Category archives for: യാത്ര

ബോംബെയിലെ വിളപ്പില്‍ശാലകള്‍

 
 
 
 
വിളപ്പില്‍ശാലയും ഗോവണ്ടിയും പറയുന്നത്.
എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു.
ചിത്രങ്ങള്‍: എബ്രഹാം എന്‍. ജെയിംസ്

 
 

ഗോവണ്ടിയിലെ റഫീക്ക് നഗര്‍ കോളനി ഇന്ന് നിലനില്‍ക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടാണ്. ചണ്ടി ഡിപ്പോ ആയതിനാല്‍ സര്‍ക്കാര്‍ അവിടേക്ക് എത്തിനോക്കാറില്ല. ചണ്ടി ഡിപ്പോ ഉള്ളിടത്തോളം കാലം ഇതിനു ചുറ്റും കോളനികള്‍ നിലനില്‍ക്കും. ഈ ചേരിനിവാസികളുടെ കക്കൂസും ഈ മാലിന്യകൂമ്പാരം തന്നെയാണ്. നാല്‍പതു വര്‍ഷം മുമ്പാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങുന്നത. ധാരാവിയിലെ മാലിന്യ നിക്ഷേപ കേന്ദ്രം അതിന്റെ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ചണ്ടി ഡിപ്പോ സജീവമാകുന്നത്. നഗരസഭയെ സംബന്ധിച്ച് ഈ പ്രദേശം മനുഷ്യവാസമില്ലാത്ത ചണ്ടി ഡിപ്പോ ആണ്. അതിനാല്‍, ഇവിടെ മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ എത്തിക്കേണ്ട ആവശ്യവും ഇല്ല-മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു.ചിത്രങ്ങള്‍: എബ്രഹാം എന്‍. ജെയിംസ്

 

 

2001ല്‍ വിളപ്പില്‍ശാല പ്രശ്നം സജീവമാകാന്‍ തുടങ്ങിയ സമയത്ത്, കേരള സര്‍വകലാശാലയുടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ എം എ വിദ്യാര്‍ഥി ആയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സുഹൃത്ത് രജിത്തിന്റെ എം എ തീസിസിന്റെ വിഷയം മാത്രമായിരുന്നു വിളപ്പില്‍ശാല.

എസ്. മുഹമ്മദ് ഇര്‍ഷാദ്

പത്തു വര്‍ഷത്തിനു ശേഷം ബോംബെ എന്ന മഹാനഗരത്തില്‍ ഇരുന്ന് വിളപ്പില്‍ശാല സമരത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്നാല്‍, അതൊരു പഠനവിഷയം മാത്രമല്ല. ഒരുപക്ഷെ വിളപ്പില്‍ശാലയേക്കാള്‍ വലിയ മാലിന്യ കൂമ്പാരങ്ങള്‍ ചുറ്റുമുള്ളതു കൊണ്ടാവാം. ഈ നഗരത്തില്‍ വിളപ്പില്‍ശാലയേക്കാള്‍ രൂക്ഷമായ മാലിന്യ കൂമ്പാരം ഒരു സമരത്തിനും ഇട നല്‍കാതെ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് നിലനില്‍പ്പിന്റെ ഉപാധിയായി തീരുന്നു.

വിളപ്പില്‍ശാല സമരത്തെയോ, നിരാഹാരസമരം കിടന്ന പഞ്ചായത്ത് പ്രസിഡന്റിനെയോ സമരസമിതിയെയോ ഒരുതരത്തിലും കുറച്ചു കാണാനുള്ള ശ്രമമല്ല ഈ ലേഖനം. മറിച്ച് ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ഒരു തരത്തിലും ഇടം നല്‍കാതെ വര്‍ഷങ്ങളായി മാലിന്യ കുമ്പാരത്തിനുള്ളില്‍ ജീവിതം തള്ളിനീക്കുന്ന, ഒരു പക്ഷെ വിളപ്പില്‍ശാല പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളേക്കാള്‍ വരുന്നവരുടെ ജീവിതം, വിളപ്പില്‍ശാല അടക്കമുള്ള മാലിന്യ സമരങ്ങളെ അടുത്തുകാണുന്ന മലയാളി കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് മാത്രമാണീ ലേഖനത്തിന്റെ ഉദ്ദേശ്യം.

 

Photo: Abraham N James


 

ചേരികളുടെ ബോംബെ
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ബോംബെയിലാണ്. അംബാനിയുടെ വീട്. ഒരുതവണ കാണുന്ന ആരും ഒരുനിമിഷം അന്ധാളിക്കും. അതിന്റെ വലുപ്പം മാത്രമല്ല അതിനു കാരണം. വെറും നാലു പേര്‍ക്ക് വേണ്ടിയാണല്ലോ ഇത് എന്ന കാര്യമാണ്. ഇതേ നഗരത്തില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും കുടുതല്‍ ശിശു മരണനിരക്ക് ഉള്ള ചേരികള്‍ എന്ന് കൂടെ അറിയുമ്പോഴാണ് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് . ചേരികള്‍ ആണ് ബോംബെയുടെ സ്വതം. ചേരികളാണ് ബോംബയെ നിലനിര്‍ത്തുന്നതും.

1995 ലെ ചേരി പുനരധിവാസ നിയമം നടപ്പിലാക്കിയതിനു ശേഷം ഉണ്ടായ എല്ലാ ചേരികളും സര്‍ക്കാര്‍ ഭാഷയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ആണ്. ഇത്തരം ചേരികളില്‍ സര്‍ക്കാരിന്റെ ഒരു വിധ പൊതുവിതരണ സംവിധാനങ്ങളും ലഭ്യമല്ല. വെള്ളം മുതല്‍ അരി വരെ പൊതുവിപണിയില്‍ നിന്ന് വാങ്ങണം. ആയിരം ലിറ്റര്‍ വെള്ളത്തിന് മൂന്ന് രൂപ ബോംബെ മുനിസിപ്പാലിറ്റി ഈടാക്കുമ്പോള്‍ ഇത്തരം അനധികൃത ചേരികളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഒരു ലിറ്റര്‍ വെള്ളത്തിന് രണ്ടു രൂപ വില നല്‍കിയാണ് പാചകം മുതല്‍ കുളി വരെ നടത്തുന്നത്. വെള്ളത്തിന്റെ ഉപയോഗക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇവിടെ അനവധിയാണ്.

കേരളത്തിലെ റോഡു വക്കില്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ പ്ലാസ്റിക് സഞ്ചികള്‍ കണ്ടു ശീലിച്ചവര്‍ക്ക് അഞ്ചു നില കെട്ടിടത്തിന്റെ ഉയരം വരുന്ന മാലിന്യ കൂമ്പാരവും അതില്‍ നിന്ന് പ്ലാസ്റിക് നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ട മനുഷ്യരും മാലിന്യം ജീവിതം മാത്രമല്ല നിലനില്‍പ്പ് കൂടിയാണ് എന്ന് കാണിച്ചു തരും.

 

Photo: Abraham N James


 

മാലിന്യങ്ങള്‍ കാത്ത് ഒരു ജനത
ഗോവണ്ടിയിലെ റഫീക്ക് നഗര്‍ കോളനി ഇന്ന് നിലനില്‍ക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടാണ്. ചണ്ടി ഡിപ്പോ ആയതിനാല്‍ സര്‍ക്കാര്‍ അവിടേക്ക് എത്തിനോക്കാറില്ല. ചണ്ടി ഡിപ്പോ ഉള്ളിടത്തോളം കാലം ഇതിനു ചുറ്റും കോളനികള്‍ നിലനില്‍ക്കും. ഈ ചേരിനിവാസികളുടെ കക്കൂസും ഈ മാലിന്യകൂമ്പാരം തന്നെയാണ്. നാല്‍പതു വര്‍ഷം മുമ്പാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങുന്നത. ധാരാവിയിലെ മാലിന്യ നിക്ഷേപ കേന്ദ്രം അതിന്റെ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ചണ്ടി ഡിപ്പോ സജീവമാകുന്നത്. നഗരസഭയെ സംബന്ധിച്ച് ഈ പ്രദേശം മനുഷ്യവാസമില്ലാത്ത ചണ്ടി ഡിപ്പോ ആണ്. അതിനാല്‍, ഇവിടെ മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ എത്തിക്കേണ്ട ആവശ്യവും ഇല്ല.

ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഏറ്റവും കുടുതല്‍ ദുരിതം അനുഭവിച്ച മേഖലകളില്‍ ഒന്നാണ് ചണ്ടി ഡിപ്പോക്ക് ചുറ്റുമുള്ള ശിവജി നഗര്‍ കോളനിയും റഫീഖ് നഗര്‍ കോളനിയും. ബോംബയിലെ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളതും ഈ കോളനികളില്‍ ആണ് .

ദിവസവും വന്നു ചേരുന്ന മാലിന്യങ്ങള്‍ അതും മാംസമടക്കം ഈ പ്രദേശത്തെ ജീവിതം നമ്മുടെ കാഴ്ച്ചപ്പാടില്‍ ദുസ്സഹമാക്കുന്നു. എന്നാല്‍ ഈ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദിവസേനയുള്ള മാലിന്യ നിക്ഷേപമാണ് ജീവനോപാധി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതുകൊണ്ടുമാത്രമാണ് അവര്‍ ഇവിടെ ജീവിക്കുന്നതും.

റിലയന്‍സ് കമ്പനി ഈ മാലിന്യ കൂമ്പാരം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത്രയും ഭൂമി ബോംബയില്‍ മറ്റെവിടെയും കിട്ടില്ല. നാളെ ഈ ഭൂമി മുഴുവന്‍ റിലയന്‍സ് ഏറ്റെടുത്താലും ഈ മനുഷ്യര്‍ സമരം ചെയ്യാന്‍ ഇറങ്ങില്ല. കാരണം, ഇവരെ സംബന്ധിച്ചിടത്തോളം ഇത്ര കാലം ഇവിടെ ജീവിക്കാന്‍ അനുവദിച്ചത് തന്നെ സര്‍ക്കാറിന്റെ ദയ. മാത്രമല്ല പോകേണ്ടിവന്നാല്‍ എവിടേക്ക് എന്നത് മറ്റൊരു പ്രശ്നം.

ചേരികളിലെ താമസക്കാരുടെ എണ്ണം ദിനേന കുടിവരുന്ന സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. അതാതു ദിവസത്തെ ജീവിതത്തിനപ്പുറം ഇവിടെ ഒന്നും തന്നെയില്ല. ദിവസവും മാലിന്യം നിറച്ച വണ്ടികള്‍ കടന്നു വന്നില്ലെങ്കില്‍ പട്ടിണിയാകുന്ന മനുഷ്യര്‍ ഒരിക്കലും സമരം ചെയ്യാന്‍ തയ്യാറാവില്ല. ഇവിടെ സത്യഗ്രഹത്തിന് പ്രസക്തിയില്ല, ഒരു ജനകീയ സമരവും ഇവിടെ ഉണ്ടാകില്ല, ഒരു മാധ്യമങ്ങളും ഇവിടെ വരില്ല.

 

Photo: Abraham N James


 

ഗോവണ്ടിയും വിളപ്പില്‍ശാലയും
വിളപ്പില്‍ശാല എന്നത് കേരളത്തില്‍ ഒരു പ്രദേശത്തിന്റെ പേര് മാത്രമല്ല കേരളത്തിന്റെ സമകാലീന ജീവിതത്തെ അടയാളപെടുതുന്ന ഇടങ്ങള്‍ കൂടിയാണ് . മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്ന വികസന മാതൃകയാണ് ഇന്ന് കേരളം പിന്തുടരുന്നത് , അതുകൊണ്ട് തന്നെ വിളപ്പില്‍ശാല എന്നത് കേരളത്തില്‍ ആവര്‍ത്തിക്കപെടുന്ന ഒരു പ്രതിഭാസമായി തീരും എന്നതാണ് സത്യം. ഏലൂര്‍, ഞെളിയന്‍പറമ്പ്, കൂരീപ്പുഴ എന്നീ പ്രദേശങ്ങള്‍ ഇന്ന് കേരളത്തിലെ ചണ്ടി ഡിപ്പോ ആണ്. ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ വികസന ഭുപടത്തില്‍ നിന്ന അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇത് കേവലം ഒരു പ്രയോഗം മാത്രമല്ല. ഇത്തരം ഭൂമിശാസ്ത്രപരമായ പുറംതള്ളപെടലുകളിലുടെ മാത്രമേ ഇത്തരം പ്രദേശങ്ങളില്‍ സര്‍ക്കാറിന് അധികാരം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത്തരം വികസന നയത്തിന്റെ പിന്‍ബലത്തിലാണ് ഗോവണ്ടി ചണ്ടിഡിപ്പോ നിലനില്‍ക്കുന്നത്.

കേരളത്തിലെ പൊതു സമരബോധത്തെ ആവേശം കൊള്ളിച്ചു കൊണ്ട് വിളപ്പില്‍ ശാല സമരം അവസാനിക്കുമ്പോള്‍ ഗോവണ്ടിയിലെ ചേരി നിവാസികള്‍ മാലിന്യം നിറച്ച ലോറികള്‍ക്കായി കാത്തിരിക്കുകയാണ്. കേരളത്തിലെ പൊതു സമരബോധത്തെ ആവേശം കൊള്ളിച്ചു കൊണ്ട് വിളപ്പില്‍ ശാല സമരം അവസാനിക്കുമ്പോള്‍ ഗോവണ്ടിയിലെ ചേരി നിവാസികള്‍ മാലിന്യം നിറച്ച ലോറികള്‍ക്കായി കാത്തിരിക്കുകയാണ്. ഇത്തരം ഒരു കാത്തിരുപ്പ് കേരളത്തില്‍ ഒരു പക്ഷെ ഉണ്ടാകില്ലായിരിക്കാം. പക്ഷെ ഇത്തരം പ്രദേശങ്ങളെ സൃഷ്ടിക്കുന്ന വികസന നയത്തില്‍ നിന്ന് കേരളം പിന്നോക്കം പോയിട്ടില്ല എന്നത് ഒരുഭീഷണി തന്നെയാണ്.

നഗരങ്ങളിലെ മാലിന്യം ഗ്രാമങ്ങളില്‍ കൊണ്ട് തള്ളുന്നു എന്ന് പറയാനും കഴിയില്ല, കാരണം കേരളത്തിലെ നഗര^ഗ്രാമ ജീവിത രീതികള്‍ തമ്മില്‍ വ്യത്യാസം ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. വിളപ്പില്‍ശാലയില്‍ സമരം ഉണ്ടാകുന്നത് സര്‍ക്കാര്‍ എന്ന അധികാരകേന്ദ്രത്തെ ഈ പ്രശ്നത്തില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞത് കൊണ്ടാണ്. എന്നാല്‍ എല്ലായ്പ്പോഴും ഇത് സാധ്യമല്ല

കേരളത്തിലെ ഇത്തരം സമരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ സമരം മാത്രമായി മാറ്റുന്നതില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. മലയാളിയുടെ ജീവിത രീതിയും, പരിസ്ഥിതിയോടുള്ള സമീപനവും മാറ്റി വച്ചു കൊണ്ട് ഇത്തരം സമരങ്ങളെ വിലയിരുത്താന്‍ കഴിയില്ല. വിളപ്പില്‍ശാല സമരത്തില്‍ ഉണ്ടായ ബഹുജന പങ്കാളിത്തം കേരളത്തിലെ നെല്‍വയല്‍ സംരക്ഷണ സമരത്തിന് ഉണ്ടായിട്ടില്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്.

വിളപില്‍ ശാലയില്‍ സമരത്തിന് കാരണമാകുന്ന വിഷയങ്ങള്‍ ബോംബേ നഗരത്തില്‍ അപ്രസക്തമാകുന്നത് ഇവര്‍ക്ക് രാഷ്ട്രീയ ഇച്ഛാ ശക്തിയില്ലാത്തത് കൊണ്ടല്ല. മറിച്ച് രാഷ്ട്രീയം ഇവിടെ ജീവിത സാഹചര്യങള്‍ മാറ്റിതീര്‍ക്കാന്‍ അപര്യാപ്തമായ ഒന്നായി തീരുന്നത് കൊണ്ട് കൂടിയാണ്.
 
 

Photo: Abraham N James


 
 

Photo: Abraham N James


 
 

Photo: Abraham N James


 
 
 
 

ഓഫ്റോഡ്@ വയനാട്

 
 
 
 
വയനാട്ടില്‍നടന്ന മഹീന്ദ്ര ഗ്രെയ്റ്റ് എസ്കേപ്പ് റാലി അനുഭവം.
പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 
 
മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ് ലോക്ക് ചെയ്ത്, ഫോര്‍ വീല്‍ ഡ്രൈവ്മോഡിലേക്ക് മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട് പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല!

ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത് പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ള കയറ്റം. മുന്നില്‍ പോകുന്ന വാഹനം കല്ലുകളില്‍ തട്ടിത്തെറിച്ച് ചളിയിലേക്ക് താണ് വീല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങി. അത് കണ്ട് രസിക്കുന്നതിടയില്‍ സാമാന്യം നല്ല ഒരു കല്ല് ഞങ്ങളുടെ ജീപ്പിനെയും എടുത്ത് ചളിയിലേക്ക് തട്ടിവിട്ടു. ജീപ്പ് ചവുട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക് മാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി… പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 

 

പണ്ടൊക്കെ ടി വി കാണുമ്പോള്‍, അഡ്വഞ്ചര്‍ ചാനലുകളില്‍ മാത്രം കണ്ടുപരിചയിച്ച ഇനമായിരുന്നു ഓഫ് റോഡ് ഡ്രൈവ്. കല്ലും കട്ടയും കേറി കിടക്കുന്ന കുളമായ റോഡുകളിലൂടെയും വണ്ടിയോടിച്ച് ക്യാമറ നില്‍ക്കുന്ന ഭാഗത്തെത്തുമ്പോള്‍ അതിലേക്ക് നോക്കി വിജയചിഹ്നം കാണിക്കുന്നവരെ അന്നൊക്കെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന ആത്മഗതം!

അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓഫ് റോഡ് എക്സ് മിലിട്ടറി ജീപ്പ് വാങ്ങുന്നത്. തമിഴ്നാട്ടിലെ ആരുടെയോ കൈയും കാലുംപിടിച്ച് സോപ്പടിച്ച് അവരുടെ ആരോമലിനെ വലിയ വിലനല്‍കി അടിച്ചുമാറ്റുകയായിരുന്നു എന്ന് പറയാം. ചാവി കൈമാറുമ്പോള്‍ തമിഴന്‍ സൊല്ലി! ഇവന്‍ റൊമ്പ പെരുമയാന പുലി. കാട് മേട് തോട് എല്ലാം താണ്ടും!

നാട്ടിലെത്തി വര്‍ക്ക്ഷോപ്പില്‍ മിനുക്കുപണികള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങി ആഗ്രഹങ്ങളുടെ പൊന്തിപ്പതയല്‍. ഓഫ് റോഡിനുപോയി ഇവനെയൊന്ന് ടെസ്റ് ചെയ്യണം. അപ്പോഴാണ് മഹീന്ദ്ര ഗ്രെയ്റ്റ് എസ്കേപ്പ് റാലി പ്രഖ്യാപിക്കുന്നത്. അതും ഞങ്ങളുടെ സ്വന്തം വയനാട്ടില്‍. കൂടെപോയേക്കാം എന്ന് തീരുമാനിക്കുമ്പോള്‍ ഇതിലെന്താണിത്ര ത്രില്ല് എന്നറിയാനുള്ള ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍.

കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഓട്ടോമൊബൈല്‍ മാഗസിനായ ഓവര്‍ടെയ്ക്കിനുവേണ്ടി ഇവന്റ് കവര്‍ ചെയ്യാന്‍ എഡിറ്റര്‍ ബൈജു എന്‍ നായര്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല! ജീവിതത്തിലെ ആദ്യത്തെ ഓഫ് റോഡ് അനുഭവത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റി…

 

മഞ്ഞിന്‍ പുതപ്പണിഞ്ഞ് കൂനിക്കൂടിയിരിക്കുന്ന താമരശേãരി ചുരം കയറുമ്പോള്‍ ജീപ്പിന്റെ എഞ്ചിന്‍ പതിവില്ലാത്ത ആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ പുഷ്പം പോലെ താണ്ടി മുകളിലെത്തിയപ്പോള്‍ ഗ്രെയ്റ്റ് എസ്കേപ്പ് ഓഫ് റോഡ് റാലിയുടെ സ്റാര്‍ട്ടിംഗ് പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.


 

സെപ്റ്റംബര്‍ 25, 2010

മഞ്ഞിന്‍ പുതപ്പണിഞ്ഞ് കൂനിക്കൂടിയിരിക്കുന്ന താമരശേãരി ചുരം കയറുമ്പോള്‍ ജീപ്പിന്റെ എഞ്ചിന്‍ പതിവില്ലാത്ത ആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ പുഷ്പം പോലെ താണ്ടി മുകളിലെത്തിയപ്പോള്‍ ഗ്രെയ്റ്റ് എസ്കേപ്പ് ഓഫ് റോഡ് റാലിയുടെ സ്റാര്‍ട്ടിംഗ് പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.

വൈത്തിരി വില്ലേജ് എന്ന റിസോര്‍ട്ടിലാണ് റാലിയുടെ തുടക്കം. തരക്കേടില്ലാത്ത ബ്രേയ്ക്ക് ഫാസ്റ് കഴിഞ്ഞ് ശ്വാസംവിട്ടപ്പോഴേക്കും റിസോര്‍ട്ടിന്റെ മുറ്റം നിറയ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളുമായി ഓഫ്റോഡ് പ്രേമികള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. കുട്ടികളും കുടുംബവുമായാണ് പലരും വയനാടന്‍ മലകളുമായി ഗുസ്തിപിടിക്കാന്‍ എത്തിയത്.

ശീതളപാനീയങ്ങളും ലഘുഭക്ഷണവുമടങ്ങിയ കിറ്റിനൊപ്പം ലഭിച്ച തൊപ്പിയും ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച് എല്ലാവരും തയ്യാറായതോടെ കൃത്യം 9.30 ന് പങ്കെടുക്കുന്നുവര്‍ക്കായുള്ള ബ്രീഫിംഗ് തുടങ്ങി. അതുകഴിഞ്ഞതും ഫ്ലാഗ് ഓഫ്.വാഹനങ്ങള്‍ വരിവരിയായി വൈത്തിരിയിലെ ഹൈവേയിലേക്കിറങ്ങി. മഞ്ഞിന്‍പുതപ്പില്‍ ഒളിച്ചുനില്‍ക്കുന്ന നാട്ടുപാതകളിലെ ഗ്രാമീണര്‍ പതിവില്ലാത്ത ആ കാഴ്ചയിലേക്ക് കണ്ണുതുറുപ്പിച്ചു. ടോയ് കാറുകളെ അനുസ്മരിപ്പിക്കുന്ന, പല നിറങ്ങളും രൂപങ്ങളും വാരിയണിഞ്ഞ ഒരു വാഹനക്കൂട്ടം തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇരമ്പി നീങ്ങുന്നു!

ഊട്ടി റോഡിലൂടെ മേപ്പാടിയും കഴിഞ്ഞ 22 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞതോടെ വലതുവശത്തുള്ള മീനാക്ഷി പ്ലാന്റേഷന്റെ കാനനപാതയിലേക്ക് വാഹനങ്ങള്‍ തിരിഞ്ഞു. അതുവരെ തേയിലയുടെയും കാപ്പിത്തോട്ടങ്ങളുടെയും പടമെടുത്തും, റാലികാണാനായെത്തിയ കാഴ്ചക്കാരുടെ നേരെ കൈവീശിയും സമയം കളഞ്ഞ എല്ലാവരും ഇതോടെ ഉഷാറായി.

 

വെറുതെയല്ല, ഒരിക്കല്‍ ഓഫ് റോഡില്‍ പങ്കെടുക്കുന്നവര്‍ പിന്നെയും പിന്നെയും കൈയിലെ കാശും ചെലവാക്കി വന്ന് വാഹനത്തെ ചളിയിലും മണ്ണിലും കുളിപ്പിച്ചെടുക്കുന്നത്.


 

റോഡിലെ കടലിളക്കം
മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ് ലോക്ക് ചെയ്ത്, ഫോര്‍ വീല്‍ ഡ്രെെവ് മോഡിലേക്ക് മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട് പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല!

ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത് പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ള കയറ്റം. മുന്നില്‍ പോകുന്ന വാഹനം കല്ലുകളില്‍ തട്ടിത്തെറിച്ച് ചളിയിലേക്ക് താണ് വീല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങി. അത് കണ്ട് രസിക്കുന്നതിടയില്‍ സാമാന്യം നല്ല ഒരു കല്ല് ഞങ്ങളുടെ ജീപ്പിനെയും എടുത്ത് ചളിയിലേക്ക് തട്ടിവിട്ടു. ജീപ്പ് ചവുട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക് മാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി…

അത്ഭുതം!
കയറ്റം ഞൊടിയിടയില്‍ മുന്നില്‍ നിന്ന് താണുപോകുന്നു.
അല്ല മുകളിലെത്തിക്കഴിഞ്ഞതാണ്! ആശ്വാസം.

അപ്പോള്‍ ഇതാണ് ഓഫ് റോഡ് ത്രില്‍… വാഹനത്തിന് കടന്നുപോകാന്‍ ബുദ്ധിമുട്ടായേക്കും എന്ന് തോന്നിക്കുന്ന ഭൂപ്രദേശങ്ങള്‍, ഒരു കുന്ന്, പാറക്കെട്ട്, ചളിക്കുളമായ ഗട്ടറുകള്‍, കാട്ടുപാതയെ മുറിച്ചുകൊണ്ടുപോകുന്ന അരുവികള്‍ , ഇവയെ എഞ്ചിന്‍ കരുത്തുകൊണ്ടും, ഗിയര്‍ഷിഫ്റ്റിലെ കണക്കുകൂട്ടലുകള്‍കൊണ്ടും സ്റിയറിംഗ് വീലിലെ കയ്യടക്കം കൊണ്ടും കീഴടക്കുന്നതിന്റെ ത്രില്‍…. വെറുതെയല്ല, ഒരിക്കല്‍ ഓഫ് റോഡില്‍ പങ്കെടുക്കുന്നവര്‍ പിന്നെയും പിന്നെയും കൈയിലെ കാശും ചെലവാക്കി വന്ന് വാഹനത്തെ ചളിയിലും മണ്ണിലും കുളിപ്പിച്ചെടുക്കുന്നത്.

 

വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്ക്ക് പിടിയ്ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്, 2 തവണ ക്ലിക്ക് ചെയ്തതോടെ മനസ്സിലായി.


 

ഇനിയൊരു മരപ്പാലം…
രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞതോടെ സ്റിയറിംഗ് സുഹൃത്തിന് കൈമാറി ഇടതുവശത്തെ സീറ്റില്‍ ക്യാമറയുമായി സ്ഥലം പിടിച്ചു. വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്ക്ക് പിടിയ്ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്, 2 തവണ ക്ലിക്ക് ചെയ്തതോടെ മനസ്സിലായി. ചിത്രങ്ങളില്‍ പതിയുന്നത് മരത്തലപ്പുകളും ആകാശവുമൊക്കെ മാത്രം. പിറകെവരുന്ന ജീപ്പുകള്‍ മരുന്നിനുപോലും വരുന്നില്ല ഫോക്കസില്‍.

പെട്ടെന്ന് എല്ലാ വാഹനങ്ങളും നിന്നു. ഏറ്റവും മുമ്പില്‍ എന്തോ സംഭവിച്ചു?

നാലഞ്ച് വാഹനങ്ങള്‍ക്കപ്പുറമുള്ള ജീപ്പിന്റെ ഫ്രണ്ട് ബംബര്‍ ഒരു കല്ലിനിടിച്ച് ടയറുമായി ജാമായി നില്‍ക്കുന്നു. സര്‍വീസ് ടീം കുതിച്ചെത്തി. ബംബര്‍ വലിച്ചുനിവര്‍ത്തിയതോടെ പ്രശ്നപരിഹാരമായി. വീണ്ടും തുടങ്ങി കടലിളക്കം.

ഒരുകിലോമീറ്റര്‍ കൂടി മുന്നോട്ട് പോയതോടെ യാത്ര വീണ്ടും പതുക്കെയായി. ആഴമേറിയ തോടിനുകുറുകെയുള്ള ഒരൂ ചെറിയ മരപ്പാലമാണ് ഇനി മറികടക്കാനുള്ളത്. രണ്ടു ടയറുകള്‍ കടന്നുപോകാന്‍ മാത്രം വീതിയുള്ള ചെറിയ രണ്ടുമരക്കഷ്ണങ്ങള്‍ തോടിനുകുറുകെ ഇട്ടതിനെയാണ് പാലം എന്നുപറയുന്നത്. അങ്ങനെയും ഒരു സങ്കല്‍പം. സര്‍വീസ് ടീമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോരുത്തരായി വാഹനം പാലത്തിലേക്ക് കയറ്റി. എല്ലാ വാഹനങ്ങളും കടന്നുകിട്ടിയതോടെ റാലിക്ക് വേഗം വെച്ചു.

 

ഇനി 20 കിലോമീറ്ററോളം നല്ല ടാര്‍ റോഡിലൂടെയാണ് യാത്ര. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല റോഡുകള്‍ കാണുമ്പോള്‍ ക്ഷമ നശിക്കും. കല്ലും മണ്ണും ചളിയുമാണ് ഓരോ ഓഫ് റോഡ് പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍.


 

രസംകൊല്ലി റോഡില്‍
മഞ്ഞുമലകള്‍ക്കുമീത വെയില്‍ പരന്നുതുടങ്ങിയപ്പോഴേക്കും റാലി കാട്ടുപാതയുടെ ഇരുണ്ട തണുപ്പിനോട് വിടപറഞ്ഞ് കാറ്റ് ചൂളംവിളിക്കുന്ന മനോഹരമായ വയനാടന്‍ സമതലത്തിലേക്കെത്തിച്ചേര്‍ന്നു.അല്‍പദൂരം കൂടി കഴിഞ്ഞതോടെ ഗ്രാമജീവിതത്തിന്റെ സൂചനകള്‍ വഴിയരികില്‍ പ്രതൃക്ഷപ്പെട്ടുതുടങ്ങി. സമീപത്തുള്ള സ്കൂള്‍കെട്ടിടവും കൈവീശി ആര്‍ത്തുവിളിച്ച കുട്ടിക്കൂട്ടങ്ങളെയും പിന്നിട്ട് റാലി വീണ്ടും ടാര്‍ റോഡിലേക്ക് കയറി.

ഇനി 20 കിലോമീറ്ററോളം നല്ല ടാര്‍ റോഡിലൂടെയാണ് യാത്ര. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല റോഡുകള്‍ കാണുമ്പോള്‍ ക്ഷമ നശിക്കും. കല്ലും മണ്ണും ചളിയുമാണ് ഓരോ ഓഫ് റോഡ് പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍. പാതയ്ക്ക് കടുപ്പമേറുംതോറും ആവേശം ഇരമ്പിക്കയറും. ഗട്ടറില്ലാത്ത, വെല്ലുവിളികള്‍ ഇല്ലാത്ത ടാര്‍ റോഡുകള്‍ അവര്‍ക്ക് എല്ലാ ഹരവും കളയുന്ന രസംകൊല്ലികള്‍ മാത്രം.

കണ്ണടച്ചുതുറക്കുമുമ്പ് 20 കിലോമീറ്ററുകള്‍ പിറകിലേക്ക് പാറിപ്പോയി… ടാര്‍ റോഡില്‍ നിന്ന് വലതുവശത്തെ മണ്‍റോഡിലൂടെ ചെങ്കുത്തായ ഒരു കുന്നിലേക്ക് ഗ്രെയ്റ്റ് എസ്കേപ്പ് വഴികാട്ടിയുടെ ചുവന്ന അമ്പടയാളത്തോടുകൂടിയ സ്റിക്കര്‍ വിരല്‍ചൂണ്ടി. ആവേശത്തിന്റെ അലകള്‍ വീണ്ടും വാഹനങ്ങളില്‍ നിറഞ്ഞു. മലയുടെ നെറ്റിത്തടത്തിലേക്ക് കുഞ്ഞന്‍വണ്ടികള്‍ ഒന്നൊന്നായി ഇരമ്പിക്കയറി.

സമയം ഉച്ചകഴിഞ്ഞ് 2 മണിയോടടുക്കുന്നു. ചൂട് തീരെയില്ല.

 

ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയാണ് ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട് ഇല്ല. ഓരോരുത്തരും മനോധര്‍മ്മനുസരിച്ച് വാഹനം പായിക്കുന്നു.


 

മണ്ണുകൊണ്ടുള്ള വണ്ടികള്‍
പിറകെ വരുന്ന ജീപ്പിന്റെ സാരഥി സാജ് രാജ്, ഞങ്ങളെ മറികടന്നുപോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ആഗ്യം കാണിച്ചു. സാജ് ജീപ്പുമായി എന്തോ അഭ്യാസത്തിനൊരുങ്ങുകയാണെന്ന് സൂചന. റോഡില്‍ നിന്ന് ഒരു സാമാന്യം വലിയ ഒരു കുഴിക്കപ്പുറം താഴെയായി വെള്ളമൊഴുകിവരുന്ന ഒരു പാറക്കെട്ട്. കുഴിയോട് ചേര്‍ത്ത് മണ്‍നിറമുള്ള ജീപ്പ് നിര്‍ത്തി വിരലുയര്‍ത്തി സാജന്‍ വിജയചിഹ്നം കാണിച്ചു. ക്യാമറയില്‍ ഒരു ക്ലിക്ക് കഴിഞ്ഞ് രണ്ടാമത്തേതിന് നോക്കുമ്പോള്‍ മുന്നില്‍ സാജും ജീപ്പുമില്ല. പെട്ടെന്ന് കുഴിയുടെ താഴ്ചയില്‍ നിന്ന് പാറപ്പുറത്ത് ജീപ്പ് ഇരമ്പി പ്രതൃക്ഷപ്പെടുന്നു. മറ്റു വാഹനങ്ങളില്‍ നിന്നിറങ്ങിവന്നവര്‍ ആവേശത്തോടെ അവരെ കെയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു.

താഴ്വരക്കുമീതെ കരിമ്പടപ്പുതപ്പുമായി കോടയിറങ്ങിത്തുടങ്ങി. ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയാണ് ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട് ഇല്ല. ഓരോരുത്തരും മനോധര്‍മ്മനുസരിച്ച് വാഹനം പായിക്കുന്നു. അരമണിക്കൂര്‍ നേരത്തെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞ് റാലി തുടരാനുള്ള നിര്‍ദേശമെത്തിയപ്പോഴേക്കും പല വാഹനങ്ങളും ചളികൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരും ചോദിച്ചുപോവുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു തടിയന്‍ കന്നടക്കാരന്റെ ജീപ്പിന്റെ പുകക്കുഴല്‍ നിലത്ത് പുല്ലില്‍ ചരിഞ്ഞുകിടന്ന് റിലാക്സ് ചെയ്താണ് പുകവിടുന്നത്. കോട്ടയത്തുനിന്നെത്തിയ ഓഫ് റോഡ് വിദഗ്ധന്‍ സാം അച്ചായന്റെ 39 ാം നമ്പര്‍ ജീപ്പ് പതിവില്ലാത്ത വിധം വയനാടന്‍ ചളിയോട് അടിയറവ് പറഞ്ഞ് കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോപ്പ് കെട്ടിയുള്ള വിഞ്ചിംഗ് മാത്രമേ ഇനി രക്ഷയുള്ളു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി സംഘാടകരുടെ സര്‍വീസ് ടീമും രംഗത്തുണ്ട്.

 

വൈകുന്നേരം തിരിച്ച് ചുരമിറങ്ങി നാടുപിടിക്കണോ അതോ, ആ രാത്രി തന്നെ ആനത്താരകള്‍ മുറിച്ചുകടന്ന് 200 അപ്പുറമുള്ള കൂര്‍ഗിലേക്ക് പോകണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.


 

കൂര്‍ഗിലേക്കുള്ള പാത
വൈകുന്നേരം 3 മണിയോട് അടുക്കുന്നു. ഗ്രെയ്റ്റ് എസ്കേപ്പ് ആവേശത്തിന് തിരശãീലയിട്ട് വാഹനങ്ങള്‍ ഒന്നൊന്നായി വൈത്തിരിവില്ലേജില്‍ മടങ്ങിയെത്തി. റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിന്റെ അരികില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരെയും കാത്തിരിക്കുന്നുണ്ട്. ഭക്ഷണവേള വിടപറയലിന്റെയും പരിചയപ്പെടലിന്റെയും വേദി കൂടിയാണ്. അടുത്ത ഓഫ് റോഡ് വേദിയില്‍ വീണ്ടും കാണാം എന്ന് ആശംസിച്ച് ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു.

കൂര്‍ഗില്‍ പിറ്റെ ദിവസം രാവിലെ ജംഗിള്‍ മൌണ്ട് അഡ്വഞ്ചര്‍ ക്ലബ്ബിന്റെ ഓഫ് റോഡ് റാലിയുണ്ടെന്ന് വിവരവും പരിപാടിയിലേക്കുള്ള ക്ഷണവും ചൂടുള്ള ഉച്ചഭക്ഷണത്തോടൊപ്പമാണ് ഞങ്ങളെ തേടിയെത്തിയത്.

വൈകുന്നേരം തിരിച്ച് ചുരമിറങ്ങി നാടുപിടിക്കണോ അതോ, ആ രാത്രി തന്നെ ആനത്താരകള്‍ മുറിച്ചുകടന്ന് 200 അപ്പുറമുള്ള കൂര്‍ഗിലേക്ക് പോകണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.

ഓഫ് റോഡ്@ കൂര്‍ഗ്…

പിന്‍മൊഴി

വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന്റെ കരുത്തും, പ്രകടനവും ടാര്‍ റോഡിലല്ലാതെ മറ്റു മേഖലകളില്‍ ഓടിച്ച് ബോധ്യപ്പെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫ് റോഡ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നത്. മത്സരാടിസ്ഥാനത്തിലല്ല റാലിയുടെ ഘടന. അതുകൊണ്ടുതന്നെ വിജയികളും പരാജിതരുമില്ലാത്ത, പരസ്പര സഹകരണവും കൂട്ടായ്മയും മാത്രം വിജയിക്കുന്ന സ്പോര്‍ട്സ് ഇവന്റാണിതെന്ന് നിസ്സംശയം പറയാം.
 
 
 
 

ഇവിടെയാരും ജീവിക്കുന്നില്ല, ജീവിതം ഉന്തിനീക്കുകയാണ്

 
 
 
 ബീഹാറിലെ മധുബനി ജില്ലയിലെ ദൊധ്വാര്‍ ഗ്രാമത്തിലേക്ക് ഒരു യാത്ര. അപരിചിത വഴികളിലൂടെ, ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചാരം. ചന്ദ്രന്‍ പുതിയോട്ടില്‍ എഴുതുന്നു
 
 
ജയനഗര്‍ വളരെ ദരിദ്രമായ ഒരു സ്ഥലമാണ്. വികസനത്തിന്‍റെ പൊടി പോലും എത്തിയിട്ടില്ല. ആറു കിലോമീറ്റര്‍ യാത്ര. മണ്ണിട്ട റോഡ്. ഗ്രാമത്തില്‍ എത്തുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഒരു മുളങ്കൂട്ടത്തിന്റെ കീഴെ സജീവം.

കമലാനദിയിലൂടെ പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിതൊരു സമരം തന്നെ. ഇവിടെ ഒരു പഞ്ചായത്ത് മുഖ്യയും തിരിഞ്ഞു നോക്കാറില്ല. അദ്ദേഹത്തിന്റെ ഗ്രാമം വേറൊരിടത്ത്. വേറൊരു ജാതി. ഇലക്ഷനു മാത്രം വരും. പിന്നെ ഗവണ്‍മന്റിന്റെ ഒരു പദ്ധതിയും ഇവിടെ വരില്ല- ബീഹാറിലെ മധുബനി ജില്ലയിലെ ദൊധ്വാര്‍ ഗ്രാമത്തിലേക്ക് ഒരു യാത്ര. അപരിചിത വഴികളിലൂടെ, പ്രകൃതിയും സര്‍ക്കാറും ഒന്നിച്ച് ദുരിതമയമാക്കുന്ന ജീവിതങ്ങളിലൂടെ, ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചാരം. ചന്ദ്രന്‍ പുതിയോട്ടില്‍ എഴുതുന്നു

 

 

ബീഹാറിലൂടെയുള്ള ഓരോ പോക്കും ഓരോ കാഴ്ചയും വ്യത്യസ്താനുഭവമായിരുന്നു. സാധാരണ സമയത്ത് ഓഗസ്റ് മാസങ്ങളില്‍ വെള്ളപ്പൊക്കവും ദുരിതവുമായി ജീവിക്കുന്ന ഗ്രാമങ്ങള്‍. ഈ വര്‍ഷം മറ്റെല്ലായിടങ്ങളിലെയുംപോലെ മഴ വൈകിയെത്തുകയും വല്ലാതെ കുറയുകയും ചെയ്തു. ജീവിതം വരണ്ടുതുടങ്ങി.

ചന്ദ്രന്‍ പുതിയോട്ടില്‍


മാറിയ കാലം കൃഷിയെയും സാധാരണജീവിതത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ഇവിടെ മഴയില്ലെങ്കില്‍പ്പോലും നേപ്പാളില്‍ പെയ്താല്‍ വെള്ളം കയറി ജീവിതം മുങ്ങുന്ന വടക്കന്‍ ബീഹാര്‍. നേപ്പാളില്‍ നിന്ന് വരുന്ന ഏഴു നദികളും ദുരിതങ്ങളും സങ്കടങ്ങളുമാണിവര്‍ക്ക് സമ്മാനിക്കുന്നത്. മുന്‍പ് വെള്ളപ്പൊക്കത്തോടൊപ്പം നല്ല മണ്ണും തരാറുണ്ടായിരുന്ന ഇന്ന് ദുരിതങ്ങള്‍ മാത്രം.
ദിശകള്‍ മാറിമാറിയൊഴുകുന്ന വഴികള്‍. പ്രവചിക്കാന്‍ പറ്റാത്ത മാറ്റം. വേഗതയിലുള്ള ഓട്ടം. തയ്യാറെടുക്കാന്‍ പറ്റുന്നതിനു മുമ്പ് അവരുടെ കുടിലുകളിലും ജീവിതത്തിലും വെള്ളം താണ്ഡവമാടിയിരിക്കും. മൂന്നു മാസങ്ങളെങ്കിലും ഇവരില്‍ പലര്‍ക്കും കൊടുംമാസമാണ്. കറുത്ത നാളുകള്‍. ഈ മാസങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാറില്ല. അടുപ്പുകള്‍ വേവാറില്ല. ആകാശം തെളിയാറില്ല. റോഡ്സൈഡിലും ഉയര്‍ന്ന സ്ഥലങ്ങളിലും പ്ലാസ്റിക്ഷീറ്റ് കൊണ്ട് താത്കാലിക പാര്‍പ്പിടങ്ങള്‍ ഉയര്‍ത്തി കഷ്ടപ്പാടുകള്‍ക്ക് കൂട്ടിരിക്കും ഇവര്‍!.

പാട്നയില്‍ ഇറങ്ങുമ്പോള്‍ കറുത്ത ആകാശം. എപ്പോഴും മഴ പെയ്യാം എന്ന തോന്നല്‍. ഡ്രൈവറോട് ചോദിച്ചപ്പോള്‍ മഴ ഇപ്പോള്‍ കാണാന്‍ കൊതിക്കുന്ന ഒന്നാണെന്ന് പറഞ്ഞു. ഈ മാസങ്ങളില്‍ പാട്നയിലും മറ്റും നല്ല മഴകിട്ടുമായിരുന്നു. ഇപ്പോള്‍ മഴയെ എണ്ണിയെടുക്കാം.

 

അന്ന് രാത്രി തന്നെ നൌഗചിയയിലേക്ക് വണ്ടി കയറി. ആറു മണിക്കൂര്‍ യാത്ര...ബര്‍ത്തുകള്‍ പലര്‍ക്കും മാറിമാറി അഡ്ജസ്റ് ചെയ്തു കിടക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടര. രാവിലെ അഞ്ചു മണിയോടെ അവിടെ വണ്ടിയിറങ്ങി.


 

കുറ്റകൃത്യങ്ങളുടെ ദേശം
അന്ന് രാത്രി തന്നെ നൌഗചിയയിലേക്ക് വണ്ടി കയറി. ആറു മണിക്കൂര്‍ യാത്ര…ബര്‍ത്തുകള്‍ പലര്‍ക്കും മാറിമാറി അഡ്ജസ്റ് ചെയ്തു കിടക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടര. രാവിലെ അഞ്ചു മണിയോടെ അവിടെ വണ്ടിയിറങ്ങി. കൂടെ രണ്ടുപേര്‍. പരപരാ വെളുത്ത സമയം. സൂര്യന്‍ ഇവിടെ ഉദിക്കുന്നത് നേരത്തെ ആയത്കൊണ്ട് രാവിലെ നല്ല വെളിച്ചം. പാല് കൊണ്ട്പോകുന്ന ഗ്രാമീണര്‍. അങ്ങിങ്ങായി ഓടുന്ന ഷെയര്‍ ഓട്ടോകള്‍. ചായ തയ്യാറാക്കുന്ന ഗുമിട്ടി പീടികകള്‍. ചുറ്റും ആള്‍ക്കാര്‍.

നൌഗചിയ ഭഗല്‍പൂര്‍ ജില്ലയിലെ ഒരു ഡിവിഷനും ബ്ലോക്കും ആണ്. നമ്മളെപ്പോലെ ഇവര്‍ക്ക് താലൂക്ക് ഇല്ലല്ലോ. ഒരു ചെറിയ ടൌണ്‍. ഗംഗാ നദിക്കും കോശി നദിക്കും ഇടയ്ക്ക് കിടക്കുന്ന സ്ഥലം. രണ്ടുഭാഗത്ത് നിന്നും വെള്ളപ്പൊക്കം കയറാറുണ്ട്, മിക്ക ഗ്രാമങ്ങളിലും. പോവാന്‍ വേറെ ഇടമില്ല.

ഉള്ളത് ഒരേ ഒരു ഹോട്ടല്‍. നാഷണല്‍ ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഗംഗാനദിയുടെ രണ്ടാമത്തെ പാലം ഇവിടെ നിന്ന് അരമണിക്കൂര്‍. ഭഗല്‍പൂരിലെക്ക് പോകും വഴി. ഡല്‍ഹി-കൊല്‍ക്കത്ത-ആസ്സാം തീവണ്ടികള്‍ ഇതിലൂടെ….

ബീഹാറില്‍ ഏറ്റവും കൂടുതല്‍ ക്രൈം നടന്നിരുന്ന ഒരു സ്ഥലം. ഇപ്പോഴും അതിനു കുറവില്ല. ക്രൈം കൂടിയത് കൊണ്ട് ഇതൊരു പോലീസ് ഡിസ്ട്രിക്റ്റ് കൂടിയാണ്. ഞങ്ങള്‍ ചെന്നിരുന്ന അന്ന് തന്നെ ആരുടെയോ ഒരു മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുന്നെന്നറിഞ്ഞു. അടുത്ത് തന്നെ ഒരു ജില്ലയാകാനുള്ള ശ്രമത്തില്‍ നൌഗചിയ!.

രാവിലത്തെ ഭക്ഷണം ആലുപൊറാട്ടയും ആലു പട് വല്‍ സബ്ജിയും. നല്ല രണ്ടുപച്ചമുളക് ഒപ്പം കൂടി. നേരെ പോയത് രത്തന്‍പുര ഗ്രാമത്തിലേക്ക്. മൂന്നു ഗ്രാമങ്ങള്‍ ഒന്നിച്ച് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദീപ് പോലെ. മെയ്ര്‍ച്ച, ഭവന്‍പുര, രത്തന്‍പുര.

 

നേരെ പോയത് രത്തന്‍പുര ഗ്രാമത്തിലേക്ക്. മൂന്നു ഗ്രാമങ്ങള്‍ ഒന്നിച്ച് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദീപ് പോലെ. മെയ്ര്‍ച്ച, ഭവന്‍പുര, രത്തന്‍പുര.


 
 

രത്തന്‍പുര

 
 

രത്തന്‍പുര


 

ദുരന്തത്തിന്റെ നോക്കെത്താത്ത കടല്‍
ബോട്ടില്‍ നദി കടന്നവിടെയെത്തുമ്പോള്‍ സമയം പത്തര. വെയിലിന് നല്ല ചൂട്. തിളങ്ങുന്ന അന്തരീക്ഷം. അമ്മമാരുടെ മടിയില്‍ നന്നായി ഭക്ഷണം കിട്ടാതെയും മൂക്കിള ഒലിപ്പിച്ചും ഉറക്കം തൂങ്ങുന്ന കുട്ടികള്‍. കുളിക്കാന്‍ പറ്റാത്ത,ദാരിദ്യ്രത്തിന്‍റെ തുണിയില്‍ വിളര്‍ത്ത ശരീരങ്ങള്‍. വെള്ളപ്പൊക്കത്തിന്‍റെയും കൊടും കഷ്ടപ്പാടിന്‍റെയും ചിത്രങ്ങള്‍. അവര്‍ തന്ന നല്ല നാടന്‍ ഭക്ഷണം കഴിച്ചു. നല്ല സുക്ക റൊട്ടിയും പടവലിന്‍റെ സബ്ജിയും. സ്നേഹത്തിന്‍റെ രുചി. വയര്‍ നിറഞ്ഞു.

പിന്നെ പോയത് ബീര്പുറിലേക്കായിരുന്നു. മൂന്നുമണിയോടെ റോഡുമാര്‍ഗം യാത്ര..അഞ്ചു മണിക്കൂര്‍. ബീര്പുറില്‍ എത്തുമ്പോള്‍ സമയം ഒന്‍പതു മണി. തിരുപ്പതി ഗസ്റ്റ് ഹൌസില്‍ താമസം. അവിടത്തെ മാനേജര്‍ പയ്യന്‍- പ്രശാന്ത്. പ്രകൃതിയെ സ്നേഹിക്കുന്ന, സ്വന്തമായി ഗ്രാമങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചും നോട്ടീസുകള്‍ അടിച്ചും പ്രസംഗിച്ചും നടക്കുന്ന പച്ചമനുഷ്യന്‍.

 

ബീര്പുര്‍ ഇന്ത്യ-നേപ്പാള്‍ ബോര്‍ഡറില്‍. കോശി നദിയുടെ ബാരേജ് ഓപ്പറേറ്റ് ചെയ്യുന്നിടം. സുപൌല്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫലഭൂയിഷ്ഠതയുണ്ടായിരുന്ന കൃഷിയിടങ്ങള്‍. കോശി നദി തരുന്ന ദുഃഖം ആദ്യം ഇന്ത്യയില്‍ പേറുന്നത് ഇവിടെയാണ്. ഇവിടം മിക്കപ്പോഴും വെള്ളപ്പൊക്കം കൊണ്ട് നശിപ്പിച്ചിരുന്നു.


 

ബീര്പുര്‍ ഇന്ത്യ-നേപ്പാള്‍ ബോര്‍ഡറില്‍. കോശി നദിയുടെ ബാരേജ് ഓപ്പറേറ്റ് ചെയ്യുന്നിടം. സുപൌല്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫലഭൂയിഷ്ഠതയുണ്ടായിരുന്ന കൃഷിയിടങ്ങള്‍. കോശി നദി തരുന്ന ദുഃഖം ആദ്യം ഇന്ത്യയില്‍ പേറുന്നത് ഇവിടെയാണ്. ഇവിടം മിക്കപ്പോഴും വെള്ളപ്പൊക്കം കൊണ്ട് നശിച്ചിരുന്നു.

2008ലെ കനത്ത വെള്ളപ്പൊക്കം ഇവിടുത്തെ 3000 ഹെക്ടര്‍ കൃഷിഭൂമിയെയും ജീവിതങ്ങളെയുമാണ് നശിപ്പിച്ചത്. പൂഴിമണല്‍ മൂടി ഇവരുടെ കൃഷിയിടങ്ങള്‍ ഒന്നിനും കൊള്ളാതായി. മൂന്നും നാലും അടിവരെ മണല്‍കൂനകള്‍. ദുരന്തത്തിന്റെ നോക്കെത്താത്ത കടല്‍ പോലെ അങ്ങോളം വ്യാപിച്ചു തരിച്ചു നില്‍ക്കുന്ന കാഴ്ച. ബി.എസ്.എഫും സീമാസുരക്ഷാദളും (SSB) ഇവിടെ സജീവം.

 

പിന്നീടുള്ള യാത്ര മധുബനിജില്ലയിലെ ജയ്നഗറിലേക്കായിരുന്നു. കൂടിയ ചൂടിനും പെയ്യാന്‍ മടിക്കുന്ന മേഘത്തിനും ഇടയിലൂടെ.


 

മധുബനിയിലേക്കുള്ള പാത
അവിടെനിന്ന് പിന്നീടുള്ള യാത്ര അതിര്‍ത്തികളിലൂടെ, ദേശീയപാതയിലൂടെ, മധുബനിജില്ലയിലെ ജയ്നഗറിലേക്കായിരുന്നു. വീണ്ടും അഞ്ചാറ് മണിക്കൂര്‍ യാത്ര. കൂടിയ ചൂടിനും പെയ്യാന്‍ മടിക്കുന്ന മേഘത്തിനും ഇടയിലൂടെ. ഇടയ്ക്കാരോ വണ്ടിക്ക് കല്ലെറിഞ്ഞു. വണ്ടി നിര്‍ത്തി ഡ്രൈവര്‍ നോക്കി. ഭാഗ്യത്തിന് ഗ്ലാസ്സിന് കൊണ്ടില്ല. ഗ്രാമത്തിലെ രോഷത്തിന്റെ കല്ലെറിയല്‍. ഇതിവിടെ പതിവാണ് പോലും.

സാരമാക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. നല്ല റോഡ്. നിതീഷ്കുമാര്‍ വന്നതിനു ശേഷമുള്ള ചെറിയ ചില മാറ്റങ്ങള്‍. ഞങ്ങള്‍ സക്രിയില്‍ എത്തി. അവിടെ നിന്ന് വലത്തേക്ക് പോകണം. മധുബനി വഴി ജയനഗര്‍. അവിടെനിന്നും വീണ്ടും ഇടത്തോട്ട്. ഒരു ചെറിയ റോഡിലേക്ക് വണ്ടി തിരിഞ്ഞു. കുറച്ചു കൂടെ ചെന്നപ്പോള്‍ റോഡ് ചെറുതായി…ഇരുളായി…കുഴിയായി…റോഡ് എന്നൊന്നേ അവിടെയുണ്ടായിരുന്നില്ല. നേരം നന്നായി ഇരുട്ടി. ചെളിയും കുണ്ടും ഒന്നും കാര്യമായി കാണാനില്ല.

ഇതാണ് മധുബനി എന്ന ജില്ലാ ആസ്ഥാനത്തെക്കുള്ള പ്രധാന റോഡ്. അങ്ങിനെ ഞങ്ങള്‍ മധുബനിയില്‍ എത്തി. 30 കി മീ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തു. അവിടെനിന്ന് ജയനഗറിലേക്കുള്ള വഴി ചില കടക്കാര്‍ പറഞ്ഞുതന്നു. നേരെ വലത്തോട്ട്.

വഴി വീണ്ടും ചെറുതും ഇരുണ്ടതും ആയി. എവിടെയും വെളിച്ചമില്ല. ഇടക്കൊക്കെ ട്യുഷന് പോയി അമ്മമാരോടൊത്ത് മെഴുകുതിരി വെട്ടത്തില്‍ നടന്നു പോകുന്ന കുട്ടികള്‍. ആടിയും പാടിയും വര്‍ത്തമാനം പറഞ്ഞും. അതൊരു നല്ല കാഴ്ചയായിരുന്നു. ഇരുട്ടിലും വെളിച്ചത്തിന്റെ കനവ്.

 

ഇല്ലാത്ത റോഡിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ച് ജയനഗറില്‍ എത്തി. വടക്കന്‍ ബീഹാറിലെ അതിര്‍ത്തി ജില്ലയായ മധുബനിയിലെ ഒരു ബ്ലോക്ക് ആണ് ജയനഗര്‍. വെറും നാലു കിലോമീറ്റര്‍ അപ്പുറത്ത് നേപ്പാള്‍.


 

ജയനഗര്‍
ഇല്ലാത്ത റോഡിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ച് ജയനഗറില്‍ എത്തി. വടക്കന്‍ ബീഹാറിലെ അതിര്‍ത്തി ജില്ലയായ മധുബനിയിലെ ഒരു ബ്ലോക്ക് ആണ് ജയനഗര്‍. വെറും നാലു കിലോമീറ്റര്‍ അപ്പുറത്ത് നേപ്പാള്‍. അവിടെ ഒരു സംഘടന ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാടാക്കി തന്നിരുന്നു. അവിടത്തെ ജനറേറ്റര്‍ ഉള്ള ഏക ഹോട്ടല്‍. ഹോട്ടല്‍ അംബേ. എന്നാലും അവിടേക്ക പോകുന്നതിനു മുന്‍പ് കന്യാസ്ത്രീ മഠത്തില്‍ പോയി ഭക്ഷണം കഴിച്ചേ ഹോട്ടലിലേക്ക് പോകാവൂ എന്ന് അവര്‍ ഫോണില്‍ പറഞ്ഞിരുന്നു.

നഗരത്തിനു മുന്നേ അവരുടെ മഠം. വെളിച്ചമില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ മെഴുകുതിരി വെട്ടവുമായി സന്തോഷത്തിന്റെ ചിരിയോടെ കന്യാസ്ത്രീകള്‍. അവര്‍
അഞ്ചുപേരാണ് അവിടെ. മൂന്നു പേര്‍ തമിഴ്നാട്ടില്‍ നിന്നും മറ്റോരോ പേര്‍ ആന്ധ്ര, ഒഡീഷയില്‍ നിന്നും.

അവര്‍ ഞങ്ങള്‍ക്ക് ദോശയും സാമ്പാറും ചട്ണിയും തന്നു. തനി തമിഴ്നാടന്‍ രുചി. ഞങ്ങളോടൊപ്പം ഹോട്ടലില്‍ വന്നു മുറി ഉറപ്പിച്ചതിനു ശേഷമാണു അവര്‍ തിരിച്ചു പോയത്. അപ്പോഴേക്കും സമയം പന്ത്രണ്ടു മണി. റൂമില്‍ ഞങ്ങളെ എതിരേറ്റത് മുട്ടന്‍ കൊതുകകളാണ്.കൊതുകിനോട് യുദ്ധം ചെയ്തും പരാജയപ്പെട്ടും നേരം വെളുപ്പിച്ചു.

 

കമലാനദിയിലൂടെ. പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. തന്റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞു തലയിലെ ഭാരം നേരെയാക്കി ഭാര്യയെയും കൂട്ടി വെള്ളത്തിലൂടെ കടക്കുന്ന മറ്റൊരാള്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍.


 

ദൊധ്വാറിലേക്ക്
ജയനഗര്‍ വളരെ ദരിദ്രമായ ഒരു സ്ഥലമാണ്. വികസനത്തിന്‍റെ പൊടി പോലും എത്തിയിട്ടില്ല. ഒരു മുപ്പത് വര്‍ഷം പിന്നോട്ട് നടന്നു ഞാന്‍. കാട് കയറിയ ‘ബജ്റംഗ് ടാക്കീസ്’ കണ്ടു. വീണ്ടും നടന്നു. കമലാ നദിയുടെ പാലം കടന്നു. രാവിലെ നേരം ഏഴു മണി. പ്രാതല്‍ വീണ്ടും അവരുടെ മഠത്തില്‍ നിന്ന് തന്നെ. അത് കഴിഞ്ഞു പോയത് ദൊധ്വാര്‍ എന്ന ഗ്രാമത്തിലേക്ക്.

ആറു കിലോമീറ്റര്‍ യാത്ര. മണ്ണിട്ട റോഡ്. ഗ്രാമത്തില്‍ എത്തുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഒരു മുളങ്കൂട്ടത്തിന്റെ കീഴെ സജീവം..

കമലാനദിയിലൂടെ. പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. തന്റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞു തലയിലെ ഭാരം നേരെയാക്കി ഭാര്യയെയും കൂട്ടി വെള്ളത്തിലൂടെ കടക്കുന്ന മറ്റൊരാള്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിതൊരു സമരം തന്നെ. ഇവിടെ ഒരു പഞ്ചായത്ത് മുഖ്യയും തിരിഞ്ഞു നോക്കാറില്ല. അദ്ദേഹത്തിന്റെ ഗ്രാമം വേറൊരിടത്ത്. വേറൊരു ജാതി. ഇലക്ഷനു മാത്രം വരും. പിന്നെ ഗവണ്‍മന്റിന്റെ ഒരു പദ്ധതിയും ഇവിടെ വരില്ല.

ഏകദേശം മുന്നൂറോളം വീടുകള്‍. എല്ലാ വര്‍ഷവും വെള്ളം കയറും. നേപ്പാളില്‍ നിന്നുദ്ഭവിക്കുന്ന കമല നദി. വെള്ളം കയറിയാല്‍ ഭൂരിഭാഗവും നേപ്പാളിലേക്ക് കുടിയേറും. ബന്ധുക്കളുടെ വീട്ടില്‍ താമസിക്കും. പിന്നെ, നമ്മുടെ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ സഹായം നേപ്പാള്‍ ഗവണ്‍മെന്റ് ചെയ്യും. അതിവര്‍ക്കും കിട്ടും. അതുകൊണ്ടാണ് അങ്ങോട്ടിങ്ങനെ ഒരു പലായനം എന്നവര്‍ പറഞ്ഞു.

മൂന്നു മാസം കഴിഞ്ഞാല്‍ തിരിച്ചു പോരും. വീട് നഷ്ടപ്പെട്ടവര്‍ റോഡരികില്‍ താല്‍കാലിക ഷെഡ് ഉണ്ടാക്കികഴിഞ്ഞു കൂടും.ആണുങ്ങള്‍ എന്തെങ്കിലും തൊഴില്‍ തേടി യാത്രയാകും.

ഇവിടെ ജീവിതം ജീവിക്കുകയല്ല. ഉന്തിനീക്കുകയാണ്. എന്നാലും ചെറിയ ചില നാമ്പുകള്‍. കാലാവസ്ഥയുടെ മാറ്റത്തിന് ചേരുന്ന പാരമ്പര്യമായ അറിവുകള്‍ കൃഷിയില്‍ പ്രയോഗിക്കുന്നവര്‍. നന്മയുടെ ഫലങ്ങള്‍. ഇതൊരുകാലം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
 
 
 
 
(കുറിപ്പ് അവസാനിക്കുന്നില്ല. ബിഹാറിലെ ദേശങ്ങളിലൂടെ, മനുഷ്യരിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊപ്പം ആഴ്ചകളുടെ ഇടവേളകളില്‍ അത് തുടരും.)

പഴനിയിലെ വാണിഭക്കാര്‍

 
 
 
ഭക്തിയും വിപണിയും കൈകോര്‍ക്കുന്ന
പഴനിയുടെ തെരുവുകളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം.
അനീഷ് ആന്‍സ് പകര്‍ത്തിയ ദൃശ്യങ്ങള്‍, വാക്കുകള്‍.

 
 

 
 
കച്ചവടമാണ്, ഭക്തിക്കൊപ്പം പഴനിയുടെ നിത്യഭാവം.
പല ദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്നവര്‍.
പല ആവശ്യങ്ങള്‍. പല പ്രാര്‍ത്ഥനകള്‍.
ഒന്നോ രണ്ടോ നാളത്തെ ആവശ്യങ്ങള്‍ക്കായി
ഇവിടെയെത്തുന്നവര്‍ക്കു വേണ്ടിയാണ്
ഈ പട്ടണം മുഴുവന്‍ കാത്തിരിക്കുന്നത്.
അന്ന പാനീയങ്ങളൊരുക്കി റസ്റ്റോറന്റുകള്‍,
കുറഞ്ഞ വിലക്ക് താവളങ്ങളൊരുക്കി ഹോട്ടലുകള്‍,
അവര്‍ക്കായി മാത്രം കാത്തിരിക്കുന്ന
എണ്ണമറ്റ വാണിഭക്കാര്‍.
പിന്നെ, വാടക വാഹനങ്ങള്‍, യാചകര്‍
തല മുണ്ഡനം ചെയ്യുന്നവര്‍.
ഭക്തി ചിലപ്പോള്‍, ചിലര്‍ക്ക്
ജീവിതമാര്‍ഗം കൂടിയാണ്.

 
 

അനീഷ് ആന്‍സ്


 
 
ക്ഷേത്രത്തിലേക്ക് കുത്തനെയുള്ള കയറ്റമാണ്.
നൂറു കണക്കിന് പടവുകള്‍.
അതിനു താഴെയാണ് വാണിഭക്കാര്‍.
ദര്‍ശനം കഴിഞ്ഞ് പോവുന്നവര്‍ക്കായി
അവര്‍ വള, മാല, കൌതുക വസ്തുക്കള്‍
എന്നിവ കരുതി വെക്കുന്നു.
അമ്പലത്തിലേക്ക് പോവുന്നവര്‍ക്കായി
പൂജാസാമഗ്രികള്‍.
എപ്പോഴും പോക്കറ്റ് കാലിയായി
കൊണ്ടേയിരിക്കും.
വാണിഭക്കാരനു മുന്നില്‍ നില്‍ക്കുമ്പോള്‍
അനുകൂല ഭാവം മുഖത്തുവരാതെ
സൂക്ഷിക്കുക മാത്രമാണ് പ്രതിവിധിയെന്ന്
പണ്ടേ എല്ലാവരും പറയാറുള്ളതാണ്.
അതിനാല്‍, മുഖം പരുഷമാക്കി
ഇതൊക്കെ എത്ര കണ്ടതാണ് എന്ന
മട്ടിലൊരു നടത്തം തന്നെ ശരണം.

 
 


 
 


 
 

വേലാണ് മുരുകന്റെ ആയുധം. പളനിയില്‍ ഏറ്റവും ഡിമാന്റുള്ള സാധനം.  എല്ലായിടത്തും കാണാം വേലുകളുടെ ചെറു രൂപങ്ങള്‍. അതിരാവിലെയാണ് ക്യാമറയിലേക്ക് ഇയാള്‍ കയറി വന്നത്. കൈയില്‍ അനേകം കുഞ്ഞുവേലുകള്‍. നേര്‍ക്കു നേര്‍ മുഖത്ത് നോക്കിയാല്‍ അതിലൊന്ന് കൈയിലിരിക്കും. അതിനാല്‍, കടുപ്പിച്ചു തന്നെ വെച്ചു മുഖം. ഏറെനേരം.
 
 

 
 

താമസിച്ച ഹോട്ടലില്‍ നിന്നിറങ്ങിയപ്പോഴാണ് കാലത്ത് ആ സ്ത്രീ കണ്ണില്‍പ്പെട്ടത്. മാലയും മറ്റും വില്‍ക്കുകയാണ് അവര്‍. ഇത്തരം നൂറുകണക്കിന് സ്ത്രീകളാണ് അല്ലറ ചില്ലറ സാധനങ്ങളുടെ കച്ചവടവുമായി ജീവിക്കുന്നത്.എവിടെയോ വെച്ച് പരിചയമുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. വഞ്ചിക്കപ്പെടാതിരിക്കാന്‍ എല്ലാവരും മുഖം കടുപ്പിച്ചു നിര്‍ത്തുന്നതിനാലാവണം ചെന്ന എല്ലായിടങ്ങളിലും നിന്ന് അവര്‍ നിരാശരായി തിരിച്ചു വന്നു. ആരും ഒന്നും വാങ്ങിയില്ല. വില കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതിനാലാവണം. ഇന്നത്തെ കണി തന്നെ മോശമെന്ന മട്ടില്‍ അവര്‍ പിന്നീട് നിരാശയായി തലങ്ങും വിലങ്ങും നടന്നു. പിന്നെ, ഒരു ടൂറിസ്റ്റ് ബസിന്റെ അരികില്‍ ചാരി നിന്നു.

 
 

 
 

ദൈവങ്ങള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു പണ്ട് ആരാധന. എന്നാല്‍, പിന്നീട് സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം അത് വീതം വെച്ചെടുത്തു. തമിഴ്നാട്ടിലാണെങ്കില്‍ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തമ്മിലുള്ള അതിരുകള്‍ പണ്ടേ കുറവാണ്. എം.ജി.ആര്‍ മുതല്‍ കാര്യങ്ങള്‍ അങ്ങനെ തന്നെ.
സാക്ഷാല്‍ മുരുകന്റെ മണ്ണിലും വിറ്റുപോവുന്നത് സിനിമാ താരങ്ങളും രാഷ്ട്രീയ തമ്പുരാക്കന്‍മാരുമാണെന്ന് ഏറ്റവും നന്നായി അറിയുന്നത് ഒരു പക്ഷേ, കച്ചവടക്കാരാവും. അതിനാലാവണം കീ ചെയിനുകളായി ദൈവങ്ങളും താരങ്ങളും ഇങ്ങനെ കിടക്കുന്നത്.  ഇവിടെ ജയലളിതയും വിജയകാന്തും ദൈവങ്ങളും ഇങ്ങനെ ചേര്‍ന്നുചേര്‍ന്നിരിക്കുന്നു.

 
 

 
 
വഴിവക്കിലാണ് അവരെ കണ്ടത്. സോഡാ കുടിക്കുന്നൊരു സ്ത്രീ. ചമ്മട്ടിയുമായൊരു പയ്യന്‍. പഴനിയിലിപ്പോഴും സോഡാ കുപ്പിക്ക് മാറ്റമില്ല. നീല നിറത്തിലുള്ള ഉരുളന്‍ കഷണം തലക്ക് വെച്ച പഴയ സോഡാകുപ്പികള്‍. പണ്ട് കേരളത്തിലും ഇത്തരം സോഡാ കുപ്പികളായിരുന്നു. കുറേ കാലമായി കാണാറേയില്ല. ആ ചമ്മട്ടി പയ്യന്റെ ഉപജീവന മാര്‍ഗമാണ്. ഓരോ കടകളിലും ചമ്മട്ടിയുമായി കയറും. അതുയര്‍ത്തി അതുയര്‍ത്തി ശരീരത്തില്‍ ആഞ്ഞടിക്കുന്നതായി നടിക്കും. അവന്‍ വേദനിച്ചു പുളയുന്നതായി കാണുന്നവരും കരുതും. കാശ് പോക്കറ്റില്‍നിന്നിറങ്ങി അവന്റെ കൈയിലെത്തും. അവന്‍ തിരിഞ്ഞു നടക്കും. വേദനയും ചിലപ്പോള്‍അഭിനയമാണ്.

 
 


 
 
പല തരം കച്ചവടക്കാരാണ് പഴനിയിലെങ്ങൂം. പൂക്കച്ചവടക്കാര്‍ അനവധി. കൂടുതലും സ്ത്രീകളാണ്. എവിടെനിന്നോ സുഗന്ധം പരത്തിയെത്തുന്ന പൂവുകള്‍ തങ്ങളെ ചൂടാന്‍ വേണ്ടിയത്തെുന്ന ഏതോ മുടിത്തഴപ്പിനുള്ള കാത്തിരിപ്പിലാവണം. കാത്തിരിക്കുന്ന ഏതോ മുല്ലപ്പൂ മാലയിലേക്കുള്ള യാത്രയാവണം തരുണികള്‍ക്ക് പഴനിയിലെ പടവുകള്‍.

 
 

 
 
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴനിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് കൂടെവന്ന ഡ്രൈവര്‍ പറഞ്ഞുതന്നു. ശരിയാണ്. എല്ലായിടത്തുമുണ്ട് പഴങ്ങള്‍.  വിദൂര ഗ്രാമങ്ങളില്‍നിന്ന് വരുന്നവയാണ് ഇവയിലധികവും. താരതമ്യേന കുറഞ്ഞ വിലയാണ്. അതാവണം ആളുകളെ ആകര്‍ഷിക്കുന്നത്.

‘ഈ പേരക്കയൊക്കെ വിറ്റു തീരുമോ?’
നടക്കുന്നതിനടയില്‍ കണ്ട കച്ചവടക്കാരനേട്  വെറുതെ ചോദിച്ചതാണ്. കച്ചവടക്കാരന്‍ നിറഞ്ഞു ചിരിച്ചു. മണിക്കൂറുകള്‍ക്കുശേഷം പടവിറങ്ങി തിരിച്ചു വരുമ്പോള്‍ അയാളെ വീണ്ടും കണ്ടു. മുന്നിലെ വണ്ടിയില്‍ മുന്നിലെ വണ്ടിയില്‍ ഇപ്പോള്‍ നാലഞ്ച് പേരക്കകള്‍. മാത്രം. ബാക്കി മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ആ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാവുന്നു.

 
 


 

ഈ ആന ഒരു മോഡലാണ്. ക്യാമറകള്‍ക്കു മാത്രമുള്ളത്. അടുത്തു ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ പറയും. ‘അണ്ണാം, ആനക്കടുത്തു നിന്നോളൂ. പടമെടുത്തോളൂ’.
ക്യാമറയും കൂര്‍പ്പിച്ച് ഭക്തര്‍ അടുത്തു ചെല്ലും. ഒപ്പമുള്ളവര്‍ ആനയുടെ വാലു പിടിച്ചോ പെരുവയറു തൊട്ടോ നില്‍ക്കും. ഫോട്ടോയെടുപ്പ് കഴിഞ്ഞാല്‍ നേരത്ത പ്രോല്‍സാഹിപ്പിച്ചവര്‍ അരികിലെത്തും. കൈ നീട്ടും.
കാശിനാണ്. ഓരോ സ്നാപ്പിനും കണക്കു പറഞ്ഞു വാങ്ങും. ആനകളെക്കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്!

 
 

 
 
ക്ഷേത്രത്തിലേക്കുള്ള അനേകം പടവുകള്‍ക്കിടയില്‍ നിറയെ കാണാം, വിഗ്രഹങ്ങള്‍. കണ്ടു പരിചയമുള്ള ദൈവങ്ങള്‍ മാത്രമല്ല. ഇതുവരെ കാണാത്ത രൂപങ്ങളും ഏറെ. തമിഴ് ഗോത്രജീവിതത്തിന്‍റ അടിവേരുകള്‍ കിടക്കുന്നത് ഈ ദൈവരൂപങ്ങളിലാവണം.
പടവു കയറിച്ചെല്ലുമ്പോള്‍ കാണുന്ന വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ ഭക്തിപരസ്കരം കര്‍പ്പൂരം തെളിക്കും. ചിലരൊക്കെ പടവുകളില്‍ തന്നെ കര്‍പ്പൂരം കത്തിച്ചുവെച്ച് നടക്കും. പിന്നാലെ വരുന്നവര്‍ ഇതറിയണമെന്നേയില്ല. കാലില്‍ പറ്റിയാല്‍, ഏറെ നേരം കരിഞ്ഞുകൊണ്ടേയിരിക്കും പച്ച മാംസം. ഇതറിഞ്ഞിട്ടാവണം, പടവുകളില്‍ കര്‍പ്പൂരം കത്തിക്കുന്നത് ഈയിടെ നിരോധിച്ചിട്ടുണ്ട്.

 
 

NALAMIDAM PHOTO JOURNIES

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

നിയോണ്‍ നിലാവത്ത്

ചായാ ചിത്രങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

അകക്കാഴ്ചയിലെ പകല്‍ക്കിനാവുകള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചില നേരങ്ങളില്‍ പൂക്കള്‍

തീവെയിലിന് ഒരാമുഖം

മഴമേഘങ്ങള്‍ക്കൊപ്പം തിരുനെല്ലിയിലേക്ക്

 
 
 
തിരുനെല്ലിയിലേക്ക് മഴമേഘങ്ങള്‍ക്കൊപ്പം ഒരു യാത്ര. പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു
 

പുഴയിലെ വെള്ളത്തിന് തണുപ്പേറിവരുന്നു. രാത്രിയിലെ കുളി ഒരു ദിവസത്തെ യാത്രാക്ഷീണം മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം. കേട്ടുകേട്ടിരിക്കാന്‍ എന്തുരസം. മഴയുടെ ശബ്ദം ലോകത്തെ എത്രമാത്രം മോഹിപ്പിക്കുന്നു എന്നറിയാന്‍ യൂ ട്യൂബില്‍ ‘റെയിന്‍’ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. ചെറിയ ഇടിയുടെ അകമ്പടിയോടെ പെയ്യുന്ന മഴ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരിക്കുന്നു. ഏതു പാട്ടിന്റെയും പശ്ചാത്തലത്തിലും ഈ മഴശബ്ദം കൂടി കേള്‍ക്കുന്നത് പ്രത്യേകമായ അനുഭൂതിപകരുമെന്നും പേജില്‍ അവകാശവാദമുണ്ട്. സംഗതി സത്യമാണെന്ന് കേട്ടപ്പോള്‍ ബോധ്യംവന്നിരുന്നു. പക്ഷേ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് വെര്‍ച്വല്‍ റിയാലിറ്റിയല്ല. ശരിക്കും കാട്ടില്‍ പെയ്തുവീഴുന്ന മണ്‍സൂണ്‍ മഴതന്നെയാണ്. അത് കാതോര്‍ക്കാം. കാണാം. കൈനീട്ടി തൊടാം – തിരുനെല്ലിയിലേക്ക് മഴമേഘങ്ങള്‍ക്കൊപ്പം ഒരു യാത്ര. പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 

 

ഉച്ചതിരിഞ്ഞ് വയനാടന്‍ ചുരം കയറിത്തുടങ്ങുമ്പോഴാണ് ആദ്യ മഴ പൊട്ടിവീണത്. വേനല്‍ത്തീയിലേക്ക് ആദ്യം പാഞ്ഞുകയറിയ ഒരു കുറുമ്പന്‍ മേഘം പറ്റിച്ച പണിയാണ്. ഇലകളില്‍ നിന്ന് ഒരു വേനലിന്റെ പൊടിയത്രയും കഴുകിയെടുത്ത് മണ്ണില്‍ അലിയിച്ച ഒരു കുഞ്ഞുമഴ. വരാനിരിക്കുന്ന മഴക്കാലത്തിന്റെ ചാരുതയത്രയും ഒളിപ്പിച്ചുവെച്ച ഒന്ന്!

പുതുമണ്ണിന്റെ മണം ആസ്വദിച്ച് രണ്ട് കിലോമീറ്റര്‍ പോയില്ല അതിനുമുന്‍പേ മഴക്കുഞ്ഞ് ശകതിമരുന്ന് കഴിച്ച കാര്‍ട്ടുണ്‍ കഥാപാത്രത്തെ പോലെ ടപ്പേന്ന് വളര്‍ന്നുവലുതായി പെയ്തുതിമര്‍ത്തു. റോഡില്‍ ആകെ ബഹളം. റെയിന്‍കോട്ടില്ലാത്ത ഇരുചക്രക്കാര്‍ നിര്‍ത്തി നനയണോ അതോ വണ്ടിയോടിച്ച് നനയണോ എന്ന ആശങ്കയിലാണ്. ചുരം ഇരുട്ടിലേക്ക് വഴുതി വീണിരിക്കുന്നു. കടലപെറുക്കാന്‍ വന്ന വാനരക്കൂട്ടം കാടുകയറി മറഞ്ഞു. മുകളിലെ വളവിലെ ആളൊഴിഞ്ഞ വ്യൂ പോയന്റിലെ ഐസ്ക്രീം കച്ചവടക്കാരന്റെ തണുത്ത മുഖത്ത് ചമ്മിയ ഒരു ചിരി. തൊട്ടടുത്ത വളവിലെ കട്ടന്‍ചായയടിക്കുന്ന ചേട്ടന്‍ ഉഷാറിലാണ്. നനഞ്ഞ ശരീരങ്ങള്‍ സമോവറിനുചുറ്റും കൂടിനിന്ന് കലപിലകൂട്ടുന്നു.

‘വെടി’ പൊട്ടിച്ച് അരമണിക്കൂര്‍ കുളമാക്കാന്‍ സാധ്യതയുള്ള ഒരാളെ പട്ടാളക്കുപ്പായത്തില്‍ ചായക്കടയില്‍ കണ്ടതിനാല്‍ ജീപ്പ് നിര്‍ത്താതെ വിട്ടു. ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന് എക്സ് മിലിട്ടറിക്കാരനായ വില്ലീസ് ജീപ്പിന് ഒരായിരം വീരകഥകള്‍ പട്ടാളക്കാരില്‍ നിന്ന് പുറത്തുചാടിക്കാനുള്ള കഴിവുണ്ട്! സമയമില്ലാത്തപ്പോള്‍ കഥകള്‍ക്ക് പഞ്ച് തോന്നണമെന്നില്ല! ദൂരമേറെ കിടക്കുന്നു തിരുനെല്ലിയിലേക്ക്.

 

പൂര്‍വ്വാശ്രമത്തിലെ ക്യാമ്പ് റോഡുകളെ ഓര്‍ത്താവണം മോശം റോഡുകളിലെത്തുമ്പോഴാണ് ജീപ്പിന് ആവേശം തലപൊക്കുന്നത്.


 

മരം പെയ്യുന്നു

കാട് തണുത്തുതുടങ്ങിയിരിക്കുന്നു. തിരുനെല്ലി അമ്പലത്തിലേക്കുള്ള ബോര്‍ഡ് വലതുഭാഗത്തേക്ക് അടയാളം കാണിച്ചപ്പോള്‍ ഞങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞു. പുതുതലമുറ കാറുകളെ സംബന്ധിച്ച് റോഡ് അല്പം മോശമാണ്. പൂര്‍വ്വാശ്രമത്തിലെ ക്യാമ്പ് റോഡുകളെ ഓര്‍ത്താവണം മോശം റോഡുകളിലെത്തുമ്പോഴാണ് ജീപ്പിന് ആവേശം തലപൊക്കുന്നത്. വഴുക്കലുള്ള വഴിയിലൂടെ ഇളകിനിറഞ്ഞ് ഒന്നര കിലോമീറ്റര്‍ താഴേക്ക് ഓടിയെത്തിയപ്പോള്‍ പഴയ ഒരു മരപ്പലകയില്‍ എഴുതിയ അക്ഷരങ്ങള്‍ വഴികാണിച്ചു, കാളിന്ദി റിവര്‍ റിസോര്‍ട്ട്!

മഴയുടെ, മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലമാണിനി കാളിന്ദിക്കു മുമ്പിലുള്ളത്. മഴയെ അറിയാന്‍ സഞ്ചാരികളേറെ ഇനി ചുരം കടന്നെത്തും. അവരെ സ്വീകരിക്കാനായി മഴയുടെ തണുപ്പില്‍ പുഴ നിറഞ്ഞൊഴുകും… മഴ പുഴയായി മാറി കടലിലേക്ക് മടങ്ങും…

 

മരവീട്ടില്‍ നിന്നാല്‍ താഴെ നദി ഒഴുകിത്തിമിര്‍ക്കുന്നത് കാണാം.


 

കാളിന്ദി നദിക്കരെ
ഏകദേശം 6 വര്‍ഷങ്ങള്‍ക്കുമുമ്പാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് ചേര്‍ന്നുകിടക്കുന്ന തിരുനെല്ലിയിലെ ഈ പര്‍ണശാലയിലാദ്യമെത്തുന്നത്. മൃദുവായി ചിലച്ച് ഒഴുകിയെത്തുന്ന കാളിന്ദിയുടെ തീരത്ത് മുളയിലും മരത്തിലും തീര്‍ത്ത രണ്ടുകോട്ടേജുകളാണ് അന്ന് ഉടമസഥനായ സഞ്ജയിനോടൊപ്പം സ്വാഗതം പറഞ്ഞത്. തൊട്ടടുത്ത സ്കൂളിലെ മാഷാണ് സഞ്ജയ്. ഭാര്യയും സ്കൂള്‍ ടീച്ചര്‍ തന്നെ.

ചോറും കറിയും വെച്ചുതരാന്‍ പ്രസാദ് എന്നു പേരുള്ള കുക്ക് കം കെയര്‍ ടെയ്ക്കര്‍. രാത്രി കാവല്‍കിടക്കാന്‍ എത്തിയിരുന്ന പേരറിയാത്ത ഒരു ചേട്ടന്‍. ഇവര്‍ കഴിഞ്ഞാല്‍ പിന്നെ കാടിന്റെ ശബ്ദവും വിജനതയും സൌന്ദര്യവും മാത്രം. പേരറിയാത്ത കിളികള്‍ പുഴക്കപ്പുറമുള്ള കാടുകളിലേക്ക് പറന്നിറങ്ങുകയും കലപിലകൂട്ടുകയും ചെയ്യുന്നത് കണ്ടും കേട്ടും ഇരിക്കാം. വലിയൊരു മരത്തില്‍ കെട്ടിയുയര്‍ത്തിയ മരവീടിന്റെ അമ്പരപ്പിക്കുന്ന ലാളിത്യത്തിലേക്ക് ചെക്കിന്‍ ചെയ്തു കയറി.

ബാഗ് താഴെവെച്ച് ജനല്‍തുറന്നതും വലിയൊരു ഓന്ത് എത്തിനോക്കി പച്ചപ്പിലേക്ക് ഓടിമറഞ്ഞു. ചെറുതായി ഒന്ന് ഭയന്നു എന്നത് സത്യം. മരവീട്ടില്‍ നിന്നാല്‍ താഴെ നദി ഒഴുകിത്തിമിര്‍ക്കുന്നത് കാണാം. താഴത്തെ കോട്ടെജില്‍ താമസക്കാരനുണ്ട്- ഫ്രഞ്ച്കാരനായ പിയറി ഗോഡ്മെന്റ്. ഇന്ത്യയില്‍ പലയിടത്തും കറങ്ങിവന്നിരിക്കുകയാണ് കക്ഷി. “ഇനി കുറച്ചുനാള്‍ ഇവിടെകാണും.” പരിചയപ്പെട്ടപ്പോള്‍ പിയറി പറഞ്ഞു. നിറയെ ചിത്രങ്ങളെടുത്താണ് അന്ന് മടങ്ങിയത്. പിന്നെ ഇടക്കിടയ്ക്ക് മുന്‍കൂട്ടി പറയാതെയും പറഞ്ഞും കാളിന്ദിയിലേക്ക് കയറിച്ചെന്നു. പുഴയുടെ തണുപ്പിലും മാഷിന്റെ ആതിഥ്യത്തിലും പ്രസാദിന്റെ നാടന്‍ രുചികളിലും മുങ്ങിനിവര്‍ന്നു.

ആറുവര്‍ഷങ്ങള്‍കൊണ്ട് കാളിന്ദിയും വളര്‍ന്നിരിക്കുന്നു. കോട്ടേജുകളുടെ എണ്ണംകൂടി. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ മൈക്ക എച്ച് പാണ്ഡെയുടെ മകന്‍ ഗൌതം പാണ്ഡെയും ഭാര്യ ഡോയല്‍ ത്രിവേദിയും ഓഫീസില്‍ വന്നപ്പോള്‍ കാളിന്ദിയിലെ മരവീട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിച്ചുകൊടുത്തു. ഒപ്പം മാഷിന്റെ നമ്പറും. നാലുദിവസം കഴിഞ്ഞ് മാഷിന്റെ ഫോണ്‍- പറഞ്ഞുവിട്ടവര്‍ വളരെ നല്ല മനുഷ്യരാണ്. പുഴയിലും കാടിലും കയറിയിറങ്ങി പ്ലാസ്റ്റിക്കും മറ്റുചപ്പ് ചവറുകളും പെറുക്കിമാറ്റുന്ന പണിയായിരുന്നു അവര്‍ക്ക് ഏറ്റവും പ്രധാനം. ആദ്യമൊക്കെ അദ്ഭുതത്തോടെ കണ്ടുനിന്ന നാട്ടുകാരും പിന്നെ കൂടെക്കൂടിയത്രേ. ഉത്തരേന്ത്യക്കാരായ ആ പ്രകൃതിസ്നേഹികളെ ഏറെ ഇഷ്ടമായിരിക്കുന്നു തിരുനെല്ലിക്കാര്‍ക്ക് . വിനോദസഞ്ചാരം പ്രകൃതിയെ നശിപ്പിക്കുന്ന ഒന്ന് മാത്രമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു ഇങ്ങനെ ചിലര്‍. പുഴയൊരു അനുഗ്രഹമാണെന്നും കാട് വരമാണെന്നും അവര്‍ അറിയുന്നു. അറിയിക്കുന്നു.

 

മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം.


 

മഴയനക്കങ്ങള്‍
പുഴയിലെ വെള്ളത്തിന് തണുപ്പേറിവരുന്നു. രാത്രിയിലെ കുളി ഒരു ദിവസത്തെ യാത്രാക്ഷീണം മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം. കേട്ടുകേട്ടിരിക്കാന്‍ എന്തുരസം. മഴയുടെ ശബ്ദം ലോകത്തെ എത്രമാത്രം മോഹിപ്പിക്കുന്നു എന്നറിയാന്‍ യൂ ട്യൂബില്‍ ‘റെയിന്‍’ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. ചെറിയ ഇടിയുടെ അകമ്പടിയോടെ പെയ്യുന്ന മഴ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരിക്കുന്നു. ഏതു പാട്ടിന്റെയും പശ്ചാത്തലത്തിലും ഈ മഴശബ്ദം കൂടി കേള്‍ക്കുന്നത് പ്രത്യേകമായ അനുഭൂതിപകരുമെന്നും പേജില്‍ അവകാശവാദമുണ്ട്. സംഗതി സത്യമാണെന്ന് കേട്ടപ്പോള്‍ ബോധ്യംവന്നിരുന്നു. പക്ഷേ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് വെര്‍ച്വല്‍ റിയാലിറ്റിയല്ല. ശരിക്കും കാട്ടില്‍ പെയ്തുവീഴുന്ന മണ്‍സൂണ്‍ മഴതന്നെയാണ്. അത് കാതോര്‍ക്കാം. കാണാം. കൈനീട്ടി തൊടാം.

കാളിന്ദി റിവര്‍ റിസോര്‍ട്ട് ഒരു പ്രതീകമാണ്. കോടികളുടെ ഇന്‍വെസ്റ്മെന്റ് ഇല്ലാതെയും ടൂറിസം ബിസിനസ് മനോഹരമായി ചെയ്യാം എന്ന് പഠിപ്പിക്കുന്ന ഒന്ന്. പുഴയോട് ചേര്‍ന്ന വെറും ഇരുപത് സെന്റ് സ്ഥലത്ത് കെട്ടിപ്പൊക്കിയ പ്രകൃതിയോടിണങ്ങുന്ന നിര്‍മ്മിതികള്‍. മഴയെയും തണുപ്പിനെയും അടുത്തറിയാന്‍ ഇതുപോലെ എത്രയെത്ര മനോഹാരമായ സങ്കേതങ്ങള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നു. കണ്ടെത്തുക എന്നതാണ് പ്രധാനം. യാത്രചെയ്യുന്നവരോടും ഡ്രെവര്‍മാരോടും ഓരോ ടൂറിസം കേന്ദത്തിലെയും സീക്രട്ട് ഹൈഡ് ഔട്ടുകളെക്കുറിച്ച് അന്വേഷിച്ചുനോക്കൂ. അറിയാതെ കിടക്കുന്ന പല താമസസൌകര്യങ്ങളും വെളിച്ചത്തുവരും.

പോക്കറ്റ് കാലിയാകാതെ താമസിച്ചു മടങ്ങാം. മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ തേടിവരുന്നവര്‍ക്ക് മാത്രം അഭയം നല്കുന്ന ഇത്തരം ചെറുകിട ലോഡ്ജുകളും റിസോര്‍ട്ടുകളും പലപ്പോഴും നക്ഷത്രഹോട്ടലുകളെക്കാള്‍ നല്ല രാത്രികള്‍ സമ്മാനിച്ചേക്കും. ഇലകളില്‍ നിന്ന് പാടുന്ന തവളയും ചീവീടും, ബെഡ്ലാംമ്പിനുചുറ്റും പാറുന്ന ഈയാമ്പാറ്റകള്‍, മുറിക്കുള്ളില്‍ ചിലപ്പോള്‍ വിരുന്നെത്തിയേക്കാവുന്ന എലികളും പല്ലികളും, ഇങ്ങനെ ചിലരെയൊക്കെ സഹിക്കാനുള്ള മനസ്സും കൂടെയുണ്ടെങ്കില്‍ ഉണര്‍ന്നിരിക്കാനും ഉറങ്ങാനും ഒരുപോലെ രസമായിരിക്കും. പെരുമഴയത്ത് കരിമ്പടം പുതച്ച് കാടിന്റെ മണവും പുഴയുടെ താരാട്ടും കേട്ട് ഉറങ്ങിയുണര്‍ന്നപ്പോള്‍ മുളങ്കുറ്റിയില്‍ ചുട്ടെടുത്ത പുട്ടും കടലയും. മഴ മനസ്സിനെ മാത്രമല്ല ആമാശത്തെയും ഉണര്‍ത്തുന്നു. തീറ്റ കഴിഞ്ഞാല്‍ മടക്കയാത്ര ആരംഭിക്കുകയായി എലാത്തവണത്തെയുംപോലെ മനസ്സും വയറും നിറഞ്ഞ്…

 

 

പിന്‍മൊഴി
മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലമാണിനിയുള്ള മൂന്ന് മാസങ്ങള്‍. കേരളടൂറിസം വകുപ്പ് ‘ഡ്രീം സീസണ്‍’ എന്ന പേരിലുള്ള കാമ്പെയിന്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയമാധ്യമങ്ങളിലെ വലിയ പരസ്യങ്ങളിലൂടെ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുന്നു. അവര്‍ക്കു മുമ്പേ പക്ഷേ പനി എത്തിക്കഴിഞ്ഞിരിക്കുന്നു. റോഡരികിലെ പ്ലാസ്റിക് കൂമ്പാരങ്ങളില്‍ നിന്ന് ഈച്ചയും കൊതുകും പറന്നുയരുന്നു.

കോഴിക്കോട്ടെ താജ് ഹോട്ടലില്‍ നിന്നും ബീച്ചിലേക്കുളള എളുപ്പവഴിയായ കസ്റ്റംസ് റോഡില്‍ ഇരുവശവും നിറഞ്ഞുനില്‍ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സഞ്ചാരികള്‍ക്ക് കൃത്യമായ സന്ദേശം നല്കുന്നു. സീസണ്‍ മാത്രമാണ് സ്വപ്നസമാനമായത്. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ക്കുമാത്രം ഉത്തരവാദപ്പെട്ടതാണ്. കടല്‍ത്തീരത്ത് ടൈലുകള്‍പാകാനും വിളക്കുകാലുകള്‍ സ്ഥാപിക്കാനും മാത്രമാണ് ഫണ്ടുള്ളത്. ക്ലീനിങ്ങിന് ഫണ്ടോ പദ്ധതികളോ ഇല്ല! മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കുപ്പത്തൊട്ടികളില്ല! തീരത്ത് അടിഞ്ഞുകൂടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടുത്ത സുനാമി വരട്ടേ എന്നാവും അധികാരികളുടെ പ്രാര്‍ത്ഥന… സുനാമിക്കാണല്ലോ ഫണ്ടുള്ളത്!

കാര്‍ ആദ്യം പോകണമെന്ന് ആരു പറഞ്ഞു ?

സ്കൂള്‍ യൂണിഫോമിട്ട് പെണ്‍കൂട്ടങ്ങളുടെ പേച്ചുകള്‍ക്കിടയില്‍ സൈക്കിള്‍ ബെല്ലും കിളിനാദമാകുന്നു. ജയാമ്മ കൊടുത്ത ഫ്രീ സൈക്കിളുകള്‍ക്കെല്ലാം ഒരേ നിറവും രൂപവുമാണ്. വോട്ടുകിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും സൈക്കിള്‍ വിതരണം നല്ല കാര്യമായിരുന്നുവെന്ന് അതിനുമുകളിലെ വെളുത്ത ചിരികളുടെ തിളക്കം കാണുമ്പോള്‍ തോന്നുന്നു…. മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ കരുണാനിധി കൊടുത്ത ടി വി സെറ്റ് ലോകത്തെ വീട്ടുമുറിയിലേക്കെത്തിച്ചപ്പോല്‍ ജയലളിത പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറംലോകത്തേക്കിറക്കിയിരിക്കുന്നു. ക്ളാസ് മുറികളില്‍ നിന്ന് കുടുസ്സുവീടുകളിലേക്കും അടുക്കളജോലികളിലേക്കും ചേക്കേറുന്നതിനുമുന്‍പുള്ള പെണ്‍കുളൈന്തകളുടെ സ്വാതന്ത്യ്രപ്രഖ്യാപനം. – പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 


മൂന്ന് ചക്രമുളള ഒരു സൈക്കിളില്‍ നിന്ന് തുടങ്ങി… എന്റെ പരസഹായമില്ലാതെയുള്ള യാത്രകളെക്കുറിച്ച് അങ്ങനെ എഴുതിത്തുടങ്ങുന്നതാണ് നല്ലത്. നടക്കാന്‍ മര്യാദയ്ക്ക് പഠിക്കുന്നതിനുമുന്‍പ് കാലൂകൊണ്ട് നിലത്തൂന്നി മുന്നോട്ട് തള്ളിവിട്ട സഞ്ചാരസഹായി. ചുവന്ന നിറമായിരുന്നു അതിന്. കറുപ്പിന്റെയും വെളുപ്പിന്റെയും പകിട്ട് പങ്കിട്ടെടുത്ത വില്ലുവെച്ച ചക്രങ്ങള്‍. അതിലൊന്ന് പത്തുകൊല്ലം മുന്‍പുവരെ വിറകുപുരയുടെ കോണുകളിലെവിടെയോ കണ്ടിരുന്നു. ആദ്യത്തെ ടയര്‍! നൊസ്റ്റാള്‍ജിയ അന്ന് തലപൊക്കിത്തുടങ്ങിയിട്ടില്ല. അതും പിന്നീടെപ്പോഴെങ്കിലും അണ്ണാച്ചിമാരുടെ ചാക്കില്‍കയറി യാത്രപോയിട്ടുണ്ടാവും പഴയ ഇരുമ്പിന്റെയും ചുളുങ്ങിയ പാത്രങ്ങളുടെയും കൂടെ!

ഒന്‍പതാംക്ളാസുവരെ കാത്തിരിക്കേണ്ടിവന്നു അടുത്ത അവതാരത്തിനായി. അന്ന്് വന്നുചേര്‍ന്നവനും ചുവപ്പിന്റെ പളപ്പുണ്ടായിരുന്നു. ചക്രങ്ങളുടെ നിലത്തുതട്ടാത്ത വശങ്ങളില്‍ വെളുപ്പിന്റെ ബെല്‍റ്റ് ധരിച്ച സുന്ദരനൊരു ബി എസ് എ എ സൈക്കിള്‍. മുച്ചക്ര സൈക്കിളിന്റെ സഞ്ചാരപരിധി വീട്ടുമുറ്റവും അര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇടവഴികളുമായിരുന്നുവെങ്കില്‍ പുതിയ സുഹൃത്ത് നാട്ടിന്‍പുറത്തും സ്കൂള്‍ ഗ്രൌണ്ടിലും അങ്ങാടിയിലും എല്ലാം ഓടിയെത്തി ബൈല്ലിന്റെ ശബ്ദം കേള്‍പ്പിച്ചു. കയറ്റം നിന്നുചവിട്ടിയും ഇറക്കങ്ങള്‍ മോട്ടോര്‍സൈക്കിളില്‍ പോകുന്ന ചേട്ടന്‍മാരെ അനുകരിച്ച് അനായാസം ഊര്‍ന്നിറങ്ങിയും ഗ്രാമഭംഗികള്‍ മുഴുവന്‍ കണ്ടു.

ഇന്നിപ്പോള്‍ നഗരത്തിരക്കില്‍ കാറുമായി കുത്തിത്തിരക്കുമ്പോള്‍ ഇടതുവശത്തുകൂടി ഫൂട്പാത്തിന്റെ കഷ്ണം അപഹരിച്ചുകൊണ്ട് ഊളിയിട്ടുപോകുന്ന സൈക്കിളുകള്‍ എന്ന മോഹിപ്പിക്കുന്നത് ആദ്യത്തെ വാഹനസൃഹുത്തുക്കളുടെ നിറവും മണവും മനസ്സിലവശേഷിക്കുന്നതിനാലാവാം. ഓര്‍മ്മകളിലെവിടെയോ സൈക്കിള്‍ ബെല്ലിന്റെ ശബദം കേട്ട് തിരിയുന്ന കരിമഷിയിട്ട രണ്ടു കണ്ണുകള്‍ തങ്ങിനില്ക്കുന്നതിനാലുമാകാം….

സ്ിഗ്നല്‍ പച്ചയായിരിക്കുന്നു. റോഡ് മുറിച്ചുകടക്കുന്ന അവസാനത്തെ സൈക്കിളുകാരന്‍ വേവലാതിപിടിച്ച കുതിപ്പിലാണ്. ആദ്യം പാഞ്ഞുപോയ കാറില്‍ നിന്ന് ആരോ തെറിയുടെ ഒരു കഷ്ണം അവന്റെ വിയര്‍ത്ത ശരീരത്തിലേക്ക് തെറിപ്പിച്ചു. വാഹനങ്ങളുടെ ഒഴുക്കിനൊപ്പം നീങ്ങുകയാണ് എന്റെ തൂവെള്ള രഥം. ആക്സിലേറ്റര്‍ കാലമര്‍ത്തി. ഇനി ഒരു പതിനഞ്ച് മിനിറ്റ് അതുകഴിഞ്ഞാല്‍ നഗരത്തിരക്കില്‍ നിന്ന് പുറത്തുകടക്കാം. പച്ചപ്പാടത്തിന്റെ ആദ്യത്തെ കഷ്ണം വിന്‍ഡ് സ്്ക്രീനിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ സൈഡ് ഗ്ളാസുകള്‍താഴ്ത്തി എ സിയ്ക്ക് വിശ്രമം നല്കാം. യാത്രകളില്‍ അപ്പോള്‍ മുതല്‍ പുറംലോകം നേരിട്ട് കയറിവരികയാണ്, കാറ്റായി…. മണമായി…. പകലിന്റെ ഇളം ചൂടായി…. രാത്രിയുടെ നേര്‍ത്ത തണുപ്പായി….


പാലക്കാടിന്റെ അതിര്‍ത്തികളില്‍ തമിഴ് മണക്കാന്‍ തുടങ്ങുമ്പോഴേക്കും റോഡില്‍ മണിനാദവുമായി അവര്‍ കൂട്ടംകൂട്ടമായി പ്രത്യക്ഷപ്പെട്ടുതുടങ്ങും. ആണും പെണ്ണും കുട്ടികളും വൃദ്ധരും എല്ലാവരുമുണ്ട് സൈക്കിളുകളില്‍. ഇരുചക്രങ്ങളിലെ ഇരുകാലികള്‍!

സ്കൂള്‍ യൂണിഫോമിട്ട് പെണ്‍കൂട്ടങ്ങളുടെ പേച്ചുകള്‍ക്കിടയില്‍ സൈക്കിള്‍ ബെല്ലും കിളിനാദമാകുന്നു. ജയാമ്മ കൊടുത്ത ഫ്രീ സൈക്കിളുകള്‍ക്കെല്ലാം ഒരേ നിറവും രൂപവുമാണ്. വോട്ടുകിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും സൈക്കിള്‍ വിതരണം നല്ല കാര്യമായിരുന്നുവെന്ന് അതിനുമുകളിലെ വെളുത്ത ചിരികളുടെ തിളക്കം കാണുമ്പോള്‍ തോന്നുന്നു…. മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ കരുണാനിധി കൊടുത്ത ടി വി സെറ്റ് ലോകത്തെ വീട്ടുമുറിയിലേക്കെത്തിച്ചപ്പോല്‍ ജയലളിത പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറംലോകത്തേക്കിറക്കിയിരിക്കുന്നു. ക്ളാസ് മുറികളില്‍ നിന്ന് കുടുസ്സുവീടുകളിലേക്കും അടുക്കളജോലികളിലേക്കും ചേക്കേറുന്നതിനുമുന്‍പുള്ള പെണ്‍കുളൈന്തകളുടെ സ്വാതന്ത്യ്രപ്രഖ്യാപനം.

പച്ചക്കറിത്തോട്ടത്തിനുനടുവിലൂടെയുള്ള ഇടവഴികളില്‍ ഇനി അവര്‍ക്ക് അരമണിക്കൂര്‍ കൂടൂതല്‍ സംസാരിച്ചുനില്‍ക്കാം. കൂട്ടുകാരികളുടെ വീടുകളിലേക്ക് സന്ദര്‍ശനം നടത്താം…. പ്രണയം കത്തുന്ന നോട്ടങ്ങളെ തോട്ടങ്ങള്‍ക്കു നടുവിലെ ഏറുമാടങ്ങളില്‍ നിന്ന് ബെല്ലടിച്ച് ക്ഷണിക്കാം….

സൈക്കിളില്‍ നിന്ന് ഇറങ്ങി നിന്ന് അവള്‍ കാറിന് വഴിയൊരുക്കി. വീട്ടുസാധനങ്ങള്‍ നിറച്ച സഞ്ചി സ്കൂള്‍ ബാഗിനൊപ്പം ഹാന്‍ഡിലില്‍ തൂക്കിയിട്ടിരിക്കുന്നു. പത്തുവയസുകാരിയുടെ നാണം.

‘കാറാണ് ആദ്യം കടന്നുപോകേണ്ടതെന്ന് നിന്നോട് ആരു പറഞ്ഞു.?’

അവള്‍ക്കറിയില്ല!….

‘കാറല്ലേ പോകേണ്ടത് ?’ അവളുടെ മറുചോദ്യം.

‘അല്ല സൈക്കിള്‍..’.

ഞങ്ങള്‍ തര്‍ക്കിക്കാനുള്ള മൂഡിലായിരുന്നു. പിന്നെയും പൊഴിയുന്നു കറുപ്പിനഴകില്‍നിന്ന് വെളുത്ത ചിരി.

അവള്‍ കീഴടങ്ങി. സൈക്കിള്‍ ഞങ്ങള്‍ക്കുമുമ്പേ ഉരുണ്ട് നാട്ടിടവഴിയില്‍ കൈവീശി മറഞ്ഞു.

ഉമ്പായിയുടെ സ്വരം കാര്‍ സ്റീരിയോയില്‍ ഗസലായി ഒഴുകിത്തുടങ്ങി….

‘മധുരമേ… നിന്‍ മുഖം, മഞ്ഞുകാലത്തിലെ ഇളവെയിലില്‍… കാട്ടു പൂ പോലെ…..’

പിന്‍മൊഴി-

സിഗ്നലുകളില്‍ കുടുങ്ങിക്കിടമ്പോള്‍ എപ്പോഴും കണ്ണുടക്കുന്നത് സൈക്കിളുകളിലാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഏറെ പുച്ഛം തോന്നുന്ന വിധമാണ് നമ്മുടെ നഗരങ്ങളില്‍ അവയുടെ യാത്ര. കാല്‍നടക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരേ പോലെ ശല്യക്കാര്‍ എന്ന പൊതുധാരണയുമുണ്ട്. ശബ്ദവും മലിനീകരണവും ഇല്ലാതെ, ഇന്ധനം കത്തിച്ച് പുകയ്ക്കാതെ നിശബ്ദമായി ഒഴുകുന്ന സൈക്കിളുകള്‍ക്ക് നഗരത്തിലെ നിരത്തുകളില്‍ ഇടം കിട്ടുക ഇനിയെന്നാണ്? നാടും നഗരവും ഒരു ചങ്ങലയില്‍ കോര്‍ക്കപ്പെട്ട സ്ഥിതിയ്ക്ക് കേരളത്തില്‍ ആ സ്വ്പ്നങ്ങള്‍ക്ക് ഇനി വലിയ സാധ്യതയുണ്ടോ? വീതിയേറിയ റോഡുകള്‍ എന്ന ആവശ്യം റോഡരുകിലെ പോള്ളുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യവുമായി യുദ്ധത്തിലാണ്. കാറുകള്‍ക്ക് വേഗമേറിയ പാത. അതുമാത്രമാണ് ജനങ്ങളുടെ ആവശ്യമെന്ന രീതിയിലാണ് അധികാരികളും റോഡുകളെ സമീപിക്കുന്നത്. കാല്‍നടക്കാര്‍, സൈക്കിളുകള്‍, ഇല്ക്ട്രിക ബൈക്കുകള്‍ ഇവയ്ക്കുള്ള ട്രാക്കുകള്‍, പൊതു ഗതാഗത സമ്പദായത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് അനായാസം കയറിയിറങ്ങിപ്പോകാന്‍ സാധിക്കുന്ന ബസ് ബേകള്‍, ബസ് ട്രാക്കുകള്‍ ഇതൊന്നും റോഡുകളുടെ രൂപകല്‍പനയിലോ പുനരുദ്ധാരണവേളകളിലോ ഡിസൈനില്‍ ഇടം പിടിക്കുന്നില്ല.

കേരളത്തില്‍ നിലവിലുള്ള പത്ത് വണ്‍വേ റോഡുകളിലെങ്കിലും സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ സൌകര്യമുണ്ട്. ഏറെയൊന്നും സ്ഥലം വേണ്ട വെറും മഹാബലി ചോദിച്ചപോലെ വെറും മൂന്നടി… റോഡുകള്‍ സൈക്കിളുകള്‍ക്കുകൂടിയുള്ളതാണെന്ന് സ്റിയറിംഗ് വീലിനുപിറകിലിരിക്കുന്ന ധൃതിപിടിച്ച മനുഷ്യരെ ഓര്‍മ്മപ്പെടുത്താനായി മാത്രം!

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

‘ആനന്ദത്തിന്‍റെ നാട്ടില്‍’ പക്ഷേ, ജ്വലിക്കുന്ന ലിംഗം ‘നോക്കല്ലേടാ കരിങ്കണ്ണാ’ എന്ന് ചൊടിച്ചുകൊണ്ട് എവിടെയും കാണാനായില്ല. ഭൂട്ടാന്‍ സംസ്കാരം അതേപടി നിലനിര്‍ത്താന്‍ രാജ്യം പാടുപെടുന്നുണ്ടെങ്കിലും തീര്‍ത്തും ‘ഗ്ലോബല്‍’ ആയിക്കൊണ്ടിരിക്കുന്ന തിമ്പു നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും കവാടങ്ങളില്‍ നിന്നും ഉദ്ധൃതലിംഗങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണത്രേ. ടൂറിസ്റുകളടക്കം തിമ്പുവിലെത്തുന്ന വിദേശികള്‍ക്ക് ഇവ പലപ്പോഴും ഒരു കൌതുകത്തേക്കാളേറെ നാണം കലര്‍ന്ന ഒരു അവജ്ഞ ഉണ്ടാക്കുന്നുവെന്നാണ് പരാതി ഒരു സിവിലൈസ്ഡ് ഷോക്ക്- ക്യാമറ കൊണ്ടും വാക്കു കൊണ്ടും ഒരാള്‍ ഒരു ദേശത്തെ പകര്‍ത്തിയ വിധം. മാധ്യമ പ്രവര്‍ത്തകനായ കെ. ആര്‍ രണ്‍ജിത്തിന്റെഭൂട്ടാന്‍ യാത്രാനുഭവം.

 

 

ഇടവഴിയിലെ ഇരുട്ടില്‍, വളവിലും തിരിവിലും പിശാചുക്കള്‍ പതിഞ്ഞുനില്‍പ്പുണ്ടാവും. സൈക്കിളില്‍ ചാരി, ബീഡിയുണ്ടോ സഖാവെ…ചുണ്ണാമ്പുണ്ടോ എന്നൊക്കെ ചോദിച്ച്. പേടിക്കരുത്. മിണ്ടാന്‍ നില്‍ക്കരുത്, ഒറ്റനടത്തം വെച്ചുകൊടുക്കണം, തിരിഞ്ഞുനോക്കരുത്… ഇരുട്ടുവീണുകഴിഞ്ഞാല്‍ ഈ പേടികളോടൊപ്പമായിരുന്നു കുട്ടിക്കാലത്തെ നടത്തം.

ഭൂട്ടാന്‍ തലസ്ഥാനം തിമ്പുവിലെ ടാന്‍ഡിന്‍ ഹോട്ടലില്‍, കട്ടിക്കമ്പളങ്ങള്‍ക്കിടയില്‍ ചുരുണ്ടുകൂടുമ്പോള്‍ ചുമരില്‍ തീതുപ്പുന്ന വ്യാളികള്‍, ചുവന്ന ചുരുളന്‍ നാക്കും ചുരുണ്ട കണ്‍പീലികളുമുള്ള പുള്ളിപ്പുലികളും സിംഹങ്ങളും… ശീതം പുതച്ചുറങ്ങിയ രാത്രികളില്‍ ഞെട്ടിയുണരുമ്പോള്‍ നാക്കുനീട്ടി, കണ്ണുചുവപ്പിച്ച് ചുറ്റും വ്യാളികള്‍…

മരണശേഷം, സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നുപൊങ്ങുമ്പോള്‍ നിങ്ങള്‍ സമ്പൂര്‍ണ ധ്യാനത്തിലായിരിക്കും. വഴിതെറ്റിക്കാനും ഭയപ്പെടുത്താനും വഴിനീളെ പിശാചുക്കള്‍ പലരൂപങ്ങളില്‍ വന്നുനില്‍പ്പുണ്ടാവും. ഭയന്ന് ധ്യാനം മുറിഞ്ഞാല്‍ പിന്നെ സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയില്‍ വഴിതെറ്റിയ ഉപഗ്രഹങ്ങളെപ്പോലെ കിടന്ന് കറങ്ങേണ്ടി വരും… ഒരു മുന്‍കരുതലെന്നോണം വ്യാളികളെയും ഭീകരജീവികളേയും കണ്ട് ശീലിക്കുന്നത് സ്വര്‍ഗ്ഗയാത്രയില്‍ പ്രയോജനപ്പെടും…ഒരു മനക്കട്ടിക്ക്! ബുദ്ധന്‍റെയും ആദിവാസി അനുഷ്ഠാനങ്ങളുടെയും ‘exotic’ സങ്കരമായ ഭൂട്ടാന്റെ വിശ്വാസം ഇതാണ്.

 

കെ.ആര്‍ രണ്‍ജിത്ത്

 

ഉന്മാദിയായ വിശുദ്ധന്‍
വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

‘ആനന്ദത്തിന്‍റെ നാട്ടില്‍’ പക്ഷേ, ജ്വലിക്കുന്ന ലിംഗം ‘നോക്കല്ലേടാ കരിങ്കണ്ണാ’ എന്ന് ചൊടിച്ചുകൊണ്ട് എവിടെയും കാണാനായില്ല. ഭൂട്ടാന്‍ സംസ്കാരം അതേപടി നിലനിര്‍ത്താന്‍ രാജ്യം പാടുപെടുന്നുണ്ടെങ്കിലും തീര്‍ത്തും ‘ഗ്ലോബല്‍’ ആയിക്കൊണ്ടിരിക്കുന്ന തിമ്പു നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും കവാടങ്ങളില്‍ നിന്നും ഉദ്ധൃതലിംഗങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണത്രേ. ടൂറിസ്റുകളടക്കം തിമ്പുവിലെത്തുന്ന വിദേശികള്‍ക്ക് ഇവ പലപ്പോഴും ഒരു കൌതുകത്തേക്കാളേറെ നാണം കലര്‍ന്ന ഒരു അവജ്ഞ ഉണ്ടാക്കുന്നുവെന്നാണ് പരാതി ഒരു സിവിലൈസ്ഡ് ഷോക്ക്!

പക്ഷേ, ധ്യാനലീനമായ കണ്ണുകളോടെ, പ്രേമപൂര്‍ണതയില്‍ കൂമ്പിയ നീണ്ട സ്ത്രെണമായ കൈവിരലുകളോടെ നഗ്നായായകാമുകിയെ പുണര്‍ന്ന്, പത്മാസനത്തില്‍ സുരതധ്യാനം പൂണ്ടിരിക്കുന്ന ബുദ്ധരൂപം പല തവണ കണ്ടു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും നിറഞ്ഞിട്ടും തുളുമ്പാത്ത ആനന്ദത്തിന്‍റെ പൂര്‍ണതയില്‍ ആ ചിത്രം ഉള്ളില്‍ അസൂയ പടര്‍ത്തി.

 

എബിയും ഷാരണും മഞ്ഞും

 

വസന്തം അകലെയായിരുന്നു
തലസ്ഥാനമായ തിമ്പു നഗരത്തിന്‍റെ തെരുവുകളില്‍ എണ്ണയില്‍ വറുക്കുന്ന ഉണക്കയിറച്ചിയുടെ ഗന്ധം. മാസങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കുമ്പോള്‍ തങ്ങിനില്‍ക്കുന്നത് ഈ മണമാണ്. മഞ്ഞുകാലത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഭൂട്ടാന്‍. നവംബറിന്റെ തുടക്കം.
ആപ്പിള്‍ മരങ്ങളില്‍ ഉണങ്ങിക്കരിഞ്ഞ, ആര്‍ക്കും വേണ്ടാത്ത പഴങ്ങള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. വാല്‍നട്ട് മരങ്ങള്‍ കായ്പൊഴിച്ചുകഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വിലകൂടിയ നെല്ല് വിളയുന്ന പാരോയിലെ പാടങ്ങള്‍ തരിശിട്ടിരിക്കുകയായിരുന്നു.

അന്ന്, ശീതം തോടുപൊട്ടിച്ച് വിരിയുന്നേയുണ്ടായിരുന്നുള്ളൂ. പുതമഞ്ഞില്‍ ഹിമാലയന്‍ ഗ്രാമങ്ങള്‍ ചുരുണ്ടുകൂടാന്‍ പിന്നെയും ദിവസങ്ങള്‍ ബാക്കിയുണ്ടായിരുന്നു. പന്നിയിറച്ചി പടവാളുപോലെ നീട്ടിച്ചീന്തി ഉണക്കിയെടുത്ത് സൂക്ഷിക്കുന്ന കാലം. ചിത്രങ്ങള്‍ വരഞ്ഞ മരജനാലകള്‍ക്കുമീതെ പഴുത്ത മുളകുമാലകളും ചീരയിലകളും പിന്നിക്കെട്ടി ഉണക്കാനിട്ടിരുന്നു. ശീതകാലത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു നഗരം.

വസന്തം അകലെയായിരുന്നു, മഞ്ഞും. എങ്കിലും തൊലിതുളച്ചുകയറാന്‍ മാത്രം തണുപ്പുണ്ടായിരുന്നു സന്ധ്യകള്‍ക്ക്. ഇരുട്ടുവീഴുന്നതോടെ ബാറുകള്‍ സജീവമാകുന്നു. ചായക്കടകളേക്കാള്‍ ബാറുകളുണ്ട് ഇവിടെ. മദ്യം – ഇ പി ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഹാരത്തിന്റെ ഭാഗമാണ്. ഒരു ‘പന്ന’ച്ചായ കുടിക്കണമെങ്കില്‍ പത്ത് രൂപ ചെലവാക്കണം. നല്ല മദ്യം വെറും അഞ്ച് രൂപയ്ക്കും കിട്ടും.

 

എബിയുടെ മര വീടിനരികെ വസന്തമെത്തിയപ്പോള്‍

 

മരങ്ങളിലെല്ലാം വസന്തം
എബിയുടെ മരവീട്ടില്‍ ഒരു രാത്രി തങ്ങി. മലമുകളില്‍ കാടിന്‍റെ ഓരത്തായി സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു വീട്. മരച്ചുവരുകള്‍ക്കിടയില്‍ തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. ചുവരിനുപുറത്ത് കാട്ടുകടന്നലുകളുടെ ഡിസൈനര്‍ കൂടാരവും. വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വിറ്റ്സര്‍ലാന്റുകാരിയായ വീട്ടുടമയ്ക്ക് ഒറ്റ ഡിമാന്‍റേ ഉണ്ടായിരുന്നുള്ളൂ. തേനീച്ചകളെ കൊല്ലരുത്, കടന്നലുകളെക്കുറിച്ച് പരാതി പറയരുത്! പക്ഷേ, ദുര്‍ബലമായ കമ്പിവേലി കടന്നെത്തി അരുമകളായ പട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന പുള്ളിപ്പുലിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല.

മരവീടിന്റെ ജനാലയ്ക്കപ്പുറം ചെറിമരങ്ങള്‍ പൂത്തതായി ഷാരോണ്‍ ഫേസ്ബുക്കിലെഴുതി. വീട്ടുമുറ്റത്തെ വാല്‍നട്ട് മരത്തേയും ചവിട്ടുപടിക്കടുത്ത് നില്‍ക്കുന്ന ആപ്പിള്‍ മരത്തേയും സ്വിസ് മദാമ്മയുടെ തക്കാളിത്തോട്ടത്തെക്കുറിച്ചും ചോദിക്കാതിരിക്കാനായില്ല. (ഭൂട്ടാനിലെ മുഴുവന്‍ തക്കാളിഇനങ്ങളും പാകിമുളപ്പിച്ച് പഴുപ്പിച്ച് വിത്തെടുത്ത് സൂക്ഷിക്കുകയാണ് ആ സ്ത്രീ. ബി.ടിയും ഹൈബ്രിഡും തക്കാളിയുടെ രൂപത്തില്‍ വരുന്ന കാലത്തെ നേരിടാന്‍ കരളുറപ്പുള്ള നാടന്‍ വിത്തുകള്‍ ശേഖരിച്ചുവെയ്ക്കുകയാണ് അവര്‍.)

കിവിമരത്തില്‍ കായ്പിടിച്ചോ.?
മരങ്ങളിലെല്ലാം വസന്തം വന്നുകഴിഞ്ഞുവെന്ന് മറുപടി.
“പക്ഷേ, ബാബ്ല (പട്ടിക്കുഞ്ഞ്)യെ കാണുന്നില്ല.”

മീശരോമങ്ങളിലെ മഞ്ഞുകണങ്ങള്‍ കുടഞ്ഞുകളഞ്ഞ് ചുരുളന്‍ നാക്കും പിരിയന്‍ കണ്‍പീലികളുമുള്ള വ്യാളി ബാബ്ലയെയും കൊണ്ട് കടന്നുകളഞ്ഞിട്ടുണ്ടാവണം.

 

രണ്‍ജിത്ത് പകര്‍ത്തിയ ഭൂട്ടാന്‍

 

 

Buddhists make a beautiful blend of the two most primary inventions of human race- the wheel and God. Prayer wheels,made of wood and covered with metal sheets with Buddhist mantras etched in, are a common at public places of Bhutan. These wheels set the rhythm of the happy, slow paced life of the Himalayan nation.

 

 

Winter was round the corner. The restaurant in Tandin Hotel, Thimphu sported a wide beautiful window painted yellow with autumn vines.

 

 

TEMPLE OF THE NEWBORN

 

 

Farmers' Market, Thimphu

 

 

This colourful woolen decorative is another means to ward off evil. A scene from the temple in Thimphu where devotees pray for the wellness of their new born. The deity of this temple is considered the guardian Budha of all children born in the valley and the new born is brought here to be 'christened' and each child is named Tandin!

 

 

FLYING ROOFS: Taj Hotel, Thimphu

 

 

FLYING ROOFS - TAJ HOTEL THIMPHU

 

 

DRAGON HOME

 

 

Red Rice valleys of Paro, the airport district of Bhutan. Fed by glacial rivers, the fertile valley rich in minerals traditionally grows one of the most expensive rice varieties.

 

 

വിട, കശ്മീരമേ

സഹീറിനോട് വെറുതെ ചോദിച്ചു, കശ്മീരിന് മമത പാകിസ്ഥാനോടോ ഇന്ത്യയോടോ?’
‘എന്ത് മമത! ഞങ്ങള്‍ക്ക് ആരോടും മമതയില്ല. ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.’-ഫിലോസഫിയുടെ ആഴങ്ങള്‍ കണ്ട ഒരാളുടെ സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.
‘തീവ്രവാദത്തിന്റെ, മതത്തിന്റെ ഒക്കെ പേരില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സ്വൈര്യ ജീവിതമാണ്. കശ്മീരിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം കുറവാണ്. ദാരിദ്യ്രം കൂടുതലും. പലരുടെയും രാഷ്ട്രീയ താല്പര്യങ്ങളാണ് എല്ലാത്തിനും കാരണം. ഇവിടെ എത്തുന്ന ഓരോ ടൂറിസ്റിന്റെയും കണ്ണിലെ ഭയം ഞങ്ങള്‍ ദിവസേന കാണുന്നതാണ്. ഇന്ത്യാക്കാരിയായിരുന്നിട്ടു കൂടി നിങ്ങളുടെ കണ്ണിലുമുണ്ട് ഭയം. ‘-അയാള്‍ തുടര്‍ന്നു.
മറുപടിയുണ്ടായിരുന്നില്ല, ഒന്നിനും.അയാളുടെ സംസാരം ദാര്‍ശനികമല്ല. ജീവിതമാണ് അതില്‍ നിറയെ. ജീവിതത്തിന്റെ കാഠിന്യമാണ് അയളുടെ സംസാരത്തിലെ ആഴം. അതു തന്നെയാണ് അയാളുടെ ദര്‍ശനവും. ജീവിതം! ഓരോ കരകളിലും അതിനെന്തെന്ത് മാറ്റങ്ങള്‍-ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രകുറിപ്പ് അവസാന ഭാഗം.ചിത്രങ്ങള്‍: ജസ് ലിന്‍

 

 

ഞെട്ടിക്കുന്നൊരു വാര്‍ത്തയുടെ ആഘാതത്തിലാണ് ഞാന്‍. നെഞ്ചില്‍ ഭീതിയുടെ കനം. കണ്ണുകളില്‍, മരണത്തിന്റെ മഞ്ഞുപടലങ്ങള്‍ കടന്നു പോയതിന്റെ ആശ്വാസം. കശ്മീര്‍ യാത്രയുടെ അവസാന ഭാഗത്തിന് മരണത്തിന്റെയും രക്ഷപ്പെടലിന്റെയും മരവിപ്പിക്കുന്ന തുടക്കം.

ഇപ്പോള്‍ കണ്ടതേയുള്ളൂ ഞാനാ വാര്‍ത്ത. ഇതെഴുതാനിരിക്കുന്നതിന്റെ കുറച്ചു മുമ്പ്. വാര്‍ത്തയില്‍ കശ്മീരാണ്. സോനാമാര്‍ഗാണ്. അവിടെ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ ഒമ്പതു പേരെ ഹെലികോപ്റ്ററുകളില്‍ സൈന്യം രക്ഷപ്പെടുത്തി. അതേ സ്ഥലത്ത് കഴിഞ്ഞ ദിവസം 17 സൈനികര്‍ മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ട വാര്‍ത്ത അതിനൊപ്പം. കനത്ത മഞ്ഞിടിച്ചിലിലും ശൈത്യത്തിലും പ്രദേശമാകെ ഒറ്റപ്പെട്ടുപോയെന്നും സോനാമാര്‍ഗിലേക്കുള്ള വഴികളില്‍ പലരും കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായും രക്ഷാപ്രവര്‍ത്തനം അസാധ്യമായ അവസ്ഥയാണെന്നും വാര്‍ത്ത പറയുന്നു.
ദൈവമേ,സോനാമാര്‍ഗ്!

ജസ് ലിന്‍ ജെയ്സന്‍

കശ്മീര്‍ യാത്രക്കുറിപ്പിന്റെ കഴിഞ്ഞ ഭാഗം മുഴുവന്‍ സോനാ മാര്‍ഗായിരുന്നു. ഏറെ ആശിച്ചിട്ടും അതിനടുത്തുചെന്ന് മടങ്ങിവരേണ്ടി വന്നതിന്റെ നിശãബ്ദ വിലാപം. മലയിറങ്ങേണ്ടി വന്നതിന്റെ വേദനാഭരിതമായ പറച്ചിലുകള്‍. സ്വര്‍ണഛായയുള്ള സായാഹ്നങ്ങള്‍ മഞ്ഞിന്‍വെളുപ്പിനാല്‍ മൂടിയ ആ വഴികളിലൂടെ ഞാന്‍ തിരിച്ചു നടന്നിട്ട് കഷ്ടിച്ച് ഇത്തിരി നാളുകളേ ആവുന്നുള്ളൂ. ആ വഴികളില്‍ നിറയെ ഇപ്പോള്‍ മരണമാണ്. തണുത്തു വിറങ്ങലിച്ചുള്ള മരണങ്ങള്‍. ശൈത്യംകൊണ്ട് മുറിവേറ്റാണ് ആ 17 സൈനികര്‍ മരണത്തിലേക്ക് മറിഞ്ഞുവീണത്. മരണത്തിന്റെ തണുവിരലുകളില്‍നിന്നാണ് ആ ഒമ്പതു മനുഷ്യര്‍ കോപ്റ്റര്‍ കൈകളിലുടെ ജീവിതത്തിലേക്ക് പറന്നുകയറിയത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണത്രെ ഇത്ര വലിയ ദുരന്തം.
എന്റെ യാത്ര ഇത്തിരി കൂടി വൈകിയെങ്കില്‍…
ഈ ദുരന്തം ഇത്തിരിനേരത്തായിരുന്നെങ്കില്‍…

ഓര്‍ക്കുന്തോറും അരിച്ചു കയറുന്നു, ഭയം. പിടിച്ചു വലിക്കുന്നു, തണുപ്പു പുതച്ച ആ വഴികളുടെ ഓര്‍മ്മ. യാത്രയോടുള്ള ഭ്രാന്ത് മൂത്ത് അപകടത്തിലേക്ക് നടന്നുപോയ ഒരുത്തിയുടെ വിധി ആയേ ലോകമതിനെ വായിക്കൂ. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളമതു മാത്രമല്ല. ലോകത്തിന്റെ എണ്ണമറ്റ കാഴ്ചകളില്‍നിന്നുള്ള പതനമാണ് ആ മരണം. കാണാതെ ബാക്കിയാവുന്ന അനേകം ദേശങ്ങളിലേക്ക് പാഞ്ഞുചെല്ലാനുള്ള ഉന്‍മാദം കലര്‍ന്ന ആഗ്രഹങ്ങളില്‍നിന്ന് അസമയത്തുള്ള അറ്റു വീഴല്‍. പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ട ഒരുവളെപ്പോലെ ഞാന്‍ വേച്ചുപോവുന്നു.
ക്ഷമിക്കുക. ഭയംകലര്‍ന്ന എന്റെ വെളിപാടുകള്‍ക്കുള്ള ഇടമല്ല ഇത്. യാത്രാ കുറിപ്പാണ്. ഞാനത് മറന്നു. അതിനാല്‍, മൂന്നാം ദിവസത്തെ കശ്മീരിലേക്ക് ഞാനെന്റെ വാക്കുകളെ തിരിച്ചുവെക്കുന്നു.

 

 

പഹല്‍ഗാമിലെ കുങ്കുമപ്പാടങ്ങള്‍
കാലത്തെ പുറപ്പെട്ടു. പഹല്‍ഗാമാണ് ലക്ഷ്യം. ശ്രീനഗറില്‍നിന്ന് 95 കി.മീറ്റര്‍ അകലെ. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പ് അവിടെവിടെയോ ആണെന്ന് കേട്ടിട്ടുണ്ട്. നഗരാതിര്‍ത്തി കടന്നതും വഴിയരികില്‍ ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു ”World’s finest Safron ‘. ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂ. ഇവിടം മുഴുവന്‍ അതിന്റെ പാടങ്ങളാണ്. ഹിന്ദി സിനിമയിലെ അതിമനോഹര ഗാനങ്ങളില്‍ പലതിന്റെയും പശ്ചാത്തലം കുങ്കുമപ്പാടങ്ങളാണ്. പണ്ടേയുണ്ടായിരുന്നു, കുങ്കുമപ്പാടം കാണണമെന്ന ആഗ്രഹം. ഇപ്പോഴിതാ കുങ്കുമപ്പാടങ്ങള്‍ മുന്നില്‍.
എന്നാല്‍, മുന്നില്‍ കണ്ടത് വെറും ശൂന്യത. വെളുപ്പ്. ‘ശൈത്യകാലത്ത് പാടങ്ങള്‍ മുഴവന്‍ മഞ്ഞിനടിയിലാവും’^എന്റെ സംശയം മനസ്സിലാക്കിയിട്ടെന്ന പോലെ ഷൌക്കത്ത് പറഞ്ഞു.

ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞു കാണും. ചുറ്റിലും അതേ മഞ്ഞു പാടങ്ങള്‍. വെളുപ്പു തേച്ച ആ മഞ്ഞു പാളികള്‍ക്കടിയില്‍ നിറങ്ങളുടെ ഒരു കടല്‍ ഉറങ്ങിക്കിടക്കുന്നത് ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു.
‘സംഗം എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ?’-പൊടുന്നനെ ഷൌക്കത്തിന്റെ ചോദ്യമുയര്‍ന്നു.
‘ഇല്ല, പക്ഷേ, കേട്ടിട്ടുണ്ട്, ധാരാളം’ -ഞാന്‍ മറുപടി പറഞ്ഞു. ‘സിനിമയിലെ വൈജയന്തിമാല^രാജ്കപൂര്‍ ജോടിയുടെ പാട്ടുകളും കണ്ടിട്ടുണ്ട്’
എന്തിനാണ് ഇപ്പോഴങ്ങനെ ഒരു ചോദ്യം എന്ന് മനസ്സിലായില്ല. അന്തം വിട്ടുനില്‍ക്കുന്നതിനിടെ സ്റ്റിയറിംഗില്‍ നിന്ന് ഒരു കൈയെടുത്ത് യാള്‍ പുറത്തേക്ക് ചൂണ്ടി. ‘ഈ സ്ഥലത്തിനിപ്പോള്‍ സംഗം എന്നാണ് പേര്. ആ സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. ‘Yeh mera prem patr padkar’ എന്ന പാട്ടിലുള്ളത് ഈ വഴിയാണ്’

സംഗം കഴിഞ്ഞു. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ റോഡിന്റെ ഇരുവശവുമായി എന്തോ തൂക്കിയിട്ടിരിക്കുന്നു. ക്രിക്കറ്റ് ബാറ്റുകള്‍! വഴിയോരത്തായി ബാറ്റു നിര്‍മിക്കുന്ന ഒരിടം കണ്ടപ്പോള്‍ അവിടെ ഇറങ്ങി. കുറെയേറെ മരക്കട്ടകള്‍ അടുക്കി വച്ചിരിക്കുന്നുവെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. അടുത്ത് പോയി നോക്കുമ്പോള്‍ മനസ്സിലാകും കൈപ്പിടികളില്ലാത്ത ബാറ്റുകള്‍ ആണതെന്ന്.
ലോകത്ത് നിര്‍മിക്കപ്പെടുന്ന 80% ക്രിക്കറ്റ് ബാറ്റുകളും നിര്‍മിക്കുന്നത് ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളിലാണ്. 250 മുതല് 25000 രൂപ വരെ വിലയുള്ള ബാറ്റുകള്‍ വഴിയോരത്തുള്ള ഇത്തരം കടകളില്‍ കാണാനാവും.

 

 

‘ആട്ടിടയന്‍മാരുടെ താഴ്വാരം’
സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. റോഡിനിരുവശവുമായി ലോകത്തിന്റെ സര്‍വ മനോഹാരിതയും കോരിയാൈഴിച്ചു തീര്‍ത്ത ദൃശ്യങ്ങള്‍. ഒരു വശത്ത് ‘ നദിയും മറുവശത്ത് പൈന്‍ മരങ്ങളും. പഹല്‍ഗാമിന്റെ പ്രധാന ടൂറിസ്റ് ആകര്‍ഷണങ്ങള്‍ മീന്‍പിടിത്തവും ‘റിവര്‍ റാഫ്റ്റിങുമാണ്. വന്ന നേരം ശരിയല്ല. അതിനാല്‍ ഇവ രണ്ടും നടക്കില്ല. ഉഷ്ണകാലമാണ് പഹല്‍ഗാം യാത്രക്ക് പറ്റിയ സമയം.

ആറു, ശേഷ്നാഗ് നദികളുടെ സംഗമസ്ഥാനമായ പഹല്‍ഗാം ആട്ടിടയന്മാരുടെ താഴ്വാരം എന്നാണ് അറിയപ്പെടുന്നത്; മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയുമായിരിക്കണം ആ പേരിനുകാരണം. ചെറിയൊരു പട്ടണമാണിത്. 10^ 15 കടകളും മൂന്നാല് ഹോട്ടലുകളും. ഇത്തവണയും ഭാഗ്യം പരീക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. JKTDCയുടെ ഹട്ട് ബുക്ക് ചെയ്തിട്ടുണ്ട്. ബുക്കിംഗ് ഫോമില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്മെന്റിന്റെ പഹല്‍ഗാം ടൌണിലുള്ള ഓഫീസിലെത്താനായിരുന്നു നിര്‍ദേശം. അവിടെയെത്തി, റൂം കീ വാങ്ങി.

ഇത്തിരി നടക്കണം ഹട്ടുകളിലെത്താന്‍. വലിയൊരു കയറ്റം കയറി ചെന്നപ്പോള്‍ ഒരു മൊബൈല്‍ ടവര്‍. മുന്നോട്ടു പോകുമ്പോള്‍ റോഡരികെ പച്ച നിറമുള്ള കുടിലുകള്‍. വൈദ്യുതി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒട്ടൊന്നുമല്ല ആശ്വാസമായത്. ഇന്നെങ്കിലും തണുപ്പിനോട് പോരടിക്കാതെ ഉറങ്ങാമല്ലോ. കൊടും തണുപ്പില്‍ ഭൂഗര്ഭ പൈപ്പ് ലൈനുകളെല്ലാം ബ്ലോക്കായതിനാല്‍ വെള്ളം കിട്ടാക്കനി തന്നെ. ഹട്ടിനു മുന്നിലെത്തിയപ്പോഴാണ് ശരിക്കു ഞെട്ടിയത്. തൊട്ടുമുന്നില്‍ ഏകദേശം രണ്ടുമൂന്നടി ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നു. ഉള്ളിലേക്കുള്ള വഴി പോലും കാണുന്നില്ല. ഒരുതരത്തില്‍ അവിടെയത്തി. ലഗേജ് മുറിയില്‍വെച്ച് ഒന്ന് നടക്കാനിറങ്ങി.

ഏകദേശം 5 മണിയായിട്ടുണ്ടാവും. പാത ഏറക്കുറെ വിജനം. കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു (നമ്മുടെ നാട്ടിലെ ഹര്‍ത്താല്‍ ദിനമോര്‍മ്മ വന്നു). മുന്നോട്ടു നടന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു -പോണി സ്റാന്റ്. കുതിരപ്പുറത്ത് അമര്‍നാഥ് യാത്ര നടത്താനുള്ള റേറ്റും അവിടെ ബോര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നു ചന്ദന്‍വാരിയില്‍ നിന്നും ഹോളികേവ് വരെ പോകാനും തിരികെ വരാനുമായി 3000 രൂപ. അല്പം കൂടി മുന്നോട്ടു നടന്നാല്‍ പഹല്‍ഗാം പോലീസ് സ്റ്റേഷന്‍. അതിനടുത്തായി വിശുദ്ധ ഗുഹയിലേക്കുള്ള യാത്രാ മാപ്പ്.

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. മഞ്ഞു മൂടിയ മലനിരകളുടെ അങ്ങേത്തലക്കലായി കുടികൊള്ളുന്ന ഇഷ്ടദേവന് പ്രണാമമര്‍പ്പിച്ച് ഞാന്‍ റൂമിലേക്ക് മടങ്ങി. രാത്രിഭക്ഷണം ഹട്ടില്‍ തന്നെയായിരുന്നു. കാശ്മീരി ചിക്കന്‍ കറിയും, റൊട്ടിയും.മസാലകളുടെ പ്രത്യേകതയാവണം, അപാര രുചിയും മണവുമായിരുന്നു ഭക്ഷണത്തിന്. ഭക്ഷണപ്രിയരെ കാശ്മീര്‍ നിരാശരാക്കില്ല, ഉറപ്പ്.

 

 

പനിനീര്‍പ്പൂ വീഥി
സുഖമായി ഉറങ്ങി ഉണര്‍ന്നതിന്റെ ഊര്‍ജമുണ്ടായിരുന്നു പിറ്റേന്ന് ഉണരുമ്പോള്‍. ഗുല്‍മാര്‍ഗിലേക്കാണ് അന്നത്തെ യാത്ര. ദുരിതം വീണ്ടും മഞ്ഞിന്റെ രൂപത്തില്‍ എത്തിപ്പെട്ടു. തലേ രാത്രിയിലെ ശക്തമായ മഞ്ഞു വീഴ്ചയില്‍ കാറിന്റെ ടയര്‍ പൂര്‍ണ്ണമായും മഞ്ഞില്‍ പുതഞ്ഞു പോയിരിക്കുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് കാര്‍ പുറത്തെടുക്കാനായത്. പഹല്‍ഗാമില്‍ നിന്ന് ശ്രിനഗര്‍ വഴിയാണ് ഗുല്‍മാര്‍ഗിലേക്കുള്ള യാത്ര. ഉച്ചയാകും മുമ്പെങ്കിലും ശ്രിനഗറില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്ക് പുറപ്പെട്ടാലേ മഞ്ഞു വീഴ്ചക്ക് മുമ്പ് അവിടെ എത്താനാവൂ.

‘പനിനീര്‍പ്പൂക്കളുടെ വീഥി’ എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ശ്രീനഗറില്‍നിന്ന് 52 കി.മീ ദൂരത്തിലാണ് ഗുല്‍മാര്‍ഗ്. എല്ലാ സീസണിലും ഇവിടെ തിരക്കാണ്. ശ്രീനഗറിനോടുള്ള അടുപ്പം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാര്‍ യാത്ര എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ‘Heartland of winter sports in India എന്ന സി.എന്‍.എന്‍ വിശേഷണം ഗുല്‍മാര്‍ഗിനു നന്നായി യോജിക്കും.

ശ്രീനഗറില്‍ നിന്ന് താങ്മാര്‍ഗ് വരെ വിശാലമായ ഹൈവേ ആണ്. ഗുല്‍മാര്‍ഗിന്റെ ബേസ് സ്റ്റേഷന്‍ ആണെന്ന് പറയാവുന്ന താങ്മാര്‍ഗ് വരെയാണ് മഞ്ഞുകാലത്ത് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം. അവിടെ നിന്ന് ടയറില്‍ ഇരിമ്പു ചങ്ങല വരിഞ്ഞു മുറുക്കിയ വാനുകള്‍, അല്ലെങ്കില്‍ എസ്.യു.വി വാഹനങ്ങള്‍ ഉപയോഗിക്കണം. മഞ്ഞു പുതഞ്ഞ വഴികളിലെ ആയാസകരമായ യാത്രയില്‍ ഗ്രിപ്പ് ലഭിക്കാനാണ് ചങ്ങലയിട്ട ടയറുകള്‍. കാര്‍ ഇവിടെ നിര്‍ത്തണം. ഇനിയങ്ങോട്ട് ടാക്സി കാറാണ്.

ഗുല്‍മാര്‍ഗിലേക്ക്
തങ്മാര്‍ഗിലെത്തി കാര്‍ നിര്‍ത്തിയതും ടൂറിസ്റ് ഗൈഡുകളും ടാക്സിക്കാരും ചുറ്റും കൂടി. തങ്മാര്‍ഗില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്കുള്ള 12 കി.മീ ദൂരം പോയി മടങ്ങി വരാന്‍ 1000 രൂപയാണ് ടാക്സി നിരക്ക്. പിറ്റേന്നാണ് മടക്കമെന്നറിഞ്ഞതോടെ ഗൈഡുകള്‍ വിടാതെ പിടികൂടി. അവസാനം 500 രൂപ പറഞ്ഞുറപ്പിച്ച് ഗൈഡുകളിലൊരാള്‍ എന്റെ കൂടെ ടാക്സിയില്‍ കയറി. ‘സഹീര്‍’^ഇത്തിരി ചെന്നപ്പോള്‍ അയാള്‍ പരിചയപ്പെടുത്തി.

വളഞ്ഞു പുളഞ്ഞ വഴികളിലാകെ മഞ്ഞു മാത്രമാണ്. കുറഞ്ഞ വേഗതയിലാണ് യാത്ര. എന്നിട്ടും വഴിയില്‍ പലപ്പോഴും വണ്ടിയുടെ നിയന്ത്രണം തെറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയിലെ JKTDC ഹട്ടിലെ താമസം മനോഹരമായിരുന്നു. അതിനാല്‍, ഇന്നും ടൂറിസം വകുപ്പിന്റെ ഹട്ടാവാം എന്ന് എന്ന് തീരുമാനിച്ചു. സഹീറിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ പ്രതികരണം തൃപ്തികരമായിരുന്നില്ല. എങ്കിലും പോയി നോക്കാന്‍ തന്നെ തീരുമാനിച്ചു. JKTDC ഓഫീസില്‍ എത്തി വിശദമായി അന്വേഷണം നടത്തി. ഹട്ടുകളുണ്ട്. 3000 രൂപയാണ് നിരക്ക്, കൂടാതെ നെരിപ്പോടില്‍ ഉപയോഗിക്കാനുള്ള വിറകിനു 300 രൂപയും.

സമയമന്നേരം 3 .15.ഗുല്‍മാര്‍ഗിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഗണ്ടോല കാണണം. പുറപ്പെടുമ്പോഴേ സഹീര്‍ പറഞ്ഞു, 3 .30 വരെ മാത്രമേ ടിക്കറ്റ് ലഭിക്കൂ. ഭാഗ്യപരീക്ഷണമെന്ന നിലക്ക് പോയി നോക്കാം, അത്ര തന്നെ. ധൃതിപ്പെട്ട് ഗണ്ടോല സ്റ്റേഷനിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതികഠിനമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കേബിള്‍ കാര്‍ യാത്ര മൂന്നു മണിക്ക് മുമ്പേ അവസാനിപ്പിച്ചിരുന്നു. പിറ്റേന്ന് 11 മണിക്ക് ശേഷമേ കേബിള്‍ കാര്‍ യാത്രകള്‍ പുനരാരംഭിക്കൂ. പക്ഷെ അപ്പോഴേക്കും ഞാന്‍ മടക്കയാത്ര ആരംഭിച്ചിട്ടുണ്ടാവും.

13500 അടിവരെ ഉയരത്തിലെത്തുന്ന ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ കേബിള്‍ കാര്‍ സര്‍വീസാണ് ഇവിടത്തേത്. രണ്ടു ഘട്ടങ്ങളിലായാണ് യാത്ര. 15 മിനിറ്റു നീളുന്ന ആദ്യ ഘട്ട യാത്ര 10,000 അടിവരെയെത്തി കോങ്ദൂരി സ്റ്റേഷനിലെത്തുന്നു. പ്രകൃതിജന്യമായ ഏഴ് ജലധാരകളുള്ള താഴ്വരയില്‍ നിന്ന് ഖിലന്‍ മാര്‍ഗിലേക്ക് കുതിരസവാരി നടത്താം. സ്കീയിംഗ് സൌകര്യവുമുണ്ട്. ഏകദേശം 30 മിനിറ്റു നീളുന്ന രണ്ടാം ഘട്ട യാത്ര 13500 അടി മുകളിലുള്ള ആല്‍പെന്തറിലേക്കാണ് (Alpanther). കഠിന ശൈത്യം അനുഭവപ്പെടുന്ന ഈ മേഖലയിലെത്തിയാല്‍ കശ്മീരിന്റെ മനോഹര ചിത്രം കാണാം. അല്‍പ ദൂരം നടന്നാല്‍ വര്‍ഷം മുഴുവനും മഞ്ഞാല്‍ മൂടപ്പെട്ട ആല്‍പന്തെര്‍ തടാകവും അപൂര്‍വമായ പുഷ്പങ്ങളും കാണാം.

എന്നാല്‍, ഇതൊന്നും എനിക്കുള്ളതല്ല. മഞ്ഞുകാലം ഇതിനു പറ്റിയതല്ല. സഹീര്‍ വിശദമായി ഇക്കാര്യം പറഞ്ഞുതന്നതോടെ നഷ്ടബോധം ഇരട്ടിച്ചു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തം കൂടി എനിക്ക് നഷ്ടമാവുന്നു.

 

 

തെന്നി വീഴാതെ, മഞ്ഞില്‍
തങ്മാര്‍ഗില്‍ നിന്ന് 400 രൂപക്ക് ഒരു ജോഡി ബൂട്ട് വാടകയ്ക്ക് വാങ്ങാനുള്ള തീരുമാനം തെറ്റായിരുന്നില്ല. മഞ്ഞില്‍ തെന്നി വീഴാതെ നടക്കണമെങ്കില്‍ ബൂട്ട് അനിവാര്യം. വീശിയടിക്കുന്ന ശീതക്കാറ്റും കനത്ത മൂടല്‍മഞ്ഞും. കുതിരസവാരിക്കും സ്കീയിങ്ങിനും പറ്റിയതേയല്ല ഇന്നത്തെ കാലാവസ്ഥ. ഹട്ടിലേക്ക് മടങ്ങുന്നതാവും നല്ലത് എന്ന ഗൈഡിന്റെ ഉപദേശം അനുസരിച്ചു.

പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത മനോഹരമായ ഹട്ടിലാണ് ഇന്നത്തെ താമസം. ഒരു ചെറിയ വരാന്ത, നെരിപ്പോടുള്ള സ്വീകരണ മുറി, വിശാലമായ ഒരു കിടപ്പുമുറി, കുളിമുറി പിന്നെ അടുക്കളയും. എല്ലാ സൌകര്യങ്ങളും ലഭ്യം. സ്വീകരണമുറിയില്‍ ടി.വി, സോഫ സെറ്റ്, ഊണ്‍മേശ^ കസേരകള്‍ , കിടപ്പുമുറിയില്‍ കിംഗ് സൈസ് ബെഡ്, അടുക്കളയില്‍ പാചകം ചെയ്യാനുള്ള പാത്രങ്ങള്‍, ഗ്യാസ് സ്റ്റൌ. കറന്റ് പോയാല്‍ ജനറേറ്റര്‍. നീണ്ട അവധിക്കാലം ചിലവിടാന്‍ പറ്റിയ ഇടമാണെന്ന് അര്‍ത്ഥം. തലേന്നാള്‍ രാത്രി താപനില മൈനസ് 18 ആയിരുന്നെന്ന് നെരിപ്പോടില്‍ തീകൂട്ടി തരുന്നതിനിടെ സൂക്ഷിപ്പുകാരന്‍ പറഞ്ഞു. കേട്ട പാടേ ധമനികളില്‍ രക്തം ഉറഞ്ഞു. എന്നാല്‍ മറ്റു ഹോട്ടലുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങള്‍. തണുപ്പിനെ ചെറുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയാര്‍. ശൈത്യ രാത്രികളില്‍ താപനില മൈനസ് 25 വരെ എത്താറുള്ള ഇവിടെ ഇത്തരം മുന്‍കരുതലുകള്‍ കൂടിയേ തീരൂ.

കാശ്മീരിലെ രാത്രികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടൊരു രാത്രിയായിരുന്നു അത്. താപനില മൈനസ് 20 ആയിരുന്നിട്ടും സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു എന്നത് തന്നെ കാരണം. നന്ദി പറയേണ്ടത് ഗുല്‍മാര്‍ഗ് JKTDC സൂക്ഷിപ്പുകാരനും ഇലക്ട്രിസിറ്റി ബോര്‍ഡിനുമാണ്! ).

സഹീറിന്റെ ഫിലോസഫി
അങ്ങനെ കാശ്മീരിലെ നാലാം ദിനം അവസാനിച്ചു. ഇനി മടക്കയാത്ര. അതിനുമുമ്പ് ശ്രീഗറിലേക്ക് വീണ്ടും. നഗരം ഇത്തിരി കൂടി കാണാന്‍ വകയുണ്ട്.
രാവിലെ 9 മണിക്ക് സഹീറും ഡ്രെവറും എത്തി. മടങ്ങുന്ന വഴിയില്‍ IISM എന്നൊരു ബോര്‍ഡ് കാണാം. Indian Institute of Skiing and Mountaineering . ഇന്ത്യ ഗവര്‍മെന്റിന്റെ അധീനതയിലുള്ള ഈ സ്ഥാപനത്തില്‍ സ്നോ സ്കീയിങ്ങും മൌണ്ടനീറിങും ശാസ്ത്രീയമായി പഠിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ അധികവും ജവാന്‍മാര്‍ തന്നെ. അവിടെ വാഹനം നിര്‍ത്തി ഫോട്ടോ എടുത്തു. ദൂരെ നൂറോളം പട്ടാളക്കാര്‍ പരിശീലനം നടത്തുന്നത് കാണാം.
തിരികെ വണ്ടിയില്‍ കയറി യാത്ര തിരിക്കുമ്പോള്‍ സഹീറിനോട് വെറുതെ ചോദിച്ചു, കശ്മീരിന് മമത പാകിസ്ഥാനോടോ ഇന്ത്യയോടോ? ‘
‘എന്ത് മമത! ഞങ്ങള്‍ക്ക് ആരോടും മമതയില്ല. ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.’-ഫിലേസഫിയുടെ ആഴങ്ങള്‍ കണ്ട ഒരാളുടെ സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.

‘തീവ്രവാദത്തിന്റെ, മതത്തിന്റെ ഒക്കെ പേരില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സ്വൈര്യ ജീവിതമാണ്. കശ്മീരിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം കുറവാണ്. ദാരിദ്യ്രം കൂടുതലും. പലരുടെയും രാഷ്ട്രീയ താല്പര്യങ്ങളാണ് എല്ലാത്തിനും കാരണം. ഇവിടെ എത്തുന്ന ഓരോ ടൂറിസ്റിന്റെയും കണ്ണിലെ ഭയം ഞങ്ങള്‍ ദിവസേന കാണുന്നതാണ്. ഇന്ത്യാക്കാരിയായിരുന്നിട്ടു കൂടി നിങ്ങളുടെ കണ്ണിലുമുണ്ട് ഭയം. ‘-അയാള്‍ തുടര്‍ന്നു.

മറുപടിയുണ്ടായിരുന്നില്ല, ഒന്നിനും.അയാളുടെ സംസാരം ദാര്‍ശനികമല്ല. ജീവിതമാണ് അതില്‍ നിറയെ. ജീവിതത്തിന്റെ കാഠിന്യമാണ് അയളുടെ സംസാരത്തിലെ ആഴം. അതു തന്നെയാണ് അയാളുടെ ദര്‍ശനവും. ജീവിതം! ഓരോ കരകളിലും അതിനെന്തെന്ത് മാറ്റങ്ങള്‍!

 

 

വീണ്ടും ശ്രീനഗറില്‍
തങ്മാര്‍ഗില്‍ ഷൌക്കത്ത് കാറുമായി കാത്തുകിടപ്പുണ്ട്. അവിടെയത്തി മടക്കയാത്ര ആരംഭിക്കുമ്പോള്‍ യാത്രപറയാന്‍ സഹീര്‍ അടുത്തെത്തി. ‘നാട്ടിലെത്തിയാല്‍ എല്ലാവരോടും കാശ്മീരിനെ പറ്റി പറയണം. ഏത് നഗരവും പോലെ സുരക്ഷിതമാണ് ഇവിടെയെന്ന്. വസന്തകാലത്ത് വീണ്ടും വരണം. അന്നേരമറിയാം കശ്മീരിന്റെ സൌന്ദര്യം’.
ഞാന്‍ തലയാട്ടി.

ചിനാര്‍ മരങ്ങള്‍ മാനം മുട്ടേ വളര്‍ന്ന ഹൈവേയിലൂടെ കാര്‍ അതിവേഗം പാഞ്ഞു. ശ്രീനഗറില്‍ കുറച്ചു നേരം കൂടിയുണ്ട്. കുറച്ചു കാഴ്ചകള്‍ കൂടിയാവാം. 12 മണിക്ക് അവിടെയത്തി. ആദ്യ യാത്ര ശങ്കരാചാര്യരുടെ ക്ഷേത്രത്തിലേക്ക്. നഗരമധ്യത്തിലെ ഒരു മലമുകളിലാണത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെത്താന്‍ കര്‍ശന പരിശോധനകളുണ്ട്. ഗോപദാരി മല കയറി മുകളിലേക്ക് പോകുന്തോറും മറ്റൊരു ഭൂപ്രദേശത്ത് ചെന്ന് പെട്ട അനുഭവം. ക്ഷേത്ര കവാടത്തിനു മുന്നില്‍ വീണ്ടും പരിശോധന. മൊബൈല്‍ ഫോണ്‍ പോലും അനുവദനീയമല്ല. നൂറോളം കല്‍പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ കല്ലില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രം. ശിവനാണ് ഇവിടേയും പ്രതിഷ്ഠ. ക്ഷേത്രത്തിനരികിലായി ശങ്കരാചാര്യര്‍ ധ്യാനനിരതനായിരുന്ന ചെറു ഗുഹ കാണാം.

ഗുഹയിലേക്കുള്ള പ്രവേശന കവാടത്തിന് ഉയരം കുറവാണ് . പുറത്തു വീശുന്ന തണുത്ത കാറ്റും പൊഴിയുന്ന മഞ്ഞും ആ മുറിയെ ബാധിക്കുന്നേയില്ല. ഏതാനും ദൈവങ്ങളുടെ ചിത്രങ്ങള്‍, ഒരു പൂജാ പീഠം. വിശുദ്ധ ഗ്രനഥങ്ങള്‍ മാത്രമുള്ള ഇളം ചൂടും അരണ്ട വെളിച്ചവുമുള്ള ആ മുറിയില്‍ അനന്തമായ നിശ്ശബ്ദയില്‍ ഏറെ നേരം കണ്ണടച്ചിരുന്നു. അവിസ്മരണീയമായ ഒരനുഭവം. അപാരമായ ശാന്തി.

‘ഡാച്ചിഗാം നാഷണല്‍ പാര്‍ക്കിലേക്കാണ് അടുത്ത യാത്ര. സാധാരണ കാലാവസ്ഥയില്‍ ഒട്ടനേകം പക്ഷികള്‍, പൂക്കള്‍, മൃഗങ്ങള്‍ ഒക്കെയുണ്ടാവാറുണ്ട് ഇവിടെ. ഈ തണുപ്പില്‍ കാര്യമായ കാഴ്ചകളില്ല. മഞ്ഞു വീണ വഴികളിലൂടെ നടന്നു കാറിലെത്തുമ്പോള്‍ സമയം നഷ്ടമായതിന്റെ നിരാശ. ഇനിയുമേറെ കാഴ്ചകള്‍ ബാക്കിയാണ്.

ദാല്‍ തടാകത്തിലെ ശിക്കാരകള്‍
പ്രശസ്തമായ മുഗള്‍ ഗാര്‍ഡനുകളെല്ലാം മഞ്ഞിന്റെ പുതപ്പണിഞ്ഞ് മരവിച്ചു കിടപ്പായിരുന്നു. അനേകം സിനിമകളില്‍ ഇടം പിടിച്ച ഷാലിമാര്‍ ഗാര്‍ഡനു മുന്നില്‍ കാര്‍ നിര്‍ത്തുമ്പോള്‍ സമയം 4 .30. പരന്ന പ്രദേശത്ത് മൂന്നു തട്ടുകളായുള്ള ഗാര്‍ഡന്റെ നടുവിലായി ഫൌണ്ടന്‍. ‘പേര്‍ഷ്യന്‍ ഗാര്‍ഡന്‍’. ഗ്രീഷ്മവസന്ത കാലങ്ങളില്‍ ചിനാര്‍ ഇലകളുടെ മഴവില്‍ചാരുതയാണ് ഈ പൂന്തോട്ടത്തിന്. ഇപ്പോള്‍ വെറും മഞ്ഞുകൂടാരം. അതിനാല്‍, പെട്ടെന്ന് ഇറങ്ങി.

യാത്രക്കു മുമ്പേ കൊതിച്ചിരുന്നു, ദാല്‍ തടാകത്തിലെ ശിക്കാര യാത്ര. ആറു മണി വരെയേ ശിക്കാരകള്‍ സവാരിക്കുണ്ടാവൂ. അഞ്ചു മണിക്കെങ്കിലും എത്തണം, ഒരു മണിക്കൂര്‍ കറങ്ങാന്‍. തടാകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശിക്കാര സ്റാന്റുകളുണ്ട്. 300 രൂപയാണ് ഒരു മണിക്കൂര്‍ ശിക്കാര റൌണ്ട് ട്രിപ്പിന്റെ റേറ്റ്. മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ദാല്‍ തടാകത്തിനു 18 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. അനേകം ഉപശാഖകളുള്ള ഈ തടാകത്തില്‍ ഫ്ലോട്ടിങ് ഗാര്‍ഡന്‍, ഫ്ലോട്ടിങ് മാര്‍ക്കറ്റ് എന്നിവയും വീടുകളും കാണാനാവും.

ചുറ്റുമുള്ള മലകളിലെ മഞ്ഞിനെ വാരിപ്പുണര്‍ന്നെത്തുന്ന കാറ്റും തണുത്തുറഞ്ഞ തടാകവും ചേര്‍ന്ന് അസ്ഥി തുളക്കുന്ന അവസ്ഥയായിരുന്നു. എന്റെ സ്ഥിതി കണ്ടിട്ടാവണം ശിക്കാരതുഴക്കാരന്‍ ‘Kangir (എരിയുന്ന കനല്‍ നിറച്ച ചെറിയ കുടം) എന്റെ നേരെ നീട്ടി. ഒപ്പം ഒരു കമ്പിളിപ്പുതപ്പും. കനലെരിയുന്ന കുടവുമേന്തി പുതച്ചു മൂടിയായിരുന്നു എന്റെ ശിക്കാര യാത്ര. എന്നിട്ടും പല്ല് കൂട്ടിയിടിച്ചു. ഉപകനാലുകളിലേക്ക് കടന്നപ്പോള്‍ മുന്നിലതാ ഒഴുകും മാര്‍ക്കറ്റ്! സന്ധ്യ മയങ്ങിയതിനാല്‍ പല കടകളും അടഞ്ഞു കിടന്നിരുന്നു. തുറന്ന കടകളിലെ ജീവനക്കാര്‍ ഷോപ്പിങ്ങിന് ക്ഷണിച്ചു കൊണ്ടിരുന്നു. പലതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒഴുകും ഫാം ആണ് അത്ഭുതപ്പെടുത്തിയത്. ശൈത്യമായതിനാല്‍ കൃഷി ഏറെക്കുറെ നശിച്ചിരുന്നു. എന്നിട്ടും വിസ്മയാവഹമായിരുന്നു അത്.

തടാകത്തില്‍ പലയിടത്തും വെള്ളം ഉറഞ്ഞു മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ രൂപം കൊണ്ടിരുന്നു, തികഞ്ഞ അഭ്യാസികളെപ്പോലെ അതിനു മുകളിലൂടെ നടക്കുന്ന ആളുകളെ കാണാമായിരുന്നു. തടാകത്തിനു മധ്യത്തിലുമുണ്ട് ചെറിയൊരു ഗാര്‍ഡന്‍. അവിടെ ബെഞ്ചുകളില്‍ ഇരുന്ന് സന്ധ്യയെ വരവേല്‍ക്കുന്ന ഒരു കൂട്ടം ടൂറിസ്റുകളെ കണ്ടു. ശിക്കാരയില്‍ നിന്നിറങ്ങിയിട്ടും ഇത്തിരി നേരം കൂടി തടാകക്കരയിലിരുന്നു.

 

 

മടക്കയാത്ര
കാശ്മീരിലെ അവസാന രാത്രി. ഇന്നത്തെ ഡിന്നര്‍ സ്പെഷ്യല്‍ ആണ് ‘കാശ്മീരി വാസ്വാന്‍’. മട്ടണ്‍ വിവിധ രൂപഭാവങ്ങളാണതില്‍. ഗുഷ്താബ, ടബക്മാസ്, രിസ്ത എന്നിങ്ങനെ ചില കറികളുടെ പേരുകളേ ഓര്‍മ്മയിലുള്ളൂ. 23 തരം കറികള്‍ വാസ്വാന്റെ ഭാഗമാകാറുണ്ട് എന്ന് ചീഫ് കുക്ക് പറഞ്ഞു.

രാവിലെ 11 മണിക്കാണ് ശ്രീനഗറില്‍ നിന്ന് തിരികെ ഡല്‍ഹിക്കുള്ള വിമാനം. കടുത്ത സെക്യൂരിറ്റി പരിശോധന കണക്കാക്കി അല്‍ പം നേരത്തെ ഇറങ്ങുന്നതാവും നല്ലതെന്ന് ഷൌക്കത്ത് പറഞ്ഞിരുന്നു.സിറ്റിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരമുണ്ട് എയര്‍പോര്‍ട്ടിലേക്ക്. എയര്‍പോര്‍ട്ട് റോഡിലേക്ക് കടന്നതും ഏതോ പട്ടാള ക്യാമ്പിലെത്തിയ പ്രതീതി. എയര്‍പോര്‍ട്ടിനു ഒരു കി.മീ മുമ്പ് തന്നെ ആദ്യ സുരക്ഷാപരിശോധനക്കായി വാഹനം നിര്‍ത്തണം. ലഗേജും യാത്രക്കാരനും പരിശോധനക്ക് വിധേയമാകണം. അതിനു ശേഷമേ വാഹനം ഉള്ളിലേക്ക് കടത്തി വിടൂ. എയര്‍പോര്‍ട്ടിന് മുന്നിലായി വാഹനമിറങ്ങി, ഷൌക്കത്തിനോടു യാത്ര പറഞ്ഞു.

ഉള്ളിലേക്കുള്ള കവാടത്തില്‍ ഏറെക്കുറെ എല്ലാവരും പട്ടാളക്കാരായിരുന്നു. പ്രവേശന കവാടത്തില്‍ തന്നെ രണ്ടാമത്തെ സുരക്ഷാ പരിശോധന. അവിടെ നിന്ന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയാല്‍ ഉള്ളിലെ ടിക്കറ്റ് കൌണ്ടറിലേക്ക് പോകാം. ടിക്കറ്റ് വാങ്ങി അടുത്ത പരിശോധനക്കായി നീങ്ങി. മൂന്നാമത്തെ പരിശോധന പൂര്‍ത്തിയാക്കി. ഇനിയുമുണ്ട് കടമ്പകള്‍! ലാപ്ടോപ്പും മൊബൈല്‍ ഫോണും വീണ്ടും പരിശോധിച്ച് സീല്‍ അടിച്ചു വാങ്ങണം. അത് കഴിഞ്ഞു ബാഗേജ് തിരിച്ചറിയുക എന്നൊരു പടി കൂടെ പൂര്‍ത്തിയാവണം. അപ്പോഴേക്കും ബോര്‍ഡിംഗ് അറിയിപ്പ് വന്നു.

അവിസ്മരണീയമായ ദിവസങ്ങളാണ് കടന്നു പോയത്. വിട, കശ്മീരമേ…ഇനി വീണ്ടും മീറ്റിങ്ങും തിരക്കുകളും നിറഞ്ഞ കോര്‍പ്പറേറ്റ് ജീവിതത്തിലേക്ക്. ഈ യാത്രയുടെ ഊര്‍ജ്ജം തീരുവോളം!

ആദ്യ ഭാഗങ്ങള്‍

സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

കൂടംകുളത്തേക്കുള്ള പാത

ഒരുച്ച നേരത്താണ് ഇടിന്തകരയില്‍ എത്തുന്നത്. രണ്ട് മൂന്ന് ചെറിയ കടകള്‍ മാത്രമുള്ള ഒരു ജങ്ഷനില്‍ ഞങ്ങള്‍ വണ്ടിയിറങ്ങി. കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദ് പള്ളിക്ക് സമീപമത്തൊന്‍ അവിടെ നിന്ന് ചെറിയൊരു കട്ട് റോഡുണ്ട്. രണ്ടടി നടന്നപ്പോഴേക്കും മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി… “മൂടി വിട്… മൂടി വിട് …. അണു ഉലൈ മൂടി വിട് “തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം- ആണവവിരുദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂടംകുളത്തേക്ക് നടത്തിയ യാത്രാനുഭവം. സീന ആന്റണി എഴുതുന്നു. ഫോട്ടോകള്‍: വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

 

 

വെറും ഒരാവേശത്തിന്റെ പുറത്തായിരുന്നില്ല കൂടംകുളത്തേക്കു യാത്ര. കേവലം അതൊരു സത്യാന്വേഷണവും ആയിരുന്നില്ല. ഇനി ബോധ്യപ്പെടുത്തേണ്ടാത്ത വിധം, അന്വേഷിച്ചറിയേണ്ടാത്ത വിധം തീവ്രമായിരുന്നു ആ ജനതയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍. പൂര്‍ണമായി ബോധ്യമായ ആ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേ ണ്ടതുണ്ടായിരുന്നു. ജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം കൈകോര്‍ക്കേണ്ടത് അനിവാര്യമായിരുന്നു. ആ അനിവാര്യതയാണ് ഇടിന്തൈകരയിലേക്ക് ഞങ്ങളെ നടത്തിച്ചത്.

തൃശ്ശൂരില്‍ നിന്ന് ‘വിബ്ജിയോര്‍’ കൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ 25 പേര്‍ . യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ . പിന്നെ, സഹദേവേട്ടന്‍ , അനിലേട്ടന്‍ , ശ്രീനിയേട്ടന്‍ , സുബിദ്, വിബ്ജിയോറില്‍ നിന്ന് ശരത്…

ഡിസംബര്‍ 29 ന് ഉച്ചക്കുള്ള പരശുറാം എക്സ്പ്രസ്സില്‍ യാത്ര തിരിച്ചു. തിരക്കുള്ള കമ്പാര്‍ട്ട്മെന്‍്റില്‍ സീറ്റിന്റെ വശങ്ങളില്‍ ചാരി നിന്നും, ചിലപ്പോള്‍ ഇരുന്നും ചര്‍ച്ചകളും പാട്ടുകളുമായി മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയി. പാട്ടിന്‍്റെ ഇടവേളകളില്‍ ആണവ വിരുദ്ധ കുറിപ്പുകളുമായി യാത്രക്കാര്‍ക്കിടയിലിറങ്ങി. കൂടംകുളം പദ്ധതിക്ക് എതിരായ ഒപ്പ് ശേഖരണവും നടന്നു. കണ്ടു മുട്ടിയവരില്‍ ചിലര്‍ക്കൊക്കെ പുച്ഛമായിരുന്നു. ‘ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല ഈ പ്രൊജക്റ്റ് . നിലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തോട് അടുക്കുമ്പോഴാണോ സമരം ? വൈദ്യുതി വേണം. അല്ലാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ തയ്യാര്‍ അല്ല… ‘ കാലങ്ങളായി ആണവനിലയത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍.

ടെലിവിഷന്റെ ചതുരക്കളത്തില്‍ മാത്രം സമരം കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം സംശയങ്ങള്‍ സഹജമായിരുന്നു. മാധ്യമങ്ങള്‍ സ്പൂണില്‍ വായില്‍വെച്ചു കൊടുക്കുന്ന വിഷയങ്ങള്‍ മാത്രം കഴിച്ച് ശീലിക്കുന്നവര്‍ക്ക് അതിനപ്പുറം പോവുക എളുപ്പമല്ല. മാധ്യമങ്ങള്‍ക്കാവട്ടെ അവരുടേതായ താല്‍പ്പര്യങ്ങളും രാഷ്ട്രീയവുമുണ്ടാവും. കടലോര ജനതയുടെ അതിജീവന പോരാട്ടത്തേക്കാള്‍ അവര്‍ക്ക് പലപ്പോഴും വലുതായി തോന്നുക അധികാര കേന്ദ്രങ്ങള്‍ വെച്ചുനീട്ടുന്ന വിവരങ്ങളാവും. അതിനാലാണ് വര്‍ഷങ്ങളായി ഈ ജനത നടത്തുന്ന സമരം മാധ്യമങ്ങള്‍ അവഗണിച്ചത്. അതിനാല്‍ത്തന്നെ പൊതുസമൂഹവും. എന്നാല്‍, എല്ലത്തിനുമപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ അവിടെ ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ഉമിത്തീ പോലെ പുകയുന്ന ചില പച്ചപ്പരമാര്‍തഥങ്ങള്‍.

സീന ആന്റണി

കൂടംകുളം സമരത്തെ എതിര്‍ക്കുന്ന ഭൂരിഭാഗം പേരുടെയും ചിന്ത ഈ സമരം തുടങ്ങിയത് വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ്. 1988 ലാണ് സമരം ആരംഭിക്കുന്നത്. അന്ന് സമരത്തെ ഒതുക്കാന്‍ ഭരണകൂടം നടത്തിയ വെടി വയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നത്തേത് പോലെ മാധ്യമങ്ങള്‍ സജീവമല്ലാത്തതിനാലും ഉള്ളവ ഇക്കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തിയതിനാലും ആ സംഭവം ആരും കാണാത്ത കോളത്തിലൊതുങ്ങി. പാര്‍ട്ടിയോ മതങ്ങളോ പിന്നണിയില്‍ ഇല്ലാത്തതിനാല്‍ ആരും അവരുടെ ദുരന്തം കണ്ടില്ലെന്നു നടിച്ചു. പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ വാര്‍ത്ത കൊടുത്തിട്ട് അല്ലെങ്കിലും എന്താണ് കാര്യം? പത്രം വാങ്ങാന്‍ ശേഷി കാണില്ലല്ലോ അവര്‍ക്ക്!

യാത്രക്കിടെ കണ്ടുമുട്ടിയ മിക്കവരുടെയും പ്രധാന സംശയം, വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവ പദ്ധതി അല്ലാതെ മറ്റന്തെ് പോം വഴി എന്നതായിരുന്നു. തീര്‍ച്ചയായും ഒറ്റനോട്ടത്തില്‍ ഇത് ന്യായം. എന്നാല്‍ വസ്തുതകള്‍ ഇതിനെതിരും. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ ഒരു പരിഹാരം അല്ല. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് മതിയായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള 19 ആണവ നിലയങ്ങള്‍ മാത്രം മതിയായിരുന്നല്ലോ. നോക്കൂ, ഇവയെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തിന്റെ ആകെ വൈദ്യുതി ഉത്പാദനത്തിന്‍്റെ മൂന്ന് ശതമാനം മാത്രമാണ്. ഇത്ര തുച്ഛമായ ഊര്‍ജം കൊണ്ട് ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കും?

19 ആണവ നിലയങ്ങളില്‍ നിന്ന് 4000 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ഉറക്കെ പറയുന്ന അതേ ഭരണകൂടമാണ് ഇപ്പോള്‍ കാറ്റില്‍ നിന്ന് മാത്രം 13,184 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്ന വസ്തുത രഹസ്യമാക്കി വെക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കോടിക്കണക്കിനു നികുതി പണം മുടക്കി കുറഞ്ഞ കാലം മാത്രം ഉപയോഗിക്കാനാവുന്ന, അത്യന്തം അപകടകരമായ ഇത്തരം പരിപാടി നടപ്പാക്കാനുള്ള ശ്രമം. സര്‍ക്കാര്‍ ഓരോ വര്‍ഷവും പുറത്തു വിടുന്ന ഊര്‍ജ പ്രതിസന്ധിയെക്കുറിച്ചുള്ള കണക്കുകളില്‍ വൈദ്യുതിയുടെ മാത്രം കണക്കെത്ര എന്ന ചോദ്യം ആരും ചോദിക്കുന്നതായി കാണാറില്ല. ഊര്‍ജം എന്ന വകുപ്പില്‍ വൈദ്യുതി മാത്രമല്ലല്ലോ ഉള്ളത്.

ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സജീവമായിരുന്നു, പരശുറാം യാത്ര.

രാത്രി 8 മണിയോടെ തിരുവനന്തപുരത്തത്തെി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഞങ്ങളെ കാത്ത് തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിച്ച് മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. ആണവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ , പോസ്ററുകള്‍ , പാട്ടുകള്‍ . ഐകഫ് ഹൌസിലേക്ക് രാത്രി ഉറങ്ങാന്‍ പോകുമ്പോഴും പകലത്തെ യാത്രയുടെ ക്ഷീണം ഞങ്ങളുടെ ഊര്‍ജത്തെ അല്പം പോലും ബാധിച്ചിരുന്നില്ല.

 

കാറ്റാടിപ്പാടം

 

ഇടിന്തകരൈ ഗ്രാമത്തിലേക്ക്
അടുത്ത ദിവസം കാലത്തുള്ള നാഗര്‍കോവില്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഞങ്ങള്‍ ഇടിന്തകരൈ ഗ്രാമത്തിലേക്ക് തിരിച്ചു. നാഗര്‍കോവിലില്‍ നിന്ന് ബസ്സില്‍ വേണം അവിടെയത്തൊന്‍ . നേരിട്ടുള്ള ബസ്സ് കുറവായതിനാല്‍ ആദ്യം അഞ്ച് ഗ്രാമം എന്ന സ്ഥലത്തേക്കുള്ള ബസ്സ് പിടിച്ചു. പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇടിന്തകരൈ ഗ്രാമത്തിലേക്ക് വണ്ടി കയറി. ഏഷ്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടം കടന്നു വേണം ഇടിന്തകരയില്‍ എത്താന്‍. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണെന്നതാണ് രസകരമായ വസ്തുത.മാത്രമല്ല, കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ. കൂടംകുളം നിലയത്തിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും താമസിക്കുന്നത് ഇവിടെയാണ്. പദ്ധതി സുരക്ഷിതമെന്ന് വാദിക്കുന്ന ഇവര്‍ പോലും താമസിക്കുന്നത് ഈ നിലയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ക്കപ്പുറത്താണ്.

ഒരുച്ച നേരത്താണ് ഇടിന്തകരയില്‍ എത്തുന്നത്. രണ്ട് മൂന്ന് ചെറിയ കടകള്‍ മാത്രമുള്ള ഒരു ജങ്ഷനില്‍ ഞങ്ങള്‍ വണ്ടിയിറങ്ങി. കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദ് പള്ളിക്ക് സമീപമത്തൊന്‍ അവിടെ നിന്ന് ചെറിയൊരു കട്ട് റോഡുണ്ട്. രണ്ടടി നടന്നപ്പോഴേക്കും മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി…
“മൂടി വിട്… മൂടി വിട് …. അണു ഉലൈ മൂടി വിട് ”
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം!

ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി. രണ്ട് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന ആ സമരത്തിന്റെ ചൂട് കാല്‍പാദങ്ങളെ പൊള്ളിച്ച പോലെ. അത്ര നേരം പല വര്‍ത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്ന ഞങ്ങള്‍ പെട്ടെന്ന് നിശ്ശബ്ദരായി.
ആ ചെറിയ നടവഴി ചെന്ന് കയറിയത് വിശാലമായ പള്ളി മുറ്റത്തേക്കായിരുന്നു. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയും അഭിമുഖമായി ചെറിയാരു ക്ഷേത്രവും. ആ നട്ടുച്ച വെയിലിലും ഒരു കൂട്ടം മനുഷ്യര്‍ ആ മുറ്റത്ത് ഒരുമിച്ചിരിക്കുന്നു്. മുന്നിലെ മൈക്കിലൂടെ ഒരു അക്ക മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നു. ആവേശം ഒട്ടും ചോരാതെ അത് ഏറ്റു വിളിച്ച് മറു കൂട്ടവും അതിനോട് ചേര്‍ന്നു.

“വേണ്ടാ വേണ്ടാ …. അണു ഉലൈ വേണ്ടാ…..” അവരുടെ ശബ്ദം വീണ്ടും ഞങ്ങളുടെ നിശബ്ദതയെ കീറി മുറിച്ചു.
പള്ളിമുറ്റത്തേക്ക് കയറാനുള്ള പടവുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്. ആളിക്കത്തുന്ന സമരചൂടിന്റെ ഒരംശം ഞങ്ങളിലേക്കും… സഹദേവേട്ടന്‍ തുടക്കം ഇട്ടു. ഞങ്ങള്‍ ഏറ്റു പിടിച്ചു.
“അഭിവാദ്യങ്ങള്‍ …. അഭിവാദ്യങ്ങള്‍ ! കൂടംകുളം ജനതക്കഭിവാദ്യങ്ങള്‍ !”

ഒറ്റ സ്വരമായി അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നിന്നു. ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതായി. .
അവക്കൊപ്പം, അവരില്‍ ഒരാളായി, ഞങ്ങളും സമരപ്പന്തലില്‍ വിരിച്ചിട്ട പായയില്‍ ഇടം പിടിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയത് മുതല്‍ ഈ സമരപ്പന്തല്‍ ഒരിക്കലും ശൂന്യമായിട്ടില്ല. ആണവനിലയം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് വളരെ കൃത്യമായ അറിവുകളോടെ ആയിരുന്നു അവരുടെ സംസാരം. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.

 

സമരപ്പന്തലിലെ കുട്ടികള്‍

 

സമരപ്പന്തലില്‍
കൂട്ടത്തിലും അധികം ‘കുട്ടികള്‍’ ആയത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ ആദ്യം കൂട്ടായത് അവിടത്തെ കുട്ടികളോടായിരുന്നു. കടലാസ് കൊണ്ടു പല തരത്തിലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മുബീനും സംഘവും അവര്‍ക്ക് കാണിച്ചു കൊടുത്തു. തസ്ലീമും ആദിലും ക്യാമറയുടെ സൂത്രങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഞാനും മിധുവും അമ്മച്ചിമാര്‍ക്കൊപ്പം കൂടി. സമരത്തെ കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ ജ്വലിച്ചു. ഇടയില്‍ അല്പം നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും. ദിവസവും കാലത്ത് സമരപ്പന്തലില്‍ എത്തുന്നതാണ് ഇവര്‍. വൈകുന്നേരം വരെ ഇവിടെ തന്നെ. അതിനിടയില്‍ വെള്ളം മാത്രം ഭക്ഷണം! വിഷവികിരണം ഏറ്റു മരിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് വിശന്നു ജീവിക്കുന്നത്!

പിന്നിട്ട നാള്‍ വഴികളുടെ ഓര്‍മ്മകള്‍ സമരപ്പന്തലിലെ അമ്മമാര്‍ ഞങ്ങളോട് പങ്കുവെച്ചു. കഷ്ടപ്പാടും പ്രാരബ്ധവും ആയിക്കഴിയുന്ന ഗ്രാമവാസികള്‍ക്ക് രക്ഷാമാര്‍ഗം എന്ന നിലക്കായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ പദ്ധതി അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. പക്ഷെ, ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ആണവ പദ്ധതികള്‍ സുരക്ഷിതമാണോ എന്നുള്ള സംശയങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു തുടങ്ങി. ആണവ പദ്ധതികളുടെ അപകടങ്ങളെ കുറിച്ച് ഗ്രാമവാസികളോട് ആദ്യം പറയുന്നത് 1988 ല്‍ ഇവിടെയത്തെിയ ഒരു കൂട്ടം ആണവ വിരുദ്ധ പ്രവര്‍ത്തകരായിരുന്നു. 1988 ലെ തീരദേശ രക്ഷായാത്രയുടെ ഭാഗമായ സമ്മേളനങ്ങളില്‍ നിന്ന് പദ്ധതിയുടെ ഭീകരാവസ്ഥയെ കുറിച്ച് ഗ്രാമവാസികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതോടെ ഗ്രാമത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന എതിര്‍പ്പ് പുറം ലോകം അറിയാന്‍ തുടങ്ങി. ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ തയ്യാറായി. പക്ഷെ അവരുടെ എതിര്‍പ്പിനെ വെടിവയ്പ്പ് കൊണ്ടാണ് അന്നത്തെ തമിഴ് നാട് സര്‍ക്കാര്‍ നേരിട്ടത്.

എന്നാല്‍ ഇനി ഒരു വെടിവയ്പ്പ് ഉണ്ടായാലും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ല എന്ന് പറഞ്ഞ്, ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന അക്ക, മുമ്പിലിരുന്ന കുട്ടികളുടെ നേരെ തിരിഞ്ഞ് ഉറക്കെ ചോദിച്ചു. “പോരാട്ടത്തക്ക് തയ്യറാ….. തയ്യറാ……”
“……… തയ്യര്‍ … തയ്യര്‍ …. ” അവിടെയുള്ള കുട്ടികള്‍ ഉറച്ച സ്വരത്തില്‍ മറുപടി പറഞ്ഞു.

ചെറിയാരു പെണ്‍കുട്ടി ആയിരുന്നു പിന്നെ മുദ്രാവാക്യം വിളിച്ചു കൊടുത്തത്. വലിയ സ്വരത്തില്‍ കുട്ടികള്‍ അതേറ്റു വിളിച്ചു.
രണ്ട് മൂന്ന് മണിക്കൂര്‍ അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷം അവിടം ചുറ്റി നടന്ന് കാണാന്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി.

 

ചുവന്ന നിറത്തില്‍ കടല്‍

 

കാതോര്‍ത്താല്‍ ഇരമ്പം
ഒരു വിളിപ്പാടകലെ കടലുണ്ട്. കാതോര്‍ത്താല്‍ ഇരമ്പം കേള്‍ക്കാം. ഞങ്ങള്‍ പല കൂട്ടങ്ങളായി കടലിനെ ലക്ഷ്യമാക്കി നീങ്ങി. ഇടിന്തകരൈ കോളനികളിലെ വീടുകള്‍ കടന്നു വേണം കടലിനടുത്തത്തൊന്‍. മണ്ണ് കൊണ്ടണ്ടാക്കിയ ചെറിയ കൂരകള്‍ ആയിരുന്നു കൂടുതലും. അങ്ങിങ്ങായി ഉറപ്പുള്ള ചില വീടുകളും ഉണ്ട്. വീടിനു പുറത്ത് നിന്നിരുന്ന കുട്ടികളോടൊപ്പം വിഘ്നേഷും സംഘവും കൂടി. അവരുടെ ചില ഫോട്ടോകള്‍ എടുത്തും അതൊക്കെ അവരെ കാണിച്ചും അവര്‍ പെട്ടെന്ന് കൂട്ടായി. ആദിലും അജിലാലും ആയിരുന്നു കുട്ടികളോട് സംസാരിക്കുന്നതില്‍ മുമ്പില്‍ .

അവരില്‍ ഭൂരിഭാഗവും പഠിക്കുന്നത് അടുത്തുള്ള സര്‍ക്കാര്‍ സ്കൂളുകളിലാണ്. സ്കൂള്‍ വിട്ട് നേരെ സമരപ്പന്തലിലെക്കത്തെും. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയവും പന്തലില്‍ തന്നെ. അവരുടെ കുട്ടിക്കളികളെ കുറിച്ച് കേട്ടപ്പോള്‍ രസം തോന്നി. തമിഴ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ സമരപ്പാട്ടുകള്‍ ആക്കി മാറ്റുന്നതാണ് ഒരു കളി. സിനിമയിലെ പാട്ടുകളുടെ വരികള്‍ക്ക് പകരം സമരത്തെ കുറിച്ച് സൂചിപ്പിക്കുന്ന വരികള്‍ കണ്ടത്തെണം. ട്യൂണിനു വ്യത്യാസമില്ല. അങ്ങനെ അവര്‍ മാറ്റി മറിച്ച പാട്ടുകള്‍ ഞങ്ങള്‍ക്കായി ആവേശത്തോടെ പാടി തന്നു. കയ്യിച്ച്, താളം പിടിച്ച് ഞങ്ങളും ആ കുഞ്ഞു സമരക്കാരോടൊപ്പം ചേര്‍ന്നു. പാട്ടിനു ശേഷം കടലിലേക്ക് പോകാനുള്ള വഴി ചൂണ്ടിക്കാട്ടി തന്ന് അവര്‍ സമരപ്പന്തലിലേക്ക് ഓടിപ്പോയി.

കൂറ്റന്‍ കരിങ്കല്‍ ഭിത്തി കൊണ്ട് തടയിട്ട കടല്‍ തീരം. നോക്കത്തൊ ദൂരത്തു പരന്നു കിടക്കുന്ന കടല്‍ . പക്ഷെ, കടലിന്റെ നിറം കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. കലങ്ങി മറിഞ്ഞു ചുമന്ന നിറത്തിലുള്ള കടല്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. കുറച്ചു കിലോമീറ്ററുകളോളം കടല്‍ ചുമന്നു തന്നെ. അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടല്‍ . കടല്‍ ചുവക്കാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് മറ്റൊരു സംഗതി കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇടിന്തകരൈ ഗ്രാമത്തിന് അടുത്ത് തന്നെയുള്ള കൂതെങ്കുളി എന്ന സ്ഥലത്ത് ഒരു സാന്‍്റ് മൈനിംഗ് പ്ളാന്‍്റ് ഉണ്ട്. ആ പ്ളാന്‍്റില്‍ നിന്നുള്ള മാലിന്യം കടലിലേക്ക് ഒഴുക്കി വിടുന്നതുകൊണ്ടാണ് കടല്‍ വെള്ളം ഇങ്ങനെ ചുവക്കുന്നത്. കൂടംകുളം പദ്ധതിയുടെ sterilization സോണിനകത്താണ് ഈ മൈനിംഗ് പ്ളാന്‍്റും. ചെകുത്താനും കടലിനും ഇടയില്‍ കഴിയുക എന്ന് പറയുന്നതിന്‍്റെ വൈചിത്ര്യം അമ്പരപ്പിക്കുന്നതായിരുന്നു. നിരക്ഷരരായ ജനതയെ വീണ്ടും വീണ്ടും ചൂഷണം ചെയ്യക എന്നതാണോ വികസനം എന്ന വാക്ക് കൊണ്ട് ഉദേശിക്കുന്നത് എന്ന സംശയം ബാക്കി വച്ച് ഞങ്ങള്‍ സമരപ്പന്തലിലേക്ക് തിരിച്ചു നടന്നു.

അവിടെയിപ്പോഴും മുദ്രാവാക്യങ്ങളുടെ കടലിരമ്പം. മുദ്രാവാക്യങ്ങള്‍ വിളിച്ച് ക്ഷീണിച്ച അവരുടെ ശബ്ദങ്ങള്‍ക്ക് ശക്തിയായി ഞങ്ങളും ചേര്‍ന്നു. സമരത്തിന് ഊര്‍ജ്ജം നിറച്ച് ഒന്നിന് പിറകെ ഒന്നായി അനേകം പാട്ടുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഗണേശന്‍ അണ്ണന്‍ പാടി തന്ന ‘വെല്‍കവേല്‍ …..’ എന്ന് തുടങ്ങുന്ന പാട്ട് പെരും മഴ പോലെ പെയ്തു. എത്ര പാടിയിട്ടും തീരാതെ അത് ഞരമ്പുകളില്‍ ആവേശം നിറച്ചു.
‘ വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’
ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍ പോരാട്ടത്തിന്റെ ആ പാട്ട് അവിടമാകെ മാറ്റൊലി കൊണ്ടു.

ആറുമണിക്കുള്ള അവസാന ബസില്‍ കയറാന്‍ , യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും കാതിലത് നിറഞ്ഞു നിന്നു. തീച്ചൂടുള്ള വരികള്‍.
‘വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’

 

കടല്‍ ചുവന്നപ്പോള്‍

 

നിസ്സംഗതയുടെ വില
കൂടംകുളം നിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ആണവ നിലയങ്ങള്‍ക്ക് ചുറ്റിലും താമസിക്കുന്നവരില്‍ റേഡിയേഷന്‍ മൂലം വലിയ അളവിലുള്ള ജീന്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. കൂടാതെ പലവിധ കാന്‍സര്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. ഒരു ജനതയെ നിശബ്ദമായി വിഷവികിരണം ഏല്‍പ്പിച്ചു കൊന്നിട്ട് വേണോ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ?

തമിഴ്നാട്ടില്‍ ഇപ്പോഴുള്ള ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഈ പദ്ധതി അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. അതിനു ആക്കം കൂട്ടാന്‍ 9 മുതല്‍ 13 മണിക്കൂര്‍ വരെ തമിഴ്നാട് സര്‍ക്കാര്‍ വക പവര്‍ കട്ടും. ചെന്ന പോലുള്ള വലിയ നഗരങ്ങള്‍ക്കും, വന്‍കിട കമ്പനികള്‍ക്കൊന്നും ഈ കറന്‍്റ് കട്ട് ബാധകമല്ല എന്നറിയുമ്പോഴാണ് ഊര്‍ജത്തിന്റെ പേരില്‍ നടക്കുന്ന ഈ രാഷ്ട്രീയക്കളികള്‍ എന്തിനെന്ന് ചോദിച്ചു പോവുന്നത്. തീര്‍ച്ചയായും കേള്‍ക്കാന്‍ സുഖമുള്ള ഉത്തരങ്ങളില്ല, ഇത്തരം ചോദ്യങ്ങള്‍ക്കൊന്നിനും.

എങ്കിലും ഇത്തരം ചോദ്യങ്ങള്‍ വക തിരിവോടെ ചോദിച്ചില്ലെങ്കില്‍ അവരീ ഭൂമിക്ക് വിലയിടും. ശ്വസിക്കുന്ന വായുവിനു നികുതി ചുമത്തും. കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കും. അവസാനം പ്രകൃതി ദുരന്തത്തിലും മനുഷ്യ നിര്‍മ്മിത ദുരന്തത്തിലും പെട്ട് മരിക്കുന്ന വാര്‍ത്തയിലെ വെറും അക്കങ്ങളായി നമ്മള്‍ മാറേണ്ടി വരും. നിസ്സംഗരായിരിക്കാന്‍ എളുപ്പമാണ്. പക്ഷെ, അതിന്റെ വില ഒട്ടും ചെറുതായിരിക്കില്ല.

MORE STORIES

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

കൂടംകുളം: ഇന്ത്യക്കാരോട് ജപ്പാന് പറയാനുള്ളത്

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

മനസ്സൊന്നു പിടഞ്ഞു. എന്തോ പ്രശ്നമുണ്ട്! ആ സന്ദേഹത്തിന് മറുപടിയെന്നോണം ഷൌക്കത്തിന്റെ വാക്കുകള്‍ മുഴങ്ങി. ഇനി മുന്നോട്ടു പോകാനാവില്ല. മഞ്ഞു വീണ് വഴിയടഞ്ഞിരിക്കുന്നു. സോനമാര്‍ഗില്‍ മഞ്ഞുവീഴ്ച അതിശക്തമാണത്രെ. അപ്പോള്‍… എന്റെ കണ്ണു നിറഞ്ഞു. ഇതാ എന്റെ സ്വപ്നം മുറിഞ്ഞിരിക്കുന്നു. സോനാ മാര്‍ഗ് മോഹം പൊലിഞ്ഞു. ഉറക്കെ കരയണമെന്നു തോന്നി. പ്രകൃതിയോട് അരിശം തോന്നി. സങ്കടം കൊണ്ട് തല കുനിച്ചിരിക്കെ ഷൌക്കത്ത് വണ്ടി തിരിച്ചു. ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു-ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രാകുറിപ്പിന്റെ രണ്ടാം ഭാഗം. ചിത്രങ്ങള്‍: ജസ് ലിന്‍

 

 

കാലത്തുണര്‍ന്നപ്പോള്‍ സോനമാര്‍ഗ് മാത്രമായിരുന്നു മനസ്സില്‍. ഹിന്ദി സിനിമകളിലെ അനേകം മധുര ഗീതങ്ങളുടെ ലൊക്കേഷന്‍. കടല്‍നിരപ്പില്‍ നിന്ന് മൂവായിരം മീറ്റര്‍ ഉയരം. മഞ്ഞും ആകാശവും ലയിച്ചു ചേരുന്ന മനോഹരാനുഭവം. ശ്രീനഗറില്‍നിന്ന് വടക്ക് കിഴക്ക് ദിശയില്‍ 87 കിലോ മീറ്റര്‍ യാത്രചെയ്യണം അവിടെയത്താന്‍. അങ്ങോട്ടേക്കുള്ള വഴി അതിമനോഹരമാണ്. നദികളും കുന്നുകളും ചാരുതയേറിയ താഴ്വരങ്ങളും. മുമ്പേ പറന്നവര്‍ ഒരു പാടെഴുതിയിട്ടുണ്ട് സോനാമാര്‍ഗിനെക്കുറിച്ച്.

സ്വപ്നത്തിന്റെ ഇത്തിരി തരി ഹൃദയത്തിലേക്ക് കോരിയൊഴിക്കുന്ന അത്തരം വായനാനുഭവങ്ങളില്‍ ഒരു പാട് തവണ തരിച്ചിരുന്നിട്ടുണ്ട്. കശ്മീരിലേക്കുള്ള യാത്ര തീരുമാനിക്കുംമുമ്പേ സോനാമാര്‍ഗ് ഉള്ളിലുണ്ടായിരുന്നു. എങ്കിലും, മരംകോച്ചുന്ന, മഞ്ഞുറയുന്ന ഈ സീസണില്‍ സോനാമാര്‍ഗിലേക്കുള്ള യാത്ര എളുപ്പമാവില്ലെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ദുര്‍ഘട വഴികള്‍ മാത്രമല്ല, തണുപ്പിന്റെ ആധിക്യവും പ്രശ്നം തന്നെയാണ്. എങ്കിലും പ്രതീക്ഷകളുണ്ടായിരുന്നു, ഇത്രയും ആഗ്രഹങ്ങളുമായി പാഞ്ഞെത്തിയ ഒരാളെ ഈ മണ്ണ് നിരാശയാക്കില്ലെന്ന്. എല്ലാ തടസ്സങ്ങള്‍ക്കുമൊടുവില്‍ സോനാമാര്‍ഗിന്റെ ഉച്ചിയില്‍നിന്നുള്ള ഹിമവാന്റെ കാഴ്ചയിലേക്ക് നോട്ടങ്ങള്‍ പറത്താന്‍ കഴിയുമെന്ന്. എന്നിട്ടും മനസ്സിനെ വിശ്വസിപ്പിച്ചു, ഇതൊന്നും അത്ര എളുപ്പമല്ലെന്ന്. അഥവാ, സോനാമാര്‍ഗില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും എത്താവുന്ന പരമാവധി അങ്ങോട്ടേക്കുള്ള വഴിദൂരം കണ്ണിലേക്കു നിറക്കണമെന്ന് അതിയായി ആഗ്രഹിച്ചു.

ജസ് ലിന്‍ ജെയ്സന്‍

ദാല്‍ തടാകം
രാവിലെ നേരത്തെ റെഡി ആയി. ഹോട്ടലിനു മുന്നിലേക്ക് ഇറങ്ങിയപ്പോള്‍ ഷൌക്കത്തും കാറും മുന്നില്‍. എന്നാല്‍, അയാളുടെ മുഖം വിവശം. എഞ്ചിനില്‍ ഓയില്‍ ഉറഞ്ഞുകൂടി സ്റാര്‍ട്ട് ആകാത്ത അവസ്ഥയിലാണ് കാര്‍. കുറച്ചു സമയമെടുക്കും, ഇനി.

ശരി, എങ്കില്‍ ഇത്തിരി നടക്കാമെന്ന് നിനച്ചു. മെല്ലെ മുന്നിലേക്ക് നടന്നു. പൊടുന്നനെ, മഞ്ഞിന്റെ ആടയാഭരണങ്ങളിഞ്ഞ് ദാല്‍ തടാകം കണ്ണിലേക്ക് പെയ്തു.

വെണ്‍മ വാരിപ്പൂശിയ അപാരതക്കിപ്പുറം കുറേ മനുഷ്യര്‍ ശിക്കാരക്കാരനുമായി വിലപേശുന്നു. അതിനപ്പുറവും ശിക്കാരകള്‍. സ്വപ്നങ്ങള്‍ ഉറങ്ങുന്ന ആ തടാകത്തിലൂടെ പുലര്‍മഞ്ഞിന്റെ തോണിയേറാന്‍ നേരത്തെ തന്നെ സഞ്ചാരികളെത്തിയിട്ടുണ്ട്. തടാകത്തിന്റെ അങ്ങേക്കരയില്‍ കുറെ ഹൌസ്ബോട്ടുകള്‍ കണ്ടു. ദൂരക്കാഴ്ചയില്‍, ആലപ്പുഴയിലെയും കുമരകത്തെയും പോലെ തന്നെ. എന്നാല്‍, അടുത്തറിയുമ്പോള്‍ വിഭിന്നം. രൂപകല്പനയില്‍ കാലാവസ്ഥാനുസൃതമായ അനേകം മാറ്റങ്ങളുണ്ട് അവയ്ക്ക്.

മനോഹരമായിരുന്നു ആ കാഴ്ച. വെള്ളയുടെ പല ഷേഡുകള്‍ പല തലങ്ങളില്‍ കൂടിച്ചേരുന്ന ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിങ് പോലെ തടാകം. വെണ്‍മയുടെ വിശാലമായ പശ്ചാത്തലത്തിലേക്ക് എടുത്തു വെച്ചതു പോലുണ്ട് മുന്നിലെ പല വസ്ത്രങ്ങളണിഞ്ഞ സഞ്ചാരികള്‍.

അസ്ഥി തുളച്ചു തണുത്ത കാറ്റു കടന്നു പോകുന്നു. എങ്കിലും അവിടം വിട്ടുപോവാന്‍ തോന്നിയില്ല. അത്ര ചാരുതയുണ്ടായിരുന്നു, ആ പകലിന്. കുറേ നേരം അവിടെ നടന്നു. 11 മണി ആയപ്പോള്‍ കാര്‍ റെഡിയായി. യാത്ര തുടങ്ങി. മഞ്ഞു വീഴ്ച മൂലം റോഡ് ആകെ താറുമാറായിക്കാണുമെന്ന് ഷൌക്കത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. 3-4 മണിക്കൂര്‍ യാത്രയുണ്ടാവും. പുസ്തകങ്ങളിലൂടെ ഉള്ളില്‍വന്നു കയറി, പിന്നീട് സ്വപ്നംപോലെ കൊണ്ടുനടന്ന ഒരിടത്തേക്കാണ് യാത്ര. അതിനാല്‍, എത്ര നേരമിരിക്കാനും എന്തും സഹിക്കാനും ഒരുക്കമായിരുന്നു.

ഒരു സ്വപ്നം ഉടയുന്നു
സോനമാര്‍ഗിലെക്കുള്ള വഴി പ്രതീക്ഷിച്ചതുപോലെ ദുര്‍ഘടം തന്നെയായിരുന്നു. അപകടങ്ങള്‍ പതിയിരിക്കുന്ന വഴികളെന്ന് ഇടക്കെപ്പോഴോ ഷൌക്കത്ത് വിശദീകരിച്ചു. Desi Boyz എന്ന് തിളങ്ങുന്ന അക്ഷരങ്ങളില്‍ കണ്ണാടിയില്‍ എഴുതിവെച്ച ഒരു വാന്‍ പെട്ടെന്ന് ഞങ്ങളുടെ മുന്നിലായി ചീറിപ്പാഞ്ഞു പോയി. ഒരു പറ്റം ചെറുപ്പക്കാര്‍. ആടിയും പാടിയും അവരുടെ ഉല്ലാസ നേരം. ഇത്ര വേഗം ചെന്നെടുക്കേണ്ട എന്തോ മുകളിലുള്ളതുപോലെ വെറിപിടിച്ചായിരുന്നു അവരുടെ യാത്ര. ധ്യാനഭരിതമായ മനസ്സോടെ ഒപ്പിയെടുക്കേണ്ട മനോജ്ഞദൃശ്യങ്ങള്‍ ബഹളവും വേഗതയുംകൊണ്ട് പിന്നിടുന്ന ആ കൂട്ടത്തെക്കുറിച്ച് വെറുതെ ആലോചിച്ചു.

ഇനി വെറും 10 കിലോ മീറ്റര്‍ മാത്രമേയുള്ളൂ. മുകളിലേക്ക് പോകും തോറും വഴിയാകെ മഞ്ഞു മൂടിക്കിടക്കുന്നുണ്ടയിരുന്നു. അതോടെ കാറിന്റെ വേഗത കുറഞ്ഞു. വൈകുന്നേരങ്ങളില്‍ യാത്ര ഇതിലുമേറെ ദുരിതമാണ്. മഞ്ഞു വീഴ്ചയും ഇരുട്ടും കൂടും. അതിനാലാണ് ഉച്ചഭക്ഷണം പോലും വേണ്ടെന്നു വെച്ചുള്ള ഈ യാത്ര. പെട്ടെന്ന് ഒരിരമ്പം കേട്ടു. ഒരു വാഹനം എതിരെ വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ നേരത്തെ കണ്ട വണ്ടി. അതിന്റെ ചില്ലില്‍ Desi Boyz ‘ എന്ന ലിഖിതം. ഞങ്ങളെ പിന്നിടുമ്പോള്‍ അതിലെ ഡ്രൈവര്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടയിരുന്നു.

മനസ്സൊന്നു പിടഞ്ഞു. എന്തോ പ്രശ്നമുണ്ട്!

ആ സന്ദേഹത്തിന് മറുപടിയെന്നോണം ഷൌക്കത്തിന്റെ വാക്കുകള്‍ മുഴങ്ങി-”ഇനി മുന്നോട്ടു പോകാനാവില്ല. മഞ്ഞു വീണ് വഴിയടഞ്ഞിരിക്കുന്നു. സോനമാര്‍ഗില്‍ മഞ്ഞുവീഴ്ച അതിശക്തമാണത്രെ”.

അപ്പോള്‍…

എന്റെ കണ്ണു നിറഞ്ഞു. ഇതാ എന്റെ സ്വപ്നം മുറിഞ്ഞിരിക്കുന്നു. സോനാ മാര്‍ഗ് മോഹം പൊലിഞ്ഞു. ഉറക്കെ കരയണമെന്നു തോന്നി. പ്രകൃതിയോട് അരിശം തോന്നി. സങ്കടം കൊണ്ട് തല കുനിച്ചിരിക്കെ ഷൌക്കത്ത് വണ്ടി തിരിച്ചു. ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ഇനി എന്തെങ്കിലും കഴിക്കാം എന്ന തീരുമാനത്തിലെത്തി. അടുത്ത് കണ്ട ധാബയില്‍ തന്നെ കാര്‍ നിന്നു. മെനു കാര്‍ഡും പരിചാരകരും ഇല്ലാത്ത ചെറിയ ഇടം. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കിടുങ്ങി. അത്രക്കുണ്ടായിരുന്നു തണുപ്പ്. റോഡിനു ഇരുവശത്തുമായി കുറച്ചു കടകള്‍. അതിനടുത്തായി ഒരു പട്ടാള ക്യാമ്പ്. അടുത്തൊന്നും വീടുകളില്ല.

 

 

ഡാബയിലെ തീ
ഡാബയിലും നല്ല തണുപ്പ്. തണ്ടൂരി റോട്ടിയും ചന മസാലയും ഓര്‍ഡര്‍ ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ നവ ദമ്പതികളും ഞാനും പിന്നെ ഞങ്ങളുടെ ഡ്രൈവര്‍മാരുമാണവിടെ. എല്ലാവരും തണുത്തു വിറക്കുന്നു. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ കടയിലെ പയ്യന്‍ വിറകു കൂട്ടി കത്തിച്ചു. ഹാവൂ..ഇപ്പോള്‍ ഇത്തിരി ആശ്വാസം. ഞങ്ങളെല്ലാവരും തീകായാനായി അതിനു ചുറ്റും കൂടിയിരുന്നു. ദില്ലിക്കാരുടെ ഡ്രൈവറുടെ മൊബൈലില്‍ നിന്നും വളരെ പരിചിതമായ ആ ഗാനം മുഴങ്ങി. മറ്റൊന്നുമല്ല ‘Why this kolaveri ‘ തന്നെ! ഏതു ഭാഷയിലെ പാട്ടാണെന്ന് പോലുമറിയാതെയാണ് അയാള്‍ അത് കേള്‍ക്കുന്നത്. ആ പാട്ടിന്റെ റീച്ചിനെ കുറിച്ചോര്‍ത്തപ്പോള്‍ അതിശയം തന്നെ തോന്നി.

ആലോചനകള്‍ക്കിടെ ആഹാരമെത്തി. വിശപ്പിന്റെ ആധിക്യത്തില്‍ ഭക്ഷണത്തിന് രുചി കൂടുക സ്വാഭാവികം, പക്ഷെ ഇതങ്ങനെ അല്ല. ശരിക്കും തകര്‍പ്പന്‍.

ഭക്ഷണ ശേഷം കുറച്ചു സമയം വെറുതെ നടന്നു. ഒരു മനുഷ്യനെ പോലും കാണാനില്ല. തിരിച്ചു വരുമ്പോള്‍ കുറച്ചു പട്ടാളക്കാര്‍ ക്യാമ്പിനു പുറത്തേക്കു വരുന്നത് കണ്ടു. താങ്ങാനാവാതെ നാം രക്ഷപ്പെട്ടു കളയുന്ന ഈ കാലാവസ്ഥ എന്നും നേരിടുന്നവരാണവര്‍. നമുക്ക് ചൂടുള്ള ഇടങ്ങളിലേക്ക് രക്ഷപ്പെടാം. അവരെങ്ങോട്ട് പോവാന്‍? രാജ്യത്തിനുവേണ്ടി കഠിന ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ മനുഷ്യര്‍. സംസാരിച്ചാലോ എന്നാലോചിച്ചു. ധൈര്യം വന്നില്ല. അതിനാല്‍, സന്തോഷത്തോടെ ചിരിച്ചു. അതിലും മനോഹരമായ ചിരിയായിരുന്നു മറുപടി. സന്താഷം തോന്നി.

 

 

മഞ്ഞുവാരിയെറിയുന്ന കുട്ടികള്‍
വരുന്ന വഴിക്കേ ശ്രദ്ധിച്ചിരുന്നു, ഇക്കോ ഫ്രന്റ്ലി പാര്‍ക്ക് എന്ന ബോര്‍ഡ്. തിരിച്ചുപോവുമ്പോള്‍ വീണ്ടുമത് കണ്ടു. Baba Nizamuddin’ park, Kijipora. ഏകദേശം രണ്ടേ ഏക്കറോളം പടര്‍ന്നു കിടക്കുന്ന ഒരിടം. റോഡ് നിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍. സമീപ പ്രദേശങ്ങള്‍ വളരെ വ്യക്തമായി കാണാനാവും. മഞ്ഞുകാലമായതിനാല്‍ പാര്‍ക്കില്‍ ഒരു പുല്‍നാമ്പ് പോലും കാണാനിടയില്ലെന്ന് അറിയാമായിരുന്നു. എങ്കിലും ഒന്നു കയറി നോക്കാന്‍ തന്നെ തീരുമാനിച്ചു. 40 -50 പടവുകള്‍ കയറണം പാര്‍ക്കിലെത്താന്‍. മഞ്ഞ് മൂടിയിരുന്നെങ്കിലും അവിടെ അനേകം ടൂറിസ്റുകള്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ മഞ്ഞു വാരിയെറിഞ്ഞു തിമിര്‍ക്കുന്നു. മുതിര്‍ന്നവര്‍ മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നു. ആകെ ഉല്ലാസ ഭരിതമായ അവസ്ഥ. അവിടെ നിന്നാല്‍ ആ പ്രദേശം മുഴുവനായി കാണാം. റോഡിനു ഇരുവശവുമായി വെള്ളകൊണ്ടു പൊതിഞ്ഞ മലനിരകള്‍. ടിവി യില്‍ മാത്രമേ മഞ്ഞു മലകള്‍ കണ്ടിട്ടുള്ളൂ. അതിനാല്‍, മഞ്ഞുകൊണ്ടുണ്ടാക്കിയ ആ മലകളെ കൊതിയോടെ നോക്കി നിന്നു, ഏറെ നേരം.
മഞ്ഞു വാരിയെറിഞ്ഞും മഞ്ഞുമനുഷ്യനെ ഉണ്ടാക്കിയും കുട്ടികളോടൊപ്പം ഞാനും കൂടി. എങ്കിലും സോനാമാര്‍ഗ് കാണാന്‍ കഴിയാത്തതിലെ സങ്കടം അതേപടി കിടന്നു. സന്തോഷത്തിനു മുകളില്‍ ആരോ ഒരു കല്ലു വെച്ചതുപോലെ.

 

 

മാനസ്ബാലിലെ നിശ്ശബ്ദത
മടക്കയാത്രയില്‍ കാണാനുള്ള കാഴ്ചകള്‍ എന്തൊക്കെയെന്ന് തിരക്കി. മാനസ്ബാല്‍ തടാകം!. സംശയലേശമന്യെ ഷൌക്കത്ത് പറഞ്ഞു.

താഴ്വരയിലെ ഏറ്റവും ആഴമേറിയ തടാകമാണത്. എന്നാലിനി യാത്ര അങ്ങോട്ടേക്ക്.

ഒട്ടനേകം ആപ്പിള്‍ തോട്ടങ്ങള്‍ കടന്നാണ് യാത്ര. മഞ്ഞിന്റെ തിരശ്ശീലയിട്ടതിനാല്‍ മരം മാത്രമേ കാണാനാവൂ. കുറെ വളവും തിരിവുകള്‍ താണ്ടിയെത്തിയത് തടാകത്തിന്റെ വിദൂര ദൃശ്യത്തിലേക്കാണ്. നിറങ്ങള്‍ വാരിത്തൂവിയ ഒരു ഫോട്ടോഗ്രാഫ് പോലെ അത് പ്രലോഭിപ്പിച്ചു. പാര്‍ക്കിനോടു ചേര്‍ന്നാണ് വിസ്തൃതമായ തടാകം. അതിനുപിന്നില്‍ മഞ്ഞിന്റെ മറക്കപ്പുറം ഉയരമേറിയ മലനിരകള്‍. പാര്‍ക്കിനു മുന്നിലായി കബാബ് വില്‍ക്കുന്ന ഒരാളെ കണ്ടു. അത് വാങ്ങിക്കഴിക്കുന്ന മറ്റു രണ്ടുപേരെയും. പകല്‍വെളിച്ചം മാഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞുകാലത്ത് കശ്മീരില്‍ അഞ്ചുമണി ആകുമ്പോഴേക്കും ഇരുട്ടു വീഴും.

തടാകം ലക്ഷ്യമാക്കി നടന്നു. ഉള്ളില്‍ കടന്നപ്പോള്‍ ഇരുട്ട് വീണ്ടും കൂടി. തണുപ്പും. അകാരണമായ ഭീതി തോന്നി. അപാരമായ ശാന്തത. ശൂന്യത. ആരുമുണ്ടായിരുന്നില്ല അവിടെങ്ങും. തടാകക്കരയിലെ പടിക്കെട്ടില്‍ ഒരു പാട് നേരമിരുന്നു. ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ഥയുടെ അവസാന ഭാഗം ഓര്‍മ്മവന്നു. തികഞ്ഞ ശാന്തത. ഹൃദയത്തില്‍ ഇതുവരെയില്ലാത്ത നിശ്ശബ്ദത നിറഞ്ഞു. പകല്‍വെളിച്ചം പൂര്‍ണമായി മറയുംവരെ ഞാനവിടെയിരുന്നു. എന്നാല്‍, അധികം വൈകാതെ വെള്ളയുടെ കാന്‍വാസിലേക്ക് രാത്രി കോരിയൊഴിച്ചു, ഇരുട്ടിന്റെ കടും നിറങ്ങള്‍. എങ്കിലും പകലിന്റെ അവസാനതരിയും പെറുക്കിയെടുത്താണ് ഞാനവിടം വിട്ടത്.

 

 

FIRST PART

കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

 

 

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers