന്ന ചെരിപ്പുകള്‍ ഉണ്ടായിരുന്ന ബാറ്റ പോലുള്ള കടകളില്‍ പോലും ഇപ്പോള്‍ എന്റെ കാലിന്റെ വലിപ്പത്തില്‍ ചെരുപ്പ് കിട്ടാതായിരിക്കുന്നു. എന്റെ കാലാണെങ്കില്‍ കഴിഞ്ഞ പത്തുവര്ഷമായി ഒരേ വലിപ്പത്തില്‍ തന്നെയാണ് താനും. അന്വേഷിച്ചപ്പോള്‍ ബാറ്റയും ഇപ്പോള്‍ കുറച്ചുനാളായി ഏറ്റവും പുതിയ ഫാഷനുകളില്‍ മാത്രമേ ചെരിപ്പുകള്‍ ഉണ്ടാക്കുന്നുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ കാല്‍ മുറിച്ചുകളയണം പോലും.

ഏറ്റവും പുതിയ ഫാഷനുകള്‍ എനിക്കെതിരെയും എന്റെ കാലിനെതിരെയും ഇങ്ങനെ പ്രതികരിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ഞാന്‍ സ്ത്രീകളുടെ ചെരിപ്പ് ഫാഷനുകളെപ്പറ്റി ചിന്തിക്കാന്‍ നിര്ബന്ധിതയായത്. വോഗ് മുതല്‍ ഫെമിന വഴി വനിതയും ഗൃഹലക്ഷ്മിയുമൊക്കെ വരെ പ്രദര്ശി‍പ്പിക്കുന്നത് ഒരേ കാര്യം തന്നെ. അതതിന്റെ വായനക്കാരികള്ക്ക് വാങ്ങി ഉപയോഗിക്കാവുന്ന (ഉപയോഗിച്ചിരിക്കേണ്ട) ഏറ്റവും പുത്തന്‍ ഫാഷനിലുള്ള ഉടുപ്പുകളും ചെരിപ്പുകളും, യഥാക്രമം ഗ്ലോബല്‍, ഇന്ത്യന്‍ നഗര, മലയാളി ചെറുപട്ടണ സ്ത്രീയെ ലക്ഷ്യമിടുന്നവ. ഈ വക സാധനങ്ങള്‍ വാങ്ങാന്കിട്ടുന്ന കടകളും മേല്പ്പറഞ്ഞ മാസികകളും തമ്മില്‍ ഒരു പുറം ചൊറിയല്‍ ബന്ധമുണ്ട്.

മുന്തിയ ബ്രാന്ഡുകള്‍ പുത്തന്‍ മോഡലുകളില്‍ തുണികളും ചെരിപ്പുകളും പുറത്തിറക്കുന്നു- മാസികകള്‍ അവയെ പുകഴ്ത്തിയെഴുതുന്നു-അതൊക്കെയാണ് മികച്ചത്, അതൊക്കെയുണ്ടെങ്കിലാണ് സ്ത്രീയേ നീ പൂര്‍ണ്ണയാവുക എന്ന് പറയുന്നു- പണമുള്ള ഉപരിവര്‍ഗ സ്ത്രീകള്‍ അവയെല്ലാം വാങ്ങുന്നു, അത്ര പണമില്ലെങ്കിലും ഒരു ശരാശരി പൂര്ണ്ണതയെങ്കിലും കൊതിക്കുന്ന മധ്യവര്‍ഗ സ്ത്രീക്ക് വേണ്ടി ഇതേ മോഡലുകളില്‍ ചെറുകിട ബ്രാന്ഡുകള്‍ ഉടുപ്പും ചെരിപ്പും സൃഷ്ടിച്ചെടുക്കുന്നു. ഈ വിഷമവൃത്തത്തിലെവിടെയോ വെച്ചാണ് എന്റെ് കാലിന് ചെരിപ്പ് നഷ്ടമാകുന്നത്.

ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ ജോലികഴിഞ്ഞ് തിരികെ യാത്രചെയ്യുകയാണ്. എന്റെ വേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള കൈത്തറി സാരി. കമ്പിളിഷാള്‍ പുതച്ചിട്ടുണ്ട്. പുരുഷന്മാര്‍ ധരിക്കുന്ന കനമുള്ള ലെതര്ഷൂ്സിനുമേല്‍ അടുക്കടുക്കായി കിടക്കുന്ന പച്ച സാരിയുടെ ചുവന്ന ബോര്ഡര്‍ എന്നെ ‘മാത്യൂ ആര്‍നോള്‍ഡ്’ ആക്കി മാറ്റുന്നു. ഫെമിനിസം എന്നുപറയുമ്പോള്‍ മനസിനൊരു പുളകമൊക്കെ തോന്നുമെങ്കിലും ഇടയ്ക്കൊക്കെ സാരിയുടുക്കുമ്പോഴെങ്കിലും ഒരു മാസികപ്പരുവം പെണ്‍ ചെരിപ്പുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്, “എന്തൊരു കാലാണ് എന്റേത്, കുറച്ചുകൂടി ചെറിയ കാല്പ്പാദം മതിയായിരുന്നു” എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ നാലോ അഞ്ചോ സൈസിലുള്ള ഒരു കുഞ്ഞിച്ചെരിപ്പുമിട്ട് എന്റെ ശരീരം എങ്ങനെ ബാലന്‍സ് തെറ്റാതെ നടക്കും? ഈ സര്ക്കസ്‌ ദിവസവും നടത്തുന്നവരെ ഇവിടെ സാഷ്ടാംഗം പ്രണമിക്കുന്നു. ചെരിപ്പിന് പാകമാകുന്ന കാലല്ല, കാലിന് പാകമാകുന്ന ചെരിപ്പാണ് മനുഷ്യന് വേണ്ടത് എന്ന മഹാരഹസ്യം ഞാന്‍ തിരിച്ചറിഞ്ഞത് അതിനുശേഷമാണ്. മനുഷ്യന്‍ ചെരുപ്പ് കണ്ടുപിടിച്ചത് തന്നെ സുഖമായി നടക്കാന്‍ വേണ്ടിയാണ്, അല്ലാതെ കാലിനെയും നട്ടെല്ലിനെയും പീഡിപ്പിക്കാനല്ല.

എന്നാല്‍ ആണുങ്ങളുടെ ചെരിപ്പുകളുടെ മനോഹരശേഖരം ഞാന്‍ കണ്ടെത്തിയതിനും കാലിന് ഏറ്റവും സുഖവും സംരക്ഷണവും തരുന്ന ആണ് ചെരിപ്പിലേക്ക് അന്തസോടെ കാലിനെ മാറ്റിയതിനും ശേഷം എന്റെ ഷോപ്പിംഗ്‌ കഥതന്നെ മാറിപ്പോയി. മാസികകളുടെ ഫാഷന്‍ വേദശാസ്ത്രപ്രകാരം പണിഞ്ഞുവെച്ചിരിക്കുന്ന മെലിഞ്ഞൊതുങ്ങിയ ചെരിപ്പിനുള്ളില്‍ വേദന സഹിച്ചുനടക്കാന്‍ ശ്രമിക്കുന്ന പരിപാടി ഞാന്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു. ഇനി ഞാന്‍ നല്ല ഒന്നാന്തരം ഒരു ബൂട്ട് വാങ്ങുന്നുണ്ട്, സാരിയുടുത്ത് ബൂട്ടിട്ട് നടക്കുന്നുണ്ട്, മാസികകളുടെ മുകളിലൂടെ…

ചില എക്സ്റേ കാഴ്ചകള്‍

ഫുട്ട് ബൈന്ടിംഗ് എന്ന പുരാതന ചൈനീസ് സൗന്ദര്യസങ്കല്പ്പടത്തിന്റെ ബാക്കിയായി ഉണ്ടായ ചെറിയ സുന്ദരമായ കാല്‍ ചെരിപ്പില്ലാതെ.

ഇനി അതിന്റൊ എക്സ്റേ.

ഇത് ഫുട്ട് ബൈന്ടിംഗ് ചെയ്ത കാലിനുവേണ്ടിയുള്ള മനോഹരമായ (??) ചെരുപ്പ്.

ഏറ്റവും സെക്സിയെന്നു കരുതപ്പെടുന്ന സ്റ്റിലെറ്റോ ചെരിപ്പുകളുടെ എക്സ്റേ.

സ്റ്റില്ലെറ്റോ ധരിച്ച സ്ത്രീയുടെ കാല്‍.

ഒരു മനുഷ്യന്റെ കാല്‍ എക്സ്റേയില്‍.

ഇനി അത് പുരുഷഷൂവിനുള്ളില്‍.

PS: ലൈംഗികഅതിക്രമങ്ങള്‍ നേര്ക്കു നേരെയും കമന്റുകളുടെ രൂപത്തിലും മാത്രമല്ല വരിക. ‘അവന്‍ പല രൂപത്തിലും വരും’. മാസികകളുടെ രൂപത്തിലും ഒതുങ്ങിയ ചെരിപ്പിന്റെ രൂപത്തിലും പോലും. കരുതിയിരിക്കുക!

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.

“കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്-പ്രഭാ സക്കറിയാസ് എഴുതുന്നു

 

poem: sylvia plath

 

രാത്രിയെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി ഓര്‍മ്മകള്‍ എഴുതി. കേരളത്തിലെയും ഹൈദരാബാദിലെയും ഡല്‍ഹിയിലെയും ഓര്‍മ്മകള്‍. എന്‍റെ അനുഭവങ്ങളും ഒപ്പം കുറെ കൂട്ടുകാരികളുടെ അനുഭവങ്ങളും ചേര്‍ത്ത് ഒരു സങ്കടക്കുറിപ്പ്… എഴുതിക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോള്‍ ഇത് എന്തിനുവേണ്ടിയാണ് എഴുതുന്നതെന്ന് തോന്നി. ആരാവും ഇത് വായിക്കുക? ഞാന്‍ നീട്ടിവിസ്തരിച്ച് നാല്പേജിലായി എഴുതിയ ദൈനം ദിനദുരനുഭവങ്ങളുടെ ഓരോ ഉദാഹരണവും ആയിരംതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്.

ഓരോ സ്ത്രീക്കും പുരുഷനും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇത്രനാള്‍ ആളുകള്‍ ഇതെല്ലാം ചര്‍ച്ചചെയ്തിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല. സാമൂഹികപ്രതിബദ്ധതയും മൂല്യബോധവും സദാചാരബോധവും ലൈംഗികദാരിദ്ര്യവും അരാജകത്വസ്വപ്നങ്ങളും രഞ്ജിത്തും ഷക്കീലയും പദ്മരാജനും ബ്ലെസ്സിയും സത്യന്‍അന്തിക്കാടും സന്തോഷ്‌ പണ്ഡിറ്റും രഞ്ജിനി ഹരിദാസും എല്ലാം ആഴത്തില്‍ ഇഴചേര്‍ന്ന് ബുദ്ധിജീവി ജാഡക്കും തെറിയെഴുത്തിലെ ആനന്ദത്തിനും ഇടയിലുള്ള വല്ലാത്തൊരു മാനസികനിലയില്‍ ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. മലയാളത്തിലുള്ള നിരവധി ഇന്റര്‍നെറ്റ്‌ പോര്‍ട്ടളുകളില്‍ ഇനിയും പതിനായിരം സ്ത്രീകള്‍ കൂടി തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നെഴുതിയാലും ഒന്നും സംഭവിക്കില്ല. ഒരു പെണ്ണിനോട് ഒരിക്കല്‍ പോലും മാന്യമായി പെരുമാറിയിട്ടില്ലാത്ത ഒരാള്‍ എന്റെയോ എന്‍റെ സുഹൃത്തുക്കളുടെയോ അനുഭവങ്ങള്‍ വായിച്ച് സന്തോഷിക്കുന്നതിനെപ്പറ്റി ആലോചിക്കുക കൂടി ചെയ്തപ്പോള്‍ എഴുതേണ്ട എന്നുപോലും തീരുമാനിച്ചതാണ്. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ.

“I haven’t seen any one living in so much fear”- എംഫില്‍ കഴിഞ്ഞ് ഹൈദ്രബാദില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഒരു കൂട്ടുകാരി പറഞ്ഞു. എന്‍റെ എല്ലാ മൂടുപടങ്ങളും അഴിഞ്ഞുവീഴുകയായിരുന്നു അവിടെ. കേരളത്തില്‍ കളഞ്ഞിട്ടുപോന്നു എന്ന് കരുതിയ പേടികള്‍ എല്ലാം എന്നന്നേയ്ക്കുമായി ഉള്ളില്‍ നിന്ന് നാടുവിട്ടുവെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഇല്ല, ഒരുമാസം ഒരുമിച്ച് താമസിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലുള്ള പേടികളുടെ അടരുകള്‍ കൂടെ താമസിക്കുന്നവള്‍ക്ക് അറിയാന്‍ കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഒരു നല്ല നടിയല്ല.

എന്നും രാത്രി ജോലി കഴിഞ്ഞ് വൈകി തിരിച്ചെത്തുകയും ഒരു വീട്ടില്‍ ഒറ്റയ്ക്ക് കുറെ നാള്‍ താമസിക്കുകയും ചെയ്ത, കേരളത്തിലെ ഒരു ശരാശരി പെണ്‍കുട്ടിക്ക് അപ്രാപ്യമായ രാത്രിജീവിതം (വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുക, വഴിവിളക്കുകളെ നോക്കുക തുടങ്ങിയ മഹാസംഭവങ്ങള്‍) അറിഞ്ഞിട്ടുള്ള, സ്വതന്ത്രയെന്നു സ്വയം വിശ്വസിക്കുന്ന, ഓരോ അണുവിലും ധൈര്യവും ആത്മവിശ്വാസവും കുത്തിനിറച്ച് നടക്കുന്ന എന്‍റെ ഉള്ളില്‍ പേടിയുടെ ഒരു കൂന കൂട്ടിവെച്ചിരിക്കുന്നത് ഒരാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തെക്കുറിച്ചും പുരുഷന്മാരുടെ രഹസ്യവ്യക്തിത്വത്തെക്കുറിച്ചും ഒരു പെണ്ണെന്ന നിലയില്‍ ആ നാട്ടില്‍ ജീവിച്ചതിനെക്കുറിച്ചും വെറുപ്പോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ….

 

graphics: prabha

 

രാത്രിജീവിതം കേരളത്തില്‍വെച്ച് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചില രാത്രിപ്പേടികള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പകല്‍പ്പേടികളും. പറഞ്ഞാല്‍ തീരില്ല കഥകള്‍. സ്വര്‍ഗം തരാമെന്നുപറഞ്ഞാലും ഞാനില്ല കേരളത്തില്‍ ജീവിക്കാന്‍.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ “കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വെച്ച് ബസില്‍ യാത്രചെയ്ത് കോളേജില്‍ പോകേണ്ടിയിരുന്ന കുട്ടിയല്ല ഞാന്‍ ഇന്ന്. മെട്രോ പോലുള്ള കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്ന നഗരമാര്‍ഗങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. പലതരത്തില്‍ ഒട്ടേറെ പ്രത്യേകാനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഡല്‍ഹിയില്‍ തിരക്കുള്ള ഒരു ബസില്‍ ഞാന്‍ ഇത്വരെ തനിച്ചുയാത്ര ചെയ്തിട്ടില്ല. എപ്പോഴും കൂടുതല്‍ സുരക്ഷിതമായ യാത്രാമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രദ്ധിക്കാറുണ്ട്. ഒരു വീട് വാടകയ്ക്കെടുക്കാന്‍ ആലോചിക്കുമ്പോള്‍ പോലും അത് മെട്രോ സ്റ്റേഷന്‍റെ എത്ര അടുത്താണ് എന്ന് ആലോചിച്ചു നോക്കും ആദ്യം. സൂക്ഷ്മപരിശോധനകള്‍ ഈ നഗരത്തില്‍ എവിടെയുമുണ്ട്. അത് എന്നെപ്പോലെ ഒരു സ്ത്രീയെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ സുരക്ഷിതയായി വീട്ടിലെത്തിക്കുന്നു. എങ്കിലും ഇരുണ്ട കോണുകളില്‍ ആണിനും പെണ്ണിനുമെന്ന ഭേദമില്ലാതെ ഇവിടെ മോഷണം, പിടിച്ചുപറി, ലൈംഗികഅതിക്രമം മുതലായ ഭീഷണികള്‍ നിലനില്‍ക്കുന്നുമുണ്ട്.

കേരളത്തില്‍ ഉള്ളത് സദാചാരവും സെക്ഷ്വല്‍ ഫ്രസ്ട്രേഷനും കൂടി ഭ്രാന്ത്‌ പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെങ്കില്‍ ഡെല്‍ഹിയിലുള്ളത് പോലീസിന്‍റെ മൂക്കിനുകീഴെയായതുകൊണ്ട് ഇസ്തിരിയിട്ട ഒരു അച്ചടക്കം പാലിക്കുന്ന ഒരു സമൂഹമാണ്. എങ്കിലും തമ്മില്‍ ഭേദം കേരളത്തിലെയത്ര കപടസദാചാരവും ഫ്രസ്ട്രെഷനും കാണിക്കാത്ത ഏതെന്കിലും അപരിചിതനഗരം തന്നെയാവും. ലിംഗഭേദമോ ജാതിഭേദമോ വര്‍ഗഭേദമോ ഇല്ലാതെ, ആരുടേയും നിര്‍ബന്ധങ്ങളും നിയമങ്ങളും പിഴകളും ഇല്ലാതെ, മറ്റൊരു വ്യക്തിയെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കാന്‍ എന്ന് മനുഷ്യര്‍ക്ക്‌ കഴിയുന്നുവോ അന്നുമാത്രമേ മാറ്റം ഉണ്ടായി എന്ന് പറയാന്‍ കഴിയൂ. ആ മാറ്റം ഉണ്ടാകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. കേരളത്തിന്റെ സാമൂഹ്യബോധം മാറുമെന്ന് തീരെ പ്രതീക്ഷയില്ല. അവിടെനിന്ന് ഓടിരക്ഷപെടുക തന്നെ.

ക്രൈംറേറ്റ് കണക്കുകള്‍ പ്രകാരം അപകടകരമായ നഗരമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ് ഡല്‍ഹി. ഇവിടെയാണ്‌ ഞാന്‍ ജോലിചെയ്ത് ജീവിക്കുന്നത്. ഇവിടെ എട്ടുമണിക്കോ ഒന്‍പതുമണിക്കോ പാതിരക്ക് പോലുമോ ഒരു സ്ത്രീ തനിച്ച് യാത്രചെയ്യുക എന്നത് ചിന്തിക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ല. സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വൈകിയുള്ള യാത്രകളും മറ്റും. ഇവിടെയുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോശം അനുഭവങ്ങള്‍ ഉണ്ടായവര്‍ കാണും. എന്നാല്‍ സ്ഥിരമായി പേടിച്ചുജീവിക്കുന്ന, ആറുമണി കഴിഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത്‌ ഇറങ്ങാന്‍ പോലും ആണ്‍തുണ വേണമെന്ന് വിശ്വസിക്കുന്ന സ്ത്രീകളെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല.

തനിച്ചുള്ള രാത്രി ഓര്‍മ്മകള്‍ ഇപ്പോഴുമില്ല എനിക്ക്. ഈ നഗരത്തില്‍ ഒരു പേടിയുമില്ലാതെ ചുറ്റുമുള്ള സ്ത്രീകളെല്ലാം ജീവിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഉള്ളിലെ പേടികളുടെ കനലുകളെ ചാരമിട്ട് മൂടിവെച്ചിരിക്കുകയാണ്. ആണ്‍കൂട്ടില്ലാതെ ഞാന്‍ രാത്രി എന്തെന്ന് കണ്ടിട്ടേയില്ല. ശവപ്പെട്ടിക്കുള്ളില്‍ കിടന്നാല്‍ പോലും നേരം വൈകിയാല്‍ എന്‍റെ നെഞ്ചിടിക്കും. വേഗം നടന്ന് വീട്ടിലെത്താന്‍ തോന്നും… കേരളത്തില്‍ വളര്‍ന്ന കുട്ടിക്കാലത്തിനും കൌമാരത്തിനും യൌവനത്തിന്‍റെ ആദ്യപകുതിക്കും ആ കാലം സമ്മാനിച്ച പേടിയുടെ പ്രേതങ്ങള്‍ക്കും നന്ദി. എന്നെങ്കിലും കേരളത്തിന്‍റെ അത്തരം ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഞാന്‍. എങ്കിലും പേടിപ്പിക്കുന്ന നഗരങ്ങളിലും അപരിചിതരായ മറുനാട്ടുകാരുടെ ഇടയിലും ഞാന്‍ വളരെ സുരക്ഷിതയാണ്. ഒരിക്കലും ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചുവരില്ല. എനിക്ക് നിങ്ങളുടെ മനോഹരമായ ചാരുപടിയുള്ള വീടുകളും ക്ലോറിന്‍ ചുവയ്ക്കാത്ത വെള്ളവും സുഖകരമായ കാലാവസ്ഥയും നൊസ്ട്ടാള്‍ജിയക്കൂട്ടങ്ങള്‍ പുലമ്പുന്ന മറ്റ് യാതൊരു സൌകര്യങ്ങളും വേണ്ട. വളരെ നന്ദി!

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

മലയാളികളെ പിന്നെന്തു വിളിക്കണം?

കാടത്തം എന്നാല്‍ കാട്ടിലെ നിയമം, കാടിന്റെ സ്വഭാവം എന്നൊക്കെയാവും അര്ഥം. പൊതുമുതലും സ്വകാര്യമുതലും വാള്‍സ്ട്രീറ്റും ഒന്നുമില്ലാത്ത കാട്ടില്‍ പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആരെയും തല്ലിക്കൊല്ലാറില്ല, ഒരുത്തനെ കണ്ടാല്‍ അവന്‍ പണം മോഷ്ടിക്കാന്‍ സാധ്യതയുള്ളവനാണെന്ന് കാട്ടില്‍ ആരും കുറ്റമാരോപിക്കില്ല-പ്രഭാ സക്കറിയാസിന്റെ നിരീക്ഷണം

കേരളസമൂഹത്തെ ‘പ്രാകൃതം’, ‘കാടത്തം’, ‘മൃഗീയം’ എന്നീ പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത് നിരോധിക്കാന്‍ അപേക്ഷ. ഇത്തരം പദങ്ങള്‍ക്ക് ഒരു അര്‍ഥമുണ്ട്. ഒറ്റനോട്ടത്തില്‍ ജീര്‍ണ്ണത തോന്നിപ്പിക്കുമെങ്കിലും അവയ്ക്ക് അങ്ങേയറ്റം നിയതമായ അര്‍ഥതലങ്ങളുണ്ട്. ‘ജീര്‍ണ്ണം ’, ‘വമനകരം’, ‘ഭയാനകം’, ‘ജുഗുപ്സാവഹം’ എന്നിങ്ങനെ എത്രയെത്ര അര്‍ഥവത്തായ വാക്കുകളുണ്ട് മലയാളത്തില്‍. മലയാളനാടിനോടും അതിന്റെ സ്വഭാവത്തോടും ഇഞ്ചോടിഞ്ച് ഇണങ്ങുന്ന വാക്കുകള്‍! അതുകൊണ്ട് ഇനി മേലില്‍ മലയാളം അറിയില്ലാത്തവര്‍ ക്ലീഷേ മലയാളപദങ്ങള്‍ അസ്ഥാനത്ത് എടുത്ത് അലങ്കരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു.

ഉദാഹരണത്തിന്, ഇങ്ങനെ ഒരു രംഗമെടുക്കുക. ഏതെങ്കിലും ഒരു ന്യൂസ്ചാനലിലെ ഒമ്പതുമണി വാര്‍ത്ത. വിഷയം ‘സഹയാത്രികര്‍ തല്ലിക്കൊന്ന നിരപരാധി’. ചൂടുപിടിക്കുന്ന ചര്‍ച്ചകള്‍, വായിട്ടലയ്ക്കുന്ന സാംസ്കാരികനായകര്‍. ഇതിനിടയില്‍ പലവട്ടം ഗളഛേദം ചെയ്യപ്പെടാന്‍ പോകുന്ന പാവം വാക്കുകളാണ് പ്രാകൃതം, കാടത്തം, മൃഗീയം എന്നിവ. ചര്‍ച്ചകാര്‍ക്കും അഭിപ്രായം പറച്ചിലുകാര്‍ക്കും ഒക്കെ മനസിനുപിടിച്ച വാക്കുകള്‍ ഇനിയും പലതുമുണ്ട്. എന്നാല്‍ തല്ക്കാലം മുകളില്‍ പറഞ്ഞ വാക്കുകളെ നമുക്ക് ഒന്ന് കൂടുതലായി മനസിലാക്കാനും അപഗ്രഥിക്കാനും ശ്രമിച്ചുനോക്കാം. മലയാളഭാഷ മരിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലോന്ന് ഭാഷയുടെ തെറ്റായ പ്രയോഗമാണ്, അല്ലാതെ ഇംഗ്ലീഷ് അധിനിവേശവും രഞ്ജിനി ഹരിദാസും ഒന്നുമല്ല.

പ്രാകൃതം
മധ്യകാലഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പാലി, പൈശാചി എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന ഒരു ഭാഷാകുടുംബമാണ് പ്രാകൃതം. സാധാരണയാളുകള്‍ സംസാരിച്ചിരുന്ന പ്രാകൃതത്തില്‍ ഭാഷാപണ്ഡിതര്‍ വ്യാകരണം ചേര്‍ത്തപ്പോള്‍ സംസ്കൃതം ഉണ്ടായി. പ്രകൃതി എന്നതില്‍ നിന്നാണ് പ്രാകൃതത്തിന്റെ ഉല്‍ഭവം. നൈസര്‍ഗികമായത്,കലര്‍പ്പില്ലാത്തത് എന്നൊക്കെ അര്‍ഥം വരും ഇതിന്. വ്യാകരണനിയമങ്ങളില്ലാതെ ഉപയോഗിക്കപ്പെട്ടിരുന്ന ലളിതമായ ഒരു ഭാഷയെയും അത് സംസാരിച്ചിരുന്ന പാവം പഴയ സാധാരണമനുഷ്യരെയുമാണ് പ്രാകൃതം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. അല്ലാതെ കള്ളനെന്ന് തോന്നിയ ഒരാളെ കൂട്ടമായി കൂടി ക്രൂരമായി തല്ലിക്കൊല്ലുന്നതിന് പ്രാകൃതം എന്ന് പറഞ്ഞുകൂടാ.

കാടത്തം
കാടത്തം എന്നാല്‍ കാട്ടിലെ നിയമം, കാടിന്റെ സ്വഭാവം എന്നൊക്കെയാവും അര്ഥം. പൊതുമുതലും സ്വകാര്യമുതലും വാള്‍സ്ട്രീറ്റും ഒന്നുമില്ലാത്ത കാട്ടില്‍ പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആരെയും തല്ലിക്കൊല്ലാറില്ല, ഒരുത്തനെ കണ്ടാല്‍ അവന്‍ പണം മോഷ്ടിക്കാന്‍ സാധ്യതയുള്ളവനാണെന്ന് കാട്ടില്‍ ആരും കുറ്റമാരോപിക്കില്ല. പുല്ലുതിന്നുന്നവ, ഇരയെ കൊന്നുതിന്നുന്നവ, ശവം തിന്നുന്നവ എനിങ്ങനെയാണ് കാട്ടിലെ വേര്‍തിരിവുകള്‍. തിന്നാനായല്ലാതെ കൊല്ലുക എന്ന ഒരാശയം തന്നെ കാട്ടിലില്ല. അപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏതു സംഭവത്തെപ്പറ്റി പറഞ്ഞാലും അതിന് മോട്ടോര്‍ കാറുകള്‍, കമ്പിപ്പാര, മൊബൈല്‍ ഫോണ്‍ തുടങ്ങി എന്ത് മാരകായുധം ഉപയോഗിച്ചാലും അതിനൊന്നും കാടത്തം എന്നു പറഞ്ഞുകൂടാ.

മൃഗീയം
ഏകകോശജീവിയായിരുന്ന കാലം മുതല്‍ ദിനോസറായിരുന്നപ്പോഴോ മാമോത്ത് ആയിരുന്നപ്പോഴോ പൂച്ചയോ പട്ടിയോ ഒക്കെ ആയിരിക്കുന്ന ഈ കാലത്തോ പോലും ഒരു മൃഗവും തന്റെ ജനുസില്‍ പെട്ട ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന് മരപ്പൊത്തില്‍ ഒളിച്ചുവെച്ചിട്ടില്ല. ചില ജീവികള്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നുമെന്നും ഇണചേര്‍ന്ന ശേഷം ഇണയെ തിന്നുമെന്നും ഒക്കെ കേട്ടിട്ടുണ്ട്. അതിനൊക്കെ അവര്‍ക്ക് അവരുടെ കാരണങ്ങള്‍ കാണും. എന്നാല്‍ ഇണചേരാന്‍ പ്രായവും ശരീരവും ഇണങ്ങിയ ഒട്ടനവധി പേര്‍ സ്വന്തം ജനുസില്‍തന്നെ ഉണ്ടെന്നിരിക്കേ പിച്ചവയ്ക്കല്‍ പ്രായത്തിലുള്ള കുഞ്ഞിനോടൊക്കെ ഇങ്ങനെ പെരുമാറുന്നതിനെ മൃഗീയം എന്ന് വിളിച്ചു കേട്ടാല്‍ മൃഗങ്ങള്‍ സഹിക്കില്ല. വിവേചനമാണ് മനുഷ്യരെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് എന്ന പല്ലവി കേട്ട് അപകീര്‍ത്തി കേസ്‌ കൊടുക്കാത്തത് മൃഗങ്ങളുടെ മഹാമനസ്കതകൊണ്ടാണ്. പക്ഷെ അവരുടെ ക്ഷമ പരീക്ഷിക്കാമോ?

കേരളത്തെപ്പറ്റിയും ആ നാട്ടിലെ സാമൂഹികസാംസ്കാരിക സാഹചര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന വാക്കുകള്‍ താഴെ പറയുന്നവയാണ്.

ജീര്‍ണ്ണം
ജീര്‍ണിക്കുക എന്നാല്‍ സാധാരണമായ ഒരു അവസ്ഥയില്‍ നിന്ന് നശിച്ചു നശിച്ച് ചീഞ്ഞും പുഴുതിന്നും പതിയെ ഇല്ലാതാവുക എന്നര്‍ഥം . ഈ വാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ ഒരു പ്രശ്നം ഉണ്ടായേക്കാവുന്നത്, ഒരു ശവം ജീര്‍ണിക്കുന്നത് പോലെ ഈ സമൂഹം അഴുകി ഇല്ലാതാവുകയോ ഫോസിലായി മാറുകയോ ചെയ്യുന്നില്ല എന്നതിലാണ്. കേരളസമൂഹം അഴുകുകയും അഴുകിയ അവസ്ഥയില്‍ദുര്‍ഗന്ധം പരത്തി സന്തോഷമായി നിലനില്‍ക്കുകയും ജീര്‍ണ്ണത യുടെ ഒരു മഹോത്സവമായി തുടരുകയും ചെയ്യുകയാണ്. എങ്കിലും ഒരു ചാനല്‍ ചര്‍ച്ചയിലൊക്കെ ഈ വാക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

വമനകരം
വമനകരം എന്നാല്‍ ചര്‍ദില്‍ എന്നോ ഓക്കാനം എന്നോ ഒക്കെ പറയുന്ന അവസ്ഥയെ പ്രചോദിപ്പിക്കുന്നത് എന്നര്‍ഥം. മനസിനോ ശരീരത്തിനോ താങ്ങാന്‍ കഴിയാത്ത വൃത്തികേടുകള്‍ കാണുമ്പോഴോ ആലോചിക്കുമ്പോഴോ ഭക്ഷിക്കുകയോ മണക്കുകയോ ഒക്കെ ചെയ്യുമ്പോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുക. രക്തം കാണുന്നത് ‘വമനകര’മായത് കൊണ്ട് പ്ലസ്‌ടുവില്‍ ബയോളജി പഠനം ഉപേക്ഷിച്ച ഞാന്‍ ഉള്‍പ്പെടുന്ന ചില ലോലഹൃദയരെ ഇവിടെ ഓര്‍ത്തുപോകുന്നു. മേശപ്പുറത്ത് ഒരു പാറ്റയെ പിളര്‍ത്തി വച്ചിരിക്കുന്നത് ഓര്‍ക്കുമ്പോള്‍ വരുന്നതിനേക്കാള്‍ എത്ര മടങ്ങ്‌ കൂടുതല്‍ ഓക്കാനമാവണം ഒരു മനുഷ്യനെ ചുമ്മാ തല്ലികൊല്ലുന്നത് കാണുമ്പോള്‍ ഉണ്ടാവുക. അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ പ്രിയപ്പെട്ട വാക്ക് വമനകരം തന്നെ.

ഭയാനകം
സഹജീവിയോടുള്ള അവിശ്വാസവും കപടസദാചാരവും ഓക്കാനം തോന്നിപ്പിക്കുന്ന തരത്തില്‍ കാലഹരണപ്പെട്ട മൂല്യബോധവും എല്ലാം കൂടി ചേര്‍ന്ന വിവേചനമോ ബുദ്ധിയോ ഇല്ലാത്ത സമൂഹമായി മാറിയിരിക്കുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടിവരുമ്പോള്‍ തോന്നുക ഭയമല്ലാതെ പിന്നെന്താണ്?

ജുഗുപ്സാവഹം
ജുഗുപ്സ എന്ന വാക്കിന്റെയ ശരിയായ അര്ഥം അറിയില്ലാത്തതിനാല്‍ അത് വിശദീകരിക്കുന്നില്ല. എന്നാലും ഉറക്കെ ജുഗുപ്സ എന്ന് പറഞ്ഞുനോക്കിയാല്‍ എന്തോ ഒരു വൃത്തികെട്ട സാധനമാണെന്ന് ഒരു തോന്നല്‍ ഉണ്ടാകില്ലേ? അപ്പോള്‍ അതും പറയാം. ജുഗുപ്സാവഹം!

ഡോക്കോമക്കറിയുമോ കമലാ ദീദിയെ?

വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്. എന്നുവെച്ച് എല്ലാ വീട്ടുജോലിക്കാരും തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന ‘സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാതി’ ആളുകളാണെന്ന് ഇങ്ങനെ പരസ്യപ്രചരണം നടത്തുന്ന മനോനില എവിടുന്നുവരുന്നു സര്‍ -പ്രഭാ സക്കറിയാസ് ചോദിക്കുന്നു

ഒരു ദിവസം കമലാദീദി വന്നില്ലെങ്കില്‍ രാവിലെ ഞങ്ങള്‍ ഓടിച്ചു മറിച്ചുനോക്കി എറിഞ്ഞിട്ടോടിയ പത്രം അതേപടി മലര്‍ന്നുകിടക്കും രാത്രി തിരിച്ചുവരുംവരെ. ദോശമാവ് ഒരിച്ചിരെ ഇറ്റ്‌ വീണത്‌ അടുപ്പുപാതകത്തില്‍ വെളുത്ത് വട്ടം വട്ടം കിടപ്പുണ്ടാകും. കാര്യം കമലാദീദി ഒരു കൊച്ചുകള്ളി തന്നെയാണ്. വീട്ടില്‍ എന്തേലും വിശേഷമുണ്ടെങ്കില്‍ നോട്ടീസില്ലാത്ത അവധിയെടുത്ത്‌ പിറ്റേന്ന് നല്ല കമ്മലും തിളങ്ങുന്ന സാരിയുമൊക്കെ ഇട്ടുവന്നാലും ചെറിയൊരു അവശതയൊക്കെ അഭിനയിച്ച് ദീദി പറയും, ‘കല്‍ തോ തബിയത്‌ ഘരാബ്‌ ധാ ബേട്ടാ”. നമ്മളും പറയും, ‘ധീക്‌ ഹെ ദീദി, കൊയി ബാത് നഹി!” ഇങ്ങനെയൊക്കെയാണ് ദീദിയുടെ കള്ളത്തരങ്ങള്‍.

ഇതൊക്കെ അത്ര വല്യ സംഭവമാണോ? ഒന്നാലോചിച്ചാല്‍, ദീദിക്കും വേണ്ടേ പ്രിവിലേജ് ലീവും ബോണസും ഗ്രാറ്റുവിറ്റിയും ഒക്കെ? മലയാളിയായിരുന്നെങ്കില്‍ ഇതു വായിച്ച് ഉറപ്പായും ദീദി കിലുക്കം സ്റ്റൈലില്‍ “എനിക്കൊരു കുറ്റീം വേണ്ട, എന്‍റെ ശമ്പളമിങ്ങു തന്നാല്‍ മതി” എന്ന് പറഞ്ഞേനെ.

ഞങ്ങളുടെ വീടിന് മൂന്നുതാക്കോലാണ്, ഒന്ന് ഭര്‍ത്താവിന്, ഒന്ന് ഭാര്യക്ക്, ഒന്ന് ദീദിക്ക്. ദീദിക്ക് മൂന്നുനാലുവീടുകളില്‍ പണിയുണ്ട്. സമയം പോലെ പകല്‍ ദീദി ഞങ്ങളുടെ വീട്ടിലും വരും, വാതില്‍ തുറന്ന് അകത്തുകയറി ശഡേന്ന് പണിയെല്ലാം തീര്‍ത്തു വീടുപൂട്ടി സ്ഥലം വിടും. വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ തിരിച്ചുവരുമ്പോള്‍ രാവിലെ കുഴച്ചുമറിച്ചു കിളച്ചിട്ടിട്ടുപോയ അങ്കത്തട്ടുവല്ലതുമാണോ വീട്, അടുക്കും ചിട്ടയും ഒക്കെയായി ‘ശെടാ നമുക്ക് വീടെങ്ങാനും മാറിപ്പോയോ’ എന്ന് തോന്നിപ്പോകും.

ഒറ്റക്കുഴപ്പമേയുള്ളൂ, പത്രമാസികകള്‍ അടുക്കിവയ്ക്കുന്നതിനിടെ ചിലപ്പോള്‍ അലസമായി ഇട്ടിട്ടുപോകുന്ന പുസ്തകങ്ങള്‍ കൂടി കക്ഷി പത്രക്കെട്ടിനിടയില്‍ അടുക്കിവെച്ചുകളയും. വീട് അരിച്ചുപെറുക്കിയാലും കിട്ടില്ല, പിന്നെ പുസ്തകത്തിന്‍റെ നിറവും വലിപ്പവും മുഖലക്ഷണവുമൊക്കെ പറഞ്ഞുകൊടുത്താല്‍ ദീദി തന്നെ എടുത്തുതരും. അങ്ങനെയാണ് എച്ച് റ്റി സിറ്റിയിലെ ഗോസ്സിപ്പ് മുഴുവന്‍ വായിച്ചുതീര്‍ത്ത ഡാര്‍വിനും മദാം ബോവറിയും ഒക്കെ തിരിച്ച് ബുക്ക്‌ഷെല്‍ഫില്‍ എത്തി ഇക്കിളികഥകളും കൊതിയും നുണയുമെല്ലാം എറിക് ഹോബ്സ്ബോമിനും സക്കറിയയ്ക്കും ടോണി മോരിസനും ഒക്കെ പറഞ്ഞുകൊടുക്കുന്നത്. ദീദിയുടെ ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ‘സൈഫീന’ വിവാഹവാര്‍ത്തയും ഐശ്വര്യ റായി ബച്ചന്‍റെ വയറുകാണല്‍ ചടങ്ങുമെല്ലാം നിങ്ങള്‍ എങ്ങനെ അറിയുമായിരുന്നു മാന്യരേ?

പത്താംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ അച്ചടിഹിന്ദിയുമായി ഡല്‍ഹിയില്‍ ജീവിക്കാനെത്തിയ എനിക്ക് നല്ല ചോരയും നീരുമുള്ള ഹിന്ദി പറഞ്ഞുപഠിപ്പിച്ചത് ദീദിയാണ്. ആംഗ്യം കാണിച്ചും മലയാളം ഹിന്ദിവല്‍ക്കരിച്ചും ഒക്കെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ഭാഷാവ്യവസ്ഥ ഉണ്ടാക്കിയെടുത്തു. ഓരോരോ പച്ചക്കറികളുടെ ഹിന്ദിപ്പേരുകള്‍, പാത്രങ്ങളുടെ, അടപ്പുകളുടെ, മസാലകളുടെ, പൊടിതട്ടിയുടെ, ചവണയുടെ, ചൂലിന്റെ എന്നിങ്ങനെ എന്തിന്റെയെല്ലാം ഹിന്ദിയാണ് ഞാന്‍ ഒരു കൊച്ചുകുട്ടി സംസാരിക്കാന്‍ പഠിക്കുന്നമട്ടില്‍ ദീദിയുടെ ആന്ഗ്യം കണ്ടും തെറ്റിച്ചും തിരുത്തിയും ഒക്കെ പഠിച്ചെടുത്തത്!

ഇതെല്ലാം കഴിഞ്ഞ് നിങ്ങളുടെ ടാറ്റാ ഡോക്കോമോ വല്യ പരസ്യവുമായി വന്ന് ഞങ്ങളുടെ ദീദിയെ കള്ളിയെന്നുവിളിച്ചാല്‍ സഹിക്കുമോ സര്‍? ശുദ്ധ തെമ്മാടിത്തരമല്ലേ കാണിച്ചിരിക്കുന്നത്?
(പരസ്യം ഇവിടെ കാണുക-
http://www.youtube.com/watch?v=b9zuckWBll4)

പിന്‍കുറിപ്പ് ഒന്ന്:
ഇത്രയും ഓര്‍ക്കാനും എഴുതാനും തോന്നിയത് ടാറ്റാ ഡോക്കോമോയുടെ പുതിയ പരസ്യവും അങ്ങനെ ഒരു പരസ്യം ഉണ്ടാക്കിയെടുക്കാന്‍ തോന്നിച്ച മധ്യവര്‍ഗ്ഗആശങ്കകളും ഒക്കെ മുന്നിലിങ്ങനെ തെളിഞ്ഞുമിന്നിപ്പോയത്‌ കൊണ്ടാണ്.
ശരിയാണ്, വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്. എന്നുവെച്ച് എല്ലാ വീട്ടുജോലിക്കാരും തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന ‘സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാതി’ ആളുകളാണെന്ന് ഇങ്ങനെ പരസ്യപ്രചരണം നടത്തുന്ന മനോനില എവിടുന്നുവരുന്നു സര്‍?

ഈ മനുഷ്യര്‍ വന്ന് വീട് അടിച്ചുവാരിതുടച്ചുമിനുക്കിയില്ലെങ്കില്‍, പന്തീരാണ്ടുകാലത്തോളം നമ്മള്‍ സിനിമയിലും നോവലിലുമൊക്കെയായി പറഞ്ഞുപഴകിയ കഥ തന്നെയാണ്, എങ്കിലും, നിങ്ങള്‍ എങ്ങനെ വൃത്തിയോടെ ജീവിക്കും? എല്ലാ മാസവും പതിനായിരങ്ങള്‍ ശമ്പളം വാങ്ങുകയും ഡിസ്കൌണ്ട് നിരക്കില്‍ ബ്രാന്‍ഡഡ് തുണികള്‍ വാങ്ങുകയും ഒരുരൂപയ്ക്കുവേണ്ടി പച്ചക്കറിക്കാരനോട് ഒരുമണിക്കൂര്‍ വിലപേശുകയും ചെയ്യുന്ന നിങ്ങളോ ഞാനോ ഉള്‍പ്പെടുന്ന മഹാഭാരതമധ്യവര്‍ഗ്ഗം മാത്രമല്ല ഇന്ത്യന്‍ പൌരര്‍ എന്ന് വല്ലപ്പോഴുമൊക്കെ ആലോചിക്കുന്നത് നന്നായിരിക്കും.

അതെങ്ങനെയാ, ജനപ്പെരുപ്പം തടയാന്‍ എല്ലാവര്‍കും ത്രീ ജീയുള്ള മൊബൈല്‍ കൊടുക്കണം എന്നത് പോളിസികളില്‍ ഉള്‍പ്പെടുത്തുന്നതുപോലും ചിന്തിച്ചുകളയാന്‍ സാധ്യതയുള്ള സമൂഹമല്ലേ നമ്മുടേത്, ടീവിയിലെ സീരിയലും അതിനിടയിലെ പരസ്യവും കാണാന്‍ പാങ്ങുള്ളവര്‍ മാത്രം വോട്ടുചെയ്‌താല്‍ മതിയെന്നൊക്കെ നിയമം വന്നാലും അത്ഭുതപ്പെടാനില്ല!

പിന്‍കുറിപ്പ് രണ്ട്:
തങ്ങളുടെ തൊഴിലിനെയും അന്തസിനെയും ചോദ്യം ചെയ്യുന്ന പരസ്യം വന്നതറിഞ്ഞ് കുപിതരായി സമരം ചെയ്യാനും കമ്പനിയെക്കൊണ്ട് പരസ്യം നീക്കംചെയ്യിക്കാനും മുംബയിലെ ബായിമാര്‍ കാണിച്ച വീറിനു ചക്കരയുമ്മകള്‍! അങ്ങനെവേണം പെണ്ണുങ്ങളായാല്‍!

പിന്കുറിപ്പ് മൂന്ന്:
ഇന്ത്യ മുഴുവന്‍ ടെലിക്കാസ്റ്റ് ചെയ്യപ്പെട്ട ഒരു പരസ്യമാണ് ഡോകോമോയുടേത്, ബായി എന്ന പോപ്പുലര്‍ പ്രതിഭാസത്തെ (http://www.youtube.com/watch?v=OdfXGtO7nBk&feature=related ) പരിചയമേ ഇല്ലാത്ത മറ്റുനാടുകളിലെ വീട്ടുജോലിക്കാരി സ്ത്രീകള്‍ക്കും ‘അ-മഹാരാഷ്ട്രീയമായ’ അന്തസ്സുണ്ട്. രാജ് താക്കറെയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി ചുമ്മാ പറഞ്ഞെന്നേയുള്ളൂ.
ആ പരസ്യം കണ്ടാല്‍ എനിക്ക് എന്റെ ദീദിയെ മാത്രമേ ഓര്‍മ്മ വരൂ. സംഭവത്തിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ താക്കറെമാര്‍ അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും രംഗം വഷളാകും മുന്‍പ് പരസ്യം പിന്‍വലിക്കാന്‍ കമ്പനിക്ക് തോന്നിയത് നല്ല കാര്യം!

ഓടി വന്നു കയറുന്ന ഓരോ സ്ത്രീയും ഞാനാണ്

അപരിചിതമായ അകലങ്ങളില്‍നിന്നും പ്രേമം പോലൊരടുപ്പമായി മാറിയ ഡല്‍ഹി മെട്രോയെക്കുറിച്ച് ,നഗരവും സ്ത്രീയും പ്രമേയമായി എഴുത്തുകാരി പ്രഭാസക്കറിയാസ് ആരംഭിക്കുന്ന കോളത്തിലെ ആദ്യ കുറിപ്പ്.

നാലുവര്‍ഷം മുന്‍പ് ഡല്‍ഹി കാണാന്‍ വന്ന നാട്ടിന്‍പുറത്തുകാരിയായ ഒരു എണ്ണതേച്ചുകുളിക്കാരിയുടെ കുതൂഹലക്കണ്ണിലൂടെ മാത്രമേ മെട്രോട്രെയിനിനെ പറ്റി പറഞ്ഞു തുടങ്ങാന്‍ പറ്റൂ. ട്രെയിന്‍ എന്നൊക്കെ പറഞ്ഞാല്‍ വലിച്ചാലോ വലിച്ചാലോ എന്ന് പ്രലോഭിപ്പിക്കുന്ന ചങ്ങലയും തലയില്‍ നിറഞ്ഞുനില്‍ക്കുന്ന കുലുക്കവും എണ്ണയില്‍ കുതിര്‍ന്ന ഏത്തയ്ക്കാബോളിയും മൂത്രം നാറുന്ന വാതിലും സ്ത്രീശരീരത്തിന്‍റെ സൂക്ഷ്മമായ രേഖപ്പെടുത്തലുകലും ചുവരെഴുത്തുകളും ഫോണ്‍ നമ്പറുകളും പാറ്റകളും പേപ്പര്‍ സോപ്പിന്റെ സോപ്പലിഞ്ഞുതീര്‍ന്ന പേപ്പറും കുപ്പിവളയിട്ട ആണ്‍കൈകളും ഭിക്ഷക്കാരു വ്യാജസീഡിക്കച്ചവടക്കാരും എല്ലാം തിങ്ങിനിറഞ്ഞ ഒരു സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്‍റ് മാത്രമായിരുന്നു അതുവരെ. ഇത് എന്തൊരു ഭൂലോകം! വെള്ളിവെളിച്ചം! തൊട്ടുമുത്താന്‍ തോന്നുന്ന തരം വൃത്തി! തിളങ്ങുന്നകണ്ണാടിക്കൊട്ടാരമായിരുന്നു ഭൂമിക്കടിയിലെ മെട്രോ സ്റ്റേഷന്‍! എന്തൊക്കെത്തരം മനുഷ്യരായിരുന്നു അതില്‍, എന്തെല്ലാം തരം വേഷങ്ങള്‍, ഹൊ! ഞാന്‍ അന്ന് ഒരുതവണ ഡല്‍ഹി മെട്രോ എന്ന വിസ്മയം കണ്ടെന്നുവരുത്തിതിരികെപ്പോയ ഒരു അപരിചിത മാത്രമായിരുന്നു. മെട്രോയും അന്ന് പുത്തനായിരുന്നു പോലും. ആകെ സെന്‍ട്രല്‍ സെക്രട്ടറിയറ്റ്‌ മുതല്‍ വിശ്വവിദ്യാലയ വരെ നീളുന്ന ഒരു ചെറിയ കളിപ്പാട്ടത്തീവണ്ടി! ഭൂമിക്കടിയിലെന്നൊക്കെ പറഞ്ഞാല്‍ എന്താ സംഭവം! ഒരു പ്രേമം പോലെ മെട്രോയോടുള്ള ബന്ധം തുടങ്ങുകയായിരുന്നു എന്നാരറിഞ്ഞു, എന്നിട്ടിപ്പോള്‍ നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും മെട്രോയും തമ്മില്‍ കുടുംബപ്രാരാബ്ദങ്ങള്‍ വരെയായി. ഞാന്‍ അതിലെ സ്ഥിരം യാത്രക്കാരി, മെട്രോ ഈ മധ്യവര്‍ഗ്ഗക്കാരിയുടെ തലസ്ഥാനജീവിതം ഉറപ്പുവരുത്ത അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അംഗവും. കാലം പോയ പോക്കും ജീവിതം മാറിയ മാറ്റവുമൊക്കെ പുല്ലുകിളിര്‍ക്കാത്ത മണ്ണുവഴി തന്നെ. ഒടുവില്‍ മൂന്നുനിറങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായിമാറിയെന്നുപറഞ്ഞാല്‍ മതിയല്ലോ, എന്നെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റു വരെ എത്തിക്കുന്ന മഞ്ഞ മെട്രോ, അവിടെ നിന്ന് ജോലിസ്ഥലം വരെ എത്തിക്കുന്ന വയലറ്റ് മെട്രോ. കയറുന്ന കമ്പാര്‍ട്ട്‌മെന്റിന്‍റെ നിറം പിങ്ക്. അതില്‍ പിന്നെ ഊഹിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലല്ലോ, പെണ്ണെന്നും പിങ്കെന്നുമൊക്കെ പറഞ്ഞാല്‍ ഒന്ന് മറ്റൊന്നോടുപമിക്കാമെന്നും മറ്റും കവി പാടിയത് നിലനില്‍ക്കുകയും നിറങ്ങളുടെയും സംസ്കാരങ്ങളുടെയും ചിഹ്നങ്ങളുടെയും ഒക്കെ ജാതിമതവര്‍ഗ്ഗവംശലിംഗഭേദങ്ങളെപ്പറ്റി ഒരു എംഫില്‍ എഴുതി ചെകിടിക്കുകയും ഒക്കെ ചെയ്തതുകൊണ്ട് തല്ക്കാലം ആ വിശകലനം ചിന്ത്യം!

ഡല്‍ഹിയുടെ വിവിധമധ്യവര്‍ഗ്ഗസഞ്ചാരവഴികളെ പരസ്പരം കുടുക്കിട്ടു പിടിച്ചും ചേര്‍ത്തു നിറുത്തിയുമൊക്കെയാണ് വിവിധ മെട്രോപാതകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ വയലറ്റ് ആണ് എന്‍റെ മധ്യവര്‍ഗ്ഗനിറം. തലസ്ഥാനത്തിന്‍റെ വ്യവസായപ്പറമ്പിലുള്ള എന്‍റെ ബഹുരാഷ്ട്രകമ്പനിയിലേയ്ക്കും
മറ്റസംഖ്യം കമ്പനികളിലേയ്ക്കും ഒട്ടനവധി പ്രാരാബ്ധക്കാരെ ചുമക്കുന്ന വയലറ്റ് കളിപ്പാട്ടം. ഈ മെട്രോ എന്നൊന്നില്ലായിരുന്നെങ്കില്‍ വിജയനും വി കെ എന്നും മുകുന്ദനും ഒക്കെ പറയുന്ന കൊണാട്ട് പ്ലേസിനും ഡിഫന്‍സ്‌ കോളനിക്കും ഹോസ്ഖാസിനും അപ്പുറം ഡല്‍ഹിയുടെ പിന്നാമ്പുറങ്ങളിലു അതിര്‍ത്തിവക്കിലുമോക്കെയുള്ള ഇത്തരം പുത്തന്‍ ജോലിയിടങ്ങളിലേയ്ക്ക് ദിവസവും യാത്ര ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ഉള്‍പ്പെടുന്ന ഒട്ടനവധി ആളുകള്‍ ചിന്തിക്കുകപോലുമില്ല. ഞങ്ങളുടെ ലേഡീസ്‌ കമ്പാര്‍ട്ടുമെന്‍റ് എന്നു പറയുന്നത് ഒരു പ്രത്യേകലോകം തന്നെയാണ്. എത്തിനോക്കുന്ന ആണത്തങ്ങളുടെ വീക്ഷണ കോണിലൂടെയല്ല എനിക്ക് ഈ ലോകത്തെ നോക്കാന്‍ കഴിയുക. ഈ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒരേ സമയം ഞാന്‍ കാഴ്ച്ചക്കാരിയും കണ്ണാടിയിലെ പ്രതിബിംബവുമായി മാറുന്നുണ്ട്. ഇതില്‍ പിന്‍സ്ട്രിപ്പ് ട്രൗസറും വെളുത്ത ഷര്‍ട്ടും ലാപ്റ്റൊപ് ബാഗും തളര്‍ന്ന കണ്ണുകളും ഒക്കെയായി ഓടിവന്നുകയറുന്ന ഓരോ സ്ത്രീയും ഞാനാണ്. പലവിധപണികള്‍ ഒതുക്കി ഓടിയലച്ചുവരുന്ന പലരുടെയും ദിവസത്തിലെ ആദ്യത്തെ നിശ്വാസം ഈ പെൺ പെട്ടകത്തിനുള്ളില്‍ ഒന്നുകാല്‍കുത്തിയതിനു ശേഷമാവും. തിരക്കെന്നുപറഞ്ഞാല്‍ എന്നും പെരുന്നാള്‍പ്പറമ്പില്‍ പെട്ടുപോയതുപോലെയാണ്. അതിനിടെ എനിക്ക് നഷ്ടപ്പെട്ട സ്ഥാവരജംഗമങ്ങള്‍ താഴെപ്പറയുന്നവയാണ്: ഭംഗിയായി വളര്‍ത്തി പരിപാലിച്ചിരുന്ന കാല്‍നഖം ഒന്ന്, വള്ളിച്ചെരിപ്പ് ഒന്ന്, തിരക്കില്‍കീറിപ്പോയ മഞ്ഞച്ചുരിദാറിന്റെ അറ്റം, കതകിനിടയില്‍ കുടുങ്ങി ചോരചത്ത വിരലിന്റെ അറ്റം ഒന്ന്, പിന്നെ ഹോസ്റ്റല്‍മുറിയും ഗവേഷണവും കൂര്‍ക്കംവലിയുമൊക്കെയായി കഴിഞ്ഞിരുന്ന കാലത്തെ ഉറക്കം, മനസമാധാനം എന്നിവ.

ദൈനംദിനവയലറ്റ്‌ ലൈന്‍ യാത്രയുടെയും ഡല്‍ഹിജീവിതത്തിന്റെയും കോര്‍പ്പറേറ്റ്‌ ജോലിയുടെയും ഒക്കെ മാസങ്ങള്‍ പിന്നിടുമ്പോള്‍ ജോലിത്തിരക്കുകള്‍ക്കും ഡല്‍ഹിജീവിതത്തിന്റെയും കാലാവസ്ഥാമാറ്റങ്ങളുടെയും സൗന്ദര്യപ്പിണക്കങ്ങള്‍ക്കൊപ്പം എന്‍റെ മുറിഹിന്ദിനാവില്‍ തിക്കിന്റെയും തിരക്കിന്റെയും തെറിയും വിളിയും കൂടി തുളുമ്പിത്തുടങ്ങുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നത് രണ്ടുകാര്യങ്ങളാണ്, ഒന്നാമത്, ഞാനും ഡല്‍ഹിമെട്രോയും ഒരു കുടുംബമായിമാറി, പിന്നെ ഞാനും ഒരു ഡല്‍ഹിക്കാരിയായി മാറി! പാവ, തെര്മോസ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ അപരിചിതവസ്തുക്കള്‍ ബോംബ്‌ ആവാം, തിക്കും തിരക്കും ഉണ്ടാക്കാന്‍ പാടില്ല, അടുത്ത സ്റ്റേഷന്‍ മോഹന്‍ എസ്റ്റേറ്റ്‌ ആണ്, വാതില്‍ ഇടതുവശത്ത് തുറക്കും. പ്ലീസ്‌

മൈന്‍ഡ് ദ ഗ്യാപ്‌!

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers