അതിലും രസമായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്യുന്നതിനായുള്ള കാത്തിരിപ്പ്. ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആ പ്രോഗ്രാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ഷൂട്ടിനു പോയതിലുമേറെ ധൃതിയില്‍ എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ ആ പരിപാടി ടി.വിയില്‍! മോണിറ്ററില്‍ ഞാന്‍!- ജുമാന കാദ് രിഎഴുതുന്നു

ജുമാന കാദ് രി
പ്രിയപ്പെട്ടവരെ,
ഇത്തിരി വൈകി. തിരക്കും വിഷയ ദാരിദ്യ്രവുമായിരുന്നു കാരണം. എന്റെ പ്രിയ വായനക്കാര്‍ ക്ഷമിക്കുമല്ലോ.
പഴയൊരു ഓര്‍മ്മയാണ് ഇന്ന് പറയാനുള്ളത്. ആദ്യമായി ടി.വിയില്‍ പ്രത്യക്ഷപ്പെട്ട കഥ. അതിന്റെ ഷൂട്ടിങ്. ഒപ്പം വന്ന ടെന്‍ഷന്‍. അതു തന്ന ആനന്ദം. ക്യാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍, ഇപ്പോഴും ആത്മവിശ്വാസം തരുന്ന ആ ദിവസത്തിന്റെ ഊര്‍ജം.
എട്ടില്‍ പഠിക്കുമ്പോഴാണ് ഞാനാദ്യം ടി.വി ക്യാമറക്കു മുന്നിലെത്തിയത്. കൈരളി ചാനലില്‍ വന്ന ‘ഒരു കൊച്ചു വലിയ വര്‍ത്തമാനം’ എന്ന പരിപാടിയിലൂടെ.
വേനലവധി ക്ലാസുകളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയായിരുന്നു അത്. മൂന്ന് മിനിറ്റ് നേരമാണ് അന്ന് മൈക്കില്‍ സംസാരിച്ചതെങ്കിലും പില്‍ക്കാലത്തേക്കുള്ള അനേക ചാനല്‍ അനുഭവങ്ങളുടെ വിത്തുപാകലായിരുന്നു അതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.
ഒറ്റക്ക് ചില കുക്കറി ഷോകള്‍
ചെറുപ്പം മുതല്‍ പാചകത്തിന്റെ ലോകം എനിക്കൊപ്പം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെയാവണം, ചാനലുകളില്‍ വരുന്ന പാചക പരിപാടികളെല്ലാം ഞാന്‍ വിടാതെ കാണുമായിരുന്നു. ഏറെ ആരാധനയോടെ അതിലെ പാചക വിദഗ്ധരെയും അവതാരകമാരെയും ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. രസകരമായ മറ്റൊരു ശീലവും അന്നുണ്ടായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരും. എങ്കിലും അന്നത് തികഞ്ഞ ഗൌരവത്തിലായിരുന്നു.
സംഗതി അഭിനയമാണ്. ആളൊഴിയുന്ന ചില നേരങ്ങളില്‍ ഞാന്‍ അടുക്കളയില്‍ എത്തും. അതൊരു ചാനല്‍ സ്റ്റുഡിയോ ആയി സങ്കല്‍പ്പിക്കും. മുന്നില്‍ ഒരു വീഡിയോ ക്യാമറയാണെന്നും ഞാനൊരു ടി.വി കുക്കറി പരിപാടിയില്‍ ആണെന്നും കരുതും. പാത്രങ്ങളെയും അടുക്കള ഉപകരണങ്ങളെയും സാക്ഷി നിര്‍ത്തി എന്റെ മാത്രമായ പാചക പരിപാടി അവതരിപ്പിക്കും. ഞാന്‍ തന്നെ സംവിധായികയും അവതാരകയും ഷെഫും പ്രേക്ഷകയും. ആരുമത് കാണാന്‍ ഉണ്ടാവില്ലെങ്കിലും എനിക്ക് ഇഷ്ടമായിരുന്ന്ു. അന്നത് വെറും കളിയായിരുന്നു എങ്കിലും പില്‍ക്കാലത്ത് എനിക്കതേറെ ഗുണം ചെയ്തിട്ടുണ്ട്.
അവസരം ക്ലാസിലൂടെ
അങ്ങനെയിരിക്കെയാണ് ചാനലില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരം കിട്ടിയത്. എട്ടാം തരത്തില്‍ പഠിക്കുകയായിരുന്നു ഞാന്‍.
ഒരു ദിവസം ടീച്ചര്‍ ക്ലാസില്‍ പറഞ്ഞു’ കൈരളി ചാനല്‍ സ്കൂളില്‍ ഒരു ഓഡിഷന്‍ നടത്തുന്നുണ്ട്. താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പോവാം’.
കേട്ടപാതി കേള്‍ക്കാത്ത പാതി ക്ലാസിലെ മിക്കവാറും എല്ലാവരും പുറത്തിറങ്ങി. മുന്‍നിരയില്‍ തന്നെ ഞാനും ഉണ്ടായിരുന്നു എന്ന് പറയേണ്ടതില്ലേല്ലോ.
ടോക് ഷോയുടെ ഓഡിഷനായതിനാല്‍ വിഷയം തന്ന് ഞങ്ങളെകൊണ്ട് സംസാരിപ്പിക്കുകയായിരുന്നു അവര്‍. വിഷയം എന്തായിരുന്നു എന്നിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, ഏതോ വിഷയത്തില്‍ ഉഗ്രനൊരു അഭിപ്രായം തന്നെ പറഞ്ഞുകാണണം:)
കുറച്ചു കഴിഞ്ഞപ്പോള്‍ ഓഡിഷന്‍ തീര്‍ന്നു. ക്ലാസിലിരിക്കുമ്പോഴും ആകാംക്ഷയായിരുന്നു. സെലക്ഷന്‍ കിട്ടുമോ ഇല്ലയോ. കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ക്ലാസില്‍ വന്ന്, ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വായിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്, അതില്‍ ഞാനുമുണ്ടായിരുന്നു.
ടീച്ചറുടെ വായില്‍നിന്ന് എന്റെ പേര് വീണതും സന്തോഷം കൊണ്ട് ഞാന്‍ ഇളകിമറിഞ്ഞു. എത്രയും പെട്ടെന്ന് ഈ വിവരം വീട്ടില്‍ എത്തിക്കണം. അതായിരുന്നു ആദ്യം തോന്നിയത്. എങ്ങനെയോ സ്കൂള്‍ വിടാന്‍ കാത്തുനിന്നു. വീട്ടിലേക്ക് കുതിച്ചെത്തിയതും സംഭവം ഞാന്‍ അനൌണ്‍സ് ചെയ്തു.
വേണമെങ്കില്‍, എല്ലാവരും കേട്ടോളൂ, ഞാനിതാ ഒരു ടി.വി സ്റ്റാര്‍ ആവാന്‍ പോവുന്നു!
വീട്ടിലെല്ലാവരും അവരവരുടെ തിരക്കിലായിരുന്നു. തല ഉയര്‍ത്തിനിന്നുള്ള എന്റെ പ്രസ്താവന കേട്ടപ്പോള്‍ അവര്‍ ചിരിച്ചോ എന്ന് സംശയം. എങ്കിലും വിവരമറിഞ്ഞപ്പോള്‍ വീട്ടിലാകെ പെരുത്ത് സന്തോഷം.
ഭയത്തിന്റെ നെഞ്ചിടിപ്പുകള്‍
എന്നാല്‍, അഹങ്കാരം ഏറെ നീണ്ടു നിന്നില്ല. ഷൂട്ട് അടുത്തതോടെ ഉള്ളില്‍ ഭയം പെരുകി വന്നു. ഷൂട്ടിന്റെ സമയമായതോടെ കാര്യങ്ങള്‍ വഷളായി. നെഞ്ചിടിപ്പ് കൂടി. ഇങ്ങനെയെങ്കില്‍ ചാന്‍സ് തന്നെ കിട്ടേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
സ്റ്റുഡിയോയിലേക്കുള്ള യാത്രയില്‍ ഉപ്പയും ഉമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു. ഓഡിയന്‍സായി ഇരിക്കാന്‍ കസിന്‍സും. യാത്ര രസമായിരുന്നു. എന്നാല്‍, പേടി കാരണം എനിക്ക് അതൊന്നും കാര്യമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അകത്തു കൊണ്ടു പോയി മേക്കപ്പ് ഇട്ടു. ഷോയുടെ ടോപ്പിക് തന്നു. വേനലവധി ക്ലാസുകള്‍ വേണോ വേണ്ടയോ എന്നതായിരുന്നു വിഷയം. തയ്യാറാവാന്‍ പത്തു മിനിറ്റ് തന്നു. സമയമായതോടെ ഹൃദയ മിടിപ്പ് കൂടി. തൊണ്ട വരണ്ടു. ഞാന്‍ പടച്ചവനെ വിളിച്ചു.
ഏറ്റവും രസകരമായ കാര്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഭയന്നു വിറച്ച് ക്യാമറക്കു മുന്നിലെത്തിയ ഞാന്‍ ലൈറ്റ് ഓണ്‍ചൈയ്ത് ക്യാമറ റോളിങ് എന്നു പറഞ്ഞതോടെ അടിമുടി മാറി. ഭയമെല്ലാം മറന്ന് കൂളായി ഞാനിതാ സംസാരിക്കുന്നു! സ്വിച്ചിട്ടതു പോലെ തുരുതുരാ പറച്ചില്‍!
മോണിറ്ററില്‍ ഇതാ ഞാന്‍!
ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ ശരിക്കും സന്തോഷത്തിലായിരുന്നു. പരിപാടി പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി. ഉപ്പയുടെ മുഖം കണ്ടപ്പോള്‍ തന്നെ അത് ബോധ്യമായി. വല്ലാത്ത സന്തോഷത്തിലായിരുന്നു, ഉപ്പ. പ്രിയപ്പെട്ടവര്‍ നമ്മെ ചൊല്ലി സന്തോഷിക്കുന്നതാണ് സത്യത്തില്‍ ഏറ്റവും വലിയ സന്തോഷം. എനിക്കും ഊര്‍ജം നല്‍കിയത് അതാണ്. പിന്നീടുള്ള അനേകം പരിപാടികള്‍ക്ക് അത് ആത്മവിശ്വാസവും തന്നു. കൈരളി ടി.വിയോട് അതിന് എനിക്കെന്നും നന്ദിയുണ്ടാവും.
അതിലും രസമായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്യുന്നതിനായുള്ള കാത്തിരിപ്പ്. ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആ പ്രോഗ്രാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ഷൂട്ടിനു പോയതിലുമേറെ ധൃതിയില്‍ എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.
ഇപ്പോള്‍ ആ പരിപാടി ടി.വിയില്‍!
മോണിറ്ററില്‍ ഇതാ ഞാന്‍!
ടിവിയിലിരുന്ന് ഞാന്‍ അക്ഷരാര്‍ഥത്തില്‍ വലിയ വായില്‍പറയുകയായിരുന്നു. അന്ന് മുടി മുറിച്ച് ഒരു ബോള്‍ പോലെയായിരുന്നു. ഇടക്ക് ഒരു ക്ലോസപ്പ് ഷോട്ടില്‍ അതങ്ങനെ തെളിഞ്ഞു കണ്ടത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
അവതാരക
പിന്നെ വന്നു, രണ്ടാമത്തെ ടി.വി പരിപാടി. കൈരളി ചാനലിലെ ഈദുന്നിസ എന്ന പരിപാടി. ഇത്തവണ അവതാരകയായിരുന്നു. ഭയമൊക്കെ പതുക്കെ മാറി കഴിഞ്ഞിരുന്ന്ു. ക്യാമറക്കു മുന്നില്‍ സന്തോഷത്തോടെ ഇരിക്കാന്‍ പതിയെ പഠിച്ചു വന്നു. ടെന്‍ഷന്‍ കുറഞ്ഞു. ഒരു ഇസ്ലാമിക പരിപാടി ആയതിനാല്‍, ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരു പാടു പേര്‍ കാണുന്നതല്ലേ. തെറ്റു വന്നു പോവരുതല്ലോ. എന്നാല്‍, അത്രക്ക് സീരിയസ് ആയിരുന്നു എന്നൊന്നും തോന്നുന്നില്ല. പഠിക്കാന്‍ തന്ന സ്ക്രിപ്റ്റ് പഠിച്ചു. പറയേണ്ടതു പോലെ പറഞ്ഞു. അത്ര മാത്രം. പക്ഷേ, ആ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. അതങ്ങനെ.
ഇനി, നമുക്ക് പതിവുള്ള പാചകക്കുറിപ്പിലേക്കു പോവാം.
ഇത്തവണ പിസ ആണ്. അതിന്റെ വീഡിയോ നമുക്ക് കാണാം.

(It all starts with a Base.Preheat the oven to 200 degrees,brush the base with Olive oil and heat the base for 2 minutes)

( Add the Pizza Sauce..Spread the Pizza Sauce.)

(Add Chicken Salami, Mozzarella Cheese, Cheddar Cheese, Red,Yellow and Green Pepper Capsicum, Tinned Mushrooms, Black Olives, Green Olives, Chicken boiled with Salt and Pepper, Barbecue Sauce, Mozzarella and Cheddar Cheese as the final layer,)

(One Final Look before the tray hits the Oven – Important Add Oregano as the last Ingredient)

( Pre heated Oven at 200degree and bake for 10 mins)
(To the dining table)
for more details:
https://www.facebook.com/media/set/?set=a.228118417261596.53538.150600381680067&type=1
ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍-ജുമാന കാദ് രി എഴുതുന്നു

പ്രിയ വായനക്കാര്‍ക്ക് ഈദ് ആശംസകള്‍
ഇന്ന് എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സത്യത്തില്‍ വെറുമൊരു തമാശ മാത്രമെന്ന് അതിനെ വിളിക്കാമോ എന്നെനിക്കറിയില്ല. കേവലം ഒരു തമാശ എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു ആ സംഭവമെന്ന് ഇന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. പല പാചക പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തമായ കോംബിനേഷനുകള്‍ക്കും എനിക്ക് പ്രചോദനവും ധൈര്യവും തരുന്നത് സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവമാണ്. അന്നത്തെ ആ തമാശയുടെ ബാക്കിയാണ് സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍.
ഹൈസ്കൂളിലായിരുന്നു ഞാനന്ന്. പത്താം തരത്തില്‍. ഇക്കണോമിക് ആന്റ് ന്യൂട്രിഷ്യസ് ഫുഡ്് മല്‍സരത്തില്‍ പങ്കെടുക്കുകയാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഈ മല്‍സരത്തില്‍ എനിക്ക് സമ്മാനം ലഭിച്ചിരുന്നു.
മൂന്ന് മണിക്കൂറാണ് മല്‍സരം. അതിനിടയില്‍ വൈവിധ്യമാര്‍ന്ന പരമാവധി വിഭവങ്ങള്‍ ഉണ്ടാക്കണം. മനസ്സ് മുഴുവന്‍ വിഭവങ്ങളില്‍ മാത്രം അര്‍പ്പിച്ച് ഞാന്‍ പാചകത്തില്‍ മുഴുകി. ദൈവാനുഗ്രഹത്താല്‍ മൂന്നു മണിക്കൂറിന് അഞ്ചു മിനിറ്റ് മുമ്പ് ഞാന്‍ അവസാനിപ്പിച്ചു. 63 വ്യത്യസ്ത ഇനങ്ങള്‍ ഇതാ എന്റെ മുന്നില്‍. ഹാവൂ, ആശ്വാസമായി.
ഞാന്‍ ചുറ്റിലും നോക്കി. മറ്റ് മല്‍സരാര്‍ഥികള്‍ തകൃതിയായ പരിശ്രമത്തിലാണ്. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍. ഒരു വിഭവം കൂടി ഉണ്ടാക്കിയാലോ. ഇനിയും അഞ്ചു മിനിറ്റുണ്ട്. ആ നേരം മതി മതി പുതിയ ഒരു വിഭവം തീര്‍ക്കാന്‍.
എന്നാല്‍, കൂടുതലാലോചിച്ചപ്പോള്‍ സംശയമായി. മല്‍സരത്തിന് നീറ്റ്നെസും ഒരു പ്രധാന ഘടകമാണ്. ഒതുക്കി വെച്ച മണ്ണെണ്ണ സ്റ്റൌവും മറ്റു പാത്രങ്ങളും വീണ്ടും പുറത്തെടുത്താല്‍ കാണാന്‍ വൃത്തിയുണ്ടാവില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യും.
ഞാനാകെ അന്തിച്ചു. വീണ്ടും ചുറ്റും നോക്കി. തകൃതിയായി പാചകത്തില്‍ മുഴുകിയ മറ്റുള്ളവരെ കണ്ടപ്പോള്‍ വീണ്ടും ഒരു ചാഞ്ചാട്ടം.
ശരി, എങ്കില്‍ ഒരു വിഭവം കൂടിയാവാം, മനസ്സ് വീണ്ടും പറഞ്ഞു. കുക്കിങ് ഇല്ലാത്ത ഒരു വിഭവമാണ് ഈ സമയത്ത് നല്ലത്. അതിന് പറ്റിയതെന്താണ്?
പെട്ടെന്ന് തലയില്‍ ബള്‍ബ് കത്തി. ഐഡിയ!
മിക്സി പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റില്ല. അതിനാല്‍, തേങ്ങാപ്പാല്‍ ഉണ്ടാക്കിയത് നാടന്‍ രീതിയിലായിരുന്നു. ചെറു ചൂടു വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്ത ശേഷം പിഴിഞ്ഞെടുക്കല്‍. പാലെടുത്ത ശേഷമുള്ള തേങ്ങാ പീര ബാക്കിയുണ്ടായിരുന്നു. അതാണ് ഇനിയെന്റെ തുരുപ്പുശീട്ട്.
തേങ്ങാപ്പീരയില്‍ ഒരല്‍പ്പം നാരങ്ങാ നീര് പിഴിഞ്ഞു. പിന്നെ, മല്ലിയില, പൊതീന, ഇഞ്ചിനീര്, ഒരല്‍പ്പം നെയ്യ്, ഉപ്പ്. അങ്ങനെ ബാക്കിയുണ്ടായിരുന്ന കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ചമ്മന്തി കുഴച്ചു വെച്ചു. ഇതാ, എന്റെ 64ാമത്തെ വിഭവം!
തമാശ അതു കഴിഞ്ഞായിരുന്നു. മല്‍സര ശേഷം. വിധി നിര്‍ണയത്തിന്റെ നേരമായി. ജഡ്ജസ് എന്റെ മേശപ്പുറത്തേക്കു വരുന്നു. അവിടെയിപ്പോള്‍ 64 ഇനങ്ങള്‍. എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കിയ ശേഷം അവരുടെ അഭിപ്രായം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ‘എല്ലാം നന്നായി. ഏറ്റവും ഗംഭീരമായത്, ആ ചമ്മന്തി തന്നെ!’
ഭാഗ്യത്തിന് അവര്‍ എന്നോട് അതിന്റെ പാചകക്കുറിപ്പ് ചോദിച്ചില്ല. ചോദിച്ചെങ്കില്‍ ഞാന്‍ പെട്ടുപോയേനെ.
64 വിഭവങ്ങള്‍ തയ്യാറാക്കി എന്ന റെക്കോര്‍ഡും ഒപ്പം സ്വന്തം ഭാവനയില്‍ മെനഞ്ഞെടുത്ത ആ റെസിപി അംഗീകരിക്കപ്പെട്ടു എന്ന സന്തോഷവും ഒപ്പം സമ്മാനം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമൊക്കെ ചേര്‍ന്ന് അത്രയെളുപ്പം വിവരിക്കാനാവാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍.
അന്നാണ് ഭാവനക്കും പാചകത്തില്‍ ഇടമുണ്ടെന്ന് ഞാന്‍ മനസ്സിലായത്. പരീക്ഷണങ്ങള്‍ക്ക് ധൈര്യം തന്നതു മുഴുവന്‍ ആ സംഭവമായിരുന്നു.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്.
ഇനി നമുക്കൊരു റെസിപി.
കുല്‍ഫി ഫലൂദ
ചേരുവകള്‍
തിളപ്പിച്ച പാല്‍ – 1 ടിന്‍
കണ്ടന്‍സ്ഡ് പാല്‍ – 1 ടിന്‍
വിപ്പ്ഡ് വിപ്പിങ്ങ് ക്രീം – 2 ടേബിള്‍ സ്പൂണ്‍
ബ്രെഡ് ചെറിയ കഷണങ്ങാക്കിയത് – 3 എണ്ണം
ഏലക്ക – 4 എണ്ണം
ചെറിയ വെളുത്ത സേമിയ – ഒരു കപ്പ്
പാല്‍ – ഒരു കപ്പ്
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – 1 കപ്പ്
പിസ്ത , ( ഉപ്പില്ലാതെ ) മുറിച്ചത്
റോസ് വാട്ടര്‍ – 3/4 ടീ സ്പൂണ്‍
പാചക രീതി
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മിക്സറിൽ നന്നായി ചേർത്തെടുക്കുക. ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ചെടുക്കുക.
പാലും, വെള്ളവും, പഞ്ചസാരയും ചേർക്കുക.
സേമിയ പാലില്‍ നന്നായി വേവിക്കുക.
തണുക്കാൻ അനുവദിച്ച ശേഷം റോസ് വാട്ടര്‍ ചേര്‍ത്ത് തണുപ്പിച്ചെടുക്കുക. പ്ലേറ്റിലേക്ക് സേമിയ പകര്‍ത്തി, കുല്‍ഫി മുകളിൽ വയ്ക്കുക
മുറിച്ചെടുത്ത പിസ്ത കഷണങ്ങളും ചേര്‍ത്ത് വിളമ്പുക
facebook page: https://www.facebook.com/media/set/?set=a.150604711679634.37000.150600381680067&type=3
എന്നിട്ടും ഞാന്‍ തയ്യാറാക്കി, ചിക്കന്‍ സാമ്പാറിന്റെ പാചകക്കുറിപ്പ്! സാമ്പാര്‍ റെസിപിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഇനം.
അന്നാണ് ഞാന്‍ ഭാവനയില്‍ പാചക കുറിപ്പുകള്‍ എഴുതാന്‍ പഠിച്ചത്- കാമ്പസ് നാളുകളെക്കുറിച്ച് ജുമാന കാദ് രി എഴുതുന്നു. ഒപ്പം പതിവു പോലെ ഒരു പുത്തന്‍ പാചകക്കുറിപ്പും

പ്രിയ വായനക്കാരെ,
എന്റെ ഓര്‍മകളുടെ ഈ കൊച്ചു സമാഹാരം നിങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. നന്ദിയും. അത് രേഖപ്പെടുത്തിയാവട്ടെ ഈ എഴുത്തിന്റെ തുടക്കം.
കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞ ആ കൊച്ചു പടത്തിന്റെ ഓര്‍മ്മ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ശരിക്കും വീണ്ടുമിത് കാണുമ്പോള്‍ അന്നെഴുതുമ്പോള്‍ ഉള്ളതിനേക്കാള്‍ തീവ്രമാണ് നൊസ്റ്റാല്‍ജിയ.
നൊസ്റ്റാല്‍ജിയ! ആ വാക്ക് തന്നെയാവട്ടെ, പുതിയ കുറിപ്പിലേക്കുള്ള വഴി കാട്ടി. നമ്മുടെ എല്ലാവരുടെയും നൊസ്റ്റാല്‍ജിയയില്‍ സദാ പൂത്തുനില്‍ക്കുന്ന ആ കാലത്തെ കുറിച്ചാണ് ഈ കുറിപ്പ്. കാമ്പസ് കാലം.
മനസ്സില്‍ പാചകവുമായി എഞ്ചിനീയറിങ് കോളജില്‍ കഴിഞ്ഞ നാളുകള്‍. ആ കാലത്തിന്റെ സന്തോഷവും കളി തമാശകളും സൌഹൃദവുമാണ് ഈ പുതിയ പോസ്റ്റില്‍. എന്റെ പഴയ കോളജ് കൂട്ടുകാര്‍ക്ക് അതിനാല്‍, ഞാനീ ലക്കം സമര്‍പ്പിക്കുന്നു.
കാമ്പസ് നാളുകള്‍
പ്ലസ് റ്റു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന് ആശങ്കപ്പെടുന്നവരെ ഏറെ കാണാം. എന്നാല്‍, എനിക്ക് അക്കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷനുമുണ്ടായിരുന്നില്ല. ഫിസിക്സ് ആണ് പ്രിയ വിഷയം. അതിനാല്‍, എന്റെ ചോയ്സ് എഞ്ചിനീയറിങില്‍ പോയി നിന്നു.
പാചക സംബന്ധമായ എന്തെങ്കിലും പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിന് എല്ലാ ഭാഗത്തുനിന്നും പോല്‍സാഹനവും ഉണ്ടായിരുന്നു. എന്നാല്‍, ആദ്യം ഒരു പ്രൊഫഷനല്‍ ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം. അതിനു ശേഷം പാചകത്തില്‍ ഫോക്കസ് ചെയ്യാമല്ലോ.
അങ്ങനെ കോളജ് കാമ്പസില്‍ എത്തി. പഠിക്കാനുള്ളത് എഞ്ചിനീയറിങ് ആണെങ്കിലും ആദ്യ വര്‍ഷം മുഴുവന്‍ പല തരം പാചക പരീക്ഷണങ്ങളായിരുന്നു.
കോളജില്‍ എന്ത് പാചക പരീക്ഷണം എന്നായിരിക്കും ചോദ്യം. ആ അമ്പരപ്പ് എനിക്കു മനസ്സിലാവുന്നു. എന്നാല്‍, സത്യം അതായിരുന്നു. എന്റ പാചക അഭിരുചി അറിഞ്ഞ സീനിയേഴ്സ് എന്നാല്‍, അതൊന്ന് കണ്ടുകളയാം എന്നു തീരുമാനിച്ചു അത്ര മാത്രം:)
ചിരിച്ചു പോവുന്ന അനേകം സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്. പക്ഷേ, ഒന്നോര്‍ക്കണം, കുറേ കാലം കഴിഞ്ഞ് ഓര്‍ക്കുമ്പോള്‍ മാത്രമാണ് ഇവയൊക്കെ ചിരിക്കുള്ള വകയാവുന്നത്. സംഭവം നടക്കുന്ന കാലത്ത് ഇതൊക്കെ എനിക്ക് ഭീകര സംഭവങ്ങള്‍ തന്നെയായിരുന്നു.
ഭാവനയിലെ പാചക കുറിപ്പുകള്‍
അക്കൂട്ടത്തില്‍ ഏറ്റവും ഹരമുള്ള ഓര്‍മ്മ ചിക്കന്‍ സാമ്പാറുമായി ബന്ധപ്പെട്ടതാണ്. ചിക്കന്‍ സാമ്പാറോ എന്ന് നിങ്ങളെല്ലാം നെറ്റി ചുളിക്കുന്നത് എനിക്കു കാണാനാവുന്നുണ്ട്. ചിക്കന്‍ സാമ്പാര്‍ ഉണ്ടാക്കണമെന്ന് സീനിയേഴ്സ് ആവശ്യപ്പെട്ടപ്പോള്‍ അന്ന് എന്റെയും നെറ്റി ചുളിഞ്ഞിരുന്നു.
എന്നിട്ടും ഞാന്‍ തയ്യാറാക്കി, ചിക്കന്‍ സാമ്പാറിന്റെ പാചകക്കുറിപ്പ്! സാമ്പാര്‍ റെസിപിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഇനം.
എന്റെ ഓര്‍മ്മയില്‍, കോളജില്‍ ഞാന്‍ ആദ്യം എഴുതിയ അസൈന്‍മെന്റ് ചിക്കന്‍ സാമ്പാര്‍ ആയിരുന്നു. അന്നാണ് ഞാന്‍ ഭാവനയില്‍ പാചക കുറിപ്പുകള്‍ എഴുതാന്‍ പഠിച്ചത്.
പിന്നെ, സായാഹ്നങ്ങളില്‍ പാചക അവതരണങ്ങളായിരുന്നു. കാന്റീനിലായിരുന്നു കുക്കറി ഷോ പ്രസന്റേഷന്‍. വൈകുന്നേരം ടീ ടൈം കഴിഞ്ഞാല്‍ എല്ലാവരുടെയും കപ്പു സോസറുകള്‍ എന്റെ ടേബിളിലെത്തും. പിന്നെ, അതില്‍ ചട്നി തൊട്ട് ബിരിയാണി വരെയുള്ള സാധനങ്ങള്‍ രുപം കൊള്ളണം. ഭീകരമായിരുന്നു അതൊക്കെ. എന്നാല്‍, ഇന്ന് ഏറ്റവും രസകരമായ ഓര്‍മ്മയായി ഉള്ളില്‍ തെളിയുന്നത് അവയാണ്.
ചിക്കന്‍ സാമ്പാര്‍ എന്ന വിഭവം ഒരിക്കലും ഉണ്ടാവില്ലെന്നു തന്നെയായിരുന്നു എന്റെ വിശ്വാസം. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നു, ശരിക്കും അങ്ങനെ ഒന്നുണ്ട് എന്ന്. അതറിഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. അത് വാസ്തവമാണോ എന്നൊന്നും എനിക്ക് തീര്‍ച്ചയില്ല.
എന്തായാലും ഇക്കാര്യം ഞാന്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു മുമ്പാകെ വെക്കുന്നു. ആര്‍ക്കെങ്കിലും ഈ ചിക്കന്‍ സാമ്പാര്‍ എന്താണെന്ന് അറിയാമെങ്കില്‍ എന്നെ അറിയിക്കുക. നാലാമിടം പേജിലോ ഫേസ് ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന ലിങ്കിലേക്കോ അയച്ചാല്‍ മതി.
https://www.facebook.com/media/set/?set=a.150604711679634.37000.150600381680067&type=3#!/JumanahKadri
കോളജ് അനുഭവങ്ങള്‍ ഇതു മാത്രമല്ല. അനേകം സംഭവങ്ങള്‍. ഇതിനിടയില്‍ എക്സാമിന്റെ പൊടിപൂരവും.
അതിനൊക്കെ ഇടയിലായിരുന്നു ആ മഹാ സംഭവം. ഞാന്‍ എറ്റവും കൂടുതല്‍ വിഭവങ്ങള്‍ കഴിച്ച, ചുരുക്കി പറഞ്ഞാല്‍, വെട്ടി വിഴുങ്ങിയ ഒരവസരം.
അതെന്താണ് എന്ന് ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഒന്നു വെയ്റ്റ് ചെയ്യൂ. അടുത്ത ലക്കത്തില്‍ അതു പറയാം.
എന്നാല്‍, ഇനി റെസിപി.
ഇതാ ഈ ലക്കത്തിലെ എന്റെ പാചകക്കുറിപ്പ്
ഫ്രെഞ്ച് ഫ്രൈസ് പക്കോഡ
1.കടലമാവ്- 3 ടേബിള്‍ സ്പൂണ്‍
2.ചാട്ട് മസാല – 1/4 ടീ സ്പൂണ്‍
3.ഗരം മസാല – 1/4 ടീ സ്പൂണ്‍
4. മുളക് പൊടി – 1/8 ടീ സ്പൂണ്‍
5.മഞ്ഞപ്പൊടി – ഒരു നുള്ള്
6. മല്ലിയില
7. വെള്ളം
8. ഉപ്പ്
9. ഉരുളക്കിഴങ്ങ് – ഫ്രെഞ്ച് ഫ്രൈസ് ഷേപ്പില്‍ അരിഞ്ഞത്
10. എണ്ണ – ആവശ്യത്തിന്
പാചകരീതി
1 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ഒരുമിച്ച് ചേര്‍ക്കുക
2. ഉരുളക്കിഴങ്ങ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക
3. തക്കാളി സോസിനൊ കെച്ചപ്പിനൊപ്പമോ വിളമ്പാം.
സ്വന്തം ഫോട്ടോ ആദ്യമായി പത്രത്തില്‍ അച്ചടിച്ചു കണ്ട നാളിനെ കുറിച്ച് ഓര്‍മ്മ. അംഗീകാരത്തിന്റെ ആദ്യ പടവുകളെ കുറിച്ച് ജുമാന കാദ് രി എഴുതുന്നു.

പണ്ടാണ്. നഴ്സറിയില്‍ പഠിക്കുന്ന കാലം. രാവിലെ കിടന്നുറങ്ങുന്ന എന്നെ ആരോ വിളിച്ചുണര്‍ത്തി. വാപ്പയോ ഉമ്മയോ ആരോ. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു പത്രം കണ്ടു. അതിലുണ്ട് എന്റെ ഫോട്ടോ. പടച്ചവനേ, ഇതെന്താണിത്. എന്റെ ഫോട്ടോ! പത്രത്തില്‍!
ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ പിന്നെ, സന്തോഷത്തിന്റെ നേരങ്ങളായിരുന്നു. പത്രം എല്ലാവരും കണ്ടിട്ടുണ്ട്. അവരെല്ലാം വിളിച്ച് സന്തോഷമറിയിക്കുന്നു. അങ്ങനെയങ്ങനെ ആ ദിവസം.
എന്നാല്‍, പിന്നീടെപ്പോഴോ ഞാനാ ദിവസം മറന്നു. പുതിയ സന്തോഷങ്ങള്‍ അതിന്റെ ഓര്‍മ്മയെ മറച്ചു പിടിച്ചെന്നു പറയുന്നതാവും നല്ലത്. ഇതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത് ആ ഫോട്ടോയാണ്. അവിചാരിതമായി പഴയ ആല്‍ബം തുറന്നു നോക്കിയതാണ്. അപ്പോഴുണ്ട്, പത്രത്തില്‍ നിന്ന് മുറിച്ചെടുത്ത ആ ചിത്രം ആല്‍ബത്തില്‍.
പത്രത്തില്‍ പടം വരുന്നത് വല്ലാത്ത സന്തോഷമുള്ള കാര്യമാണ്. അത് നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്തും. അംഗീകരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവും. കാര്യമായി അധ്വാനിക്കാനുള്ള പ്രേരണ തരും. പിന്നെ സന്തോഷം. നമ്മുടെ മാത്രം സന്തോഷമല്ല അത്. ഉറ്റവരുടെ, കൂട്ടുകാരുടെ കൂടി സന്തോഷമാണത്. അത് കാണുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും. ഇപ്പോള്‍ ചാനലുകള്‍ കൂടിയായതോടെ ആ ദൃശ്യങ്ങള്‍ ഇതേ സന്തോഷം തരുന്നു. ഒരു പക്ഷേ, ഇതിലുമേറെ സന്തോഷം. ഇതിലുമേറെ അംഗീകാരം.
പാചക മല്‍സരത്തില്‍ ഞാന്‍ ആദ്യം പങ്കെടുത്തതും പത്രത്തില്‍ പടം വന്നതുമെല്ലാം ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു. ഇക്കണോമിക് ആന്റ് ന്യൂട്രീഷസ് ഫുഡ് ഇനത്തിലായിരുന്നു മല്‍സരം. സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ സന്തോഷമുണ്ടായിരുന്നു. പിന്നെ, ഉപജില്ലാ, ജില്ല്ലാ തലങ്ങള്‍. ആദ്യ തവണ തന്നെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ എനിക്കു തന്നെ വിശ്വസിക്കാനായില്ല. അത്രക്ക് അത്ഭുതം. അത്രക്ക് സന്തോഷം.
സംസ്ഥാന തല മല്‍സരത്തിന് ചെന്നത് ആശങ്കകളോടെയായിരുന്നു. മല്‍സരം വലുതാണ്. മികച്ച മല്‍സരാര്‍ഥികളുണ്ടാവും. വിജയിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ദൈവം എന്റെ കൂടെയായിരുന്നു. ഒന്നാം സമ്മാനം എനിക്ക്. ആ വിവരം അറിഞ്ഞപ്പോള്‍ മനസ്സ് പക്ഷിയെപ്പോലെ പറന്നു. സന്തോഷം ആകാശം തൊട്ടു. പിറ്റേന്ന് എല്ലാ മാധ്യമങ്ങളിലും ഞാനായിരുന്നു. ആനന്ദത്തിന്റെയും അത്ഭുതത്തിന്റെയും അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു. അത്യാനന്ദത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ ഓരോ സന്തോഷത്തെയും വെവ്വേറെ വേര്‍തിരിക്കാനാവില്ല എന്നു ഞാനന്ന് പഠിച്ചു.
വീട്ടുകാരും കൂട്ടുകാരും അഭിമാനത്തോടെ പത്രത്തിലെ എന്റെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്നത് കാണുമ്പോഴൊക്കെ കണ്ണു നിറഞ്ഞു. സന്തോഷത്തിന്റെ തിര തള്ളല്‍. വാപ്പയും ഉമ്മയും വല്ലാത്ത സന്തോഷത്തിലായിരുന്നു. ആ നിമിഷങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പിന്നെ സ്വീകരണങ്ങഴുടെ നാളുകളായിരുന്നു. ആദ്യം സ്കൂളില്‍നിന്നായിരുന്നു. അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. ഞാന്‍ അവരുടെയൊക്കെ അഭിമാനമായി മാറുന്നു എന്നു കണ്ടപ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസം വളര്‍ന്നു. പഞ്ചായത്തിന്റെ വക സ്വീകരണം ഉജ്വലമായിരുന്നു. അതിന്റെ സന്തോഷം ഇപ്പോഴും മറന്നിട്ടില്ല.
കാരണം അന്നെന്റെ പിറന്നാള്‍ ആയിരുന്നു.
പാചക മല്‍സരത്തിനിടയിലുണ്ടയ ചെറിയ തമാശകളും അവ എങ്ങനെ പരീക്ഷണങ്ങള്‍ക്ക് ഊര്‍ജമേകി എന്നുമൊക്കെ എനിക്കു പറയാനുണ്ട്. അവ വിശദമായി തന്നെ അടുത്ത
നാളുകളില്‍ പറയാം. തല്‍ക്കാലം നമുക്കൊരു പാചക കുറിപ്പിലേക്കു പോവാം.
ചെറിയ പെരുന്നാളിന്റെ സന്തോഷ നേരങ്ങള്‍ കഴിഞ്ഞാണ് ഇതെഴുതുന്നത്. ഇനിയിപ്പോള്‍, ഓണ നാളുകളാണ്. വ്യത്യസ്ത വിഭവങ്ങളുടെ കാലം. അതിനു പറ്റിയ
വിഭവവുമായാണ് ഇത്തവണത്തെ വരവ്. ഓണത്തിനു വിളമ്പാനാവുന്ന ഒരു അടിപൊളി പുളിങ്കറി.
ഡ്രൈ ഫ്രൂട്സ് ഇഞ്ചിക്കറി
ചേരുവകൾ
ഇഞ്ചി -നന്നായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – 2 ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് – കാൽ കപ്പ്
ഈന്തപ്പഴം മുറിച്ചത് – 2 ടേബിൾ സ്പൂൺ
ശർക്കര – ഒരു കഷണം
പുളി – 1 ഗൂസ്ബെറി സൈസ്
വേപ്പില – 6 എണ്ണം
എണ്ണ – 2 ടേബിൾ സ്പൂൺ
പച്ച മുളക് – 2 എണ്ണം
കാശ്മീരി മുളക് – 1 എണ്ണം
കടുക് – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിനു
വെള്ള എള്ള്
മല്ലി ഇല
പാചക രീതി
1) നന്നായി ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം
പച്ചമുളക് , ഉണക്ക മുളക്, വേപ്പിലയും ഇട്ട് ചൂടാക്കുക. ഇഞ്ചി ഇട്ടതിനു
ശേഷം ഇളം മഞ്ഞ നിറം ആകുന്ന വരെ ചൂടാക്കുക.
2. ഉണക്കമുന്തിരി, ഈന്തപ്പഴം, കശവണ്ടി പരിപ്പ് ചേർക്കുക
3. കശുവണ്ടി പരിപ്പ് ഇഅളം തവിട്ട് നിറമാവുന്ന വരെ ഇളക്കുക
4. ഇനി ഉപ്പും, പുളിവെള്ളവും , ശർക്കരയും ചേർക്കുക
5. ആവശ്യത്തിനു തിളപ്പിക്കുക
6. മല്ലി ഇലയും , എള്ളും ചേർത്ത് ഇളക്കിയെടുക്കുക
ടിപ് – ശർക്കര തണുക്കുമ്പൊൾ കട്ട പിടിക്കും ചൂടാറുന്നതിനു മുമ്പേ വേറേ
ഒരു പാത്രത്തിലേക്ക് പകരാൻ ശ്രദ്ധിക്കുക
പ്രിയ രുചികള്‍ക്ക് ഒരാമുഖം
പ്രിയരേ,
ഇത് ‘പ്രിയ രുചി’.
എന്റെ പ്രിയ കോളം.
ഓര്‍മ്മയില്‍ രുചി തൂകി നില്‍ക്കുന്ന അനേകം സംഭവങ്ങളുടെ സമാഹാരമാവും ഇത്. ഏറെ കാലമായി പറയാനാഗ്രഹിച്ച കാര്യങ്ങള്‍. രുചിയുടെ ലോകത്തേക്കുള്ള എന്റെ യാത്രകളുടെ വിവരണങ്ങള്‍.
പാചകക്കുറിപ്പുകളിലൂടെ നമ്മള്‍ സംവദിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ഇതാദ്യമായി ഞാന്‍ എന്റെ പാചകാനുഭവങ്ങള്‍ കൂടി നിങ്ങളുമായി പങ്കു വെക്കുകയാണ്. ഈ കോളം എഴുതി തുടങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ സന്തോഷം മാത്രമാണ്. പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍, സഹായിച്ചവരെയും താങ്ങായവരെയും പ്രോല്‍സാഹനങ്ങള്‍ ഒഴുക്കിയവരെയും കുറിച്ച്സംസാരിക്കാനുള്ള ഒരവസരം ലഭിച്ചല്ലോ. എന്റെ പ്രിയപ്പെട്ടവരുമായി നേര്‍ക്കു നേര്‍ സംവദിക്കാനുള്ള ഒരവസരം.
പാചകത്തിന്റെ വഴിയിലേക്ക് ഞാനെത്തിയതെങ്ങിനെയാണ്?
കൌതുകവും ആശ്ചര്യവും നിറയുന്ന അനേകം ഓര്‍മ്മകളിലേക്കാണ് ഈ ചോദ്യം എന്നെ നയിക്കുന്നത്. ആ ഓര്‍മ്മകളിലേക്കാണ് ഇവിടെ എന്റെ ആദ്യ യാത്ര. പാചകത്തിലേക്കുള്ള എന്റെ കാല്‍വെപ്പ് (അല്ല കൈവെപ്പ്!).
അടുക്കളയില്‍നിന്ന് പ്രസരിക്കുന്ന കൊതിയൂറുന്ന വിഭവങ്ങളുടെ മനം മയക്കുന്ന സുഗന്ധം ചെറുപ്പം മുതല്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ആറാം തരം മുതല്‍ ഞാന്‍ അടുക്കളയില്‍ സ്ഥിരം സന്ദര്‍ശകയായി. ഉമ്മാമ്മയാണ് പാചകത്തില്‍ എന്റെ ഗുരു.
അക്കാലത്ത് ചാനലുകളിലെ കുക്കറി ഷോകളുടെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാന്‍.
അന്നൊന്നും ഓര്‍ത്തിരുന്നില്ല എന്നെങ്കിലും ചാനലുകളില്‍ കുക്കറി ഷോ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിക്കുമെന്ന്. പല നാടുകളിലെ വിഭവ സമൃദ്ധിയുമായി, പല അടുക്കളകളുമായി, അനേകം മനുഷ്യരുമായി ഇടപഴകാന്‍ കഴിയുമെന്ന്. ഇപ്പോള്‍ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പണ്ട് ആവേശപൂര്‍വം കുക്കറി പരിപാടികള്‍ കണ്ട ആ കൊച്ചു കുട്ടിയെ എനിക്കോര്‍മ്മ വരും.
ആയിടക്കാണ് എന്റെ സഹപാഠി ജിഷിക്ക് ഒരു സമ്മാനം കിട്ടിയത്. ഫ്രൂട്ട് പ്രിസര്‍വേഷന്‍ മല്‍സര ത്തില്‍ ഒന്നാം സ്ഥാനം. അപ്പോഴാണ് പാചകം ഒരു മല്‍സരയിനമാണെന്ന് ഞാനറിയുന്നത്. എങ്കില്‍ എനിക്കും ഒരു കൈ നോക്കണമെന്ന ആഗ്രഹം വന്നു. അടുത്ത വര്‍ഷം മല്‍സരത്തിനിറങ്ങണമെന്നായിരുന്നു താല്‍പര്യം.
പിറ്റേ വര്‍ഷം ഞാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍, ആ മല്‍സര ഇനത്തിന് പത്താം തരം വരെ വേറൊരാളെയും സ്കൂളില്‍ നിന്ന് അയക്കില്ലെന്നാണ് അറിഞ്ഞത്.അതോടെ നിരാശയായി. എങ്കിലും മറ്റൊരു പോംവഴിയുമായി പ്രിയപ്പെട്ട ഡെസി ടീച്ചര്‍ എന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടു. എനിക്ക് മല്‍സരിക്കാന്‍ മറ്റൊരു ഇനം ടീച്ചര്‍ പറഞ്ഞു തന്നു. ഇക്കണോമിക്സ് ആന്റ് നുട്രീഷ്യസ് ഫുഡ് ഇനമായിരുന്നു അവര്‍ നിര്‍ദേശിച്ചത്.
ടീച്ചര്‍ തന്നെ എന്നെ അതിന് പ്രാപ്തയാക്കി. ടീച്ചറുടെ വീട്ടില്‍ വിളിച്ചായിരുന്നു പരിശീലനം. ദൈവകൃപ എനിക്കൊപ്പമുണ്ടായിരുന്നു. രണ്ടുതവണയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം എന്നെ തേടിയെത്തി. ഇതോടെ ആവേശമായി. പിന്നെ, പുതിയ പുതിയ വിഭവങ്ങളിലേക്കായി ശ്രദ്ധ. ഉമ്മാമ്മയുടെ സഹായത്താല്‍ കുറെ പ്രകൃതി വിഭവങ്ങളും പഠിക്കാന്‍ സാധിച്ചു .അത് മത്സരത്തില്‍ വിജയിക്കാന്‍ എന്നെ സഹായിച്ചു മൂന്നുമണിക്കൂറില്‍ അറുപത്തിനാല് ഭക്ഷണ ഇനങ്ങള്‍ തയാറാക്കി ക്രമേണ ഞാന്‍ റെക്കോര്‍ഡ് സ്വന്തമാക്കി.
പിന്നെയാണ് പാചകം എന്ന കലയെ ഗൌരവമായി കാണാന്‍ തുടങ്ങിയത്. വെല്‍ക്കം ഗ്രൂപ്പിന്റെ സ്റ്റാര്‍ ഹോട്ടലില്‍ രണ്ടു ഫുഡ് ഫെസ്റ്റിവലുകള്‍ നടത്താന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷകരമായിരുന്നു. ഒരുപാട് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമായി അത്.
വിശേഷങ്ങള്‍ ഇനിയുമേറെയുണ്ട്. അത് വരും കോളങ്ങളിലാവട്ടെ.
നിങ്ങള്‍ക്കു മുന്നില്‍ എന്നെ ഇത്രമേല്‍ പരിചിതയാക്കാന്‍ സഹായിച്ച ഒരുപാട് പേരുണ്ട്.
അവരെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് ആദ്യ വിഭവം പറയാം.
തുടക്കമല്ലേ മധുരമാവട്ടെ….
ചോക്കലേറ്റ്ട്രഫിള്സ്
ചേരുവകള്‍
വൈറ്റ് ചോക്കലേറ്റ് -200 ഗ്രാം
ഹെവി വിപ്പിങ്ങ് ക്രീം -രണ്ട് ടേബ്ള്‍ സ്പൂണ്‍
ഡാര്‍ക് കുക്കിങ് ചോക്കലേറ്റ് -300 ഗ്രാം
കോകോ പൌഡര്‍ -150 ഗ്രാം
പാചക രീതി:
വൈറ്റ് ചോക്ലേറ്റ് ഡബിള്‍ ബോയില്‍ ചെയ്തുരുക്കുക..(തിളയ്ക്കുന്ന വെള്ളത്തിനു മീതെ വെച്ച്)
ഇതിലേക്ക് വിപ്പിങ്ങ് ക്രീം പതുക്കെ യോജിപ്പിക്കുക .
ഇത് വാങ്ങി വെച്ചു ചെറുതായി ചൂടാറിയാല്‍ ട്രഫ്ള്‍ അച്ചുകളില്‍ നിറക്കുക.
ഫ്രീസറില്‍ രാത്രി മുഴുവന്‍ സൂക്ഷിക്കുക.
ഡാര്‍ക് ചോക്കലേറ്റ് ഉരുക്കുക. ഒരു ട്രേയില്‍ കോകോ പൌഡര്‍ നിരത്തുക
അച്ചില്‍ നിന്ന് വൈറ്റ് ട്രഫ്ള്‍സ് ടൂത്ത് പിക്ക് കൊണ്ട് അടര്‍ത്തിയെടുക്കുക
ഇത് ഉരുകിയ ഡാര്‍ക്ക് ചോക്കലേറ്റില്‍ ഒന്നൊന്നായി മുക്കി കൊക്കോ പൌഡരില്‍ ഉരുട്ടിയെടുക്കുക. (തിള്ളിയെടുക്കുക)
ചോക്കലേറ്റ് ട്രഫ്ള്‍സ് തയാറായി.
ജുമാനയുടെ ഫേസ് ബുക്ക് പേജ്
Aug 15 2011 | Posted in
ജുമാന കാദ്-രി |
Read More »