saloooja.jpg
Category archives for: പാചകം

മഴത്തണുപ്പത്ത് കഴിക്കാന്‍ ചില വിഭവങ്ങള്‍

 
 
 
മഴക്കാലത്ത് കഴിച്ചിരുന്ന പരമ്പരാഗത
വിഭവങ്ങള്‍. പാചകക്കുറിപ്പുകള്‍.
സലൂജ അഫ്സല്‍ എഴുതുന്നു

 


 
സ്വന്തമായ കാര്‍ഷിക സംസ്കാരമുണ്ടയിരുന്നു നമുക്ക്.
അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ഭക്ഷണ സംസ്കാരവും.
നമ്മുടെ കാലാവസ്ഥക്കും ജീവിതരീതിക്കും
ശരീര സവിശേഷതകള്‍ക്കും
അനുയോജ്യമായി വികസിച്ചു വന്ന തനതു രീതികള്‍.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടവ.

കാലാവസ്ഥയുമായി ഒട്ടിനില്‍ക്കുന്നതായിരുന്നു
ഭക്ഷണക്രമങ്ങള്‍.
മഴയത്തും വേനലിലും തണുപ്പു കാലത്തും
കഴിക്കാന്‍ വ്യത്യസ്തമായ തനത്
ഭക്ഷണ രീതികളുണ്ടായിരുന്നു.
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ,
പോഷക സമൃദ്ധമായ, ചെലവു കുറഞ്ഞ,
രുചിയേറിയ വിഭവങ്ങള്‍.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട ആ
പാചക, ഭക്ഷണ രീതികള്‍ പതുക്കെ
ഇല്ലാതാവുകയായിരുന്നു.

 

 

ദേശത്തിന്റെ സംസ്കാരത്തില്‍ ഊന്നിയ
അഗ്രി കള്‍ച്ചര്‍, ലാഭത്തില്‍ മാത്രം ഫോക്കസ്
ചെയ്ത അഗ്രി ബിസിനസായി മാറിയതുപോലെ
ഓരോ കാലത്തിനും അനുയോജ്യമായ ഭക്ഷണക്രമം
പുതു കാലത്തിന് അനുസൃതമായി വേഷം മാറുകയായിരുന്നു.

ഇവിടെ പരിചയപ്പെടുത്തുന്ന നാല് പാചകക്കുറിപ്പുകളും
മഴയുമായി ബന്ധപ്പെട്ടതാണ്.
ഞാറ്റുവേല തുടങ്ങുന്ന സമയത്ത്
സ്ത്രീകള്‍ ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങള്‍.
ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന
രുചികരമായ ഭക്ഷണമായിരുന്നു അവ.
തോരാ മഴയത്ത് ശരീരം തണുക്കുമ്പോള്‍ മാത്രമായിരുന്നു
ഇവയെല്ലാം കഴിച്ചിരുന്നത്.
ഇപ്പോഴും ശരീരം നന്നായി തണുക്കുമ്പോള്‍
മാത്രം ഉണ്ടാക്കി കഴിക്കുന്നതാണ് ഉത്തമം.

പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതാണ്
ഇതിന്റെ പാചക രീതികള്‍.
ദേശത്തിനും കാലത്തിനും അനുസൃതമായി
ഇതില്‍ മാറ്റങ്ങളുണ്ടാവാം.
ഞാന്‍ വളര്‍ന്ന കോഴിക്കോട് നഗരപ്രാന്തങ്ങളില്‍
കാലങ്ങളായി തുടര്‍ന്നു പോരുന്ന രീതികളാണിത്.
പറഞ്ഞുകേട്ടതും പാരമ്പര്യമായി അറിഞ്ഞു വന്നതും.

ഇവയെല്ലാം പ്രിയ വായനക്കാര്‍ക്ക് ഒരു പക്ഷേ
നന്നായി അറിയുന്നതായിരിക്കും.
എങ്കിലും അറിയാത്ത ചിലര്‍ക്കെങ്കിലും വേണ്ടി
വരും കാലത്തിനുവേണ്ടി ഇവ സമര്‍പ്പിക്കുന്നു.

 

 

ധാന്യകഞ്ഞി
1. പൊടിയരി
ഉലുവ
ചെറുപയര്‍ പരിപ്പ്
കടലപ്പരിപ്പ്
ഉഴുന്നുപരിപ്പ്
വന്‍പയര്‍
മുതിര
ഇവയല്ലാം ഒരു പിടി വീതം

2. ശര്‍ക്കര-250 ഗ്രാം
3. തേങ്ങാപ്പാല്‍-ഒരു മുറി തേങ്ങയുടേത്

ധാന്യങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഒരുമിച്ചു വേവിക്കുക. വെന്തുവരുന്ന സമയം ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ത്ത് തിളപ്പിച്ച് ഇറക്കി വെക്കുക.
 
 
 

കോഴിബ്രാത്ത്
പിടികോഴി-1 (കൈപിടിയില്‍ ഒതുങ്ങുന്ന കോഴികുഞ്ഞ്)
ചെറിയുള്ളി-250 ഗ്രാം
ജീരകം-50 ഗ്രാം
ഇന്ദുപ്പ്-പാകത്തിന്
കഴുകി വൃത്തിയാക്കിയ കോഴി നുറുക്കി ചെറിയുള്ളി അരിഞ്ഞതും ജീരകം പൊടിച്ചതും ഇന്ദുപ്പും ചേര്‍ത്ത് കുഴച്ച് ചെറിയ ഭരണിയിലേക്ക് ഇടുക. ഭരണി അടക്കുക. അരിക് പപ്പടം വെച്ച് ഒട്ടിക്കുക. ശേഷം വാഴയില വാട്ടിക്കെട്ടുക. കഴുത്തറ്റം വെള്ളം വെക്കുക. രണ്ട് മണിക്കൂര്‍ തിളപ്പിക്കുക. പിറ്റേന്നാള്‍ ഭരണി തുറന്ന് ബ്രാത്ത് പിഴിഞ്ഞെടുത്ത് കഴിക്കുക.

 

 

ഉലുവ കഞ്ഞി
ഉലുവ-25 ഗ്രാം
പൊടിയരി-25ഗ്രാം
ശര്‍ക്കര-നാല് ആണി
തേങ്ങാപ്പാല്‍-1– മുറിതേങ്ങയുടേത്

കഴുകി വൃത്തിയാക്കിയ ഉലുവയും പൊടിയരിയും വേവിക്കുക. വെന്തു വരുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര ഉരുകിക്കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇളം ചൂടോടെ കഴിക്കുക.

 
 
 

ജീരകക്കോഴി
മുട്ടയിടാറായ പിടക്കോഴി-1
ചെറിയുള്ളി-500 ഗ്രാം
നെയ്യ്-100 ഗ്രാം
നല്ലെണ്ണ-100 ഗ്രാം
ജീരകം-25 ഗ്രാം
കുരുമുളക്-25 ഗ്രാം
ഇന്തുപ്പ്-പാകത്തിന്

കഴുകി വൃത്തിയായി നുറുക്കിയ ഇറച്ചിയില്‍ ജീരകവും കുരുമുളകും പൊടിച്ചതും ഇന്ദുപ്പും പുരട്ടിവെക്കുക. ചട്ടി ചൂടാവുമ്പോള്‍ നെയ്യും നല്ലെണ്ണയും ഒഴിക്കുക. അരിഞ്ഞുവെച്ച ചെറിയുള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം പുരട്ടിവെച്ചിരിക്കുന്ന കോഴിക്കഷണങ്ങളും ചേര്‍ത്ത് ഇളക്കിവേവിക്കുക. പൊടിയരി ചോറിന്റെ കൂടെ കഴിക്കുക.

ചക്കകൊണ്ട് നാലിനം

ഇത് ചക്കക്കാലം. മലയാളികള്‍ക്ക് വേണ്ടാതായി തുടങ്ങിയ ചക്കയ്ക്ക് വീണ്ടും പ്രിയമേറിയ കാലം. ചക്കയില്‍നിന്നുള്ള പതിവു വിഭവങ്ങള്‍ക്കു പുറമേ, പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അന്വേഷണം നടക്കുന്ന കാലം. ഇതാ,ചക്ക കൊണ്ടുണ്ടാക്കുന്ന നാല് രുചികരമായ വിഭവങ്ങള്‍. സലൂജ അഫ്സല്‍ എഴുതുന്നു

 

 

ചക്കമീന്‍ വട

ചക്കചുള-500 ഗ്രാം
മീന്‍ (ദശക്കട്ടിയുള്ളത്-200 ഗ്രാം
ചെറിയുള്ളി -അഞ്ച്
ഇഞ്ചി -ഒരു കഷണം
പച്ചമുളക്-രണ്ട്
വെളുത്തുള്ളി-രണ്ട്
കറിവേപ്പില-രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി, ഉപ്പ്,മുളകുപൊടി എന്നിവ ചേര്‍ത്ത് ചക്കച്ചുള ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് ഉടക്കുക. കഴുകി വൃത്തിയാക്കിയ മീനില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ച് മുള്ളുമാറ്റുക.

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, എന്നിവ വഴറ്റി മുള്ളുമാറ്റിയ മീനും ഉടച്ചുവെച്ച ചക്കയും ചേര്‍ത്ത് നന്നായി ഇളക്കി കുഴച്ച് ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ചെറുചൂടോടെ കഴിക്കാം.

 

 

ചക്കക്കുരു ബജ്ജി

ചക്കക്കുരു-500ഗ്രാം
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
കടലമാവ്-1 കപ്പ്
കായംപൊടി-1 നുള്ള്
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്

ചക്കക്കുരു തൊലികളഞ്ഞ് വെള്ളവും ഉപ്പും പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത വേവിച്ച് രണ്ടായി മുറിക്കുക. കടലമാവില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ബാക്കി വരുന്ന മുളകുപൊടി, മഞ്ഞള്‍പ്പൊടി,കായപ്പൊടി എന്നിവ ചേര്‍ത്ത് കലക്കിവെക്കുക.

മുറിച്ചുവെച്ച ചക്കക്കുരു ഈ കൂട്ടില്‍മുക്കി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തു കോരുക. ചൂടോടെ ഉപയോഗിക്കുക.

ഇടിച്ചക്കബോണ്ട
ഇടിച്ചക്ക-ഒരു ചക്കയുടെ പകുതി
ചെറിയുള്ളി-അഞ്ച്
പച്ചമുളക്-ആറ്
ഉരുളക്കിഴങ്ങ്-ഒന്ന്
കറിവേപ്പില -രണ്ട്
മുളകുപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
കടുക്-ഒരു ടീസ്പൂണ്‍
മൈദ-ഒരു കപ്പ്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്

ചക്കമടലും കൂനും കളഞ്ഞ് കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പുംവെള്ളവുംചേര്‍ത്ത് വേവിച്ച് വാര്‍ത്ത് ഇടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചുവെക്കുക. പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകുവറുക്കുക. ചെറിയുള്ളി അരിഞ്ഞ് പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി ഇടിച്ചുവെച്ച ചക്കയും ഉരുളക്കിഴങ്ങൂം ചേര്‍ത്ത് കുഴച്ച് (ആവശ്യമെങ്കില്‍ ഉപ്പുചേര്‍ക്കുക) ഉരുളകളാക്കുക.

മൈദമാവില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി എന്നിവ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി അതിലേക്ക് ഉരുട്ടിവെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ വാര്‍ത്തുകോരി ഉപയോഗിക്കുക.

 

 

picture courtesy – sahyadhri.com

ചക്ക കുമ്പിളപ്പം
പഴുത്ത വരിക്കചക്ക-രണ്ട് കപ്പില്‍ കൊള്ളുന്നത്
ശര്‍ക്കര-അരകിലോ
അരിപ്പൊടി-100 ഗ്രാം
ഉപ്പ്-ഒരു നുള്ള്
ഏലക്കാപ്പൊടി-ഒരു ടീസ്പൂണ്‍
നെയ്യ്-ഒരു ടുസ്പൂണ്‍
പ്ലാവില

ചക്കച്ചുളകള്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി വെക്കുക. ഉരുളിയില്‍ നെയ്യ് ഒഴിച്ച് ചക്ക അതിലിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ഉരുക്കിവെച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ത്തിളക്കുക.

പാകമായി മിശ്രിതം ഉരുളിയില്‍ പറ്റിപ്പിടിക്കാന്‍ തുടങ്ങൂമ്പോള്‍ ഇറക്കി അരിപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുമ്പിള്‍ കുത്തിയ പ്ലാവിലയില്‍ നിറച്ച് അരിച്ചെമ്പില്‍വെച്ച് വേവിച്ചെടുക്കുക

ക്രിസ്മസ് സ്പെഷ്യല്‍:ചിക്കന്‍ വറുത്തരച്ചത്, പിടി, മുന്തിരി വൈന്‍

ക്രിസ്മസ് അടുക്കളകളിലേക്ക് മൂന്ന് വ്യത്യസ്ത പാചകക്കുറിപ്പുകള്‍-സലൂജ അഫ്സല്‍ എഴുതുന്നു

 

 

മുന്തിരി വൈന്‍
മുന്തിരി – 1 കിലോഗ്രാം
വെള്ളം- 5 ലിറ്റര്‍
പഞ്ചസാര- 600 ഗ്രാം
ഗ്രാമ്പൂ – 4
പട്ട -2
ഏലക്ക- 4
ഗോതമ്പ് -1.5 കപ്പ്
യീസ്റ് -1 നുള്ള്
പഞ്ചസാര – 250 ഗ്രാം

മുന്തിരി കഴുകി വെള്ളം പൂര്‍ണ്ണമായും വാര്‍ത്ത് വയ്ക്കുക. ഭരണിയില്‍ മുന്തിരി, പഞ്ചസാര, പട്ട, ഗ്രാമ്പൂ, ഏലക്ക, , ഗോതമ്പ്, എന്ന ക്രമത്തില്‍ രണ്ടോ, മൂന്നോ ലെയര്‍ ആയി ഇടുക. യീസ്റ്, പഞ്ചസാര ചേര്‍ത്ത് വെള്ളത്തില്‍ കലക്കി ഒഴിക്കുക.
വെള്ളം ഒഴിക്കുക. മരത്തവി ഉപയോഗിച്ച് ഇളക്കുക. ഭരണിയുടെ വായ തുണി കൊണ്ട് ടൈറ്റാക്കി മൂടിക്കെട്ടി മീതെ മണല്‍ കിഴി വയ്ക്കുക. ദിവസവും ഒരു തവണ ഇളക്കുക. 21 ദിവസം കഴിയുമ്പോള്‍ അരിച്ചെടുക്കുക/ 250 ഗ്രാം പഞ്ചസാര ഉരുക്കി ബ്രൌണ്‍ നിറമാകുമ്പോള്‍ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിച്ച് ഇളക്കി തണുത്ത ശേഷം മൂടിക്കെട്ടി 21 ദിവസം വയ്ക്കുക. അതിനു ശേഷം മുകളിലത്തെ വെള്ളം മാത്രം ഊറ്റി വയ്ക്കുക. പിന്നെ,മുകളിലെ വെള്ളം മാത്രം ഊറ്റി ഉടയ്ക്കുക .
ബാക്കി വരുന്ന മട്ട് ഒഴിവാക്കുക.

ചിക്കന്‍ വറുത്തരച്ചത്
1) കോഴി – 1 കിലോ
2) തേങ്ങ – 1 മുറി
3) പച്ച മുളക് – 2
കറി വേപ്പില -2 തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
4) ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി -1 ടേബിള്‍ സ്പൂണ്‍
5) വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
6) ചെറിയുള്ളി – 4 എണ്ണം
7) ഉപ്പ് പാകത്തിനു
വെള്ളം കാല്‍ കപ്പ്

കോഴി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. പാന്‍ ചൂടാവുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചിരകിയ തേങ്ങ വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ 4ാമത്തെ ചേരുവ ചേര്‍ക്കുക. തണുത്ത ശേഷം നന്നായി അരച്ചെടുക്കുക. പ്രഷര്‍ കുക്കറിലേക്ക് കോഴിക്കഷണങ്ങളും 3ാമത്തെ ചേരുവയും വറുത്തരച്ച തേങ്ങയും പാകത്തിനു ഉപ്പും 1/4 കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക, ശേഷം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി വറുത്തിടുക.

പിടി
പച്ചരി – 1/2 കിലോ
എള്ള് – 1/2 ടേബിള്‍ സ്പൂണ്‍
നല്ല ജീരകം -1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -1 അല്ലി
തേങ്ങാപ്പാല്‍ -1 കപ്പ്
വെള്ളം – 3 കപ്പ്
തേങ്ങ – 1 മുറി ( ചിരവിയത്)
ഉപ്പ് -ആവശ്യത്തിന്

അരി പുട്ടിന്റെ പാകത്തിനു പൊടിച്ച് എള്ള്, 1/2 ടേബിള്‍ സ്പൂണ്‍ ജീരകം , ചിരകിയ തേങ്ങ എന്നിവ ചേര്‍ ത്ത് ബ്രൌെണ്‍ നിറമാകുന്ന വരെ വറുക്കുക. വെള്ളം തിളപ്പിച്ച് 1/2 ടേബിള്‍ സ്പൂണ്‍ ജീരകവും വെളുത്തുള്ളിയും ചേര്‍ ത്ത് പൊടി നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകളാക്കുക. ഒരു പാത്രത്തില്‍ ഉരുളകള്‍ നികന്നു നില്‍ക്കാന്‍ പാകത്തില്‍ വെള്ളം വച്ച് രണ്ട് നുള്ള് ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കുമ്പോള്‍ ഉരുളകളിട്ട് 5 മിനുട്ട് വേവിയ്ക്കുക. ശേഷം 1/2 കപ്പ് തേങ്ങാപ്പാല്‍ കൂടെ ഒഴിച്ച് ചുട്ടി തൊടാതെ മാറ്റി വയ്ക്കുക. ചെറു ചൂടോടെ കോഴിക്കറി കൂട്ടി കഴിയ്ക്കാം

ചാനല്‍ ക്യാമറയിലാദ്യം

അതിലും രസമായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്യുന്നതിനായുള്ള കാത്തിരിപ്പ്. ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആ പ്രോഗ്രാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ഷൂട്ടിനു പോയതിലുമേറെ ധൃതിയില്‍ എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ ആ പരിപാടി ടി.വിയില്‍! മോണിറ്ററില്‍ ഞാന്‍!- ജുമാന കാദ് രിഎഴുതുന്നു

ജുമാന കാദ് രി

പ്രിയപ്പെട്ടവരെ,
ഇത്തിരി വൈകി. തിരക്കും വിഷയ ദാരിദ്യ്രവുമായിരുന്നു കാരണം. എന്റെ പ്രിയ വായനക്കാര്‍ ക്ഷമിക്കുമല്ലോ.
പഴയൊരു ഓര്‍മ്മയാണ് ഇന്ന് പറയാനുള്ളത്. ആദ്യമായി ടി.വിയില്‍ പ്രത്യക്ഷപ്പെട്ട കഥ. അതിന്റെ ഷൂട്ടിങ്. ഒപ്പം വന്ന ടെന്‍ഷന്‍. അതു തന്ന ആനന്ദം. ക്യാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍, ഇപ്പോഴും ആത്മവിശ്വാസം തരുന്ന ആ ദിവസത്തിന്റെ ഊര്‍ജം.
എട്ടില്‍ പഠിക്കുമ്പോഴാണ് ഞാനാദ്യം ടി.വി ക്യാമറക്കു മുന്നിലെത്തിയത്. കൈരളി ചാനലില്‍ വന്ന ‘ഒരു കൊച്ചു വലിയ വര്‍ത്തമാനം’ എന്ന പരിപാടിയിലൂടെ.
വേനലവധി ക്ലാസുകളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയായിരുന്നു അത്. മൂന്ന് മിനിറ്റ് നേരമാണ് അന്ന് മൈക്കില്‍ സംസാരിച്ചതെങ്കിലും പില്‍ക്കാലത്തേക്കുള്ള അനേക ചാനല്‍ അനുഭവങ്ങളുടെ വിത്തുപാകലായിരുന്നു അതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

ഒറ്റക്ക് ചില കുക്കറി ഷോകള്‍
ചെറുപ്പം മുതല്‍ പാചകത്തിന്റെ ലോകം എനിക്കൊപ്പം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെയാവണം, ചാനലുകളില്‍ വരുന്ന പാചക പരിപാടികളെല്ലാം ഞാന്‍ വിടാതെ കാണുമായിരുന്നു. ഏറെ ആരാധനയോടെ അതിലെ പാചക വിദഗ്ധരെയും അവതാരകമാരെയും ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. രസകരമായ മറ്റൊരു ശീലവും അന്നുണ്ടായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരും. എങ്കിലും അന്നത് തികഞ്ഞ ഗൌരവത്തിലായിരുന്നു.

സംഗതി അഭിനയമാണ്. ആളൊഴിയുന്ന ചില നേരങ്ങളില്‍ ഞാന്‍ അടുക്കളയില്‍ എത്തും. അതൊരു ചാനല്‍ സ്റ്റുഡിയോ ആയി സങ്കല്‍പ്പിക്കും. മുന്നില്‍ ഒരു വീഡിയോ ക്യാമറയാണെന്നും ഞാനൊരു ടി.വി കുക്കറി പരിപാടിയില്‍ ആണെന്നും കരുതും. പാത്രങ്ങളെയും അടുക്കള ഉപകരണങ്ങളെയും സാക്ഷി നിര്‍ത്തി എന്റെ മാത്രമായ പാചക പരിപാടി അവതരിപ്പിക്കും. ഞാന്‍ തന്നെ സംവിധായികയും അവതാരകയും ഷെഫും പ്രേക്ഷകയും. ആരുമത് കാണാന്‍ ഉണ്ടാവില്ലെങ്കിലും എനിക്ക് ഇഷ്ടമായിരുന്ന്ു. അന്നത് വെറും കളിയായിരുന്നു എങ്കിലും പില്‍ക്കാലത്ത് എനിക്കതേറെ ഗുണം ചെയ്തിട്ടുണ്ട്.

അവസരം ക്ലാസിലൂടെ
അങ്ങനെയിരിക്കെയാണ് ചാനലില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരം കിട്ടിയത്. എട്ടാം തരത്തില്‍ പഠിക്കുകയായിരുന്നു ഞാന്‍.
ഒരു ദിവസം ടീച്ചര്‍ ക്ലാസില്‍ പറഞ്ഞു’ കൈരളി ചാനല്‍ സ്കൂളില്‍ ഒരു ഓഡിഷന്‍ നടത്തുന്നുണ്ട്. താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പോവാം’.
കേട്ടപാതി കേള്‍ക്കാത്ത പാതി ക്ലാസിലെ മിക്കവാറും എല്ലാവരും പുറത്തിറങ്ങി. മുന്‍നിരയില്‍ തന്നെ ഞാനും ഉണ്ടായിരുന്നു എന്ന് പറയേണ്ടതില്ലേല്ലോ.

ടോക് ഷോയുടെ ഓഡിഷനായതിനാല്‍ വിഷയം തന്ന് ഞങ്ങളെകൊണ്ട് സംസാരിപ്പിക്കുകയായിരുന്നു അവര്‍. വിഷയം എന്തായിരുന്നു എന്നിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, ഏതോ വിഷയത്തില്‍ ഉഗ്രനൊരു അഭിപ്രായം തന്നെ പറഞ്ഞുകാണണം:)
കുറച്ചു കഴിഞ്ഞപ്പോള്‍ ഓഡിഷന്‍ തീര്‍ന്നു. ക്ലാസിലിരിക്കുമ്പോഴും ആകാംക്ഷയായിരുന്നു. സെലക്ഷന്‍ കിട്ടുമോ ഇല്ലയോ. കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ക്ലാസില്‍ വന്ന്, ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വായിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്, അതില്‍ ഞാനുമുണ്ടായിരുന്നു.

ടീച്ചറുടെ വായില്‍നിന്ന് എന്റെ പേര് വീണതും സന്തോഷം കൊണ്ട് ഞാന്‍ ഇളകിമറിഞ്ഞു. എത്രയും പെട്ടെന്ന് ഈ വിവരം വീട്ടില്‍ എത്തിക്കണം. അതായിരുന്നു ആദ്യം തോന്നിയത്. എങ്ങനെയോ സ്കൂള്‍ വിടാന്‍ കാത്തുനിന്നു. വീട്ടിലേക്ക് കുതിച്ചെത്തിയതും സംഭവം ഞാന്‍ അനൌണ്‍സ് ചെയ്തു.
വേണമെങ്കില്‍, എല്ലാവരും കേട്ടോളൂ, ഞാനിതാ ഒരു ടി.വി സ്റ്റാര്‍ ആവാന്‍ പോവുന്നു!
വീട്ടിലെല്ലാവരും അവരവരുടെ തിരക്കിലായിരുന്നു. തല ഉയര്‍ത്തിനിന്നുള്ള എന്റെ പ്രസ്താവന കേട്ടപ്പോള്‍ അവര്‍ ചിരിച്ചോ എന്ന് സംശയം. എങ്കിലും വിവരമറിഞ്ഞപ്പോള്‍ വീട്ടിലാകെ പെരുത്ത് സന്തോഷം.

ഭയത്തിന്റെ നെഞ്ചിടിപ്പുകള്‍
എന്നാല്‍, അഹങ്കാരം ഏറെ നീണ്ടു നിന്നില്ല. ഷൂട്ട് അടുത്തതോടെ ഉള്ളില്‍ ഭയം പെരുകി വന്നു. ഷൂട്ടിന്റെ സമയമായതോടെ കാര്യങ്ങള്‍ വഷളായി. നെഞ്ചിടിപ്പ് കൂടി. ഇങ്ങനെയെങ്കില്‍ ചാന്‍സ് തന്നെ കിട്ടേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

സ്റ്റുഡിയോയിലേക്കുള്ള യാത്രയില്‍ ഉപ്പയും ഉമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു. ഓഡിയന്‍സായി ഇരിക്കാന്‍ കസിന്‍സും. യാത്ര രസമായിരുന്നു. എന്നാല്‍, പേടി കാരണം എനിക്ക് അതൊന്നും കാര്യമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അകത്തു കൊണ്ടു പോയി മേക്കപ്പ് ഇട്ടു. ഷോയുടെ ടോപ്പിക് തന്നു. വേനലവധി ക്ലാസുകള്‍ വേണോ വേണ്ടയോ എന്നതായിരുന്നു വിഷയം. തയ്യാറാവാന്‍ പത്തു മിനിറ്റ് തന്നു. സമയമായതോടെ ഹൃദയ മിടിപ്പ് കൂടി. തൊണ്ട വരണ്ടു. ഞാന്‍ പടച്ചവനെ വിളിച്ചു.

ഏറ്റവും രസകരമായ കാര്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഭയന്നു വിറച്ച് ക്യാമറക്കു മുന്നിലെത്തിയ ഞാന്‍ ലൈറ്റ് ഓണ്‍ചൈയ്ത് ക്യാമറ റോളിങ് എന്നു പറഞ്ഞതോടെ അടിമുടി മാറി. ഭയമെല്ലാം മറന്ന് കൂളായി ഞാനിതാ സംസാരിക്കുന്നു! സ്വിച്ചിട്ടതു പോലെ തുരുതുരാ പറച്ചില്‍!

മോണിറ്ററില്‍ ഇതാ ഞാന്‍!
ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ ശരിക്കും സന്തോഷത്തിലായിരുന്നു. പരിപാടി പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി. ഉപ്പയുടെ മുഖം കണ്ടപ്പോള്‍ തന്നെ അത് ബോധ്യമായി. വല്ലാത്ത സന്തോഷത്തിലായിരുന്നു, ഉപ്പ. പ്രിയപ്പെട്ടവര്‍ നമ്മെ ചൊല്ലി സന്തോഷിക്കുന്നതാണ് സത്യത്തില്‍ ഏറ്റവും വലിയ സന്തോഷം. എനിക്കും ഊര്‍ജം നല്‍കിയത് അതാണ്. പിന്നീടുള്ള അനേകം പരിപാടികള്‍ക്ക് അത് ആത്മവിശ്വാസവും തന്നു. കൈരളി ടി.വിയോട് അതിന് എനിക്കെന്നും നന്ദിയുണ്ടാവും.

അതിലും രസമായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്യുന്നതിനായുള്ള കാത്തിരിപ്പ്. ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആ പ്രോഗ്രാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ഷൂട്ടിനു പോയതിലുമേറെ ധൃതിയില്‍ എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.
ഇപ്പോള്‍ ആ പരിപാടി ടി.വിയില്‍!
മോണിറ്ററില്‍ ഇതാ ഞാന്‍!
ടിവിയിലിരുന്ന് ഞാന്‍ അക്ഷരാര്‍ഥത്തില്‍ വലിയ വായില്‍പറയുകയായിരുന്നു. അന്ന് മുടി മുറിച്ച് ഒരു ബോള്‍ പോലെയായിരുന്നു. ഇടക്ക് ഒരു ക്ലോസപ്പ് ഷോട്ടില്‍ അതങ്ങനെ തെളിഞ്ഞു കണ്ടത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

അവതാരക
പിന്നെ വന്നു, രണ്ടാമത്തെ ടി.വി പരിപാടി. കൈരളി ചാനലിലെ ഈദുന്നിസ എന്ന പരിപാടി. ഇത്തവണ അവതാരകയായിരുന്നു. ഭയമൊക്കെ പതുക്കെ മാറി കഴിഞ്ഞിരുന്ന്ു. ക്യാമറക്കു മുന്നില്‍ സന്തോഷത്തോടെ ഇരിക്കാന്‍ പതിയെ പഠിച്ചു വന്നു. ടെന്‍ഷന്‍ കുറഞ്ഞു. ഒരു ഇസ്ലാമിക പരിപാടി ആയതിനാല്‍, ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരു പാടു പേര്‍ കാണുന്നതല്ലേ. തെറ്റു വന്നു പോവരുതല്ലോ. എന്നാല്‍, അത്രക്ക് സീരിയസ് ആയിരുന്നു എന്നൊന്നും തോന്നുന്നില്ല. പഠിക്കാന്‍ തന്ന സ്ക്രിപ്റ്റ് പഠിച്ചു. പറയേണ്ടതു പോലെ പറഞ്ഞു. അത്ര മാത്രം. പക്ഷേ, ആ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. അതങ്ങനെ.

ഇനി, നമുക്ക് പതിവുള്ള പാചകക്കുറിപ്പിലേക്കു പോവാം.
ഇത്തവണ പിസ ആണ്. അതിന്റെ വീഡിയോ നമുക്ക് കാണാം.


(It all starts with a Base.Preheat the oven to 200 degrees,brush the base with Olive oil and heat the base for 2 minutes)


( Add the Pizza Sauce..Spread the Pizza Sauce.)


(Add Chicken Salami, Mozzarella Cheese, Cheddar Cheese, Red,Yellow and Green Pepper Capsicum, Tinned Mushrooms, Black Olives, Green Olives, Chicken boiled with Salt and Pepper, Barbecue Sauce, Mozzarella and Cheddar Cheese as the final layer,)


(One Final Look before the tray hits the Oven – Important Add Oregano as the last Ingredient)


( Pre heated Oven at 200degree and bake for 10 mins)

(To the dining table)

for more details:
https://www.facebook.com/media/set/?set=a.228118417261596.53538.150600381680067&type=1

റെഡ് പൂരി , ദോശമാവ് ഉണ്ണിയപ്പം

സ്വാദിഷ്ഠമായ രണ്ട് വിഭവങ്ങള്‍. റെഡ് പൂരി, ദോശമാവ് കുഴിയപ്പം. സലൂജ അഫ്സല്‍ എഴുതുന്നു

 

 

റെഡ് പൂരി

1. മൈദ 1 കപ്പ്
2. റവ 1 കപ്പ്
3. ജീരകപ്പൊടി 1/2 ടീ സ്പൂണ്‍
4. കാശ്മീരി മുളക് പൊടി 1 ടീ സ്പൂണ്‍
ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാന്‍

തക്കാളി കുരു കളഞ്ഞ് മിക്സിയില്‍ അരച്ചെടുക്കുക. ഒന്നു മുതല്‍ 4 വരെയുള്ള ചേരുവയുടെ കൂടെ പാകത്തിനു ഉപ്പും വെള്ളവും
അരച്ച് വെച്ച തക്കാളിയും ചേര്‍ത്ത് കുഴച്ച് പരത്തി എണ്ണയില്‍ വറുത്ത് കോരുക

 

 

ദോശമാവ് ഉണ്ണിയപ്പം
1. ദോശമാവ് 2 കപ്പ്
2. പച്ചമുളക് 3
3. ഇഞ്ചി 1 കഷണം
4. സവാള 1 ചെറുത്
5. കറിവേപ്പില 1 തണ്ട്
6. മല്ലി ഇല

രണ്ട് മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചെറുതായി നുറുക്കി ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ദോശമാവില്‍ കലക്കി വയ്ക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ മാവൊഴിച്ച് മൊരിച്ചെടുക്കുക

പാചകത്തില്‍ ഭാവനക്കും ഇടമുണ്ട്

ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍-ജുമാന കാദ് രി എഴുതുന്നു

 

 

പ്രിയ വായനക്കാര്‍ക്ക് ഈദ് ആശംസകള്‍
ഇന്ന് എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സത്യത്തില്‍ വെറുമൊരു തമാശ മാത്രമെന്ന് അതിനെ വിളിക്കാമോ എന്നെനിക്കറിയില്ല. കേവലം ഒരു തമാശ എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു ആ സംഭവമെന്ന് ഇന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. പല പാചക പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തമായ കോംബിനേഷനുകള്‍ക്കും എനിക്ക് പ്രചോദനവും ധൈര്യവും തരുന്നത് സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവമാണ്. അന്നത്തെ ആ തമാശയുടെ ബാക്കിയാണ് സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍.

ഹൈസ്കൂളിലായിരുന്നു ഞാനന്ന്. പത്താം തരത്തില്‍. ഇക്കണോമിക് ആന്റ് ന്യൂട്രിഷ്യസ് ഫുഡ്് മല്‍സരത്തില്‍ പങ്കെടുക്കുകയാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഈ മല്‍സരത്തില്‍ എനിക്ക് സമ്മാനം ലഭിച്ചിരുന്നു.
മൂന്ന് മണിക്കൂറാണ് മല്‍സരം. അതിനിടയില്‍ വൈവിധ്യമാര്‍ന്ന പരമാവധി വിഭവങ്ങള്‍ ഉണ്ടാക്കണം. മനസ്സ് മുഴുവന്‍ വിഭവങ്ങളില്‍ മാത്രം അര്‍പ്പിച്ച് ഞാന്‍ പാചകത്തില്‍ മുഴുകി. ദൈവാനുഗ്രഹത്താല്‍ മൂന്നു മണിക്കൂറിന് അഞ്ചു മിനിറ്റ് മുമ്പ് ഞാന്‍ അവസാനിപ്പിച്ചു. 63 വ്യത്യസ്ത ഇനങ്ങള്‍ ഇതാ എന്റെ മുന്നില്‍. ഹാവൂ, ആശ്വാസമായി.

ഞാന്‍ ചുറ്റിലും നോക്കി. മറ്റ് മല്‍സരാര്‍ഥികള്‍ തകൃതിയായ പരിശ്രമത്തിലാണ്. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍. ഒരു വിഭവം കൂടി ഉണ്ടാക്കിയാലോ. ഇനിയും അഞ്ചു മിനിറ്റുണ്ട്. ആ നേരം മതി മതി പുതിയ ഒരു വിഭവം തീര്‍ക്കാന്‍.
എന്നാല്‍, കൂടുതലാലോചിച്ചപ്പോള്‍ സംശയമായി. മല്‍സരത്തിന് നീറ്റ്നെസും ഒരു പ്രധാന ഘടകമാണ്. ഒതുക്കി വെച്ച മണ്ണെണ്ണ സ്റ്റൌവും മറ്റു പാത്രങ്ങളും വീണ്ടും പുറത്തെടുത്താല്‍ കാണാന്‍ വൃത്തിയുണ്ടാവില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യും.
ഞാനാകെ അന്തിച്ചു. വീണ്ടും ചുറ്റും നോക്കി. തകൃതിയായി പാചകത്തില്‍ മുഴുകിയ മറ്റുള്ളവരെ കണ്ടപ്പോള്‍ വീണ്ടും ഒരു ചാഞ്ചാട്ടം.
ശരി, എങ്കില്‍ ഒരു വിഭവം കൂടിയാവാം, മനസ്സ് വീണ്ടും പറഞ്ഞു. കുക്കിങ് ഇല്ലാത്ത ഒരു വിഭവമാണ് ഈ സമയത്ത് നല്ലത്. അതിന് പറ്റിയതെന്താണ്?
പെട്ടെന്ന് തലയില്‍ ബള്‍ബ് കത്തി. ഐഡിയ!

മിക്സി പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റില്ല. അതിനാല്‍, തേങ്ങാപ്പാല്‍ ഉണ്ടാക്കിയത് നാടന്‍ രീതിയിലായിരുന്നു. ചെറു ചൂടു വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്ത ശേഷം പിഴിഞ്ഞെടുക്കല്‍. പാലെടുത്ത ശേഷമുള്ള തേങ്ങാ പീര ബാക്കിയുണ്ടായിരുന്നു. അതാണ് ഇനിയെന്റെ തുരുപ്പുശീട്ട്.
തേങ്ങാപ്പീരയില്‍ ഒരല്‍പ്പം നാരങ്ങാ നീര് പിഴിഞ്ഞു. പിന്നെ, മല്ലിയില, പൊതീന, ഇഞ്ചിനീര്, ഒരല്‍പ്പം നെയ്യ്, ഉപ്പ്. അങ്ങനെ ബാക്കിയുണ്ടായിരുന്ന കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ചമ്മന്തി കുഴച്ചു വെച്ചു. ഇതാ, എന്റെ 64ാമത്തെ വിഭവം!

തമാശ അതു കഴിഞ്ഞായിരുന്നു. മല്‍സര ശേഷം. വിധി നിര്‍ണയത്തിന്റെ നേരമായി. ജഡ്ജസ് എന്റെ മേശപ്പുറത്തേക്കു വരുന്നു. അവിടെയിപ്പോള്‍ 64 ഇനങ്ങള്‍. എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കിയ ശേഷം അവരുടെ അഭിപ്രായം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ‘എല്ലാം നന്നായി. ഏറ്റവും ഗംഭീരമായത്, ആ ചമ്മന്തി തന്നെ!’
ഭാഗ്യത്തിന് അവര്‍ എന്നോട് അതിന്റെ പാചകക്കുറിപ്പ് ചോദിച്ചില്ല. ചോദിച്ചെങ്കില്‍ ഞാന്‍ പെട്ടുപോയേനെ.
64 വിഭവങ്ങള്‍ തയ്യാറാക്കി എന്ന റെക്കോര്‍ഡും ഒപ്പം സ്വന്തം ഭാവനയില്‍ മെനഞ്ഞെടുത്ത ആ റെസിപി അംഗീകരിക്കപ്പെട്ടു എന്ന സന്തോഷവും ഒപ്പം സമ്മാനം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമൊക്കെ ചേര്‍ന്ന് അത്രയെളുപ്പം വിവരിക്കാനാവാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍.

അന്നാണ് ഭാവനക്കും പാചകത്തില്‍ ഇടമുണ്ടെന്ന് ഞാന്‍ മനസ്സിലായത്. പരീക്ഷണങ്ങള്‍ക്ക് ധൈര്യം തന്നതു മുഴുവന്‍ ആ സംഭവമായിരുന്നു.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്.
ഇനി നമുക്കൊരു റെസിപി.

കുല്‍ഫി ഫലൂദ

ചേരുവകള്‍

തിളപ്പിച്ച പാല്‍ – 1 ടിന്‍
കണ്ടന്‍സ്ഡ് പാല്‍ – 1 ടിന്‍
വിപ്പ്ഡ് വിപ്പിങ്ങ് ക്രീം – 2 ടേബിള്‍ സ്പൂണ്‍
ബ്രെഡ് ചെറിയ കഷണങ്ങാക്കിയത് – 3 എണ്ണം
ഏലക്ക – 4 എണ്ണം
ചെറിയ വെളുത്ത സേമിയ – ഒരു കപ്പ്
പാല്‍ – ഒരു കപ്പ്
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – 1 കപ്പ്
പിസ്ത , ( ഉപ്പില്ലാതെ ) മുറിച്ചത്
റോസ് വാട്ടര്‍ – 3/4 ടീ സ്പൂണ്‍

പാചക രീതി
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മിക്സറിൽ നന്നായി ചേർത്തെടുക്കുക. ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ചെടുക്കുക.
പാലും, വെള്ളവും, പഞ്ചസാരയും ചേർക്കുക.
സേമിയ പാലില്‍ നന്നായി വേവിക്കുക.
തണുക്കാൻ അനുവദിച്ച ശേഷം റോസ് വാട്ടര്‍ ചേര്‍ത്ത് തണുപ്പിച്ചെടുക്കുക. പ്ലേറ്റിലേക്ക് സേമിയ പകര്‍ത്തി, കുല്‍ഫി മുകളിൽ വയ്ക്കുക
മുറിച്ചെടുത്ത പിസ്ത കഷണങ്ങളും ചേര്‍ത്ത് വിളമ്പുക

facebook page: https://www.facebook.com/media/set/?set=a.150604711679634.37000.150600381680067&type=3

റവ ലഡ്ഡു,തേങ്ങാ പാക്ക്,ഗൌഡ് പാപ്ഡി,ഗൂഗ്റ

ദീപാവലി ദിനത്തില്‍ വായനക്കാര്‍ക്കായി സ്വാദിഷ്ഠമായ നാല് ഉത്തരേന്ത്യന്‍ വിഭവങ്ങള്‍-സലൂജ എഴുതുന്നു

റവ ലഡ്ഡു

റവ – ഒരു കപ്പ്
പഞ്ചസാര-ഒരു കപ്പ്
നെയ്യ്-രണ്ട് ടേബിള്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്
മുന്തിരി
ഏലക്കായ-ഒരു ടീ സ്പൂണ്‍
വെള്ളം

റവ നെയ്യില്‍ വറുത്ത് മാറ്റിവെക്കുക. ഒരു കപ്പ് പഞ്ചസാരയുടെ മൂന്നിലൊന്ന് വെള്ളം എടുത്ത് പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി പഞ്ചസാരപ്പാനി ഉണ്ടാക്കുക. ഇത് വറുത്തു വെച്ചിരിക്കുന്ന റവയിലേക്ക് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് കുഴച്ച് കൈയില്‍ നെയ്യ് തടവി ഉരുളകളാക്കുക.

തേങ്ങാ പാക്ക്
റവ -ഒരു കപ്പ്
പഞ്ചസാര-ഒരു കപ്പ്
നാളികേരം ചിരകിയത്-ഒരു കപ്പ്
നെയ്യ്-100 ഗ്രാം
ഏലക്കാപ്പൊടി -ഒരു ടീസ്പൂണ്‍
വെള്ളം
റവ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുക്കുക. ഇതിന്റെ കൂടെ നാളികേരവും ചേര്‍ത്ത് മാറ്റിവെക്കുക. പഞ്ചസാരയുടെ മൂന്നിലൊന്ന് വെള്ളമെടുത്ത് പഞ്ചസാരയും ചേര്‍ത്ത് പാനി ഉണ്ടാക്കുക. ഈ പഞ്ചസാര പാനിയിലേക്ക് നെയ്യും നാളികേരവും വറുത്തത് ചേര്‍ക്കുക. ഇതില്‍ നെയ്യും ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തില്‍ നെയ്യ് തടവി ചൂടോടെ ഈ മിശ്രിതം പാത്രത്തിലേക്ക് പരത്തിവെക്കുക. തണുത്തശേഷം മുറിച്ച് ഉപയോഗിക്കാം.

ഗൌഡ് പാപ്ഡി
വായനക്കാര്‍ക്കായി സ്വാദിഷ്ഠമായ മൂന്ന് ഉത്തരേന്ത്യന്‍ വിഭവങ്ങള്‍^സലൂജ എഴുതുന്നു

ഗോതമ്പുപൊടി-250 ഗ്രാം
നെയ്യ്-100 ഗ്രാം
ശര്‍ക്കര-200 ഗ്രാം
വെളുത്ത എള്ള്- ഒരു ടേബിള്‍ സ്പൂണ്‍
പാല്‍-രണ്ട് ടേബിള്‍ സ്പൂണ്‍
50 ഗ്രാം നെയ്യില്‍ ഗോതമ്പുപൊടി വറുത്തുവെക്കുക. ബാക്കിവരുന്ന നെയ്യില്‍ ശര്‍ക്കര ഉരുക്കുക. ഉരുകിവരുന്ന ശര്‍ക്കരയിലേക്ക് പാല്‍ കടയുക. ഇതിലേക്ക് ഏലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വറുത്തു വെച്ചിരിക്കുന്ന ഗോതമ്പുപാേെടി ചേര്‍ത്തിളക്കി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് പരത്തിവെച്ച് മീതെ വെളുത്ത എള്ളുവിതറുക. തണുത്തശേഷം ഇത് ഉപയോഗിക്കാം.

ഗൂഗ്റ
റവ-500 ഗ്രാം
മൈദ -300 ഗ്രാം
നെയ്യ്-100 ഗ്രാം
പഞ്ചസാര പൊടിച്ചത്-500 ഗ്രാം
പാല്‍ -ഒരു കപ്പ്
ഏലക്കാപൊടി -ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്
മുന്തിരി
ഉപ്പ്-പാകത്തിന്
നെയ്യ്-വറുക്കാന്‍ ആവശ്യത്തിന്
50 ഗ്രാം നെയ്യില്‍ റവ അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്ത് തണുത്തശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കാപ്പൊടിയും ചേര്‍ക്കുക. മൈദ, പാല്‍,നെയ്യ്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ടൈറ്റാക്കി കുഴച്ച് പൂരി പരത്തുന്ന വലിപ്പത്തില്‍ പരത്തി റവക്കൂട്ട് നടുക്കുവെച്ച് മടക്കി ഡിസൈന്‍ ചെയ്ത് നെയ്യില്‍ വറുത്തുകോരുക. ( ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും)

അങ്ങനെയാണ് ചിക്കന്‍ സാമ്പാര്‍ ഉണ്ടായത്

എന്നിട്ടും ഞാന്‍ തയ്യാറാക്കി, ചിക്കന്‍ സാമ്പാറിന്റെ പാചകക്കുറിപ്പ്! സാമ്പാര്‍ റെസിപിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഇനം.
അന്നാണ് ഞാന്‍ ഭാവനയില്‍ പാചക കുറിപ്പുകള്‍ എഴുതാന്‍ പഠിച്ചത്- കാമ്പസ് നാളുകളെക്കുറിച്ച് ജുമാന കാദ് രി എഴുതുന്നു. ഒപ്പം പതിവു പോലെ ഒരു പുത്തന്‍ പാചകക്കുറിപ്പും

പ്രിയ വായനക്കാരെ,

എന്റെ ഓര്‍മകളുടെ ഈ കൊച്ചു സമാഹാരം നിങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. നന്ദിയും. അത് രേഖപ്പെടുത്തിയാവട്ടെ ഈ എഴുത്തിന്റെ തുടക്കം.
കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞ ആ കൊച്ചു പടത്തിന്റെ ഓര്‍മ്മ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ശരിക്കും വീണ്ടുമിത് കാണുമ്പോള്‍ അന്നെഴുതുമ്പോള്‍ ഉള്ളതിനേക്കാള്‍ തീവ്രമാണ് നൊസ്റ്റാല്‍ജിയ.
നൊസ്റ്റാല്‍ജിയ! ആ വാക്ക് തന്നെയാവട്ടെ, പുതിയ കുറിപ്പിലേക്കുള്ള വഴി കാട്ടി. നമ്മുടെ എല്ലാവരുടെയും നൊസ്റ്റാല്‍ജിയയില്‍ സദാ പൂത്തുനില്‍ക്കുന്ന ആ കാലത്തെ കുറിച്ചാണ് ഈ കുറിപ്പ്. കാമ്പസ് കാലം.
മനസ്സില്‍ പാചകവുമായി എഞ്ചിനീയറിങ് കോളജില്‍ കഴിഞ്ഞ നാളുകള്‍. ആ കാലത്തിന്റെ സന്തോഷവും കളി തമാശകളും സൌഹൃദവുമാണ് ഈ പുതിയ പോസ്റ്റില്‍. എന്റെ പഴയ കോളജ് കൂട്ടുകാര്‍ക്ക് അതിനാല്‍, ഞാനീ ലക്കം സമര്‍പ്പിക്കുന്നു.

കാമ്പസ് നാളുകള്‍
പ്ലസ് റ്റു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന് ആശങ്കപ്പെടുന്നവരെ ഏറെ കാണാം. എന്നാല്‍, എനിക്ക് അക്കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷനുമുണ്ടായിരുന്നില്ല. ഫിസിക്സ് ആണ് പ്രിയ വിഷയം. അതിനാല്‍, എന്റെ ചോയ്സ് എഞ്ചിനീയറിങില്‍ പോയി നിന്നു.
പാചക സംബന്ധമായ എന്തെങ്കിലും പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിന് എല്ലാ ഭാഗത്തുനിന്നും പോല്‍സാഹനവും ഉണ്ടായിരുന്നു. എന്നാല്‍, ആദ്യം ഒരു പ്രൊഫഷനല്‍ ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം. അതിനു ശേഷം പാചകത്തില്‍ ഫോക്കസ് ചെയ്യാമല്ലോ.
അങ്ങനെ കോളജ് കാമ്പസില്‍ എത്തി. പഠിക്കാനുള്ളത് എഞ്ചിനീയറിങ് ആണെങ്കിലും ആദ്യ വര്‍ഷം മുഴുവന്‍ പല തരം പാചക പരീക്ഷണങ്ങളായിരുന്നു.
കോളജില്‍ എന്ത് പാചക പരീക്ഷണം എന്നായിരിക്കും ചോദ്യം. ആ അമ്പരപ്പ് എനിക്കു മനസ്സിലാവുന്നു. എന്നാല്‍, സത്യം അതായിരുന്നു. എന്റ പാചക അഭിരുചി അറിഞ്ഞ സീനിയേഴ്സ് എന്നാല്‍, അതൊന്ന് കണ്ടുകളയാം എന്നു തീരുമാനിച്ചു അത്ര മാത്രം:)
ചിരിച്ചു പോവുന്ന അനേകം സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്. പക്ഷേ, ഒന്നോര്‍ക്കണം, കുറേ കാലം കഴിഞ്ഞ് ഓര്‍ക്കുമ്പോള്‍ മാത്രമാണ് ഇവയൊക്കെ ചിരിക്കുള്ള വകയാവുന്നത്. സംഭവം നടക്കുന്ന കാലത്ത് ഇതൊക്കെ എനിക്ക് ഭീകര സംഭവങ്ങള്‍ തന്നെയായിരുന്നു.

ഭാവനയിലെ പാചക കുറിപ്പുകള്‍

അക്കൂട്ടത്തില്‍ ഏറ്റവും ഹരമുള്ള ഓര്‍മ്മ ചിക്കന്‍ സാമ്പാറുമായി ബന്ധപ്പെട്ടതാണ്. ചിക്കന്‍ സാമ്പാറോ എന്ന് നിങ്ങളെല്ലാം നെറ്റി ചുളിക്കുന്നത് എനിക്കു കാണാനാവുന്നുണ്ട്. ചിക്കന്‍ സാമ്പാര്‍ ഉണ്ടാക്കണമെന്ന് സീനിയേഴ്സ് ആവശ്യപ്പെട്ടപ്പോള്‍ അന്ന് എന്റെയും നെറ്റി ചുളിഞ്ഞിരുന്നു.
എന്നിട്ടും ഞാന്‍ തയ്യാറാക്കി, ചിക്കന്‍ സാമ്പാറിന്റെ പാചകക്കുറിപ്പ്! സാമ്പാര്‍ റെസിപിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഇനം.
എന്റെ ഓര്‍മ്മയില്‍, കോളജില്‍ ഞാന്‍ ആദ്യം എഴുതിയ അസൈന്‍മെന്റ് ചിക്കന്‍ സാമ്പാര്‍ ആയിരുന്നു. അന്നാണ് ഞാന്‍ ഭാവനയില്‍ പാചക കുറിപ്പുകള്‍ എഴുതാന്‍ പഠിച്ചത്.
പിന്നെ, സായാഹ്നങ്ങളില്‍ പാചക അവതരണങ്ങളായിരുന്നു. കാന്റീനിലായിരുന്നു കുക്കറി ഷോ പ്രസന്റേഷന്‍. വൈകുന്നേരം ടീ ടൈം കഴിഞ്ഞാല്‍ എല്ലാവരുടെയും കപ്പു സോസറുകള്‍ എന്റെ ടേബിളിലെത്തും. പിന്നെ, അതില്‍ ചട്നി തൊട്ട് ബിരിയാണി വരെയുള്ള സാധനങ്ങള്‍ രുപം കൊള്ളണം. ഭീകരമായിരുന്നു അതൊക്കെ. എന്നാല്‍, ഇന്ന് ഏറ്റവും രസകരമായ ഓര്‍മ്മയായി ഉള്ളില്‍ തെളിയുന്നത് അവയാണ്.
ചിക്കന്‍ സാമ്പാര്‍ എന്ന വിഭവം ഒരിക്കലും ഉണ്ടാവില്ലെന്നു തന്നെയായിരുന്നു എന്റെ വിശ്വാസം. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നു, ശരിക്കും അങ്ങനെ ഒന്നുണ്ട് എന്ന്. അതറിഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. അത് വാസ്തവമാണോ എന്നൊന്നും എനിക്ക് തീര്‍ച്ചയില്ല.
എന്തായാലും ഇക്കാര്യം ഞാന്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു മുമ്പാകെ വെക്കുന്നു. ആര്‍ക്കെങ്കിലും ഈ ചിക്കന്‍ സാമ്പാര്‍ എന്താണെന്ന് അറിയാമെങ്കില്‍ എന്നെ അറിയിക്കുക. നാലാമിടം പേജിലോ ഫേസ് ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന ലിങ്കിലേക്കോ അയച്ചാല്‍ മതി.

https://www.facebook.com/media/set/?set=a.150604711679634.37000.150600381680067&type=3#!/JumanahKadri

കോളജ് അനുഭവങ്ങള്‍ ഇതു മാത്രമല്ല. അനേകം സംഭവങ്ങള്‍. ഇതിനിടയില്‍ എക്സാമിന്റെ പൊടിപൂരവും.
അതിനൊക്കെ ഇടയിലായിരുന്നു ആ മഹാ സംഭവം. ഞാന്‍ എറ്റവും കൂടുതല്‍ വിഭവങ്ങള്‍ കഴിച്ച, ചുരുക്കി പറഞ്ഞാല്‍, വെട്ടി വിഴുങ്ങിയ ഒരവസരം.
അതെന്താണ് എന്ന് ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഒന്നു വെയ്റ്റ് ചെയ്യൂ. അടുത്ത ലക്കത്തില്‍ അതു പറയാം.

എന്നാല്‍, ഇനി റെസിപി.
ഇതാ ഈ ലക്കത്തിലെ എന്റെ പാചകക്കുറിപ്പ്

ഫ്രെഞ്ച് ഫ്രൈസ് പക്കോഡ

1.കടലമാവ്- 3 ടേബിള്‍ സ്പൂണ്‍
2.ചാട്ട് മസാല – 1/4 ടീ സ്പൂണ്‍
3.ഗരം മസാല – 1/4 ടീ സ്പൂണ്‍
4. മുളക് പൊടി – 1/8 ടീ സ്പൂണ്‍
5.മഞ്ഞപ്പൊടി – ഒരു നുള്ള്
6. മല്ലിയില
7. വെള്ളം
8. ഉപ്പ്
9. ഉരുളക്കിഴങ്ങ് – ഫ്രെഞ്ച് ഫ്രൈസ് ഷേപ്പില്‍ അരിഞ്ഞത്
10. എണ്ണ – ആവശ്യത്തിന്

പാചകരീതി
1 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ഒരുമിച്ച് ചേര്‍ക്കുക
2. ഉരുളക്കിഴങ്ങ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക
3. തക്കാളി സോസിനൊ കെച്ചപ്പിനൊപ്പമോ വിളമ്പാം.

ചന്ന ബിരിയാണി

ഭക്ഷണപ്രിയര്‍ക്കായി ഒരു പുതുവിഭവം. ചന്ന ബിരിയാണി-സലൂജ അഫ്സല്‍ എഴുതുന്നു

1 ചന്ന -250 ഗ്രാം
2. ബസ്മതി അരി 500 ഗ്രാം
3. പച്ചമുളക്-നാല് എണ്ണം
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി വലുത്-ആറ് അല്ലി
കുരുമുളക്-ഒരു ടീസ്പൂണ്‍
തൈര്-മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിയില-ഒരു പിടി
പുതീന ഇല-ഒരു പിടി
ബിരിയാണി മസാല-ഒരു ടേബിള്‍ സ്പൂണ്‍
4. സവാള കനം കുറച്ചരിഞ്ഞത്
5. നെയ്യ് -100 ഗ്രാം
6. തക്കാളി ചെറുതായി നുറുക്കിയത് -രണ്ട് എണ്ണം
7. അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില അരിഞ്ഞത്-അലങ്കരിക്കാന്‍ ആവശ്യത്തിന്

അരി ഉപ്പിട്ടു വേവിച്ച് വാര്‍ത്തെടുക്കുക. ചന്ന ഉപ്പിട്ടു വേവിച്ചു വെക്കുക.
മൂന്നാമത്തെ ചേരുവ മിക്സിയില്‍ അരച്ചെടുക്കുക.
ചൂടായ ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ഒരു സവോളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക.
ബാക്കി വരുന്ന നെയ്യിലേക്ക് ജീരകമിട്ട് സവാളയും ചേര്‍ന്നു വഴറ്റുക.
വേവിച്ചു വെച്ചിരിക്കുന്ന ചന്ന ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുത്ത ഈ മസാലക്കൂട്ട് ചോറിലേക്ക് ഉടയാതെ യോജിപ്പിച്ചെടുത്ത് പാത്രം അടച്ചുവെച്ച് മൂന്ന് മിനിറ്റ് ദം ചെയ്തെടുക്കുക.
വറുത്തു വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില എന്നിവ മീതെ വിതറിഅലങ്കരിക്കുക.

പണ്ടു പണ്ടൊരു പത്രത്തില്‍ ഒരു കുഞ്ഞിപ്പടം

സ്വന്തം ഫോട്ടോ ആദ്യമായി പത്രത്തില്‍ അച്ചടിച്ചു കണ്ട നാളിനെ കുറിച്ച് ഓര്‍മ്മ. അംഗീകാരത്തിന്റെ ആദ്യ പടവുകളെ കുറിച്ച് ജുമാന കാദ് രി എഴുതുന്നു.

പണ്ടാണ്. നഴ്സറിയില്‍ പഠിക്കുന്ന കാലം. രാവിലെ കിടന്നുറങ്ങുന്ന എന്നെ ആരോ വിളിച്ചുണര്‍ത്തി. വാപ്പയോ ഉമ്മയോ ആരോ. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു പത്രം കണ്ടു. അതിലുണ്ട് എന്റെ ഫോട്ടോ. പടച്ചവനേ, ഇതെന്താണിത്. എന്റെ ഫോട്ടോ! പത്രത്തില്‍!
ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ പിന്നെ, സന്തോഷത്തിന്റെ നേരങ്ങളായിരുന്നു. പത്രം എല്ലാവരും കണ്ടിട്ടുണ്ട്. അവരെല്ലാം വിളിച്ച് സന്തോഷമറിയിക്കുന്നു. അങ്ങനെയങ്ങനെ ആ ദിവസം.
എന്നാല്‍, പിന്നീടെപ്പോഴോ ഞാനാ ദിവസം മറന്നു. പുതിയ സന്തോഷങ്ങള്‍ അതിന്റെ ഓര്‍മ്മയെ മറച്ചു പിടിച്ചെന്നു പറയുന്നതാവും നല്ലത്.  ഇതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത് ആ ഫോട്ടോയാണ്. അവിചാരിതമായി പഴയ ആല്‍ബം തുറന്നു നോക്കിയതാണ്. അപ്പോഴുണ്ട്, പത്രത്തില്‍ നിന്ന് മുറിച്ചെടുത്ത ആ ചിത്രം ആല്‍ബത്തില്‍.
പത്രത്തില്‍ പടം വരുന്നത് വല്ലാത്ത സന്തോഷമുള്ള കാര്യമാണ്. അത് നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്തും. അംഗീകരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവും. കാര്യമായി അധ്വാനിക്കാനുള്ള പ്രേരണ തരും. പിന്നെ സന്തോഷം. നമ്മുടെ മാത്രം സന്തോഷമല്ല അത്. ഉറ്റവരുടെ, കൂട്ടുകാരുടെ കൂടി സന്തോഷമാണത്. അത് കാണുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും. ഇപ്പോള്‍ ചാനലുകള്‍ കൂടിയായതോടെ ആ ദൃശ്യങ്ങള്‍ ഇതേ സന്തോഷം തരുന്നു. ഒരു പക്ഷേ, ഇതിലുമേറെ സന്തോഷം. ഇതിലുമേറെ അംഗീകാരം.
പാചക മല്‍സരത്തില്‍ ഞാന്‍ ആദ്യം പങ്കെടുത്തതും പത്രത്തില്‍ പടം വന്നതുമെല്ലാം ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു. ഇക്കണോമിക് ആന്റ് ന്യൂട്രീഷസ് ഫുഡ്  ഇനത്തിലായിരുന്നു മല്‍സരം. സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ സന്തോഷമുണ്ടായിരുന്നു. പിന്നെ, ഉപജില്ലാ, ജില്ല്ലാ തലങ്ങള്‍. ആദ്യ തവണ തന്നെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ എനിക്കു തന്നെ വിശ്വസിക്കാനായില്ല. അത്രക്ക് അത്ഭുതം. അത്രക്ക് സന്തോഷം.
സംസ്ഥാന തല മല്‍സരത്തിന് ചെന്നത് ആശങ്കകളോടെയായിരുന്നു. മല്‍സരം വലുതാണ്. മികച്ച മല്‍സരാര്‍ഥികളുണ്ടാവും. വിജയിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ദൈവം എന്റെ കൂടെയായിരുന്നു. ഒന്നാം സമ്മാനം എനിക്ക്. ആ വിവരം അറിഞ്ഞപ്പോള്‍ മനസ്സ് പക്ഷിയെപ്പോലെ പറന്നു. സന്തോഷം ആകാശം തൊട്ടു. പിറ്റേന്ന് എല്ലാ മാധ്യമങ്ങളിലും ഞാനായിരുന്നു. ആനന്ദത്തിന്റെയും അത്ഭുതത്തിന്റെയും അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു. അത്യാനന്ദത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ ഓരോ സന്തോഷത്തെയും വെവ്വേറെ വേര്‍തിരിക്കാനാവില്ല എന്നു ഞാനന്ന് പഠിച്ചു.
വീട്ടുകാരും കൂട്ടുകാരും അഭിമാനത്തോടെ പത്രത്തിലെ എന്റെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്നത് കാണുമ്പോഴൊക്കെ കണ്ണു നിറഞ്ഞു. സന്തോഷത്തിന്റെ തിര തള്ളല്‍. വാപ്പയും ഉമ്മയും വല്ലാത്ത സന്തോഷത്തിലായിരുന്നു. ആ നിമിഷങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പിന്നെ സ്വീകരണങ്ങഴുടെ നാളുകളായിരുന്നു. ആദ്യം സ്കൂളില്‍നിന്നായിരുന്നു. അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. ഞാന്‍ അവരുടെയൊക്കെ അഭിമാനമായി മാറുന്നു എന്നു കണ്ടപ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസം വളര്‍ന്നു. പഞ്ചായത്തിന്റെ വക സ്വീകരണം ഉജ്വലമായിരുന്നു. അതിന്റെ സന്തോഷം ഇപ്പോഴും  മറന്നിട്ടില്ല.
കാരണം  അന്നെന്റെ പിറന്നാള്‍ ആയിരുന്നു.
പാചക മല്‍സരത്തിനിടയിലുണ്ടയ ചെറിയ തമാശകളും അവ എങ്ങനെ പരീക്ഷണങ്ങള്‍ക്ക് ഊര്‍ജമേകി എന്നുമൊക്കെ എനിക്കു പറയാനുണ്ട്. അവ വിശദമായി തന്നെ അടുത്ത
നാളുകളില്‍ പറയാം. തല്‍ക്കാലം നമുക്കൊരു പാചക കുറിപ്പിലേക്കു പോവാം.
ചെറിയ പെരുന്നാളിന്റെ സന്തോഷ നേരങ്ങള്‍ കഴിഞ്ഞാണ് ഇതെഴുതുന്നത്. ഇനിയിപ്പോള്‍, ഓണ നാളുകളാണ്. വ്യത്യസ്ത വിഭവങ്ങളുടെ കാലം. അതിനു പറ്റിയ
വിഭവവുമായാണ് ഇത്തവണത്തെ വരവ്. ഓണത്തിനു വിളമ്പാനാവുന്ന ഒരു അടിപൊളി പുളിങ്കറി.

ഡ്രൈ ഫ്രൂട്സ് ഇഞ്ചിക്കറി

ചേരുവകൾ
ഇഞ്ചി -നന്നായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – 2 ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് – കാൽ കപ്പ്
ഈന്തപ്പഴം മുറിച്ചത് – 2 ടേബിൾ സ്പൂൺ
ശർക്കര – ഒരു കഷണം
പുളി – 1 ഗൂസ്ബെറി സൈസ്
വേപ്പില –  6 എണ്ണം
എണ്ണ – 2 ടേബിൾ സ്പൂൺ
പച്ച മുളക് – 2 എണ്ണം
കാശ്മീരി മുളക് – 1 എണ്ണം
കടുക് – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിനു
വെള്ള  എള്ള്
മല്ലി ഇല

പാചക രീതി

1) നന്നായി ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച്  കടുക് പൊട്ടിച്ചതിനു ശേഷം
പച്ചമുളക് , ഉണക്ക മുളക്, വേപ്പിലയും ഇട്ട് ചൂടാക്കുക. ഇഞ്ചി ഇട്ടതിനു
ശേഷം  ഇളം മഞ്ഞ നിറം ആകുന്ന വരെ ചൂടാക്കുക.

2. ഉണക്കമുന്തിരി, ഈന്തപ്പഴം, കശവണ്ടി പരിപ്പ്  ചേർക്കുക

3.  കശുവണ്ടി പരിപ്പ് ഇഅളം തവിട്ട് നിറമാവുന്ന വരെ ഇളക്കുക
4. ഇനി ഉപ്പും, പുളിവെള്ളവും , ശർക്കരയും ചേർക്കുക
5. ആവശ്യത്തിനു തിളപ്പിക്കുക
6. മല്ലി ഇലയും , എള്ളും ചേർത്ത് ഇളക്കിയെടുക്കുക

ടിപ് – ശർക്കര തണുക്കുമ്പൊൾ കട്ട പിടിക്കും ചൂടാറുന്നതിനു മുമ്പേ വേറേ
ഒരു പാത്രത്തിലേക്ക് പകരാൻ ശ്രദ്ധിക്കുക

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers