Category archives for: പെണ്‍മ

പെണ്ണുടലുകള്‍ ഇന്ത്യന്‍ സിനിമയില്‍

 
 
 
 
സ്ത്രീ ജീവിതം ഇന്ത്യന്‍ സിനിമയില്‍ പകര്‍ത്തപ്പെട്ടതെങ്ങനെ. സാബുഷണ്‍മുഖം എഴുതുന്നു
 
 

പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്. സ്ത്രീകളുടെ ചുണ്ട്, കണ്ണ്, മാറിടം, പൊക്കിള്‍, നിതംബം, കാല് എന്നിവ വളരെ വിദഗ്ധമായി തെരഞ്ഞെടുത്ത് ദൃശ്യങ്ങളില്‍ വിന്യസിക്കുന്നു. മേക്കപ്പ് സ്ത്രീയെ കാഴ്ച വസ്തുവാക്കാനുള്ള ഉപാധിയായി മാറുന്നു. പുരുഷ നോട്ടത്തെ തൃപ്തിപ്പെടുത്താന്‍ നിശ്ചയിച്ചുറപ്പിച്ച രീതിയിലാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. ഈയടുത്തിടെ കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായിത്തീര്‍ന്ന ‘ആദവന്‍’ എന്ന ചിത്രം നായികയെ ഏതൊക്കെ രീതിയില്‍ കാഴ്ചവസ്തുവാക്കി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്-സാബുഷണ്‍മുഖം എഴുതുന്നു

 

 

While men act, women appear, while
men survey, women are surveyed.
Men look at women, women watch
themselves being looked at. Thus
women becomes an object, an object
of vision, a sight to be seen.
John Berger
(Ways of Seeing)

സാബുഷണ്‍മുഖം

ഇന്ത്യന്‍ സിനിമയുടെ ഇന്നേവരെയുള്ള ചരിത്രം രണ്ട് ധാരകളുടേതാണ്. ഒരു വശത്ത് ജീര്‍ണ്ണപാരമ്പര്യത്തെ പ്രകീര്‍ത്തിക്കുകയും നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥകളോട് സമരസപ്പെടുകയും ഒന്നിനെയും അപഗ്രഥിക്കാതിരിക്കുകയും എല്ലാറ്റിനെയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം സിനിമകള്‍. മറുവശത്ത് ഒരു ബദല്‍ അന്വേഷണം മുന്നോട്ട്കൊണ്ടുപോകുകയും പുതിയ ലോകത്തെ അഭിമുഖികരിക്കുകയും വിശകലന വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എണ്ണത്തില്‍ പരിമിതമായ സിനിമകള്‍. ഇതിനിടയില്‍ ‘നല്ല’ സിനിമ എന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയും ഉള്ളടക്കത്തില്‍ പിന്തിരിപ്പന്‍ പ്രവണതകള്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സിനിമയുമുണ്ട്.

ഹൈപ്പര്‍ടെക്സ്ററുകളുടെയും വന്‍സാങ്കേതിക വളര്‍ച്ചകളുടെയും ഇക്കാലത്ത് ഈ ധാരകള്‍ തമ്മില്‍ സംവാദങ്ങള്‍ സാധ്യമാകേണ്ടതാണ്. എന്നാല്‍, അത്തരമൊരു ക്രിയാത്മക സംവാദത്തെ അസാധ്യമാക്കിത്തീര്‍ക്കുന്ന സമീപനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആശയപരീക്ഷണങ്ങളുടെയും അടിസ്ഥാനപരമായ വ്യത്യസ്ത തലങ്ങള്‍ ഇവയ്ക്കിടയില്‍ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

 

കുടുംബത്തിനുള്ളിലെ സ്ത്രീ/ സമൂഹത്തിലെ സ്ത്രീ/ തൊഴിലിടങ്ങളിലെ സ്ത്രീ/ പ്രണയാനുഭവത്തിലെ സ്ത്രീ ഇങ്ങനെ സ്ത്രീ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ബഹുസ്വര യാഥാര്‍ഥ്യത്തെ കണ്ടില്ലെന്നുനടിച്ച് സ്ത്രീകഥാപാത്രങ്ങളെ 'ടൈപ്പു' കളായി അവതരിപ്പിക്കുന്ന രീതിയാണ് ഏറിയപങ്കും സിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത്.


 

സ്ത്രീ ജീവിതം സ്ക്രീനില്‍
ഇന്ത്യന്‍ സിനിമയിലെ വിഭിന്നധാരകള്‍ ഇന്ത്യന്‍ സ്ത്രീജീവിതത്തെ ആവിഷ്ക്കരിക്കുന്നത് ഏങ്ങനെയെന്നു നിരീക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ അകല്‍ച്ച കൂടുതല്‍ വ്യക്തമാകും. ഭൂരിപക്ഷം ഇന്ത്യന്‍ സിനിമകളില്‍ പ്രകാശിതമാകുന്ന സ്ത്രീ ആവിഷ്ക്കാരങ്ങള്‍, സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നപരിസരങ്ങളെ തിരിച്ചറിയാനുള്ള വിവേകം പ്രകടിപ്പിക്കുന്നില്ല. പത്രങ്ങളും പരസ്യങ്ങളും ടെലിവിഷനും ഇന്റര്‍നെറ്റും കമ്പോളവല്‍കൃത പെണ്‍കാഴ്ചകളുടെ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന് അനുബന്ധമായി ഭൂരിപക്ഷം സിനിമയിലും അതിവൈകാരികതയുടെ (മെലോഡ്രാമ) വിതരണക്കാരായി സ്ത്രീകഥാപാത്രങ്ങള്‍ രൂപപ്പെടുന്നു.

കണ്ണുനീരാല്‍ സൃഷ്ടിക്കപ്പെട്ട സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്ത്രീയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ ശരിവയ്ക്കാന്‍ പാകത്തിലുള്ളവയാണ്. സ്ത്രെണസത്തയുടെ മിഥ്യാടനങ്ങളിലാണ് അവ അഭിരമിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഊറ്റത്തോടെ കടന്നുവന്ന് തങ്ങളുടെതായ ‘സ്ഥലം’ പിടിച്ചെടുക്കാന്‍ ആധുനിക സ്ത്രീകള്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം നിര്‍മ്മിതികള്‍ എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

കുടുംബത്തിനുള്ളിലെ സ്ത്രീ/ സമൂഹത്തിലെ സ്ത്രീ/ തൊഴിലിടങ്ങളിലെ സ്ത്രീ/ പ്രണയാനുഭവത്തിലെ സ്ത്രീ ഇങ്ങനെ സ്ത്രീ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ബഹുസ്വര യാഥാര്‍ഥ്യത്തെ കണ്ടില്ലെന്നുനടിച്ച് സ്ത്രീകഥാപാത്രങ്ങളെ ‘ടൈപ്പു’ കളായി അവതരിപ്പിക്കുന്ന രീതിയാണ് ഏറിയപങ്കും സിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിനു പകരം, യഥാര്‍ത്ഥ സ്ത്രീപക്ഷനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകളാകട്ടെ, എന്തുകൊണ്ടോ പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയാതെ പരിമിതി വൃത്തങ്ങളില്‍ ഒതുങ്ങുന്നു.

ഇനിയും നിര്‍ധാരണം ചെയ്യേണ്ട പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. അത് മറ്റൊരു വിഷയമാണ്. കാരണങ്ങള്‍ എന്തുമാകട്ടെ. എണ്ണത്തില്‍ കുറവായ ഇത്തരം സിനിമകളായിരിക്കും ഭാവിയിലെ സ്ത്രീപക്ഷ സിനിമകളുടെ വികാസ പരിണാമങ്ങളില്‍ ചാലക ശക്തിയായി പ്രവര്‍ത്തിക്കുക എന്നതില്‍ സംശയമില്ല. ഏതായാലും ഓരോ വര്‍ഷവും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലേറെയും സ്ത്രീയെ അപമാനവീകരിക്കുന്നതില്‍ ഏറെക്കുറെ ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുവില്‍ പറയാം. അവ തമ്മിലുള്ള വ്യത്യാസം ഭാഷാപരം മാത്രമാണെന്നു കാണാം.

 

മലയാള ചിത്രമായ കന്‍മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അരിവാള്‍ മൂര്‍ച്ചയുള്ള കഥാപാത്രം പിന്നീട് നായകന്റെ ആലിംഗനത്തില്‍ അടിപെട്ട് 'സാധാരണ പെണ്ണായി'ത്തീരുന്നു . സ്ത്രീ അബലയും പുരുഷന്‍ കരുത്തനുമാണെന്ന അലിഖിത സങ്കല്‍പത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.


 

തരൂ നായകാ, ഇത്തിരി കരുണ!
വലിയ ഒരളവോളം, ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ നായകന്റെ ഹീറോയിസത്തിന് എരിവും പുളിയും നല്‍കാന്‍ രൂപപ്പെടുത്തിയവയാണ്. ഹിന്ദിയിലെ ഒരുകാലത്തെ ‘ഷോമാന്‍’ എന്നറിയപ്പെട്ടിരുന്ന രാജ്കപൂറിന്റെ ചിത്രങ്ങളില്‍ നായകന്റെ പ്രണയസങ്കല്‍പ്പത്തിനൊപ്പിച്ച് വെട്ടിയൊതുക്കിയ നായികാ നിര്‍മിതിയാണുള്ളത്. നായകനോട് സമതുല്യമാകാന്‍ കഴിയാത്ത ജീവിതസാഹചര്യങ്ങളോ ശരീര നിര്‍മിതികളോ നായികയ്ക്ക് സംവിധായകന്‍ കല്‍പ്പിക്കുന്നു.

‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തില്‍ മുഖത്തിന്റെ ഒരു വശത്തുള്ള വൈരൂപ്യം നായികയെ അപകര്‍ഷതാബോധത്തിന്റെ ഇരയാക്കുന്നു. അതേസമയം, ഗാനചിത്രീകരണരംഗങ്ങളില്‍ നായികയായ സീനത്ത് അമന്റെ ശരീരത്തെ പരമാവധി മുതലെടുക്കാനുള്ള വാണിജ്യ തന്ത്രവും പരീക്ഷിക്കുന്നു. ‘മേരാ നാം ജോക്കര്‍’ (പത്മിനി), ‘രാം തേരി ഗംഗാ’ മെയിലി (മന്ദാകിനി), ‘ബോബി’ (ഡിംപിള്‍ കപാഡിയ) തുടങ്ങിയ ചിത്രങ്ങളിലും ഇതേ തന്ത്രം കാണാം.

സഹതാപം അര്‍ഹിക്കുന്നവരായിട്ടാണ് രാജ്കപൂര്‍ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. അവരോട് കാരുണ്യം കാട്ടുന്ന സ്ഥിരം നായികസങ്കല്‍പ്പമാണ് ഈ ചിത്രങ്ങളിലുള്ളത്. അതിലൂടെ വ്യക്തിയെന്ന നിലയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്തവരാണ് സ്ത്രീയെന്ന് ധ്വനിപ്പിക്കാന്‍ സംവിധായകനു കഴിയുന്നു. ഇക്കിളിപ്പെടുത്തുന്ന കച്ചവട കാല്‍പ്പനികതയുടെ ആര്‍ഭാടദൃശ്യങ്ങളാല്‍ വേട്ടയാടപ്പെടുന്നവരാണ് രാജ്കപൂര്‍ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍.

അനുവാദമില്ലാതെ സ്ത്രീശരീരത്തെ കടന്നാക്രമിക്കുന്ന നായകന്‍. ഒടുവില്‍ ആ നായകനുമൊത്ത് ആടിപ്പാടുന്ന നായിക. അതിലേക്ക് വികസിക്കുന്ന കഥാതന്തു. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷയിലും ആവര്‍ത്തിച്ച ഒന്നാണിത്. കലാപരമായി ഇതൊരു ജാര്‍ഗണ്‍ ആണെങ്കിലും അതിനുള്ളില്‍ പതിയിരിക്കുന്ന ആശയം സ്ത്രീവിരുദ്ധം തന്നെയാണ്. സഞ്ജയ്ദത്തും പൂജാബത്രയും മുഖ്യവേഷത്തില്‍ വരുന്ന ‘ഹസീന മാന്‍ ജായേഗി’ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് മുന്‍പരിചയമില്ലാത്ത നായികയെ നായകന്‍ ബലാല്‍ക്കാരമായി ചുംബിക്കുന്നു. ഒടുവില്‍ അതേ നായകനും നായികയും പാട്ടുപാടി നൃത്തം വെയ്ക്കുന്നു. ഒരു ‘മില്‍സ് ആന്‍ഡ് ബൂണ്‍’ സ്ത്രീവിരുദ്ധത തന്നെയാണ് ഈ സ്ഥിരം കലാപരിപാടിയിലൂടെ കടന്നു വരുന്നത്.

ചില സിനിമകളില്‍ തന്റേടികള്‍ എന്ന വ്യാജേന അവതരിപ്പിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുണ്ട്. കഥാഗതിയിലെ പ്രത്യേക സന്ദര്‍ഭത്തില്‍ നായകന്റെ ഒരൊറ്റ ആലിംഗനത്തില്‍ സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് അടിയറവു പറയാനാണ് ഈ സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീയെക്കുറിച്ച് പുരുഷന്റെ മുന്‍ധാരണയാണ് ഇതിനു പിന്നിലുള്ളത്. ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ‘ഷോലെ’ യില്‍ ഹേമമാലിനി അവതരിപ്പിച്ച വായാടിയായ, താന്‍പോരിമയുള്ള കഥാപാത്രം, അവസാനം ധര്‍മ്മേന്ദ്രയുടെ കരുത്തിനു മുന്നില്‍ അനുസരണശീലയായ, വായാടിത്തം ഉപേക്ഷിച്ച കഥാപാത്രമായി മാറുന്നു.

മലയാള ചിത്രമായ കന്‍മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച അരിവാള്‍ മൂര്‍ച്ചയുള്ള കഥാപാത്രം പിന്നീട് നായകന്റെ ആലിംഗനത്തില്‍ അടിപെട്ട് ‘സാധാരണ പെണ്ണായി’ത്തീരുന്നു . സ്ത്രീ അബലയും പുരുഷന്‍ കരുത്തനുമാണെന്ന അലിഖിത സങ്കല്‍പത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു. തമാശരൂപേണ പറഞ്ഞാല്‍, പുരുഷന്റെ ഒരു ആലിംഗനത്തില്‍ അവസാനിക്കുന്നതാണ് സ്ത്രീ പുരുഷ പ്രണയത്തിലെയും ബന്ധത്തിലെയും വിള്ളലുകളെങ്കില്‍ വനിതാ കമ്മീഷനിലും കുടുംബകോടതിയിലും കുന്നുകൂടുന്ന കേസുകള്‍ എത്ര വേഗം തീര്‍പ്പാക്കാം !

സ്ത്രീ പുരുഷ ബന്ധത്തിലെ സാമൂഹ്യ പരിപ്രേക്ഷ്യം മനസിലാക്കാതെ ഈ വിധമുള്ള നിസ്സാരവല്ക്കരണങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു.

 

കൊങ്കണസെന്‍ മുഖ്യവേഷത്തില്‍ വരുന്ന 'പേജ് ത്രീ'യില്‍ സമൂഹത്തിലെ തിന്‍മകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന നായികയ്ക്ക് നേരിടേണ്ടി വരുന്ന സംഘര്‍ഷമാണ് വിഷയം. പത്രപ്രവര്‍ത്തകയായ നായികയോട് അവള്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ പത്രാധിപര്‍ പെണ്ണിനു പറ്റുന്ന പണിചെയ്താല്‍ പോരെ എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്.


 

സമൂഹമോ, അതെന്താ?
സ്ത്രീകള്‍ സമൂഹജീവിതവുമായി ബന്ധമില്ലാത്ത ‘പിന്‍ബുദ്ധി’കളാണെന്നു വരുത്താനുള്ള അബോധശ്രമം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയില്‍ നടന്നു വരുന്നു. സാമൂഹ്യ ജീവിതത്തില്‍ നടക്കുന്നതൊന്നും അറിയാത്ത ഒറ്റപ്പെട്ട ദ്വീപിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്ന കാഴ്ചപ്പാടാണ് ഇത്തരം സിനിമകളില്‍ കാണുക. തമിഴ് സിനിമയിലെ യുവനിരയില്‍ സൂപ്പര്‍താരമായ അജിത്ത് അഭിനയിക്കുന്ന ‘റെഡ്’ എന്ന ചിത്രത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് നായകന്‍. ഒരു ഹോട്ടലില്‍ വച്ച് അയാളുടെ വീരപരാക്രമങ്ങള്‍ക്ക് സാക്ഷിയാകുന്ന നായിക ഇങ്ങനെയൊക്കെ ഈ നഗരത്തില്‍ നടക്കുമോയെന്ന് നിഷ്ക്കളങ്കമായി അത്ഭുതപ്പെടുന്ന രംഗമുണ്ട്. സ്ത്രീകളെ എട്ടും പൊട്ടും തിരിയാത്ത ഗണത്തില്‍പ്പെടുത്തുകയും സാമൂഹ്യമായ അജ്ഞതയാണ് അവരെ സ്ത്രീകളാക്കുകയും ചെയ്യുന്നതെന്ന ‘മിഥ്യ’ ഇതിനുള്ളില്‍ പതിയിരിക്കുന്നു.

കൊങ്കണസെന്‍ മുഖ്യവേഷത്തില്‍ വരുന്ന ‘പേജ് ത്രീ’യില്‍ സമൂഹത്തിലെ തിന്‍മകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന നായികയ്ക്ക് നേരിടേണ്ടി വരുന്ന സംഘര്‍ഷമാണ് വിഷയം. പത്രപ്രവര്‍ത്തകയായ നായികയോട് അവള്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ പത്രാധിപര്‍ പെണ്ണിനു പറ്റുന്ന പണിചെയ്താല്‍ പോരെ എന്നു ചോദിക്കുന്ന ഒരു രംഗമുണ്ട്. പുറമേ നിര്‍ദോഷമെന്നു തോന്നാവുന്ന ചോദ്യത്തിലൂടെ സാമൂഹിക അവബോധം പെണ്ണിന് അന്യമായ ഒരു വസ്തുതയാണെന്ന് വരുത്താനുള്ള ശ്രമത്തെ തുറന്ന് കാണിക്കുകയാണ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍.

ഇതിന് ഒരു മറുപുറമുണ്ട്. നായകന്‍ പത്രപ്രവര്‍ത്തകനോ സാമൂഹിക പ്രവര്‍ത്തകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ മനുഷ്യാവകാശ പ്രവര്‍ത്തകനോ ആയ ചില സിനിമകള്‍ ഉണ്ട്. ആപല്‍ക്കരമായ ജീവിതമാണ് നായകന്റേത്. ഇത്തരം സിനിമകളില്‍ ആപത്ക്കരമായ ജോലി ഉപേക്ഷിക്കാന്‍ നായകനെ ഉപദേശിക്കുന്നതും ഒരാള്‍ വിചാരിച്ചാലൊന്നും ലോകം നന്നാകില്ലെന്ന അരാഷ്ട്രീയ ചിന്ത വിളമ്പുന്നതും സ്ത്രീ കഥാപാത്രങ്ങളുടെ നാവിലൂടെ ആയിരിക്കും.

തമിഴ് സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജ് പത്രപ്രവര്‍ത്തകനായ വരുന്ന ‘ശിവന്തമനിതന്‍’ എന്ന ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും കവിതയെഴുത്തുമൊന്നും കുടുംബസ്ഥന് പറ്റിയ പണിയല്ലെന്ന നായികയുടെ നിലപാട് അയാളുടെ ജീവിതത്തില്‍ അനവധി സംഘര്‍ഷങ്ങളാണ്് വരുത്തിവയ്ക്കുന്നത്. ഒട്ടുമിക്ക ഇന്ത്യന്‍ സിനിമകളും സ്ത്രീകള്‍ സാമൂഹിക ജീവികള്‍ അല്ലെന്ന കാഴ്ചപ്പാടിനെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാധൂകരിക്കുന്നവയാണ്.

 

പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്.


 

ആണ്‍കാഴ്ചകള്‍ക്ക് ചില വിഭവങ്ങള്‍
പ്രമേയതലത്തില്‍ മാത്രമല്ല, മേക്കപ്പിലും വസ്ത്രാലങ്കാരത്തിലും പോസ്ററുകളിലും പുരുഷനോട്ടത്തെ ഉത്തേജിപ്പിക്കും വിധത്തിലാണ് സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കൂടുതല്‍ തെളിയുന്നത് പാട്ടുരംഗങ്ങളിലാണ്. സ്ത്രീകളുടെ ചുണ്ട്, കണ്ണ്, മാറിടം, പൊക്കിള്‍, നിതംബം, കാല് എന്നിവ വളരെ വിദഗ്ധമായി തെരഞ്ഞെടുത്ത് ദൃശ്യങ്ങളില്‍ വിന്യസിക്കുന്നു. മേക്കപ്പ് സ്ത്രീയെ കാഴ്ച വസ്തുവാക്കാനുള്ള ഉപാധിയായി മാറുന്നു. പുരുഷ നോട്ടത്തെ തൃപ്തിപ്പെടുത്താന്‍ നിശ്ചയിച്ചുറപ്പിച്ച രീതിയിലാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. ഈയടുത്തിടെ കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായിത്തീര്‍ന്ന ‘ആദവന്‍’ എന്ന ചിത്രം നായികയെ ഏതൊക്കെ രീതിയില്‍ കാഴ്ചവസ്തുവാക്കി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്.

രാജ്കപൂറിന്റെ ‘ബോബി’യില്‍ പ്രശസ്തമായ ഒരു ഗാനരംഗത്തില്‍ അരുണ ഇറാനി യുടെ നിതംബചലനം ക്ലോസപ്പില്‍ എത്രനേരമാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് നോക്കുക. ഇറുകിപ്പിടിച്ച വസ്ത്രങ്ങളില്‍ സ്വതന്തമായി ചലിക്കാന്‍ ബദ്ധപ്പെടുന്ന നായികയെ ‘കന്തസ്വാമി’ എന്ന വിക്രം ചിത്രത്തില്‍ കാണാം. ലോ ആംഗിളില്‍ നായികയുടെ അടിവസ്ത്രത്തെ ചിത്രീകരിക്കാനുള്ള ഉപകരണമായി പലപ്പോഴും ക്യാമറ മാറുന്നു. ഓടുന്ന നായികയുടെ മാറിടത്തിലേക്കും അരക്കെട്ടിലേക്കും ക്യാമറ നിരന്തരം ഫോക്കസ് ചെയ്യുന്നു.

വിപണിവല്‍കരണത്തിന്റെയും ഉപഭോഗ സംസ്ക്കാരത്തിന്റേയും ഇരകളായിത്തീര്‍ന്ന സ്ത്രീരൂപങ്ങളാണ് സിനിമാ പോസ്ററുകളില്‍ പ്രായേണ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ‘മൃഗം’എന്ന തമിഴ് സിനിമയുടെ പോസ്ററില്‍ മുട്ടിനുമേല്‍ വസ്ത്രമുയര്‍ത്തി നില്‍ക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം ‘സംവിധായകനാല്‍ പീഡിക്കപ്പെട്ട നായികയുടെ ചിത്രം’ എന്നര്‍ത്ഥം വരുന്ന വാചകമുണ്ടായിരുന്നു. വിലക്ഷണമായ ആണ്‍ലൈംഗിക മനോഭാവത്തെ ആകര്‍ഷിക്കുന്നതിനാണ് ആ പോസ്റര്‍ ഉന്നംവച്ചത്. സിനിമയില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന നായികമാരുടെ പ്രാതിനിധ്യം പലപ്പോഴും പോസ്ററുകളില്‍ നിന്ന് ഒഴിവാക്കുന്ന രീതീയുണ്ട്.

‘പഴശãിരാജ’ യില്‍ നായകന്‍മാരോട് കിടപിടിക്കുന്ന ഏറ്റവും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മപ്രിയയുടെ സാന്നിധ്യം പോസ്ററുകളില്‍ നാമമാത്രമായി ഒതുങ്ങിയിരിക്കുന്നു. ആണധികാരത്തിന്റെ അടയാളങ്ങള്‍ നിറയുന്ന പോസ്ററുകളില്‍ പെണ്ണിടങ്ങളുടെ അഭാവം പുരുഷനോട്ടത്തിന്റെ പ്രതിലോമസ്വഭാവത്തെ സൂചിപ്പിക്കുന്നു.

 

ആണിന്റെ യുവത്വമെന്നത് അവന്റെ സര്‍ഗാത്മകതയാല്‍ വിലയിരുത്തപ്പെടുകയും സ്ത്രീയുടെ യുവത്വം കേവലം ശരീരാധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട വിഷയം.


 

വയസ്സാവാത്ത നായകന്‍;
അമ്മവേഷം കാത്ത് നായിക

മധ്യവയസ്സുകടന്ന സൂപ്പര്‍ താരങ്ങളുടെ യുവത്വം സ്ഥാപിച്ചെടുക്കാന്‍ അവരുടെ ജോടികളായി മക്കളാകാന്‍ മാത്രം പ്രായമുള്ള നായികമാരെ നിയോഗിക്കുന്ന രീതി ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുത്തരിയല്ല. ഹിന്ദിയില്‍ ദേവാനന്ദിന്റെയും രാജേഷ് ഖന്നയുടെയും, തമിഴില്‍ എം ജി ആറിന്റെയും കന്നടയില്‍ രാജ്കുമാറിന്റെയും തെലുങ്കില്‍ നാഗേശ്വരറാവുവിന്റെയും മലയാളത്തില്‍ പ്രേംനസീറിന്റെയും സിനിമകളില്‍ ഈ വിധം നായികമാരെ ഉപയോഗിച്ചതു കാണാം. ഇന്നും ഇത് ഒരു പ്രവണതയായിത്തന്നെ നിലനില്‍ക്കുന്നു.

നായകന്റെ യുവത്വം നായികയുടെ ഭിക്ഷയായി മാറുന്നു.50 വയസ്സുള്ള സത്യന്റെ അമ്മയായി 20 വയസ്സില്‍ അഭിനയിക്കേണ്ടിവന്ന കഥ കവിയൂര്‍ പൊന്നമ്മ പറയുന്നുണ്ട്. വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു നായിക വിവാഹം ചെയ്തുകഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍കൊണ്ട് പിടിച്ചുനില്‍ക്കേണ്ടിവരുന്നു. ആണിന്റെ യുവത്വമെന്നത് അവന്റെ സര്‍ഗാത്മകതയാല്‍ വിലയിരുത്തപ്പെടുകയും സ്ത്രീയുടെ യുവത്വം കേവലം ശരീരാധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട വിഷയം.

സ്ത്രീകള്‍ മുഖ്യവേഷത്തില്‍ വരുന്ന ചില സിനിമകളിലും അയഥാര്‍മായ സ്ത്രീപരിചരണം സംഭവിക്കുന്നുണ്ട്. തെലുങ്കിലെ ‘പെണ്‍സൂപ്പര്‍സ്റാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വിജയശാന്തിയുടെ ‘വൈജയന്തി ഐപിഎസ്’,'പോലീസ് ലോക്കപ്പ്’ തുടങ്ങിയ ചിത്രങ്ങളില്‍ ശരീരംകൊണ്ടും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട കായികബലംകൊണ്ടും പുരുഷലോകത്തെ നേരിടുന്ന നായികയെയാണ് കാണാന്‍ കഴിയുക. സ്ത്രീ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള ഒരു പോരാട്ടമല്ല ഇത്. മറിച്ച് പരമ്പരാഗത കുടുംബവിവാഹ സങ്കല്‍പ്പങ്ങളെ പുനഃസ്ഥാപിച്ചെടുക്കാനുള്ള ഒന്നായാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്.

അമിതമാനുഷിക പരിവേഷമുള്ള,മിഥ്യയായ നായികാനിര്‍മിതിയിലൂടെ സ്ത്രീപക്ഷ കാഴ്ചകളെ പരാജയപ്പെടുത്തും വിധത്തിലാണ് ഈ ഗണത്തില്‍പ്പെട്ട ചിത്രങ്ങള്‍ സഞ്ചരിക്കുന്നത്. സ്ത്രീ മുഖ്യവേഷത്തില്‍ വന്നു എന്നതുകൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രശ്നമല്ല ‘സ്ത്രീവിരുദ്ധത’ എന്നര്‍ത്ഥം.

 

ആധുനികയായ നായികയെയാണ് തുടക്കത്തില്‍ കാണാന്‍ കഴിയുക. സിനിമ പുരോഗമിക്കുമ്പോള്‍ അവള്‍ 'ഭാരതീയവല്‍ക്കരണത്തിന്' വിധേയയാകുന്നു. സാരി ധരിക്കുന്നു.സീമന്തമണിയുന്നു. കുപ്പിവളകള്‍ ഇടുന്നു. അങ്ങനെ ഒരു യഥാര്‍ത്ഥ 'ഭാരതീയനാരീ' സങ്കല്‍പ്പത്തിന് അനുയോജ്യയാകുമ്പോള്‍ മാത്രമാണ് അവളെ അംഗീകരിക്കാന്‍ സിനിമക്കുള്ളിലെ കുടുംബങ്ങള്‍ തയ്യാറാകുന്നത്.


 

ഭാരതീയ നാരിയും അപരിഷ്കൃത നാരിയും
ഹിന്ദുസംസ്കാരമെന്നത് ‘ഇന്ത്യന്‍ സംസ്കാര’മാണെന്ന ജനാധിപത്യവിരുദ്ധ മനോഭാവം ഇന്ത്യന്‍ സിനിമകളില്‍ ഇടയ്ക്കിടെ കടന്നുവരുന്നു. ഗോവിന്ദ നായകനായി അഭിനയിച്ച ‘പര്‍ദേശി ബാബു’ വില്‍ വ്യക്തിത്വമുള്ള വേഷവിധാനത്തിലും ചിന്തയിലും ആധുനികയായ നായികയെയാണ് തുടക്കത്തില്‍ കാണാന്‍ കഴിയുക. സിനിമ പുരോഗമിക്കുമ്പോള്‍ അവള്‍ ‘ഭാരതീയവല്‍ക്കരണത്തിന്’ വിധേയയാകുന്നു. സാരി ധരിക്കുന്നു.സീമന്തമണിയുന്നു. കുപ്പിവളകള്‍ ഇടുന്നു. അങ്ങനെ ഒരു യഥാര്‍ത്ഥ ‘ഭാരതീയനാരീ’ സങ്കല്‍പ്പത്തിന് അനുയോജ്യയാകുമ്പോള്‍ മാത്രമാണ് അവളെ അംഗീകരിക്കാന്‍ സിനിമക്കുള്ളിലെ കുടുംബങ്ങള്‍ തയ്യാറാകുന്നത്.

‘കുച് കുച് ഹോത്താ ഹെ’ എന്ന ഷാരൂഖ് ഖാന്‍ സിനിമയില്‍ മിനി സ്കര്‍ട്ട് ധരിച്ചെത്തൂന്ന നായിക പാടുന്നത് ഒരു ഹിന്ദുഭജന്‍ ആണ്. പഠിച്ചതും വളര്‍ന്നതും വിദേശത്താണെങ്കിലും ഭാരതീയ സംസ്ക്കാരം താന്‍ മറന്നിട്ടില്ലെന്ന് അവള്‍ക്ക് പറയേണ്ടിവരുന്നു. രൂപത്തില്‍ ആധുനിക പെണ്‍കുട്ടിയായി രംഗത്തുവരുന്ന നായികയിലേയ്ക്ക് ഹൈന്ദവപാരമ്പര്യം ആരോപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഇങ്ങനെയുള്ള ചിത്രങ്ങളില്‍ കാണാം.

ഹൈന്ദവപാരമ്പര്യത്തില്‍പെടാത്ത ഒരു സ്ത്രീക്കും ഇന്‍ഡ്യന്‍ സമൂഹത്തില്‍ നിലനില്‍പ്പില്ലെന്ന ആപല്‍ക്കരമായ ആശയം ഇവിടെയുണ്ട്. മംഗളസൂത്രം, സിന്ദൂരം, വേദമന്ത്രങ്ങള്‍, രാധകൃഷ്ണകാളി സങ്കല്‍പ്പങ്ങള്‍, ക്ഷേത്രങ്ങള്‍,പൂജാദികര്‍മ്മങ്ങള്‍ തുടങ്ങിയ പ്രതീകങ്ങളിലുടെ പതിവ്രതയായ സ്ത്രീയെ ആവിഷ്കരിക്കാനുള്ള ശ്രമം ‘ഹം ദില്‍ ദേ ചുകേ സനം’ പോലെ ബോക്സ് ഓഫീസ് വിജയം നേടിയ ഒട്ടനവധി ചിത്രങ്ങളില്‍ കാണാന്‍കഴിയും.

രജനീകാന്തും ഖുഷ്ബുവും മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ ആധുനിക വസ്ത്രം ധരിച്ചെത്തുന്ന നായികയോട് നിന്നെ പ്രണയിക്കണമെങ്കില്‍ സാരിയുടുത്ത് ഭാരതീയ സ്ത്രീയായി വരാന്‍ കല്പിക്കുന്ന നായകനാണുള്ളത്. ആധുനിക വസ്ത്രങ്ങളണിഞ്ഞ സ്ത്രീ ചീത്ത സ്ത്രീ , പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ സ്ത്രീ നല്ല സ്ത്രീ എന്നീ ദ്വന്ദങ്ങളിലൂടെ സ്ത്രീയെ രൂപപ്പെടുത്തുന്നതുവഴി ഇന്ത്യന്‍ സിനിമ യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലുന്നു.

അതേസമയം,മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ എങ്ങനെയാണ് ദൃശ്യവല്‍ക്കരിക്കുന്നതെന്നു നോക്കാം. ഐടി അടക്കമുള്ള വിദ്യാഭ്യാസരംഗങ്ങളിലും മറ്റ് തൊഴില്‍മേഖലകളിലും ജനാധിപത്യ പ്രക്രിയകളിലും സജീവമായി മുന്നോട്ടുവരുന്ന മുസ്ലിം സമുദായത്തെ ഒട്ടാകെയും മുസ്ലിം സ്ത്രീകളെ പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ സിനിമയില്‍ കാണാന്‍ കഴിയുക. പാര്‍ശ്വവത്കരണമെന്നത് സിനിമയ്ക്കുള്ളില്‍ നടക്കുന്ന കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമാണെന്നു തോന്നാം.

പുതിയ ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത ഏതോ ലോകത്ത് ജീവിക്കുന്ന ഏതോ അപരിഷ്കൃതമായ ഭാഷ സംസാരിക്കുന്നവരായാണ് മുസ്ളിം സ്ത്രീകള്‍ പലപ്പോഴും സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. വീടിനുള്ളില്‍ മാത്രം കഴിഞ്ഞുകൂടുന്ന വിഭാഗമായി മുസ്ലിം സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു. മുസ്ലിം സ്ത്രീ കഥാപാത്രങ്ങള്‍ മുഖ്യ വേഷത്തില്‍ വരുന്ന പക്കീസ (1971), നിക്കാഹ് (1982),ബസാര്‍(1982) തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിശãബ്ദരായിത്തീരുന്ന നായികമാരെയാണ് കാണാനാവുക.

പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമ, മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയോട് ഒരു ബന്ധവുമില്ലാത്ത ഒരു കൂട്ടരാണെന്ന പ്രതീതിയാണ് ഉടനീളം ജനിപ്പിക്കുന്നത്. ഇനിയും ഇന്ത്യന്‍ സിനിമയുടെ ഭൂരിപക്ഷ മേഖലയില്‍ കടന്നുകയറാന്‍ കഴിയാതെ നില്‍ക്കുകയാണ് ദലിത് സ്ത്രീ പ്രശ്നങ്ങളും ലൈംഗികന്യൂനപക്ഷ മേഖലയില്‍ നടക്കുന്ന സ്ത്രീ മുന്നേറ്റങ്ങളും.

 

കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ 'ക്രൌര്യ' (1996), 'തായ്സാഹിബ' (1997), 'ഹസീന' (2004) എന്നീ സിനിമകളില്‍ മാറുന്ന ലോകം സ്ത്രീ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ തുറന്നുകാണിക്കുന്നു.


 

പ്രതിരോധങ്ങള്‍, പ്രതിഘടനകള്‍
നവോത്ഥാന ചിന്തകള്‍ നിറഞ്ഞുനിന്ന അമ്പതുകള്‍ മുതല്‍ എഴുപതുകളുടെ അവസാനം വരെ ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ കേന്ദ്രിതമായ പ്രമേയങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദിയില്‍ ബിമല്‍റോയി (പരിണീത), ഋഷികേശ് മുഖര്‍ജി (മിലി, ഗുഡ്ഢി), ബംഗാളില്‍ തപന്‍സിന്‍ഹ (ജാതുഗൃഹം), കെ.ബാലചന്ദര്‍ (അവള്‍ ഒരു തുടര്‍കഥൈ), തെലുങ്കില്‍ സിങ്കീതം ശ്രീനിവാസറാവു (മയൂരി) തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. എന്നാല്‍, ഇക്കൂട്ടരുടെ സിനിമകളെ സ്ത്രീപക്ഷ സിനിമകള്‍ എന്നുവിളിക്കാന്‍ കഴിയാത്തവിധം സ്ത്രീയുടെ പ്രണയസങ്കല്‍പ്പങ്ങളെ, ജീവിതസങ്കല്‍പ്പങ്ങളെ, സാമൂഹ്യാവബോധത്തെ അദൃശ്യനായ ഒരു ആദര്‍ശപുരുഷന്‍ നിയന്ത്രിക്കുന്നതായി കാണാം. ഇത്തരം പരിമിതികള്‍ ഒരുപക്ഷേ,കാലഘട്ടത്തിന്റേതു കൂടിയാകം. കെ എസ് സേതുമാധവന്റെ ഒരു പെണ്ണിന്റെ കഥ, സ്ത്രീ തുടങ്ങിയ സിനിമകളും ഈ വിഭാഗത്തില്‍പ്പെടുത്താം.

പില്‍ക്കാലത്ത് ഈ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്‍ഡ്യന്‍ സിനിമയിലാകെ നടക്കുകയുണ്ടായി. സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കാന്‍ എന്നും താല്‍പ്പര്യം കാണിച്ചിട്ടുള്ള ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ സിനിമകളില്‍ പുരുഷ കഥാപാത്രങ്ങളുടെ വലിയൊരു സാന്നിധ്യം തന്നെയില്ല. 1995 ല്‍ പുറത്തുവന്ന ‘ഉനിഷേ ഏപ്രിലി’ല്‍ ഒരു അമ്മയും മകളും പങ്കിടുന്ന ബന്ധമാണ് പ്രധാന വിഷയം. സ്ത്രീ, സ്ത്രീയോട് തുറന്നു സംസാരിക്കുന്ന ഘടനയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്ത്രീ, സ്ത്രീയെ അഭിമുഖീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമ ആരംഭിക്കുന്നതെന്ന ബോധം ഈ ചിത്രത്തിലുണ്ട്.

പുട്ടണ്ണ കനഗലിന്റെ കന്നട ചിത്രങ്ങളില്‍ നിരാശയുടെ ദര്‍ശനങ്ങളുണ്ടെങ്കിലും സ്ത്രീയുടെ വിവിധ മുഖങ്ങളാണ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീയും പുരുഷനെപ്പോലെ ഒരു ബഹുസ്വര യാഥാര്‍ത്ഥ്യമാണെന്ന കാഴ്ചപ്പാട് കനഗലിനുണ്ട്. ഹൈന്ദവതയെ സമചിത്തതയോടെ, ജനാധിപത്യബോധത്തോടെ, സ്ത്രീപക്ഷത്തുനിന്നു നോക്കിക്കാണുന്നതുകൊണ്ടാണ് കനഗലിന്റെ ‘ബില്ലി ഹെന്ദി’ എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. ആസാമീസ് സംവിധായകനായ ജാനു ബറൂവയുടെ ആദ്യ ചിത്രം ‘അപരൂപ’ വിവാഹം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല സ്ത്രീയുടെ വിചാരവികാര ലോകങ്ങളില്‍ ഉടലെടുക്കുന്ന സങ്കീര്‍ണതകളെന്ന് കാട്ടിത്തരുന്നു.

ടി.വി. ചന്ദ്രന്റെ ‘സൂസന്ന’, ‘മങ്കമ്മ’ തുടങ്ങിയ ചിത്രങ്ങള്‍ പ്രമേയപരമായി സ്ത്രീപക്ഷ സിനിമകളാകുമ്പോള്‍ത്തന്നെ സ്ത്രീ ജീവിതത്തെ സിനിമയ്ക്കകത്ത് അപഗ്രഥിക്കാനല്ല, മറിച്ച് കൃത്രിമമെന്നു തോന്നുംവിധത്തില്‍ ആദര്‍ശാത്മകമാക്കാനുള്ള ശ്രമമാണുള്ളത്. സ്ത്രീപക്ഷ സിനിമകളാകണം എന്ന മുന്‍ധാരണയോടെ രൂപപ്പെടുത്തിയ പ്രമേയദൃശ്യസന്ദര്‍ഭങ്ങള്‍ സംവിധായകന്റെ ശ്ലാഘനീയമായ സദുദ്ദേശ്യത്തിന് വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഋത്വിക് ഘട്ടക്കിന്റെ ‘മേഘേ ധാക താര’യിലും ‘സുബര്‍ണരേഖ’യിലും പ്രമേയത്തിലെ രാഷ്ട്രീയം പെണ്‍നോട്ടത്തിലൂടെയാണ് വികസിക്കുന്നത്. നേരിട്ട് ഒരു സ്ത്രീപക്ഷ പ്രമേയം സ്വീകരിക്കുന്നില്ലെങ്കിലും സ്ത്രീവിരുദ്ധമല്ലാത്ത പ്രമേയപരിചരണമാണ് ഋത്വിക്ദായുടേത്.

സുശാന്ത് മിശ്ര (ഒറിയ) യുടെ ‘ആഷന്‍, ശ്യാം ശര്‍മ (മണിപ്പൂരി)യുടെ ‘ഇമാങ്ങി നിങ്ങ്തം’ തുടങ്ങിയ സിനിമകള്‍ വിഷയ സ്വീകരണത്തില്‍ ഐക്യപ്പെടുന്നവയാണ്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍, നീതിക്കായുള്ള പോരാട്ടത്തില്‍ എത്ര ദുര്‍ബലമാണെന്ന് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നു. കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ ‘ക്രൌര്യ’ (1996), ‘തായ്സാഹിബ’ (1997), ‘ഹസീന’ (2004) എന്നീ സിനിമകളില്‍ മാറുന്ന ലോകം സ്ത്രീ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ തുറന്നുകാണിക്കുന്നു. വൈയക്തികവും സാമൂഹ്യവുമായ ദ്വിമുഖ യാത്രകളില്‍ സ്ത്രീ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ സ്ത്രീ നോട്ടത്തിലൂടെ അവതരിപ്പിക്കുവാന്‍ കാസറവള്ളിക്ക് കഴിയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘നോട്ട് ബുക്ക്’, ശ്രീനിവാസന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’, ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടി’ തുടങ്ങിയ മലയാള ചിത്രങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീജീവിതത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ്. ശ്രീനിവാസന്റെ സിനിമയെ വ്യവസ്ഥാപിതമാക്കുന്നത് ചിത്രാന്ത്യത്തിലെ ക്ളീഷേ ഡയലോഗുകളാണ്. നോട്ട്ബുക്കില്‍ കൌമാരക്കാരികള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്ന രീതി കാണാം. സ്ത്രീകള്‍ക്കുമാത്രം പങ്കുവയ്ക്കാവുന്ന പ്രശ്നങ്ങളാണവ.

ഭൂരിപക്ഷം സിനിമകളിലും ദൃശ്യരൂപം പ്രാപിയ്ക്കുന്ന സ്ത്രീവിരുദ്ധതയ്ക്ക് എതിരായി നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പ്രതിഘടനാ നിര്‍മിതിയുടെയും ഭാഗത്ത് നിലയുറപ്പിക്കുന്ന സിനിമകളില്‍ ചിലതിനെ മാത്രമാണ് എടുത്തുകാട്ടിയത്. ഇവയോടൊപ്പമോ ഇവയേക്കാള്‍ അധികമോ ശ്രദ്ധിക്കേണ്ട നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ടാകാം.

 

സ്ത്രീ സംവിധായികമാര്‍ സ്ത്രീയെ പ്രമേയവല്‍ക്കരിക്കുമ്പോള്‍ സ്ത്രീയുടെ ഏറ്റവും വലിയ മൂല്യം അവളുടെ സൌന്ദര്യമാണെന്ന പരമ്പരാഗത വീക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സഹനശീലയായ, മതാത്മകയായ, ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത സ്ത്രീയാണ് നല്ല സ്ത്രീ എന്ന ബോധം തകര്‍ക്കപ്പെടുന്നു.


 

സ്ത്രീ ആവിഷ്കാരങ്ങളില്‍ സ്ത്രീ
സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കേണ്ട പ്രവര്‍ത്തനമാണ് അനേകം മിഥ്യാവിഷ്കാരങ്ങളാല്‍ മറയത്താക്കപ്പെട്ട സ്ത്രീയുടെ ‘യഥാര്‍ത്ഥലോകം’ കണ്ടെത്തുക എന്നുള്ളത്. ഇന്ത്യന്‍ സിനിമയില്‍ സധൈര്യം കടന്നുവരുന്ന സ്ത്രീ സംവിധായകരുടെ സാന്നിദ്ധ്യം ഒരു ശുഭസൂചനയാണ്. അപര്‍ണ സെന്‍, വിജയമേത്ത, സായിപരഞ്പെ, കല്‍പ്പന ലജ്മി, മീരനായര്‍, രേവതി, ഫറാഖാന്‍, മേഘ്ന ഗുല്‍സാര്‍, തനുജചന്ദ്ര, സുമജോസന്‍, സോയഅക്തര്‍, ദീപമേത്ത, സാന്ത്വന ബെര്‍സോളി തുടങ്ങിയ സ്ത്രീ സംവിധായികമാരുടെ ചിത്രങ്ങള്‍ സ്ത്രീയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ നിലവിലുള്ള വാര്‍പ്പുമാതൃകകളെ പൊളിച്ചെറിയാന്‍ ശ്രമിക്കുന്നുണ്ട്.

സ്ത്രീ സംവിധായികമാര്‍ സ്ത്രീയെ പ്രമേയവല്‍ക്കരിക്കുമ്പോള്‍ സ്ത്രീയുടെ ഏറ്റവും വലിയ മൂല്യം അവളുടെ സൌന്ദര്യമാണെന്ന പരമ്പരാഗത വീക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സഹനശീലയായ, മതാത്മകയായ, ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത സ്ത്രീയാണ് നല്ല സ്ത്രീ എന്ന ബോധം തകര്‍ക്കപ്പെടുന്നു. ഒത്ത പുരുഷനെ കണ്ടെത്താനും സംരക്ഷിക്കാനുമാണ് സ്ത്രീയുടെ ഊര്‍ജ്ജവും ബുദ്ധിയും ലൈംഗികതയും ഉപയോഗിക്കേണ്ടതെന്ന ആശയം ഉപേക്ഷിക്കപ്പെടുന്നു.

സ്ത്രീ ഒരിക്കലും പുരുഷനുമേല്‍ ആധികാരികത നേടരുതെന്നും അങ്ങനെ വന്നാല്‍ അവസാനം അവള്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള മനോഭാവം തിരസ്കരിക്കപ്പെടുന്നു. അമ്മയും ഭാര്യയും സഹോദരിയും സുഹൃത്തും പ്രണയിനിയും അഭിസാരികയുമായി വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ, പുരുഷനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന വിധി പ്രസ്താവം നിഷേധിക്കപ്പെടുന്നു. സ്ത്രീയെ നിര്‍വചിക്കാന്‍ പുരുഷനിലൂടെ മാത്രമേ കഴിയൂ എന്ന മിഥ്യാധാരണ തിരുത്തപ്പെടുന്നു.

ഈവിധം പുരുഷാധിപത്യ വീക്ഷണങ്ങളുടെ തുടര്‍ച്ചകള്‍ക്കു ബദലായി ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിനെ സര്‍ഗാത്മകമായി സാക്ഷാല്‍ക്കരിക്കുക എന്ന ദൌത്യമാണ് ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ സംവിധായകര്‍ പൊതുവില്‍ ഏറ്റെടുത്തിരിക്കുന്നതെന്നു പറയാം. സംവിധാനരംഗത്തുമാത്രമല്ല, സിനിമയുടെ സര്‍വമേഖലയിലും വര്‍ദ്ധിച്ചുവരുന്ന സ്ത്രീ സാന്നിദ്ധ്യം ഇന്ത്യന്‍ സിനിമയുടെ വ്യവസ്ഥാപിത അന്തരീക്ഷത്തെ മാറ്റിമറിച്ചേക്കാം. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സിനിമയിലും പ്രതിഫലിക്കാം.

അങ്ങനെ മാറുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ ക്രിയാത്മകമായ തുടക്കങ്ങള്‍ സ്ത്രീപക്ഷ സിനിമകളിലുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഇന്ത്യന്‍ സിനിമയെ മൊത്തത്തിലും ഇന്ത്യന്‍ സമൂഹമനസ്സിനെ പ്രത്യേകിച്ചും എങ്ങനെയൊക്കെ സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്.
 
 
 
 

മഞ്ഞില്‍ പൊതിഞ്ഞൊരു ക്രിസ്തുമസ്

 
 
 
 
അമേരിക്കയില്‍നിന്നൊരു ക്രിസ്മസ് അനുഭവം. റീനി മമ്പലം എഴുതുന്നു

 
 

ഡിസംബര്‍ മാസം പിറന്നാല്‍ കടകളില്‍ ഉല്‍സവപ്രതീതിയാണ്. മിക്ക കടകളും പാതിരാവരെ തുറന്നിരിക്കും. എവിടത്തെിരിഞ്ഞാലും ക്രിസ്മസ് അലങ്കാരങ്ങള്‍, സാന്തക്ളോസ്, അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ് പാട്ടുകള്‍, ആകെക്കൂടി ഒരു അമേരിക്കന്‍ വിന്‍്റര്‍ വണ്ടര്‍ലാന്‍്റ്. പുറത്ത് മഞ്ഞ് വീണു കിടപ്പുണ്ടെങ്കില്‍ പറയുകയും വേണ്ട, നമ്മെ ഒരു മായാലോകത്തത്തെിക്കും. ക്രിസ്മസിന് മുമ്പായി നല്ളൊരു മഞ്ഞുപാതം ഉണ്ടാവണമെന്നും നിലമാകെ മഞ്ഞുമൂടിക്കിടക്കണമെന്നുമാണ് അമേരിക്കക്കാരുടെ പ്രാര്‍ഥന. മഞ്ഞിന് അതിന്‍്റേതായ ഒരു മാന്ത്രികശക്തിയുണ്ട് ഡിസംബറില്‍ ക്രിസ്മസിനോടടുത്ത്. ഡിസംബറിലെ മഞ്ഞ് നമ്മെ എവിടെയൊക്കെയോ കൊണ്ടത്തെിക്കും, അവിടെ സാന്തക്ളോസും റെയിന്‍ഡിയേര്‍സും ഒക്കെയുണ്ടാവും- റീനി മമ്പലം എഴുതുന്നു

 
 
 

 
 

നവംബറില്‍ ഏറ്റവും അവസാനത്തെ വ്യാഴാഴ്ചയാണ് അമേരിക്കയുടെ ദേശീയാഘോഷമായ ‘താങ്ക്സ്ഗിവിങ്’. നമ്മുടെ ഓണം പോലെ, വിളവെടുപ്പിന്‍്റെ ആഘോഷമായി തുടങ്ങിയതാണ്
പില്‍ ഗ്രിംസിന്‍്റെയും ( ഇംഗ്ളണ്ടില്‍ നിന്ന് ആദ്യമായി വന്നവര്‍ ) റെഡ് ഇന്ത്യന്‍സിനുമിടയില്‍ . ‘താങ്ക്സ്ഗിവിങ്’ കഴിഞ്ഞാല്‍ പിറ്റേന്നുമുതല്‍, ഒരുമാസം മുമ്പുുമുതലേ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. ക്രിസ്മസ്ട്രീ ഫാമില്‍നിന്ന് വെട്ടിയെടുത്ത മരങ്ങള്‍ കാറുകള്‍ക്ക് മുകളില്‍ കെട്ടിവെച്ചുകൊണ്ടുപോവുന്നതുകാണാം. വീടുകളും ചെറുമരങ്ങളും ക്രിസ്മസ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും. ചില ടൗണുകളില്‍ ക്രിസ്മസ് അലങ്കാരത്തിന് മത്സരം തന്നെ കാണും. കടകളില്‍ കേട്ടുതുടങ്ങുന്ന ‘ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ആള്‍ ദി വേ’, റൂഡോള്‍ഫ് ദി റെഡ്നോസ് റെയിന്‍ ഡിയര്‍…തുടങ്ങിയ ക്രിസ്മസ് പാട്ടുകള്‍ ഡിസംബര്‍ ഇരുപത്തിനാലാംതീയതി പാതിരാത്രികൊണ്ടേ അവസാനിക്കു.

 

 

ഡിസംബര്‍ മാസം പിറന്നാല്‍ കടകളില്‍ ഉല്‍സവപ്രതീതിയാണ്. മിക്ക കടകളും പാതിരാവരെ തുറന്നിരിക്കും. എവിടത്തെിരിഞ്ഞാലും ക്രിസ്മസ് അലങ്കാരങ്ങള്‍, സാന്തക്ളോസ്, അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ് പാട്ടുകള്‍, ആകെക്കൂടി ഒരു അമേരിക്കന്‍ വിന്‍്റര്‍ വണ്ടര്‍ലാന്‍്റ്. പുറത്ത് മഞ്ഞ് വീണു കിടപ്പുണ്ടെങ്കില്‍ പറയുകയും വേണ്ട, നമ്മെ ഒരു മായാലോകത്തത്തെിക്കും. ക്രിസ്മസിന് മുമ്പായി നല്ളൊരു മഞ്ഞുപാതം ഉണ്ടാവണമെന്നും നിലമാകെ മഞ്ഞുമൂടിക്കിടക്കണമെന്നുമാണ് അമേരിക്കക്കാരുടെ പ്രാര്‍ഥന.

മഞ്ഞിന് അതിന്‍്റേതായ ഒരു മാന്ത്രികശക്തിയുണ്ട് ഡിസംബറില്‍ ക്രിസ്മസിനോടടുത്ത്. ഡിസംബറിലെ മഞ്ഞ് നമ്മെ എവിടെയൊക്കെയോ കൊണ്ടത്തെിക്കും, അവിടെ സാന്തക്ളോസും റെയിന്‍ഡിയേര്‍സും ഒക്കെയുണ്ടാവും. ഷോപ്പിങ്ങ് മാളുകളില്‍ സാന്തക്ളോസിന്‍്റെ മടിയില്‍ ഇരുന്ന് പടം എടുക്കുന്ന കുട്ടികളുടെ നീണ്ട വരി തന്നെ കാണും. എവിടത്തെിരിഞ്ഞാലും നിറങ്ങളുടെ വര്‍ണ്ണവിതാനം.

കടകളില്‍ ക്യാഷ്യര്‍ ആയി ജോലിചെയ്യന്നവര്‍ പലരും സാന്തക്ളോസ് മാതിരി ചുവപ്പും വെള്ളയും നിറങ്ങളുള്ള തൊപ്പി ധരിച്ചിരിക്കും. എല്ലാവരും ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്ന തിരക്കില്‍. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് അമേരിക്കക്കാര്‍ വാസ്തവത്തില്‍ ക്രിസ്മസിന്‍്റെ പിറകിലുള്ള മെസ്സേജ് മറന്ന് സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നുവോ എന്ന്. ക്രെഡിറ്റ്കര്‍ഡില്‍ ഏറ്റവും കൂടുതല്‍ കടം വരുന്നതും ഈസമയത്ത് തന്നെ.

 

 

താങ്ക്സ്ഗിവിങിന്‍്റെ പിറ്റെദിവസം വരുന്ന വെള്ളിയാഴ്ചയെ ‘ബ്ളാക്ക് ഫ്രൈഡെ’ എന്നാണ് വിളിക്കുക. ഒരുമാസം നീണ്ട്നില്‍ക്കുന്ന ക്രിസ്മസ് വില്‍പ്പനക്ക് ആളുകളെ ആകര്‍ഷിച്ച് നല്ളൊരുതുടക്കം ഇടുവാനായി പല സാധനങ്ങളും വളരെ തുഛമായ വിലക്കാണ് വില്‍ക്കുന്നത്. ആ വെള്ളിയാഴ്ച കടകള്‍ രാവിലെ 9 മണിക്ക് തുറക്കുന്നതിനുപകരം രാവിലെ ആറുമണിക്ക് തുറക്കുന്നു. ഈ വള്‍ഷം ആദ്യമായി കടകള്‍ താങ്ക്സ്ഗിവിങിന്‍്റെ അന്നുതന്നെ പാതിരക്ക് തുറന്നു. എല്ലാ അവസരങ്ങളിലും ക്രമസമാധാനം പാലിക്കുന്ന അമേരിക്കക്കാരുടെ ക്ഷമ അന്ന് നശിക്കും. പലപ്പോഴും സാധനങ്ങള്‍ കൈക്കലാക്കുവന്നുള്ള ഉന്തും തള്ളും ഉണ്ടാവും. അന്ന് കിട്ടുന്ന സാധങ്ങള്‍ക്ക് വളരെ വിലക്കുറവായിരിക്കൂം എന്നതുതന്നെ കാര്യം.

വീടിന് വെളിയില്‍ എന്നതുപോലെ വീടിനുള്ളിലും ക്രിസ്മസ് അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. ചിലര്‍ക്കൊക്കെ ക്രിസ്മസ് ഡിസൈന്‍ ഉള്ള ഡിന്നര്‍ പാത്രങ്ങള്‍ വരെ ഉണ്ടായിരിക്കും. ചില ടൗണുകളില്‍ ടൗണ്‍ തന്നെ ക്രിസ്മസ് ടൂര്‍ അറേഞ്ച് ചെയ്യം. വീടിനു പുറവും അകവും ശ്രദ്ധേയമായി, ഭംഗിയായി അലങ്കരിച്ച വീടുകള്‍ ഈ ടൂറിനായി തുറക്കും. സന്ദര്‍ശകകരില്‍നിന്ന് ചെറിയൊരു തുക സന്ദര്‍ശന ഫീസായി ഈടാക്കുന്നത് ചില ചാരിറ്റി ഓര്‍ഗനൈസേഷന് സംഭാവന നല്‍കുകയും ചെയ്യം.

കേരളത്തിലെപ്പോലെ ക്രിസ്മസ് കരോള്‍ ഇവിടെ കാണാറില്ല. അത് മലയാളി പള്ളികളുടേതായി മാത്രം ചുരുങ്ങുന്നു. സ്കൂളുകളിലെ പാട്ടുസംഘം ‘ക്രിസ്മസ് കോണ്‍സേര്‍ട്ട്’ സ്കൂളുകളില്‍ നടത്തുന്ന പതിവുണ്ട്. പല പള്ളികളുടെയും മുമ്പിലുള്ള പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെയും ജോസഫിനെയും മറിയമിനെയും കാണാം.

മനസ്സിനിണങ്ങിയ ക്രിസ്മസ് ട്രീ കണ്ടുപിടിക്കുന്നതും അത് വെട്ടി വീട്ടില്‍ കൊണ്ടുവരുന്നതുമാണ് എന്നെ സംബന്ധിച്ചേടത്തോളം ക്രിസ്മസ് സമയത്തെ സാഹസികത. കടകളില്‍ വെട്ടിയ ക്രിസ്മസ് മരങ്ങള്‍ വാങ്ങുവാന്‍ കിട്ടും. ഒരു കുഴപ്പം മാത്രം, അവക്കെല്ലാം ആറടി പൊക്കമെ കാണു. വീട്ടില്‍ ലിവിങ്ങ്റൂമിന്‍്റെ സീലിങ്ങിനു നല്ല ഉയരമുണ്ട്. ആ മുറിയില്‍ ആറടി ഉയരത്തിലുള്ള മരം വെച്ചാല്‍ ‘ബോണ്‍സായി’ മരം മാതിരി തോന്നിക്കും . ഒരു പതിമൂന്ന് അടി എങ്കിലും ഉയരമുള്ള മരം കിട്ടിയില്ല എങ്കില്‍ മുറിയുടെ പൊക്കവുമായി ഒത്തുപോകില്ല. കഴിഞ്ഞ വര്‍ഷം ഇവിടെ ടൗണില്‍ ഉള്ള ഒന്നുരണ്ട് ക്രിസ്മസ് ട്രീകള്‍ വളര്‍ത്തുന്ന ഫാമില്‍ നോക്കിയിട്ടും മനസിനിണങ്ങിയ മരം കിട്ടിയില്ല. പലതിനും അപാകതകള്‍!

ഞങ്ങള്‍ നോക്കുന്ന ഉയരത്തിലുള്ള മരങ്ങള്‍ തന്നെയില്ല. എല്ലുകളെ തുളച്ചുകയരുന്ന തണുപ്പ്. ഞങ്ങളുടെ വിരലുകള്‍’ഗ്ളൗസ്’ ഇട്ടിട്ട് തന്നെ തണുത്ത് ചുവന്നു. ചുണ്ടുകള്‍ തണുപ്പില്‍ വിറച്ചു. കുട്ടികള്‍ ഫോണില്‍ സേര്‍ച്ച് ചെയ്തു അടുത്ത് വേറെ ഏതൊക്കെ ക്രിസ്മസ്ട്രീഫാംസ് ഉണ്ടെന്ന് കണ്ടുപിടിച്ച് വിളിച്ചു. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് വേണ്ട ഉയരത്തില്‍ ഭംഗിയൊത്ത മരങ്ങള്‍ ഒരു ഫാമില്‍ ധാരാളം ഉണ്ടായിരുന്നു. മകന് പെണ്ണ് അന്വേഷിച്ച് നടക്കുന്ന വീട്ടമ്മയുടെ ഇമേജാണ് അപ്പോള്‍എന്‍്റെ മനസ്സിലൂടെ പോയത്. മരം വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നാട്ടി നിര്‍ത്തുന്നതും ജോലിതന്നെ. ട്രീ ഹോള്‍ഡറില്‍ വെച്ചാലും ഇത്രയും ഉയരത്തിലുള്ള മരമായതിനാല്‍ അതിനെ തീരെ കനം കുറഞ്ഞ കമ്പികള്‍ കൊണ്ട് വലിച്ചുകെട്ടിയില്ളെങ്കില്‍ ചിലപ്പോള്‍ നിലംപതിച്ചെന്നുവരാം. അലങ്കാരങ്ങള്‍ കഴിഞ്ഞാണെങ്കില്‍ മരത്തില്‍ തൂക്കിയിരിക്കുന്ന ഓര്‍ണമെന്‍്റ്സ് പൊട്ടുകയും ചെയ്യം.

 

 
ഇവിടെ അവസരത്തിനനുസരിച്ച് ഓര്‍ണമെന്‍്റ്സ് വാങ്ങുവാന്‍ സാധിക്കും. എന്‍്റെ കുട്ടികള്‍ കോളേജില്‍ നിന്ന് പാസ്സായപ്പോള്‍ ഞാനവര്‍ക്ക് മിക്കി മൗസും മിനിമൗസും ഗ്രാഡ്വേറ്റ് ചെയ്ത ഓര്‍ണമെന്‍്റും മൂത്തമകള്‍ വിവാഹിതയായപ്പോള്‍ ഒരു പെണ്‍കുട്ടി വിവാഹഗൗണ്‍ അണിഞ്ഞ് ഭര്‍ത്താവോടൊപ്പം നില്‍ക്കുന്ന ഓര്‍ണമെന്‍്റും ആണ് വാങ്ങിക്കൊടുത്തത്. എന്‍്റെ ഭര്‍ത്താവിന്‍്റെ കാല്‍ ഒടിഞ്ഞ് കാല്‍ ബൂട്ട്കാസ്റ്റിലായിരുന്ന (കാലില്‍ പ്ളാസ്റ്റര്‍ ഇടുന്നതിനുപകരം ഒരു തരം ചെരുപ്പായിരിക്കും കൊടുക്കുക) ക്രിസ്മസ്സിന് സാന്തക്ളോസ് കാലൊടിഞ്ഞ് കാസ്റ്റില്‍ (പ്ളാസ്റ്ററില്‍) ഇട്ടിരിക്കുന്ന ഓര്‍ണമെന്‍്റ് ആ വര്‍ഷം ട്രീയില്‍ തൂക്കിയിട്ടു. അങ്ങനെ പല ഓര്‍ണമെന്‍്റിനും പല കഥകള്‍ പറയാനുണ്ടാകും. കുട്ടികള്‍ നഴ്സറി സ്കൂളില്‍ ഉണ്ടാക്കിയ ഓര്‍ണമെന്‍്റ്സ് സൂക്ഷിച്ച് വച്ച് എല്ലാവര്‍ഷവും മരത്തില്‍ തൂക്കും .

ഉച്ചകഴിഞ്ഞ് തുടങ്ങുന്ന ഡിന്നറിന് ടര്‍ക്കിയോ, ഹാമോ (പോര്‍ക്ക്) ആയിരിക്കും വിഭവങ്ങള്‍. ക്രിസ്മസിനാണ് എന്‍്റെ വീട്ടില്‍ നടത്തുന്ന ഏറ്റവും വലിയ പാര്‍ട്ടി. അന്നത്തെ ആഘോഷത്തില്‍ ഏക കൃസ്ത്യാനി കുടുംബം ഞങ്ങളുടേതായിരിക്കും. പാര്‍ട്ടിയില്‍ ഏകദേശം മുപ്പതിനുമേല്‍ അതിഥികളുണ്ടാവും. കേരളീയരുടെ രസമുകുളങ്ങള്‍ക്കു ഇഷ്ടപ്പെടും വിധം കേരളീയ ഭക്ഷണമാണ് ഞങ്ങള്‍ ഡിന്നറിന് ഒരുക്കുന്നത്. മട്ടണ്‍ ബിരിയാണിയാണ് കഥാനായകന്‍. ചിലരൊക്കെ ഒരോ വിഭവങ്ങള്‍ കൊണ്ടുവന്ന് സഹായിക്കും. പാര്‍ട്ടിക്ക് രണ്ടുദിവസം മുമ്പു തന്നെ കുട്ടികള്‍ ക്രിസ്മസ്സ് കുക്കീസ് (ബിസ്ക്കറ്റ്സ്) ഉണ്ടാക്കിത്തുടങ്ങും.
 

 

അന്നു വൈകിട്ട് സമ്മാനങ്ങള്‍ പൊതിഞ്ഞത് ട്രീയുടെ അടിയില്‍ വെക്കും. കിടക്കും മുമ്പായി എന്‍്റെ മകള്‍ ഒരു പ്ളേറ്റില്‍ അവള്‍ ഉണ്ടാക്കിയ ക്രിസ്തുമസ് ബിസ്ക്കറ്റില്‍ ഒന്നുരണ്ടെണ്ണവും ഒരു ഗ്ളാസില്‍ കുറച്ചു പാലും അടുക്കളയുടെ കൗണ്ടറില്‍ വെക്കും. സാന്തക്ളോസ് സമ്മാനങ്ങളുമായി ചിമ്മിനിവഴി ഇറങ്ങുമ്പോള്‍ ക്ഷീണിക്കില്ളേ? അപ്പോള്‍ വിശപ്പും ദാഹവുമകറ്റാനാണ് ബിസ്ക്കറ്റും പാലും. അവള്‍ കിടന്നു കഴിഞ്ഞാല്‍ ഞാന്‍ കുറച്ചു പാല്‍ കുടിക്കുകയും ബിസ്ക്കറ്റ് അല്‍പ്പം തിന്നുകയും ചെയ്യും, സാന്തക്ലോസ് വന്നുവെന്ന് വരുത്തുവാന്‍. ഇതെല്ലാം ഒരു മിഥ്യയാണന്ന് എനിക്കറിയാം, അവള്‍ക്കും അറിയാം. കുട്ടികള്‍ കിടന്നുകഴിഞ്ഞാല്‍ അവള്‍ക്കു വേണ്ടി തൂക്കിയിട്ടിരിക്കുന്ന വലിയ സ്റ്റോക്കിങ്ങില്‍ ചെറിയ സമ്മാനങ്ങള്‍ ഇടും. സാന്തക്ളോസ് കൊടുക്കുന്നതാണന്നാണ് വിശ്വാസം. ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് അറിയാമെങ്കിലും അത്തരം വിശ്വാസങ്ങളില്‍ നില്‍ക്കുവാനാണ് വളര്‍ന്നു വലുതായാലും പലരും ഇഷ്ടപ്പെടുന്നത്. അങ്ങനെ വിശ്വസിക്കുന്നതിലും ഒരു പ്രത്യേക സുഖമുണ്ടല്ളോ!

ഇത്തരം സൗഭാഗ്യങ്ങള്‍ ഇല്ലാത്ത പലരെയും ഈ സമയത്ത് ഓര്‍ത്ത് പലരും സഹായിക്കുന്നു. നിര്‍ദ്ധനനരായ ചില കുടുംബങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ, കുട്ടികള്‍ക്ക് വേണ്ടിയ ചെറിയ സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് ടൗണ്‍ഹാളില്‍ കൊടുത്തിട്ടുണ്ടാവും. ഒരു കുടുംബത്തിന്‍്റെ ലിസ്റ്റ് നമുക്ക് ഏറ്റടെുത്ത് സാധനങ്ങള്‍ വാങ്ങി അവര്‍ക്ക് കൊടുക്കാം. ഗാര്‍ബേജ് കളക്ടേഴ്സ്, പോസ്റ്റ്മാന്‍ എന്നുവേണ്ട എല്ലാവര്‍ക്കും ഒരു ചെറിയ സമ്മാനമോ ചെക്കോ കൊടുത്ത് നമ്മുടെ സന്തോഷം പങ്കുവെക്കുന്ന ഒരു പതിവുണ്ട്. ക്രിസ്മസ് ദിവസം വീട്ടില്‍ കയറിവന്ന അയല്‍ വക്കത്തെ പൂച്ചക്ക്, എന്‍്റെ കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ ഒരു ചെറിയ ചുവന്ന റിബണ്‍ കെട്ടിക്കൊടുത്തത് ഞാനോര്‍ക്കുന്നു.

ക്രിസ്മസിന്‍്റെ തലേദിവസം നല്ളൊരു പുലരി മനസ്സില്‍ക്കണ്ട് ഇഷ്പ്പെട്ടവരുമായി ഒരു സായാഹ്നം ചെലവഴിക്കുന്നതിന്‍്റെ സന്തോഷമോര്‍ത്ത് ഞാന്‍ ഉറങ്ങുവാന്‍ പോവുന്നു, പലകാര്യങ്ങള്‍ മനസ്സിലൂടെ കറങ്ങുന്നതിനാല്‍ ഉറക്കം മടിച്ച് മടിച്ചാണ് അടുത്ത് വരുന്നതെങ്കിലും.

 
 
 
 

മാറിയ പെണ്‍ജീവിതവും മാറാത്ത നമ്മുടെ മേല്‍മീശകളും

 
 
 
 
ശ്വേതാ മേനോന്റെ പ്രസവം,
ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച്
വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍
നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍
എന്നിവയുടെ പശ്ചാത്തലത്തില്‍
മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും
അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച
ഒരന്വേഷണം.
പ്രസന്ന രാഘവന്‍ എഴുതുന്നു

 
 

ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാളമാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം- ശ്വേതാ മേനോന്റെ പ്രസവം, ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍ നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച ഒരന്വേഷണം. ദക്ഷിണാഫ്രിക്കയില്‍ അധ്യാപികയായ പ്രസന്ന രാഘവന്‍ എഴുതുന്നു

 

 

ശ്വേതാമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ച കേരള സമൂഹത്തിന്റെ പരിണാമ ഘട്ടത്തിലെ പല വഴികളെ സ്പര്‍ശിക്കുന്നുണ്ട്. ശ്വേതയുടെ പ്രസവം ആനുകാലിക നവലിബറല്‍ കച്ചവടരീതികള്‍ക്കനുസരിച്ചു കാണ്ടേണ്ട ഒന്നാണ്. അതില്‍ ബഹുമുഖവൈകാരികതകള്‍ ഉള്‍പ്പെടുന്നുണ്ട്. ലൈംഗികതയും, പ്രണയവും, പ്രേമവും, പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമൂണ്ട്. അതേ ആനുകാലിക കച്ചവടതന്ത്രത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന നമ്മുടെ സമൂഹം പക്ഷെ, പരമ്പര്യ ജാഡയുടെ പതിവു മൂടുപടവും കെട്ടി തറവാടികളാകാനാണ് ശ്രമിക്കുന്നത്. ഈ തറവാടിത്തത്തിന്റെ നാല്‍ക്കവലയില്‍ എങ്ങോട്ടു പോകണമെന്നറിയാതെ കുറച്ചു പേര്‍ പകച്ചു നില്‍ക്കുന്നുമുണ്ട്.

ശ്വേതാമേനോന്‍ ക്യാമറ കണ്ണുകള്‍ക്കു മുമ്പില്‍ പ്രസവിച്ചതിനു വ്യക്തമായ സാമ്പത്തികവും തൊഴില്‍പരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രസവ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സംവിധായകന്‍ ബ്ലസി പണം കൊടുത്താണ് വാങ്ങിയത്. പകരം ഒരു നായാടിപ്പെണ്ണിന്റെ പ്രസവം വെറുതെ കിട്ടിയാലും സംവിധായകന് അതില്‍ താല്‍പര്യമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം ഏതു സംവിധായകനും സിനിമ കച്ചവടമാണ്. കച്ചവടത്തില്‍ ലാഭം വേണം. ഒരു നായാടിപ്പെണ്ണിന്റെ അല്ലെങ്കില്‍ ഭിക്ഷക്കാരിയുടെ പ്രസവം വച്ചു പടം പിടിച്ചാല്‍ അതിനെത്ര കാഴ്ചക്കാരുണ്ടാകും? മാര്‍ക്കറ്റ് കാപ്പിറ്റലിസത്തില്‍, ഉപഭോക്താവിന്റെ സംസ്കാരിക-സമൂഹിക-ബൌദ്ധികചുറ്റുപാടുകള്‍ അനുസരിച്ച് പരസ്യങ്ങള്‍ ചമഞ്ഞെടുത്ത് അവരെ ഉല്‍പ്പന്നത്തിലേക്കു നയിക്കയാണ് ഏതു കാപ്പിറ്റല്‍ മുതലാളിയും ചെയ്യുന്നത്.

മലയാളം സിനിമകളുടെ ഉപഭോക്താക്കള്‍ മലയാളികളാണല്ലോ? അവരില്‍ എത്രപേര്‍ നായാടി പ്പെണ്ണിന്റെ പ്രസവം പകര്‍ത്തിയതു കാണാന്‍ പോകും. അഥവാ നായാടിപ്പെണ്ണിന്റെ പ്രസവത്തെക്കാള്‍ കച്ചവട സാദ്ധ്യതയുള്ളത് നടിയുടെ പ്രസവത്തിനാണ്. അതു തിരിച്ചറിയുന്നതു തന്നെയായിരിക്കും സംവിധായകന്റെ ഇവിടുത്തെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ഇവിടെ മൂലധന മുതലാളിയും, ഉല്‍പ്പന്നവും, ഉപഭോക്താവും ഒരേ കണ്ണിയുടെ ഭാഗങ്ങളാവുകയാണ്.

ഇതേ ഉപഭോക്താക്കള്‍ തന്നെയാണ്, ശ്വേതയെ വിമര്‍ശിക്കുന്നത്. ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്നിത്തങ്ങള്‍’ , ‘ഭ്രാന്തുള്ളവരാണ് ഇങ്ങനൊക്കെ ചെയ്യുക’, ‘അശ്ലീലവും അനാവശ്യവുമാണ്’, ‘ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല’, ദുരുദ്ദേശമാണ്, ‘കമ്പോളത്തിന് വേണ്ടി വ്യക്തിഗത കാര്യങ്ങളെ കൂടി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയോ? ‘സാമൂഹ്യനീതിക്കു നിരക്കാത്തതാണ്,’, ‘പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള് കടന്നു കയറ്റമാണ് ‘ഇതൊക്കെ ചില സാമ്പിള്‍ ചോദ്യങ്ങള്‍ മാത്രമാണ്. ചുരുക്കമായി ചില അനുകൂല കമന്റുകളും ഉണ്ടായിട്ടുണ്ട്. ശ്വേത എന്തു ചെയ്താലെനിക്കെന്താ എന്ന നിസംഗതയും ചിലരില്‍ നിന്നു കേട്ടിരിക്കുന്നു.

ഈ പ്രതികൂല ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ മതി, ഈ പടം ബഹിഷ്ക്കരിക്കാന്‍. പിന്നീടൊരു സംവിധായകനും ഇങ്ങനെയൊരു ശ്രമത്തിനു മുതിരുകയേ ഇല്ല. പക്ഷെ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു തന്നെയല്ല, ഈ പടം വിജയിച്ചാല്‍ കുറച്ചു പടങ്ങള്‍ കൂടിയെങ്കിലും ഈ ലൈനില്‍ ഇറങ്ങുകയുംചെയ്യും, സമൂഹം കുറ്റം പറയുകയും ചെയ്യും. പടം റിലീസിനു വേണ്ടി കാത്തിരിക്കയുമാണ്. അപ്പോള്‍ തകരാര്‍, ഈ സമൂഹത്തിനു തന്നെയെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

പ്രസന്ന രാഘവന്‍


വ്യക്തി സ്വാതന്ത്യ്രവും പാരമ്പര്യ വാദവും
ഗ്ലോബലിസത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
ഗ്ലോബലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്, വില്‍പനമൂല്യങ്ങളുള്ള എന്തിനേയും ചരക്കാക്കി വില്‍ക്കാമെന്നാണ്. ഗ്ലോബലിസത്തിന് അതിന്റേതായ വ്യവസ്ഥകളും സമ്പ്രദായങ്ങളുമുണ്ട്. അവയില്‍ പലതും ഇന്ത്യന്‍ പാരമ്പര്യത്തിനു യോജിക്കുന്നതല്ല. വ്യക്തിസ്വാതന്ത്യ്രമാണ് അതിലൊന്ന്. വ്യക്തികള്‍ക്കു അവരുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം. ഇത്തരം സ്വാതന്ത്യ്രത്തിനു മൂല്യങ്ങളില്ല എന്നൊരു ധാരണ നമ്മൂടെ നാട്ടില്‍ പാരമ്പര്യ വാദികള്‍ പരത്തുന്നുണ്ട്. അതു ശരിയല്ല. വ്യക്തി സ്വാതന്ത്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മാനവികമൂല്യങ്ങളെ തന്നെയാണ്. ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ബഹുമാനിക്കപ്പെടുന്നത് ഈ മാനവിക മൂല്യങ്ങള്‍ ഒരുകാലത്ത് അവിടെ നിലനിന്നിരുന്നു എന്നതുകൊണ്ടാണ്. പിന്നീടു വന്ന അനേക മതത്വവാദികള്‍ (മതമാണ് വ്യക്തി സ്വത്വം നിര്‍ണയിക്കുന്നത് എന്നുള്ളവര്‍) അതില്‍ കൈകടത്തിയതോടെയാണ് അത്തരം മൂല്യങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങിയത്.

അപ്പോള്‍ പറഞ്ഞു വന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്യ്രം മാനവിക മൂല്യങ്ങള്‍ക്കനുസരിച്ചാണ്. അതായത് വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തിയുടെ ശരി, തെറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്, തീരുമാനമാകുന്നത്. അതു ശരിയായാല്‍ നല്ലത്. തെറ്റായാല്‍ അതിന്റെ പ്രത്യാഘാതങ്ങളും അവരുടെ ഉത്തരവാദിത്തമാണ്. എന്നുപറഞ്ഞാല്‍ ശ്വേതയുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണ്. ശ്വേതയുടെ മകള്‍ക്കു അഛനമ്മമാരുടെ പ്രവൃത്തികള്‍ ഒരുപക്ഷെ പ്രതികൂലമായി വന്നാല്‍ ആ കുട്ടിയും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

എന്നാല്‍ കേരള/മലയാളി സമൂഹം പൊതുവെ ലിബറലൈസേഷന്റെ ഈ വ്യക്തിസ്വാതന്ത്യ്ര അവസ്ഥകളെ ശരിയായ വിധം മനസിലാക്കുന്നില്ല. അതിനെ കേവലം സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമേ കാണുന്നുള്ളു. ലാഭം, നഷ്ടം ഇവയുടെ പേരില്‍ മാത്രം. കാരണം ഗവണ്‍മന്റുകള്‍ ഇങ്ങനെയാണ് ജനങ്ങളെ മനസിലാക്കിക്കുന്നത്. 1991ല്‍ ഗ്ലോബലിസം ഇന്ത്യയില്‍ നടപ്പിലാക്കിയത് കടക്കെണിയില്‍ നിന്ന് രക്ഷനേടുന്നതിനായിരുന്നു എന്നു മാത്രമേ ജനതക്കറിവുള്ളൂ. പിന്നീട് എല്ലാവര്‍ക്കും കൂടുതല്‍ ജോലികളും കിട്ടാന്‍ തുടങ്ങി.

 

 

വ്യക്തി സ്വാതന്ത്യ്രം: സംഘര്‍ഷങ്ങള്‍
എന്നാല്‍ ഗ്ലോബലിസം ഒരു പുതിയ ലോകക്കാഴ്ചയാണ്, ഒരു പുതിയ ജീവിതചര്യ. അതനുസരിച്ച് വ്യക്തി -സമൂഹ -രാഷ്ട്രീയ ജീവിതം മാറ്റപ്പെടേണ്ടതുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇതൊന്നും ജനങ്ങളെ അറിയിച്ചില്ല. കാരണം, വ്യക്തി സ്വാതന്ത്യ്രത്തെ സര്‍ക്കാറുകള്‍ ഭയക്കുന്നു. വോട്ടു ബാങ്കുകളെയാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്യ്രത്തിനു വേണ്ടി, ഗ്ലോബലിസത്തിന്റെ വ്യവസ്ഥയായി നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴും അതില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇപ്പോള്‍ തന്നെ വിവരാവകാശ നിയമത്തെ അടിസ്ഥാനമാക്കിയ പൌരാവകാശം ചര്‍ച്ചാവിഷയമാകുന്നത്.

പകരം വ്യക്തി സ്വാതന്ത്യ്രത്തിനു ഇന്നും നമ്മുടെ സമൂഹത്തില്‍ പകരം നില്‍ക്കുന്നത് നേരത്തേ പറഞ്ഞ മതത്വ വ്യവസ്ഥകളാണ്. വ്യക്തിസാമൂഹ്യ ബന്ധങ്ങള്‍ മതമൂല്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്ന വ്യവസ്ഥ. ഇവകളൊക്കെയോ പണ്ടെങ്ങോ ഏതോ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ, ദേശീയ, കാഴചപ്പാടുകളോ മേല്‍ക്കായ്മ, അധിനിവേശ താല്‍പര്യങ്ങള്‍ക്കോ പര്യാപ്തമായ രീതിയില്‍ എഴുതിയിട്ടവയാണ്. അവയ്ക്ക് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാലിക വ്യവസ്ഥയില്‍ യാതൊരു സാന്ദര്‍ഭികതയും ഇല്ല.

എങ്കിലും ദൈവശക്തിയുടെ പേരില്‍ വ്യക്തികളെ പെട്ടെന്നു നിയന്ത്രണത്തിനു വിധേയമാക്കാവുന്ന ഒരു ആത്മീയ ചിന്താപദ്ധതിയെ/ മനസുകളെ അവയ്ക്കു നിര്‍മ്മിക്കാന്‍ കഴിയുന്നു. ആ വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട, അഥവ ഒരേ അച്ചില്‍ വാര്‍ത്തത്തെടുക്കപ്പെട്ട ചിന്തയുള്ള വ്യക്തികളെ നിയന്ത്രിക്കുക വളരെ എളുപ്പമാണ്. ഒരു കേവല മൈനോറിട്ടിക്കും ഒരു വലിയ മജോറിറ്റിയെ ഈവിധത്തില്‍ നിയന്ത്രിക്കാന്‍ എളുപ്പമാണ്. ഈ രീതിയില്‍ ഈ മൈനോരിറ്റിയാണ് മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം തീരുമാനിക്കുന്നത്; ഭക്ഷണം, സ്വാദ്, വസ്ത്രം, ആഡംബരം, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈല്‍, തൊട്ട് വിവാഹം, ദാമ്പത്യം, പ്രസവം, ചോറൂണ്, അങ്ങനെ, അങ്ങനെ, സകലതും.

 

 

ഒരേ അച്ചിലുള്ള ചിന്തകള്‍
സുനില്‍ പി ഇളയിടം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ ഉദ്ഘാടന വേളയില്‍ അടുത്തകാലത്തു നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുന്നുണ്ട്:

“ലളിതമായി പറഞ്ഞാല്‍, വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റര്‍ ആണ്. വ്യാഖ്യാനം വര്‍ത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്. വിമര്‍ശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്ക്കുന്ന അറിവിനെ തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ ചര്‍ച്ചാവിഷയമാക്കുക വഴി, അത് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു”.

ശ്വേതയുടെ പ്രവൃത്തി അവരറിഞ്ഞോ അറിയാതെയോ മുകളില്‍ പറഞ്ഞ, ചിന്തകള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട, സമൂഹത്തെ അഥവാ കമ്മ്യൂണിറ്റികളുടെ അധികാരവ്യവസ്ഥയെ ഡിസ്റ്റെബിലൈസു ചെയ്യാന്‍ പ്രാപ്തിയുള്ള ഒന്നാണ്.

ഇത്തരം ഡിസ്റ്റെബിലൈസേഷനെ ഭയക്കുന്നവര്‍ അഥവ ഒരേ അച്ചിലുള്ള ചിന്തയില്‍ അഭിരമിക്കുന്നവരല്ലേ ശ്വേതയുടെ പ്രവൃത്തി സമൂഹ്യ നീതിക്കു നിരക്കാത്തതാണ്, സമൂഹ്യബോധമില്ലായ്മയാണ് എന്നൊക്കെ പറയുന്നത് ? എന്താണിവരുദ്ദേശിക്കുന്ന ഈ സമൂഹ്യബോധം? മറ്റുള്ളവരുടെ പ്രവൃത്തികള്‍ ഇവരുടെ സങ്കല്‍പങ്ങളെ പിന്തുടരണമെന്ന ശാഠ്യം? നാട്ടിലാരെങ്കിലും പ്രേമവിവാഹം നടത്തിയാല്‍ ഉടനെ ഇവര്‍ അതിനെതിരെ വരുകയായി. കാരണം, അവര്‍ സ്വന്തം മക്കള്‍ക്ക് മോശം മാതൃകയാകും എന്നു പറഞ്ഞുകൊണ്ട്. പണ്ടു മാധവിക്കുട്ടിയുടെ എന്റെ കഥകളെ കുറിച്ചു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞതും ഇതു പോലെയാണ്. ഞങ്ങളുടെ പെണ്‍മക്കളേയും സഹോദരികളെയും അതു വഴിതെറ്റിക്കുമെന്ന്.

 

 

സാമൂഹ്യ ബോധം എന്ന പുറംപൂച്ച്
എന്നാല്‍ അല്പം മാറി നിന്ന് യഥാര്‍ത്ഥത്തില്‍ എത്ര സാമൂഹ്യ ബോധമുള്ളവരാണ് നമ്മൂടെ സമൂഹത്തിന്റെ പരിച്ഛേദം എന്നു ചിന്തിക്കുമ്പോഴാണ് പൂച്ചു പുറത്താകുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി എന്തു കൊണ്ടാണിവര്‍ മുന്നോട്ടു വരാത്തത്. പെണ്‍വാണിഭക്കേസില്‍ പ്രതികളായതു സ്ഥാനമാനങ്ങള്‍ നേടിയെടുത്തവരും ഭരണം കൈയ്യിലുള്ളവരും ആണെങ്കില്‍ അവര്‍ സ്മൂഹത്തില്‍ പരത്തുന്ന മൂല്യച്യുതിയെക്കുറിച്ചെന്തു കൊണ്ട് ഇവര്‍ ശബ്ദമുയര്‍ത്തുന്നില്ല.

അതുകൂടാതെ എത്രയോ കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ പെണ്‍വാണിഭത്തിന്റെ ക്രൂരതക്കു വിധേയമായിരിക്കുന്നു. ഇനിയും ആകുന്നു. ആരുടെയൊക്കെയോ മുന്നില്‍ കൂടിയാണ് ഇതൊക്കെ നടക്കുന്നത്, ആരൊക്കെയോ ഇതറിയുന്നുണ്ട്, കാണുന്നുണ്ട്. പക്ഷെ ആരും തങ്ങളുടെ സാമൂഹ്യബോധം ഈ പെണ്‍കുട്ടികളെ സഹായിക്കുന്നതിലോ തെറ്റുകള്‍ തിരുത്തുന്നതിലോ മുന്നോട്ടു വരുന്നില്ല, എന്തിന് അഛനമ്മമാരും കുടുംബക്കാരു പോലും ഈ ചിന്താഗതി വച്ചു പുലര്‍ത്തുന്നതിനാല്‍, മക്കള്‍ക്കു രക്ഷകര്‍ത്താക്കളുടെ യഥാര്‍ത്ഥ സംരക്ഷണം നല്‍കുന്നില്ല.

കള്ളുകുടി സാമൂഹ്യമായും കുടുംബപരമായും മലയാളികളെ നശിപ്പിക്കുന്നു. പക്ഷെ എന്തു കൊണ്ടാണ് ഒരു വീട്ടില്‍ ഗൃഹനാഥന്‍ കള്ളുകുടിച്ചു വന്ന് എല്ലാതോന്ന്യാസങ്ങളും കാണിച്ചാലും അയലത്തുകാരൊക്കെ കണ്ടു നില്‍ക്കുന്നത്. തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കള്ളുകുടിയില്ലാത്ത ഒരച്ഛന്‍, വൈകിട്ടു വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മക്കളെ കനത്ത വടി വെട്ടി അടിച്ചോടിച്ച് , അവര്‍ അയല്‍വക്കങ്ങളിലും കന്നാലിക്കൂട്ടിലും, മരത്തിന്റെ ചുവട്ടിലും പൊയിക്കിടന്നുറങ്ങുന്നതു പതിവായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടറിവുണ്ട്. ബന്ധുക്കളോ അയല്‍വക്കക്കാരോ അയാള്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞ് ഇടപെട്ടിട്ടില്ല.

പറഞ്ഞുവരുന്നത്, സാമൂഹ്യമായി എത്ര ഉത്തരവാദിത്തമുള്ളവരാണ് നമ്മള്‍ എന്നു തന്നെയാണ്. ഒരേ ജാതിയെങ്കില്‍, ഒരേ വിശ്വാസികളാണെങ്കില്‍ ചിലപ്പോള്‍ സഹായിച്ചേക്കും. ഉള്ളതു പറയണമല്ലോ, വിശ്വാസികളല്ലാത്തവരേം സഹായിക്കും, പക്ഷെ രണ്ടു മൂന്നു തവണ സഹായിച്ചു കഴിയുമ്പോള്‍ അവന്റെ വീടിന്റെ പ്രമാണം എങ്ങോട്ടു പോയി എന്നു നോക്കിയാല്‍ മതി. .

 

 

മുതലാളിത്ത വ്യവസ്ഥയിലെ പെണ്ണും ചരക്കും
ഗ്ലോബലിസവുമായി ബന്ധപ്പെട്ട് പ്രബലമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്, എല്ലാം ചരക്കാവുന്നതാണ് ഈ വ്യവസ്ഥയെങ്കില്‍ അതില്‍ പെണ്ണും ചരക്കല്ലേ എന്ന ചോദ്യം. ഇതു ഇന്നു നാട്ടില്‍ പോപുലര്‍ ആയ ഒരു ചിന്തയാണ്. അതു കൊണ്ടാണ് ഈ ചോദ്യം പ്രത്യേകം എടുത്തു പരിശോധിക്കേണ്ടി വരുന്നത്.

സുനില്‍ പി ഇളയിടം അതേ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ചെയ്ത് മറ്റൊരു ഭാഗം കൂടി ശ്രദ്ധിക്കാം.

“ഈ സ്വതന്ത്രമനുഷ്യനും ആ സ്വതന്ത്രമനുഷ്യനെ സാധ്യമാക്കുന്ന സ്വയംപര്യാപ്ത കര്‍ത്തൃത്വമെന്ന തത്വചിന്താപരമായ വിഷയവും മുതലാളിത്ത ഉല്‍പാദനത്തെ സംബന്ധിക്കുന്ന അനിവാര്യമായ ഒരു മുന്നുപാധിയാണെന്നതാണ് വാസ്തവം. കാരണം വ്യക്തിയുടെ അധ്വാനത്തെ അധ്വാനശക്തിയെന്ന നിലയില്‍ രൂപാന്തരപ്പെടുത്തി, ഈ അധ്വാനശക്തിയെ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ കൈകാര്യകര്‍ത്തൃത്വമുള്ള സ്വയംപര്യാപ്തകര്‍ത്താക്കളാക്കി ആധുനികമനുഷ്യരെ മാറ്റിക്കൊണ്ടല്ലാതെ മുതലാളിത്തമെന്ന ഉല്‍പാദനവ്യവസ്ഥക്ക് നിലനില്ക്കാനാകില്ല. അതുകൊണ്ട് തന്നെ, മുതലാളിത്തം ചെയ്തത് നാടുവാഴിത്തത്തിന്റെ കീഴില്‍ കെട്ടിയിടപ്പെട്ട മനുഷ്യാധ്വാനത്തെ അധ്വാനശക്തിയെന്ന നിലയ്ക്ക് ചരക്കുവല്‍ക്കരിച്ച്, ആ അധ്വാനശക്തിയെ കമ്പോളത്തില്‍ വിലപേശി വില്‍ക്കാന്‍ കഴിയുന്നവരായി മനുഷ്യരെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു. അല്ലാതെ മുതലാളിത്തോല്പാദനത്തിനു മുന്‍പോട്ട് പോകാന്‍ പറ്റില്ല”.

അതാണ് മുതലാളിത്തവ്യവസ്ഥയിലെ ചരക്കുവല്‍ക്കരണത്തിന്റെ അടിസ്ഥാനം. ചരക്കിനു മൂല്യമുണ്ട്, വിലയുണ്ട്, വില്‍പ്പനക്കാരുമുണ്ട്. ഇതു മൂന്നുമില്ലെങ്കില്‍ ചരക്കില്ല. അതു പോലെ ചരക്കിനെ വിറ്റഴിക്കാന്‍കൈകാര്യ കര്‍ത്തൃത്വം ആവശ്യമാണ്. ഇവയൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു പെണ്ണ് തന്നെ സ്വയം വില്‍പനക്കു വക്കുമ്പോള്‍മാത്രമേ അവള്‍ ചരക്കാകുന്നുള്ളൂ. അല്ലാതെ വഴിയില്‍ കാണുന്ന എല്ലാം പെണ്ണും ചരക്കുകളല്ല.

 

 

കൈകാര്യകര്‍തൃത്വവും താന്തോന്നിത്തവും
എന്നാല്‍, നാടുവാഴിത്ത കാലത്ത് പെണ്ണിന്റെ വില്‍പനക്കാര്‍ നാടുവാഴികളായിരുന്നു, പ്രമാണികളായിരുന്നു, മേലാളന്മാരായിരുന്നു. ഇപ്പോഴും, ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ ചിന്തയിലാണ്, കേരളത്തിലെ ഭൂരിപക്ഷവും അഭിരമിക്കുന്നത്. പെണ്ണിന്റെ സംരക്ഷണം വിവാഹം ഇതിലൊക്കെ ഈ ചിന്തകള്‍ ഇപ്പോഴും പ്രബലമാണ്. കല്യാണം പെണ്ണിനെ ചരക്കുവല്‍ക്കരിക്കുകയാണ്, ഒരു പരിധി വരെ ആണിനെയും. പക്ഷെ ഈ കച്ചവടങ്ങളില്‍ ആര്‍ക്കൊക്കെയാണ് കൈകാര്യകര്‍തൃത്വം?.

മുതലാളിത്തം എല്ലാവര്‍ക്കും ആണിനും പെണ്ണിനും കൈകാര്യ കര്‍തൃത്വം കൊടുക്കുന്നു. അതു പെണ്ണു മനസിലാക്കിക്കൂടാ എന്നാണ് അവസ്ഥ. അതു മനസിലക്കുന്നവരെ താന്തോന്നികളായി മുദ്രയടിക്കപ്പെടാനും അവരെ പല തരത്തിലുള്ള അക്രമങ്ങള്‍ക്കും വിധേയരാകുന്നതും അപ്പോഴും അവരെ മാത്രം കുറ്റപ്പെടുത്തുന്നതും ഈ സാഹചര്യത്തില്‍ യാദൃശ്ചികമല്ല.

ഈ പശ്ചാത്തലത്തില്‍ ശ്വേത ചെയ്തത്, സ്വന്തം പ്രസവത്തിന്റെ വില്പന മൂല്യം മനസിലാക്കി, കൈകാര്യ കര്‍ത്തൃത്വത്തോടെ കച്ചവടം ചെയ്തു. എന്നു പറഞ്ഞതു കൊണ്ട്, ഇനി നാടു മുഴുവന്‍ പെണ്ണുങ്ങളു കാമറയയുടെ മുന്നില്‍ പ്രസവിക്കാന്‍ പോകുന്നെന്നാണോ? അതോ കാമറയുമായി സംവിധായകരൊക്കെ പെണ്ണുങ്ങളുടെ പ്രസവം സിനിമയിലാക്കാന്‍ വീടുകളിലേക്കു കടന്നു വന്ന് അവരുടെ സ്വകാര്യതയിലേക്കു കടന്നു കയറുമെന്നോ?

(ഈ കൈകാര്യകര്‍തൃത്വം അത്ര നിസ്സാരമായ ഒരു കാര്യമൊന്നുമല്ല എന്നു കൂടി പറയട്ടെ. അതിന് അതിന്റേതായ സങ്കീര്‍ണ്ണതകളും ഉണ്ട്. ഒരു ജനതക്കു ഇതിനനുസരിച്ച ജ്ഞാനപര-സമൂഹ്യ-രാഷ്ടീയ-വിദ്യാഭ്യാസ- സൈദ്ധാന്തിക മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. വ്യക്തിയുടെ സ്വതന്ത്യ്രബോധം ഇതിലേക്കുള്ള ആദ്യപടി മാത്രമാണ്)

 

നാലാമിടം പ്രസിദ്ധീകരിച്ച വി.പി റജീനയുടെ കുറിപ്പ്


 

പ്രസവം എന്ന വൈകാരികത

വൈകാരികവും ഭൌതികവുമായ നിറങ്ങള്‍ ഉപയോഗിച്ച് സ്ത്രീപ്രസവത്തെക്കുറിച്ച് പുരുഷന്മാര്‍ക്ക് അറിവു കൊടുക്കുന്നുണ്ട് വി.പി റജീന. അസലായിട്ടുണ്ട് അത്. പ്രപഞ്ചത്തില്‍ നടക്കുന്ന മഹത്തായ സംഭവങ്ങളിലൊന്നാക്കി പ്രസവത്തെ റജിന കാണിക്കുന്നുണ്ട്. അതുപോലെ പ്രസവം വെറുമൊരു പ്രക്രിയ അല്ലെന്നും അതു സ്ത്രീക്കു കൊടുക്കുന്നത് മാതൃത്വമെന്ന ചുമതലയും സമൂഹ സൃഷ്ടിയുടെ ഉത്തരവാദിത്തവുമാണെന്നും.

അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനില്‍ ഉയരുന്ന ആഭാസചിന്തകളും അവര്‍ ശ്രദ്ധയില്‍പെടുത്തുന്നു, ‘അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ’.

പക്ഷെ പുരുഷന്‍ മാത്രമാണോ ഇങ്ങനെ ചിന്തിക്കുന്നത്? ‘സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു’ എന്ന് സ്മിത മീനാക്ഷി എഴുതുമ്പോള്‍ അങ്ങനെ ചിന്തിച്ചു പോകുന്നു.

പ്രസവത്തെ, ക്രൂരമായി നോക്കിക്കാണുന്നത് നമ്മൂടെ ദൈനംദിന സംസ്കാരിക ജീവിതത്തിന്റെ ഒരു ഭാഗം കൂടിയല്ലേ? സ്ത്രീ വിവാഹിതയായാല്‍ ഒമ്പതാം മാസം തന്നെ പ്രസവിക്കണം, അതും ആണ്‍കുട്ടിയാകണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ നിന്ദയേല്‍ക്കണം. പെണ്‍കുട്ടികള്‍ മാത്രമുള്ള മകനോട്, നിന്നിലൂടെയല്ല കുടുംബം നിലനില്‍ക്കുന്നത്, നിന്റെ അനിയനില്‍ കൂടിയാണ്, കാരണം അവന്റെ ഭാര്യ ആണ്‍കുട്ടിയെ പ്രസവിച്ചു എന്നു പറയുന്നത് നാട്ടുകാരല്ല, സ്വന്തം അമ്മയാണ്. അടുത്ത ബന്ധുക്കളാണ്. ഇനി തറവാട് നിലനിര്‍ത്തുന്ന ആണ്‍മക്കളെ ഗര്‍ഭത്തില്‍ ചുമക്കുന്ന മരുമക്കളോട് എത്ര ക്രൂരമായാണ് പല അമ്മമാരും പെരുമാറുന്നത്.

 

നാലാമിടം പ്രസിദ്ധീകരിച്ച സ്മിത മീനാക്ഷിയുടെ കുറിപ്പ്


 

പുതിയ കാലത്തെ പെണ്‍ജീവിതങ്ങള്‍
പക്ഷെ പ്രവാസ ജീവിതം ഇതിനൊക്കെ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്, നിങ്ങളുടെ ക്രൂരതകള്‍ അനുഭവിക്കാന്‍ വന്നവരല്ല ഞാന്‍/ഞങ്ങള്‍ എന്ന മനോഭാവം/ സ്വാതന്ത്യ്രം (കര്‍തൃത്വ ബോധം) ഇന്നത്തെ പെണ്‍കുട്ടികള്‍ നേടിയെടുത്തതു കൊണ്ടു കൂടിയാണ്. എന്നാല്‍ ഈ സ്വാതന്ത്യ്രം അവര്‍ക്ക് നല്ലൊരംശം വിനയായി ഭാവിക്കുന്നു എന്നുള്ളതാണ്, മലയാളികള്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നതിന്റെ അര്‍ത്ഥം. ഇവിടെയും കാണുന്നത് അങ്ങോട്ടുമിങ്ങോട്ടും ഭരിക്കുന്നതില്‍ നേരിടുന്ന ഭിന്നിപ്പുകളാണ്. ഈ ഭിന്നത പലപ്പോഴും സ്ത്രീകള്‍ തമ്മിലാണ് തുടങ്ങിവക്കുന്നത്, പുരുഷനു പ്രശ്ന പരിഹാരത്തിന്റെ ശേഷി പൊതുവെ കുറവായതിനാല്‍ അവര്‍ പലപ്പോഴും വശം ചേര്‍ന്നു നില്‍ക്കയോ നാല്‍ക്കവലയില്‍ വഴിതെറ്റി നില്‍ക്കുന്നവനേ പോലെ പെരുമാറുകയോ ചെയ്യുന്നു.

ഇന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ നല്ലൊരംശവും നല്ല സ്ത്രീധനത്തോടെയാണ് വിവാഹിതയാകുന്നത്, തറവാടുവിറ്റാണെങ്കിലും. കൂടുതലും ജോലിയുള്ളവരുമാണ്. യോഗ്യതകള്‍ നേടി ഇന്നാരും വീട്ടില്‍ വെറുതെ ഇരിക്കുന്നില്ല. പെണ്‍കുട്ടികള്‍ പോലും പ്രവാസ ജീവിതത്തിനു തയ്യാറാകുന്നു. അതും മാര്‍ക്കറ്റ് വ്യവസ്ഥയില്‍ വന്ന ഒരു മാറ്റമാണ്. സ്വന്തം കഴിവുകള്‍ക്ക് മൂല്യങ്ങളുണ്ട് എന്നും അതു മാര്‍ക്കറ്റു ചെയ്താല്‍ പണം കിട്ടും എന്നവര്‍ മനസിലാക്കി വരുന്നു. പക്ഷെ ഇപ്പോഴാണ് വിവാഹ മോചനം കൂടുതല്‍. അവിടെയും പ്രശ്നം സ്വാതന്ത്യ്രബോധവും ഒര അച്ചിലുള്ള ചിന്തയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്. ആര്‍ക്കാണ് അധികാരം/ സ്വാതന്ത്യ്രം എന്ന് ഈ അച്ചുചിന്ത തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യ്ര ചിന്തയില്‍ എല്ലാവരുടെയും സ്വാതന്ത്യ്രം മാനിക്കപ്പെടണം എന്നുള്ളതാണ്. മറ്റുള്ളവന്റെ സ്വാതന്ത്യ്രം തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്യ്രം അവസാനിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.

ഈ സ്വാതന്ത്യ്രബോധം വേറെയും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ഛനുമമ്മയും മക്കളും തമ്മിലുള്ള ബന്ധം നോക്കൂ. സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഗ്ലോബലിസ്റ് തലത്തില്‍ സ്വാശ്രയത്വം നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ എന്താണീ സാശ്രയത്വം. വ്യക്തി, സ്വകാര്യത, സ്വാതന്ത്യ്രം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്‍മക്കളെ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭങ്ങള്‍ ധാരാള മാണ്. ഇത്തരം സാഹചര്യങ്ങള്‍ പെണ്‍മക്കളുടെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

 

 

സ്വാശ്രയത്വത്തിന്റെ വില
ജെ.ദേവിക, ഇത്തരം രണ്ടനുഭവങ്ങളെക്കുറിച്ച് Young Women in Kerala:Between Empowerment and Death part 1 & part 2 എഴുതിയിട്ടുണ്ട്. പാര്‍ട്ട് 1 മുകളില്‍ പറഞ്ഞതു പോലെ വീടിനു വേണ്ടി ത്യാഗം ചെയ്യാന്‍ പുറം ലോകത്തേക്കു പോകുന്ന സ്വാശ്രയത്വം നേടി എന്നു കരുതുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനേക്കുറിച്ചാണ് എഴുതുന്നത്. പുറത്തെ ലോകത്തു സ്വന്തന്ത്രബോധത്തോടെ പോകാന്‍ താല്‍പര്യപ്പെടുന്ന മകളെ പക്ഷെ അമ്മക്ക് സംശയമാണ്. പ്രതിശ്രുത വരനുമായുള്ള വിവാഹം സ്വപ്നം കാണുമ്പോഴും വീട്ടിലെല്ലാവരും അവളുടെ അനിയത്തിയെ അയാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് അവള്‍ മാത്രം അറിയുന്നില്ല, അറിഞ്ഞപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യുന്നു.

രണ്ടാമത്തേത്, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച് കോഴിക്കോട് NIT യിലെ ഗവേഷണ വിദ്യാര്‍ഥി ഒ.കെ ഇന്ദുവിന്റെ ആത്മഹത്യയാണ്. അവരുടെ മരണകാരണം വ്യക്തമല്ല എങ്കിലും അതു കേരളത്തില്‍ സ്വാശ്രയത്വം നേടാന്‍ ശ്വമിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ സ്വകാര്യതയിലും സ്വാതന്ത്യ്രത്തിലും നിലനില്‍ക്കുന്ന രോഗാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. “”However, young women in Kerala have no right to a ‘private’ — as distinguished from the ‘domestic’ which is open to community, family, and state surveillance.”

അഥവാ സ്വാശ്രയത്വത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിര്‍ണയിക്കുന്ന വിലക്കുകള്‍ക്കപ്പുറത്തേക്കു പോകുന്നവര്‍ അതിന്റെ ഫലമറിയണമെന്നാണ്. ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമോചനമാകാം, റേപ്പാകാം, പീഡനമാകാം, ചൂഷണമാകാം, പിന്നെ വീട്ടുകാര്‍ക്കും നാട്ടാര്‍ക്കും തോന്നുന്ന എന്തുമാകാം.

ഇവിടെയാണ് ശ്വേത ശാക്തീകരണ സ്റാറായി നില്‍ക്കുന്നത്. തന്റെ തീരുമാനത്തിന് , അവര്‍ക്ക് മുകളില്‍ പറഞ്ഞ ഫലങ്ങളൊന്നും കിട്ടിയിട്ടില്ല, വിവാഹമോചനമുണ്ടായില്ല, പീഡനങ്ങളുണ്ടായില്ല, കാരണം ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കൂടെനില്‍പ്പുണ്ട്.

 

 

പ്രസവത്തിന്റെ സാമൂഹികമാനങ്ങള്‍
ചുരുക്കത്തില്‍, പ്രസവം, കുട്ടിയുടെ ജനന പ്രക്രിയക്കും അമ്മ അനുഭവിക്കുന്ന പ്രസവമുറിയിലെ/ മേശയിലെ വേദനക്കുമപ്പുറം പലതുമാണ് . ഒരു കുഞ്ഞിനെ ജനിപ്പിച്ചതു കൊണ്ടു മാത്രമാകുന്നില്ല, അതിനെ വളര്‍ത്തി വലുതാക്കി ജീവിതത്തില്‍ വിജയിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കുള്ളതാണ് (അവര്‍ ആത്മഹത്യ ചെയ്താല്‍ അതു കുടുംബത്തിലെ തകരാറാണ്) അവിടെ അഛനുമമ്മക്കും തുല്യമായ കടമകളും ചുമതലകളുമുണ്ട്. കേരളത്തിന്റെ സമൂഹ്യ പാരമ്പര്യത്തിന്റെ ചേരിയില്‍ അഛനമ്മമാര്‍ക്കു വലിയ കര്‍മ്മപ്രാധാന്യമില്ലാത്ത ഒരവസ്ഥയുണ്ട്. അച്ഛന്‍ ആരാണെന്നറിഞ്ഞുകൂടാത്ത അവസ്ഥകളും, അഥവ അച്ഛന്‍ മക്കളെ അംഗീകരിക്കാത്ത അവസ്ഥകളും ഉണ്ട്. പിന്നീട് അച്ഛന്‍ പൂമുഖത്തു ചാരുകസേരയില്‍ ഒതുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയും ഉണ്ട്.

അവിടെ നിന്ന് ഇപ്പോള്‍ പുരുഷന്‍ കുടുംബ നായകനായിട്ട് അധികകാലമൊന്നുമായിട്ടില്ല.

അതുപോലെ, പ്രസവം അശുദ്ധമായ ഒരു കാര്യമായിരുന്നു മലയാള പാരമ്പര്യത്തില്‍. നല്ല കാര്യങ്ങളൊന്നും പ്രസവവീട്ടില്‍ നടത്തുകയോ വീട്ടുകാരണവ
രാ പ്രമാണികളോ അവിടെ നിന്നു തുള്ളി വെള്ളം കുടിക്കുകയോ ചെയ്യുമായിരുന്നില്ല. അച്ഛന്‍ കുട്ടിയെ കാണുകപോലും മാസങ്ങള്‍ കഴിഞ്ഞായിരിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്ഥാനം വഹിക്കേണ്ട അച്ഛന്, മക്കളുമായി വൈകാരികമായ യാതൊരടുപ്പവുമില്ലാത്ത അവസ്ഥയും നമ്മുടെ പാരമ്പര്യത്തിലുണ്ട്.

ഇപ്പോഴത്തെ അച്ഛന്മാര്‍ക്കതിനു താല്‍പര്യമുണ്ട്, പക്ഷെ ഭൂരിപക്ഷത്തിനും ഒരു ബ്ലോക്കാണ് ഉള്ളില്‍. എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും വരുമ്പോള്‍ ആരെയാണ് ഒന്നു മാത്യകയാക്കുന്നത്. എന്നാലും അടിച്ചമര്‍ത്തുന്ന പാരമ്പര്യ മാര്‍ഗങ്ങള്‍ എളുപ്പായതിനാല്‍ അതാണ് പൊതുവെ അവലംബിക്കുന്നത്. മക്കളുടെ സ്വതന്ത്ര ബോധത്തെ അംഗീകരിക്കാന്‍ കഴിയാതെ അവര്‍ താന്തോന്നികളാണ് എന്നൊക്കെ പറഞ്ഞുകളയും.

 

 

പിതാവ് എന്ന പാഠം
എന്റെ ഇവിടത്തെ (സൌത്താഫ്രിക്കയില്‍), ഔദ്യോഗിക സ്ഥാനം ഫിസിക്കല്‍ സയന്‍സസിന്റെ (ഗ്രേഡ് 12 സ്കൂള്‍ തലത്തില്‍) ഹെഡ് ഒഫ് ഡിവിഷന്‍ എന്നതാണ്. കുട്ടികളെ ഫിസിക്സും കണക്കും, കെമിസ്ട്രിയും പഠിപ്പിക്കുന്നതു കൂടാതെ എട്ടില്‍ പരം അധ്യാപകരുടെ ക്ലാസ് റും അധ്യയന മാനേജ് മെന്റും സ്കൂള്‍ മാനേജ് മെന്റും ഒക്കെ എന്റെ ചുമതലകളാണ്. മനുഷ്യബന്ധങ്ങള്‍ വല്ലാതെ പരീക്ഷിക്കപ്പെടുന്ന ദുര്‍ഘടകരമായ അനുഭവങ്ങള്‍ ദിവസേന തരണം ചെയ്യേണ്ടതുണ്ട്.

പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അഛനില്‍ നിന്നു ഞാന്‍ പഠിക്കാനിടയായ പല കാര്യങ്ങളും പ്രയോഗിച്ച് പരിഹരിച്ചിട്ടുണ്ട്. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിച്ചു എന്ന് അച്ഛന്‍ ഞങ്ങളോടു പറയുമായിരുന്നു. തിരക്കുള്ള ജീവിതത്തില്‍ അച്ഛന്‍ വിട്ടുപോയത് അമ്മയും. ഞങ്ങളുടെ അച്ഛന്‍ പൂമുഖത്തെ ചാരുകസേരയല്ലായിരുന്നു.

എന്നാല്‍, ഞങ്ങള്‍ അഛനെ ബഹുമാനിക്കാത്തവരാണ് എന്ന് വീട് സന്ദര്‍ശിച്ചിരുന്ന ചിലരൊക്കെ അന്ന് വിധിയെഴുതിയിട്ടുണ്ട്. ബഹുമാനത്തെക്കുറിച്ചുള്ള നമ്മുടെ ഒരേ അച്ചിലുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഞാന്‍ ഇവിടെയിരുന്നു പലപ്പോഴും ഓര്‍ക്കാറുണ്ട്.

 
 
 
 

സാരിയുടെ സദാചാരജാഡ

 
 
 
 
സാരി ഉടുക്കുന്നതിന്റെ രാഷ്ട്രീയം.
മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു

 
 

എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.

സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്- മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു

 

 

ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രണ്ടു സുന്ദരിമാരുടെ സംഭാഷണം കേള്‍ക്കാനിടയായി. ഒരാള്‍ വിവാഹിത, മെലിഞ്ഞ സുന്ദരി. മറ്റെയാള്‍ വിദ്യാര്‍ഥിനി, തടിച്ച സുന്ദരി.

മെലിഞ്ഞ സുന്ദരിയുടെ കൈകാലുകള്‍ സുന്ദരമാണെന്നു തടിച്ചവള്‍. മെലിഞ്ഞവള്‍ക്ക് പെരുത്ത് സന്തോഷം. കൈകാലുകള്‍ക്കു നിറം കൂട്ടാനും ഭംഗി വര്‍ദ്ധിപ്പിക്കാനുമുള്ള നുറുങ്ങ് വിദ്യകള്‍ പറഞ്ഞ് കൊടുത്തു കൊണ്ട് മെലിഞ്ഞ സുന്ദരി അവരുടെ സൌന്ദര്യപ്പെട്ടി തുറന്ന് കഴിഞ്ഞു. സംസാരം ഇപ്പോള്‍ ഇഷ്ടവേഷത്തില്‍ എത്തിനില്‍ക്കുകയാണ്.

തങ്ങളുടെ ഇഷ്ടവേഷം സാരിയാണെന്ന് രണ്ട് പേരും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. ചര്‍ച്ച പിന്നീട് അതിന്റെ കാരണങ്ങളെ കുറിച്ചായി. വിവാഹിതയായ സുന്ദരിയുടെ ഭര്‍ത്താവിന് അവര്‍ സാരി ഉടുത്ത് കാണുന്നതാണ് കൂടുതലിഷ്ടം. (അതുകൊണ്ട് ഭര്‍ത്താവിന്റെ അംഗീകാരത്തിനായി അവര്‍ സാരി ഉടുക്കുന്നു.) അവിവാഹിതയായ തടിച്ച സുന്ദരിക്കും ഉണ്ട്, നിരത്തി വക്കാന്‍ രസകരമായ കാരണങ്ങള്‍— ‘സാരിയുടുത്ത് കാണാന്‍ നല്ല ഐശ്വര്യമാണെന്ന് എല്ലാവരും പറയുന്നു’. ഇതാണ് ആ പെണ്‍കുട്ടിയുടെ കണ്ടെത്തല്‍. ചുരുക്കത്തില്‍, സാരി അവരുടെ ഇഷ്ടവേഷത്തിന്റെ ലിസ്റിലേക്ക് പരിഗണിക്കാന്‍ കാരണം ആ വേഷം സമൂഹത്തില്‍ നല്‍കുന്ന സ്വീകാര്യതയാണ്.

 

സീനാ ആന്റണി


 

വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.

സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്.

നമ്മുടെ സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ഒക്കെ ചേര്‍ന്നു സാരിക്ക് വേണ്ടതിലധികം കാല്‍പനികത കല്‍പിച്ചു നല്‍കിയിട്ടുമുണ്ട്. കഷ്ടകാലത്തിന് നമ്മുടെ മലയാള സിനിമയിലെ ഒരു മാതിരിപ്പെട്ട നായകന്മാര്‍ക്കൊക്കെ നായിക ഒന്ന് സാരി ഉടുത്താലേ അങ്ങ് ബോധിക്കൂ. പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണ് എന്ന് കാണിക്കാന്‍ സാരി ഉടുപ്പിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം സംവിധായകരുടെയും കണ്ടെത്തല്‍ .

 

Painting: Raja Ravi Varma


 

നിര്‍ബന്ധിത ഇടങ്ങള്‍
ജോലി സ്ഥലങ്ങളില്‍ സാരി ഇപ്പോള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെങ്കിലും, കലാലയങ്ങളില്‍ ഇപ്പോഴും സാരി, നിര്‍ബന്ധ യൂണിഫോമിന്റെ ഭാഗമായും അല്ലാതെയും അതിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹത്തില്‍ സാരി കടന്നു വരുന്നത് നിര്‍ദോഷകരം എന്ന് തോന്നിപ്പിക്കുന്ന ചില ചടങ്ങുകളുടെ ഭാഗമായാണ്. സെമിനാറിന്റെയും അസോസിയേഷന്‍ ഉദ്ഘാടനങ്ങളുടെയും കേരളപ്പിറവി, ഓണം ഇത്യാദി ഉത്സവ പരിപാടികളുടെയും പേര് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ട് സാരി ഉടുപ്പിക്കുന്ന പരിപാടി തടസ്സങ്ങള്‍ ഒന്നും കൂടാതെ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ആണ്‍കുട്ടികളെ മുണ്ട് ഉടുപ്പിച്ച് അവരെ ‘സംസ്കാര സമ്പന്നരും’ ‘സുന്ദരന്‍മാരും’ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അത്രതന്നെ നടക്കുന്നതായി കാണുന്നില്ല. ‘സംസ്കാര’ത്തോട് വല്ലാതെ പ്രേമം കയറുന്ന ആമ്പിള്ളേര്‍ ചില വിശേഷാവസരങ്ങളില്‍ മുണ്ടുടുത്തുവരുന്നു എന്നല്ലാതെ. സാരിയോട് ചേര്‍ന്നു നില്‍ക്കുന്ന സദാചാരത്തെയും കാല്‍പനിക സൌെന്ദര്യ ബോധത്തെയും ചോദ്യം ചെയ്യാനുള്ള ഒരിടം പോലും കലാലയങ്ങള്‍ സൃഷ്ടിക്കുന്നില്ല.

 

 

പറഞ്ഞ് പറഞ്ഞ്…
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളക്കുന്നതല്ല സാരിയും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധം. അതിന്റെ വിത്തുകള്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളുടെ മനസ്സില്‍ വിതയ്ക്കപ്പെടുന്നുണ്ട്. ഒരു ചെറിയ തുണി, സാരി പോലെ തോളിലേക്കിട്ട് ‘ഇപ്പോള്‍ വലിയ പെണ്ണായല്ലോ’ എന്ന് പറഞ്ഞ് കളിപ്പിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്നുണ്ട് ഈ കണ്ടീഷനിംഗ്. പ്രായപൂര്‍ത്തി ആകുമ്പോള്‍, ‘പെണ്ണ് സാരിയൊക്കെ ഉടുക്കാറായല്ലോ’ എന്ന അഭിപ്രായ പ്രകടനങ്ങളും കാത്തിരിക്കുന്നുണ്ടാവും. ‘സാരി ഉടുത്താല്‍ പക്വത തോന്നും, കൂടുതല്‍ സുന്ദരി ആയി തോന്നും…’ എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടങ്ങള്‍ വേറെ!

ഇതൊക്കെ കണ്ടും കേട്ടും വളരുന്ന പെണ്‍കുട്ടികള്‍ അറിയാതെ സാരി പ്രേമത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യുകയാണ്. അങനെ, ഭംഗിയായി സാരി ഉടുക്കാന്‍ കഴിയുക എന്നത് അവരുടെ ജീവല്‍പ്രശ്നമാകും. പിന്നെ, അത് ഉടുത്ത് നടക്കാനുള്ള കസര്‍ത്തുകള്‍. ഇറുകിപ്പിടിച്ച ബ്ലൌസും അടിവസ്ത്രങ്ങളും സൃഷ്ടിക്കുന്ന അസ്വസ്ഥത. അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ സാരിബ്ലൌസിനെ വിശേഷിപ്പിച്ചത്, ‘നമ്മള്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വൃത്തികെട്ട സാധനം’ എന്നാണ്. ഇറുകിപ്പിടിച്ച് കാറ്റ് പോലും കേറാന്‍ ഒരു സ്കോപ്പും അവശേഷിപ്പിക്കാതെ അസ്വസ്ഥരാക്കുന്ന വേറേതു വസ്ത്രമുണ്ട്?

 

 

സാരിയുടെ ബ്രാന്റ് അംബാസഡര്‍മാര്‍
കേരളത്തിലെ അധ്യാപികമാരെ വേണമെങ്കില്‍ നമുക്ക് സാരിയുടെ ബ്രാന്റ് അംബാസിഡര്‍മാര്‍ എന്ന് വിളിക്കാം. ഒരു തരത്തില്‍, സാരി ധരിക്കുന്നതിന്റെ അധിക ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ദൌര്‍ഭാഗ്യവതികള്‍ ഇവരാണ്. സ്കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ സാരി നിയമപരമായി നിര്‍ബന്ധവേഷമല്ലെങ്കിലും ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലും ബി.എഡ് കോളേജുകളിലും യൂണിഫോം ഇപ്പോഴും സാരി തന്നെ. അലിഖിതമായൊരു നിയമം അധ്യാപക വിദ്യാര്‍ഥിനികള്‍ക്കു മേല്‍ നിലനില്‍ക്കുന്നുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ഇന്റേണല്‍ മാര്‍ക്ക് അധികാരങ്ങളാണ് ഇതടക്കം പല അലിഖിത നിയമങ്ങളെയും നിലനിര്‍ത്തുന്നത്.

സാരി ഉടുത്താല്‍ മാത്രമേ അധ്യാപിക ആകാന്‍ കഴിയൂ എന്ന ബോധം അടിച്ചേല്‍പ്പിക്കുന്ന തരം സാഹചര്യങ്ങളാണ് ഇപ്പോഴും നമ്മുടെ അധ്യാപക പഠനകേന്ദ്രങ്ങളില്‍. കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന ഗീര്‍വാണങ്ങള്‍ക്കൊന്നും ഒരുടവും തട്ടാതെ കാക്കുകയാണ് അധ്യാപക ഗുരുക്കന്‍മാരുടെ ചുമതലയെന്നോണമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു കാലത്ത് സാരി ഉടുത്ത് കഷ്ടപെട്ടിരുന്ന നേഴ്സുമാര്‍ വരെ സാരി യൂണിഫോമില്‍ നിന്ന് രക്ഷപെട്ടു കഴിഞ്ഞു. പക്ഷെ, പാവം ‘അധ്യാപക വിദ്യാര്‍ഥിനികള്‍’ ഇപ്പോഴും സാരിയുടെ ഇട്ടാവട്ടത്തില്‍ തന്നെ ചുറ്റി കളിച്ചു കൊണ്ടിരിക്കുന്നു.

സാരിയുടെ ‘ദിവ്യത്വം’ ചോദ്യം ചെയ്ത രഞ്ജിനി ഹരിദാസിനെ ധ്യാനം കൂട്ടി മാനസാന്തരപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ശ്രമങ്ങള്‍ ടെലിവിഷനിലൂടെ നമ്മളൊക്കെ കണ്ടതാണ്. സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധവേഷമല്ലാതെയാക്കിയപ്പോഴും ‘നമ്മുടെ സംസ്കാരം കൈ വിട്ട് പോകുന്നു’ എന്ന മട്ടില്‍ വിലപിച്ചവരും ഇവിടെ ഉണ്ട്. പല സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ സാരി ഉടുക്കണം എന്ന ഒരലിഖിതനിയമം ഇപ്പോഴും നിലനില്‍ക്കുന്നു. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ കോളേജില്‍ അധ്യാപികയായി ജോലി കിട്ടിയ എന്‍റെ ഒരു സുഹൃത്തിനോട് ഇന്റര്‍വ്യൂ സമയത്ത് കോളേജില്‍ സാരി ഉടുത്ത് വരാന്‍ ആവശ്യപ്പെട്ടു കൊണ്ടു പറഞ്ഞ കാരണം, സാരി ഉടുത്താലെ കുട്ടികള്‍ക്ക് അധ്യാപികമാരോട് ‘ബഹുമാനം’ തോന്നൂ എന്നായിരുന്നു.

 

Painting: Raja Ravi Varma


 

അഞ്ചര മീറ്ററിന്റെ കോലാഹലങ്ങള്‍
ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു സമ്മതിക്കുമ്പോഴും സാരി എന്ന അഞ്ചര മീറ്റര്‍ തുണി സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു സ്ത്രീയുടെ ശരീരത്തിലെ നിമ്നോന്നതകള്‍ ഏറ്റവും കൃത്യമായി എടുത്ത് കാണിക്കുന്ന, കൂടുതല്‍ ശരീര ഭാഗങ്ങള്‍ വസ്ത്രം കൊണ്ട് മൂടിയിട്ടും ‘സെക്സി’ ആകാന്‍ കഴിയുന്ന ഒരേയൊരു വേഷമാണ് സാരി. പുരുഷ നോട്ടങ്ങളെ സുഖിപ്പിക്കാന്‍ പറ്റിയ നല്ല വേഷം, എന്ന് സാരിയെ വിശേഷിപ്പിച്ചാല്‍ കൂടി അതൊരു അതിശയോക്തി ആവില്ല. അതുകൊണ്ടാണല്ലോ, മിക്കവാറും പെണ്ണ് കാണല്‍ പോലെയുള്ള ചടങ്ങുകളില്‍ സാരി ‘നിര്‍ബന്ധ’ വേഷമായി കടന്നു വരുന്നത്!

കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന ചില നൃത്തരൂപങ്ങളിലും (തിരുവാതിര, മോഹിനിയാട്ടം) സാരിയെന്ന വസ്ത്രത്തിന്റെ ശരീരപ്രദര്‍ശന സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന യുവജനോത്സവം നടക്കുമ്പോള്‍ തിരുവാതിരക്കളി കാണാന്‍ ധൃതി കൂട്ടി പോകുന്ന ഒരു സുഹൃത്തിനോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്രയ്ക്കു ‘നയന’ സുഖം പകരുന്ന വേറേതു നൃത്ത രൂപമുണ്ട് എന്നാണ്. നൃത്തച്ചുവടുകളെക്കാള്‍ സെറ്റ് മുണ്ട് ഉടുത്ത് സ്റ്റേജില്‍ നിറഞ്ഞാടുന്ന സുന്ദരിമാരെ കണ്കുളിര്‍ക്കെ കാണുന്നതിലുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ തിരുവാതിര പ്രേമത്തിന് പുറകില്‍!പക്ഷെ, ഇവിടെയൊക്കെ ‘സംസ്കാരം’ എന്ന വര്‍ണകടലാസ് കൊണ്ട് പൊതിഞ്ഞ് ഈ ശരീരപ്രദര്‍ശനത്തെ സമൂഹം ആഘോഷിക്കും.

 

 

പൊള്ളയായ സാംസ്കാരിക ചിഹ്നം
സ്വന്തം ശരീരത്തിന്റെ സൌന്ദര്യം ആഘോഷിച്ച്, അതുറക്കെ പ്രഖ്യാപിച്ച് സാരി ഉടുത്തു കൊണ്ട്, സാരി നിഷ്കര്‍ഷിക്കുന്ന അച്ചടക്കത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. പക്ഷെ, ഇത്തരം ചോദ്യം ചെയ്യലുകള്‍ വിരളമാണെന്നു മാത്രം. അഭിനേത്രികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം സാരിയെ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൃത്യമായി ഉപയോഗിക്കുന്നവരാണ്.

എങ്കിലും സാരി എന്ന വേഷത്തിന് അനാവശ്യമായ ‘ദിവ്യത്വം’ നമ്മുടെ സമൂഹം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആണ്‍കോയ്മയുടെ അഭിരുചികളും അഭിനിവേശങ്ങളും മാത്രമാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം എങ്കിലും അത് ഉടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. അത്തരം ഒരു മറു ചിന്ത സ്ത്രീകളുടെ വസ്ത്രധാരണത്തെ മാത്രമല്ല, നമ്മുടെ പൊള്ളയായ ചില സാംസ്കാരിക ചിഹ്നങ്ങളെയും പൊളിച്ചെഴുതും.
 
 
 
 

തീ കൊണ്ടും സഹനം കൊണ്ടും ഒരു കവിത

ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്-അഞ്ജലി ദിലീപ് എഴുതുന്നു

 

 

‘woman is your own reflection,
and whatver you are she is;
whrever you lives she lives; she is like religion,
if not interpreted by the ignorant,
and like a moon,if not veiled with clouds,
and like a breeze,
if not poisoned with impurities

Khalil Gibran

 

അഞ്ജലി ദിലീപ്

പെണ്ണിനെ നിര്‍വചിക്കാന്‍ ഇതിലേറെ അര്‍ഥഭേദങ്ങളുടെ ആവശ്യമില്ല. അത്ര ഭിന്നം സ്ത്രീജീവിത യാഥാര്‍ഥ്യങ്ങള്‍. മുഖങ്ങള്‍, ചിന്തകള്‍, വിഷയങ്ങള്‍.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ചുറ്റും കോമാളിവേഷം കെട്ടിയാടുന്ന കുറേ തുണിപ്പാവകളെ. പീഡനം, കൂട്ടബലാല്‍സംഗം, മൊബൈല്‍ വാണിഭം, എണ്ണിയാല്‍ തീരാത്തത്ര ശബ്ദകോലാഹലങ്ങള്‍ക്കുശേഷം പിഞ്ചിയ കടലാസു കഷണം പോലെ നിശãബ്ദമായി കിടക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത.
ഈ മൊണ്ടാഷിനിടയില്‍ സ്വത്വബോധത്തിലേക്ക് നടന്നടുക്കുക എളുപ്പമല്ല.

ചുരുക്കം ചില ശബ്ദങ്ങളേ ആ വഴിക്ക് കാണാനാവൂ.
വിജനമായ ആ വഴിത്താരയുടെ മുള്‍ച്ചെടി പടര്‍പ്പിനടുത്ത്, എന്തിനെയോ കാത്തെന്നപോലെ അവളെക്കാണാം. പരസഹായമില്ലാതെ ഒരു നെടുവീര്‍പ്പു പോലും അന്യമായവള്‍. എങ്കിലും അവള്‍, സ്വന്തം ദേശത്തിനും മനുഷ്യര്‍ക്കുമായി കത്തി ജ്വലിക്കുന്നൊരു സൂര്യന്‍. ഇറോം ഷര്‍മിള എന്ന മുപ്പത്തഞ്ചുകാരി.

 

courtesy: rediff

 

അവള്‍
ഒരു ജനതയുടെ പോരാട്ടത്തിനു നടുവില്‍, വാരിപ്പുതച്ച കമ്പിളിത്തുണികള്‍ക്കിടയില്‍ പെറുക്കിക്കൂട്ടി വെച്ച എല്ലിന്‍കഷണങ്ങളുടെ മനുഷ്യരൂപം. ചുറ്റിനും പത്തിവിടര്‍ത്തി നില്‍ക്കുന്ന ധാര്‍ഷ്ഠ്യത്തിന്റെ മുഖങ്ങളെ സഹനം കൊണ്ട് തോല്‍പ്പിക്കുന്ന ധീരതയുടെ ആള്‍രൂപം. അധികാരത്തിന്റെ തുറുകണ്ണുകള്‍ക്കിടയിലും ചക്രവാളത്തില്‍ പാതി മറഞ്ഞ സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്നുഅവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍നിന്ന് പ്രസരിക്കുന്ന വെളിച്ചത്തിന്റെ നിറഭേദങ്ങള്‍ സ്വന്തം ജനതക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും തീര്‍ക്കുന്നു.

പട്ടിണി കൊണ്ടുള്ള സമരത്തിന്റെ ഇല്ലായ്മ തീര്‍ക്കാന്‍ അവള്‍ക്കരികില്‍ എത്തിയത് അക്ഷരങ്ങളാണ്. അവ അവള്‍ക്ക് സമൃദ്ധമായ വിരുന്നൊരുക്കി. വാക്കുകള്‍ അവള്‍ക്കായി പൂമെത്തയൊരുക്കി. അതിന് കാനാറിപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.

‘ഈ ചങ്ങലകള്‍ അഴിച്ചു മാറ്റി എന്നെ മോചിപ്പിക്കൂ. ഇവ മുള്ളുകളാല്‍ നിര്‍മിക്കപ്പെട്ട വളകളെന്നപോലെ എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ ഈ ഇരുണ്ട മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവള്‍. എന്റെ ശബ്ദങ്ങള്‍ മുറിയുടെ നാലു ചുവരുകളില്‍ തട്ടി എന്നിലേക്കു തന്നെ തിരിച്ചുവരുന്നു. അവയ്ക്ക് ചിരിയുടെ മാസ്മരികതയോ താരാട്ടുപാട്ടിന്റെ ആര്‍ദ്രതയോ ഞാന്‍ കാണുന്നില്ല’-ഒരിക്കല്‍ അവള്‍ എഴുതി.

ജയിലിനുള്ളിലെ പാതി മറച്ച ജനലഴിയുടെ താഴെ ചമ്രം പടിഞ്ഞിരുന്ന് സ്വാതന്ത്യ്ര ഗീതങ്ങള്‍ രചിച്ചു കൊണ്ടേയിരുന്നു, അവള്‍. പെട്ടെന്ന് എവിടെനിന്നോ മാന്ത്രികക്കുതിരയില്‍ അവള്‍ക്കായി പറന്നെത്തി, ഒരു രാജകുമാരന്‍. അവര്‍ കവിതകള്‍ കൊണ്ട് ഊടും പാവും നെയ്തു. അവരുടെ മൌനം സങ്കീര്‍ത്തനങ്ങളുടെ പുതിയ വാതായനങ്ങള്‍ തേടി. അവളുടെ ഉള്ളിലെ ഇരമ്പുന്ന കടലിനെയും നോവുന്ന നൂറുകണക്കിന് ആത്മാക്കളെയും അവന്‍ തിരിച്ചറിഞ്ഞു.

 

സൈന്യം നടത്തുന്ന കൊടുംക്രൂരതകളില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ അമ്മമാര്‍ നടത്തിയ പ്രതിഷേധ സമരം

 

അമ്മ
ഇല്ലാതാക്കപ്പെട്ട മക്കളുടെ വിലാപങ്ങള്‍ തുന്നിച്ചേര്‍ത്ത അമ്മമാരുടെ ദുഖം ഇറോം സ്വന്തം ചുമയലിലേറ്റി. ആ അമ്മമാര്‍ നഗ്നതയെന്ന ശരീരഭാഷയെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് അവള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. 2004ല്‍ സൈന്യം ബലാല്‍സംഗം ചെയ്ത് കൊന്ന മനോരമാദേവിയുടെ പൊള്ളുന്ന ഓര്‍മ്മ അവള്‍ക്കൊപ്പം നിന്നു. മനോരമയെ പിച്ചിച്ചീന്തിയ കഴുകന്‍മാരുടെ കൈകളിലേക്കുതന്നെ അവള്‍ സ്വന്തം മാംസം ദാനം ചെയ്യുന്നു.

 

 

അവര്‍
ദല്‍ഹിയിലെ രാഷ്ട്രീയ ഗോദയില്‍ അന്നാഹസാരേയുടെ ഗാന്ധിത്തൊപ്പിക്കുള്ളില്‍ അരങ്ങുതകര്‍ത്ത നാടകത്തിന്റെ ആദ്യാവസാനം ബുദ്ധിജീവി വര്‍ഗവും ക്യാമറക്കണ്ണുകളും സത്യഗ്രഹം സത്യഗ്രഹം എന്ന് വിലപിച്ചപ്പോള്‍ ആരും അവളെ കണ്ടതേയില്ല.
മണിപ്പൂരില്‍ വെടിയൊച്ചകള്‍ക്കൊപ്പം ഇല്ലാതാവുന്ന ജീവനുവേണ്ടി അന്നേരവും, ഇറോമും അവളുടെ ഓരോ ശ്വാസ നിശ്വാസങ്ങളും മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ദില്ലിയില്‍ ഉയര്‍ന്നുകത്തിയ പൌരബോധം അവളെ കണ്ടതേയില്ല. അവള്‍ക്കായി പാടുവാന്‍ ആരുമുണ്ടായിരുന്നില്ല.

ജീവനാളങ്ങള്‍
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്.
എന്തു കൊണ്ട് നിങ്ങള്‍ക്ക് ഇറോം ശര്‍മിളയെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിക്കൂടാ എന്ന ഒരു മാധ്യമ സുഹൃത്തിനോടുള്ള എന്റെ ചോദ്യത്തിന് ആരാണീ ഇറോം ഷര്‍മിള എന്നായിരുന്നു മറുചോദ്യം .
‘ജീവിതം മഹത്തരമാണ്. അന്ത്യത്തിലേക്ക് നടന്നടുക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളിലെ ഇരുട്ടിന്റെ വെളിച്ചമാകും. എന്നിട്ട് വിശ്വമാകുന്ന വിളനിലത്തില്‍ വിത്തുവിതക്കും. അവിടെ നിത്യസത്യമെന്ന മഹാവൃക്ഷത്തിന്റെ വേരുകള്‍ പാകും’-അവള്‍ തുടരുകയാണ്.

റഷ്യന്‍ ഭരണകൂടം ഈ പെണ്‍കുട്ടികളെ ഭയക്കുന്നതെന്തിന്?

 
 
 
 
റഷ്യയില്‍ പുസി റയറ്റ് പെണ്‍കൂട്ടായ്മ നടത്തുന്ന സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. പി പ്രജിത എഴുതുന്നു

 
 

പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഭരണത്തിനെതിരെ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ പെണ്‍ ബാന്‍ഡാണ് പുസി റയറ്റ് . മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയ പ്രതിരോധ സംഗീത അവതരണത്തെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്ന് പെണ്‍കുട്ടികള്‍ ജയിലിലടക്കപ്പെട്ടു. ബാന്‍ഡിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഭരണകൂടം. എന്നാല്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, സംഗീതത്തിന്റെ വിധ്വംസകശേഷിയിലൂടെ അവര്‍ പ്രസരിപ്പിച്ച ഊര്‍ജം റഷ്യയിലാകെ കൊടുങ്കാറ്റ് പോലെ പടരുകയാണ്. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന പുസി റയറ്റ് പെണ്‍കൂട്ടായ്മയുടെ സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. കോഴിക്കോട് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യുട്ടിലെ എം.സി.ജെ 3ാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പി പ്രജിത എഴുതുന്നു

 


 

അവരുടെ പാട്ടുകള്‍ പാഴായില്ല. റഷ്യയിലെങ്ങും ഭരണകൂട വിരുദ്ധ വികാരം ആളിപ്പടരുകയാണ്. ക്രമക്കേടുകളുടെയും താന്‍പോരിമയുടെയും അധികാരക്കസേരയിലേക്ക് മൂന്നാമതും ചാടിവീണ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരായ പ്രതിഷേധം നേര്‍ക്കുനേര്‍ തലയുയര്‍ത്തുകയാണ്. ഇക്കഴിഞ്ഞ 16ാം തീയതി മോസ്കോയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ അതിനുദാഹരണമാണ്. ജീവിതത്തിന്റെ പല തലങ്ങളിലുള്ള, ഭിന്ന വിശ്വാസങ്ങളും നിലപാടുകളും പങ്കുവെക്കുന്ന ആള്‍ക്കൂട്ടം ‘പുടിനില്ലാത്ത റഷ്യ’ എന്ന മുദ്രാവാക്യവുമായി തെരുവുകള്‍ കവിയുകയായിരുന്നു. റഷ്യയിലാകെ നിറയുന്ന അസംത്പ്തിയുടെയും വിയോജിപ്പിന്റെയും ഉച്ചസ്വരമായിരുന്നു നിറതോക്കുകള്‍ക്കു മുന്നില്‍ ആ മനുഷ്യര്‍ പ്രകടിപ്പിച്ചത്.

പി പ്രജിത


മോസ്കോയിലെ തടവറയില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികളാണ് അടക്കിപ്പിടിച്ച ജനകീയ രോഷങ്ങളെ ചേര്‍ത്തുപിടിച്ച് മോസ്കോയുടെ നെഞ്ചിലേക്ക് വഴിനടത്തിയത്. അവരുടെ പാട്ടുകളാണ്, മര്‍ദ്ദക ഭരണകൂടത്തിനെതിരെ അസാമാന്യ ധീരതയോടെ അവര്‍ പറത്തിയ തീപ്പൊരികളാണ് ഒരു ജനതയുടെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ചത്. സംഗീതത്തിന്റെ വിധ്വംസകശേഷിയെ ഭയക്കുന്ന, തുനീഷ്യയില്‍ തുടങ്ങി ഈജിപ്റ്റിലൂടെ പടരുന്ന പുതുകാലത്തിന്റെ മുല്ലപ്പുവിപ്ളവങ്ങളെ ചങ്കിടിപ്പോടെ കാണുന്ന പുടിന്‍ ഭരണകൂടം നീതിയുടെ സര്‍വവാതിലുകളുമടച്ച് തടങ്കലിലിട്ടിട്ടും ആ സ്വരങ്ങള്‍ റഷ്യന്‍ അതിരുകള്‍ ഭേദിച്ച് ലോകമാകെ പടരുകയാണ്.

 

 

പുസി റയറ്റ്
പറയുന്നത് പുസി റയറ്റിനെക്കുറിച്ചാണ് (Pussy Riot). റഷ്യയിലെ പെണ്‍ സംഗീത ബാന്‍ഡിനെക്കുറിച്ച്. അനീതിക്കും ലിംഗസമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി കഴിഞ്ഞ വര്‍ഷം ഒരുമിച്ചു ചേര്‍ന്ന ഫെമിനിസ്റ്റ് സംഗീത കൂട്ടായ്മയെക്കുറിച്ച്. രോഗാതുരമായ റഷ്യന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും സര്‍വാധികാരങ്ങളും കൈക്കലാക്കാന്‍ മത വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന വ്ലാദിമിര്‍ പുടിന്റെ സ്വേച്ഛാ പ്രവണതകള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ഈ പങ്ക് ബാന്‍ഡ് (Punk Band) .

സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍ പൊതു ഇടങ്ങളില്‍ സംഗീതാവതരണം നടത്തുന്ന ഗ്രൂപ്പ് അതിന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 15 പേരടങ്ങുന്ന ബാന്‍ഡ് ഇതുവരെ റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലുമായി 10 അവതരണങ്ങള്‍ നടത്തുകയും ആറോളം വീഡിയോ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വീിഡിയോയുടെ ഷൂട്ടിങ്, എഡിറ്റിങ് വര്‍ക്കുകള്‍ ഇവര്‍ തന്നെയാണ് ചെയ്യുന്നത്.

ഒടുവിലത്തെ ഇവരുടെ അവതരണം ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയിലാണ് ‘പങക് പ്രാര്‍ത്ഥന’ എന്നവര്‍ പേരിട്ട പ്രതിഷേധ പരിപാടി അരങ്ങേറിയത്. ബാന്‍ഡിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടി സെക്കന്റുകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റിലൂടെ പരന്നതിനെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്നുപേര്‍ അറസ്റ്റിലായി.

22കാരിയും ഫിലോസഫി ബിരുദധാരിയുമായ നദേദ തോളോകോനിക്കോവ ((Nadezhda Tolokonikova) ),പരിസ്ഥിതി , ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24കാരി മരിയ അലേഖിന (MariaAlekhina), കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ബിരുദധാരിയായ 30 കാരി കത്രീന സനുസ്തേവിച്ച് ( Yekatrina Sanustevich) എന്നിവര്‍. റഷ്യന്‍ നീതിന്യായവ്യവസ്ഥയുടെ സമ്പൂര്‍ണപരാജയം വ്യക്തമാക്കിയ വിചാരണ നാടകങ്ങള്‍ക്കുശേഷം ഇവര്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ലോകമാകെ പ്രതിഷേധം വ്യാപിക്കാനാണ് ഇതിടയാക്കിയത്.

ഈ വരുന്ന രണ്ടാം തീയതിയാണ് ഇവരുടെ കേസ് മോസ്കോ സിറ്റി കോടതി പരിഗണിക്കുന്നത്. നൂറ്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ, വിദൂരമായ ജയിലറകളിലേക്ക് ഇവരെ മാറ്റാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ബലാല്‍സംഗവും മരണവുമടക്കമുള്ള സാധ്യതകളാണ് ജയില്‍ മാറ്റം ഇവര്‍ക്കു മുന്നില്‍ വെക്കുന്നതെന്ന് അഭിഭാഷക പറയുന്നു. തങ്ങളെ മോസ്കോ ജയിലില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ലെന്നാണ് സൂചനകള്‍.

 

മരിയ അലേഖിന , യകത്രീന സനുസ്തേവിച്ച് , നദേദ തോളോകോനിക്കോവ


 

പുടിന്റെ ഭയം
തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റുപദവിയില്‍ പ്രവേശിച്ച പുടിന്‍ എന്തിനാണ് ഈ പാട്ടുകളെ ഭയന്നത്? ഈ പാട്ടുകാരി പെണ്‍കുട്ടികളെ എന്തിനാണ് തടവറയുടെ ഇരുട്ടിലേക്ക് തള്ളിയത്?

ഈ ചോദ്യങ്ങള്‍ക്കുത്തരം ഈ ബാന്‍ഡു തന്നെയാണ്. അവരുടെ സംഗീതം തന്നെയാണ്. അവരുടെ വാക്കുകള്‍ തന്നെയാണ്.

1990 കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രണ്ട്് ഫെമിനിസ്റ് റോക് മൂവ്മെന്റ് ആയ Riot Grrrl ന്റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ ബിക്കിനി കില്‍ (bikini kill) ന്റെയും സ്വാധീന ഫലമാണ് പുസി റയറ്റ്.

മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും മറ്റും പ്രതിരോധസംഗീതത്തിന്റെ ശക്തമായ അവതരണങ്ങളാണ് പുസ്സിറയറ്റ് നടത്തുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ തന്നെ പേര് പറഞ്ഞ്് പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങളുടെ കറുത്ത മറയെ, കപടമായ ആവരണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്റെ അവതരണം. അറസ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖം മൂടിയുണ്ടായിരുന്നു.

 

 

പങ്ക് പ്രയര്‍
ഫെബ്രുവരി 12ന് മോസ്കോയിലെ പുരാതനമായ കതീഡ്രല്‍ ഓഫ് ക്രൈസ്ററ് ദ സേവിയര്‍ (Cathedral of Christ the Saviour) ദേവാലയത്തില്‍ പ്രസിഡന്റ് പുടിന്റെ ഏകാധിപത്യഭരണത്തിനെതിരെ ഇവര്‍ പങ്ക് പ്രയര്‍ ( punkprayer) സംഘടിപ്പിച്ചു. പുടിനു ക്ഷോഭം വന്നു. പാട്ടുപാടിയ പെണ്‍കുട്ടികള്‍ ആഗസ്റ് 17ന് രണ്ടുവര്‍ഷത്തെ കഠിനതടവിനു വിധിക്കപ്പെട്ടു.

റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഗീത അവതരണങ്ങള്‍ സംഘം ഇതിനുമുമ്പും നടത്തിയിട്ടുണ്ട്. എങ്കിലും ദേവാലയത്തില്‍ നടന്ന ‘പ്രാര്‍ത്ഥന’ ഭരണകൂടത്തെ അത്രയേറെ പ്രകോപിപ്പിച്ചു. മരം കോച്ചുന്ന തണുപ്പില്‍, വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് പങക് പ്രാര്‍ത്ഥന നടത്തിയ അഞ്ചംഗ സംഘം അതിനുശേഷം അള്‍ത്താരയിലൂടെ നടന്നുനീങ്ങി. വൈകുന്നേരമാകുമ്പോഴേക്കും സംഘം എഡിറ്റ് ചയ്ത ദൃശ്യങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തു. .”Punk prayer; Holy Mother Chase putin Away” എന്ന തലവാചകത്തോടെ. “Mother of God Drive out Putin” എന്നതാണ് പെര്‍ഫോമന്‍സിന്റെ മുദ്രാവാക്യം.

ബാന്‍ഡിലെ മൂന്ന് പെണ്‍കുട്ടികളെ കൂടി വേട്ടയാടാന്‍ ഇതിനിടെ, പുടിന്‍ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും സാഹസികമായ രീതിയില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 15 പേരെങ്കിലും റഷ്യയില്‍ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതായി, തടവില്‍ കഴിയുന്ന നദേദ തോളോകോനിക്കോവയുടെ ഭര്‍ത്താവ് പ്യോര്‍ വെര്‍സിലോവ് പറയുന്നു.

 

 

Punk-Prayer “Virgin Mary, Put Putin Away”

(choir)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus) …
Black robe, golden epaulettes
All parishioners crawl to bow
The phantom of liberty is in heaven
Gay-pride sent to Siberia in chains

The head of the KGB, their chief saint,
Leads protesters to prison under escort
In order not to offend His Holiness
Women must give birth and love

Shit, shit, the Lord’s shit!
Shit, shit, the Lord’s shit!

(Chorus)

Virgin Mary, Mother of God, become a feminist
Become a feminist, become a feminist

(end chorus)

The Church’s praise of rotten dictators
The cross-bearer procession of black limousines
A teacher-preacher will meet you at school
Go to class – bring him money!

Patriarch Gundyaev believes in Putin
Bitch, better believe in God instead
The belt of the Virgin can’t replace mass-meetings
Mary, Mother of God, is with us in protest!

(Chorus)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus)

 

പോപ് താരം മഡോണ ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോ. ശരീരത്തിന്റെ പുറം ഭാഗത്ത് 'പുസ്സി റയറ്റ്' എന്ന് എഴുതിയത് കാണാം. പുസ്സി റയറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധരിച്ച മാസ്കും കാണാം.


 

പടരുന്ന പോര്‍വീര്യം
സംഗീതം ആയുധമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് റഷ്യയില്‍നിന്നുള്ള വാര്‍ത്തകള്‍. എഴുത്തുകാരും കലാകാരന്‍മാരും വിമത ലൈംഗിക ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുള്ള പോരാട്ടങ്ങളുടെ വഴിയിലാണ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകളും ശിക്ഷാവിധിക്കെതിരെ രംഗത്തുണ്ട്.

പോപ് താരം മഡോണ ആഗസ്ററ് 21ന് ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തിന്റെ പുറം ഭാഗത്ത് ‘പുസ്സി റയറ്റ്’ എന്ന് എഴുതിയത് കാണാമായിരുന്നു. ഷോയിലുടനീളം പുസ്സി റയറ്റിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്ക് ധരിക്കുകയും ചെയ്തു, മഡോണ.

തടവിലടക്കപ്പെട്ട പുസി റയറ്റ് അംഗം നദേദ തോളോകോനിക്കോവ ജയിലില്‍ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ‘രാഷ്ട്രീയം തന്നെയാണ് കല’. ഇതു തന്നെയാണ് ഈ കൂട്ടായ്മയുടെ നിലപാട്. അതു തന്നെയാണ്, നാം ജീവിക്കുന്ന കാലത്തിന്റെ ഇതിഹാസമായി ഈ പെണ്‍കുട്ടികളെ മാറ്റുന്നതും.

 
 
 
 

ഇടിന്തകരൈയിലെ സഹോദരിമാര്‍ നമ്മോട് പറയുന്നത്

 
 
 
 

ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ള സമയമാണിത്. എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ഭയരഹിതമായി ഞങ്ങള്‍ക്കരികിലേയ്ക്ക് വരിക. കഴിയുന്നത്ര വേഗം നിങ്ങള്‍ ഇതിലിടപെടുക- കൂടംകുളം ആണവനിലയത്തിനു പരിസരത്തുള്ള ഗ്രാമങ്ങളിലെ സ്ത്രീകള്‍ ലോകത്തെ എല്ലാ സഹോദരിമാര്‍ക്കുമായി എഴുതിയ തുറന്ന കത്ത്

 
 
ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചും ഒരു വര്‍ഷത്തിനുമേല്‍ ഞങ്ങള്‍ക്ക് രണ്ടാം വീടായി മാറിയ സമരപ്പന്തലിന്റെ സുരക്ഷിതത്വം അനുഭവിച്ചും ഇവിടെ ഇരിക്കുന്നു. പക്ഷേ എത്ര നാള്‍ ? ഇതു ഞങ്ങള്‍ സ്വയം വരുത്തിവച്ച അവസ്ഥയാണെന്നും പരാതിപ്പെടാന്‍ അവകാശമില്ലെന്നും പലരും പറഞ്ഞേക്കാം . പക്ഷേ ഞങ്ങള്‍ക്ക് മറ്റെന്തു മാര്‍ഗ്ഗമാണുണ്ടായിരുന്നത്? കൂടംകുളം പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ അനുവദിക്കണമോ? അത് മാരകമായ വികിരണങ്ങള്‍ വായുവിലേയ്ക്ക് (50 trillion Becquerels of radio nuclides every year ) കലര്‍ത്തുമെന്നും 36 45 ഡിഗ്രിയിലുള്ള എഴുപത് ടണ്‍ വെള്ളം ഒരു വര്‍ഷം പുറത്തേയ്ക്ക് വിടുമെന്നും അറിഞ്ഞുകൊണ്ടോ?

പ്ലാന്റില്‍ നിന്ന് 900 മീറ്റര്‍ അകലത്തിനുള്ളില്‍ താമസിക്കുന്ന 2000 ല്‍ ഒരാളാകുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? ഫുകുഷിമ ദുരന്തവും ചെര്‍ണോബില്‍ അപകടവും ഒക്കെ മനസ്സിലുള്ളപ്പോള്‍ എങ്ങനെയാണ് ഇത്രയും അടുത്ത് നമുക്കീ അപകടം അനുവദിക്കാന്‍ കഴിയുന്നത്? പലരും പറയുന്നത് ഞങ്ങള്‍ തെറ്റായി നയിക്കപ്പെടുന്നുവെന്നാണ്. അതെ, അറിവില്ലായ്മ ഒരനുഗ്രഹമാണ്, പക്ഷേ ഇക്കാര്യത്തിലല്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടെന്നുള്ളതിലും ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന അപകടത്തെ പറ്റിയുള്ള വിവരമുണ്ടെന്നുള്ളതിലും സന്തോഷിക്കുന്നു. അതുമാത്രമാണ് ഈ ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനെ എതിര്‍ക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നത്- കൂടംകുളം ആണവനിലയത്തിനു പരിസരത്തുള്ള ഗ്രാമങ്ങളിലെ സ്ത്രീകള്‍ പുറം ദേശങ്ങളിലെ എല്ലാ സഹോദരിമാര്‍ക്കുമായി എഴുതിയ തുറന്ന കത്ത്. വിവര്‍ത്തനം:സ്മിത മീനാക്ഷി

 

 

പ്രിയപ്പെട്ട സഹോദരീ,

നിങ്ങള്‍ സൌഖ്യമായിരിക്കുന്നുവെന്ന് കരുതുന്നു. ഞങ്ങളും അങ്ങനെതന്നെ ആയിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം . പക്ഷേ നിങ്ങളെ വിഡ്ഢിയാക്കാനോ ചരിത്രത്തിന്റെ ഈ നിമിഷത്തെ കബളിപ്പിക്കുവാനായിട്ടെങ്കിലുമോ ഞങ്ങള്‍ക്കങ്ങനെ പറയാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ , അതായത്, ഇടിന്തകരൈ, സുനാമി പുനരധിവാസ കോളനി, കൂടംകുളം, കൂട്ടപ്പുളി, പെരുമണല്‍, കൂട്ടപ്പന, മണപ്പാട് എന്നിവിടങ്ങളില്‍ കാര്യങ്ങളൊന്നും നല്ല രീതിയിലല്ല. തൂത്തുക്കുടിയില്‍ ഒരു പള്ളിയ്ക്കകത്ത് ഉപവാസ സമരമനുഷ്ടിച്ചിരുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ പരിഭ്രാന്തരാണ്, അവിടെ ഞങ്ങള്‍ക്ക് ഒരു സഹോദരന്റെ ജീവന്‍ നഷ്ടമായിരിക്കുന്നു. എങ്ങനെയാണ് ഞങ്ങള്‍ക്ക് സുഖമായിരിക്കുവാന്‍ കഴിയുക?

ഇന്നു രാവിലെ, വീടിനു പുറത്തിറങ്ങി എന്ന പേരില്‍ ഒരു സഹോദരിയെ സുനാമി കോളനിയില്‍ അറസ്റ് ചെയ്തിരിക്കുന്നു. ഞങ്ങള്‍ക്ക് സേവ്യറമ്മയുടെയും സുന്ദരിയുടെയും സെല്‍വിയുടെയും സാന്നിധ്യം നഷ്ട മായി രിക്കുന്നു. ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് അവരെ കൊണ്ടു പോയിരിക്കുന്നു. കഠിനാധ്വാനത്തിലൂടെ നിര്‍മ്മിച്ചെടുത്ത ഞങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. വീട്ടു സാമാനങ്ങള്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ക്കവിടേയ്ക്ക് തിരിച്ചു പോകാനോ നഷ്ടങ്ങള്‍ തിട്ടപ്പെടുത്താനോ കഴിയുന്നില്ല. ഞങ്ങളുടെ സ്നേഹിത ഇനിതയ്ക്ക് കാര്യമായി പരുക്കേറ്റിരിക്കുന്നു. അതുപോലെ മറ്റു പലര്‍ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങളെ പറ്റിയുള്ള ആശങ്കകളാണിപ്പോള്‍ കൂടുതല്‍ കഠിനം. ഇതെല്ലാം സംഭവിക്കുമ്പോള്‍ നിലവിളിക്കുന്ന പൈതങ്ങളെ എടുത്തും വലിച്ചും കൊണ്ടു നടന്ന് ഞങ്ങള്‍ തളരുന്നു.

 

കൂടംകുളത്ത് വ്യാഴാഴ്ച നടന്ന 'കടല്‍ പിടിച്ചെടുക്കല്‍ സമരം.സ്ത്രീകളും കുട്ടികളുമടക്കം 2000 ഗ്രാമീണര്‍ പുതിയ രീതിയിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഫോട്ടോ: കൌണ്ടര്‍ കറന്റ്സ്


 

കൂടംകുളത്തു നിന്ന് ഏതാണ്ട് അറുപതോളം സുഹൃത്തുക്കള്‍ എവിടെയോ ഉള്ള ജയിലുകളിലാണെന്ന് ഞങ്ങള്‍ അറിയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇരുപതുപേര്‍ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടിട്ടും ഇവിടെ തിരിച്ചെത്തിയിട്ടില്ല നാല്‍പത്തിയെട്ടു മണിക്കുറായി ഞങ്ങള്‍ക്ക് കുടിവെള്ളം നിരോധിക്കപ്പെട്ടിരിക്കുന്നു, വൈദ്യുതി വല്ലപ്പോഴും മാത്രമാണെത്തുന്നത്. ഞങ്ങള്‍ നാല്‍പത്തിയെട്ടു മണിക്കൂറായി നിരാഹാരത്തിലുമാണ്.

തൂത്തുക്കുടിയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഞങ്ങള്‍ക്ക് ആഹാരമെത്തിച്ചുതരാന്‍ തയാറാണ് , പക്ഷേ റോഡുകള്‍ ഉപരോധിച്ചിരിക്കുന്നതു നിമിത്തം അവര്‍ക്കിവിടെ എത്തിച്ചേരുവാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. ഒമ്പതാം തീയതി വൈകുന്നേരം മുതല്‍ അവര്‍ക്ക് വേണ്ടവിധത്തില്‍ ആഹാരം കൊടുക്കുവാനോ അവരെ കുളിപ്പിക്കുവാനോ കഴിഞ്ഞിട്ടില്ല . ഞങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ പോകാന്‍ ഭയവും പരിഭ്രാന്തിയുമാണ്. നിങ്ങള്‍ എന്നെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടോ ?

ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചും ഒരു വര്‍ഷത്തിനുമേല്‍ ഞങ്ങള്‍ക്ക് രണ്ടാം വീടായി മാറിയ സമരപ്പന്തലിന്റെ സുരക്ഷിതത്വം അനുഭവിച്ചും ഇവിടെ ഇരിക്കുന്നു. പക്ഷേ എത്ര നാള്‍ ? ഇതു ഞങ്ങള്‍ സ്വയം വരുത്തിവച്ച അവസ്ഥയാണെന്നും പരാതിപ്പെടാന്‍ അവകാശമില്ലെന്നും പലരും പറഞ്ഞേക്കാം .
പക്ഷേ ഞങ്ങള്‍ക്ക് മറ്റെന്തു മാര്‍ഗ്ഗമാണുണ്ടായിരുന്നത്? കൂടംകുളം പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ അനുവദിക്കണമോ? അത് മാരകമായ വികിരണങ്ങള്‍ വായുവിലേയ്ക്ക് ( 50 trillion Becquerels of radio nuclides every year ) കലര്‍ത്തുമെന്നും 36 45 ഡിഗ്രിയിലുള്ള എഴുപത് ടണ്‍ വെള്ളം ഒരു വര്‍ഷം പുറത്തേയ്ക്ക് വിടുമെന്നും അറിഞ്ഞുകൊണ്ടോ?

 

കൂടംകുളത്ത് വ്യാഴാഴ്ച നടന്ന 'കടല്‍ പിടിച്ചെടുക്കല്‍ സമരം.സ്ത്രീകളും കുട്ടികളുമടക്കം 2000 ഗ്രാമീണര്‍ പുതിയ രീതിയിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഫോട്ടോ: കൌണ്ടര്‍ കറന്റ്സ്


 

പ്ലാന്റില്‍ നിന്ന് 900 മീറ്റര്‍ അകലത്തിനുള്ളില്‍ താമസിക്കുന്ന 2000 ല്‍ ഒരാളാകുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? ഫുകുഷിമ ദുരന്തവും ചെര്‍ണോബില്‍ അപകടവും ഒക്കെ മനസ്സിലുള്ളപ്പോള്‍ എങ്ങനെയാണ് ഇത്രയും അടുത്ത് നമുക്കീ അപകടം അനുവദിക്കാന്‍ കഴിയുന്നത്? പലരും പറയുന്നത് ഞങ്ങള്‍ തെറ്റായി നയിക്കപ്പെടുന്നുവെന്നാണ്. അതെ, അറിവില്ലായ്മ ഒരനുഗ്രഹമാണ്, പക്ഷേ ഇക്കാര്യത്തിലല്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടെന്നുള്ളതിലും ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന അപകടത്തെ പറ്റിയുള്ള വിവരമുണ്ടെന്നുള്ളതിലും സന്തോഷിക്കുന്നു. അതുമാത്രമാണ് ഈ ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനെ എതിര്‍ക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നത്

പോലീസിനെ അടിയന്തിരമായി പിന്‍വലിക്കുകയും ഞങ്ങളോട് ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്യുന്നതിനു പകരം എല്ലാവരും വിദേശ ധനസഹായത്തെ പറ്റി ചര്‍ച്ച ചെയ്യുന്നു. ഞങ്ങള്‍ അക്ഷരാഭ്യാസമില്ലത്ത പാവങ്ങളായിരിക്കണമെന്നും പറയുന്നു. ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്ന ഈ അവസരത്തില്‍ അത്തരം പരാമര്‍ശങ്ങളരുതേ. ഞങ്ങളുടെ ദൈനം ദിന അധ്വാനത്തിന്റെ വില നല്‍കിയാണ് ഞങ്ങളീ സമരം നയിക്കുന്നത്. ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്. കടലും മണ്ണുമുള്ള കാലത്തോളം ഞങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കഠിനാധ്വാനത്തിന് മടിയോ പേടിയോ ഇല്ല.

 

കൂടംകുളത്ത് വ്യാഴാഴ്ച നടന്ന 'കടല്‍ പിടിച്ചെടുക്കല്‍ സമരം.സ്ത്രീകളും കുട്ടികളുമടക്കം 2000 ഗ്രാമീണര്‍ പുതിയ രീതിയിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഫോട്ടോ: കൌണ്ടര്‍ കറന്റ്സ്


 

ഞങ്ങള്‍ മുമ്പ് ആവശ്യപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

** ഗ്രാമങ്ങളിലും ചുറ്റുപാടും വിന്യസിച്ചിരിക്കുന്ന പോലീസ് സേനയെ പിന്‍വലിക്കുക. ഞങ്ങള്‍ ഒരു രീതിയിലുള്ള ഹിംസാ പ്രവര്‍ത്തനങ്ങള്‍ക്കും മുതിരില്ല. ഹിംസയുടെ മറുപടി അതുതന്നെയാകുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ജീവനും സമാധാനത്തിനും വില കല്‍പ്പിക്കുന്നു.

** ഞങ്ങളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ദയവായി കൂടം കുളം ആണവ നിലയത്തിന്റെ കമ്മീഷനിംഗ് നിര്‍ത്തി വയ്ക്കുക. സുരക്ഷിതമല്ലാത്ത ഈ ഊര്‍ജ്ജോല്‍പ്പാദനം അനാവശ്യവും സാമ്പത്തിക ലാഭമില്ലാത്തതുമാണെന്ന് ഞങ്ങള്‍ക്കറിയാം.

** നമ്മുടെ രാജ്യത്ത് അധികമായി ലഭിക്കുന്ന മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളെപ്പറ്റി ദേശീയ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുക.

** ജയിലില്‍ കഴിയുന്ന ഞ്ങ്ങളുടെ സുഹൃത്തുക്കളെ മോചിപ്പിക്കുക, ഞങ്ങള്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക

** ഞങ്ങള്‍ക്ക് ഭയമില്ലാതെ സ്വന്തം ഭവനങ്ങളില്‍ ജീവിക്കുവാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുക, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെടുത്താതെയിരിക്കുക.

 

കൂടംകുളത്ത് വ്യാഴാഴ്ച നടന്ന 'കടല്‍ പിടിച്ചെടുക്കല്‍ സമരം.സ്ത്രീകളും കുട്ടികളുമടക്കം 2000 ഗ്രാമീണര്‍ പുതിയ രീതിയിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഫോട്ടോ: കൌണ്ടര്‍ കറന്റ്സ്


 

പ്രിയപ്പെട്ട സഹോദരീ,
ഇവിടെ വന്ന് ഞങ്ങളുടെ ജീവിതത്തിന്റെ ഭംഗിയും ലാളിത്യവും കണ്ടു മനസ്സിലാക്കുവാനുള്ള ആര്‍ജ്ജവവും ധീരതയും കാണിക്കുക.
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ള സമയമാണിത്.
എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ഭയരഹിതമായി ഞങ്ങള്‍ക്കരികിലേയ്ക്ക് വരിക.
കഴിയുന്നത്ര വേഗം നിങ്ങള്‍ ഇതിലിടപെടുക.
ഞങ്ങള്‍ക്കിനിയും ഒരു ജീവന്‍ കൂടി നഷ്ടപ്പെടുത്താനാവില്ല, ഒരു കുഞ്ഞിനെ കൂടി ഭയപ്പെടുത്താനാവില്ല, ഒരു വീടു കൂടി തകര്‍ക്കപ്പെടുന്നത് കാണാനാകില്ല.

സത്യത്തോടും നീതിയോടും സ്ത്രീത്വത്തോടും ഒപ്പം നില്‍ക്കുക.

സെപ്റ്റംബര്‍ 12, 2012.
( ആദ്യകത്തെഴുതി കൃത്യം ഒരുമാസത്തിനു ശേഷം )

ഒപ്പ്

കൂടംകുളം ആണവനിലയത്തിനു പരിസരത്തുള്ള ഗ്രാമങ്ങളിലെ സ്ത്രീകള്‍ .

(സമരസമിതി പ്രവര്‍ത്തകരായ സ്ത്രീകളുമായി സംസാരിച്ച് എസ് അനിത തയ്യാറാക്കിയത്)

 

കൂടംകുളത്ത് വ്യാഴാഴ്ച നടന്ന 'കടല്‍ പിടിച്ചെടുക്കല്‍ സമരം.സ്ത്രീകളും കുട്ടികളുമടക്കം 2000 ഗ്രാമീണര്‍ പുതിയ രീതിയിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഫോട്ടോ: കൌണ്ടര്‍ കറന്റ്സ്


 
 
 
 
കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

കൂടംകുളം: കേരളമേ കണ്‍തുറക്കുക

ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു
 
 

അവളിപ്പോഴും അതേ തീയില്‍…

 
 
 
 
സൂര്യനെല്ലി കേസിലെ ഇരയുടെ ജീവിതം. നമ്മുടെ നിസ്സംഗതയ്ക്കു മുന്നിലൂടെ ഒഴുകുന്ന ഒച്ചയറ്റ വിലാപങ്ങളെക്കുറിച്ച്
ഒരിക്കല്‍ കൂടി സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

 
 
എനിക്കറിയാം ഞാനീയെഴുതുന്ന ഈ വരികളും ആളുകള്‍ വായിക്കും. പരസ്പരം പങ്കുവെക്കും. ഈ അവസ്ഥ കാണുമ്പോള്‍ സങ്കടവും രോഷവും പ്രകടിപ്പിക്കും. ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തേക്കും. അതു കൊണ്ടെന്ത്? അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരൊക്കെ ബുദ്ധിപൂര്‍വകമായ നിശãബ്ദത തുടരുന്നിടത്തോളം ഈ വാക്കുകള്‍ കൊണ്ട്, ഇത്തിരി നേരത്തേക്കെങ്കിലും, വായിക്കുന്നവരുടെ ഉള്ളിലുണ്ടാവുന്ന പ്രക്ഷുബ്ധകള്‍ കൊണ്ട് എന്തു കാര്യമാണ്? എല്ലാം പാഴായപോലെ തോന്നുകയാണ് ഇപ്പോള്‍. ഈ വാക്കുകള്‍. സങ്കടങ്ങള്‍. അടക്കിപ്പിടിച്ച കണ്ണീരുകള്‍…എല്ലാം. സഹിച്ചുസഹിച്ച് നിവൃത്തികെടുമ്പോള്‍, ആ കുടുംബം അവസാനത്തെ ആ തീരുമാനമെടുത്താല്‍ പോലും കണ്ടുനില്‍ക്കാനേ കഴിയൂ സുഹൃത്തുക്കളേ നമുക്കെല്ലാം. അന്നേരം എല്ലാവരും നിരന്നുനിന്ന് വലിയ വായില്‍ നിലവിളിച്ചിട്ടെന്താണ് കാര്യം? – സൂര്യനെല്ലി കേസിലെ ഇരയുടെ ജീവിതം. നമ്മുടെ നിസ്സംഗതയ്ക്കു മുന്നിലൂടെ ഒഴുകുന്ന ഒച്ചയറ്റ വിലാപങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

 
 

 
 

കഴിഞ്ഞ ഫ്രെബ്രുവരി 15നാണ്, അവളെക്കുറിച്ച് നാലാമിടത്തില്‍ എഴുതിയത്. സൂര്യനെല്ലി കേസ് സുപ്രീംകോടതി പരിഗണിക്കുന്ന വേളയില്‍, അവളെ പണാപഹരണ കേസില്‍ കുടുക്കുകയും ജയിലിലടക്കുകയും ജോലിയില്‍നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്. കേസില്‍ ഗൂഢാലോചന നടന്നതായി സംശയിക്കാന്‍ അനേകം കാരണങ്ങളുണ്ടായിട്ടും പൊതുസമൂഹം പുലര്‍ത്തുന്ന നിസ്സംഗതയിലുള്ള വ്യക്തിപരമായ സങ്കടവും രോഷവുമായിരുന്നു ആ കുറിപ്പ്.

അത് കഴിഞ്ഞിട്ടിപ്പോള്‍ ആറ് മാസമാവുന്നു. അവള്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. കേസില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യക്തമായ അനീതി നടന്നു എന്നതിന്റ തെളിവുകള്‍ ലഭ്യമായിട്ടും എല്ലാം നിയമത്തിന്റെ വഴിയേ എന്ന് കൈമലര്‍ത്തി കൈയാഴിഞ്ഞു, സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് സൂചനകള്‍ ലഭ്യമെങ്കിലും ആ വഴിക്ക് ഒട്ടും അന്വേഷിച്ചു പോയില്ല മാധ്യമങ്ങള്‍. ക്രൂരമായ അതേ നിസ്സംഗത ഇപ്പോഴും തുടരുകയാണ് പൊതുസമൂഹം.

എങ്കിലും, അവളിപ്പോഴുമുണ്ട് ആ വീട്ടില്‍. വിങ്ങി വിങ്ങി തീര്‍ന്നു പോകുന്ന ദിവസങ്ങളോട് നിസ്സംഗതയോട് യാത്ര പറയുകയാണ് അവളും കുടുംബവും. വന്നു പോകുന്നുണ്ട് ഓണവും പെരുന്നാളുകളും. അറിയുന്നുണ്ട് ചിലപ്പോഴെങ്കിലും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലെ കല്യാണാഘോഷങ്ങള്‍,കൂടിച്ചേരലുകള്‍. 16 വഷങ്ങള്‍ക്കപ്പുറം പടി കടന്നു പോയതാണ് എല്ലാ ആഘോഷങ്ങളും. വേണ്ട,തിരിച്ചു കൊടുക്കണ്ട അവര്‍ക്ക് ഒരു വിരുന്നുകളും. എന്നാല്‍, നിര്‍ത്തുമോ ഇനിയെങ്കിലും ഈ വേട്ടയാടല്‍. എല്ലാം കാണുന്നുണ്ട് ഈ മനുഷ്യര്‍. കുറ്റാരോപിതരില്‍ ഒരാള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഉന്നതപദമേറിയിരിക്കുന്നു. കേസില്‍നിന്നിറങ്ങിയ വേട്ടനായ്ക്കള്‍ പുറത്ത് യഥേഷ്ടം പുളച്ചു നടക്കുന്നു. എല്ലാവര്‍ക്കും എല്ലാം മറക്കാം. എന്നാല്‍, അവള്‍ക്കെങ്ങനെ മറക്കാനാകും, ജീവിതം ചവച്ചു തുപ്പിയവരെ?

സുജ സൂസന്‍ ജോര്‍ജ്


വേട്ടനായ്ക്കള്‍ വീണ്ടും
ഒരാളൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് വേട്ടനായ്ക്കള്‍ വീണ്ടും അവള്‍ക്കെതിരെ ആര്‍ത്തലച്ചു വന്നത്. ഇത്തവണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടി അവര്‍ക്കൊപ്പമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 6 നാണ് വാണിജ്യനികുതി ഓഫീസിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരിയായ അവളെ നടുറോഡിലിട്ട് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്. ‘സൂര്യനെല്ലിപെണ്‍കുട്ടി പണാപഹരണത്തിന് അറസ്റില്‍’ എന്ന തലക്കെട്ടില്‍ ക്രൈംബ്രാഞ്ച് ഭാഷ്യം,(അവളുടെ പേരുള്‍പ്പെടെ) വാര്‍ത്തയായി. എട്ട് ദിവസങ്ങളെടുത്തു അവള്‍ക്ക് ജാമ്യം ലഭിക്കാന്‍. എല്ലാ ഒന്നിടവിട്ട ശനിയാഴ്ചകളും ക്രൈംബ്രാഞ്ച് ഓഫീസില്‍ അവള്‍ വീണ്ടും വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്യപ്പെട്ടു.മൂന്നു മാസത്തോളം തുടര്‍ന്നു ആ പീഢാനുഭവം.കോടതിയില്‍ പരാതി കൊടുത്താണ്,എപ്പോള്‍ വിളിച്ചാലും എത്തിക്കോളാമെന്ന് ഉറപ്പിന്മേലാണ് ആ ക്രൂശിക്കല്‍ തത്ക്കാലം അവസാനിച്ചത്.

ഇതിനോടകം കാഴ്ചക്കാരും കേള്‍വിക്കാരുമായ നമ്മള്‍ എന്തു ചെയ്തു?

വിരലിലെണ്ണാവുന്നവര്‍,അത്ര ചങ്കുറപ്പോടെ മൌനികള്‍ ആകാന്‍ കഴിയാത്തവര്‍ നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായി ചില മാധ്യമങ്ങള്‍ ‘അവളെ’ ഓര്‍ത്തെടുത്തു. അവള്‍ക്കുവേണ്ടി സംസാരിച്ചവരുടെയും വാക്കുകള്‍ അവിടെയുമിവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് വിവിധ സ്ത്രീസംഘടനകള്‍ ഒത്തു സംഘടിപ്പിച്ച പൊതുയോഗം പ്രതിപക്ഷനേതാവ് വിഎസ് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടത്തിയ പൊതുയോഗം എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.അവിടെ അവസാനിച്ചു പൊതു പ്രതികരണങ്ങള്‍. പിന്നെ നമ്മള്‍ പിന്‍വാങ്ങി, അവരവരുടെ ഇട്ടാവട്ടങ്ങളിലേക്ക്.

കഴിഞ്ഞ ജൂലൈ 2ന് ഈ കുടുംബം തിരുവനന്തപുരത്ത് പോയി പ്രതിപക്ഷ നേതാവിനെയും ആഭ്യന്തര സെക്രട്ടറിയെയും കണ്ടു. ജയിലില്‍ അവളെക്കൊണ്ട് ആറോ ഏഴോ വെറും പേപ്പറുകളില്‍ ഒപ്പിടുവിച്ചിരുന്നു. അതെന്തിനാകുമെന്ന് അവര്‍ക്കറിയില്ല. അതിലവള്‍ക്ക് നല്ല പേടിയുണ്ട്. അക്കാര്യങ്ങളൊക്കെ സൂചിപ്പിച്ച് ഹോംസെക്രട്ടറിക്ക് പരാതി നല്‍കി. അതുകൊണ്ടാണോയെന്ന് അറിയില്ല, ആഗസ്റ് 4നു അവളെ വീണ്ടും ക്രൈംബ്രാഞ്ച് ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. വെന്തു ചാമ്പലായ മനസ്സും തേഞ്ഞു തീര്‍ന്ന ശരീരവുമായി ഏന്തി വലിഞ്ഞ് മകളുമൊത്ത് ആ മാതാപിതാക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.ആറു മണിക്കൂറോളം അവിടെ നിര്‍ത്തി. നിരവധി ചെല്ലാനുകളില്‍ അവര്‍ അവളെക്കൊണ്ട് ഒപ്പിടുവിച്ചു.

ഇതു വരെ കേസ് കോടതിയില്‍ എത്തിയിട്ടില്ല. ആരുടെയൊക്കെയോ ഗൂഢാലോചനയില്‍ രൂപം കൊണ്ട കെണിയില്‍ അവള്‍ വീണു കിടക്കുന്നു. പെടുത്തിയവര്‍ ഓണം അലവന്‍സുകളും മുന്‍കൂര്‍ ശമ്പളവും ഒക്കെയായി ഉല്ലാസത്തോടെ ഓണം പൊടിപൊടിച്ചു.

പീഡകരെ നാം മാലയിട്ട് സ്വീകരിക്കുന്നു. പീഡിതരെ അവഹേളനങ്ങളുടെയും അപമാനങ്ങളുടെയും പാതാളങ്ങളിലേക്ക് ചവിട്ടി താഴ്ത്തുന്നു.അനീതികള്‍ നടക്കുന്ന നഗരങ്ങള്‍ ചീര്‍ത്ത് വീര്‍ത്ത് വളര്‍ന്നു കൊണ്ടിരിക്കുന്നു. നാം സ്വസ്ഥരായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.

 

 
ആ വീട്

അവള്‍ ആകെ തളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും തളര്‍ന്നുപോയ ഒരുവള്‍. ഇടക്കിടെ വിഷാദം വന്നു കൊത്തുന്നു. എപ്പോഴും കിടപ്പ് തന്നെയാണ്. ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ പതിനാറര വര്‍ഷമായി നിരന്തര വേദനകള്‍ കൊണ്ട് തന്നെ മൂടുന്ന ജീവിതത്തെ അവളെങ്ങിനെയോ നിലനിര്‍ത്തുകയാണെന്നു പലപ്പോഴും തോന്നിപ്പോവും. മാനസിക വ്യഥകളും ദുരിതങ്ങളും കാരണമാവാം അവളുടെ ശരീരം ഇത്തിരി തടിച്ചിട്ടുണ്ട്. ഇത്തിരി മുതിര്‍ന്ന ഒരാളെപ്പോലെ തോന്നും. എന്നാല്‍, ആ മുഖം നിഷ്കളങ്കയായ ഒരു കുട്ടിയുടേതാണ്. ഇത്ര മാത്രം നിഷ്കളങ്കത നിറഞ്ഞ ആ കണ്ണുകള്‍ നോക്കി ഈ കൊടുക്രൂരതകള്‍ ചെയ്യാന്‍, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ ഈ മനുഷ്യര്‍ക്ക്, നമ്മുടെ വ്യവസ്ഥക്ക് എങ്ങിനെ കഴിയുന്നുവെന്ന് ആ മുഖം കാണുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്.

അച്ഛന്‍ കടുത്ത പ്രമേഹ രോഗിയാണ്. കിടപ്പാണ് മിക്കപ്പോഴും. കാലുകളില്‍ നീരുവെച്ചതിനാല്‍ നടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ചെറിയ മുറിവുകള്‍ ഉണങ്ങാത്തതിനാല്‍ വ്രണങ്ങളായിക്കഴിഞ്ഞു. ഓരോ അടിയും വെക്കുന്നത് വേദനയിലേക്കാണ്. എന്നിട്ടും, മകളെയും കൊണ്ട് ഈ അച്ഛന്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടിവരുന്നു.

അമ്മക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഗര്‍ഭാശയം ഒഴിവാക്കുന്ന ശസ്ത്രക്രിയയായിരുന്നു ആദ്യം. ഈയിടെ ഹൃദയശസ്ത്രക്രിയയും കഴിഞ്ഞു. അതിനാല്‍, അസ്വസ്ഥതകളേറെ. ഇടക്കിടെ കിടപ്പിലാവും. എങ്കിലും മനസ്സ് തളരാതെ മറ്റുള്ളവരെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഈയമ്മയുടെ ധൈര്യമാണ്. കേസും ദുരിതവും വിടാതെ പിന്തുടരുമ്പോഴും ക്ഷീണം മുഴുവന്‍ വകഞ്ഞു മാറ്റി നീതിക്കു വേണ്ടി അവര്‍ ഇപ്പോഴും നടത്തം തുടരുകയാണ്.

അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍, പെന്‍ഷനുണ്ട്. അതു മാത്രമാണ്, ചികില്‍സകളും ആശുപത്രി വാസങ്ങളും കേസുകളും പൊലീസ് സ്റ്റേഷനുകളിലേക്കും മറ്റുമുള്ള യാത്രകളും നടത്തുന്നതിന് ഇപ്പോഴുള്ള ആശ്രയം. പിന്നെയുണ്ടായിരുന്നത് അവളുടെ ശമ്പളമായിരുന്നു. അതിപ്പോള്‍ നിലച്ചു. കേസുകളും സസ്പെന്‍ഷനും കൊണ്ട് അവര്‍ ലക്ഷ്യമിട്ടത് ഇതുതന്നെയായിരുന്നു. പരമാവധി പൊറുതിമുട്ടിക്കുക. ജീവിതം നരകമാക്കുക.

അവസ്ഥകള്‍ അറിഞ്ഞവര്‍ക്കൊന്നും എന്നാല്‍, സഹായിക്കാന്‍ പോലുമാവില്ല. ആരെങ്കിലും അതിനു തയ്യാറായാല്‍ തന്നെ അവര്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. ബാങ്ക്അക്കൌണ്ടുകള്‍ സദാ പൊലീസ് നിരീക്ഷണത്തിലാണ്. ആരുടെയെങ്കിലും സംഭാവന വന്നാല്‍, പിന്നെ അതിന്റെ പേരില്‍ മറ്റൊരു കള്ളക്കേസ് ചമയ്ക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അതാണ് അവരുടെ നിരന്തര നിരീക്ഷണത്തിന്റെയും ലക്ഷ്യം.

ഇതിനിടെ പല തവണ ഞാനാ വീട്ടില്‍പോയി. ഓരോ തവണയും ഉള്ളു മുറിഞ്ഞാണ് തിരിച്ചു വരാറ്. സഹിക്കാനാവില്ല ആ വീടിന്റെ അവസ്ഥ. ആ പെണ്‍കുട്ടിയുടെ അവസ്ഥ. ആ മാതാപിതാക്കളുടെ മുഖങ്ങള്‍ വേദനകൊണ്ട് കൊത്തിവെച്ച പോലെ മനസ്സിലിങ്ങനെ കല്ലിച്ചു കിടക്കും.

 
 

എന്തു പറയണം ഈ മനുഷ്യരോട്?
എല്ലാ പ്രതീക്ഷകളും അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. കോടതിയെ, പൊലീസിനെ, സര്‍ക്കാറിനെ, മാധ്യമങ്ങളെ, സന്നദ്ധ സംഘടനകളെ എല്ലാം സ്വാധീനിക്കാന്‍ എളുപ്പമാണെന്ന് അനുഭവം അവരെ പഠിപ്പിച്ചു കഴിഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്‍കുട്ടിയെ നിരന്തരം വേട്ടയാടുമ്പോള്‍ പോലും ആശ്വാസത്തിന്റെ ഒരു കൈയും ജനാധിപത്യമെന്ന ഈ വ്യവസ്ഥക്കുള്ളില്‍നിന്ന് നീണ്ടു വരുന്നേയില്ല.

പുതിയ കേസു കൂടി വന്നതോടെ എല്ലാത്തിലുമുള്ള വിശ്വാസം ഇവര്‍ക്കു നഷ്ടപ്പെട്ടു. എല്ലാം ഇരക്കെതിരെയാണ്. കുറ്റവാളികള്‍ക്കൊപ്പാണ്. ഒരു സര്‍ക്കാര്‍, അതിന്റെ, നിയമസംവിധാനം എല്ലാം. എന്ത് നുണപറഞ്ഞാണ് പ്രതീക്ഷയുടെ അവസാന വെളിച്ചം എങ്കിലും അണയാതെ ഈ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതെന്ന് ഓരോ തവണയും അവിടെചെല്ലുമ്പോള്‍ ആലോചിച്ചുപോവും.

ചിലപ്പോഴൊക്കെ അവളുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ‘ടീച്ചര്‍, അന്ന് ഞങ്ങള്‍ നീതി കിട്ടുമെന്ന് വിചാരിച്ച് കേസിനു പോയതുകൊണ്ടല്ലേ ഈയവസ്ഥ. ലക്ഷങ്ങള്‍ തരാന്‍ തയ്യാറായി അതിലെ പ്രതികളുടെ ആളുകള്‍ ഞങ്ങളെ പല തവണ സമീപിച്ചിട്ടുണ്ട്. കേസില്‍നിന്ന് ഒന്ന് ഒഴിവാക്കണം. അത്ര മാത്രമാണ് അവരുടെ ആവശ്യം. എന്നിട്ടും ഒരിക്കല്‍ പോലും ഞങ്ങള്‍ അവര്‍ക്ക് ചെവി കൊടുത്തില്ല. എന്റെ കുഞ്ഞിന്റെ കണ്ണീരിനേക്കാള്‍ വിലയുണ്ടോ കേസില്‍നിന്നാഴിവായാല്‍ അവര്‍ക്കൊക്കെ കിട്ടുന്ന സമാധാനം?’
 
 
എന്തു കൊണ്ട് നമ്മള്‍?
ഏറ്റവും ദയനീയം ചുറ്റുമുള്ളവരുടെ മനോഭാവമാണ്. അനീതിക്കെതിരെ പ്രതികരിക്കേണ്ടി വരുമ്പോള്‍ മാത്രമേയുള്ളൂ അവരുടെ നിസ്സംഗത. ഈ കുടുംബത്തോടുള്ള ക്രൂരതയുടെ കാര്യത്തില്‍ അതില്ല. എത്രയോ തവണ കേട്ടിട്ടുണ്ട്, ആ ഉപദേശം. ‘ടീച്ചര്‍ ആ വീട്ടിലിങ്ങനെ പോവുന്നത് അത്ര നല്ലതല്ല. മോശം ആളുകളാ അവരെല്ലാവരും’. സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും നിയമത്തിന്റെയും സാങ്കേതികതയുടെയുമൊക്കെ മുഖംമൂടിക്കുള്ളിലെങ്കിലും ഒളിച്ചിരുന്നാണ് ഈ മനുഷ്യവിരുദ്ധ കാര്യങ്ങളൊക്കെ നടത്തുന്നത്. എന്നാല്‍, ഈ സാധാരണ മനുഷ്യര്‍ എന്തിനാണ് ഇങ്ങനെയാവുന്നത്?ഇത്തിരി കരുണ കൊണ്ടെങ്കിലും ആ മനുഷ്യരെ ഒന്ന് ആശ്വസിപ്പിക്കാന്‍ കഴിയുന്നവര്‍ എന്തിനാണ് വേട്ടനായ്ക്കള്‍ക്ക് കൂട്ടുനില്‍ക്കുന്നത്?

ആശ്വാസവുമായി ആരും ആ വീട്ടില്‍ പോവാറേയില്ല. ഇടക്കവിടെ ചെല്ലുമ്പോഴെല്ലാം അതിലുള്ള സന്തോഷം ആ കുടുംബം പ്രകടിപ്പിക്കാറുണ്ട്. ഒപ്പം ആരെങ്കിലുമുണ്ടെന്ന സന്തോഷം. ചിലപ്പോഴത് വല്ലാത്ത പ്രതീക്ഷയായി മാറും. ഈ ദുരിതത്തില്‍നിന്ന് കരകയറ്റാന്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്കെങ്കിലും കഴിയുമെന്ന വിചാരം. മറ്റെല്ലാത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലുമൊന്ന് വേണ്ടേ ആശ്വസിക്കാന്‍. എന്റെ എഴുത്തിനും വാക്കുകള്‍ക്കുമൊന്നും ഈ നാടിന്റെ നിസ്സംഗതയെ ഭേദിക്കാന്‍, ഒന്നനക്കാനെങ്കിലും കഴിയില്ല എന്നെനിക്കുറപ്പാണ്. ഇത്ര കാലം കൊണ്ട് അതു തന്നെയാണ് പഠിച്ചത്. എന്നിട്ടും അവരുടെ പ്രതീക്ഷകള്‍ കാണുമ്പോള്‍ ഒന്നും മറുത്തുപറയാന്‍ തോന്നാറില്ല. കുറ്റബോധം കൊണ്ട് ഇങ്ങനെ പുളയാനല്ലാതെ.

എനിക്കറിയാം ഞാനീയെഴുതുന്ന ഈ വരികളും ആളുകള്‍ വായിക്കും. പരസ്പരം പങ്കുവെക്കും. ഈ അവസ്ഥ കാണുമ്പോള്‍ സങ്കടവും രോഷവും പ്രകടിപ്പിക്കും. ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തേക്കും. അതു കൊണ്ടെന്ത്? അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരൊക്കെ ബുദ്ധിപൂര്‍വകമായ നിശãബ്ദത തുടരുന്നിടത്തോളം ഈ വാക്കുകള്‍ കൊണ്ട്, ഇത്തിരി നേരത്തേക്കെങ്കിലും, വായിക്കുന്നവരുടെ ഉള്ളിലുണ്ടാവുന്ന പ്രക്ഷുബ്ധകള്‍ കൊണ്ട് എന്തു കാര്യമാണ്? എല്ലാം പാഴായപോലെ തോന്നുകയാണ് ഇപ്പോള്‍. ഈ വാക്കുകള്‍. സങ്കടങ്ങള്‍. അടക്കിപ്പിടിച്ച കണ്ണീരുകള്‍…എല്ലാം. സഹിച്ചുസഹിച്ച് നിവൃത്തികെടുമ്പോള്‍, ആ കുടുംബം അവസാനത്തെ ആ തീരുമാനമെടുത്താല്‍ പോലും കണ്ടുനില്‍ക്കാനേ കഴിയൂ സുഹൃത്തുക്കളേ നമുക്കെല്ലാം. അന്നേരം എല്ലാവരും നിരന്നുനിന്ന് വലിയ വായില്‍ നിലവിളിച്ചിട്ടെന്താണ് കാര്യം?

സര്‍വീസ് സംഘടനകള്‍ക്കൊക്കെ ഒരു പാട് ചെയ്യാനാവുന്ന വിഷയമാണിത്. എന്നാല്‍, എന്തു കൊണ്ടോ അവരുടെ നന്‍മകളൊന്നും ഈ കുട്ടിക്കു വേണ്ടി മാത്രം പൊഴിയാറില്ല. മാധ്യമങ്ങള്‍ക്കുമില്ല ഇപ്പോള്‍ ഇതിലൊന്നും താല്‍പ്പര്യം. അവര്‍ക്കു വേണ്ടത് അവളുടെ എക്സ്ക്ലൂസീവ് അഭിമുഖമാണ്. അല്ലെങ്കില്‍, സെന്‍സേഷനലായ എന്തെങ്കിലും വെളിപ്പെടുത്തല്‍. സ്തോഭജനകമായ ഒരു സ്റ്റോറി. എല്ലാവരും ഒത്തൊരുമിച്ച് ഒരു ശ്രമം നടത്തിയാല്‍, ഈ ചതിയുടെ കഥകള്‍ മുഴുവന്‍ വെളിപ്പെടും. ആരുമില്ലെന്ന തോന്നലില്‍നിന്ന് ഈ കുടുംബം കരകയറും. എന്നിട്ടും ആരുമെന്താണ്, ഇത്തിരി നേരമെങ്കിലും അഭയത്തിന്റെ , ആശ്രയത്തിന്റെ കൈത്താങ്ങാവാത്തത്?
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

സാരിത്തുമ്പിനപ്പുറം, അമ്മ!

 
 
 
 
അമ്മ എന്ന അനുഭവം, ഓര്‍മ്മ.
കോശി മലയില്‍ എഴുതുന്നു

 
 

അനുജത്തിയുണ്ടായപ്പോള്‍ എന്നില്‍ അസൂയ എന്ന പാപത്തിന്റെ വിത്ത് ആദ്യമായി പൊട്ടി മുളച്ചു.. അമ്മക്ക് അവളോടാണ് ഇപ്പോള്‍ സ്നേഹം. തറയില്‍ ഇരുന്നു ബ്ലൌസു പൊക്കി സാരിത്തുമ്പ് മറച്ചിട്ടു മുല കൊടുക്കും. ഞാന്‍ കൂടെ സാരിക്കിടയില്‍ തല ഒളിപ്പിക്കാന്‍ ശ്രമിക്കും. അമ്മ എന്നെ തട്ടി മാറ്റും. നീ ഇതൊന്നും കാണേണ്ട എന്ന ഭാവത്തില്‍. മാറിയിരുന്നു കരയുന്ന എന്നെ വന്നു വാരിപ്പുണരും. ഇപ്പോള്‍ സാരിത്തുമ്പ് വീണ്ടും എനിക്ക് സ്വന്തം. അനിയത്തി തുപ്പിയ പുതു മുലപ്പാലിന്റെ ഗന്ധമാണ് ഇപ്പോള്‍ ആ സാരിത്തുമ്പില്‍. ചിലപ്പോള്‍ തികട്ടി വന്ന പാലിന്റെ ദുര്‍ഗന്ധവും- അമ്മ എന്ന അനുഭവം, ഓര്‍മ്മ. കാനഡയില്‍നിന്ന് കോശി മലയില്‍ എഴുതുന്നു

 

 

അമ്മയെ ആലോചിച്ചു കിടന്നു. ഒരായിരം ഓര്‍മ്മകള്‍ക്കി ടയിലൂടെ ഒരു സാരിത്തുമ്പ് കടന്നു വന്നു മനസ്സിനെ കുളിര്‍പ്പിച്ചു.
കുട്ടി ട്രൌസര്‍ ഓര്‍മ്മകളില്‍ ഈ സാരിത്തുമ്പ് മിന്നുന്നതെന്താണ്? നൂലിഴകള്‍ എന്നെ ചുറ്റിപ്പുണരുന്നതെന്താണ്? നെഞ്ചോട് ചേര്‍ക്കാനും മുഖമമര്‍ത്താനും വെമ്പുന്നതെന്തിനാണ്?

അമ്മയുടെ സാരി. ഇടതു തോളിലൂടെ പിന്നോട്ട് ഞാന്നു കിടക്കുന്ന തുമ്പ്.
സാരിയല്ലാതെ ഒന്നും അമ്മ ഉടുത്തതായി കണ്ടിട്ടില്ല. ഈ അഞ്ചര മീറ്റര്‍ തുണി അരയില്‍ കെട്ടിയ പാവാടയിലാണ് പിടിച്ചു തൂങ്ങി നില്‍ക്കുന്നത്. അടിപ്പാവാട. പീത്ത എന്ന തുണിച്ചരടാണ് പാവാടയെ സ്ഥാനത്ത് നിര്‍ത്തുന്നത്. ചിലപ്പോള്‍ അത് ഇടങ്കെട്ടെടുക്കും. അകത്ത് കയറി ഒളിക്കും. ഈ വലിയ തുണിയുടെ ഭാരം താങ്ങാന്‍ എനിക്ക് വയ്യ എന്ന പിണക്കം. അമ്മക്ക് ദേഷ്യം.

അമ്മ ഒരു സേഫ്റ്റി പിന്നുകൊണ്ട് ആ പീത്ത രാജാവിന്റെ തലയ്ക്കു കുത്തിപ്പിടിച്ചു പുറത്തേക്കാനയിക്കും.

കോശി മലയില്‍


സാരികള്‍ അധികമില്ല ഏറിയാല്‍ നാലോ അഞ്ചോ. മഴക്കാലത്തുടുക്കാന്‍ രണ്ടോ മൂന്നോ ‘മഴ’ സാരി – ശിഫോണോ മറ്റോ. അത് ഉടലിനോട് പറ്റിക്കിടക്കും. ഉണങ്ങാന്‍ എളുപ്പം. മഴവെള്ളത്തില്‍ പൊക്കിക്കുത്താനും.

‘ഇതെന്റെ കല്യാണ പുടവ’ “നിന്റച്ഛന്റെ വീട്ടീന്നു തന്നതാ”. ചുവപ്പില്‍ സ്വര്‍ണ കസവ് നേര്‍ത്ത് നെയ്ത കാഞ്ചീപുരം സില്‍ക്ക് . കല്യാണങ്ങള്‍ക്ക് മാത്രമേ ഉടുക്കാറുള്ളൂ.

സാരികളുടെ വിശ്രമ സ്ഥാനം ഒരു ഇരുമ്പു പെട്ടിയാണ്. നീല പെയിന്റു ചെയ്തു കുപ്പി വിളക്ക് പുകക്കരി ഓടിച്ച പുറം ചട്ട. സാരിയെ തുരുമ്പ് കളങ്കപ്പെടുത്താതിരിക്കാന്‍ ഉള്ളില്‍ പത്രക്കടലാസ് വിരിച്ചിടും. ഉരുളന്‍ മാര്‍ബികള്‍ പോലുള്ള പാററാ ഗുളികകള്‍ അവക്കിടയിലൂടെ ഓടി നടക്കും. സുഗന്ധം വിതറും. നാഫ്തലിന്റെ മണം. പില്‍ക്കാലത്ത് സാരികളുടെ ഇരിപ്പിടം മാറി. തടി അലമാരയിലേക്ക്. അറുത്ത തടിയുടെയും വാര്‍നിഷിന്റെയും മണമുള്ള അലമാര.

“പാററാ കരണ്ടതാ”-തുളയുള്ള ഒരു സാരി കാണിച്ചു അമ്മ പറഞ്ഞു.
അമ്മേടെ സാരിത്തുമ്പില്‍ തൂങ്ങി നടന്നു ഞാന്‍. “സാരീത്തൂങ്ങി” എന്ന് ചേച്ചി വിളിക്കും. ആരെങ്കിലും പേര് ചോദിച്ചാല്‍ അമ്മേടെ സാരിത്തുമ്പില്‍ പിടിച്ചു മുഖം മറക്കും.

“ഇവന് തന്നെ ഒന്ന് നടന്നാലെന്താ”? “എപ്പോഴും അവടെ സാരീടെ കീഴെ”.
അമ്മൂമ്മക്ക് അരിശം.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടക്കണം. എല്ലാവരും തോര്‍ത്തു മുണ്ടില്‍ മുഖമമര്‍ത്തും. എനിക്ക് ആ തുണിത്തുമ്പു തന്നെ വേണം.
സാരിത്തുമ്പില്‍ മൂക്കള തുടച്ചു നടന്ന കൊച്ചു ബാലന്‍. ചുവന്ന പൂക്കളുള്ള തുമ്പ്. ‘മാങ്ങാ പിഞ്ച്’ മുദ്രണം ചെയ്തവ. ആ തുമ്പില്‍ തൂങ്ങി നിന്ന തുണി കിങ്ങിണികളുടെ ഓര്‍മ്മ .

സാരി തുമ്പിന്റെ മറു പേര് മുന്താണിയെന്നു പഠിച്ചു. വഴി തെറ്റി അനുസരണയില്ലാതെ ചിതറി നില്ക്കുന്ന നൂലിഴകള്‍ വലിച്ചു രസിച്ചു. അമ്മ വഴക്ക് പറഞ്ഞില്ല. സ്നേഹം ആ സാരി തുമ്പിലൂടെ മേലേക്ക് ഒഴുകിയെത്തി ഹൃദയത്തെ കുളിര്‍പ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍ ഒരു വാരിപ്പുണരിലൂടെ അത് പുറത്തു വന്നു.

കോലായിലുള്ള കയറു കട്ടിലില്‍ അമ്മയുടെ ഉച്ച മയക്കം. താഴേക്ക് തൂങ്ങി കിടക്കുന്ന സാരിത്തുമ്പില്‍ കാലിട്ടടിക്കുന്നത് കാശി പൂച്ചക്ക് ഹരമാണ്. ഞാന്‍ അതിനെ ഓടിക്കും. ആ നൂലിഴ കൂട്ടം എനിക്ക് മാത്രമുളളതാണെന്നുള്ള ഭാവേന. നീ അതില്‍ അവകാശം സ്ഥാപിക്കേണ്ട ചക്കി പൂച്ചേ!.

 
 

 
 

ചില നേരം അമ്മ സാരിത്തുമ്പ് മുകളിലേക്ക് കയറ്റി തിരുകി വെക്കും. തറയില്‍ കുരണ്ടിയിട്ടു കറിക്കരിയുമ്പോള്‍, കിണര്‍ വെള്ളം കുടത്തില്‍ ഒക്കത്ത് പൊക്കി നടക്കുമ്പോള്‍. മുറ്റമടിക്കുമ്പോള്‍. പണി കഴിയുന്ന വരെ ഞാന്‍ അക്ഷമനായി നില്ക്കും . ആ സ്നേഹത്തുമ്പ് വീണ്ടും കൈക്കലാക്കാന്‍.
ഇളം വെയിലത്ത് ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോള്‍ അമ്മയുടെ കൈപിടിക്കാനേ കഴിയു. തുണി തുമ്പു കിട്ടില്ല. അത് തലയ്ക്കു മുകളില്‍. ചാറ്റ മഴയില്‍ അതെന്റെ ശിരസ്സില്‍ ചിറകായി. കിളി കുഞ്ഞിനു പനി പിടിച്ചു കൂടാ.

മാമ്പ്ര കണ്ടത്തിനക്കരെയാണ് പണിക്ക് വരുന്ന കുമാരന്റെ വീട്. കുമാരന്റെ മകള്‍ മരിച്ച ദിവസം അമ്മയോടൊപ്പം പോയി. പാമ്പ് കടിച്ചതാണത്രെ. തെക്കേ മൂലയ്ക്ക് എരിയുന്ന വിറകു കൂനയോര്‍ക്കുന്നു. അന്നു മുഴുവന്‍ എനിക്ക് സാരിത്തുമ്പില്‍ പിടിക്കാനായില്ല. ഇടത്തെ കക്ഷത്തിനടിയിലൂടെ ചുറ്റി മുമ്പോട്ടെടുത്ത ആ തുമ്പു നനഞ്ഞു കുളിച്ചു. നൂല്‍ വരമ്പിലൂടെ തിരികെ നടക്കുമ്പോള്‍ ഞാന്‍ അത് രുചിച്ചു. ഉപ്പു രസം.
“എന്തൊരു വെയില്” , “മഴക്കുള്ള ലക്ഷണം” ^മുറ്റത്ത് ഉണങ്ങാനിട്ട തോട്ടു പുളി തിരിച്ചു വച്ച് കൊണ്ടിരുന്നു അമ്മ പറയും. സാരിത്തുമ്പ് ഇപ്പോള്‍ തലയിലാണ്. അത് വിട്ടു കിട്ടാന്‍ ഞാന്‍ പറയും
“അമ്മക്ക് തോന്നുന്നതാ” “അത്രക്ക് വല്യ വെയിലൊന്നുമില്ല”.
“നീ അങ്ങനെയൊക്കെ പറയും” “നിന്നെ എനിക്കറിയരുതോ കൊച്ചു കള്ളാ” സാരി അഗ്രം വലിച്ചു എന്റെ തലയിലേക്കിടും”. പുണരും. സാരിക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെയിലും വെളിച്ചവും എന്റെ മുഖത്തിന്റെ ശോഭ കൂട്ടും.

അടുത്ത വീട്ടില്‍ ഒരു ചിത്തിര ചേച്ചിയുണ്ടായിരുന്നു. പണക്കാരന്‍ ദേവന്‍ ചേട്ടന്റെ മകള്‍. എം. എ ക്ക് പഠിക്കുകയാണ്. ചേച്ചിയുടെ സാരി പടര്‍ന്നു പന്തലിച്ചു നില്ക്കും. കഞ്ഞിപ്പശയിട്ടു തേച്ചു മിനുക്കിയ അതില്‍ ഒരു പ്രാവശ്യം തൊട്ടു നോക്കി.. കട്ടി കടലാസു പോലെ. “കോട്ടാ സാരിയെ അവള്‍ ഉടുക്കയുളളു”, അമ്മ അമ്മൂമ്മയോടു പറയുന്നത് കേട്ടു
ഒരു ദിവസം അമ്മൂമ്മ പറഞ്ഞു.
“തെക്കേലെ രാജനുണ്ടല്ലോ, ഒരു ഒണക്ക കമ്പേല്‍ സാരിചുറ്റിയാലും അതിന്റെ പിറകെ പോകും. എഭ്യന്‍”.
“അതു പിന്നെ എനിക്കറിയരുതോ. ഉണക്കാനിട്ട ഒരു സാരിയായാലും മതി. അതിനരികില്‍ ചുറ്റിപ്പറ്റി നില്ക്കും”^ അമ്മ കൂട്ടിചേര്‍ത്തു .

രാജന്‍ ചേട്ടന്റെ ഈ സാരിപ്രേമത്തെക്കുറിച്ചു എന്റെ ഇളം മനസ്സിന് ഒന്നും മനസ്സിലായില്ല.

മുറ്റത്ത് ചുട്ടുപഴുത്ത മണലില്‍ അമ്മ സാരി ഉണങ്ങാനിടും. ഉരുളന്‍ കല്ലുകള്‍ അതില്‍ മുഴകള്‍ സൃഷ്ട്ടിക്കും. ഉണങ്ങിയ സാരിയില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന കല്ലുകളെ പെറുക്കി മാറ്റുക എന്റെ ജോലിയാണ്. കല്ലു മാററിക്കഴിഞ്ഞാല്‍ അമ്മ ഒരറ്റം പിടിക്കും, ഞാന്‍ മറ്റേ അറ്റവും. കോണോടുകോണ്‍ വലിക്കും. കഞ്ഞിപ്പശ എകിയ കാഠിന്യത്തില്‍ നിന്നും തുണിയെ വിമുക്തമാക്കുന്ന ചടങ്ങ്. അത് കഴിഞ്ഞാല്‍ മടക്കി ഇരുമ്പു പെട്ടിയിലേക്ക്. ചിലപ്പോള്‍ ഇസ്തിരിയിടും. ചിരട്ടക്കരി കൊണ്ടുള്ള ഇസ്തിരിട്ടി. ചൂടുപെട്ടി തുണിയെ ചുംബിക്കുമ്പോള്‍ കഞ്ഞിപ്പശയുടെ ഗന്ധം.

വെളുപ്പിന് വാതിലില്‍ ഒരു മുട്ടു കേട്ടു. എന്ത് പറ്റി ജാനകി-കതകു തുറന്നു കൊണ്ട് അമ്മ ചോദിച്ചു.

“അമ്മ മരിച്ചു വെളുപ്പിനെ. ഒരു വെള്ള സാരിയുണ്ടോ തരാന്‍-തലയിണക്കീഴില്‍ സൂക്ഷിച്ചു വെച്ചിരുന്ന പ്രിയപ്പെട്ട വെള്ള സാരിയെടുത്തു കൊടുത്തു. ദാനധര്‍മ്മത്തിന്റെ ആദ്യ പാഠങ്ങള്‍ അതായിരിക്കാം.

 
 

Painting: Prem Singh


 
 

ഭിക്ഷക്ക് വന്ന കാക്കാത്തിക്ക് അമ്മ ഒരു സാരി പാതി കൊടുത്തു. പിന്നെ വന്നപ്പോള്‍ കഴുത്തില്‍ മുന്നോട്ടു തൂക്കിയ ഒരു മാറാപ്പ്. അമ്മ കൊടുത്ത സാരി കീറി ഉണ്ടാക്കിയത്. ഇരു വശത്തും ഓരോ കുഞ്ഞിക്കാല് നീണ്ടു നിന്നു. അരി കെട്ടി വീര്‍ത്ത സാരിത്തുമ്പില്‍ ഞാന്ന് മറ്റൊരു കുട്ടിയും.
“ഇന്ന് ക്രിസ്ത്യാനികളുടെ ദുഃഖ വെള്ളിയാഴ്ചയാ അതാ എല്ലാര്‍ക്കും കറുപ്പ്” ^കറുപ്പ് കലര്‍ന്ന സാരിയുടുത്ത് തുമ്പു കൊണ്ട് തലമറച്ചു പള്ളിയില്‍ പോകുന്ന ചേച്ചിമാരെ നോക്കി അമ്മ പറയും “ഈസ്റ്ററാകുമ്പം വെള്ള സാരി”.

“കൊയറു പാടാന്‍ പോവാരിക്കും അല്ലെ?”-വെള്ള ബ്ലൌസും വെളളയില്‍ ഇളം മഞ്ഞ പൂക്കള്‍ തയ്ച്ച സാരിയുമുടുത്ത് ചര്‍ച്ചില്‍ പോകുന്ന ആലീസ് ചേച്ചിയെ കാണുമ്പോള്‍ അമ്മ ചോദിക്കും.

സാഹിദ ബീവി ചേച്ചിയുടെ സാരിത്തുമ്പ് തലയില്‍ നിന്ന് മാറി കണ്ടിട്ടേയില്ല. കുഞ്ഞു മകള്‍ ആയിഷക്ക് സാരിത്തുമ്പ് ഒരു സ്വപ്നം മാത്രം,
മുററത്തു പനമ്പില് നെല്ലുണക്കാനിട്ടാല്‍ പേര കമ്പില്‍ കെട്ടിയ ഒരു കറുത്ത സാരിത്തുമ്പ് നാട്ടും. കാക്കയെ ഭയപ്പെടുത്താന്‍. കറുത്ത തുണി കാക്കകള്‍ക്ക് ഭയമാണെന്നു കുട്ടി പഠിച്ചു.

മതിലുകെട്ടാന്‍ കൊണ്ടിട്ട പാറയില്‍ തലയടിച്ചു നെറ്റി മുറിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് പച്ചയില കൈയിലിട്ടു തിരുമ്മി മുറിവില്‍ വെച്ച് പഴയ സാരിത്തുമ്പു കീറി കെട്ടി-”അഴിച്ചു കളയരുത് കേട്ടോ. പൊടി കേറിയാ സെപ്ററിക് ആകും”.

“എന്താ അവിടെ ആളു കൂടി നിക്കുന്നെ?”
“ബാലന്റെ മോള്‍ സുധര്‍മ്മ തൂങ്ങി ചത്തു. സാരീലാ കെട്ടിത്തൂങ്ങിയെ”.
അമ്മേടെ സാരിപിടിച്ചു പോയി കണ്ടു. ജനാലയിലൂടെ. കഴുക്കോലില്‍ കെട്ടിയ നീല സാരിയില്‍ തൂങ്ങി നില്‍ക്കു ന്ന ശവം. ഉറങ്ങാന്‍ കഴിഞ്ഞില്ല കുറെ ദിവസം.

ഓണക്കാലത്ത് മുറ്റത്തെ പേരക്കൊമ്പില്‍ ഊഞ്ഞാലിടും. ആശ്രിതന്‍ കുഞ്ഞനാണ് ആ ജോലി. കുഞ്ഞന്‍ ഓണത്തിന് മകളുടെ വീട്ടില്‍ പോയി. മലബാറില്‍. അപ്പോള്‍ അമ്മയ്ക്കായി ഊഴം. തിണ്ണയിലെ ബഞ്ചില്‍ കയറി നിന്ന് കഴുക്കോലില്‍ രണ്ടു സാരികള്‍ കെട്ടി. നെല്ല് കുത്തുന്ന ഉലക്കയെടുത്തു സാരികള്‍ തമ്മില്‍ ബന്ധിച്ചു. ഊഞ്ഞാല്‍ റെഡി.

അനുജത്തിയുണ്ടായപ്പോള്‍ എന്നില്‍ അസൂയ എന്ന പാപത്തിന്റെ വിത്ത് ആദ്യമായി പൊട്ടി മുളച്ചു.. അമ്മക്ക് അവളോടാണ് ഇപ്പോള്‍ സ്നേഹം. തറയില്‍ ഇരുന്നു ബ്ലൌസു പൊക്കി സാരിത്തുമ്പ് മറച്ചിട്ടു മുല കൊടുക്കും. ഞാന്‍ കൂടെ സാരിക്കിടയില്‍ തല ഒളിപ്പിക്കാന്‍ ശ്രമിക്കും. അമ്മ എന്നെ തട്ടി മാറ്റും. നീ ഇതൊന്നും കാണേണ്ട എന്ന ഭാവത്തില്‍. മാറിയിരുന്നു കരയുന്ന എന്നെ വന്നു വാരിപ്പുണരും. ഇപ്പോള്‍ സാരിത്തുമ്പ് വീണ്ടും എനിക്ക് സ്വന്തം. അനിയത്തി തുപ്പിയ പുതു മുലപ്പാലിന്റെ ഗന്ധമാണ് ഇപ്പോള്‍ ആ സാരിത്തുമ്പില്‍. ചിലപ്പോള്‍ തികട്ടി വന്ന പാലിന്റെ ദുര്‍ഗന്ധവും.

സാരിത്തുമ്പിന്റെ മണങ്ങള്‍ മാറി മാറി വരും ചിലപ്പോള്‍ വിയര്‍പ്പിന്റെ ഗന്ധം. തേങ്ങാപ്പാലിന്റെ, മുളകുപൊടിയുടെ, മഞ്ഞളിന്റെ ചിലപ്പോള്‍ തുണി കരിഞ്ഞ മണം. പക്ഷേ അതൊക്കെ എനിക്ക് സുഗന്ധമായി.

അവള്‍ക്കു അമ്മയൊരു തൊട്ടില്‍ കെട്ടി. കട്ടിയുള്ള ഒരു പഴയ സാരി കൊണ്ട്. തൊട്ടിലുറങ്ങുന്ന അവളെ ഞാന്‍ പോയി ഒളിഞ്ഞു നോക്കും. ചിലപ്പോള്‍ ഒരു നുള്ള് കൊടുക്കും. എനിക്കവകാശപ്പെട്ട ഈ സാരിയില്‍ നീ കേറി കിടക്കുന്നതെന്തിനാണ് കുട്ടീ?

കിണറ്റു കരയിലെ പായലില്‍ തെറ്റി വീണു ചേച്ചീടെ കൈ ഒടിഞ്ഞപ്പോള്‍ പഴയ സാരി വലിച്ചു കീറി തുമ്പെടുത്ത് ‘സ്ലിങ്ങ്’ കെട്ടി അമ്മ.
കുളിമുറിയില്‍ സാരി മുറിച്ചു ചെറു തുണ്ടുകളാക്കി വച്ചിരിക്കുന്നത് കണ്ടു. “നീ അതൊന്നും അറിയണ്ട” ^അത് എന്തിനാണെന്ന് ചോദിച്ചതിന്റെ മറുപടി. കുട്ടി മനസ്സില്‍ ഒരു സംശയം കൂടി ബാക്കി.

 
 

Painting: Prem Singh


 
 

പാടത്തിനടുത്തുള്ള ഇക്കിളി തോട്ടില്‍ നിന്നും മീന്‍ കോരാന്‍ ഒരു പഴയ സാരി കടം തരും. കൂട്ടുകാരന്‍ ഭാസ്കരന്‍ ഒരറ്റം പിടിക്കും. തുണി താഴ്ന്നു കിടക്കാന്‍ ഒരുളന്‍ കല്ലുകള്‍ വെക്കും. വഴിതെറ്റി വന്നു തുണിയില്‍ കയറുന്ന പൊടി മീനുകളെ വല പൊക്കി കുപ്പിയില്‍ കരുതി വെച്ച വെള്ളത്തിലിടും. മല്‍സ്യ ബന്ധനം കഴിഞ്ഞു സാരി വീട്ടില്‍ കൊണ്ട് വന്നാല്‍ അമ്മക്ക് പണിയായി. പായലും മണലും കുത്തിക്കയറിയ നൂലിഴകള്‍ കഴുകി വൃത്തിയാക്കാന്‍.

അയലത്തെ ചേച്ചിക്ക് സാരികളെക്കുറിച്ചു എപ്പോഴും പരാതിയാണ്.
“ചേട്ടന്‍ ഇതു വരെ എനിക്കിഷ്ടപ്പെട്ട ഒരു സാരി വാങ്ങിയിട്ടില്ല”

കസേരകള്‍ അടുപ്പിച്ചിട്ടു സാരി മുകളില്‍ വിരിച്ചു ഞാനും അനിയത്തിയും കളി വീടുണ്ടാക്കി. മുറ്റത്തെ ബദാം മരത്തണലില്‍. നല്ല സാരി അമ്മ തരില്ല. കീറിയതും പാറ്റാ തിന്നതും. സാരി സുഷിരങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെയില്‍ ദേഹത്ത് വീണാല്‍ അതിനെ ചൊറിയായി ഉപമിക്കലായി കൂടുതല്‍ ചൊറികള്‍ക്കായി ഞങ്ങള്‍ മത്സരിച്ചു. ബദാം ഇലയുടെ ആട്ടത്തിനനുസരിച്ചു ‘ചൊറികള്‍ മേനിയിലൂടെ ഓടി നടന്നു.

കൂട്ടുബാലസംഘം ഒളിച്ചു കളിക്കുമ്പോള്‍ അമ്മയുടെ സാരിയാണ് എനിക്കഭയം.
“അമ്മേ അവനെ കണ്ടോ”? അയലത്തെ കളികൂട്ടുകാരി ചോദിക്കും. “ദാ ആ മാവിന്റെ പിറകില്‍”

അവള്‍ അങ്ങോട്ടു പോകും. അതു കേട്ട് ഞാന്‍ അമ്മയുടെ സാരിത്തുമ്പിനു കീഴെ ഇരുന്നു ചിരിക്കും. അവള്‍ കേള്‍ക്കാ തിരിക്കാന്‍ വായ പൊത്തും. ചിലപ്പോള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന സാരിക്ക് പിറകില്‍ ഒളിഞ്ഞു നില്‍ക്കും. നനഞ്ഞ തുണി മൂക്കില്‍ തൊടുമ്പോള്‍ ബാര്‍ സോപ്പിന്റെയും കഞ്ഞിപ്പശയുടെയും ഗന്ധം. കാലു മറയ്ക്കാന്‍ തുണി താഴേക്കു വലിച്ചാല്‍ സാരി അയയില്‍ നിന്നുതിര്‍ന്നു വീഴും. അതോടെ എന്റെ ഒളിച്ചിരിപ്പിനറുതി.

കാലം അതിന്റെ നീണ്ട ഏടുകള്‍ നനച്ചു ഉണക്കി മടക്കി വച്ചു. സാരികളുടെ നിറവും തരവും ഭാവവും മാറി. പുണ്യമായ ആ മുന്താണി തുമ്പിന്റെയും. ഞാന്‍ രണ്ടു ഓമന കുട്ടികളുടെ അച്ഛനും സാരിയുടുക്കുന്ന ഒരമ്മയുടെ ഭര്‍ത്താവുമായി.

അലമാരയില്‍ നിന്നും തപ്പിയെടുത്തു അമ്മയുടെ ആ ചുവന്ന കല്യാണ പുടവ. മരിക്കും മുമ്പേ അവള്‍ക്കു കൊടുത്തത്. ചുവപ്പില്‍ സുവര്‍ണ്ണ കസവ് പ്രകാശിക്കുന്നു. പാറ്റാ ഗുളികയുടെ മണം മൂക്കില്‍ തുളച്ചു കയറിയില്ല. പകരം അമ്മയുടെ ഊഷ്മള സാമീപ്യം.
സാരിത്തുമ്പ് മുഖത്തോട് ചേര്‍ത്തു വച്ച് നിന്നു വിങ്ങി. അപ്പോള്‍ ചുവപ്പില്‍ ഒരിറ്റു കണ്ണീര്‍ ചായം തേച്ച് അവ്യക്ത ചിത്രങ്ങളെഴുതി.

“എന്താ ഒരുറക്കം, ഒന്നെഴുന്നെറ്റെ മാഷെ”-മുഖത്ത് ഒരു സാരിത്തുമ്പ് വീണപ്പോഴാണ് ഞെട്ടിയുണര്‍ന്നത്.

ആ പഴയ സാരിത്തുമ്പ് പുതിയ ഒന്നിനു വഴിമാറിക്കൊടുത്തു.

അന്നപൂര്‍ണാ ദേവി: ഒറ്റമുറിയില്‍ ഒരു സംഗീത നദി

 
 
 
ഹിന്ദുസ്ഥാനി സംഗീത പ്രതിഭ അന്നപൂര്‍ണാദേവിയുടെ
നിശ്ശബ്ദ ജീവിതം. സി.എന്‍ ജയരാജന്‍ എഴുതുന്നു

 
 

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ ഇളയ മകള്‍. ലോക പ്രശസ്ത സിതാര്‍ വാദകന്‍ അലിഅക്ബര്‍ ഖാന്റെ സഹോദരി, സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സ്വയമാവട്ടെ, പരിമിതികള്‍ ഭേദിച്ചു തെഴുത്ത പ്രതിഭയുടെ ഒരു വന്‍മരം. എന്നിട്ടും അന്നപൂര്‍ണദേവി പുറംലോകത്തിന് അന്യ.
ഇന്ന് അവര്‍ക്ക് 85 വയസ്സ്.മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ കഴിയുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെ ചുരുക്കം തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ചുരുക്കം ശിഷ്യര്‍ക്കായി പാതിരാവുകളില്‍ മാത്രം അവര്‍ സംഗീതാഭ്യസനം നടത്തി. എന്നിട്ടും അവരെത്തേടിയെത്തിയത് പത്മഭൂഷണ്‍,സംഗീത നാടക അക്കാദമി പുരസ്കാരം, വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി, സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം എന്നിവ. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടിയും അവര്‍ തന്റെ വാതില്‍ തുറന്നില്ല- അന്നപൂര്‍ണാ ദേവിയുടെ അസാധാരണമായ വ്യക്തി-സംഗീത ജീവിതത്തിലൂടെ കലാരംഗത്തെ പെണ്ണവസ്ഥകളിലേക്ക് ഒരു സഞ്ചാരം. സി.എന്‍ ജയരാജന്‍ എഴുതുന്നു

 

 

അന്നപൂര്‍ണ്ണയുടെ ജീവിത ചരിത്രാഖ്യാനമോ അവരുടെ മഹത്തായ സംഗീതത്തിന്റെ സൌന്ദര്യാസ്വാദനമോ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. അവര്‍ പിന്നിട്ട ജീവിതത്തെ കുറിച്ചുള്ള അറിവുകള്‍ ഇന്ന് നിരവധി വഴികളിലൂടെ ലഭ്യമായിരിക്കുന്നു. അതിലെല്ലാം അവരുടെ സംഗീതപാടവത്തെ കുറിച്ചുള്ള സൂചനകള്‍ ലഭ്യമാണ്. അതേ സമയം, സഹൃദയ മനസ്സുകളില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട വ്യക്തിത്വങ്ങളെ കുറിച്ചു ചിന്തിക്കുന്നവരിലേക്ക് അന്നപൂര്‍ണ്ണയെ കുറിച്ചുള്ള ചില വിവരങ്ങള്‍ എത്തിക്കുക എന്നതു മാത്രമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

സി.എന്‍ ജയരാജന്‍


ഇത്തരത്തില്‍ തങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് പ്രകടമായിരിക്കെ, അതിനുള്ള കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിശകലനങ്ങള്‍ മരങ്ങളെ കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ് ഏറെ വന്നു ഭവിച്ചിട്ടുള്ളത്. സ്ത്രീ എഴുത്തുകാരില്‍ ആത്മഹത്യാശ്രമം, മനോരോഗം തുടങ്ങിയ പ്രവണതകള്‍ കൂടുതല്‍ കാണപ്പെടുന്നു എന്ന രീതിയില്‍ കണക്കുകള്‍ നിരത്തുകയും അതിനുള്ള മനശãാസ്ത്രപഠനങ്ങള്‍ കേവലമായി നടത്തുകയും സാഹിത്യസാംസ്കാരിക രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് ഉപോല്‍ബലകമായി നിലപാടെടുക്കുകയും അവരുടെ സ്വഭാവശുദ്ധിയിലേക്ക് ഇടയ്ക്കിടെ ഒളിച്ചു നോട്ടം നടത്തുകയും ചെയ്യുന്നതും വരെ കാര്യങ്ങളെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്നപൂര്‍ണ്ണയുടെ ജീവിതകഥാംശങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഈ ശ്രമം.

 

അന്നപൂര്‍ണ ദേവി പിതാവിനൊപ്പം


 

അടഞ്ഞുപോവുന്ന നാദങ്ങള്‍
നിര്‍ധനരായ കുട്ടികളെ സൌജന്യമായി സംഗീതം പഠിപ്പിച്ചിരുന്ന ബാബ അല്ലാവുദീന്‍ ഖാന്റെ മാനുഷികതയുടെ നൈര്‍മ്മല്യം ഏറ്റു വളര്‍ന്ന ഇളയ കുട്ടിയാണ് പില്‍ക്കാലത്ത് അന്നപൂര്‍ണ്ണാ ദേവിയെന്നറിയപ്പെട്ട റോഷന്‍ ആരഖാന്‍. തന്റെ വലിയ വീട് കാണാന്‍ പുറത്തു കൊതിയോടെ നോക്കി നിന്ന ഒരു പാവം സ്ത്രീയെ സ്നേഹത്തോടെ കൈ പിടിച്ചു അകത്തു കൊണ്ടു വന്നിരുത്തിയതിന് ശേഷം അവരുടെ കാല്‍ കഴുകാന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്‍ തന്നോട് പറഞ്ഞത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പാഠമാണെന്ന അന്നപൂര്‍ണ്ണയുടെ അഭിപ്രായം ശ്രദ്ധേയമാണ്.

ലോക പ്രശസ്ത സംഗീതജ്ഞനായ അലിഅക്ബര്‍ ഖാനേക്കാള്‍ ഏഴു വയസ്സ് ഇളയ അനിയത്തി. 14 വയസ്സായപ്പോള്‍ മുതല്‍ ലോകപ്രശസ്ത സിതാര്‍ സംഗീതജ്ഞനായ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സംഗീത ലബ്ധിക്കിനിയെന്തു വേണം?

എന്നാല്‍ സംഗീതം സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്ന് കരുതുന്ന നിരവധി യാഥാസ്ഥിതിക കുടുംബങ്ങള്‍ കേരളത്തില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മഹത്തായ സംഗീത പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു പുറത്തു വരുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിന്റെ പേരില്‍ സംഗീതപഠനം നിഷേധിക്കപ്പെടുന്നുണ്ട് എന്നത് അപൂര്‍വ്വമല്ല. സംഗീതം ഒരു സശãബ്ദ പ്രക്രിയയാണ് എന്നതു കൊണ്ടു തന്നെ അത് രഹസ്യമായി പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.

അലാവുദ്ദീന്‍ ഖാനും അലി അക്ബര്‍ ഖാനും പിന്നീട് പണ്ഡിറ്റ് രവിശങ്കറും വിരാജിച്ച കുടുംബത്തില്‍ നിന്ന് ഒരു വിദുഷി, അന്നപൂര്‍ണ്ണയുടെയും അലി അക്ബര്‍ ഖാന്റെയും ചേച്ചി ജഹനാര, സ്വന്തം സംഗീതബോധത്തിന്റെ പേരിലാണ് ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിനിരയായത്. ഭര്‍ത്താവിന്റെ അമ്മ തന്റെ തംബുരുവെടുത്തു ചുട്ടു കരിച്ചപ്പോള്‍ തളര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ അവര്‍ താമസിയാതെ സ്വന്തം അമ്മയുടെ കയ്യില്‍ കിടന്നു മരിച്ചു. ഇത് അലാവുദ്ദീന്‍ ഖാന് ഒരു പാഠമായിരുന്നു.

 

അന്നപൂര്‍ണ ദേവി


 
ഏകലവ്യന് ഒരു പെണ്‍പകര്‍പ്പ്
സ്ത്രീകളുടെ ഭാവി ശോഭനമാകണമെങ്കില്‍ അവര്‍ സംഗീതം അഭ്യസിച്ചു കൂടാ എന്ന നിഗമനത്തിലേക്ക് ആ സാത്വികന്‍ എത്തിച്ചേരുകയും അതിന്റെ തുടര്‍ച്ചയായി അന്നു കുട്ടിയായിരുന്ന അന്നപൂര്‍ണ്ണയെ സംഗീത ശിക്ഷണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്തു. സുര്‍ബാഹറിനും സിത്താറിനും സരോദിനും ഹാര്‍മോണിയത്തിനും ഇടയിലൂടെ മുട്ടിലിഴഞ്ഞു നടന്ന അന്നപൂര്‍ണ്ണയെന്ന രോഷനാര ഖാന് അങ്ങിനെ അതൊക്കെ അപ്രാപ്യമായി.

എന്നാല്‍ ഏകലവ്യന്റെ സ്ത്രീ സാക്ഷാത്ക്കാരമായിരുന്നു അന്നപൂര്‍ണ്ണ. ലോക പ്രശസ്തനായി മാറുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ അലിഅക്ബര്‍ഖാന്‍ പഠിക്കുമ്പോള്‍ പിന്നണിയിലിരുന്ന് വേഗത്തില്‍ അന്നപൂര്‍ണ്ണ ഹൃദിസ്ഥമാക്കുകയും ചേട്ടന്റെ പിഴവുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്തു. അന്നപൂര്‍ണ്ണയുടെ സംഗീതാഭിരുചിയ്ക്കും ജ്ഞാനത്തിനും മുന്നില്‍ അലാവുദ്ദീന് ഒടുവില്‍ തന്റെ നിലപാട് മാറ്റേണ്ടി വന്നു.

അലാവുദ്ദീന്‍ ഖാന്‍ അപ്രകാരം അന്നപൂര്‍ണ്ണയിലേക്ക് സംഗീതം പകര്‍ന്നു നല്‍കുമ്പോള്‍ തന്നെയാണ് ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ കൂടെ നൃത്തച്ചുവടുകളുമായി വന്ന സഹോദരന്‍ രവിശങ്കര്‍ അലാവുദ്ദീന്‍ ഖാന്റെ സിതാര്‍ പഠിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് അലി അക്ബര്‍ഖാന്റെ സരോദിനോടും രവിശങ്കറിന്റെ സിതാറിനോടും ഒപ്പം സിതാറിലും സിതാറിന്റെ ഘന രൂപമായ സുര്‍ബഹാറിലുമായി അന്നപൂര്‍ണ്ണയും 5000 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി സംഗീതസാഗരത്തില്‍ അലകള്‍ തീര്‍ത്തു.

 

പണ്ഡിറ്റ് രവിശങ്കര്‍


 

പണ്ഡിറ്റ് രവിശങ്കര്‍ ചെയ്തത്
14ാം വയസ്സില്‍ രവിശങ്കറിനെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും സുഭേന്ദ്ര ശങ്കറിന് അവര്‍ ജന്മം നല്‍കി. എന്നാല്‍ സുഹ്റ സെഹ്ഗലിന്റെയും കമലയുടെയും സുകന്യയുടെയും ഇടയില്‍ അല്‍പ്പനേരത്തേക്കുള്ള ഇടത്താവളമായിരുന്നു രവിശങ്കറിന് താന്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഹിന്ദുവായ രവിശങ്കറിന് മുസ്ലിമായ രോഷനാരയെ വിവാഹം കഴിച്ചു കൊടുത്ത അലാവുദ്ദീന്‍ ഖാന്‍ ഒരേ സമയം ശാരദാംബയേയും അല്ലാഹുവിനേയും ആരാധിക്കാന്‍ തക്ക വിശാലമനസ്സുള്ള വ്യക്തിത്വമായിരുന്നു. പൌെര്‍ണ്ണമി രാവില്‍ പിറന്നതിനാല്‍ രോഷനാര അന്നപൂര്‍ണ്ണയായി. അന്നപൂര്‍ണ്ണ രവിശങ്കറിനോടും മകനോടും കൂടി മെയ്ഹര്‍ വിട്ട് മുംബൈയില്‍ താമസമാക്കി.

ഇക്കാലയളവില്‍ രവിശങ്കറോടൊപ്പം ചേര്‍ന്ന് നടത്തിയ സംഗീതക്കച്ചേരികളില്‍ പലപ്പോഴും അന്നപൂര്‍ണ്ണ ഭര്‍ത്താവിനേക്കാള്‍ വളരെ മുകളിലാണ് തന്റെ വൈദഗ്ദ്ധ്യം എന്ന് തെളിയിച്ചു. ഇതു ചര്‍ച്ചയാകാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനിയിലെ ശുദ്ധസംഗീത പാരമ്പര്യം കച്ചേരിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന മുടന്തന്‍ ന്യായം അവതരിപ്പിച്ച് തന്റെ പ്രതിഛായയെ രക്ഷിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. അലാവുദ്ദീന്‍ ഖാനിലൂടെ തനിക്ക് പകര്‍ന്നു കിട്ടിയ സേനിയ മെയ്ഹര്‍ ഖരാനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് അന്നപൂര്‍ണ്ണ സുര്‍ബഹാറില്‍ കാലത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആസ്വാദകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിച്ചു.

ആ സംഗീതപ്പെരുമഴയില്‍ തന്റെ സിതാര്‍ വാദനം കുത്തിയൊലിച്ചു പോകുന്നത് അസൂയയോടെ രവിശങ്കര്‍ തിരിച്ചറിഞ്ഞു. കാലത്തിനൊത്ത പരിഷ്കാരിയാവാതെ പഴഞ്ചന്‍ വസ്ത്രധാരണം നടത്തുന്നുവെന്ന വില കുറഞ്ഞ ആരോപണം കൂടി അടിച്ചേല്‍പ്പിച്ചു കൊണ്ട് രവിശങ്കര്‍ ആ മഹാസംഗീതജ്ഞയെ പൊതുവേദിയില്‍ കച്ചേരി നടത്തുന്നതില്‍ നിന്ന് തടഞ്ഞു.

 

അന്നപൂര്‍ണ ദേവി


 

ഒറ്റക്കൊരു സിത്താര്‍
അന്നപൂര്‍ണ്ണയ്ക്ക് വായ്പ്പാട്ടിലും സിതാറിലും സുര്‍ബഹാറിലും അപാരമായ പ്രാവീണ്യം ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ കണ്ണു നട്ടിരുന്ന രവിശങ്കര്‍ സംഗീതം ജനകീയമാക്കുന്നതിന്റെ പേരില്‍ അതിനെ ജനപ്രിയമാക്കുന്നതിന്റെ തിരക്കിലായിരുന്നു. സിതാര്‍ ശുദ്ധസംഗീതവുമായിട്ടുള്ള കച്ചേരിയ്ക്ക് യോജിച്ചതല്ലെന്നും ജനങ്ങള്‍ അന്നപൂര്‍ണ്ണയുടെ ശുദ്ധസംഗീതത്തിന് നേരെ ചീഞ്ഞ തക്കാളിയേറു നടത്തുമെന്നും പറഞ്ഞു കൊണ്ട് സിതാര്‍ കയ്യൊഴിയാനും സുര്‍ബഹാറിലേക്ക് മാത്രമായി ഒതുങ്ങി നില്‍ക്കാനും അന്നപൂര്‍ണ്ണയോട് അദ്ദേഹം ആവശ്യപ്പെട്ടു.

അല്ലാവുദ്ദീന്റെയും രവിശങ്കറിന്റെയും സംഗീതത്തിന്റെ വഴികള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് അന്നപൂര്‍ണ്ണ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാവുദ്ദീന്റെ ശിഷ്യര്‍ സംഗീതാഭ്യാസനത്തിനിടയില്‍ ആനന്ദലഹരിയില്‍ കണ്ണീര്‍വാര്‍ക്കുന്നത് സാധാരണയായിരുന്നുവത്രെ. സംഗീതത്തിനോടുള്ള വൈകാരികവും സൌെന്ദര്യശാസ്ത്രപരവുമായ സമീപനം വ്യക്തിനിഷ്ഠമായിരിക്കണമെന്ന അലാവുദ്ദീന്‍ ഖാന്റെ നിലപാട് എക്കാലവും അന്നപൂര്‍ണ്ണ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

അന്നപൂര്‍ണ്ണയെ തള്ളിക്കളഞ്ഞു കൊണ്ട് രവിശങ്കര്‍ കമലയോടൊപ്പം വിഹരിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലെ വസതിയിലും മെയ്ഹറിലുമായി മാറിമാറിത്താമസിച്ചു കൊണ്ട് തന്നിലേക്ക് തന്നെ സംഗീതത്തെ അന്നപൂര്‍ണ്ണ ഒതുക്കി നിര്‍ത്തി. എല്ലാ പൊതു പരിപാടികളില്‍ നിന്നും അവര്‍ വിട്ടു നിന്നു. സംഗീതത്തിന്റെ ചേരുവകളില്‍ കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്തു കൊണ്ട് രവിശങ്കര്‍ വിദേശത്ത് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ അതില്‍ ആവേശം കൊണ്ട് മകനും അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയി.

1962ല്‍ രവിശങ്കറുമായി അവര്‍ വിവാഹമോചനം നടത്തി. അലാവുദ്ദീന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിച്ച അന്നപൂര്‍ണ്ണ പിന്നീട് 55ാമത്തെ വയസ്സില്‍ തന്നേക്കാള്‍ 13 വയസ്സ് ഇളയതായ രൂഷി കുമാര്‍ പാണ്ഡ്യയെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവാഹം കഴിച്ചു. ഇതിനെ കുറിച്ച് അന്നപൂര്‍ണ്ണ പറയുന്നത് അദ്ദേഹത്തിന്റെ പരിചരണമില്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കയില്ലായിരുന്നെന്നാണ്.

 

അന്നപൂര്‍ണ ദേവി പണ്ഡിറ്റ് രവിശങ്കറിനൊപ്പം


 

പാതിരാവിന്റെ രാഗങ്ങള്‍
1950കളിലാണ് അന്നപൂര്‍ണ്ണ കച്ചേരി നടത്തിയിട്ടുള്ളത്. ആകെ 11 കച്ചേരികള്‍ മാത്രമാണ് ഈ വിശ്വോത്തര കലാകാരി നടത്തിയിട്ടുള്ളത്. അതില്‍ ആറെണ്ണം പൊതുവേദിയില്‍ നടന്നതാണ്. രവിശങ്കറുണ്ടാക്കിയ വിവിധ പ്രശ്നങ്ങളില്‍ മനം നൊന്തു പൊതുവേദികളെയും സ്വകാര്യ വേദികളെയും വിട്ടൊഴിഞ്ഞ് നില്‍ക്കെയാണ് ജ്യേഷ്ഠനും വിശ്രുത കലാകാരനുമായ അലിഅക്ബര്‍ ഖാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. തന്റെ ശബ്ദമോ സംഗീതമോ റെക്കോര്‍ഡ് ചെയ്യപ്പെടരുതെന്നും തന്റെ സംഗീതം ദൈവത്തിനുള്ള അര്‍പ്പണം മാത്രമാണെന്നും നിലപാടുള്ള അന്നപൂര്‍ണ്ണ തന്റെ കച്ചേരി ശബ്ദലേഖനം നടത്തിയ റെക്കോര്‍ഡുകള്‍ ക്ഷോഭത്തോടെ തകര്‍ത്തു കളഞ്ഞു.

വളരെ അപൂര്‍വ്വം പേരേ അവരുടെ കച്ചേരികള്‍ കേട്ടിട്ടുള്ളൂ. അവര്‍ നടത്തിയ സംഗീത സദസ്സുകളുടെ മൂന്നു ശകലങ്ങള്‍ അവരുടെ വ്യക്തിത്വത്തിന്റെ പ്രതിധ്വനിയെന്നോണം യു ട്യൂബില്‍ ലഭ്യമാണ്. വളരെ കുറച്ചു പേരേ അവരുടെ സംഗീതക്കച്ചേരി കേട്ടിട്ടുള്ളൂ. എന്തിന്, വളരെ കുറച്ചു പേരേ അവരെ കണ്ടിട്ടുള്ളൂ.

അതേ സമയം, ഹിന്ദുസ്ഥാനി സംഗീത ലോകത്തെ വിഖ്യാതരായ പലരും അന്നപൂര്‍ണ്ണയുടെ ശിഷ്യരാണ്. അന്നപൂര്‍ണ്ണയെ ‘മാ’ എന്നു വിളിയ്ക്കുന്ന പ്രശസ്ത ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൌരസ്യയും യശശãരീനായ സരോദ് വിദഗ്ദ്ധന്‍ നിഖില്‍ ബാനര്‍ജിയും അന്നപൂര്‍ണ്ണയെ പില്‍ക്കാലത്ത് വിവാഹം കഴിച്ച രൂഷി കുമാര്‍ പാണ്ഡ്യയും അവരില്‍ ചിലര്‍ മാത്രം. ഡാനിയേല്‍ ബ്രാഡ്ലിയെ പോലുള്ള പാശ്ചാത്യ സംഗീതകാരന്മാരും ശിഷ്യഗണത്തില്‍ പെടുന്നു.

പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളിലാണ് അവര്‍ പഠിപ്പിച്ചിരുന്നത്. സൌജന്യമായി പഠിപ്പിച്ചു കൊണ്ട് അച്ഛന്റെ സമ്പ്രദായം അവര്‍ തുടര്‍ന്നു. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന അനിയത്തിയുടെ അടുത്തേയ്ക്ക് മക്കളായ ആശിശ് ഖാനെയും ധ്യാനേശ് ഖാനെയും അലിഅക്ബര്‍ ഖാന്‍ സംഗീതാഭ്യാസനത്തിന് അയച്ചു. അല്ലാവുദ്ദീന്‍ ഖാന്‍ സംഗീതാഭ്യസനം നടത്തുന്ന കാലത്തും അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യരേറെയുണ്ടായതിന് മറ്റൊരു കാരണം കൂടിയുണ്ട്. അല്ലാവുദ്ദീന്റെ കാര്‍ക്കശ്യത്തെയും മുന്‍കോപത്തെയും സംഗീതം പഠിക്കാന്‍ വരുന്നവര്‍ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയെയും ഉസ്താദ് ബഹദൂര്‍ഖാനെയും പോലുള്ളവര്‍ അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യപ്പെടുന്നത്.

മറ്റൊരു കഥ കൂടിയുണ്ട്. രവിശങ്കര്‍ സംഗീതം പഠിക്കാന്‍ വീഴ്ച വരുത്തുന്നതു കണ്ടപ്പോള്‍ അന്നപൂര്‍ണ്ണയുടെ അടുത്തു നിന്ന് പഠിക്കാന്‍ അദ്ദേഹം അക്ഷമനായി പറഞ്ഞുവത്രെ. ഇതും അന്നപൂര്‍ണ്ണ രവിശങ്കറുമായിട്ട് ഒന്നിച്ച് സംഗീതവേദികള്‍ പങ്കെടുക്കുന്നതിന് തടസ്സമായി.

 

അന്നപൂര്‍ണ ദേവി


 

മുറിക്കുള്ളില്‍ ഒരു നദി
ഇന്ന് അന്നപൂര്‍ണ്ണാദേവിയ്ക്ക് 85 വയസ്സ്.മുംബൈയിലെ അംബര ചുംബിയായ ഒരു ഫ്ളാറ്റിലെ ആറാം നിലയില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ ഈ മഹാകലാകാരി തന്റെ നിഴലുമായി കഴിഞ്ഞു കൂടുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ.പല്ലുകള്‍ ഡോക്ടറെ കാണിക്കാന്‍ മാത്രമായിരുന്നു അത്. അവരുടെ ഫ്ളാറ്റിന്റെ മുന്‍വശത്ത് അന്നപൂര്‍ണ്ണ എന്ന പേര് തൂക്കിയതിനടുത്ത് മറ്റൊരു ഫലകം തൂക്കിയിട്ടുണ്ട്. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:

1. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വാതില്‍ തുറക്കുന്നതല്ല.
2. മൂന്നു തവണ മാത്രം കോളിംഗ് ബെല്‍ അമര്‍ത്തുക.
3. എന്നിട്ടും ആരും വാതില്‍ തുറന്നില്ലെങ്കില്‍ പേരും വിലാസവും എഴുതി വെച്ചിട്ടു പോകുക. നന്ദി. അസൌെകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.

എന്നിട്ടും ലോകം കാണാത്ത, വീടുവിട്ടിറങ്ങാത്ത ഈ മഹാപ്രതിഭയെത്തേടി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനകീയ അംഗീകാരമായ പത്മഭൂഷണ്‍ 1977ലും കലാരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ സംഗീത നാടക അക്കാദമി അവാര്‍ഡ് 1991ലും വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി 1999ലും തേടിയെത്തി. 2004ല്‍ സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം നല്‍കി. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടി അവര്‍ തന്റെ വാതില്‍ തുറന്നില്ല.

തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നതു പോലെ അന്നപൂര്‍ണ്ണയുടെ ആത്മകഥയുടെ സംക്ഷിപ്താവിഷ്കരണമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. സര്‍ഗ്ഗ വൈഭവമുള്ളവര്‍ പല തരത്തില്‍ നിശãബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, ജീവിച്ചിരിക്കുന്ന അന്നപൂര്‍ണ്ണയെ പോലുള്ളവര്‍ സംഗീതവിഹായസ്സില്‍ ഏറ്റവും ഉജ്ജ്വലമായ താരപ്രഭയെ എപ്രകാരം മറച്ചു പിടിക്കുന്നു എന്നതിലേക്കു ശ്രദ്ധ തിരിച്ചു വിടാനും അതിന്റെ കാരണങ്ങളിലേക്ക് ഒന്നെത്തിനോക്കാനുമുള്ള ശ്രമം മാത്രമാണിത്.

 

സുര്‍ബാഹര്‍


 

മൌനത്തിന്റെ രാഷ്ട്രീയം
അന്നപൂര്‍ണ്ണ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായിരുന്നുവോ എന്ന വിഷയം സംവാദാത്മകമാണ്. സായിബാബ എന്ന ആള്‍ദൈവത്തിന്റെ സന്ദര്‍ശനാഭ്യര്‍ത്ഥന നിഷേധിക്കുകയും സംഗീതം ഈശ്വരാര്‍ച്ചനയാണെന്ന് വാദിക്കുകയും ചെയ്ത നിലപാടിന് താരതമ്യേന ഗുണപരമായ വശങ്ങളാണുള്ളത്. അതേ സമയം, സാമ്രാജ്യത്വം അതിന്റെ മുഖഛായയില്‍ ലോകത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമായി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമവകാശപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സുകളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത് ഗുണപരമായിട്ടല്ല, മറിച്ച് വിനാശകരമായിട്ടാണ്. സംഗീതവേദികളില്‍ അണിഞ്ഞൊരുങ്ങി വരുന്നത് സംഗീതപരിപാടിയുടെ അവിഭാജ്യഘടകമാകുന്നതു വരെ മാത്രമേ അംഗീകരിക്കാനാവൂ. ഫ്യൂഷന്‍ സംഗീതം ഇന്ത്യന്‍ സംഗീതത്തിന് എന്നല്ല സംഗീത സംസ്കാരത്തിന് ഗുണം ചെയ്യുകയില്ല. പാശ്ചാത്യലോകത്ത് നിന്ന് കടം കൊണ്ട വയലിനും ഗിത്താറും പോലുള്ള ഉപകരണങ്ങള്‍ പോലും വിധേയമായി പ്രവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സംഗീതത്തിന് ഗുണപരമായ പരീക്ഷണമായത്.

രവിശങ്കര്‍ അന്നപൂര്‍ണ്ണയുടെ വസ്ത്രധാരണത്തെയും ശുദ്ധസംഗീതത്തെയും എതിര്‍ത്തതിന് കാരണം വ്യക്തിപരമായ അസൂയ മാത്രമല്ല. സംഗീതവും സാര്‍വ്വദേശീയ തലത്തില്‍ കമ്പോളവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യവസായമായി മാറിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ വിദഗ്ദ്ധനായ വക്താവായിരുന്നു രവിശങ്കര്‍. അതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം അന്നപൂര്‍ണ്ണയോട് ആകര്‍ഷണീയമായ നൂതന വേഷഭൂഷാദികള്‍ കൈക്കൊള്ളാനും ശുദ്ധസംഗീതത്തെ കയ്യൊഴിയാനും ആവശ്യപ്പെട്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചന്തക്കച്ചേരിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ സിത്താര്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ അതുപേക്ഷിക്കാനും സുര്‍ബഹാറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഏറ്റവും കഠിന രൂപമായ ധ്രുപദ് ശൈലിയുമായി സ്വയം ആസ്വദിച്ചിരിക്കാനും കൂടി അദ്ദേഹം അന്നപൂര്‍ണ്ണയോട് പറഞ്ഞു.

ഈയൊരു ഘട്ടത്തില്‍ അന്നപൂര്‍ണ്ണയ്ക്ക് ഒറ്റയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? പ്രശസ്തിയുടെ പളപളപ്പില്‍ അന്നപൂര്‍ണ്ണയെ ഒറ്റയ്ക്കാക്കി മകന്‍ സുഭേന്ദ്ര അച്ഛനോടൊപ്പം പോയി. തീര്‍ച്ചയായും സുബ്ഹേന്ദ്രയ്ക്കോ രവിശങ്കറിന്റെ സദാ സമയം കച്ചേരികളില്‍ കൂടെയുള്ള മറ്റൊരു ഭാര്യയിലെ മകളായ അനൂക്ഷയ്ക്കും അന്നപൂര്‍ണ്ണയുടെ ഏഴയല്‍പക്കത്തു വരാനുള്ള സംഗീതബോധം ഉണ്ടായില്ല എന്നുള്ള കാര്യം സ്വാഭാവികമാണല്ലോ.

മല്‍സരത്തിന്റേതായ സംഗീതലോകത്ത് പൊതുവേദികളില്‍ താനെന്തിനാണ് കച്ചേരി നടത്തുന്നത് എന്നൊരിക്കല്‍ അന്നപൂര്‍ണ്ണ ചോദിച്ചു. (അന്നപൂര്‍ണ്ണയുമായി നടന്ന അപൂര്‍വ്വം അഭിമുഖസംഭാഷണങ്ങളിലൂടെയാണ് അവരുടെ അഭിപ്രായങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.) താരശോഭ കൊണ്ട് ഏവര്‍ക്കും സുപരിചിതമായ പേരുകളാണ് സിതാറില്‍ രവിശങ്കറിന്റേയും സരോദില്‍ അംജദ് അലിഖാന്റെയും. എന്നാല്‍ അവരേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രശസ്തരായ വിലായത്ഖാനും അലിഅക്ബര്‍ഖാനും ഇവരേക്കാള്‍ കേമന്മാരാണ് എന്നുള്ള വാദങ്ങള്‍ പല മാധ്യമങ്ങളിലേയും സംഗീത നിരൂപകര്‍ മുതല്‍ ലേഖകന്റെ ഹിന്ദുസ്ഥാനി പ്രിയരായ സുഹൃത്തുക്കള്‍ വരെ ഉയര്‍ത്തി കേട്ടിട്ടുണ്ട്.

മറ്റെല്ലാ രംഗങ്ങളിലെയും പോലെകൂടുതല്‍ ജനപ്രിയനാകാനുള്ള മല്‍സരം സംഗീതരംഗത്തും ഹീനമായ രീതിയില്‍ തുടരുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു നിലപാട് ശുദ്ധസംഗീതത്തിന്റെ പേരില്‍ അന്നപൂര്‍ണ്ണ കൈക്കൊണ്ടാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും? മാത്രമല്ല, നമ്മുടെ സമകാലീനരായ മറ്റു സംഗീതജ്ഞരുടെ വാചകമടിയില്‍ നിന്ന് വ്യത്യസ്തമായി സംഗീതം ഈശ്വരാര്‍ച്ചനയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ അവര്‍ തെളിയിച്ചു കാണിക്കുകയായിരുന്നു ചെയ്തത്.

 

അന്നപൂര്‍ണ ദേവി


 

കരിയറിസത്തിന് ചില മറുപടികള്‍
കുടുംബ ജീവിതത്തില്‍ വന്ന തകര്‍ച്ച അവരെ എല്ലാ മേഖലകളിലും നിന്ന് മാനസികമായി പിന്നോട്ടടിപ്പിച്ചു എന്നത് ശരിയാണ്. അതിനെ തരണം ചെയ്ത് മുന്നോട്ടു വന്നു കൊണ്ട് ജനങ്ങള്‍ക്ക് അന്നപൂര്‍ണ്ണ തന്റെ മഹത്തായ സംഗീതസമ്പത്ത് പകര്‍ന്നു നല്‍കണമെന്ന് ലേഖകനും മറ്റെല്ലാവരെയും പോലെ ആഗ്രഹിക്കുകയും വാര്‍ദ്ധക്യം കൊണ്ട് വിറയാര്‍ന്നതായാല്‍ പോലും അവരുടെ കരങ്ങളിലൂടെ സുര്‍ബഹാര്‍ സംഗീതം പൊഴിയ്ക്കുന്നത് കാണാന്‍ കൊതിച്ചിരിക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനുള്ള വേദി ആരാണ്, എപ്രകാരമാണ് ഒരുക്കാന്‍ കഴിയുക?

സദസ്യരുടെ അഭിരുചിയ്ക്ക് വേണ്ടി സംഗീതത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്ന പ്രസ്താവന അന്നപൂര്‍ണ്ണ നടത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യന്‍ സംഗീത വിദ്വാനും കേരളീയ സംഗീതപ്രേമികള്‍ക്ക് സുപരിചിതനുമായ എം ഡി രാമനാഥന്‍ പറഞ്ഞിട്ടുള്ളതാണ്. ഭാരതീയ സംഗീതത്തിന്റെ ഔന്നത്യങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ബോധത്തെ എത്തിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു പിടിയ്ക്കുകയായിരുന്നില്ല ഈ പ്രഗത്ഭമതികള്‍ ചെയ്തത്. മറിച്ച്, പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നിലവിലുള്ള പ്രാദേശികവും സാമൂഹികവും സാംസ്കാരികവും മതപരവുമടക്കമുള്ള സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ട് നടത്തുന്ന ഹീനമായ മായം ചേര്‍ക്കലുകളെയാണ് അവര്‍ എതിര്‍ത്തത്.

ഇത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്. ആഗോളീകരണത്തിന്റെ ലോകത്ത് ഉദാരീകരണത്തിന്റെയും നവ കോളനീകരണത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു വിധേയമായിട്ടുള്ള രാജ്യാന്തര മൂലധനപ്രക്രിയകള്‍ സംസ്കാരത്തെയും കമ്പോളവുമായി ബന്ധപ്പെടുത്തുമ്പോള്‍, സംഗീതജ്ഞരും കരിയറിസ്ററുകളായി അധ:പതിക്കുമ്പോള്‍, കമ്പോളാധിഷ്ഠിത സംസ്കാരം സംഗീതമേഖലയിലേക്ക് അലയടിച്ചു കയറുമ്പോള്‍, ബദല്‍ സാംസ്കാരിക സംഘടിത ജനകീയ മുന്നേറ്റങ്ങളുടെ അഭാവത്തില്‍ അന്നപൂര്‍ണ്ണയും എം ഡി രാമനാഥനും അത്തരമൊരു നിലപാടെടുത്തതിന് ഒരു ചെറുത്തുനില്‍പ്പിന്റെ ഭാവം കൈവരുന്നില്ലേ?

 

അന്നപൂര്‍ണ ദേവി


 

നിശ്ശബ്ദതയുടെ പെണ്‍വഴികള്‍
ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ സ്ത്രീകളായ എഴുത്തുകാരില്‍ വിശേഷിച്ച് കവയിത്രികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യാപ്രവണതയുടെയും ആധിക്യം കണക്കുകളെടുത്തു കൊണ്ട് ചൂണ്ടിക്കാണിക്കുകയും മരിക്കുന്നത് ഒരു കലയാണെന്ന് പ്രഖ്യാപിച്ച സില്‍വിയ പ്ലാത്തിന്റെ പേരുമായി ബന്ധപ്പെടുത്തി സില്‍വിയാ പ്ലാത്ത് ഇഫക്ട് ആയി ഇത്തരം മനോഭാവങ്ങളെ ഒതുക്കുകയും ചെയ്തിരിക്കയാണ് മനശãാസ്ത്രജ്ഞര്‍. തീര്‍ച്ചയായും ഇതില്‍ ശാസ്ത്രീയതയുള്ളപ്പോള്‍ തന്നെ എന്തു കൊണ്ട് സ്ത്രീകളില്‍ അത് പ്രകടമാകുന്നുവെന്നതിന്റെ കാരണം സമൂര്‍ത്തമായ വര്‍ത്തമാന സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ മനശãസ്ത്രമേഖലയും സാമൂഹിക സാഹചര്യങ്ങളും സമഗ്രമായി പരിശോധിച്ചു കൊണ്ടു വേണം ഇതിന് പരിഹാരം കാണേണ്ടത്. അന്നപൂര്‍ണ്ണയുടെ ഏകാന്തവാസവും ഇതിലേക്കുള്ള ചൂണ്ടു പലകയാണ്.

ഇനിയും ജീവിച്ചിരുന്നാല്‍ താന്‍ കഥകള്‍ ഇനിയും എഴുതുമെന്നും അതു കൊണ്ട് താന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ രാജലക്ഷ്മി ജീവത്യാഗം ചെയ്തത്. താന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവര്‍ക്കും അവരുടെ സമ്പ്രദായങ്ങള്‍ക്കും ബുദ്ധിമുട്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പൊതുലോകം വെടിയുന്നതെന്ന് അന്നപൂര്‍ണ്ണയും പറഞ്ഞിട്ടുണ്ട്. (അലി അക്ബര്‍ ഖാന്‍ ഒരു തവണ പോലും അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ സരോദ് പൊതുവേദിയില്‍ വായിച്ചിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്ന വിവരമാണ്. അന്നപൂര്‍ണ്ണ നടത്തിയ ഒടുവിലത്തെ കച്ചേരി അലി അക്ബര്‍ ഖാന്റെ അപേക്ഷ പ്രകാരമായിരുന്നു എന്നിരിക്കെ, കുട്ടിക്കാലത്ത് ഇടയ്ക്കൊക്കെ തന്നെയും പില്‍ക്കാലത്ത് തന്റെ കുട്ടികളെ രണ്ടു പേരെയും പഠിപ്പിച്ച സ്വന്തം അനിയത്തിയോടൊപ്പം ഒരു സംഗീതസദസ്സ് പങ്കിടുന്നത് സംഗീതപ്രേമികളുടെ ചിരകാല മോഹമെന്നിരിക്കെ, ആ വേദിയിലെങ്കിലും അലി അക്ബര്‍ ഖാന്‍ അത്തരമൊരു ഉദ്യമത്തിന് മുതിരാതിരുന്നത് അന്നപൂര്‍ണ്ണയുടെ മുന്നില്‍ തന്റെ പെരുമയ്ക്ക് കോട്ടം തട്ടുമോ എന്ന ഭയത്താലാണോ എന്ന് സംശയിത്തെ ചെറുതായിട്ടെങ്കിലും ജനിപ്പിക്കുന്നുണ്ട്. അലി അക്ബര്‍ ഖാന്റെ അപാരമായ പാണ്ഡിത്യത്തിന് മുന്നില്‍ തല കുനിച്ചു കൊണ്ടു തന്നെ ഈ വളരേ നേരിയ സംശയം ഉന്നയിച്ചു പോയതായി മാത്രം കാണുക.)

 

 
രവിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം സിതാര്‍ കൈവെടിഞ്ഞ് സുര്‍ബഹാറിലേക്ക് മാറിയത് തന്റെ കീഴടങ്ങലായിട്ടാണ് അന്നപൂര്‍ണ്ണ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അത്തരം കീഴടങ്ങലുകള്‍ നിരവധി കുടുംബങ്ങളിലെ സ്ത്രീകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ നടത്തുന്നുണ്ട്. അന്നപൂര്‍ണ്ണ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അഭിമുഖീകരിച്ചു ദശാബ്ദങ്ങള്‍ പിന്നിട്ടതിന് ശേഷം നടത്തിയ ഒരു അഭിപ്രായ പ്രകടനം സംഗീതലോകത്തിനപ്പുറത്ത് സ്ത്രീകളുടെ സാമൂഹിക, കുടുംബ യാഥാര്‍ത്ഥ്യങ്ങളെ അവരുടെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതാണ്:

“തന്റെ വിശ്വാസങ്ങള്‍ക്കായി നില കൊള്ളുകയും സ്ത്രീകളുടെ ഉന്നതിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന സ്ത്രീകളോട് എനിക്ക് വളരെ ബഹുമാനമാണ്. വിവാഹവും സ്ത്രീകളുടെ പ്രൊഫഷനും ഒന്നിച്ചു പോകില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തുകയും അസൂയ ഒഴിവാക്കുകയും ചെയ്താല്‍ ഇരുവരുടെയും പ്രൊഫഷനുകള്‍ മെച്ചപ്പെടുകയും അവരുടെ ദാമ്പത്യം സന്തോഷകരമായിരിക്കുകയും ചെയ്യും.”

 
 
 

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers