നാടിന്റെ ഓര്‍മ്മയുണര്‍ത്തുന്ന എന്തോ ഒന്ന് ആ വെയിലിലുണ്ടായിരുന്നു. നാടിന്റെ മണം ഉള്ളില്‍ പരത്തുന്ന എന്തോ ഒന്ന്. നാട്ടില്‍ വെയിലിന് പല പഴങ്ങളുടെ മണമായിരുന്നു. ഏത്തക്ക, പാവയ്ക്ക, ചാമ്പയ്ക്ക, ചക്ക, എന്നിങ്ങനെ ഓരോ സീസണിലും ഓരോരോ സാധനങ്ങള്‍ ഉണക്കണം. മുറ്റത്ത് അവയിങ്ങനെ കീറി ഉണക്കാനിട്ടിരിക്കും. മഴവരുമ്പോള്‍ അതും എടുത്തുകൊണ്ടോടുന്ന വലിയമ്മയും അമ്മയും ഉള്ളില്‍ നിറഞ്ഞു കത്തുന്നുണ്ട്. ഇത്രേം വെയില്‍ കിട്ടിയിരുന്നേല്‍ അമ്മ എന്തൊക്കെ ഉണക്കിയെടുത്തെനെ എന്നോര്‍ത്തുപോയി-ജിദ്ദയിലെ വെയില്‍ത്തിണര്‍പ്പുകളെക്കുറിച്ച് ഒരോര്‍മ്മ. ധ്വനി എഴുതുന്നു

ഫോട്ടോ: അനീഷ്
ജിദ്ദയിലെ കാലാവസ്ഥ എനിക്കിഷ്ടമായിരുന്നു. എല്ലാ കാലത്തും ഒരേ പോലെ. ചെങ്കടലിന്റെ തീരത്ത് കിടക്കുന്നതിനാലാണത്രെ അത്. സൌദിയില്‍ ഏറ്റവും നല്ല കാലാവസ്ഥയുള്ള സ്ഥലം ജിദ്ദയാണെന്ന് കൂട്ടുകാര്‍ പറയാറുണ്ട്. മറ്റിടങ്ങളിലെ കാലാവസ്ഥ നേരിട്ട് എനിക്കറിയില്ല എന്നാലും അബഹ പോലെയുള്ള സ്ഥലങ്ങളില്‍ മഞ്ഞും, റിയാദിലും ദാമാമിലും മറ്റും കൊടും ചൂടും ആണെന്നാണ് കേട്ടിട്ടുള്ളത്.
ജിദ്ദയില്‍ പകലത്തെ തിളയ്ക്കുന്ന വെയിലിനു പൊള്ളുന്ന ചൂടാണെങ്കിലും അതില്‍ ഏറെ നേരം നില്‍ക്കേണ്ടി വരാറില്ല. കൂടിവന്നാല്‍, സ്കൂള്‍ വണ്ടി ഇറങ്ങി റോഡിലൂടെ കുറച്ചു ദൂരം വീട്ടിലേക്കും വീട്ടില്‍ നിന്നു ബസ്സിലേക്കും. പകല്‍ അത്രയൊക്കെയേ നടക്കേണ്ടി വരാറുള്ളൂ. പിന്നെ, സ്കൂളില്‍ തുറന്ന സ്ഥലത്തുകൂടി ഇത്തിരി നേരം. ക്ലാസ്സുകളിലേക്കും അവിടെനിന്ന് തിരിച്ചും.
എങ്കിലും അവിടുത്തെ ചൂടിനോട് എനിക്കത്ര വിരോധം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, മുറികള്‍ക്കുള്ളിലെ മരപ്പിക്കുന്ന എയര്‍ കണ്ടീഷണറുകളുടെ കൃത്രിമ തണുപ്പില്‍ നിന്ന് പുറത്തുവരുമ്പോള്‍ കുറച്ചൊക്കെ ആ വെയില്‍ ഞാന്‍ ആസ്വദിച്ചിരുന്നു. വീട്ടിലെത്തിയാല്‍ എ.സി ഓണ്‍ ചെയ്യാന്‍ പോലും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. വിയര്‍ക്കാത്ത ആ ചൂട് സത്യത്തില്‍ ഒരു സുഖമായിരുന്നു.
നാടിന്റെ ഓര്‍മ്മയുണര്‍ത്തുന്ന എന്തോ ഒന്ന് ആ വെയിലിലുണ്ടായിരുന്നു. നാടിന്റെ മണം ഉള്ളില്‍ പരത്തുന്ന എന്തോ ഒന്ന്. നാട്ടില്‍ വെയിലിന് പല പഴങ്ങളുടെ മണമായിരുന്നു. ഏത്തക്ക, പാവയ്ക്ക, ചാമ്പയ്ക്ക, ചക്ക, എന്നിങ്ങനെ ഓരോ സീസണിലും ഓരോരോ സാധനങ്ങള്‍ ഉണക്കണം. മുറ്റത്ത് അവയിങ്ങനെ കീറി ഉണക്കാനിട്ടിരിക്കും. മഴവരുമ്പോള്‍ അതും എടുത്തുകൊണ്ടോടുന്ന വലിയമ്മയും അമ്മയും ഉള്ളില്‍ നിറഞ്ഞു കത്തുന്നുണ്ട്. ഇത്രേം വെയില്‍ കിട്ടിയിരുന്നേല്‍ അമ്മ എന്തൊക്കെ ഉണക്കിയെടുത്തെനെ എന്നോര്‍ത്തുപോയി. എല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാക്കറ്റുകളായി കിട്ടുന്ന ഇവിടെ എന്തുണക്കാനാണ്! എന്തിനുണക്കാന്‍!

ഫോട്ടോ: അനീഷ്
ഉഷ്ണനേരങ്ങളില്‍ കടല്‍
ചൂടും കടലും തമ്മിലെന്താണ്?
നാട്ടിലുള്ളപ്പോള്‍ പ്രത്യേകിച്ച് ഒരടുപ്പവും തോന്നിയിരുന്നില്ല. എന്നാല്‍, ഇവിടെയെത്തിയപ്പോള്‍ മനസ്സിലായി, കടലും ചുടുകാറ്റും തമ്മിലുള്ള ഇന്ദ്രജാലത്തിന്റെ സൌഖ്യനേരങ്ങള്‍. ചൂടുള്ളപ്പോള്‍ എല്ലാ വഴികളും സാധാരണ കടപ്പുറത്തേക്കു നീളുന്നു.
ഒരു സന്ധ്യക്ക് കുറെ കൂട്ടുകാര്‍ക്കൊപ്പം ഞങ്ങള്‍ പുറത്തിറങ്ങി. എവിടെ പോകും?
ബീച്ചിലേക്കാവാം. പക്ഷേ, സമയം രാത്രിയാവാറായി. ഈ നേരത്തെന്ത് കടല്‍?
എന്നാല്‍, അധികം ആലോചിക്കാന്‍ ഇടം തന്നില്ല, പുറത്തെ ചുടുകാറ്റ്. വഴികള്‍ കടല്‍ തീരത്തേക്ക് നീണ്ടു. രാത്രിയിലും അവിടെ നല്ല തിരക്കായിരുന്നു. അനേകം കുടുംബങ്ങള്‍. കൊച്ചു കുട്ടികളുടെ കളിചിരികള്‍. പല രാജ്യക്കാരായ അനേകം കുടുംബങ്ങള്‍ വാരാന്ത്യം ആഘോഷിക്കാന്‍ അവിടെ എത്തിയിട്ടുണ്ട്. എല്ലാവരും ഷീറ്റും വിരിച്ചിരിക്കുന്നു. ഭക്ഷണം കഴിക്കുന്നു. കുട്ടികള്‍ പതിവുപോലെ കളിച്ചുതിമിര്‍ക്കുന്നു. ഞങ്ങളും ഒരു മണല്‍ത്തിട്ടയില്‍ ഇരുന്നു. കടലിനോടു ചേര്‍ന്ന് ചില വീടുകള്‍ ഉണ്ട് .വീടുകള്‍ എന്ന് പറയാന്‍ വയ്യ. മതിലുകള്‍ക്കുള്ളിലെ സൌധങ്ങള്‍. അവയില്‍ നിന്നും തെറിച്ചു വീഴുന്ന വെളിച്ചം പലനിറക്കഷണങ്ങളായി കടലില്‍ നിറയെ. പല പുള്ളികള്‍ ചേര്‍ന്ന് കടലിപ്പോള്‍ ഒരു പുള്ളിപ്പുലി!
കടല്‍ തീരത്തൊരു വീട്
കടല്‍ തീരത്തോട് ചേര്‍ന്നൊരു വീട്. എല്ലാവര്‍ക്കുമുള്ളിലുമുണ്ടാവും അത്തരമൊരു മനോഹര സ്വപ്നം!
ഇവിടെയും ആളുകള്‍ക്ക് അത്തരം സ്വപ്നങ്ങളുണ്ട്. എന്നാല്‍, പലരും ഈ സ്വപ്നം സാക്ഷാല്‍ക്കരിച്ചിട്ടുണ്ട്. പ്രധാന വ്യക്തികള്‍ക്കൊക്കെയുണ്ട്, കടല്‍ത്തീരത്തെ വീട്. എന്നാല്‍, ഒറ്റകുഴപ്പം മാത്രം, കുറച്ചു കഴിയുമ്പോള്‍ വീട് കടലിനടുത്തെങ്ങുമാവില്ല. അത് രസകരമായി തോന്നി എനിക്കത്. കാര്യമെന്താണെന്നോ. ഒരു ശൈഖ് വീട് പണിയുന്നത് കടല്‍ തീരത്ത് ആണെങ്കില്‍ അടുത്തയാള്‍ അതിനു മുന്നില്‍ ആകും.
അതെവിടെ?
മറ്റെവിടെ, കടലില്‍ തന്നെ.. !
കടലില്‍ കല്ലിട്ട് അതിനു മുകളില്‍ മണ്ണ് നിറച്ച്, ആഴം കുറഞ്ഞ കടലില്‍ സ്ഥലം നികത്തി വീട് പണിയും. അടുത്തയാള്‍ കുറച്ചു കൂടി മുന്നോട്ട്. അങ്ങനെ അങ്ങനെ ആദ്യം വെച്ചയാളുടെ വീട് കടലില്‍ നിന്ന് ദൂരെ ആകും.
എങ്കിലും സംഗതി കൊള്ളാം. ഇനിയിത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ ആവോ. അറിയില്ല.

ഫോട്ടോ: അനീഷ്
പന്തിഭോജനം
കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ‘പരിചയ സമ്പന്നര്‍’ ഭക്ഷണവുമായി എത്തി. കബ്സയാണ്. ഒരു തരാം ബിരിയാണി. രാജകീയമായി കുറെ പേപ്പറും അതിനുമുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റും വിരിച്ച് അതിനു മുകളില്‍ ഭീമന് കഴിക്കാന്‍ എന്ന പോലെ ഭക്ഷണം കൂനയായി കൂട്ടും.
‘എന്നാല്‍ കഴിക്കാം’^ഞാന്‍ കണ്ണുരുട്ടി എല്ലാവരെയും നോക്കി. എല്ലാവരും കൂനയുടെ പല ഭാഗത്ത് നിന്നും അങ്ങനെ കഴിക്കുകയാണ്. കൂട്ടുകാരെങ്കിലും പല കുടുംബങ്ങള്‍ ആണ്. എന്ത് ചെയ്യണമെന്നോര്‍ത്ത് ഞാനമ്പരന്നപ്പോള്‍ ഒരു കൂട്ടുകാരി കൈയില്‍ തട്ടി’ ഇവിടെ ഇങ്ങനെയാണ് … നോക്കേണ്ട. ഒരു മൂലയില്‍ നിന്നു വേഗം തുടങ്ങിക്കോ. വേഗം കഴിച്ചില്ലേല്‍ ഒന്നും കിട്ടില്ല കേട്ടോ!’
ഞാനും കൂടി. അതിവേഗം ബഹുദൂരം! ഭക്ഷണം നിമിഷങ്ങള്‍ക്കകം തീര്‍ന്നു. ശരിക്കുമൊരു മല്‍സരത്തിന്റെ മട്ടും ഭാവവും.കാര്യമെന്തായാലും ആ പരിപാടി എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. ഒരു തരി ഭക്ഷണം ബാക്കിയായില്ല. വല്ലാത്ത ഒരുമ. ജാടകളുടെ, സ്വാര്‍ത്ഥതയുടെ, തന്‍കാര്യത്തിന്റെ, കാലങ്ങള്‍ ആയി ശീലിക്കപെട്ട സോ കോള്‍ഡ് മര്യാദകളുടെ, ഹിപ്പോക്രസികളുടെ ഒക്കെ അതിര്‍വരമ്പുകള്‍ പെട്ടന്ന് മാഞ്ഞു പോയപോലെ.
അറബ് സംസ്കാരത്തിന്റെ ഭാഗമാണ് ഈ സമൂഹ ഭക്ഷണം. കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നുമെവിടെയും ഇത് കാണാം. ഇന്നലെ വരെ അപരിചിതരായിരുന്ന കുറെ മനുഷ്യരുടെ കൂടെ ഒരേ പാത്രത്തില്‍നിന്ന് കഴിച്ചപ്പോള്‍ എന്തോ ഒരു പുതിയ അനുഭവം ആയിരുന്നു. ഞാന്‍ തന്നെ എനിക്ക് ചുറ്റും സൂക്ഷിച്ച എന്തൊക്കെയോ കുമിളകള്‍ പൊട്ടിപ്പോയത് പോലെ.
സയന്‍സ് പുസ്തകം തുറന്ന് അവള്‍ ചെടിയുടെ പടം കാണിച്ചു തന്നു. അവിടെ ‘soil’ എന്നെഴുതിയതിനു ചുറ്റും ഒരു വട്ടം..!!
‘ഇതോ, ഇത് സോയില്‍. എന്ന് വച്ചാല്‍ മണ്ണ് . ചെടികള്‍ മണ്ണില്‍ അല്ലെ നസിയ വളരുന്നത്?’
‘മണ്ണിലോ?’ ആ കൊച്ചു കണ്ണുകള്‍ കൌതുകവും അത്ഭുതവും കൊണ്ട് വിടര്‍ന്നു..
‘അതേ മണ്ണില്‍.. എന്താ നസിയ കണ്ടിട്ടില്ലേ? ‘
ഒട്ടൊരു ചമ്മലോടെ നസിയ പറഞ്ഞു, ഇല്ല…-ധ്വനി എഴുതുന്നു

സ്കൂളിലെ ജോലി രസകരമായിരുന്നു. എങ്കിലും അതിന് തിരക്കേറെയായിരുന്നു. ഉച്ചവരെ മാത്രമേ ക്ലാസുള്ളൂ. എങ്കിലും ആഴ്ചയില്‍ ഒരേ ഒരു ഫ്രീ പീരീഡ് മാത്രം. മിക്കപ്പോഴും അന്നും എക്സ്ട്രാ ഡ്യൂട്ടി വരും. പത്തു മിനിറ്റ് ഭക്ഷണ ഇടവേള ഉണ്ട്. ആഴ്ചയില്‍ രണ്ടു മൂന്നു പ്രാവശ്യം ബ്രെയ്ക്ക് ഡ്യുട്ടിയും.
ക്ലാസ്സു കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കാനോ സ്പെഷ്യല്‍ ക്ലാസ്സ് ഏര്‍പ്പെടുത്താനോ ഒന്നും പറ്റില്ല. പ്രധാന പ്രശ്നം ട്രാന്‍സ്പോര്‍ട്ടേഷന്‍ തന്നെയാണ്. കുട്ടികളെയും ടീച്ചര്‍മാരെയും കൊണ്ടുവരുന്നത് സ്കൂള്‍ വാഹനത്തിലാണ്. അതില്‍ തന്നെ തിരിച്ചു പോയേ പറ്റു, നമ്മുടേത് പോലെ പൊതു ഗതാഗത സംവിധാനമൊന്നും പ്രായോഗികമല്ല, അവിടെ.
ആദ്യമൊക്കെ ഞാന്‍ താമസിച്ചത് കുറെ ദൂരെ ഉള്ള ഒരു സ്ഥലത്തായിരുന്നു. അവിടെ നിന്ന് രാവിലെ അഞ്ചിന് വണ്ടിയില്‍ കയറിയാലേ ഏഴിന് ക്ലാസ്സ് തുടങ്ങും മുമ്പേ എത്താന്‍ കഴിയു. അതിനാല്‍ യാത്രക്ക് സമയമേറെ. പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കയറ്റിയാണ് യാത്ര. ആദ്യമൊക്കെ, ബാക്കിയാകുന്ന ഉറക്കത്തെ ഓര്‍ത്ത് വാഹനത്തിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു പതിവ്.
പിന്നെയാണ് അതിലെ കുട്ടികളെയും അവരുടെ സംസാരവും ഒക്കെ ശ്രദ്ധിച്ചത്. നല്ല രസമാണ് കേള്‍ക്കാന്‍. ഒരു പ്രത്യേക താളത്തില്‍ ഈണത്തില്‍ തനി മലപ്പുറം സ്ലാങ്ങില്‍ ആയിരുന്നു മിക്കവരുടെയും സംസാരം. സ്കൂളില്‍ ഇംഗ്ലീഷ് സംസാരിക്കണം എന്നാണ് നിയമം. എന്നാലും പലപ്പോഴും അവര്‍ മലയാളത്തില്‍ തന്നെ ‘മുണ്ടും’. തീരെ കൊച്ചു കുട്ടികളാണ്. അവരോട് ഞാന്‍ എന്ത് പറയാനാണ്? ഇനി പറഞ്ഞാലോ. അവരൊട്ട് കേള്‍ക്കുകയും ഇല്ല. ഞാന്‍ ഇംഗ്ലീഷില്‍ പറയുന്നതിനാലാവണം പലപ്പോഴും ബസ്സില്‍ അവരെന്നോട് മിണ്ടുക പോലുമില്ലായിരുന്നു..
ഓരോരുത്തരുടെയും വീടെത്തുമ്പോള്‍ ‘ആലിയാ അന്റെ കുടി എത്തീക്ക്ണു’, ‘ഹെന്റെ റബ്ബേ’, ‘ന്താപ്പോ കത’ എന്നിങ്ങനെയാവും വര്‍ത്തമാനങ്ങള്‍. ഇത് കേള്‍ക്കുമ്പോഴോക്കെ, അവര്‍ ബഷീറിന്റെ ഏതോ നോവലീന്നു ഇറങ്ങിവന്ന പോലെ തോന്നി, എനിക്ക്. നാട്ടിലെ കുട്ടികളെക്കാള്‍ നന്നായി, ഇവര്‍ എങ്ങനെ മലയാളം സംസാരിക്കുന്നു എന്നത് എന്നെ അത്ഭുതപെടുത്തി. അറബി അറിയില്ലെങ്കില്‍ മറ്റേതു ഗള്‍ഫ് രാജ്യത്തെയുംപോലെ ഇംഗ്ലീഷും ഹിന്ദിയും ആണ് സൌെദിയിലും രക്ഷ . കുറെ കഴിയുമ്പോള്‍ പല നാട്ടുകാരോട് പല ഭാഷകളില്‍ സംസാരിച്ചു തുടങ്ങും. മലയാളം എങ്ങനെയോ പറയും എന്നല്ലാതെ വായിക്കാനോ എഴുതാനോ അല്ലെങ്കില്‍ നേരാം വണ്ണം മനസ്സിലാക്കാനോ പോലും അറിയാതാകുന്നതാണ് പൊതുവേ വിദേശ മലയാളികളുടെ രീതി. പ്രത്യേകിച്ചു കൊച്ചു കുട്ടികളുടെ കാര്യത്തില്‍. സ്കൂളില്‍ വിടും മുമ്പേ ഇംഗ്ലീഷ് പറഞ്ഞു പഠിപ്പിക്കും അവരെ. കാരണം, പുറംലോകവുമായി അവര്‍ക്ക് സംവദിക്കണമല്ലോ. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ടീച്ചര്‍മാര്‍ പറയുന്നത് മനസ്സിലാകുകയും വേണമല്ലോ.. അപ്പോഴാണ്, ഇവിടെ മലയാളം മാത്രം മൊഴിയുന്ന ‘കുഞ്ഞിപ്പാത്തുമ്മമാര്‍!!
പിന്നെയാണ് അറിയുന്നത്, മിക്കവരുടെയും ഉമ്മച്ചിമാര്‍ വീട്ടില്‍ തന്നെയുണ്ട്, ഇംഗ്ലീഷ് തീരെ അറിയാത്ത തനി നാടന്‍ പെണ്‍കുട്ടികള്‍. സ്കൂളില്‍ പഠിക്കുമ്പോഴേ കല്യാണം കഴിഞ്ഞവര്‍. അവരുടെ ഭാഷയാണ് കുട്ടികള്‍ ഭംഗിയായി പകര്‍ത്തുന്നത്. നാടന്‍ചുവയിലെ ഈ മലയാളം എന്നെ സത്യത്തില്‍ സന്തോഷിപ്പിച്ചു. അവരുടെ സംസാരം കേള്‍ക്കാനും കുട്ടികളെ കൂടുതല്‍ പഠിക്കാനും ഞാന്‍ ശ്രദ്ധിച്ചു. പിന്നീട് ബസ്സില്‍ ഞാന്‍ അവരോട് മലയാളത്തില്‍ സംസാരിച്ചു തുടങ്ങി. . അവരുടെ കൊച്ചു. ലോകത്തിന്റെ ഭംഗി പൂവിരിയുന്നതു പോലെ വിടര്‍ന്നുവന്നത് പെട്ടെന്നാണ്. സൌദിയിലെ ശരാശരി മലയാളി കുടുംബങ്ങളിലെ ജീവിതം. രണ്ടു സംസ്കാരങ്ങളുടെ കൂടികുഴയല്‍. ഇതൊക്കെ കുട്ടികളാണ് എനിക്ക് പറഞ്ഞു തന്നത് കൂടെ അബുക്ക എന്ന ഞങ്ങളുടെ ഡ്രെവറും.
കുട്ടികളില്‍ ചിലര്‍ സൌദിയില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍ ആയിരുന്നു. പലരും നാട് കേട്ടിട്ടേയുള്ളു, കണ്ടിട്ടില്ല. എന്നാല്‍ വേറെ ചിലര്‍ നാട്ടിലാണ് വളര്‍ന്നത്. ചിലര്‍ നാട്ടില്‍ മലയാളം മീഡിയം സ്കൂളില്‍ നിന്ന് വന്നവരാണ്. അത്തരം കുട്ടികള്‍ക്ക് വേണ്ടി മറ്റൊരിടത്തും ഇല്ലാത്ത പ്രത്യേക വിഭാഗം ഞങ്ങളുടെ സ്കൂളില്‍ അന്നുണ്ടായിരുന്നു ഒരു മലയാളം മീഡിയം വിഭാഗം. കുറേ കഴിഞ്ഞപ്പോള്‍ അത് ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ലയിപ്പിച്ചു.
പിന്നെയാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്. എല്‍ കെ ജി മുതല്‍ ഒന്ന് വരെ ഉള്ള കുട്ടികളില്‍ ചിലര്‍ക്ക് നാട്ടില്‍ അതേ ക്ലാസ്സുകളില്‍ പഠിക്കുന്ന വരേക്കാള്‍ വലിപ്പം കൂടുതലാണ്. അന്വേഷിച്ചപ്പോളറിഞ്ഞു, അത് പ്രായക്കൂടുതല്‍ തന്നെ. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ മറ്റൊന്നറിഞ്ഞു. അവര്‍ക്കു താഴെ നാലും അഞ്ചും വയസ്സായ കുട്ടികള്‍ വീട്ടിലുണ്ട്. ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും ഇളയ കുട്ടികളെ സമയത്ത് സ്കൂളില്‍ വിടുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ തീരെ ദരിദ്രരൊന്നുമല്ല അവര്‍. നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ കാണും. ഭാരിച്ച പഠന ചിലവും ഇതിനൊരു കാരണമാണ്. ചുരുങ്ങിയ ഒരു വിഭാഗം കുട്ടികള്‍ മദ്രസ്സയില്‍ മാത്രം പോകുന്നുണ്ട്. അത് മതിഎന്ന ഒരു രീതിയാണ്. കുറെ കഴിഞ്ഞ് സൌെകര്യപ്പെടുമ്പോള്‍ സ്കൂളില്‍ ചേര്‍ക്കും.

ഒരു ചെറിയ സംശയം
ബസ്സിലെ വായാടി കുട്ടിയാരുന്നു നസിയ. മൂന്നില്‍ പഠിക്കുന്നു. വാലിട്ടെഴുതിയ കണ്ണും എണ്ണ തേച്ചു പിന്നിക്കെട്ടിയ മുടിയും മുഖവും ഒരു മഫ്തയില്‍ മൂടി അവള്‍ ബസ്സില്‍ വന്നുകേറും. അത് കണ്ടാല്‍ ഏതോ നാട്ടിന്‍പുറത്താണ് നമ്മള്‍ എന്ന് തോന്നും. ശരിക്കും ബഷീറിന്റെ കുഞ്ഞി പാത്തുമ്മയെ ഓര്‍മ്മ വരും. ബസ്സിലെ കാര്യസ്ഥയാണ് കക്ഷി. കയറുന്നവരോടും ഇറങ്ങുന്നവരോടുമെല്ലാം എന്തെങ്കിലും ചോദിക്കും. ഇല്ലെങ്കില്‍ കൂട്ടുകാര്‍ക്കിടയില്‍ ഇരുന്ന് എന്തെല്ലാമോ കഥകള്‍ പറയും. ക്ലാസ്സില്‍ വച്ച് മലയാളത്തില്‍ ചോദിയ്ക്കാന്‍ പറ്റാത്തതുകൊണ്ട് സംശയങ്ങള്‍ എല്ലാം ചോദിച്ചിരുന്നത് വണ്ടിയില്‍ വച്ചാണ്.
ഒരിക്കല്‍ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരും വഴി നാണം കുണുങ്ങി നസിയ എന്റെ അടുത്ത് വന്നു.
‘ടീച്ചര്‍ … അതേ ഒരു കാരിയം ചോദിച്ചാല്‍ ഇങ്ങള് പറയ്വോ?’
‘എന്താ നസിയ..’പതിവില്ലാത്ത പരുങ്ങല്‍ കണ്ടു ഞാന്‍ ചോദിച്ചു.
‘അതേ ടീച്ചറെ, ഈ ചെടിയുണ്ടാകുന്നത് എങ്ങനെയെന്നാ ഇങ്ങള് പറഞ്ഞത് ?
” ചെടീടെ വിത്ത് മുളച്ച്, അത് പതിയെ പതിയെ വലുതാകുമ്പോള്‍ വലിയ ചെടിയാകും… എന്താ നസിയ ?
‘അല്ല അതിനൊരൂട്ടം സാധനം വേണ്ടേ?’
‘എന്ത് സാധനം?’
‘ഇതേ,എന്നും പറഞ്ഞു സയന്‍സ് പുസ്തകം തുറന്ന് അവള്‍ ചെടിയുടെ പടം കാണിച്ചു തന്നു. അവിടെ ‘soil’ എന്നെഴുതിയതിനു ചുറ്റും ഒരു വട്ടം..!!
‘ഇതോ, ഇത് സോയില്‍. എന്ന് വച്ചാല്‍ മണ്ണ് . ചെടികള്‍ മണ്ണില്‍ അല്ലെ നസിയ വളരുന്നത്?’
‘മണ്ണിലോ?’ ആ കൊച്ചു കണ്ണുകള്‍ കൌെതുകവും അത്ഭുതവും കൊണ്ട് വിടര്‍ന്നു..
‘അതേ മണ്ണില്‍.. എന്താ നസിയ കണ്ടിട്ടില്ലേ? ‘
ഒട്ടൊരു ചമ്മലോടെ നസിയ പറഞ്ഞു ….’ഇല്ല.. !!’
അപ്പോഴേക്കും നസ്സിയയുടെ ‘കുടി’ അഥവാ ഫ്ലാറ്റ് എത്തിയിരുന്നു. അവളെ അവിടെ ഇറക്കി വണ്ടി മുന്നോട്ടു പോകുമ്പോള്‍ ഞാന്‍ നോക്കിയത് എവിടെയെങ്കിലും ഇത്തിരി മണ്ണ് കാണാമോ എന്നാണ്,
മണല്‍ക്കാടിനു നടുവിലെ ഈ വലിയ പട്ടണത്തില്‍ കാണാന്‍ ഒരു തരി മണ്ണില്ല. വഴിയോരങ്ങളിലും ട്രാഫിക് ഐലന്റുകളിലും പുല്‍ത്തകിടികളും മരങ്ങളും ഒക്കെയുണ്ട്. എന്നാല്‍ മണ്ണ് തെളിഞ്ഞു കാണുന്ന ഒരു സ്ഥലം പോലുമില്ല. മരങ്ങളുടെ തണ്ടിന് ചുറ്റും വരെ കോണ്‍ക്രീറ്റ് ചെയ്തു ‘ഭംഗിയാക്കിയിരിക്കുന്നു’.
നസിയയെ പറഞ്ഞിട്ട് കാര്യമില്ല. അവള്‍ നാട് കാണാത്ത, ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണ് .ഫ്ലാറ്റിന്റെ ചുവരുകള്‍ക്കുള്ളിലാണ് അവളുടെ ലോകം. പിന്നെ കളിസ്ഥലവും, മുറ്റവും എന്ന് വേണ്ട എല്ലായിടവും കോണ്‍ക്രീറ്റ് ചെയ്ത സ്കൂളും. പുറം ലോകം എന്ന പേരില്‍ അവള്‍ കണ്ടിട്ടുള്ളത് നഗരത്തിലെ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഒക്കെയാണ്. റോഡുകളില്‍ കോണ്‍ക്രീറ്റ് പാതകള്‍ക്ക് നടുവില്‍ മരങ്ങള്‍ വളരുന്നതാണ് അവള്‍ കണ്ടിട്ടുള്ളത്…
സൌദിയില്‍ പാര്‍ക്കുകള്‍ ഞാന്‍ കണ്ടിട്ടില്ല , ചിലപ്പോള്‍ ഞാന്‍ കാണാഞ്ഞാകും . എങ്കിലും വിരളം ആണെന്ന് തോന്നുന്നു. നാട്ടിലും, പിന്നെ ഇവിടെ മറ്റൊരു ഗള്‍ഫ് രാജ്യത്തും ചെടികള്‍ മണ്ണില്‍ നിന്നു തലയാട്ടുന്നത് കാണുമ്പോള്‍ ഞാന്‍ നസിയ എന്ന കുഞ്ഞിപാത്തുമ്മയെ ഓര്‍ക്കാറുണ്ട്.
അന്ന് അവളെ മണ്ണ് കാണിച്ചു കൊടുക്കാന്‍ പിറ്റേന്ന് സ്കൂളിലൂടെ വെറുതെ ഞാന്‍ നടന്നു. മണ്ണ് കാണാനായില്ല. പിന്നീട് എന്നായിരിക്കാം അവള്‍ മണ്ണില്‍ ചെടികള്‍ വളരുന്നത് കണ്ടിട്ടുണ്ടാവുക? നനഞ്ഞ മണ്ണില്‍ കാലു തൊടുമ്പോള്‍ ഭൂമി പാടുന്നത് കേട്ടിട്ടുണ്ടാവുക?
അതിനുള്ളില്‍ കടന്നു നിന്ന് ആദ്യമായി പുറത്തേക്കു നോക്കിയപ്പോള്‍ എന്റെ മനസ്സിലൂടെ പോയത് വേറെ കുറച്ചു മുഖങ്ങള്‍ ആയിരുന്നു. നാട്ടിലെ വേവുന്ന, വിയര്‍ത്തൊലിക്കുന്ന ചൂടിലും മഴയത്തും തിരക്കു പിടിച്ച റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും ഇതേ വേഷത്തിനുള്ളില്‍ ഞാന്‍ കണ്ടിട്ടുള്ള മുഖങ്ങള്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം ഇല്ലാത്ത ഇവിടുത്തെ വേഷം കണ്ട് നാട്ടില്‍ ഇത് ഇടേണ്ടി വരുന്ന പാവം പെണ്‍കുട്ടികളുടെ ചുവന്ന മുഖങ്ങള്‍-ധ്വനി എഴുതുന്നു

courtesy: azraf zaip
ഒരു പെണ്ണിന്, അതും ഇന്ത്യയില്‍നിന്നു വന്ന ഒരു പ്രവാസി സ്ത്രീക്ക് സൌദിയില്‍ മാധ്യമ പ്രവര്‍ത്തനം നിഷിദ്ധമായ മേഖല ആണന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെയാണ് എന്റെ പ്രവര്‍ത്തന മേഖല വിദ്യാഭ്യാസം എന്നു മാറ്റിക്കുറിച്ച് അരികുകള്‍ വെട്ടി പാകപ്പെടുത്തേണ്ടിവന്നത്.
അങ്ങനെ ഒരു സ്കൂളില്‍ അധ്യാപികയായി, ഞാന്‍. വേഷം ചുരിദാറും മുകളില്‍ ഒരു വെളുത്ത കോട്ടും അതിനു മുകളില്‍ ഒരു കറുത്ത പര്‍ദ്ദയും (അബായ). സ്കൂളില്‍ എത്തിയാല്‍ അബായ മാറ്റാം. സത്യം പറഞ്ഞാല്‍ ഈ കുപ്പായം എന്നിലെ മടിച്ചിയെ കുറച്ചൊന്നുമല്ല പ്രോല്‍സാഹിപ്പിച്ചത്. ഉടുപ്പു തേയ്ക്കാന്‍ മെനക്കെടേണ്ട. തലമുടി ചീകാന്‍ പോലും ബുദ്ധിമുട്ടേണ്ട. ഒരു തുണി എടുത്തു ചുറ്റിയാല്‍ മതിയല്ലോ. പക്ഷേ, എന്റെ സ്വതവേ ഉള്ള സ്വാതന്ത്യ്രത്തിന് ഒരു പരിമിതി വന്നപോലെ.
പാന്റും ടോപ്പും മറ്റും ഇടുമ്പോള്‍ കിട്ടുന്ന സ്വാതന്ത്യ്രവും ചുറുചുറുക്കും ആത്മവിശ്വാസവും സാരിക്കെന്നപോലെ തന്നെ ഈ വേഷത്തിനും ഇല്ലല്ലോ. നടക്കാനും എടുക്കാനും കയറാനും ഇറങ്ങാനും ഒക്കെ ഒരു പരിമിതി ഉണ്ടെന്നേ ഉള്ളൂ. അല്ലെങ്കില്‍ നല്ല സൌകര്യമാണ്. സ്കൂളിലെ ജോലിക്ക്, ഇത്തരം വെല്ലുവിളികളുയര്‍ത്തുന്ന ശാരീരിക ചലനങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് കുഴപ്പമില്ല. പിന്നെ, മുറികളില്‍ എല്ലാം എ.സിയും ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ ഓടിച്ചാടി ബസില്‍ ഇടിച്ചുകയറി യാത്ര ചെയ്യുകയും ഇറങ്ങുകയും ചെളിനിറഞ്ഞ റോഡിലൂടെ നടക്കുകയും വേണ്ട. അതു കൊണ്ട് ഇവിടെ ഈ വേഷം വലിയ കുഴപ്പമില്ല. സൌകര്യവും ആണ്.
എന്നാല്‍, അതിനുള്ളില്‍ കടന്നു നിന്ന് ആദ്യമായി പുറത്തേക്കു നോക്കിയപ്പോള്‍ എന്റെ മനസ്സിലൂടെ പോയത് വേറെ കുറച്ചു മുഖങ്ങള്‍ ആയിരുന്നു. നാട്ടിലെ വേവുന്ന, വിയര്‍ത്തൊലിക്കുന്ന ചൂടിലും മഴയത്തും തിരക്കു പിടിച്ച റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും ഇതേ വേഷത്തിനുള്ളില്‍ ഞാന്‍ കണ്ടിട്ടുള്ള മുഖങ്ങള്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം ഇല്ലാത്ത ഇവിടുത്തെ വേഷം കണ്ട് നാട്ടില്‍ ഇത് ഇടേണ്ടി വരുന്ന പാവം പെണ്‍കുട്ടികളുടെ ചുവന്ന മുഖങ്ങള്‍.
ചുവരുകളുടെ പരിധി
സ്കൂള്‍ എന്നു പറഞ്ഞാല്‍, ഞാന്‍ പഠിച്ചു വളര്‍ന്നതോ കണ്ടു പരിചയമുള്ളതോ ആയ ഒന്നുമായി എനിക്കൊരു താരതമ്യവും തോന്നിയില്ല. വിദേശത്തെ സ്കൂള്‍ എന്ന എന്റെ സങ്കല്‍പ്പവുമായും അതിന് പൊരുത്തമില്ലായിരുന്നു. ഒരു പഴയ സൌദി ബംഗ്ലാവും പരിസരവും അരികുകളില്‍ മറ്റു ചില കെട്ടിടങ്ങളും തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഒരു സ്കൂള്‍. കാര്യം, നമ്മുടെ നാട്ടിലെ സ്കൂളുകളുടെ അത്ര വലിപ്പം ഒക്കെയുണ്ട്. ബംഗ്ലാവ് എന്നു തോന്നിക്കുന്ന ഭാഗം മൂന്നു നാല് നിലയുണ്ട്. വലിയ വലിയ മുറികള്‍. ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് തുറക്കുന്ന വാതിലുകള്‍. അതിലൂടെ ചെന്നാല്‍ വേറെ മുറികള്‍. ആദ്യമായി ചെന്നു കേറിയാല്‍ വഴി തെറ്റും എന്ന് തീര്‍ച്ച.
മറ്റു കെട്ടിടങ്ങള്‍ എല്ലാം നീളത്തില്‍ പണിത ഷെഡുകള്‍ പോലെയാണ്. എ.സിയുള്ള അടച്ചുറപ്പുള്ള മുറികളോടു കൂടിയ കെട്ടിടങ്ങള്‍. അവിടെ എന്നെ സന്തോഷിപ്പിച്ചത് കുട്ടികളുടെ കൂടെ ആയിരിക്കുക എന്നത് തന്നെയാണ്. നിഷ്കളങ്കമായ പൂക്കള്‍ വിരിയുന്ന, വളരുന്ന പൂന്തോട്ടങ്ങള്‍ ആണല്ലോ ഓരോ ക്ലാസും . ഇവിടെ കുട്ടികള്‍ മിക്സ് ആണ്. മലയാളി മാനേജ്മെന്റ് സ്കൂള്‍ ആയതിനാല്‍ കൂടുതലും മലയാളി കുട്ടികള്‍. എന്നാലും വടക്കേ ഇന്ത്യന്‍ കുട്ടികളും ഈജിപ്ഷ്യന്‍ കുട്ടികളും സൌദി കുട്ടികളും പാകിസ്താനി, അഫ്ഗാനി കുട്ടികളും എല്ലാമുണ്ട്. മലയാളികള്‍ അല്ലാത്ത കുട്ടികള്‍, പഠിപ്പിക്കാന്‍ ഉള്ള സൌകര്യത്തിന്, മറ്റൊരു ക്ലാസില്‍ ആണ്. എല്ലാ ക്ലാസിലും ആദ്യത്തെ ഡിവിഷന്‍ മലയാളി ആണ്‍കുട്ടികള്‍. പിന്നെ, ഈ അ- മലയാളി കുട്ടികള്‍. പിന്നെ പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ്.
നാട്ടിലെ കുട്ടികളെ അപേക്ഷിച്ച് പാവങ്ങളാണ് ഇവിടത്തെ കുട്ടികള്‍. അടഞ്ഞ മുറികളില്‍, കേള്‍വിക്കും കാഴ്ചക്കും ചുവരുകളാല്‍ പരിധി നിശ്ചയിക്കപ്പെട്ട് വളരുന്നതിന്റെ ഒരു അജ്ഞത. കൌതുകം തുളുമ്പുന്ന കണ്ണുകള്‍.
രണ്ടു ലോകങ്ങള്‍
ആണ്‍ -പെണ്‍ ടീ ച്ചര്‍മാര്‍ക്ക് വെവ്വേറെ സ്റ്റാഫ് റൂം എന്ന പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ ആണ്. അവിടത്തെ നിയമം അനുസരിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ കെട്ടിടങ്ങളില്‍ അതേ ലിംഗത്തില്‍നിന്നുള്ള അധ്യാപകര്‍ വേണം പഠിപ്പിക്കാന്‍. പരസ്പരം കാണാനുള്ള വിടവു പോലും പാടില്ല.
പേരു കൊണ്ട് ഒരേ സ്കൂള്‍ ആണെങ്കിലും രണ്ട് വ്യത്യസ്ത ലോകങ്ങള്‍ ആണ് അവ രണ്ടും. കുട്ടികള്‍ക്ക് അപ്പോള്‍ എതിര്‍ ലിംത്തില്‍ പെട്ടവര്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ കൌതുക വസ്തു ആകുന്നത് തികച്ചും സ്വാഭാവികം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്കൂളും ഇങ്ങനെ രണ്ടാക്കി പകുത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും ആദ്യം ഒരേ കെട്ടിടത്തില്‍ ആയിരുന്നു എന്നതിനാല്‍ എനിക്ക് പല രാജ്യക്കാരായ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഒരവസരം കിട്ടി.
അ-മലയാളി ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളി ടീച്ചര്‍മാരോട് അത്ര ഇഷ്ടം പോരാ. അവര്‍ ക്ലാസ് നടക്കുമ്പോള്‍ അടങ്ങി ഇരിക്കുക കൂടിയില്ല. പെട്ടെന്നു കണ്ടല്‍ ഏതു രാജ്യക്കാരി ആണെന്ന് തിരിച്ചറിയാന്‍ പറ്റാത്തതിനാലോ എന്തോ എനിക്ക് ഇത്തരം ക്ലാസുകള്‍ ആയിരുന്നു കൂടുതല്‍. പൊതുവേ കുട്ടികള്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നെന്നും തോന്നി. പല നിറത്തിലും രൂപത്തിലും വലിപ്പത്തിലും ഉള്ള കുട്ടികള്‍ ആണ് ഒരേ ക്ലാസില്‍. കണ്ടാല്‍ എന്നേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നു തോന്നിക്കുന്ന ചില കുട്ടികള്‍ പോലും ഉണ്ട്. ഇംഗ്ലീഷും പുറമേക്ക് കുറേ ആംഗ്യ ഭാഷയും ഒക്കെ ഉപയോഗിച്ചാണ് അധ്യാപനം.
എന്റെ തത്വം പറച്ചിലും വീരസ്യം വിളമ്പലും അറിയാവുന്ന പലരും എന്നെ നേരത്തെ തന്നെ ഉപദേശിച്ചിരുന്നു. ഇത് ഒരു വിദേശ രാജ്യമാണ്. നമ്മുടെ രാജ്യം പോലെ ചിന്താ സ്വാതന്ത്യ്രമോ അഭിപ്രായ സ്വാതന്ത്യ്രമോ ഒന്നും ഇല്ല. ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കില്‍ ശമ്പളം കിട്ടുന്നുണ്ടോ എന്ന് മാത്രമേ നോക്കാവൂ, എന്നൊക്കെ. എന്നാലും ചില ദുസ്വഭാവങ്ങള്‍ തൂത്താലും മായ്ച്ചാലും പോകില്ലല്ലോ.
ഏതാണ് വലിയ തെറ്റ്
ഒരിക്കല്‍ ക്ലാസില്‍ ഒരു ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് അത് ശ്രദ്ധിച്ചത്. പുറകിലത്തെ ബെഞ്ചില്‍ ഒരു പിടിവലി.
എന്നേക്കാള്‍ നാല് ഇഞ്ച് കൂടി നീളമുള്ള അഹമ്മദ് എന്ന അഫ്ഗാനിയും മിശാല്‍ എന്ന ആഫ്രിക്കന്‍ വര്‍ഗക്കാരനായ അറബി കുട്ടിയും തമ്മിലാണ് പിടിവലി. ചോദിച്ചുവന്നപ്പോള്‍ കാര്യം മറ്റൊന്നുമല്ല. വെളുക്കുംവരെ അച്ഛന്റെ കൂടെ കച്ചവടത്തിനു പോവുന്ന അഹമ്മദിനെ ക്ലാസില്‍ വന്നാല്‍ ഉറങ്ങാന്‍ അടുത്തിരിക്കുന്ന മിശാല്‍ സമ്മതിക്കുന്നില്ലത്രെ.
ഇതിനു ഞാന്‍ എന്തു മറുപടി പറയും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ അടുത്ത ബഹളം.
ആസിഫ് എന്ന പാക്കിസ്താനി കുട്ടിയാണ്. അവന്‍ പറയുന്നു, ‘അല്ല ടീച്ചര്‍, ഈ മിശാല്‍ അല്ലെങ്കിലും ഒരു ചീത്തയാണ്. അവനെ എല്ലാവരും ഹമാം എന്നാണത്രെ വിളിക്കുന്നത്’.
ഹമാം എന്നാല്‍ ടോയ്ലറ്റ്. ഞാന്‍ ഒന്നു വിഷമിച്ചു. പാവം മിശാല്‍. സങ്കടം കൊണ്ട് അവന്റെ കറുത്ത മുഖം ഒന്നു കൂടി ഇരുണ്ടു ചുവന്നു. ദേഷ്യത്തില്‍ അവന്‍ എന്തോ അലറുകയും ചെയ്തു.
‘അല്ലെങ്കിലും അവന്‍ നിജേറിയക്കാരനാണ് ടീച്ചര്‍. ആ രാജ്യം മുഴുവന്‍ ദുഷിച്ചവര്‍ ആണ്’- ആസിഫിനെ പിന്താങ്ങി മന്‍സൂര്‍ എന്ന ഹൈദരാബാദി കുട്ടി.
ഇതില്‍ കൂടുതല്‍ മിണ്ടാതെ ഇരിക്കാന്‍ എന്നിലെ ടീച്ചര്‍ക്ക് ആവുമായിരുന്നില്ല. അവരുടെ ഉള്ളില്‍ കിടക്കുന്ന വിഷം അല്‍പമെങ്കിലും ഒന്ന് കഴുകി തുടക്കാന്‍ ഞാന്‍ വെറുതെ ആഗ്രഹിച്ചു.
‘ മന്‍സൂര്‍, എല്ലാ രാജ്യത്തും നല്ലതും ചീത്തയുമായ ആളുകള്‍ ഇല്ലേ. ഒരു രാജ്യക്കാരെ മുഴുവന്‍ ചീത്ത എന്നു വിളിക്കുന്നത് ശരിയാണോ. ഇന്ത്യയിലും ഇല്ലേ നല്ലവരും ചീത്ത ആളുകളും. പാക്കിസ്താനില്‍ ഇല്ലേ…’
ചോദ്യം മുഴുമിപ്പിക്കാന്‍ ആസിഫ് സമ്മതിച്ചില്ല.
‘ഇല്ല പാക്കിസ്താനില്‍ ചീത്ത ആളുകളോ! ഇല്ലേയില്ല. അവിടെ മുഴുവന്‍ നല്ലവര്‍ ആണ്’
ആസിഫിന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തിന് താഴെ മുറുകുന്ന ഞരമ്പുകള്‍ കണ്ട് ഞാന്‍ ഒന്നു പേടിച്ചു പരുങ്ങി. എങ്ങനെ ഞാന്‍ ഈ കുട്ടിയെ പറഞ്ഞു മനസ്സിലാക്കും, ദൈവമേ.
ഞാന്‍ നയത്തില്‍ തുടങ്ങി. ‘ആസിഫ്, അങ്ങനെയല്ല മോനേ, എല്ലായിടത്തും ഉണ്ട് നല്ലവരും അല്ലാത്തവരും’
‘ഇല്ല’, ആസിഫിന്റെ മുഖം ചുവന്നു തുടുത്തു.
ശരിയാണ് ടീച്ചര്‍, ടീച്ചര്‍ പറഞ്ഞത് സത്യമാണ്.
പിന്നില്‍നിന്ന് മറ്റൊരു ശബ്ദം. എന്റെ ദുരവസ്ഥ കണ്ട് എന്നെ സഹായിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ് മറ്റാരു പാകിസ്താനി കുട്ടിയായ ആലം. അവനല്ലെങ്കിലും എന്നെ വലിയ കാര്യമാണ്. നന്നായി പഠിക്കുകയും ചെയ്യും.
എനിക്ക് ഒരല്‍പ്പം ആശ്വാസമായി. മുഴുവന്‍ കുട്ടികളിലും ഈ വിഷം ഇല്ലല്ലോ. ഒരാള്‍ക്കെങ്കിലും ഞാന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടല്ലോ. ആശ്വാസത്തോടെ ഞാന്‍ ആലത്തെ നോക്കി.
അവന്‍ ഗാംഭീര്യത്തോടെ തുടര്‍ന്നു.
‘ അതെ ,ടീച്ചര്‍. ഇപ്പോള്‍ പാക്കിസ്താനിലും ചീത്ത ആളുകള്‍ ഉണ്ട്. എങ്ങനെയാണെന്നാ. കുറേ പാക്കിസ്താനികള്‍ ചില കാഫിറുകളെ കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടുണ്ട്. അവരൊക്കെ ഉള്ളതു കാരണം പാക്കിസ്താനിലും ഇപ്പോള്‍ നല്ലവര്‍ അല്ലാത്തവരുണ്ട്’
സത്യം പറഞ്ഞാല്‍, എന്റെ ശരീരത്തില്‍ ആ നിമിഷം രക്തം ഉറഞ്ഞുപോയി. അതു പോല വിളറി പോയി ഞാന്‍. രക്ഷയാകും എന്നു തോന്നിയ കുട്ടിയാണ് കൂടുതല്‍ പ്രശ്നമായി നില്‍ക്കുന്നത്.
‘എന്തെങ്കിലും പറയൂ. ആ കുട്ടികളെ പറഞ്ഞു മനസ്സിലാക്ക്’ ^എന്റെ ഉള്ളില്‍ കിടന്ന് ആരോ നിലവിളിച്ചു. ഒരു അവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ തുടര്‍ന്നു.
‘മോനെ, ആലം. പറയൂ, ഒരാളെ കൊല്ലുന്നതോ അതോ ഒരു കാഫിറിനെ കല്യാണം കഴിക്കുന്നതോ വലിയ തെറ്റ്?’
‘സംശയമെന്ത്. ഒരു കാഫിറിനെ കല്യാണം കഴിക്കുന്നത് തന്നെ!’
വലിയ ഒരു ചോദ്യത്തിന് ശരിയുത്തരം നല്‍കിയ പോലെ ആലം വിജയിയുടെ ഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു. ആ പിഞ്ചു മുഖത്ത് തുളുമ്പുന്ന കുട്ടിത്തം, ഉരുകിയ ലോഹം പോലെ എന്റെ മനസ്സിനെ പൊള്ളിച്ചു.
‘എന്തു ചെയ്യാന്‍ പറ്റും’-ഞാന്‍ പാടെ തളര്‍ന്നുപോയി.
ഇത്രയും പറഞ്ഞു എന്നറിഞ്ഞപ്പോള്‍ തന്നെ കൂടെയുള്ള ടീച്ചര്‍മാര്‍ എന്നെ കണക്കിനു ശാസിച്ചു. കുട്ടികള്‍ ആരെങ്കിലും ഇത് അവരുടെ വീടുകളില്‍ പോയി പറഞ്ഞാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഞാന്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ ആണത്രെ. എന്തു കേട്ടാലും എത്ര വേദനിച്ചു വന്നാലും ഒന്നും മിണ്ടാതിരിക്കുകയാണ് ഉചിതം.
‘സ്വന്തം കുഞ്ഞുങ്ങള്‍ എന്നൊന്നും നീ കരുതണ്ട. അങ്ങനെ പറ്റില്ല. പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുക. പോരുക . അത്രയേ ചെയ്യാവൂ’.
ഞാന്‍ എന്റെ ജോലിയെ തന്നെ വെറുത്ത നിമിഷമായിരുന്നു അത്.
ഏതു രാജ്യക്കാരായലും കുട്ടികള്‍ പൂവുകള്‍ പോലെയാണ്. അവര്‍ക്ക് സ്വതവേ ഉള്ളത് സുഗന്ധം മാത്രമാണ്. എന്നാല്‍, അജ്ഞതയുടെയും സ്പര്‍ധയുടെയും ദുര്‍ഗന്ധം വമിക്കുന്ന കറുത്ത പുക അടഞ്ഞ മുറികളില്‍ സൂര്യപ്രകാശം കാണാതെ അടക്കപ്പെട്ടാല്‍ അവര്‍ക്ക് പിന്നെ, ദുര്‍ഗന്ധം വമിക്കുന്ന കറുത്ത പൂവുകള്‍ ആയി വളരാനേ കഴിയൂ.
ഇന്നും ആസിഫിന്റെയും ആലത്തിന്റെയും ഒക്കെ മുഖങ്ങള്‍ ഒരു നീറ്റലോടെ മാത്രമേ എന്റെ ഓര്‍മ്മകളില്‍ തെളിയാറുള്ളൂ. എന്നോടു തന്നെ ക്ഷമിക്കാന്‍ ആവാതെ അപ്പോഴൊക്കെ എന്റെ മനസ്സു പിടയും.
ഗള്‍ഫിലേക്ക് വരുമ്പോള്‍ വീട്ടില്‍ പെട്ടിയില്‍ വെച്ച് പൂട്ടേണ്ടതോ, കുറഞ്ഞ പക്ഷം ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ എങ്കിലും ഉപേക്ഷിക്കേണ്ടതോ ആയ ഒരു സാധനമാണ് പ്രതികരണ ശേഷി. നാട്ടില്‍ വച്ച് ഘോര ഘോരം വിളമ്പിയ വീരസ്യങ്ങള്‍ ഓര്‍മ്മ പോലും അവശേഷിപ്പിക്കാതെ പൊഴിഞ്ഞു വീഴുന്നതും നോക്കി അങ്ങനെ വെറുതെ ഇരിക്കാനേ നമുക്കാകു. ചിന്തിക്കാതെ ജീവിക്കുക അഥവാ ചിന്തിച്ചു പോയാല്‍ തന്നെ മിണ്ടാതെ ജീവിക്കുക-അപരിചിത ദേശത്തെ ആദ്യ കാലങ്ങള്‍ ധ്വനി എഴുതുന്നു

( A still from Malayalam Play – Kalamkari directed by C. M. Narayanan)
പ്രവാസത്തില്‍ ആയി മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ഇഷ്ടവും ഈ നാടിനോട് തോന്നിയില്ല. എവിടെയും എങ്ങും നിറഞ്ഞു നില്‍ക്കുന്ന കൃത്രിമത്വം. ഒരു കണക്കിന് അതേ ഈ നാട്ടില്‍ പറ്റുകയുള്ളു ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും മീതെ വരെ കൃത്രിമ പരവതാനി വിരിക്കപെട്ടതുപോലെ.. ഒരു ഭീതിയുടെ നിഴല്‍ എന്തിനും എപ്പൊഴും കൂട്ടായി നടക്കുന്നു. ആരും അവനവന്റെ യഥാര്‍ത്ഥ മുഖം കാണിക്കുന്നില്ല എന്നൊരു തോന്നല്‍.. ഉടമകളെ പ്രീതിപെടുത്താൻ തേച്ചു വച്ചിരിക്കുന്ന ഒരു വെളുപ്പ് ചായം ചിരിയില്‍ പോലും. ഒരു പക്ഷെ ജനിച്ചു വളര്‍ന്ന സ്വന്തം നാടല്ല എന്ന തോന്നല്‍ കൊണ്ടാകാം . അല്ലെങ്കിൽ മറ്റൊരു സംസ്കാരത്തില്‍ സ്വന്തം അസ്തിത്വം തിരയുന്നതില്‍ ഉള്ള വിമ്മിഷ്ടം കൊണ്ടാകാം.
ജോലിക്കായി ഗള്‍ഫിലേക്ക് വരുമ്പോള്‍ വീട്ടില്‍ പെട്ടിയില്‍ വെച്ച് പൂട്ടേണ്ടതോ, കുറഞ്ഞ പക്ഷം ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ എങ്കിലും ഉപേക്ഷിക്കേണ്ടതോ ആയ ഒരു സാധനമാണ് പ്രതികരണ ശേഷി. നാട്ടില്‍ വച്ച് ഘോര ഘോരം വിളമ്പിയ വീരസ്യങ്ങള്‍ ഓര്‍മ്മ പോലും അവശേഷിപ്പിക്കാതെ പൊഴിഞ്ഞു വീഴുന്നതും നോക്കി അങ്ങനെ വെറുതെ ഇരിക്കാനേ നമുക്കാകു. ചിന്തിക്കാതെ ജീവിക്കുക അഥവാ ചിന്തിച്ചു പോയാല്‍ തന്നെ മിണ്ടാതെ ജീവിക്കുക..
പ്രവാസി കൂട്ടങ്ങളിൽ എപ്പൊഴും ഇത്തരം ഉപയോഗ ശൂന്യമായ മുറുമുറുക്കലുകൾ കേള്‍ക്കാം. അത്തരത്തില്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രതിഷേധങ്ങള്‍ അല്ലാതെ മറ്റൊന്നും ഇവിടെ പറ്റില്ല.
ഇഖാമയുടെ നിറം
ജീവിക്കാനുള്ള അവകാശം ഇഖാമ എന്ന റെസിഡന്റ്സ് പെര്‍മിറ്റ് ആണ്. അത് സൗദിയില്‍ അന്നൊക്കെ രണ്ടു നിറത്തിലാണ് ( ഇപ്പോള്‍ എങ്ങനെയാണ് എന്നറിയില്ല) മുസ്ലിംകള്‍ക്ക് പച്ച അല്ലാത്തവര്‍ക്ക് ഒരു മറൂണ്‍ നിറം. അവിടെ തന്നെ ഒരു വല്ലാത്ത വ്യത്യാസം ആണ് . നിറങ്ങള്‍ ഉറക്കെ സംസാരിക്കും.. ഇവന്‍/ ഇവള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവൾ എന്ന് എഴുതിയ ഒരു കുറിപ്പും കൊണ്ട് നടക്കും പോലെ.
എന്നാലും സാധുതയുള്ള ഒരു ഇഖാമ ഒരു രക്ഷയാണ്. അത് ഇല്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല . രാജ്യത്തെ നിയമങ്ങള്‍ ആണ്. എല്ലാത്തിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്താനും. എങ്കിലും അന്യനാട്ടില്‍ പ്രത്യേകിച്ചു ആദ്യമായി എത്തുന്നവര്‍ക്ക് അരക്ഷിതാവസ്ഥ തോന്നാന്‍ ഇതൊക്കെ ധാരാളം ആണല്ലോ.
ഗള്‍ഫില്‍ എത്തി ആദ്യത്തെ ഒരു വർഷം എന്നാല്‍ , ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്ന ഒരു കാലം ആണെന്ന് പലരും പറഞ്ഞു കേള്‍ക്കുകയും ഉണ്ടായി.
എനിക്ക് പക്ഷെ ഇതൊരു രസകരമായ അനുഭവം ആയിട്ടാണ് തോന്നിയത്. മറ്റാരോ ആയി അഭിനയിക്കുന്നതിന്റെ ഒരു രസം അത്ര മാത്രം. ഇടയ്ക്കിടെ എന്നെ തന്നെ മിസ്സ് ചെയ്യും എങ്കിലും.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകള്‍
കാഴ്ചക്ക് സൗദി അറേബ്യക്ക് ഒരു വെള്ള പ്രകാശമാണ്. നന്മയുടെതെന്നു ധരിക്കണം എന്ന് ശഠിക്കുന്ന ശൂന്യതയുടെ വെളുപ്പ്. കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും എന്ന് വേണ്ട എല്ലാത്തിന്റെയും നിറം തൂവെള്ളയാണ്. ഈ വെളുപ്പ് പ്രണയം ഒരു പക്ഷെ ചൂടില്‍ നിന്നു രക്ഷ പെടാന്‍ ആയിരിക്കും. അങ്ങനെയാണെങ്കിൽ പാവം പെണ്ണുങ്ങളെ എന്തിനാണാവോ കറുപ്പില്‍ പൊതിയുന്നത്. എല്ലായിടത്തും ആണുങ്ങളുടെ വെള്ള തൌബും പെണ്ണുങ്ങളുടെ കറുത്ത കുപ്പായവും . മറ്റു നിറങ്ങള്‍ അധികം ഇല്ലെന്നു തന്നെ പറയാം.. കടകളിലെ കണ്ണാടി കൂടുകളിലും പിന്നെ ഇടക്കിടെ എടുത്തു നില്‍ക്കുന്ന ചില കെട്ടിടങ്ങളിലും വഴിയരുകില്‍ വച്ച്പിടിപ്പിച്ചിരിക്കുന്ന മരങ്ങളും അല്ലാതെ.
സൗദിയിലെ രണ്ടാമത്തെ വലിയ പട്ടണം ആയ ജിദ്ദയിലാണ് താമസം എന്നതിനാല്‍ പ്രാന്ത പ്രദേശങ്ങളില്‍ പറഞ്ഞു കേട്ടിട്ടുള്ള ദാരിദ്ര്യവും വരള്‍ച്ചയും ഒന്നും എനിക്ക് കാണേണ്ടി വന്നിട്ടില്ല . ഇവിടുത്തുകാർക്ക് ധാരാളം പണം ഉണ്ടെന്നു പറയുന്നു, സത്യമാകും. കടയില്‍ നിരത്തി വച്ചിരിക്കുന്ന സാധനങ്ങളും മറ്റും അതാണ് വിളിച്ചു പറയുന്നത് . കൊട്ടാര സദൃശ്യമായ വീടുകള്‍ അവയേക്കാളും വലിയ ചുറ്റുമതിലുകള്‍ കൊണ്ട് മറച്ചു വച്ചിരിക്കും.
പ്രവാസികള്‍ ഇവിടെ രണ്ടാം തരക്കാരോ മൂന്നാം തരക്കാരോ ഒക്കെയാണ്. ആരുടേയും കണ്ണില്‍ പെടാതെ മുഖ്യധാരയില്‍ മനപൂര്‍വം തൊടാതെ സ്വന്തം മാളങ്ങളിലെ, സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ക്കിടയില്‍ ജീവിതം തിരയുന്നവര്‍ ആണ് ഭൂരിപക്ഷവും.
വെള്ളത്തൂവല്‍
പകല്‍ മുഴുവന്‍ ഈ രാജ്യം ഉറക്കത്തില്‍ ആണ്. സന്ധ്യ ആകുന്നതോടെ നിരത്തുകള്‍ ഉണരുന്നു. ഒഴുകി നീങ്ങുന്ന നാലു ചക്ര കൊട്ടാരങ്ങളും, ആകാശം മുട്ടെ ഉയര്‍ന്നു നിക്കുന്ന പ്രകാശം വിതറുന്ന ഷോപ്പിംഗ് മാളുകളും. മിക്കവയും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മാത്രമുള്ള കടകള്‍ ആണ്, പല പല പുതുമകള്‍ , രാത്രി ഒരു മണി രണ്ടു മണി വരെ ഒക്കെയാണ് ഷോപ്പിംഗ് കോംപ്ലെക്സുകളിൽ ഏറെതിരക്ക്. മൂടി പുതച്ചിട്ടാണെങ്കിലും സ്ത്രീകളും ധാരാളം. അവരുടെ പാദങ്ങളിലൂടെ എത്തി നോക്കുന്ന, വില കൂടിയ ചെരിപ്പുകളും മോസ്റ്റ് മോഡേൺ, വസ്ത്രജാലവും.
എന്നാല്‍ ഇത് മാത്രമല്ല സൗദി എന്ന് മനസ്സിലായത് ഒരു ദിവസം രാവിലെ ജോലിക്കുപ്പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ കണ്ട കാഴ്ചയാണ്. ഒരു കൊച്ചു പ്രാമും തള്ളി മുഖം കൂടി മറച്ച ഒരു സ്ത്രീ . ഞങ്ങളുടെ ഫ്ലാറ്റിന്റെ മുന്നില്‍ ഉള്ള വെയിസ്റ്റ് ബിന്നില്‍ നിന്നും അത്യാവശ്യം ഉപയോഗിക്കാവുന്ന സാധനങ്ങള്‍ തപ്പി പെറുക്കുകയാണ് അവര്‍. പ്രാമിനുള്ളില്‍ കുട്ടിയല്ല. ഇത്തരം സാധനങ്ങള്‍ ആണ്. ഇവിടെയും ഇങ്ങനത്തെ മനുഷ്യരോ എന്ന് നോക്കി നിന്ന എന്നോട് ഇതാണ് യഥാര്‍ത്ഥത്തില്‍ ഉള്ള കാട്ടറബികള്‍ എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല.
സമ്പന്നതയുടെ പളപളപ്പില്‍ മിന്നുന്ന ഈ രാജ്യത്തു പ്രവാസികള്‍ ആയ ഞങ്ങള്‍ക്ക് പറയാന്‍ ഒരു രാജ്യവും പിടിച്ചുനില്‍ക്കാന്‍ ഒരു ഇഖാമയും എങ്കിലും ഉള്ളപ്പോൾ ആ രാജ്യത്തെ തന്നെ കറുത്ത വര്‍ഗക്കാരായ ഈ അറബികള്‍ക്ക് ഇരുട്ടിന്റെ മറവില്‍ വന്നു വെയിസ്റ്റു ബിന്നുകള്‍ തപ്പിയും നിയമത്തെ പേടിച്ചും ജീവിക്കേണ്ടി വരുന്നതിന്റെ വേദന. ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ അന്യവല്‍ക്കരിക്കപെടുന്നവന്റെ നൊമ്പരം. വെള്ള തൂവലുകളുടെ അറ്റത്ത് ഉണങ്ങി പിടിച്ച മാംസം പോലെ അത് നിന്നു നീറി.
വാതില്‍പടിയില്‍ ഒരു നിഴല്‍
ഒരിക്കല്‍ ടൌണില്‍ നിന്നു കുറച്ചു മാറി ഇരിക്കുന്ന ഒരു പഴയ ഷോപ്പിംഗ് കോംപ്ലെക്സില്‍ പോയി , എല്ലാ കടകളിലും ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രം. മഞ്ഞ ഉടുപ്പിട്ട തൂപ്പുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കൂടെ അച്ഛന്‍മാരുടെത് പോലെ നീണ്ട തൌബ് എന്ന അറബിക്കുപ്പായം ഇട്ട അറബി സുന്ദരന്മാര്‍ കയ്യില്‍ മൊബൈല്‍ ഫോണുകളുമായി തലങ്ങും വിലങ്ങും നടക്കുന്നു. കണ്ടാല്‍ ഒരു സെമിനാരി തുറന്നു വിട്ട പ്രതീതി. നമ്മുടെ നാട്ടില്‍ വെളുത്തു മെലിഞ്ഞു മുഖത്തൊരു പാടുപോലും ഇല്ലാതെ പാലുണ്ണി പോലെ ഇരിക്കുന്ന കൊച്ചച്ചന്‍മാരില്ലെ ഏതാണ്ട് ആ സൈസ് ആണ്. നല്ല നീണ്ട മൂക്കൊക്കെ ആയി. കാണാനുള്ള ഭംഗി സത്യത്തില്‍ എടുത്തു പറയാതെ വയ്യ !!
വായില്‍ നോട്ടം എന്ന മഹത്തായ ആ ഇടപാടിനു വിരാമം ഇട്ടതു പെട്ടന്നൊരു ബഹളം ആരുന്നു. കടകള്‍ എല്ലാം ഒരു പോലെ അടയ്ക്കുന്നു . എന്തോ പന്തികേടുണ്ടെന്നു തോന്നി . കടയില്‍ ഉണ്ടായിരുന്നവര്‍ ഒക്കെ പുറത്തിറങ്ങി. നമസ്കാരത്തിന്റെ സമയം ആണ് ഇനി അത് കഴിഞ്ഞേ കട തുറക്കു എന്ന് പറഞ്ഞു തന്നത് എന്‍റെ കൂട്ടുകാരിയാണ്. അത് വരെ ഇവിടെ പുറത്ത് ഇരിക്കണം. ഞങ്ങള്‍ അവിടെ ഒരു സീറ്റില്‍ ഇരുന്നു. അടുത്ത് വേറെ കുറെ ആളുകളും. അവരും ഇന്ത്യക്കാര്‍ ആണെന്ന് തോന്നി..
അപ്പോള്‍ അതാ ഒരു രൂപം! ഒരു രൂപം എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര രൂപം വരും. അതാണ് ‘മൂത്തവ. ‘ മുമ്പ് ഒത്തിരി കേട്ടിരുന്നെങ്കിലും ആന്നാണ് ഒരു മൂത്തവയെ നേരില്‍ കാണുന്നത്. നമസ്കാരത്തിന്റെ സമയം പള്ളിയില്‍ പോകാതെ കറങ്ങി നടക്കുന്ന മുസ്ലിംകളെ പിടിച്ച് പള്ളിയിലേക്ക് വിടുകയാണ് ഈ വിദ്വാന്‍മാരുടെ പരിപാടി. റിയാദില്‍ ഒക്കെ തലയില്‍ തട്ടം ഇടാതെ നടക്കുന്ന സ്ത്രീകള്‍ക്ക് നല്ല അടിയും കിട്ടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും ജിദ്ദയില്‍ അതില്ലാഞ്ഞത് ഭാഗ്യം!
ഞങ്ങള്‍ ഇരുന്നിടത്ത് വന്നു എല്ലാവരുടെയും ഇഖാമാകള്‍ നോക്കി ഉറപ്പിച്ചിട്ടു അദ്ദേഹം പോയി. ഞായറാഴ്ച കുര്‍ബാന നടക്കുമ്പോള്‍ പള്ളിമുറ്റത്ത് കറങ്ങി നടക്കുന്നവരെ പിടിക്കാന്‍ വരുന്ന വികാരി അച്ഛന്‍മാരെ ഓര്‍മ്മവന്നു. പള്ളി ഏതാണെങ്കിലും പ്രാര്‍ത്ഥിക്കുക എന്നത് നിര്‍ബന്ധമായി ചെയ്യേണ്ടുന്ന,ചെയ്യിക്കേണ്ടുന്ന ഒന്നാണെന്ന് ഈ ലോകം എന്ന് മുതല്‍ ആണാവോ കണ്ടു പിടിച്ചത്. ജീവിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത ജോലി ചെയ്യുകയും വിവാഹം കഴിച്ചിട്ട് നിര്‍ബന്ധമായി പ്രണയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മലയാളിക്ക് ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുംഇല്ലെങ്കില്‍ പോലും.
കണ്ണില്‍ ഒരു കരടു വീണ പോലെ
നമസ്കാരം കഴിഞ്ഞു സാധനങ്ങളും വാങ്ങി തിരിച്ചു പോരുമ്പോഴും വടിയുമായി പുറകില്‍ വരുന്ന മൂത്തവയുടെ ഓര്‍മ്മ ഇടയ്ക്കിടെ പിന്‍തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു . മതം എന്ന മനുഷ്യന്റെ ഏറ്റവും തീവ്രമായ സ്വകാര്യതയില്‍ പോലും നിര്‍ബന്ധങ്ങളുടെ ചൂരലുകള്‍ വീശുന്ന മതവും പട്ടാളവും തമ്മില്‍ വേര്‍തിരിക്കുന്ന വാതില്‍പടിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നിഴല്‍ പോലെ..!!
അപ്പോള്‍നിന്‍റെപ്രണയം.. ?
‘കാതലിപ്പത് എന്‍ മനസ്സുക്ക് താനേ… അക്കപണം അല്ലയെ. എങ്ങള്‍ക്ക് പിഴക്കതുക്ക് കാസ് ഇരുക്ക് അക്ക .. മീതി ഇത്..എന്‍റെ അമ്മാവുക്കും ചിന്നവര്‍ക്കും-
പ്രവാസ സ്ത്രീജീവിതത്തില്‍ നിന്നൊരേട്-ധ്വനി എഴുതുന്നു

സൗദിയില്‍ ആദ്യമായി താമസിച്ചിരുന്ന വീട്ടില്‍ ഒത്തിരിയേറെ താമസക്കാരുണ്ടായിരുന്നു. വീട് എന്ന് പറഞ്ഞാല്‍ നാല് നിലകള്‍ ഉള്ള ഒരു ഫ്ലാറ്റ്. സത്യത്തില്‍ അതൊരു വലിയ വില്ല പോലെ ആയിരുന്നു. ലിഫ്റ്റ് ഇല്ല..മൂന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ വീട്. കയറി ചെല്ലുമ്പോള്‍ ഒരു ചെറിയ വരാന്തയാണ്. അവിടെ നിന്നു തുറക്കുന്നത് സാമാന്യം വലിപ്പമുള്ള സ്വീകരണമുറിയാണ്. പിന്നെ കുറെ ബെഡ് റൂമുകള്‍. ഓരോ ബെഡ്റൂമും ഓരോ കുടുംബത്തിന്റെ വീടുകള്‍ആണ്. പരസ്പരം വലിയ ബന്ധം ഒന്നും ഇല്ല.. ഞങ്ങള്‍ക്ക്താമസിക്കാനും അതില്‍ ഒരു റൂം. അവിടെ വച്ചാണ് ഞാന്‍ ജസ്നിയെ പരിചയപ്പെടുന്നത്..
തൊട്ടടുത്ത റൂമിലെ താമസക്കാര്‍ ഒരു നേഴ്സും ഭര്‍ത്താവും ആയിരുന്നു അവരുടെ രണ്ടു കുട്ടികളെ നോക്കാനും പാചകത്തിനും ഒക്കെവന്ന ഹെല്‍പ്പര്‍ അഥവാ മെയിഡ് ആയിരുന്നു ജസ്നി. ഏതോ അറബി വീട്ടില്‍ നിന്നും ചാടിവന്നു ഒളിവില്‍ കഴിയുന്ന, എപ്പൊഴും ചിരിക്കുന്ന ,മെലിഞ്ഞുണങ്ങിയ ഒരു കൊച്ചുപെണ്‍കുട്ടി.
ശ്രീലങ്കക്കാരി തമിഴത്തി കുട്ട്യാണ് .. എനിക്ക് തമിഴ് അല്‍പസ്വല്പം അറിയാമെന്നതും പോരാത്തതിനു തമിഴ് സിനിമകളും നടന്മാരെയുംനടിമാരെയും മറ്റും അറിയാം എന്നതും അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..
എപ്പോ സമയം കിട്ടിയാലും ഓടി വന്നു ചോദിക്കും.
അക്ക ഇന്ത പാട്ട് തെരിയുമാ ? ആദ്യം രണ്ടു വരി മൂളിയിട്ടാണ് ചോദ്യം. എല്ലാ പണികളുംചെയ്യാന്‍ നല്ല മിടുക്കാണ് . പാട്ടും പാടി നിന്ന നില്‍പ്പില്‍ വീട്ടിലെ ജോലികളെല്ലാം പുഷ്പം പോലെ ചെയ്യും!
മഹാ വികൃതികളായ അപ്പുറത്തെ കുട്ടികളെ നിലയ്ക്ക് നിര്‍ത്താന്‍ അവളെകൊണ്ട് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഗള്‍ഫ്‌രാജ്യങ്ങളിലുള്ള മിക്ക ആണ്‍കുട്ടികളും വല്ലാത്ത വികൃതികള്‍ ആണ്. ഫ്ലാറ്റുകള്‍ക്കുള്ളില്‍ അവരുടെ എനര്‍ജി ചിലവഴിക്കാന്‍ വേറെ വഴികള്‍ ഇല്ലെല്ലോ, അതുകൊണ്ട് വെറുതെ ചാടിയും മറിഞ്ഞും നടക്കും. കുറച്ചു സ്ഥലമെങ്ങാന്‍ ഒന്നിച്ചുകണ്ടാല്‍ തീര്‍ന്നു കഥ!
ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ പയ്യനെ എന്‍റെ കൂട്ടുകാര്‍ വിളിച്ചിരുന്ന പേര് എന്താണെന്നോ? സുനാമി!
ആ കൊച്ചാണ് ഇത്തിരിപോന്ന ജെസ്നിയുടെ കണ്ണ് ഉരുട്ടലില്‍ പേടിച്ചു നില്‍ക്കുന്നത് . അവള്‍ കുട്ടികളെ ഒന്നും ചെയ്യില്ല കൂടെ കളിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നത് കാണാം. എന്നാല്‍ അവളൊന്നു ഒച്ചയെടുത്താല്‍ രണ്ടും പേടിച്ചു പതുങ്ങും!
ജോലിചെയ്യാതപ്പോള്‍ അവള്‍ വെറുതെ സ്വപ്നം കണ്ടു പാട്ടും പാടി ഇരിക്കും.
ഒരുദിവസം ഞാന്‍ അടുക്കളയില്‍ ചെല്ലുമ്പോള്‍ ജെസ്നിയുണ്ട് നിലത്തുകുനിഞ്ഞിരിക്കുന്നു. അടുപ്പില്‍ ചായക്കുള്ള വെള്ളം വെച്ചിട്ടുണ്ട്. അങ്ങനെ ഇതു വരെ ഞാന്‍ അവളെ കണ്ടിട്ടില്ല. തലകാല്മുട്ടുകള്‍ക്കിടയിലാക്കി ഇരിക്കുകയാണ്. വിളിക്കണോ എന്നൊന്ന്സംശയിച്ചു.
പിന്നെ മെല്ലെ വിളിച്ചു ,”ജസ്നി..! ”
അവള്‍ പെട്ടെന്ന് തലപൊക്കി നോക്കി. ആ കണ്ണുകളില്‍ വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു നിഴല്‍.
“അക്ക..അത് എന്‍റെ മാമന്‍ ആക്കും ”
എന്ന് പറഞ്ഞു മൊബൈല്‍ ഫോണ്‍ എന്നെ നീട്ടി കാണിച്ചുകൊണ്ട് ചാടി എണീറ്റ് ചായപ്പൊടി എടുത്തു അവള്‍.
എനിക്കൊന്നും മനസ്സിലായില്ല.
എന്നിക്ക് മനസ്സിലാകാന്‍ അവളുടെ തമിഴില്‍ എപ്പൊഴും മലയാളം കൂട്ടി കലര്‍ത്തും അവള്‍.
മാമന്‍ എന്ന് പറഞ്ഞാല്‍ അമ്മാവന്‍ആയിരിക്കും. തമിഴ്നാട്ടില്‍ മാമന്‍ മുറചെറുക്കനും ആണല്ലോ. അപ്പൊ അതാണ് കാര്യംഅവളുടെ പ്രതിശ്രുത വരന്‍!
“ എവിടെയാ കക്ഷി?” ഞാന്‍ ചോദിച്ചു
“ഊരില്‍ ശ്രീ ലങ്കാവിലെ ….”
ഓഹോ അപ്പൊ… എപ്പോ കല്യാണം?
തെരിയാദ് , അത് പറഞ്ഞതും ചായയിട്ടു കൊണ്ട് നിന്ന നില്‍പ്പില്‍ അവള്‍ ഒറ്റ കരച്ചില്‍
ഞാന്‍ ആകപ്പാടെ വല്ലാതെ ആയി.
ജെസ്നി ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയതാണ്. താഴെ നാലോ അഞ്ചോ കുട്ടികള്‍, അച്ഛന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു. .. എല്ലാ ഗദാമ കള്‍ക്കുംപറയാനുള്ള നൊമ്പരപെടുത്തുന്ന കഥ.
ആദ്യമാദ്യം സ്കൂളില്‍ പോകുന്ന കൂടെ ആയിരുന്നു ജോലി . പിന്നെ ഏതോ ഏജന്റ്റ് വഴി ഒരു അറബി വീട്ടില്‍ ജോലിക്കെത്തി..അവിടെയുള്ള നാല് ജോലിക്കാരികളില്‍ ഒരുവള്‍. താമസവും അവിടെത്തന്നെ.
കൂടെയുള്ള മറ്റുജോലിക്കാരികള്‍ക്ക് അറബിയില്‍ നിന്നും ഒത്തിരി സഹിക്കേണ്ടിവരുന്നത് അവള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അന്ന് തീരെ കൊച്ചായിരുന്നത് കൊണ്ടോ മറ്റോ അവളെ ഉപദ്രവിക്കാന്‍ അയാള്‍ശ്രമിച്ചിട്ടില്ലായിരുന്നു. വളരെ സൂക്ഷിച്ചാണ് ആ കുട്ടിചെറുപ്പത്തില്‍ കഴിഞ്ഞിരുന്നതത്രേ.
ഒരു ദിവസം അറബി അവളെയും കയറിപ്പിടിക്കാന്‍ വന്നു. അടുപ്പത്തിരുന്ന ചൂട് വെള്ളം അപ്പാടെ അയാളുടെ മുഖത്തോഴിച്ചു. വീടിന്റെ ജനാലയിലൂടെ അവള്‍ പുറത്തു ചാടി.
ഒരു വിധം പുറത്തുവന്ന അവള്‍ സ്വന്തം വീട്ടിലേക്ക്‌വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും തകര്‍ന്നു പോയത്. ഒരു പൈസ മിച്ചം വെക്കാതെ അവള്‍ നാടിലെക്കയച്ച പണം കൊണ്ട് സുഖമായി ജീവിക്കുന്ന അവര്‍ ‘എങ്ങനെയും”‘ അവിടെ നില്ക്കാന്‍മാത്രമാണ് അവളോട് പറഞ്ഞത്. അത് അവരുടെ ജീവിതത്തിന്റെ പ്രശ്നം ആണത്രേ.
ചെറുപ്പത്തിലെ കടല്‍കടന്നു വന്നു. ജോലിയും കിടപ്പാടവുംനഷ്ടപ്പെട്ട് ഇരുട്ടത്ത് പകച്ചു നിന്ന അവളുടെ ജീവിതം കണ്ണില്‍ പിടിക്കാതത്രയും ചെറുതാണോ?.ആവോ
പട്ടിണി ഒക്കെ മാറി എല്ലാവരും നന്നായി വരുമ്പോള്‍ ഓരോ ’ചെറിയ’ കാര്യം പറഞ്ഞു ഉഴപ്പാതെ ജോലി ചെയ്യാനാണത്രേ അവളോട് പറഞ്ഞത്..
ഇളയ കുട്ടികളെ ഓര്‍ത്തു അവള്‍ ഒന്നുംപറഞ്ഞില്ല . എപ്പൊഴും അങ്ങനെയാണല്ലോ. ചിലര്‍ അവനവനെ പറ്റിയും മറ്റുചിലര്‍മറ്റുള്ളവരെ പറ്റിയും മാത്രംചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണല്ലോ ലോക നീതി. ( അഥവാ രീതി)
ആ അറബി വീട്ടിലെ തന്നെ ഒരു ഡ്രൈവര്‍ ആയിരുന്നു ജെസ്നിയുടെ രക്ഷക്കെത്തിയത്..മൈസൂര്കാരനായ ആ പയ്യന് അവളോട് വല്ലാത്ത പ്രണയവും ഉണ്ടായിരുന്നു . അയാള്‍ കുറച്ചു നാള്‍ ആരും കാണാതെ അവളെ ഒളിച്ചു താമസിപ്പിച്ചു പിന്നെ രണ്ടുവര്‍ഷമായി ഇങ്ങനെ പല വീടുകളില്‍. ജോലിക്ക് പോകുന്നു. ഇടയ്ക്കു അയാള്‍ കാണാന്‍ വരും. അവള്‍ക്കും അയാള്‍ മാത്രം മതി.
അപ്പോള്‍ നാട്ടില്‍ ഉള്ള ആ മാമാ ആണോ? ഞാന്‍ ചോദിച്ചു..
അയാള്‍ക്ക് പണംമാത്രം മതി അക്ക എന്നെ വേണ്ട. ഞങ്ങളുടെ വീടും ഇളയ കുട്ടികളും ഒക്കെ അയാളുടെ കീഴിലാണ് ഞാന്‍ പണം കൊടുക്കാതിരുന്നാല്‍ അയാള്‍ ഇളയ കുട്ടികളെ ഉപദ്രവിക്കുമത്രേ.
നീ പണം കൊടുത്താലും ഉപദ്രവിക്കില്ലെന്ന് എന്താണ് ഉറപ്പ്?
അത് അവള്‍ക്കും അറിയില്ല. അവള്‍ എല്ലാ മാസവും പണം അയച്ചു കൊണ്ടേ ഇരിക്കും.
നീ എന്ത് വിഡ്ഡിത്തമാണ് കുട്ടി കാണിക്കുന്നത് .. കഷ്ടപ്പെട്ടുണ്ടാക്കുന്നത് മുഴുവന്‍അയ്യാള്‍ക്ക് കൊടുക്കുകയാണോ? അയാള്‍ അതൊക്കെ സ്വന്തമാക്കി നിന്‍റെസഹോദരങ്ങളെ നോക്കുന്നുണ്ടോ എന്ന് നിനക്കെങ്ങനെ അറിയാം? എന്നിലെ സ്ത്രീ ചാടി ഉണര്‍ന്നു.
അത് പറവായില്ല അക്ക.. അടുത്ത വാട്ടി തിരുമ്പി പോനാല്‍ , എങ്ക തിരുമണം ആക്കും. അപ്പൊ എപ്പിടിയും കാസ് അയക്കവേണ്ടാമാ ?
എനിക്ക് ആ ലോജിക് മനസ്സിലായേ ഇല്ല.
അപ്പോള്‍നിന്‍റെപ്രണയം.. ?
കാതലിപ്പത് എന്‍ മനസ്സുക്ക് താനേ… അക്കപണം അല്ലയെ”
എങ്ങള്‍ക്ക് പിഴക്കതുക്ക് കാസ് ഇരുക്ക് അക്ക .. മീതി ഇത്..എന്‍റെ അമ്മാവുക്കും ചിന്നവര്‍ക്കും!”
പണത്തിനു വേണ്ടി അവളിലെ പെണ്ണിനെ കണ്ടില്ലെന്നു നടിക്കുന്ന മാമനും ഒളിവില്‍ കഴിയുന്ന അവളിലെ പെണ്ണിന്റെ വിങ്ങലുകളെ പൊതിഞ്ഞു പിടിക്കുന്ന,അവള്‍ മറ്റൊരാളെ കല്യാണംകഴിക്കുന്നത് പോലും പ്രശ്നമല്ലാത്ത കാമുകനും. രണ്ടും എന്നെ അത്ഭുതപെടുത്തി. കൂടെ ബിസിനസ് തിയറികള്‍ ഒന്നും വശമില്ലാതിരുന്നിട്ടും പ്രായോഗികതയുടെ വലിയ ബിസിനസ് പാഠങ്ങള്‍ കണ്ടെത്തുന്ന ഈ കൊച്ചുപെണ്‍കുട്ടിയും.
പഴകിതേഞ്ഞ ആശയങ്ങളുടെ സമൂഹ വ്യവസ്ഥയുടെ, മനുഷ്യബന്ധങ്ങളുടെ, ശരിതെറ്റുകളുടെ ആകാശത്തിലെ കുമിളകള്‍ ഒന്നൊന്നായി പൊട്ടി പോകുന്നതിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.
“ജെസ്നീ ….!”
ഒരു വിളി എന്നെയും അവളെയും ഒരുപോലെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി .
അവളുടെ മാഡംഅക്ക ആണ്. പെട്ടെന്ന് ചായ കപ്പിലേക്ക് പകര്‍ന്നു എന്നെ നോക്കി കണ്ണിറുക്കിചിരിച്ചു അവള്‍ അതുമായി ഓടിപ്പോയി. കുറച്ചു മുമ്പ് പ്രാരാബ്ധ കെട്ടുമായി എന്നോട്സംസാരിച്ചു നിന്ന പെണ്‍കുട്ടിയെ ആയിരുന്നില്ല അവള്‍ അപ്പോള്‍.
പോകുന്ന വഴി ഇഷ്ടതാരം ’വിജയ്’ യുടെ പുതിയ പാട്ടും മൂളുന്നുണ്ടായിരുന്നു …
ആകാശത്ത് കുമിളകള്‍ പോട്ടുന്നുണ്ടോ? ആര്‍ക്കറിയാം..!!
എന്‍റെഫ്ലാറ്റില്‍ നിന്നു നോക്കിയാല്‍ ആകാശം കാണാന്‍ പറ്റില്ലല്ലോ ! കാര്‍മേഘങ്ങള്‍ ഇല്ലാതെ തെളിഞ്ഞു നില്‍ക്കുന്ന നിന്റെ കണ്ണുകളില്‍ അല്ലാതെ… !!
ഗള്‍ഫിലേക്കുള്ള ആദ്യ യാത്ര. അപരിചിത ഭാഷ. അപരിചിത സംസ്കാരം. അന്തം വിട്ട ആ നില്‍പ്പിനെ കുറിച്ച്
ഓര്‍ക്കുന്നു, ധ്വനി. പ്രവാസത്തിലേക്കുള്ള യാത്രാ സ്മൃതികളുടെ തുടര്‍ച്ച.

വിമാനമിറങ്ങി സൌദി അറേബ്യ എന്ന രാജ്യത്തേക്കു വന്ന് കാലു കുത്തിയതേ ഒരു തടവറയിലേക്കാണെന്ന് തോന്നി. കൂടെ വന്ന ചേട്ടന്‍മാരെയും ചേച്ചിമാരെയും ഒരു വഴിക്കു പറഞ്ഞു വിട്ടു. ഞാനടക്കമുള്ള കുറേ പെണ്ണുങ്ങളെ മാത്രം മറ്റൊരു വശത്തേക്കും. എന്റെ ഒപ്പം വന്ന രണ്ട് പെണ്‍കുട്ടികള്‍ കൂടെ ഉണ്ടായിരുന്നു. ആ ധൈര്യത്തിലാണ് ഞാന്‍ പോയത്.
ആദ്യം ഒരു ലോബിയില്‍ ആയിരുന്നു. എങ്ങോട്ടാണ് പോവുന്നതെന്നോ എന്താണ് പറയുന്നതെന്നോ ഒന്നും മനസ്സിലായില്ല. അവര്‍ പറയുന്നതൊന്നും പിടികിട്ടുന്നുമില്ല. എന്ത് പറഞ്ഞാലും വഴക്കു പറയുകയാണ് എന്നു തോന്നും. പിന്നെ പേടിയും വെപ്രാളവും മറക്കാന്‍ അപാര ധൈര്യം അഭിനയിക്കുന്ന സ്വഭാവം കൂടപ്പിറപ്പായതു കൊണ്ട് വളരെ കൂള്‍ ആയി ഞാന്‍ അവര്‍ കാണിച്ചു തന്ന വഴിയേ ഒരു മുറിയിലേക്കു കയറി.
അകത്തു കയറിയതും ഒരു കറുത്ത രൂപം! ഒരു വീപ്പയ്ക്കു മുകളില്‍ തുണി ഇട്ടിരിക്കുയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ അതില്‍നിന്നും ഒരു ശബ്ദം വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അതൊരു സ്ത്രീ ആണെന്ന് മനസ്സിലായത്. അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നു. ദേഷ്യം തന്നെയാണ് ഭാവം എന്നു തോന്നി. എന്നാല്‍, അതെന്നോടാണ് എന്ന് മനസ്സിലാവണ്ടേ. ( അതെങ്ങിനെയാ മുഖത്ത് കര്‍ട്ടന്‍ ഇല്ലേ !).
പിന്നെ ഒരിരിപ്പാണ്. അന്തമില്ലാത്ത ഒരു കാത്തിരിപ്പ്. എന്തു ചെയ്യുമെന്നോ എങ്ങനെ ഇതിന് ഒരറുതി വരുമെന്നോ അറിയാതെ, പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ. ശരിക്കും ഒരു തടവറയില്‍ പെട്ടതു പോലെ.
ഒരു കൂട്ടം സ്ത്രീകള്‍ ഉണ്ടായിരുന്നു ആ മുറിയില്‍. ജോബ് വിസയില്‍ വരുന്ന ‘ഉടമസ്ഥര്‍’ ഇല്ലാത്ത സ്ത്രീകളെ അവര്‍ അങ്ങനെ ഇങ്ങനെയൊന്നും പുറത്തുവിടില്ലത്രെ. കൂടെയുണ്ടായിരുന്ന കുട്ടിയാണ് അതു പറഞ്ഞത്. ആ പാവത്തിന്റെ മുഖം കണ്ടപ്പോള്‍ കഷ്ടം തോന്നി. വിളറി വെളുത്തിരിക്കുവാന്ന് കക്ഷി.
ഇടക്ക് ആ തിമിംഗലം വരും. എന്തൊക്കെയോ പറഞ്ഞിട്ടു പോവും (ഭാഷ അറിയാത്തത് ഭാഗ്യമോ നിര്‍ഭാഗ്യമോ). എന്തായാലും ഞാന്‍ മിഴുങ്ങസ്യ എന്നു പറഞ്ഞ് ഇരുന്നതേയുള്ളൂ. എന്റെ ദുരവസ്ഥ കണ്ട് എന്നെ പ്രാകിയിട്ടാവണം അവര്‍ പോയത്. എന്റെ കൂടെയുള്ള കുട്ടികള്‍ രണ്ടും പേടിച്ചു വിറച്ചിരിക്കുകയാണ്. ഭാഷ അല്‍പസ്വല്‍പ്പം വശമുള്ള അവരെ വെച്ചു നോക്കുമ്പോള്‍ ഭാഷ അറിയാത്ത ഞാന്‍ ഏതോ സ്ഥിരം അന്തേവാസിയെപ്പോലെ തമാശകളും പറഞ്ഞിരിക്കുകയാണ്. (ഹമ്പട ഞാനേ). എന്തോ അപ്പോള്‍ അങ്ങിനെ ഇരിക്കാനേ തോന്നിയുള്ളൂ. എന്തായാലും ഇവിടെ വരെ എത്തിയില്ലേ എന്നൊരു ധൈര്യം.
കുറച്ചധികം സമയമെടുത്തു. ആ തടവറയ്ക്ക് പറുത്തു വരാന്‍. ഒരു കറുത്ത മാലാഖ വന്ന് ഞങ്ങള്‍ക്ക് മോചനം തന്നു. മറ്റുള്ളവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസം സമ്മാനിച്ച് ഞങ്ങള്‍ പുറത്തു കടന്നു.
കൂടെയുണ്ടായിരുന്നവരും ബന്ധുക്കളും പുറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാലും കമ്പനിയുടെ സ്പോണ്‍സര്‍ ആയ അറബി വരാതെ വിടാന്‍ പാടില്ലത്രെ. അതായിരുന്നു ഞങ്ങളുടെ ജയില്‍വാസത്തിന്റെ കാരണം.
പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ആണോ അല്ലയോ എന്നൊന്നും ഒരു വിഷയമേ അല്ല. ‘ഉടമ വരാതെ പുറം ലോകം അവര്‍ കാണിക്കില്ല. ഞങ്ങളുടെ കൂടെ വന്ന പുരുഷന്‍മാരും ആദ്യമായി വന്നവരാണ് എന്നോര്‍ക്കുമ്പോഴാണ് എവിടെയോ കല്ലു കടിക്കുന്നത്.
എങ്കിലും പുതിയ രാജ്യം, പുതിയ സംസ്കാരം. ഒരു നാടകത്തില്‍ വേഷം കെട്ടുന്നതു പോലെ തോന്നി എനിക്ക്. അതു കൊണ്ടു തന്നെ സ്ത്രീ പക്ഷ ചിന്തയും അസമത്വും ഒന്നും അന്നേരം തല പൊക്കിയില്ല. മറിച്ച് ഒരു രസമാണ് തോന്നിയത്.
കറുത്ത കൂടിനുള്ളിലൂടെ കിളി വാതില്‍ നോക്കിക്കാണുമ്പോള്‍ ഉള്ള രസം ഗുപ്തമായിരുന്നു. ആരും കാണാതെ, ആരാലും കാണപ്പെടാതെ എല്ലാം കാണാനുള്ള ഒരു രസം!!
ആ രസം നിറങ്ങള്‍ മാറി മാറി വിന്യസിച്ചത് പിന്നീടങ്ങോട്ടുള്ള ദിനങ്ങളില്‍ ആയിരുന്നു.
മേഘങ്ങൾക്കിടയില്‍ ആദ്യമായി

24 ആഗസ്റ്റ് 2004 , അന്നാണ് എന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം.സ്വപ്നത്തില്‍ അല്ലാതെ ഞാന്‍ മേഘങ്ങള്ക്കി ടയില്‍ ആദ്യമായി സഞ്ചരിച്ചത് അന്നായിരുന്നു. എന്നും കൊതിയോടെ മുകളിലെക്കുനോക്കിയിരുന്ന മേഘങ്ങളേ ആദ്യമായി ഞാന്‍ താഴേക്ക് നോക്കി കണ്ടു. ജീവിതം തന്നെ ഒരു പുതിയ കാഴ്ചപാടില്‍ ഒരു പുതിയ മാനത്തില്‍ എന്റെമുന്നില്‍ ഇതള്‍ വിടര്ത്തു ന്ന പോലെ. ഇന്ത്യന്‍ മഹാ സമുദ്രം താഴെ ദൂരെ ദൂരെ ഒരു ഓര്മ്മ പോലെ മറഞ്ഞു. പകരം ഒരു പുതിയ കരക്കാഴ്ച..
മണി രണ്ട്. കണ്ണെത്താ ദൂരത്തോളം മണലുമാത്രം ആയിരുന്നു ആദ്യം. സൗദി അറേബ്യയിലെ ദമാം ആണ് സ്ഥലം.
പ്ലയ്ന്‍ ദമാമില്‍ ഇറങ്ങി ഇവിടെ തന്നെ ആണത്രേ ഇമിഗ്രേഷന്‍. നല്ല വൃത്തിയുള്ള എന്നാല്‍ ജീവന്‍ തീരയില്ലാത്ത സ്ഥലം. അതാണ് ആദ്യമായി ആ സ്ഥലത്തെ കുറിച്ച് തോന്നിയത്. പച്ചപ്പ് തീരെ കാണില്ല.
വെയിലിന്റെ ഒരു കടല്‍ കണ്ണിലേക്കു ചൂടോടെ വന്നടിച്ചു. ഉഗ്രപ്രതാപിയായ സൂര്യന്‍ തന്റെ മുഴുവന്‍ പ്രഭാവവും പ്രകടിപ്പിക്കുന്നപോലെ. ആദ്യമായി പോകുന്നത് കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു അവര്‍ എന്റെ് പാസ്പോര്ട്ട് വാങ്ങി വച്ചു .എനിക്ക് പോകേണ്ട സ്ഥലം ആയ ജിദ്ദയില്‍ എത്തുമ്പോള്‍ തരും എന്നാണ് അവര്‍ പറഞ്ഞതെന്ന് കൂടെയുള്ള ആരോ പറഞ്ഞു തന്നു.
വീണ്ടുംവിമാനത്തില്‍ കയറി.പുതുതായി കുറെ പേര്‍ അപ്പോള്‍ കയറി വന്നു… അവിടത്തുകാര്‍എന്ന് തോന്നുന്നു കറുപ്പില്‍ മൂടി സുന്ദരമായ കണ്ണുകള്‍ മാത്രമുള്ള പെണ്കുട്ടികളും നല്ല വെള്ള ടര്കി മാത്രം പുതച്ച ആജാന ബാഹുക്കളും. ഞാന്‍ ഒന്ന് ഞെട്ടാതിരുന്നില്ല. ദൈവമേ ഇതെന്തൊരു കഥ!
നമ്മുടെ നാട്ടില്‍ താഴത്തെ പെട്ടികടയിലെക്കും മറ്റും പോകുമ്പോള്‍ ആണുങ്ങള്‍ ലുങ്കിയും ഉടുത് വീട്ടില്‍ നില്ക്കു ന്ന പടി പോകുന്ന കണ്ടിട്ടുണ്ട്.. അത് പോലെയാണോ ആവോ ഇവിടെയൊക്കെ പ്ളൈന്‍ യാത്രയും.എന്നാലും കുളിച്ചിറങ്ങിയ പടി ടര്കി മാത്രം. അതിച്ചിരി കടന്നു പോയില്ലേ? പിന്നെ ഒന്നുണ്ട് ടര്കി ആണ് വേഷം എങ്കിലുംഅതുടുത്തിരിക്കുന്നത് സാരി പോലെ യാണ്. അത്രക്കും വലിയ ടർക്കി ടവല്‍ കാണുന്നതും ആദ്യം. ഞാന്‍ അന്ധാളിചിരിക്കുന്ന കണ്ടിട്ടാകണം. അടുത്തിരുന്ന മഹാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ജിദ്ദയില്‍ ഇറങ്ങി മക്ക യിലേക്ക് ഉമ്ര നടത്താന്‍ പോകുന്നവര്‍ ആണത്രേ അവര്‍. ആ പുണ്യ കര്മ്മത്നു പോകുമ്പോള്‍ ഇതാണത്രേ വേഷം . മക്ക എന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ചു വളര്ന്ന് ഞാനുണ്ടോ ഇതൊക്കെ കണ്ടിട്ടുള്ളു . ഏതായാലും എന്റെ് പൊളിഞ്ഞ വായ അടഞ്ഞു. പിന്നെ താഴേക്കു നോക്കി ഇരുപ്പായി…
സൗദി അറേബ്യയുടെ മുകളിലൂടെ യാത്ര. മണല്കാടുകള്‍ കഴിഞു. എന്തൊക്കെയോ കാണാം താഴെ തീപ്പെട്ടി കൂടുകള്‍ അടുക്കി വച്ചതുപോലെ കെട്ടിടങ്ങള്‍ കുട്ടികള്‍ സ്ലേറ്റില്‍ കോരി വരച്ചത് പോലെ റോഡുകള്‍. കഷ്ണങ്ങള്‍ ആക്കപെട്ട ഭൂമി. കറുപ്പും ചുവപ്പും നിറത്തില്‍ കീറി മുറിക്കപ്പെട്ട ഭൂമി. കറുത്തവ പാറക്കൂട്ടങ്ങള്‍ആണോ? അതോ കുന്നുകളോ.. അവിടെയിവിടെ പുല്ലുകള്‍ കൊണ്ട് ചതുരങ്ങള്‍ വരച്ചിരിക്കുന്നത് പോലെ. ഏതോ നഗരമായിരിക്കുന്നു. അതെ ജിദ്ദ തന്നെ!
താമസിയാതെ അലങ്കരിച്ച രാജ പാതകള്‍ കാണാനായി…
പ്ലെയിൻ താഴുകയാണ്. പര്ദ്ദയില്‍ ഞാന്‍ ഒരുങ്ങി ഇരുന്നു, ആ പുതിയ ലോകം കാണാനായി.പുതിയ മനുഷ്യരെയും.
Aug 15 2011 | Posted in
മരുപ്പച്ച-ധ്വനി |
Read More »