trappes.jpg
Category archives for: ട്രപ്പീസ്-ശിവന്‍

പിറവം പരാജയം ഒരു താത്വിക അവലോകനം…!!

അത് കൊണ്ടാണ് സഖാക്കള്‍ ഫലം വന്നയുടനെ പറഞ്ഞത്, ജയിച്ചത് മറ്റേ പാര്‍ട്ടിയാണെങ്കിലും നേട്ടമുണ്ടാക്കിയത് തങ്ങളാണെന്ന്..! നമ്മുടെ കാഴ്ചപ്പാടില്‍ ജയിക്കുന്നവരല്ല നേട്ടമുണ്ടാക്കുന്നത്, മറിച്ച് തോല്‍ക്കുന്നവരാണ്. അതെങ്ങനെ നേട്ടമാകുമെന്നല്ലേ ഇത്രയധികം വര്‍ഗ്ഗീയ, ജാതി, മത, ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വ, കുത്തക , സാമ്രാജ്യത്വ ശക്തികളാണ് ഈ നാട്ടില്‍ ജീവിച്ചിരുന്നതെന്ന് ഈയവസരത്തില്‍ കേരളത്തെ മൊത്തം അറിയിക്കാന്‍ സാധിച്ചില്ലേ. അതു തന്നെയാണ് തങ്ങളുടെ നേട്ടം! അല്ലാതെ ജനങ്ങളുടെ വോട്ട് കിട്ടുന്നതല്ല. ഓരോ അഞ്ചു കൊല്ലക്കാലവും നമ്മുടെ പാര്‍ട്ടി ഇത്തരത്തില്‍ നേട്ടമുണ്ടാക്കാറുണ്ട്. ജയിച്ചിട്ടല്ല, തോറ്റിട്ട്-ശിവന്‍ എഴുതുന്നു

 

 

ഏത് തിരഞ്ഞെടുപ്പില്‍ തോറ്റാലും തികച്ചും താത്വികമായ ഒരു അവലോകനം നടത്തുന്നതാണ് നമ്മുടെ പാര്‍ട്ടിയുടെ പതിവ്. റഷ്യ, ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് അനുവര്‍ത്തിക്കുന്നത്.

ഒന്ന്…
കേരള സംസ്ഥാനത്തില്‍ പിറവം പോലെ ഇത്രയധികം ജാതിമത വര്‍ഗ്ഗീയ ശക്തികള്‍ അധിവസിക്കുന്ന മറ്റൊരു നാടില്ല. പിറവം മണ്ഡലത്തിലെ ഓരോ ബസ് സ്റ്റോപ്പിലും കുറഞ്ഞത് അഞ്ച് ബൂര്‍ഷ്വാസിയും നാല് കുത്തക മുതലാളിമാരും, മൂന്ന് വര്‍ഗീയ ശക്തികളും കാണും. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒന്നോ രണ്ടോ സാമ്രാജ്യത്വ കിങ്കരന്‍മാരെയും കാണാന്‍ കഴിയും. മാത്രമല്ല പിറവം മണ്ഡലത്തില്‍ രാത്രികാലങ്ങളില്‍ ചില സി ഐ എ ചാരന്‍മാര്‍ കറങ്ങിനടക്കുന്നതും സഖാക്കള്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ നമ്മുടെ സഖാക്കള്‍ കണ്ണൂരില്‍നിന്ന് വണ്ടികയറി പിറവത്ത് വന്നത് തിരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണെന്നൊക്കെയാണ് മറ്റുള്ളവരുടെ ധാരണ. പക്ഷേ അവരുടെ യഥാര്‍ത്ഥ ലക്ഷ്യം വേറെയായിരുന്നു. ബൂര്‍ഷ്വാസികള്‍, വര്‍ഗീയ ശക്തികള്‍, മത ഭീകരര്‍, സാമ്രാജ്യത്വ കിങ്കരര്‍ തുടങ്ങിയവരുടെ മുഖം മൂടി വലിച്ചു കീറി ജനകീയ വിചാരണ ചെയ്യകയായിരുന്നു സഖാക്കളുടെ ലക്ഷ്യം.

ഈ ഭീകരശക്തികളെയാണ് മണ്ടന്‍മാരായ മറ്റേ പാര്‍ട്ടിക്കാര്‍ തിരഞ്ഞെടുപ്പ് ജയിക്കാനായി കാശു കൊടുത്ത് വശത്താക്കിയത്. അവരുടെ തിരഞ്ഞെടുപ്പ് ഓഫീസിനു മുന്നില്‍ രാവിലെ മുതല്‍ ബൂര്‍ഷ്വാസികള്‍ കാശുവാങ്ങിക്കാന്‍ ക്യൂ നില്‍ക്കും. അവര്‍ പോയിക്കഴിഞ്ഞാലുടന്‍ വര്‍ഗ്ഗീയക്കാര്‍ വരും. അവര്‍ പോയിക്കഴിഞ്ഞാലുടനെ കുത്തകക്കാരത്തെും. അങ്ങനെ കാശുവാങ്ങി കാശുവാങ്ങി അവര്‍ നമ്മളെ തോല്‍പ്പിച്ചു.

ജാതി മത വര്‍ഗീയ ശക്തികളെ തുറന്നു കാട്ടുക എന്ന മഹത്തായ ലക്ഷ്യവുമായി വന്ന സഖാക്കള്‍ക്ക് ഒരു പീറ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി എന്നൊക്കെ പറഞ്ഞാല്‍ വെറും തൊലിപ്പുറത്തെ കാര്യങ്ങളാണ്. ഈ ജാതി മതവര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇതു വല്ലോം അറിയാമോ..!

അത് കൊണ്ടാണ് സഖാക്കള്‍ ഫലം വന്നയുടനെ പറഞ്ഞത്, ജയിച്ചത് മറ്റേ പാര്‍ട്ടിയാണെങ്കിലും നേട്ടമുണ്ടാക്കിയത് തങ്ങളാണെന്ന്..! നമ്മുടെ കാഴ്ചപ്പാടില്‍ ജയിക്കുന്നവരല്ല നേട്ടമുണ്ടാക്കുന്നത്, മറിച്ച് തോല്‍ക്കുന്നവരാണ്. അതെങ്ങനെ നേട്ടമാകുമെന്നല്ലേ ഇത്രയധികം വര്‍ഗ്ഗീയ, ജാതി, മത, ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വ, കുത്തക , സാമ്രാജ്യത്വ ശക്തികളാണ് ഈ നാട്ടില്‍ ജീവിച്ചിരുന്നതെന്ന് ഈയവസരത്തില്‍ കേരളത്തെ മൊത്തം അറിയിക്കാന്‍ സാധിച്ചില്ലേ. അതു തന്നെയാണ് തങ്ങളുടെ നേട്ടം! അല്ലാതെ ജനങ്ങളുടെ വോട്ട് കിട്ടുന്നതല്ല. ഓരോ അഞ്ചു കൊല്ലക്കാലവും നമ്മുടെ പാര്‍ട്ടി ഇത്തരത്തില്‍ നേട്ടമുണ്ടാക്കാറുണ്ട്. ജയിച്ചിട്ടല്ല, തോറ്റിട്ട്

രണ്ട്
പാര്‍ട്ടിക്കുള്ളിലെ രണ്ട് ‘പാര്‍ട്ടി’ക്കാരും പ്രത്യക്ഷത്തില്‍ പിറവത്ത് ഒന്നിച്ചു നിന്നിരുന്നെങ്കിലും അവര്‍ തമ്മിലുള്ള ഭിന്നത ശക്തിയായ അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു. തക്കം പാര്‍ത്തിരുന്ന ജാതി മത വര്‍ഗ്ഗീയ ബൂര്‍ഷ്വാസി ശക്തികള്‍ ഈ സാഹചര്യം ശരിക്കും ഉപയോഗിച്ചു.

മൂന്ന്
കുരിശേറിയ സഖാവിന്‍്റെ കുഞ്ഞാടുകള്‍ തമ്മില്‍ മുട്ടനടി നടക്കുന്നത് മുതലാക്കാമെന്ന് കരുതിയെങ്കിലും പോളിംഗ് ബൂത്തിലത്തെിയപ്പോള്‍ എല്ലാവന്‍മാരും അങ്ങ് റോമിലോട്ട് തിരിഞ്ഞ് ഒന്നിച്ചു നിന്ന് കുരിശു വരച്ചു കളഞ്ഞു!
ഈ അവലോകനങ്ങള്‍ മനസ്സിലാക്കാനാകാത്ത താത്വിക നിരക്ഷരര്‍ക്കായി നെയ്യാറ്റിന്‍കരയില്‍ സ്റ്റഡി ക്ളാസ്സ് നടത്തുന്നതാണ്. അതു വരെ ചൂടിന് നല്ല സംഭാരം കുടിച്ച് കാത്തിരിക്കുക..!!

പാഠം രണ്ട് വിലാപം!

തെറ്റിയത് നമുക്കാണ്. ഈ പരട്ട ജനങ്ങള് ഒന്ന് പറയും മറ്റൊന്നിന് കുത്തും. നേരെ നിന്നാ ചിരിക്കും തിരിഞ്ഞുനിന്ന് കൊഞ്ഞനം കാട്ടും. അണ്ണന്‍മാര് പറഞ്ഞുതന്നതുപോലെ ഫേസ്ബുക്കും, യു ട്യൂബും ,നമ്മുടെ പേരിലുള്ള വെബ്സൈറ്റും മാത്രമല്ല ഇവന്‍മാര് നോക്കിയിരുന്നത്. അതോടൊപ്പം പത്രവും വായിച്ചു. മാത്രമല്ല ഈ പരമദ്രോഹികള്‍ക്ക് സാമാന്യ ബുദ്ധി എന്നൊരു സാധനവും ഉണ്ടായിരുന്നു! നമ്മുടെ പാര്‍ട്ടിയുടെ പണ്ടത്തെ ഏനക്കേടുകളും ഏക്കവുമെല്ലാം ഈ മഹാപാപികള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു-ശിവന്‍ എഴുതുന്നു

 

 

ഈ ഇന്ത്യാ മഹാരാജ്യത്ത് നിരവധി കുടുംബങ്ങള്‍ കുലത്തൊഴില്‍ ചെയ്യുന്നു. എന്നാല്‍, അവരെപ്പോലൊന്നുമല്ല നമ്മുടെ കുലത്തൊഴില്‍. അതീ ഇന്ത്യാ മഹാരാജ്യത്തെ തന്നെ ഭരിച്ചു കൊടുക്കലാണ്. കുലത്തൊഴിലിന് ഡിമാന്‍ഡുണ്ടെന്ന് കരുതി നമ്മള്‍ നേരെ അങ്ങോട്ട് വെച്ചു പിടിച്ചെന്നൊന്നും കരുതണ്ട. മര്യാദയ്ക്ക് സ്കൂളില്‍ പോയി, അത് കഴിഞ്ഞപ്പോള്‍ കോളേജിലും പോയി. അതും ഇന്ത്യയിലെയല്ല, അങ്ങ് ശീമയിലെ മുന്തിയ ഇനം യൂണിവേഴ്സിറ്റിയില്‍..! പഠിച്ചത് മാനേജ്മെന്റ് …അതൊക്കെ കഴിഞ്ഞ് നല്ലൊരു കമ്പനിയില് കുറെക്കൊല്ലം പണിയുമെടുത്തു. ശമ്പളം കിട്ടിയാല്‍ മാസാമാസം ചെലവിനുള്ളതു കഴിച്ച് വീട്ടിലേക്കയച്ചു കൊടുക്കും.

ആയിടക്കാണ് കുലത്തൊഴിലിനോട് നമുക്ക് താത്പര്യം തോന്നുന്നത്. ഒരുപായ കടലാസ് വാങ്ങി നേരെ രാജിക്കത്തങ്ങെഴുതി.അടുത്ത വണ്ടിക്ക് നാടുപിടിച്ചു. നാട്ടില്‍ വന്നപ്പോഴാണ് നമ്മുടെ പാര്‍ട്ടിയുടെ അവസ്ഥ നേരില്‍ കണ്ടത്. വിജയവാഡയില്‍നിന്നുവരുന്ന അരി വെന്തു കിട്ടുന്ന കഞ്ഞിമുക്കിയ ഖദര്‍ ധരിച്ചാണ് പാര്‍ട്ടി നേതാക്കന്‍മാരുടെ നടപ്പ്. കീറിയാല്‍ അവരു തന്നെ തുന്നും. ഇല്ലേല്‍ കീറി പിന്നീട് സമയം കിട്ടുമ്പോള്‍ തുന്നും. ഒഴിവു നേരം കിട്ടിയാല്‍ ചര്‍ക്കയെടുത്ത് മുന്നില് വച്ച് നൂല്‍ നൂറ്റു തുടങ്ങും. ഇവരിങ്ങനെ വെള്ളത്തൊപ്പിയുമിട്ട് തെക്കുവടക്ക് നടന്നിട്ടൊന്നും ഒരു കാര്യവുമില്ല. ഇതു കൊണ്ടൊന്നും പുതിയ പിള്ളാരെ പണിക്ക് കിട്ടില്ല എന്ന് ഒറ്റ നോട്ടത്തിലേ നമുക്ക് മനസ്സിലായി.

പിസ്സയും ഹാം ബര്‍ഗറും തിന്ന് മൈക്രോസോഫ്റ്റിലും വിപ്രോയിലും ഒക്കെ പണിയെടുത്ത് മാസാമാസം ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്ന പിള്ളേരാണ്. ഇവരെ കൂടെക്കൂട്ടണം. മറുവശത്ത് ഇന്ത്യയിലെ ദാരിദ്യ്രവും തീര്‍ക്കണം. എന്താണൊരു വഴി തല പുകഞ്ഞ ആലോചനയായി. ഹാര്‍വാര്‍ഡില്‍ ചെത്തിക്കൂര്‍പ്പിച്ചെടുത്ത മനസ്സില്‍നിന്നും ആശയങ്ങളുടെ പെരുമഴയായിരുന്നു പിന്നെ….!!
ദാരിദ്യ്രനിര്‍മാര്‍ജനത്തിന്റെ ആദ്യപടി എന്ന നിലയില്‍ സ്വന്തം പേരില്‍ ഒരു വെബ്സൈറ്റുണ്ടാക്കി. അതിന്റെ ഏറ്റവും മുകളിലായി നമുക്ക് ദാരിദ്യ്രം തുടച്ചു നീക്കാം എന്നെഴുതി.

മതി….
ഇതു നോക്കുന്ന ടെക്കി പിള്ളേര് ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ പോയി ദാരിദ്യ്രം തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടോളും!
ഇനി പാര്‍ട്ടിയുടെ വൃദ്ധ സ്വഭാവം മാറ്റണം…പക്ഷേ ഇതിനിടയില്‍ നമ്മുടെ സ്വന്തം പാര്‍ട്ടിയിലെ ചില കേന്ദ്രമന്ത്രിമാര്‍ സ്വന്തം ദാരിദ്യ്രം മാറ്റാനുള്ള പണി നടത്തുന്നുണ്ടായിരുന്നു. പാവങ്ങളല്ലേ ദാരിദ്യ്രമല്ലേ! നമ്മളാ ഭാഗമേ നോക്കിയില്ല.

 

 

ഇനി സംഘടന മെച്ചപ്പെടുത്തണം. അതിനാളു വേണം. നേതാക്കമ്മാര് വേണം. കാമ്പസ് ഇന്റര്‍വ്യൂ നടത്തി പിള്ളേരെ ജോലിക്കെടുക്കുന്നതാണ് കണ്ടു പരിചയം. സംഗതി കോര്‍പ്പറേറ്റ് ആണ്. അറിയാവുന്നത് അതായതിനാല്‍ നമ്മളും തുടങ്ങി. പേര് കാമ്പസ് ഇന്റര്‍വ്യൂ എന്നല്ല. ടാലന്റ് ടാലന്റ് ഹണ്ട് എന്നാണ്. അതിച്ചിരി കൂടി സൊയമ്പനാക്കിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് നമ്മള് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. സംഗതി സ്ഥാനാര്‍ഥിയെങ്കിലും കമ്പനി എക്സിക്യൂട്ടീവ്സ് ആയാണ് നമ്മളവരെ കണ്ടത്. അവര്‍ക്കായി റിട്ടണ്‍ ടെസ്റ്, ഗ്രൂപ്പ് ഡിസ്കഷന്‍, പ്രോബ്ലം സോള്‍വിങ് എബിലിറ്റി, ക്രൈസിസ് മാനേജ്മെന്റ് സര്‍വ്വോപരി മെന്റല്‍ സ്്റ്റേബിലിറ്റി തുടങ്ങിയവ നടത്തി. നല്ല എക്സിക്യുട്ടീവ്സിനെ തെരഞ്ഞുപിടിച്ചു.

തിരഞ്ഞെടുപ്പിന് ഇനി വേണ്ടത് കാമ്പെയിനിങ് ആണ്. അതിന് പി.ആര്‍ ചേട്ടമ്മാരുണ്ട്. ഇവന്റ് മാനേജ്മെന്റ് അണ്ണന്‍മ്മാരുമുണ്ട്. വഴി പെട്ടെന്ന് കിട്ടി. ഫേസ് ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് ആദിയായവയില്‍ മൈക്കു കെട്ടണം. പാര്‍ട്ടിയുടെ പേരില്‍ 24 മണിക്കൂറും കിട്ടുന്ന ചാനല്‍ യു ട്യൂബു വഴി ജനകോടികള്‍ക്ക് ലഭ്യമാക്കി. വേറൊരു വഴിക്ക് ഒരു വണ്ടി വാടകക്കെടുത്ത്് റോഡ് ഷോയും നടത്തി. അടുത്തുള്ള ദളിതന്‍മാരുടെ വീടൊക്കെ പി.ആര്‍ ചേട്ടമ്മാരും പാര്‍ട്ടിക്കാരും നേരത്തെ നോക്കിവെക്കും. വിശന്നു കിട്ടിയാല്‍ അങ്ങോട്ട് കയറും. കുടിലില്‍ കേറി മൂക്കും പൊത്തി തിന്നുന്നതിന്റെ പടം പിടിക്കാന്‍ ആളെ വെക്കും. പടം പത്രത്തിലും വീഡിയോ യു ട്യൂബിലും കൃത്യമായി എത്തിക്കുന്ന കാര്യത്തില്‍ ഈ പി.ആര്‍ മാനേജര്‍മാര് മിടുക്കന്‍മാരാണ്.

ദോഷം പറയരുതല്ലോ… നല്ല മതിപ്പായി പിന്നെ. ഇംഗ്ലീഷറിയുന്ന ചെക്കമ്മാരൊക്കെ നമ്മുടെ ആളായി. തലമൂത്ത നേതാക്കന്‍മാരൊക്കെ ആരും കാണാതെ ഞെട്ടി. പുറത്തിറങ്ങി അവമ്മാര് പിന്നേം ഞെട്ടി, യെവനാള് പുലിയാണ് കെട്ടാ! പിന്നെ പെട്ടെന്നല്യോ നമ്മള് ഹീറോ ആയത്!

വോട്ടുമുഴുവന്‍ നമ്മുടെ പെട്ടിയില്‍ തന്നെ വീഴും എന്ന് എല്ലാ അണ്ണന്‍മാരും കട്ടായം പറഞ്ഞു. ആകെ മൊത്തം നമുക്കനുകൂലം! യുവരാജാവ് എന്നൊക്കെ കേള്‍ക്കുമ്പോ ഒരിത് പോലെ! കലാമൂല്യമുള്ള ജനപ്രിയ സിനിമ പോലെ ഉത്തരേന്ത്യയില്‍ നമ്മളങ്ങ് നിറഞ്ഞാടി!
അങ്ങനെ, തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇപ്പോഴിതാ ഫലവും വന്നു…

അതോടൊപ്പം പത്രവും വായിച്ചു. മാത്രമല്ല ഈ പരമദ്രോഹികള്‍ക്ക് സാമാന്യ ബുദ്ധി എന്നൊരു സാധനവും ഉണ്ടായിരുന്നു! നമ്മുടെ പാര്‍ട്ടിയുടെ പണ്ടത്തെ ഏനക്കേടുകളും ഏക്കവുമെല്ലാം ഈ മഹാപാപികള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു!

ഫേസ് ബുക്ക്, യു ട്യൂബ്, ട്വിറ്റര്‍, വെബ്സൈറ്റ്, എന്തൊക്കെ പുകിലായിരുന്നു. കെട്ടി വച്ച കാശു പോയ ചിലര്‍ തിരിച്ചു തരണമെന്നും പറഞ്ഞ് വീട്ടിലേക്ക് വരുന്നു ത്രേ.. പഠിച്ച മാനേജ്മെന്റ് പുസ്തകങ്ങളൊക്കെ പൊടി തട്ടി പരിശോധിക്കുകയാണ്. പാപ്പരായാല്‍ ഈ കമ്പനിക്കാരെന്താ ചെയ്യാറ്?

അച്ഛനുറങ്ങാത്ത വീട്..!!

ഇപ്പോള്‍ അവന് അച്ഛനെ പരമ പുച്ഛം! പുത് എന്ന നരകത്തില്‍ നിന്ന് പിതാവിനെ ത്രാണനം ചെയ്യന്നവനാകുന്നു പുത്രന്‍. പക്ഷേ നമ്മെ അവന്‍ താഡനം ചെയ്യുകയാണ് . ദേശീയ അന്തര്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന, വമ്പിച്ച സൈദ്ധാന്തിക അടിത്തറയും ആദര്‍ശവുമുള്ള നമ്മുടെ സ്വന്തം പാര്‍ട്ടിയോടാലോചിക്കാതെ തോന്നിയതു പോലെ ചെയ്യകയാണവന്‍. അച്ഛന്‍ പറഞ്ഞിട്ടു കേട്ടില്ലെങ്കില്‍ അമ്മാവന്‍മാരെക്കൊണ്ടുപദേശിപ്പിക്കുക എന്നതാണ് നാട്ടുനടപ്പ്. ഉപദേശിപ്പിച്ചു.. ചങ്ങനാശ്ശേരിയിലെ നായരമ്മാവനെക്കൊണ്ടു തന്നെ ഉപദേശിപ്പിച്ചു-ശിവന്‍ എഴുതുന്നു

 

 

ഒരച്ഛനും മകനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല. സത്യം…!

തലേല് വച്ചാല്‍ പേനരിക്കും താഴത്ത് വച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെക്കരുതി സ്വന്തം പറമ്പിലെ നാലഞ്ചാനകളുടെ പുറത്തിരുത്തിയാണ് പൊന്നോമന പുത്രനെ വളര്‍ത്തി വലുതാക്കിയത്. കൊട്ടാരക്കരയില്‍ പോയിട്ട് കൊല്ലം ജില്ലയില്‍ പോലും ഇങ്ങനൊരച്ഛന്‍ മകനെ സ്നേഹിച്ച ചരിത്രമില്ല. മകന്‍ ഇത്തിരി വലുതായപ്പോള്‍ മുതല്‍ ആനപ്പുറത്തു നിന്നിറങ്ങി നാട്ടുകാരുടെ പുറത്തേക്ക് കയറിത്തുടങ്ങി. നാലാം വയസ്സിലെ നട്ടപ്രാന്തന്ന് കരുതി സഹിച്ചു..ക്ഷമിച്ചു. പഠിപ്പു തീര്‍ന്ന് കുടിപ്പള്ളിക്കൂടം വിട്ടു കഴിഞ്ഞപ്പോഴാണ് മകന് സിനിമയിലഭിനയിക്കണം എന്ന് വന്ന് പറഞ്ഞത്. സംഗീതം സാഹിത്യം, ആനക്കമ്പം, ഭൂമിക്കമ്പം മുതലായ പല കമ്പങ്ങള്‍ പാരമ്പര്യമായുള്ള തറവാട്ടിലെ കാരണവര്‍ എന്ന നിലയ്ക്ക് മകന്‍്റെ ആഗ്രഹത്തിന് എങ്ങനെ എതിരു നില്‍ക്കും! സമ്മതിച്ചു.. മകന്‍ പോയി സിനിമയില്‍ അഭിനയിച്ചു. നമ്മുടെ തറവാടിന്റെ കീര്‍ത്തി നാടൊട്ടുക്കു പരക്കുകയും ചെയ്തു.

ആയിടക്കാണ് നമ്മെക്കുറിച്ചും നമ്മുടെ തറവാടിന്‍്റെ കീര്‍ത്തിയെക്കുറിച്ചും ഒരു ചുക്കും അറിഞ്ഞു കൂടാത്ത വിവര ദോഷികള്‍ ഒരു കേസും പൊക്കിപ്പിടിച്ച് വരുന്നത്. രാമായണം ഇരുപത്തിനാലു വൃത്തം ഇരുപത്തിനാല് മണിക്കൂറിലൊരിക്കല്‍ വായിക്കുന്ന നമുക്കറിയാം ഈയൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യമെന്ന്. ചെയ്തു… അഗ്നിശുദ്ധി വരുത്തിയിട്ടു മാത്രമേ ഇനി ഭരണത്തിലേക്കുള്ളൂ എന്ന് പ്രതിജ്ഞയെടുത്തു. പകരം സ്ഥാനമേല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടി മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കൊള്ളാവുന്ന ഒറ്റയൊരുത്തനെയും കിട്ടിയില്ല. ഒടുവില്‍ കാര്യപ്രാപ്തി, സ്വജനസ്നേഹം, ഭരണനൈപുണ്യം, സര്‍വ്വോപരി വിനയം തുടങ്ങിയ ഗുണങ്ങളുള്ള ഒരാളെ കണ്ടെത്തി. സ്വന്തം മകനായിരുന്നു അത്. അതൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. വല്ലവരും മൂത്രമൊഴിക്കാന്‍ പോയാല്‍ ആ തക്കത്തിന് മക്കളെ പിടിച്ച് മന്ത്രിയാക്കിക്കളയുന്ന സംസ്കാരമുള്ള കാലത്താണിതെന്നോര്‍ക്കണം.

മകന്‍ ജയിച്ചു. മന്ത്രിയുമായി. പക്ഷേ മന്ത്രിക്കസേരയിലിരിക്കില്ലായിരുന്നു. പകരം നമ്മുടെ രണ്ട ഹവായ് ചെരുപ്പുകള്‍ കസേരയില്‍ വച്ച് അതിനു താഴെ കയറ്റുപായയിലിരുന്നായിരുന്നു ഭരണം. അങ്ങനെയൊക്കെ ഭരിച്ച പിതൃസ്നേഹവും വിനയവും കൈമുതലായുള്ള പുത്രനാണ് ഇപ്പോ ഇങ്ങനെ…ഏതച്ഛന് സഹിക്കും…

ഇപ്പോള്‍ അവന് അച്ഛനെ പരമ പുച്ഛം! പുത് എന്ന നരകത്തില്‍ നിന്ന് പിതാവിനെ ത്രാണനം ചെയ്യന്നവനാകുന്നു പുത്രന്‍. പക്ഷേ നമ്മെ അവന്‍ താഡനം ചെയ്യുകയാണ് . ദേശീയ അന്തര്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന, വമ്പിച്ച സൈദ്ധാന്തിക അടിത്തറയും ആദര്‍ശവുമുള്ള നമ്മുടെ സ്വന്തം പാര്‍ട്ടിയോടാലോചിക്കാതെ തോന്നിയതു പോലെ ചെയ്യകയാണവന്‍. അച്ഛന്‍ പറഞ്ഞിട്ടു കേട്ടില്ലെങ്കില്‍ അമ്മാവന്‍മാരെക്കൊണ്ടുപദേശിപ്പിക്കുക എന്നതാണ് നാട്ടുനടപ്പ്. ഉപദേശിപ്പിച്ചു.. ചങ്ങനാശ്ശേരിയിലെ നായരമ്മാവനെക്കൊണ്ടു തന്നെ ഉപദേശിപ്പിച്ചു.

എന്നെ തല്ലണ്ടമ്മാവാ തല്ലുന്നെങ്കില്‍ പെരുന്നയിലെ മരുമക്കളെ തല്ലിയാല്‍ മതി ഇല്ലേല്‍ വിവരമറിയും എന്നാണ് മകന്‍ നായരമ്മാവനോടും ഉപദേശിക്കാന്‍ ചെന്ന സ്ഥലത്തെ പ്രധാന നായന്‍മാരോടും പറഞ്ഞത്. എന്തൊരു കുരുത്തക്കേട്! പ്രായത്തിനെപ്പോലും അവന് തരിമ്പും ബഹുമാനമില്ല.

ആരാണവനെ വഴിതെറ്റിക്കുന്നതെന്നൊക്കെ നമുക്ക് നന്നായി അറിയാം. പിന്നെ മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ. അവന്‍ തിരിച്ചു വരും ഉറപ്പാ. അതിനായി നിത്യം കൊട്ടാരക്കര ഗണപതിക്കുമുമ്പില്‍ വയ്യാഞ്ഞിട്ടും പോയിട്ട് കൊട്ടത്തേങ്ങ ഉടയ്ക്കുന്നു. അച്ഛനെ പിരിഞ്ഞ മക്കളുടെ കഥയൊക്കെ പറഞ്ഞു കൊടുക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട.

പടിപ്പുരവാതിലിപ്പോള്‍ പഴയപോലെ അടക്കാറില്ല. ഞാനുറങ്ങാറുമില്ല. പാതിരാത്രിയാണ് അവന് അച്ഛനോട് മാപ്പു പറയാന്‍ തോന്നുന്നതെങ്കിലോ…..മാപ്പു സ്വീകരിക്കാനായി ഈ അച്ഛന്‍ സദാ തയ്യാര്‍…

കൊറിയയിലെ പിതാവും പുത്രനും പരിശുദ്ധാത്മാക്കളും..

ഇത്തരത്തില് സ്റാലിനിസ്റ് സംഘടനാ തത്ത്വങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയ്ക്കാണ് റഷ്യന്‍ വോഡ്ക വീട്ടിലെല്ലാവര്‍ക്കും മടുത്തത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണെന്നൊക്കെ പറയുമെങ്കിലും ഞങ്ങള്‍ ചൈനീസ് കമ്യൂണിസം പിന്തുടരാന്‍ കാരണം വോഡ്ക മടുത്തതാണ്. ഉടന്‍ തന്നെ അച്ഛന്‍ സഖാവ് തീവണ്ടിയില്‍ ചൈനക്ക് പോകാനായി സീസണ്‍ ടിക്കറ്റെടുത്തു-ശിവന്‍ എഴുതുന്നു

 

 

ഇങ്ങ് വടക്കന് കൊറിയയില്‍ പെറ്റുവീണ ഒരു വിപ്ലവക്കുരുന്നാണ് ഞാന്‍. വിപ്ലവം നടത്തി ഫാസിസം, സാമ്രാജ്യത്വം, കുത്തകമുതലാളിത്തം, സാമ്പത്തികാസമത്വം, വര്‍ഗ, വര്‍ണ്ണ വിവേചനം മുതലായ ദുഷ്ടശക്തികളെ പൂര്‍വാധികം ഭംഗിയായി എതിര്‍ക്കാനായി ഈയടുത്ത് തന്നെ രാജ്യത്തിന്റെ പരമാധികാരിയായി നിയമിതനാകും.
കഞ്ഞി കുടിക്കാന്‍ ഗതിയില്ല. പക്ഷേ മാസത്തില്‍ നാല് അണുബോംബെങ്കിലും പൊട്ടിക്കണമെന്നാണ് അച്ഛന് സഖാവ് മരണക്കിടക്കയില്‍ നിന്ന് പറഞ്ഞിരിക്കുന്നത്.
സാമ്രാജ്യത്വത്തിനെതിരെ പ്രതികരിക്കാന്‍ പറ്റിയ മാര്‍ഗം ഇതുമാത്രമാണെന്നാണ് അച്ഛന്‍ സഖാവെഴുതിയ പുസ്തകങ്ങളില്‍ മുഴുവന്‍ പറയുന്നത്.
കടുത്ത കമ്യൂണിസ്റ് കുടുംബമാണ് നമ്മുടെത്. സ്റാലിന്റെ ചിത്രത്തില് പൂക്കളര്‍ച്ചിച്ചിട്ടാണ് ദിവസം തുടങ്ങുക തന്നെ. പാര്‍ട്ടി ചട്ടമനുസരിച്ച് കറകളഞ്ഞ സഖാക്കളാണ് നേതൃസ്ഥാനത്തേക്ക് വരേണ്ടത് കഷ്ടകാലത്തിന് നമ്മുടെ രാജ്യത്ത് കറ തീരെയില്ലാത്ത ഒരേയൊരു കമ്യൂണിസ്റ് കുടുംബമേയുള്ളൂ, അത് നമ്മുടെ കുടുംബമായിപ്പോയി….

റഷ്യന്‍ രീതിയായിരുന്നു വീട്ടിലെല്ലാവരും പിന്തുടര്‍ന്നിരുന്നത്. അതായത് ഉണര്‍ന്നാലുടന്‍ കൈ വിറക്കാതിരിക്കാന്‍ നല്ല ഒന്നാന്തരം റഷ്യന്‍ വോഡ്ക ഒരു നാലു പെഗ്ഗ് അകത്താക്കും.
അതു കഴിഞ്ഞാണ് രാജ്യ ഭരണം. ചില സാമ്രാജ്യത്വ അനുകൂലികളും ബൂര്‍ഷ്വാ കുത്തകക്കാരുമായ ചിലര്‍ ആ സമയത്തായിരിക്കും കവലയില്‍ കമ്മിറ്റി കൂടി പ്രതിരോധ ഫണ്ട് വെട്ടിക്കുറച്ച് രാജ്യത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണമെന്നൊക്കെ മുറവിളി കൂട്ടുക. (നാട്ടുകാര്‍ നടക്കുന്ന വഴിയില്‍ പൊതുയോഗം പാടില്ല എന്ന ശുംഭന്‍ നിയമമൊന്നും നമ്മുടെ രാജ്യത്തില്ല. എന്നിട്ടും അച്ഛന് ഏകാധിപതി എന്ന ചീത്തപ്പേര്..)

 

 

മാസാമാസം അണുബോംബും മിസൈലും വിട്ട് സാമ്രാജ്യത്വ ഭീകരരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന അച്ഛനിതെങ്ങനെ സഹിക്കാന്‍ കഴിയും.
മുറവിളി കൂട്ടിയവന്മാരെ മുഴുവന്‍ ജീവപര്യന്തം തടവിന് പിടിച്ചകത്തിട്ടു. ഇപ്പോ ഏകദേശം രണ്ട് ലക്ഷത്തില്‍ ചില്വാനം കരിങ്കാലികളായി . ഇനി നമ്മുടെ ഭരണകാലത്ത് ഈ എണ്ണം ഇനിയും കൂട്ടണം. എന്നാല്‍ മാത്രമേ വിപ്ലവം വിജയിക്കുകയുള്ളൂ.
വലുപ്പത്തില് ലോകത്തിലെ നാലാമത്തെ കരസേനയാണ് നമ്മുടെത്. തെക്കന്‍ കൊറിയക്കാര്‍ ഇതൊക്കെ കണ്ടു പഠിക്കാനും പേടിക്കാനും വേണ്ടിയാണ് ഇതിനെയൊക്കെ തീറ്റിപ്പോറ്റുന്നത്.
പത്തു പൈസ സാധാരണക്കാരായ പെറ്റി ബൂര്‍്ഷ്വകള്‍ക്ക് സബ്സിഡി കൊടുക്കുന്ന പതിവില്ല. അച്ഛന്‍ സഖാവ് തുടര്‍ന്ന പാത തന്നെയാണ് ഇക്കാര്യത്തില്‍ നമ്മുടേതും.

ഇത്തരത്തില് സ്റാലിനിസ്റ് സംഘടനാ തത്ത്വങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയ്ക്കാണ് റഷ്യന്‍ വോഡ്ക വീട്ടിലെല്ലാവര്‍ക്കും മടുത്തത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണെന്നൊക്കെ പറയുമെങ്കിലും ഞങ്ങള്‍ ചൈനീസ് കമ്യൂണിസം പിന്തുടരാന്‍ കാരണം വോഡ്ക മടുത്തതാണ്. ഉടന്‍ തന്നെ അച്ഛന്‍ സഖാവ് തീവണ്ടിയില്‍ ചൈനക്ക് പോകാനായി സീസണ്‍ ടിക്കറ്റെടുത്തു.
മാസത്തില് നാലഞ്ച് തവണ ചൈനയില്‍ പോകും. ബീജിംഗിലും ഷാങ്ഹായിയിലും ഒക്കെ കറങ്ങി നടന്ന് പാമ്പു ഫ്രെെയും തവള ഫ്രെെയുമൊക്കെ വാങ്ങിക്കഴിക്കും. ഇത്തിരി പൊതിഞ്ഞെടുത്ത് മക്കള്‍ക്ക് കൊണ്ടുവരികയും ചെയ്യും. അങ്ങനെ ചൈനീസ് കമ്യൂണിസം നാട്ടില്‍ പൊടി പൊടിച്ചു തുടങ്ങി.
ഇതിനിടയ്ക്ക് മറ്റേ കൊറിയയെ ചൊറിയാനുള്ള ഒരവസരവും അച്ഛന് സഖാവ് പാഴാക്കിയിരുന്നുമില്ല. ചൈനീസ് സഖാക്കള്‍ ( ബൂര്‍ഷ്വാ ഭാഷയില്‍ പറഞ്ഞാല്‍ പട്ടാളക്കാര്‍) പറ്റം പറ്റമായി നമ്മുടെ രാജ്യത്തു വന്ന് മറ്റേ കൊറിയക്ക് നേരെ വെടിയുതിര്‍ത്തു. ഒടുക്കം അപ്പുറത്തും ആളുകൂടുന്ന സ്ഥിതിയായപ്പോള്‍ സഖാക്കള്‍ മാവോക്ക് ജയ് വിളിച്ച് കിട്ടിയ വണ്ടിക്ക് തിരിച്ച് പോയി.

തല്‍കാലം അച്ഛന്റെ അളിയന്‍ സഖാവാണ് കാര്യങ്ങള്‍ നോക്കിനടത്തുന്നത്. നേതാവാകാന്‍ അങ്ങോര്‍ക്കും ഒരു കണ്ണുണ്ട്. എന്തു ചെയ്യാം എല്ലാവരും വിപ്ലവം നയിക്കാന്‍ വന്നാല്‍ ശരിയാകില്ലല്ലോ. അളിയന്‍ സഖാവിനൊപ്പമുള്ള കുറെ പരിശുദ്ധാത്മാക്കളാണ് അളിയനെ വേണ്ടാത്തതോരോന്ന് പറഞ്ഞ് പിരികേറ്റുന്നത്.
അതിനാല്‍ അളിയന്‍ സഖാവിനെ ഒതുക്കാനുള്ള വഴികളാണ് ഇപ്പോഴത്തെ തീവ്ര വിപ്ലവ പ്രവര്‍ത്തനം. കൊറിയന്‍ ജയില്‍ ബൂര്‍ഷ്വാസികള്‍ക്ക് മാത്രമുള്ളതല്ല.
മര്യാദയ്ക്ക് ആണെങ്കില് ഒന്നിച്ച് നിന്ന് ബൂര്‍ഷ്വാസികളെ എതിര്‍ക്കാം. അല്ലെങ്കില്‍ വീട്ടീക്കേറി അണുബോംബിടും….
അതാണ് നമ്മുടെയൊരു മാനിഫെസ്റ്റോ……………….

പൊട്ടന്‍ വോട്ടുബാങ്കല്ല..!

ഈ കുറ്റകരമായ മൌനമാണ്, ഈ അമര്‍ത്തിച്ചിരികളാണ് പി.സി ജോര്‍ജിനെ വീണ്ടും വീണ്ടും പൊട്ടന്‍ വിളികളില്‍ എത്തിക്കുന്നത്. നോക്കൂ, ജാതിപ്പേരു വിളി പ്രശ്നമായപ്പോള്‍ ജോര്‍ജ് വിഴുങ്ങി. ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ല. എന്നാല്‍, പൊട്ടനെ വിളിച്ചപ്പോള്‍ നമമളെല്ലാം അത് ചിരിച്ചു തള്ളി. അതിനാല്‍, ജോര്‍ജ് അത് വീണ്ടും ആവര്‍ത്തിക്കുന്നു. ജോര്‍ജ് മാത്രമല്ല മറ്റുള്ളവരും ഇനിയും അത് ആവര്‍ത്തിക്കും-ശിവന്‍ എഴുതുന്നു

 

 

പൊട്ടന്‍ എന്ന വിളിയുമായി പി.സി ജോര്‍ജ് വീണ്ടും ഉറഞ്ഞാടി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ തെറി വിളിച്ചതിന്റെ ചൊരുക്ക് തീര്‍ക്കാനാണ് ഒന്നിനു പകരം രണ്ട് തവണ പൊട്ടന്‍ എന്ന് ആറാടിയത്. വി.എസിനെ പൊട്ടനെന്ന് വിളിക്കാന്‍ ഞാന്‍ പൊട്ടനല്ല. ഇതായിരുന്നു മറ്റു പലതിനുമൊപ്പം ആ ഡയലോഗ്. ഇതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ചിലരൊക്കെ ജോര്‍ജിനെ തന്നെ പൊട്ടനെന്നു വിളിച്ചതും കണ്ടു.

തൊട്ടുമുമ്പ് ജാതിപ്പേര് തെറിയാക്കിയ ജോര്‍ജ് പിന്നെ ആ വാക്ക് മിണ്ടിയിട്ടില്ല. ദേശീയ പട്ടിക ജാതി കമീഷന്‍ അടക്കം ഇടപെട്ടതും സി.പി.എം പോലുള്ള സംഘടനകള്‍ രംഗത്തുവന്നതും നിയമക്കുരുക്കും ഭയന്നു തന്നെയാണ് ജോര്‍ജ് സുപ്രഭാതത്തില്‍ ‘സല്‍പ്പേര് നാരായണന്‍കുട്ടി’യായത്.

എന്നാല്‍, ശ്രദ്ധിക്കുക, അങ്ങേര് ജാതിപ്പേരേ ഉപേക്ഷിച്ചിട്ടുള്ളൂ. പൊട്ടന്‍ വിളി രണ്ടായും മൂന്നായും കൂടി. എന്തു കൊണ്ടാണ് ജോര്‍ജ് അതു മാത്രം നിര്‍ത്താത്തത്? അതിനു കാരണം തിരഞ്ഞാല്‍ എത്തുക ചില സത്യങ്ങളിലേക്കാണ്. അതി ശക്തമായി കേരളം അപലപിക്കേണ്ട, ഇതു വരെ ഒരാളും പരിഗണിക്കാത്ത ക്രൂരമായ ഒരു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ്. സത്യങ്ങളെ കുറിച്ച് ഇനി പറയാം.

പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദനായിരുന്നു ജോര്‍ജിന്റെ ഒടുവിലത്തെ ഇര. കഴിഞ്ഞ തവണ ജാതി പരാമര്‍ശം നടത്തിയതിന്റെ ക്ഷീണം ഇനിയും തീരാത്തതു കൊണ്ട് ഇത്തവണ പൊട്ടന്‍ വിളി മാത്രമേയുള്ളൂ. എന്നാല്‍, അതിത്തിരി രൂക്ഷമായാണ്. കേള്‍ക്കാത്ത പത്രക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കേട്ടോട്ടെ എന്ന മട്ട്. നമമള് മലയാളികളാണെങ്കില്‍ അതു കേട്ട് ചിരി ഇനിയും നിര്‍ത്തിയിട്ടില്ല. എന്തൊരു തമാശയാണ്, മറ്റുള്ളവരുടെ ജന്‍മവൈകല്യങ്ങള്‍ ഇങ്ങനെ പറഞ്ഞു ചിരിക്കാന്‍!

കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന പ്രസംഗത്തില്‍ പി.സി ജോര്‍ജ് മുന്‍മന്ത്രി എ.കെ ബാലനെ തെറി പറയാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ജാതിപ്പേരു വിളിച്ചും പൊട്ടനെന്നു വിളിച്ചുമായിരുന്നു അന്ന് പൂഞ്ഞാര്‍ രാജാവിന്റെ പ്രകടനം. ഇതില്‍ ജാതിപ്പേര് വിളിച്ചത് കുറിക്കു കൊണ്ടു. എ.കെ ബാലന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. സംസ്ഥാന പട്ടിക ജാതി കമീഷനും ദേശീയ പട്ടികജാതി കമീഷനും പ്രശ്നത്തില്‍ ഇടപെട്ടു. ജാതി പരാമര്‍ശം പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികജാതി കമീഷന്‍ അംഗം ശിവണ്ണ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും പി.സി ജോര്‍ജിനെതിരെ നടത്തിയ ആക്രമണങ്ങളുടെയും മുന ജാതിവിരുദ്ധ പരാമര്‍ശത്തിലായിരുന്നു. കേരളത്തിലെ മാധ്യമങ്ങളും ഫോക്കസ് ചെയ്തത് ഇതേ വിഷയത്തിലായിരുന്നു.

പൊട്ടന്‍ എന്ന തെറി വിളിയെ അന്ന് എല്ലാവരും ചിരിച്ചു തള്ളിക്കളഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ജാതിവിരുദ്ധ പരാമര്‍ശ ബഹളത്തിനിടയില്‍ അത് മുങ്ങിപ്പോയി. എന്നാല്‍, ആ വിളി അങ്ങനെ ചിരിച്ചു തള്ളാവുന്നതായിരുന്നില്ല. ജാതിപ്പേരു വിളി പോലെയോ അതിലേറെയോ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങമായിരുന്നു അത്. ഇക്കാര്യം ഒരിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടേയില്ല.

ആരാണീ പൊട്ടന്‍? ജന്‍മനാ ഊമയും ബധിരനുമായവന്‍. എന്താണ് അവന്റെ പ്രശ്നം? കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കാനോ ഉച്ചരിക്കാനോ കഴിയില്ല. ഇതിനാല്‍ തെറി വിളി അടക്കമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവനാവില്ല. സംവാദങ്ങളില്‍ ഇടപെടാനോ കാര്യങ്ങള്‍ മറു തെറി മുഴക്കാനോ അവനാവില്ല. പൊട്ടന്‍ എന്ന സര്‍വ്വ നാമത്തിനു കീഴില്‍ വരുന്ന നിരവധി വിഭാഗങ്ങളുണ്ട്. അന്ധര്‍, ബധിരര്‍, മൂകര്‍ എന്നിങ്ങനെ വൈകല്യങ്ങളുളളവര്‍ നാട്ടുഭാഷയില്‍ യഥാക്രമം കണ്ണു പൊട്ടനും ചെകിടു പൊട്ടനും, വെറും പൊട്ടനുമാണ്. തികച്ചും നിഷ്കളങ്കമായ രീതിയില്‍ പൊട്ടന്‍ വാക്ക് ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നുമുണ്ട്

പൊട്ടന്‍ എന്നത് കേവലം ഒരു വ്യക്തിയെയല്ല ഉദ്ദേശിക്കുന്നത്. ഒരു വലിയ ജനസമൂഹത്തെയാണ് ആ വാക്ക് പ്രതിനിധീകരിക്കുന്നത്. മിണ്ടാപ്രാണികളായ, സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത, നമുക്കിടയില്‍ നമുക്കൊപ്പം വിളിക്കുന്ന ഒരു വലിയ ജനാവലി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ആ വലിയ വിഭാഗത്തെയാണ് ഇത്തരമൊരു സ്ഥാനത്തിരുന്ന് നിരന്തരം നമ്മുടെ ചീഫ് വിപ്പ് ആക്രമിക്കുന്നത്. ഇതാണ് ജനം ചിരിച്ചു കൊണ്ട് കേട്ട് ഹുറേ വിളിക്കുന്നത്. ജാതിപ്പേരു വിളി കേട്ട് പ്രതിഷേധിച്ചവരെല്ലാം വിട്ടു കളഞ്ഞത് ഈ വിഭാഗത്തിനെതിരായ ആക്രോശമാണ്.

എന്തു കൊണ്ടാണ് ഈ അവസ്ഥ? മിണ്ടാനാവാത്ത ഒരു പറ്റം മനുഷ്യരെ ഇത്രയും നീചമായി പല തവണ ആക്രമിക്കുമ്പോള്‍ എന്തു കൊണ്ടാണ് നമുക്കാര്‍ക്കും പൊള്ളാത്തത്. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്വയം വിശേഷിപ്പിക്കാറ്. സത്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ട ജോലിയും അതു തന്നെയാണ്. മാധ്യമങ്ങളും സ്വയം വിശേഷണ അവസരങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമെന്ന ഈ പറച്ചില്‍. ഈ പറച്ചില്‍ ശരിയാണെങ്കില്‍ ജന്‍മനാ മിണ്ടാനും കേള്‍ക്കാനും കഴിയാത്ത, ഒരു തരത്തിലും ശബ്ദമില്ലാത്ത ഈ വിഭാഗത്തിന്റെ ശബ്ദമാവേണ്ടത് രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ്.

എന്നാല്‍, നോക്കൂ ഇവിടെ എന്താണ് സംഭവിക്കുന്നത്. ആരാണോ ഈ മിണ്ടാപ്രാണികള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടത് അതേ ആളുകളാണ് ഇവരെ അപഹസിക്കുന്നത്. ഇവര്‍ക്കെതിരായ തെറിവിളി ചിരിച്ചു തള്ളുന്നത്.

ഈ കുറ്റകരമായ മൌനമാണ്, ഈ അമര്‍ത്തിച്ചിരികളാണ് പി.സി ജോര്‍ജിനെ വീണ്ടും വീണ്ടും പൊട്ടന്‍ വിളികളില്‍ എത്തിക്കുന്നത്. നോക്കൂ, ജാതിപ്പേരു വിളി പ്രശ്നമായപ്പോള്‍ ജോര്‍ജ് വിഴുങ്ങി. ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ല. എന്നാല്‍, പൊട്ടനെ വിളിച്ചപ്പോള്‍ നമമളെല്ലാം അത് ചിരിച്ചു തള്ളി. അതിനാല്‍, ജോര്‍ജ് അത് വീണ്ടും ആവര്‍ത്തിക്കുന്നു. ജോര്‍ജ് മാത്രമല്ല മറ്റുള്ളവരും ഇനിയും അത് ആവര്‍ത്തിക്കും. കാരണം ജാതിമതം പറഞ്ഞാല്‍ തിരിച്ചടി അതിവേഗമുണ്ടാവും. അതിനാല്‍, ഇത്തരം അധിക്ഷേപങ്ങളാണ് പഥ്യം. ആരും ചോദിക്കാനുണ്ടാവില്ല. ആരും പറയാനുമുണ്ടാവില്ല. പൊട്ടന്‍മാര്‍ ഒരു വോട്ട് ബാങ്കല്ലല്ലോ.

വികലാംഗര്‍ക്കും മറ്റും വേണ്ടി ശബ്ദിക്കുന്ന അനേകം സംഘടനകളും ഈ വിളികളില്‍ പ്രതിഷേധിച്ചു കണ്ടില്ല. അവര്‍ക്ക് പറയാന്‍ മറ്റനേകം കാര്യങ്ങള്‍ ഉള്ളതു കൊണ്ടാവും. മറ്റനേകം പ്രശ്നങ്ങളില്‍ അവര്‍ ചൂഴ്ന്നു കിടക്കുന്നതു കൊണ്ടാവും. ആരുമില്ലാത്തവര്‍ക്കു നാവാകാന്‍ കച്ച കെട്ടിയിറങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമെല്ലാം ഇതില്‍ നിശãബ്ദത തുടരുക തന്നെയാണ്. ഇതാണ് വി.എസിനെ തെറി വിളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ പി.സി ജോര്‍ജിന്റെ നാവില്‍ പൊട്ടന്‍ എന്ന വാക്കു തന്നെ കടന്നുവരാനുള്ള കാരണം. അതു പറയാന്‍ മാത്രം ചീഫ് വിപ്പ് അങ്ങുന്നിന് ധൈര്യം നല്‍കിയത് നമ്മളെല്ലാം പുലര്‍ത്തുന്ന ഈ മൌനം തന്നെയാണ്.

കാമവെറിയന്‍, പുഴു, കൃമി, തുടങ്ങിയ വാക്കുകള്‍ വിശേഷിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒരാളുടെ ജന്‍മനാലുള്ള വൈകല്യത്തിനെയല്ല മറിച്ച് അയാളുടെ കുറ്റം കൊണ്ടു തന്നെ അയാള്‍ക്ക് സംഭവിച്ച വ്യക്തിത്വ വൈകല്യത്തെയാണ്. എന്നാല്‍, പൊട്ടന്‍ വിളി ചെന്നു തൊടുന്നത് ജന്‍മവൈകല്യത്തെയാണ്. സ്വന്തം തെറ്റു കൊണ്ടല്ലാതെ ഒരാള്‍ക്കു വന്നു പെടുന്ന നിസ്സഹായത. ഇതിനെയാണ് പി.സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ നീളമേറെയുള്ള നാക്കുകൊണ്ട് നിരന്തരം ആക്രമിക്കുന്നത്. ഇതാണ് നാം കണ്ടു നിന്ന് ചിരിച്ചു കൊണ്ടേയിരിക്കുന്നത്.

പൊട്ടന്‍ ഒരു മതമല്ല, ഒരു സംഘടിതശക്തിയെയും അവന്‍ പ്രതിനിധീകരിക്കുന്നില്ല, അവന് പറയാനായി മഹത്തായ പോരാട്ട പാരമ്പര്യമില്ല. അത് പാടിനടക്കാന്‍ പാണന്‍മാരുമില്ല, പരിഹസിക്കുന്നവന്റെ കൈവെട്ടാനും അവര്‍ക്കെതിരെ തീവ്ര വിപ്ളവങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെ അവന്‍ അശക്തനാണ്. അവന്റെ ഊര്‍ജം മുഴുവന്‍ തന്റേതല്ലാത്ത കാരണത്താല്‍ വന്നു ഭവിച്ച വൈകല്യങ്ങളോടു പൊരുതാനാണ് ചിലവഴിക്കപ്പെടുന്നത്.

അതിനാല്‍, നമുക്കിനിയും ഇതു തുടരാം. പി.സി ജോര്‍ജ് അടക്കമുള്ള അനേകം രാഷ്ട്രീയ അണ്ണ്നന്‍മാര്‍ തെറി പറയാന്‍ കാത്തുനില്‍പ്പാണ്. അവര്‍ക്കെല്ലാം പറയാന്‍ നാട്ടില്‍ തെറി പരിമിതശപ്പട്ടു വരികയാണ്. അതിനാല്‍, പൊട്ടന്‍ വിളി അഹോരാത്രം മുഴങ്ങട്ടെ.

എന്നാല്‍, ഇനിയല്‍പ്പം തെറിയാവാം

പൊതു വിനിമയ ഭാഷയില്‍ സംസ്കാരഹീനമെന്ന് കരുതപ്പെടുന്ന പ്രയോഗങ്ങളുപയോഗിച്ച് മറുഭാഗത്തുളളവനെ വിശേഷിപ്പിക്കുന്നത് വീരനായകപരിവേഷം ചാര്‍ത്തിക്കിട്ടുന്നതിനുളള എളുപ്പ വഴിയായാണ് നമ്മുടെ പുകള്‍ പെറ്റ രാഷ്ട്രീയക്കാര്‍ കാണുന്നത്. കേരളമെമ്പാടും ഇത്തരം പ്രയോഗങ്ങള്‍ക്ക് ഏതാണ്ട് ഒരേ അര്‍ത്ഥം തന്നെയാണു താനും–ശിവന്‍ എഴുതുന്നു

 

 

…..ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ-
വങ്കാട്ടില്‍ സഞ്ചരിക്കും സിതമണിധരണീ ദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കവികരിനിടിലം തച്ചുടയ്ക്കുമ്പോള്‍
നിന്ദാഹങ്കാരം പൂണ്ട നിയ്യാമൊരു കുറുനരിയെ കൂസുമോ കുന്നിപോലും…..

വെണ്‍മണി മഹന്‍ കാത്തുള്ളില്‍ അച്ചുതമേനോനയച്ച മറുപടിയായ കവിപുഷ്പമാലയിലെ ഏറ്റവും പ്രസിദ്ധമായ ശ്ളോകമാണ് മുകളിലുദ്ധരിച്ചത്. വെണ്‍മണി കാലഘട്ടത്തിലാണ് കവികള്‍ പരസ്പരം ആക്ഷേപിച്ചും പുച്ഛിച്ചും കൊണ്ടുളള കവിതയെഴുത്ത്പ്ര സിദ്ധമായത്. ഇതു വഴി വളര്‍ന്നത് മലയാളഭാഷയും കൂടിയായിരുന്നു. ചാരുതയാര്‍ന്ന വരികളും കുറിക്കു കൊളളുന്ന പരിഹാസവുമായി ശങ്കാഹീനം ആ കവി വര്യന്‍മാര്‍ അതു തുടര്‍ന്നു പോന്നു. ഭാഷയില്‍ അതു വരെ തീണ്ടാപ്പാടകലെ നിര്‍ത്തിയ പല പ്രയോഗങ്ങളും ഇതോടെ സര്‍വ്വ സാധാരണമായി കവിതയിലും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി. ഇത് സാമാന്യജനം നല്ല രീതിയില്‍ തന്നെ ആസ്വദിക്കാനും തുടങ്ങി. ഇതോടെ കവികള്‍ക്കും ആവേശം കയറി. വന്ന് വന്ന് തീവ്രമായ വ്യക്തി പരിഹാസത്തിലേക്കും അതെത്തിച്ചേര്‍ന്നു. പായ്ക്കാട്ടു നമ്പൂതിരിയെക്കുറിച്ച് പായ്ക്കാടന്‍ പട്ടിനക്കി എന്നു തുടങ്ങുന്ന ശ്ളോകമൊക്കെ ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കവിതയില്‍ സംഭവിച്ചതു തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കേരള രാഷ്ട്രീയത്തിലും സംഭവിക്കുന്നത്. സംഭവിക്കുന്നതും.
പൊതു വിനിമയ ഭാഷയില്‍ സംസ്കാരഹീനമെന്ന് കരുതപ്പെടുന്ന പ്രയോഗങ്ങളുപയോഗിച്ച് മറുഭാഗത്തുളളവനെ വിശേഷിപ്പിക്കുന്നത് വീരനായകപരിവേഷം ചാര്‍ത്തിക്കിട്ടുന്നതിനുളള എളുപ്പ വഴിയായാണ് നമ്മുടെ പുകള്‍ പെറ്റ രാഷ്ട്രീയക്കാര്‍ കാണുന്നത്. കേരളമെമ്പാടും ഇത്തരം പ്രയോഗങ്ങള്‍ക്ക് ഏതാണ്ട് ഒരേ അര്‍ത്ഥം തന്നെയാണു താനും. തലമൂത്ത നേതാക്കളുടെ വായ്ത്താരി ഏറ്റെടുക്കാന്‍ ചെറുബാല്യം വിടാത്ത നേതാക്കന്‍മാര്‍ കച്ചകെട്ടി കാത്തുനില്‍ക്കുന്നുമുണ്ട്. പഴയ സവര്‍ണ്ണ മാടമ്പിത്തരത്തിന്റെ പുത്തന്‍ പതിപ്പുകളായി മാറുകയാണ് നമ്മുടെ നേതാക്കന്‍മാര്‍. ഈ വാക്മാടമ്പിത്തരത്തിന് ഇടതെന്നോ വലതെന്നോ ഭേദമില്ലാത്ത അവസ്ഥയാണുള്ളത്.

ജി സുധാകരനായിരുന്നു ഇക്കാര്യത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ കുപ്രസിദ്ധി നേടിയ ആദ്യത്തെയാള്‍. സുധാകരന് ശേഷം വന്നവരാകട്ടെ കടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലിരുന്ന തങ്ങള്‍ എന്ന് കേള്‍വിക്കാരന് തോന്നത്തക്കവിധത്തിലുളള പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു. സുധാകരന്റെ കുപ്രസിദ്ധമായ കൊഞ്ജാണന്‍ പ്രയോഗം തന്നെയെടുക്കാം. കൊഞ്ജാണന്‍, കൊഞ്ഞന്‍, എന്നൊക്കെയുളള പദങ്ങള്‍ വടക്കന്‍ മലബാറില്‍ സംസാരവൈകല്യം ഉളളവരെ വിശേഷിപ്പിക്കുന്ന പേരാണ്. ചെക്കനിത്തിരി കൊഞ്ഞനാ മുതലായ സംഭാഷണങ്ങള്‍ തികച്ചും സാധാരണമായ രീതിയില്‍ അവിടെ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോള്‍ പി.സി ജോര്‍ജിന്റെ ഊഴമാണ്. ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് പണി കാര്യമായി ഇല്ലാത്തതിനാലാവും നാവു കൊണ്ടുള്ള പണി കാര്യക്ഷമമായി ഏറ്റടുത്തിരിക്കുകയാണ് അദ്ദേഹം. ഭരണപക്ഷം വിലക്കെടുത്തു നിര്‍ത്തിയ ഒരു തെറിയഭിഷേകക്കാരനെ പോലെ ജോര്‍ജ് കുഴപ്പമില്ലാതെ ജോലി നിര്‍വഹിച്ചു പോരുകയാണ്. ജോര്‍ജ് മാത്രമല്ല, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ഒംരു പാടു നാവുകളാണ് ഒരുമ്പെട്ടു നില്‍ക്കുന്നത്.

അധികാരസ്ഥാനങ്ങളുടെയും താന്‍ എന്ത് എമ്പോക്കിത്തരം പറഞ്ഞാലും കയ്യടിക്കാനും കടലാസുപക്കി പറത്താനും ആളുണ്ടെന്നതിന്റെയും അഹങ്കാരമാണ് ഇത്തരം പ്രയോഗങ്ങള്‍ക്കു പിന്നിലെ മനശാസ്ത്രം.ചീഫ് വിപ്പ് കെ എസ് ഇ ബി ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്ന വീഡിയോ യു ട്യൂബില്‍ കണ്ട് അഹോ..അഹോ എന്ന് അതിനു താഴെ കമന്റിട്ടവരെല്ലാം ഈ മാടമ്പിത്തരത്തിനെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞവരാണ്.

രാഷ്ട്രീയത്തില്‍ ഇതൊന്നും തെറ്റല്ല എന്ന തെറ്റായ സന്ദേശമാണ് ഇത് അണികള്‍ക്ക് കൈമാറുക. വെണ്‍മണി കാലഘട്ടത്തില്‍, വേലിക്കു പുറത്തു നിര്‍ത്തിയിരുന്ന പല വാക്കുകളെയും കവിതയുടെ അറയില്‍ കുടിയിരുത്തിയ പോലെ കറുത്തനിറമുളള വാക്കുകള്‍ നമ്മുടെ ജനപ്രതിനിധികള്‍ നില്‍ക്കുന്ന പ്രസംഗപീഠങ്ങളിലും ആഭാസ നൃത്തം ചവിട്ടിത്തുടങ്ങും.
ഫലം സംസ്കാരശൂന്യമായ ഒരു കൂട്ടമായി കേരളത്തിലെ നേതാക്കന്‍മാര്‍ അധപതിക്ക്. കാന്‍സര്‍ രോഗി, മന്ദബുദ്ധി, ഭ്രാന്തന്‍, എയ്ഡ്സ് രോഗി, വൃക്കാവിഹീനന്‍, ഷണ്ഡന്‍, നപുംസകം തുടങ്ങിയ പദങ്ങളും വരും കാലങ്ങളില്‍ എതിരാളിയെ വിശേഷിപ്പിക്കാനായി ഉപയോഗിക്കപ്പെടുമെന്നും തീര്‍ച്ച!.
ഒരു കുഴപ്പവുമില്ല മാഷേ….നമ്മളെന്തു പറഞ്ഞാലും അവരൊന്നും നമ്മളോട് കമാന്നൊരക്ഷരം മിണ്ടില്ല…!!!

മര്‍ക്കടസ്യ സുരപാനം മദ്ധ്യേ വൃശ്ചിക ദംശനം……!!!!

വീഡിയോ പരിശോധനയില്‍ ഇരു കൂട്ടരും പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു! തങ്ങളല്ല അലമ്പുണ്ടാക്കിയത് മുഴുവന്‍ മറുഭാഗക്കാരാണ്!! ഇതാണ് ഇരു കൂട്ടര്‍ക്കും തെളിഞ്ഞ് കിട്ടിയ സത്യം! ഇനി നടപടിയെടുക്കുകയേ വേണ്ടൂ. അതോടെ ഇതിനൊക്കെ അപ്പുറത്തുളള ഒന്നായിരിക്കും വരിക. നാലുവരി ശ്ളോകത്തിനു പകരം ഒരു മഹാകാവ്യം തന്നെ വേണ്ടിവരും നമ്മുടെ അവസ്ഥ വര്‍ണ്ണിക്കാന്‍-ശിവന്‍ എഴുതുന്നു

മര്‍ക്കടസ്യ സുരപാനം
മദ്ധ്യേ വൃശ്ചിക ദംശനം
തന്മദ്ധ്യേ പ്രേതസഞ്ചാരം…
അതായത് കള്ളു കുടിച്ച കുരങ്ങനെ തേളു കുത്തുക, അതിനിടയ്ക്ക് കുരങ്ങനു പ്രേതവും കൂടുക! ഈ കുരങ്ങന്റെ അവസ്ഥയാണ് നമുക്കിപ്പോള്‍..
നമ്മള്‍ക്ക് കുട്ടികളുടെ മനസ്സാണ്. കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാര്‍ വിളിക്കുന്നതും ഈ മനസ്സ് കണ്ടിട്ടാണ്. നെഹ്രുവിനെപ്പോലെ പിള്ളേരെ നമുക്കും വലിയ ഇഷ്ടമാണ്. ഇഷ്ടം മൂത്ത് പിള്ളേരെ മാത്രമല്ല പിള്ള എന്ന് പേരുളളവരെയും നമ്മളങ്ങ് സ്നേഹിച്ചു തുടങ്ങി. അന്നു തുടങ്ങി കഷ്ടകാലവും!

ആദ്യം വന്നത് ഒരു പിള്ള . ജയിലില്‍ കൊതുകടിക്കുന്നു, മൂട്ട ചോര കുടിക്കുന്നു, വൈദ്യന്മാര്‍ അഷ്ടാംഗ ഹൃദയം അരിച്ചു പെറുക്കിയിട്ടും പ്രമാണം കാണാത്ത രോഗബാധ, തുടങ്ങിയവയായിരുന്നു ടി പിളളയുടെ ആവലാതി. പിളളയല്ലേ പിള്ളേരുടെ മനസ്സല്ലേ എന്നൊക്കെ കരുതി നേരാം വണ്ണം ഒരു ശീതികരിച്ച മുറിയില്‍ കയറ്റിക്കിടത്തി. ബോറടിക്കുമ്പോള്‍ ഗെയിം കളിക്കാനായി ഒരു മൊബല്‍ ഫോണും കൊടുത്തു…!! ആരുടെയോ എവിടെയോ കമ്പ് കുത്തിക്കയറ്റിയതിന് അഭിപ്രായം ചോദിക്കാന്‍ ഒരു ചാനല്‍ പയ്യന്‍ പിള്ളയെ വിളിച്ചു. മൊബൈലല്ലേ സാധനം, ഗെയിമിനിടെ ഏതോ ഒരു കട്ട അമര്‍ത്തിപ്പോയി! ഏതായാലും എടുത്തതല്ലേ എന്നുകരുതി പാവം പിടിച്ച ആ പിള്ള ഇത്തിരി സംസാരിക്കുകയും ചെയ്തു! പോരെ പൂരം പിള്ള നമ്മളെ വിളിച്ചു എന്നും പറഞ്ഞു പ്രതിപക്ഷം ആര്‍ത്തലറിത്തുടങ്ങി.

ചുരുക്കിപ്പഞ്ഞാല്‍ ശ്ളോകത്തിന്റെ ആദ്യവരി പോലായി നമ്മുടെ അവസ്ഥ. കുരങ്ങന്‍ കള്ളുകുടിച്ച പോലെ നിയമസഭയില്‍ ഒരിടത്തും ഇരുപ്പുറക്കുന്നില്ല, പ്രതിപക്ഷം ഇരുത്തിപ്പൊറുപ്പിക്കുന്നുമില്ല!

ഈ അവസരത്തിലാണ് കോഴിക്കോടു നിന്ന് പിള്ള നമ്പര്‍ ടു പ്രവേശിക്കുന്നത്. പിള്ള നമ്പര്‍ ടു വിന് പല നമ്പറുകളും കയ്യിലുണ്ട്. പിള്ളയുടെ നമ്പര്‍ പ്രേമം കാരണം ഒരിക്കല്‍ വിജിലന്‍സുകാര്‍ നമ്പറടക്കം പിള്ളയെ പൊക്കിയതുമാണ്. ഇത്തിരി നേരമ്പോക്കിന്റെ അസുഖവും ഉണ്ടത്രേ.. പക്ഷേ പിള്ള പ്രേമം നമുക്കു മാത്രമല്ലല്ലോ, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ മുന്‍പ് ഭരണ പക്ഷത്തായിരുന്നപ്പോള്‍ അവരും നമ്മെപ്പോലെ പിള്ളമാരെ സ്നേഹിച്ചിരുന്നു. അവരുടെ ഭരണകാലത്താണ് പിള്ള നമ്പര്‍ ടു പിടിയിലാകുന്നതും. പിള്ളയല്ലേ പിള്ളപ്പിഴയല്ലേ നന്നാകും എന്നൊക്കെ കരുതി അവര്‍ പിള്ളയോടു ക്ഷമിച്ചു. മാത്രമല്ല പിള്ള നമ്പര്‍ ടു വിനെ ഡി. വൈ. എസ് പി. ആയി സ്ഥാനക്കയറ്റവും കൊടുത്തു! അതും കാശു തടയാന്‍ ഒരു വകുപ്പുമില്ലാത്ത നാര്‍ക്കോട്ടിക് സെല്ലില്‍!!

പിള്ളയെ സ്നഹിക്കുന്ന കാര്യത്തില്‍ നമ്മളും ഒട്ടും കുറഞ്ഞു പോകരുതല്ലോ, നമ്മള്‍ പിള്ളയെ കോഴിക്കോട് ഉത്തരദിക്ക് അസിസ്റന്റ് കമ്മീഷണറാക്കി. ഉത്തരദിക്കിലെ സ്റേഷനിലാണ് നമ്മുടെ സഭയിലെ ചിലരുടെ കേസുകള്‍ ഉളളതും! എന്തോ ഐസ്ക്രീം തിന്നെന്നോ മറ്റോ പറഞ്ഞ് കുബുദ്ധികളാരോ കൊടുത്ത കേസാണ്. ഉത്തരദിക്കില്‍ സമാധാനം ക്രമപ്പെടുത്തുന്നതിനിടക്ക് ഇതും നോക്കിക്കോണെ എന്നൊന്നും പിള്ളയോടാരും പറഞ്ഞിട്ടില്ല കേട്ടോ.. ഒക്കെ സുതാര്യമാകണം എന്നാണ് നമ്മുടെ നയം! പക്ഷഭേദമില്ലാതെ ഐസ്ക്രീം തിന്നതിനാലാവണം, പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലായിരുന്നു!

അതിനിടയ്ക്കാണ് കുറെ പിള്ളേര് കൊടിയും പൊക്കി കോളജിനു മുന്നിലിരുന്നത്. സര്‍ക്കാര്‍ കോളജിലെ സീറ്റില്‍ ഇരുപത്തിരണ്ടായിരത്തിനു മുകളില്‍ റാങ്കു കിട്ടിയ ഒരുത്തനെ കയറ്റിയിരുത്തിയതിനായിരുന്നു പിള്ളേരു കൊടി പൊക്കിയത്. പിള്ളേരു കുറെക്കാലമായി ചെക്കനെ വേറെ വല്ലയിടത്തും ചേര്‍ക്കണം എന്നും പറഞ്ഞ് നടക്കുന്നു. മുമ്പ് പറഞ്ഞ പിള്ളേര്‍ സ്നേഹം കാരണം നമ്മളാണ് പറഞ്ഞത് അവിടത്തന്നെ പഠിച്ചോളാന്‍..ഈ മഹാപാപത്തിനെതിരെ സമരം ചെയ്യുന്നതു പോലെ അവരെങ്ങാനും എല്ലാകാര്യത്തിനും കൊടി പിടിച്ചിരുന്നേല്‍ നമ്മളൊന്നുമിവിടെ പച്ച തൊടില്ലായിരുന്നു. പഴയ പശ്ചിമ ബംഗാളു പോലെയാകുമായിരുന്നു ഇവിടം . സര്‍വത്ര ചുകപ്പ്!! പുതുപ്പള്ളി പുണ്യാളന്റെ കൃപ കൊണ്ട് അങ്ങനെയൊന്നും പ്രതിപക്ഷ പിള്ളേര്‍ക്കു തോന്നിയില്ല, അല്ല പുണ്യാളന്‍ അങ്ങനെ തോന്നിക്കത്തുമില്ല! കൊടിപിടിച്ച പിള്ളേര്‍ക്കു നേരെ കോഴിക്കോട് ഉത്തരദിക്കിലെ അസിസ്റന്റ് കമ്മീഷണര്‍ പിള്ള തോക്കെടുത്തു നാല് വെടി..

ശ്ളോകത്തിന്റെ രണ്ടാം വരിയില്‍ പറഞ്ഞ വൃശ്ചിക ദംശനമായിരുന്നു ഇത്.!! സാക്ഷാല്‍ കരിന്തേള്‍ ആസനത്തില്‍ കുത്തിയ അവസ്ഥയിലായി നമ്മള്‍! പിള്ളേരു രണ്ടു മൂന്നു മാസം കൊടിപിടിച്ചിട്ടു നടത്തിക്കൊടുക്കാത്ത കാര്യം പിള്ളയുടെ നാലു വെടി കൊണ്ട് നടത്തിക്കിട്ടി! ചെക്കനെ രായ്ക്കു രാമാനം കോളജ് മാറ്റി പട്ടിക്കാട്ടിലയച്ചു. അതു കൊണ്ടരിശം തീരാഞ്ഞിട്ട് പ്രതിപക്ഷം പിള്ളക്കെതിരെ നടപടി വേണമെന്നും പറഞ്ഞ് ഒറ്റ ദിവസം പോലും നിയമസഭയിലിരിക്കാതെ നിയമസഭയ്ക്ക് ചുറ്റും മണ്ടി നടക്കുകയാണ്. തേളു കുത്തിയ നമ്മളാകട്ടെ പരക്കം പാച്ചിലിലും!

ഇതിനിടക്കാണ് പൊലീസു മേധാവി സംഭവത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് മേശപ്പുറത്തു വച്ചില്ലെന്നും പറഞ്ഞ് കുറെ എം. എല്‍. എ പിള്ളേര്‍ സഭയില്‍ ഓടിക്കളിക്കാന്‍ തുടങ്ങിയത്. ഓടുന്നതിനിടെ അവര്‍ ആരെയൊക്കെയോ തട്ടുകയോ മുട്ടുകയോ ഒക്കെ ചെയ്തു! അടങ്ങിയിരിയെടാ പിള്ളേരെ എന്ന് എം. എല്‍ എ. പിള്ളേരെ നമ്മളൊന്ന് ശാസിച്ചതേയുളളൂ, കൂട്ടത്തില്‍ ഇളയ എം. എല്‍. എ. പിള്ള കിടന്ന് ഒറ്റക്കരച്ചില്‍. ഭരണപക്ഷക്കാരാണ് മുട്ടിയതെന്നും അതല്ല പ്രതിപക്ഷക്കാരാണ് മുട്ടിയതെന്നും ഒക്കെയായി നാലാം ക്ളാസ് സി ഡിവിഷന്റെ അവസ്ഥയായി നിയമസഭയില്‍! നമ്മുടെ അവസ്ഥയാകട്ടെ ശ്ളോകത്തിന്റെ മൂന്നാമത്തെ വരിയില്‍ പറഞ്ഞതു പോലെയും! ഇതൊന്നും പോരാഞ്ഞ് പ്രേതവും കുടുക!

വീഡിയോ പരിശോധനയില്‍ ഇരു കൂട്ടരും പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു! തങ്ങളല്ല അലമ്പുണ്ടാക്കിയത് മുഴുവന്‍ മറുഭാഗക്കാരാണ്!! ഇതാണ് ഇരു കൂട്ടര്‍ക്കും തെളിഞ്ഞ് കിട്ടിയ സത്യം! ഇനി നടപടിയെടുക്കുകയേ വേണ്ടൂ. അതോടെ ഇതിനൊക്കെ അപ്പുറത്തുളള ഒന്നായിരിക്കും വരിക. നാലുവരി ശ്ളോകത്തിനു പകരം ഒരു മഹാകാവ്യം തന്നെ വേണ്ടിവരും നമ്മുടെ അവസ്ഥ വര്‍ണ്ണിക്കാന്‍….!!

ആന മെലിഞ്ഞാലും ജയിലില്‍ കെട്ടാറില്ല…!!

നമ്മുടെ സഹതടവുകാരായ പോക്കറ്റടിക്കാരന്‍ രാജപ്പനും, ഓടിളക്കി മത്തായിയും, പിച്ചാത്തിപ്പിടി വാസുവും ഒക്കെ ജയിലില്‍ത്തന്നെയാണ്. നമുക്ക് അവരെയും ഇതു പോലെ ആശുപത്രിയിലാക്കണമെന്നുണ്ട് പക്ഷേ നമ്മെ മനസ്സിലാക്കിയ പോലെ സര്‍ക്കാരിന് എല്ലാവരുടെയും നല്ല മനസ്സ് കാണാനുളള കഴിവില്ലല്ലോ.. – ശിവന്‍ എഴുതുന്നു

നമ്മള്‍ ആനയുളള ഒരു തറവാട്ടിലാണ് ജനിച്ചത്. ഇഷ്ട ദൈവം കൊട്ടാരക്കര ഗണപതിയാണ്. നമ്മെ കണ്ടാലും കാടുകുലുക്കി വരുന്ന ഒരൊറ്റയാന്റെ ലുക്കുണ്ടെന്നൊക്കെ പണ്ട് പലരും പറഞ്ഞിട്ടുണ്ട്. ജനിച്ചത് ജന്മിയായാണെങ്കിലും കീഴാളരെ ഊട്ടുന്നതിലായിരുന്നു പണ്ടു പണ്ടേ നമുക്കു കമ്പം. അങ്ങനെയാണ് വീട്ടുപേരു പോലും കിഴൂട്ട് എന്ന് വന്നത്. വളര്‍ന്നപ്പോള്‍ ചുറ്റുവട്ടത്തെ കീഴാളരെ മാത്രം ഊട്ടിയാല്‍ പോര എന്ന തിരിച്ചറിവിലാണ് രാഷ്ട്രീയക്കാരനായത്. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്ത ജനത്തെ സേവിക്കുക എന്നതു മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. കൈവശമുളള ഭൂമി മുഴുവന്‍ കീഴാള ജനത്തിന് കഞ്ഞികുടിക്കാനായി വിറ്റുതുലച്ചു. ആചാര്യ വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനം മറ്റൊരു തരത്തില്‍ നമ്മള്‍ അഡോപ്റ്റ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല!

ജനത്തെ സേവിക്കുന്ന കാര്യത്തില്‍ നമുക്ക് പലരോടും മത്സരിക്കേണ്ടിവന്നു. ആരാണ് ജനത്തെ സേവിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന ആരോഗ്യകരമായ മത്സരത്തില്‍ നമ്മുടെ പ്രധാന എതിരാളി ഒരു കാരണവരായിരുന്നു. കാര്‍ന്നോര് പറഞ്ഞ പലരെയും നിയമം കടുകിട തെറ്റിക്കാത്ത നമ്മള്‍ സേവിക്കാന്‍ പോയില്ല. പതുക്കെ പതുക്കെ കാര്‍ന്നോര്‍ക്ക് ത്തിരി ദേഷ്യമൊക്കെ നമ്മോടു തോന്നിത്തുടങ്ങി. ജനം വെളിച്ചത്തിരുന്ന് കഞ്ഞികുടിക്കട്ടെ എന്ന് കരുതിയാണ് നമ്മള്‍ ഇടമലയാര്‍ പദ്ധതി കൊണ്ടുവന്നത്. അതില്‍ സിമന്റു തേച്ചത് ഇത്തിരി ഇടിഞ്ഞു എന്നും പറഞ്ഞ് കാര്‍ന്നോര് കേസു കൊടുത്തു.
പാവം നമ്മള്‍…!

ബാക്കിയുണ്ടായിരുന്ന ഭൂമി വിറ്റു തുലച്ച് കാശ് കോടതിയില്‍ കെട്ടിവച്ച് സിമന്റ് തേച്ചാല്‍ അല്‍പ്പമൊക്കെ ഇടിഞ്ഞെന്നിരിക്കും എന്നൊക്കെ കോടതിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. കോടതിക്ക് നമ്മള്‍ പറഞ്ഞത് ബോദ്ധ്യമാകുകയും ചെയ്തു. പക്ഷേ കാര്‍ന്നോര് വിടാന്‍ ഭാവമില്ലായിരുന്നു. അങ്ങോരു സുപ്രീം കോടതിയില്‍ പോയി അപ്പീലു കൊടുത്തു.

ഫലം ..നമ്മള്‍ വീണ്ടും സ്ഥലം വിറ്റ് വക്കീലിനെ ഏര്‍പ്പാടാക്കേണ്ടിവന്നു.. പക്ഷേ ഇത്തവണ വക്കീലു പറഞ്ഞത് പരമോന്നതന് അത്രക്കങ്ങ് പിടികിട്ടിയില്ല. കൊട്ടാരക്ക ഗണപതിക്കു നേദിച്ച ഉണ്ണിയപ്പം മാത്രം തിന്നു ശീലിച്ച നമ്മെ ഒരു കൊല്ലം ഗോതമ്പുണ്ട തിന്നാന്‍ പരമോന്നതന്‍ വിധിച്ചുകളഞ്ഞു..!
നോക്കണേ നമ്മുടെയൊരു ശനിദശ..

ജനസേവനം മാത്രം ലക്ഷ്യമിട്ട് ഭൂമി വിറ്റു തുലച്ച നാം ജയിലഴിക്കുളളില്‍…പക്ഷേ പല മഹാന്‍മാരുടെയും ജീവചരിത്രം വായിച്ച നമുക്ക് ജയിലിനകത്തായാല്‍ എന്തു ചെയ്യണമെന്നറിയാം. പൂര്‍വാധികം ശക്തിയായി നമ്മള്‍ ആത്മകഥയെഴുതിത്തുടങ്ങി. ജനസേവനത്തിനായി ഇനിയാരെങ്കിലും ഭൂമി വിറ്റു തുലയ്ക്കുന്നെങ്കില്‍ അവര്‍ക്ക് തട്ടുകേടു പറ്റാതെ നോക്കാന്‍ നമ്മുടെ ഈ ആത്മകഥ വായിച്ചാല്‍ മതിയാകും!

പക്ഷേ ഇതിനിടയിലും നമ്മുടെ നല്ല മനസ്സ് പലരും തിരിച്ചറിഞ്ഞു. നിരവധി അസുഖങ്ങളുളള നമ്മെ അവര്‍ ചേര്‍ന്ന് ഒരാശുപത്രിയിലാക്കി. ചൂടു സഹിക്കാതെ ഇരിക്കാനായി എ സിയുളള റൂമിലാണ് നമ്മെ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം പകരുന്ന കാലമായതിനാല്‍ കുടിവെളളവും ഇത്തിരി ഉപ്പിട്ട കഞ്ഞിയും വീട്ടില്‍നിന്ന് കൊണ്ടുവരും. നമ്മുടെ സഹതടവുകാരായ പോക്കറ്റടിക്കാരന്‍ രാജപ്പനും, ഓടിളക്കി മത്തായിയും, പിച്ചാത്തിപ്പിടി വാസുവും ഒക്കെ ജയിലില്‍ത്തന്നെയാണ്. നമുക്ക് അവരെയും ഇതു പോലെ ആശുപത്രിയിലാക്കണമെന്നുണ്ട് പക്ഷേ നമ്മെ മനസ്സിലാക്കിയ പോലെ സര്‍ക്കാരിന് എല്ലാവരുടെയും നല്ല മനസ്സ് കാണാനുളള കഴിവില്ലല്ലോ..അതിനാല്‍ അവര്‍ പൂജപ്പുരയില്‍ കൊതുകുകടിയും കൊണ്ട് കിടപ്പാണ്. പുറത്തു വന്നാല്‍ നമ്മള്‍ അവരെയും സേവിക്കും..!

ജനത്തെ കാണാതെ വലഞ്ഞ നമുക്ക് പത്തു നാല്‍പ്പത്തഞ്ച് ദിവസം പരോളും സര്‍ക്കാര്‍ തന്നു. ഇനി ഇതൊക്കെ തടവായി കൂട്ടി ഉടന്‍ തന്നെ നമ്മെ ജനസേവനത്തിനു പറഞ്ഞു വിടും..
അല്ലെങ്കിലും നമ്മെപ്പോലെ ഒരാന മെലിഞ്ഞെന്നു കരുതി ജയിലിലിടുന്ന പതിവൊന്നും ഈ ഇന്ത്യാ മഹാരാജ്യത്തില്ലല്ലോ….!!

പീസി 314

നിയമസഭയില്‍ നമ്മുടെ സ്ഥാനപ്പേര് ചീഫ് വിപ്പ് എന്നാണ്. എങ്കിലും സ്വഭാവത്തില്‍ നമ്മള്‍ പഴയ പോലീസു നിയമപ്രകാരമുളള ഹേഡ് കുട്ടന്‍ പിളള , തെറിവിളി പാപ്പി, കൊമ്പന്‍ വര്‍ക്കി തുടങ്ങിയവരെയാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. വിപ്പ് ആകുമ്പോള്‍ അങ്ങനെയാകാനേ തരമുളളൂ-ശിവന്‍ എഴുതുന്നു

നിയമസഭയില്‍ നമ്മുടെ സ്ഥാനപ്പേര് ചീഫ് വിപ്പ് എന്നാണ്. എങ്കിലും സ്വഭാവത്തില്‍ നമ്മള്‍ പഴയ പോലീസു നിയമപ്രകാരമുളള ഹേഡ് കുട്ടന്‍ പിളള , തെറിവിളി പാപ്പി, കൊമ്പന്‍ വര്‍ക്കി തുടങ്ങിയവരെയാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. വിപ്പ് ആകുമ്പോള്‍ അങ്ങനെയാകാനേ തരമുളളൂ. നിയമസഭയില്‍ സ്വന്തം പാര്‍ട്ടിയുടെ അച്ചടക്കം കാത്തു സൂക്ഷിക്കണമെങ്കില്‍ നന്്മ നിറഞ്ഞ മറിയവും ചൊല്ലി കൊന്തയും പിടിച്ചിരുന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് നമുക്ക് പണ്ടേ അറിയാം!
ജഡ്ജിയായാലും വൈദ്യുതി വകുപ്പുദ്യോഗസ്ഥരായാലും ചെയ്യേണ്ട ജോലി മര്യാദയ്ക്കു ചെയ്തില്ലെങ്കില്‍ നമ്മളു കയറി ഇടപെടും. വൈദ്യുതി വകുപ്പുദ്യോഗസ്ഥന്‍ കറണ്ടു കൊടുത്തില്ലെങ്കില്‍ അവനു മുന്നില്‍ ചെന്ന് മുട്ടുകുത്തിക്കേണ് അഹിംസാ മാര്‍ഗത്തില്‍ സത്യാഗ്രഹമിരിക്കും എന്നൊന്നും ആരും കരുതേണ്ട. നമ്മെ സംബന്ധിച്ചിടത്തോളം അഹിംസയൊന്നും അങ്ങ്് പൂഞ്ഞാറ്റില്‍ പോലും ഇല്ല. നമ്മുടെ വഴി വേറെയാണ്. അതിനാലാണ് നന്‍മ നിറഞ്ഞ മറിയത്തോട് സാമൃമുളള ചില പദങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ വൈദ്യുതി വകുപ്പുദ്യോഗസ്ഥരെ ബോധവത്കരിച്ചത്. ബോധവത്കരണം കഴിഞ്ഞയുടനെ കേട്ടുനിന്നവര്‍ ചെവി ഡെറ്റോളൊഴിച്ചു കഴുകിയെന്നൊക്കെയാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തിയത്.
പ്ക്ഷേ ഫലമുണ്ടായി……..
കറണ്ടു വന്നു!
എല്ലായിടത്തും വെളിച്ചം….
ടി സംഭവത്തിന്റെ പേരില്‍ അങ്ങ് പൂഞ്ഞാറ്റിലും ഈരാറ്റു പേട്ടയിലുമൊക്കെ നമുക്ക് ധാരാളം കയ്യടിയും കിട്ടിയിരുന്നു!

നിയമം നമുക്ക് കരതലാമലകമാണ്. പൌരബോധം ആണെങ്കില്‍ പറയുകയും വേണ്ട..അതുകൊണ്ട് തന്നെ നിയമത്തിനു നിരക്കാത്ത വല്ലതും കണ്ടാലുടന്‍ പ്രതികരിച്ചു പോകും!
അങ്ങനെയിരിക്കെയാണു വിജിലന്‍സ് ജഡ്ജിയദ്ദേഹം ഒരു വേണ്ടാതീനം കാട്ടിയതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്ല കുട്ടി സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു പാവം പുതുപ്പളളിക്കാരനെതിരെ തുടരന്വേഷണത്തിനുത്തരവിടുന്നു…! അതും തീര്‍പ്പാക്കിയ കേസിന്‍മേലാണ്. ചട്ടപ്പടി തുടരന്വേഷണം നടത്തണമെങ്കില്‍ അന്വേഷണത്തില്‍ പാളിച്ച വന്നതായി കോടതിക്ക് ബോധ്യപ്പെടണം എന്നാണ് ലാ.. പക്ഷേ ഇവിടെ ഇതൊന്നും ചൂണ്ടിക്കാട്ടിയിട്ടുമില്ല.
നമുക്ക് എങ്ങനെ സഹിക്കാന്‍ കഴിയും…പാവപ്പെട്ട പുതുപ്പളളിക്കാരന്‍ മുടി പോലും ചീകാറില്ല. കുപ്പായത്തിലാണെങ്കില്‍ അപ്പടി കൂട്ടിത്തുന്നലുകളും. സംഗതി അറിഞ്ഞയുടനെ പുതുപ്പളളിക്കാരന്‍ ഒളള പണീം കളഞ്ഞ്് ശേഷിച്ചകാലം പുതുപ്പളളി പളളിയിലെ കുര്‍ബാനയും കൈക്കൊണ്ട് ജീവിച്ചു കൊളളാം എന്ന് വിളിച്ചു കൂവുകയും ചെയ്തു.
പക്ഷേ ചാണ്ടി അയഞ്ഞാലും തൊമ്മന്‍ മുറുകും എന്ന ചൊല്ലു പോലെ നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു…
ഇങ്ങനയുളള അപ്പാവികള്‍ക്കു മേലെ കുതിര കയറിയാല്‍ ഏതു ജഡ്ജിക്കെതിരെയും നാം പ്രതികരിക്കും!
സംഗതി അറിഞ്ഞയുടന്‍ സ്റാച്യു കവലയില്‍ പോയി നാലു പായ പേപ്പറു വാങ്ങിക്കൊണ്ടുവന്നു. ആരോടും ചോദിക്കാനും പറയാനും ഒന്നും പോയില്ല. നേരെ ഒരു കത്തങ്ങെഴുതി. രാഷ്ട്രപതിഭവന്റെ വിലാസമെഴുതി സ്റാമ്പുമൊട്ടിച്ച് പെട്ടിയിലിട്ട ശേഷമേ നമ്മളന്ന് ഊണു പോലും കഴിച്ചുളളൂ.. കത്തിന്റെ പകര്‍പ്പ് പുതുപ്പളളിക്കാരന്‍ അപ്പാവിയടക്കം നിരവധി പേര്‍ക്ക് പിന്നീടു കൊടുത്തു. പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ചില ശിങ്കങ്ങള്‍ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ സമയക്രമം പാലിച്ച് ജഡ്ജിമാരെ തെറിവിളിക്കാറുണ്ട്. പൌര സ്വാതന്ത്രൃം തന്നെയാണ് അവരുടെയും പ്രശ്നം. പക്ഷേ നിയമം നമ്മുടെയത്ര വശമില്ലാത്തതിനാലാകാം ബസ് സ്റാന്റിലും ചന്തക്കവലയിലും മരച്ചുവട്ടിലും ഒക്കെ നിന്ന് തനി വാമൊഴി വഴക്കഭാഷയിലാണ് മേല്‍പ്പടിയാന്‍മാര്‍ ജഡ്ജിമാരെ തെറിവിളിക്കാറ്. ജഡ്ജിമാരെ വെല്ലുവിളിക്കുന്ന കാര്യത്തില്‍ നമ്മുടെ മുന്നണി ഇത്തിരി പുറകോട്ടുമാണ്. ആ കുറവും ഇതോടെ തീരുന്നെങ്കില്‍ തീരട്ടെ എന്നു കരുതി.
വൈദ്യുതിക്കാരെ തെറിവിളിച്ചപ്പോള്‍ കിട്ടിയ കയ്യടി ഇവിടെയും നമ്മള്‍ പ്രതീക്ഷിച്ചു.
പക്ഷേ നമ്മുടെയത്ര പൌരബോധമില്ലാത്തതിനാലാകാം ആദ്യം കൈവിട്ടത്് പുതുപ്പളളിക്കാരന്‍ അപ്പാവി തന്നെയാണ്. ഞാനൊന്നുമറിഞ്ഞില്ലേ പുതുപ്പളളി പുണ്യാളാ എന്നും പറഞ്ഞ്് അപ്പാവി തലമുടിയും പറത്തി ഒറ്റ നടത്തം! തുടര്‍ന്ന് പാര്‍ട്ടിയിലെ പൌഡറിട്ടു നടക്കുന്നതും പൌഡറിടാതെ നടക്കുന്നതുമായ സര്‍വ്വ പാര്‍ട്ടികളും നമ്മെ കൈവിട്ടുകളഞ്ഞു.! പിന്നാലെ മറ്റുളള ഘടകന്‍മാരും കൈവിട്ടു. ഇനി പാലായിലെ മാണിച്ചായന്‍ മാത്രമാണ് പ്രതീക്ഷ. പാലാ- ഏറ്റുമാനൂര്‍ റോഡിനോടു കാണിക്കുന്ന സ്നേഹമെങ്കിലും ഈ പൂഞ്ഞാറുകാരനോടു കാണിക്കുമായിരിക്കും എന്നാണ് പ്രതീക്ഷ!
പക്ഷേ നമ്മള്‍ അങ്ങനെയൊന്നും തോല്ക്കുന്നവനല്ല. ജനസേവനം മാത്രമാണ് നമ്മുടെ ജന്മോദ്യേശ്യം തന്നെ..! വേണ്ടിവന്നാല്‍ ചീഫ് വിപ്പ് സ്ഥാനം പുല്ലു പോലെ വലിച്ചെറിഞ്ഞും നമ്മള്‍ ജനത്തെയങ്ങ് സേവിക്കും. അല്ല പിന്നെ……

വേലിക്കകത്തെ വേലിചാട്ടക്കാരന്‍

courtesy: സുജിത്
കേരള കൌമുദി

നാം ജനിച്ചതു തന്നെ ഒരു വേലിക്കകത്താണ് വല്ലവനും ചുറ്റിലും വേലി കെട്ടിയാല്‍ അതു പൊളിക്കേ ണ്ടതെങ്ങിനെ എന്ന് ചെറുപ്പത്തിലേ പഠിച്ചെടുത്തു. വേലി പൊളിക്കലില്‍ മാത്രമല്ല നാം കഴിവു തെളിയിച്ചിട്ടുള്ളത് പള്ള് പറച്ചില്‍, വെട്ടിനിരത്തില്‍, ഇടിച്ചു നിരത്തല്‍, തുടങ്ങിയ നിരവധി ഐറ്റംസ് വേറെയുമുണ്ട്.

നമ്മോടു കടുത്ത വിരോധമുള്ള പലരുമുണ്ട്. തരം കിട്ടുമ്പോള്‍ ഇത്യാദികള്‍ നമ്മെ വരട്ടു തത്വവാദി, വികസന വിരുദ്ധന്‍, സമനില തെറ്റിയ കാരണവര്‍, കടുംപിടുത്തക്കാരന്‍ തുടങ്ങിയ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചു വിശേഷിപ്പിക്കും. സോവിയറ്റു ഭാഷാശാസ്ത്രപ്രകാരം ശുംഭന്‍, കൊഞ്ജാണന്‍, തുടങ്ങിയ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ഉപയോഗിക്കുന്നവയായതിനാല്‍ നമുക്കെതിരെ ആരും അത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല.

ചീത്തപ്പേരുകള്‍ ഒന്നൊന്നായി നാം മാറ്റി വരികയാണ്. ആദ്യം മാറ്റിയെടുത്തത് വരട്ടു തത്വവാദി എന്ന ചീത്തപ്പേരാണ്. കെ.ജി.ബി പോലും പണ്ട് ഉപയോഗിക്കാത്തതരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈയിടെ നമ്മള്‍ എറണാകുളത്തുള്ള ഒരുത്തനെ ‘ഗോപി’ വരപ്പിച്ചത്. വര്‍ഗ്ഗബോധം , പ്രോമിറ്റേറിയന്‍സ്, ബൂര്‍ഷ്വാസി , പ്രത്യയശാസ്ത്ര ഭിന്നത , വൈരുദ്ധ്യാധിഷിഠിത ഭൌതികവാദം , മുതലാളിത്തം, സാമ്രാജ്യത്വം, തുടങ്ങിയ വാക്കുകള്‍ക്കൊപ്പംതന്നെ പിക്സല്‍ റേറ്റ്, ജിഗാ ബൈറ്റ്, ക്ലാരിറ്റി, ഹിഡന്‍ ക്യാമറ, മെമ്മറി കപ്പാസിറ്റി മുതലായ വാക്കുകളും നാമിപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

നേരമ്പോക്കിന്റെ ‘അസുഖം’ കലശലായുള്ള ഒരു കണ്ണൂര്‍ക്കാരന് നാം വിധിച്ചത് മര്‍മ്മത്തില്‍ ‘കുത്ത്’ എന്ന കളരി മര്‍മ്മാണി ചികിത്സയായിരുന്നു. ചികിത്സ ശരിക്കേറ്റ കണ്ണൂര്‍ക്കാരന്‍ സഖാവ് അഭയാരിഷ്ടം, ദശമൂലാരിഷ്ടം, ബലാശ്വഗന്ധാദികുഴമ്പ്, അഷ്ടചുര്‍ണ്ണം, തുടങ്ങിയ മരുന്നുകളുപയോഗിച്ച് വീട്ടില്‍ത്തന്നെ വിശ്രമത്തിലാണ്.

ഏതാണ്ടിതേ വകുപ്പില്‍ വരുന്ന ഒരസുഖത്തിന്റെ ലക്ഷണങ്ങളാണ് എറണാകുളം സഖാവ് കാട്ടിത്തുടങ്ങിയതും. ഉടനെ അവന് നാം ചികിത്സയും വിധിച്ചു. കിഴിയും ഉഴിച്ചിലുമൊന്നുമല്ല, രോഗലക്ഷണങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന ക്യാമറ ആരും അറിയാതെ മുറിയില്‍ സ്ഥാപിച്ച് ‘രോഗവിവരം’ അറിഞ്ഞുവരാന്‍ നമ്മുടെ പിള്ളാരോട് പറഞ്ഞു. പിള്ളേരത് കൃത്യമായി ചെയ്യുകയും ചെയ്തു. ഇതോടെ നമ്മുടെ ചികിത്സാവിധികള്‍ക്ക് അംഗീകാരം ലഭിച്ചതിനൊപ്പം ‘കാലത്തിനൊത്ത് മാറാത്തവന്‍ ‘ എന്ന പേരും മാറിക്കിട്ടി. എറണാകുളത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ഇത്തിരി ‘നീല വചനങ്ങള്‍’ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റിലിടുകയും ചെയ്തു. ഇതൊക്കെ നമ്മെ സംബന്ധിച്ച് ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നത് മാത്രം.

അങ്ങനെയിരിക്കെയാണ് നമുക്കൊരാഗ്രഹം തോന്നിയത്. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കണ്ണൂരിലെ പലയൊരു സഖാവിന്റെ വീട്ടില്‍പ്പോയി മീന്‍ കൂട്ടാനും കൂട്ടി ഒന്നുണ്ണണം ! ഏതാണ്ട് പഴയ പന്തിഭോജനം പോലെ. ഇതും ഒരു സാമൂഹ്യ വിപ്ലവമായി മാറ്റാമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ നേരത്താണ് ഊണ് കഴിക്കരുതെന്ന തിട്ടൂരം കാര്യസ്ഥന്‍ വശം അപ്ഫന്‍ നമ്പൂതിരിപ്പാട് കൊടുത്തയച്ചത് കിട്ടിയത് . തലമൂത്ത അപ്ഫനെ അനുസരിച്ചോ എന്ന് ചോദിച്ചാല്‍ അനുസരിച്ചൂന്ന് പറയുകയും വേണം, എന്നാലൊട്ടില്ല താനും. എന്ന് വരുത്തി തീര്‍ക്കാന്‍ നമുക്ക് ഏറെയൊന്നും പണിപ്പെടേണ്ടിവന്നില്ല.

പണ്ട് നമ്പൂതിരിമാര്‍ കീഴ് ജാതിക്കാരുടെ വീട്ടില്‍ സംബന്ധത്തിനു പോകുമ്പോള്‍ എടുക്കുന്ന ആ പഴയ അടവുതന്നെ നമ്മളുമെടുത്തു. ‘കിണറ്റിലെ വെള്ളത്തിനും അടുക്കളയിലുണ്ടാക്ക്യേതിനും’ അയിത്തമുണ്ട്. പക്ഷേ കരിക്കാവാം അതിനാരും അയിത്തം കല്പിച്ചിട്ടില്ല.

സംഗതി ഏറ്റു !

നമ്മുടെ ചുറ്റും വേലികെട്ടിയവര്‍ ‘ അയ്യട’ നന്നായി , ചാനലുകാര്‍ക്കും ബഹൂ സന്തോഷം. കരിക്കുകുടിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി പോകുന്ന വഴി നമ്മള്‍ ഒരു കവിതാശകലം ഉരുവിട്ടു.

‘കുഞ്ഞനന്ത മഞ്ജാതമവര്‍ണ്ണനീയം………’

പക്ഷേ മതിലില്ലാത്തതും, മതിലുള്ളതുമായ ജര്‍മ്മനിയില്‍ താമസിച്ച് അടവേറെക്കണ്ട കണ്ണൂര്‍ സഖാവ് ഇക്കാര്യത്തില്‍ താത്വികാചാര്യനായ നമ്മെപ്പോലും കടത്തിവെട്ടി.

വല്യപ്ഫന്റെ വികൃതികള്‍ എന്നൊരു ശ്ലോകസംഹിത അടിച്ചുപുറത്തിറക്കാനുള്ള ശ്രമത്തിലാണത്രേ അദ്ദേഹം.

എന്തായാലും നമുക്ക് പെരുത്ത സന്തോഷം തന്നെ.

വല്ല്യപ്ഫന്‍ നമുക്കിട്ട്വേലികെട്ടാന് തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ വല്യപ്ഫനില്ലാത്ത ഒന്ന് നമുക്കുണ്ട്.

മൂന്നാറില്‍ നാം നടത്തിയ പൊളിച്ചടുക്കലും, കൊട്ടാരക്കര ഗണപതി ഭക്തനെ കൊട്ടത്തേങ്ങ പോലെ അഴിക്കുള്ളിലിട്ടതുമെല്ലാം കണ്ട് നമ്മളൊരു സംഭവമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കുറേപേര്‍.

നമ്മുടെ ഹൈള്‍ ടെക് അടവുകള്‍ കണ്ട് അവരും ഞെട്ടിയിരിക്കയാണ്. ഞെട്ടല്‍ പൂര്‍ണ്ണമായിട്ടില്ല. വരും ദിവസങ്ങളില്‍ , ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയ സൈബര്‍ വിപ്ലവപാതകളാണ് നാം സ്വീകരിക്കാന്‍ പോകുന്നത്. വേലികെട്ടാന്‍ വരുന്നവന്റെ ടൌസറ് കീറും. നമ്മുടേത് കീറിയാല്‍ ‘തയ്ക്കാന്‍’ നമുക്ക് പണ്ടേയറിയാം.

അതുകൊണ്ട് വേലിക്കകത്ത് കളിച്ചുവളര്‍ന്നവനിട്ട് വേലവയ്ക്കാനൊരുങ്ങുന്നവര്‍ ജാഗ്രതൈ.!

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers